“വംശനാശം ഭവിച്ച” പക്ഷി വീണ്ടുമിതാ
വീട്ടിൽ വളർത്തുന്ന പിടക്കോഴിയുടെ അത്രയും വലിപ്പവും തത്തമ്മയുടേതുപോലെ ചുവന്ന ചുണ്ടും നീലാരുണ വർണത്തിലുള്ള തൂവലും ഉള്ളതും പറക്കാൻ കഴിവില്ലാത്തതും 1900 മുതൽ 1948 വരെയുള്ള കാലയളവിൽ വംശനാശം സംഭവിച്ചതായി കരുതപ്പെട്ടിരുന്നതുമായ പക്ഷിയേതാണ്? മറെറാരു സൂചന കൂടെ: അതിനെ ന്യൂസിലൻഡിൽ മാത്രമേ കാണാനൊക്കൂ, അതിനൊരു ന്യൂസിലൻഡു നിവാസിയുടെ പേരുമാണ്. അത് ററാക്കാഹി അഥവാ നൊട്ടൊർനിസ് മാന്റെല്ലി ഹൊച്ച്സ്റെററൈ ആണ്.
ന്യൂസിലൻഡിലെ തെക്കൻ ദ്വീപിന്റെ തെക്കുപടിഞ്ഞാറുള്ള ഫിയോർഡ്ലൻഡിലെ മർച്ചസൻ-കെപ്ലർ പർവതനിരകളുടെ ഉയർന്ന പ്രദേശങ്ങളിലാണ് പിടികൊടുക്കാത്ത ഈ പക്ഷികൾ വർഷത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. എന്നിരുന്നാലും, നമ്മുടെ ഫോട്ടോയിൽ കാണുന്ന റെറ ആനൗവിലെ ചെറിയ പൊതുപാർക്കിലുള്ള ഈ പക്ഷിയെപ്പോലെ ചുരുക്കം ചിലതിനെ കൂട്ടിലിട്ടു വളർത്തുന്നുണ്ട്. “മററു സ്ഥലങ്ങളിൽനിന്നു വന്നിട്ടുള്ള മൃഗങ്ങളുടെ മത്സരത്തിന്റെയും ഇരപിടിയുടെയും ഫലമായി” ഈ വലിയ പക്ഷി (ഏകദേശം 25 ഇഞ്ച് നീളമുള്ളത്) “ഒരു വിപത്കരമായ നാശം അനുഭവിച്ചിരിക്കുന്നു” എന്ന് ദി ഇല്ലസ്ട്രേററഡ് എൻസൈക്ലോപീഡിയ ഓഫ് ബേർഡ്സ് പ്രസ്താവിക്കുന്നു. കൂട്ടിലിട്ടു വംശവർധനവ് നടത്തുകയും ഇരപിടിയൻ മൃഗങ്ങളെ നിയന്ത്രിക്കുകയും ചെയ്തിട്ടും അത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വർഗമാണ്.
“അത് വിത്തിന്റെ തലപ്പങ്ങളും പുല്ലിന്റെ നേർമയുള്ള ചുവടുകളും തിന്നുന്നു”വെന്ന് ഇതേ സ്രോതസ്സുതന്നെ പറയുന്നു. എന്നാൽ അതിന് “മററു സ്ഥലങ്ങളിൽനിന്നു വരുന്ന മാനുകളുമായി” ആഹാരത്തിനുവേണ്ടി മത്സരിക്കേണ്ടിവരുന്നു. “സാധാരണമായി” അത് “മത്സരത്തിൽ തോൽക്കുന്നു.” ന്യൂസിലൻഡിലെ അപൂർവ സൃഷ്ടികളുടെ പട്ടികയിൽനിന്ന് അസാധാരണമായ ഈ പക്ഷി അപ്രത്യക്ഷമാവില്ലെന്ന് നമുക്കു പ്രത്യാശിക്കാം.