ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ചിന്താസ്വാതന്ത്ര്യം അനഭിലഷണീയമായ ചിന്തകളിൽ വ്യാപരിച്ചുകൊണ്ട് മനസ്സിനെ ഒഴുകിനടക്കാൻ ഞാൻ പലപ്പോഴും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് “ബൈബിളിന്റെ വീക്ഷണം: ബൈബിൾ ചിന്താസ്വാതന്ത്ര്യത്തെ നിരുത്സാഹപ്പെടുത്തുന്നുവോ?” (1994 ജൂൺ 8) എന്ന ലേഖനം വായിച്ചപ്പോൾ ഞാൻ വിസ്മയിച്ചുപോയത്. ഒരുവൻ ഒരു തെററായ ഗതിയിൽ മനഃപൂർവം ഏകാഗ്രമായിരിക്കുന്നെങ്കിൽ യഹോവയാം ദൈവം അതിനെ ഒരു പാപമായി വീക്ഷിക്കുമെന്ന് ഞാൻ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ വളഞ്ഞ ചിന്താഗതിയെ നേരെയാക്കാൻ സഹായിക്കുന്ന അത്തരം നേരാംവണ്ണമുള്ള ഉപദേശം എനിക്കു നൽകിയതിനു യഹോവയ്ക്കു നന്ദി!
ജെ. പി., ഫിലിപ്പീൻസ്
പ്രേമ പ്രശ്നങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ഒരു അവിശ്വാസിയുമായി പ്രേമത്തിലാകുന്നെങ്കിലെന്ത്?” (1994 മേയ് 22) “ആരെയെങ്കിലും ഇഷ്ടപ്പെടുന്നത് എനിക്കെങ്ങനെ നിർത്താൻ കഴിയും?” (1994 ജൂൺ 8) എന്നീ ലേഖനങ്ങൾക്കു വളരെയധികം നന്ദി. എന്റെയൊരു സഹജോലിക്കാരി എന്നോടു ശക്തമായ വികാരങ്ങൾ വളർത്തിയെടുത്തു. ഞാനും അവളിലേക്ക് ആകർഷിക്കപ്പെടുന്നതായി തോന്നി. ഇതു തെററാണെന്ന് എനിക്കറിയാമായിരുന്നു, സഹായത്തിനായി യഹോവയോടു പ്രാർഥിക്കുകയും ചെയ്തു. ഈ ലേഖനങ്ങൾ കണ്ടപ്പോൾ ഞാൻ അവ ആവർത്തിച്ച് ആവർത്തിച്ച് വായിച്ചു. ബന്ധം തുടരാത്തതുകൊണ്ടുള്ള അൽപ്പകാലത്തെ ഹൃദയവേദന ഒരു ദ്രോഹകരമായ ബന്ധത്തിൽനിന്നു ജീവിതകാലം മുഴുവൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെക്കാൾ വളരെയേറെ മെച്ചമാണ് എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.
പി. ജെ., ഐക്യനാടുകൾ
ഈ ലേഖനങ്ങൾ എനിക്കുവേണ്ടിത്തന്നെ എഴുതിയതുപോലെ തോന്നുന്നു! ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കിൽ എനിക്ക് എന്തു സംഭവിക്കുമായിരുന്നു എന്ന് ഞാൻ അതിശയിക്കുകയാണ്. യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് നന്ദി.
എസ്. ജെ., നൈജീരിയ
എന്റെ ക്ലാസ്സിലെ ഒരു ആൺകുട്ടിയോട് എനിക്കു മതിമോഹമാണ്. അയാൾ വളരെ ആകർഷണീയനും മാന്യനുമാണ്. എന്നാൽ ലേഖനം വായിച്ചപ്പോൾമുതൽ ഞാൻ എന്നോടുതന്നെ ഇങ്ങനെ ചോദിക്കുന്നു, ‘അയാൾ എന്റെ ലക്ഷ്യങ്ങളും ജീവിതരീതിയും പങ്കുവയ്ക്കുന്നുണ്ടോ?’ ഇത്രയും നാളും ഞാനെന്തൊരു മടയിയായിരുന്നു എന്ന് ഇതു പരിചിന്തിച്ചു കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഈ മതിഭ്രമത്തെ പെട്ടെന്നുതന്നെ തരണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു!
എസ്. ററി., ജപ്പാൻ
ഞാൻ ഒരു അവിശ്വാസിയെ പ്രേമിച്ചു വിവാഹം കഴിച്ചു. എന്നെ പ്രീതിപ്പെടുത്താൻവേണ്ടി മാത്രം അയാൾ ക്രിസ്തീയയോഗങ്ങൾക്കു വരുമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ അയാളുടെ മട്ടുമാറി. ഞാൻ യഹോവയെ സേവിക്കുന്നതു നിർത്താൻപോലും അയാൾ ശ്രമംനടത്തി. അയാൾ എന്നെ പ്രഹരിച്ചു, വഞ്ചിക്കുകയും ചെയ്തു. ഞാനിപ്പോൾ വിവാഹമോചിതയാണ്. ഒരു അവിശ്വാസിയുമായി ഡേററിങ്ങിലേർപ്പെടുന്നത് എത്ര ഗുരുതരമാണെന്ന് എല്ലാ യുവജനങ്ങളും ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ! എന്റെ അനുഭവം മററാർക്കും ഉണ്ടാകാൻ ഞാനാഗ്രഹിക്കുന്നില്ല.
ററി. എഫ്., പോർട്ടറിക്കോ
സമ്മർദം “ബൈബിളിന്റെ വീക്ഷണം: സമ്മർദത്തെ തരണം ചെയ്യാൻ എന്തിനു സഹായിക്കാൻ കഴിയും?” എന്ന ലേഖനത്തിനു വളരെയധികം നന്ദി. (1994 സെപ്ററംബർ 8) ഞാൻ ഒരു ക്രിസ്ത്യാനിയായാണു വളർത്തപ്പെട്ടത്. എന്നാൽ എന്റെ കൗമാര വർഷങ്ങളിൽ ഞാൻ സത്യം കൈവെടിഞ്ഞു. ഇപ്പോൾ തിരിച്ചുവന്നിട്ട് മൂന്നുവർഷമായി, എന്നാൽ ഒരു അവിശ്വാസിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഞാൻ വരുത്തിവെച്ച തെററുകളാണ് ഏതുസമയത്തും എന്റെ ഓർമയിൽ വരുന്നത്. എന്നാൽ എനിക്ക് ഇത്രയും സമ്മർദം തോന്നുന്നതിന്റെ കാരണം ഇതാണെന്നു ഞാൻ മനസ്സിലാക്കിയില്ല. കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്തു കഴിയുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു കാണാൻ എന്നെ സഹായിച്ചതിനു നന്ദി. പകരം ഞാൻ ഭാവി കാര്യങ്ങളിൽ മെച്ചപ്പെടുകയാണു വേണ്ടത്.
ആർ. എൽ., ഐക്യനാടുകൾ
‘എല്ലാ പ്രായക്കാരും സമ്മർദം അനുഭവിക്കുന്നുണ്ടെന്ന്’ നിങ്ങൾ പറഞ്ഞു. 21 വയസ്സുള്ള ഞാൻ ഭയങ്കര സമ്മർദത്തിൻകീഴിലാണ്. പേശീ കോച്ചലും സമ്മർദം മൂലമുണ്ടാകുന്ന കൊടിഞ്ഞിയും കാരണം എട്ടു മാസത്തിൽ രണ്ടു തവണ ഞാൻ ആശുപത്രിയിലാക്കപ്പെട്ടു. എനിക്ക് സമ്മർദം അനുഭവിക്കാൻ തക്ക പ്രായമില്ലെന്ന് ഓരോ പ്രാവശ്യവും ഡോക്ടർമാർ എന്നോടു പറഞ്ഞിരുന്നു. അങ്ങനെ നിങ്ങളുടെ ലേഖനം എനിക്ക് ചെറിയൊരു ആശ്വാസം നൽകി!
വി. പി., ഐക്യനാടുകൾ
ഭൂമിശാസ്ത്ര പാഠം ഞാൻ 11 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. “ററിററിക്കാക്ക തടാകത്തിലെ ഒഴുകിനടക്കുന്ന ദ്വീപുകൾ” എന്ന ലേഖനം ഞാൻ വിലമതിച്ചു. (1994 ജൂൺ 22) ററിററിക്കാക്ക തടാകത്തിൽ ആളുകൾ പാർക്കുന്നുണ്ടോയെന്ന് ഭൂമിശാസ്ത്ര ക്ലാസ്സിൽവെച്ച് അധ്യാപിക ഞങ്ങളോടു ചോദിച്ചു. എന്റെ എല്ലാ സഹപാഠികളും പറഞ്ഞത് ഇല്ല എന്നാണ്. എന്നാൽ ഉണരുക! വായിച്ചിരുന്നതുകൊണ്ട് ഞാൻ ഉണ്ട് എന്നാണ് ഉത്തരം പറഞ്ഞത്. ഞാനെങ്ങനെ ഇത് അറിഞ്ഞുവെന്ന് അധ്യാപിക എന്നോടു ചോദിച്ചു. ഇത് അവർക്ക് നല്ലൊരു സാക്ഷ്യം നൽകുന്നതിന് അവസരമേകി.
എസ്. ബി., ഇററലി