മറെറാരു വർഗ്ഗത്തിൽപെട്ട ആളുകളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
“അമേരിക്കയിലെ സ്കിൻഹെഡ്സ്, (കുററിമുടിക്കാരും അക്രമാസക്തരുമായ ഒരു സംഘം ചെറുപ്പക്കാർ) യൂറോപ്പിലെ സ്കിൻഹെഡ്സിനെപ്പോലെ, പണിചെയ്യുന്ന വർഗ്ഗമായ ആര്യൻവർഗ്ഗത്തിൽപ്പെട്ട യുവജനങ്ങളാണ്. നമ്മുടെ ആര്യൻവർഗ്ഗത്തെ നശിപ്പിക്കുന്ന മുതലാളിത്വത്തിലെയും കമ്മ്യൂണിസത്തിലെയും ദുഷിച്ചവരെ നമ്മൾ വെറുക്കുന്നു. . . . യഹൂദ പരജീവിവർഗ്ഗമാണ് നമ്മുടെ പ്രശ്നത്തിന്റെ കാമ്പിലുള്ളത്.”
ചിക്കാഗോയിൽ താവളമുള്ള വർണ്ണഭ്രാന്തരുടെ ഒരു സംഘത്തിൽനിന്നുള്ള ഒരു ലഘുലേഖ പ്രസ്താവിക്കുന്നത് അപ്രകാരമാണ്. ഇവർ തങ്ങളുടെ തല മുണ്ഡനംചെയ്യുന്നവരും സ്വസ്ഥികകളുടെ ചിത്രത്തയ്യലോടുകൂടിയ വ്യതിരിക്തമായ ഉഗ്രവേഷം ധരിക്കുന്നവരും അക്രമത്തെ വാഴ്ത്തുന്നവരും ‘വൈററ് പവ്വർ’ മ്യൂസിക്ക് ശ്രദ്ധിക്കുന്നവരും യഹൂദൻമാരെയും കറുത്തവരെയും മററു ന്യൂനപക്ഷങ്ങളെയും പുച്ഛിക്കുന്നവരുമായ യുവജനങ്ങളാണ്.
പ്രേമാത്മക അക്രമം എന്നു വിളിക്കപ്പെടുന്ന ഒരു സംഘത്തിന്റെ നേതാവ് ആ കൂട്ടം “യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്നു”വെന്ന് വെള്ളക്കാരായ വർഗ്ഗീയ നേതാക്കളുടെ ഒരു സമ്മേളനത്തോട് പറയുകയുണ്ടായി. അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ ഒരു അക്രമാസക്തനാണ്. ഞാൻ വെള്ളക്കാരുടെ വർഗ്ഗത്തെ സ്നേഹിക്കുന്നു, നിങ്ങൾ എന്തിനെയെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ നിങ്ങളാണ് ഭൂമിയിലെ ഏററം ദുഷ്ടനായ വ്യക്തി.”
പ്രസ്ഥാനങ്ങളുടെ കൂട്ടത്തിൽ, വർണ്ണഭ്രാന്തൻമാർ എണ്ണത്തിൽ ചുരുക്കമാണ്. അവരുടെ വീക്ഷണങ്ങൾ അതിർകടന്നവയാണ്. ഇന്ന് താരതമ്യേന ചുരുക്കം പേർ മാത്രമേ തങ്ങളുടെ വീക്ഷണങ്ങളിൽ ഇത്ര പരസ്യമായി ഭ്രാന്തുകാണിക്കുകയും പരാക്രമികളായിരിക്കുകയും ചെയ്യുന്നുള്ളു. എന്നിരുന്നാലും അനേകർ പരസ്യമായി മറെറാരു വർഗ്ഗത്തിൽപെട്ട ആളുകളുടെ നേരെ വൈരാഗ്യം വച്ചുപുലർത്തുകയും അവരെ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു. ലോകത്തിലുടനീളം ആളുകൾ അവരുടെ കണ്ണുകളുടെ ചെരിവ് അനുസരിച്ച് അല്ലെങ്കിൽ അവരുടെ തൊലിയുടെ നിറമനുസരിച്ച് വിധിക്കപ്പെടുന്നു. ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? വർഗ്ഗങ്ങൾ തമ്മിൽ സഹജമായി മാനസികമോ സ്വഭാവപരമോ ആയ വ്യത്യാസങ്ങളുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന്, വർഗ്ഗത്തെ സംബന്ധിച്ച വിവിധ വീക്ഷണങ്ങൾ നൂററാണ്ടുകളിൽ എങ്ങനെ വികാസം പ്രാപിച്ചിരിക്കുന്നുവെന്ന് നാം ആദ്യം പരിശോധിക്കേണ്ടതാണ്. (g90 12⁄8)