ബ്രൂവെറി ഗൾച്ചിൽ ആത്മീയ പുഷ്പങ്ങൾ വളർന്നുവന്നു
യുഗങ്ങൾക്കു മുമ്പ് അഗ്നിപർവത പ്രവർത്തനത്തിന്റെ ഫലമായി ചെമ്പും വെള്ളിയും സ്വർണവും ശിഥിലീകരിക്കപ്പെടുകയും ഭൂമിയുടെ ആഴത്തിലടിയുകയും ചെയ്തു. നീരാവിമർദം വമ്പിച്ച അളവുകളിലുള്ള ഈ ധാതുക്കളെ വിടവുകളിലൂടെ മുകളിലേക്കു തള്ളുകയും യു.എസ്.എ.-യിലെ ദക്ഷിണ അരിസോണയിലുള്ള മ്യൂൾ പർവതങ്ങൾ എന്ന് ഇപ്പോൾ അറിയപ്പെടുന്നതിൽ നിക്ഷേപിക്കുകയും ചെയ്തു. 1877-ൽ സമീപത്തുള്ള ഫോർട്ട് വാച്ചൂക്കയിൽ നിയമിക്കപ്പെട്ട ജക്ക് ഡൻ എന്ന സൈനിക സ്കൗട്ട് വെള്ളത്തിനുവേണ്ടി തിരച്ചിൽനടത്തിക്കൊണ്ടിരുന്നപ്പോൾ ഈ വൻ ധാതുസമ്പത്തിന്റെ ഒരു സൂചന കണ്ടെത്തി. അദ്ദേഹം ജോർജ് വാറെൻ എന്നു പേരുള്ള ഒരു പര്യവേക്ഷകന് ആ സ്ഥലം മുതലാക്കാനുള്ള സാധനസാമഗ്രികൾ നൽകി.
ജോർജ് വാറെൻ അനേകം സ്ഥലങ്ങൾ തന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും അയാളുടെ പങ്കാളിയായ ജക്ക് ഡനിനെ കാപട്യപൂർവം ഒന്നും അറിയിക്കാതെയിരിക്കുകയും ചെയ്തു. ഈ സ്ഥലങ്ങൾ വാറെനിനെ വളരെ ധനികനാക്കുമായിരുന്നു, എന്നാൽ വിസ്കി അമിതമായി അകത്തുചെന്നപ്പോൾ അദ്ദേഹം, ഓട്ട മത്സരത്തിൽ കുതിരയെ തോൽപ്പിക്കാൻ കഴിയുമെന്നു പറഞ്ഞുകൊണ്ടു തന്റെ കണ്ടുപിടിത്തങ്ങൾ മൗഢ്യമായി പന്തയംവച്ചു. അയാൾക്കു തീർച്ചയായും എല്ലാം നഷ്ടമായി. ഈ സ്ഥലങ്ങൾ ഒടുവിൽ ക്വീൻ മൈനായിത്തീർന്നു. 1975-ൽ ഖനികൾ അടയ്ക്കുന്നതിനുമുമ്പ് മ്യൂൾ പർവതങ്ങളിൽനിന്നു വലിയ ഖനന പ്രവർത്തനങ്ങൾ വഴി 40 ലക്ഷം ടണ്ണോളം ചെമ്പും എണ്ണമറ്റ അളവുകളിൽ സ്വർണവും വർഷങ്ങളോളം ഖനനംചെയ്യപ്പെട്ടു.
കടുപ്പമുള്ള പാറകൾ തുരക്കുന്നതിനു കടുപ്പമുള്ള പാറ തുരക്കുന്ന ഖനിത്തൊഴിലാളികൾ വേണം. ഇവരെ അയർലൻഡ്, ഇറ്റലി, ഇംഗ്ലണ്ട്, ജർമനി, സെർബിയ എന്നിവിടങ്ങളിൽനിന്നു കൊണ്ടുവന്നു. മിക്ക ഖനികളും ഏർപ്പെടുത്തിയ പ്രോത്സാഹന പരിപാടികൾ നിമിത്തം കടുപ്പമുള്ള പാറകൾ തുരക്കുന്ന ഈ ഖനിത്തൊഴിലാളികൾ കഠിനാധ്വാനികളായ ഖനിത്തൊഴിലാളികൾ കൂടിയാണ്. ഈ ഖനിത്തൊഴിലാളികൾ അവരുടെ കുടുംബങ്ങളിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയായിരുന്നതിനാൽ അവർ, കടുപ്പമുള്ള പാറകൾ തുരക്കുന്ന, അമിതകുടിയൻമാരും കഠിനാധ്വാനികളുമായ ഖനിത്തൊഴിലാളികളും ആയിത്തീർന്നു. അതുകൊണ്ടു പരിശ്രമശാലിയായ ഒരു ജർമൻ വാറ്റുകാരൻ ഖനികൾക്കു സമീപം ഒരു വാറ്റുശാല നിർമിച്ചു. ഉപയോഗിക്കുന്നതിനു മുമ്പ് ചെറിയ തോതിൽ നിർമാണ പ്രക്രിയ ആവശ്യമായ ഒരു ഉത്പന്നമാണു വാറ്റുശാലകൾ ഉത്പാദിപ്പിക്കുന്നത്. കുറച്ചു വിനോദമുൾപ്പെട്ട, അനുകൂലമായ ഒരു അന്തരീക്ഷത്തിൽ അതു തണുപ്പിച്ചു കഴിക്കാനാണു പലരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു വാറ്റുശാലയ്ക്കു സമീപമുള്ള ഒരു തെരുവിൽ വളരെയധികം ബാറുകളും പണിതു. കടുപ്പമുള്ള പാറ തുരക്കുന്ന, കഠിനാധ്വാനികളും അമിത മദ്യപാനികളുമായ ഖനിത്തൊഴിലാളികളെക്കൊണ്ട് ഇവ നിറഞ്ഞിരുന്നു. മദ്യത്തോടൊപ്പം വേശ്യാവൃത്തിയും ചൂതാട്ടവും പോലെയുള്ള വിനോദങ്ങളുണ്ടായിരുന്നു—ഡൈനമൈറ്റു പോലുള്ള ഒരു മിശ്രിതം തന്നെ. ഈ തെരുവ് ബ്രൂവെറി ഗൾച്ച് (മദ്യംവാറ്റുന്ന മലയിടുക്ക്) എന്നറിയപ്പെടുകയും 40 കിലോമീറ്റർ അകലെയുള്ള ടൂംസ്റ്റോൺ എന്ന കുപ്രസിദ്ധ നഗരത്തെക്കാളും അപകടകാരി എന്ന പേരു സമ്പാദിക്കുകയും ചെയ്തു.
ഒടുവിൽ മിക്ക ഖനിത്തൊഴിലാളികളും വിവാഹം കഴിക്കുകയും കുടുംബങ്ങളെ വളർത്താനായി വീടുകൾ പണിയുകയും ചെയ്തു. ഇംഗ്ലണ്ടിൽനിന്നുള്ള ഖനിത്തൊഴിലാളികൾ 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഖനകരുടെ മാതൃകയിലുള്ള വീടുകളും സെർബിയയിൽനിന്നുള്ളവർ സെർബിയൻ ഖനകരുടെ മാതൃകയിലുള്ള വീടുകളും ജർമനിയിൽനിന്നുള്ളവർ ജർമൻ വീടുകളും ഇറ്റലിയിൽനിന്നുള്ളവർ ഇറ്റാലിയൻ വീടുകളും അയർലൻഡിൽനിന്നുള്ളവർ ഐറിഷ് വീടുകളും പണിതു. ആദ്യമുണ്ടായിരുന്ന നഗരമായ പഴയ ബിസ്ബി, മലയിടുക്കിന്റെ കുത്തനെയുള്ള ചെരുവിലാണു പണികഴിപ്പിച്ചത്. അങ്ങനെ മലയിടുക്കിന്റെ എല്ലാ വശങ്ങളിലും, പാറഭൂമി കുഴിക്കാവുന്നിടത്തൊക്കെ, വീടുകൾ ഉണ്ടായിരുന്നു. വീടുകളുടെ ഈ അതുല്യ സമുച്ചയം അവസാനം 20,000-ത്തിലധികം പേർക്കു പാർപ്പിടമായിത്തീർന്നു. അതിൽ മിക്കവരും ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു. ലോകമെമ്പാടുനിന്നുമുള്ള വിനോദയാത്രികരെ അതിപ്പോൾ ആകർഷിക്കുന്നു. ഖനികൾക്കുവേണ്ടി ധാരാളം പണംമുടക്കിയ ബിസ്ബി എന്ന മനുഷ്യന്റെ പേരാണ് ഈ പട്ടണത്തിനുള്ളത്, എന്നാൽ വാസ്തവത്തിൽ അദ്ദേഹം ഒരിക്കലും തന്റെ പേരുള്ള പട്ടണത്തിലേക്കു വന്നിട്ടില്ല.
പട്ടണം വലുതായപ്പോൾ ബ്രൂവെറി ഗൾച്ചിലെ ബാറുകളുടെ എണ്ണവും വർധിച്ചു. രണ്ടു-ബ്ലോക്ക് പ്രദേശത്ത് 30-തിലധികം ബാറുകൾ പ്രവർത്തിച്ചിരുന്ന ഒരു സമയമുണ്ട്, മലയിടുക്കിന്റെ അങ്ങുമുകളിൽ ഒരു വലിയ വേശ്യാലയപ്രദേശവും തഴച്ചുവളർന്നിരുന്നു.
ഏതാണ്ട് 1950-ൽ ഏതാനും സാക്ഷിക്കുടുംബങ്ങൾ ബിസ്ബിയിലേക്കു നീങ്ങി. അവരുടെ പ്രസംഗത്തിന്റെ ഫലമായി യഹോവയുടെ സാക്ഷികളുടെ ഒരു സഭ രൂപീകരിക്കപ്പെട്ടു. 1957 ആയപ്പോഴേക്കും അതിലെ അംഗങ്ങളുടെ എണ്ണം 12 ആയി വർധിച്ചു. അവർക്കു കൂടിവരാൻ ഒരു സ്ഥലം ആവശ്യമായിരുന്നു, അതുകൊണ്ടു ചെലവു താങ്ങാൻ കഴിയുന്ന ഒരു കെട്ടിടം അവർ വാടകയ്ക്കെടുത്തു. ബ്രൂവെറി ഗൾച്ചിലെ വി. എൽമോസ് സലൂൺ തെരുവിന് എതിരേയുള്ള, മുമ്പിൽ കടയോടുകൂടിയ ഒരു കെട്ടിടമായിരുന്നു അത്. ചുറ്റുമുണ്ടായിരുന്ന അധാർമിക സ്ഥാപനങ്ങളിൽ കൂടെക്കൂടെ വന്നിരുന്ന ആളുകളെക്കൊണ്ട് അവർക്കു പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും, സായാഹ്ന യോഗത്തിന്റെ സമയത്ത് ഒരു മദ്യപാനി അലഞ്ഞുതിരിഞ്ഞ് അകത്തേക്കു കയറി വരുമായിരുന്നു. എന്നാൽ അയാൾ പുറകിലിരുന്നു ശ്രദ്ധിക്കുക മാത്രം ചെയ്തിരുന്നു—ചിലർ പോകുന്നതിനുമുമ്പു സംഭാവനപോലും നൽകി.
കാലക്രമത്തിൽ, സഭ ബ്രൂവെറി ഗൾച്ചിനും അതിന്റെ അധാർമിക അന്തരീക്ഷത്തിനും പതിനൊന്നു കിലോമീറ്റർ അകലെയായി, രാജ്യഹാളിനുവേണ്ടിയുള്ള സ്ഥലം വാങ്ങി. 1958-ൽ ഹാളിന്റെ പണി പൂർത്തിയാകുകയും അതു സമർപ്പിക്കപ്പെടുകയും ചെയ്തു. മൂന്നു തവണ പുതുക്കിപ്പണിയുകയും വലിപ്പം കൂട്ടുകയും ചെയ്ത ഈ കെട്ടിടം ഇപ്പോഴും സഭയ്ക്കു പ്രയോജനപ്പെടുന്നു.
ഖനികൾ 1975-ൽ അടച്ചപ്പോൾ പട്ടണവും അടച്ചതുപോലെയായി. ഖനികൾ അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്ന പട്ടണങ്ങളിലേക്കു ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസംമാറി. അവിടെത്തന്നെ കഴിഞ്ഞ നിവാസികളിൽ മിക്കവരും ജോലിയിൽനിന്നു വിരമിച്ച ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു.
പ്രസിദ്ധമായ ബ്രൂവെറി ഗൾച്ച് ഇപ്പോൾ വിനോദയാത്രികരെ ആകർഷിക്കുന്ന ഒരു സ്ഥലം മാത്രമാണ്. അവിടെ ഒരു ബാർ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. മദ്യംവാറ്റുന്ന കെട്ടിടത്തിൽ ഇപ്പോൾ ഒരു കുടുംബ റെസ്റ്ററൻറ് പ്രവർത്തിക്കുന്നു. വേശ്യാലയപ്രദേശം തകർത്തുതരിപ്പണമാക്കിയിരിക്കുന്നു. എങ്കിലും ആ പ്രദേശത്തെ ചില വീടുകൾക്കു ചുറ്റുമുള്ള വേലികളിൽ അതിന്റെ അവശിഷ്ടങ്ങൾ കാണാവുന്നതാണ്. കട്ടിലിന്റെ തുരുമ്പിച്ച സ്പ്രിങ്ങുകളും ഫ്രെയിമുകളുംകൊണ്ടു നിർമിച്ചതാണ് അവ. ഒരിക്കൽ ഭയങ്കരമാംവിധം അധാർമികമായിരുന്ന ബ്രൂവെറി ഗൾച്ച് ഇപ്പോൾ ജിജ്ഞാസുക്കളെ ആകർഷിക്കുന്ന ഒരു വിചിത്രസ്ഥലം മാത്രമാണ്.
ഇപ്പോൾ 48 പ്രസാധകരുള്ള സഭ വളർന്നുകൊണ്ടിരിക്കുകയാണ്. വീടുതോറുമുള്ള പ്രസംഗം വളരെ രസകരമാണ്. അയർലൻഡ്, ഇറ്റലി, ഇംഗ്ലണ്ട്, ജർമനി, സെർബിയ എന്നിവിടങ്ങളിൽനിന്നുള്ളവരും ജോലിയിൽനിന്നു വിരമിച്ചവരുമായ ഖനിത്തൊഴിലാളികളെയും അനേകം കലാകാരൻമാരെയും സാക്ഷികൾ കണ്ടുമുട്ടുന്നു, അവരിൽ ചിലർ തങ്ങളുടെ കലാവേല പൂമുഖത്തു പ്രദർശിപ്പിച്ചിട്ടുണ്ട്.
ബ്രൂവെറി ഗൾച്ചിൽ അവശേഷിക്കുന്ന, വി. എൽമോസ് എന്നു പേരുള്ള റൗഡിബാറിൽ കൂടെക്കൂടെ പോയിരുന്ന ഒരു സ്ത്രീ മേലാൽ അവിടെ പോകുന്നില്ല എന്നതാണ് വളർച്ചയുടെ ഭാഗികമായ ഒരു കാരണം. അവളുടെ പേര് ജൂലി എന്നാണ്. ജൂലി അവിടെ പോയിരുന്നുവെന്നു മാത്രമല്ല, റൗഡിത്തരമേറിയ ഇടപാടുകാരിൽ ഒരാളുംകൂടിയായിരുന്നു. വാഗ്ദാനം ചെയ്തിരുന്ന എല്ലാ തരത്തിലുമുള്ള അധാർമിക വിനോദങ്ങളിലും കൂടെക്കൂടെയുള്ള പോരാട്ടങ്ങളിലും—ചിലപ്പോൾ പുരുഷൻമാരുമായി—അവൾ പങ്കെടുക്കുക പതിവായിരുന്നു. അവളുടെ വീട്ടുവാതിൽക്കൽവന്ന ആളുകളുടെ ശ്രദ്ധേയമായ വ്യത്യാസം നിമിത്തം ജൂലി യഹോവയുടെ സാക്ഷികളുടെ സന്ദേശത്തോട് ആകർഷിക്കപ്പെട്ടു. ജൂലിക്ക് ഗംഭീരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു, അതിന് അനേകം വർഷങ്ങൾ എടുത്തു. എന്നാൽ ഇപ്പോൾ അവൾ സ്നാപനമേറ്റ ഒരു സജീവ സാക്ഷിയാണ്. അവളുടെ ഭർത്താവും മൂന്നു കുട്ടികളും യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുകയും പുരോഗമിക്കുകയും ചെയ്യുന്നു.
യുഗങ്ങൾക്കു മുമ്പു നിക്ഷേപിക്കപ്പെട്ട ഭൂഗർഭ നിധി നിമിത്തം ബിസ്ബി ഒരു പട്ടണമായിത്തീർന്നു. മനുഷ്യർ മേലാൽ ആ നിധിക്കുവേണ്ടി തിരയുന്നില്ല, എന്നാൽ സത്യദൈവമായ യഹോവയെക്കുറിച്ചും അവന്റെ രാജ്യത്തെക്കുറിച്ചുമുള്ള അറിവാകുന്ന യഥാർഥ നിധിക്കുവേണ്ടി അനേകർ തിരയുന്നു. ബ്രൂവെറി ഗൾച്ചിലെ പഴയ രാജ്യഹാളിനു ചുറ്റും ഭയങ്കരമായ ധാർമിക അധഃപതനത്തിന്റെ ഒരു അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ഹാളിനകത്ത് ആത്മീയ പുഷ്പങ്ങൾ നട്ടുവളർത്തപ്പെട്ടു. പഴയ ഹാളിൽ ആദ്യം കൂടിവന്ന 12 പ്രസാധകരിൽ 7 പേർ നിരന്തര പയനിയർമാരായിരുന്നു. അവിടെ ഏഴു കുട്ടികളും ഉണ്ടായിരുന്നു. പ്രത്യക്ഷത്തിൽ, ഹാളിനകത്തു തീക്ഷ്ണതയുള്ള ഈ ചെറിയ കൂട്ടം ആസ്വദിച്ചിരുന്ന ക്രിയാത്മകമായ ആത്മീയ അന്തരീക്ഷം പുറത്തെ അധാർമിക അന്തരീക്ഷത്തെ കീഴ്പെടുത്തിയതായി തോന്നുന്നു.
ഈ കുട്ടികളിൽ ആറുപേർ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷകരെന്ന നിലയിൽ മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും രൂപം തിരഞ്ഞെടുത്തു. ജോൺ ഗ്രിഫിൻ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്കു പോയി. ഇപ്പോൾ മിഷനറി സേവനത്തിൽ അല്ലെങ്കിലും കോസ്റ്റ റിക്ക എന്ന നിയമിത രാജ്യത്ത് ഒരു മൂപ്പനെന്ന നിലയിൽ അദ്ദേഹം ഇപ്പോഴും യഹോവയെ സേവിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരിയായ കാരെളിൻ (ഇപ്പോൾ ജസ്സോ) അരിസോണയിലെ സീയെറ വിസ്റ്റയിൽ ഒരു നിരന്തര പയനിയറാണ്. നാൻസി പ്യൂയും ഗിലയാദിൽ പോകുകയും ചിലിയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇപ്പോൾ ഒരു മിഷനറിയല്ലെങ്കിലും അവർ ഇപ്പോഴും അവിടെയാണ്. അവരുടെ സഹോദരനായ പീറ്റർ പയനിയർ സേവനം ചെയ്യുകയും ആവശ്യമുള്ളിടത്തു സേവിക്കാനായി സ്പെയിനിലേക്കു പോകുകയും ചെയ്തു. സൂസൻ സ്മിത്തും ബെഥനി സ്മിത്തും മൊത്തം 50 വർഷമായി ബിസ്ബിയിൽ നിരന്തര പയനിയർമാരായി സേവനമനുഷ്ഠിച്ചിരിക്കുന്നു, അവർ ഇപ്പോഴും അവിടെ സേവിക്കുന്നു.
ദൈവവചനം സത്യമായും “ശക്തി ചെലുത്തുന്നു.” ബ്രൂവെറി ഗൾച്ചിൽ ആത്മീയ പുഷ്പങ്ങൾ വളരത്തക്ക അളവോളം പോലും. (എബ്രായർ 4:12, NW)—സംഭാവന ചെയ്യപ്പെട്ടത്.
[23-ാം പേജിലെ ചിത്രം]
മുമ്പ് രാജ്യഹാൾ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു