അവളുടെ ജീവിതത്തിനു മാററം വരുത്തിയ ഒരു ദിനം
പള്ളിയിൽ പോയിരുന്നെങ്കിലും മതത്തോടുള്ള താത്പര്യം ഇല്ലാതായിത്തീർന്നിരുന്നു എന്ന് യു.എസ്.എ.യിലെ അരിസോണയിലുള്ള ഒരു യുവതി പറഞ്ഞു. ഒടുവിൽ അവൾ പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇനി പള്ളിയിൽപോക്കു നിർത്തുകയാണ്. എന്നിട്ട് ഏററവും നല്ലതെന്ന് എനിക്കു തോന്നുന്ന വിധത്തിൽ ഞാൻ ജീവിക്കാൻ പോകുകയാണ്, ഒരു നല്ല വ്യക്തിയായിരിക്കാൻ ഞാൻ ശ്രമിക്കും.”
പിന്നീട് എന്തു സംഭവിച്ചുവെന്ന് ആ സ്ത്രീ വിശദീകരിച്ചു: “യഹോവയുടെ സാക്ഷികളുടെ ഒരു പ്രത്യേക സമ്മേളന ദിനത്തിൽ സംബന്ധിക്കാൻ സ്ഥലത്തു വരുമെന്ന് എന്റെ ആൻറി ഫോൺ ചെയ്ത് പറഞ്ഞു. അവർക്കും എന്റെ മച്ചൂനർക്കും അന്നു രാത്രി എന്റെ അപ്പാർട്ടുമെൻറിൽ താമസിക്കാനാവുമോ എന്നവർ ചോദിച്ചു. എന്നിട്ട് ‘ഞങ്ങളോടൊപ്പം പോരാൻ നിനക്കിഷ്ടമാണോ?’ എന്നും അവർ ചോദിച്ചു. ‘അതിനെന്താ? അതിലും നല്ലൊരു കാര്യം എനിക്ക് ചെയ്യാനില്ലല്ലോ’ എന്നു ഞാൻ മറുപടി പറഞ്ഞതായി ഓർക്കുന്നു. മതത്തിലുള്ള എന്റെ താത്പര്യം ഏറെക്കുറെ നിർജീവമായിരുന്നു.
“യഹോവയുടെ സാക്ഷികളെ സൂക്ഷിക്കേണ്ടതാണെന്ന് എനിക്കു സദാ മുന്നറിയിപ്പു ലഭിച്ചിരുന്നു. അതുകൊണ്ട് സമ്മേളനം നടന്നുകൊണ്ടിരുന്ന സമയത്ത്, ഞാൻ കാര്യങ്ങളെല്ലാം സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ, ഒരു പറുദീസാഭൂമി ഉണ്ടായിരിക്കാനുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യം സംബന്ധിച്ചും ദൈവത്തിന്റെ ആ ഉദ്ദേശ്യത്തിനു മാററം വന്നിട്ടില്ല എന്നതു സംബന്ധിച്ചും പറയപ്പെട്ട കാര്യങ്ങളിൽ യാതൊരു നിഗൂഢതയും ഉണ്ടായിരുന്നില്ല. ഊഷ്മളമായ ഈ വികാരത്തോടെയാണ് ഞാനവിടെ ഇരുന്നത്, കുടുംബങ്ങൾ ഒന്നിച്ചിരിക്കുന്നതും ഐക്യത്തിന്റെ ആത്മാവു പ്രകടമാക്കുന്നതും ഞാൻ നിരീക്ഷിച്ചു. തല കുമ്പിട്ട് ഞാൻ ശാന്തമായി ദൈവത്തോടു ചോദിച്ചു: ‘ഇതായിരിക്കുമോ സത്യം? ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത് ഇതായിരിക്കുമോ?’
“ആ ദിവസം ഞാൻ തിരിച്ചുപോന്നപ്പോൾ അവിടമാകെ നിറഞ്ഞുനിന്ന പുഞ്ചിരിയോടെ ആളുകൾ കെട്ടിപ്പിടിക്കുന്നതും ചുംബിച്ചു വേർപിരിയുന്നതും കണ്ടു. തങ്ങളുടെ വിശ്വാസവും യഹോവ ആരാണെന്നുള്ളതും അവൻ അവർക്കു വേണ്ടി എന്തു ചെയ്തിരിക്കുന്നു എന്നതും സംബന്ധിച്ച് അവരുടെ മനസ്സിലോ ഹൃദയത്തിലോ സംശയത്തിന്റെ ഒരു നാമ്പുപോലും ഇല്ലെന്ന് അവരുടെ മുഖങ്ങളിൽ എനിക്കു കാണാൻ കഴിഞ്ഞു. അന്നുമുതൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഞാൻ പോയിത്തുടങ്ങി, ഇന്നും അതു തുടരുന്നു. പിറേറ പ്രത്യേക സമ്മേളന ദിനത്തിൽ, 1988-ൽ, ജലസ്നാപനത്തിലൂടെ യഹോവക്കുള്ള എന്റെ സമർപ്പണത്തെ പരസ്യമായി പ്രതീകപ്പെടുത്തിക്കൊണ്ട് ആ വിശിഷ്ട കുടുംബത്തിന്റെ ഭാഗമായിത്തീർന്നു ഞാനും.”
യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, അവരുടെ പ്രാദേശിക രാജ്യഹാളിൽവെച്ച് അവരുമായി ബന്ധപ്പെടുക. അല്ലെങ്കിൽ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏററവും അടുത്ത വിലാസത്തിൽ എഴുതുക.
[32-ാം പേജിലെ ചിത്രം]
ഇവിടെ റഷ്യയിൽ കാണുന്നതുപോലെ, യഹോവയുടെ സാക്ഷികളുടെ വലിയ കൂടിവരവുകളിൽ ഊഷ്മളമായ ഒരു കുടുംബപ്രതീതി വ്യാപിക്കുന്നു