പർപ്പിൾ ചായം
ഇവിടെ കാണിച്ചിരിക്കുന്ന മ്യൂറെക്സ് ട്രങ്ക്യലസ് (ഇടത്ത്), മ്യൂറെക്സ് ബ്രാൻഡെറസ് (വലത്ത്) എന്നീ കക്കകളിൽനിന്നാണു പർപ്പിൾ ചായം ലഭിച്ചിരുന്നത്. അവയുടെ തോടിന് 5 സെ.മീ. മുതൽ 8 സെ.മീ. വരെ നീളംവരും. തോടിനുള്ളിൽ കഴിയുന്ന ഈ ജീവികളുടെ കഴുത്തിലെ ചെറിയൊരു ഗ്രന്ഥിയിൽ ഫ്ലവർ എന്നു വിളിക്കുന്ന ഒരു ദ്രാവകമുണ്ട്. സാധാരണയായി അത് ഒറ്റ തുള്ളിയേ കാണാറുള്ളൂ. ആദ്യം ഇതു പാലിന്റെ ക്രീം പോലിരിക്കുമെങ്കിലും കാറ്റും വെളിച്ചവും തട്ടുമ്പോൾ അതു പതിയെ ചുവപ്പു കലർന്ന നീല (കടും വയലറ്റ്) നിറമോ ചുവപ്പു കലർന്ന പർപ്പിൾ നിറമോ ആകും. മെഡിറ്ററേനിയൻ കടലിന്റെ തീരത്തോടു ചേർന്ന് കാണപ്പെടുന്ന ഈ കക്കകളിൽനിന്ന് കിട്ടുന്ന ചായത്തിനു പ്രദേശമനുസരിച്ച് നേരിയ നിറവ്യത്യാസം വരും. കക്കകൾ വലുതാണെങ്കിൽ അവ ഓരോന്നായി തുറന്ന്, അതീവശ്രദ്ധയോടെ ദ്രാവകം ശേഖരിക്കും. എന്നാൽ കക്കകൾ ചെറുതാണെങ്കിൽ ഇടികല്ലിൽ ഇട്ട് ചതച്ചാണ് അതു ശേഖരിച്ചിരുന്നത്. ഇത്തരത്തിൽ ഓരോ കക്കയിൽനിന്നും കിട്ടുന്ന ദ്രാവകത്തിന്റെ അളവ് തീരെ കുറവായിരുന്നതുകൊണ്ട് ഗണ്യമായ ഒരളവ് ശേഖരിക്കാൻ നല്ല പണച്ചെലവുണ്ടായിരുന്നു. ഈ ചായത്തിനു വില വളരെ കൂടുതലായിരുന്നതുകൊണ്ട് പർപ്പിൾ നിറം പിടിപ്പിച്ച വസ്ത്രങ്ങൾ അതിസമ്പന്നരുടെയും ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരുടെയും ഒരു അടയാളമായി മാറി.—എസ്ഥ 8:15.
കടപ്പാട്:
Courtesy of SDC Colour Experience (www.sdc.org.uk)
ബന്ധപ്പെട്ട തിരുവെഴുത്ത്: