ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ശാസ്ത്ര വഞ്ചനയോ? “ശാസ്ത്രജ്ഞർ പൊതുജനത്തെ കബളിപ്പിക്കുന്നു” എന്ന നിങ്ങളുടെ അടുത്ത കാലത്തെ ലേഖനം (ജനുവരി 8, 1994, ഇംഗ്ലീഷ്) എന്റെ ശ്രദ്ധയിൽപ്പെട്ടു. ഉൾപ്പെട്ടിരുന്ന ശാസ്ത്രജ്ഞർക്ക് ഒരു നിസ്സാര തെററു പററിയതായും അതവർ പിന്നീടു തിരുത്തിയതായും തോന്നുന്നു. ശാസ്ത്രം പ്രവർത്തിക്കേണ്ട വിധവും അങ്ങനെതന്നെയാണ്, എന്നാൽ നിങ്ങളുടെ ലേഖനത്തിന്റെ ശീർഷകം തെററായ എന്തിനെയോ എന്നപോലെയാണ് സൂചിപ്പിക്കുന്നത്. വിവാദപരമായ തലയോടിന്റെ ഉച്ചി ഒരു കഴുതയുടേതായിരിക്കാനിടയുണ്ട്. എന്നാൽ പ്രസിദ്ധമായ “ലൂസി” അസ്ഥികൂടം പോലുള്ള മററു കണ്ടുപിടിത്തങ്ങളുടെ ആധികാരികതയുടെ കാര്യത്തിൽ ഇതിനു യാതൊരു പ്രസക്തിയുമില്ല. ഈ ജീവികൾ സ്ഥിതി ചെയ്തിരുന്നുവെന്ന് നമുക്ക് അറിയാം.
എം. പി., ഐക്യനാടുകൾ
ഈ പ്രത്യേക കണ്ടുപിടിത്തത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞർ മനഃപൂർവം കബളിപ്പിക്കുകയായിരുന്നുവെന്നു ഞങ്ങൾ അർഥമാക്കുകയായിരുന്നില്ല. തീർച്ചയായും, ഞങ്ങൾ ഡോ. മോയയെത്തന്നെ ഉദ്ധരിക്കുകയും അദ്ദേഹത്തിന്റെ നിഷ്കപടതയെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നല്ലോ. ശാസ്ത്രീയ സത്യം വ്യക്തിപരവും രാഷ്ട്രീയവും ദേശീയപരവുമായ താത്പര്യങ്ങൾക്കു വേണ്ടി ബലി ചെയ്യപ്പെട്ടിരിക്കുന്ന വിധം ചിത്രീകരിക്കാനായിരുന്നു പ്രസ്തുത സംഗതി എടുത്തുകാട്ടിയത്. യഥാർഥത്തിലുള്ള ഫോസിൽ രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നുള്ളതു സത്യമാണ്. എന്നാൽ ഈ ജീവികൾ വാസ്തവമായും മനുഷ്യരുടെ പൂർവികരാണെന്നുള്ളതിനു യാതൊരു തെളിവുമില്ല. ഉദാഹരണത്തിന്, “ലൂസി”ക്കുണ്ടായിരുന്നതു മമനുഷ്യന്റെ മസ്തിഷ്കത്തിന്റെ മൂന്നിലൊന്നു വലിപ്പമുള്ള മസ്തിഷ്കമാണ്. അതു വ്യക്തമായും വംശനാശം വന്നുപോയ ഒരു കുരങ്ങല്ലാതെ മറെറാന്നുമായിരുന്നില്ല.—പത്രാധിപർ
ആസാക്ഷികൾ “ആസക്തികൾ—എന്താണ് അവയ്ക്കു പിന്നിൽ?” എന്ന ലേഖനപരമ്പരയ്ക്കു വളരെ നന്ദി. (ഏപ്രിൽ 22, 1994) ആദ്യംമുതൽ അവസാനംവരെ ആ ലേഖനങ്ങൾ ഞാൻ രണ്ടുവട്ടം വായിച്ചു. ഭക്ഷണസംബന്ധമായ ക്രമക്കേടുള്ളവനാണ് ഞാൻ. ഒരാശുപത്രിയിലെ ചികിത്സ പിൻപററുന്നതുകൊണ്ട് എനിക്ക് ഏറെക്കുറെ സൗഖ്യം തോന്നുന്നുണ്ട്, അങ്ങനെയാണെങ്കിൽപ്പോലും എനിക്ക് ഇപ്പോഴും ചിലയവസരങ്ങളിൽ പോരാടേണ്ടതുണ്ട്. ആ ലേഖനം എന്റെ തീരുമാനത്തെ ബലപ്പെടുത്തി.
ററി. എസ്., ജർമനി
ഞാൻ മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നു. നിങ്ങൾ നൽകുന്ന ബുദ്ധ്യുപദേശം വാസ്തവത്തിൽ ഉചിതമാണ്. ആസക്തിയുള്ള ഒരുവന് നമ്മുടെ സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ പൂർണമായും ശുദ്ധനായിരിക്കാൻ കഴിയില്ലാത്തതിനാൽ ആസക്തി ആത്മീയതയ്ക്ക് ഒരു തടസ്സമാണെന്നു തിരിച്ചറിഞ്ഞത് എനിക്കു പ്രചോദനമേകി.
എം. ജി., ഫ്രാൻസ്
ആറര വർഷം മുമ്പ് കൊക്കെയ്ൻ ആസക്തി നിമിത്തം എനിക്ക് ഒരു മകനെ നഷ്ടപ്പെട്ടു. അത്തരം വേദന അനുഭവിച്ച് അതിജീവിച്ച ഞാൻ എന്റെതന്നെ ഭക്ഷണാസക്തിയെ തരണം ചെയ്യാൻ തയ്യാറായിരുന്നു. മദ്യാസക്തമായ ഒരു കുടുംബത്തിൽ വളർന്നുവന്ന ഞാൻ സ്വയം ആശ്വാസം തേടാനും വേദനയിൽനിന്ന് ഓടിയൊളിക്കാനുമുള്ള ഒരുപാധിയായി ഭക്ഷണത്തെ ഉപയോഗിക്കാൻ പഠിച്ചു. ഞാൻ പഥ്യങ്ങൾ അനുഷ്ഠിച്ചുനോക്കി, എന്നാൽ അതു വിജയിച്ചില്ല. ഏതായാലും, 20 വർഷങ്ങൾക്കു ശേഷം ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ യഹോവയുടെ സ്നേഹം കൂടുതലായി രുചിച്ചറിഞ്ഞതു വലിയ സഹായമായി. ആ ലേഖനങ്ങൾക്കു നന്ദി, വളരെ നന്ദി.
എസ്. ഇ., ഐക്യനാടുകൾ
പരിവർത്തനം വന്ന കുററവാളി “സത്യത്തിലേക്കുള്ള എന്റെ രക്ഷപെടൽ” (ഫെബ്രുവരി 8, 1994, ഇംഗ്ലീഷ്) എന്ന ലേഖനത്തിനു വളരെ നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. 24 വയസ്സുള്ള ഞാനിപ്പോൾ വാഷിങ്ടൺ സ്റേറററ് ജയിലിൽ മരണത്തിനു വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്. ഈ ലേഖനം എന്നെ വളരെയധികം സ്പർശിച്ചു, യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബ്രയൻ ഗാർണർ എന്റെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു.
ജെ. ബി., ഐക്യനാടുകൾ
മിസ്സോറി ജയിലിലെ ഒരു അന്തേവാസിയാണു ഞാൻ. സത്യം പഠിച്ചതിനു ശേഷം അധികാരികൾക്കു കീഴടങ്ങാനുള്ള മി. ഗാർണറിന്റെ തീരുമാനം എനിക്കു പ്രചോദനമേകി. തുറന്ന മനസ്സും നല്ല ഹൃദയവുമുള്ള ആളുകളുടെമേൽ നിങ്ങളുടെ സ്ഥാപനത്തിന് ഉണ്ടായിരിക്കാൻ കഴിയുന്ന ഫലത്തെ ഇതു പ്രകടമാക്കുന്നു. ദൈവത്തിൽ വിശ്വാസം പ്രകടമാക്കുന്നതിലൂടെ മാത്രമേ യഥാർഥ സ്വാതന്ത്ര്യം ലഭ്യമാകൂ എന്നു മനസ്സിലാക്കാൻ എളുപ്പമാണ്.
ഡബ്ലിയു. ബി., ഐക്യനാടുകൾ
ജോലി ചെയ്തിരുന്ന കമ്പനികളിൽനിന്ന് ഒരു വർഷം മുമ്പ് ഞാൻ പണം വഞ്ചിച്ചെടുത്തിരുന്നു. ലക്ഷക്കണക്കിന് യെൻ ഞാൻ മോഷ്ടിച്ചെടുത്തു, ഒരു 20 വയസ്സുകാരി അതു ചെയ്യുമെന്ന് ആർക്കും സ്വപ്നം കാണാൻ കൂടെ കഴിയുമായിരുന്നില്ല! എന്നാൽ, യഹോവയുടെ സാക്ഷികളോടൊത്ത് ഞാൻ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്റെ മനസ്സാക്ഷി എന്നെ കുററംവിധിക്കാൻ തുടങ്ങി. അതുകൊണ്ട് ഞാൻ ആ പണം തിരികെ കൊടുത്തിട്ട് അധികാരികളോട് കുററമേററുപറഞ്ഞു. ചില കടുത്ത വാക്കുകൾ എനിക്കു കേൾക്കേണ്ടിവന്നെങ്കിലും മററു നടപടികളൊന്നും ഉണ്ടായില്ല. ഈ ലേഖനത്തിന് ഞാൻ വളരെ നന്ദിയുള്ളവളാണ്, കാരണം യഹോവയുടെ കരുണ എത്ര ശ്രേഷ്ഠമാണെന്നു മനസ്സിലാക്കാൻ അതു വീണ്ടും എന്നെ സഹായിച്ചിരിക്കുന്നു.
എസ്. എം., ജപ്പാൻ