ആംഗ്യഭാഷയുടെ സഹായഹസ്തം നീട്ടിക്കൊണ്ട്
1995 ജൂണിലാരംഭിച്ച് വേനൽക്കാലത്തുടനീളം, ഐക്യനാടുകളിലെ ബ്രാഞ്ചിന്റെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ “സന്തുഷ്ട സ്തുതിപാഠകർ”എന്ന പ്രതിപാദ്യവിഷയത്തോടുകൂടിയ 181 ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടത്തി. ഇതിൽ രണ്ടെണ്ണത്തിൽ—ഒന്നു കിഴക്കും മറ്റൊന്നു പടിഞ്ഞാറും—മുഴുപരിപാടിയും അമേരിക്കൻ ആംഗ്യഭാഷയിൽ നേരിട്ട് അവതരിപ്പിച്ചു. അങ്ങനെ പരിപാടിയുടെ വ്യക്തത അത്യന്തം വർധിച്ചു; കാരണം, സംസാരിക്കുന്ന വാക്കിന്റെ പരിഭാഷയെക്കാൾ വളരെയധികം സുഗ്രാഹ്യമാണു ബധിരർക്കുവേണ്ടി ആംഗ്യഭാഷയിൽ നേരിട്ടവതരിപ്പിക്കുന്നത്.
11 ആംഗ്യഭാഷാ സഭകളിൽനിന്നും ഐക്യനാടുകളിൽ എമ്പാടുമുള്ള ഏതാണ്ട് 30 ആംഗ്യഭാഷാ കൂട്ടങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ സന്നിഹിതരായിരുന്നു. കൂടാതെ ബ്രിട്ടൻ, കാനഡ, ഡെൻമാർക്ക്, ദ ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, ജർമനി, ജപ്പാൻ, മെക്സിക്കോ, നോർവേ, പോർട്ടറിക്കോ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. അങ്ങനെ ഒരു സാർവദേശീയ പ്രതീതി ദൃശ്യമായിരുന്നു.
ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനിൽ പരിപാടി വീക്ഷിക്കത്തക്കവിധം വീഡിയോ മോണിറ്ററുകൾ സ്ഥാപിച്ചിരുന്നു. പക്ഷേ, ഒട്ടേറെ പ്രതിനിധികൾ ബധിരരും അന്ധരുമായിരുന്നു. ഈ വ്യക്തികൾ പരിപാടിയിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കുമായിരുന്നു? നൂറിലധികം സന്നദ്ധസേവകർ ഊഴമനുസരിച്ച് ഓരോ ദിവസത്തെയും പരിപാടി സ്പൃശ്യ (സ്പർശന) പരിഭാഷയിലൂടെ അവർക്കു പകർന്നുകൊടുക്കുന്നതു വീക്ഷിക്കുന്നതു യഥാർഥത്തിൽ വികാരസ്പർശിയായിരുന്നു.
ഈ രണ്ടു കൺവെൻഷനുകളിലായി 36 പേർ സ്നാപനത്തിലൂടെ യഹോവയാം ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തി. അർഹരായവരെ അവരുടെ വാർധക്യത്തിൽ ബഹുമാനിക്കൽ എന്ന നാടകമായിരുന്നു മറ്റൊരു സവിശേഷത. അവതരണത്തിൽ ഒരു കൂടിയ പങ്കുണ്ടായിരിക്കാൻ ബധിരരായ അംഗങ്ങളെ അനുവദിച്ചുകൊണ്ട്, നാടകം മുഴുവനായും ആംഗ്യഭാഷയിൽ അവതരിപ്പിച്ചത് എത്ര പുളകപ്രദമായിരുന്നു!
തുടർന്ന്, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുതിയ ബൈബിൾ പഠന സഹായിയുടെ പ്രകാശനമുണ്ടായി. ഈ പുസ്തകത്തിന്റെ ആംഗ്യഭാഷയിലുള്ള ഒരു അവതരണം വീഡിയോ ടേപ്പിൽ ലഭ്യമാക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞതിൽ സമ്മേളിതർ വിശിഷ്യാ സന്തുഷ്ടരായി! ആദ്യത്തെ മൂന്ന് അധ്യായങ്ങളടങ്ങിയ വാല്യം 1 കൺവെൻഷനിൽ പ്രകാശനം ചെയ്തു. അഞ്ചു വാല്യങ്ങളുംകൂടെ ഉടൻ ലഭ്യമാകും. “ഈ പുതിയ വീഡിയോയ്ക്കു ഞങ്ങൾ എത്ര നന്ദിയുള്ളവരാണ്; ബധിരരുള്ള പ്രദേശങ്ങളിലെ പ്രസംഗവേല ത്വരിതപ്പെടുത്താൻ ഇതു ഞങ്ങളെ സഹായിക്കും” എന്ന് ഒഹായോവിൽ നിന്നുള്ള ഒരു പ്രതിനിധി അഭിപ്രായപ്പെട്ടു.
ഈ രണ്ടു കൺവെൻഷനുകളിൽ ഹാജരായ 2,621 പേരും ആത്മീയമായി നവോന്മേഷം നേടിയവരായി ഭവനങ്ങളിലേക്കു പോയി. മുമ്പെന്നത്തെക്കാളുമധികമായി, സങ്കീർത്തനക്കാരന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.”—സങ്കീർത്തനം 150:6.