“ഒരു ഡോക്ടറുടെ ജോലി സംബന്ധിച്ച എന്റെ വീക്ഷണത്തിനു മാററം വന്നിരിക്കുന്നു”
ജപ്പാനിലെ ഒസാക്കായിലുള്ള ആക്കാൻ എന്ന നാലു വയസ്സുകാരി പെൺകുട്ടിക്ക് ഹൃദയ സംബന്ധമായ സങ്കീർണ കുഴപ്പങ്ങളായ ട്രൈകസ്പിഡ് ആട്രിഷ്യയും ആട്രിയൽ സെപ്ററൽ തകരാറും ഉണ്ടായിരുന്നു. അതുനിമിത്തം അവൾക്കു ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിവന്നു. രക്തം കൂടാതെ ശസ്ത്രക്രിയ നടത്തണമെന്ന് അവളുടെ മാതാപിതാക്കൾ ഡോക്ടർമാരോട് അഭ്യർഥിച്ചു.a
കുട്ടികളിൽ രക്തത്തിന്റെ വ്യാപ്തം കുറവായതിനാൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ രക്തമില്ലാതെ നടത്തുക അവരിൽ ബുദ്ധിമുട്ടാണ്. ആക്കാന്റെ സംഗതിയിൽ രക്തമില്ലാതെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ സമ്മതിച്ചു. അവരുടെ അത്യുത്തമമായ വൈദ്യ കഴിവുകളുടെ പ്രകടനമായി ആക്കാന്റെ ശസ്ത്രക്രിയ വിജയിച്ചു. അവൾ വേഗത്തിൽ സുഖംപ്രാപിച്ചു. ഇപ്പോൾ നല്ല ആരോഗ്യം ആസ്വദിക്കുകയും ചെയ്യുന്നു.
ആക്കാന്റെ അടുത്തകാലത്തെടുത്ത ഒരു ഫോട്ടോ അടക്കം ചെയ്ത് ഒരു കത്ത് അവളുടെ അമ്മ ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർക്ക് അയച്ചുകൊടുത്തു. ഒരു അനസ്തേഷ്യ വിദഗ്ധ ആക്കാന്റെ അമ്മയ്ക്ക് മറുപടിയെഴുതി. അവരുടെ കത്ത് ഭാഗികമായി ഇങ്ങനെ വായിക്കുന്നു:
“ആക്കാന്റെ അത്ഭുതകരമായ സുഖംപ്രാപിക്കൽ ഞങ്ങളെ പുളകം കൊള്ളിക്കുന്നു. നിങ്ങളുടെ കത്തിന്റെ കൂടെ അടക്കം ചെയ്തിരുന്ന സുന്ദരമായ ആ ഫോട്ടോ കണ്ടപ്പോൾ കണ്ണുനീർ പിടിച്ചു നിർത്താൻ ഞാൻ പണിപ്പെടുകയായിരുന്നു. ശസ്ത്രക്രിയയിൽ നേരിട്ട വൈഷമ്യമല്ല, പിന്നെയോ നിങ്ങളുടെയും എന്റെയും വിശ്വാസങ്ങൾ തമ്മിലുള്ള അന്തരമാണ് എന്നെ വല്ലാതെ അസ്വസ്ഥയാക്കിയത്. ഇപ്പോൾ, ഈ അനുഭവം കാരണം ഒരു ഡോക്ടറുടെ ജോലി സംബന്ധിച്ച എന്റെ വീക്ഷണത്തിനു മാററംവന്നിരിക്കുന്നു. ഡോക്ടർമാർ വൈദ്യജ്ഞാനത്തിന്റെ ഉറച്ച ഗ്രാഹ്യം ജീവരക്ഷയ്ക്കായി ഉപയോഗിക്കണം, എന്നാൽ രോഗിയുടെ മാന്യതയും ആഗ്രഹങ്ങളും അവർ ആദരിക്കുകയും വേണം.”
[അടിക്കുറിപ്പുകൾ]
a പ്രവൃത്തികൾ 15:29-നോടുള്ള ചേർച്ചയിൽ യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചകൾ ഉൾപ്പെടെ രക്തം വർജിക്കുന്നു. എന്നിരുന്നാലും, അവർ രക്തരഹിത വൈദ്യ നടപടി സ്വീകരിക്കും.