ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിലേക്കു ദൈവപരിജ്ഞാനം എത്തിക്കൽ
ആൻഡമാൻ നിക്കോബർ ദ്വീപുകൾ ഇന്ത്യയുടെ പൂർവതീരത്തുനിന്ന് 1,200 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു മനോഹരമായ ദ്വീപസമൂഹം ആണ്. മൊത്തം 8,249 ചതുരശ്ര കിലോമീറ്റർ പ്രദേശവിസ്തൃതിയുള്ള 572 ദ്വീപുകളും ചെറുദ്വീപുകളും പാറക്കെട്ടുകളും പാറകളും അവിടെയുണ്ട്. എന്നാൽ ഈ ദ്വീപുകളിൽ 38 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.
നൂറ്റാണ്ടുകളോളം തദ്ദേശവാസികൾ നാവികർക്ക് ആതിഥ്യമരുളിയിരുന്നതേയില്ല. പല യൂറോപ്യൻ രാഷ്ട്രങ്ങളുടെയും പരാജയത്തിനു ശേഷം, ആദ്യമായി ആ ദ്വീപുകളെ കോളനിവൽക്കരിച്ചതു ബ്രിട്ടീഷുകാരാണ്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരിക്കവേ, ഏറ്റവും പ്രമുഖമായവയിൽ ഒന്നായ ദക്ഷിണ ആൻഡമൻ ദ്വീപിനെ ശിക്ഷാ-കോളനിയാക്കിക്കൊണ്ട് 19-ാം നൂറ്റാണ്ടിലായിരുന്നു അവർ അപ്രകാരം ചെയ്തത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ഹ്രസ്വകാല ജാപ്പനീസ് ആധിപത്യത്തിനു ശേഷം ആ ദ്വീപുകൾ ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണത്തിൻ കീഴിലായി. കപ്പൽ-വിമാന മാർഗം എളുപ്പം എത്തിച്ചേരാവുന്ന അവ ഇന്ന് 3,00,000 ആളുകളുടെ വാസസ്ഥലമാണ്. ചെറിയൊരു കൂട്ടം ആദിവാസികളും ശേഷമുള്ളവർ മുഖ്യമായും ഇന്ത്യയുടെ പൂർവതീര പ്രദേശങ്ങളിൽനിന്നു വന്നിട്ടുള്ളവരുമാണ്.
ബംഗാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ വ്യാപകമായി സംസാരിക്കപ്പെടുന്നു. മലയാളം സംസാരിക്കുന്ന സാമാന്യം വലിയൊരു ജനസംഖ്യയും അവിടെ ഉണ്ട്. എന്നാൽ ഈ ദ്വീപുകളിലെ പൊതുഭാഷ ഹിന്ദിയാണ്. ഭൂമിയുടെ ഈ വിദൂര ഭാഗത്തു യഹോവയുടെ സാക്ഷികളുടെ നാലു സഭകളും രണ്ട് ഒറ്റപ്പെട്ട ഗ്രൂപ്പുകളുമുണ്ട്. മറ്റു സാക്ഷികൾ വിദൂര ദ്വീപുകളിലായി ചിതറിപ്പാർക്കുന്നു. എല്ലാത്തരത്തിലുള്ള ആളുകളെയും സമീപിക്കാനുള്ള ആഗ്രഹത്തിന്റെ ഒരു പ്രതിഫലനമെന്ന നിലയിൽ, ദ്വീപിലെ ഏറ്റവും വലിയ രണ്ടു സഭകളുടെ രാജ്യഹാളുകളിൽ ഈ വർഷത്തെ വിഷയവാക്യം അഞ്ചു ഭാഷകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അത് ഇങ്ങനെ വായിക്കപ്പെടുന്നു: “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ.”—യാക്കോബ് 1:22, NW.
1995-96-ൽ ഇന്ത്യയിൽ നടന്ന 16 “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ഒന്നിനു ഭരണതലസ്ഥാനമായ പോർട്ട് ബ്ലെയർ ഡിസംബർ 22 മുതൽ 24 വരെ ആതിഥ്യമരുളി. അത്യുച്ച ഹാജർ 290 ആയിരുന്നു. 11 പേർ യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പരസ്യപ്രഖ്യാപനം നടത്തി. ഇംഗ്ലീഷിൽ മാത്രമല്ല ഹിന്ദിയിലും പ്രാദേശികമായി സംസാരിക്കപ്പെടുന്ന എല്ലാ പ്രമുഖ ഭാഷകളിലും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം ലഭിച്ചതിൽ സമ്മേളിതർ അത്യന്തം സന്തോഷമുള്ളവരായിരുന്നു. ഇംഗ്ലീഷ് ഭാഷാ പതിപ്പിനോടൊപ്പം ഒരേ സമയത്ത് ഒൻപത് ഇന്ത്യൻ ഭാഷകളിൽ പ്രകാശനം ചെയ്യുന്ന ആദ്യത്തെ പുസ്തകമാണിത്.
ഒരു പൊതു ഒഴിവുദിനമായിരുന്ന തൊട്ടടുത്ത ദിവസം ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യഹോവയുടെ 60 സന്തുഷ്ട സ്തുതിപാഠകർ ദ്വീപുകളൊന്നിലെ ഒരു വിദൂര ഭാഗത്തേക്കു യാത്ര ചെയ്തു. സാക്ഷികൾ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞ് വയലുകളിലൂടെയും ചെറുകുന്നുകളിലൂടെയും ഉള്ള വൃത്തിഹീനമായ, കഷ്ടിച്ചു കാണാവുന്ന ഒറ്റയടിപ്പാതകളിലൂടെ നടന്നു. വിദൂരത്തിലുള്ള ചെറിയ ഗ്രാമങ്ങളിലെയും വനനിബിഡ പ്രദേശങ്ങളിലെയും എളിയ കർഷകരെ കണ്ടെത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ സ്വന്തം ഭാഷയിൽ ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിച്ചിട്ട് അവരുടെ മാതൃഭാഷയിലുള്ള ഒരു ലഘുലേഖയോ മാസികയോ അല്ലെങ്കിൽ പരിജ്ഞാനം പുസ്തകമോ അവർ അവർക്കു കൊടുത്തു. കടൽത്തീരത്തെ ഒരു ഉല്ലാസകരമായ ഉച്ചഭക്ഷണത്തിനു ശേഷം സാക്ഷികൾ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയി. “ഭൂമിയുടെ അതിവിദൂര ഭാഗങ്ങ”ളൊന്നിൽ ദൈവപരിജ്ഞാനം എത്തിച്ചുകൊണ്ടു തങ്ങളുടെ സമയവും ഊർജവും ദൈവസേവനത്തിൽ ചെലവഴിച്ചതിൽ അവർ എത്ര സന്തുഷ്ടരായിരുന്നു.—പ്രവൃത്തികൾ 1:8, NW.