ഒന്നായി പറക്കുന്ന പക്ഷിക്കൂട്ടങ്ങൾ
നിങ്ങളെല്ലാം അത് കണ്ടിട്ടുണ്ടായിരിക്കാം. പ്രാവിൻ കൂട്ടങ്ങൾ ഒന്നുപോലെ കറങ്ങിത്തിരിയുന്നതുതന്നെ. കടൽപ്പുറത്തെ വാലാട്ടിപ്പക്ഷികൾ അതുതന്നെ ചെയ്യുന്നു. അവ അതു ചെയ്യുന്നതെങ്ങനെയെന്ന് ആശ്ചര്യപ്പെട്ട് നിങ്ങൾ അത്ഭുതത്തോടെ നോക്കിനിൽക്കുന്നു. അവ ഒരു നേതാവിനെ അനുസരിക്കുകയാണോ? അവയെ ഐക്യത്തിൽ നിർത്തുന്ന മറ്റേതെങ്കിലും നിഗൂഢ ശക്തികൾ ഉണ്ടോ? നിങ്ങളെ കുഴച്ചു കളഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കൂട്ടുകാരുണ്ട്. ഒരു കൂട്ടത്തിലെ നൂറുകണക്കിന്, ആയിരക്കണക്കിന് പക്ഷികൾ ഒന്നായി പറക്കുകയും തിരിയുകയും ചെയ്യുന്നതെങ്ങനെയെന്ന് മൃഗങ്ങളുടെ സ്വഭാവം പഠിക്കുന്നവർ വർഷങ്ങളോളം പരിചിന്തിക്കുകയുണ്ടായി. നേയ്ച്ചർ എന്ന ശാസ്ത്രീയ മാസികയിൽ എഴുതിക്കൊണ്ട് വാഷിംഗ്ടൻ സർവ്വകലാശാലയിലെ ജന്തു ശാസ്ത്രജ്ഞനായ വെയ്ൻ കെ. പോട്ട്സിനേപ്പോലുള്ള ചിലർ ഇപ്പോൾ ഉത്തരവുമായി വന്നിരിക്കുന്നു.
പക്ഷികൾ ഒരു നൃത്തഗായക സംഘത്തേപ്പോലെ പ്രവർത്തിക്കുകയാണ്. ഒരു നൃത്ത ഗായക സംഘത്തിലെ നർത്തകർ കൂടെയുള്ള മറ്റൊരാളിൽ നിന്ന് മനസ്സിലാക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു താളമാറ്റത്തോട് പ്രതികരിക്കുന്നതായി മന്ദ—ചലച്ചിത്രങ്ങൾ തെളിയിച്ചിരിക്കുന്നു. കൂടെയുള്ള ആളിൽ നിന്ന് മാതൃക കണ്ട് പകർത്തുന്നതിനേക്കാൾ ഇരട്ടിവേഗത്തിൽ താളമാറ്റം സംഘത്തിൽ വ്യാപിക്കുന്നു. മാറ്റം വരുന്നതിനു മുമ്പുതന്നെ അത് വരുന്നതായി നർത്തകി മനസ്സിലാക്കുകയും പുതിയ താളത്തിനനുസരിച്ച് തന്റെ ലയം ക്രമീകരിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വാലാട്ടിപ്പക്ഷികളുടെ കൂട്ടങ്ങളിൽ നടത്തിയ മന്ദ—ചലച്ചിത്രപഠനങ്ങൾ അവ ചെയ്യുന്നത് അതുതന്നെയാണെന്ന് പ്രകടമാക്കുന്നു. തിരിയൽ തുടങ്ങുന്നത് കൂട്ടത്തിന്റെ ഏതെങ്കിലും സ്ഥാനത്തുള്ള ഒരു പക്ഷിയായിരിക്കാം. അടുത്തുള്ളവ ഒരു സെക്കൻഡിന്റെ 15,000-ത്തിലൊരംശംകൊണ്ട് പ്രതിവർത്തിക്കുന്നു. എന്നാൽ തരംഗങ്ങൾ മുഴുകൂട്ടത്തിലും വ്യാപിക്കുമ്പോൾ, “പക്ഷികൾ അവയുടെ തൊട്ടടുത്തുള്ളവയെ അനുകരിക്കുകയായിരുന്നെങ്കിൽ സാധിക്കുന്നതിനേക്കാൾ മൂന്നു മടങ്ങ് വേഗതയിൽ അത് സഞ്ചരിക്കുന്നു. മാറ്റം തുടങ്ങുന്ന പക്ഷികൂട്ടത്തിന്റെ പിന്നിലാണെങ്കിൽപോലും ഇതു സാധിക്കുന്നു. (g86 1/22)