റോമിലുള്ളവർക്ക് എഴുതിയ കത്ത്
1 ക്രിസ്തുയേശുവിന്റെ അടിമയും അപ്പോസ്തലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്തയ്ക്കുവേണ്ടി വേർതിരിക്കപ്പെട്ടവനും ആയ പൗലോസാണ്+ ഇത് എഴുതുന്നത്. 2 ദൈവം തന്റെ പ്രവാചകന്മാരിലൂടെ വിശുദ്ധതിരുവെഴുത്തുകളിൽ നേരത്തേതന്നെ വാഗ്ദാനം ചെയ്തിട്ടുള്ള ഈ സന്തോഷവാർത്ത 3 ദൈവത്തിന്റെ പുത്രനെക്കുറിച്ചുള്ളതാണ്. ദാവീദിന്റെ സന്തതിപരമ്പരയിൽ* മനുഷ്യനായി ജനിച്ച ഈ പുത്രൻ+ 4 മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ+ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവപുത്രനാണെന്നു+ തെളിഞ്ഞ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. 5 എല്ലാ ജനതകളും+ വിശ്വാസവും അനുസരണവും കാണിച്ചുകൊണ്ട് യേശുവിന്റെ പേര് മഹത്ത്വപ്പെടുത്താൻവേണ്ടി, യേശുവിലൂടെ ദൈവം ഞങ്ങളോട് അനർഹദയ കാട്ടി അപ്പോസ്തലന്മാരായിരിക്കാനുള്ള+ പദവി ഞങ്ങൾക്കു തന്നു. 6 ആ ജനതകളിൽ, യേശുക്രിസ്തുവിനുവേണ്ടി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെടുന്നു. 7 അതുകൊണ്ട് ദൈവത്തിനു പ്രിയപ്പെട്ടവരും വിശുദ്ധരായി വിളിക്കപ്പെട്ടവരും ആയ റോമിലുള്ള നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി ഞാൻ എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ഉണ്ടാകട്ടെ.
8 ആദ്യംതന്നെ നിങ്ങളെപ്രതി യേശുക്രിസ്തുവിലൂടെ ഞാൻ എന്റെ ദൈവത്തിനു നന്ദി പറയുന്നു. കാരണം നിങ്ങളുടെ വിശ്വാസം ലോകം മുഴുവൻ പ്രസിദ്ധമാണ്. 9 ഞാൻ എപ്പോഴും നിങ്ങളെ എന്റെ പ്രാർഥനയിൽ ഓർക്കുന്നു+ എന്നതിന്, ദൈവപുത്രനെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിച്ചുകൊണ്ട് ഞാൻ മുഴുഹൃദയത്തോടെ* ഏതു ദൈവത്തെ സേവിക്കുന്നോ* ആ ദൈവംതന്നെ സാക്ഷി. 10 ദൈവഹിതമെങ്കിൽ ഇത്തവണയെങ്കിലും നിങ്ങളുടെ അടുത്ത് വരാൻ വഴി തുറന്നുകിട്ടണമെന്നാണു ഞാൻ യാചിക്കാറുള്ളത്. 11 കാരണം നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. അങ്ങനെയാകുമ്പോൾ എന്തെങ്കിലും ആത്മീയസമ്മാനം നൽകി എനിക്കു നിങ്ങളെ ബലപ്പെടുത്താമല്ലോ. 12 ശരിക്കും പറഞ്ഞാൽ എന്റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്പരം പ്രോത്സാഹനം+ ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
13 സഹോദരങ്ങളേ, മറ്റു ജനതകൾക്കിടയിൽനിന്ന് കിട്ടിയതുപോലെ നിങ്ങൾക്കിടയിൽനിന്നും ഫലം കിട്ടേണ്ടതിനു ഞാൻ പലവട്ടം നിങ്ങളുടെ അടുത്ത് വരാൻ ഒരുങ്ങിയതാണ്. പക്ഷേ ഓരോരോ തടസ്സങ്ങൾ കാരണം ഇതുവരെയും എനിക്ക് അതിനു കഴിഞ്ഞിട്ടില്ല. ഇക്കാര്യം നിങ്ങൾ അറിയാതെപോകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. 14 ഗ്രീക്കുകാരെന്നോ വിദേശികളെന്നോ,* ബുദ്ധിമാന്മാരെന്നോ ബുദ്ധിയില്ലാത്തവരെന്നോ വ്യത്യാസമില്ലാതെ ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ ഞാൻ കടപ്പെട്ടവനാണ്. 15 അതുകൊണ്ട് അവിടെ റോമിലുള്ള+ നിങ്ങളെയും സന്തോഷവാർത്ത അറിയിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. 16 ആ സന്തോഷവാർത്തയെക്കുറിച്ച് എനിക്കു നാണക്കേടു തോന്നുന്നില്ല.+ ആദ്യം ജൂതനെയും+ പിന്നെ ഗ്രീക്കുകാരനെയും,+ അങ്ങനെ വിശ്വസിക്കുന്ന+ എല്ലാവരെയും രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാണ് അത്. 17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
18 നീതികെട്ട വഴികളിലൂടെ സത്യത്തെ അടിച്ചമർത്തുന്ന+ മനുഷ്യരുടെ എല്ലാവിധത്തിലുമുള്ള ദൈവനിഷേധത്തിനും നീതികേടിനും എതിരെ ദൈവക്രോധം+ സ്വർഗത്തിൽനിന്ന് വെളിപ്പെടുന്നു. 19 കാരണം, ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുന്നതെല്ലാം അവരുടെ മുന്നിൽ വ്യക്തമായി കിടക്കുന്നു. ദൈവം അത് അവർക്കു വ്യക്തമാക്കിക്കൊടുത്തിട്ടുണ്ടല്ലോ.+ 20 ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട്+ അവർക്ക് ഒരു ഒഴികഴിവും പറയാനില്ല. 21 അവർക്കു ദൈവത്തെ അറിയാമായിരുന്നിട്ടും ദൈവമെന്ന നിലയിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുകയോ ദൈവത്തോടു നന്ദി പറയുകയോ ചെയ്തില്ല. പകരം അവരുടെ ന്യായവാദങ്ങൾ കഴമ്പില്ലാത്തതും അവരുടെ മൂഢഹൃദയം ഇരുളടഞ്ഞതും ആയി.+ 22 ബുദ്ധിമാന്മാരെന്ന് അവകാശപ്പെട്ടെങ്കിലും അവർ വിഡ്ഢികളായിപ്പോയി. 23 അനശ്വരനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ നശ്വരനായ മനുഷ്യന്റെയും പക്ഷിയുടെയും നാൽക്കാലിയുടെയും ഇഴജന്തുവിന്റെയും രൂപംപോലെയാക്കി.+
24 അതുകൊണ്ട് ദൈവം അവരെ അവരുടെ ഹൃദയത്തിലെ മോഹങ്ങൾക്കനുസരിച്ച് അശുദ്ധിക്കു വിട്ടുകൊടുത്തുകൊണ്ട് അവരുടെ ശരീരങ്ങളെ അവർതന്നെ അപമാനിക്കാൻ അനുവദിച്ചു. 25 അവർ വ്യാജമായതിനുവേണ്ടി ദൈവത്തിന്റെ സത്യം ഉപേക്ഷിച്ചു. സ്രഷ്ടാവിനു പകരം സൃഷ്ടിയെ സേവിച്ച് പൂജിച്ചു.* സ്രഷ്ടാവോ എന്നെന്നും വാഴ്ത്തപ്പെടുന്നവൻ. ആമേൻ. 26 അതുകൊണ്ടാണ് ദൈവം അവരെ നിന്ദ്യമായ കാമവികാരങ്ങൾക്കു+ വിട്ടുകൊടുത്തത്. അവരുടെ സ്ത്രീകൾ സ്വാഭാവികവേഴ്ച വിട്ട് പ്രകൃതിവിരുദ്ധമായതിൽ+ ഏർപ്പെട്ടു. 27 അതുപോലെതന്നെ പുരുഷന്മാരും, സ്ത്രീകളുമായുള്ള സ്വാഭാവികവേഴ്ച* വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണും ആണും തമ്മിൽ മ്ലേച്ഛമായതു പ്രവർത്തിച്ചു.+ അവരുടെ തെറ്റിനുള്ള ശിക്ഷ അവർ മുഴുവനായി ഏറ്റുവാങ്ങി.+
28 ദൈവത്തെ അംഗീകരിക്കാൻ* മനസ്സില്ലാതിരുന്ന അവരെ ദൈവാംഗീകാരമില്ലാത്ത ഒരു മാനസികാവസ്ഥയിലേക്കു ദൈവം കയ്യൊഴിഞ്ഞു. അങ്ങനെ, ദൈവം അവരെ അവിഹിതമായ കാര്യങ്ങൾ ചെയ്യാൻ വിട്ടു.+ 29 അവർ എല്ലാ തരം അനീതിയും+ ദുഷ്ടതയും അത്യാഗ്രഹവും*+ വഷളത്തവും നിറഞ്ഞവരാണ്. അസൂയ,+ കൊലപാതകം,+ ശണ്ഠ, വഞ്ചന,+ ദ്രോഹചിന്ത+ എന്നിവയിൽ മുഴുകി ജീവിക്കുന്നവർ. അവർ കുശുകുശുപ്പുകാരും* 30 ഏഷണി പറയുന്നവരും+ ദൈവത്തെ വെറുക്കുന്നവരും ധിക്കാരികളും ധാർഷ്ട്യക്കാരും വീമ്പിളക്കുന്നവരും കുടിലപദ്ധതികൾ മനയുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും+ 31 വകതിരിവില്ലാത്തവരും*+ വാക്കു പാലിക്കാത്തവരും സഹജസ്നേഹമില്ലാത്തവരും കരുണയില്ലാത്തവരും ആണ്. 32 ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നവർ മരണയോഗ്യരാണെന്ന+ നീതിയുള്ള ദൈവകല്പന നന്നായി അറിയാമായിരുന്നിട്ടും അവർ വീണ്ടുംവീണ്ടും ഇക്കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവർ അതു ചെയ്യുമ്പോൾ ശരിവെക്കുകയും ചെയ്യുന്നു.
2 മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ,+ നീ മറ്റൊരാളെ വിധിക്കുന്നെങ്കിൽ നിനക്ക് ഒരു ഒഴികഴിവും പറയാനില്ല. മറ്റൊരാളെ വിധിക്കുമ്പോൾ നീ നിന്നെത്തന്നെയാണു കുറ്റം വിധിക്കുന്നത്. കാരണം, വിധിക്കുന്ന നീയും അതേ കാര്യങ്ങൾതന്നെ ചെയ്യുന്നുണ്ടല്ലോ.+ 2 ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയുള്ള ദൈവത്തിന്റെ ന്യായവിധി സത്യത്തിനു ചേർച്ചയിലാണെന്നു നമുക്ക് അറിയാം.
3 മറ്റുള്ളവരെ വിധിച്ചിട്ട് അതേ കാര്യങ്ങൾതന്നെ ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ ന്യായവിധിയിൽനിന്ന് രക്ഷപ്പെടാമെന്നാണോ നിന്റെ വിചാരം? 4 ദൈവം കനിവ് കാണിക്കുന്നതു നിന്നെ മാനസാന്തരത്തിലേക്കു നയിക്കാനാണെന്ന്+ അറിയാതെ നീ ദൈവത്തിന്റെ അളവറ്റ ദയയെയും+ സംയമനത്തെയും*+ ക്ഷമയെയും+ പുച്ഛിക്കുന്നോ? 5 നിന്റെ ശാഠ്യവും മാനസാന്തരമില്ലാത്ത ഹൃദയവും കാരണം ദൈവത്തിന്റെ നീതിയുള്ള ന്യായവിധി+ വെളിപ്പെടുന്ന ക്രോധദിവസത്തിലേക്കു നിനക്കുവേണ്ടിത്തന്നെ നീ ക്രോധം ശേഖരിച്ചുവെക്കുന്നു. 6 ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+ 7 മടുത്തുപോകാതെ നല്ലതു ചെയ്തുകൊണ്ട് മഹത്ത്വത്തിനും മാനത്തിനും അനശ്വരതയ്ക്കും+ വേണ്ടി ശ്രമിക്കുന്നവർക്കു നിത്യജീവൻ കിട്ടും. 8 എന്നാൽ, സത്യം അനുസരിക്കാതെ ശണ്ഠകൂടി അനീതിയുടെ വഴിയേ നടക്കുന്നവരുടെ മേൽ കോപവും ക്രോധവും വരും.+ 9 മോശമായ കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും,* ആദ്യം ജൂതനും പിന്നെ ഗ്രീക്കുകാരനും, കഷ്ടതയും യാതനയും ഉണ്ടാകും. 10 എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും, ആദ്യം ജൂതനും+ പിന്നെ ഗ്രീക്കുകാരനും,+ മഹത്ത്വവും മാനവും സമാധാനവും ലഭിക്കും. 11 കാരണം, ദൈവത്തിനു പക്ഷപാതമില്ല.+
12 നിയമത്തിനു* കീഴിലല്ലാതിരിക്കെ പാപം ചെയ്തവരെല്ലാം നിയമമില്ലെങ്കിലും+ മരിക്കും. എന്നാൽ നിയമത്തിനു കീഴിലായിരുന്നിട്ടും പാപം ചെയ്തവരെയെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ വിധിക്കും.+ 13 നിയമം വെറുതേ കേൾക്കുന്നവരല്ല ദൈവമുമ്പാകെ നീതിമാന്മാർ. നിയമമനുസരിച്ച് പ്രവർത്തിക്കുന്നവരെയാണു നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്.+ 14 നിയമമില്ലാത്ത ജനതകൾ+ നിയമത്തിൽ പറയുന്ന അതേ കാര്യങ്ങൾ സഹജമായിത്തന്നെ ചെയ്യുന്നുണ്ട്. അവർ നിയമമില്ലാത്തവരാണെങ്കിലും അവർ തങ്ങൾക്കുതന്നെ ഒരു നിയമമാണ്. 15 അവരോടൊപ്പം അവരുടെ മനസ്സാക്ഷിയും സാക്ഷി പറയുന്നു. അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റപ്പെടുത്തുന്നു അല്ലെങ്കിൽ അവരെ ന്യായീകരിക്കുന്നു. ഇങ്ങനെ, നിയമത്തിലുള്ളത് അവരുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ടെന്ന് അവർ തെളിയിക്കുന്നു. 16 ദൈവം ക്രിസ്തുയേശുവിനെ ഉപയോഗിച്ച് മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്ന ദിവസത്തിൽ ഇതു സംഭവിക്കും.+ ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്തയിൽ ഇതും ഉൾപ്പെട്ടിട്ടുണ്ട്.
17 ഒരു ജൂതനായി അറിയപ്പെടുന്ന നീ+ നിയമത്തിൽ ആശ്രയിക്കുകയും ദൈവവുമായുള്ള ബന്ധത്തെക്കുറിച്ച് അഭിമാനംകൊള്ളുകയും ചെയ്യുന്നു. 18 നിയമം നന്നായി പഠിച്ചതുകൊണ്ട്*+ നീ ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കുകയും ശ്രേഷ്ഠമായ കാര്യങ്ങൾ വിവേചിച്ചറിയുകയും ചെയ്യുന്നു. 19 നീ അന്ധന്മാർക്കു വഴികാട്ടിയും ഇരുട്ടിലുള്ളവർക്കു വെളിച്ചവും 20 മൂഢന്മാരെ ഉപദേശിക്കുന്നവനും കുട്ടികളുടെ അധ്യാപകനും നിയമത്തിൽനിന്ന് ജ്ഞാനത്തിന്റെയും സത്യത്തിന്റെയും രൂപരേഖ ലഭിച്ചവനും ആണെന്നു നിനക്ക് ഉറച്ച വിശ്വാസമുണ്ട്. 21 എന്നാൽ, മറ്റുള്ളവരെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്താണ്?+ “മോഷ്ടിക്കരുത്”+ എന്നു പ്രസംഗിച്ചിട്ട് നീതന്നെ മോഷ്ടിക്കുന്നോ? 22 “വ്യഭിചാരം ചെയ്യരുത്”+ എന്നു പറഞ്ഞിട്ട് നീതന്നെ വ്യഭിചാരം ചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കവർച്ച ചെയ്യുന്നോ? 23 നിയമത്തിൽ അഭിമാനംകൊള്ളുന്ന നീ നിയമം ലംഘിച്ചുകൊണ്ട് ദൈവത്തെ അപമാനിക്കുന്നോ? 24 അതെ, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ, “നിങ്ങൾ കാരണം ദൈവനാമം ജനതകൾക്കിടയിൽ നിന്ദിക്കപ്പെടുകയാണ്.”+
25 നീ നിയമം അനുസരിക്കുന്നെങ്കിൽ മാത്രമേ+ പരിച്ഛേദനകൊണ്ട്*+ പ്രയോജനമുള്ളൂ. നിയമം ലംഘിക്കുന്നെങ്കിൽ നിന്റെ പരിച്ഛേദന പരിച്ഛേദനയല്ലാതായി മാറുന്നു. 26 അങ്ങനെയെങ്കിൽ, പരിച്ഛേദനയേൽക്കാത്ത ഒരാൾ+ നിയമത്തിലെ നീതിയുള്ള വ്യവസ്ഥകൾ അനുസരിക്കുന്നെങ്കിൽ അയാളുടെ അഗ്രചർമം പരിച്ഛേദന ചെയ്തതായി കണക്കാക്കിക്കൂടേ?+ 27 അങ്ങനെ, ശരീരംകൊണ്ട് അഗ്രചർമിയെങ്കിലും നിയമം പാലിക്കുന്ന ഒരാൾ, എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനയും ഉണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ വിധിക്കുകയാണ്. 28 കാരണം പുറമേ ജൂതനായവൻ ജൂതനല്ല.+ ശരീരത്തിലെ പരിച്ഛേദന പരിച്ഛേദനയുമല്ല.+ 29 അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ.+ അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല,+ പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്.+ അങ്ങനെയുള്ളവനു മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്ന് പ്രശംസ ലഭിക്കും.+
3 അങ്ങനെയെങ്കിൽ, ജൂതന്റെ മേന്മ എന്താണ്? പരിച്ഛേദനകൊണ്ടുള്ള* പ്രയോജനം എന്താണ്? 2 എങ്ങനെ നോക്കിയാലും ധാരാളം പ്രയോജനങ്ങളുണ്ട്. ഒന്നാമതായി, ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകൾ+ അവരെയാണ് ഏൽപ്പിച്ചത്. 3 എന്നാൽ അവരിൽ ചിലർ വിശ്വസിച്ചില്ലെങ്കിലോ? അവർക്കു വിശ്വാസമില്ലെന്നുവെച്ച് ദൈവം വിശ്വസ്തനല്ലെന്നു വരുമോ? 4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും നുണയന്മാരെന്നു+ വന്നാലും ദൈവം സത്യവാനെന്നേ വരൂ.+ “അങ്ങയുടെ വാക്കുകൾ അങ്ങ് നീതിമാനാണെന്നു തെളിയിക്കും. ന്യായവിസ്താരത്തിൽ അങ്ങുതന്നെ വിജയിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. 5 എന്നാൽ നമ്മുടെ അനീതികൊണ്ട് ദൈവത്തിന്റെ നീതിയുടെ മാറ്റു കൂടുന്നെങ്കിൽ പിന്നെ നമ്മൾ എന്തു പറയാനാണ്? ക്രോധം കാണിക്കുന്നു എന്നതുകൊണ്ട് ദൈവം അനീതിയുള്ളവനാണെന്നാണോ? (മാനുഷികമായ കാഴ്ചപ്പാടിലാണു ഞാൻ ഇതു പറയുന്നത്.) 6 ഒരിക്കലുമല്ല! അനീതിയുള്ളവനാണെങ്കിൽ ദൈവം എങ്ങനെ ലോകത്തെ ന്യായം വിധിക്കും?+
7 ഇനി, ഞാൻ പറയുന്ന ഒരു നുണയിലൂടെ, ദൈവം പറയുന്ന സത്യത്തിന്റെ ശോഭയേറുകയും അങ്ങനെ ദൈവത്തിനു മഹത്ത്വമുണ്ടാകുകയും ചെയ്യുന്നെങ്കിൽ പിന്നെ എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിനാണ്? 8 അങ്ങനെയെങ്കിൽ, “നന്മ വരാൻവേണ്ടി നമുക്കു തിന്മ ചെയ്യാം” എന്നു പറഞ്ഞുകൂടേ? ഞങ്ങൾ അങ്ങനെ പറയുന്നെന്നാണല്ലോ ചിലർ ആരോപിക്കുന്നത്. അവർക്കെതിരെയുള്ള ന്യായവിധി എന്തുകൊണ്ടും നീതിക്കു ചേർച്ചയിലാണ്.+
9 അപ്പോൾപ്പിന്നെ നമുക്ക് എന്തെങ്കിലും മേന്മയുണ്ടെന്നാണോ? ഇല്ല, ഒട്ടുമില്ല! മുമ്പ് പറഞ്ഞതുപോലെ, ജൂതന്മാരും ഗ്രീക്കുകാരും ഒരുപോലെ പാപത്തിൻകീഴിലാണ്.+ 10 ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: “നീതിമാൻ ആരുമില്ല. ഒരാൾപ്പോലുമില്ല.+ 11 ഉൾക്കാഴ്ചയുള്ള ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ഒരാളുമില്ല. 12 എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു. അവരെല്ലാം ഒരു ഗുണവുമില്ലാത്തവരായിത്തീർന്നിരിക്കുന്നു. ദയ കാണിക്കുന്ന ആരുമില്ല. ഒരാൾപ്പോലുമില്ല.”+ 13 “അവരുടെ തൊണ്ട, തുറന്ന ശവക്കുഴി. നാവുകൊണ്ട് അവർ വഞ്ചിച്ചിരിക്കുന്നു.”+ “അവരുടെ വായിൽ സർപ്പവിഷമുണ്ട്.”+ 14 “അവരുടെ വായ് നിറയെ ശാപവും വിദ്വേഷവും ആണ്.”+ 15 “അവരുടെ കാലുകൾ രക്തം ചൊരിയാൻ കുതിക്കുന്നു.”+ 16 “അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്. 17 സമാധാനത്തിന്റെ വഴി അവർക്ക് അറിയില്ല.”+ 18 “അവരുടെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.”+
19 നിയമത്തിൽ പറയുന്നതെല്ലാം നിയമത്തിൻകീഴിലുള്ളവരോടാണെന്നു നമുക്ക് അറിയാം. അതുകൊണ്ട് എല്ലാ വായും അടഞ്ഞുപോകുകയും ലോകം മുഴുവൻ ദൈവസന്നിധിയിൽ ശിക്ഷയ്ക്ക് അർഹരായിത്തീരുകയും ചെയ്യും.+ 20 അതിനാൽ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതുകൊണ്ട് ആരെയും ദൈവത്തിന്റെ മുന്നിൽ നീതിമാനായി പ്രഖ്യാപിക്കില്ല.+ നിയമത്തിൽനിന്ന് പാപത്തെക്കുറിച്ച് ശരിയായ* അറിവ് ലഭിക്കുന്നു എന്നു മാത്രമേ ഉള്ളൂ.+
21 എന്നാൽ നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തുന്നതുപോലെ+ നിയമം കൂടാതെതന്നെ ഇപ്പോൾ ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു.+ 22 അതെ, വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവനീതി വെളിപ്പെട്ടിരിക്കുന്നു. കാരണം ദൈവത്തിന്റെ മുമ്പാകെ ആർക്കും ഒരു വ്യത്യാസവുമില്ല.+ 23 എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സില്ലാത്തവരായിരിക്കുന്നല്ലോ.*+ 24 എന്നാൽ ദൈവം, ക്രിസ്തുയേശു നൽകിയ മോചനവിലയാൽ*+ അവരെ മോചിപ്പിച്ച് നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ ഇതു ദൈവത്തിന് അനർഹദയ+ തോന്നിയിട്ട്, സൗജന്യമായി നൽകുന്ന ഒരു സമ്മാനമാണ്.+ 25 യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവവുമായി സമാധാനത്തിലാകാൻ+ ദൈവം യേശുവിനെ ഒരു യാഗമായി* നൽകി. ദൈവം അങ്ങനെ ചെയ്തത്, താൻ സംയമനത്തോടെ* കാത്തിരുന്ന മുൻകാലങ്ങളിൽ ആളുകളുടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതിയാണെന്നു വരേണ്ടതിനും 26 ഇക്കാലത്ത് താൻ യേശുവിൽ വിശ്വസിക്കുന്ന ഒരാളെ നീതിമാനായി പ്രഖ്യാപിക്കുമ്പോൾ+ അതും തന്റെ ഭാഗത്തെ നീതിയാണെന്നു വരേണ്ടതിനും ആണ്.+
27 അങ്ങനെയെങ്കിൽ, പൊങ്ങച്ചം പറയാൻ എന്തിരിക്കുന്നു? അതിനു സ്ഥാനമില്ലാതായി. ഏതു നിയമത്താൽ? പ്രവൃത്തികളുടെ നിയമത്താലാണോ?+ അല്ല, വിശ്വാസത്തിന്റെ നിയമത്താൽ. 28 കാരണം നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിനാലല്ല, പകരം വിശ്വാസത്താലാണ് ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നതെന്നു നമ്മൾ മനസ്സിലാക്കുന്നു.+ 29 ദൈവം ജൂതന്മാരുടെ മാത്രം ദൈവമാണോ?+ ജനതകളിൽപ്പെട്ടവരുടെയും ദൈവമല്ലേ?+ അതെ, ദൈവം ജനതകളിൽപ്പെട്ടവരുടെയും ദൈവമാണ്.+ 30 ദൈവം ഒന്നേ ഉള്ളൂ.+ അതുകൊണ്ട് പരിച്ഛേദനയേറ്റവരെയും പരിച്ഛേദനയേൽക്കാത്തവരെയും ദൈവം അവരുടെ വിശ്വാസത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു.+ 31 അപ്പോൾ നമ്മുടെ വിശ്വാസത്താൽ നമ്മൾ നിയമത്തെ നീക്കിക്കളയുകയാണോ? ഒരിക്കലുമല്ല! നമ്മൾ നിയമത്തെ പിന്താങ്ങുകയാണു ചെയ്യുന്നത്.+
4 അങ്ങനെയെങ്കിൽ, നമ്മുടെ പൂർവികനായ അബ്രാഹാം ജഡപ്രകാരം* എന്തു നേടി? 2 അബ്രാഹാമിനെ നീതിമാനായി പ്രഖ്യാപിച്ചതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെങ്കിൽ അബ്രാഹാമിന് അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ ദൈവസന്നിധിയിൽ അഭിമാനിക്കാൻ വകയില്ല. 3 തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ? 4 ജോലി ചെയ്യുന്നയാൾക്കു കൊടുക്കുന്ന കൂലിയെ ഒരു ഔദാര്യമായി* ആരും കണക്കാക്കില്ല. അത് അയാൾക്ക് അവകാശപ്പെട്ടതാണ്. 5 എന്നാൽ ഒരാൾ ഒന്നും ചെയ്യുന്നില്ലെങ്കിൽപ്പോലും അഭക്തരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ അയാളുടെ വിശ്വാസം നീതിയായി കണക്കിടും.+ 6 പ്രവൃത്തികൾ നോക്കാതെതന്നെ ദൈവം നീതിമാനായി കണക്കാക്കുന്ന മനുഷ്യന്റെ സന്തോഷത്തെപ്പറ്റി ദാവീദും ഇങ്ങനെ പറയുന്നു: 7 “ധിക്കാരം* ക്ഷമിച്ചും പാപം മറച്ചും* കിട്ടിയവർ സന്തുഷ്ടർ. 8 യഹോവ* പാപം കണക്കിലെടുക്കാത്ത മനുഷ്യൻ സന്തുഷ്ടൻ.”+
9 ഈ സന്തോഷം പരിച്ഛേദനയേറ്റവർക്കു* മാത്രമുള്ളതാണോ, അതോ പരിച്ഛേദനയേൽക്കാത്ത അഗ്രചർമികൾക്കും കൂടെയുള്ളതോ?+ “അബ്രാഹാമിന്റെ വിശ്വാസം കാരണം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നു നമ്മൾ പറയുന്നുണ്ടല്ലോ. 10 അങ്ങനെയെങ്കിൽ, എപ്പോഴാണ് അതു കണക്കിട്ടത്? പരിച്ഛേദനയേറ്റശേഷമോ, അതിനു മുമ്പോ? പരിച്ഛേദനയേറ്റശേഷമല്ല, അതിനു മുമ്പുതന്നെയാണ്. 11 പരിച്ഛേദനയേൽക്കുന്നതിനു മുമ്പുതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്നതിന്റെ മുദ്രയായി* അബ്രാഹാമിനു പരിച്ഛേദനയെന്ന അടയാളം+ ലഭിച്ചു. അങ്ങനെ, അഗ്രചർമികളായിരിക്കെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട സകലർക്കും അബ്രാഹാം പിതാവായി.+ 12 പരിച്ഛേദനയേറ്റവർക്കും അബ്രാഹാം പിതാവായി. അതെ, പരിച്ഛേദനയേറ്റവർക്കും അഗ്രചർമിയായിരിക്കെ നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസത്തിന്റെ അതേ മാതൃക ചിട്ടയോടെ പിൻപറ്റുന്നവർക്കും അബ്രാഹാം പിതാവായി.+
13 ഒരു ലോകത്തിന്റെ* അവകാശിയാകുമെന്ന വാഗ്ദാനം അബ്രാഹാമിനും സന്തതിക്കും* ലഭിച്ചതു+ നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതിയിലൂടെയാണ്.+ 14 നിയമം പാലിക്കുന്നവരാണ് അവകാശികളെങ്കിൽ വിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വാഗ്ദാനത്തിനു വിലയില്ലെന്നും വരും. 15 വാസ്തവത്തിൽ, നിയമം ക്രോധത്തിനു വഴിതെളിക്കുകയാണു ചെയ്യുന്നത്.+ കാരണം നിയമമില്ലെങ്കിൽ ലംഘനവുമില്ല.+
16 അതുകൊണ്ടാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദാനം നൽകിയത്. ദൈവത്തിന് അനർഹദയ തോന്നിയിട്ടാണു+ വാഗ്ദാനം നൽകിയത് എന്ന് അതിലൂടെ വ്യക്തമാകുന്നു. വാഗ്ദാനം നിറവേറുമെന്ന് അബ്രാഹാമിന്റെ സന്തതികൾക്കെല്ലാം*+ ഉറപ്പു തോന്നാനാണു ദൈവം അങ്ങനെ ചെയ്തത്. അതിൽ നിയമം പാലിക്കുന്നവർ മാത്രമല്ല നമ്മുടെയെല്ലാം പിതാവായ അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമുള്ള മറ്റുള്ളവരും ഉൾപ്പെടുന്നു.+ 17 (“ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.) അബ്രാഹാം വിശ്വസിച്ച ദൈവത്തിന്റെ വീക്ഷണത്തിൽ, അതായത് മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും* ചെയ്യുന്ന ദൈവത്തിന്റെ വീക്ഷണത്തിൽ, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. 18 “നിന്റെ സന്തതിയും* ഇതുപോലെയാകും”+ എന്ന വാഗ്ദാനത്തിനു ചേർച്ചയിൽ താൻ അനേകം ജനതകൾക്കു പിതാവാകും എന്ന് അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു. പ്രതീക്ഷയ്ക്ക് ഒരു വകയുമില്ലാഞ്ഞിട്ടും അബ്രാഹാം അതു വിശ്വസിച്ചു. 19 തന്റെ ശരീരം മരിച്ചതിനു തുല്യമാണെന്നും (കാരണം അപ്പോൾ അബ്രാഹാമിന് ഏകദേശം 100 വയസ്സുണ്ടായിരുന്നു.)+ സാറയുടെ ഗർഭപാത്രം നിർജീവമാണെന്നും*+ അറിയാമായിരുന്നിട്ടും അബ്രാഹാമിന്റെ വിശ്വാസത്തിന് ഒരു കുറവും വന്നില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെ അവിശ്വസിച്ച് ചഞ്ചലപ്പെടാതെ അബ്രാഹാം വിശ്വാസത്താൽ ശക്തിപ്പെട്ട് ദൈവത്തെ മഹത്ത്വപ്പെടുത്തി. 21 വാഗ്ദാനം നിവർത്തിക്കാൻ ദൈവം പ്രാപ്തനാണെന്ന്+ അബ്രാഹാമിനു പൂർണബോധ്യമുണ്ടായിരുന്നു. 22 അതുകൊണ്ട്, “അബ്രാഹാമിനെ നീതിമാനായി കണക്കാക്കി.”+
23 ‘അത് അബ്രാഹാമിനു കണക്കിട്ടു’ എന്ന് എഴുതിയിരിക്കുന്നത് അബ്രാഹാമിനുവേണ്ടി മാത്രമല്ല,+ 24 നമുക്കുവേണ്ടിയുമാണ്. നമുക്കും അതു കണക്കിടും. കാരണം, നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിൽ+ നമ്മളും വിശ്വസിക്കുന്നുണ്ട്. 25 നമ്മുടെ അപരാധങ്ങൾക്കുവേണ്ടിയാണല്ലോ യേശുവിനെ മരണത്തിന് ഏൽപ്പിച്ചത്.+ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻവേണ്ടിയാണല്ലോ+ യേശുവിനെ ഉയിർപ്പിച്ചത്.
5 അതുകൊണ്ട് വിശ്വാസത്തിന്റെ പേരിൽ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക്,+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവവുമായി സമാധാനത്തിലായിരിക്കാം.*+ 2 യേശുവിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ ആസ്വദിക്കുന്ന, ദൈവത്തിന്റെ അനർഹദയയിലേക്കു വിശ്വാസത്താൽ നമുക്കു പ്രവേശനം കിട്ടിയത്.+ ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയുള്ളതുകൊണ്ട് നമുക്കു സന്തോഷിക്കാം.* 3 അതു മാത്രമല്ല, കഷ്ടതകളിലും നമുക്ക് ആനന്ദിക്കാം.*+ കാരണം കഷ്ടത സഹനശക്തിയും+ 4 സഹനശക്തി അംഗീകാരവും+ അംഗീകാരം പ്രത്യാശയും ഉളവാക്കുന്നെന്നു+ നമുക്ക് അറിയാം. 5 നമ്മുടെ പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല.+ കാരണം നമുക്കു നൽകിയ പരിശുദ്ധാത്മാവിലൂടെ* ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിഞ്ഞിരിക്കുന്നു.+
6 നിശ്ചയിച്ച സമയത്ത് ക്രിസ്തു അഭക്തർക്കുവേണ്ടി മരിച്ചു. നമ്മൾ ദുർബലരായിരിക്കുമ്പോൾത്തന്നെ+ ക്രിസ്തു അങ്ങനെ ചെയ്തു. 7 നീതിനിഷ്ഠനായ ഒരാൾക്കുവേണ്ടി ആരെങ്കിലും മരിക്കുന്നത് അപൂർവമാണ്. നല്ലവനായ ഒരാൾക്കുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തയ്യാറായേക്കാം. 8 എന്നാൽ നമ്മൾ പാപികളായിരിക്കുമ്പോൾത്തന്നെയാണു ക്രിസ്തു നമുക്കുവേണ്ടി മരിച്ചത്. ഇതിലൂടെ ദൈവം നമ്മളോടുള്ള തന്റെ സ്നേഹം കാണിച്ചുതരുന്നു.+ 9 അതുകൊണ്ട് ക്രിസ്തുവിന്റെ രക്തത്തിലൂടെ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിച്ചുകഴിഞ്ഞ+ സ്ഥിതിക്ക്, ക്രിസ്തുവിലൂടെ നമ്മൾ ദൈവക്രോധത്തിൽനിന്ന് രക്ഷപ്പെടുമെന്ന്+ എത്രയധികം ഉറപ്പാണ്! 10 നമ്മൾ ശത്രുക്കളായിരുന്നപ്പോൾത്തന്നെ പുത്രന്റെ മരണത്തിലൂടെ ദൈവവുമായി അനുരഞ്ജനത്തിലായെങ്കിൽ+ ഇപ്പോൾ അനുരഞ്ജനത്തിലായിക്കഴിഞ്ഞ നമുക്കു പുത്രന്റെ ജീവൻമൂലം രക്ഷ കിട്ടുമെന്നുള്ളത് എത്ര ഉറപ്പാണ്! 11 അതു മാത്രമല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവവുമായി ലഭിച്ച ബന്ധം നിമിത്തവും നമ്മൾ ആനന്ദിക്കുന്നു. വാസ്തവത്തിൽ ക്രിസ്തുവിലൂടെയാണല്ലോ നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമായത്.+
12 ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.+ അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.+ 13 നിയമം നൽകുന്നതിനു മുമ്പും പാപം ലോകത്തുണ്ടായിരുന്നു. എന്നാൽ നിയമമില്ലാത്തപ്പോൾ പാപം കണക്കിടുന്നില്ല.+ 14 എങ്കിലും ആദാം മുതൽ മോശ വരെ മരണം രാജാവായി വാണു. ആദാം ചെയ്തതുപോലുള്ള പാപം ചെയ്യാത്തവരുടെ മേൽപോലും മരണം ആ സമയത്ത് വാഴ്ച നടത്തി. വരാനിരുന്നവനോടു പല കാര്യങ്ങളിലും സാമ്യമുള്ളവനായിരുന്നല്ലോ ആദാം.+
15 എന്നാൽ അപരാധത്തിന്റെ കാര്യംപോലെയല്ല സമ്മാനത്തിന്റെ കാര്യം. ഒരാളുടെ അപരാധം അനേകം പേരുടെ മരണത്തിനു കാരണമായി. അതേസമയം, ദൈവത്തിന്റെ അനർഹദയയും യേശുക്രിസ്തു എന്ന ഒരാളുടെ അനർഹദയയാൽ+ ദൈവം സൗജന്യമായി നൽകുന്ന സമ്മാനവും അനേകർക്കു സമൃദ്ധമായി അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാക്കി!+ 16 സൗജന്യമായി കിട്ടിയ ഈ സമ്മാനംകൊണ്ടുള്ള നേട്ടങ്ങളെ ആ ഒരു മനുഷ്യന്റെ പാപത്തിന്റെ ഭവിഷ്യത്തുകളോടു+ താരതമ്യപ്പെടുത്താനാകില്ല. കാരണം ഒറ്റ അപരാധത്തെത്തുടർന്ന് ആളുകളെ കുറ്റക്കാരെന്നു വിധിച്ചു.+ എന്നാൽ പല അപരാധങ്ങൾക്കു ശേഷം ലഭിച്ച സമ്മാനം അനേകരെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.+ 17 ഒറ്റ മനുഷ്യന്റെ അപരാധം കാരണം അയാളിലൂടെ മരണം രാജാവായി വാണെങ്കിൽ,+ അനർഹദയയും സൗജന്യമായി കിട്ടുന്ന നീതി എന്ന സമ്മാനവും+ സമൃദ്ധമായി ലഭിച്ചവർ യേശുക്രിസ്തു എന്ന ഒരു വ്യക്തിയിലൂടെ+ ജീവിച്ച് രാജാക്കന്മാരായി വാഴുമെന്നത്+ എത്രയോ ഉറപ്പാണ്!
18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യരെയും കുറ്റക്കാരായി വിധിച്ചതുപോലെ,+ ഒറ്റ നീതിപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതിമാന്മാരായി പ്രഖ്യാപിച്ച് അവർക്കു ജീവൻ നൽകും.+ 19 ഒറ്റ മനുഷ്യന്റെ അനുസരണക്കേടുകൊണ്ട് അനേകർ പാപികളായതുപോലെ+ ഒറ്റ വ്യക്തിയുടെ അനുസരണംകൊണ്ട് അനേകർ നീതിമാന്മാരായിത്തീരും.+ 20 അപരാധങ്ങൾ പെരുകുന്നതിനായി പിന്നെ നിയമംകൂടെ രംഗത്തെത്തി.+ എന്നാൽ പെരുകുന്ന പാപത്തെയും കവിയുന്നതായിരുന്നു അനർഹദയ. 21 എന്തിനുവേണ്ടി? പാപം മരണത്തോടൊപ്പം രാജാവായി വാണതുപോലെ+ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നിത്യജീവനിലേക്കു നയിക്കുന്ന+ നീതിയിലൂടെ അനർഹദയ രാജാവായി വാഴാൻവേണ്ടി.
6 എന്നുവെച്ച് അനർഹദയ സമൃദ്ധമായി ലഭിക്കാൻവേണ്ടി പാപം ചെയ്തുകൊണ്ടിരിക്കാമെന്നാണോ പറഞ്ഞുവരുന്നത്? 2 ഒരിക്കലുമല്ല! പാപം ചെയ്യുന്ന കാര്യത്തിൽ നമ്മൾ മരിച്ച സ്ഥിതിക്ക്+ ഇനിയും പാപം ചെയ്തുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ്?+ 3 സ്നാനമേറ്റ് ക്രിസ്തുയേശുവിലേക്കു ചേർന്ന+ നമ്മൾ എല്ലാവരും ക്രിസ്തുവിന്റെ മരണത്തിലേക്കാണു സ്നാനമേറ്റ്+ ചേർന്നതെന്നു നിങ്ങൾക്ക് അറിയില്ലേ? 4 അങ്ങനെ സ്നാനമേറ്റ് ക്രിസ്തുവിന്റെ മരണത്തിലേക്കു ചേർന്ന നമ്മൾ ക്രിസ്തുവിന്റെകൂടെ അടക്കപ്പെട്ടു.+ പിതാവിന്റെ മഹത്ത്വത്താൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നമുക്കും പുതിയൊരു ജീവിതം നയിക്കാൻ അതു വഴി തുറന്നുതന്നു.+ 5 ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണത്തിലൂടെ നമ്മൾ ക്രിസ്തുവിനോടു ചേർന്നെങ്കിൽ+ ഉറപ്പായും ക്രിസ്തുവിന്റേതുപോലുള്ള ഒരു പുനരുത്ഥാനത്തിലൂടെയും നമ്മൾ ക്രിസ്തുവിനോടു ചേരും.+ 6 കാരണം നമ്മുടെ പഴയ വ്യക്തിത്വത്തെ ക്രിസ്തുവിന്റെകൂടെ സ്തംഭത്തിൽ തറച്ചെന്നു+ നമുക്ക് അറിയാം. നമ്മൾ ഇനിയും പാപത്തിന്റെ അടിമകളായി കഴിയാതിരിക്കാൻവേണ്ടി+ പാപം നിറഞ്ഞ നമ്മുടെ ശരീരത്തെ നിഷ്ക്രിയമാക്കാനാണ്+ അതു ചെയ്തത്. 7 മരിച്ചയാൾ പാപത്തിൽനിന്ന് മോചിതനായല്ലോ.*
8 നമ്മൾ ക്രിസ്തുവിന്റെകൂടെ മരിച്ചെങ്കിൽ ക്രിസ്തുവിന്റെകൂടെ ജീവിക്കുമെന്നും വിശ്വസിക്കുന്നു. 9 മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തു+ ഇനി ഒരിക്കലും മരിക്കില്ലെന്നു+ നമുക്ക് അറിയാം. മരണത്തിനു ക്രിസ്തുവിന്റെ മേൽ ഇനി ഒരു അധികാരവുമില്ല. 10 ക്രിസ്തുവിന്റെ മരണം പാപം ഇല്ലാതാക്കുന്ന ഒരിക്കലായുള്ള* മരണമായിരുന്നു.+ എന്നാൽ ക്രിസ്തുവിന്റെ ജീവിതം ദൈവത്തിനായുള്ള ജീവിതമാണ്. 11 അങ്ങനെ, നിങ്ങളും പാപത്തിന്റെ കാര്യത്തിൽ മരിച്ചെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനായി ജീവിക്കുന്നെന്നും കരുതിക്കൊള്ളുക.+
12 അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ മോഹങ്ങളെ അനുസരിച്ച് നടക്കാതിരിക്കാൻ, നിങ്ങളുടെ നശ്വരമായ ശരീരത്തിൽ പാപത്തെ രാജാവായി വാഴാൻ+ അനുവദിക്കരുത്. 13 നിങ്ങളുടെ ശരീരങ്ങളെ* അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കുന്നതിനു പകരം മരിച്ചവരിൽനിന്ന് ജീവനിലേക്കു വന്നവരായി നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. നിങ്ങളുടെ ശരീരങ്ങളെ* നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമർപ്പിക്കുക.+ 14 നിങ്ങൾ നിയമത്തിന്റെ കീഴിലല്ല,+ മറിച്ച് അനർഹദയയുടെ+ കീഴിലായതുകൊണ്ട് പാപം നിങ്ങളിൽ ആധിപത്യം നടത്താൻ പാടില്ല.
15 അതിന്റെ അർഥം എന്താണ്? നമ്മൾ നിയമത്തിന്റെ കീഴിലല്ല, അനർഹദയയുടെ+ കീഴിലാണ് എന്നതുകൊണ്ട് പാപം ചെയ്യാമെന്നാണോ? ഒരിക്കലുമല്ല. 16 നിങ്ങൾ അനുസരണമുള്ള അടിമകളായി ആർക്കെങ്കിലും നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നെന്നിരിക്കട്ടെ. ആ വ്യക്തിയെ അനുസരിക്കുന്നതുകൊണ്ട് നിങ്ങൾ അയാളുടെ അടിമയാണെന്ന് അറിയില്ലേ?+ ഒന്നുകിൽ നിങ്ങൾ മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ+ അടിമകൾ.+ അല്ലെങ്കിൽ നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ. 17 നിങ്ങൾ ഒരിക്കൽ പാപത്തിന്റെ അടിമകളായിരുന്നെങ്കിലും നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ* ഹൃദയപൂർവം അനുസരിക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറായതുകൊണ്ട് ദൈവത്തിനു നന്ദി. 18 പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ച+ നിങ്ങൾ ഇപ്പോൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.+ 19 നിങ്ങളുടെ ജഡത്തിന്റെ* ബലഹീനത നിമിത്തമാണു മനുഷ്യർക്കു മനസ്സിലാകുന്ന ഭാഷയിൽ ഞാൻ ഇതു പറയുന്നത്. നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ കുത്തഴിഞ്ഞ അവസ്ഥയിലേക്കു നയിക്കുന്ന അശുദ്ധിക്കും വഷളത്തത്തിനും അടിമകളായി വിട്ടുകൊടുത്തതുപോലെ, വിശുദ്ധിയിലേക്കു നയിക്കുന്ന നീതിക്ക് ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ അടിമകളായി വിട്ടുകൊടുക്കുക.+ 20 നിങ്ങൾ പാപത്തിന് അടിമകളായിരുന്നപ്പോൾ നീതിയുടെ പിടിയിൽനിന്ന് സ്വതന്ത്രരായിരുന്നല്ലോ.
21 എന്നാൽ അന്നു നിങ്ങൾ എന്തു ഫലമാണു പുറപ്പെടുവിച്ചത്? ഇപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നാണക്കേടു തോന്നുന്നില്ലേ? അവയുടെ അവസാനം മരണമാണ്.+ 22 എന്നാൽ പാപത്തിൽനിന്ന് സ്വതന്ത്രരായി ഇപ്പോൾ ദൈവത്തിന്റെ അടിമകളായിത്തീർന്നിരിക്കുന്ന നിങ്ങൾ വിശുദ്ധി എന്ന ഫലം പുറപ്പെടുവിക്കുന്നു.+ അതിന്റെ അവസാനമോ നിത്യജീവനും.+ 23 പാപം തരുന്ന ശമ്പളം മരണം.+ ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള+ നിത്യജീവനും.+
7 സഹോദരങ്ങളേ, (നിയമം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്.) ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലമേ നിയമത്തിന് അയാളുടെ മേൽ അധികാരമുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലേ? 2 ഉദാഹരണത്തിന്, വിവാഹിതയായ ഒരു സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ നിയമം മൂലം അയാളോടു ബന്ധിക്കപ്പെട്ടിരിക്കുന്നല്ലോ. എന്നാൽ ഭർത്താവ് മരിച്ചാൽ ആ സ്ത്രീ ഭർത്താവിന്റെ നിയമത്തിൽനിന്ന് സ്വതന്ത്രയാണ്.+ 3 ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ആ സ്ത്രീ മറ്റൊരു പുരുഷന്റേതായാൽ വ്യഭിചാരിണി എന്നു വരും.+ എന്നാൽ ഭർത്താവ് മരിച്ചാൽ ആ സ്ത്രീ ഭർത്താവിന്റെ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നതുകൊണ്ട് മറ്റൊരു പുരുഷന്റേതായാൽ വ്യഭിചാരിണിയാകില്ല.+
4 അങ്ങനെതന്നെ സഹോദരങ്ങളേ, നിങ്ങളും ക്രിസ്തുവിന്റെ ശരീരംവഴി നിയമം സംബന്ധിച്ച് മരിച്ചവരായി. ഇതു നിങ്ങൾ മറ്റൊരാളുടേത്,+ അതായത് മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവന്റേത്,+ ആകാനും അങ്ങനെ നമ്മൾ ദൈവത്തിനുവേണ്ടി ഫലം കായ്ക്കുന്നവരാകാനും+ വേണ്ടി സംഭവിച്ചതാണ്. 5 നമ്മൾ ജഡപ്രകാരം* ജീവിച്ചപ്പോൾ നിയമം ഉണർത്തിവിട്ട പാപവികാരങ്ങൾ, മരണത്തിലേക്കു നയിക്കുന്ന ഫലം കായ്ക്കുന്ന+ വിധത്തിൽ നമ്മുടെ ശരീരങ്ങളിൽ* പ്രവർത്തിച്ചുപോന്നു. 6 ഇപ്പോഴോ, നമ്മളെ ബന്ധനത്തിലാക്കിയിരുന്ന നിയമം സംബന്ധിച്ച് നമ്മൾ മരിച്ചതുകൊണ്ട് നമ്മൾ നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.+ എഴുതപ്പെട്ട നിയമസംഹിതയാൽ പഴയ വിധത്തിലല്ല,+ ദൈവാത്മാവിനാൽ പുതിയൊരു വിധത്തിൽ അടിമകളായിരിക്കാൻവേണ്ടിയാണ്+ ഇതു സംഭവിച്ചത്.
7 അതുകൊണ്ട് നമ്മൾ എന്താണു പറയേണ്ടത്? നിയമം പാപമാണെന്നാണോ? ഒരിക്കലുമല്ല! നിയമത്താലല്ലാതെ ഞാൻ പാപത്തെ അറിയുമായിരുന്നില്ല.+ ഉദാഹരണത്തിന്, “മോഹിക്കരുത്”*+ എന്നു നിയമം പറഞ്ഞില്ലായിരുന്നെങ്കിൽ മോഹം എന്താണെന്നുപോലും ഞാൻ അറിയില്ലായിരുന്നു. 8 നിയമത്തിൽ ഈ കല്പനയുള്ളതുകൊണ്ട് എന്നിൽ എല്ലാ തരം തെറ്റായ മോഹവും* ജനിപ്പിക്കാൻ പാപം ഒരു വഴി കണ്ടെത്തി. കാരണം നിയമമില്ലാത്തപ്പോൾ പാപം നിർജീവമാണ്.+ 9 ഒരു കാലത്ത് നിയമം കൂടാതെ ഞാൻ ജീവിച്ചു. എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിച്ചു. ഞാനോ മരിച്ചു.+ 10 ജീവനിലേക്കു നയിക്കേണ്ടിയിരുന്ന കല്പന+ മരണത്തിലേക്കാണു നയിച്ചതെന്നു ഞാൻ കണ്ടു. 11 കാരണം കല്പനയുള്ളതുകൊണ്ട് എന്നെ വശീകരിക്കാൻ പാപം ഒരു വഴി കണ്ടെത്തി. ആ കല്പനയാൽത്തന്നെ എന്നെ കൊല്ലുകയും ചെയ്തു. 12 നിയമം അതിൽത്തന്നെ വിശുദ്ധമാണ്. കല്പന വിശുദ്ധവും നീതിയുക്തവും നല്ലതും ആണ്.+
13 അങ്ങനെയെങ്കിൽ, ആ നല്ലത്* എന്റെ മരണത്തിനു കാരണമായെന്നോ? ഒരിക്കലുമില്ല! എന്നാൽ പാപം മരണത്തിനു കാരണമായി. ആ നല്ലതിലൂടെ പാപം എനിക്കു മരണം വരുത്തിയതു പാപം എന്താണെന്നു കാണിച്ചുതരാൻവേണ്ടിയാണ്.+ അങ്ങനെ, പാപം എത്ര ഹീനമാണെന്നു കല്പനയിലൂടെ വെളിപ്പെടുന്നു.+ 14 നിയമം ആത്മീയമായ ഒന്നാണെന്നു നമുക്ക് അറിയാമല്ലോ. എന്നാൽ ഞാൻ ജഡികനാണ്, പാപത്തിന് അടിമയായി വിൽക്കപ്പെട്ടവൻ.+ 15 കാരണം ഞാൻ ചെയ്യുന്നത് എന്താണെന്ന് എനിക്കുതന്നെ അറിയില്ല. ആഗ്രഹിക്കുന്ന കാര്യങ്ങളല്ല, വെറുക്കുന്ന കാര്യങ്ങളാണു ഞാൻ ചെയ്യുന്നത്. 16 എന്നാൽ, ആഗ്രഹിക്കാത്ത കാര്യങ്ങളാണു ഞാൻ ചെയ്യുന്നതെങ്കിൽ അതിന്റെ അർഥം നിയമം നല്ലതാണെന്നു ഞാൻ സമ്മതിക്കുന്നു എന്നാണ്. 17 അപ്പോൾ അതു ചെയ്യുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്.+ 18 എന്നിൽ, അതായത് എന്റെ ശരീരത്തിൽ, ഒരു നന്മയും വസിക്കുന്നില്ലെന്നു ഞാൻ അറിയുന്നു. നന്മ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും എനിക്ക് അതിനു കഴിയുന്നില്ല.+ 19 ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണു ഞാൻ ചെയ്യുന്നത്. 20 ആഗ്രഹിക്കാത്തതാണു ഞാൻ ചെയ്യുന്നതെങ്കിൽ അതു ചെയ്യുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്.
21 അതുകൊണ്ട്, എന്റെ കാര്യമെടുത്താൽ ഞാൻ കാണുന്ന നിയമം ഇതാണ്: ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്.+ 22 എന്റെ ഉള്ളിലെ മനുഷ്യൻ+ ദൈവത്തിന്റെ നിയമത്തിൽ ശരിക്കും സന്തോഷിക്കുന്നു. 23 എങ്കിലും എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന മറ്റൊരു നിയമം എന്റെ ശരീരത്തിൽ* ഞാൻ കാണുന്നു.+ അത് എന്നെ എന്റെ ശരീരത്തിലുള്ള* പാപത്തിന്റെ നിയമത്തിന് അടിമയാക്കുന്നു.+ 24 എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്! ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്? 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി! ഇങ്ങനെ, മനസ്സുകൊണ്ട് ഞാൻ ദൈവത്തിന്റെ നിയമത്തിന് അടിമയാണ്, ശരീരംകൊണ്ട് പാപത്തിന്റെ നിയമത്തിനും.+
8 അതുകൊണ്ട് ക്രിസ്തുയേശുവുമായി യോജിപ്പിലായവർക്കു ശിക്ഷാവിധിയില്ല. 2 കാരണം ക്രിസ്തുയേശുവുമായി യോജിപ്പിൽ ജീവിക്കാൻ അവസരം തരുന്ന ദൈവാത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.+ 3 ജഡത്തിന്റെ* ബലഹീനത+ കാരണം നിയമത്തിനു ചെയ്യാൻ കഴിയാഞ്ഞതു+ ദൈവം തന്റെ പുത്രനെ അയച്ചുകൊണ്ട്+ സാധിച്ചു. പാപം നീക്കിക്കളയാൻവേണ്ടി പാപമുള്ള ശരീരത്തിന്റെ സാദൃശ്യത്തിൽ+ പുത്രനെ അയച്ചുകൊണ്ട് ദൈവം ജഡത്തിലെ പാപത്തിനു ശിക്ഷ വിധിച്ചു. 4 ജഡത്തെ അനുസരിച്ച് നടക്കാതെ ദൈവാത്മാവിനെ അനുസരിച്ച് നടക്കുന്ന+ നമ്മളിൽ നിയമത്തിന്റെ നീതിയുള്ള വ്യവസ്ഥകൾ നിറവേറാൻവേണ്ടിയായിരുന്നു അത്.+ 5 ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ ജഡത്തിന്റെ കാര്യങ്ങളിലും+ ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നവർ ആത്മാവിന്റെ കാര്യങ്ങളിലും+ മനസ്സു പതിപ്പിക്കുന്നു. 6 ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു മരണത്തിൽ കലാശിക്കുന്നു.+ ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു ജീവനും സമാധാനവും തരുന്നു.+ 7 കാരണം ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു നമ്മളെ ദൈവത്തിന്റെ ശത്രുക്കളാക്കും.+ ജഡം ദൈവത്തിന്റെ നിയമത്തിനു കീഴ്പെടുന്നില്ല. കീഴ്പെടാൻ അതിനു കഴിയുകയുമില്ല. 8 അതുകൊണ്ട് ജഡത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.
9 ദൈവത്തിന്റെ ആത്മാവ് ശരിക്കും നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡത്തിന്റെ ഇഷ്ടമനുസരിച്ചല്ല, ആത്മാവിന്റെ ഇഷ്ടമനുസരിച്ചായിരിക്കും നടക്കുന്നത്.+ എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തയാൾ* ക്രിസ്തുവിനുള്ളയാളല്ല. 10 ക്രിസ്തു നിങ്ങളുമായി യോജിപ്പിലാണെങ്കിൽ+ പാപം കാരണം നിങ്ങളുടെ ശരീരം മരിച്ചതാണെങ്കിലും നീതി നിമിത്തം ദൈവാത്മാവ് ജീവൻ നൽകും. 11 യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നെങ്കിൽ, ക്രിസ്തുയേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച+ ദൈവം നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിലൂടെ നിങ്ങളുടെ നശ്വരശരീരങ്ങളെയും ജീവിപ്പിക്കും.+
12 അതുകൊണ്ട് സഹോദരങ്ങളേ, ജഡത്തെ അനുസരിച്ച് ജീവിക്കാൻ നമുക്കു ജഡത്തോട് ഒരു കടപ്പാടുമില്ല.+ 13 ജഡത്തെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ നിങ്ങൾ നിശ്ചയമായും മരിക്കും. എന്നാൽ ആത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കിൽ+ നിങ്ങൾ ജീവിക്കും.+ 14 കാരണം ദൈവാത്മാവ് നയിക്കുന്ന എല്ലാവരും ദൈവത്തിന്റെ പുത്രന്മാരാണ്.+ 15 നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല നിങ്ങൾക്കു കിട്ടിയത്. തന്റെ പുത്രന്മാരായി നമ്മളെ ദത്തെടുക്കുന്ന ആത്മാവിനെയാണു ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്നത്. അതേ ആത്മാവ്, “അബ്ബാ,* പിതാവേ”+ എന്നു വിളിച്ചപേക്ഷിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. 16 നമ്മൾ ദൈവത്തിന്റെ മക്കളാണെന്ന്+ ആ ആത്മാവുതന്നെ നമ്മുടെ ആത്മാവിന്* ഉറപ്പു തരുന്നു.+ 17 നമ്മൾ മക്കളാണെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും+ ആണ് നമ്മൾ. എന്നാൽ നമ്മൾ ക്രിസ്തുവിന്റെകൂടെ മഹത്ത്വീകരിക്കപ്പെടണമെങ്കിൽ+ ക്രിസ്തുവിന്റെകൂടെ കഷ്ടം അനുഭവിക്കണം.+
18 നമ്മളിൽ വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള കഷ്ടങ്ങളെ വെറും നിസ്സാരമായിട്ടാണു ഞാൻ കണക്കാക്കുന്നത്.+ 19 കാരണം സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി+ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20 സൃഷ്ടിക്കു വ്യർഥമായൊരു ജീവിതത്തിന്റെ അടിമത്തത്തിലാകേണ്ടിവന്നു.+ സ്വന്തം ഇഷ്ടപ്രകാരമല്ല, പകരം അതിനെ കീഴ്പെടുത്തിയ ദൈവത്തിന്റെ ഇഷ്ടപ്രകാരം. എന്നാൽ പ്രത്യാശയ്ക്കു വകയുണ്ടായിരുന്നു. 21 സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം നേടി+ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും എന്നതായിരുന്നു ആ പ്രത്യാശ. 22 ഇന്നുവരെ സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന അനുഭവിച്ച് കഴിയുകയാണ് എന്നു നമുക്ക് അറിയാമല്ലോ. 23 ദൈവാത്മാവെന്ന ആദ്യഫലം കിട്ടിയ നമ്മൾപോലും മോചനവിലയാൽ ശരീരത്തിൽനിന്ന് മോചനം നേടി പുത്രന്മാരായി ദത്തെടുക്കപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഉള്ളിൽ ഞരങ്ങുന്നു.+ 24 ഈ പ്രത്യാശയോടെയാണല്ലോ നമുക്കു രക്ഷ കിട്ടിയത്. എന്നാൽ കാണുന്ന പ്രത്യാശ പ്രത്യാശയല്ല. കാണാവുന്ന ഒന്നിനുവേണ്ടി ഒരാൾ എന്തിനു പ്രത്യാശിക്കണം? 25 കാണാത്തതിനുവേണ്ടി+ പ്രത്യാശിക്കുമ്പോൾ,+ അതിനുവേണ്ടി നമ്മൾ ക്ഷമയോടെ+ ആകാംക്ഷാപൂർവം കാത്തിരിക്കും.
26 അതുപോലെതന്നെ നമ്മൾ ദുർബലരായിരിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ സഹായത്തിന് എത്തുന്നു:+ എന്തു പറഞ്ഞ് പ്രാർഥിക്കണമെന്ന് അറിഞ്ഞുകൂടാ എന്നതാണു ചിലപ്പോൾ നമ്മുടെ പ്രശ്നം. എന്നാൽ നമ്മുടെ നിശ്ശബ്ദമായ* ഞരക്കത്തോടൊപ്പം ദൈവാത്മാവ് നമുക്കുവേണ്ടി അപേക്ഷിക്കുന്നു. 27 ദൈവാത്മാവ് സംസാരിക്കുന്നതിന്റെ അർഥം എന്താണെന്നു ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്+ അറിയാം. കാരണം ദൈവേഷ്ടത്തിനു ചേർച്ചയിലാണ് അതു വിശുദ്ധർക്കുവേണ്ടി അപേക്ഷിക്കുന്നത്.
28 ദൈവത്തെ സ്നേഹിക്കുന്നവരുടെ, ദൈവത്തിന്റെ ഉദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടവരുടെ,+ നന്മയ്ക്കുവേണ്ടി ദൈവം തന്റെ പ്രവൃത്തികളെല്ലാം ഏകോപിപ്പിക്കുന്നെന്നു നമുക്ക് അറിയാമല്ലോ. 29 അതുകൊണ്ടാണ് താൻ ആദ്യം അംഗീകാരം കൊടുത്തവരെ തന്റെ പുത്രന്റെ പ്രതിരൂപത്തിലാക്കിയെടുക്കാൻ+ ദൈവം നേരത്തേതന്നെ നിശ്ചയിച്ചത്. അങ്ങനെ യേശു അനേകം സഹോദരന്മാരിൽ+ ഏറ്റവും മൂത്തവനായി.+ 30 മാത്രമല്ല താൻ നേരത്തേ നിശ്ചയിച്ചവരെയാണു+ ദൈവം വിളിച്ചത്;+ വിളിച്ചവരെയാണു നീതിമാന്മാരായി പ്രഖ്യാപിച്ചത്;+ നീതിമാന്മാരായി പ്രഖ്യാപിച്ചവരെയാണു മഹത്ത്വീകരിച്ചത്.+
31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+ 32 സ്വന്തം പുത്രനെത്തന്നെ നമുക്കെല്ലാംവേണ്ടി തരാൻ ദൈവം മനസ്സു കാണിച്ചെങ്കിൽ+ പുത്രനോടൊപ്പം മറ്റു സകലവും നമുക്കു തരാതിരിക്കുമോ? 33 ദൈവം തിരഞ്ഞെടുത്തവർക്കെതിരെ കുറ്റം ചുമത്താൻ ആർക്കെങ്കിലും പറ്റുമോ?+ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതു ദൈവമാണല്ലോ.+ 34 അവരെ കുറ്റം വിധിക്കാൻ ആർക്കു കഴിയും? ക്രിസ്തുയേശുവാണല്ലോ മരിച്ച്, അതിലുപരി മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന്+ നമുക്കുവേണ്ടി അപേക്ഷിക്കുന്നത്.+
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ ആർക്കു കഴിയും?+ കഷ്ടതയ്ക്കോ ക്ലേശത്തിനോ ഉപദ്രവത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു സാധിക്കുമോ?+ 36 “അങ്ങയെപ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ലപ്പെടുകയാണ്; കശാപ്പിനുള്ള ആടുകളെപ്പോലെയാണു ഞങ്ങളെ കാണുന്നത്”+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 37 എന്നാൽ നമ്മളെ സ്നേഹിച്ചവൻ മുഖാന്തരം ഈ കാര്യങ്ങളിലൊക്കെ നമ്മൾ സമ്പൂർണവിജയം നേടി+ പുറത്ത് വരുന്നു. 38 കാരണം മരണത്തിനോ ജീവനോ ദൂതന്മാർക്കോ ഗവൺമെന്റുകൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ അധികാരങ്ങൾക്കോ+ 39 ഉയരത്തിനോ ആഴത്തിനോ മറ്റ് ഏതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ കഴിയില്ല. ഇക്കാര്യത്തിൽ എനിക്കു പൂർണബോധ്യമുണ്ട്.
9 ഞാൻ ക്രിസ്തുവിൽ സത്യമാണു പറയുന്നത്. ഞാൻ ഈ പറയുന്നതു നുണയല്ല. എന്റെകൂടെ എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിൽ ഇങ്ങനെ സാക്ഷി പറയുന്നു: 2 എന്റെ ഹൃദയത്തിൽ അതിയായ ദുഃഖവും അടങ്ങാത്ത വേദനയും ഉണ്ട്. 3 എന്റെ സഹോദരങ്ങളും ജഡപ്രകാരം* എന്റെ ബന്ധുക്കളും ആയ ഇസ്രായേല്യർക്കുവേണ്ടി ക്രിസ്തുവിൽനിന്ന് വേർപെട്ട് ശാപഗ്രസ്തനാകാൻപോലും ഞാൻ ഒരുക്കമാണ്. 4 അവരെയാണല്ലോ പുത്രന്മാരായി ദത്തെടുത്തത്.+ മഹത്ത്വവും ഉടമ്പടികളും+ നിയമവും+ വിശുദ്ധസേവനവും+ വാഗ്ദാനങ്ങളും+ എല്ലാം അവർക്കുള്ളതാണല്ലോ. 5 പൂർവികരും അവരുടേതാണ്.+ ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽനിന്നാണ്.+ സകലത്തിനും മീതെയുള്ള ദൈവം എന്നും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
6 എന്നാൽ ദൈവത്തിന്റെ വചനം വെറുതേയായിപ്പോയെന്നല്ല ഞാൻ പറയുന്നത്. കാരണം ഇസ്രായേലിന്റെ മക്കളായി ജനിച്ച എല്ലാവരും യഥാർഥത്തിൽ “ഇസ്രായേൽ” അല്ല.+ 7 അബ്രാഹാമിന്റെ സന്തതിയായതുകൊണ്ട്* മാത്രം അവർ എല്ലാവരും മക്കളാകുന്നതുമില്ല.+ കാരണം, “നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. 8 അതിന്റെ അർഥം, ജഡപ്രകാരമുള്ള മക്കളല്ല യഥാർഥത്തിൽ ദൈവത്തിന്റെ മക്കൾ+ എന്നാണ്. പകരം, വാഗ്ദാനപ്രകാരമുള്ള മക്കളെയാണു+ സന്തതിയായി* കണക്കാക്കുന്നത്. 9 ഇതായിരുന്നു വാഗ്ദാനം: “അടുത്ത വർഷം ഇതേ സമയത്ത് ഞാൻ വരും. സാറയ്ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.”+ 10 എന്നാൽ ആ സന്ദർഭത്തിൽ മാത്രമല്ല, നമ്മുടെ പൂർവികനായ യിസ്ഹാക്കിൽനിന്ന് റിബെക്ക ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചപ്പോഴും+ വാഗ്ദാനം നൽകിയിരുന്നു. 11 ദൈവോദ്ദേശ്യപ്രകാരമുള്ള തിരഞ്ഞെടുപ്പു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല പകരം, വിളിക്കുന്നവന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനത്തിലാണെന്നു വരാൻ, കുട്ടികൾ ജനിക്കുന്നതിനു മുമ്പുതന്നെ, അതായത് അവർ എന്തെങ്കിലും നല്ലതോ ചീത്തയോ ചെയ്യുന്നതിനു മുമ്പുതന്നെ, 12 “മൂത്തവൻ ഇളയവന്റെ അടിമയായിരിക്കും”+ എന്നു റിബെക്കയോടു പറഞ്ഞിരുന്നു. 13 “ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ വെറുത്തു”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
14 എന്നു കരുതി, ദൈവം നീതികെട്ടവനാണെന്നാണോ പറഞ്ഞുവരുന്നത്? ഒരിക്കലുമല്ല!+ 15 “എനിക്കു കരുണ കാണിക്കണമെന്നുള്ളവനോടു ഞാൻ കരുണ കാണിക്കും, അനുകമ്പ കാണിക്കണമെന്നുള്ളവനോട് അനുകമ്പ കാണിക്കും”+ എന്നു ദൈവം മോശയോടു പറഞ്ഞല്ലോ. 16 അതുകൊണ്ട് ഒരാളുടെ ആഗ്രഹമോ പരിശ്രമമോ ഒന്നുമല്ല ഇതിന്റെ അടിസ്ഥാനം. പകരം കരുണാമയനായ ദൈവമാണ്+ ഈ തിരഞ്ഞെടുപ്പു നടത്തുന്നത്. 17 കാരണം തിരുവെഴുത്തിൽ, ഫറവോനോട് ദൈവം ഇങ്ങനെ പറയുന്നുണ്ട്: “നിന്നിലൂടെ എന്റെ ശക്തി കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.”+ 18 ചുരുക്കിപ്പറഞ്ഞാൽ, ദൈവം തനിക്ക് ഇഷ്ടമുള്ളതുപോലെ ചിലരോടു കരുണ കാണിക്കുന്നു, തനിക്ക് ഇഷ്ടമുള്ളതുപോലെ ചിലരെ കഠിനഹൃദയരാകാൻ വിടുന്നു.+
19 അപ്പോൾ നിങ്ങൾ എന്നോടു ചോദിക്കും: “ദൈവത്തിന്റെ ഇഷ്ടത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയില്ലല്ലോ, അങ്ങനെയെങ്കിൽ പിന്നെ ദൈവം എന്തിനാണ് ആളുകളുടെ കുറ്റം കണ്ടുപിടിക്കുന്നത്?” 20 പക്ഷേ മനുഷ്യാ, ദൈവത്തെ ചോദ്യം ചെയ്യാൻ നീ ആരാണ്?+ വാർത്തുണ്ടാക്കിയ ഒരു വസ്തു അതിനെ വാർത്തയാളോട്, “എന്തിനാണ് എന്നെ ഇങ്ങനെ ഉണ്ടാക്കിയത്”+ എന്നു ചോദിക്കുമോ? 21 കുശവന് ഒരേ കളിമണ്ണിൽനിന്നുതന്നെ ഒരു പാത്രം മാന്യമായ ഉപയോഗത്തിനും മറ്റൊന്നു മാന്യമല്ലാത്ത ഉപയോഗത്തിനും വേണ്ടി ഉണ്ടാക്കാൻ അധികാരമില്ലേ?+ 22 അതുപോലെതന്നെ ദൈവവും, തനിക്കു ക്രോധം പ്രകടിപ്പിക്കാനും ശക്തി കാണിക്കാനും ആഗ്രഹമുണ്ടായിട്ടും നാശത്തിനും ക്രോധത്തിനും അർഹമായ പാത്രങ്ങളെ വളരെ ക്ഷമയോടെ സഹിച്ചെങ്കിൽ അതിൽ എന്താണു കുഴപ്പം? 23 ദൈവം അങ്ങനെ ചെയ്തത്, താൻ മഹത്ത്വത്തിനായി മുമ്പുതന്നെ ഒരുക്കിയതും കരുണയ്ക്കു യോഗ്യമായതും ആയ പാത്രങ്ങളുടെ മേൽ+ തന്റെ മഹത്ത്വം സമൃദ്ധമായി വെളിപ്പെടുത്താനാണെങ്കിലോ? അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ? 24 ആ പാത്രങ്ങളിൽ നമ്മളെല്ലാം, അതായത് ജൂതന്മാരിൽനിന്ന് ദൈവം വിളിച്ചവർ മാത്രമല്ല ജനതകളിൽനിന്ന്+ ദൈവം വിളിച്ചവരും, ഉൾപ്പെടുന്നു. 25 ഇതു ദൈവം ഹോശേയയുടെ പുസ്തകത്തിൽ പറഞ്ഞതിനു ചേർച്ചയിലാണ്: “എന്റെ ജനമല്ലാത്തവരെ+ ഞാൻ ‘എന്റെ ജനം’ എന്നും എനിക്കു പ്രിയമില്ലാതിരുന്നവളെ ‘പ്രിയപ്പെട്ടവൾ’+ എന്നും വിളിക്കും. 26 ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോടു പറഞ്ഞ സ്ഥലത്തുവെച്ചുതന്നെ അവരെ ‘ജീവനുള്ള ദൈവത്തിന്റെ പുത്രന്മാർ’+ എന്നു വിളിക്കും.”
27 അതു മാത്രമല്ല, ഇസ്രായേലിനെക്കുറിച്ച് യശയ്യയും ഇങ്ങനെ വിളിച്ചുപറയുന്നു: “ഇസ്രായേൽമക്കളുടെ എണ്ണം കടലിലെ മണൽത്തരികൾപോലെയാണെങ്കിലും അതിൽ ചെറിയൊരു ഭാഗത്തിനു മാത്രമേ രക്ഷ കിട്ടുകയുള്ളൂ.+ 28 കാരണം യഹോവ* ഭൂമിയിൽ ഒരു കണക്കുതീർപ്പിന് ഒരുങ്ങുകയാണ്. അതിവേഗം* ദൈവം അതു പൂർത്തിയാക്കും.”+ 29 “സൈന്യങ്ങളുടെ അധിപനായ യഹോവ* നമുക്കുവേണ്ടി ഒരു സന്തതിയെ* ബാക്കി വെച്ചില്ലായിരുന്നെങ്കിൽ നമ്മൾ സൊദോമിനെപ്പോലെയും നമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ”+ എന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞല്ലോ.
30 അതുകൊണ്ട് ഇപ്പോൾ എന്തു പറയാനാകും? ജനതകൾ നീതി പിൻപറ്റാൻ ശ്രമിക്കാഞ്ഞിട്ടും നീതിമാന്മാരായി.+ അതു വിശ്വാസത്താലുള്ള നീതിയായിരുന്നു.+ 31 എന്നാൽ ഇസ്രായേല്യർ നീതിയുടെ നിയമം പിൻപറ്റാൻ ശ്രമിച്ചിട്ടും ആ ലക്ഷ്യത്തിൽ എത്തിയില്ല. 32 എന്തുകൊണ്ട്? കാരണം അവർ വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അതു പിൻപറ്റാൻ ശ്രമിച്ചത്. ‘ഇടറിവീഴാൻ ഇടയാക്കുന്ന കല്ലിൽ’+ തട്ടി അവർ ഇടറിവീണു. 33 “ഇതാ, ഇടറിവീഴാൻ ഇടയാക്കുന്ന ഒരു കല്ലും തട്ടിവീഴാൻ ഇടയാക്കുന്ന ഒരു പാറയും ഞാൻ സീയോനിൽ സ്ഥാപിക്കുന്നു.+ എന്നാൽ അതിൽ* വിശ്വാസമർപ്പിക്കുന്നവൻ നിരാശനാകില്ല”+ എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ അവർക്കു സംഭവിച്ചു.
10 സഹോദരങ്ങളേ, അവർക്കു രക്ഷ കിട്ടണമെന്നാണ് എന്റെ ഹൃദയത്തിലെ ആഗ്രഹവും ദൈവത്തോടുള്ള അകമഴിഞ്ഞ പ്രാർഥനയും.+ 2 അവർക്കു ദൈവത്തിന്റെ കാര്യത്തിൽ ശുഷ്കാന്തിയുണ്ടെന്നു+ ഞാൻ സാക്ഷി പറയുന്നു. പക്ഷേ അതു ശരിയായ* അറിവിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നു മാത്രം. 3 ദൈവത്തിന്റെ നീതി+ അറിയാതെ സ്വന്തം നീതി+ സ്ഥാപിക്കാൻ ശ്രമിച്ചതുകൊണ്ട് അവർ ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.+ 4 വിശ്വസിക്കുന്ന എല്ലാവരും നീതിമാന്മാരാകാൻ+ ക്രിസ്തു നിയമത്തിന്റെ അവസാനമാണ്.+
5 നിയമത്തിലൂടെയുള്ള നീതിയെക്കുറിച്ച് മോശ എഴുതി: “ഇക്കാര്യങ്ങൾ ചെയ്യുന്ന മനുഷ്യൻ ഇവയാൽ ജീവിക്കും.”+ 6 എന്നാൽ വിശ്വാസത്തിലൂടെയുള്ള നീതിയെക്കുറിച്ച് തിരുവെഴുത്തു പറയുന്നു: “ക്രിസ്തുവിനെ ഇറക്കിക്കൊണ്ടുവരാൻ ‘ആരാണു സ്വർഗത്തിലേക്കു കയറിച്ചെല്ലുക’+ എന്നോ 7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് കയറ്റിക്കൊണ്ടുവരാൻ ‘ആരാണ് അഗാധത്തിലേക്ക് ഇറങ്ങുക’+ എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.”+ 8 തിരുവെഴുത്തു പിന്നെ എന്താണു പറയുന്നത്? “വചനം നിന്റെ അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നെയുണ്ട്.”+ ഇപ്പറഞ്ഞ വചനം വിശ്വാസത്തിന്റെ “വചനം” ആണ്. ആ വചനമാണു ഞങ്ങൾ പ്രസംഗിക്കുന്നത്. 9 യേശുവാണു കർത്താവ്+ എന്നു വായ്കൊണ്ട് പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നിനക്കു രക്ഷ കിട്ടും. 10 കാരണം ഹൃദയത്തിലെ വിശ്വാസം നീതിയിലേക്കു നയിക്കും. എന്നാൽ വായ്കൊണ്ട് അതു പരസ്യമായി പ്രഖ്യാപിക്കുമ്പോഴാണു+ രക്ഷ കിട്ടുന്നത്.
11 “അവനിൽ വിശ്വാസമർപ്പിക്കുന്ന ആരും നിരാശരാകില്ല”+ എന്നാണല്ലോ തിരുവെഴുത്തു പറയുന്നത്. 12 കാരണം ജൂതനും ഗ്രീക്കുകാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.+ എല്ലാവരുടെയും കർത്താവ് ഒരാൾതന്നെയാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും കർത്താവ് സമൃദ്ധമായി* കൊടുക്കുന്നു. 13 “യഹോവയുടെ* പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും”+ എന്നാണല്ലോ. 14 എന്നാൽ അവർ വിശ്വാസമർപ്പിക്കാത്ത ഒരാളെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്ത ഒരാളിൽ അവർ എങ്ങനെ വിശ്വാസമർപ്പിക്കും? ആരെങ്കിലും പ്രസംഗിക്കാതെ അവർ എങ്ങനെ കേൾക്കും? 15 ആരെങ്കിലും അയയ്ക്കാതെ അവർ എങ്ങനെ പ്രസംഗിക്കും?+ “നല്ല കാര്യങ്ങളെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
16 എന്നാൽ സന്തോഷവാർത്ത കേട്ട എല്ലാവരും അത് അനുസരിച്ചില്ല. “യഹോവേ,* ഞങ്ങൾ പറഞ്ഞതു കേട്ട്* വിശ്വസിച്ച ആരാണുള്ളത്”+ എന്ന് യശയ്യ ചോദിക്കുന്നല്ലോ. 17 അതുകൊണ്ട് വചനം കേട്ടതിനു ശേഷമാണു വിശ്വാസം വരുന്നത്.+ കേൾക്കുന്നതോ, ക്രിസ്തുവിനെക്കുറിച്ചുള്ള വചനം ആരെങ്കിലും പറയുമ്പോഴും. 18 പക്ഷേ ഞാൻ ചോദിക്കുന്നു: ഇനി, അവർ അതു കേട്ടില്ലേ? തീർച്ചയായും കേട്ടു. ശരിക്കും പറഞ്ഞാൽ, “ഭൂമിയിലെങ്ങും അവരുടെ സ്വരം പരന്നിരിക്കുന്നു. നിവസിതഭൂമിയുടെ അറ്റങ്ങളിലേക്ക് അവരുടെ സന്ദേശം എത്തിയിരിക്കുന്നു.”+ 19 പക്ഷേ ഞാൻ ചോദിക്കുന്നു: ഇനി, ഇസ്രായേലിന് അതു മനസ്സിലായില്ലേ?+ തീർച്ചയായും മനസ്സിലായി. ആദ്യം മോശ ഇങ്ങനെ പറഞ്ഞു: “നിസ്സാരരായ ഒരു ജനതയെക്കൊണ്ട് ഞാൻ നിങ്ങളിൽ രോഷം ജനിപ്പിക്കും. ബുദ്ധിഹീനരായ ഒരു ജനതയെക്കൊണ്ട് ഞാൻ നിങ്ങളിൽ ക്രോധം ജനിപ്പിക്കും.”+ 20 പിന്നെ യശയ്യയും ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി.+ എന്നെ ചോദിക്കാത്തവർ എന്നെ അറിഞ്ഞു.”+ 21 എന്നാൽ ഇസ്രായേലിനെക്കുറിച്ച് യശയ്യ പറയുന്നു: “അനുസരണംകെട്ട, ശാഠ്യക്കാരായ ഒരു ജനത്തെ സ്വീകരിക്കാനാണല്ലോ ഞാൻ ദിവസം മുഴുവൻ എന്റെ കൈ വിരിച്ചുപിടിച്ചത്.”+
11 അങ്ങനെയെങ്കിൽ, ദൈവം തന്റെ ജനത്തെ പാടേ തള്ളിക്കളഞ്ഞെന്നാണോ?+ ഒരിക്കലുമല്ല. കാരണം, ഞാനും ഒരു ഇസ്രായേല്യനാണ്. അബ്രാഹാമിന്റെ സന്തതിയും* ബന്യാമീൻ ഗോത്രത്തിൽനിന്നുള്ളവനും. 2 താൻ ആദ്യം അംഗീകാരം കൊടുത്ത ആ ജനത്തെ ദൈവം തള്ളിക്കളഞ്ഞില്ല.+ ഏലിയ ഇസ്രായേലിന് എതിരെ ദൈവത്തോട് അപേക്ഷിച്ചതിനെപ്പറ്റി തിരുവെഴുത്തിൽ പറയുന്നതു നിങ്ങൾക്ക് അറിയില്ലേ? 3 “യഹോവേ,* അവർ അങ്ങയുടെ പ്രവാചകന്മാരെ കൊന്നു, അങ്ങയുടെ യാഗപീഠങ്ങൾ ഇടിച്ചുകളഞ്ഞു. ഞാൻ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോൾ ഇതാ, അവർ എന്റെയും ജീവനെടുക്കാൻ നോക്കുന്നു”+ എന്ന് ഏലിയ പറഞ്ഞപ്പോൾ 4 ദൈവം എന്തു മറുപടിയാണു കൊടുത്തത്? “ബാലിനു മുമ്പാകെ മുട്ടുകുത്താതെ എന്റെ പക്ഷത്ത് നിൽക്കുന്ന 7,000 പേർ ഇനിയും ബാക്കിയുണ്ട്”+ എന്നല്ലേ? 5 അതുപോലെതന്നെ ഇക്കാലത്തും അനർഹദയയാൽ തിരഞ്ഞെടുത്ത ഒരു ശേഷിപ്പുണ്ട്.+ 6 തിരഞ്ഞെടുത്തത് അനർഹദയയാലാണെങ്കിൽ+ അതിന്റെ അർഥം തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം മേലാൽ പ്രവൃത്തികളല്ലെന്നാണ്.+ പ്രവൃത്തികളാണ് അടിസ്ഥാനമെങ്കിൽ അനർഹദയ പിന്നെ അനർഹദയയല്ല.
7 പിന്നെ എന്തുണ്ടായി? ഇസ്രായേൽ താത്പര്യത്തോടെ തേടുന്നത് അവർക്കു കിട്ടാതെപോയി. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അതു കിട്ടിയത്.+ ബാക്കിയുള്ളവരോ തിരുവെഴുത്തുകൾ പറയുന്നതുപോലെ മനസ്സു തഴമ്പിച്ചവരായി.+ 8 “ദൈവം അവർക്ക് ഇന്നോളം ഗാഢനിദ്രയും+ കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നൽകിയിരിക്കുന്നു”+ എന്ന് എഴുതിയിരിക്കുന്നതുപോലെയായി അവരുടെ അവസ്ഥ. 9 കൂടാതെ, ദാവീദും ഇങ്ങനെ പറഞ്ഞു: “അവരുടെ മേശ അവർക്ക് ഒരു കുടുക്കും കെണിയും ഇടറിവീഴാൻ ഇടയാക്കുന്ന ഒരു തടസ്സവും ശിക്ഷയും ആകട്ടെ. 10 കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ. അവരുടെ മുതുക് എപ്പോഴും കുനിഞ്ഞിരിക്കട്ടെ.”+
11 എന്നാൽ ഞാൻ ചോദിക്കുന്നു: ഇടറിപ്പോയ അവർ നിലംപറ്റെ വീണുപോയോ? ഒരിക്കലുമില്ല! അവരുടെ തെറ്റായ കാൽവെപ്പു കാരണം ജനതകൾക്കു രക്ഷ ലഭിച്ചു. അത് അവരിൽ അസൂയ ഉണർത്തി.+ 12 അവരുടെ തെറ്റായ കാൽവെപ്പു ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങളും അവരുടെ കുറവ് ജനതകൾക്കു സമൃദ്ധമായ അനുഗ്രഹങ്ങളും നൽകുമെങ്കിൽ,+ അവരുടെ എണ്ണം തികയുമ്പോൾ ആ അനുഗ്രഹങ്ങൾ എത്രയധികമായിരിക്കും!
13 ഇനി, ജനതകളിൽപ്പെട്ട നിങ്ങളോടാണു ഞാൻ സംസാരിക്കാൻപോകുന്നത്. ജനതകളുടെ അപ്പോസ്തലൻ+ എന്ന നിലയിൽ ഞാൻ എന്റെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്നു.+ 14 അതിലൂടെ, എന്റെ സ്വന്തം ജനത്തിൽപ്പെട്ടവരിൽ എങ്ങനെയെങ്കിലും അസൂയ ഉണ്ടാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കാനാണു ഞാൻ നോക്കുന്നത്. 15 ദൈവം അവരെ തള്ളിക്കളഞ്ഞപ്പോൾ+ ലോകത്തിനു ദൈവവുമായി അനുരഞ്ജനപ്പെടാൻ അവസരം കിട്ടിയെങ്കിൽ ദൈവം അവരെ സ്വീകരിക്കുമ്പോഴോ? മരിച്ചവരായ അവർക്ക് അപ്പോൾ ഉറപ്പായും ജീവൻ കിട്ടും. 16 കുഴച്ച മാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കുന്ന അൽപ്പം മാവ് വിശുദ്ധമാണെങ്കിൽ ആ മാവ് മുഴുവനും വിശുദ്ധമായിരിക്കും. വേരു വിശുദ്ധമെങ്കിൽ കൊമ്പുകളും വിശുദ്ധമാണ്.
17 എന്നാൽ കൊമ്പുകളിൽ ചിലതു മുറിച്ചുമാറ്റി. എന്നിട്ട് നീ കാട്ടൊലിവായിരുന്നിട്ടും നിന്നെ ആ സ്ഥാനത്ത് ഒട്ടിച്ചുചേർത്തു. അങ്ങനെ നിനക്കും മറ്റു കൊമ്പുകളോടൊപ്പം ഒലിവിന്റെ വേരിൽനിന്ന് പോഷണം കിട്ടി. 18 എന്നുവെച്ച് മറ്റു കൊമ്പുകളോടു നീ ഗർവം കാണിക്കരുത്.*+ ഗർവം കാണിക്കുന്നെങ്കിൽ ഒരു കാര്യം ഓർക്കുക: നീ വേരിനെയല്ല, വേരു നിന്നെയാണു താങ്ങുന്നത്. 19 “എന്നെ ഒട്ടിച്ചുചേർക്കാൻവേണ്ടി കൊമ്പുകൾ മുറിച്ചുകളഞ്ഞു”+ എന്നു നീ പറഞ്ഞേക്കാം. 20 ശരിയാണ്, കൊമ്പുകൾ മുറിച്ചുകളഞ്ഞു.+ പക്ഷേ അത് അവരുടെ വിശ്വാസമില്ലായ്മകൊണ്ടാണ്. എന്നാൽ നീ നിൽക്കുന്നതു നിന്റെ വിശ്വാസംകൊണ്ടാണ്.+ അഹങ്കരിക്കാതെ ഭയമുള്ളവനായിരിക്കുക. 21 സ്വതവേയുള്ള കൊമ്പുകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല. പിന്നെ നിന്നോടു കാണിക്കുമോ? 22 അതുകൊണ്ട് ദൈവം ദയയുള്ളവനും+ അതേസമയം കർക്കശക്കാരനും ആണെന്ന് ഓർത്തുകൊള്ളുക. വീണുപോയവരോടു ദൈവം കർക്കശമായി ഇടപെടും.+ എന്നാൽ നീ ദൈവത്തിന്റെ ദയയിൽ നിലനിൽക്കുന്നെങ്കിൽ നിന്നോടു ദൈവം ദയ കാണിക്കും. അല്ലാത്തപക്ഷം നിന്നെയും മുറിച്ചുമാറ്റും. 23 അവരുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. അവർ വിശ്വാസമില്ലായ്മയിൽ തുടരാതെ വിശ്വാസം കാണിക്കുന്നെങ്കിൽ അവരെയും ഒട്ടിച്ചുചേർക്കും.+ അവരെ തിരികെ ഒട്ടിച്ചുചേർക്കാൻ ദൈവത്തിനു കഴിയുമല്ലോ. 24 കാട്ടൊലിവിൽനിന്ന് മുറിച്ചെടുത്ത നിന്നെ പ്രകൃതിസഹജമല്ലാത്ത രീതിയിൽ നാട്ടൊലിവിൽ ഒട്ടിച്ചുചേർക്കാമെങ്കിൽ സ്വതവേയുള്ള കൊമ്പുകളെ അവ ഉണ്ടായിവന്ന തായ്മരത്തിൽ ഒട്ടിച്ചുചേർക്കുന്നത് എത്ര എളുപ്പമാണ്!
25 സഹോദരങ്ങളേ, ഈ പാവനരഹസ്യം+ നിങ്ങൾ അറിയാതെപോകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. കാരണം അത് അറിഞ്ഞില്ലെങ്കിൽ നിങ്ങൾ ബുദ്ധിമാന്മാരാണെന്നു നിങ്ങൾക്കുതന്നെ തോന്നും. ഇതാണ് ആ പാവനരഹസ്യം: ജനതകളിൽപ്പെട്ടവരുടെ എണ്ണം തികയുന്നതുവരെ ഇസ്രായേലിൽ കുറെപ്പേരുടെ മനസ്സ് ഒരു പരിധിവരെ തഴമ്പിച്ചുപോയിരിക്കുന്നു. 26 അങ്ങനെ, ഇസ്രായേൽ മുഴുവനും+ രക്ഷ നേടും. ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: “വിമോചകൻ* സീയോനിൽനിന്ന് വരും.+ അവൻ യാക്കോബിൽനിന്ന് ഭക്തികെട്ട പ്രവൃത്തികൾ നീക്കിക്കളയും. 27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ+ ഇതായിരിക്കും അവരുമായുള്ള എന്റെ ഉടമ്പടി.”+ 28 ശരിയാണ്, സന്തോഷവാർത്ത തള്ളിക്കളഞ്ഞതുകൊണ്ട് അവർ ദൈവത്തിന്റെ ശത്രുക്കളായി. അതു നിങ്ങൾക്ക് ഉപകാരപ്പെട്ടു. എന്നാൽ അവരുടെ പൂർവികർക്കു നൽകിയ വാക്കു നിമിത്തം ദൈവം അവരിൽ ചിലരെ സ്നേഹിതരായി തിരഞ്ഞെടുത്തു.+ 29 താൻ നൽകുന്ന സമ്മാനങ്ങളെക്കുറിച്ചോ താൻ വിളിച്ചവരെക്കുറിച്ചോ ഓർത്ത് ദൈവത്തിനു പിന്നീടു ഖേദം തോന്നില്ല. 30 ഒരു കാലത്ത് ദൈവത്തെ അനുസരിക്കാതിരുന്ന നിങ്ങളോട്,+ അക്കൂട്ടരുടെ അനുസരണക്കേടു കാരണം+ ഇപ്പോൾ കരുണ കാണിച്ചിരിക്കുന്നു.+ 31 അവരുടെ അനുസരണക്കേടു കാരണം നിങ്ങളോടു കരുണ കാണിച്ച സ്ഥിതിക്ക് ഇപ്പോൾ അവർക്കും കരുണ ലഭിക്കും. 32 അങ്ങനെ എല്ലാവരോടും കരുണ കാണിക്കാൻ+ കഴിയേണ്ടതിനു ദൈവം എല്ലാവരെയും അനുസരണക്കേടിന്റെ തടവറയിലാക്കി.+
33 ഹോ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവത്തിന്റെ വിധികൾ പരിശോധിച്ചറിയുക തികച്ചും അസാധ്യം! ദൈവത്തിന്റെ വഴികൾ ഒരിക്കലും അന്വേഷിച്ച് കണ്ടുപിടിക്കാൻ പറ്റാത്തവ! 34 അല്ല, “യഹോവയുടെ* മനസ്സ് അറിഞ്ഞ ആരെങ്കിലുമുണ്ടോ? ദൈവത്തിന്റെ ഉപദേഷ്ടാവാകാൻ ആർക്കെങ്കിലും കഴിയുമോ?”+ 35 അല്ലെങ്കിൽ “തിരിച്ചുതരണമെന്ന് ആവശ്യപ്പെടാൻ, ദൈവത്തിന് അങ്ങോട്ട് വല്ലതും കൊടുത്ത ആരെങ്കിലുമുണ്ടോ?”+ 36 കാരണം എല്ലാം ദൈവത്തിൽനിന്നുള്ളതും ദൈവത്താലുള്ളതും ദൈവത്തിനുവേണ്ടിയുള്ളതും ആണ്. ദൈവത്തിന് എന്നും മഹത്ത്വം. ആമേൻ.
12 അതുകൊണ്ട് സഹോദരങ്ങളേ, ദൈവത്തിന്റെ അനുകമ്പയുടെ പേരിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും+ ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട്+ ചിന്താപ്രാപ്തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക.+ 2 ഈ വ്യവസ്ഥിതി* നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക.+ അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.+
3 എനിക്കു ലഭിച്ച അനർഹദയ ഓർത്ത് ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്.+ പകരം, ദൈവം നിങ്ങൾക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന* വിശ്വാസത്തിന്റെ അളവനുസരിച്ച് സുബോധത്തോടെ സ്വയം വിലയിരുത്തുക.+ 4 ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ.+ എന്നാൽ ഈ അവയവങ്ങൾക്കെല്ലാം ഒരേ ധർമമല്ല ഉള്ളത്. 5 അതുപോലെതന്നെ, നമ്മൾ പലരാണെങ്കിലും ക്രിസ്തുവിനോടുള്ള യോജിപ്പിൽ ഒരൊറ്റ ശരീരമാണ്. എന്നാൽ വ്യക്തികളെന്ന നിലയിൽ നമ്മൾ, പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളാണ്.+ 6 നമുക്കു ലഭിച്ച അനർഹദയയനുസരിച്ച് വ്യത്യസ്തമായ കഴിവുകളാണു നമുക്കുള്ളത്.+ അതുകൊണ്ട് പ്രവചിക്കാനുള്ള കഴിവാണുള്ളതെങ്കിൽ നമ്മുടെ വിശ്വാസത്തിന്റെ അളവനുസരിച്ച് നമുക്കു പ്രവചിക്കാം. 7 ശുശ്രൂഷയ്ക്കുള്ള കഴിവാണുള്ളതെങ്കിൽ നമുക്കു ശുശ്രൂഷ ചെയ്യാം. പഠിപ്പിക്കുന്നയാൾ പഠിപ്പിക്കട്ടെ.+ 8 പ്രോത്സാഹിപ്പിക്കുന്നയാൾ പ്രോത്സാഹിപ്പിക്കട്ടെ.+ കൊടുക്കുന്നയാൾ* ഉദാരമായി കൊടുക്കട്ടെ.+ നേതൃത്വമെടുക്കുന്നയാൾ* അത് ഉത്സാഹത്തോടെ* ചെയ്യട്ടെ.+ കരുണ കാണിക്കുന്നയാൾ അതു സന്തോഷത്തോടെ ചെയ്യട്ടെ.+
9 നിങ്ങളുടെ സ്നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ.+ തിന്മയെ വെറുക്കുക.*+ നല്ലതിനോടു പറ്റിനിൽക്കുക. 10 നിങ്ങൾ തമ്മിൽത്തമ്മിൽ ആർദ്രതയോടെ സഹോദരസ്നേഹം കാണിക്കണം. പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.*+ 11 മടിയുള്ളവരാകാതെ+ നല്ല അധ്വാനശീലമുള്ളവരായിരിക്കുക.* ദൈവാത്മാവിൽ ജ്വലിക്കുക,+ യഹോവയ്ക്കുവേണ്ടി* ഒരു അടിമയെപ്പോലെ പണിയെടുക്കുക.+ 12 പ്രത്യാശ ഓർത്ത് സന്തോഷിക്കുക. കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുക.+ മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.+ 13 വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക.+ അതിഥികളെ സത്കരിക്കുന്നതു ശീലമാക്കുക.+ 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക.+ അതെ, അവരെ ശപിക്കാതെ എപ്പോഴും അനുഗ്രഹിക്കുക.+ 15 സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുക. കരയുന്നവരുടെകൂടെ കരയുക. 16 നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നോ അതുപോലെതന്നെ മറ്റുള്ളവരെയും കാണുക. വലിയവലിയ കാര്യങ്ങളുടെ പിന്നാലെ പോകാതെ* എളിയ കാര്യങ്ങളിൽ മനസ്സ് ഉറപ്പിക്കുക.+ വലിയ ബുദ്ധിമാനാണെന്ന് ആരും ഭാവിക്കരുത്.+
17 തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്.+ എല്ലാവരുടെയും കാഴ്ചപ്പാടിൽ ശരിയെന്താണ് എന്നതുകൂടെ കണക്കിലെടുക്കുക. 18 എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.+ 19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.+ കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ* പറയുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 20 എന്നാൽ, “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ ഭക്ഷണം കൊടുക്കുക. ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും.”*+ 21 തിന്മ നിങ്ങളെ കീഴ്പെടുത്താൻ അനുവദിക്കരുത്. പകരം, എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക.+
13 എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.+ കാരണം ദൈവത്തിൽനിന്നല്ലാതെ ഒരു അധികാരവുമില്ല.+ നിലവിലുള്ള അധികാരികളെ അതാതു സ്ഥാനങ്ങളിൽ* നിറുത്തിയിരിക്കുന്നതു ദൈവമാണ്.+ 2 അതുകൊണ്ട് അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തെയാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി വരുത്തിവെക്കും. 3 നല്ലതു ചെയ്യുന്നവരല്ല, മോശമായ കാര്യങ്ങൾ ചെയ്യുന്നവരാണ് അധികാരികളെ പേടിക്കേണ്ടത്.+ അധികാരികളെ പേടിക്കാതെ ജീവിക്കണമെന്നുണ്ടോ? എങ്കിൽ എപ്പോഴും നല്ലതു മാത്രം ചെയ്യുക.+ അപ്പോൾ അവർ നിന്നെ പ്രശംസിക്കും. 4 നിന്റെ ഗുണത്തിനുവേണ്ടി അവർ ദൈവത്തിന്റെ ശുശ്രൂഷകരായി പ്രവർത്തിക്കുകയാണല്ലോ. പക്ഷേ നീ മോശം കാര്യങ്ങൾ ചെയ്യുന്നെങ്കിൽ പേടിക്കണം. കാരണം, വെറുതേയല്ല അവരുടെ കൈയിൽ വാളുള്ളത്. അവർ ദൈവത്തിന്റെ ശുശ്രൂഷകരും മോശം കാര്യങ്ങൾ ചെയ്യുന്നവരുടെ മേൽ ക്രോധം ചൊരിഞ്ഞുകൊണ്ട്* പ്രതികാരം ചെയ്യുന്നവരും ആണ്.
5 അതുകൊണ്ട് കീഴ്പെട്ടിരിക്കാൻ തക്കതായ കാരണമുണ്ട്. ക്രോധം പേടിച്ചിട്ടു മാത്രമല്ല നിങ്ങളുടെ മനസ്സാക്ഷിയെ കരുതിയും നിങ്ങൾ അങ്ങനെ ചെയ്യണം.+ 6 നിങ്ങൾ നികുതി കൊടുക്കുന്നതും അതുകൊണ്ടാണ്. അവർ ദൈവത്തിനുവേണ്ടി എപ്പോഴും പൊതുജനസേവനം ചെയ്യുന്നവരാണല്ലോ. 7 എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കുക: നികുതി കൊടുക്കേണ്ടവനു നികുതി;+ കപ്പം* കൊടുക്കേണ്ടവനു കപ്പം; ഭയം കാണിക്കേണ്ടവനു ഭയം;+ ബഹുമാനം കാണിക്കേണ്ടവനു ബഹുമാനം.+
8 അന്യോന്യമുള്ള സ്നേഹത്തിന്റെ കാര്യത്തിലല്ലാതെ നിങ്ങൾ ആരോടും ഒന്നിനും കടപ്പെട്ടിരിക്കരുത്.+ ശരിക്കും പറഞ്ഞാൽ, സഹമനുഷ്യനെ സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റിയിരിക്കുന്നു.+ 9 കാരണം, “വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ മോഹിക്കരുത്”*+ എന്നീ കല്പനകളും മറ്റെല്ലാ കല്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്നതിൽ അടങ്ങിയിരിക്കുന്നു. 10 സ്നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.+ അതുകൊണ്ട്, സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.+
11 നിങ്ങൾ അങ്ങനെ ചെയ്യണം. കാരണം കാലം ഏതാണെന്നും ഉറക്കത്തിൽനിന്ന് ഉണരേണ്ട സമയമായെന്നും+ നിങ്ങൾക്ക് അറിയാമല്ലോ. നമ്മൾ വിശ്വാസികളായിത്തീർന്ന സമയത്തെക്കാൾ രക്ഷ ഇപ്പോൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. 12 രാത്രി കഴിയാറായി; പകൽ അടുത്തിരിക്കുന്നു. അതുകൊണ്ട് നമുക്ക് ഇരുട്ടിന്റെ പ്രവൃത്തികൾ ഉപേക്ഷിച്ച്+ വെളിച്ചത്തിന്റെ ആയുധങ്ങൾ ധരിക്കാം.+ 13 വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും*+ കലഹത്തിലും അസൂയയിലും+ മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.+ 14 കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചുകൊള്ളുക.+ ജഡമോഹങ്ങൾ* തൃപ്തിപ്പെടുത്താനുള്ള പദ്ധതികൾ ആലോചിക്കരുത്.+
14 വിശ്വാസത്തിൽ ബലഹീനനായ ആളെ സന്തോഷത്തോടെ സ്വീകരിക്കുക.*+ അയാൾക്കു മറ്റൊരു അഭിപ്രായമുണ്ട്* എന്നതിന്റെ പേരിൽ അയാളെ വിധിക്കരുത്. 2 ഒരാളുടെ വിശ്വാസം എല്ലാം കഴിക്കാൻ അയാളെ അനുവദിച്ചേക്കാം. എന്നാൽ ബലഹീനനായ ആൾ സസ്യാഹാരം മാത്രം കഴിക്കുന്നു. 3 കഴിക്കുന്നയാൾ കഴിക്കാത്തയാളെ പുച്ഛിക്കരുത്. കഴിക്കാത്തയാൾ കഴിക്കുന്നയാളെ വിധിക്കുകയുമരുത്.+ കാരണം ദൈവം അയാളെ സ്വീകരിച്ചതാണ്. 4 മറ്റൊരാളുടെ ദാസനെ വിധിക്കാൻ നീ ആരാണ്?+ അയാൾ നിന്നാലും വീണാലും അത് അയാളുടെ യജമാനന്റെ കാര്യം.+ അയാൾ നിൽക്കുകതന്നെ ചെയ്യും. കാരണം യഹോവയ്ക്ക്* അയാളെ നിറുത്താൻ കഴിയും.
5 ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ മാനിക്കുന്നു.+ മറ്റൊരാൾ എല്ലാ ദിവസങ്ങളെയും ഒരുപോലെ മാനിക്കുന്നു.+ ഓരോരുത്തർക്കും സ്വന്തം മനസ്സിൽ പൂർണബോധ്യമുണ്ടായിരിക്കട്ടെ. 6 ഒരു പ്രത്യേകദിവസം ആചരിക്കുന്നയാൾ യഹോവയ്ക്കുവേണ്ടി* അത് ആചരിക്കുന്നു. ഭക്ഷണം കഴിക്കുന്നയാൾ യഹോവയ്ക്കുവേണ്ടി* കഴിക്കുന്നു. കാരണം അയാൾ ദൈവത്തോടു നന്ദി പറയുന്നു.+ കഴിക്കാത്തയാൾ യഹോവയ്ക്കുവേണ്ടി* കഴിക്കാതിരിക്കുന്നു. എന്നാൽ അയാളും ദൈവത്തിനു നന്ദി നൽകുന്നു.+ 7 നമ്മളിൽ ആരും തനിക്കുവേണ്ടി മാത്രം ജീവിക്കുന്നില്ല.+ ആരും തനിക്കുവേണ്ടി മാത്രം മരിക്കുന്നുമില്ല. 8 ജീവിക്കുന്നെങ്കിൽ നമ്മൾ യഹോവയ്ക്കുവേണ്ടി* ജീവിക്കുന്നു.+ മരിക്കുന്നെങ്കിൽ നമ്മൾ യഹോവയ്ക്കുവേണ്ടി* മരിക്കുന്നു. അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നമ്മൾ യഹോവയ്ക്കുള്ളവരാണ്.*+ 9 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും കർത്താവാകേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.+
10 ആ സ്ഥിതിക്ക്, നീ നിന്റെ സഹോദരനെ വിധിക്കുന്നത് എന്തിനാണ്?+ നീ നിന്റെ സഹോദരനെ പുച്ഛിക്കുന്നത് എന്തിനാണ്? നമ്മളെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേണ്ടവരാണ്.+ 11 “‘ഞാനാണെ,+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ദൈവത്തെ പരസ്യമായി അംഗീകരിച്ചുപറയും’+ എന്ന് യഹോവ* പറയുന്നു” എന്ന് എഴുതിയിട്ടുണ്ടല്ലോ. 12 അതുകൊണ്ട് നമ്മൾ ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.+
13 അങ്ങനെയാണെങ്കിൽ നമുക്ക് ഇനി അന്യോന്യം വിധിക്കാതിരിക്കാം.+ സഹോദരൻ ഇടറിവീഴാൻ ഇടയാക്കുന്ന എന്തെങ്കിലുമോ ഒരു തടസ്സമോ അയാളുടെ മുന്നിൽ വെക്കില്ല എന്നു തീരുമാനിച്ചുറയ്ക്കുക.+ 14 ഒന്നും സ്വതവെ മലിനമല്ല+ എന്നു കർത്താവായ യേശുവിൽ എനിക്ക് അറിയാം. അത് എനിക്കു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തെങ്കിലും മലിനമാണെന്ന് ഒരാൾ വിചാരിക്കുന്നെങ്കിൽ അത് അയാൾക്കു മലിനമാണ്. 15 സഹോദരനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭക്ഷണമാണു നീ കഴിക്കുന്നതെങ്കിൽ അതു സ്നേഹമല്ല.+ ക്രിസ്തു ആർക്കുവേണ്ടി മരിച്ചോ അയാളെ നിന്റെ ഭക്ഷണംകൊണ്ട് നശിപ്പിക്കരുത്.+ 16 അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന നല്ലൊരു കാര്യം മോശമാണെന്ന് ആരും പറയാൻ ഇടവരുത്തരുത്. 17 ദൈവരാജ്യം എന്നതു തീറ്റിയും കുടിയും അല്ല,+ പരിശുദ്ധാത്മാവിനാലുള്ള സന്തോഷവും നീതിയും സമാധാനവും ആണ്. 18 ഈ വിധത്തിൽ ക്രിസ്തുവിനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുന്ന ഏതൊരാളും ദൈവത്തിനു സ്വീകാര്യനാണ്. മനുഷ്യരും അയാളെ അംഗീകരിക്കും.
19 അതുകൊണ്ട് സമാധാനം ഉണ്ടാക്കാനും+ അന്യോന്യം ബലപ്പെടുത്താനും വേണ്ടി നമ്മളാലാകുന്നതെല്ലാം നമുക്കു ചെയ്യാം.+ 20 ദൈവം പണിതുണ്ടാക്കിയതിനെ വെറും ഭക്ഷണത്തിന്റെ പേരിൽ ഇടിച്ചുകളയരുത്.+ എല്ലാം ശുദ്ധിയുള്ളതാണ്. പക്ഷേ അതു കഴിക്കുന്നതുകൊണ്ട് മറ്റാരെങ്കിലും വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ*+ അതു ദോഷം ചെയ്യും.* 21 മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.+ 22 നിന്റെ വിശ്വാസം നിനക്കും ദൈവത്തിനും ഇടയിൽ മാത്രമായി ഇരിക്കട്ടെ. എന്നാൽ തനിക്കു ശരിയെന്നു തോന്നുന്ന ഒരു കാര്യത്തിന്റെ പേരിൽ തന്നെത്തന്നെ കുറ്റം വിധിക്കേണ്ടിവരാത്തവൻ സന്തുഷ്ടൻ. 23 എന്നാൽ സംശയത്തോടെ കഴിക്കുന്നയാൾ ന്യായം വിധിക്കപ്പെട്ടുകഴിഞ്ഞു. കാരണം വിശ്വാസത്തിന്റെ അടിസ്ഥാനമില്ലാതെയാണ് അയാൾ അതു കഴിച്ചത്. വിശ്വാസത്തിൽ അടിസ്ഥാനമില്ലാത്തതെല്ലാം പാപമാണ്.
15 എന്നാൽ ശക്തരായ നമ്മൾ അശക്തരുടെ ബലഹീനതകളെ ചുമക്കണം,+ നമ്മളെത്തന്നെ പ്രീതിപ്പെടുത്തുകയല്ല വേണ്ടത്.+ 2 നമ്മൾ ഓരോരുത്തരും അയൽക്കാരനു ഗുണം ചെയ്ത് അയാളെ പ്രീതിപ്പെടുത്തണം, അയാളെ ബലപ്പെടുത്തണം.+ 3 ക്രിസ്തുപോലും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല.+ “അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. 4 മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും+ അങ്ങനെ നമ്മുടെ സഹനത്താലും+ തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും+ വേണ്ടിയാണ്. 5 സഹനശക്തിയും ആശ്വാസവും തരുന്ന ദൈവം, ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടാകാൻ ഇടവരുത്തട്ടെ. 6 അങ്ങനെ നിങ്ങൾ ഐക്യത്തോടെ+ ഒരേ സ്വരത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ വാഴ്ത്തും.
7 അതുകൊണ്ട് ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ,+ ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്ന ലക്ഷ്യത്തിൽ അന്യോന്യം സ്വീകരിക്കുക.*+ 8 ഞാൻ പറയുന്നു: ദൈവം സത്യവാനാണെന്നു സാക്ഷ്യപ്പെടുത്താൻ ക്രിസ്തു, പരിച്ഛേദനയേറ്റവരുടെ*+ ശുശ്രൂഷകനായിത്തീർന്നു. അവരുടെ പൂർവികരോടു ദൈവം ചെയ്ത വാഗ്ദാനങ്ങൾക്ക്+ ഉറപ്പുകൊടുക്കാനും 9 ദൈവത്തിന്റെ കരുണയുടെ പേരിൽ ജനതകൾ ദൈവത്തെ മഹത്ത്വപ്പെടുത്താനും+ വേണ്ടിയായിരുന്നു അത്. “അതുകൊണ്ട് ഞാൻ പരസ്യമായി ജനതകൾക്കിടയിൽ അങ്ങയെ വാഴ്ത്തി അങ്ങയുടെ നാമത്തിനു സ്തുതി പാടും”+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 10 വീണ്ടും ദൈവം പറയുന്നു: “ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ.”+ 11 “ജനതകളേ, നിങ്ങളേവരും യഹോവയെ* സ്തുതിപ്പിൻ. സകല ജനങ്ങളും ദൈവത്തെ സ്തുതിക്കട്ടെ”+ എന്നും പറയുന്നു. 12 “ജനതകളെ ഭരിക്കാനിരിക്കുന്ന,+ യിശ്ശായിയുടെ വേര്+ എഴുന്നേൽക്കും. അദ്ദേഹത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന് യശയ്യയും പറയുന്നു. 13 നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുമ്പോൾ പ്രത്യാശ നൽകുന്ന ആ ദൈവം നിങ്ങളിൽ വലിയ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ+ നിങ്ങളിൽ പ്രത്യാശ നിറഞ്ഞുകവിയട്ടെ.
14 എന്റെ സഹോദരങ്ങളേ, നിങ്ങൾ നന്മ നിറഞ്ഞവരും തികഞ്ഞ അറിവുള്ളവരും അന്യോന്യം ഉപദേശിക്കാൻ പ്രാപ്തരും ആണെന്ന് എനിക്ക് ഇപ്പോൾ ബോധ്യമായി. 15 എന്നാൽ ചില കാര്യങ്ങൾ നിങ്ങളെ ഒന്നുകൂടെ ഓർമിപ്പിക്കുന്നതിന് എനിക്ക് അവ വെട്ടിത്തുറന്ന് പറയേണ്ടിവന്നു. ദൈവം എന്നോട് അനർഹദയ കാണിച്ച് 16 ജനതകൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ ഒരു സേവകനായിരിക്കാൻ+ അവസരം തന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാൻ എഴുതിയത്. ഈ ജനതകളെ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിച്ച് സ്വീകാര്യമായ ഒരു യാഗമായി അർപ്പിക്കാൻവേണ്ടിയാണു ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത+ അറിയിക്കുകയെന്ന വിശുദ്ധമായ പ്രവർത്തനം ഞാൻ നടത്തുന്നത്.
17 അതുകൊണ്ട് ക്രിസ്തുയേശുവിന്റെ ശിഷ്യനായ എനിക്കു ദൈവസേവനത്തിൽ സന്തോഷിക്കാൻ വകയുണ്ട്. 18 ജനതകളെ അനുസരണത്തിലേക്കു വരുത്താനായി, ക്രിസ്തു എന്നിലൂടെ ചെയ്ത കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ഞാൻ മുതിരാറില്ല. എന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും 19 അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും+ പ്രഭാവത്തിലൂടെയും ദൈവാത്മാവിന്റെ ശക്തിയിലൂടെയും ചെയ്ത കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാൻ പറയാറുള്ളൂ. അങ്ങനെ, ഞാൻ യരുശലേം മുതൽ ഇല്ലുര്യ വരെയുള്ള പ്രദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു.+ 20 മറ്റൊരാൾ ഇട്ട അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കാൻവേണ്ടി, ക്രിസ്തുവിന്റെ പേര് അറിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ആ സന്തോഷവാർത്ത അറിയിക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു. 21 “അവനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവർ കാണും. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
22 അതുകൊണ്ടാണ് പല തവണ വിചാരിച്ചിട്ടും എനിക്കു നിങ്ങളുടെ അടുത്ത് വരാൻ കഴിയാതിരുന്നത്. 23 ഇപ്പോഴാണെങ്കിൽ, ഈ പ്രദേശങ്ങളിൽ ഞാൻ പ്രവർത്തിക്കാത്തതായി ഒരു സ്ഥലവും ബാക്കിയില്ല. അനേകം* വർഷങ്ങളായി നിങ്ങളുടെ അടുത്ത് വരണമെന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 24 അതുകൊണ്ട് സ്പെയിനിലേക്കു പോകുന്ന വഴിക്കു നിങ്ങളെ കാണാമെന്നു ഞാൻ കരുതുന്നു. നിങ്ങളെ കണ്ട് കുറച്ച് സമയം നിങ്ങളുടെകൂടെ ചെലവഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ അവിടെനിന്ന് പോകുമ്പോൾ നിങ്ങൾ കുറച്ച് ദൂരം എന്റെകൂടെ വരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. 25 എന്നാൽ ഇപ്പോൾ വിശുദ്ധരെ സഹായിക്കാൻ* എനിക്ക് യരുശലേമിൽ പോകേണ്ടതുണ്ട്.+ 26 കാരണം യരുശലേമിലെ വിശുദ്ധരിൽ ദരിദ്രരായവർക്ക് ഒരു സംഭാവന കൊടുക്കാൻ മാസിഡോണിയയിലും അഖായയിലും ഉള്ളവർക്കു സന്മനസ്സു തോന്നി.+ 27 വാസ്തവത്തിൽ, അങ്ങനെ ചെയ്യാൻ അവർ കടപ്പെട്ടവരുമാണ്. ആ വിശുദ്ധർ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ ജനതകളിൽപ്പെട്ടവരുമായി പങ്കുവെച്ച സ്ഥിതിക്ക്, ജനതകളിൽപ്പെട്ടവർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണല്ലോ.+ 28 ഈ സംഭാവന* ഭദ്രമായി അവരെ ഏൽപ്പിച്ച് എന്റെ ജോലി പൂർത്തിയാക്കിയശേഷം ഞാൻ നിങ്ങളുടെ അടുത്ത് വരും. എന്നിട്ട് അവിടെനിന്ന് സ്പെയിനിലേക്കു പോകും. 29 എന്തായാലും ഞാൻ നിങ്ങളുടെ അടുത്ത് വരുന്നതു ക്രിസ്തുവിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങളുമായിട്ടായിരിക്കും എന്ന് എനിക്ക് അറിയാം.
30 സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെയും ദൈവാത്മാവിനാലുള്ള സ്നേഹത്തിന്റെയും പേരിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: നിങ്ങൾ എന്നോടൊപ്പം എനിക്കുവേണ്ടി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കണം.+ 31 അതുവഴി യഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് ഞാൻ രക്ഷപ്പെടാനും+ യരുശലേമിലെ വിശുദ്ധർക്കുവേണ്ടിയുള്ള+ എന്റെ ശുശ്രൂഷ അവർക്കു സ്വീകാര്യമാകാനും ഇടയാകട്ടെ. 32 അങ്ങനെ, ദൈവത്തിന്റെ ഇഷ്ടമെങ്കിൽ, ഞാൻ നിങ്ങളുടെ അടുത്ത് സന്തോഷത്തോടെ വരുകയും ഞാനും നിങ്ങളും ഒരുപോലെ ഉന്മേഷം നേടുകയും ചെയ്യും. 33 സമാധാനം തരുന്ന ദൈവം നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.+ ആമേൻ.
16 കെംക്രെയ+ സഭയിലെ ഒരു ശുശ്രൂഷകയും നമ്മുടെ സഹോദരിയും ആയ ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു. 2 വിശുദ്ധർക്കു ചേർന്ന രീതിയിൽ കർത്താവിൽ ഫേബയെ സ്വീകരിച്ച് ആവശ്യമുള്ള ഏതു സഹായവും ചെയ്തുകൊടുക്കുക.+ കാരണം ഞാൻ ഉൾപ്പെടെ പലർക്കും ഫേബ വലിയൊരു സഹായമായിരുന്നിട്ടുണ്ട്.
3 ക്രിസ്തുയേശുവിന്റെ വേലയിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കയെയും അക്വിലയെയും+ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. 4 അവർ എനിക്കുവേണ്ടി ജീവൻ പണയപ്പെടുത്തിയവരാണ്.+ ഞാൻ മാത്രമല്ല, ജനതകളുടെ എല്ലാ സഭകളും അവർക്കു നന്ദി പറയുന്നു. 5 അവരുടെ വീട്ടിലെ സഭയെയും എന്റെ അന്വേഷണം അറിയിക്കുക.+ എന്റെ പ്രിയപ്പെട്ട എപ്പൈനത്തൊസിനെയും അന്വേഷിച്ചതായി പറയുക. ഏഷ്യയിൽ ആദ്യമായി ക്രിസ്തുവിന്റെ അനുഗാമികളായവരിൽ ഒരാളാണല്ലോ എപ്പൈനത്തൊസ്. 6 നിങ്ങൾക്കുവേണ്ടി നന്നായി അധ്വാനിച്ച മറിയയെയും അന്വേഷണം അറിയിക്കണം. 7 എന്റെ ബന്ധുക്കളും+ എന്റെകൂടെ ജയിലിൽ കിടന്നവരും ആയ അന്ത്രൊനിക്കൊസിനെയും യൂനിയാസിനെയും എന്റെ സ്നേഹം അറിയിക്കുക. അപ്പോസ്തലന്മാർക്കിടയിൽ അവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. എന്നെക്കാൾ മുമ്പുതന്നെ ക്രിസ്തുശിഷ്യരായിത്തീർന്നവരുമാണല്ലോ അവർ.
8 കർത്താവിൽ എനിക്കു പ്രിയപ്പെട്ട അംപ്ലിയാത്തൊസിനെ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. 9 ക്രിസ്തുവിന്റെ വേലയിൽ നമ്മുടെ സഹപ്രവർത്തകനായ ഉർബ്ബാനൊസിനെയും എനിക്കു പ്രിയപ്പെട്ട സ്താക്കിസിനെയും അന്വേഷിച്ചതായി പറയണം. 10 ക്രിസ്തുവിനു സുസമ്മതനായ അപ്പെലേസിനെ സ്നേഹം അറിയിക്കുക. അരിസ്തൊബൂലൊസിന്റെ വീട്ടുകാരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. 11 എന്റെ ബന്ധുവായ ഹെരോദിയോനെ അന്വേഷണം അറിയിക്കുക. നർക്കിസ്സൊസിന്റെ വീട്ടുകാരിൽ, കർത്താവിന്റെ അനുഗാമികളായവരെ എന്റെ സ്നേഹം അറിയിക്കുക. 12 കർത്താവിന്റെ വേലയിൽ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളായ ത്രുഫൈനയെയും ത്രുഫോസയെയും എന്റെ സ്നേഹം അറിയിക്കണം. കർത്താവിന്റെ വേലയിൽ നന്നായി അധ്വാനിച്ച നമ്മുടെ പ്രിയ പെർസിസിനെ എന്റെ സ്നേഹം അറിയിക്കുക. 13 കർത്താവിന്റെ ശുശ്രൂഷയിൽ വളരെ നന്നായി പ്രവർത്തിക്കുന്ന രൂഫൊസിനെയും, എന്റെയുംകൂടെ അമ്മയായ രൂഫൊസിന്റെ അമ്മയെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. 14 അസുംക്രിതൊസിനെയും പ്ലെഗോനെയും ഹെർമിസിനെയും പത്രോബാസിനെയും ഹെർമാസിനെയും അവരുടെകൂടെയുള്ള സഹോദരങ്ങളെയും ഞാൻ അന്വേഷിച്ചതായി പറയുക. 15 ഫിലൊലൊഗൊസിനെയും യൂലിയയെയും നെരെയുസിനെയും നെരെയുസിന്റെ സഹോദരിയെയും ഒളിമ്പാസിനെയും അവരുടെകൂടെയുള്ള എല്ലാ വിശുദ്ധരെയും എന്റെ അന്വേഷണം അറിയിക്കണം. 16 വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനം ചെയ്യുക. ക്രിസ്തുവിന്റെ എല്ലാ സഭകളും നിങ്ങളെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.
17 സഹോദരങ്ങളേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിരുദ്ധമായി ഭിന്നിപ്പുണ്ടാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം. അവരെ ഒഴിവാക്കുക.+ 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ അടിമകളല്ല, സ്വന്തം അഭിലാഷങ്ങളുടെ* അടിമകളാണ്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് അവർ ശുദ്ധഗതിക്കാരുടെ ഹൃദയങ്ങളെ വശീകരിക്കുന്നു. 19 നിങ്ങളുടെ അനുസരണം വളരെ പ്രസിദ്ധമായിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളെ ഓർത്ത് എനിക്കു വളരെ സന്തോഷമുണ്ട്. എന്നാൽ നിങ്ങൾ നല്ല കാര്യങ്ങൾ നന്നായി അറിയുന്നവരും ചീത്ത കാര്യങ്ങൾ ഒട്ടും അറിയാത്തവരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.+ 20 സമാധാനം നൽകുന്ന ദൈവം പെട്ടെന്നുതന്നെ സാത്താനെ നിങ്ങളുടെ കാൽക്കീഴെ തകർത്തുകളയും.+ നമ്മുടെ കർത്താവായ യേശുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
21 എന്റെ സഹപ്രവർത്തകനായ തിമൊഥെയൊസും എന്റെ ബന്ധുക്കളായ+ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.
22 ഈ കത്ത് എഴുതിക്കൊടുക്കുന്ന തെർതൊസ് എന്ന ഞാനും കർത്താവിൽ നിങ്ങളെ സ്നേഹം അറിയിക്കുന്നു.
23 എനിക്കും മുഴുസഭയ്ക്കും ആതിഥ്യമരുളുന്ന ഗായൊസും+ നിങ്ങളെ അന്വേഷണം അറിയിക്കുന്നു. നഗരത്തിന്റെ ധനകാര്യവിചാരകനായ എരസ്തൊസും എരസ്തൊസിന്റെ സഹോദരനായ ക്വർത്തൊസും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. 24 *——
25 ഞാൻ അറിയിക്കുന്ന സന്തോഷവാർത്തയും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശവും പാവനരഹസ്യത്തെക്കുറിച്ച്+ വെളിപ്പെടുത്തിക്കിട്ടിയ കാര്യങ്ങളും കാണിക്കുന്നതു ദൈവത്തിനു നിങ്ങളെ ശക്തീകരിക്കാനാകുമെന്നാണ്. ആ പാവനരഹസ്യം ദീർഘകാലമായി മറഞ്ഞിരുന്നതാണെങ്കിലും 26 ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. നിത്യനായ ദൈവത്തിന്റെ കല്പനയനുസരിച്ച്, തിരുവെഴുത്തിലെ പ്രവചനങ്ങളിലൂടെ അത് എല്ലാ ജനതകളെയും അറിയിച്ചിരിക്കുന്നു. കാരണം അവരെല്ലാം, തന്നെ വിശ്വസിക്കണമെന്നും ആ വിശ്വാസം നിമിത്തം തന്നെ അനുസരിക്കണമെന്നും ആണ് ദൈവത്തിന്റെ ആഗ്രഹം. 27 ദൈവത്തിന്, ഒരേ ഒരു ജ്ഞാനിയായ ആ ദൈവത്തിന്,+ യേശുക്രിസ്തു മുഖാന്തരം എന്നും മഹത്ത്വം! ആമേൻ.
അക്ഷ. “വിത്തിൽനിന്ന്.”
അക്ഷ. “എന്റെ ആത്മാവോടെ.”
അഥവാ “ദൈവത്തിനു വിശുദ്ധസേവനം ചെയ്യുന്നോ.”
അഥവാ “ഗ്രീക്കുകാരല്ലാത്തവരെന്നോ.” അക്ഷ. “ബർബരന്മാരെന്നോ.”
അക്ഷ. “ലോകസൃഷ്ടിമുതൽ.”
അഥവാ “ആരാധിച്ചു.”
അഥവാ “സ്വാഭാവികലൈംഗികബന്ധം.”
അഥവാ “ദൈവത്തെക്കുറിച്ച് സൂക്ഷ്മമായി അറിയാൻ.”
അഥവാ “അർഹിക്കാത്തതിനോടുള്ള മോഹവും.”
അഥവാ “പരകാര്യങ്ങൾ പറഞ്ഞുപരത്തുന്നവരും.”
അഥവാ “ഗ്രഹണശക്തിയില്ലാത്തവരും.”
അഥവാ “സഹിഷ്ണുതയെയും.”
അഥവാ “ഏതൊരു മനുഷ്യന്റെ ദേഹിക്കും.”
പദാവലി കാണുക.
അഥവാ “വാമൊഴിയായി കേട്ടുപഠിച്ചതുകൊണ്ട്.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “സൂക്ഷ്മമായ.”
അഥവാ “ദൈവതേജസ്സിനൊപ്പം എത്താത്തവരായിരിക്കുന്നല്ലോ.”
പദാവലി കാണുക.
അഥവാ “പാപപരിഹാരയാഗമായി; അനുരഞ്ജനയാഗമായി.”
അഥവാ “ക്ഷമയോടെ.”
പദാവലിയിൽ “ജഡം” കാണുക.
അനു. എ5 കാണുക.
അക്ഷ. “അനർഹദയയായി.”
അഥവാ “നിയമലംഘനം.”
അഥവാ “പൊറുത്തും.”
അനു. എ5 കാണുക.
പദാവലി കാണുക.
അഥവാ “ഉറപ്പായി.”
അഥവാ “പുതിയ ലോകത്തിന്റെ.”
അക്ഷ. “വിത്തിനും.”
അക്ഷ. “എല്ലാ വിത്തിനും.”
മറ്റൊരു സാധ്യത “അസ്തിത്വത്തിലില്ലാത്തവയെ അസ്തിത്വത്തിലേക്കു കൊണ്ടുവരുകയും.”
അക്ഷ. “വിത്തും.”
അഥവാ “സാറ വന്ധ്യയാണെന്നും.”
മറ്റൊരു സാധ്യത “നമ്മൾ ദൈവവുമായി സമാധാനത്തിലാണ്.”
മറ്റൊരു സാധ്യത “നമ്മൾ സന്തോഷിക്കുന്നു.”
മറ്റൊരു സാധ്യത “നമ്മൾ ആനന്ദിക്കുന്നു.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “മരിച്ചയാളുടെ പാപം ക്ഷമിച്ചല്ലോ.”
അഥവാ “പാപം ഇല്ലാതാക്കുന്ന, എല്ലാ കാലത്തേക്കുംവേണ്ടി ഒരിക്കലായുള്ള.”
അക്ഷ. “അവയവങ്ങളെ.”
അക്ഷ. “അവയവങ്ങളെ.”
അഥവാ “കാര്യങ്ങളുടെ മാതൃക; ആദർശങ്ങൾ.”
പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “അവയവങ്ങളിൽ.”
അതായത്, അർഹമല്ലാത്തതിനുവേണ്ടിയുള്ള അതിമോഹം.
അതായത്, അർഹമല്ലാത്തതിനുവേണ്ടിയുള്ള അതിമോഹം.
ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തെ കുറിക്കുന്നു.
അക്ഷ. “അവയവങ്ങളിൽ.”
അക്ഷ. “അവയവങ്ങളിലുള്ള.”
പദാവലി കാണുക.
അതായത്, മനോഭാവമില്ലാത്തയാൾ.
“അപ്പാ!” എന്ന് അർഥം വരുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം.
അഥവാ “ഹൃദയത്തിന്.”
അഥവാ “വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത.”
പദാവലിയിൽ “ജഡം” കാണുക.
അക്ഷ. “വിത്തായതുകൊണ്ട്.”
അക്ഷ. “വിത്ത്.”
അക്ഷ. “വിത്തായി.”
അനു. എ5 കാണുക.
അഥവാ “സമയത്തിനു മുമ്പേ.”
അനു. എ5 കാണുക.
അക്ഷ. “വിത്ത്.”
അഥവാ “അവനിൽ.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “ഉദാരമായി.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ഞങ്ങളുടെ സന്ദേശം.”
അക്ഷ. “വിത്തും.”
അനു. എ5 കാണുക.
അഥവാ “നീ പൊങ്ങച്ചം പറയരുത്.”
അഥവാ “രക്ഷകൻ.”
അനു. എ5 കാണുക.
അഥവാ “ഈ യുഗം.” പദാവലി കാണുക.
അഥവാ “പങ്കുവെച്ചുതന്നിരിക്കുന്ന; വീതിച്ചുതന്നിരിക്കുന്ന.”
അഥവാ “സംഭാവന ചെയ്യുന്നയാൾ.”
അഥവാ “അധ്യക്ഷത വഹിക്കുന്നയാൾ.”
അഥവാ “ആത്മാർഥതയോടെ.”
അക്ഷ. “തീവ്രമായി വെറുക്കുക.”
അഥവാ “നേതൃത്വമെടുക്കുക.”
അഥവാ “ഉത്സാഹമുള്ളവരായിരിക്കുക; തീക്ഷ്ണതയുള്ളവരായിരിക്കുക.”
അനു. എ5 കാണുക.
അഥവാ “വലിയവലിയ കാര്യങ്ങൾ ചിന്തിക്കാതെ; ഉന്നതഭാവം വെടിഞ്ഞ്.”
അനു. എ5 കാണുക.
അതായത്, അയാളെ മയപ്പെടുത്തി അയാളുടെ മനസ്സിന്റെ കാഠിന്യം ഉരുക്കിക്കളയും.
അഥവാ “അവരുടെ ആപേക്ഷികസ്ഥാനങ്ങളിൽ.”
അഥവാ “ചെയ്യുന്നവരെ ശിക്ഷിച്ചുകൊണ്ട്.”
പദാവലി കാണുക.
അതായത്, അർഹമല്ലാത്തതിനുവേണ്ടിയുള്ള അതിമോഹം.
അഥവാ “നാണംകെട്ട പെരുമാറ്റത്തിലും.” ഗ്രീക്കിലെ അസെൽജിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “സ്വാഗതം ചെയ്യുക.”
മറ്റൊരു സാധ്യത “അയാൾക്കു മനസ്സിൽ ചോദ്യങ്ങളുണ്ട്.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അതായത്, ന്യായാധിപന്റെ ഇരിപ്പിടം.
അനു. എ5 കാണുക.
അഥവാ “മറ്റാരെങ്കിലും ഇടറിപ്പോകുമെങ്കിൽ.”
അഥവാ “അതു കഴിക്കുന്നതു തെറ്റാണ്.”
അഥവാ “സ്വാഗതം ചെയ്യുക.”
പദാവലി കാണുക.
അനു. എ5 കാണുക.
മറ്റൊരു സാധ്യത “കുറച്ച്.”
അക്ഷ. “വിശുദ്ധർക്കു ശുശ്രൂഷചെയ്യാൻ.”
അക്ഷ. “ഫലം.”
അഥവാ “സ്വന്തം വയറിന്റെ.”
അനു. എ3 കാണുക.