നിങ്ങളുടെ കാസെറ്റ് റ്റെയ്പ്പുകൾക്ക് സഹായകമായ നിർദ്ദേശങ്ങൾ
പ്ലേ ബട്ടൺ അമർത്തിയിട്ട് പരിപാടി ആസ്വദിക്കാൻ ഒരുങ്ങി നിങ്ങൾ പിന്നോക്കം ചാഞ്ഞിരിക്കുന്നു. എന്നാൽ പെട്ടെന്ന് സ്പഷ്ടവും വ്യക്തവുമായ സ്വരത്തിന്റെ വേഗത കൂടി അത് മേൽസ്ഥായിയിലുള്ള ഒരു മൂളലായി മാറുന്നു. നിങ്ങൾ ചാടിയെഴുന്നേൽക്കുന്നു, എന്നാൽ സമയം വളരെ വൈകിപ്പോയിരിക്കുന്നു. നിങ്ങൾക്ക് രസം പകർന്നുകൊണ്ടിരുന്ന കാസെറ്റ് നിരാശാജനകമാംവണ്ണം കുഴഞ്ഞ അവസ്ഥയിൽ കുരുങ്ങിപ്പോയിരിക്കുന്നു. നിങ്ങൾ റിക്കാർഡ് ചെയ്തത് നഷ്ടമായിരിക്കുന്നു.
ഇതുപോലുള്ള കാര്യങ്ങൾ പലപ്പോഴും സംഭവിക്കുന്നു, എന്നാൽ ഇതു തടയാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അതേസമയം നിങ്ങളുടെ റിക്കാർഡിംഗിൽ നിന്ന് പരമാവധി പ്രയോജനം അനുഭവിക്കാൻ അതു നിങ്ങളെ സഹായിക്കും. ഇതാ നിങ്ങളുടെ കാസെറ്റ് ടെയ്പ്പിന് സഹായകമായ ചില നിർദ്ദേശങ്ങൾ:
■ നിങ്ങളുടെ കാസെറ്റുകൾ അവയുടെ പെട്ടികളിലോ ആൽബത്തിലോ സൂക്ഷിക്കുക. ഇത് കാസെറ്റുകളിൽ പൊടി പിടിക്കാതെയും ടെയ്പ്പ് അയഞ്ഞുപോകാതെ കാസെറ്റിന്റെ റീലുകൾ പൂട്ടിയ നിലയിലും അവയെ സൂക്ഷിക്കും. ഇത് ടെയ്പ്പ്, റിക്കാർഡറിന്റെ യന്ത്രത്തിൽ കുരുങ്ങുന്നതിനുള്ള സാദ്ധ്യത കുറക്കുന്നു.
■ ചൂടുള്ള ഒരു വസ്തുവിനടുത്തോ നിങ്ങളുടെ കാറിന്റെ പിൻജനൽപോലെ വെയിൽ നേരിട്ടടിക്കുന്ന ഒരു സ്ഥാനത്തോ കാസറ്റുകൾ വച്ചേക്കരുത്.
■ നിങ്ങളുടെ കാസെറ്റുകൾ ഒരു ഉച്ചഭാഷണിയുടെ സമീപത്തോ ടെലിവിഷന്റെ മുകളിലോ ടെലഫോണിനടുത്തോ അല്ലെങ്കിൽ ഒരു കാന്തവലയമുള്ള എന്തിന്റെയെങ്കിലും അടുത്തോ വച്ചേക്കരുത്. അവ ഭാഗികമായോ മുഴുവനായിട്ടുതന്നെയോ മാഞ്ഞുപോയേക്കാം.
■ ടെയ്പ്പ് നേരിട്ട് സ്പർശിക്കുന്ന മാഗ്നെറ്റിക് ഹെഡുകളും പിഞ്ച് റോളറുകളും ക്യപ്സ്റ്റാനുകളും ടെയ്പ്പിന്റെ മാർഗ്ഗത്തിലെ മറ്റ് എല്ലാ ലോഹഭാഗങ്ങളും ക്രമായി ശുദ്ധിയാക്കുക. സാധാരണയായി ടെയ്പ്പ് കംപാർട്ടുമെൻറിന്റെ കതക് തുറന്നാൽ നിങ്ങൾക്ക് ഈ ഭാഗങ്ങളിലെത്താൻ കഴിയും. മറിച്ച് നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ നിങ്ങൾക്ക് ഇത് ഐസോപ്രോഫിൽ ആൽക്കഹോളും അൽപ്പം പഞ്ഞിയും ഉപയോഗിച്ച് ചെയ്യാൻ കഴിയും. ഹെഡുകളുടെ സ്ഥാനം കൃത്യമായി ക്രമീകരിച്ചിരിക്കുന്നതാകയാൽ അവയിൻമേൽ സമ്മർദ്ദം ചെലുത്താതെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പഞ്ഞി ഒട്ടും യന്ത്രത്തിനകത്ത് അവശേഷിപ്പിക്കരുത്.
■ ഒരു റിക്കാർഡറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന മാഗ്നെറ്റിസം നീക്കം ചെയ്യുന്നതിന് ഒരു ഡീമാഗ്നെറ്റൈസർ വളരെ പ്രയോജനപ്രദമാണ്. എന്നാൽ അത് ഉപയോഗിക്കുമ്പോൾ ടെയ്പ്പ്ഡെക്ക് സ്വിച്ച് ഓഫ് ചെയ്യുന്നുവെന്നും കാസെറ്റുകൾ അതിന്റെ പാതയിൽനിന്നും ദൂരെ മാറ്റി വയ്ക്കുന്നുവെന്നും ഉറപ്പുവരുത്തുക. കൂടാതെ ഹെഡുകളിൽ തട്ടാതെയും പോറലേൽപ്പിക്കാതെയുമിരിക്കാൻ സൂക്ഷിക്കുക. ഈ ജോലി എളുപ്പമാക്കിത്തീർക്കുന്നതിന് നിങ്ങൾക്ക് ഡീമാഗ്നെറ്റൈസിംഗിനും ക്ലീനിംഗിനും വേണ്ടിയുള്ള റെഡിമെയ്ഡ് കാസെറ്റുകൾ വാങ്ങാൻ കഴിയും.
ഈ നടപടിക്രമങ്ങളൊക്കെ വളരെ സങ്കീർണ്ണമായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങളെ സഹായിക്കാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടുക. കാസെറ്റ് റിക്കാർഡറുകളും ടെയ്പ്പുകളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നതിനാൽ എന്തു ചെയ്യണമെന്ന് നിങ്ങൾക്ക് കാണിച്ചുതരാൻ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്തുക പ്രയാസമായിരിക്കുകയില്ല. എന്നാൽ നിങ്ങളുടെ യന്ത്രം ക്രമായി ക്ലീൻ ചെയ്യുകയും ഡീമാഗ്നെറ്റൈസ് ചെയ്യുകയും നിങ്ങളുടെ കാസെറ്റുകൾ ഉചിതമായ രീതിയിൽ സൂക്ഷിക്കുകയും ചെയ്യുന്നത് നിങ്ങളുടെ റിക്കാർഡിംഗുകൾ ദീർഘകാലത്തേക്ക് ആസ്വദിക്കാൻ സഹായിക്കും.
ഇപ്പോൾ വാച്ച് ടവർ സൊസൈറ്റി ഓരോ മാസവും 5,00,000 കാസെറ്റുകൾ നിർമ്മിക്കുന്നു. ഇവയിൽ ബൈബിൾ പുസ്തകങ്ങളുടെ റിക്കാർഡിംഗും ബൈബിൾ വിഷയങ്ങളോടുകുടിയ നാടകങ്ങളും യഹോവയുടെ സാക്ഷികൾ ലോകത്തിലെല്ലായിടത്തുമുപയോഗിക്കുന്ന ഗീതങ്ങളുടെ സംഗീതവും ഉൾപ്പെടുന്നു. ഈ ആധുനിക ആശയവിനിമയ മാർഗ്ഗം ഭൂവിസ്തൃതമായി രാജ്യസുവാർത്ത പ്രചരിപ്പിക്കുന്നതിൽ ഒരു പ്രമുഖ പങ്കുവഹിക്കുന്നു.—മത്തായി24:14. (g87 11/8)
[28-ാം പേജിലെ ചിത്രം]
ക്ലീനിംഗും ഡീമാഗ്നെറ്റൈസിംഗും: നിങ്ങളുടെ കാസെറ്റുകളിൽനിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നതിനുള്ള രണ്ട് എളുപ്പമായ നടപടികൾ