ഡോക്ടർമാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സെമിനാറുകൾ
ഏതു വിധേനയും ക്രിസ്ത്യാനികൾ രക്തം ഭക്ഷിക്കുന്നതിനെ ദൈവനിയമം വിലക്കുന്നു. (പ്രവൃത്തികൾ 15:28, 29) ആ നിയമത്തോടുള്ള അനുസരണം ചിലപ്പോൾ തെററിദ്ധാരണകളിലേക്കു നയിച്ചിട്ടുണ്ട്. അതിന്റെ ഫലമായി തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്കു ലഭ്യമായ, ഫലപ്രദമായ പകരചികിത്സാരീതികൾ ക്രിസ്ത്യാനികൾക്കു നിഷേധിക്കപ്പെട്ടിട്ടുണ്ട്.
നല്ലൊരു ധാരണ കൈവരിക്കുന്നതിനും രക്തം ഉപയോഗിക്കാതെ ചികിത്സ പ്രദാനം ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുന്നതിനും യഹോവയുടെ സാക്ഷികൾ സഹായകമായ ഒരു ഏകോപന സേവനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മൂപ്പൻമാർക്ക് ആശുപത്രി ഏകോപന സമിതികളിൽ (HLCs) പ്രവർത്തിക്കുന്നതിനു പരിശീലനം നൽകാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ബ്രുക്ക്ളിനിൽ ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസ് (HIS) സ്ഥാപിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തു ഗവേഷണം നടത്തി എച്ച്എൽസി-കൾക്കു വേണ്ടിയുള്ള സെമിനാറുകളിൽ ഫലങ്ങൾ അവതരിപ്പിക്കുന്നു. ക്രമത്തിൽ ഈ വിവരങ്ങൾ ഡോക്ടർമാർക്കും ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും എത്തിച്ചുകൊടുക്കുന്നു. മാത്രമല്ല, ഏററുമുട്ടൽ ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമത്തിൽ അനുഭവപരിചയമുള്ള മററു ഡോക്ടർമാരുമായി കൂടിക്കാഴ്ചയ്ക്കു ക്രമീകരിക്കാവുന്നതാണ്.
ഈ പരിപാടി ഒരു വിജയമായിരുന്നോ? അവതരിപ്പിച്ച വിവരങ്ങൾ വാസ്തവത്തിൽ സഹായകമായിരുന്നോ? ഇതിനോട് ഡോക്ടർമാർ എങ്ങനെയാണു പ്രതികരിച്ചിട്ടുള്ളത്? അടുത്തകാലത്തെ ഒരു എച്ച്എൽസി സെമിനാറിൽ സംബന്ധിച്ച ഒരു മെഡിക്കൽ ഡോക്ടർ റിപ്പോർട്ടു ചെയ്ത പിൻവരുന്ന അഭിപ്രായങ്ങൾ വിജ്ഞാനപ്രദവും ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ്.
“ഈ അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാത്തതും ഉപയോഗപ്രദവുമാണെന്നു നിങ്ങൾ കണ്ടെത്തുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
“യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ആസ്ഥാനത്തുനിന്നു വന്ന ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസിലെ സ്ററാഫംഗങ്ങൾ അവതരിപ്പിച്ച രണ്ടാമത്തെ ആശുപത്രി ഏകോപന സമിതി സെമിനാറിൽ സംബന്ധിക്കാൻ ക്ഷണിക്കപ്പെട്ടത് ഒരു പദവിയായിരുന്നുവെന്നു ഞാൻ ആദ്യമായി നിങ്ങളോടു പറഞ്ഞുകൊള്ളട്ടെ. ഈ കൂടിവരവിനെ സംബന്ധിച്ച എന്റെ പ്രതീക്ഷകൾ കേവലം സഫലമാകുക മാത്രമല്ല, അതിലും കവിഞ്ഞിരിക്കുന്നു. അധ്യക്ഷന്റെ പ്രാരംഭ അഭിപ്രായങ്ങൾ ദ്വി-ദിന സെഷനുകളുടെ പൊതുസ്വഭാവം പ്രകടമാക്കി. ആശുപത്രിയിൽ കഴിയുന്ന സമയത്തു രോഗികളായ സാക്ഷികളുടെ ആവശ്യങ്ങളോടു പ്രതികരിക്കാനുള്ള ഒരു കേവല സംവിധാനമല്ല എച്ച്എൽസി എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളും ഡോക്ടർമാരും ആശുപത്രി അധികൃതരും വൈദ്യരംഗത്തെ മററാളുകളും സാക്ഷികളെക്കുറിച്ചു സാധാരണമായി വെച്ചുപുലർത്തുന്ന അനേകം മിഥ്യാധാരണകളെ തുറന്നുകാട്ടാനുള്ള സുവർണാവസരം ഈ കമ്മിററി പ്രദാനം ചെയ്യുന്നു.
“വൈദ്യശാസ്ത്രസംബന്ധമായ തങ്ങളുടെ വിശ്വാസങ്ങളിൽ യഹോവയുടെ സാക്ഷികൾ അശേഷവും ക്രിസ്ററ്യൻ സയൻറിസ്ററുകളെപ്പോലെയല്ല എന്നു മനസ്സിലാക്കുന്നത് അനേകം ആളുകളെ സംബന്ധിച്ചിടത്തോളം കണ്ണുതുറപ്പിക്കുന്ന ഒരു സംഗതിയാണ്. സാക്ഷികൾ ‘മരിക്കാനുള്ള അവകാശം’ പ്രയോഗിക്കുകയോ രക്തസാക്ഷിത്വസ്ഥാനത്തു തങ്ങളെത്തന്നെ പ്രതിഷ്ഠിക്കാൻ ഒരുമ്പെടുകയോ അല്ല. രക്തം സംബന്ധിച്ച പ്രശ്നം സ്ഥാപനപരമായ ഒരു കൽപ്പനയല്ല, മറിച്ച് ഹൃദയംഗമമായ ഒരു വ്യക്തിഗത വിശ്വാസമാണ്. അത്തരം വെളിപ്പെടുത്തലുകൾ എച്ച്എൽസി-യുടെ വിദ്യാഭ്യാസപരമായ ഉദ്ദേശ്യങ്ങൾക്ക് അടിവരയിടുന്നു. അതേ, ശ്രദ്ധേയമായിരിക്കാവുന്നതുപോലെ, ഡോക്ടർമാരെ പോലും പഠിപ്പിക്കാൻ കഴിയും, രക്തരഹിത വൈദ്യചികിത്സാ രീതികൾ സംബന്ധിച്ച് അവർ വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ ക്രമീകരണംവഴി നൽകിയ ഗവേഷണത്തിന്റെ വ്യാപ്തിയിലും ആഴത്തിലും ഞാൻ നിരന്തരം അമ്പരന്നുപോകുന്നു, അവയിലധികവും എന്നെ സംബന്ധിച്ചിടത്തോളം പുതിയവ ആയിരുന്നു. എച്ച്എൽസി-യുടെ വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ആശുപത്രി അധികൃതർ, സാമൂഹിക സേവകർ, നിയമവും ജുഡീഷ്യറിയും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവരിലേക്കും അവരുടെ സേവനങ്ങൾ വ്യാപിക്കുന്നു.
“സാക്ഷികളുടെ വിശ്വാസങ്ങളോടു സഹകരണമനോഭാവമുള്ള ഡോക്ടർമാരെ കണ്ടെത്തി അവരുമായി ബന്ധപ്പെട്ട് അവരുടെ ലിസ്റെറടുക്കുന്നതിന് ഈ കമ്മിററികൾ അസാധാരണമായ ശ്രമങ്ങളാണു നടത്തുന്നത്. തീർച്ചയായും, അതിൽ ഡോക്ടർമാരുടെ സമൂഹം മാത്രമല്ല ഉൾപ്പെടുന്നത്, എച്ച്എൽസി ആശുപത്രികൾ, ആരോഗ്യ സംരക്ഷകർ, വക്കീലൻമാർ, ന്യായാധിപൻമാർ തുടങ്ങിയവരുമായി തൊഴിൽ ബന്ധങ്ങൾ നട്ടുവളർത്തുകയാണ്. ഒരുപക്ഷേ, അവർ നൽകുന്ന ഏററവും പ്രധാനമായ സന്ദേശം യഹോവയുടെ സാക്ഷികൾ ന്യായബോധമുള്ള ആളുകളാണ്, മതഭ്രാന്തൻമാരല്ല എന്നതാണ്. അവർ കേവലം രക്തത്തിനു പകരം സ്വീകാര്യമായ മററു ചികിത്സകൾ ആവശ്യപ്പെടുന്നു എന്നേയുള്ളൂ. . . . രക്തത്തിന്റെ ഉപയോഗത്തിൽ വലിയ അപകടങ്ങളുണ്ട്, ഈ അപകടങ്ങളെ തുറന്നുകാട്ടുന്നതിലും രക്തത്തിന്റെയും രക്തോത്പന്നങ്ങളുടെയും സാധ്യമായ അപകടങ്ങൾ സംബന്ധിച്ചു വൈദ്യശാസ്ത്രലോകത്തോട് ഉറപ്പിച്ചുപറയുന്നതിലും എച്ച്എൽസി നിശ്ചയമായും ഒരു പ്രമുഖ ധർമം നിറവേററുന്നു.
“ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസും വാച്ച് ടവർ സൊസൈററിയും എച്ച്എൽസി-ക്കു നൽകുന്ന വിവരങ്ങളിൽ ഞാൻ നിരന്തരം അമ്പരന്നുപോകുന്നു. ഏതൊരു വിദഗ്ധ ജോലിക്കാരനും സാക്ഷ്യപ്പെടുത്തുന്നതുപോലെ, ശരിയായ ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഫലത്തിൽ ഏതൊരു ജോലിയും നിർവഹിക്കാനാകും. . . . ഏതുതരം അടിയന്തിര ചികിത്സാ സാഹചര്യങ്ങളോടും ഫലപ്രദമായി സത്വരം പ്രതികരിക്കാൻ ഇപ്പോൾ നിലവിലുള്ള ക്രമീകരണങ്ങളെക്കുറിച്ചു കേട്ടപ്പോൾ അമ്പരന്നുപോയി. അത്യാവശ്യ സ്ഥിതിവിവരം സമ്പാദിക്കാനും ഡോക്ടർമാരുടെയും ആശുപത്രികളുടെയും മനോഭാവത്തെക്കുറിച്ചു സത്വരം വിലയിരുത്താനും, അടിയന്തിരതയുടെ അളവും കോടതി ഉത്തരവുകൾ മുഖേന രക്തപ്പകർച്ച നടത്താൻ ആശുപത്രി നിയമപരമായ നടപടി സ്വീകരിക്കാൻ സാധ്യതയുള്ള ഭീഷണിയും വിലയിരുത്താനും ഓരോ എച്ച്എൽസി അംഗവും പരിശീലിപ്പിക്കപ്പെടുന്നു.
“സാക്ഷികളായ രോഗികളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും വിശദീകരിക്കുന്നതിനുള്ള മാർഗങ്ങൾ, അവിശ്വാസികളായ ബന്ധുക്കളെ കൈകാര്യം ചെയ്യുന്ന വിധം, ഡോക്ടർമാരെ ഒഴിവാക്കി സാക്ഷികളുടെ ആവശ്യങ്ങളോടു കൂടുതൽ സഹകരിക്കുന്ന മററു ചികിത്സാലയങ്ങളിലേക്കു രോഗിയെ മാററുന്നതെങ്ങനെയെന്നു പോലും ഞങ്ങൾ ആരാഞ്ഞു. വാർത്താമാധ്യമങ്ങളോട് എച്ച്എൽസി ഇടപെടുന്ന വിധം വിശേഷവത്കരിച്ചു, മാർഗനിർദേശങ്ങളും പ്രദാനം ചെയ്യപ്പെട്ടു. സാക്ഷികൾ എല്ലാ ചികിത്സയും അല്ല, രക്തം മാത്രമേ നിരസിക്കുന്നുള്ളൂ എന്ന പ്രാഥമിക സംഗതിക്ക് വീണ്ടും ഊന്നൽ കൊടുത്തുകൊണ്ടുതന്നെ. ഭക്തിയുള്ള ഒരു കത്തോലിക്കൻ എല്ലാ ശസ്ത്രക്രിയയും നിരസിക്കാതെതന്നെ ഗർഭച്ഛിദ്രത്തിനു വിസമ്മതിക്കുന്നതിനോട് ഏറെക്കുറെ സമാനമായി ഇതിനെ കണക്കാക്കാം.
“സാധാരണമായി ആശുപത്രികളും ഡോക്ടർമാരും ചിലപ്പോൾ സാക്ഷികൾതന്നെയും ഉന്നയിക്കാറുള്ള പല ചോദ്യങ്ങളും കൈകാര്യം ചെയ്യാൻ ഏകോപന സമിതി അംഗങ്ങൾ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇമ്മ്യൂണോഗ്ലോബുലിൻസിന്റെയോ ആൽബുമിന്റെയോ സ്വീകാര്യതയും ക്രയോപ്രിസിപ്പിറേറററിന്റെയോ അല്ലെങ്കിൽ ഹീമോഡയലൂഷൻ, രക്തം ശരീരത്തിനു വെളിയിലൂടെ കടത്തിവിടൽ, സെൽ സേവർ, ഹീമോഡയാലിസിസ് എന്നീ ചികിത്സാവിധികളുടെയോ ഉപയോഗം, തുടങ്ങിയ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം.
“സാക്ഷികളുടെയും അവരുടെ മതവിശ്വാസങ്ങളുടെയും പരിരക്ഷണത്തിനു നിയമം മനസ്സിലാക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന നിയമപരമായ പരിചിന്തനങ്ങൾ സംബന്ധിച്ച വിസ്മയാവഹമായ ഒരു ചർച്ച ഞാൻ ആസ്വദിച്ചു. ചികിത്സാസംബന്ധമായ സ്വയനിർണയത്തിനുള്ള സാക്ഷികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രതിവാദിക്കുന്നതിന് അടിസ്ഥാനം പ്രദാനം ചെയ്യുന്ന ന്യായത്തീർപ്പുകൾ നല്ല ചർച്ചയ്ക്കുള്ള അടിത്തറയാണ്. ചിലരെ സംബന്ധിച്ചിടത്തോളം, ആശുപത്രി ഏകോപന സമിതിയുടെ പ്രവർത്തനം അനാവശ്യമോ അധികപ്പറേറാ ആണെന്നു തോന്നിയേക്കാം; എന്നാൽ സത്യത്തിൽ, പിന്തുണാസേവനങ്ങളുടെ ഈ ശൃംഖല അനിവാര്യമാണ്. ആശുപത്രി ചുററുപാടുകളുമായി പരിചയമില്ലാത്തവരും ഒരുപക്ഷേ, രക്തരഹിതമായ പല ചികിത്സകളെയും സംബന്ധിച്ച് അറിവില്ലാത്തവരുമായ സാക്ഷികളായ രോഗികളെ ഞാൻ ദിവസവും കാണാറുണ്ട്. മാത്രമല്ല, കമ്മിററിക്കറിയാവുന്ന സഹകരണമനോഭാവമുള്ള ഡോക്ടർമാരുടെ വ്യാപ്തി സംബന്ധിച്ചോ രക്തരഹിത മെഡിക്കൽ ചികിത്സ തേടുന്നതിൽ നമുക്കുള്ളതും നാം അഭിമുഖീകരിക്കുന്നതുമായ പ്രത്യേക നിയമാവകാശങ്ങളും ബാധ്യതകളും സംബന്ധിച്ചോ, അപൂർവം പേർക്കേ സത്യത്തിൽ പരിചയമുള്ളൂ.
“എച്ച്ഐഎസ്-ന്റെ ശ്രമങ്ങളെ ശ്ലാഘിക്കാൻ ഞാൻ ഒരു നിമിഷം ഉപയോഗിക്കട്ടെ. ഒരു ഇൻവെൻഷണൽ കാർഡിയോളജിസ്ററ് എന്നനിലയിൽ, എന്റെ ഉപവിഷയത്തോട് അടുത്തു ബന്ധപ്പെട്ട പല പത്രികകളും വായിക്കാൻ സമയമില്ലെന്നു ഞാൻ മനസ്സിലാക്കുന്നു, അപ്പോൾപ്പിന്നെ ശസ്ത്രക്രിയ വേണ്ടാത്തവർക്കുള്ള ചികിത്സാരീതികളുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്റെ രോഗികളെ രക്തം കൂടാതെ ചികിത്സിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളുടെ സുനിശ്ചിതമായ ചില പരിഹാരമാർഗങ്ങൾ നിർദേശിച്ചേക്കാവുന്ന റഫറൻസുകൾക്കു വേണ്ടി മെഡിക്കൽ സാഹിത്യത്തിന്റെ വൈക്കോൽകൂന മുഴുവൻ അരിച്ചുപെറുക്കുക അസാധ്യമായ ഒരു പണിയായിരിക്കും. പത്രികാലേഖനങ്ങളാകുന്ന കച്ചിത്തുറുവിൽനിന്ന് പ്രസക്ത ഗവേഷണത്തിന്റെ സൂചി കണ്ടെടുക്കാൻ ഒരു കാന്തം തന്നുകൊണ്ട് ഒരിക്കൽക്കൂടി സൊസൈററി എന്റെ സഹായത്തിനെത്തുന്നു.
“ബ്രുക്ക്ളിനിൽനിന്നു തുടർച്ചയായി ലഭിക്കുന്ന വിവരങ്ങൾ എന്റെ ജോലിയെ സാരമായി ബാധിച്ചേക്കാവുന്ന ഏററവും പുതിയ കണ്ടുപിടിത്തങ്ങളുമായി പരിചയത്തിലാകാൻ ഉതകുന്നു. ഇവ ഞാൻ പരിചയിച്ചിട്ടുള്ള, പത്രികാപുനരവലോകനത്തിന്റെ ഏതു കമ്പ്യൂട്ടർ സേവനങ്ങളെക്കാളും സമ്പൂർണവും ശക്തവുമാണ്. തീർച്ചയായും, അപകടത്തിലായിരിക്കുന്നത് എന്തെന്നു പരിചിന്തിക്കുമ്പോൾ അത് അങ്ങനെതന്നെ വേണംതാനും.”—ഡോ. സ്ററീഫൻ ഇ. പോപ്, യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഒരു കാർഡിയോളജിസ്ററ്.
[20-ാം പേജിലെ ചതുരം]
• ഐക്യനാടുകളിൽ യഹോവയുടെ സാക്ഷികൾക്കു രക്തരഹിത വൈദ്യശുശ്രൂഷ പ്രദാനം ചെയ്തുകൊണ്ടു സഹകരിക്കാൻ സന്തോഷമുള്ള ഏതാണ്ട് 18,000 ഡോക്ടർമാരുണ്ട്. ലോകവ്യാപകമായി ആ സംഖ്യ 50,000 ആണ്.
• ഐക്യനാടുകളിൽ രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും ലഭിക്കുന്ന 45 ചികിത്സാ കേന്ദ്രങ്ങളുണ്ട്. ലോകവ്യാപകമായി ആ സംഖ്യ 80 ആണ്.