സിനഗോഗിലെ മുൻനിര
ഗലീലക്കടലിന് ഏതാണ്ട് 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്) നാശാവശിഷ്ടങ്ങളെ ആധാരമാക്കിയാണ് ഈ വീഡിയോചിത്രീകരണത്തിന്റെ പല ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ പല സിനഗോഗുകൾക്കും കേടുപാടുകൾ സംഭവിച്ചതുകൊണ്ട് അവയുടെ രൂപഘടനയുടെ കൃത്യമായ വിശദാംശങ്ങൾ ഇന്നു നമുക്ക് അറിയില്ല. അന്നത്തെ പല സിനഗോഗുകളിലും ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള ചില സവിശേഷതകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1. സിനഗോഗുകളിലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പിടങ്ങൾ, പ്രാസംഗികൻ നിന്നിരുന്ന തട്ടിലോ അതിന് അടുത്തോ ആയിരുന്നു.
2. നിയമപുസ്തകത്തിൽനിന്ന് വായിച്ചുകേൾപ്പിക്കാൻ അധ്യാപകൻ നിൽക്കുന്ന തട്ട്. ഓരോ സിനഗോഗിലും ഇതിന്റെ സ്ഥാനം കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും.
3. സമൂഹം നിലയും വിലയും കല്പിച്ചിരുന്ന ആളുകളായിരിക്കാം ഭിത്തിയോടു ചേർന്നുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്നത്. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച് ഇരിക്കും. ഗാംലായിലെ സിനഗോഗിൽ നാലു നിര ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നിരിക്കാം.
4. വിശുദ്ധചുരുളുകളുള്ള പെട്ടി പുറകുവശത്തെ ഭിത്തിയിലായിരിക്കാം സ്ഥാപിച്ചിരുന്നത്.
സിനഗോഗിലെ ഇരിപ്പിടങ്ങളുടെ ഈ ക്രമീകരണം, ചിലർ സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വലിയവരാണെന്ന് അവിടെ കൂടിവന്നവരെ എപ്പോഴും ഓർമിപ്പിച്ചിരുന്നു. പലപ്പോഴും യേശുവിന്റെ ശിഷ്യന്മാർക്കിടയിലെ വാഗ്വാദങ്ങൾക്കു വഴിവെച്ചതും അതേ വിഷയമായിരുന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: