“സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ നഷ്ടപ്പെടുത്തരുത്
ബൈബിൾ പ്രബോധനത്തിന്റെ മൂന്നു പ്രതിഫലദായകങ്ങളായ ദിനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9:40-ന് സംഗീതത്തോടെ പരിപാടി ആരംഭിക്കുമ്പോൾ സന്നിഹിതരായിരിക്കുക. “സന്തുഷ്ട സ്തുതിപാഠകരേ, സ്വാഗതം!” എന്ന ആരംഭ പ്രസംഗവും “സന്തുഷ്ട സ്തുതിപാഠകർ എന്ന നിലയിൽ ലോകവ്യാപകമായി വേർതിരിക്കപ്പെട്ടിരിക്കുന്നവർ” എന്ന മുഖ്യവിഷയ പ്രസംഗവും ആസ്വദിക്കുക.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞത്തെ പരിപാടി യുവാക്കളെയും അവരുടെ മാതാപിതാക്കളെയും വിദ്യാഭ്യാസത്തെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും. “ഞാൻ വിവാഹിതനാകാൻ സജ്ജനാണോ?” എന്ന പ്രസംഗം പലരും കേൾക്കാനാഗ്രഹിക്കുന്ന ഒന്നാണ്. “തങ്ങളുടെ കുട്ടികളിൽ ആനന്ദം കണ്ടെത്തുന്ന മാതാപിതാക്കൾ” എന്ന ചർച്ച മാതാപിതാക്കൾ ശ്രദ്ധാപൂർവം കേൾക്കണം. ഉച്ചകഴിഞ്ഞുള്ള പരിപാടി അവസാനിക്കുന്നത് “വിദ്യാഭ്യാസം—യഹോവയെ സ്തുതിക്കുന്നതിനുവേണ്ടി അത് ഉപയോഗിക്കൽ” എന്ന പ്രസംഗത്തോടെ ആയിരിക്കും. പ്രദാനംചെയ്യപ്പെടുന്ന കാര്യങ്ങൾ സ്കൂളിൽ വിജയകരമായി മുന്നോട്ടു പോകുന്നതിനു യുവാക്കളെ സഹായിക്കേണ്ടതാണ്.
“യഹോവയെ സ്തുതിക്കാനുള്ള ആഹ്വാനത്തിനു ചെവികൊടുക്കൽ” എന്ന ശനിയാഴ്ച രാവിലത്തെ സിംപോസിയം അനേകർക്കും പ്രോത്സാഹജനകമായിരിക്കേണ്ടതാണ്. രാവിലത്തെ സെഷൻ സ്നാപന പ്രസംഗത്തോടെ അവസാനിക്കും. ആളുകളെ കെണിയിലാക്കുന്നതിന് ആദ്യകാലംമുതൽ സാത്താൻ ലൈംഗികേച്ഛയെ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതു സംബന്ധിച്ച് ഉച്ചതിരിഞ്ഞ് ഒരു തുറന്ന ചർച്ച ഉണ്ടായിരിക്കും. തങ്ങളുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ ദൈവജനത്തെ സജ്ജമാക്കുന്ന വിവരങ്ങളുടെ ഒരു അവതരണത്തോടു കൂടി ആ ദിവസത്തെ പരിപാടി അവസാനിക്കും.
“മഹോപദ്രവ”ത്തിനു മുമ്പ് താമസംവിനാ സുരക്ഷാസ്ഥാനത്തേക്ക് ഓടേണ്ടതിന്റെ അടിയന്തിരാവശ്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള ഉത്തേജകമായ വിവരങ്ങൾ ഞായറാഴ്ച രാവിലത്തെ സെഷൻ വിശേഷവത്കരിക്കും. (മത്തായി 24:21, NW) “അർഹരായവരെ അവരുടെ വാർധക്യകാലത്ത് ആദരിക്കൽ” എന്ന പ്രധാനപ്പെട്ട നാടകത്തോടുകൂടി ആ സെഷൻ അവസാനിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന, “നിത്യതയുടെ രാജാവിനെ സ്തുതിക്കുക!” എന്ന പരസ്യപ്രസംഗം കൺവെൻഷന്റെ മറ്റൊരു മുഖ്യവശമാണ്.
ഐക്യനാടുകളിൽ തന്നെ 180 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ വീടിനോട് അകലെയല്ലാതെ ഒരു കൺവെൻഷൻ ഉണ്ടായിരിക്കും. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഒന്നിന്റെ സമയവും സ്ഥലവും മനസ്സിലാക്കുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോടു ചോദിക്കുക.