ഭവനരഹിതർ എത്ര ഗുരുതരമായ ഒരു പ്രശ്നം?
ലോകത്തെമ്പാടും ദശലക്ഷക്കണക്കിനാളുകൾ സാധാരണയായി ഗുണമേൻമ കുറഞ്ഞ വസതികളിലാണ് പാർക്കുന്നത്. ഭവനരഹിതർക്കുവേണ്ടി പണിയുന്നു എന്ന അഭിധാനത്തിലുള്ള ഒരു യു.എൻ. പ്രസിദ്ധീകരണത്തിൽ പറയുന്നതനുസരിച്ച് വികസ്വര രാഷ്ട്രങ്ങളിൽ “പട്ടണവാസികളിൽ 50 ശതമാനത്തോളം—ചില നഗരങ്ങളിൽ 80 ശതമാനത്തോടടുത്ത്—വേണ്ടത്ര വെള്ളമോ വെളിച്ചമോ ശുചീകരണമോ മാലിന്യനിർമ്മാർജ്ജനമോ ഇല്ലാത്ത ചേരികളിലും പുറമ്പോക്ക് വീടുകളിലുമാണ് വസിക്കുന്നത്. അങ്ങനെയുള്ള സ്ഥലങ്ങളിലെ ജീവിതം എങ്ങനെയായിരിക്കും? ഉണരുക! ലേഖകൻമാർ ചുവടേ ചേർക്കുന്ന രംഗറിപ്പോർട്ടുകൾ നൽകുന്നു.
ബോംബേ, ഇൻഡ്യാ—സെൻട്രൽ ബോംബെയിലെ വേനൽചൂട് ഉഗ്രമാണ്. പടർന്നുപന്തലിച്ച ഒരു ആൽമരത്തിൻകീഴിൽ ഒരു പുരുഷനും സ്ത്രീയും ഒരു ശിശുവും ഒരു കൽത്തറയിൽ കിടന്നുറങ്ങുന്നു. തുച്ഛമായ കിടക്കയും ഏതാനും പാചക സാമഗ്രികളും ഒരു ചെറിയ തീയും ചാരവും അവർ ആ സ്ഥലത്തെ ഒരു താൽക്കാലിക ഭവനമായി കൈവശപ്പെടുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. അവർക്ക് വേറെ സ്ഥലമില്ല. കടയിൽ സാധനം വാങ്ങാൻ പോകുന്നവരും ബിസിനസ്സുകാരും കുടുംബത്തെ അവഗണിച്ചുകൊണ്ടെന്നപോലെ കടന്നുപോകുന്നു. ഏതായാലും, ആ നഗരത്തിൽ അവരെപ്പോലെ പതിനായിരങ്ങളുണ്ട്. 2 കോടി 47 ലക്ഷം വീടുകളുടെ കുറവുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് വീടില്ലാത്ത ആളുകളെ കാണുക സാധാരണമാണ്.
അടുത്തുതന്നെ, ഒഴിഞ്ഞ സ്ഥലങ്ങളിലും പെരുവഴിയോരങ്ങളിലും തീവണ്ടിപ്പാളങ്ങളുടെ വശങ്ങളിലും പ്രാകൃത കൂടാരങ്ങൾ ഉയർന്നുവന്നിരിക്കുന്നു. പുറമ്പോക്കുകയ്യേററക്കാർ എന്നു വിളിക്കപ്പെടുന്ന അസംഖ്യമാളുകൾക്കായി പഴഞ്ചാക്കുകളും പഴന്തുണികളും അടുക്കി വീടുകൾ രൂപപ്പെടുത്തിയിരിക്കുന്നു. അധികാരികൾ അത്തരം അഭയകേന്ദ്രങ്ങൾ പൊളിച്ചുമാററുന്നില്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾകൊണ്ടു നിർമ്മിക്കപ്പെടുന്ന ഇടുങ്ങിയ, ജനാലകളില്ലാത്ത, കുടിലുകൾ പ്രത്യക്ഷപ്പെടും. അവിടെ ജീവിക്കുന്നവർ ദിവസവും വെള്ളത്തിനായി പരക്കം പായുകയാണ്. തീവണ്ടിപ്പാളങ്ങളും ചവററുകൂനകളും തുറന്ന കക്കൂസുകളായി പരിണമിക്കുന്നു. സ്ഥാപിത ചേരികളിലെ “സ്ഥിര” നിർമ്മിതികൾ മിക്കവാറും താരതമ്യേന അസൂയാവഹങ്ങളാണ്, അവിടെ കുറഞ്ഞപക്ഷം ചുരുക്കം ചില വാട്ടർററാപ്പുകളും കക്കൂസുകളും കാണാം.
ജോഹാനസ്ബർഗ്ഗ്, സൗത്താഫ്രിക്കാ—വെള്ളക്കാരനായ സൗത്താഫ്രിക്കാക്കാരന് എന്നും ഉയർന്നുകൊണ്ടിരിക്കുന്ന വിലക്കയററത്തെ നേരിടാൻ കഴിയുമെങ്കിൽ വീട് ഒരു വലിയ പ്രശ്നമല്ല. എന്നിരുന്നാലും, സൗത്താഫ്രിക്കാ 1986 എന്ന ഗവൺമെൻറിന്റെ ഔദ്യോഗിക വാർഷികപ്പുസ്തകമനുസരിച്ച് “വിശേഷിച്ച്, പട്ടണപ്രദേശങ്ങളിൽ സൗത്താഫ്രിക്കായിക്ക് ഇപ്പോൾ കറുത്തവർക്കുവേണ്ടിയുള്ള വീടുകളുടെ കാര്യത്തിൽ വമ്പിച്ച കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.” ആയിരക്കണക്കിനാളുകൾ വീടുകൾക്കുവേണ്ടിയുള്ള വെയ്ററിംഗ് ലിസ്ററിലായതുകൊണ്ട് ചിലപ്പോൾ മൂന്നു കുടുംബങ്ങൾ നാലു മുറികളുള്ള ഒരു വീട്ടിലോ മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബം ഒരു മുറിയിലോ താമസിക്കേണ്ടിവരുന്നു. ഒരു മകൻ വിവാഹിതനാകുമ്പോൾ അവൻ രണ്ടോ മൂന്നോ വർഷത്തിനകം എന്തെങ്കിലും ലഭ്യമാകുമെന്നുള്ള ആശയിൽ വെയ്ററിംഗ് ലിസ്ററിൽ വരുന്നു. അതിനിടയിൽ, നവദമ്പതികൾ മാതാപിതാക്കളുമായി മുറി പങ്കിടുകയോ പിൻമുററത്ത്—അങ്ങനെയൊന്നുണ്ടെങ്കിൽ—ഇരുമ്പുതകിടുകൊണ്ട് ഒരു പഴങ്കുടിൽ ഉണ്ടാക്കുകയോ ചെയ്യുന്നു.
ചില പ്രദേശങ്ങളിൽ, ഉടമകൾ അത്തരം കുടിലുകൾ നിർമ്മിക്കുകയും വലിയ വാടകകൾ ആവശ്യപ്പെടുകയും ചെയ്യുന്നു. വീടുകളുടെ ആവശ്യത്തിന് പരിഹാരംകാണാൻ തങ്ങൾക്ക് കഴിയാത്തതിനാൽ സിററി കൗൺസിലുകൾ അതനുവദിക്കുന്നു. ഇത് ചാളകൾ ഉളവാക്കുകയും കുററകൃത്യത്തിനും രോഗത്തിനും ബീജാവാപം ചെയ്യുകയും ചെയ്യുന്നു. പൈപ്പുവെള്ളമില്ലാത്ത, ഒരുപക്ഷേ നാലോ അഞ്ചോ കുടുംബങ്ങൾക്ക് ഒരു കക്കൂസ് മാത്രമുള്ള, അത്തരം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജനിക്കുന്നതുകൊണ്ട് ഓരോ ആയിരം കുട്ടികളിലും 136 വീതം മരണമടയുന്നുവെന്ന് റേഡിയോ റിപ്പോർട്ട് ചെയ്തു. മൂത്ത കുട്ടികളും ബാധിക്കപ്പെടുന്നു. അവർ മോഷ്ടിക്കാൻ പഠിക്കുകയും ഇളംപ്രായത്തിൽതന്നെ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. യുവാക്കളുടെ ഇടയിൽ കുടി സാധാരണമാണ്.
ഷാംഗ്ഹായ്, ചൈനാ—ലോകത്തിലെ ഏററവും കൂടിയ ജനഃസംഖ്യയുള്ള രാഷ്ട്രത്തിലെ ഏററം കൂടിയ ജനഃസംഖ്യയുള്ള ഈ നഗരത്തിൽ 1 കോടി 20 ലക്ഷത്തിലധികം വരുന്ന നിവാസികൾക്ക് വേണ്ടത്ര വീടുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് ഒരു പ്രയാസമേറിയ വെല്ലുവിളിയാണ്. ഗവൺമെൻറ് പുതിയ വീടുകൾ പണിയാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ജനങ്ങളിൽ ഭൂരിപക്ഷവും ‘30-കളിലും’ 40-കളിലും നിർമ്മിക്കപ്പെട്ട കളിവീടുകൾ പോലെ കാണപ്പെടുന്ന ചെറിയ വീടുകളിലാണ് ഇപ്പോഴും വസിക്കുന്നത്. അവ വലിയ സിററി ബ്ലോക്കുകളിൽ ഞെക്കിഞെരുക്കിക്കൊള്ളിച്ചിരിക്കുന്നു, ഷാംഗ്ഹായികൾ ഇടവഴികൾ എന്നു വിളിക്കുന്നവയിൽകൂടെ മാത്രമേ അവയിൽ പ്രവേശിക്കാൻകഴിയൂ. ഈ വീടുകളിൽ പലതിനും പൈപ്പുവെള്ളമോ അകത്ത് അടുക്കളയോ കക്കൂസോ ഇല്ല. ശീതകാല ഊഷ്മാവ് ജലഖരാങ്കത്തിലും താണുപോയേക്കാമെങ്കിലും അവയിൽ ചൂടേകാനുള്ള ക്രമീകരണമില്ല. മുൻ ഫ്രഞ്ച്, ബ്രിട്ടീഷ്, മേഖലകളിൽ വലിയ കെട്ടിടങ്ങൾ സാധാരണയായി ഒരു കുടുംബത്തിന് ഒരു മുറി എന്ന കണക്കിൽ വിഭജിച്ചിരിക്കുകയാണ്, എല്ലാവർക്കുംകൂടെ ഒരു പൊതു അടുക്കളയും കക്കൂസും മാത്രമേയുള്ളു. മിക്കപ്പോഴും അത്തരമൊരു മുറിയിൽ മൂന്നു തലമുറകൾ ഒരുമിച്ചു ജീവിക്കുന്നു.
ജനങ്ങൾക്ക് മെച്ചപ്പെട്ട വീട് എന്നുള്ളത് സിററി ഉദ്യോഗസ്ഥൻമാരുടെ മുൻഗണനയാണ്. ഇപ്പോൾ ഓരോ വ്യക്തിക്കും 43 മുതൽ 58 വരെ ചതുരശ്ര അടി പാർപ്പിടമേയുള്ളു. ഇത് ആളാംപ്രതിയുള്ള ദേശീയ ലക്ഷ്യമായ 64 ചതുരശ്ര അടിയിൽ കുറവാണ്. 1985-ൽ ഷാംഗ്ഹായിയിൽ 6,000 പുതിയ ബഹുശാലാഭവനങ്ങൾ നിർമ്മിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. നിർമ്മാണത്തിന് 202 കോടി 50 ലക്ഷം രൂപാ 1986-ൽ ചെലവഴിച്ചു. ഇപ്പോഴും ഒരു ലക്ഷത്തിലധികം പേർ പുതിയ വീടുകൾക്കുവേണ്ടിയുള്ള വെയ്ററിംഗ് ലിസ്ററിലുണ്ട്. വേറേ എത്ര പേർ സ്വന്തമെന്നു വിളിക്കാൻ ഒരു സ്ഥലം അന്വേഷിക്കുന്നുണ്ടെന്ന് പറയാൻ മാർഗ്ഗില്ല.
സാവങ് പോളോ, ബ്രസീൽ—ഈ നഗരത്തിൽ എല്ലായിടത്തും ചെററക്കുടിൽ കോളണികൾ ഉയർന്നുവന്നിട്ടുണ്ട്. ഭവനരഹിതർ ഭഗ്നാശരായി സ്വകാര്യവസ്തുക്കളും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും കയ്യേറുകയും ഭദ്രമല്ലാത്ത തകരക്കുടിലുകളും മാടങ്ങളും കെട്ടിപ്പൊക്കുകയും ചെയ്തിരിക്കുന്നു, ചിലപ്പോൾ മഹനീയമായ വീടുകൾക്കും ആധുനികബഹുശാലാ ഭവനങ്ങൾക്കും തൊട്ടടുത്തുതന്നെ. അനേകം പരമ്പരാഗത കുടുംബഭവനങ്ങൾ താൽക്കാലിക വാടകമുറികളായി മാററിയിരിക്കുന്നു, മിക്കപ്പോഴും 50 പേർക്ക് ഒരു ബാത്ത്റൂമാണുള്ളത്.
കഴിഞ്ഞ ഏപ്രിലിൽ സാവങ് പോളോയുടെ പ്രാന്ത പ്രദേശത്തെ നിയമവിരുദ്ധ കയ്യേററക്കാരെ ഒഴിപ്പിക്കാൻ മിലിറററി പോലീസിനെ സംഘടിപ്പിച്ചപ്പോൾ കാര്യങ്ങൾ മോശമായി. ഓ എസ്റേറഡോ ഡി എസ്. പോളോ എന്ന വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് വൃദ്ധജനങ്ങളെ അടിക്കുകയും സ്ത്രീകളെ തലമുടിക്കുപിടിച്ചു വലിച്ചിഴക്കുകയും കുട്ടികളെ ഇടിച്ചുവീഴിക്കുകയുംചെയ്തു. അവരുടെ പഴങ്കുടിലുകളിലേക്കെറിയപ്പെട്ട ററിയർഗാസ് ബോംബുകളിൽനിന്ന് പലർക്കും ശ്വാസോച്ഛ്വാസപ്രശ്നങ്ങളുണ്ടായി.
ചേരിപ്രദേശങ്ങളിലെയും കയ്യേററപ്രദേശങ്ങളിലെയും ചെററക്കുടിൽകോളണികളിലെയും (അല്ലെങ്കിൽ ഒരുവൻ അവയെ എന്തുതന്നെ വിളിക്കാനിഷ്ടപ്പെട്ടാലും) ജീവിതത്തിലെ ദുരിതവും ദാരിദ്ര്യവും നൈരാശ്യവും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആർക്കും അത്തരം അവസ്ഥകളെ സങ്കൽപ്പിക്കുക പ്രയാസമായിരിക്കും. അതെ, സഹസ്രലക്ഷങ്ങൾക്ക് അവ ദൈനംദിന അസ്തിത്വത്തിലെ യാഥാർത്ഥ്യങ്ങളാണ്. (g88 3/8)