ഞങ്ങളുടെ വായനക്കാരിൽനിന്ന്
ലോകത്തെ വീക്ഷിക്കൽ നിങ്ങളുടെ മാസികകൾ കൂടുതൽ കൂടുതൽ രസകരമാകുകയാണ്. ആനുകാലിക സംഭവങ്ങൾ, കായികവിനോദങ്ങൾ, ശാസ്ത്രം ഇത്യാദി എല്ലാത്തരം വിഷയങ്ങളും അവ കൈകാര്യം ചെയ്യുന്നു. “ലോകത്തെ വീക്ഷിക്കൽ” അങ്ങേയറ്റം രസകരമാണ്. ടെലിവിഷൻ വാർത്തകൾ ഈ വിശേഷലേഖനത്തിൽ അധിഷ്ഠിതമായിരുന്നെങ്കിൽ അതു വളരെ കൂടുതൽ രസകരം ആയിരിക്കുമായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു.
ആർ. എസ്., ഇറ്റലി
“ലോകത്തെ വീക്ഷിക്കൽ” എന്നഭാഗത്തു വരുന്ന വിഷയങ്ങൾ ഞാൻ യഥാർഥത്തിൽ വിലമതിക്കുന്നു. എനിക്കു പൂർണമായും സാരവത്തായിരുന്ന ഒന്ന് ഏപ്രിൽ 22, 1995, ലക്കത്തിലുണ്ടായിരുന്നു. “അധ്യാപകരെ പ്രസിദ്ധരാക്കുന്നത് എന്ത്?” എന്നതായിരുന്നു വിഷയം. കുറച്ചുമാത്രം ഗൃഹപാഠം നൽകുന്ന അധ്യാപകരെ വിദ്യാർഥികൾ അവശ്യം ഇഷ്ടപ്പെടണമെന്നില്ല, മറിച്ച് ദയയും കരുതലുമുള്ള മുഖപക്ഷമില്ലാത്ത അധ്യാപകരെയാണ് അവർ ഇഷ്ടപ്പെടുന്നതെന്ന് ആ ലേഖനം പറഞ്ഞു. അതാണു സത്യം! പ്രസിദ്ധരാകുന്നതിനുവേണ്ടി വിദ്യാർഥികളോട് ആനുകൂല്യം കാട്ടുന്ന അധ്യാപകരോടുള്ളബന്ധത്തിൽ എനിക്ക് അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലൊടുവിൽ, അത്തരം അധ്യാപകർ പ്രസിദ്ധരായി തുടരുന്നില്ല. ഈ മൂല്യവത്തായ വിവരത്തിന് ഒരിക്കൽക്കൂടെ നന്ദി.
എൽ. കെ., ഐക്യനാടുകൾ
വ്യാജ ഭാവികഥനങ്ങൾ “വ്യാജ ഭാവികഥനങ്ങളോ യഥാർഥ പ്രവചനമോ—നിങ്ങൾക്ക് വ്യത്യാസം എങ്ങനെ പറയാൻ കഴിയും?” (ജൂൺ 22, 1995) എന്ന ലേഖനപരമ്പരയ്ക്കു നിങ്ങൾക്കു നന്ദി. ഞാൻ 42 വർഷം ദിവസേന ബൈബിൾ പഠിക്കുകയും അന്ത്യനാളുകളുടെ അടയാളം സംബന്ധിച്ചുള്ള വിവരം സ്വായത്തമാക്കാൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ വിഷയത്തിലെ സമസ്ത തിരുവെഴുത്തുകളെയും സംബന്ധിച്ചു നിങ്ങൾ നൽകിയ വ്യക്തമായ സംഗ്രഹം എന്നെ വാസ്തവമായും സഹായിച്ചുവെന്ന് എനിക്കു പറയാൻ കഴിയും. നിങ്ങൾ ഈ വിഷയം ഓർമിക്കുവാൻ കൂടുതൽ എളുപ്പമാക്കിത്തീർത്തു. അത് അത്ഭുതകരമായ ആത്മീയ ഭക്ഷണമായിരുന്നു!
എം. ബി., ഐക്യനാടുകൾ
മോഷണം എനിക്കു 13 വയസ്സുണ്ട്, മോഷണമായിരുന്നു എനിക്കുണ്ടായിരുന്ന പ്രശ്നം. ഞാൻ പണം മോഷ്ടിക്കുമായിരുന്നു, അല്ലെങ്കിൽ ഒരു കടയിലേക്കുപോയി ബബിൾഗം മോഷ്ടിക്കുമായിരുന്നു. എനിക്കു നിർത്തണമെന്നുണ്ടായിരുന്നു, എന്നാൽ ജൂൺ 22, 1995, ഉണരുക! സ്വീകരിക്കുകയും “യുവജനങ്ങൾ ചോദിക്കുന്നു. . . മോഷണം—എന്തുകൊണ്ട് പാടില്ല?” എന്ന ലേഖനം വായിക്കുകയും ചെയ്യുന്നതുവരെ യാതൊന്നും എന്നെ സഹായിച്ചില്ല. യഥാർഥത്തിൽ അത് എന്നെ സ്പർശിച്ചു. യഹോവയോടു പ്രാർഥിക്കുവാനും അവൻ എന്നോടു ധാരാളമായി ക്ഷമിക്കുമെന്നു മനസ്സിലാക്കുവാനും അതെന്നെ സഹായിച്ചു. ദൈവരാജ്യത്തിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മോഷ്ടിക്കുന്നവർ അവിടെ ഉണ്ടായിരിക്കുകയില്ലെന്ന് എനിക്കറിയാം. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി.
ജെ. എ., കാനഡ
എനിക്ക് 23 വയസ്സുണ്ട്. ഞാൻ മോഷണക്കുറ്റത്തിനു ജയിലിലാണ്. ഇതെല്ലാം ആരംഭിച്ചതു സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്താലാണ്. ആരെയോ പറ്റിക്കുവാൻവേണ്ടി മോഷ്ടിക്കുവാൻ അവരെന്നോടാവശ്യപ്പെട്ടു. അവിടം മുതൽ സംഗതി വഷളായി. ആ ലേഖനം വളരെ സത്യമാണ്. വളരെ താമസിച്ചുപോകുന്നതിനുമുമ്പ് യുവജനങ്ങൾ ആ ബുദ്ധ്യുപദേശത്തിനു ശ്രദ്ധകൊടുക്കണമേയെന്ന് ആശിച്ചുപോകയാണു ഞാൻ. അങ്ങനെ ഞാനായിരിക്കുന്നിടത്ത്, ജയിലിൽ, എത്തിച്ചേരുന്നത് ഒഴിവാക്കാൻ അവർക്കു കഴിയും.
എം. എസ്., ഐക്യനാടുകൾ
ജീവിത കഥ “ദൈവത്തിന്റെ പരിപാലനത്തിൽനിന്ന് ഞാൻ പ്രയോജനമനുഭവിച്ച വിധം” (ജൂൺ 22, 1995) എന്ന ലേഖനം ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. സെലെസ്റ്റ് ജോൺസ് കുടുംബാംഗങ്ങളാൽ ദ്രോഹിക്കപ്പെടുകയും എന്നാൽ തന്റെ വിശ്വാസം നിലനിർത്തുകയും സഹിച്ചുനിൽക്കുകയും ചെയ്തതെങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചു വായിച്ചത് എന്റെ സ്വന്തം ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ഒരിക്കലും പരാതിപ്പെടാതിരിക്കാൻ കഠിനശ്രമം ചെയ്യുമെന്നു ശപഥംചെയ്യാൻ എന്നെ നിർബന്ധിതയാക്കി.
ജെ. പി., ഐക്യനാടുകൾ
സെലെസ്റ്റ് ജോണിനെക്കാൾ ഏതാണ്ട് കുറഞ്ഞ വൈകല്യമുള്ള ഒരുവൻ എന്നനിലയിൽ, ഉറച്ചുനിൽക്കുന്നതിൽ തുടരാൻ അവർക്കാവശ്യമായിരുന്ന ധൈര്യത്തെക്കുറിച്ച് എനിക്ക് അല്പജ്ഞാനമുണ്ട്. സെലെസ്റ്റിനെ രഹസ്യമായി സഹായിക്കുകയും അവരുടെ വയൽശുശ്രൂഷക്ക് അത്യാവശ്യമായിരുന്ന കരുതൽ നൽകുകയും ചെയ്ത എല്ലാവർക്കും പ്രത്യേകം നന്ദി.
ഡബ്ലിയൂ. ആർ., കാനഡ
പ്രസ്തുത ലേഖനം എന്നെ സ്പർശിച്ചു. അതെന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും നമ്മുടെ അയൽക്കാരെ സഹായിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി അവരോടു പ്രസംഗിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നതാണെന്നു തിരിച്ചറിയാൻ എന്നെ സഹായിക്കുകയും ചെയ്തു.
പി. എച്ച്. പി., നൈജീരിയ
അത്യന്തം ഹൃദയസ്പർശിയും പ്രോത്സാഹജനകവുമായ അനുഭവമായിരുന്നു സെലെസ്റ്റിന്റേത്. ഞാൻ വാർധക്യം പ്രാപിക്കുകയും വാർധക്യസഹജമായ എല്ലാ വേദനകളും നൊമ്പരങ്ങളും അനുഭവിക്കുകയും ചെയ്യുന്നു. എന്നാൽ അവയെ നേരിടാൻ അവരുടെ അനുഭവം എനിക്കു കൂടുതൽ ശക്തിപകരുന്നു.
എം. ആർ., ജമൈക്ക