മാതാപിതാക്കളും കുട്ടികളും ഒത്തൊരുമിച്ചു ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നിടം
ജപ്പാനിലെ ഉണരുക! ലേഖകൻ
“ഒരു പരിരക്ഷക സംഘമെന്ന നിലയ്ക്കു ഞങ്ങൾക്കു നാണം തോന്നേണ്ടതാണ്, കാരണം നിങ്ങൾ [ശുചീകരണം] നടത്തുമ്പോൾ അതു കൂടുതൽ വൃത്തിയുള്ളതായി കാണപ്പെടുന്നു.” ജപ്പാനിലെ ഫുക്കവോക്ക ഡോം സ്റേറഡിയത്തിന്റെ പരിരക്ഷക സംഘത്തിന്റെ ചുമതല വഹിക്കുന്നയാൾ കഴിഞ്ഞ വേനൽക്കാലത്ത് “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനു വേണ്ടി യഹോവയുടെ സാക്ഷികൾ നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ചു പറഞ്ഞത് അങ്ങനെയാണ്. തലേ വർഷം യഹോവയുടെ സാക്ഷികളുടെ “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ ടോക്കിയോ ഡോം സ്റേറഡിയത്തിൽ നടത്തിയപ്പോൾ അതുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. അത് അദ്ദേഹത്തിൽ അങ്ങേയററം മതിപ്പുളവാക്കി. വാടകയ്ക്കു കൊടുത്തപ്പോഴത്തേതിനെക്കാൾ സ്റേറഡിയം കൂടുതൽ വൃത്തിയുള്ളതായിരുന്നു കൺവെൻഷനുകളുടെ അവസാനം. അദ്ദേഹം കൂടുതലായി ഇങ്ങനെ പറഞ്ഞു: “കുട്ടികളുടെ നടത്ത ശ്രദ്ധേയമായിരുന്നു. ‘അസാധാരണം’ എന്നേ എനിക്കു പറയാൻ കഴിയൂ!”
കഴിഞ്ഞ വർഷം “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷൻ ററാക്കമാററ്സൂ നഗരത്തിലും നടക്കുകയുണ്ടായി. കൺവെൻഷൻ പ്രതിനിധികളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു മധ്യവയസ്കൻ “നിങ്ങൾ ക്രിസ്ത്യാനികളാണോ?” എന്നു അവരോടു ചോദിച്ചിട്ട് ഇങ്ങനെ തുടർന്നു: “നിങ്ങൾ കഴിഞ്ഞ വർഷവും ഒരു കൺവെൻഷൻ നടത്തി, ഇല്ലേ? കൺവെൻഷന്റെ സമയത്തു നിങ്ങളുടെ കുട്ടികൾ എവിടെയാണ്?” “അവർ തങ്ങളുടെ മാതാപിതാക്കളോടൊപ്പം സ്വന്തം ബൈബിൾ തുറന്നു നോക്കിക്കൊണ്ട് പ്രസംഗങ്ങൾ ശ്രദ്ധിക്കും” എന്നു പ്രതിനിധികൾ ഉത്തരം പറഞ്ഞപ്പോൾ ആ മനുഷ്യൻ ഇങ്ങനെ പ്രതികരിച്ചു: “അതു കൊള്ളാം! ഓരോ വസന്തത്തിലും ഞാൻ നിങ്ങളുടെ ആളുകളെ കാണാറുണ്ട്, നിങ്ങളുടെ കുട്ടികൾ നന്നായി പെരുമാറുന്നതു നിമിത്തം എനിക്കെപ്പോഴും മതിപ്പുണ്ട്.” മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തലമുറവിടവിനെക്കുറിച്ചു താൻ ധാരാളം കേൾക്കുന്നുണ്ടെങ്കിലും, യഹോവയുടെ സാക്ഷികളുടെ കുട്ടികളുടെ നടത്തയിൽനിന്ന്, അവരുടെ ഇടയിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ല ബന്ധമുണ്ടെന്നു തനിക്കു പറയാൻ കഴിയുമെന്ന് അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം മാക്കുഹാരി മെസയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ പങ്കെടുത്ത ഒരു പ്രാഥമിക സ്കൂൾ അധ്യാപിക കൺവെൻഷൻ സ്ഥലത്തെ കുട്ടികളുടെ മനോഭാവം കണ്ടതിൽ അമ്പരന്നുപോയി. മററുള്ളവരുടെ പ്രസംഗങ്ങൾക്കു വിദ്യാർഥികൾ നൽകുന്ന ശ്രദ്ധയാൽ പഠനം അഭിവൃദ്ധിപ്പെടേണ്ട സ്ഥലമായ സ്കൂളിൽ കുട്ടികൾ ശ്രദ്ധിക്കാൻ മനസ്സില്ലാത്തവരാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ കൺവെൻഷനിൽവെച്ച് അവർ കണ്ടതു വ്യത്യസ്തമായ ഒന്നായിരുന്നു. “ആ കുട്ടികൾ ദീർഘസമയം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. അതു മാത്രമോ, തങ്ങളുടെ കൈയിൽ പെൻസിലുകൾ മുറുക്കെപ്പിടിച്ച് അവർ കുറിപ്പുകൾ എഴുതിയെടുത്തുകൊണ്ടിരുന്നു, മടിയിൽവെച്ച് എഴുതേണ്ടിവന്നെങ്കിൽപ്പോലും അവർ അക്ഷരങ്ങൾ ശരിയായിത്തന്നെ എഴുതി. സംസാരം, ശ്രദ്ധവെച്ചു കേൾക്കൽ, വസ്ത്രധാരണം, ചമയം എന്നിവയുടെ കാര്യത്തിൽ വിദ്യാലയത്തിൽപ്പോലും സാക്ഷികളായ കുട്ടികൾ മററു കുട്ടികളിൽനിന്നു വ്യത്യസ്തരാണ്.” എന്നിട്ട് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈനംദിനമുള്ള അവരുടെ പരിശീലനവും യഹോവയെ അവർ സ്തുതിക്കുന്നതും അവരുടെ കുടുംബങ്ങൾ ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നതുമാണ് അതിന്റെ കാരണമെന്നു ഞാൻ വിചാരിക്കുന്നു.”
‘പുരുഷൻമാരും സ്ത്രീകളും കുട്ടികളും പഠിക്കേണ്ടതിന്നു ജനത്തെ വിളിച്ചുകൂട്ടേണം’ എന്ന് അനുശാസിച്ച ദിവ്യനിയമം ഇസ്രായേല്യർ പിൻപററിയതുപോലെതന്നെ ഇന്നു യഹോവയുടെ സാക്ഷികളായ പ്രായമുള്ളവരും യുവജനങ്ങളും, പുരുഷൻമാരും സ്ത്രീകളും അതേ പഠിപ്പിക്കൽ സ്വീകരിക്കാൻ ഒന്നിച്ചുകൂടിവരുന്നു. മേൽപ്പറഞ്ഞ തിരുവെഴുത്ത് അതിന്റെ കാരണത്തെ വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ തുടരുന്നു: ‘അവർ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു’തന്നെ.—ആവർത്തനപുസ്തകം 31:12, 13.