ജെസിക്കായുടെ റിപ്പോർട്ട്
ഐക്യനാടുകളിൽനിന്നുള്ള 13 വയസ്സുകാരി ജെസിക്കായ്ക്കും തന്റെ സഹപാഠികളോടൊപ്പം “ദൈവവും പതാകയും രാജ്യവും” എന്ന വിഷയത്തെ സംബന്ധിച്ച് ഒരു പ്രസംഗം നടത്തുന്നതിനുള്ള നിയമനം ലഭിച്ചു. ഒരു യഹോവയുടെ സാക്ഷിയെന്നനിലയിൽ താൻ എന്തുകൊണ്ടായിരുന്നു പതാകയെ വന്ദിക്കാതിരുന്നത് എന്നതിനെക്കുറിച്ചു തന്റെ സഹപാഠികൾ ജിജ്ഞാസയുള്ളവരാണെന്ന് അറിഞ്ഞുകൊണ്ട് തന്റെ വിശ്വാസങ്ങൾ വിശദീകരിക്കുവാൻ ജെസിക്കാ ധൈര്യപൂർവം ഈ അവസരം പ്രയോജനപ്പെടുത്തി. പിൻവരുന്നവ അവളുടെ റിപ്പോർട്ടിൽനിന്നുള്ള ചില ഭാഗങ്ങളാണ്.
“ഓരോ സ്കൂൾ ദിവസത്തിന്റെയും ആരംഭത്തിൽ കൂറുപ്രതിജ്ഞ ചൊല്ലാൻ വിദ്യാർഥികളോട് ആവശ്യപ്പെടുന്നു, എന്നാൽ എന്റെ വിശ്വാസങ്ങളും മതവും നിമിത്തം ഞാൻ അതു ചെയ്യുന്നില്ല. എന്തുകൊണ്ടാണെന്ന് അനേകർ അതിശയിക്കുന്നു. ഇപ്പോൾ ഞാൻ അതു നിങ്ങളോടു പറയാം.
“പതാകാ വന്ദനത്തിന്റെ ആദ്യവാക്കുകൾ ഇവയാണ്: ‘പതാകയോട് ഞാൻ കൂറു പ്രഖ്യാപിക്കുന്നു.’ കൊള്ളാം, എന്താണ് കൂറ്? അത് പിന്തുണയ്ക്കും വിശ്വസ്തതയ്ക്കും ഭക്തിക്കുമുള്ള കടപ്പാടാണ്. എന്റെ കൂറ് ഞാൻ നേരത്തെതന്നെ ദൈവത്തിനു വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ പതാകക്ക് കൂറു പ്രഖ്യാപിക്കുവാൻ എനിക്കു കഴിയുകയില്ല, പ്രഖ്യാപിക്കുകയുമില്ല. ഞാൻ പതാകയെ ആരാധിക്കുകയോ അതിനു കൂറു പ്രഖ്യാപിക്കുകയോ ഇല്ലെന്നുള്ളത് ഞാൻ അതിനെ അനാദരിക്കുന്നുവെന്ന് അർഥമാക്കുന്നില്ല.
“എന്റെ ജീവിതത്തിൽ ദൈവമാണു പരമപ്രധാനം. ബൈബിളിൽ വിവരിച്ചിരിക്കുന്ന അവന്റെ കല്പനകൾ പിൻപറ്റാൻ ഞാൻ ആവുന്നത്ര ശ്രമിക്കുന്നു. ഞാൻ എല്ലാ ദിവസവും അവനോടു പ്രാർഥിക്കുന്നു, എനിക്കു സഹായമോ പ്രോത്സാഹനമോ അധികമായി ആവശ്യമുള്ളപ്പോഴും ഞാൻ പ്രാർഥിക്കുന്നു. ആ സഹായവും പ്രോത്സാഹനവും എല്ലായ്പോഴും എനിക്കു തക്കസമയത്തു ലഭിക്കുന്നു. ദൈവത്തെ ഒന്നാമതു വെക്കുമ്പോഴും അവൻ നമ്മോടു ചെയ്യാൻ കല്പിച്ചിട്ടുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും ഞാൻ കൂടുതൽ സന്തുഷ്ടയാണെന്നു മനസ്സിലാക്കിയിരിക്കുന്നു.
“അതുകൊണ്ട് ഞാൻ പതാകയെ വന്ദിക്കുന്നില്ലെങ്കിലും അതിനെ ബഹുമാനിക്കുന്നു, യാതൊരു പ്രകാരത്തിലും അതിനെ നിന്ദിക്കുകയില്ല. എന്നാൽ എന്റെ കൂറ് ദൈവത്തോടാണ്, അത് ഉചിതവുമാണ്. എന്തുകൊണ്ടെന്നാൽ എന്നെ സൃഷ്ടിച്ചത് അവനായതിനാൽ കൂറിനു ഞാൻ അവനോടു കടപ്പെട്ടിരിക്കുന്നു.”
ജെസിക്കായുടെ ക്ലാസിലെ വിദ്യാർഥികളോട് തങ്ങൾ കേട്ട റിപ്പോർട്ടുകൾ വിലയിരുത്തുവാൻ ആവശ്യപ്പെട്ടു. ജെസിക്കായുടെ ശ്രമഫലമായി തന്റെ വിശ്വാസങ്ങളെക്കുറിച്ചു സഹപാഠികൾക്കു മെച്ചമായൊരു ഗ്രാഹ്യം ലഭിച്ചുവെന്നു പറഞ്ഞപ്പോൾ അവൾ എത്ര സന്തുഷ്ടയായിരുന്നു! കൂടുതൽ പ്രധാനമായി, ബൈബിൾ തത്ത്വങ്ങൾക്കുവേണ്ടി ധീരമായി സംസാരിക്കുന്ന യുവജനങ്ങൾ യഹോവയാം ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു!—സദൃശവാക്യങ്ങൾ 27:11.