ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത്
1 മനുഷ്യരിൽനിന്നോ ഏതെങ്കിലും മനുഷ്യനാലോ അല്ല, ക്രിസ്തുയേശുവിനാലും+ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലും+ അപ്പോസ്തലനായിത്തീർന്ന പൗലോസും, 2 കൂടെയുള്ള എല്ലാ സഹോദരന്മാരും ഗലാത്യയിലെ സഭകൾക്ക് എഴുതുന്നത്:
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ ക്രിസ്തുയേശുവിൽനിന്നും ഉള്ള അനർഹദയയും സമാധാനവും നിങ്ങൾക്കുണ്ടായിരിക്കട്ടെ. 4 നമ്മുടെ ദൈവവും പിതാവും ആയവന്റെ ഇഷ്ടമനുസരിച്ച്+ ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്ന്*+ നമ്മളെ വിടുവിക്കാൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി+ ക്രിസ്തു തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു. 5 ദൈവത്തിന് എന്നുമെന്നേക്കും മഹത്ത്വം. ആമേൻ.
6 ക്രിസ്തുവിന്റെ അനർഹദയകൊണ്ട് നിങ്ങളെ വിളിച്ച ദൈവത്തെ വിട്ട് നിങ്ങൾ ഇത്ര വേഗം മറ്റൊരു സന്തോഷവാർത്തയിലേക്കു തിരിയുന്നതു കണ്ടിട്ട്+ എനിക്ക് അത്ഭുതം തോന്നുന്നു. 7 വാസ്തവത്തിൽ, അതൊരു സന്തോഷവാർത്തയേ അല്ല. ചിലർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ നോക്കുകയാണ്.+ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത വികലമാക്കുകയാണ് അവരുടെ ലക്ഷ്യം. 8 എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു സന്തോഷവാർത്ത ഞങ്ങളാകട്ടെ, സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനാകട്ടെ നിങ്ങളെ അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. 9 ഞങ്ങൾ മുമ്പ് പറഞ്ഞതുതന്നെ ഞാൻ ഇപ്പോഴും പറയുന്നു: നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു സന്തോഷവാർത്ത ആരെങ്കിലും നിങ്ങളെ അറിയിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ.
10 ഞാൻ മനുഷ്യരുടെ അംഗീകാരം നേടാനാണോ അതോ ദൈവത്തിന്റെ അംഗീകാരം നേടാനാണോ ശ്രമിക്കുന്നത്? മനുഷ്യരെ പ്രീതിപ്പെടുത്താനാണോ ഞാൻ നോക്കുന്നത്? മനുഷ്യരെ പ്രീതിപ്പെടുത്താനാണു ഞാൻ ഇപ്പോഴും നോക്കുന്നതെങ്കിൽ ഞാൻ ക്രിസ്തുവിന്റെ അടിമയല്ല. 11 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ച സന്തോഷവാർത്ത മനുഷ്യരിൽനിന്നുള്ളതല്ല+ എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 12 എനിക്ക് അതു കിട്ടിയതു മനുഷ്യനിൽനിന്നല്ല. ആരും എന്നെ പഠിപ്പിച്ചതുമല്ല. ഒരു വെളിപാടിലൂടെ ക്രിസ്തുയേശു എനിക്ക് അതു വെളിപ്പെടുത്തിത്തന്നതാണ്.
13 ജൂതമതത്തിലെ എന്റെ മുൻകാലജീവിതത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ ദൈവത്തിന്റെ സഭയെ ഞാൻ കഠിനമായി ഉപദ്രവിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുപോന്നു.+ 14 എന്റെ ജനത്തിലെ സമപ്രായക്കാരായ പലരെക്കാളും ഞാൻ ജൂതമതകാര്യങ്ങളിൽ മുന്നിട്ടുനിന്നിരുന്നു. പിതൃപാരമ്പര്യങ്ങൾ പിൻപറ്റുന്നതിൽ മറ്റാരെക്കാളും ഉത്സാഹമുള്ളവനായിരുന്നു ഞാൻ.+ 15 പക്ഷേ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് എന്നെ വേർപെടുത്തുകയും അനർഹദയ കാണിച്ച്+ എന്നെ വിളിക്കുകയും ചെയ്ത ദൈവത്തിന് 16 എന്നിലൂടെ തന്റെ പുത്രനെ വെളിപ്പെടുത്താൻ പ്രസാദം തോന്നി. ഞാൻ ജനതകൾക്കിടയിൽ പുത്രനെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കണമെന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.+ പക്ഷേ ഞാൻ അപ്പോൾ ഒരു മനുഷ്യനോടും* അഭിപ്രായം ചോദിക്കാൻ നിന്നില്ല. 17 എനിക്കു മുമ്പേ അപ്പോസ്തലന്മാരായവരെ കാണാൻ യരുശലേമിലേക്കു പോയതുമില്ല. പകരം, ഞാൻ നേരെ അറേബ്യയിലേക്കു പോയിട്ട് അവിടെനിന്ന് ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയാണു ചെയ്തത്.+
18 മൂന്നു വർഷം കഴിഞ്ഞ് ഞാൻ കേഫയെ കാണാൻ+ യരുശലേമിൽ ചെന്നു.+ 15 ദിവസം കേഫയുടെകൂടെ* താമസിച്ചു. 19 പക്ഷേ കർത്താവിന്റെ സഹോദരനായ യാക്കോബിനെ+ അല്ലാതെ മറ്റ് അപ്പോസ്തലന്മാരെയൊന്നും ഞാൻ കണ്ടില്ല. 20 ഞാൻ എഴുതുന്ന ഇക്കാര്യങ്ങളൊന്നും നുണയല്ല എന്നു ദൈവത്തെ സാക്ഷിയാക്കി നിങ്ങൾക്ക് ഉറപ്പു തരുന്നു.
21 പിന്നീട് ഞാൻ സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലേക്കു പോയി.+ 22 എന്നാൽ യഹൂദ്യയിലെ ക്രിസ്തീയസഭകൾക്ക് എന്നെ നേരിട്ട് പരിചയമില്ലായിരുന്നു. 23 “മുമ്പ് നമ്മളെ ഉപദ്രവിച്ചിരുന്ന ആ മനുഷ്യൻ+ ഇപ്പോൾ, താൻ ഒരിക്കൽ നശിപ്പിക്കാൻ ശ്രമിച്ച വിശ്വാസത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നു”+ എന്നൊരു കേട്ടറിവ് മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. 24 അങ്ങനെ എന്നെപ്രതി അവർ ദൈവത്തെ സ്തുതിക്കാൻതുടങ്ങി.
2 ഞാൻ 14 വർഷം കഴിഞ്ഞ് ബർന്നബാസിന്റെകൂടെ+ വീണ്ടും യരുശലേമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു.+ 2 ഒരു വെളിപാടു കിട്ടിയിട്ടാണു ഞാൻ പോയത്. ജനതകൾക്കിടയിൽ ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്ത അവിടെയുണ്ടായിരുന്ന ആദരണീയരായ ചിലരെ മാത്രം വിളിച്ചുകൂട്ടി അറിയിച്ചു. ഞാൻ ഓടിയതും ഓടുന്നതും വെറുതേയല്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തത്. 3 പക്ഷേ എന്റെകൂടെയുണ്ടായിരുന്ന തീത്തോസ്+ ഗ്രീക്കുകാരനായിരുന്നിട്ടുകൂടെ പരിച്ഛേദനയേൽക്കാൻ* ആരും തീത്തോസിനെ നിർബന്ധിച്ചില്ല.+ 4 എന്നാൽ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ഞങ്ങൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്+ മനസ്സിലാക്കാൻവേണ്ടി ചാരന്മാരായി നുഴഞ്ഞുകയറിയ കള്ളസഹോദരന്മാരാണു കുഴപ്പമുണ്ടാക്കിയത്.+ ഞങ്ങളെ പൂർണമായി അടിമപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.+ 5 സന്തോഷവാർത്തയെന്ന സത്യം നിങ്ങളിൽ നിലനിൽക്കാൻവേണ്ടി നിമിഷനേരത്തേക്കുപോലും* ഞങ്ങൾ അവർക്കു വഴങ്ങിക്കൊടുത്തില്ല.+
6 പ്രമുഖരായി കരുതപ്പെടുന്നവരെക്കുറിച്ചാണെങ്കിൽ,+ അവർ ആരായിരുന്നാലും എനിക്കൊന്നുമില്ല. കാരണം പുറമേ കാണുന്നതുവെച്ചല്ലല്ലോ ദൈവം ഒരാളെ വിലയിരുത്തുന്നത്. ഇനി, ആ ആദരണീയരാകട്ടെ പുതിയതായൊന്നും എനിക്ക് അറിയിച്ചുതന്നതുമില്ല. 7 എന്നാൽ പരിച്ഛേദനയേറ്റവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള ചുമതല പത്രോസിനു കിട്ടിയതുപോലെ, പരിച്ഛേദനയേൽക്കാത്തവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള നിയോഗം+ എനിക്കു കിട്ടിയിരിക്കുന്നെന്ന് അവർ മനസ്സിലാക്കി. 8 കാരണം പരിച്ഛേദനയേറ്റവരുടെ അപ്പോസ്തലനായിരിക്കാൻ പത്രോസിനെ പ്രാപ്തനാക്കിയവൻതന്നെ ജനതകൾക്കുവേണ്ടി പ്രവർത്തിക്കാൻ എന്നെയും പ്രാപ്തനാക്കിയിരുന്നു.+ 9 തൂണുകളായി കരുതപ്പെട്ടിരുന്ന യാക്കോബും+ കേഫയും* യോഹന്നാനും, ദൈവം എന്നോടു കാണിച്ച അനർഹദയയെപ്പറ്റി+ മനസ്സിലാക്കിയപ്പോൾ എന്നെയും ബർന്നബാസിനെയും+ പിന്തുണച്ചുകൊണ്ട് കൈ തന്നു.* അങ്ങനെ, ഞങ്ങൾ ജനതകളുടെ അടുത്തേക്കും അവർ പരിച്ഛേദനയേറ്റവരുടെ അടുത്തേക്കും പോകാൻ തീരുമാനമായി. 10 ദരിദ്രരെ ഓർക്കണം എന്നു മാത്രം അവർ പറഞ്ഞു. ഇക്കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.+
11 എന്നാൽ കേഫ*+ അന്ത്യോക്യയിൽ വന്നപ്പോൾ+ ഞാൻ കേഫയെ മുഖാമുഖം എതിർത്തു.* കാരണം കേഫ കുറ്റക്കാരനാണെന്നു വ്യക്തമായിരുന്നു. 12 യാക്കോബിന്റെ+ അടുത്തുനിന്ന് ചിലർ വരുന്നതിനു മുമ്പ് കേഫ ജനതകളിൽപ്പെട്ടവരുടെകൂടെ ഭക്ഷണം കഴിച്ചിരുന്നതാണ്.+ പക്ഷേ അവർ വന്നപ്പോൾ, കേഫ അതു നിറുത്തി. പരിച്ഛേദനയേറ്റവരെ ഭയന്ന് കേഫ ജനതകളിൽപ്പെട്ടവരോട് അകലം പാലിച്ചു.+ 13 മറ്റു ജൂതന്മാരും കേഫയുടെ കൂടെക്കൂടി കാപട്യം കാണിച്ചതുകൊണ്ട്* ബർന്നബാസുപോലും ഈ കാപട്യത്തിനു വഴിപ്പെടാൻ* ഇടയായി. 14 അവർ സന്തോഷവാർത്തയെന്ന സത്യത്തിനു ചേർന്ന രീതിയിലല്ല നടക്കുന്നതെന്നു കണ്ടപ്പോൾ+ എല്ലാവരുടെയും മുന്നിൽവെച്ച് ഞാൻ കേഫയോടു ചോദിച്ചു: “ഒരു ജൂതനായ താങ്കൾ ജൂതനെപ്പോലെ ജീവിക്കാതെ ജനതകളെപ്പോലെ ജീവിച്ചിട്ട്, ജനതകളെ ജൂതന്മാരുടെ ആചാരമനുസരിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നതു ശരിയാണോ?”+
15 നമ്മൾ ജന്മംകൊണ്ട് ജൂതന്മാരാണ്, ജനതകളിൽപ്പെട്ട പാപികളല്ല. 16 പക്ഷേ നിയമം* ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, യേശുക്രിസ്തുവിലുള്ള+ വിശ്വാസത്തിലൂടെ+ മാത്രമാണ് ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നതെന്നു നമുക്ക് അറിയാം. അതുകൊണ്ട് നിയമം ആവശ്യപ്പെടുന്നതു ചെയ്യുന്നതിലൂടെയല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻ നമ്മളും ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. നിയമം ആവശ്യപ്പെടുന്നതു ചെയ്യുന്നതിലൂടെ ആരെയും നീതിമാനായി പ്രഖ്യാപിക്കില്ലല്ലോ.+ 17 ക്രിസ്തുവിലൂടെ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ ശ്രമിക്കുന്ന നമ്മൾ പാപികളാണെന്നു വരുന്നെങ്കിൽ, ക്രിസ്തു പാപത്തിന്റെ ശുശ്രൂഷകനാകില്ലേ? അങ്ങനെ ഒരിക്കലും വരില്ല! 18 ഞാൻ ഇടിച്ചുകളഞ്ഞതു ഞാൻതന്നെ പണിതുയർത്തുന്നെങ്കിൽ ഞാൻ ലംഘകനാണെന്നു വരും. 19 കാരണം ദൈവത്തിനുവേണ്ടി ജീവിക്കാൻ ഞാൻ നിയമം മുഖേന നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചതാണ്.+ 20 ക്രിസ്തുവിന്റെകൂടെ എന്നെയും സ്തംഭത്തിൽ തറച്ചിരിക്കുന്നു.+ അതുകൊണ്ട് ഇപ്പോൾ ജീവിക്കുന്നതു ഞാനല്ല,+ ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. ഈ ശരീരത്തിൽ ഞാൻ ഇങ്ങനെ ജീവിച്ചിരിക്കുന്നതുതന്നെ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസംകൊണ്ടാണ്.+ 21 നിയമത്തിലൂടെയാണു നീതീകരണം വരുന്നതെങ്കിൽ ക്രിസ്തു മരിച്ചതു വെറുതേയാകുമല്ലോ.+ അതുകൊണ്ട് ഞാൻ ദൈവത്തിന്റെ അനർഹദയ+ തള്ളിക്കളയുന്നില്ല.
3 ബുദ്ധിയില്ലാത്ത ഗലാത്യക്കാരേ! യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറച്ച നിലയിൽ നിങ്ങളുടെ കൺമുന്നിൽ ഇത്ര വ്യക്തമായി വരച്ചുകാട്ടിയിട്ടും,+ നിങ്ങളെ വശീകരിച്ച് ഈ ദുഃസ്വാധീനത്തിലാക്കിയത് ആരാണ്?+ 2 എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി: നിങ്ങൾക്കു ദൈവാത്മാവ് കിട്ടിയത് നിങ്ങൾ നിയമം ആവശ്യപ്പെടുന്നതു ചെയ്തതുകൊണ്ടാണോ, അതോ കേട്ട കാര്യങ്ങൾ വിശ്വസിച്ചതുകൊണ്ടാണോ?+ 3 ആത്മീയപാതയിൽ* നടന്നുതുടങ്ങിയിട്ട് ജഡികപാതയിൽ* അവസാനിപ്പിക്കാൻമാത്രം നിങ്ങൾ അത്ര ബുദ്ധിയില്ലാത്തവരാണോ?+ 4 നിങ്ങൾ ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ചതു വെറുതേയാണോ? വെറുതേയാണെന്ന് എനിക്കു വിശ്വസിക്കാനാകുന്നില്ല! 5 നിങ്ങൾക്കു ദൈവാത്മാവിനെ തന്ന് നിങ്ങൾക്കിടയിൽ അത്ഭുതങ്ങൾ ചെയ്യുന്നവൻ+ അതെല്ലാം ചെയ്യുന്നത് നിങ്ങൾ നിയമം ആവശ്യപ്പെടുന്നതു ചെയ്തതുകൊണ്ടാണോ അതോ കേട്ട കാര്യങ്ങൾ നിങ്ങൾ വിശ്വസിച്ചതുകൊണ്ടാണോ? 6 അബ്രാഹാം “യഹോവയിൽ* വിശ്വസിച്ചു; അതുകൊണ്ട് ദൈവം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ?
7 അതുകൊണ്ട് വിശ്വാസത്തിൽ നടക്കുന്നവർ മാത്രമേ അബ്രാഹാമിന്റെ മക്കളാകൂ+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. 8 ജനതകളിൽപ്പെട്ടവരെ ദൈവം വിശ്വാസത്തിന്റെ പേരിൽ നീതിമാന്മാരായി പ്രഖ്യാപിക്കും എന്ന കാര്യം മുൻകൂട്ടിക്കണ്ട് തിരുവെഴുത്ത് അബ്രാഹാമിനോട്, “നിന്നിലൂടെ എല്ലാ ജനതകളും അനുഗ്രഹം നേടും”+ എന്ന സന്തോഷവാർത്ത നേരത്തേതന്നെ അറിയിച്ചു. 9 അങ്ങനെ, വിശ്വാസത്തിൽ നടക്കുന്നവർ വിശ്വാസമുണ്ടായിരുന്ന അബ്രാഹാമിന്റെകൂടെ അനുഗ്രഹം നേടുന്നു.+
10 നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ആശ്രയിക്കുന്ന എല്ലാവരും ശാപത്തിൻകീഴിലാണ്. കാരണം, “നിയമത്തിന്റെ ചുരുളിൽ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്. 11 ആരെയും നിയമത്തിന്റെ അടിസ്ഥാനത്തിൽ ദൈവസന്നിധിയിൽ നീതിമാനായി പ്രഖ്യാപിക്കുന്നില്ല എന്നതും വ്യക്തമാണ്.+ കാരണം, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണ് എഴുതിയിരിക്കുന്നത്. 12 നിയമം പക്ഷേ വിശ്വാസത്തിൽ അധിഷ്ഠിതമല്ല. “ഇക്കാര്യങ്ങൾ ചെയ്യുന്നയാൾ ഇവയാൽ ജീവിക്കും”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 13 നമ്മളെ വിലയ്ക്കു വാങ്ങി,+ നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മളെ വിടുവിച്ച+ ക്രിസ്തു നമുക്കു പകരം ഒരു ശാപമായി. കാരണം “സ്തംഭത്തിൽ തൂക്കപ്പെടുന്നവനെല്ലാം ശപിക്കപ്പെട്ടവൻ”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. 14 അബ്രാഹാമിനു വാഗ്ദാനം ചെയ്ത അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജനതകൾക്കു കിട്ടാൻവേണ്ടിയായിരുന്നു ഇത്.+ അങ്ങനെ, ദൈവം വാഗ്ദാനം ചെയ്ത ദൈവാത്മാവിനെ+ നമ്മുടെ വിശ്വാസത്തിന്റെ പേരിൽ നമുക്കു കിട്ടാനുള്ള വഴി തുറന്നു.
15 സഹോദരങ്ങളേ, മനുഷ്യരുടെ ഇടയിലെ ഒരു കാര്യംതന്നെ ഞാൻ ദൃഷ്ടാന്തമായി പറയാം: മനുഷ്യർ ചെയ്യുന്ന ഉടമ്പടിപോലും ഒരിക്കൽ ഉറപ്പിച്ചുകഴിഞ്ഞാൽ* പിന്നെ ആരും അസാധുവാക്കുകയോ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ഇല്ല. 16 വാഗ്ദാനം കൊടുത്തത് അബ്രാഹാമിനും അബ്രാഹാമിന്റെ സന്തതിക്കും* ആണ്.+ പലരെ ഉദ്ദേശിച്ച്, “നിന്റെ സന്തതികൾക്ക്”* എന്നല്ല, ഒരാളെ ഉദ്ദേശിച്ച്, “നിന്റെ സന്തതിക്ക്”* എന്നാണു പറഞ്ഞിരിക്കുന്നത്. ആ സന്തതി ക്രിസ്തുവാണ്.+ 17 ഞാൻ ഒരു കാര്യംകൂടെ പറയാം: ദൈവം ഉടമ്പടി ഉറപ്പിച്ച് 430 വർഷം കഴിഞ്ഞ്+ നിലവിൽവന്ന നിയമം ആ ഉടമ്പടിയെ അസാധുവാക്കുന്നില്ല. അതുകൊണ്ടുതന്നെ നിയമം വാഗ്ദാനത്തെ ഇല്ലാതാക്കുന്നില്ല. 18 അവകാശം കൊടുക്കുന്നതു നിയമത്തെ അടിസ്ഥാനമാക്കിയാണെങ്കിൽ പിന്നെ അതു വാഗ്ദാനത്തെ അടിസ്ഥാനമാക്കിയാകില്ലല്ലോ. അബ്രാഹാമിനു പക്ഷേ അതു വാഗ്ദാനത്തിലൂടെ കൊടുക്കാനാണു ദൈവം കനിഞ്ഞത്.+
19 അങ്ങനെയെങ്കിൽ, നിയമം എന്തിനുവേണ്ടിയായിരുന്നു? വാഗ്ദാനം കിട്ടിയ സന്തതി* വരുന്നതുവരെ+ ലംഘനങ്ങൾ വെളിപ്പെടാൻവേണ്ടിയാണ് അതു കൂട്ടിച്ചേർത്തത്.+ ദൂതന്മാരിലൂടെ+ ഒരു മധ്യസ്ഥൻ+ മുഖാന്തരം അതു കൊടുത്തു. 20 ഒന്നിലധികം പേരുള്ളപ്പോഴാണല്ലോ മധ്യസ്ഥന്റെ ആവശ്യം. എന്നാൽ വാഗ്ദാനത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഇവിടെ ദൈവം ഒരാളേ ഉള്ളൂ. 21 അപ്പോൾ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണോ? ഒരിക്കലുമല്ല! നിയമസംഹിതയിലൂടെ ജീവൻ കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ അതിലൂടെ നീതീകരണവും സാധ്യമാകുമായിരുന്നു. 22 പക്ഷേ വിശ്വസിക്കുന്നവർക്കു യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ കിട്ടുന്ന വാഗ്ദാനം ലഭിക്കാൻവേണ്ടി തിരുവെഴുത്ത് എല്ലാവരെയും പാപത്തിന്റെ അധീനതയിൽ ഏൽപ്പിച്ചു.
23 വിശ്വാസം വന്നെത്തുന്നതിനു മുമ്പ്, വെളിപ്പെടാനിരുന്ന വിശ്വാസത്തിനുവേണ്ടി+ കാത്തിരുന്ന സമയത്ത് നമ്മളെ നിയമത്തിന്റെ അധീനതയിൽ ഏൽപ്പിച്ചിരുന്നു. അതിന്റെ കാവലിലായിരുന്നു നമ്മൾ. 24 അതുകൊണ്ട്, നിയമം നമ്മളെ ക്രിസ്തുവിലേക്കു നയിക്കുന്ന രക്ഷാകർത്താവായി.*+ അങ്ങനെ, വിശ്വാസത്തിന്റെ പേരിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ+ നമുക്ക് അവസരം കിട്ടി. 25 പക്ഷേ ഇപ്പോൾ വിശ്വാസം വന്നെത്തിയ സ്ഥിതിക്കു+ നമ്മൾ ഇനി രക്ഷാകർത്താവിന്റെ*+ കീഴിലല്ല.
26 ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ+ നിങ്ങൾ എല്ലാവരും ദൈവമക്കളാണ്.*+ 27 കാരണം സ്നാനമേറ്റ് ക്രിസ്തുവിനോടു ചേർന്ന നിങ്ങളെല്ലാം ക്രിസ്തുവിനെ ധരിച്ചവരാണല്ലോ.+ 28 അതിൽ ജൂതനോ ഗ്രീക്കുകാരനോ എന്നില്ല.+ അടിമയോ സ്വതന്ത്രനോ എന്നില്ല.+ സ്ത്രീയോ പുരുഷനോ എന്നുമില്ല.+ ക്രിസ്തുയേശുവിൽ നിങ്ങൾ എല്ലാവരും ഒന്നാണ്.+ 29 മാത്രമല്ല, ക്രിസ്തുവിനുള്ളവരാണെങ്കിൽ നിങ്ങൾ ശരിക്കും അബ്രാഹാമിന്റെ സന്തതിയും*+ വാഗ്ദാനത്തിന്റെ+ അടിസ്ഥാനത്തിൽ അവകാശികളും+ ആണ്.
4 ഞാൻ പറയുന്നത് ഇതാണ്: അവകാശി എല്ലാത്തിന്റെയും യജമാനനാണെങ്കിലും ഒരു കുട്ടിയായിരിക്കുന്നിടത്തോളം കാലം അവനും അടിമയും തമ്മിൽ ഒരു വ്യത്യാസവുമില്ല. 2 അപ്പൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ദിവസംവരെ അവൻ മേൽനോട്ടക്കാരുടെയും കാര്യസ്ഥന്മാരുടെയും കീഴിലായിരിക്കും. 3 അങ്ങനെതന്നെ, നമ്മളും കുട്ടികളായിരുന്നപ്പോൾ ലോകത്തിന്റെ അടിസ്ഥാനകാര്യങ്ങളുടെ അടിമകളായിരുന്നു.+ 4 എന്നാൽ കാലം തികഞ്ഞപ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്ത്രീയിൽനിന്ന് ജനിച്ച്+ നിയമത്തിന്+ അധീനനായി ജീവിച്ചു. 5 നിയമത്തിന് അധീനരായവരെ പുത്രൻ വിലയ്ക്കു വാങ്ങി വിടുവിക്കാനും+ അങ്ങനെ നമ്മളെ പുത്രന്മാരായി ദത്തെടുക്കാനും ആണ്+ ദൈവം ഉദ്ദേശിച്ചത്.
6 നിങ്ങൾ പുത്രന്മാരായതുകൊണ്ട് ദൈവം തന്റെ പുത്രനു കൊടുത്ത അതേ ദൈവാത്മാവിനെ+ നമ്മുടെ ഹൃദയങ്ങളിലേക്ക്+ അയച്ചിരിക്കുന്നു. അത് “അബ്ബാ,* പിതാവേ” എന്നു വിളിക്കുന്നു.+ 7 അതുകൊണ്ട് നിങ്ങൾ ഇനി അടിമകളല്ല, പുത്രന്മാരാണ്. പുത്രന്മാരാണെങ്കിൽ ദൈവം നിങ്ങളെ അവകാശികളുമാക്കിയിരിക്കുന്നു.+
8 ദൈവത്തെ അറിയാതിരുന്ന കാലത്ത് നിങ്ങൾ ദൈവങ്ങളല്ലാത്തവയുടെ അടിമകളായിരുന്നു. 9 പക്ഷേ ഇപ്പോൾ നിങ്ങൾക്കു ദൈവത്തെ അറിയാം. അതിലുപരി ദൈവത്തിനു നിങ്ങളെ അറിയാം. ആ സ്ഥിതിക്ക് ദുർബലമായ,+ ഒന്നിനും കൊള്ളാത്ത അടിസ്ഥാനകാര്യങ്ങളിലേക്കു വീണ്ടും തിരിഞ്ഞ് അവയുടെ അടിമകളാകാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വരുന്നു?+ 10 നിങ്ങൾ ഇപ്പോഴും വിശേഷദിവസങ്ങളും മാസങ്ങളും+ കാലങ്ങളും വർഷങ്ങളും ചിട്ടയോടെ ആചരിക്കുന്നു! 11 ഞാൻ നിങ്ങൾക്കുവേണ്ടി അധ്വാനിച്ചതെല്ലാം വെറുതേയായോ എന്നാണ് എന്റെ പേടി.
12 സഹോദരങ്ങളേ, നിങ്ങളും എന്നെപ്പോലെയാകണമെന്നു ഞാൻ യാചിക്കുകയാണ്. കാരണം ഒരിക്കൽ ഞാനും നിങ്ങളെപ്പോലെതന്നെയായിരുന്നു.+ നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. 13 എനിക്കുണ്ടായിരുന്ന ഒരു രോഗം കാരണമാണ് ആദ്യമായി നിങ്ങളോടു സന്തോഷവാർത്ത അറിയിക്കാൻ എനിക്ക് അവസരം കിട്ടിയതെന്നു നിങ്ങൾക്ക് അറിയാമല്ലോ. 14 എന്റെ ശാരീരികാവസ്ഥ നിങ്ങൾക്ക് ഒരു പരീക്ഷണമായിരുന്നിട്ടും നിങ്ങൾ എന്നോട് അറപ്പോ വെറുപ്പോ കാണിച്ചില്ല.* പകരം, ദൈവത്തിന്റെ ഒരു ദൂതനെ എന്നപോലെ, അല്ല, ക്രിസ്തുയേശുവിനെ എന്നപോലെതന്നെ നിങ്ങൾ എന്നെ സ്വീകരിച്ചു. 15 നിങ്ങൾക്കുണ്ടായിരുന്ന ആ സന്തോഷം ഇപ്പോൾ എവിടെപ്പോയി? കഴിയുമായിരുന്നെങ്കിൽ നിങ്ങൾ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.*+ 16 എന്നാൽ ഇപ്പോൾ നിങ്ങളോടു സത്യം പറയുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ശത്രുവായോ? 17 അവർ നിങ്ങളെ അവരുടെ പക്ഷത്താക്കാൻ വലിയ ഉത്സാഹം കാണിക്കുന്നതു സദുദ്ദേശ്യത്തോടെയല്ല. നിങ്ങളെ എന്നിൽനിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യം. അപ്പോൾ നിങ്ങൾ താത്പര്യത്തോടെ അവരുടെ പിന്നാലെ ചെല്ലുമല്ലോ. 18 എന്നാൽ ഞാൻ കൂടെയുള്ളപ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും സദുദ്ദേശ്യത്തോടെയാണ് ആരെങ്കിലും നിങ്ങളുടെ കാര്യത്തിൽ ഉത്സാഹം കാണിക്കുന്നതെങ്കിൽ അതു നല്ലതാണ്. 19 എന്റെ കുഞ്ഞുങ്ങളേ,+ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ വീണ്ടും നിങ്ങൾ കാരണം പ്രസവവേദന അനുഭവിക്കുന്നു. 20 നിങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് എനിക്കു നല്ല നിശ്ചയമില്ല. അതുകൊണ്ട് ഈ നിമിഷം നിങ്ങളുടെകൂടെയായിരിക്കാനും കുറച്ചുകൂടെ മയത്തിൽ സംസാരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.
21 നിയമത്തിൻകീഴിലായിരിക്കാൻ ആഗ്രഹിക്കുന്നവരേ, പറയൂ: നിയമം പറയുന്നത് എന്താണെന്നു നിങ്ങൾ കേൾക്കുന്നില്ലേ? 22 ഉദാഹരണത്തിന്, അബ്രാഹാമിനു രണ്ട് ആൺമക്കളുണ്ടായിരുന്നെന്നും ഒരാൾ ദാസിയിൽനിന്നും+ മറ്റേയാൾ സ്വതന്ത്രയിൽനിന്നും+ ജനിച്ചെന്നും എഴുതിയിട്ടുണ്ടല്ലോ. 23 ദാസിയിൽനിന്നുള്ളവൻ സ്വാഭാവികമായും*+ എന്നാൽ സ്വതന്ത്രയിൽനിന്നുള്ളവൻ വാഗ്ദാനത്തിലൂടെയും ആണ് ജനിച്ചത്.+ 24 ഈ കാര്യങ്ങളെ ആലങ്കാരികമായ അർഥമുള്ള ഒരു നാടകമായി കണക്കാക്കാം: ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളെ സൂചിപ്പിക്കുന്നു. ഒന്നു സീനായ് പർവതത്തിൽനിന്നുള്ളതും+ അടിമകളെ പ്രസവിക്കുന്നതും ആണ്; അതു ഹാഗാർ. 25 അറേബ്യയിലുള്ള സീനായ് പർവതത്തെ+ കുറിക്കുന്ന ഹാഗാർ ഇന്നത്തെ യരുശലേമിനു തുല്യയാണ്. മക്കളുമായി യരുശലേം അടിമത്തത്തിൽ കഴിയുകയാണല്ലോ. 26 പക്ഷേ മീതെയുള്ള യരുശലേം സ്വതന്ത്രയാണ്. അതാണു നമ്മുടെ അമ്മ.
27 “വന്ധ്യേ, പ്രസവിക്കാത്തവളേ, സന്തോഷിക്കുക. പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ, ആർത്തുഘോഷിക്കുക. ഉപേക്ഷിക്കപ്പെട്ടവളുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികമാണ്”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്. 28 അതുകൊണ്ട് സഹോദരങ്ങളേ, നിങ്ങൾ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനമനുസരിച്ചുള്ള മക്കളാണ്.+ 29 അന്നു സ്വാഭാവികമായി* ജനിച്ചയാൾ, ദൈവാത്മാവിന്റെ ശക്തിയാൽ ജനിച്ചയാളെ ഉപദ്രവിച്ചു.+ ഇന്നും അങ്ങനെതന്നെ.+ 30 എന്നാൽ തിരുവെഴുത്ത് എന്തു പറയുന്നു? “ദാസിയെയും മകനെയും ഇറക്കിവിട്. ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടൊപ്പം ഒരിക്കലും അവകാശിയാകരുത്.”+ 31 അതുകൊണ്ട് സഹോദരങ്ങളേ, നമ്മൾ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടെ മക്കളാണ്.
5 ആ സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ക്രിസ്തു നമ്മളെ സ്വതന്ത്രരാക്കിയത്. അതുകൊണ്ട് ഉറച്ചുനിൽക്കുക.+ വീണ്ടും നിങ്ങൾ അടിമനുകത്തിനു കീഴിലാകാൻ സമ്മതിക്കരുത്.+
2 പൗലോസ് എന്ന ഞാൻ ഒരു കാര്യം നിങ്ങളോടു പറയാം: പരിച്ഛേദനയേറ്റാൽ* ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല.+ 3 പരിച്ഛേദനയേൽക്കുന്നവരോടെല്ലാം ഞാൻ വീണ്ടും പറയുന്നു: അവർ നിയമം മുഴുവൻ പാലിക്കാൻ കടപ്പെട്ടവരാണ്.+ 4 നിയമത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ+ ശ്രമിക്കുന്ന നിങ്ങൾ ക്രിസ്തുവിൽനിന്ന് വേർപെട്ടിരിക്കുന്നു, ക്രിസ്തുവിന്റെ അനർഹദയയിൽനിന്ന് അകന്നുപോയിരിക്കുന്നു. 5 എന്നാൽ ഞങ്ങൾ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെ നീതിമാന്മാരായി കണക്കാക്കുമെന്ന പ്രത്യാശയോടെ ദൈവാത്മാവിന്റെ സഹായത്താൽ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവിനോടു യോജിപ്പിലായവർക്കു പരിച്ഛേദനയേൽക്കുന്നതോ പരിച്ഛേദനയേൽക്കാതിരിക്കുന്നതോ അല്ല,+ സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണു പ്രധാനം.
7 നിങ്ങൾ നന്നായി ഓടിയിരുന്നതാണ്.+ സത്യം അനുസരിക്കുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞത് ആരാണ്? 8 എന്തായാലും ഇത്തരമൊരു പ്രേരണ നിങ്ങളെ വിളിച്ച ദൈവത്തിൽനിന്ന് വരില്ല. 9 അൽപ്പം പുളിച്ച മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കും.+ 10 കർത്താവിനോടു യോജിപ്പിലായ+ നിങ്ങൾക്കു മറ്റൊരു അഭിപ്രായം കാണില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ നിങ്ങളുടെ ഇടയിൽ കുഴപ്പമുണ്ടാക്കുന്നവൻ+ ആരുതന്നെയായാലും അയാൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടും. 11 സഹോദരങ്ങളേ, ഞാൻ ഇപ്പോഴും പരിച്ഛേദനയാണു പ്രസംഗിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും ഉപദ്രവമുണ്ടാകുന്നത്? ഞാൻ അതാണു പ്രസംഗിച്ചിരുന്നതെങ്കിൽ ദണ്ഡനസ്തംഭം* ആർക്കും ഒരു തടസ്സമാകുമായിരുന്നില്ല.*+ 12 പരിച്ഛേദനയുടെ പേരിൽ നിങ്ങളെ ഇളക്കിമറിക്കാൻ നോക്കുന്നവർക്ക് അവരുടെ ആ അവയവംതന്നെ ഛേദിച്ചുകളയരുതോ?*
13 സഹോദരങ്ങളേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. പക്ഷേ ഈ സ്വാതന്ത്ര്യം ജഡത്തിന്റെ* മോഹങ്ങളുടെ പിന്നാലെ പോകാനുള്ള ഒരു അവസരമാക്കരുത്.+ പകരം, ഓരോരുത്തരും സ്നേഹത്തോടെ പരസ്പരം അടിമകളെപ്പോലെ പ്രവർത്തിക്കുക.+ 14 “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്ന ഒറ്റ കല്പനയിൽ നിയമം മുഴുവനും നിറവേറിയിരിക്കുന്നു.* 15 എന്നാൽ നിങ്ങൾ എപ്പോഴും പരസ്പരം കടിച്ചുകീറിത്തിന്നുന്നെങ്കിലോ?+ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാൻ സൂക്ഷിക്കണം.+
16 എപ്പോഴും ദൈവാത്മാവിനെ അനുസരിച്ച് നടക്കുക.+ അപ്പോൾ ജഡത്തിന്റെ മോഹങ്ങൾ തൃപ്തിപ്പെടുത്താൻ നിങ്ങൾ ഒരിക്കലും മുതിരില്ല.+ 17 കാരണം ജഡത്തിന്റെ മോഹം ആത്മാവിനും ആത്മാവിന്റെ മോഹം ജഡത്തിനും എതിരാണ്. ഇവ പരസ്പരവിരുദ്ധമായതുകൊണ്ട് യഥാർഥത്തിൽ ആഗ്രഹിക്കുന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയാതെപോകുന്നു.+ 18 ഒരു കാര്യംകൂടെ പറയാം: ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കിൽ നിങ്ങൾ നിയമത്തിന് അധീനരല്ല.
19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+ 20 വിഗ്രഹാരാധന, ഭൂതവിദ്യ,*+ ശത്രുത, വഴക്ക്, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്, വിഭാഗീയത, 21 മത്സരം,* മുഴുക്കുടി,+ വന്യമായ ആഘോഷങ്ങൾ എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും അതിൽപ്പെടുന്നു.+ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശമാക്കില്ല+ എന്നു മുമ്പത്തെപ്പോലെതന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറിയിപ്പു തരുകയാണ്.
22 പക്ഷേ ദൈവാത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ,+ വിശ്വാസം, 23 സൗമ്യത, ആത്മനിയന്ത്രണം+ എന്നിവയാണ്. ഇവയ്ക്ക് എതിരുനിൽക്കുന്ന ഒരു നിയമവുമില്ല. 24 മാത്രമല്ല ക്രിസ്തുയേശുവിനുള്ളവർ അവരുടെ ശരീരത്തെ അതിന്റെ എല്ലാ മോഹങ്ങളും വികാരങ്ങളും സഹിതം സ്തംഭത്തിൽ തറച്ചതുമാണല്ലോ.+
25 നമ്മൾ ദൈവാത്മാവിനാൽ ജീവിക്കുന്നെങ്കിൽ നമുക്ക് ഇനിയും ദൈവാത്മാവിനെ അനുസരിച്ച് ചിട്ടയോടെ നടക്കാം.+ 26 നമുക്കു ദുരഭിമാനികളാകാതിരിക്കാം.+ പരസ്പരം മത്സരിക്കുന്നതും+ അസൂയപ്പെടുന്നതും ഒഴിവാക്കാം.
6 സഹോദരന്മാരേ, അറിയാതെയാണ് ഒരാൾ തെറ്റായ ഒരു ചുവടു വെക്കുന്നതെങ്കിൽപ്പോലും ആത്മീയയോഗ്യതയുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ+ അയാളെ നേരെയാക്കാൻ നോക്കണം. പക്ഷേ നിങ്ങളും പ്രലോഭനത്തിൽ അകപ്പെട്ടേക്കാം+ എന്നതുകൊണ്ട് സ്വന്തം കാര്യത്തിലും ശ്രദ്ധ വേണം.+ 2 തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.+ അങ്ങനെ നിങ്ങൾക്കു ക്രിസ്തുവിന്റെ നിയമം+ അനുസരിക്കാനാകും. 3 ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാണെന്നു ചിന്തിക്കുന്നവൻ+ തന്നെത്തന്നെ വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ.+ അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.+ 5 ഓരോരുത്തരും സ്വന്തം ചുമടു* ചുമക്കണമല്ലോ.+
6 ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നവരെല്ലാം, പഠിപ്പിക്കുന്നയാൾക്ക് എല്ലാ നന്മയിലും ഒരു ഓഹരി കൊടുക്കട്ടെ.+
7 വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.+ 8 ജഡത്തിനു ചേർച്ചയിൽ* വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും. പക്ഷേ ആത്മാവിനു ചേർച്ചയിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവൻ കൊയ്യും.+ 9 അതുകൊണ്ട് നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. തളർന്നുപോകാതിരുന്നാൽ* തക്കസമയത്ത് നമ്മൾ കൊയ്യും.+ 10 അതുകൊണ്ട് അവസരമുള്ളിടത്തോളം* ആളുകൾക്കു നന്മ ചെയ്യാം, പ്രത്യേകിച്ച് വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവർക്ക്.
11 സ്വന്തം കൈപ്പടയിൽ എത്ര വലിയ അക്ഷരത്തിലാണു ഞാൻ നിങ്ങൾക്ക് എഴുതിയതെന്നു കണ്ടോ!
12 പരിച്ഛേദനയേൽക്കാൻ* നിങ്ങളെ നിർബന്ധിക്കുന്നതു ജഡത്തിൽ* മാന്യന്മാരാണെന്നു കാണിക്കാൻ നോക്കുന്നവരാണ്. ക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിനുവേണ്ടി* ഉപദ്രവം സഹിക്കുന്നത് എങ്ങനെയും ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യം. 13 പരിച്ഛേദനയേൽക്കുന്നവർതന്നെ നിയമം പാലിക്കുന്നില്ലല്ലോ.+ നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവർക്കു വീമ്പിളക്കാൻ കഴിയേണ്ടതിനാണു നിങ്ങൾ പരിച്ഛേദനയേൽക്കാൻ അവർ ആഗ്രഹിക്കുന്നത്. 14 പക്ഷേ ഞാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിലല്ലാതെ* വീമ്പിളക്കില്ല.+ ക്രിസ്തുവിലൂടെ ലോകം എന്റെ കണ്ണിലും ഞാൻ ലോകത്തിന്റെ കണ്ണിലും വധിക്കപ്പെട്ടിരിക്കുന്നു.* 15 പരിച്ഛേദനയല്ല, അഗ്രചർമവുമല്ല,+ ഒരു പുതിയ സൃഷ്ടിയാകുന്നതാണു പ്രധാനം.+ 16 ഈ തത്ത്വമനുസരിച്ച് ചിട്ടയോടെ നടക്കുന്നവർക്കെല്ലാം, അതായത് ദൈവത്തിന്റെ ഇസ്രായേലിന്,+ സമാധാനവും കരുണയും ലഭിക്കട്ടെ!
17 ഇനിമുതൽ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. കാരണം യേശുവിന്റെ അടിമയാണെന്നു കാണിക്കുന്ന അടയാളങ്ങൾ ശരീരത്തിൽ വഹിക്കുന്നയാളാണു ഞാൻ.+
18 സഹോദരങ്ങളേ, നിങ്ങൾ കാണിക്കുന്ന നല്ല മനസ്സു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയാൽ അനുഗൃഹീതമായിരിക്കട്ടെ. ആമേൻ.
അഥവാ “ദുഷ്ടയുഗത്തിൽനിന്ന്.” പദാവലിയിൽ “വ്യവസ്ഥിതി” കാണുക.
അക്ഷ. “മാംസത്തോടും രക്തത്തോടും.”
പത്രോസ് എന്നും വിളിച്ചിരുന്നു.
പദാവലി കാണുക.
അക്ഷ. “ഒരു മണിക്കൂർ നേരത്തേക്കുപോലും.”
പത്രോസ് എന്നും വിളിച്ചിരുന്നു.
അക്ഷ. “എനിക്കും ബർന്നബാസിനും പങ്കാളിത്തത്തിന്റെ വലങ്കൈ തന്നു.”
പത്രോസ് എന്നും വിളിച്ചിരുന്നു.
അഥവാ “നേരിട്ടു.”
അഥവാ “കപടവേഷം അണിഞ്ഞതുകൊണ്ട്.”
അഥവാ “കപടവേഷം അണിയാൻ.”
പദാവലി കാണുക.
അക്ഷ. “ആത്മാവിൽ.”
അക്ഷ. “ജഡത്തിൽ.” പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “ഉടമ്പടിക്കുപോലും ഒരിക്കൽ നിയമസാധുത നൽകിക്കഴിഞ്ഞാൽ.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തുകൾക്ക്.”
അക്ഷ. “വിത്തിന്.”
അക്ഷ. “വിത്ത്.”
അഥവാ “ശിശുപാലകനായി.”
അഥവാ “ശിശുപാലകന്റെ.”
അക്ഷ. “ദൈവത്തിന്റെ പുത്രന്മാരാണ്.”
അക്ഷ. “വിത്തും.”
“അപ്പാ!” എന്ന് അർഥം വരുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം.
അഥവാ “എന്നോട് അറപ്പോടെ പെരുമാറുകയോ എന്റെ നേരെ തുപ്പുകയോ ചെയ്തില്ല.”
അഥവാ “എന്നതിനു ഞാൻ സാക്ഷി.”
അഥവാ “ജഡപ്രകാരവും.”
അഥവാ “ജഡപ്രകാരം.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “ആരെയും ഇടറിക്കുമായിരുന്നില്ല.”
അഥവാ “തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കരുതോ?” അതുവഴി, നിയമം അനുസരിക്കണമെന്നു വാദിക്കുന്ന ചിലർ അതേ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അയോഗ്യരാകുമായിരുന്നു.
പദാവലി കാണുക.
മറ്റൊരു സാധ്യത “നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “നാണംകെട്ട പെരുമാറ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അഥവാ “ആഭിചാരം.”
അതായത്, അസൂയകൊണ്ട് ഉണ്ടാകുന്ന മത്സരം.
അഥവാ “അവരുടെ ഉത്തരവാദിത്വമെന്ന ചുമട്.”
പദാവലി കാണുക.
അഥവാ “നിറുത്തിക്കളയാതിരുന്നാൽ.”
അക്ഷ. “നിശ്ചയിച്ച സമയമുള്ളിടത്തോളം.”
പദാവലി കാണുക.
അഥവാ “പുറമേ.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “സ്തംഭത്തിൽ വധിക്കപ്പെട്ടിരിക്കുന്നു.”