ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വൃദ്ധജനങ്ങളെ ബഹുമാനിക്കുക “നിങ്ങൾ വൃദ്ധജനങ്ങളെ ബഹുമാനിക്കുന്നുവോ?” (ജനുവരി 8, 1992) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങൾക്ക് നന്ദി. ദൈവത്തോടുള്ള വിശ്വസ്തമായ 40 വർഷത്തെ സേവനത്തിനുശേഷം എന്റെ അമ്മക്ക് കേന്ദ്ര നാഡീവ്യൂഹത്തിന്റെ ക്ഷയിക്കൽ എന്ന അസുഖം മൂലം മുഴുസമയ പരിചരണം ആവശ്യമായിരുന്നു. വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ച കലണ്ടർ ഒരു വലിയ സഹായമാണെന്നു തെളിഞ്ഞു, കാരണം അമ്മയുടെ അനേകം സന്ദർശകർ തങ്ങളുടെ സന്ദർശനത്തീയതിയിൽ തങ്ങളുടെ പേര് എഴുതുമായിരുന്നു. പകുതിയിലധികം തീയതികളും പേരുകളാൽ നിറഞ്ഞിരുന്നതിനാൽ അമ്മയുടെ ഏക സന്ദർശക ഞാൻ മാത്രമായിരുന്നില്ല എന്ന് എനിക്ക് അമ്മയെ ഓർമ്മിപ്പിക്കാൻ കഴിഞ്ഞു! കൂടാതെ അമ്മയുടെ ക്ഷേമത്തിൽ അനേകർ തല്പരരാണെന്ന് നേഴ്സിംഗ് ഹോമിലെ ജോലിക്കാർക്ക് അറിയാമായിരുന്നതിനാൽ അമ്മക്ക് അവരിൽ നിന്ന് അത്യുത്തമമായ ശുശ്രൂഷ ലഭിക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ കരുതലിന് നന്ദി.
ഡബ്ള്യൂ. ജെ. എച്ച്., ഐക്യനാടുകൾ
അരയ്ക്കു താഴേക്ക് തളർന്നുപോയ എന്റെ അമ്മ മലമൂത്ര വിസർജ്ജനം പോലുള്ള ശരീരപ്രക്രിയകളെ നിയന്ത്രിക്കുന്നതിനുള്ള കഴിവില്ലായ്മ മൂലം ദുരിതമനുഭവിക്കുകയാണ്. ഞങ്ങൾ അവരെ പൂർണ്ണമായും കഴുകുകയും ദിവസവും രാവിലെ കിടക്കവിരി മാററുകയും വേണം. അവരെ വസ്ത്രം ഉടുപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും വേണം, കൂടാതെ മിക്കപ്പോഴും വൈദ്യചികിത്സയും ആവശ്യമാണ്. എന്റെ ഭർത്താവും കുട്ടികളും ഒരു യഥാർത്ഥ പിന്തുണ തന്നെയാണ്, എന്നിരുന്നാലും ഉത്തരവാദിത്തത്തിൽ അധികപങ്കും എനിക്കാണ്. നിരാശയുടേതായ നിമിഷങ്ങൾ എനിക്കുണ്ടാകാറുണ്ട്, അതിനാൽ സ്വാത്മപരിത്യാഗത്തിന്റേതായ ഒരു നിരന്തര ആത്മാവ് എനിക്കാവശ്യമാണ്. അതുകൊണ്ട് അത്യധികം സന്തോഷത്തോടെയായിരുന്നു ഞാൻ നിങ്ങളുടെ ലേഖനങ്ങൾ വായിച്ചത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി.
എൽ. ഡി., ഇററലി
മൃഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ മൃഗങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള ലേഖനങ്ങൾക്ക് ഹൃദയംഗമമായ നന്ദി. ആ ലേഖനങ്ങളിലെ ചിത്രങ്ങൾ മനോഹരവും ആകർഷണീയവുമാണെന്ന് ഞാൻ എല്ലായ്പോഴും നിരീക്ഷിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ ആദ്യമൊക്കെ ഞാൻ ആ ലേഖനങ്ങൾക്ക് അധികം ശ്രദ്ധ നൽകിയില്ല. കുഡു എന്ന ഒരു കൃഷ്ണമൃഗത്തെക്കുറിച്ച് വായിച്ച ആരോ ആ ലേഖനത്തെക്കുറിച്ച് ഒരിക്കൽ എന്നോട് പറഞ്ഞു. ഇത് ആ ലേഖനം വായിക്കുന്നതിലുള്ള എന്റെ താൽപര്യത്തെ ഉണർത്തി. കീരിയെക്കുറിച്ചുള്ളതുപോലുള്ള മററ് ലേഖനങ്ങളും ഞാൻ വായിക്കാൻ തുടങ്ങി. യഹോവയെ അവന്റെ സൃഷ്ടിയിലൂടെ “കാണുന്ന”തിന് ഈ ലേഖനങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്.
ബി. ററി., ഐക്യനാടുകൾ