“കാലത്തിലെ ഒരു നിമിഷം മാറ്റുവാനെനിക്കായിരുന്നെങ്കിൽ”
യു.എസ്.എ.-യിലെ കാലിഫോർണിയായിലുള്ള ഒരു സ്കൂളിലെ വിദ്യാർഥികളോടു മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് ഒരു ഉപന്യാസം എഴുതുവാൻ ആവശ്യപ്പെട്ടു. അവസാനമത്സരത്തിൽ പങ്കെടുത്തവരിലൊരാൾ യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബത്തിൽപ്പെട്ട പതിനൊന്നു വയസ്സുകാരനായ എറിക്ക് ആയിരുന്നു. താഴെച്ചേർക്കുന്ന ബൈബിളധിഷ്ഠിതമായ ഉപന്യാസം അവൻ സ്വയം രചിച്ചതാണ്.
“രണ്ടാം ലോകമഹായുദ്ധം വിനാശകരമായ ഒരു യുദ്ധമായിരുന്നു. നിർദോഷികളായ അനേകം ആളുകൾ മൃതിയടഞ്ഞു. എന്നാൽ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന നിമിഷം ഈ യുദ്ധത്തെ ചരിത്രപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാക്കും. ജോൺ എഫ്. കെന്നഡിയുടെ വധത്തെക്കുറിച്ചു ചിന്തിക്കുക. ശോചനീയമായ ഒരു മരണമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന നിമിഷം ഇതും ചരിത്രപുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷമാക്കും. ലോകത്തിന്റെ ചിന്തയെ മാറ്റിയെടുക്കാൻ ശ്രമിച്ചതിന് 1968-ൽ മാർട്ടിൻ ലൂഥർ കിങ്, ജൂനിയർ മരിച്ചു. എന്നാൽ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന നിമിഷം ഇത്തവണയും മുമ്പേ വരുമായിരുന്നു. കാലത്തിലെ ഈ നിമിഷം മാറ്റുവാനെനിക്കായിരുന്നെങ്കിൽ ലോകം വ്യത്യസ്തമായേനെ, നാമറിയുന്ന വിധത്തിലുള്ള ഏതും, സ്ഥിതിഗതികളും ആളുകളുമുൾപ്പടെ, എല്ലാം വ്യത്യസ്തമായേനെ. ഇതു സംഭവിച്ച ഈ നിമിഷത്തിൽ നാമിന്നറിയുന്ന വിധം ലോകത്തെ—നാശകരവും അക്രമാസക്തവും രോഗഗ്രസ്തവും ദുഷ്ടവുമായവിധത്തിൽ—ആക്കിത്തീർക്കുമാറ് ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കപ്പെട്ടു.
“കൊള്ളാം, ‘ഈ നിമിഷം ഒരു രോഗമാണോ? ഈ നിമിഷം ഒരു ഗവൺമെന്റാണോ? അതോ ഈ നിമിഷം ഒരു യുദ്ധമാണോ?’ എന്നൊക്കെ നിങ്ങൾ സംശയിച്ചേക്കാം. നിങ്ങളോടു തന്നെ ചോദിക്കുക, ‘ഇത് ഒരു രോഗമായിരുന്നെങ്കിൽ മനുഷ്യരെ ദുഷ്ടരാക്കുന്ന പ്രവൃത്തികളെ ഇതിനെങ്ങനെ തടയാനാകും?’ ‘അതിനു സാധിക്കില്ല’, എന്നു നിങ്ങൾ പറയുമായിരിക്കും. പിന്നെ നിങ്ങൾ, ‘അതു നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു ഗവൺമെന്റായിരിക്കും’ എന്നു വിചാരിക്കും. പക്ഷേ ഒരു ഗവൺമെന്റു നടത്തപ്പെടുന്നതു മനുഷ്യരാലാണ്. മനുഷ്യരെല്ലാം അപൂർണരും മരിക്കുന്നവരുമാണ്. അതുകൊണ്ട് അവരുടെ നല്ല പ്രവൃത്തികളും അവരോടൊപ്പം മരിക്കുകയില്ലേ? അപ്പോൾ നിങ്ങൾ പറയും, ‘അതു രണ്ടാം ലോകമഹായുദ്ധം പോലുള്ള ഒരു യുദ്ധമായിരിക്കണം.’ അല്ല! യുദ്ധത്തിൽ ഒരു പക്ഷം വിജയിക്കുകയും അതോടൊപ്പം മറുപക്ഷം തോൽക്കുകയും ചെയ്യുന്നതുകൊണ്ട്, അതായിരിക്കാൻ സാധ്യതയില്ല. ഈ പ്രസ്താവിച്ച യാതൊന്നിനും മരണം, അക്രമം, ദുഷ്ടത, രോഗം എന്നിവയെ എന്നേക്കുമായി നീക്കം ചെയ്യാൻ സാധിക്കില്ല. ‘ഞാൻ മാറ്റുമായിരുന്ന കാലത്തിലെ ഈ നിമിഷം ഏതായിരിക്കും?,’ നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടായിരിക്കാം.
“പാപം. മരണം. പാപവും മരണവുമാണു ഞാൻ മാറ്റുമായിരുന്നത്. എന്നാൽ എങ്ങനെ? പാപവും മരണവും നമുക്കെപ്പോഴുമുണ്ടായിരുന്നു. പാപവും മരണവും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അപ്പോൾ സദാ ഇവിടെയുണ്ടായിരുന്നതിനെ നിങ്ങൾക്കെങ്ങനെ മാറ്റാനാകും? അതാരംഭിച്ച നിമിഷം തന്നെ നിങ്ങൾ അതിനെ തടയണമായിരുന്നു. ദൈവത്തിന്റെ ഗവൺമെന്റിനെതിരെ ആദാമും ഹവ്വായും നടത്തിയ മത്സരം കാര്യങ്ങൾ ഇന്നുള്ളതുപോലെ ആയിത്തീരാൻ വഴിയൊരുക്കി. ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുകയും, തന്നിമിത്തം നമുക്കു പാപവും മരണവും ഉണ്ടാവുകയും ചെയ്തു.
“അതുകൊണ്ട് മാറ്റുവാനുള്ള കൃത്യമായ നിമിഷം പൂർണതയുള്ള ഗവൺമെന്റിനെതിരെ പിശാചായ സാത്താൻ ആദ്യനുണ ഉന്നയിച്ചപ്പോഴത്തേതായിരുന്നു. ഈ നുണ ഹേതുവായി നമ്മളെല്ലാം ദുരിതമനുഭവിക്കുന്നു. ആദ്യമാതാപിതാക്കളായ ആദാമിന്റേയും ഹവ്വായുടേയും പ്രവൃത്തി മൂലം തന്നെ. ഗവൺമെന്റിന്റെ ഏകസത്യനായകനായ ദൈവത്തിനെതിരായി അവർ പാപം ചെയ്തു.”
1995, ആഗസ്റ്റ് 12, ശനിയാഴ്ച, കാലിഫോർണിയായിലെ നോർക്കോയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഏകദിന സമ്മേളനത്തിൽ വെച്ച്, എറിക്ക് തന്റെ ഉപന്യാസം വായിച്ചു. മാനവദുരിതത്തിന്റെ കാരണത്തെ സംബന്ധിച്ച് ചിന്തോദ്ദീപകമായ ഒരു സാക്ഷ്യം നൽകുന്നതിനായി ഒരു ബാലൻ സ്കൂളിൽ വീണുകിട്ടിയ ഒരവസരത്തെ ഉപയോഗിച്ചതിനെപ്പറ്റി കേട്ടതിൽ സദസ്യർ ഉത്സാഹംകൊണ്ടു. യഹോവയാം ദൈവം “പഴയ പാമ്പിനെ” നശിപ്പിക്കുകയും പിശാച് വരുത്തിയിരിക്കുന്ന എല്ലാ കഷ്ടപ്പാടും നീക്കുകയും ചെയ്യുമ്പോൾ അത് എന്തൊരനുഭവമായിരിക്കും!—വെളിപ്പാടു 12:9; 21:3, 4; ഉല്പത്തി 3:1-6.