ഞങ്ങളുടെ വായനക്കാരിൽനിന്ന്
സാക്ഷികളുടെ സമ്മേളനങ്ങൾ “അവളുടെ ജീവിതത്തിനു മാററം വരുത്തിയ ഒരു ദിനം” എന്ന തലക്കെട്ടിലുള്ള അനുഭവത്തിനു നിങ്ങൾക്കു നന്ദി. (മാർച്ച് 22, 1995) യഹോവയുടെ സാക്ഷികളുടെ ഒരു പ്രത്യേക സമ്മേളന ദിനത്തിൽ സംബന്ധിക്കാൻ തന്റെ ആൻറിയാൽ ക്ഷണിക്കപ്പെട്ട ആ യുവതിയുടെ അനുഭവം അതേ സംഗതിതന്നെ എനിക്കു സംഭവിച്ചത് എന്നെ ഓർമിപ്പിച്ചു. എന്റെ സഹോദരൻ നൽകിയ ക്ഷണമനുസരിച്ച്, 1985-ലെ വേനൽക്കാലത്തു ഞാൻ എന്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുത്തു. ആദ്യമുണ്ടായിരുന്ന എന്റെ ആശങ്കയ്ക്കു പകരം പെട്ടെന്നുതന്നെ ഒരു ഊഷ്മള വികാരം എനിക്കു തോന്നി; ഒരു വലിയ കുടുംബത്തിന്റെ നടുക്കായിരിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ബൈബിൾ പഠനം തുടരാൻ ഞാൻ തീരുമാനിച്ചു, ഇന്നു ഞാനൊരു നിരന്തര പയനിയറാണ്, ഒരു മുഴുസമയ സുവിശേഷക തന്നെ.
ഇ. എഫ്., ഇറ്റലി
കടം “കടം വരുത്തിവെക്കുന്നതു നല്ലതാണോ?” എന്ന നിങ്ങളുടെ ലേഖനത്തിനു നന്ദി. (ജൂൺ 8, 1995) എനിക്ക് 13 വയസ്സേ ഉള്ളൂ. ഞാൻ എന്റെ പണം നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നില്ലായിരുന്നു. ഈ ലേഖനം എന്നെ വളരെയധികം സഹായിക്കുമെന്നു ഞാൻ വിചാരിക്കുന്നു.
സി. എ., ഐക്യനാടുകൾ
അടിമത്തം ഒരു ആഫ്രിക്കൻ-അമേരിക്കൻ വനിതയെന്ന നിലയിൽ 1995 ജൂൺ 8-ലെ “അടിമത്തത്തിന്റെ ചങ്ങലയും കണ്ണീരും” എന്ന ലേഖന പരമ്പര ഞാൻ വളരെയധികം വിലമതിച്ചു. പുറംപേജിലെ ഫോട്ടോ കണ്ടപ്പോൾ എന്റെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു. ലജ്ജാകരമായ ഈ ചരിത്ര വസ്തുതകളെക്കുറിച്ച് എഴുതാൻ നിങ്ങൾക്കു ധൈര്യം തോന്നിയത് എന്നെ സ്പർശിച്ചു. വളരെ സംവേദകത്വത്തോടെ അവതരിപ്പിക്കപ്പെട്ട ആ ലേഖനം അങ്ങേയറ്റം വിജ്ഞാനപ്രദമായിരുന്നു.
ബി. എം., ഐക്യനാടുകൾ
ചരിത്ര ക്ലാസ്സിൽ ഞങ്ങൾ ആ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നതിനാൽ ആ ലേഖനം കൃത്യസമയത്തുതന്നെയാണു വന്നത്. കുറെ ഐച്ഛിക ഗൃഹപാഠം പൂർത്തിയാക്കുന്നതിന് ഞാൻ ആ ലേഖനം ഉപയോഗിച്ചു. എനിക്ക് നല്ല മാർക്കു ലഭിച്ചു. എനിക്ക് അടിമകളോട് വളരെയധികം ഖേദവും തോന്നി.
എം. സി., ജർമനി
ജീവകഥ “ജീവിതത്തിന്റെ അർഥം തേടിയുള്ള എന്റെ വിജയപ്രദമായ അന്വേഷണം” (മേയ് 22, 1995) വളരെ ഹൃദയസ്പർശിയായ ഒരു ലേഖനമായിരുന്നു. മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കണമോയെന്നു തീരുമാനിക്കാൻ ഹാരോൾഡ് ഡയസിന്റെ കഥ എന്നെ സഹായിച്ചു. എനിക്കു ബെഥേൽ, ന്യൂയോർക്കിലെ ബ്രുക്ക്ളിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനം സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു. എനിക്കു വളരെ മതിപ്പുതോന്നി. ഞാൻ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച് ഇപ്പോൾ വീണ്ടുമൊരു ചോദ്യം ഉദിക്കുന്നില്ല!
എ. സി., ഐക്യനാടുകൾ
ക്ഷമിക്കുക, മറക്കുക “ബൈബിളിന്റെ വീക്ഷണം: ക്ഷമിക്കുക, മറക്കുക—എങ്ങനെ സാധിക്കും?” (ജൂൺ 8, 1995) എന്ന വിശിഷ്ട ലേഖനത്തിനു നന്ദി. ബൈബിൾ അപൂർണരായ മനുഷ്യർക്ക് അസാധ്യമായ എന്തെങ്കിലും ആവശ്യപ്പെടുകയാണോയെന്ന് ഞാൻ അതിശയിക്കുക പതിവായിരുന്നു. എന്നാൽ ക്ഷമിക്കുകയും മറക്കുകയും ചെയ്യുകയെന്നാൽ എന്താണ് അർഥമെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ദൈവത്തിന്റെ കൽപ്പനകൾ ഭാരമേറിയവയല്ല എന്ന് ആ ലേഖനം എനിക്കു ബോധ്യം നൽകി.
സി. ഐ. സി., നൈജീരിയ
ആ ലേഖനം ഞാൻ എത്ര വിലമതിക്കുന്നുവെന്ന് എനിക്കു നിങ്ങളെ എഴുതിയറിയിച്ചാൽ മാത്രം മതിയായിരുന്നു. ഒരു കൊച്ചുകുട്ടിയായിരിക്കെ, എന്റെ അച്ഛന്റെ രണ്ടു സഹോദരൻമാർ എന്നെ ലൈംഗികമായി ദ്രോഹിച്ചു. പിന്നീട് ഒരു ഭാര്യയെന്ന നിലയിൽ ഞാൻ ദ്രോഹിക്കപ്പെടുകയും ദുഷ്പെരുമാറ്റം അനുഭവിക്കുകയും ചെയ്തു. ഒരു ക്രിസ്ത്യാനിയായിത്തീർന്നപ്പോൾ ഞാൻ സ്നേഹവും ക്ഷമയും പ്രകടിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും, പല വർഷങ്ങളോളം എനിക്ക് ആഴമായ വേദനയ്ക്കിടയാക്കിയ ഈ മൂന്നു പേരോട് ഞാൻ ക്ഷമിച്ചുവെന്ന് സത്യസന്ധമായി എനിക്ക് ഒരിക്കലും പറയാൻ കഴിഞ്ഞിട്ടില്ല. ചില സംഗതികൾ യഹോവയുടെ കരങ്ങളിൽ വിട്ടിട്ട് ജീവിതം തുടരേണ്ടതുണ്ടെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. എന്നെ ബാധിച്ച ഈ ആഴമായ മുറിവ് പെട്ടെന്നുതന്നെ പോയിക്കിട്ടും എന്ന് വെളിപ്പാടു 21:4 എനിക്ക് ഉറപ്പുനൽകുന്നു.
എ. ബി., ഐക്യനാടുകൾ
ഞാൻ ആ ലേഖനം ഇപ്പോൾ വായിച്ചുകഴിഞ്ഞതേയുള്ളൂ. എനിക്കു യഹോവയോട് മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്തതുപോലുള്ള ഒരു അടുപ്പമാണ് ഈ നിമിഷം തോന്നുന്നത്. കുറച്ചു നാൾ മുമ്പ് ഞാൻ ഗുരുതരമായ ഒരു പാപത്തിൽ ഉൾപ്പെട്ടു. അതുമൂലം ഞാൻ സഭാമൂപ്പൻമാരുടെ സഹായം തേടുകയും ചെയ്തു. എനിക്ക് അവരിൽനിന്നു ദയാപുരസ്സരവും സ്നേഹപൂർണവുമായ ഉപദേശം ലഭിച്ചെങ്കിലും പ്രാർഥനയിൽ യഹോവയോടു സംസാരിക്കാൻ എനിക്കു തടസ്സമുള്ളതുപോലെ തോന്നി. നമ്മുടെ സ്വർഗീയ പിതാവ് ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നതെങ്ങനെയെന്നതു സംബന്ധിച്ച കൂടുതൽ വ്യക്തമായ ഗ്രാഹ്യം ഈ ലേഖനം എനിക്കു നൽകി. അതായിരുന്നു എനിക്ക് ഏറ്റവും ആവശ്യമുണ്ടായിരുന്നത്. ഹൃദയംഗമമായ പ്രാർഥനയിൽ അവനെ സ്വാതന്ത്ര്യത്തോടെ സമീപിക്കാൻ അതെന്നെ പ്രാപ്തനാക്കി—ഞാൻ മൂഢമായി ഒഴിവാക്കിയിരുന്ന ഒരു പദവി തന്നെ. എനിക്ക് “തക്കസമയത്ത് . . . ഭക്ഷണം” തരുന്നതിനു യഹോവയ്ക്കു നന്ദി.—മത്തായി 24:45, NW.
ഡി. ജെ. എസ്., ഐക്യനാടുകൾ