ഞങ്ങളുടെ വായനക്കാരിൽനിന്ന്
കുററവാളികളെ പുനരധിവസിപ്പിക്കൽ ഉണരുക!യുടെ വരിക്കാരനായ ഒരു മകൻ എനിക്കു തടവറയിലുണ്ട്. അവന്റെ ഹൃദയത്തിൽ ഇറങ്ങിച്ചെല്ലത്തക്കവിധമുള്ള ലേഖനങ്ങൾക്കുവേണ്ടി ഞാൻ ശുഷ്ക്കാന്തിയോടെ പ്രാർത്ഥിച്ചിട്ടുണ്ട്. “പുനരധിവസിപ്പിക്കാനുള്ള സത്യത്തിന്റെ ശക്തി” എന്ന ലേഖനം (ആഗസ്ററ് 8, 1992) ഞാൻ വളരെ വിലമതിച്ചു. “എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിക്കുന്ന” ദൈവത്തോടുള്ള അഗാധമായ കൃതജ്ഞതയുടെ കണ്ണുനീരോടെ അതു മുഴുവൻ ഞാൻ വായിച്ചു. (2 പത്രൊസ് 3:9). ഒരുനാൾ എന്റെ മകൻ അങ്ങനെ ചെയ്യുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
എ. എഫ്., ഐക്യനാടുകൾ
“പുനരധിവസിപ്പിക്കാനുള്ള സത്യത്തിന്റെ ശക്തി” എന്ന ലേഖനത്തിന് (ആഗസ്ററ് 8, 1992) നിങ്ങൾക്കു നന്ദി. ഇപ്പോൾ ഞാൻ ജയിൽവാസം അനുഭവിക്കുകയാണ്. ജീവിതത്തിൽ മാററംവരുത്തുന്ന മററാരെയെങ്കിലുംകുറിച്ചു കേൾക്കുമ്പോൾ ഞാൻ പ്രോൽസാഹിതനായിത്തീരുന്നു. വീണ്ടും കുററംചെയ്യുന്നതിനുവേണ്ടി സാത്താന്യലോകത്തിലേക്കുതന്നെ അയച്ചുകൊണ്ടു കുററവാളികളെ പുനരധിവസിപ്പിക്കാൻ അധികാരികൾ ശ്രമിക്കുന്നു. നിലനിൽക്കുന്ന പുനരധിവാസത്തിൽ ദൈവത്തെ അന്വേഷിക്കുന്നതും സേവിക്കുന്നതും ഉൾപ്പെടുന്നുവെന്നു യഹോവയുടെ സാക്ഷികളിലെ നല്ല അറിവുള്ള ചില ശുശ്രൂഷകരുടെ സഹായത്താൽ ഞാൻ കണ്ടെത്തി.
ജെ. എസ്., ഐക്യനാടുകൾ
“ഉണരുക!” ബാഹ്യരൂപം ഉണരുക!യുടെ കമനീയമായ പുതിയ ബാഹ്യരൂപത്തോടുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സാങ്കേതിക പ്രസിദ്ധീകരണ വിഭാഗത്തിൽ ജോലിചെയ്യുന്നതിനാൽ, അതിന്റെ ബാഹ്യരൂപത്തിലും ഫോണ്ടിലും നിറത്തിലുമുള്ള മാററം ഞാൻ പെട്ടെന്നു നിരീക്ഷിച്ചു. ആളുകളെ യഹോവയിലേക്ക് അടുപ്പിക്കുന്നതിനു കൂടുതൽ നിറപ്പകിട്ടാർന്നതും ആകർഷകവുമായ ഒരു ഉപകരണമെന്നനിലയിൽ സമയാസമയങ്ങളിൽ മാസിക എങ്ങനെ മാറിയിരിക്കുന്നുവെന്നു കഴിഞ്ഞ 20 വർഷമായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഈ മനോഹരമായ പുതിയമാററംകൊണ്ടു മാത്രം എന്റെ ഒരു സഹപ്രവർത്തകയ്ക്ക് ഒരു പ്രതി സമർപ്പിക്കാൻ എനിക്കു കഴിഞ്ഞു!
ഡി. എ., ഐക്യനാടുകൾ
വിമർശനം സ്വീകരിക്കൽ ഞാൻ ഒരു ക്രിസ്ത്യാനിയായിത്തീർന്നതുമുതൽ എന്റെ മാതാപിതാക്കൾ എന്നെ വിമർശിക്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതു വളരെ പ്രകോപിപ്പിക്കുന്നതായിരുന്നിട്ടുണ്ട്. എന്നാൽ “നിങ്ങൾ വിമർശനം നിരസിക്കുന്നുവോ?” എന്ന നിങ്ങളുടെ ലേഖനം (മാർച്ച് 8, 1992) ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് എന്നെ കാണിച്ചിരിക്കുന്നു.
എം. എം., ഐക്യനാടുകൾ
കളികൾ ഒരു കായിക വിദ്യാഭ്യാസത്തിന്റെയും കളികളുടെയും അദ്ധ്യാപകനെന്നനിലയിൽ, “കളികൾ—അവയ്ക്ക് എന്തു സ്ഥാനമാണുള്ളത്?” എന്ന പരമ്പരക്ക് (സെപ്ററംബർ 8, 1992) ഞാൻ പ്രത്യേകശ്രദ്ധ കൊടുത്തു. ആധുനിക കളികളിലെ അമിത മത്സരവും വാണിജ്യ താത്പര്യവും അക്രമവും വഞ്ചനയും പോലുള്ള വികടത്തങ്ങളും അപകടങ്ങളും നിങ്ങൾ കൃത്യമായി വ്യക്തമാക്കിയിരിക്കുന്നു. എന്നിരുന്നാലും, യൂറോപ്പിലും അമേരിക്കയിലും കളികളോടുള്ള സമീപനത്തിൽ ഒരു ഗണ്യമായ വ്യത്യാസമുണ്ട്; നിങ്ങളുടെ ലേഖനം ഏതാണ്ടു മുഴുവനായി അമേരിക്കൻ കളികളെക്കുറിച്ചു പരാമർശിക്കുകയായിരുന്നു.
എസ്. ഒ., ഫ്രാൻസ്
“ഉണരുക!” മിക്കപ്പോഴും കളികളേക്കുറിച്ച് ഒരു അന്താരാഷ്ട്ര വീക്ഷണകോണം പ്രകടമാക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, യൂറോപ്പിലെയും ആഫ്രിക്കയിലെയും ലാററിൻ അമേരിക്കയിലെയും കായികാഭ്യാസികളുടെ നേരിട്ടുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ. പുതിയ ലേഖനങ്ങൾ യു.എസ്. കളികളിൽ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും വ്യത്യസ്തദേശങ്ങളിലുള്ള വായനക്കാർക്ക് അതിൽ ചർച്ചചെയ്തിരുന്ന ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.—എഡിററർ
കളികൾ അല്ലെങ്കിൽ “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതാണെ”ന്നതിന്റെ ജീവിക്കുന്ന തെളിവാണു ഞാൻ. എന്റെ സ്കൂൾവർഷങ്ങളിൽ ഞാൻ സ്കൂളിന്റെ വോളിബോൾ ടീമിൽ ആയിരിക്കയും വിനോദക്കളികളിലും മത്സരങ്ങളിലും തീക്ഷ്ണതയോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും എന്റെ സഹവാസങ്ങൾ നല്ലതല്ലായിരുന്നു, ഞാൻ ആത്മീയമായി മാന്ദ്യമുള്ളവനായിത്തീർന്നു. അതുകൊണ്ടു വളരെയധികം സമയം പാഴായിപ്പോയി. സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ഞാൻ യഹോവയ്ക്കു സമർപ്പിക്കുന്നതിനും മുഴുസമയശുശ്രൂഷ ഏറെറടുക്കുന്നതിനും തീരുമാനിച്ചു. “ദൈവഭക്തി സകലത്തിന്നും പ്രയോജനകരമാകയാൽ” ഞാൻ ഇന്ന് ഇതിൽ വളരെ സന്തോഷം കണ്ടെത്തുന്നു.—1 തിമൊഥെയൊസ് 4:8.
പി. ജി., ബ്രസീൽ