മെക്സിക്കോയിലെ വിപത്തുകൾക്കു മധ്യേ ക്രിസ്തീയ സ്നേഹം
മെക്സിക്കോ നഗരത്തിലെ ഒരു പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “കൊടുങ്കാറ്റുകളും ഭൂകമ്പവും പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങൾ ജീവഹാനിക്കും നാശത്തിനും ഇടയാക്കിക്കൊണ്ട് കഴിഞ്ഞ 20 വർഷമായി മെക്സിക്കൻ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുകയാണ്.”—എൽ ഫിനാൻസിയെറോ, 1995 ഒക്ടോബർ 17.
ഒക്ടോബർ ആദ്യമുണ്ടായ ഓപ്പൽ കൊടുങ്കാറ്റ് കാംപിച്ചി, കിന്റാനാ റോ, റ്റിബിസ്ക്കോ എന്നീ മെക്സിക്കൻ സംസ്ഥാനങ്ങളിൽ ഗുരുതരമായ അളവിൽ വിനാശം വരുത്തി. ഏകദേശം 200 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്കു പരുക്കേൽക്കുകയും 5,00,000 പേർ നഷ്ടങ്ങൾ അനുഭവിക്കുകയും ആയിരക്കണക്കിനു ഭവനങ്ങൾക്കു കേടോ പൂർണ നാശമോ സംഭവിക്കുകയും ചെയ്തു.
നാശനഷ്ടങ്ങളെക്കുറിച്ചു കേട്ടയുടനെ, മെക്സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ്, ബാധിത പ്രദേശങ്ങളിലെ യഹോവയുടെ സാക്ഷികൾക്ക് എങ്ങനെയുണ്ട് എന്നറിയുന്നതിന് അങ്ങോട്ടേക്ക് ഒരാളെ അയച്ചു. 2,500-ലധികം പേർ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായതായി അറിഞ്ഞു. അവരെ സഹ സാക്ഷികളുടെ ഭവനങ്ങളിലേക്കു ദയാപൂർവം സ്വീകരിച്ചു.
ദുരിതാശ്വാസ കേന്ദ്രങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ആവശ്യക്കാർക്ക് ആഹാരവും വസ്ത്രവും പണവും പ്രദാനം ചെയ്തു. വെള്ളപ്പൊക്കം മാറിയപ്പോൾ സാക്ഷികൾ തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ ഭവനങ്ങൾ പുനഃനിർമിക്കാൻ തുടങ്ങി.
ഒക്ടോബർ 9-ാം തീയതി, റിക്ടർ സ്കെയിലിൽ 7.6 അളവുള്ള ഒരു ശക്തമായ ഭൂകമ്പം മെക്സിക്കൻ സംസ്ഥാനങ്ങളായ കലിമയിലും ഹാല്ലിസ്ക്കോയിലും ഹാനി വിതച്ചു. യഹോവയുടെ സാക്ഷികളുടെ എട്ടു രാജ്യഹാളുകൾക്കു ഗുരുതരമായ ക്ഷതം സംഭവിച്ചു. അവരുടെ 12 വീടുകൾ നിലംപൊത്തി, ഏതാണ്ട് 65 എണ്ണത്തിനു കേടുപാടുകൾ സംഭവിച്ചു. വീണ്ടും, ഒരു ദുരിതാശ്വാസക്കമ്മിറ്റി സംഘടിപ്പിക്കപ്പെടുകയും സഹായം പ്രദാനം ചെയ്യുകയും ചെയ്തു.
പിന്നെ, ചിയാപാസ് സംസ്ഥാനത്തെ ഉലച്ചുകൊണ്ടു മറ്റൊരു ഭൂകമ്പം ഒക്ടോബർ 20-ന് ആഞ്ഞടിച്ചു. കൂടുതലായ 88 സാക്ഷികളുടെ വീടുകൾ നശിപ്പിക്കപ്പെട്ടു, 38 എണ്ണത്തിനു ഗുരുതരമായ ഹാനി സംഭവിച്ചു. രണ്ടു രാജ്യഹാളുകൾ പൂർണമായും നശിക്കുകയും മറ്റു നാലെണ്ണത്തിനു വല്ലാത്ത ക്ഷതം സംഭവിക്കുകയും ചെയ്തു. ഏതാണ്ട് അതേ സമയത്തു തന്നെ, റോക്ക്സൻ കൊടുങ്കാറ്റും അതോടൊപ്പം വന്ന വെള്ളപ്പൊക്കങ്ങളും വെറാക്ക്രൂസ് സംസ്ഥാനത്തിലെ ഏതാണ്ട് 80 സാക്ഷികളുടെ ഭവനങ്ങൾക്കു ഹാനി വരുത്തി. നാലു വീടുകൾ പൂർണമായി തകർന്നു. യഹോവയുടെ സാക്ഷികൾ സ്ഥാപിച്ച ഒരു ദുരിതാശ്വാസ ഫണ്ടും ഈ ദുരിതർക്കു വേഗം സഹായം പ്രദാനം ചെയ്തു.
ചില സാക്ഷികൾക്കു ചതവുകളും അസ്ഥിഭംഗങ്ങളും ഉണ്ടായെങ്കിലും ഈ പ്രകൃതി വിപത്തുകളിൽ ആർക്കും ജീവഹാനി സംഭവിച്ചില്ല. മൊത്തത്തിൽ, ഏതാണ്ട് 24 ടൺ ആഹാരവും 4 ടൺ വസ്ത്രവും ആവശ്യക്കാർക്ക് അയച്ചുകൊടുത്തു. ദുരിതാശ്വാസ പ്രവർത്തനത്തെ അനേകം നിരീക്ഷകർ പ്രശംസിച്ചു. കലിമയിലെ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികൾ വളരെ ഏകീകൃതരാണെന്നു ഞാൻ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ, ഇപ്പോൾ എന്റെ സ്വന്തം കണ്ണുകൊണ്ട് എനിക്കതു കാണാൻ കഴിയുന്നു.”
സാക്ഷികളെക്കുറിച്ചും അവരുടെ ദുരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ചും ആളുകൾ കൂടെക്കൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്: “ഇവർ യഥാർഥ സഹോദരങ്ങളാണ്.” “അവർ മെച്ചമായി സംഘടിപ്പിക്കപ്പെട്ട കൂട്ടമാണ്.” ചിലർ ഇങ്ങനെ പറയുന്നതായും കേട്ടിട്ടുണ്ട്: “സഹായിക്കാൻ വന്ന എല്ലാ ദുരിതാശ്വാസ സംഘങ്ങളും യഹോവയുടെ സാക്ഷികളെപ്പോലെ പ്രവർത്തിച്ചിരുന്നെങ്കിൽ ഈ മുഴു പട്ടണവും ഇതിനോടകം വൃത്തിയാകുമായിരുന്നു.”
ഇപ്പോൾ 4,40,000-ത്തിലധികം സാക്ഷികൾ തങ്ങളുടെ സഹ മെക്സിക്കരോട് ദൈവരാജ്യത്തിന്റെ സുവാർത്ത പങ്കു വയ്ക്കുന്നുണ്ട്. അടുത്തകാലത്തുണ്ടായ ഈ പ്രകൃതി വിപത്തുകളുടെ സമയത്ത് അവർ പരസ്പരം പ്രകടമാക്കിയ സ്നേഹം ശക്തമായ ഒരു സാക്ഷ്യം പ്രദാനം ചെയ്തു.—യോഹന്നാൻ 13:34, 35.