പ്രകൃതി വിപത്തുകൾ—തരണംചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കൽ
ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, തീപിടുത്തങ്ങൾ, വെള്ളപ്പൊക്കങ്ങൾ, കൊടുങ്കാറ്റുകൾ—പ്രകൃതിയുടെ ഉഗ്രകോപത്തെ നേരിടുമ്പോൾ നാം എത്രയോ നിസ്സഹായരാണ്! ഒരു പ്രകൃതി വിപത്തിന്റെ അനുഭവം മനസ്സിൽ പതിപ്പിച്ച ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ മാഞ്ഞുപോകാൻ ഒരുപക്ഷേ വർഷങ്ങൾ എടുക്കുന്നതായി മുതിർന്നവർ പലപ്പോഴും കണ്ടെത്തുന്നു. അത്തരം അനുഭവങ്ങളിൽനിന്നു പൂർവസ്ഥിതി പ്രാപിക്കാൻ കുട്ടികൾക്കു കൂടുതലായ സഹായം ആവശ്യമായിരുന്നേക്കാമെന്നതിൽ അതിശയമില്ല.
ഒരു വിപത്തു കഴിഞ്ഞാലുടൻ സാധാരണമായി കുട്ടികൾ (1) തങ്ങൾ ഒറ്റയ്ക്കാകുമെന്ന്, (2) തങ്ങൾ കുടുംബത്തിൽനിന്നു വേർപെടുമെന്ന്, (3) സംഭവം ഇനിയും ഉണ്ടാകുമെന്ന്, (4) ആർക്കെങ്കിലും പരിക്കേൽക്കുകയോ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്യുമെന്ന് സാധാരണ ഭയപ്പെടുന്നതായി യു.എസ്. ഫെഡറൽ അടിയന്തിരതാ നിർവഹണ ഏജൻസി (എഫ്ഇഎംഎ) അഭിപ്രായപ്പെടുന്നു. ഒരു വിപത്തിനുശേഷം നിങ്ങളുടെ കുട്ടിക്കുണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കാൻ ഒരു മാതാവോ പിതാവോ എന്നനിലയിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? എഫ്ഇഎംഎ ഈ ശുപാർശകൾ നടത്തുന്നു.a
കുടുംബം ഒന്നിച്ചായിരിക്കാൻ ശ്രമിക്കുക. ഒന്നിച്ചായിരിക്കുന്നതു കുട്ടിക്ക് ഉറപ്പു നൽകുകയും ഒറ്റപ്പെടുമെന്നുള്ള അവന്റെ ഭയം ലഘൂകരിക്കുകയും ചെയ്യുന്നു. നിങ്ങൾ സഹായം തേടുമ്പോൾ കുട്ടികളെ ബന്ധുമിത്രാദികളുടെകൂടെയോ ഒഴിപ്പിക്കൽ കേന്ദ്രങ്ങളിലോ നിർത്താതിരിക്കുന്നതാണു മെച്ചം. “കുട്ടികൾ ഉത്കണ്ഠാകുലരായിത്തീരുന്നു, മാതാപിതാക്കൾ തിരികെ വരികയില്ലെന്ന് അവർ ആകുലപ്പെടുന്നു” എന്ന് എഫ്ഇഎംഎ പറയുന്നു. നിങ്ങൾക്ക് എവിടെയെങ്കിലും പോകേണ്ടതുണ്ടെങ്കിൽ സാധ്യമാകുന്നിടത്തോളം നിങ്ങളുടെ കുട്ടിയെയും കൂട്ടത്തിൽ കൊണ്ടുപോകുക. അങ്ങനെയായിരിക്കുമ്പോൾ “കുട്ടികൾ ഭയം നിമിത്തം പുറകിൽനിന്നു മാറാത്ത സ്വഭാവമുള്ളവരായിരിക്കാനുള്ള സാധ്യത കുറവായിരിക്കും.”
സ്ഥിതിവിശേഷത്തെക്കുറിച്ചു ശാന്തമായും ദൃഢമായും വിശദീകരിക്കാൻ സമയമെടുക്കുക. വിപത്തിനെക്കുറിച്ചു നിങ്ങൾക്കറിയാവുന്നത് കുട്ടിക്കു പറഞ്ഞുകൊടുക്കുക. ആവശ്യമെങ്കിൽ അതു പലതവണ ആവർത്തിച്ചു വിശദീകരിച്ചുകൊടുക്കുക. അടുത്തതായി എന്തു സംഭവിക്കുമെന്നതിന്റെ രൂപരേഖ നൽകുക. ഉദാഹരണമായി, ‘ഇന്നു രാത്രി നാം ഒരുമിച്ച് അഭയസങ്കേതത്തിൽ താമസിക്കുന്നതായിരിക്കും’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. കുട്ടികളോട് അവരുടെ കണ്ണിനുനേരെ നിന്നുകൊണ്ടു സംസാരിക്കുക, ആവശ്യമെങ്കിൽ മുട്ടു കുത്തിനിന്നുകൊണ്ടുപോലും.
സംസാരിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. “കുട്ടിയുടെ ഉത്കണ്ഠ കുറയ്ക്കാൻ ആശയവിനിയമം ഏറ്റവും സഹായകരമാണെ”ന്ന് എഫ്ഇഎംഎ ചൂണ്ടിക്കാണിക്കുന്നു. വിപത്തിനെക്കുറിച്ചും തന്റെ ഭയങ്ങളെക്കുറിച്ചും ഓരോ കുട്ടിയും പറയുന്നതു ശ്രദ്ധിക്കുക. (യാക്കോബ് 1:19 താരതമ്യം ചെയ്യുക.) ഭയം തോന്നുന്നതു സാധാരണമാണെന്ന് അവനോടു പറയുക. മനസ്സിലുള്ളതു പറയാൻ നിങ്ങളുടെ കുട്ടി വൈമുഖ്യം കാണിക്കുന്നെങ്കിൽ നിങ്ങൾക്കും ഭയമുണ്ടെന്ന് അവനെ അറിയിക്കുക. അങ്ങനെ ചെയ്യുന്നതു തന്റെ ഭയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് അവനു കൂടുതൽ എളുപ്പമാക്കിത്തീർത്തേക്കാം, അങ്ങനെ ചെയ്യുന്നതുവഴി അവന്റെ ഉത്കണ്ഠ കുറയുകയും ചെയ്യും. (സദൃശവാക്യങ്ങൾ 12:25 താരതമ്യം ചെയ്യുക.) “സാധ്യമാകുന്നെങ്കിൽ മുഴു കുടുംബത്തെയും ചർച്ചയിൽ ഉൾപ്പെടുത്തുക.”
വൃത്തിയാക്കൽ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുക. വൃത്തിയാക്കുമ്പോഴും വീടിന്റെ കേടുപോക്കുമ്പോഴും കുട്ടികൾക്ക് അവരുടേതായ ജോലികൾ നിയമിച്ചുകൊടുക്കുക. “ഒരു ജോലിയുണ്ടായിരിക്കുന്നത് എല്ലാം ശരിയാകും എന്നു മനസ്സിലാക്കാൻ അവരെ സഹായിക്കും.” എന്നാൽ തീരെ ചെറിയ ഒരു കുട്ടിക്കു സാധാരണഗതിയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എഫ്ഇഎംഎ ഇപ്രകാരം വിശദീകരിക്കുന്നു: “അത്തരമൊരു കുട്ടിക്കു കൂടുതൽ ശാരീരിക പരിചരണവും കൂടുതൽ ആലിംഗനവും ആവശ്യമായിരുന്നേക്കാം; അത് നിർവഹിക്കേണ്ട മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതു മാതാപിതാക്കൾക്കു വിഷമകരമാക്കിത്തീർക്കുന്നു. നിർഭാഗ്യമെന്നു പറയട്ടെ, ഒരു എളുപ്പവഴിയുമില്ല. കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ പ്രശ്നം ഏറെ നാൾ നിലനിൽക്കും.”
അവസാനമായി ഒരാശയം മനസ്സിൽ പിടിക്കേണ്ടതുണ്ട്. എഫ്ഇഎംഎ മാതാപിതാക്കളെ ഇപ്രകാരം ഉപദേശിക്കുന്നു: “നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ലതെന്താണെന്ന് ആത്യന്തികമായി നിങ്ങൾ തീരുമാനിക്കണം.” ഈ മാർഗനിർദേശങ്ങൾ ബാധകമാക്കുന്നത് ഒരു വിഷമാവസ്ഥയിൽ ഏറ്റവും മെച്ചമായി പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കും.
[അടിക്കുറിപ്പ്]
a എഫ്ഇഎംഎ പ്രസിദ്ധീകരിച്ച വിപത്തിനെ തരണം ചെയ്യാൻ കുട്ടികളെ സഹായിക്കൽ (ഇംഗ്ലീഷ്), കൊടുങ്കാറ്റുകളോടും മറ്റു വിപത്തുകളോടുമുള്ള കുട്ടികളുടെ പ്രതികരണങ്ങളെ തരണം ചെയ്യൽ (ഇംഗ്ലീഷ്) എന്നീ പ്രസിദ്ധീകരണങ്ങളിൽനിന്നെടുത്തത്.