വീടിന്റെ അററകുററപ്പണികൾ സംബന്ധിച്ച് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പുരാതനകാലത്തെ ഒരു ജ്ഞാനി ഇപ്രകാരം പറയുകയുണ്ടായി: “എല്ലാററിനും ഒരു നിയമിത സമയം ഉണ്ട്.” (സഭാപ്രസംഗി 3:1) ഒരു വീടിന്റെ അററക്കുററപ്പണി സംബന്ധിച്ച് ഇതെത്ര സത്യമാണ്! കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വീടിന്റെ റിപ്പെയറുകൾ ചെലവേറിയതും സമയം കവരുന്നതുമായിത്തീരാം. ഇതിനുള്ള പരിഹാരം?
അററക്കുററപ്പണികൾക്കായി ഒരു പട്ടിക തയ്യാറാക്കുക, എന്നിട്ട് ആ “നിയമിത സമയ”ത്തോട് പററിനിൽക്കുക. അതിനുള്ള ദിവസങ്ങൾ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തിയിടാവുന്നതാണ്. ഇത് ആവശ്യം വരുന്നതനുസരിച്ച് സഹായിക്കാൻ മററ് കുടുംബാംഗങ്ങൾക്ക് സ്വയം കാര്യങ്ങൾ ക്രമീകരിക്കാൻ മുന്നറിവ് നൽകുന്നു.
വീടിന്റെ അററകുററപ്പണികൾ ഉചിതമായി ചെയ്യുന്നതിന് രണ്ട് സുവർണ്ണനിയമങ്ങൾ ഉണ്ട്. ഒന്നാമതായി, നിങ്ങളെക്കൊണ്ട് കഴിയുന്നടത്തോളം പ്രശ്നങ്ങൾ അവ തുടങ്ങുന്നതിനു മുമ്പുതന്നെ തടയുക. രണ്ടാമതായി ഉണ്ടാകുന്ന പ്രശ്നങ്ങൾ കഴിയുന്നടത്തോളം പെട്ടെന്നുതന്നെ പരിഹരിക്കുക. വസന്തകാലത്ത് നിങ്ങളുടെ വീട് നന്നായി ഒന്ന് പരിശോധിക്കുക, മേൽക്കൂരക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. ചോർച്ച ഉണ്ടാകുന്നത് വീടിന്റെ അകം മാത്രമല്ല ചുവരുകളും കെട്ടിടത്തിന്റെ പുറം ഭാഗവും കേടുവരുത്താനിടയാക്കും.
കൊല്ലത്തിലൊരിക്കൽ ചെയ്യുന്ന ഈ പരിശോധന കൂടാതെ ശക്തമായ കാററു വീശുകയോ മറേറാ ചെയ്യുമ്പോൾ നിങ്ങളുടെ മേൽക്കൂര വീണ്ടും പരിശോധിക്കുക. ചെറിയ റിപ്പെയറുകൾ നിങ്ങൾക്കു തന്നെ ചെയ്യാൻ കഴിയുമെങ്കിലും മേൽക്കൂരയുടെ തകരാറുകൾക്ക് ശാശ്വതമായ പരിഹാരം ഉറപ്പുവരുത്താൻ ഒരു വിശ്വസ്തനായ കോൺട്രാക്ടറായിരിക്കും ഉത്തമം.
നിങ്ങളുടെ വീടിനു ചുററും മരങ്ങളുണ്ടെങ്കിൽ ശരൽക്കാലത്തിന്റെ വരവോടെ കരിയില വീണ് ഓവുചാലുകൾ അടഞ്ഞുപോകുന്നതിനും അങ്ങനെ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥ വന്നേക്കാം. അതുകൊണ്ട് ഓവുചാലുകളും വെള്ളം ഒഴുകുന്ന കുഴലുകളും പരിശോധിക്കുക. ചോർച്ച എന്തെങ്കിലും ഉണ്ടെങ്കിൽ എന്തെങ്കിലും ജലസഹ വസ്തുകൊണ്ട് അടയ്ക്കുക. ലോഹനിർമ്മിതമായ പാത്തികളാണെങ്കിൽ ഒരു കോട്ട് ഗ്ലോസ്സ് പെയിൻറ് അടിക്കുന്നത് ഒരു സംരക്ഷണമായിരിക്കും.
വീടിന്റെ ചുവരുകൾക്കും നിരന്തരമായ പരിശോധന ആവശ്യമാണ്. വിള്ളലോ ഈർപ്പമോ ദ്വാരങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുക. കാററും മഴയും മഞ്ഞും കൂടി ചേർന്ന് മതിലിനെ ജലപ്രതിരോധമാക്കുന്ന കുമ്മായംപോലുള്ള ആവരണങ്ങളെ ക്ഷയിച്ചിപ്പിച്ചേക്കാൻ സാധ്യതയുണ്ട്. ഇപ്രകാരം ബലക്ഷയം ഏററിട്ടുണ്ടെങ്കിൽ ആവശ്യമായ അററകുററപ്പണി ചെയ്യേണ്ടിയിരിക്കുന്നു.
ഒരു നിരന്തരമായ അടിസ്ഥാനത്തിൽ നിങ്ങളുടെ വീട്ടിലെ മരപ്പണികൾ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുക. ചിതലെടുക്കുന്നുണ്ടോ എന്നറിയാനായി വാതിലുകളുടെ കീഴ്ഭാഗങ്ങളും കട്ടിളകളും ജനാലകളും കുത്തി നോക്കുക. അധികഭാഗം ചിതലെടുത്തിട്ടുണ്ടെങ്കിൽ അത്രയും ഭാഗം മുറിച്ചുകളഞ്ഞിട്ട് നല്ല തടി പകരം പിടിപ്പിക്കാൻ കഴിയും. അൽപ്പമൊക്കെ മാത്രമേ ചിതൽ ബാധിച്ചിട്ടുള്ളുവെങ്കിൽ അത്രയും ഭാഗത്ത് എന്തെങ്കിലും പ്രതിരോധക വസ്തു പ്രയോഗിച്ചാൽ മതിയാവും.
നല്ല വായുസഞ്ചാരമില്ലാത്ത ഈർപ്പമുള്ള മുറികളിൽ ചീച്ചിൽ കടന്നുകൂടും. ഇതിന് തേയ്പിലും കുമ്മായത്തിലും ഇഷ്ടികയിലും വ്യാപിക്കുന്നതിന് കഴിയും. ഇത് നിർമ്മാർജ്ജനം ചെയ്യുന്നതിന് കൃത്യമായ വിദഗ്ദ്ധ ശ്രദ്ധ ആവശ്യമാണ്. അതിലേറെ നല്ലത്, വീടു മുഴുവനും നല്ല വായുസഞ്ചാരം ഉറപ്പുവരുത്തിക്കൊണ്ട് ഇതൊരിക്കലും ഉണ്ടാകാതെ തടയുകയാണ്.
വീടിന്റെ പരിപാലനം ഉത്തമമായി നിർവഹിക്കുന്നതിന് അതീവ ശ്രദ്ധയുള്ളവനായിരിക്കുക. നിരന്തരം വീടിന്റെ അകവും പുറവും പരിശോധിക്കുക. ആവശ്യമായ അററകുററപ്പണികൾ വേണ്ട സമയത്ത് തന്നെ നടത്തുക. നിങ്ങൾക്ക് കഴിയുന്നത് സ്വയം ചെയ്യുക, പക്ഷേ ആവശ്യം വരുമ്പോൾ വിദഗ്ദ്ധരുടെ സേവനം ആവശ്യപ്പെടാൻ മടിക്കരുത്. (g90 8⁄22)
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പാത്തികളും കുഴലുകളും
പാത്തികളുടെ തടസ്സം നീക്കുന്നതിന്
◼ ചെളിയും ചവറും നീക്കംചെയ്യുന്നതിനുമുമ്പായി താഴോട്ടുള്ള കുഴൽ ഒരു പഴന്തുണികൊണ്ട് അടക്കുക, അല്ലാത്തപക്ഷം ചെളി കുഴലിനകത്ത് കയറിയേക്കാം.
◼ തടസ്സകാരണമായ സകലതും വടിച്ചുകോരി നിങ്ങളുടെ ഗോവണിയിൽ തൂക്കിയിട്ടിരിക്കുന്ന ബക്കററിൽ നിക്ഷേപിക്കുക.
◼ പഴന്തുണി മാററിയശേഷം പാത്തിയിലൂടെ വെള്ളം ഒഴിക്കുക. അതു നിർവിഘ്നം ഒഴുകുന്നില്ലെങ്കിൽ തടസ്സം താഴോട്ടുള്ള കുഴലിനുള്ളിലാണ്.
കുഴലിനുള്ളിലെ തടസ്സം നീക്കം ചെയ്യുന്നതിന്
◼ താഴേക്ക് വെള്ളമൊഴുകുന്ന കുഴലിന്റെ കീഴിലായി ഓവ് ഉണ്ടെങ്കിൽ അവിടെ ഒരു പാത്രം വെച്ച് അഴുക്ക് മേൽപ്പോട്ട് തള്ളുന്നത് തടയുക.
◼ തറനിരപ്പിൽനിന്ന് ഒരു ബലമുള്ള കമ്പി കുഴലിനുള്ളിലേക്ക് കടത്തി കീഴ്ഭാഗത്ത് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അത് ഇളക്കിവിടുക.
◼ കുഴലിന്റെ മുകളിൽനിന്ന് വളഞ്ഞ അഗ്രമുള്ള ഒരു കമ്പി കടത്തി മുകൾഭാഗത്ത് തടസ്സമുണ്ടാക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ വലിച്ചെടുക്കുക.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
കൽമതിലുകൾ റിപ്പെയർ ചെയ്യൽ
വീണ്ടും പോയിൻറ് ചെയ്യൽ(കുമ്മായംകൊണ്ടുള്ള ജോയിൻറുകൾ റിപ്പെയർ ചെയ്യൽ)
◼ ഒരു ഉളിയും ചുററികയും ഉപയോഗിച്ച് ഇളകിയ കുമ്മായം 1 സെ. മീ. ആഴത്തിൽ കൊത്തിക്കളയുക.
◼ റീ പോയിൻറ് ചെയ്യാനുള്ള ഭാഗം നല്ല കട്ടിയുള്ള ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക.
◼ സെററ് ആകുന്നതിനുമുമ്പ് ഉപയോഗിക്കാൻ കഴിയുന്നതിലധികം വരാത്ത അളവിൽ കുമ്മായം കൂട്ടുക.
◼ ഇഷ്ടികയും ഇടക്കുള്ള കുമ്മായവും വെള്ളം ഒഴിച്ച് നനക്കുക.
◼ ഒരു കൊലശ്ശേരി കൊണ്ട് ഇഷ്ടികകളുടെ വിടവിലേക്ക് കുമ്മായം എറിഞ്ഞ് തേച്ചുപിടിപ്പിക്കുക.
◼ കുമ്മായം ഉണങ്ങിയശേഷം, എന്നാൽ പൂർണ്ണമായും ഘനീഭവിക്കുന്നതിനുമുമ്പായി ഒരു ഉണങ്ങിയ ബലമുള്ള ബ്രഷ്കൊണ്ട് ഇഷ്ടികയിൽ പററിയിരിക്കാൻ സാധ്യതയുള്ള കുമ്മായശകലങ്ങൾ നീക്കം ചെയ്യുക.
വീണ്ടും തേപ്പ്
◼ ഇളകിയ തേപ്പ് കൊത്തിക്കളയുക.
◼ മതിൽ നനക്കുക.
◼ കൊലശ്ശേരി ഉപയോഗിച്ച് പുതിയ കുമ്മായക്കൂട്ട് തേച്ച് പിടിപ്പിക്കുക
◼ തേച്ചത് അൽപ്പം ഉണങ്ങാൻ അനുവദിക്കുക.
◼ അവസാന കോട്ട് കുമ്മായം പിടിപ്പിക്കുന്നതിനായി അതിന്റെ പുറമെ വരയുക.
◼ അവസാന കോട്ട് കുമ്മായം പിടിപ്പിക്കുക.
◼ ഉപരിതലം നിരപ്പാക്കുന്നതിന് ഒരു മരക്കോൽ ഉപയോഗിച്ച് പുറമെ വടിക്കുക.