“എനിക്കു കൂടുതൽ പഠിക്കാൻ താത്പര്യമുണ്ട്”
കൊളൊറാഡോ, യു.എസ്.എ.യിൽ നിന്നുള്ള ഒരു മനുഷ്യൻ കഴിഞ്ഞ ഡിസംബറിൽ ഈ മാസികയുടെ പ്രസാധകർക്കെഴുതിയ ഒരു കത്തിൽ മേൽപ്പറഞ്ഞപ്രകാരം എഴുതി. അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു:
“ഭൂരിപക്ഷമാളുകളുടെയും നിലവാരം വെച്ചുനോക്കുമ്പോൾ നിങ്ങൾ എന്നെ ഒരു മതാനുസാരിയായി കണക്കാക്കുകയില്ല. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്നതിനെക്കാളധികം ജീവിതത്തിൽ ഉൾപ്പെടുന്നു എന്നു ഞാൻ എല്ലായ്പോഴും വിശ്വസിച്ചിരുന്നു. ഒരു പ്രത്യേക മതത്തോടല്ലെങ്കിലും എനിക്ക് എല്ലായ്പോഴും ഒരു ആത്മീയ പ്രതിബദ്ധത ഉണ്ടായിരുന്നു.
“എന്നിരുന്നാലും, അടുത്തയിടെ അങ്ങേയററം ക്ലേശകരമായ ചില സാഹചര്യങ്ങളിൽപ്പെട്ട് എനിക്ക് അവയെ തരണം ചെയ്യാനുള്ള ഉൾക്കരുത്തില്ലാതായിരിക്കയാണ്. വീട്ടിലെയും ജോലിസ്ഥലത്തെയും പ്രശ്നങ്ങൾ, മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം എന്റെ ഉത്കണ്ഠയെ വർധിപ്പിച്ചിരിക്കുന്നു. . . .
“വിചിത്രമെന്നു പറയട്ടെ, ഞാൻ നിരാശയുടെ പടുകുഴിയിലെത്തിയപ്പോഴാണ് വഴിയരികിലെ ഒരു കടയിൽനിന്ന് നിങ്ങളുടെ സാഹിത്യത്തിന്റെ ഒരു തുണ്ട് കിട്ടിയത്. വിശുദ്ധ പിതാവിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണങ്ങൾ നവോൻമേഷപ്രദമാണ്. എനിക്കു കൂടുതൽ പഠിക്കാൻ താത്പര്യമുണ്ട്. എന്നാൽ വിവരങ്ങൾക്കായി എങ്ങോട്ടു തിരിയണമെന്ന് എനിക്കു നിശ്ചയമില്ല.
“യഹോവയുടെ സാക്ഷികളെയും നിങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച് കൂടുതൽ പഠിക്കാൻ തക്കവണ്ണം നിങ്ങൾ എനിക്കു തരുന്ന ഏതു മാർഗനിർദേശത്തെയും ഞാൻ അങ്ങേയററം വിലമതിക്കും. ഞാൻ പരാമർശിച്ചതുപോലെ എന്റെ നിരാശയുടെ പടുകുഴിയിൽ വെച്ച് നിങ്ങളുടെ സാഹിത്യത്തിന്റെ ഒരു തുണ്ട് കണ്ടെത്താൻ കഴിഞ്ഞത് എനിക്ക് വിചിത്രമായി തോന്നി. ഒരുപക്ഷേ അത് ദൈവത്തിന്റെ ഒരു നടത്തിപ്പായിരിക്കും.”
യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ വിശദീകരിച്ചിട്ടുള്ള നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു കോപ്പി ഞങ്ങൾ ഈ മനുഷ്യന് അയച്ചുകൊടുത്തു. ബയൻറിട്ട ഈ 256 പേജു പുസ്തകത്തിന്റെ ഒരു കോപ്പി ലഭിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watchtower, H-58, Old Khandala Road, Lonavla, 410 401, Mah.-ക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.