ചേര—മേൽപ്പോട്ടു കയറാൻ സൃഷ്ടിക്കപ്പെട്ടത്
പാമ്പുകളെപ്പറ്റിയുള്ള അലബാമായിലെ ഒരു ഹാൻഡ്ബുക്ക് ചേരയെ സമർഥനായ കയറ്റക്കാരനായി വർണിക്കുന്നു. കെട്ടിടത്തിന്റെ ഇഷ്ടിക പാകിയ ചുവരിലൂടെ മേൽപ്പോട്ടു കയറിക്കൊണ്ട് അവൻ തന്റെ സാമർഥ്യം പ്രകടിപ്പിക്കുന്നു. അവന്റെ ശരീരം ഇഷ്ടികകൾക്കിടയിലുള്ള ചാലുകളിൽ നന്നായി ഒതുങ്ങുന്നതുകൊണ്ട് അവൻ ചെറുപ്പമാണെന്നു തോന്നുന്നു. എലികളും ചുണ്ടെലികളുമാണ് അവന്റെ ഇഷ്ടഭോജനം.
ജന്തുജീവിതത്തെപ്പറ്റിയുള്ള ഓദബൻ സൊസൈറ്റി വിജ്ഞാനകോശം (ഇംഗ്ലീഷ്) കയറുന്നതിലുള്ള അവന്റെ പ്രത്യേക വൈദഗ്ധ്യം വെളിപ്പെടുത്തുന്നു: “ചേരകളുടെ ശരീരത്തിന്റെ അടിഭാഗത്ത് ദുർബലമായ, കീലാകൃതിയിലുള്ള ശൽക്കങ്ങളുണ്ട്. കൂർത്ത ഒരു മൂല അഥവാ തുറിപ്പ് പ്രദാനം ചെയ്യുകയാണ് ഈ കീലാകൃതിയിലുള്ള ശരീരഭാഗത്തിന്റെ ഒരു ധർമം. ഇത് പാമ്പിന് മരത്തൊലിയിൽ ശരീരം അമർത്തി കൂടുതൽ മുറുകെ പറ്റിച്ചേരാൻ പ്രയോജനപ്പെടുന്നു. മരത്തൊലിയുടെ ഉന്തിനിൽക്കുന്ന ഭാഗങ്ങൾക്കിടയിൽ ശരീരം ആപ്പുപോലെ ഉറപ്പിച്ചുകൊണ്ടും മുകളിലേക്കു വലിഞ്ഞു നീങ്ങിക്കൊണ്ടും അതിന് ഒരു വൻ മരത്തിന്റെ തായ്ത്തടിയിലൂടെ കയറാൻ കഴിയും. ശരീരത്തിന്റെ അടിഭാഗത്തു കീലാകൃതിയിലുള്ള ഭാഗങ്ങൾ ഉള്ളതാണ് ഇതിനു സഹായകമായിരിക്കുന്ന ഒരു ഘടകം.”
അവനെ മരത്തിൽ കണ്ടാൽ, കഠോര ശബ്ദം പുറപ്പെടുവിക്കുകയും മുതലക്കൂപ്പുകുത്തി കീഴോട്ടു പറന്ന് ആക്രമിക്കയും ചെയ്യുന്ന നീല മണികണ്ഠൻ പക്ഷികൾ അവനെ ആക്രമിച്ചേക്കാം. കെട്ടിടത്തിന്റെ ചുവരിലൂടെ കയറിപ്പോയാൽ അവന് ആഹാരമായി പക്ഷികളും പക്ഷിമുട്ടകളും ഒന്നും കിട്ടിയെന്നുവരില്ല. പിന്നെയോ ചെറുചൂടുള്ള ഇഷ്ടികപ്പുറത്തു കിടന്നൊന്ന് ഉച്ചയുറങ്ങാം, അത്രതന്നെ.