ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിദ്യാഭ്യാസം നൈജീരിയയിലെ ഒരു യൂണിവേഴ്സിററിയിൽനിന്ന് ഈയിടെ ബിരുദംനേടിയ എനിക്ക് 2 ശതമാനത്തിന്റെ വ്യത്യാസംകൊണ്ട് ഉയർന്ന ഗ്രേഡുകൾ നഷ്ടമായി. ഞാൻ ഏറെക്കുറെ വിഷാദമഗ്നനായിരുന്നു. എന്നാൽ “വിദ്യാഭ്യാസത്തെ അതിന്റെ സ്ഥാനത്തു നിർത്തൽ” (ആഗസ്ററ് 22, 1994) എന്ന ലേഖനം നിങ്ങൾ പ്രസിദ്ധീകരിക്കുകയും വിദ്യാഭ്യാസപരമായി തിളങ്ങാൻവേണ്ടി വിദ്യാഭ്യാസം പിന്തുടരരുതെന്നു പ്രകടമാക്കുകയും ചെയ്തപ്പോൾ ഞാൻ കാര്യങ്ങളെ ഉചിതമായ കാഴ്ചപ്പാടിൽ കാണാൻ തുടങ്ങി. ബിരുദാനന്തര കോഴ്സുകൾ എടുക്കാൻ പ്രൊഫസർമാർ എന്നെ പ്രോത്സാഹിപ്പിക്കുമ്പോൾ ഞാൻ, പഠിച്ചകാര്യങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങൾക്കു ഗൗരവമായ ചിന്ത കൊടുക്കുകയാണ്.
ജി. ജെ., നൈജീരിയ
എനിക്ക് 14 വയസ്സുണ്ട്. ഉയർന്ന വിദ്യാഭ്യാസം സ്വീകരിക്കാനുള്ള വലിയ സമ്മർദത്തിൻകീഴിലാണ് ഞാൻ. നിങ്ങളുടെ ലേഖനത്തിന്റെ സഹായത്താൽ എന്തുചെയ്യണമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. ഒരു പയനിയർ [മുഴുസമയ സുവിശേഷകൻ] ആയിത്തീരാൻ ഞാനാഗ്രഹിക്കുന്നു. ഇനി, ഒരു തൊഴിലിനുവേണ്ടി കൂടുതലായ പരിശീലനത്തിന്റെ ആവശ്യം വരുന്നെങ്കിൽ ഒരു തൊഴിൽ വിദ്യാലയത്തിൽ പോയി ഫോട്ടോഗ്രാഫി പഠിക്കണമെന്നാണ് എന്റെ ആഗ്രഹം.
എച്ച്. ഒ., ഐക്യനാടുകൾ
ഞാൻ അനുബന്ധ വിദ്യാഭ്യാസം സ്വീകരിക്കേണ്ടന്നുവെച്ചു. ആ സമയമുപയോഗിച്ച് നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചു മററുള്ളവരെ പഠിപ്പിക്കാനാണു ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. വിവിധ വിഷയങ്ങളിലുള്ള എന്റെ അറിവു സംബന്ധിച്ച് ആളുകൾ സാധാരണ അത്ഭുതംകൂറാറുണ്ട്. “നിങ്ങൾ കോളെജിലാണോ?” എന്ന് അവർ ചോദിക്കുന്നു. എനിക്കറിയാവുന്നതെല്ലാം ഞാൻ ബൈബിളിൽനിന്നും വാച്ച് ടവർ സൊസൈററിയുടെ സാഹിത്യങ്ങളിൽനിന്നും പഠിച്ചിട്ടുള്ളതാണെന്നു ഞാൻ അവരോടു പറയും.
എം. എൽ., ഐക്യനാടുകൾ
അനുബന്ധ വിദ്യാഭ്യാസത്തിന്റെ കോട്ടങ്ങളും നേട്ടങ്ങളും മനസ്സിലാക്കുന്നതിന്റെ ആവശ്യം നിങ്ങളുടെ ലേഖനം കാണിച്ചുതന്നു. വീണ്ടും സ്കൂളിൽപോകേണ്ടത് ആവശ്യമാണെന്ന് എനിക്കുതോന്നി, എന്നാൽ ആത്മീയ പ്രവർത്തനങ്ങൾ അവഗണിക്കാൻ ആഗ്രഹിച്ചുമില്ല. എന്റെ ക്രിസ്തീയ യോഗങ്ങളുടെ പട്ടിക ഞാൻ സ്കൂൾ സെക്രട്ടറിക്കു വിശദീകരിച്ചുകൊടുത്തു. എല്ലാ മീററിംഗുകളിലും എനിക്കു ഹാജരാകാൻ കഴിയുംവിധം അദ്ദേഹം എന്റെ ക്ലാസ്സുകൾ ക്രമീകരിച്ചു.
എം. എഫ്. എസ്., ബ്രസീൽ
ബലഹീന പാത്രം? “ബൈബിളിന്റെ വീക്ഷണം: ‘ബലഹീനപാത്രം’—അത് സ്ത്രീകൾക്ക് ഒരു അപമാനമോ?” (ഒക്ടോബർ 8, 1994) എന്ന ചിന്തോദ്ദീപകമായ ലേഖനത്തിനു നന്ദി. വളരെ മനോഹരമായി വർണിക്കപ്പെട്ടിരിക്കുന്ന ഈ ലേഖനം എല്ലാ പുരുഷൻമാരും വായിക്കേണ്ടതാണ്.
ജി. ബി., ഐക്യനാടുകൾ
സ്ത്രീകൾ ‘ബലഹീനപാത്ര’ങ്ങളാണെന്ന് ബൈബിളിൽ പറയുന്ന 1 പത്രൊസ് 3:7-ലെ പദപ്രയോഗം എനിക്കൊരിക്കലും വ്യക്തമായി മനസ്സിലായിരുന്നില്ല. സ്ത്രീകൾ തരംതാഴ്ന്ന സൃഷ്ടികളാണെന്നാണ് ഞാൻ എല്ലായ്പോഴും വിചാരിച്ചിരുന്നത്. പുരുഷൻമാർ സ്ത്രീകളോട് വളരെ കുറച്ച് ആദരവോടുകൂടി പെരുമാറുന്നതു കണ്ടാണ് ഞാൻ വളർന്നത്. എന്നാൽ ആ ലേഖനം എന്റെ ചിന്താഗതിയെ നേരെയാക്കിയിരിക്കുന്നു.
ററി. സി., ഐക്യനാടുകൾ
എതിർലിംഗത്തിൽപ്പെട്ടവർ “എതിർലിംഗവർഗത്തെക്കുറിച്ചുള്ള ചിന്ത നിർത്താൻ ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?” “എനിക്ക് എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത എങ്ങനെ നിർത്താൻ കഴിയും?” (ജൂലൈ 22, 1994; ആഗസ്ററ് 8, 1994) എന്നീ “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾക്കു വളരെയധികം നന്ദി. 12 വയസ്സുള്ള എനിക്ക് ഞാനറിയുന്ന ഒരു ആൺകുട്ടിയോടു ശക്തമായ വികാരങ്ങൾ തോന്നുന്നത് ബുദ്ധിഭ്രമമല്ലെന്ന് അറിയുന്നതു നല്ലതായിരുന്നു. അവനെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നതു നിർത്താൻ രണ്ടാമത്തെ ലേഖനം എന്നെ സഹായിച്ചു. ഞാൻ എന്റെ പ്രശ്നം സഭയിലെ പ്രായമുള്ള ഒരു സഹോദരിയോടു പറഞ്ഞു, അവരെന്നെ സഹായിച്ചു.
പി. ഇസഡ്., ഐക്യനാടുകൾ
സ്വയംഭോഗത്തെക്കുറിച്ചുള്ള ആ ഭാഗം കുറിക്കുകൊണ്ടു. സ്വയംഭോഗം നടത്തുന്നത് ലൈംഗികേച്ഛയുടെ വികാരങ്ങളെ തണുപ്പിക്കാൻ സഹായകമാകുമെന്നാണ് ഞാൻ വിചാരിച്ചത്, എന്നാൽ അത് കാര്യങ്ങളെ വഷളാക്കുകയേ ചെയ്യൂ. ഈ വെറുക്കത്തക്ക നടപടിയിൽ ഏർപ്പെട്ടതിൽ എന്നോടു ക്ഷമിക്കണമെന്ന് ഞാൻ യഹോവയോടു പ്രാർഥിക്കുന്നു.
പി. എം., ഐക്യനാടുകൾ
ലേഖനം എന്നെ സംബന്ധിച്ചിടത്തോളം പററിയ സമയത്താണു വന്നത്. സ്കൂളിലെ മുഖ്യ സംസാരവിഷയം ലൈംഗികതയാണ്. എന്റെ സഭയിൽത്തന്നെ ഹാജരാകുന്ന ഒരു പെൺകുട്ടി എന്റെ സ്കൂളിലുണ്ട്. അവൾ വളരെ ബുദ്ധിമതിയും സമർഥയും സുമുഖിയുമായി എനിക്കു തോന്നി. സദാ അവളെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കുകയും അവളെത്തന്നെ നോക്കിയിരിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ ലേഖനം എന്നെ സഹായിച്ചു.
എം. എഫ്., ജർമനി