ബഹുമുഖോപയോഗമുള്ള, നിറപ്പകിട്ടാർന്ന ഒരു വിള
ഡീസൽ ഇന്ധനത്തിനും കാലിത്തീറ്റയ്ക്കും മാർജ്റീനും പൊതുവായി എന്താണുള്ളത്? ചില രാജ്യങ്ങളിൽ ഇവയെല്ലാം ഉത്പാദിപ്പിക്കുന്നതു റേപ്പ് ചെടിയുടെ, അതിന്റെ വർണപ്പകിട്ടുള്ള മഞ്ഞ പുഷ്പത്തിന്റെ, സഹായത്താലാണ്.
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവയുടെ ഭാഗങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന, കടുകു വർഗത്തിന്റെ നിറപ്പകിട്ടുള്ള ഈ ബന്ധു അതിന്റെ എണ്ണ സമൃദ്ധമായി അടങ്ങിയിട്ടുള്ള വിത്തുകൾക്കു പ്രത്യേകിച്ചു വിലപ്പെട്ടതാണ്. റേപ്പ് വിത്തിന്റെ 40 ശതമാനത്തോളം എണ്ണയാണ്. അതു പല കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
റേപ്പ് വിത്തെണ്ണയുടെ ഭൂരിപക്ഷവും—ഒരുപക്ഷേ 90 ശതമാനത്തോളവും—ഭക്ഷണത്തിന്റെ ഉത്പാദനത്തിനാണ് ഉപയോഗിക്കുന്നത്. മാർജ്റീൻ, ബിസ്ക്കറ്റുകൾ, സൂപ്പുകൾ, ഐസ്ക്രീം, മധുരപലഹാരങ്ങൾ എന്നിവയുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു. എന്നാൽ കുറഞ്ഞ മലിനീകരണം ഉണ്ടാക്കുന്ന ഒരു ഡീസൽ ഇന്ധനം ഉത്പാദിപ്പിക്കാനും റേപ്പ് വിത്തെണ്ണ ഉപയോഗിക്കാൻ കഴിയും. അങ്ങനെ അതു പരിസ്ഥിതിനാശത്തെ പരിമിതപ്പെടുത്തുന്നു. കൂടാതെ, ശുദ്ധീകരിച്ച എണ്ണ സൂക്ഷ്മ യന്ത്രങ്ങൾ ലൂബ്രിക്കേറ്റു ചെയ്യുന്നതിന് ഉപയോഗിക്കാൻ കഴിയും. എണ്ണയെടുത്തു കഴിഞ്ഞ് വിളയുടെ ഭൂരിഭാഗവും പിണ്ണാക്കാക്കി മാറ്റാൻ കഴിയും. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഇതു കാലിത്തീറ്റയായി ഉപയോഗിക്കാൻ കഴിയും.
എന്തൊരു ബഹുമുഖോപയോഗമുള്ള വിള! സത്യത്തിൽ, സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ നമുക്കു പറയാൻ കഴിയും: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു.”—സങ്കീർത്തനം 104:24.