മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ—വളർന്നുവരുന്ന ഒരു പ്രവണത
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ ബ്രിട്ടനിൽ യൂറോപ്പിലെ മറ്റേതു രാജ്യത്തെക്കാളും കൂടുതലാണ്” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “ബ്രിട്ടനിൽ 18 വയസ്സിനു താഴെ പ്രായംവരുന്ന കുട്ടികളുള്ള ഏതാണ്ട് അഞ്ചു കുടുംബങ്ങളിൽ ഒന്നിൽ ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ആണ് . . . ഇപ്പോൾ നേതൃത്വം വഹിക്കുന്നത്. അതിനോടു താരതമ്യം ചെയ്യുമ്പോൾ ഡെൻമാർക്കിലെ ഏഴിൽ ഒന്നു കുടുംബങ്ങളും ജർമനിയിലെയും ഫ്രാൻസിലെയും എട്ടിൽ ഒന്നു കുടുംബങ്ങളും അത്തരത്തിലുള്ളവയാണ്.”
ബ്രിട്ടനിലെ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഓരോ പത്തു കുടുംബങ്ങളിൽ ഒൻപതിലും സ്ത്രീകളാണു നേതൃത്വം വഹിക്കുന്നത്. മാതാവും പിതാവും കുട്ടികളും ഒരുമിച്ചു കഴിയുന്ന പരമ്പരാഗത കുടുംബം അല്ലെങ്കിൽ അണു കുടുംബം എന്നു പറയുന്നത് ഇപ്പോൾ മറ്റു കുടുംബാശയങ്ങളുടെ കൂട്ടത്തിലെ ഒരു “കുടുംബാശയം” മാത്രമായി കാണപ്പെടുന്നു. എന്നാൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുണ്ടായിരിക്കുക എന്ന വൈവിധ്യം മുമ്പത്തെക്കാൾ ഇപ്പോൾ വ്യാപകമായിരിക്കുന്നതെന്തുകൊണ്ടാണ്?
കാരണങ്ങളുടെ പട്ടികയിൽ തലപ്പത്തു നിൽക്കുന്നതു വിവാഹമോചനവും വേർപെടലുമാണ്. ഇക്കാര്യത്തിൽ ബ്രിട്ടൻ ഐക്യനാടുകളിലെ പ്രവണത പിന്തുടരുന്നു. അവിടെ എല്ലാ വിവാഹങ്ങളുടെയും ഏതാണ്ടു പകുതി വിവാഹമോചനത്തിൽ കലാശിക്കുന്നു. കൂടാതെ, വിവാഹത്തിൽനിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്കും മാറ്റംവന്നിരിക്കുന്നു. ഒരു വിവാഹ മാർഗനിർദേശ സ്ഥാപനമായ റിലേറ്റിലെ സെൽഡ വെസ്റ്റ്-മീഡ്സ് പറയുന്നതനുസരിച്ച്, 20-ഓ 30-ഓ വർഷങ്ങൾക്കു മുമ്പ് “പുരുഷൻമാരുടെയും സ്ത്രീകളുടെയും ധർമങ്ങൾ വളരെയധികം വ്യക്തമായി നിർവചിക്കപ്പെട്ടിരുന്നു. പുരുഷൻ കുടുംബം പുലർത്തുന്നവനായിരുന്നു; സ്ത്രീ പരിപാലകയും.” എന്നാൽ ഇപ്പോഴോ? “ഇന്നത്തെ വിവാഹങ്ങൾ കൂടുതൽ ഉത്തേജനപ്രദവും രസികവും ആയിരുന്നേക്കാം. എന്നാൽ അവയ്ക്കു കൂടുതൽ കഷ്ടകരവും ആയിരിക്കാൻ കഴിയും. സ്ത്രീകൾ തങ്ങളുടെ അമ്മമാരും വല്യമ്മമാരും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വിവാഹത്തിൽനിന്ന് ആഗ്രഹിക്കുന്നു. അവർക്കു സമത്വം വേണം, നന്നായി സ്നേഹിക്കുന്ന ഒരാളെ വേണം, ഒരു നല്ല സുഹൃത്തിനെ വേണം, സ്വയം ജോലിസാധ്യതകൾ വേണം—കൂടാതെ കുട്ടികളും.”
വിനോദ ലോകത്തിലുടനീളം വിശേഷവത്കരിക്കപ്പെടുന്ന അനുവാദാത്മക ലൈംഗികതയിലൂടെ ലോകം പരമ്പരാഗത കുടുംബത്തോടുള്ള വെറുപ്പ് ഊട്ടിവളർത്തുന്നു. വളരെ ചെറിയ പ്രായത്തിൽ ലൈംഗിക അനുഭവങ്ങളുണ്ടായിട്ടുള്ള യുവജനങ്ങൾ സാധ്യതയുള്ള പരിണതഫലങ്ങളെക്കുറിച്ചു പലപ്പോഴും അറിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കഷ്ടപ്പാടാണ്, തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ വെട്ടിച്ചുരുക്കലാണ്, ജീവിതത്തിലെ ഒരു അനാവശ്യമായ സങ്കീർണതയാണ്.
ചിലർ സ്വന്ത ഇഷ്ടപ്രകാരം ഒറ്റക്കാരായ മാതാക്കളോ പിതാക്കൻമാരോ ആയിത്തീരുന്നു. എന്നാൽ മറ്റുചിലർ സാഹചര്യം മൂലം അങ്ങനെയായിത്തീരുന്നു. ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ആയിരിക്കാൻ നിർബന്ധിതരാകുമ്പോൾ വിവാഹിതരായ പലരും തങ്ങളുടെ സ്വയം ഭരണത്തിൽ അസന്തുഷ്ടരാണ്. സന്തോഷത്തോടെ വിവാഹിതരായിരുന്നിട്ട് തങ്ങളുടെ പങ്കാളിയെ മരണത്തിൽ നഷ്ടമായവർ ഇവരിൽപ്പെടുന്നു.
നേരേമറിച്ച്, ചിലരെ സംബന്ധിച്ചിടത്തോളം വിവാഹം കടുത്ത ശത്രുതകളുടെ മുഖമുദ്രയായിരുന്നു. തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്കു വളർത്തിക്കൊണ്ടുവരുന്നതിൽ അവർ ആശ്വാസം കണ്ടെത്തുന്നു. തങ്ങളുടെ കുട്ടികളുമായി വളർത്തിയെടുത്തിരിക്കുന്ന അടുത്ത ബന്ധത്തെക്കുറിച്ച് ഇക്കൂട്ടർ പലരും പറയാറുണ്ട്.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം വർധിച്ചുവരുന്ന പ്രവണതയ്ക്ക് അസംഖ്യം കാരണങ്ങൾ ഉണ്ടെങ്കിലും അനുദിന ജീവിതത്തിലെ ചുമതലകളുടെയും വെല്ലുവിളികളുടെയും കാര്യം വരുമ്പോൾ ഒറ്റക്കാരായ മാതാക്കൾക്കും പിതാക്കൻമാർക്കും പ്രത്യേകമായ ഉത്കണ്ഠകളുണ്ട്. അവയെന്തെല്ലാമാണ്? ഒറ്റക്കാരായ മാതാക്കൾക്കും പിതാക്കൻമാർക്കും തങ്ങളുടെ ചുമതലകൾ വിജയകരമായി ചുമലിലേറ്റാൻ എങ്ങനെ കഴിയും?