“ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷൻ സമീപിച്ചിരിക്കുന്നു
യഹോവയുടെ സാക്ഷികളുടെ “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ ബൈബിൾ പ്രബോധനത്തിന്റെ ഫലപ്രദമായ മൂന്നു ദിനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ത്യയിൽ തന്നെ 16 കൺവെൻഷനുകൾ 1994 ഒക്ടോബർ മുതൽ 1995 ജനുവരി വരെ പട്ടികപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ താമസസ്ഥലത്തിന് താരതമ്യേന അടുത്തു നടക്കുന്ന ഒരു കൺവെൻഷനിൽ നിങ്ങൾക്കു പങ്കെടുക്കാൻ കഴിയും.
കൺവെൻഷൻ വെള്ളിയാഴ്ച രാവിലെ 10:20-ന് സംഗീതത്തോടെ ആരംഭിക്കും. ഉച്ചതിരിഞ്ഞ് അഞ്ചു മണിയോടെ അന്നു പരിപാടി അവസാനിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും സെഷനുകൾ രാവിലെ 9:30-ന് ആരംഭിക്കും. അവ ശനിയാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചുമണിയോടെയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4:15-നും അവസാനിക്കും.
വെള്ളിയാഴ്ച രാവിലത്തെ മുഖ്യവിഷയ പ്രസംഗം ദൈവഭയം എന്താണെന്നു മാത്രമല്ല, അത്തരം ഭയം നട്ടുവളർത്തുന്നവർക്കുള്ള പ്രയോജനങ്ങളും തിരിച്ചറിയിക്കും. മുഴു കൺവെൻഷൻ പരിപാടിയും ഈ പ്രയോജനങ്ങളെ വിശേഷവത്കരിക്കുന്നതാണ്.
പ്രസംഗങ്ങളുടെയും പ്രകടനങ്ങളുടെയും ഒരു മണിക്കൂർ നീണ്ട സിംപോസിയത്തിലൂടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ദൈവഭയം വിവാഹത്തെയും കുടുംബ ജീവിതത്തെയും ബലിഷ്ഠമാക്കുന്ന വിധം സംബന്ധിച്ചും അത് ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തതയിൽ അചഞ്ചലരായി നിൽക്കാൻ യുവജനങ്ങളെ സഹായിക്കുന്ന വിധത്തെക്കുറിച്ചും നിങ്ങൾ ശ്രവിക്കും. “സന്തപ്തർക്കു സമാശ്വാസം” എന്ന ഹൃദയോഷ്മളമായ അവതരണത്തോടുകൂടി വെള്ളിയാഴ്ചത്തെ സെഷനുകൾ അവസാനിക്കും. പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായവരെ സഹായിക്കുന്നതിനായി ആ പ്രസംഗം പ്രദാനം ചെയ്യുന്ന പ്രായോഗിക സഹായം നിങ്ങൾ വിലമതിക്കും.
സഭയും നമ്മുടെ ശുശ്രൂഷയും സംബന്ധിച്ച യഹോവയുടെ മാർഗനിർദേശത്തോടുള്ള നമ്മുടെ പററിനില്പിനെ ദൈവഭയം ശക്തിപ്പെടുത്തുന്ന വിധം ശനിയാഴ്ചത്തെ പ്രോഗ്രാം പ്രകടമാക്കും. തന്റെ ജനത്തെ കൈവിടുകയില്ലെന്ന ദൈവത്തിന്റെ വാഗ്ദാനം ഇന്നത്തെ ലോകത്തിൽ ദൈവജനത്തെ എങ്ങനെ സ്വാധീനിക്കണം എന്ന് “യഹോവ കൈവിടാത്ത ഒരു ജനം” എന്ന പ്രസംഗം വർണിക്കും. പിന്നെ ഉച്ചതിരിഞ്ഞ് നടക്കുന്ന “ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിൾ ദിനംതോറും വായിക്കുക” എന്ന പ്രസംഗത്തിലൂടെ ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും ഉള്ള പ്രായോഗിക നിർദേശങ്ങൾ പ്രതിനിധികൾക്കു ലഭിക്കും. “യഹോവയുടെ ഭയജനക ദിവസം സമീപം” എന്ന താത്പര്യജനകമായ വിഷയത്തിലുള്ള ഒരു പ്രസംഗത്തോടെ ശനിയാഴ്ചത്തെ പരിപാടി അവസാനിക്കും.
“നീതിമാൻമാർക്ക് പുനരുത്ഥാനം ഉണ്ടായിരിക്കും” എന്ന പ്രസംഗമാണ് ഞായറാഴ്ചത്തെ പരിപാടിയുടെ ഒരു സവിശേഷത. “മഹോപദ്രവത്തിലൂടെ ജീവനോടെ രക്ഷിക്കപ്പെടുന്നു” എന്ന തുടർന്നുള്ള പ്രസംഗം ഒരുനാളും മരണം കാണുകയില്ലാത്തവരെക്കുറിച്ചുള്ള യേശുവിന്റെ അത്ഭുത വാഗ്ദാനം വർണിക്കുന്നതായിരിക്കും.—യോഹന്നാൻ 11:26.
നിങ്ങൾ അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പുകൾ എന്ന 40 മിനിററു നേരത്തെ ചിന്തോദ്ദീപകമായ നാടകത്തോടെ ഞായറാഴ്ച രാവിലത്തെ സെഷൻ സമാപിക്കും. സദസ്സിനെ യോശുവയുടെ നാളിലേക്കു തിരിച്ചു കൊണ്ടുപോകുന്നതായിരിക്കും. യഹോവയെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം ചിത്രീകരിക്കപ്പെടുന്നത് കാണും. ഏലിയാവിന്റെ നാളുകളിലെ തീ കൊണ്ടുള്ള പരിശോധനയും സദസ്സു വീക്ഷിക്കുന്നതായിരിക്കും. ഈ ഇരു സംഭവങ്ങളിൽ നിന്നും ഉള്ള പാഠങ്ങൾ ഇന്ന് ദൈവഭയം പ്രകടിപ്പിക്കാൻ പ്രതിനിധികളെ സഹായിക്കും.
“ഇപ്പോൾ സത്യദൈവത്തെ ഭയപ്പെടേണ്ടതെന്തുകൊണ്ട്” എന്ന പരസ്യപ്രസംഗമാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള ഒരു കൺവെൻഷൻ സവിശേഷത. മൂന്നു ദിനങ്ങളിലും ഹാജരാകുന്നതിനാൽ നിങ്ങൾ തീർച്ചയായും പ്രയോജനം അനുഭവിക്കും! ഹാജരാകാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. നിങ്ങളുടെ ഭവനത്തിന് ഏററവും സമീപത്തുള്ള കൺവെൻഷൻ സ്ഥലം കണ്ടുപിടിക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
T. Rosenthal/SUPERSTOCK