“ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളാണ്, അദ്ദേഹം എന്റെ കാലുകളായി സേവിക്കുന്നു”
ജോസ് ലൂയിസ് എസ്കോബാറും ആർട്ടെമിയോ ഡ്യൂറനും മെക്സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയിലെ മൂപ്പൻമാരായി സേവിക്കുന്നു. ജോസ് ലൂയിസ് അന്ധനും ആർട്ടെമിയോ നടക്കാൻ കഴിവില്ലാത്തവനുമാണ്.
ജോസ് ലൂയിസിന് 16 വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ അയാൾ ബോക്സിംഗ് ഇഷ്ടപ്പെട്ടിരുന്നു. ഒരു ദിവസം അയാളെ, ഒരു ബോക്സിംഗ് തൊഴിൽക്കാരനു പകരം ഒരു പോരാട്ടത്തിൽ ഏർപ്പെടാൻ ക്ഷണിച്ചു. നാലാം റൗണ്ടിൽ രണ്ടുപേരും പരസ്പരം വളരെ മോശമായി ഇടിക്കപ്പെട്ടതിനാൽ പോരാട്ടം നിർത്തിച്ചു. ജോസ് ലൂയിസിന് വിജയം സമ്മാനിക്കപ്പെട്ടെങ്കിലും അയാൾക്കേററ ഇടി അയാളുടെ കാഴ്ചശക്തിയെ നഷ്ടപ്പെടുത്തി.
ജോസ് ലൂയിസ് പല ഡോക്ടർമാരെയും സന്ദർശിച്ചു, ആത്മവിദ്യാചാരക്കാരെയും സന്ദർശിച്ചു. എന്നാൽ ആർക്കും അയാളെ സഹായിക്കാൻ കഴിഞ്ഞില്ല. വലിയ നിരാശയിൽ അയാൾ പലവട്ടം ആത്മഹത്യാശ്രമം നടത്തി. പിന്നീട് യഹോവയുടെ സാക്ഷികൾ അയാളുമായി ബന്ധപ്പെട്ടു, ബൈബിൾ സത്യങ്ങൾ പഠിച്ച് ക്രമേണ അയാൾ തന്റെ ജീവനെ ദൈവത്തിനു സമർപ്പിച്ചു. അയാൾ 1974 ഓഗസ്ററിൽ സ്നാപനമേററു.
നേരേമറിച്ച്, ആർട്ടെമിയോ, 1981-ൽ ഒരു ഗുരുതരമായ വാഹനാപകടത്തിൽ പെട്ടു. അയാൾ നിയമവിരുദ്ധമായി ഐക്യനാടുകളിൽ വസിച്ച് ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇതു സംഭവിച്ചത്. വിവിധ മതകൂട്ടങ്ങളുടെ പ്രതിനിധികൾ അയാളെ ആശുപത്രിയിൽ സന്ദർശിച്ച്, അയാളുടെ തെററായ ജീവിതഗതിക്ക് ദൈവം അയാളെ ശിക്ഷിച്ചതാണെന്ന് പറഞ്ഞു. പിന്നീട് ആർട്ടെമിയോയെയും യഹോവയുടെ സാക്ഷികൾ സന്ദർശിച്ചു. അയാൾ ബൈബിൾ പഠിച്ചു, തന്റെ ജീവിതത്തിൽ ആവശ്യമായ മാററങ്ങൾ വരുത്തി, 1984 മെയ്യിൽ സ്നാപനമേററു.
ഇപ്പോൾ ഈ രണ്ടു മനുഷ്യരും ഒരേ ക്രിസ്തീയസഭയിൽ സ്നേഹിതരാണ്. അവർ വീടുതോറുമുള്ള വേലയിൽ ക്രമമായി ഒന്നിച്ചു പോകുന്നു, താൽപ്പര്യക്കാർക്ക് മടക്ക സന്ദർശനങ്ങൾ നടത്തുന്നു, സഭയിലെ അംഗങ്ങളെ ആത്മീയമായി ശക്തീകരിക്കാൻ അവരെ ഒരുമിച്ച് സന്ദർശിക്കുന്നു. ആർട്ടെമിയോ, ജോസ് ലൂയിസിനെ പോകേണ്ടടത്തേക്ക് നയിക്കുമ്പോൾ അദ്ദേഹം വീൽചെയർ തള്ളുന്നു. ആർട്ടെമിയോ അവരെ സംബന്ധിച്ച് ഒററ യൂണിററായി പ്രസ്താവിക്കുന്നു: “ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളാണ് അദ്ദേഹം എന്റെ കാലുകളായി സേവിക്കുന്നു.” (g91 6/22)