മികച്ച ആരോഗ്യം ഒരു ഗ്ലാസ്സ് ജലത്തിൽ!
അടുക്കളയിലെ ബേയ്സിനിൽ അതുണ്ട്. സാധാരണ എല്ലാവർക്കും അതു സുലഭമാണ്. അതിന് വില തുച്ഛം പക്ഷേ മികച്ചു ആരോഗ്യം കൈവരുത്താൻ അതിനു കഴിയും. അതു നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനമായ പോഷകഘടകങ്ങളിൽ ഒന്നാണ്. അത് തെളിഞ്ഞ ശീതജലമാണ്. പക്ഷേ അധികം ജലം കുടിക്കാനുള്ള ലളിതമായ ബുദ്ധിയുപദേശം ആരോഗ്യബോധമുള്ള ആളുകൾപോലും പലപ്പോഴും അവഗണിക്കുന്നു.
നമ്മുടെ ശരീരഭാരത്തിന്റെ ഏതാണ്ട് 70 ശതമാനം ജലമാണ് എന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? അതുകൊണ്ട് നമ്മുടെ ശരീരങ്ങൾ ആരോഗ്യപൂർവ്വകമായ വിധത്തിൽ പ്രവൃത്തിക്കുന്നതിന് നമുക്ക് വളരെയധികം ജലം ആവശ്യമുള്ളതെന്ത് കൊണ്ട് എന്ന് കാണുക വിഷമുള്ള ഒന്നല്ല.
തീർച്ചയായും നമ്മുടെ വൃക്കകൾ ഒരു അത്ഭുത ജോലിയാണ് ചെയ്യുന്നത്. ദശലക്ഷങ്ങളോളം സൂഷ്മങ്ങളായ അരിപ്പകൾ കൊണ്ട് സജ്ജമായ വൃക്കകൾ രക്തത്തിൽ മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധീകരിക്കപ്പെട്ട ദ്രാവകം പ്രവാഹ രക്തത്തിലേക്ക് തിരികെത്തരുന്നു. നമ്മുടെ വൃക്കകൾ പുനർദാനം ചെയ്യുന്ന ജലമില്ലായിരുന്നെങ്കിൽ നമുക്ക് ഒരു ദിവസം ആയിരക്കണക്കിന് കപ്പ് ജലം കുടിക്കേണ്ടി വരുമായിരുന്നു.
പക്ഷേ, ആരോഗ്യമുള്ള വൃക്കകൾ നന്നായി പ്രവർത്തിച്ചാലും നമ്മുടെ ശരീരങ്ങളിലെ ശുദ്ധജലത്തിന്റെ അളവ് അടിക്കടി കുറയുന്നു. കോശങ്ങളിൽ നടക്കുന്ന ജീവപ്രവൃത്തനങ്ങളിൽ നിന്നുളവാകുന്ന വിസർജ്ജ്യ വസ്തുക്കൾ കഴുകിക്കളയുന്നതിന് ആവശ്യമായ ജലം ഇല്ലാതെ വന്നാൽ ശരീരകോശങ്ങൾ അവയുടെ സ്വന്ത വിസർജ്ജ്യങ്ങളെക്കൊണ്ട് സാവധാനം വിഷലിപ്തമായിത്തീരാൻ കഴിയും.
അനുഗ്രഹവശാൽ, നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അധികവും നമുക്കാവശ്യമായ ധാരാളം ജലം പ്രദാനം ചെയ്യുന്നു, കാരണം മിക്ക ഭക്ഷ്യങ്ങളും ഏറിയ പങ്കും വെള്ളം കൊണ്ടാണു രൂപം കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് മുട്ടയുടെ കാര്യം എടുക്കുക. ഒരു മുട്ടയുടെ 74 ശതമാനവും ജലമാണ് എന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കയില്ല. ഒരു തണ്ണിമത്തങ്ങയുടെ 92 ശതമാനം ജലമാണ്. എന്നിരുന്നാലും, വെള്ളം അധികം കുടിക്കുന്ന നമുക്കു മിക്കവർക്കും പിന്നെയും ഗുണം ചെയ്യും.
ശരീകകലകളിലെ വിഷാവശിഷ്ടങ്ങളുടെ വർദ്ധനവിൽ നിന്നും അത്യധികമായ ക്ഷീണം ഉണ്ടാകും എന്ന അവകാശവാദം സ്ഥിരീകരിക്കുന്നതിന് മൈക്കിൾ ബോഡി എന്ന ദേഹം വീക്ക് എൻറ് ഓസ്ത്രേലിയൻ എന്ന പത്രികയിൽ എഴുതവെ പർവ്വതാരോഹകരുടെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം പറയുന്നു: “സിസ്സ് പർവ്വതാരോഹകർക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കാൻ കഴിയാതെ പോയത് വെള്ളത്തിന്റെ കുറവ് നിമിത്തമായിരുന്നു, എഡ്മൺഡ് ഹിലാരിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണസംഘം പക്ഷേ വിജയിക്കാനുള്ള ഹേതുവും വെള്ളം തന്നെയായിരുന്നു. അവർ മലകയറുമ്പോൾ ഒരു ദിവസം 12 കപ്പ് എന്ന നിരക്കിൽ വെള്ളം കുടിച്ചിരുന്നു.”
ജലപാനത്തിന്റെ മൂല്യം എടുത്തുകാട്ടുന്ന ഒരു ഹാർവാർഡ് സർവ്വകലാശാല പരീക്ഷണത്തെപ്പറ്റിയും ഇതേ ലേഖകൻ പറയുന്നു. കായികാഭ്യാസികളുടെ ഒരു ചെറിയ ഗ്രൂപ്പിനോട് വെള്ളം അശ്ശേഷം കുടിക്കാതെ മണിക്കൂറിൽ 3 മൈൽ (5കി.മി.⁄മണിക്കൂർ) വേഗതയിൽ നടക്കാൻ നിർദ്ദേശിച്ചു. അവർ ഏതാണ്ട് 3 1⁄2 മണിക്കൂറോളം നടന്നു. അതോടെ അവരുടെ ശരീരോഷ്മാവ് ഏകദേശം 102 ഡിഗ്രി ഫാരൻ ഹീറ്റായി (39 0C) ഉയർന്നു. തുടർന്ന് പെട്ടെന്ന് അവർ പരിക്ഷീണരായി വീണു.
രണ്ടാമതൊരു കൂട്ടം ഇതേ പരിപാടി ആവർത്തിച്ചു, പക്ഷേ ദാഹം തോന്നുമ്പോഴെല്ലാം വേണ്ടുവോളം വെള്ളം കുടിക്കുന്നതിന് അവർ അനുവദിക്കപ്പെട്ടിരുന്നു. ഈ ഗ്രൂപ്പുകാർ 6 മണിക്കൂർ പിടിച്ചു നിന്നു അനന്തരം മുൻഗ്രൂപ്പിനുണ്ടായ അതേ അനുഭവം അവർക്കുമുണ്ടായി.
തുടർന്ന് മൂന്നാമതൊരു ഗ്രൂപ്പിനെ പരീക്ഷണവിധേയമാക്കി. ഇവരെ സൂക്ഷ്മനിരിക്ഷണം നടത്തിക്കൊണ്ടിരുന്നു. ഓരോ 15 മിനിറ്റുകളിലും ഒരു കപ്പ് ജലം അവർക്ക് നഷ്ടമായിക്കൊണ്ടിരുന്നു എന്ന് കണ്ടെത്തി. നഷ്ടപ്പെടുന്ന ജലം അപ്പോൾതന്നെ നികത്തികൊണ്ടിരുന്നാൽ ഈ ഗ്രൂപ്പിലാരും തന്നെ ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വർദ്ധനവോ പരീക്ഷീണിത ഘട്ടമോ നേരിടേണ്ടി വന്നില്ല വാസ്തവത്തിൽ അവരെല്ലാവരും തങ്ങൾക്ക് അനിശ്ചിത സമയത്തേക്ക് പിന്നെയും നടക്കാനാകുമായിരുന്നുവെന്ന് അവകാശപ്പെട്ടു. അതുകൊണ്ട് സ്വാഭാവികമായ ദാഹമല്ല വെള്ളത്തിനായുള്ള ശരീരത്തിന്റെ ആവശ്യത്തിന്റെ കൃത്യമായ അളവുകോൽ എന്നു തോന്നുന്നു. ദാഹം നിർദ്ദേശിക്കുന്നതിനേക്കാൾ അധികം നമുക്കാവശ്യമുണ്ട്.
നവോൻമേഷദായകമായ ദൈവദത്ത ശീതജലം അധികം പാനം ചെയ്യുന്നതിലൂടെ ഒരു പക്ഷേ നമുക്കെല്ലാം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനായേക്കും. (g86 3/8)
[24-ാം പേജിലെ ചിത്രം]
മണിക്കൂറിൽ മൂന്നു മൈൽ വേഗതയിൽ നടക്കുമ്പോൾ ഒരു വ്യക്തിക്ക് ഓരോ 15 മിനിറ്റിലും ഒരു കപ്പ് ജലം വീതം നഷ്ടപ്പെടുന്നു