ലൂക്കോസ് എഴുതിയത്
1 ബഹുമാനപ്പെട്ട തെയോഫിലൊസ് അറിയുന്നതിന്: നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു വിവരണം എഴുതാൻ പലരും ശ്രമിച്ചിട്ടുണ്ട്. ആ വിവരണങ്ങളെല്ലാം നമ്മുടെ ഇടയിൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.+ 2 അതു കൂടാതെ, ആ സംഭവങ്ങൾക്കെല്ലാം തുടക്കംമുതൽ ദൃക്സാക്ഷികളായവരും+ ദൈവത്തിന്റെ സന്ദേശം പ്രസിദ്ധമാക്കിയവരും+ അക്കാര്യങ്ങൾ നമുക്കു കൈമാറിയിട്ടുമുണ്ട്. 3 ഞാനും തുടക്കംമുതലുള്ള എല്ലാ കാര്യങ്ങളും കൃത്യതയോടെ പരിശോധിച്ചു. അതുകൊണ്ട് അങ്ങയ്ക്കുവേണ്ടി+ അക്കാര്യങ്ങൾ ചിട്ടയോടെ എഴുതാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.+ 4 അങ്ങനെ വാമൊഴിയായി അങ്ങയെ പഠിപ്പിച്ച കാര്യങ്ങൾ സത്യമാണെന്ന് അങ്ങയ്ക്കു ബോധ്യം വരും.+
5 യഹൂദ്യരാജാവായ ഹെരോദിന്റെ+ കാലത്ത് അബീയയുടെ+ പുരോഹിതഗണത്തിൽ സെഖര്യ എന്നു പേരുള്ള ഒരു പുരോഹിതനുണ്ടായിരുന്നു. അഹരോന്റെ കുലത്തിൽപ്പെട്ടവളായിരുന്നു സെഖര്യയുടെ ഭാര്യ. പേര് എലിസബത്ത്. 6 അവർ ഇരുവരും യഹോവയുടെ എല്ലാ കല്പനകളും വ്യവസ്ഥകളും പാലിച്ച് കുറ്റമില്ലാത്തവരായി നടന്നു. ദൈവമുമ്പാകെ അവർ നീതിയുള്ളവരായിരുന്നു. 7 എന്നാൽ എലിസബത്ത് വന്ധ്യയായിരുന്നതുകൊണ്ട് അവർക്കു മക്കളില്ലായിരുന്നു. ഇരുവരും നന്നേ വൃദ്ധരുമായിരുന്നു.+
8 അങ്ങനെയിരിക്കെ, സെഖര്യയുടെ ഗണത്തിനു ദൈവസന്നിധിയിൽ പുരോഹിതശുശ്രൂഷ ചെയ്യാനുള്ള ഊഴം വന്നു.+ 9 നിലവിലുണ്ടായിരുന്ന പൗരോഹിത്യ നടപടിക്രമമനുസരിച്ച്* യഹോവയുടെ വിശുദ്ധമന്ദിരത്തിൽ കടന്ന് സുഗന്ധക്കൂട്ട് അർപ്പിക്കാൻ സെഖര്യക്കു നറുക്കു വീണു.+ 10 സുഗന്ധക്കൂട്ട് അർപ്പിക്കുന്ന സമയത്ത് ജനം മുഴുവൻ വെളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. 11 അപ്പോൾ യഹോവയുടെ ദൂതൻ സെഖര്യക്കു പ്രത്യക്ഷനായി. ദൂതൻ, സുഗന്ധക്കൂട്ട് അർപ്പിക്കുന്ന യാഗപീഠത്തിന്റെ വലതുവശത്ത് നിന്നു. 12 ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ സെഖര്യ ആകെ പേടിച്ച് വല്ലാതെയായി. 13 എന്നാൽ ദൂതൻ സെഖര്യയോടു പറഞ്ഞു: “സെഖര്യാ, പേടിക്കേണ്ടാ. നിന്റെ ഉള്ളുരുകിയുള്ള പ്രാർഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. നീ അവനു യോഹന്നാൻ എന്നു പേരിടണം.+ 14 നിനക്കു വളരെ സന്തോഷമാകും. നീ ഏറെ ആഹ്ലാദിക്കും. അവന്റെ ജനനത്തിൽ അനേകം ആളുകൾ ആനന്ദിക്കും.+ 15 കാരണം അവൻ യഹോവയുടെ മുമ്പാകെ വലിയവനാകും.+ എന്നാൽ അവൻ വീഞ്ഞോ മറ്റ് ഏതെങ്കിലും ലഹരിപാനീയമോ കുടിക്കരുത്.+ ജനിക്കുന്നതിനു മുമ്പുതന്നെ* അവൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായിരിക്കും.+ 16 അവൻ ഇസ്രായേൽമക്കളിൽ അനേകരെ അവരുടെ ദൈവമായ യഹോവയിലേക്കു തിരികെ കൊണ്ടുവരും.+ 17 അവൻ ഏലിയയുടെ ആത്മാവും* ശക്തിയും+ ഉള്ളവനായി ദൈവത്തിനു മുമ്പേ പോകും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ കുട്ടികളുടേതുപോലെയാക്കും.+ അനുസരണംകെട്ടവരെ നീതിമാന്മാരുടെ വിവേകത്തിലേക്കു തിരികെ കൊണ്ടുവരും. അങ്ങനെ അവൻ യഹോവയ്ക്കുവേണ്ടി ഒരു ജനത്തെ ഒരുക്കും.”+
18 അപ്പോൾ സെഖര്യ ദൂതനോടു പറഞ്ഞു: “ഞാൻ ഇത് എങ്ങനെ വിശ്വസിക്കും? എനിക്കു വയസ്സായി. എന്റെ ഭാര്യക്കും നന്നേ പ്രായമായി.”+ 19 ദൂതൻ സെഖര്യയോടു പറഞ്ഞു: “ഞാൻ ദൈവത്തിന്റെ അടുത്ത് തിരുസന്നിധിയിൽ നിൽക്കുന്ന+ ഗബ്രിയേലാണ്.+ നിന്നോടു സംസാരിക്കാനും ഈ സന്തോഷവാർത്ത അറിയിക്കാനും ആണ് എന്നെ അയച്ചിരിക്കുന്നത്. 20 എന്നാൽ, ഇതു സംഭവിക്കുന്ന ദിവസംവരെ നീ ഊമനായിരിക്കും, നിനക്കു സംസാരിക്കാൻ കഴിയില്ല. കാരണം എന്റെ വാക്കുകൾ നീ വിശ്വസിച്ചില്ലല്ലോ. എന്നാൽ ഞാൻ പറഞ്ഞതെല്ലാം കൃത്യസമയത്തുതന്നെ* സംഭവിക്കും.”+ 21 ആ സമയം മുഴുവൻ, ജനം സെഖര്യയെ കാത്തുനിൽക്കുകയായിരുന്നു. സെഖര്യ വിശുദ്ധമന്ദിരത്തിൽനിന്ന് വരാൻ വൈകുന്നത് എന്താണെന്ന് ഓർത്ത് അവർ അത്ഭുതപ്പെട്ടു. 22 പുറത്ത് വന്നപ്പോൾ സെഖര്യക്ക് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. വിശുദ്ധമന്ദിരത്തിൽവെച്ച് സെഖര്യ അസാധാരണമായ എന്തോ കണ്ടെന്ന്* അവർക്കു മനസ്സിലായി. സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ട് സെഖര്യ ആളുകളോട് ആംഗ്യങ്ങളിലൂടെയാണു സംസാരിച്ചത്. 23 വിശുദ്ധസേവനത്തിന്റെ നിയമനം പൂർത്തിയായപ്പോൾ സെഖര്യ വീട്ടിലേക്കു തിരിച്ചുപോയി.
24 കുറച്ച് ദിവസങ്ങൾക്കു ശേഷം സെഖര്യയുടെ ഭാര്യ എലിസബത്ത് ഗർഭിണിയായി. എലിസബത്ത് അഞ്ചു മാസം പുറത്ത് ഇറങ്ങാതെ കഴിഞ്ഞു. 25 എലിസബത്ത് പറഞ്ഞു: “യഹോവ എനിക്കുവേണ്ടി ഇതു ചെയ്തല്ലോ. ആളുകൾക്കിടയിൽ എനിക്കുണ്ടായിരുന്ന അപമാനം മാറ്റാൻ ദൈവം ഇപ്പോൾ എന്നെ ഓർത്തു.”+
26 എലിസബത്തിന്റെ ആറാം മാസത്തിൽ ദൈവം ഗബ്രിയേൽ+ ദൂതനെ ഗലീലയിലെ ഒരു നഗരമായ നസറെത്തിലേക്ക് അയച്ചു. 27 ദാവീദുഗൃഹത്തിലെ യോസേഫ് എന്ന പുരുഷനുമായി വിവാഹം നിശ്ചയിച്ചിരുന്ന ഒരു കന്യകയുടെ+ അടുത്തേക്കാണ് ആ ദൂതനെ അയച്ചത്. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.+ 28 ദൂതൻ മറിയയുടെ അടുത്ത് ചെന്നിട്ട് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ പ്രീതി ലഭിച്ചവളേ, നമസ്കാരം! യഹോവ നിന്റെകൂടെയുണ്ട്.” 29 ഇതു കേട്ട മറിയ ആകെ അന്ധാളിച്ചുപോയി. ഇങ്ങനെയൊരു അഭിവാദനത്തിന്റെ അർഥം എന്തായിരിക്കുമെന്നു മറിയ ചിന്തിച്ചു. 30 ദൂതൻ മറിയയോടു പറഞ്ഞു: “മറിയേ, പേടിക്കേണ്ടാ. ദൈവത്തിനു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു. 31 നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും.+ നീ അവന് യേശു എന്നു പേരിടണം.+ 32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+ 33 അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”+
34 എന്നാൽ മറിയ ദൂതനോട്, “ഞാൻ ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ഥിതിക്ക് ഇത് എങ്ങനെ സംഭവിക്കും”+ എന്നു ചോദിച്ചു. 35 അപ്പോൾ ദൂതൻ മറിയയോടു പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും.+ അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്,+ ദൈവത്തിന്റെ മകനെന്ന്,+ വിളിക്കപ്പെടും. 36 നിന്റെ ബന്ധുവായ എലിസബത്തും ഇപ്പോൾ ഗർഭിണിയാണ്. വയസ്സായ എലിസബത്തിന് ഒരു മകൻ ജനിക്കാൻപോകുന്നു. വന്ധ്യ എന്നു പറഞ്ഞിരുന്നവൾക്ക് ഇത് ഇപ്പോൾ ആറാം മാസം. 37 ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല.”+ 38 അപ്പോൾ മറിയ പറഞ്ഞു: “ഇതാ, യഹോവയുടെ ദാസി! അങ്ങ് പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.” അപ്പോൾ ദൂതൻ അവിടെനിന്ന് പോയി.
39 അങ്ങനെയിരിക്കെ ഒരു ദിവസം മറിയ യഹൂദയിലെ മലനാട്ടിലുള്ള ഒരു നഗരത്തിലേക്കു തിടുക്കത്തിൽ പോയി. 40 മറിയ സെഖര്യയുടെ വീട്ടിൽ ചെന്ന് എലിസബത്തിനെ അഭിവാദനം ചെയ്തു. 41 മറിയ അഭിവാദനം ചെയ്യുന്നത് എലിസബത്ത് കേട്ട ഉടനെ കുഞ്ഞ് എലിസബത്തിന്റെ വയറ്റിൽ കിടന്ന് തുള്ളി. പരിശുദ്ധാത്മാവ് നിറഞ്ഞ് എലിസബത്ത് 42 ഇങ്ങനെ വിളിച്ചുപറഞ്ഞു: “സ്ത്രീകളിൽ നീ അനുഗൃഹീത! നിന്റെ ഗർഭത്തിലെ കുഞ്ഞും അനുഗൃഹീതൻ! 43 എന്റെ കർത്താവിന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരു അനുഗ്രഹം! 44 ദേ! നീ അഭിവാദനം ചെയ്യുന്നതു കേട്ട ഉടനെ എന്റെ വയറ്റിൽ കിടന്ന് കുഞ്ഞ് സന്തോഷംകൊണ്ട് തുള്ളി. 45 യഹോവ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചവളും അനുഗൃഹീത!* കാരണം അതെല്ലാം അങ്ങനെതന്നെ നിറവേറും.”
46 അപ്പോൾ മറിയ പറഞ്ഞു: “എന്റെ ദേഹി യഹോവയെ വാഴ്ത്തുന്നു.+ 47 എന്റെ ആത്മാവ്* എങ്ങനെ എന്റെ രക്ഷകനായ ദൈവത്തിൽ സന്തോഷിച്ചുല്ലസിക്കാതിരിക്കും!+ 48 വെറുമൊരു സാധാരണക്കാരിയായ ഈ എളിയ ദാസിയെ ദൈവം അനുഗ്രഹിച്ചിരിക്കുന്നല്ലോ.+ ഇനിമുതൽ എല്ലാ തലമുറകളും എന്നെ അനുഗൃഹീത* എന്നു വിളിക്കും.+ 49 കാരണം ശക്തനായ ദൈവം എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ദൈവത്തിന്റെ പേര് പരിശുദ്ധമാണ്.+ 50 തന്നെ ഭയപ്പെടുന്നവരുടെ മേൽ ദൈവത്തിന്റെ കരുണ തലമുറതലമുറയോളമിരിക്കും.+ 51 ദൈവം തന്റെ കൈകൊണ്ട് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.+ ഹൃദയത്തിൽ ധാർഷ്ട്യമുള്ളവരെ ചിതറിച്ചിരിക്കുന്നു.+ 52 അധികാരത്തിലിരിക്കുന്നവരെ ദൈവം സിംഹാസനങ്ങളിൽനിന്ന് താഴെ ഇറക്കുകയും+ സാധുക്കളെ ഉയർത്തുകയും ചെയ്തിരിക്കുന്നു.+ 53 വിശന്നിരിക്കുന്നവരെ വിശിഷ്ടവസ്തുക്കൾകൊണ്ട് തൃപ്തരാക്കി,+ സമ്പന്നരെ വെറുങ്കൈയോടെ പറഞ്ഞയച്ചിരിക്കുന്നു. 54 ദൈവം തന്റെ ദാസനായ ഇസ്രായേലിന്റെ സഹായത്തിന് എത്തിയിരിക്കുന്നു.+ 55 അബ്രാഹാമിനോടും അബ്രാഹാമിന്റെ സന്തതിയോടും*+ എന്നും കരുണ കാണിക്കുമെന്നു പറഞ്ഞത് ഓർത്താണു ദൈവം അങ്ങനെ ചെയ്തത്. അതാണല്ലോ നമ്മുടെ പൂർവികരോടു ദൈവം പറഞ്ഞത്.” 56 മറിയ മൂന്നു മാസത്തോളം എലിസബത്തിന്റെകൂടെ താമസിച്ചിട്ട് സ്വന്തം വീട്ടിലേക്കു തിരിച്ചുപോയി.
57 മാസം തികഞ്ഞപ്പോൾ എലിസബത്ത് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 58 യഹോവ എലിസബത്തിനോടു മഹാകരുണ കാണിച്ചിരിക്കുന്നെന്ന് അയൽക്കാരും ബന്ധുക്കളും കേട്ടപ്പോൾ അവരും എലിസബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.+ 59 എട്ടാം ദിവസം അവർ കുഞ്ഞിനെ പരിച്ഛേദന*+ ചെയ്യാൻ വന്നു. അവർ അവന് അവന്റെ അപ്പന്റെ പേരുപോലെ സെഖര്യ എന്നു പേരിടാൻ ഒരുങ്ങി. 60 എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അതു വേണ്ടാ, അവനു യോഹന്നാൻ എന്നു പേരിടണം.” 61 അവർ എലിസബത്തിനോട്, “നിങ്ങളുടെ ബന്ധുക്കളിൽ ആർക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു. 62 അവനെ എന്തു പേര് വിളിക്കാനാണ് ആഗ്രഹമെന്ന് അവർ അവന്റെ അപ്പനോട് ആംഗ്യത്തിലൂടെ ചോദിച്ചു. 63 സെഖര്യ ഒരു എഴുത്തുപലക വാങ്ങി “അവന്റെ പേര് യോഹന്നാൻ എന്നാണ്”+ എന്ന് എഴുതിക്കാണിച്ചു. ഇതു കണ്ട് എല്ലാവരും അതിശയിച്ചുപോയി. 64 ആ നിമിഷം സെഖര്യയുടെ വായ് തുറന്നു, നാവിന്റെ കെട്ട് അഴിഞ്ഞു. സെഖര്യ ദൈവത്തെ വാഴ്ത്തി സംസാരിച്ചുതുടങ്ങി.+ 65 അവരുടെ അയൽവാസികളെല്ലാം ഭയന്നുപോയി. ഈ വാർത്ത യഹൂദ്യമലനാട്ടിലെങ്ങും പരന്നു. 66 ഇതു കേട്ടവരെല്ലാം അതു ഹൃദയത്തിൽ കുറിച്ചിട്ടു. “ഈ കുഞ്ഞ് ആരായിത്തീരും” എന്ന് അവർ തമ്മിൽത്തമ്മിൽ പറഞ്ഞു. യഹോവയുടെ കൈ അവന്റെകൂടെയുണ്ടായിരുന്നു.
67 അവന്റെ അപ്പനായ സെഖര്യ പരിശുദ്ധാത്മാവ് നിറഞ്ഞ് ഇങ്ങനെ പ്രവചിച്ചു: 68 “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ.+ ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച് അവരെ വിടുവിച്ചല്ലോ.+ 69 ദൈവം തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ+ നമുക്കായി രക്ഷയുടെ ഒരു കൊമ്പ്+ ഉയർത്തിയിരിക്കുന്നു. 70 പണ്ടുപണ്ടേ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ,+ 71 നമ്മുടെ ശത്രുക്കളിൽനിന്നും നമ്മളെ വെറുക്കുന്ന എല്ലാവരുടെ കൈയിൽനിന്നും നമ്മളെ രക്ഷിക്കുമെന്നു ദൈവം പറഞ്ഞിരുന്നല്ലോ.+ 72 നമ്മുടെ പൂർവികരോടു പറഞ്ഞതുപോലെ നമ്മളോടു കരുണ കാണിക്കാൻവേണ്ടിയാണു ദൈവം ഇങ്ങനെ ചെയ്തത്.+ 73 നമ്മുടെ പൂർവികനായ അബ്രാഹാമിനോട് ആണയിട്ട് ഉറപ്പിച്ച വിശുദ്ധമായ ഉടമ്പടി ദൈവം ഓർക്കും.+ 74 ആ ഉടമ്പടിയനുസരിച്ച്, ശത്രുക്കളുടെ കൈയിൽനിന്ന് നമ്മളെ വിടുവിച്ചശേഷം തിരുസന്നിധിയിൽ 75 ജീവിതകാലം മുഴുവൻ വിശ്വസ്തതയോടും നീതിയോടും കൂടെ നിർഭയം ദൈവത്തിനു വിശുദ്ധസേവനം ചെയ്യാൻ നമുക്കു പദവി ലഭിക്കും. 76 നീയോ കുഞ്ഞേ, നീ അത്യുന്നതന്റെ പ്രവാചകനെന്നു വിളിക്കപ്പെടും. കാരണം നീ മുമ്പേ പോയി യഹോവയ്ക്കു വഴി ഒരുക്കുകയും+ 77 പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിലൂടെ ലഭിക്കുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് ദൈവജനത്തിനു പകർന്നുകൊടുക്കുകയും ചെയ്യും.+ 78 ഇതെല്ലാം നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പയാണ്. ഈ അനുകമ്പ നിമിത്തം, ഉന്നതങ്ങളിൽനിന്ന് പ്രഭാതകിരണങ്ങൾ നമ്മുടെ മേൽ പ്രകാശിക്കും.+ 79 അതു കൂരിരുട്ടിലും മരണത്തിന്റെ നിഴലിലും+ കഴിയുന്നവർക്കു വെളിച്ചം നൽകും; നമ്മുടെ കാലടികളെ സമാധാനത്തിന്റെ വഴിയിൽ നയിക്കും.”
80 കുഞ്ഞു വളർന്ന് വലുതായി. ആത്മാവിൽ* ബലപ്പെട്ടു. ഇസ്രായേലിനു തന്നെത്തന്നെ വെളിപ്പെടുത്തുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
2 ആ കാലത്ത്, ഭൂവാസികളൊക്കെ അവരുടെ പേര് രേഖപ്പെടുത്തണമെന്ന ഒരു കല്പന അഗസ്റ്റസ് സീസർ വിളംബരം ചെയ്തു. 2 (കുറേന്യൊസ് എന്ന ഗവർണർ സിറിയ ഭരിക്കുമ്പോഴാണ് ഈ ഒന്നാമത്തെ പേര് രേഖപ്പെടുത്തൽ+ നടന്നത്.) 3 അങ്ങനെ, പേര് രേഖപ്പെടുത്താൻവേണ്ടി എല്ലാവരും അവരവരുടെ നഗരങ്ങളിലേക്കു പോയി. 4 യോസേഫും+ ഗലീലയിലെ നസറെത്ത് എന്ന നഗരത്തിൽനിന്ന് യഹൂദ്യയിലെ, ദാവീദിന്റെ നഗരമായ ബേത്ത്ലെഹെമിലേക്കു+ പോയി. കാരണം യോസേഫ്, ദാവീദുഗൃഹത്തിൽപ്പെട്ടവനും ദാവീദിന്റെ കുടുംബക്കാരനും ആയിരുന്നു. 5 പേര് രേഖപ്പെടുത്താൻ പോയപ്പോൾ യോസേഫിന്റെകൂടെ ഭാര്യ+ മറിയയും പോയി. മറിയ അപ്പോൾ പൂർണഗർഭിണിയായിരുന്നു.+ 6 അവിടെവെച്ച് മറിയയ്ക്കു പ്രസവസമയമായി. 7 മറിയ ഒരു ആൺകുഞ്ഞിനെ, തന്റെ മൂത്ത മകനെ,+ പ്രസവിച്ചു. മറിയ കുഞ്ഞിനെ തുണികൾകൊണ്ട് പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ+ കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടിയില്ല.
8 അവിടെ രാത്രിയിൽ ആട്ടിൻപറ്റത്തെ കാത്തുകൊണ്ട് ഇടയന്മാർ വെളിമ്പ്രദേശത്ത് കഴിയുന്നുണ്ടായിരുന്നു. 9 പെട്ടെന്ന് യഹോവയുടെ ദൂതൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി. യഹോവയുടെ തേജസ്സ് അവർക്കു ചുറ്റും പ്രകാശിച്ചു. അവർ ആകെ പേടിച്ചുപോയി. 10 എന്നാൽ ദൂതൻ അവരോടു പറഞ്ഞു: “പേടിക്കേണ്ടാ! ഒരു സന്തോഷവാർത്ത അറിയിക്കാനാണു ഞാൻ വന്നിരിക്കുന്നത്. എല്ലാ മനുഷ്യർക്കും ലഭിക്കാൻപോകുന്ന ഒരു മഹാസന്തോഷത്തെക്കുറിച്ചുള്ള വാർത്ത! 11 നിങ്ങളുടെ രക്ഷകൻ+ ഇന്നു ദാവീദിന്റെ നഗരത്തിൽ+ ജനിച്ചിരിക്കുന്നു. കർത്താവായ ക്രിസ്തുവാണ്+ അത്. 12 നിങ്ങൾക്കുള്ള അടയാളം ഇതാണ്: തുണികളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾ കാണും.” 13 പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം+ പ്രത്യക്ഷപ്പെട്ട് ആ ദൂതനോടു ചേർന്ന്, 14 “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”+ എന്നു ഘോഷിച്ചുകൊണ്ട് ദൈവത്തെ സ്തുതിച്ചു.
15 ദൂതന്മാർ അവിടെനിന്ന് തിരികെ സ്വർഗത്തിലേക്കു പോയശേഷം ഇടയന്മാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “നമുക്ക് എന്തായാലും ബേത്ത്ലെഹെം വരെ പോകാം. യഹോവ നമ്മളെ അറിയിച്ച ഈ സംഭവം എന്താണെന്നു നോക്കിയിട്ട് വരാം.” 16 അവർ വേഗം അവിടെനിന്ന് പോയി. അവർ മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന കുഞ്ഞിനെയും കണ്ടു. 17 കുഞ്ഞിനെ കണ്ട അവർ, അവനെക്കുറിച്ച് ദൂതന്മാർ പറഞ്ഞത് അവരെ അറിയിച്ചു. 18 ഇടയന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടവരൊക്കെ അതിശയിച്ചു. 19 മറിയ അതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് അതെക്കുറിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.+ 20 തങ്ങളോടു പറഞ്ഞതുപോലെതന്നെ എല്ലാം കാണാനും കേൾക്കാനും കഴിഞ്ഞത് ഓർത്ത് ആ ഇടയന്മാർ ദൈവത്തെ വാഴ്ത്തിസ്തുതിച്ചുകൊണ്ട് മടങ്ങിപ്പോയി.
21 എട്ടു ദിവസത്തിനു ശേഷം കുഞ്ഞിനെ പരിച്ഛേദന* ചെയ്യാനുള്ള സമയമായി.+ മറിയ ഗർഭിണിയാകുന്നതിനു മുമ്പേ ദൂതൻ പറഞ്ഞിരുന്നതുപോലെ, കുഞ്ഞിന് അപ്പോൾ യേശു എന്നു പേരിട്ടു.+
22 മോശയുടെ നിയമമനുസരിച്ച്* അവരുടെ ശുദ്ധീകരണത്തിനുള്ള സമയമായപ്പോൾ,+ അവർ കുഞ്ഞിനെ യഹോവയ്ക്കു സമർപ്പിക്കാൻവേണ്ടി യരുശലേമിലേക്കു പോയി. 23 “ആദ്യം ജനിക്കുന്ന ആണിനെയൊക്കെ* യഹോവയ്ക്കു സമർപ്പിക്കണം”+ എന്ന് യഹോവയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചാണ് അവർ പോയത്. 24 “രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം”+ എന്ന് യഹോവയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ളതുപോലെ അവർ അവിടെ ഒരു ബലി അർപ്പിച്ചു.
25 യരുശലേമിൽ ശിമെയോൻ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. ശിമെയോൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസകാലത്തിനായി+ കാത്തിരിക്കുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് ശിമെയോന്റെ മേലുണ്ടായിരുന്നു. 26 യഹോവയുടെ അഭിഷിക്തനെ+ കാണാതെ ശിമെയോൻ മരിക്കില്ലെന്നു പരിശുദ്ധാത്മാവിനാൽ ശിമെയോനു ദിവ്യവെളിപാടു ലഭിച്ചിരുന്നു. 27 ദൈവാത്മാവ് നയിച്ചിട്ട് ശിമെയോൻ ദേവാലയത്തിലേക്കു ചെന്നു. നിയമം ആവശ്യപ്പെടുന്നതു+ ചെയ്യാൻ കൈക്കുഞ്ഞായ യേശുവിനെയുംകൊണ്ട് മാതാപിതാക്കൾ ദേവാലയത്തിന് അകത്തേക്കു വന്നപ്പോൾ 28 ശിമെയോൻ കുഞ്ഞിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: 29 “പരമാധികാരിയാം കർത്താവേ, അങ്ങ് പറഞ്ഞിരുന്നതുപോലെതന്നെ അടിയന് ഇനി സമാധാനത്തോടെ മരിക്കാമല്ലോ.+ 30 കാരണം അങ്ങയുടെ രക്ഷാമാർഗം* ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു.+ 31 എല്ലാ ജനതകൾക്കും കാണാൻ പാകത്തിന് അങ്ങ് അതു നൽകിയിരിക്കുന്നു.+ 32 ഇവൻ, ജനതകളിൽനിന്ന് ഇരുട്ടിന്റെ മൂടുപടം നീക്കുന്ന വെളിച്ചവും+ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവും ആണല്ലോ.” 33 കുഞ്ഞിനെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടിട്ട് അപ്പനും അമ്മയും അത്ഭുതപ്പെട്ടു. 34 ശിമെയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് കുഞ്ഞിന്റെ അമ്മയായ മറിയയോടു പറഞ്ഞു: “ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും എഴുന്നേൽപ്പിനും ഇവൻ കാരണമാകും.+ ഇവൻ ഒരു അടയാളവുമായിരിക്കും; ആളുകൾ ഇവന് എതിരെ സംസാരിക്കും.+ ഇതിനൊക്കെയാണ് ദൈവം ഈ കുഞ്ഞിനെ നിയോഗിച്ചിരിക്കുന്നത്. 35 അനേകരുടെ ഹൃദയവിചാരങ്ങൾ അങ്ങനെ വെളിപ്പെടും. (നിന്റെ പ്രാണനിലൂടെയോ ഒരു നീണ്ട വാൾ തുളച്ചുകയറും.)”+
36 ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ അന്ന എന്ന ഒരു പ്രവാചികയുണ്ടായിരുന്നു. അന്നയ്ക്കു വളരെ പ്രായമായിരുന്നു. വിവാഹശേഷം ഏഴു വർഷമേ അവർ ഭർത്താവിനോടൊപ്പം ജീവിച്ചുള്ളൂ. 37 വിധവയായ അന്നയ്ക്ക് അപ്പോൾ 84 വയസ്സുണ്ടായിരുന്നു. അന്നയെ എപ്പോഴും ദേവാലയത്തിൽ കാണാമായിരുന്നു. ഉപവസിച്ച് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് രാവും പകലും മുടങ്ങാതെ ദേവാലയത്തിൽ ആരാധിച്ചുപോരുന്ന ഒരു സ്ത്രീയായിരുന്നു അന്ന. 38 അന്ന അവരുടെ അടുത്ത് വന്ന് ദൈവത്തിനു നന്ദി പറയാനും യരുശലേമിന്റെ വിമോചനത്തിനായി കാത്തിരിക്കുന്ന എല്ലാവരോടും കുഞ്ഞിനെക്കുറിച്ച് സംസാരിക്കാനും തുടങ്ങി.+
39 യഹോവയുടെ നിയമമനുസരിച്ച്+ എല്ലാം ചെയ്തശേഷം അവർ ഗലീലയിലെ അവരുടെ നഗരമായ നസറെത്തിലേക്കു+ മടങ്ങിപ്പോയി. 40 കുഞ്ഞ് ശക്തനും ജ്ഞാനിയും ആയി വളർന്നുവന്നു. ദൈവപ്രീതിയും അവന്റെ മേലുണ്ടായിരുന്നു.+
41 അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപ്പെരുന്നാളിന് യരുശലേമിലേക്കു പോകാറുണ്ടായിരുന്നു.+ 42 അവന് 12 വയസ്സായപ്പോൾ പതിവുപോലെ അവർ പെരുന്നാളിനു പോയി.+ 43 പെരുന്നാൾ കഴിഞ്ഞ് അവർ അവിടെനിന്ന് മടങ്ങി. എന്നാൽ കുട്ടിയായ യേശു യരുശലേമിൽത്തന്നെ തങ്ങി. അപ്പനും അമ്മയും പക്ഷേ അക്കാര്യം ശ്രദ്ധിച്ചില്ല. 44 കൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ യേശുവുണ്ടായിരിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അവർ യേശുവിനെ തിരയാൻതുടങ്ങി. 45 പക്ഷേ, യേശുവിനെ കാണാതെവന്നപ്പോൾ അവർ തിരികെ യരുശലേമിലേക്കു മടങ്ങി. അവർ അവനെ എല്ലായിടത്തും തിരഞ്ഞു. 46 ഒടുവിൽ മൂന്നു ദിവസം കഴിഞ്ഞ് അവർ യേശുവിനെ ദേവാലയത്തിൽ കണ്ടെത്തി. യേശു ഉപദേഷ്ടാക്കളുടെ നടുവിൽ ഇരുന്ന് അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ആയിരുന്നു. 47 യേശുവിന്റെ സംസാരം കേട്ടവരെല്ലാം യേശുവിന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു.+ 48 യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ അമ്പരന്നുപോയി. അമ്മ ചോദിച്ചു: “മോനേ, നീ എന്തിനാണ് ഞങ്ങളോട് ഇതു ചെയ്തത്? നിന്റെ അപ്പനും ഞാനും ആധിപിടിച്ച് നിന്നെ എവിടെയെല്ലാം തിരഞ്ഞെന്നോ!” 49 എന്നാൽ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചുനടന്നത്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലുണ്ടായിരിക്കുമെന്നു+ നിങ്ങൾക്ക് അറിയില്ലായിരുന്നോ?” 50 പക്ഷേ യേശു പറഞ്ഞതിന്റെ അർഥം അവർക്കു മനസ്സിലായില്ല.
51 പിന്നെ യേശു അവരുടെകൂടെ നസറെത്തിലേക്കു പോയി. അവൻ പഴയപോലെ അവർക്കു കീഴ്പെട്ടിരുന്നു.+ യേശുവിന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ പ്രത്യേകം കുറിച്ചിട്ടു.+ 52 യേശു വളർന്നുവലുതാകുകയും കൂടുതൽക്കൂടുതൽ ജ്ഞാനം നേടുകയും ചെയ്തു. ദൈവത്തിനും മനുഷ്യർക്കും യേശുവിനോടുള്ള പ്രീതിയും വർധിച്ചുവന്നു.
3 തിബെര്യൊസ് സീസറിന്റെ* ഭരണത്തിന്റെ 15-ാം വർഷം. അപ്പോൾ പൊന്തിയൊസ് പീലാത്തൊസായിരുന്നു+ യഹൂദ്യയിലെ ഗവർണർ. ഹെരോദ്+ ഗലീലയിലെ ജില്ലാഭരണാധികാരിയായിരുന്നു. സഹോദരനായ ഫിലിപ്പോസ് ഇതൂര്യ-ത്രഖോനിത്തി പ്രദേശത്തെയും ലുസാന്യാസ് അബിലേനയിലെയും ജില്ലാഭരണാധികാരികളായിരുന്നു. 2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോഹിതനായി കയ്യഫയും+ സേവിച്ചിരുന്ന അക്കാലത്ത് സെഖര്യയുടെ+ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു.
3 അങ്ങനെ, യോഹന്നാൻ യോർദാനു ചുറ്റുമുള്ള നാടുകളിലൊക്കെ പോയി, പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+ 4 ഇതിനെക്കുറിച്ച് യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.+ 5 താഴ്വരകളെല്ലാം നികത്തണം. എല്ലാ മലകളും കുന്നുകളും നിരപ്പാക്കണം. വളഞ്ഞ വഴികൾ നേരെയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും വേണം. 6 എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ* കാണും.’”+
7 സ്നാനമേൽക്കാൻ തന്റെ അടുത്തേക്കു വന്ന ജനക്കൂട്ടത്തോട് യോഹന്നാൻ പറഞ്ഞു: “അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ ആരാണു നിങ്ങൾക്ക് ഉപദേശിച്ചുതന്നത്?+ 8 ആദ്യം മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കൂ. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട്’ എന്ന് അഹങ്കരിക്കേണ്ടാ. കാരണം അബ്രാഹാമിനുവേണ്ടി ഈ കല്ലുകളിൽനിന്ന് മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9 മരങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത മരമെല്ലാം വെട്ടി തീയിലിടും.”+
10 ജനക്കൂട്ടം യോഹന്നാനോട്, “അങ്ങനെയെങ്കിൽ ഞങ്ങൾ ഇപ്പോൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു. 11 യോഹന്നാൻ അവരോടു പറഞ്ഞു: “രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് ഒന്നു കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ.”+ 12 നികുതി പിരിക്കുന്നവർപോലും സ്നാനമേൽക്കാൻ വന്ന്,+ “ഗുരുവേ, ഞങ്ങൾ എന്തു ചെയ്യണം” എന്നു യോഹന്നാനോടു ചോദിച്ചു. 13 യോഹന്നാൻ അവരോട്, “നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ നികുതി ഈടാക്കരുത്”*+ എന്നു പറഞ്ഞു. 14 പട്ടാളക്കാരും വന്ന്, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചപ്പോൾ യോഹന്നാൻ പറഞ്ഞു: “അതിക്രമം കാട്ടുകയോ* കള്ളക്കുറ്റം ചുമത്തുകയോ ചെയ്യാതെ,+ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുക.”
15 ക്രിസ്തുവിന്റെ വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ജനം മുഴുവൻ “യോഹന്നാനായിരിക്കുമോ ക്രിസ്തു” എന്നു ഹൃദയത്തിൽ വിചാരിച്ചു.+ 16 എന്നാൽ യോഹന്നാൻ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു. എന്നാൽ എന്നെക്കാൾ ശക്തനായവൻ വരുന്നു. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനപ്പെടുത്തും.+ 17 പാറ്റാനുള്ള കോരിക അദ്ദേഹത്തിന്റെ കൈയിലുണ്ട്. അദ്ദേഹം മെതിക്കളം മുഴുവൻ വെടിപ്പാക്കി സംഭരണശാലയിൽ ഗോതമ്പു ശേഖരിച്ചുവെക്കും. പതിരാകട്ടെ കെടുത്താൻ പറ്റാത്ത തീയിലിട്ട് ചുട്ടുകളയും.”
18 സന്തോഷവാർത്ത ഘോഷിക്കുന്നതോടൊപ്പം മറ്റ് അനേകം ഉദ്ബോധനങ്ങളും യോഹന്നാൻ ജനത്തിനു നൽകി. 19 എന്നാൽ ജില്ലാഭരണാധികാരിയായ ഹെരോദ് ചെയ്തിരുന്ന ദുഷ്ടതകളെല്ലാം കാരണവും ഹെരോദിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യ കാരണവും ഹെരോദിനെ യോഹന്നാൻ ശാസിച്ചു. 20 അതുകൊണ്ട് ഹെരോദ് മറ്റൊരു ദുഷ്ടതകൂടെ ചെയ്തു: യോഹന്നാനെ ജയിലിൽ അടച്ചു.+
21 ജനമെല്ലാം സ്നാനമേറ്റ കൂട്ടത്തിൽ യേശുവും സ്നാനമേറ്റു.+ യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ആകാശം തുറന്നു.+ 22 പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.
23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+
യോസേഫ് ഹേലിയുടെ മകൻ;
24 ഹേലി മത്ഥാത്തിന്റെ മകൻ;
മത്ഥാത്ത് ലേവിയുടെ മകൻ;
ലേവി മെൽക്കിയുടെ മകൻ;
മെൽക്കി യന്നായിയുടെ മകൻ;
യന്നായി യോസേഫിന്റെ മകൻ;
25 യോസേഫ് മത്തഥ്യൊസിന്റെ മകൻ;
മത്തഥ്യൊസ് ആമോസിന്റെ മകൻ;
ആമോസ് നഹൂമിന്റെ മകൻ;
നഹൂം എസ്ലിയുടെ മകൻ;
എസ്ലി നഗ്ഗായിയുടെ മകൻ;
26 നഗ്ഗായി മയാത്തിന്റെ മകൻ;
മയാത്ത് മത്തഥ്യൊസിന്റെ മകൻ;
മത്തഥ്യൊസ് ശെമയിയുടെ മകൻ;
ശെമയി യോസേക്കിന്റെ മകൻ;
യോസേക്ക് യോദയുടെ മകൻ;
27 യോദ യോഹനാന്റെ മകൻ;
യോഹനാൻ രേസയുടെ മകൻ;
രേസ സെരുബ്ബാബേലിന്റെ+ മകൻ;
സെരുബ്ബാബേൽ ശെയൽതീയേലിന്റെ+ മകൻ;
ശെയൽതീയേൽ നേരിയുടെ മകൻ;
28 നേരി മെൽക്കിയുടെ മകൻ;
മെൽക്കി അദ്ദിയുടെ മകൻ;
അദ്ദി കോസാമിന്റെ മകൻ;
കോസാം എൽമാദാമിന്റെ മകൻ;
എൽമാദാം ഏരിന്റെ മകൻ;
29 ഏർ യേശുവിന്റെ മകൻ;
യേശു എലീയേസെരിന്റെ മകൻ;
എലീയേസെർ യോരീമിന്റെ മകൻ;
യോരീം മത്ഥാത്തിന്റെ മകൻ;
മത്ഥാത്ത് ലേവിയുടെ മകൻ;
30 ലേവി ശിമ്യോന്റെ മകൻ;
ശിമ്യോൻ യൂദാസിന്റെ മകൻ;
യൂദാസ് യോസേഫിന്റെ മകൻ;
യോസേഫ് യോനാമിന്റെ മകൻ;
യോനാം എല്യാക്കീമിന്റെ മകൻ;
31 എല്യാക്കീം മെല്യയുടെ മകൻ;
മെല്യ മെന്നയുടെ മകൻ;
മെന്ന മത്തഥയുടെ മകൻ;
മത്തഥ നാഥാന്റെ+ മകൻ;
നാഥാൻ ദാവീദിന്റെ+ മകൻ;
യിശ്ശായി ഓബേദിന്റെ+ മകൻ;
ഓബേദ് ബോവസിന്റെ+ മകൻ;
ബോവസ് ശൽമോന്റെ+ മകൻ;
ശൽമോൻ നഹശോന്റെ+ മകൻ;
33 നഹശോൻ അമ്മീനാദാബിന്റെ+ മകൻ;
അമ്മീനാദാബ് അർനിയുടെ മകൻ;
അർനി ഹെസ്രോന്റെ+ മകൻ;
ഹെസ്രോൻ പേരെസിന്റെ+ മകൻ;
പേരെസ് യഹൂദയുടെ+ മകൻ;
യാക്കോബ് യിസ്ഹാക്കിന്റെ+ മകൻ;
യിസ്ഹാക്ക് അബ്രാഹാമിന്റെ+ മകൻ;
അബ്രാഹാം തേരഹിന്റെ+ മകൻ;
തേരഹ് നാഹോരിന്റെ+ മകൻ;
നശെരൂഗ് രയുവിന്റെ+ മകൻ;
രയു പേലെഗിന്റെ+ മകൻ;
പേലെഗ് ഏബെരിന്റെ+ മകൻ;
ഏബെർ ശേലയുടെ+ മകൻ;
36 ശേല കയിനാന്റെ മകൻ;
കയിനാൻ അർപ്പക്ഷാദിന്റെ+ മകൻ;
അർപ്പക്ഷാദ് ശേമിന്റെ+ മകൻ;
ശേം നോഹയുടെ+ മകൻ;
നോഹ ലാമെക്കിന്റെ+ മകൻ;
37 ലാമെക്ക് മെഥൂശലഹിന്റെ+ മകൻ;
മെഥൂശലഹ് ഹാനോക്കിന്റെ+ മകൻ;
ഹാനോക്ക് യാരെദിന്റെ+ മകൻ;
യാരെദ് മലെല്യേലിന്റെ+ മകൻ;
മലെല്യേൽ കയിനാന്റെ+ മകൻ;
എനോശ് ശേത്തിന്റെ+ മകൻ;
ശേത്ത് ആദാമിന്റെ+ മകൻ;
ആദാം ദൈവത്തിന്റെ മകൻ.
4 യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദാനിൽനിന്ന് മടങ്ങി. ആത്മാവ് യേശുവിനെ വിജനഭൂമിയിലൂടെ നയിച്ചു.+ 2 പിശാചിന്റെ പ്രലോഭനം നേരിട്ട് യേശു 40 ദിവസം അവിടെ കഴിഞ്ഞു.+ ആ ദിവസങ്ങളിൽ യേശു ഒന്നും കഴിച്ചില്ല. അതുകൊണ്ട് 40 ദിവസം കഴിഞ്ഞപ്പോഴേക്കും യേശുവിനു വിശന്നു. 3 അപ്പോൾ പിശാച് യേശുവിനോട്, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു. 4 എന്നാൽ യേശു പിശാചിനോട്, “‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കേണ്ടത്’+ എന്ന് എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.
5 അപ്പോൾ പിശാച് യേശുവിനെ ഉയർന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോയി ഭൂമിയിലെ എല്ലാ രാജ്യങ്ങളും ക്ഷണനേരംകൊണ്ട് കാണിച്ചുകൊടുത്തു.+ 6 എന്നിട്ട് യേശുവിനോടു പറഞ്ഞു: “ഈ സകല അധികാരവും അവയുടെ പ്രതാപവും ഞാൻ നിനക്കു തരാം. കാരണം ഇതെല്ലാം എനിക്കു തന്നിരിക്കുന്നു.+ എനിക്ക് ഇഷ്ടമുള്ളവനു ഞാൻ അതു കൊടുക്കും.+ 7 അതുകൊണ്ട് നീ എന്റെ മുന്നിൽ വീണ് എന്നെയൊന്ന് ആരാധിച്ചാൽ ഇതെല്ലാം നിന്റേതാകും.” 8 യേശു പിശാചിനോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.”
9 അപ്പോൾ പിശാച് യേശുവിനെ യരുശലേമിലേക്കു കൊണ്ടുപോയി ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിറുത്തിയിട്ട് പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക.+ 10 ‘നിന്നെ കാക്കാൻ ദൈവം തന്റെ ദൂതന്മാരോടു കല്പിക്കും,’ എന്നും 11 ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’+ എന്നും എഴുതിയിട്ടുണ്ടല്ലോ.” 12 അപ്പോൾ യേശു, “‘നിന്റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്’+ എന്നു പറഞ്ഞിട്ടുണ്ട്” എന്ന് ഉത്തരം പറഞ്ഞു. 13 അങ്ങനെ പിശാച് പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് യേശുവിനെ വിട്ട് പോയി. എന്നിട്ട് മറ്റൊരു അവസരം ഒത്തുകിട്ടാൻ കാത്തിരുന്നു.+
14 പിന്നെ യേശു ദൈവാത്മാവിന്റെ ശക്തിയോടെ* ഗലീലയിലേക്കു മടങ്ങിപ്പോയി. യേശുവിനെക്കുറിച്ചുള്ള നല്ല വാർത്തകൾ ചുറ്റുമുള്ള നാട്ടിലെല്ലാം പരന്നു.+ 15 യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കാൻ തുടങ്ങി; എല്ലാവരുടെയും ആദരവ് നേടി.
16 പിന്നെ യേശു, താൻ വളർന്ന നസറെത്തിലേക്കു പോയി.+ എല്ലാ ശബത്തിലും ചെയ്യാറുള്ളതുപോലെ സിനഗോഗിൽ ചെന്ന്+ വായിക്കാൻ എഴുന്നേറ്റുനിന്നു. 17 യശയ്യ പ്രവാചകന്റെ ചുരുൾ യേശുവിനു കൊടുത്തു. യേശു ചുരുൾ തുറന്ന് ഇങ്ങനെ എഴുതിയിരിക്കുന്ന ഭാഗം എടുത്തു: 18 “ദരിദ്രരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തതിനാൽ ദൈവത്തിന്റെ ആത്മാവ് എന്റെ മേലുണ്ട്. ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നും അന്ധന്മാരോടു കാഴ്ച കിട്ടുമെന്നും പ്രഖ്യാപിക്കാനും മർദിതരെ സ്വതന്ത്രരാക്കാനും+ 19 യഹോവയുടെ പ്രസാദവർഷത്തെക്കുറിച്ച്+ പ്രസംഗിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.” 20 എന്നിട്ട് യേശു ചുരുൾ ചുരുട്ടി സേവകന്റെ കൈയിൽ തിരികെ കൊടുത്തിട്ട് അവിടെ ഇരുന്നു. സിനഗോഗിലുണ്ടായിരുന്ന എല്ലാവരും യേശുവിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 21 അപ്പോൾ യേശു അവരോട്, “നിങ്ങൾ ഇപ്പോൾ കേട്ട* ഈ തിരുവെഴുത്ത് ഇന്നു നിറവേറിയിരിക്കുന്നു”+ എന്നു പറഞ്ഞു.
22 എല്ലാവരും യേശുവിനെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു. യേശുവിന്റെ വായിൽനിന്ന് വന്ന ഹൃദ്യമായ വാക്കുകൾ കേട്ട്,+ “ഇത് ആ യോസേഫിന്റെ മകനല്ലേ” എന്ന് അവർ അതിശയത്തോടെ ചോദിച്ചു.+ 23 യേശു അവരോടു പറഞ്ഞു: “‘വൈദ്യാ, ആദ്യം സ്വന്തം അസുഖം മാറ്റുക’ എന്ന പഴഞ്ചൊല്ലു പറഞ്ഞുകൊണ്ട് നിങ്ങൾ എന്റെ അടുത്ത് വരും. ‘കഫർന്നഹൂമിൽ നീ കുറെ കാര്യങ്ങൾ ചെയ്തെന്നു ഞങ്ങൾ കേട്ടു. അതൊക്കെ നിന്റെ ഈ സ്വന്തനാട്ടിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു പറയുമെന്ന് എനിക്ക് ഉറപ്പാണ്.”+ 24 യേശു ഇങ്ങനെയും പറഞ്ഞു: “ഒരു പ്രവാചകനെയും സ്വന്തം നാട്ടുകാർ അംഗീകരിക്കാറില്ല+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 25 ഉദാഹരണത്തിന്, ഏലിയയുടെ കാലത്ത് മൂന്നു വർഷവും ആറു മാസവും ആകാശം അടഞ്ഞ് മഴ പെയ്യാതെ നാട്ടിലെങ്ങും വലിയൊരു ക്ഷാമം ഉണ്ടായി.+ ആ സമയത്ത് ഇസ്രായേലിൽ ധാരാളം വിധവമാരുണ്ടായിരുന്നു. 26 എങ്കിലും ഏലിയയെ അവരിൽ ആരുടെ അടുത്തേക്കും അയയ്ക്കാതെ സീദോനിലെ സാരെഫാത്തിലുള്ള ഒരു വിധവയുടെ അടുത്തേക്കാണ് അയച്ചത്+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 27 അതുപോലെ, എലീശ പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ ധാരാളം കുഷ്ഠരോഗികളുണ്ടായിരുന്നു. എങ്കിലും അവർ ആരുമല്ല, സിറിയക്കാരനായ നയമാൻ മാത്രമാണു ശുദ്ധീകരിക്കപ്പെട്ടത്.”+ 28 ഇതു കേട്ട് സിനഗോഗിലുണ്ടായിരുന്നവർക്കെല്ലാം വല്ലാതെ ദേഷ്യം വന്നു.+ 29 അവർ ചാടിയെഴുന്നേറ്റ് യേശുവിനെ നഗരത്തിനു പുറത്തേക്കു പിടിച്ചുകൊണ്ടുപോയി. ആ നഗരം ഒരു മലമുകളിലായിരുന്നു. അതുകൊണ്ട് മലയുടെ* വക്കിൽനിന്ന് യേശുവിനെ തലകീഴായി തള്ളിയിടാനായിരുന്നു അവരുടെ പദ്ധതി. 30 എന്നാൽ യേശു അവരുടെ ഇടയിലൂടെ പുറത്ത് കടന്ന് അവിടം വിട്ട് പോയി.+
31 പിന്നെ യേശു ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിൽ ചെന്നു. അവിടെ ഒരു ശബത്തിൽ യേശു അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.+ 32 യേശു പഠിപ്പിക്കുന്ന രീതി കണ്ട് അവർ അതിശയിച്ചുപോയി.+ കാരണം അധികാരമുള്ളവനായിട്ടാണു യേശു സംസാരിച്ചത്. 33 അപ്പോൾ സിനഗോഗിൽ അശുദ്ധാത്മാവ് ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു:+ 34 “നസറെത്തുകാരനായ യേശുവേ,+ അങ്ങയ്ക്ക് ഇവിടെ എന്തു കാര്യം? ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ.”+ 35 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” അപ്പോൾ ഭൂതം ആ മനുഷ്യനെ അവരുടെ മുന്നിൽ തള്ളിയിട്ടിട്ട് അയാൾക്ക് ഉപദ്രവമൊന്നും ചെയ്യാതെ അയാളെ വിട്ട് പോയി. 36 ഇതു കണ്ട് എല്ലാവരും അതിശയത്തോടെ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ സംസാരം കേട്ടോ? അതിശയംതന്നെ! അധികാരത്തോടും ശക്തിയോടും കൂടെ യേശു അശുദ്ധാത്മാക്കളോടു കല്പിക്കുന്നു. ഉടനെ അവ പുറത്ത് വരുകയും ചെയ്യുന്നു.” 37 അങ്ങനെ, യേശുവിനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിലെങ്ങും പരന്നു.+
38 സിനഗോഗിൽനിന്ന് ഇറങ്ങിയ യേശു ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ കടുത്ത പനി പിടിച്ച് കിടപ്പായിരുന്നു. ആ സ്ത്രീയെ സഹായിക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു.+ 39 അപ്പോൾ യേശു ആ സ്ത്രീയുടെ അടുത്ത് ചെന്ന് പനിയെ ശാസിച്ചു. അവരുടെ പനി മാറി. ഉടനെ അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
40 സൂര്യാസ്തമയമായപ്പോൾ, പലപല രോഗങ്ങൾകൊണ്ട് കഷ്ടപ്പെട്ടിരുന്നവരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. ഓരോരുത്തരുടെയും മേൽ കൈ വെച്ച് യേശു അവരെ സുഖപ്പെടുത്തി.+ 41 “അങ്ങ് ദൈവപുത്രനാണ്”+ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങൾ പുറത്ത് പോയി. പക്ഷേ താൻ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിക്കാതെ ശകാരിച്ചു.+
42 നേരം വെളുത്തപ്പോൾ യേശു ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.+ പക്ഷേ ജനം യേശുവിനെ തിരഞ്ഞുചെന്നു. കണ്ടെത്തിയപ്പോൾ, തങ്ങളെ വിട്ട് പോകരുതെന്നു യേശുവിനോട് അപേക്ഷിച്ചു. 43 എന്നാൽ യേശു അവരോടു പറഞ്ഞു: “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്.”+ 44 അങ്ങനെ, യേശു യഹൂദ്യയിലെ സിനഗോഗുകളിൽ പ്രസംഗിച്ചുപോന്നു.
5 ഒരിക്കൽ യേശു ഗന്നേസരെത്ത് തടാകത്തിന്റെ+ കരയിൽ നിൽക്കുകയായിരുന്നു. ദൈവവചനം കേൾക്കാൻവേണ്ടി വന്ന ജനക്കൂട്ടം യേശുവിനെ തിക്കിക്കൊണ്ടിരുന്നു. 2 അപ്പോൾ തടാകത്തിന്റെ തീരത്ത് രണ്ടു വള്ളം കിടക്കുന്നതു യേശു കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്ന് ഇറങ്ങി വലകൾ കഴുകുകയായിരുന്നു.+ 3 ആ വള്ളങ്ങളിലൊന്നിൽ യേശു കയറി. അതു ശിമോന്റേതായിരുന്നു. വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ യേശു ശിമോനോട് ആവശ്യപ്പെട്ടു. പിന്നെ യേശു അതിൽ ഇരുന്ന് ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി. 4 സംസാരിച്ചുതീർന്നപ്പോൾ യേശു ശിമോനോട്, “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു. 5 അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.+ എങ്കിലും അങ്ങ് പറഞ്ഞതുകൊണ്ട് ഞാൻ വല ഇറക്കാം.” 6 അവർ അങ്ങനെ ചെയ്തപ്പോൾ വലിയൊരു മീൻകൂട്ടം വലയിൽപ്പെട്ടു. ഭാരം കാരണം വല കീറാൻതുടങ്ങി.+ 7 അതുകൊണ്ട് അവർ മറ്റേ വള്ളത്തിലുള്ള കൂട്ടാളികളോട്, വന്ന് സഹായിക്കാൻ ആംഗ്യം കാണിച്ചു. അവരും വന്ന് രണ്ടു വള്ളവും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു. 8 ഇതു കണ്ടിട്ട് ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽ വീണ് ഇങ്ങനെ പറഞ്ഞു: “കർത്താവേ,* ഞാനൊരു പാപിയാണ്. എന്നെ വിട്ട് പോയാലും.” 9 അവർക്കു കിട്ടിയ മീന്റെ പെരുപ്പം കണ്ട് പത്രോസും കൂടെയുണ്ടായിരുന്ന എല്ലാവരും ആകെ അമ്പരന്നുപോയിരുന്നു. 10 ശിമോന്റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാൻ എന്നീ സെബെദിപുത്രന്മാരും+ അതിശയിച്ചുപോയി. എന്നാൽ യേശു ശിമോനോടു പറഞ്ഞു: “പേടിക്കാതിരിക്കൂ! നീ ഇനിമുതൽ മനുഷ്യരെ ജീവനോടെ പിടിക്കും.”+ 11 അപ്പോൾ, അവർ വള്ളങ്ങൾ കരയ്ക്കടുപ്പിച്ചിട്ട് എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+
12 മറ്റൊരിക്കൽ യേശു ഒരു നഗരത്തിൽ ചെന്നു. ദേഹമാസകലം കുഷ്ഠം ബാധിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. യേശുവിനെ കണ്ട ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ കമിഴ്ന്നുവീണ്, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം”+ എന്നു യാചിച്ചുപറഞ്ഞു. 13 യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളുടെ കുഷ്ഠം മാറി.+ 14 ഇത് ആരോടും പറയരുതെന്നു കല്പിച്ചിട്ട്+ യേശു ആ മനുഷ്യനോടു പറഞ്ഞു: “എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് മോശ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള യാഗം അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+ 15 എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത പരന്നുകൊണ്ടേയിരുന്നു. യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ മാറിക്കിട്ടാനും വലിയ ജനക്കൂട്ടങ്ങൾ വരാറുണ്ടായിരുന്നു.+ 16 എങ്കിലും പ്രാർഥിക്കാൻവേണ്ടി യേശു മിക്കപ്പോഴും വിജനമായ സ്ഥലങ്ങളിലേക്കു പോകുമായിരുന്നു.
17 ഒരു ദിവസം യേശു പഠിപ്പിക്കുമ്പോൾ, ഗലീലയിലെയും യഹൂദ്യയിലെയും എല്ലാ ഗ്രാമങ്ങളിൽനിന്നും യരുശലേമിൽനിന്നും വന്ന പരീശന്മാരും നിയമം പഠിപ്പിക്കുന്നവരും അവിടെ ഇരിപ്പുണ്ടായിരുന്നു. ആളുകളെ സുഖപ്പെടുത്താനുള്ള ശക്തി യഹോവ യേശുവിനു നൽകിയിരുന്നു.+ 18 ശരീരം തളർന്നുപോയ ഒരാളെ അപ്പോൾ ചില പുരുഷന്മാർ കിടക്കയോടെ ചുമന്നുകൊണ്ടുവന്നു. അയാളെ യേശുവിന്റെ മുന്നിൽ കിടത്താനായി അകത്ത് കൊണ്ടുവരാൻ അവർ ശ്രമിച്ചു.+ 19 പക്ഷേ, ജനക്കൂട്ടം കാരണം അകത്ത് കൊണ്ടുവരാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ മേൽക്കൂരയിൽ കയറി ഓടു നീക്കി അയാളെ കിടക്കയോടെ ജനമധ്യത്തിൽ യേശുവിന്റെ മുന്നിലേക്ക് ഇറക്കി. 20 അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ മനുഷ്യനോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 21 അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും മനസ്സിൽ പറഞ്ഞു: “ഇങ്ങനെ പറയാൻ ഇവൻ ആരാണ്? ദൈവനിന്ദയല്ലേ ഇവൻ പറയുന്നത്? ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”+ 22 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയിട്ട് യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ് ആലോചിക്കുന്നത്? 23 ഏതാണ് എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ അതോ ‘എഴുന്നേറ്റ് നടക്കുക’ എന്നു പറയുന്നതോ? 24 എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” യേശു തളർവാതരോഗിയോടു പറഞ്ഞു: “എഴുന്നേറ്റ്, കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.”+ 25 അപ്പോൾ എല്ലാവരും നോക്കിനിൽക്കെ അയാൾ എഴുന്നേറ്റ് കിടക്ക എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കു പോയി. 26 എല്ലാവരും വിസ്മയിച്ച്+ ദൈവത്തെ സ്തുതിക്കാൻതുടങ്ങി. അവർ ഭയഭക്തിയോടെ, “അതിശയിപ്പിക്കുന്ന കാര്യങ്ങളാണു നമ്മൾ ഇന്നു കണ്ടത്” എന്നു പറഞ്ഞു.
27 പിന്നീട് യേശു അവിടെനിന്ന് പോകുമ്പോൾ ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതി പിരിക്കുന്നിടത്ത് ഇരിക്കുന്നതു കണ്ട്, “എന്നെ അനുഗമിക്കുക”+ എന്നു പറഞ്ഞു. 28 അയാൾ എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+ 29 പിന്നെ ലേവി യേശുവിനുവേണ്ടി വീട്ടിൽ ഒരു വലിയ വിരുന്ന് ഒരുക്കി. നികുതിപിരിവുകാരുടെയും മറ്റും വലിയൊരു കൂട്ടം അവരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു.+ 30 ഇതു കണ്ട് പരീശന്മാരും അവരിൽപ്പെട്ട ശാസ്ത്രിമാരും പിറുപിറുത്തുകൊണ്ട് യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്”+ എന്നു ചോദിച്ചു. 31 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.+ 32 നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്.”+
33 അവർ യേശുവിനോടു പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ച് പ്രാർഥിക്കാറുണ്ട്. പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ ചെയ്യാറുണ്ട്. അങ്ങയുടെ ശിഷ്യന്മാരോ തിന്നുകുടിച്ച് നടക്കുന്നു.”+ 34 യേശു അവരോടു പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാരോട് ഉപവസിക്കണമെന്നു പറയാൻ പറ്റുമോ? 35 എന്നാൽ മണവാളനെ+ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും. അന്ന് അവർ ഉപവസിക്കും.”+
36 പിന്നെ യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം മുറിച്ചെടുത്ത് പഴയ വസ്ത്രത്തിൽ തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ കഷണം വിട്ടുപോരും. മാത്രമല്ല പഴയതുമായി അതു ചേരുകയുമില്ല.+ 37 അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ വീഞ്ഞ്, തുരുത്തി പൊട്ടിക്കും; വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. 38 പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കേണ്ടത്. 39 പഴയ വീഞ്ഞു കുടിച്ച ആർക്കും പുതിയത് ഇഷ്ടപ്പെടില്ല. ‘പഴയതായിരുന്നു നല്ലത്’ എന്ന് അവർ പറയും.”
6 ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ കതിർ പറിച്ച്+ കൈയിൽ ഇട്ട് തിരുമ്മി തിന്നു.+ 2 ഇതു കണ്ട ചില പരീശന്മാർ, “നിങ്ങൾ എന്താ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നത്”+ എന്നു ചോദിച്ചു. 3 എന്നാൽ യേശു അവരോടു ചോദിച്ചു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 4 ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്തില്ലേ?”+ 5 പിന്നെ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ ശബത്തിനു കർത്താവാണ്.”+
6 മറ്റൊരു ശബത്തിൽ+ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. വലതുകൈ ശോഷിച്ച* ഒരാൾ അവിടെയുണ്ടായിരുന്നു.+ 7 ശബത്തിൽ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു കാണാൻ ശാസ്ത്രിമാരും പരീശന്മാരും യേശുവിനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും യേശുവിന്റെ കുറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.+ 8 യേശുവിന് അവരുടെ ചിന്ത മനസ്സിലായി.+ അതുകൊണ്ട്, കൈ ശോഷിച്ച* മനുഷ്യനോട്, “എഴുന്നേറ്റ് നടുക്കു വന്ന് നിൽക്ക്” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റ് അവിടെ വന്ന് നിന്നു. 9 യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: ശബത്തിൽ ഉപകാരം ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു ശരി?”*+ 10 പിന്നെ ചുറ്റും നിന്നിരുന്ന എല്ലാവരെയും നോക്കിയിട്ട് യേശു ആ മനുഷ്യനോട്, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ടു. 11 ആകെ കലിപൂണ്ട അവർ യേശുവിനെ എന്തു ചെയ്യണമെന്നു കൂടിയാലോചിച്ചു.
12 അന്നൊരിക്കൽ യേശു പ്രാർഥിക്കാനായി മലയിലേക്കു പോയി.+ രാത്രി മുഴുവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.+ 13 പ്രഭാതമായപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ച് അവരിൽനിന്ന് 12 പേരെ തിരഞ്ഞെടുത്തു. യേശു അവരെ അപ്പോസ്തലന്മാർ എന്നു വിളിച്ചു.+ 14 യേശു പത്രോസ് എന്നു പേരിട്ട ശിമോൻ, പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്,+ ബർത്തൊലൊമായി, 15 മത്തായി, തോമസ്,+ അൽഫായിയുടെ മകനായ യാക്കോബ്, “തീക്ഷ്ണതയുള്ളവൻ” എന്നു വിളിച്ചിരുന്ന ശിമോൻ, 16 യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കര്യോത്ത് എന്നിവരായിരുന്നു അവർ.
17 യേശു അവരോടൊപ്പം ഇറങ്ങിവന്ന് നിരപ്പായ ഒരു സ്ഥലത്ത് നിന്നു. ശിഷ്യന്മാരുടെ വലിയൊരു കൂട്ടം അവിടെയുണ്ടായിരുന്നു; അതോടൊപ്പം യഹൂദ്യയിൽ എല്ലായിടത്തുനിന്നും യരുശലേമിൽനിന്നും സോരിന്റെയും സീദോന്റെയും തീരദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ ഭേദമാക്കിക്കിട്ടാനും വേണ്ടി അവിടെ വന്നിരുന്നു.+ 18 അശുദ്ധാത്മാക്കൾ* ബാധിച്ച് കഷ്ടപ്പെട്ടിരുന്നവർപോലും സുഖം പ്രാപിച്ചു. 19 യേശുവിൽനിന്ന് ശക്തി പുറപ്പെട്ട്+ എല്ലാവരെയും സുഖപ്പെടുത്തിയതുകൊണ്ട് ജനം മുഴുവൻ യേശുവിനെ തൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു.+
20 യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് പറഞ്ഞു:
“ദരിദ്രരായ നിങ്ങൾ സന്തുഷ്ടർ.+ കാരണം ദൈവരാജ്യം നിങ്ങൾക്കുള്ളതാണ്.+
21 “ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ തൃപ്തരാകും.+
“ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ ചിരിക്കും.+
22 “മനുഷ്യപുത്രന്റെ നാമത്തിൽ ആളുകൾ നിങ്ങളെ വെറുക്കുകയും+ ഒറ്റപ്പെടുത്തുകയും+ നിന്ദിക്കുകയും* നിങ്ങളുടെ പേര് ചീത്തയാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 23 അപ്പോൾ സന്തോഷിച്ച് തുള്ളിച്ചാടുക. കാരണം സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്. അവരുടെ പൂർവികർ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.+
24 “എന്നാൽ ധനികരേ, നിങ്ങളുടെ കാര്യം കഷ്ടം!+ കാരണം നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾക്ക് ഇപ്പോൾത്തന്നെ മുഴുവനായി കിട്ടിക്കഴിഞ്ഞു.+
25 “ഇപ്പോൾ തൃപ്തരായിരിക്കുന്നവരേ, നിങ്ങളുടെ കാര്യവും കഷ്ടം! കാരണം നിങ്ങൾ വിശന്നിരിക്കും.
“ഇപ്പോൾ ചിരിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ ദുഃഖിച്ച് കരയും.+
26 “എല്ലാവരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങളുടെ കാര്യം കഷ്ടം!+ കാരണം അവരുടെ പൂർവികർ കള്ളപ്രവാചകന്മാരെയും അങ്ങനെ പുകഴ്ത്തിയിട്ടുണ്ടല്ലോ.
27 “എന്നാൽ എന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു: ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക,+ 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ അപമാനിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 29 നിന്റെ ഒരു കവിളത്ത് അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക. നിന്റെ മേലങ്കി പിടിച്ചുവാങ്ങുന്നവന് ഉള്ളങ്കികൂടെ കൊടുത്തേക്കുക.+ 30 നിന്നോടു ചോദിക്കുന്ന എല്ലാവർക്കും കൊടുക്കുക.+ നിനക്കുള്ളത് എടുത്തുകൊണ്ടുപോകുന്നവനോട് അതു തിരികെ ചോദിക്കുകയുമരുത്.
31 “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്തുകൊടുക്കുക.*+
32 “നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? പാപികൾപോലും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നില്ലേ?+ 33 നിങ്ങൾക്ക് ഉപകാരം ചെയ്യുന്നവർക്ക് ഉപകാരം ചെയ്യുന്നതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? പാപികൾപോലും അങ്ങനെ ചെയ്യുന്നില്ലേ? 34 തിരികെ തരുമെന്ന് ഉറപ്പുള്ളവർക്കു വായ്പ കൊടുത്താൽ അതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു?+ കൊടുക്കുന്ന അത്രയുംതന്നെ തിരികെ കിട്ടുമെന്നുള്ളപ്പോൾ പാപികൾപോലും പാപികൾക്കു വായ്പ കൊടുക്കുന്നില്ലേ? 35 എന്നാൽ നിങ്ങളോ, ശത്രുക്കളെ സ്നേഹിക്കുക. ഉപകാരം ചെയ്യുക. ഒന്നും തിരികെ പ്രതീക്ഷിക്കാതെ വായ്പ കൊടുക്കുക.+ എങ്കിൽ നിങ്ങളുടെ പ്രതിഫലം വളരെ വലുതായിരിക്കും. അപ്പോൾ നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരാകും. കാരണം, അത്യുന്നതൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നവനാണല്ലോ.+ 36 നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.+
37 “വിധിക്കുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും വിധിക്കില്ല.+ കുറ്റപ്പെടുത്തുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും കുറ്റപ്പെടുത്തില്ല. എപ്പോഴും ക്ഷമിക്കുക.* അപ്പോൾ നിങ്ങളോടും ക്ഷമിക്കും.*+ 38 കൊടുക്കുന്നത് ഒരു ശീലമാക്കുക.+ അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.+ അമർത്തി, കുലുക്കിക്കൊള്ളിച്ച്, നിറഞ്ഞുകവിയുന്നത്ര അളവിൽ നിങ്ങളുടെ മടിയിലേക്ക് ഇട്ടുതരും. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.”
39 പിന്നെ യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ഒരു അന്ധനു മറ്റൊരു അന്ധനെ വഴികാട്ടാൻ കഴിയുമോ? രണ്ടു പേരും കുഴിയിൽ വീഴില്ലേ?+ 40 വിദ്യാർഥി* അധ്യാപകനെക്കാൾ വലിയവനല്ല. എന്നാൽ നല്ല പരിശീലനം കിട്ടിയവനെല്ലാം അവന്റെ അധ്യാപകനെപ്പോലെയാകും. 41 സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത് എന്താണ്?+ 42 സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്, ‘നിൽക്ക്, ഞാൻ നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്താ, ആദ്യം സ്വന്തം കണ്ണിലെ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത് എടുത്തുകളയാനും നിനക്കു പറ്റും.+
43 “നല്ല മരത്തിൽ ചീത്ത ഫലമോ ചീത്ത മരത്തിൽ നല്ല ഫലമോ കായ്ക്കില്ല.+ 44 ഫലം നോക്കി ഒരു മരത്തെ തിരിച്ചറിയാം.+ മുൾച്ചെടിയിൽനിന്ന് അത്തിപ്പഴവും മുൾപ്പടർപ്പിൽനിന്ന് മുന്തിരിപ്പഴവും ശേഖരിക്കാറില്ലല്ലോ. 45 നല്ല മനുഷ്യൻ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു. ചീത്ത മനുഷ്യനോ ചീത്ത നിക്ഷേപത്തിൽനിന്ന് ചീത്ത കാര്യങ്ങൾ പുറത്തെടുക്കുന്നു. ഹൃദയം നിറഞ്ഞുകവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.+
46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളിക്കുന്നെങ്കിലും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് എന്താണ്?+ 47 എന്റെ അടുത്ത് വന്ന് എന്റെ വചനങ്ങൾ കേട്ടിട്ട് അതനുസരിച്ച് പ്രവർത്തിക്കുന്നവൻ ആരെപ്പോലെയാണെന്നു ഞാൻ പറയാം:+ 48 ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ട് വീടു പണിയുന്ന മനുഷ്യനെപ്പോലെയാണ് അയാൾ. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ആർത്തലച്ചുവന്ന നദീജലം വീടിന്മേൽ വന്നടിച്ചു; എന്നാൽ നന്നായി പണിത വീടായതുകൊണ്ട് അതിന് ഇളക്കം തട്ടിയില്ല.+ 49 കേട്ടിട്ടും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവനോ+ അടിസ്ഥാനമിടാതെ മണ്ണിൽ വീടു പണിത മനുഷ്യനെപ്പോലെയാണ്. ആർത്തലച്ചുവന്ന നദീജലം വീടിന്മേൽ വന്നടിച്ച ഉടൻ അതു നിലംപൊത്തി. ആ വീടിന്റെ തകർച്ച വലുതായിരുന്നു.”
7 ജനത്തോടു പറയാനുള്ളതെല്ലാം പറഞ്ഞുതീർന്നപ്പോൾ യേശു കഫർന്നഹൂമിലേക്കു പോയി. 2 അവിടെ ഒരു സൈനികോദ്യോഗസ്ഥന്റെ അടിമ രോഗം പിടിപെട്ട് മരിക്കാറായി കിടപ്പുണ്ടായിരുന്നു.+ അയാൾക്കു വളരെ പ്രിയപ്പെട്ടവനായിരുന്നു ആ അടിമ. 3 യേശുവിനെക്കുറിച്ച് കേട്ട സൈനികോദ്യോഗസ്ഥൻ, വന്ന് തന്റെ അടിമയെ സുഖപ്പെടുത്തുമോ എന്നു ചോദിക്കാൻ ജൂതന്മാരുടെ ചില മൂപ്പന്മാരെ* യേശുവിന്റെ അടുത്തേക്ക് അയച്ചു. 4 യേശുവിന്റെ അടുത്ത് എത്തിയ അവർ ഇങ്ങനെ കേണപേക്ഷിച്ചു: “അങ്ങ് വന്ന് അയാളെ സഹായിക്കണം. അയാൾ അതിന് അർഹനാണ്. 5 കാരണം അയാൾ നമ്മുടെ ജനതയെ സ്നേഹിക്കുന്നു. നമ്മുടെ സിനഗോഗ് പണിതതും അയാളാണ്.” 6 യേശു അവരുടെകൂടെ പോയി. വീട് എത്താറായപ്പോൾ ആ ഉദ്യോഗസ്ഥൻ ചില സുഹൃത്തുക്കളെ യേശുവിന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ പറയിച്ചു: “യജമാനനേ, ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല.+ 7 അങ്ങയുടെ അടുത്ത് ഞാൻ വരാഞ്ഞതും അതുകൊണ്ടാണ്. അങ്ങ് ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും. 8 ഞാനും അധികാരത്തിൻകീഴിലുള്ളയാളാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഞാൻ ഒരാളോട്, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊരാളോട്, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമയോട്, ‘ഇതു ചെയ്യ്’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.” 9 ഇതു കേട്ട് ആശ്ചര്യപ്പെട്ട യേശു, തിരിഞ്ഞ് തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോടു പറഞ്ഞു: “ഇസ്രായേലിൽപ്പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+ 10 ആ ഉദ്യോഗസ്ഥൻ യേശുവിന്റെ അടുത്തേക്ക് അയച്ച ആളുകൾ തിരിച്ചെത്തിയപ്പോൾ അടിമ ആരോഗ്യത്തോടിരിക്കുന്നതു കണ്ടു.+
11 പിന്നെ യേശു നയിൻ എന്ന നഗരത്തിലേക്കു പോയി. യേശുവിന്റെ ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും കൂടെയുണ്ടായിരുന്നു. 12 യേശു നഗരകവാടത്തിന് അടുത്ത് എത്തിയപ്പോൾ, ആളുകൾ ഒരാളുടെ ശവശരീരം ചുമന്നുകൊണ്ട് പുറത്തേക്കു വരുന്നതു കണ്ടു. അവൻ അമ്മയുടെ ഒരേ ഒരു മകനായിരുന്നു;+ അമ്മയാണെങ്കിൽ വിധവയും. നഗരത്തിൽനിന്നുള്ള വലിയൊരു കൂട്ടം ആളുകളും ആ വിധവയുടെകൂടെയുണ്ടായിരുന്നു. 13 വിധവയെ കണ്ട് മനസ്സ് അലിഞ്ഞ കർത്താവ്,+ “കരയേണ്ടാ”+ എന്നു പറഞ്ഞു. 14 പിന്നെ യേശു അടുത്ത് ചെന്ന് ശവമഞ്ചം തൊട്ടു; അതു ചുമന്നിരുന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക* എന്നു ഞാൻ നിന്നോടു പറയുന്നു.”+ 15 മരിച്ചവൻ അപ്പോൾ എഴുന്നേറ്റ് ഇരുന്ന് സംസാരിക്കാൻതുടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.+ 16 അവരെല്ലാം ആകെ ഭയന്നുപോയി. “മഹാനായ ഒരു പ്രവാചകൻ നമുക്കിടയിൽ വന്നിരിക്കുന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു”+ എന്നും പറഞ്ഞുകൊണ്ട് അവർ ദൈവത്തെ സ്തുതിക്കാൻതുടങ്ങി. 17 യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യഹൂദ്യയിൽ എല്ലായിടത്തും ചുറ്റുമുള്ള നാടുകളിലും പരന്നു.
18 യോഹന്നാന്റെ ശിഷ്യന്മാർ ഇക്കാര്യങ്ങളെല്ലാം യോഹന്നാനെ അറിയിച്ചു.+ 19 അപ്പോൾ യോഹന്നാൻ രണ്ടു ശിഷ്യന്മാരെ കർത്താവിന്റെ അടുത്തേക്ക് അയച്ച്, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ,+ അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ” എന്നു ചോദിച്ചു. 20 അവർ യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “‘വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ’ എന്നു ചോദിക്കാൻ സ്നാപകയോഹന്നാൻ അയച്ചതാണു ഞങ്ങളെ.” 21 ആ സമയത്തുതന്നെ യേശു, ഗുരുതരമായ രോഗങ്ങൾ ഉൾപ്പെടെ പല തരം അസുഖങ്ങൾ പിടിപെട്ട+ അനേകരെയും ദുഷ്ടാത്മാക്കൾ* ബാധിച്ചവരെയും സുഖപ്പെടുത്തി. കൂടാതെ അന്ധരായ നിരവധി പേർക്കു കാഴ്ച നൽകുകയും ചെയ്തു. 22 യേശു ആ രണ്ടു പേരോടു പറഞ്ഞു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തത്, പോയി യോഹന്നാനെ അറിയിക്കുക: അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു,+ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.+ 23 ഞാൻ കാരണം വിശ്വാസത്തിൽനിന്ന് വീണുപോകാത്തവൻ സന്തുഷ്ടൻ.”+
24 യോഹന്നാന്റെ ദൂതന്മാർ പോയിക്കഴിഞ്ഞപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്? കാറ്റത്ത് ആടിയുലയുന്ന ഈറ്റയോ?+ 25 അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്? പട്ടുവസ്ത്രം* ധരിച്ച മനുഷ്യനെയോ?+ പട്ടുവസ്ത്രങ്ങൾ ധരിച്ച് ആഡംബരത്തോടെ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? 26 അപ്പോൾപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ+ എന്നു ഞാൻ പറയുന്നു. 27 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’+ എന്ന് എഴുതിയിരിക്കുന്നത് ഈ യോഹന്നാനെക്കുറിച്ചാണ്. 28 സ്ത്രീകൾക്കു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല. എന്നാൽ ദൈവരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ് എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+ 29 (നികുതിപിരിവുകാരും മറ്റു ജനങ്ങളും ഇതു കേട്ടപ്പോൾ, ദൈവം നീതിമാൻ എന്നു ഘോഷിച്ചു. കാരണം, അവർ യോഹന്നാന്റെ സ്നാനമേറ്റിരുന്നു.+ 30 എന്നാൽ പരീശന്മാരും നിയമപണ്ഡിതന്മാരും യോഹന്നാന്റെ അടുത്ത് വന്ന് സ്നാനമേറ്റിരുന്നില്ല. അങ്ങനെ അവരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തോട്* അവർ അനാദരവ് കാണിച്ചു.)+
31 “അതുകൊണ്ട് ഈ തലമുറയിലെ മനുഷ്യരെ ഞാൻ ആരോട് ഉപമിക്കും? ആരെപ്പോലെയാണ് അവർ?+ 32 അവർ ചന്തസ്ഥലത്ത് ഇരുന്ന് പരസ്പരം ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്: ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ വിലപിച്ചില്ല.’ 33 അതുപോലെ സ്നാപകയോഹന്നാൻ അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനും+ ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട്’ എന്നു നിങ്ങൾ പറഞ്ഞു. 34 എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ, ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’+ എന്നു നിങ്ങൾ പറഞ്ഞു. 35 പക്ഷേ ജ്ഞാനം അതിന്റെ മക്കളാൽ നീതിയുള്ളതെന്നു തെളിയും.”*+
36 പരീശന്മാരിൽ ഒരാൾ യേശുവിനെ പലവട്ടം ഭക്ഷണത്തിനു ക്ഷണിച്ചു. അങ്ങനെ ഒടുവിൽ യേശു ആ പരീശന്റെ വീട്ടിൽ ചെന്നു, ഭക്ഷണം കഴിക്കാൻ ഇരുന്നു.*+ 37 ആ നഗരത്തിൽ പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. യേശു ആ പരീശന്റെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു എന്ന് അറിഞ്ഞ അവൾ ഒരു വെൺകൽഭരണിയിൽ സുഗന്ധതൈലവുമായി അവിടെ വന്നു.+ 38 ആ സ്ത്രീ യേശുവിന്റെ പുറകിലായി കാൽക്കൽ നിന്ന് കരഞ്ഞു. യേശുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് നനച്ചിട്ട് തലമുടികൊണ്ട് തുടച്ചു. പിന്നെ യേശുവിന്റെ പാദങ്ങളിൽ ആർദ്രമായി ചുംബിച്ച് അവയിൽ സുഗന്ധതൈലം ഒഴിച്ചു. 39 യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ട് ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഈ മനുഷ്യൻ ശരിക്കും ഒരു പ്രവാചകനായിരുന്നെങ്കിൽ തന്നെ തൊടുന്നത് ആരാണെന്നും എങ്ങനെയുള്ളവളെന്നും മനസ്സിലാക്കിയേനേ. ഇവൾ പാപിനിയായ സ്ത്രീയല്ലേ.”+ 40 യേശു പരീശനോട്, “ശിമോനേ, എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്നു പറഞ്ഞപ്പോൾ അയാൾ, “ഗുരുവേ, പറഞ്ഞാലും” എന്നു പറഞ്ഞു.
41 “പണം കടം കൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടു പേർ കടം വാങ്ങി. ഒരാൾ 500 ദിനാറെയും മറ്റേയാൾ 50-ഉം ആണ് വാങ്ങിയത്. 42 അതു തിരിച്ചുകൊടുക്കാൻ അവർക്ക് ഒരു നിവൃത്തിയുമില്ലായിരുന്നതുകൊണ്ട് അയാൾ രണ്ടു പേരോടും നിരുപാധികം ക്ഷമിച്ചു. അവരിൽ ആരായിരിക്കും അയാളെ കൂടുതൽ സ്നേഹിക്കുക?” 43 അപ്പോൾ ശിമോൻ, “കൂടുതൽ ക്ഷമിച്ചത് ആരോടാണോ അയാളായിരിക്കുമെന്നു തോന്നുന്നു” എന്നു പറഞ്ഞു. യേശു ശിമോനോട്, “നീ പറഞ്ഞതു ശരിയാണ്” എന്നു പറഞ്ഞു. 44 എന്നിട്ട് യേശു സ്ത്രീയുടെ നേരെ തിരിഞ്ഞ് ശിമോനോടായി പറഞ്ഞു: “നീ ഈ സ്ത്രീയെ കണ്ടില്ലേ? ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നീ എന്റെ കാൽ കഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ ഇവളുടെ കണ്ണീരുകൊണ്ട് എന്റെ കാലുകൾ നനച്ച്+ തലമുടികൊണ്ട് തുടച്ചു. 45 നീ എന്നെ ചുംബിച്ചില്ല. ഇവളോ, ഞാൻ അകത്ത് വന്നപ്പോൾമുതൽ എന്റെ പാദങ്ങളിൽ ചുംബിക്കുന്നു. 46 നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ, എന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ചു. 47 അതുകൊണ്ട്, ഞാൻ നിന്നോടു പറയുന്നു: അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും* അതെല്ലാം ക്ഷമിച്ചിരിക്കുന്നു.+ അതിനാൽ അവൾ കൂടുതൽ സ്നേഹം കാണിക്കുന്നു.+ എന്നാൽ കുറച്ച് ക്ഷമിച്ചുകിട്ടിയവൻ കുറച്ച് സ്നേഹിക്കുന്നു.” 48 പിന്നെ യേശു ആ സ്ത്രീയോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 49 ഇതു കേട്ട് യേശുവിനോടൊപ്പം മേശയ്ക്കൽ ഭക്ഷണത്തിന് ഇരുന്നവർ, “പാപങ്ങൾപോലും ക്ഷമിക്കുന്ന ഇദ്ദേഹം ആരാണ്”+ എന്നു തമ്മിൽ ചോദിക്കാൻതുടങ്ങി. 50 യേശു ആ സ്ത്രീയോടു പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.+ സമാധാനത്തോടെ പൊയ്ക്കൊള്ളൂ.”
8 അധികം വൈകാതെ യേശു ഒരു പ്രസംഗപര്യടനം ആരംഭിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട് പന്ത്രണ്ടു പേരോടൊപ്പം* യേശു നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചു.+ 2 ദുഷ്ടാത്മാക്കളിൽനിന്നും* രോഗങ്ങളിൽനിന്നും മുക്തരായ ചില സ്ത്രീകളും യേശുവിനോടൊപ്പമുണ്ടായിരുന്നു. ഏഴു ഭൂതങ്ങൾ വിട്ട് പോയ, മഗ്ദലക്കാരി എന്നു വിളിച്ചിരുന്ന മറിയയും+ 3 സൂസന്നയും ഹെരോദിന്റെ കാര്യസ്ഥനായ കൂസയുടെ ഭാര്യ യോഹന്നയും+ ഇക്കൂട്ടത്തിൽപ്പെടുന്നു. മറ്റ് അനേകം സ്ത്രീകളും യേശുവിനോടൊപ്പമുണ്ടായിരുന്നു. അവരെല്ലാം അവരുടെ സ്വത്തുക്കൾകൊണ്ട് അവരെ ശുശ്രൂഷിച്ചുപോന്നു.+
4 യേശുവിനോടൊപ്പം ഓരോ നഗരത്തിലേക്കും യാത്ര ചെയ്തിരുന്നവരെക്കൂടാതെ വലിയൊരു ജനക്കൂട്ടം അവിടെ വന്നുകൂടി. അപ്പോൾ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് യേശു സംസാരിച്ചു:+ 5 “ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പോയി. വിതയ്ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. ആളുകൾ അവയിൽ ചവിട്ടിനടന്നു, ആകാശത്തിലെ പക്ഷികൾ അവ തിന്നുകളഞ്ഞു.+ 6 ചിലതു പാറപ്പുറത്ത് വീണു. അവ മുളച്ചെങ്കിലും നനവില്ലാത്തതുകൊണ്ട് ഉണങ്ങിപ്പോയി.+ 7 മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണ് വളർന്നു. എന്നാൽ മുൾച്ചെടികളും ഒപ്പം വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച് വളർന്ന് 100 മേനി വിളവ് നൽകി.”+ ഇതു പറഞ്ഞശേഷം യേശു, “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”+ എന്നു പറഞ്ഞു.
9 എന്നാൽ ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താണെന്നു യേശുവിന്റെ ശിഷ്യന്മാർ ചോദിച്ചു.+ 10 അപ്പോൾ യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. പക്ഷേ മറ്റുള്ളവർക്ക് അതെല്ലാം ദൃഷ്ടാന്തങ്ങളായിത്തന്നെ ഇരിക്കുന്നു.+ അവർ നോക്കുന്നുണ്ട്, പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. അവർ കേൾക്കുന്നുണ്ട്, പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ല. പറയുന്നതിന്റെ സാരം അവർ മനസ്സിലാക്കുന്നുമില്ല.+ 11 ദൃഷ്ടാന്തത്തിന്റെ അർഥം ഇതാണ്: വിത്ത് ദൈവവചനം.+ 12 വഴിയരികെ വീണ വിത്തിന്റെ കാര്യമോ: ചിലർ ആ വചനം കേൾക്കുന്നെങ്കിലും അവർ വിശ്വസിച്ച് രക്ഷ നേടാതിരിക്കാൻ പിശാച് വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.+ 13 പാറപ്പുറത്ത് വീണ വിത്തിന്റെ കാര്യം: ചിലർ വചനം കേൾക്കുമ്പോൾ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാൽ അവർക്കു വേരില്ല. അവർ അൽപ്പസമയത്തേക്കു വിശ്വസിക്കുന്നു. എന്നാൽ പരീക്ഷണങ്ങളുടെ സമയത്ത് വീണുപോകുന്നു.+ 14 മുൾച്ചെടികൾക്കിടയിൽ വീണതോ: ചിലർ വചനം കേൾക്കുന്നെങ്കിലും ഈ ജീവിതത്തിലെ രസങ്ങളും+ ഉത്കണ്ഠകളും സമ്പത്തും+ അവരുടെ ശ്രദ്ധ പതറിക്കുന്നു. അവർ പാടേ ഞെരുങ്ങിപ്പോകുന്നതുകൊണ്ട് പാകമായ ഫലം നൽകുന്നില്ല.+ 15 നല്ല മണ്ണിൽ വീണ വിത്തിന്റെ കാര്യമോ: ആത്മാർഥതയുള്ള നല്ലൊരു ഹൃദയത്തോടെ+ ദൈവവചനം കേട്ടിട്ട് ഉള്ളിൽ സംഗ്രഹിക്കുകയും സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് അവർ.+
16 “ആരും വിളക്കു കത്തിച്ച് അതു പാത്രംകൊണ്ട് മൂടിവെക്കുകയോ കട്ടിലിനു കീഴെ വെക്കുകയോ ചെയ്യാറില്ലല്ലോ. അകത്ത് വരുന്നവർക്കു വെളിച്ചം കിട്ടാൻ വിളക്കുതണ്ടിലല്ലേ വെക്കുക?+ 17 മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. ഒളിപ്പിച്ചുവെച്ചിരിക്കുന്നതൊന്നും പരസ്യമാകാതെയും വെളിച്ചത്തുവരാതെയും ഇരിക്കില്ല.+ 18 അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക. ഉള്ളവനു കൂടുതൽ കൊടുക്കും.+ എന്നാൽ ഇല്ലാത്തവന്റെ കൈയിൽനിന്ന് തനിക്കുണ്ടെന്ന് അയാൾ വിചാരിക്കുന്നതുംകൂടെ എടുത്തുകളയും.”+
19 യേശുവിനെ കാണാൻ അമ്മയും സഹോദരന്മാരും+ വന്നു. എന്നാൽ ജനക്കൂട്ടം കാരണം അവർക്ക് യേശുവിന്റെ അടുത്ത് ചെല്ലാൻ കഴിഞ്ഞില്ല.+ 20 അപ്പോൾ ചിലർ യേശുവിനോട്, “അങ്ങയെ കാണാൻ അമ്മയും സഹോദരന്മാരും പുറത്ത് കാത്തുനിൽക്കുന്നു” എന്ന് അറിയിച്ചു. 21 യേശുവോ അവരോട്, “ദൈവത്തിന്റെ വചനം കേട്ട് അത് അനുസരിക്കുന്ന ഇവരാണ് എന്റെ അമ്മയും സഹോദരന്മാരും”+ എന്നു പറഞ്ഞു.
22 ഒരു ദിവസം യേശുവും ശിഷ്യന്മാരും ഒരു വള്ളത്തിൽ കയറി. യേശു അവരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കു പോകാം” എന്നു പറഞ്ഞു. അവർ പുറപ്പെട്ടു.+ 23 യാത്രയ്ക്കിടെ യേശു ഉറങ്ങിപ്പോയി. അപ്പോൾ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായി. വള്ളത്തിൽ വെള്ളം കയറിത്തുടങ്ങി. വള്ളം മുങ്ങുമെന്നായി.+ 24 അതുകൊണ്ട് അവർ ചെന്ന്, “ഗുരുവേ, ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ് യേശുവിനെ ഉണർത്തി. യേശു എഴുന്നേറ്റ് കാറ്റിനെയും ശക്തമായ തിരകളെയും ശാസിച്ചു. അവ അടങ്ങി. എല്ലാം ശാന്തമായി.+ 25 പിന്നെ യേശു അവരോട്, “നിങ്ങളുടെ വിശ്വാസമൊക്കെ എവിടെപ്പോയി” എന്നു ചോദിച്ചു. എന്നാൽ അവർ ആകെ പേടിച്ചുപോയിരുന്നു. അതിശയത്തോടെ അവർ തമ്മിൽത്തമ്മിൽ ചോദിച്ചു: “ശരിക്കും ഇത് ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും പോലും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ?”+
26 പിന്നീട് അവർ ഗലീലയ്ക്കു മറുകരെയുള്ള ഗരസേന്യരുടെ+ നാട്ടിൽ വള്ളം അടുപ്പിച്ചു. 27 യേശു കരയ്ക്ക് ഇറങ്ങിയപ്പോൾ നഗരത്തിൽനിന്നുള്ള ഭൂതബാധിതനായ ഒരു മനുഷ്യൻ യേശുവിന് എതിരെ വന്നു. ഏറെക്കാലമായി അയാൾ വസ്ത്രം ധരിച്ചിരുന്നില്ല. വീട്ടിൽ താമസിക്കാതെ ശവക്കല്ലറകൾക്കിടയിലായിരുന്നു അയാളുടെ വാസം.+ 28 യേശുവിനെ കണ്ടപ്പോൾ അയാൾ അലറിവിളിച്ചുകൊണ്ട് യേശുവിന്റെ മുന്നിൽ വീണു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്? ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുതേ.”+ 29 (ആ മനുഷ്യനിൽനിന്ന് പുറത്ത് വരാൻ യേശു അശുദ്ധാത്മാവിനോടു* കല്പിച്ചതായിരുന്നു കാരണം. പല പ്രാവശ്യം ആ അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു.*+ എത്ര വട്ടം വിലങ്ങും ചങ്ങലകളും ഇട്ട് ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിട്ടും അതെല്ലാം തകർത്ത അയാളെ ഭൂതം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു.) 30 യേശു അയാളോട്, “നിന്റെ പേര് എന്താണ്” എന്നു ചോദിച്ചപ്പോൾ, “ലഗ്യോൻ” എന്ന് അയാൾ പറഞ്ഞു. കാരണം അനേകം ഭൂതങ്ങൾ അയാളിൽ കടന്നിരുന്നു. 31 അഗാധത്തിലേക്കു പോകാൻ തങ്ങളോടു കല്പിക്കരുതെന്ന് അവ യേശുവിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു.+ 32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം+ മേയുന്നുണ്ടായിരുന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവദിക്കണമെന്ന് അവ യേശുവിനോടു കേണപേക്ഷിച്ചു. യേശു അനുവാദം കൊടുത്തു.+ 33 ആ മനുഷ്യനിൽനിന്ന് പുറത്ത് വന്ന ഭൂതങ്ങൾ പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് തടാകത്തിലേക്കു ചാടി. അവയെല്ലാം മുങ്ങിച്ചത്തു. 34 അവയെ മേയ്ച്ചിരുന്നവർ ഇതു കണ്ടിട്ട് ഓടിച്ചെന്ന് നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു.
35 സംഭവിച്ചത് എന്താണെന്ന് അറിയാൻ ആളുകൾ വന്നു. അവർ യേശുവിന്റെ അടുത്ത് എത്തിയപ്പോൾ ഭൂതങ്ങൾ വിട്ട് പോയ മനുഷ്യൻ വസ്ത്രം ധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു+ കണ്ടു. അവർക്ക് ആകെ പേടിയായി. 36 സംഭവം നേരിൽ കണ്ടവർ, ഭൂതബാധിതനായ മനുഷ്യൻ സുഖം പ്രാപിച്ചത്* എങ്ങനെയെന്ന് അവർക്കു വിവരിച്ചുകൊടുത്തു. 37 ഗരസേന്യദേശത്തെ കുറെ ആളുകൾ ചെന്ന് യേശുവിനോട് അവരുടെ നാട്ടിൽനിന്ന് പോകണമെന്നു പറഞ്ഞു. കാരണം അവർ ആകെ പേടിച്ചുപോയിരുന്നു. അപ്പോൾ യേശു അവിടെനിന്ന് പോകാൻവേണ്ടി വള്ളത്തിൽ കയറി. 38 പക്ഷേ ഭൂതങ്ങൾ വിട്ട് പോയ മനുഷ്യൻ തന്നെയും കൂടെ കൊണ്ടുപോകണമെന്നു യേശുവിനോടു യാചിച്ചുകൊണ്ടിരുന്നു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞ് അയാളെ തിരിച്ചയച്ചു:+ 39 “നീ വീട്ടിലേക്കു പൊയ്ക്കൊള്ളൂ! എന്നിട്ട് ദൈവം നിനക്കു ചെയ്തുതന്നതൊക്കെ മറ്റുള്ളവരെ അറിയിക്കുക.” അങ്ങനെ, അയാൾ പോയി യേശു അയാൾക്കു ചെയ്തുകൊടുത്ത കാര്യങ്ങൾ നഗരത്തിലെങ്ങും പ്രസിദ്ധമാക്കി.
40 യേശു തിരിച്ചെത്തിയപ്പോൾ ജനക്കൂട്ടം യേശുവിനെ സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു.+ 41 അപ്പോൾ യായീറൊസ് എന്നൊരാൾ അവിടെ വന്നു. സിനഗോഗിന്റെ അധ്യക്ഷന്മാരിൽ ഒരാളായിരുന്ന അയാൾ യേശുവിന്റെ കാൽക്കൽ വീണ് അയാളുടെ വീട്ടിൽ ചെല്ലണമെന്ന് അപേക്ഷിച്ചു.+ 42 യായീറൊസിന്റെ ഒരേ ഒരു മകൾ അത്യാസന്നനിലയിലായിരുന്നു. അവൾക്ക് ഏകദേശം 12 വയസ്സുണ്ടായിരുന്നു.
യേശു പോകുമ്പോൾ ജനക്കൂട്ടം യേശുവിനെ തിക്കിക്കൊണ്ടിരുന്നു. 43 രക്തസ്രാവം+ കാരണം 12 വർഷമായി കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു. ആർക്കും ആ സ്ത്രീയെ സുഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.+ 44 ആ സ്ത്രീ യേശുവിന്റെ പുറകിലൂടെ ചെന്ന് പുറങ്കുപ്പായത്തിന്റെ അറ്റത്ത്* തൊട്ടു.+ അപ്പോൾത്തന്നെ അവരുടെ രക്തസ്രാവം നിലച്ചു. 45 അപ്പോൾ യേശു, “ആരാണ് എന്നെ തൊട്ടത്” എന്നു ചോദിച്ചു. എല്ലാവരും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോസ് യേശുവിനോട്, “ഗുരുവേ, എത്രയോ ആളുകളാണ് അങ്ങയെ തിക്കുന്നത്”+ എന്നു പറഞ്ഞു. 46 എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന് ശക്തി+ പുറപ്പെട്ടതു ഞാൻ അറിഞ്ഞു.” 47 ഇനിയൊന്നും മറച്ചുവെച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ സ്ത്രീ വിറച്ചുകൊണ്ട് ചെന്ന് യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ട് യേശുവിനെ തൊട്ടത് എന്തിനാണെന്നും ഉടൻതന്നെ രോഗം മാറിയത് എങ്ങനെയെന്നും എല്ലാവരും കേൾക്കെ വെളിപ്പെടുത്തി. 48 എന്നാൽ യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.* സമാധാനത്തോടെ പൊയ്ക്കൊള്ളൂ.”+
49 യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന് പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി, ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ടാ.”+ 50 ഇതു കേട്ട് യേശു യായീറൊസിനോടു പറഞ്ഞു: “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെടും.”+ 51 വീട്ടിൽ എത്തിയപ്പോൾ തന്റെകൂടെ അകത്തേക്കു കയറാൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും യേശു അനുവദിച്ചില്ല. 52 ആളുകളെല്ലാം അവളെച്ചൊല്ലി വിലപിക്കുകയും നെഞ്ചത്തടിച്ച് കരയുകയും ചെയ്യുകയായിരുന്നു. യേശു അവരോടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.”+ 53 ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. കാരണം, അവൾ മരിച്ചുപോയെന്ന് അവർക്ക് അറിയാമായിരുന്നു. 54 യേശു അവളുടെ കൈപിടിച്ച്, “കുഞ്ഞേ, എഴുന്നേൽക്കൂ!”*+ എന്നു പറഞ്ഞു. 55 അപ്പോൾ അവൾക്കു ജീവൻ തിരിച്ചുകിട്ടി.+ ഉടനെ അവൾ എഴുന്നേറ്റു.+ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ യേശു പറഞ്ഞു. 56 അവളുടെ മാതാപിതാക്കൾക്കു സന്തോഷം അടക്കാനായില്ല. എന്നാൽ, സംഭവിച്ചത് ആരോടും പറയരുതെന്നു യേശു അവരോടു കല്പിച്ചു.+
9 പിന്നെ യേശു പന്ത്രണ്ടു പേരെ* വിളിച്ചുകൂട്ടി, അവർക്കു ഭൂതങ്ങളെയെല്ലാം വരുതിയിൽ നിറുത്താനും+ രോഗങ്ങൾ സുഖപ്പെടുത്താനും ഉള്ള ശക്തിയും അധികാരവും കൊടുത്തു.+ 2 എന്നിട്ട് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനും അവരെ അയച്ചു. 3 യേശു അവരോടു പറഞ്ഞു: “യാത്രയ്ക്കു വടിയോ ഭക്ഷണസഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. ഒന്നിലധികം വസ്ത്രങ്ങളും ഉണ്ടായിരിക്കരുത്.+ 4 നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട് പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുക.+ 5 എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീകരിക്കാതെ വന്നാൽ ആ നഗരം വിട്ട് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക. അത് അവർക്കെതിരെ ഒരു തെളിവാകട്ടെ.”+ 6 അങ്ങനെ, അവർ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് എല്ലായിടത്തും സന്തോഷവാർത്ത അറിയിക്കുകയും ആളുകളെ സുഖപ്പെടുത്തുകയും ചെയ്തു.+
7 സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് കേട്ടപ്പോൾ ജില്ലാഭരണാധികാരിയായ ഹെരോദ് ആകെ ആശയക്കുഴപ്പത്തിലായി. കാരണം മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട യോഹന്നാനാണ് ഇതെന്നു ചിലരും+ 8 ഏലിയയാണു പ്രത്യക്ഷനായിരിക്കുന്നതെന്നു മറ്റു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരാളാണ് എഴുന്നേറ്റിരിക്കുന്നതെന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു.+ 9 “യോഹന്നാനെ ഞാൻ തല വെട്ടി കൊന്നതാണല്ലോ.+ പിന്നെ ആരെപ്പറ്റിയാണ് ഈ പറഞ്ഞുകേൾക്കുന്നത്” എന്നു ഹെരോദ് ചോദിച്ചു. അതുകൊണ്ട് ഇപ്പറഞ്ഞയാളെ നേരിട്ട് കാണാൻ ഹെരോദ് ആഗ്രഹിച്ചു.+
10 അപ്പോസ്തലന്മാർ മടങ്ങിയെത്തി അവർ ചെയ്തതൊക്കെ യേശുവിനോടു വിവരിച്ചു.+ അപ്പോൾ യേശു അവരെ മാത്രം കൂട്ടി ബേത്ത്സയിദ എന്ന നഗരത്തിലേക്കു പോയി.+ 11 പക്ഷേ അത് അറിഞ്ഞ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. യേശു ദയയോടെ അവരെ സ്വീകരിച്ച് അവരോടു ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുകയും രോഗികളെയെല്ലാം സുഖപ്പെടുത്തുകയും ചെയ്തു.+ 12 വൈകുന്നേരമായപ്പോൾ ആ പന്ത്രണ്ടു പേർ യേശുവിന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? ജനത്തെ പറഞ്ഞയയ്ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിലും നാട്ടിൻപുറത്തും ചെന്ന് ഭക്ഷണവും താമസസൗകര്യവും കണ്ടെത്തട്ടെ.”+ 13 എന്നാൽ യേശു അവരോട്, “നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്”+ എന്നു പറഞ്ഞു. “അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കൈയിലുള്ളൂ. ഈ ജനത്തിനെല്ലാം ഭക്ഷണം കൊടുക്കണമെങ്കിൽ ഞങ്ങൾ പോയി എന്തെങ്കിലും വാങ്ങേണ്ടിവരും” എന്ന് അവർ പറഞ്ഞു. 14 അവിടെ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു. യേശു ശിഷ്യന്മാരോട്, “അവരെ ഏകദേശം 50 പേർ വീതമുള്ള കൂട്ടങ്ങളായി ഇരുത്തൂ” എന്നു പറഞ്ഞു. 15 അവർ അങ്ങനെ ചെയ്തു. എല്ലാവരെയും ഇരുത്തി. 16 പിന്നെ യേശു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി അവയുടെ മേൽ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ചു. എന്നിട്ട് അവ നുറുക്കി, ശിഷ്യന്മാരെ വിളമ്പാൻ ഏൽപ്പിച്ചു. 17 ജനം മുഴുവൻ തിന്ന് തൃപ്തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ടയുണ്ടായിരുന്നു.+
18 പിന്നീട് യേശു തനിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്നു.* യേശു അവരോട്, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്” എന്നു ചോദിച്ചു.+ 19 മറുപടിയായി അവർ, “ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും വേറെ ചിലർ പുരാതനപ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റതാണ് എന്നും പറയുന്നു”+ എന്നു പറഞ്ഞു. 20 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” പത്രോസ് പറഞ്ഞു: “ദൈവത്തിന്റെ ക്രിസ്തു.”+ 21 ഇത് ആരോടും പറയരുതെന്നു യേശു അവരോടു കർശനമായി കല്പിച്ചു.+ 22 എന്നിട്ട് യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രന് ഒരുപാടു കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരും. മൂപ്പന്മാരും മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മനുഷ്യപുത്രനെ തള്ളിക്കളയും. അവർ അവനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+
23 പിന്നെ യേശു എല്ലാവരോടുമായി പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച്+ തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നും എന്നെ അനുഗമിക്കട്ടെ.+ 24 ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയാൽ അയാൾ അതു രക്ഷിക്കും.+ 25 വാസ്തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടിയാലും അയാൾക്കു സ്വന്തം ജീവൻ നഷ്ടപ്പെടുകയോ എന്തെങ്കിലും ആപത്ത് ഉണ്ടാകുകയോ ചെയ്താൽ പിന്നെ എന്തു പ്രയോജനം?+ 26 ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തോടെ വരുമ്പോൾ മനുഷ്യപുത്രന് അയാളെക്കുറിച്ചും ലജ്ജ തോന്നും.+ 27 എന്നാൽ ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ് ദൈവരാജ്യം കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
28 ഇതു പറഞ്ഞിട്ട് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടി, പ്രാർഥിക്കാൻവേണ്ടി മലയിലേക്കു കയറിപ്പോയി.+ 29 പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ മുഖത്തിനു മാറ്റം വന്നു; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെൺമയുള്ളതായി.* 30 അപ്പോൾ അതാ, രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിക്കുന്നു. മോശയും ഏലിയയും ആയിരുന്നു അത്. 31 തേജസ്സോടെ പ്രത്യക്ഷരായ അവർ യരുശലേമിൽവെച്ച് സംഭവിക്കാനിരുന്ന യേശുവിന്റെ വേർപാടിനെക്കുറിച്ചാണു സംസാരിച്ചത്.+ 32 പത്രോസും കൂടെയുള്ളവരും പാതി മയക്കത്തിലായിരുന്നു. എന്നാൽ ഉണർന്നപ്പോൾ അവർ യേശുവിന്റെ തേജസ്സും+ യേശുവിന്റെകൂടെ രണ്ടു പുരുഷന്മാർ നിൽക്കുന്നതും കണ്ടു. 33 അവർ യേശുവിനെ വിട്ട് പോകാൻ തുടങ്ങുമ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഞങ്ങൾക്ക് ഇവിടെ വരാൻ കഴിഞ്ഞത് എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന് അങ്ങയ്ക്കും ഒന്നു മോശയ്ക്കും ഒന്ന് ഏലിയയ്ക്കും.” താൻ എന്താണു പറയുന്നതെന്നു പത്രോസിനുതന്നെ അറിയില്ലായിരുന്നു. 34 പത്രോസ് ഇതു പറയുമ്പോൾ അവിടെ ഒരു മേഘം രൂപപ്പെടാൻതുടങ്ങി. അത് അവരുടെ മേൽ നിഴലിട്ടു.+ എന്നാൽ ആ മേഘം അവരെ മൂടിയപ്പോൾ അവർ പേടിച്ചുപോയി. 35 “ഇവൻ എന്റെ പുത്രൻ, ഞാൻ തിരഞ്ഞെടുത്തവൻ.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.+ 36 ഈ ശബ്ദം ഉണ്ടായപ്പോൾ അവർ യേശുവിനെ മാത്രമേ കണ്ടുള്ളൂ. കണ്ടതൊന്നും കുറെ കാലത്തേക്ക് അവർ ആരോടും പറഞ്ഞില്ല.+
37 പിറ്റേന്ന് അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ വലിയൊരു ജനക്കൂട്ടം യേശുവിനെ കാണാൻ ചെന്നു.+ 38 ജനക്കൂട്ടത്തിൽനിന്ന് ഒരു മനുഷ്യൻ യേശുവിനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗുരുവേ, എന്റെ മകനെ ഒന്നു നോക്കണേ; എനിക്ക് ആകെയുള്ളൊരു മകനാണ്.+ 39 ഇടയ്ക്കിടെ ഒരു അശുദ്ധാത്മാവ്* അവനെ പിടികൂടാറുണ്ട്. പെട്ടെന്ന് അവൻ അലറിവിളിക്കും. അത് അവനെ ഞെളിപിരികൊള്ളിക്കുമ്പോൾ അവന്റെ വായിൽനിന്ന് നുരയും പതയും വരും. അത്ര പെട്ടെന്നൊന്നും അത് അവനെ ഒഴിഞ്ഞുപോകാറില്ല. പരിക്കേൽപ്പിച്ചിട്ടേ അതു പോകൂ.+ 40 അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചെങ്കിലും അവർക്കു കഴിഞ്ഞില്ല.” 41 അപ്പോൾ യേശു ചോദിച്ചു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ* തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? മകനെ ഇങ്ങു കൊണ്ടുവരൂ.”+ 42 അവൻ യേശുവിന്റെ അടുത്തേക്കു വരുമ്പോൾത്തന്നെ ഭൂതം അവനെ നിലത്ത് തള്ളിയിട്ടു. അവൻ അവിടെ കിടന്ന് വല്ലാതെ ഞെളിപിരികൊണ്ടു. അപ്പോൾ യേശു അശുദ്ധാത്മാവിനെ ശകാരിച്ച് കുട്ടിയെ സുഖപ്പെടുത്തി. എന്നിട്ട് അവനെ അവന്റെ അപ്പനെ ഏൽപ്പിച്ചു. 43 ദൈവത്തിന്റെ മഹാശക്തിയിൽ എല്ലാവരും വിസ്മയിച്ചു.+
യേശു ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ആളുകൾ അത്ഭുതപ്പെട്ടിരിക്കുമ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: 44 “ഈ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് ഓർത്തുവെക്കണം: മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും.”+ 45 എന്നാൽ യേശു പറഞ്ഞത് അവർക്കു മനസ്സിലായില്ല. വാസ്തവത്തിൽ, മനസ്സിലാക്കാൻ പറ്റാത്ത വിധം അത് അവരിൽനിന്ന് മറച്ചിരുന്നു. അതെപ്പറ്റി എന്തെങ്കിലും ചോദിക്കാനും അവർക്കു പേടിയായിരുന്നു.
46 തങ്ങളുടെ ഇടയിൽ ഏറ്റവും വലിയവൻ ആരാണ് എന്നതിനെച്ചൊല്ലി അവർ തമ്മിൽ ഒരു തർക്കം ഉണ്ടായി.+ 47 അവരുടെ ഹൃദയത്തിലെ ചിന്തകൾ മനസ്സിലാക്കിയ യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അരികെ നിറുത്തി. 48 എന്നിട്ട് അവരോടു പറഞ്ഞു: “ഈ കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+ നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനാണു വലിയവൻ.”+
49 അപ്പോൾ യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഒരാൾ അങ്ങയുടെ പേര് ഉപയോഗിച്ച് ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടൊപ്പം അങ്ങയെ അനുഗമിക്കാത്തതുകൊണ്ട്* ഞങ്ങൾ അയാളെ തടയാൻ നോക്കി.”+ 50 എന്നാൽ യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ തടയേണ്ടാ. കാരണം നിങ്ങൾക്ക് എതിരല്ലാത്തവരെല്ലാം നിങ്ങളുടെ പക്ഷത്താണ്.”
51 സ്വർഗാരോഹണത്തിനുള്ള സമയം അടുത്തപ്പോൾ+ യേശു യരുശലേമിലേക്കു പോകാൻ തീരുമാനിച്ചുറച്ചു.+ 52 അതുകൊണ്ട് തനിക്കു മുമ്പായി യേശു ദൂതന്മാരെ അയച്ചു. അവർ യേശുവിനുവേണ്ടി ഒരുക്കങ്ങൾ നടത്താൻ ഒരു ശമര്യഗ്രാമത്തിൽ ചെന്നു. 53 എന്നാൽ യേശു യരുശലേമിലേക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ യേശുവിനെ സ്വീകരിക്കാൻ ഗ്രാമവാസികൾ തയ്യാറായില്ല.+ 54 ഇതു കണ്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും,+ “കർത്താവേ,* ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ ആജ്ഞാപിക്കട്ടേ”+ എന്നു ചോദിച്ചു. 55 എന്നാൽ യേശു തിരിഞ്ഞ് അവരെ ശകാരിച്ചു. 56 പിന്നെ അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.
57 വഴിയിൽവെച്ച് ഒരാൾ യേശുവിനോട്, “അങ്ങ് എവിടെ പോയാലും ഞാനും കൂടെ വരും” എന്നു പറഞ്ഞു.+ 58 എന്നാൽ യേശു അയാളോട്, “കുറുക്കന്മാർക്കു മാളങ്ങളുണ്ട്. ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല”+ എന്നു പറഞ്ഞു. 59 മറ്റൊരാളോട് യേശു, “എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞപ്പോൾ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കിയിട്ട് വരട്ടേ”+ എന്നു ചോദിച്ചു. 60 എന്നാൽ യേശു അയാളോടു പറഞ്ഞു: “മരിച്ചവർ+ അവരുടെ മരിച്ചവരെ അടക്കട്ടെ. പക്ഷേ നീ പോയി എല്ലായിടത്തും ദൈവരാജ്യത്തെക്കുറിച്ച് ഘോഷിക്കുക.”+ 61 വേറൊരാൾ പറഞ്ഞു: “കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ ആദ്യം പോയി വീട്ടിലുള്ളവരോടു യാത്ര ചോദിക്കാൻ എന്നെ അനുവദിച്ചാലും.” 62 യേശുവോ അയാളോട്, “കലപ്പയിൽ കൈ വെച്ചിട്ട് തിരിഞ്ഞുനോക്കുന്ന*+ ആരും ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നു പറഞ്ഞു.+
10 ഇതിനു ശേഷം കർത്താവ് വേറെ 70 പേരെ തിരഞ്ഞെടുത്ത് ഈരണ്ടു പേരെ വീതം+ താൻ പോകാനിരുന്ന നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തനിക്കു മുമ്പേ അയച്ചു.+ 2 യേശു അവരോടു പറഞ്ഞു: “വിളവ് ധാരാളമുണ്ട്. പക്ഷേ പണിക്കാർ കുറവാണ്. അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.+ 3 പോകൂ! ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.+ 4 പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ ചെരിപ്പോ എടുക്കരുത്.+ വഴിയിൽവെച്ച് ആരെയെങ്കിലും അഭിവാദനം ചെയ്യാൻവേണ്ടി സമയം കളയുകയുമരുത്.+ 5 നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യംതന്നെ, ‘ഈ വീടിനു സമാധാനം!’ എന്നു പറയണം.+ 6 സമാധാനം പ്രിയപ്പെടുന്ന ഒരാൾ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അയാളുടെ മേൽ ഇരിക്കും. ഇല്ലെങ്കിലോ അതു നിങ്ങളിലേക്കു മടങ്ങിപ്പോരും. 7 അവർ തരുന്നതു തിന്നുകയും കുടിക്കുകയും ചെയ്ത്+ ആ വീട്ടിൽത്തന്നെ താമസിക്കുക.+ പണിക്കാരൻ കൂലിക്ക് അർഹനാണല്ലോ.+ വീടുകൾ മാറിമാറി താമസിക്കരുത്.
8 “ഏതെങ്കിലും ഒരു നഗരത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കുന്നെങ്കിൽ നിങ്ങൾക്കു മുന്നിൽ വിളമ്പുന്നത് എന്തോ അതു കഴിക്കുക. 9 അവിടെയുള്ള രോഗികളെ സുഖപ്പെടുത്തണം. ‘ദൈവരാജ്യം നിങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു’+ എന്ന് അവരോടു പറയുകയും വേണം. 10 എന്നാൽ ഏതെങ്കിലും ഒരു നഗരത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ അവിടത്തെ പ്രധാനതെരുവുകളിൽ ചെന്ന് ഇങ്ങനെ പറയുക: 11 ‘നിങ്ങളുടെ നഗരത്തിൽനിന്ന് ഞങ്ങളുടെ കാലിൽ പറ്റിയ പൊടിപോലും ഞങ്ങൾ നിങ്ങളുടെ നേരെ തട്ടിക്കളഞ്ഞിട്ട് പോകുന്നു.+ എന്നാൽ ഒരു കാര്യം അറിഞ്ഞുകൊള്ളൂ: ദൈവരാജ്യം അടുത്ത് എത്തിയിരിക്കുന്നു.’ 12 സൊദോമിനു ലഭിക്കുന്ന ന്യായവിധിയെക്കാൾ കടുത്തതായിരിക്കും ആ നഗരത്തിന്റേത് എന്നു ഞാൻ നിങ്ങളോടു പറയുന്നു.+
13 “കോരസീനേ, ബേത്ത്സയിദേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ+ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ പണ്ടേ വിലാപവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്ന് പശ്ചാത്തപിച്ചേനേ.+ 14 അതുകൊണ്ട് സോരിനും സീദോനും ലഭിക്കുന്ന ന്യായവിധിയെക്കാൾ കടുത്തതായിരിക്കും നിങ്ങളുടേത്. 15 കഫർന്നഹൂമേ,+ നീ ആകാശത്തോളം ഉയരുമോ? നിന്നെ ശവക്കുഴിയോളം താഴ്ത്തും!
16 “നിങ്ങളുടെ വാക്കു ശ്രദ്ധിക്കുന്നവൻ എന്റെ വാക്കു ശ്രദ്ധിക്കുന്നു.+ നിങ്ങളെ തള്ളിക്കളയുന്നവൻ എന്നെ തള്ളിക്കളയുന്നു. എന്നെ തള്ളിക്കളയുന്നവൻ എന്നെ അയച്ച വ്യക്തിയെയും തള്ളിക്കളയുന്നു.”+
17 പിന്നെ ആ 70 പേർ സന്തോഷത്തോടെ മടങ്ങിവന്ന്, “കർത്താവേ,* അങ്ങയുടെ പേര് ഉപയോഗിക്കുമ്പോൾ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.+ 18 അപ്പോൾ യേശു അവരോടു പറഞ്ഞു: “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാൻ കാണുന്നു.+ 19 ഇതാ, സർപ്പങ്ങളെയും തേളുകളെയും+ ചവിട്ടിമെതിക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു. ശത്രുവിന്റെ എല്ലാ ശക്തിയെയും വെല്ലുന്ന അധികാരവും ഞാൻ തന്നിരിക്കുന്നു.+ നിങ്ങൾക്കു ദ്രോഹം ചെയ്യാൻ ഒന്നിനും കഴിയില്ല. 20 എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതുകൊണ്ടല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക.”+ 21 ആ സമയത്ത് യേശു പരിശുദ്ധാത്മാവ് നിറഞ്ഞ് അതിയായ സന്തോഷത്തോടെ ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും+ മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു. അതെ പിതാവേ, അങ്ങനെ ചെയ്യാനാണല്ലോ അങ്ങ് തീരുമാനിച്ചത്.+ 22 പിതാവ് എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു. പുത്രൻ ആരാണെന്നു പിതാവല്ലാതെ ആരും അറിയുന്നില്ല. പിതാവ് ആരാണെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്പര്യപ്പെടുന്നവനും അല്ലാതെ ആരും അറിയുന്നില്ല.”+
23 പിന്നെ യേശു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: “നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾക്കു സന്തോഷിക്കാം.+ 24 കാരണം അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
25 അപ്പോൾ ഒരു നിയമപണ്ഡിതൻ എഴുന്നേറ്റ് യേശുവിനെ പരീക്ഷിക്കാൻവേണ്ടി ചോദിച്ചു: “ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?”+ 26 യേശു പണ്ഡിതനോടു ചോദിച്ചു: “നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നത്, താങ്കൾക്ക് എന്താണു മനസ്സിലായിട്ടുള്ളത്?” 27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+ ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’”+ 28 യേശു പണ്ഡിതനോടു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാണ്. അങ്ങനെ ചെയ്തുകൊണ്ടിരിക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.”+
29 എന്നാൽ താൻ നീതിമാനാണെന്നു വരുത്താൻ+ ആഗ്രഹിച്ച ആ പണ്ഡിതൻ, “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ” എന്നു ചോദിച്ചു. 30 അപ്പോൾ യേശു പറഞ്ഞു: “ഒരു മനുഷ്യൻ യരുശലേമിൽനിന്ന് യരീഹൊയിലേക്കു പോകുകയായിരുന്നു. അയാൾ കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ടു. അവർ അയാളുടെ വസ്ത്രം ഉൾപ്പെടെ എല്ലാം കൊള്ളയടിച്ചു. എന്നിട്ട് അയാളെ അടിച്ച് പാതി മരിച്ചവനായി അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 31 അപ്പോൾ യാദൃച്ഛികമായി ഒരു പുരോഹിതൻ അതുവഴി വന്നു. എന്നാൽ അയാളെ കണ്ടപ്പോൾ ആ പുരോഹിതൻ മറുവശത്തുകൂടെ പോയി. 32 ഒരു ലേവ്യനും അതുവഴി വന്നു. അയാളെ കണ്ടിട്ട് ലേവ്യനും മറുവശത്തുകൂടെ പൊയ്ക്കളഞ്ഞു. 33 എന്നാൽ ആ വഴിയേ യാത്ര ചെയ്യുകയായിരുന്ന ഒരു ശമര്യക്കാരൻ+ അവിടെ എത്തി. അയാളുടെ അവസ്ഥ കണ്ട് ശമര്യക്കാരന്റെ മനസ്സ് അലിഞ്ഞു. 34 അയാളുടെ അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി. പിന്നെ അയാളെ തന്റെ മൃഗത്തിന്റെ പുറത്ത് കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് പരിചരിച്ചു. 35 പിറ്റേന്ന് ആ ശമര്യക്കാരൻ രണ്ടു ദിനാറെ എടുത്ത് സത്രക്കാരനു കൊടുത്തിട്ട് പറഞ്ഞു: ‘ഇയാളെ നന്നായി നോക്കണം. കൂടുതലായി എന്തെങ്കിലും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം.’ 36 താങ്കൾക്ക് എന്തു തോന്നുന്നു, കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ട മനുഷ്യന് ഈ മൂന്നു പേരിൽ ആരാണ് അയൽക്കാരനായത്?”+ 37 പണ്ഡിതൻ പറഞ്ഞു: “അയാളോടു കരുണ കാണിച്ചയാൾ.”+ അപ്പോൾ യേശു പണ്ഡിതനോട്, “താങ്കളും പോയി അങ്ങനെതന്നെ ചെയ്യുക” എന്നു പറഞ്ഞു.+
38 അവർ പോകുന്ന വഴി യേശു ഒരു ഗ്രാമത്തിൽ ചെന്നു. അവിടെ മാർത്ത+ എന്നു പേരുള്ള ഒരു സ്ത്രീ യേശുവിനെ വീട്ടിൽ അതിഥിയായി സ്വീകരിച്ചു. 39 മാർത്തയ്ക്കു മറിയ എന്നൊരു സഹോദരിയുണ്ടായിരുന്നു. മറിയ കർത്താവിന്റെ കാൽക്കൽ ഇരുന്ന് കർത്താവ് പറയുന്നതു* ശ്രദ്ധിച്ചുകൊണ്ടിരുന്നു. 40 എന്നാൽ മാർത്ത, യേശുവിനുവേണ്ടി പലപല കാര്യങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു. മാർത്ത യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “കർത്താവേ, ഇതൊക്കെ ചെയ്യാൻ എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നത് അങ്ങ് കാണുന്നില്ലേ? വന്ന് എന്നെ സഹായിക്കാൻ അവളോടു പറയൂ.” 41 അപ്പോൾ കർത്താവ് മാർത്തയോടു പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പല കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് ആകെ അസ്വസ്ഥയാണ്. 42 അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി.+ എന്നാൽ മറിയ നല്ല പങ്കു തിരഞ്ഞെടുത്തിരിക്കുന്നു.+ അത് അവളിൽനിന്ന് ആരും എടുത്തുകളയില്ല.”
11 യേശു ഒരിടത്ത് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോൾ ഒരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പഠിപ്പിക്കേണമേ” എന്നു പറഞ്ഞു.
2 അപ്പോൾ യേശു അവരോടു പറഞ്ഞു: “പ്രാർഥിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥിക്കണം: ‘പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.+ അങ്ങയുടെ രാജ്യം വരേണമേ.+ 3 അന്നന്നു വേണ്ട ആഹാരം* ഞങ്ങൾക്ക് അന്നന്നു തരേണമേ.+ 4 ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന എല്ലാവരോടും ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ.+ ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ.’”+
5 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു കൂട്ടുകാരനുണ്ടെന്നു വിചാരിക്കുക. നിങ്ങൾ അർധരാത്രി അയാളുടെ അടുത്ത് ചെന്ന് പറയുന്നു: ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം കടം തരണം. 6 എന്റെ ഒരു കൂട്ടുകാരൻ യാത്രയ്ക്കിടയിൽ എന്റെ അടുത്ത് വന്നിട്ടുണ്ട്. അവനു കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല.’ 7 അപ്പോൾ അകത്തുനിന്ന് അയാൾ പറയുന്നു, ‘വെറുതേ ശല്യപ്പെടുത്താതിരിക്ക്! വാതിൽ അടച്ചുകഴിഞ്ഞു. കുട്ടികൾ എന്റെകൂടെ കിടക്കുകയാണ്. എഴുന്നേറ്റ് നിനക്ക് എന്തെങ്കിലും തരാൻ എനിക്ക് ഇപ്പോൾ പറ്റില്ല.’ 8 കൂട്ടുകാരനാണെന്ന കാരണത്താൽ അയാൾ എഴുന്നേറ്റ് എന്തെങ്കിലും കൊടുക്കണമെന്നു നിർബന്ധമില്ല. പക്ഷേ മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരുന്നാൽ+ അതിന്റെ പേരിൽ അയാൾ എഴുന്നേറ്റ് ആവശ്യമുള്ളതു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9 അതുകൊണ്ട് ഞാൻ പറയുന്നു: ചോദിച്ചുകൊണ്ടിരിക്കൂ,+ നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.+ 10 കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു.+ അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു. 11 നിങ്ങളിൽ ഏതെങ്കിലും പിതാവ്, മകൻ മീൻ ചോദിച്ചാൽ അതിനു പകരം പാമ്പിനെ കൊടുക്കുമോ?+ 12 മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? 13 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!”+
14 പിന്നീട് യേശു ഒരാളിൽനിന്ന് ഊമനായ ഒരു ഭൂതത്തെ പുറത്താക്കി.+ ഭൂതം പുറത്ത് വന്നപ്പോൾ ഊമൻ സംസാരിച്ചു. ജനമെല്ലാം അതിശയിച്ചുപോയി.+ 15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.+ 16 മറ്റു ചിലർ യേശുവിനെ പരീക്ഷിക്കാൻവേണ്ടി ആകാശത്തുനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു.+ 17 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ+ യേശു അവരോടു പറഞ്ഞു: “ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്പരം പോരടിക്കുന്ന വീടും വീണുപോകും. 18 അതുപോലെതന്നെ സാത്താൻ തന്നോടുതന്നെ പോരാടുന്നെങ്കിൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും? ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതു ബയെത്സെബൂബിനെക്കൊണ്ടാണെന്നല്ലേ നിങ്ങൾ പറയുന്നത്? 19 ബയെത്സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്? അതുകൊണ്ട് അവർതന്നെ ന്യായാധിപന്മാരായി നിങ്ങളെ വിധിക്കട്ടെ. 20 എന്നാൽ ദൈവത്തിന്റെ ശക്തിയാലാണു+ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ഉറപ്പായും ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.*+ 21 ശക്തനായ ഒരാൾ ആയുധം ഏന്തി വീടു കാക്കുമ്പോൾ അയാളുടെ സ്വത്തുക്കൾ ഭദ്രമായിരിക്കും. 22 എന്നാൽ അയാളെക്കാൾ ശക്തനായ ഒരാൾ വന്ന് അയാളെ കീഴടക്കുമ്പോൾ അയാൾ ആശ്രയം വെച്ചിരുന്ന ആയുധങ്ങളെല്ലാം പിടിച്ചെടുക്കുകയും അയാളുടെ വസ്തുവകകളെല്ലാം കൊള്ളയടിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യും. 23 എന്റെ പക്ഷത്ത് നിൽക്കാത്തവനെല്ലാം എനിക്ക് എതിരാണ്. എന്റെകൂടെ നിന്ന് ശേഖരിക്കാത്തവൻ വാസ്തവത്തിൽ ചിതറിക്കുകയാണു ചെയ്യുന്നത്.+
24 “ഒരു അശുദ്ധാത്മാവ്* ഒരു മനുഷ്യനെ വിട്ട് പുറത്ത് വരുമ്പോൾ അതു വരണ്ട സ്ഥലങ്ങളിലൂടെ ഒരു വിശ്രമസ്ഥാനം തേടി അലയുന്നു. ഒന്നും കണ്ടെത്താതെ വരുമ്പോൾ അത്, ‘ഞാൻ വിട്ടുപോന്ന എന്റെ വീട്ടിലേക്കുതന്നെ മടങ്ങിച്ചെല്ലും’ എന്നു പറയുന്നു.+ 25 അത് അവിടെ എത്തുമ്പോൾ ആ വീട് അടിച്ചുവൃത്തിയാക്കി അലങ്കരിച്ചിരിക്കുന്നതായി കാണുന്നു. 26 അതു പോയി അതിനെക്കാൾ ദുഷ്ടരായ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവന്ന് അവിടെ കയറി താമസമാക്കുന്നു. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ മുമ്പത്തെക്കാൾ ഏറെ വഷളായിത്തീരുന്നു.”+
27 യേശു ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ യേശുവിനോട്, “അങ്ങയെ ചുമന്ന വയറും അങ്ങ് കുടിച്ച മുലകളും അനുഗൃഹീതം”*+ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 28 അപ്പോൾ യേശു, “അല്ല, ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ”*+ എന്നു പറഞ്ഞു.
29 ജനം തിങ്ങിക്കൂടിയപ്പോൾ യേശു ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഈ തലമുറ ഒരു ദുഷ്ടതലമുറയാണ്. അത് അടയാളം* അന്വേഷിക്കുന്നു. എന്നാൽ യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.+ 30 യോന+ നിനെവെക്കാർക്ക് ഒരു അടയാളമായതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ഒരു അടയാളമായിരിക്കും. 31 തെക്കേ ദേശത്തെ രാജ്ഞി+ ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടൊപ്പം ഉയിർത്തെഴുന്നേറ്റ് ഇവരെ കുറ്റം വിധിക്കും. ആ രാജ്ഞി ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നല്ലോ. എന്നാൽ ഇവിടെ ഇതാ, ശലോമോനെക്കാൾ വലിയവൻ!+ 32 നിനെവെക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. കാരണം അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെക്കാൾ വലിയവൻ! 33 വിളക്കു കത്തിച്ച് ആരും ഒളിച്ചുവെക്കാറില്ല, കൊട്ടകൊണ്ട് മൂടിവെക്കാറുമില്ല. പകരം, അകത്ത് വരുന്നവർക്കു വെളിച്ചം കിട്ടാൻ വിളക്കുതണ്ടിലാണു വെക്കുക.+ 34 കണ്ണാണു ശരീരത്തിന്റെ വിളക്ക്. നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും.*+ എന്നാൽ കണ്ണ് അസൂയയുള്ളതെങ്കിൽ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും.+ 35 അതുകൊണ്ട് നിങ്ങളിലുള്ള വെളിച്ചം ഇരുട്ടാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. 36 നിങ്ങളുടെ ശരീരത്തിൽ ഇരുട്ട് ഒട്ടുമില്ലാതെ അതു മുഴുവനായി പ്രകാശിക്കുന്നെങ്കിൽ, പ്രകാശം ചൊരിയുന്ന ഒരു വിളക്കുപോലെയായിരിക്കും അത്.”
37 യേശു സംസാരിച്ചുകഴിഞ്ഞപ്പോൾ ഒരു പരീശൻ യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ചു. അങ്ങനെ, യേശു ചെന്ന് ഭക്ഷണമേശയ്ക്കൽ ഇരുന്നു. 38 എന്നാൽ യേശു ഭക്ഷണത്തിനു മുമ്പ് കൈ കഴുകാത്തതു കണ്ടിട്ട് പരീശൻ അത്ഭുതപ്പെട്ടു.+ 39 അപ്പോൾ കർത്താവ് പരീശനോടു പറഞ്ഞു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിറയെ അത്യാഗ്രഹവും* ദുഷ്ടതയും ആണ്.+ 40 ബുദ്ധിയില്ലാത്തവരേ, പുറം ഉണ്ടാക്കിയവൻതന്നെയല്ലേ അകവും ഉണ്ടാക്കിയത്? 41 അതുകൊണ്ട് ദാനം കൊടുക്കുമ്പോൾ ഹൃദയത്തിൽനിന്ന് ദാനം കൊടുക്കുക. അപ്പോൾ എല്ലാത്തിലും നിങ്ങൾ ശുദ്ധിയുള്ളവരാകും.*+ 42 എന്നാൽ പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും*+ പത്തിലൊന്നു കൊടുക്കുന്നെങ്കിലും ദൈവനീതിയും* ദൈവത്തോടുള്ള സ്നേഹവും അവഗണിക്കുന്നു! ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+ 43 പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും ചന്തസ്ഥലങ്ങളിൽ ആളുകൾ നിങ്ങളെ അഭിവാദനം ചെയ്യാനും നിങ്ങൾ കൊതിക്കുന്നു.+ 44 നിങ്ങളുടെ കാര്യം കഷ്ടം! പെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടാത്ത ശവകുടീരങ്ങൾപോലെയാണു നിങ്ങൾ.+ മനുഷ്യർ അവയുടെ മുകളിലൂടെ നടക്കുന്നെങ്കിലും അത് അവിടെയുണ്ടെന്ന് അറിയുന്നില്ല.”
45 അപ്പോൾ നിയമപണ്ഡിതന്മാരിൽ ഒരാൾ യേശുവിനോട്, “ഗുരുവേ, ഇങ്ങനെയൊക്കെ പറയുമ്പോൾ അങ്ങ് ഞങ്ങളെയുംകൂടെ അപമാനിക്കുകയാണ്” എന്നു പറഞ്ഞു. 46 അപ്പോൾ യേശു പറഞ്ഞു: “നിയമപണ്ഡിതന്മാരായ നിങ്ങളുടെ കാര്യവും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടുകൾ നിങ്ങൾ ആളുകളുടെ മേൽ വെച്ചുകൊടുക്കുന്നു. എന്നാൽ വിരൽകൊണ്ട് അതിലൊന്നു തൊടാൻപോലും നിങ്ങൾക്കു മനസ്സില്ല.+
47 “നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളുടെ പൂർവികർ കൊന്ന പ്രവാചകന്മാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു.+ 48 പൂർവികരുടെ ചെയ്തികൾക്കു നിങ്ങൾ സാക്ഷികളാണ്. എന്നിട്ടും നിങ്ങൾ അവ അംഗീകരിക്കുന്നു. അവർ പ്രവാചകന്മാരെ കൊന്നു,+ നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു. 49 അതുകൊണ്ടാണ് ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞത്: ‘ഞാൻ അവരുടെ അടുത്തേക്കു പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും അയയ്ക്കും. അവരോ അവരിൽ ചിലരെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.+ 50 അങ്ങനെ, ലോകാരംഭംമുതൽ ചൊരിഞ്ഞിട്ടുള്ള എല്ലാ പ്രവാചകന്മാരുടെയും രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും.+ 51 ഹാബേൽ+ മുതൽ യാഗപീഠത്തിനും ദേവാലയത്തിനും ഇടയ്ക്കുവെച്ച് കൊന്നുകളഞ്ഞ സെഖര്യ വരെയുള്ളവരുടെ രക്തത്തിന് അവരോടു കണക്കു ചോദിക്കും.’+ അതെ, അതിന് ഈ തലമുറയോടു കണക്കു ചോദിക്കും എന്നു ഞാൻ പറയുന്നു.
52 “നിയമപണ്ഡിതന്മാരായ നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ അറിവിന്റെ താക്കോൽ എടുത്തുമാറ്റിയല്ലോ. നിങ്ങളോ അകത്ത് കടക്കുന്നില്ല. അകത്ത് കടക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ തടയുകയും ചെയ്യുന്നു!”+
53 യേശു അവിടെനിന്ന് പോയപ്പോൾ ശാസ്ത്രിമാരും പരീശന്മാരും ചുറ്റും കൂടി യേശുവിനെ കഠിനമായ സമ്മർദത്തിലാക്കി. അവർ തുരുതുരെ ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചു. 54 എങ്ങനെയും യേശുവിനെ വാക്കിൽ കുടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.+
12 ഇതിനിടെ, അനേകായിരങ്ങൾ അവിടെ തിങ്ങിക്കൂടി. കാലു കുത്താൻപോലും ഇടമില്ലായിരുന്നു. യേശു ആദ്യം ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞുതുടങ്ങി: “പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം.+ 2 എന്നാൽ മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.+ 3 നിങ്ങൾ ഇരുട്ടത്ത് പറയുന്നതു വെളിച്ചത്ത് കേൾക്കും. നിങ്ങൾ മുറിക്കുള്ളിൽ ഇരുന്ന് മന്ത്രിക്കുന്നതു* പുരമുകളിൽനിന്ന് വിളിച്ചുപറയും. 4 സ്നേഹിതരേ,+ ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക് അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.+ 5 എന്നാൽ ആരെ പേടിക്കണമെന്നു ഞാൻ പറഞ്ഞുതരാം: കൊന്നിട്ട് ഗീഹെന്നയിൽ എറിയാൻ അധികാരമുള്ളവനെയാണു പേടിക്കേണ്ടത്.+ അതെ, ഞാൻ പറയുന്നു, ആ വ്യക്തിയെയാണു നിങ്ങൾ പേടിക്കേണ്ടത്.+ 6 നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ടിനല്ലേ അഞ്ചു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല.*+ 7 എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.+ അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+
8 “ഞാൻ നിങ്ങളോടു പറയുന്നു: മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ ദൈവദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും അംഗീകരിക്കും.+ 9 മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ ദൈവദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും തള്ളിപ്പറയും.+ 10 മനുഷ്യപുത്രന് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവനോടു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവനോട് അക്കാര്യം ക്ഷമിക്കില്ല.+ 11 അവർ നിങ്ങളെ പൊതുസദസ്സിന്റെയോ ഭരണാധികാരികളുടെയോ മറ്റ് ഏതെങ്കിലും അധികാരികളുടെയോ മുമ്പാകെ ഹാജരാക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ.+ 12 എന്തു പറയണമെന്നു പരിശുദ്ധാത്മാവ് ആ സമയത്ത് നിങ്ങളെ പഠിപ്പിക്കും.”+
13 അപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരാൾ യേശുവിനോട്, “ഗുരുവേ, പിതൃസ്വത്തു വീതിച്ച് എന്റെ പങ്കു തരാൻ അങ്ങ് എന്റെ സഹോദരനോടു പറയണം” എന്നു പറഞ്ഞു. 14 യേശു അയാളോട്, “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്നത്തിൽ എന്നെ ആരെങ്കിലും ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. 15 പിന്നെ യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം.+ ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.”+ 16 എന്നിട്ട് യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ധനികനായ ഒരാളുടെ ഭൂമി നല്ല വിളവ് നൽകി. 17 അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ് ശേഖരിച്ചുവെക്കാൻ എനിക്കു സ്ഥലം പോരല്ലോ’ എന്നു ചിന്തിച്ചു. 18 അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും:+ എന്റെ സംഭരണശാലകൾ പൊളിച്ച് കൂടുതൽ വലിയവ പണിയും. എന്റെ ധാന്യവും എനിക്കുള്ളതൊക്കെയും ഞാൻ അവിടെ സംഭരിച്ചുവെക്കും. 19 എന്നിട്ട് എന്നോടുതന്നെ ഇങ്ങനെ പറയും: “അനേകവർഷത്തേക്കു വേണ്ടതെല്ലാം നീ സ്വരുക്കൂട്ടിയിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.”’ 20 എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര് അനുഭവിക്കാനാണ്?’+ 21 തനിക്കുവേണ്ടി സമ്പത്തു സ്വരൂപിക്കുകയും എന്നാൽ ദൈവമുമ്പാകെ സമ്പന്നനാകാതിരിക്കുകയും ചെയ്യുന്നവന്റെ കാര്യവും ഇങ്ങനെതന്നെയാകും.”+
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും എന്ന് ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഇനി ഉത്കണ്ഠപ്പെടരുത്.+ 23 ആഹാരത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും എത്ര വിലയേറിയതാണ്! 24 കാക്കയുടെ കാര്യംതന്നെ എടുക്കുക: അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പത്തായപ്പുരയോ സംഭരണശാലയോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റുന്നു.+ പക്ഷികളെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?+ 25 ഉത്കണ്ഠപ്പെടുന്നതിലൂടെ ആയുസ്സിനോട് ഒരു മുഴമെങ്കിലും കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ? 26 ഈ ചെറിയൊരു കാര്യംപോലും ചെയ്യാൻ കഴിയില്ലെങ്കിൽപ്പിന്നെ മറ്റു കാര്യങ്ങൾ ഓർത്ത് നിങ്ങൾ എന്തിന് ഉത്കണ്ഠപ്പെടണം?+ 27 ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കുക. അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല.+ 28 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം! 29 അതുകൊണ്ട് എന്തു കഴിക്കും, എന്തു കുടിക്കും എന്ന് അന്വേഷിക്കുന്നതു മതിയാക്കുക. ഉത്കണ്ഠപ്പെടുന്നതും ഒഴിവാക്കുക.+ 30 ലോകത്തെ ജനതകളാണ് ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്. പക്ഷേ ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ പിതാവിന് അറിയാമല്ലോ.+ 31 അതുകൊണ്ട് ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക. അപ്പോൾ ഇപ്പറഞ്ഞതെല്ലാം നിങ്ങൾക്കു കിട്ടും.+
32 “ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ.+ രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളുടെ പിതാവ് തീരുമാനിച്ചിരിക്കുന്നു.+ 33 നിങ്ങൾക്കുള്ളതു വിറ്റ് ദാനം ചെയ്യുക.+ നശിച്ചുപോകാത്ത പണസ്സഞ്ചി ഉണ്ടാക്കിക്കൊള്ളുക. അതെ, ഒരിക്കലും തീർന്നുപോകാത്ത നിക്ഷേപം സ്വർഗത്തിൽ സ്വരൂപിക്കുക.+ അവിടെ കള്ളൻ കയറുകയോ കീടങ്ങൾ നാശം വരുത്തുകയോ ഇല്ലല്ലോ. 34 നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
35 “നിങ്ങൾ വസ്ത്രം ധരിച്ച് തയ്യാറായിരിക്കുക.+ നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിനിൽക്കട്ടെ.+ 36 വിവാഹത്തിനു* പോയിട്ട് മടങ്ങിവരുന്ന യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെയായിരിക്കണം നിങ്ങൾ.+ 37 യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നതായി കാണുന്ന ദാസന്മാർക്കു സന്തോഷിക്കാം. അയാൾ അവരെ മേശയ്ക്കൽ ഭക്ഷണത്തിന് ഇരുത്തുകയും വസ്ത്രം മാറി അരികെ നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 38 ഇനി അയാൾ വരുന്നതു രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ ആയാലും അവർ തയ്യാറായിനിൽക്കുന്നെങ്കിൽ അവർക്കു സന്തോഷിക്കാം. 39 ഇത് ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ അയാൾ നോക്കില്ലായിരുന്നോ?+ 40 മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരുങ്ങിയിരിക്കണം.”+
41 അപ്പോൾ പത്രോസ് ചോദിച്ചു: “കർത്താവേ, അങ്ങ് ഈ ദൃഷ്ടാന്തം പറയുന്നതു ഞങ്ങൾക്കുവേണ്ടി മാത്രമോ? അതോ എല്ലാവർക്കുംവേണ്ടിയോ?” 42 അപ്പോൾ കർത്താവ് പറഞ്ഞു: “തന്റെ പരിചാരകഗണത്തിനു തക്കസമയത്ത് മുടങ്ങാതെ ആഹാരവിഹിതം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയും ആയ കാര്യസ്ഥൻ ആരാണ്?+ 43 ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം. 44 യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 45 എന്നാൽ ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ വൈകുന്നു’+ എന്നു ഹൃദയത്തിൽ പറഞ്ഞ് ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് മത്തനാകാനും തുടങ്ങുന്നെങ്കിൽ+ 46 അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക് അറിയില്ലാത്ത സമയത്ത് യജമാനൻ വന്ന് അയാളെ കഠിനമായി ശിക്ഷിച്ച് വിശ്വസ്തരല്ലാത്തവരുടെ കൂട്ടത്തിലേക്കു തള്ളും. 47 യജമാനന്റെ ഇഷ്ടം മനസ്സിലാക്കിയിട്ടും ഒരുങ്ങിയിരിക്കാതെയും അദ്ദേഹം ആവശ്യപ്പെട്ടതു ചെയ്യാതെയും* ഇരുന്ന ആ അടിമ ഒരുപാട് അടികൊള്ളും.+ 48 എന്നാൽ അടി കിട്ടേണ്ട കാര്യമാണു ചെയ്തതെങ്കിലും കാര്യം മനസ്സിലാകാഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെങ്കിൽ അവനു കുറച്ച് അടിയേ കിട്ടൂ. ഏറെ കൊടുത്തവനോട് ഏറെ ആവശ്യപ്പെടും. അധികം ഏൽപ്പിച്ചവനോട് അധികം ചോദിക്കും.+
49 “ഭൂമിയിൽ ഒരു തീ കൊളുത്താനാണു ഞാൻ വന്നത്. അതു കൊളുത്തിക്കഴിഞ്ഞ സ്ഥിതിക്കു ഞാൻ കൂടുതലായി എന്ത് ആഗ്രഹിക്കാനാണ്? 50 എനിക്ക് ഒരു സ്നാനം+ ഏൽക്കേണ്ടതുണ്ട്. അതു കഴിയുന്നതുവരെ ഞാൻ ആകെ അസ്വസ്ഥനാണ്.+ 51 ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ നിങ്ങൾ കരുതുന്നത്? അല്ല, ഭിന്നത വരുത്താനാണ് എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 52 ഇനിമുതൽ ഒരു വീട്ടിലുള്ള അഞ്ചു പേരിൽ, രണ്ടു പേർക്കെതിരെ മൂന്നു പേരും മൂന്നു പേർക്കെതിരെ രണ്ടു പേരും തിരിയും. അങ്ങനെ അവർക്കിടയിൽ ഭിന്നിപ്പുണ്ടാകും. 53 അപ്പൻ മകനോടും മകൻ അപ്പനോടും, അമ്മ മകളോടും മകൾ അമ്മയോടും, അമ്മായിയമ്മ മരുമകളോടും മരുമകൾ അമ്മായിയമ്മയോടും ഭിന്നിച്ചിരിക്കും.”+
54 പിന്നെ യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “പടിഞ്ഞാറുനിന്ന് ഒരു മേഘം ഉയരുന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവിക്കുകയും ചെയ്യും. 55 ഒരു തെക്കൻ കാറ്റു വീശുന്നതു കാണുമ്പോൾ ‘കടുത്ത ചൂടുണ്ടാകും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവിക്കുന്നു. 56 കപടഭക്തരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവമാറ്റങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ട്. എന്നാൽ ഈ കാലത്തെ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയാത്തത് എന്താണ്?+ 57 നീതിയായത് എന്തെന്നു നിങ്ങൾ സ്വയം വിവേചിച്ചെടുക്കാത്തത് എന്താണ്? 58 ഉദാഹരണത്തിന്, നിനക്ക് എതിരെ കേസ് കൊടുത്ത ആളിന്റെകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്നം പരിഹരിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും. ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും. സേവകൻ നിന്നെ ജയിലിൽ അടയ്ക്കുകയും ചെയ്യും.+ 59 അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർത്താലേ നിനക്ക് അവിടെനിന്ന് പുറത്ത് ഇറങ്ങാനാകൂ എന്നു ഞാൻ പറയുന്നു.”
13 ബലി അർപ്പിക്കാൻ ചെന്ന ചില ഗലീലക്കാരെ പീലാത്തൊസ് കൊന്ന കാര്യം അവിടെയുണ്ടായിരുന്ന ചിലർ അപ്പോൾ യേശുവിനെ അറിയിച്ചു. 2 യേശു അവരോടു പറഞ്ഞു: “ആ ഗലീലക്കാർ മറ്റെല്ലാ ഗലീലക്കാരെക്കാളും പാപികളായതുകൊണ്ടാണ് അവർക്ക് ഇതു സംഭവിച്ചതെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? 3 ഒരിക്കലുമല്ല. മാനസാന്തരപ്പെടുന്നില്ലെങ്കിൽ+ നിങ്ങളും അവരെപ്പോലെ മരിക്കും. 4 ശിലോഹാമിലെ ഗോപുരം വീണ് മരിച്ച 18 പേർ യരുശലേമിൽ താമസിക്കുന്ന മറ്റെല്ലാവരെക്കാളും പാപികളാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? 5 അല്ല എന്നു ഞാൻ പറയുന്നു. മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അവരെപ്പോലെ മരിക്കും.”
6 പിന്നെ യേശു ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ അയാളുടെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തി നട്ടിരുന്നു. അതു കായ്ച്ചോ എന്നു നോക്കാൻ അയാൾ ചെന്നപ്പോൾ അതിൽ ഒന്നുമില്ല.+ 7 അപ്പോൾ അയാൾ തോട്ടത്തിലെ പണിക്കാരനോടു പറഞ്ഞു: ‘ഞാൻ മൂന്നു വർഷമായി ഈ അത്തി കായ്ച്ചോ എന്നു നോക്കുന്നു. പക്ഷേ ഒരു കായ്പോലും കണ്ടില്ല. ഇതു വെട്ടിക്കളയ്! വെറുതേ എന്തിനു സ്ഥലം പാഴാക്കണം!’+ 8 അപ്പോൾ പണിക്കാരൻ പറഞ്ഞു: ‘യജമാനനേ, ഒരു വർഷംകൂടെ ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും കിളച്ച് വളമിട്ടുനോക്കാം. 9 ഇതു കായ്ച്ചാൽ നല്ലതല്ലേ? കായ്ക്കുന്നില്ലെങ്കിൽ വെട്ടിക്കളയാം.’”+
10 ശബത്തിൽ യേശു ഒരു സിനഗോഗിൽ പഠിപ്പിക്കുകയായിരുന്നു. 11 ഭൂതം ബാധിച്ചതുകൊണ്ട് 18 വർഷമായി ഒട്ടും നിവരാൻ കഴിയാതെ കൂനിയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. 12 യേശു ആ സ്ത്രീയെ കണ്ടപ്പോൾ, “നിന്റെ വൈകല്യത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു”+ എന്നു പറഞ്ഞു. 13 എന്നിട്ട് യേശു ആ സ്ത്രീയെ തൊട്ടു. ഉടനെ അവർ നിവർന്നുനിന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തി. 14 എന്നാൽ യേശു സ്ത്രീയെ സുഖപ്പെടുത്തിയതു ശബത്തിലായതുകൊണ്ട് സിനഗോഗിന്റെ അധ്യക്ഷനു ദേഷ്യം വന്നു. അയാൾ ജനത്തോടു പറഞ്ഞു: “ജോലി ചെയ്യാൻ ആറു ദിവസമുണ്ട്.+ വേണമെങ്കിൽ ആ ദിവസങ്ങളിൽ വന്ന് സുഖപ്പെട്ടുകൊള്ളണം. ശബത്തിൽ ഇതൊന്നും പാടില്ല.”+ 15 അപ്പോൾ കർത്താവ് അയാളോടു ചോദിച്ചു: “കപടഭക്തരേ,+ നിങ്ങളെല്ലാം ശബത്തിൽ നിങ്ങളുടെ കാളയെയും കഴുതയെയും തൊഴുത്തിൽനിന്ന് അഴിച്ച് പുറത്ത് കൊണ്ടുപോയി വെള്ളം കൊടുക്കാറില്ലേ?+ 16 അങ്ങനെയെങ്കിൽ അബ്രാഹാമിന്റെ മകളും സാത്താൻ 18 വർഷമായി ബന്ധനത്തിൽ വെച്ചിരുന്നവളും ആയ ഈ സ്ത്രീയെ ശബത്തുദിവസത്തിൽ ആ ബന്ധനത്തിൽനിന്ന് മോചിപ്പിക്കുന്നതു ന്യായമല്ലേ?” 17 യേശു ഇതു പറഞ്ഞപ്പോൾ എതിരാളികളെല്ലാം നാണംകെട്ടുപോയി. ജനം പക്ഷേ യേശു ചെയ്ത അത്ഭുതകാര്യങ്ങളിൽ സന്തോഷിച്ചു.+
18 പിന്നെ യേശു ചോദിച്ചു: “ദൈവരാജ്യം എന്തുപോലെയാണ്? എന്തിനോടു ഞാൻ അതിനെ ഉപമിക്കും? 19 അത് ഒരു മനുഷ്യൻ അയാളുടെ തോട്ടത്തിൽ പാകിയ കടുകുമണിപോലെയാണ്. അതു വളർന്ന് മരമായി. ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ കൂടു കൂട്ടി.”+
20 യേശു ഇങ്ങനെയും പറഞ്ഞു: “ഞാൻ ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? 21 പുളിപ്പിക്കുന്ന മാവുപോലെയാണ് അത്. ഒരു സ്ത്രീ അത് എടുത്ത് മൂന്നു പറ മാവിൽ കലർത്തിവെച്ചു. ഒടുവിൽ മാവ് മുഴുവൻ പുളിച്ചു.”+
22 യരുശലേമിലേക്കു പോകുന്ന വഴിക്ക് യേശു നഗരംതോറും ഗ്രാമംതോറും ചെന്ന് ആളുകളെ പഠിപ്പിച്ചു.+ 23 അപ്പോൾ ഒരാൾ യേശുവിനോട്, “കർത്താവേ, കുറച്ച് ആളുകളേ രക്ഷപ്പെടുകയുള്ളോ” എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു: 24 “ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാൻ കഠിനശ്രമം ചെയ്യുക.+ അനേകർ അകത്ത് കടക്കാൻ നോക്കും. പക്ഷേ സാധിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 25 വീട്ടുകാരൻ എഴുന്നേറ്റ് വാതിൽ അടച്ചുകഴിയുമ്പോൾ നിങ്ങൾ പുറത്ത് നിന്ന് വാതിലിൽ മുട്ടി, ‘യജമാനനേ, വാതിൽ തുറന്നുതരണേ’+ എന്ന് അപേക്ഷിക്കും. എന്നാൽ അദ്ദേഹം നിങ്ങളോട്, ‘നിങ്ങൾ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ല’ എന്നു പറയും.+ 26 അപ്പോൾ നിങ്ങൾ പറയും: ‘ഞങ്ങൾ അങ്ങയുടെകൂടെ തിന്നുകയും കുടിക്കുകയും ചെയ്തിട്ടില്ലേ? അങ്ങ് ഞങ്ങളുടെ പ്രധാനതെരുവുകളിൽ വന്ന് പഠിപ്പിച്ചിട്ടുമുണ്ടല്ലോ.’+ 27 എന്നാൽ വീട്ടുകാരൻ നിങ്ങളോടു പറയും: ‘നിങ്ങൾ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ല. നീതികേടു കാണിക്കുന്നവരേ, എന്റെ അടുത്തുനിന്ന് പോകൂ!’ 28 അബ്രാഹാമും യിസ്ഹാക്കും യാക്കോബും എല്ലാ പ്രവാചകന്മാരും ദൈവരാജ്യത്തിലുണ്ടെന്നും എന്നാൽ നിങ്ങൾ പുറന്തള്ളപ്പെട്ടെന്നും കാണുമ്പോൾ നിങ്ങൾ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.+ 29 കൂടാതെ, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിന് ഇരിക്കും. 30 മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്. പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരുമുണ്ട്.”+
31 അപ്പോൾ ചില പരീശന്മാർ വന്ന് യേശുവിനോടു പറഞ്ഞു: “ഇവിടം വിട്ട് പൊയ്ക്കൊള്ളൂ. ഹെരോദ് അങ്ങയെ കൊല്ലാൻ പദ്ധതിയിട്ടിട്ടുണ്ട്.” 32 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ചെന്ന് ആ കുറുക്കനോടു പറയണം: ‘ഇന്നും നാളെയും ഞാൻ ഭൂതങ്ങളെ പുറത്താക്കുകയും ആളുകളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസമാകുമ്പോഴേക്കും എനിക്കു ചെയ്യാനുള്ളതു തീർന്നിരിക്കും.’ 33 എങ്കിലും ഇന്നും നാളെയും മറ്റെന്നാളും എനിക്കു യാത്ര തുടരേണ്ടതുണ്ട്. കാരണം യരുശലേമിനു പുറത്തുവെച്ച് ഒരു പ്രവാചകൻ കൊല്ലപ്പെടരുതല്ലോ.+ 34 യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ,+ കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക് അത് ഇഷ്ടമല്ലായിരുന്നു.+ 35 ഇതാ, നിങ്ങളുടെ ഈ ഭവനത്തെ ഉപേക്ഷിച്ചിരിക്കുന്നു!+ ‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’+ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
14 യേശു ഒരു ശബത്തിൽ പരീശന്മാരുടെ ഒരു നേതാവിന്റെ വീട്ടിൽ ഭക്ഷണത്തിനു ചെന്നു.+ അവർ യേശുവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 2 ശരീരം മുഴുവൻ നീരുവെച്ച ഒരു മനുഷ്യൻ അവിടെ യേശുവിന്റെ മുന്നിലുണ്ടായിരുന്നു. 3 അതുകൊണ്ട് യേശു നിയമപണ്ഡിതന്മാരോടും പരീശന്മാരോടും, “ശബത്തിൽ സുഖപ്പെടുത്തുന്നതു ശരിയാണോ”*+ എന്നു ചോദിച്ചു. 4 എന്നാൽ അവർ ഒന്നും മിണ്ടിയില്ല. അപ്പോൾ യേശു ആ മനുഷ്യനെ തൊട്ട് സുഖപ്പെടുത്തി, പറഞ്ഞയച്ചു. 5 എന്നിട്ട് യേശു അവരോടു ചോദിച്ചു: “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബത്തുദിവസം കിണറ്റിൽ വീണാൽ ഉടൻതന്നെ നിങ്ങൾ പിടിച്ചുകയറ്റില്ലേ?”+ 6 അതിന് അവർക്കു മറുപടിയില്ലായിരുന്നു.
7 അവിടെ ക്ഷണം ലഭിച്ച് വന്നവർ ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നതു+ കണ്ടിട്ട് യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: 8 “ആരെങ്കിലും നിങ്ങളെ ഒരു വിവാഹവിരുന്നിനു ക്ഷണിച്ചാൽ പ്രധാനപ്പെട്ട ഇരിപ്പിടത്തിൽ ചെന്ന് ഇരിക്കരുത്.+ അയാൾ നിങ്ങളെക്കാൾ ബഹുമാന്യനായ ഒരാളെ ക്ഷണിച്ചിട്ടുണ്ടാകാം. 9 നിങ്ങളെ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘ഈ ഇരിപ്പിടം ഇദ്ദേഹത്തിനു കൊടുക്കുക’ എന്നു പറഞ്ഞാൽ, നിങ്ങൾക്ക് ആകെ നാണക്കേടാകും, എഴുന്നേറ്റ് ഏറ്റവും പിന്നിൽ പോയി ഇരിക്കേണ്ടിവരും. 10 എന്നാൽ നിങ്ങളെ ക്ഷണിക്കുമ്പോൾ, ചെന്ന് ഏറ്റവും പിന്നിൽ ഇരിക്കുക. അപ്പോൾ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘സ്നേഹിതാ, മുമ്പിലേക്കു കയറി ഇരിക്കുക’ എന്നു പറയും. അപ്പോൾ മറ്റെല്ലാ അതിഥികളുടെയും* മുന്നിൽ നിങ്ങൾക്കു ബഹുമാനം ലഭിക്കും.+ 11 തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”+
12 പിന്നെ യേശു, തന്നെ ക്ഷണിച്ചയാളോടായി പറഞ്ഞു: “ഒരു വിരുന്നു നടത്തുമ്പോൾ കൂട്ടുകാരെയോ സഹോദരന്മാരെയോ ബന്ധുക്കളെയോ പണക്കാരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. കാരണം, അവർ തിരിച്ച് താങ്കളെയും ക്ഷണിച്ചേക്കാം. അതോടെ, താങ്കൾക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു.+ 13 അതുകൊണ്ട് വിരുന്നു നടത്തുമ്പോൾ പാവപ്പെട്ടവരെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക.+ 14 തിരിച്ചുതരാൻ അവരുടെ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ട് താങ്കൾക്കു സന്തോഷിക്കാം.+ കാരണം നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ താങ്കൾക്കു പ്രതിഫലം ലഭിക്കും.”+
15 ഇതൊക്കെ കേട്ടപ്പോൾ യേശുവിന്റെകൂടെയുണ്ടായിരുന്ന അതിഥികളിൽ ഒരാൾ, “ദൈവരാജ്യത്തിൽ വിരുന്നിന് ഇരിക്കുന്നവൻ സന്തുഷ്ടൻ” എന്നു പറഞ്ഞു.
16 യേശു അയാളോടു പറഞ്ഞു: “ഒരാൾ വലിയൊരു അത്താഴവിരുന്ന് ഒരുക്കി+ അനേകരെ ക്ഷണിച്ചു. 17 അത്താഴവിരുന്നിന്റെ സമയമായപ്പോൾ അടിമയെ അയച്ച്, അയാൾ ക്ഷണിച്ചിരുന്നവരോട്, ‘വരൂ, എല്ലാം തയ്യാറാണ്’ എന്ന് അറിയിച്ചു. 18 എന്നാൽ എല്ലാവരും ഒരുപോലെ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി.+ ആദ്യത്തെയാൾ അടിമയോടു പറഞ്ഞു: ‘ഞാൻ ഒരു വയൽ വാങ്ങി. എനിക്കു പോയി അതൊന്നു കാണണം. എന്നോടു ക്ഷമിക്കൂ.’ 19 മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങി. അവ എങ്ങനെയുണ്ടെന്നു നോക്കാൻ പോകുകയാണ്. എന്നോടു ക്ഷമിക്കണം.’*+ 20 വേറൊരാൾ പറഞ്ഞു: ‘ഞാൻ കല്യാണം കഴിച്ചതേ ഉള്ളൂ. അതുകൊണ്ട് എനിക്കു വരാൻ കഴിയില്ല.’ 21 ആ അടിമ മടങ്ങിവന്ന് ഇതെല്ലാം യജമാനനെ അറിയിച്ചു. അപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു. അദ്ദേഹം അടിമയോടു പറഞ്ഞു: ‘വേഗം ചെന്ന് നഗരത്തിലെ പ്രധാനതെരുവുകളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും വികലാംഗരെയും അന്ധരെയും മുടന്തരെയും കൂട്ടിക്കൊണ്ടുവരൂ.’ 22 ആ അടിമ മടങ്ങിവന്ന് ഇങ്ങനെ പറഞ്ഞു: ‘യജമാനനേ, കല്പിച്ചതുപോലെ ചെയ്തിരിക്കുന്നു. പക്ഷേ ഇനിയും സ്ഥലം ബാക്കിയുണ്ട്.’ 23 അപ്പോൾ യജമാനൻ അടിമയോടു പറഞ്ഞു: ‘തെരുവുകളിലും ഊടുവഴികളിലും ചെന്ന് കാണുന്നവരെയെല്ലാം വരാൻ നിർബന്ധിക്കുക. എന്റെ വീട് ആളുകളെക്കൊണ്ട് നിറയട്ടെ.+ 24 ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ക്ഷണിച്ചവർ ആരും എന്റെ അത്താഴവിരുന്ന് ആസ്വദിക്കില്ല.’”+
25 വലിയൊരു ജനക്കൂട്ടം യേശുവിന്റെകൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: 26 “എന്റെ അടുത്ത് വരുന്ന ഒരാൾ അയാളുടെ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തം ജീവനെത്തന്നെയും+ വെറുക്കാതെ, അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.+ 27 സ്വന്തം ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.+ 28 ഉദാഹരണത്തിന്, നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയിലുണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കില്ലേ? 29 അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അടിസ്ഥാനം ഇട്ടിട്ട് അയാൾക്കു പണി പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം. അതു കാണുന്നവരെല്ലാം, 30 ‘ഈ മനുഷ്യൻ പണി തുടങ്ങിവെച്ചു, പക്ഷേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല’ എന്നു പറഞ്ഞ് കളിയാക്കാൻതുടങ്ങും. 31 ഇനി, 10,000 പടയാളികളുള്ള ഒരു രാജാവിനു നേരെ 20,000 പടയാളികളുള്ള മറ്റൊരു രാജാവ് യുദ്ധത്തിനു വരുന്നെന്നു കരുതുക. ഇത്രയും പേരുമായി അവരെ നേരിടാൻ സാധിക്കുമോ എന്ന് അറിയാൻ രാജാവ് ആദ്യംതന്നെ ഉപദേശം ചോദിക്കില്ലേ?+ 32 തന്നെക്കൊണ്ട് പറ്റില്ലെന്നു തോന്നിയാൽ, മറ്റേ രാജാവ് അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ഈ രാജാവ് സ്ഥാനപതികളുടെ ഒരു കൂട്ടത്തെ അയച്ച് സമാധാനസന്ധിക്കായി അപേക്ഷിക്കും. 33 ഇതുപോലെ, എല്ലാ വസ്തുവകകളോടും വിട പറയാതെ* നിങ്ങളിൽ ആർക്കും എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.+
34 “ഉപ്പു നല്ലതുതന്നെ. എന്നാൽ അതിന് ഉപ്പുരസം നഷ്ടമായാൽ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം വരുത്തും?+ 35 അതു മണ്ണിനോ വളത്തിനോ ഉപകരിക്കില്ല. ആളുകൾ അതു പുറത്തേക്ക് എറിഞ്ഞുകളയും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”+
15 യേശു പറയുന്നതു കേൾക്കാൻ ധാരാളം നികുതിപിരിവുകാരും പാപികളും വന്നുകൊണ്ടിരുന്നു.+ 2 ഇതു കണ്ടിട്ട് പരീശന്മാരും ശാസ്ത്രിമാരും, “ഈ മനുഷ്യൻ പാപികളെ സ്വാഗതം ചെയ്യുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നല്ലോ” എന്നു പിറുപിറുത്തു.+ 3 അപ്പോൾ യേശു അവരോട് ഈ ദൃഷ്ടാന്തം പറഞ്ഞു: 4 “നിങ്ങളിൽ ഒരാൾക്ക് 100 ആടുണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നിനെ കാണാതെപോയാൽ അയാൾ 99-നെയും വിജനഭൂമിയിൽ വിട്ടിട്ട് കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ തിരഞ്ഞുനടക്കില്ലേ?+ 5 കണ്ടെത്തുമ്പോൾ അയാൾ അതിനെ എടുത്ത് തോളത്ത് വെച്ച് സന്തോഷത്തോടെ പോരും. 6 വീട്ടിൽ എത്തുമ്പോൾ അയാൾ സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോടു പറയും: ‘കാണാതെപോയ ആടിനെ തിരിച്ചുകിട്ടി. എന്റെകൂടെ സന്തോഷിക്കൂ.’+ 7 അങ്ങനെതന്നെ, മാനസാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും+ എന്നു ഞാൻ നിങ്ങളോടു പറയുന്നു.+
8 “അല്ലെങ്കിൽ, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മയുണ്ടെന്നിരിക്കട്ടെ. അവയിൽ ഒന്നു കാണാതെപോയാൽ ആ സ്ത്രീ വിളക്കു കത്തിച്ച് വീട് അടിച്ചുവാരി അതു കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മതയോടെ തിരയില്ലേ? 9 അതു കണ്ടുകിട്ടുമ്പോൾ ആ സ്ത്രീ കൂട്ടുകാരികളെയും അയൽക്കാരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറയും: ‘കാണാതെപോയ ദ്രഹ്മ കിട്ടി. എന്റെകൂടെ സന്തോഷിക്കൂ.’ 10 മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്+ ദൈവദൂതന്മാരും അതുപോലെതന്നെ സന്തോഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
11 പിന്നെ യേശു പറഞ്ഞു: “ഒരു മനുഷ്യനു രണ്ട് ആൺമക്കളുണ്ടായിരുന്നു. 12 അവരിൽ ഇളയവൻ അപ്പനോട്, ‘അപ്പാ, സ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തരൂ’ എന്നു പറഞ്ഞു. അപ്പൻ സ്വത്ത് അവർക്കു വീതിച്ചുകൊടുത്തു. 13 കുറച്ച് ദിവസം കഴിഞ്ഞപ്പോൾ, ഇളയവൻ തനിക്കുള്ളതെല്ലാം വാരിക്കെട്ടി ഒരു ദൂരദേശത്തേക്കു പോയി. അവിടെച്ചെന്ന് അവൻ കുത്തഴിഞ്ഞ ജീവിതം നയിച്ച് തന്റെ സ്വത്തെല്ലാം ധൂർത്തടിച്ചു. 14 അവന്റെ കൈയിലുള്ളതെല്ലാം തീർന്നു. അങ്ങനെയിരിക്കെ ആ നാട്ടിലെങ്ങും കടുത്ത ക്ഷാമം ഉണ്ടായി. അവൻ ആകെ ഞെരുക്കത്തിലായി. 15 അന്നാട്ടുകാരനായ ഒരാളുടെ അടുത്ത് അവൻ അഭയം തേടി. അയാൾ അവനെ അയാളുടെ വയലിൽ പന്നികളെ മേയ്ക്കാൻ അയച്ചു.+ 16 പന്നിക്കു കൊടുക്കുന്ന പയറുകൊണ്ടെങ്കിലും വയറു നിറയ്ക്കാൻ അവൻ കൊതിച്ചു. പക്ഷേ ആരും അവന് ഒന്നും കൊടുത്തില്ല.
17 “സുബോധമുണ്ടായപ്പോൾ അവൻ പറഞ്ഞു: ‘എന്റെ അപ്പന്റെ എത്രയോ കൂലിക്കാർ സുഭിക്ഷമായി കഴിയുന്നു. ഞാനോ ഇവിടെ പട്ടിണി കിടന്ന് ചാകാറായി! 18 ഞാൻ അപ്പന്റെ അടുത്ത് ചെന്ന് പറയും: “അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്തു. 19 അങ്ങയുടെ മകൻ എന്ന് അറിയപ്പെടാൻ ഇനി എനിക്ക് ഒരു യോഗ്യതയുമില്ല. എന്നെ അപ്പന്റെ കൂലിക്കാരനായെങ്കിലും ഇവിടെ നിറുത്തണേ.”’ 20 അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുത്തേക്കു പോയി. ദൂരെവെച്ചുതന്നെ അപ്പൻ അവനെ തിരിച്ചറിഞ്ഞു. മനസ്സ് അലിഞ്ഞ് അപ്പൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച്* സ്നേഹത്തോടെ ചുംബിച്ചു. 21 അപ്പോൾ അവൻ പറഞ്ഞു: ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്തു.+ അങ്ങയുടെ മകൻ എന്ന് അറിയപ്പെടാൻ എനിക്ക് ഇനി ഒരു യോഗ്യതയുമില്ല.’ 22 എന്നാൽ അപ്പൻ വീട്ടിലെ അടിമകളോടു പറഞ്ഞു: ‘വേഗം ചെന്ന് ഏറ്റവും നല്ല കുപ്പായം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കൂ. കൈയിൽ മോതിരവും കാലിൽ ചെരിപ്പും ഇട്ടുകൊടുക്കൂ. 23 കൊഴുത്ത കാളക്കുട്ടിയെ അറുക്കണം.* നമുക്കു തിന്നുകുടിച്ച് ആഘോഷിക്കാം. 24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു. ഇപ്പോൾ ഇവനു ജീവൻ തിരിച്ചുകിട്ടി.+ ഇവനെ കാണാതെപോയിരുന്നു, ഇപ്പോൾ കണ്ടുകിട്ടി.’ അങ്ങനെ, അവർ ആനന്ദിച്ചുല്ലസിക്കാൻ തുടങ്ങി.+
25 “ഈ സമയം മൂത്ത മകൻ വയലിലായിരുന്നു. അവൻ വീടിന് അടുത്ത് എത്തിയപ്പോൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒക്കെ ശബ്ദം കേട്ടു. 26 അവൻ ജോലിക്കാരിൽ ഒരാളെ അടുത്ത് വിളിച്ച് കാര്യം തിരക്കി. 27 അയാൾ അവനോടു പറഞ്ഞു: ‘അനിയൻ വന്നിട്ടുണ്ട്. ആപത്തൊന്നും കൂടാതെ* മകനെ തിരിച്ചുകിട്ടിയതുകൊണ്ട് അങ്ങയുടെ അപ്പൻ കൊഴുത്ത കാളക്കുട്ടിയെ അറുത്തു.’ 28 ഇതു കേട്ട് അവനു വല്ലാതെ ദേഷ്യം വന്നു. അകത്തേക്കു ചെല്ലാൻ അവൻ കൂട്ടാക്കിയില്ല. അപ്പോൾ അപ്പൻ പുറത്ത് വന്ന് അവനെ എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കി. 29 എന്നാൽ അവൻ അപ്പനോടു പറഞ്ഞു: ‘എത്രയോ കാലമായി ഞാൻ അപ്പനുവേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നു. അപ്പന്റെ വാക്കു ഞാൻ ഒരിക്കൽപ്പോലും ധിക്കരിച്ചിട്ടില്ല. എന്നിട്ടും എന്റെ കൂട്ടുകാരുടെകൂടെ ഒന്ന് ഒത്തുകൂടാൻ അപ്പൻ ഇതുവരെ എനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നിട്ടില്ല. 30 എന്നിട്ട് ഇപ്പോൾ, വേശ്യകളുടെകൂടെ അപ്പന്റെ സ്വത്തു തിന്നുമുടിച്ച ഈ മകൻ വന്ന ഉടനെ അപ്പൻ അവനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’ 31 അപ്പോൾ അദ്ദേഹം പറഞ്ഞു: ‘മോനേ, നീ എപ്പോഴും എന്റെകൂടെയുണ്ടായിരുന്നല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ? 32 എന്നാൽ നിന്റെ ഈ അനിയൻ മരിച്ചവനായിരുന്നു. ഇപ്പോൾ അവനു ജീവൻ തിരിച്ചുകിട്ടി. അവനെ കാണാതെപോയിരുന്നു, ഇപ്പോഴോ കണ്ടുകിട്ടി. നമ്മൾ ഇത് ആഘോഷിക്കേണ്ടതല്ലേ?’”
16 യേശു ഇങ്ങനെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു.+ അയാൾ സ്വത്തെല്ലാം പാഴാക്കിക്കളയുന്നതായി യജമാനനു പരാതി ലഭിച്ചു. 2 അപ്പോൾ യജമാനൻ അയാളെ വിളിച്ച് പറഞ്ഞു: ‘നിന്നെക്കുറിച്ച് എന്തൊക്കെയാണ് ഈ കേൾക്കുന്നത്? മതി, ഇനി ഈ വീട്ടിലെ കാര്യങ്ങളൊന്നും നീ നോക്കിനടത്തേണ്ടാ. ഇത്രയും നാളത്തെ കണക്കെല്ലാം എന്നെ ഏൽപ്പിക്ക്.’ 3 അപ്പോൾ കാര്യസ്ഥൻ മനസ്സിൽ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? യജമാനൻ എന്നെ പണിയിൽനിന്ന് പിരിച്ചുവിടുകയാണല്ലോ. കിളയ്ക്കാനുള്ള ആരോഗ്യം എനിക്കില്ല. ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടുന്നതു നാണക്കേടുമാണ്. 4 എന്നെ കാര്യസ്ഥപ്പണിയിൽനിന്ന് നീക്കിയാലും ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കണമെങ്കിൽ എന്തെങ്കിലും ചെയ്യണം. അതിനൊരു വഴിയുണ്ട്.’ 5 അങ്ങനെ, കാര്യസ്ഥൻ യജമാനന്റെ കടക്കാരെ ഓരോരുത്തരെയായി വിളിച്ചു. എന്നിട്ട് ഒന്നാമത്തെ ആളോട്, ‘എന്റെ യജമാനനു നീ എത്ര കൊടുത്തുതീർക്കാനുണ്ട്’ എന്നു ചോദിച്ചു. 6 ‘100 ബത്ത് ഒലിവെണ്ണ’ എന്ന് അയാൾ പറഞ്ഞു. അപ്പോൾ കാര്യസ്ഥൻ അയാളോട്, ‘എഴുതിവെച്ച കരാർ തിരികെ വാങ്ങി വേഗം ഇരുന്ന് അത് 50 എന്നു മാറ്റിയെഴുതുക’ എന്നു പറഞ്ഞു. 7 പിന്നെ കാര്യസ്ഥൻ മറ്റൊരാളോട്, ‘നിനക്ക് എത്ര കടമുണ്ട്’ എന്നു ചോദിച്ചു. ‘100 കോർ ഗോതമ്പ്’ എന്ന് അയാൾ പറഞ്ഞു. കാര്യസ്ഥൻ അയാളോട്, ‘എഴുതിവെച്ച കരാർ തിരികെ വാങ്ങി അത് 80 എന്നു മാറ്റിയെഴുതുക’ എന്നു പറഞ്ഞു. 8 നീതികേടാണു കാണിച്ചതെങ്കിലും ബുദ്ധിപൂർവം പ്രവർത്തിച്ചതിന് യജമാനൻ അയാളെ അഭിനന്ദിച്ചു. ഈ വ്യവസ്ഥിതിയുടെ മക്കൾ അവരുടെ തലമുറക്കാരുമായുള്ള ഇടപാടുകളിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ+ ബുദ്ധിശാലികളാണ്.
9 “ഞാൻ നിങ്ങളോടു പറയുന്നു: നീതികെട്ട ധനംകൊണ്ട്+ നിങ്ങൾക്കുവേണ്ടി സ്നേഹിതരെ നേടിക്കൊള്ളുക. അങ്ങനെയായാൽ അതു തീർന്നുപോകുമ്പോൾ അവർ നിങ്ങളെ നിത്യമായ വാസസ്ഥലങ്ങളിലേക്കു സ്വീകരിക്കും.+ 10 ചെറിയ കാര്യത്തിൽ വിശ്വസ്തനായവൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ നീതികേടു കാണിക്കുന്നവൻ വലിയ കാര്യത്തിലും നീതികേടു കാണിക്കും. 11 നീതികെട്ട ധനത്തിന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ യഥാർഥധനം ഏൽപ്പിക്കുമോ? 12 അന്യന്റെ മുതലിന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്കു സ്വന്തമായി എന്തെങ്കിലും തരുമോ?*+ 13 രണ്ട് യജമാനന്മാരെ സേവിക്കാൻ ഒരു അടിമയ്ക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.”+
14 പരീശന്മാർ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു; പണക്കൊതിയന്മാരായ അവർ യേശുവിനെ പുച്ഛിച്ചു.+ 15 അപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യരുടെ മുമ്പാകെ നീതിമാന്മാരെന്നു നടിക്കുന്നവരാണു നിങ്ങൾ.+ എന്നാൽ ദൈവത്തിനു നിങ്ങളുടെ ഹൃദയം അറിയാം.+ മനുഷ്യരുടെ കണ്ണിൽ ശ്രേഷ്ഠമായതു ദൈവമുമ്പാകെ മ്ലേച്ഛമാണ്.+
16 “നിയമവും പ്രവാചകവചനങ്ങളും യോഹന്നാൻ വരെയായിരുന്നു. യോഹന്നാന്റെ കാലംമുതൽ ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒരു സന്തോഷവാർത്തയായി പ്രസംഗിച്ചുവരുന്നു. എല്ലാ തരം ആളുകളും അങ്ങോട്ടു കടക്കാൻ കഠിനശ്രമം ചെയ്യുന്നു.+ 17 ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ നിറവേറാതെപോകില്ല.+
18 “ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+
19 “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വില കൂടിയ പർപ്പിൾവസ്ത്രങ്ങളും ലിനൻവസ്ത്രങ്ങളും ധരിച്ച്+ ആഡംബരത്തോടെ സുഖിച്ചുജീവിച്ചു. 20 എന്നാൽ ദേഹമാസകലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാതിൽക്കൽ ഇരുത്താറുണ്ടായിരുന്നു. 21 ധനികന്റെ മേശപ്പുറത്തുനിന്ന് വീഴുന്നതുകൊണ്ട് വിശപ്പടക്കാമെന്ന ആഗ്രഹത്തോടെ ലാസർ അവിടെ ഇരിക്കും. അപ്പോൾ നായ്ക്കൾ വന്ന് ലാസറിന്റെ വ്രണങ്ങൾ നക്കും. 22 അങ്ങനെയിരിക്കെ ഒരു ദിവസം ആ യാചകൻ മരിച്ചു. ദൂതന്മാർ അയാളെ എടുത്തുകൊണ്ടുപോയി അബ്രാഹാമിന്റെ അടുത്ത് ഇരുത്തി.
“ധനികനും മരിച്ചു. അയാളെ അടക്കം ചെയ്തു. 23 ശവക്കുഴിയിൽ ദണ്ഡനത്തിലായിരിക്കെ അയാൾ മുകളിലേക്കു നോക്കി, അങ്ങു ദൂരെ അബ്രാഹാമിനെയും അബ്രാഹാമിന്റെ അടുത്ത് ലാസറിനെയും കണ്ടു. 24 അപ്പോൾ ധനികൻ വിളിച്ചുപറഞ്ഞു: ‘അബ്രാഹാം പിതാവേ, എന്നോടു കരുണ തോന്നി ലാസറിനെ ഒന്ന് അയയ്ക്കേണമേ. ലാസർ വിരൽത്തുമ്പു വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കട്ടെ. ഞാൻ ഈ തീജ്വാലയിൽ കിടന്ന് യാതന അനുഭവിക്കുകയാണല്ലോ.’ 25 എന്നാൽ അബ്രാഹാം പറഞ്ഞു: ‘മകനേ, ഓർക്കുക. നിന്റെ ആയുഷ്കാലത്ത് നീ സകല സുഖങ്ങളും അനുഭവിച്ചു; ലാസറിനാകട്ടെ എന്നും കഷ്ടപ്പാടായിരുന്നു. ഇപ്പോഴോ ലാസർ ഇവിടെ ആശ്വസിക്കുന്നു; നീ യാതന അനുഭവിക്കുന്നു.+ 26 അതു മാത്രമല്ല, ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ വലിയൊരു ഗർത്തവുമുണ്ട്. അതുകൊണ്ട് ഇവിടെനിന്ന് ആരെങ്കിലും നിങ്ങളുടെ അടുത്തേക്കു വരാമെന്നുവെച്ചാൽ അതിനു കഴിയില്ല. അവിടെനിന്നുള്ളവർക്കു ഞങ്ങളുടെ അടുത്തേക്കും വരാൻ പറ്റില്ല.’ 27 അപ്പോൾ ധനികൻ പറഞ്ഞു: ‘എങ്കിൽ പിതാവേ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കേണമേ. 28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. ലാസർ അവർക്കു മുന്നറിയിപ്പു കൊടുക്കട്ടെ. അവരുംകൂടെ ഈ ദണ്ഡനസ്ഥലത്തേക്കു വരുന്നത് ഒഴിവാക്കാമല്ലോ.’ 29 അപ്പോൾ അബ്രാഹാം പറഞ്ഞു: ‘അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവർ അവരുടെ വാക്കു കേൾക്കട്ടെ.’+ 30 അപ്പോൾ ധനികൻ, ‘അങ്ങനെയല്ല അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്ന് ആരെങ്കിലും അവരുടെ അടുത്ത് ചെന്നാൽ അവർ മാനസാന്തരപ്പെടും’ എന്നു പറഞ്ഞു. 31 എന്നാൽ അബ്രാഹാം പറഞ്ഞു: ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കുന്നില്ലെങ്കിൽ+ മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റ് ചെന്നാൽപ്പോലും അവരെ ബോധ്യപ്പെടുത്താൻ പറ്റില്ല.’”
17 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “പാപത്തിലേക്കു വീഴിക്കുന്ന മാർഗതടസ്സങ്ങൾ എന്തായാലും ഉണ്ടാകും. എന്നാൽ തടസ്സങ്ങൾ വെക്കുന്നവന്റെ കാര്യം കഷ്ടം!+ 2 ഈ ചെറിയവരിൽ ഒരാൾ വീണുപോകാൻ ആരെങ്കിലും ഇടയാക്കുന്നെങ്കിൽ അയാളുടെ കഴുത്തിൽ ഒരു തിരികല്ലു കെട്ടി കടലിൽ എറിയുന്നതാണ് അയാൾക്ക് ഏറെ നല്ലത്.+ 3 അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുക. നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ അയാളെ ശകാരിക്കുക.+ സഹോദരൻ പശ്ചാത്തപിച്ചാൽ അയാളോടു ക്ഷമിക്കുക.+ 4 സഹോദരൻ ഒരു ദിവസം നിന്നോട് ഏഴു തവണ പാപം ചെയ്താലും ആ ഏഴു തവണയും വന്ന്, ‘ഞാൻ പശ്ചാത്തപിക്കുന്നു’ എന്നു പറഞ്ഞാൽ സഹോദരനോടു ക്ഷമിക്കണം.”+
5 അപ്പോൾ അപ്പോസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”+ എന്നു പറഞ്ഞു. 6 അപ്പോൾ കർത്താവ് പറഞ്ഞു: “നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മൾബറി മരത്തോട്,* ‘ചുവടോടെ പറിഞ്ഞുപോയി കടലിൽ വളരുക!’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.+
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടു മേയ്ക്കുകയോ ചെയ്യുന്ന ഒരു അടിമയുണ്ടെന്നു കരുതുക. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘വേഗം വന്ന് ഇരുന്ന് ഭക്ഷണം കഴിക്ക്’ എന്നു നിങ്ങൾ പറയുമോ? 8 പകരം ഇങ്ങനെയല്ലേ പറയൂ: ‘വസ്ത്രം മാറി വന്ന് എനിക്ക് അത്താഴം ഒരുക്കുക. ഞാൻ തിന്നുകുടിച്ച് തീരുന്നതുവരെ എനിക്കു വേണ്ടതു ചെയ്തുതരുക. അതു കഴിഞ്ഞ് നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.’ 9 ഏൽപ്പിച്ച പണികൾ ചെയ്തതിന്റെ പേരിൽ നിങ്ങൾക്ക് ആ അടിമയോടു പ്രത്യേകിച്ച് ഒരു നന്ദിയും തോന്നില്ല, ശരിയല്ലേ? 10 അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്തശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമകളാണ്. ചെയ്യേണ്ടതു ഞങ്ങൾ ചെയ്തു, അത്രയേ ഉള്ളൂ.’”+
11 യരുശലേമിലേക്കുള്ള യാത്രയ്ക്കിടെ യേശു ശമര്യക്കും ഗലീലയ്ക്കും ഇടയിലൂടെ പോകുകയായിരുന്നു. 12 യേശു ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ യേശുവിനെ കണ്ടു. പക്ഷേ അവർ ദൂരത്തുതന്നെ നിന്നു.+ 13 എന്നിട്ട്, “യേശുവേ, ഗുരുവേ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 14 യേശു അവരെ കണ്ടിട്ട് അവരോട്, “പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ”+ എന്നു പറഞ്ഞു. പോകുന്ന വഴിക്കുതന്നെ അവർ ശുദ്ധരായി.+ 15 അവരിൽ ഒരാൾ താൻ ശുദ്ധനായെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിവന്നു. 16 അയാൾ യേശുവിന്റെ കാൽക്കൽ കമിഴ്ന്നുവീണ് യേശുവിനു നന്ദി പറഞ്ഞു. അയാളാണെങ്കിൽ ഒരു ശമര്യക്കാരനായിരുന്നു.+ 17 അപ്പോൾ യേശു ചോദിച്ചു: “പത്തു പേരല്ലേ ശുദ്ധരായത്? ബാക്കി ഒൻപതു പേർ എവിടെ? 18 തിരിച്ചുവന്ന് ദൈവത്തെ സ്തുതിക്കാൻ മറ്റൊരു ജനതയിൽപ്പെട്ട ഇയാൾക്കല്ലാതെ മറ്റാർക്കും തോന്നിയില്ലേ?” 19 പിന്നെ യേശു അയാളോടു പറഞ്ഞു: “എഴുന്നേറ്റ് പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.”*+
20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്നു പരീശന്മാർ ചോദിച്ചപ്പോൾ+ യേശു പറഞ്ഞു: “വളരെ പ്രകടമായ വിധത്തിലല്ല ദൈവരാജ്യം വരുന്നത്. 21 ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയുകയുമില്ല. ശരിക്കും, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.”+
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രന്റെ നാളുകളിലൊന്നെങ്കിലും കാണാൻ കൊതിക്കുന്ന കാലം വരും. എന്നാൽ കാണില്ല.+ 23 മനുഷ്യർ നിങ്ങളോട്, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. പക്ഷേ നിങ്ങൾ ചാടിപ്പുറപ്പെടരുത്. അവരുടെ പിന്നാലെ പോകുകയുമരുത്.+ 24 കാരണം ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ നാളിൽ മനുഷ്യപുത്രനും.+ 25 എന്നാൽ ആദ്യം മനുഷ്യപുത്രൻ ധാരാളം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരും, ഈ തലമുറ+ മനുഷ്യപുത്രനെ തള്ളിക്കളയും. 26 നോഹയുടെ നാളുകളിൽ+ സംഭവിച്ചതുപോലെതന്നെ മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കും:+ 27 നോഹ പെട്ടകത്തിൽ കയറിയ ദിവസംവരെ+ അന്നത്തെ ആളുകൾ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും കൊന്നുകളഞ്ഞു.+ 28 ലോത്തിന്റെ നാളിലും അങ്ങനെതന്നെ സംഭവിച്ചു:+ അവർ തിന്നും കുടിച്ചും, വാങ്ങിയും വിറ്റും, നട്ടും പണിതും പോന്നു. 29 എന്നാൽ ലോത്ത് സൊദോം വിട്ട ദിവസം ആകാശത്തുനിന്ന് തീയും ഗന്ധകവും* പെയ്ത് എല്ലാവരെയും കൊന്നുകളഞ്ഞു.+ 30 മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അങ്ങനെതന്നെയായിരിക്കും.+
31 “അന്നു പുരമുകളിൽ നിൽക്കുന്നവൻ തന്റെ സാധനങ്ങൾ വീട്ടിനുള്ളിലാണെങ്കിലും എടുക്കാൻ താഴെ ഇറങ്ങരുത്. വയലിലായിരിക്കുന്നവനും സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്.+ 32 ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക.+ 33 തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന് അതു നഷ്ടമാകും. അതു നഷ്ടപ്പെടുത്തുന്നവനോ അതു നിലനിറുത്തും.+ 34 ഞാൻ നിങ്ങളോടു പറയുന്നു: ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കയിലായിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.+ 35 രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.” 36 —— 37 അപ്പോൾ അവർ യേശുവിനോട്, “കർത്താവേ, എവിടെ” എന്നു ചോദിച്ചു. യേശു അവരോട്, “ശവമുള്ളിടത്ത് കഴുകന്മാർ കൂടും”+ എന്നു പറഞ്ഞു.
18 മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ ആവശ്യം കാണിച്ചുകൊടുക്കാൻ+ യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: 2 “ഒരു നഗരത്തിൽ, ദൈവത്തെ ഭയപ്പെടുകയോ ആളുകളെ വകവെക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപനുണ്ടായിരുന്നു. 3 ആ നഗരത്തിൽ ഒരു വിധവയുമുണ്ടായിരുന്നു. വിധവ ന്യായാധിപന്റെ അടുത്ത് ചെന്ന് പതിവായി ഇങ്ങനെ അപേക്ഷിക്കും: ‘ഒരാൾക്കെതിരെ എനിക്കു പരാതിയുണ്ട്. ആ പ്രശ്നത്തിൽ എനിക്കു ന്യായം നടത്തിത്തരണേ.’ 4 ആദ്യമൊന്നും ആ വിധവയെ സഹായിക്കാൻ ന്യായാധിപനു മനസ്സില്ലായിരുന്നെങ്കിലും പിന്നീടു ന്യായാധിപൻ ഇങ്ങനെ ചിന്തിച്ചു: ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ ആളുകളെ വകവെക്കുകയോ ചെയ്യുന്നില്ലെങ്കിലും 5 ഈ വിധവ എന്നെ ഏതു നേരവും ശല്യപ്പെടുത്തുന്നതുകൊണ്ട് ഇവർക്കു ഞാൻ ന്യായം നടത്തിക്കൊടുക്കും. അല്ലെങ്കിൽ ഇവർ എപ്പോഴും വന്ന് എന്റെ സ്വൈരം കെടുത്തും.’+ 6 എന്നിട്ട് കർത്താവ് അവരോടു പറഞ്ഞു: “നീതികെട്ടവനാണെങ്കിലും ആ ന്യായാധിപൻ പറഞ്ഞതു ശ്രദ്ധിച്ചോ? 7 അങ്ങനെയെങ്കിൽ ക്ഷമ കൈവിടാതെ ദൈവവും, രാവും പകലും തന്നോടു നിലവിളിക്കുന്ന+ തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?+ 8 ദൈവം അവർക്കു വേഗത്തിൽ ന്യായം നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ എത്തുമ്പോൾ ഭൂമിയിൽ ഇത്തരം വിശ്വാസം കണ്ടെത്തുമോ?”
9 തങ്ങൾ നീതിമാന്മാരാണെന്നു സ്വയം വിശ്വസിക്കുകയും+ അതേസമയം മറ്റുള്ളവരെ നിസ്സാരരായി കാണുകയും ചെയ്തിരുന്ന ചിലരോടു യേശു ഇങ്ങനെയൊരു ദൃഷ്ടാന്തവും പറഞ്ഞു: 10 “രണ്ടു പേർ പ്രാർഥിക്കാൻ ദേവാലയത്തിൽ ചെന്നു. ഒരാൾ പരീശനും മറ്റേയാൾ ഒരു നികുതിപിരിവുകാരനും. 11 പരീശൻ നിന്നുകൊണ്ട് ഇങ്ങനെ മനസ്സിൽ പ്രാർഥിച്ചു: ‘ദൈവമേ, ഞാൻ മറ്റെല്ലാവരെയുംപോലെ പിടിച്ചുപറിക്കാരനോ നീതികെട്ടവനോ വ്യഭിചാരിയോ ഒന്നുമല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദി പറയുന്നു. ഞാൻ ഈ നികുതി പിരിവുകാരനെപ്പോലെയുമല്ല.+ 12 ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന എല്ലാത്തിന്റെയും പത്തിലൊന്നു കൊടുക്കുന്നു.’+ 13 എന്നാൽ നികുതിപിരിവുകാരൻ സ്വർഗത്തിലേക്കു നോക്കാൻപോലും മടിച്ച് ദൂരെ നിന്നുകൊണ്ട് നെഞ്ചത്തടിച്ച്, ‘ദൈവമേ, പാപിയായ എന്നോടു കൃപ തോന്നേണമേ’+ എന്നു പറഞ്ഞു. 14 ഈ നികുതിപിരിവുകാരൻ ദൈവത്തിന്റെ മുന്നിൽ പരീശനെക്കാൾ നീതിമാനായാണു+ വീട്ടിലേക്കു തിരിച്ചുപോയത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”+
15 യേശു തൊട്ട് അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. ഇതു കണ്ട് ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 16 എന്നാൽ യേശു ഇങ്ങനെ പറഞ്ഞ് കുട്ടികളെ തന്റെ അടുത്തേക്കു വിളിച്ചു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.+ 17 ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു കാരണവശാലും അതിൽ കടക്കില്ലെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
18 ഒരു പ്രമാണി യേശുവിനോട്, “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്”+ എന്നു ചോദിച്ചു. 19 യേശു അയാളോടു പറഞ്ഞു: “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+ 20 ‘വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ താങ്കൾക്ക് അറിയാവുന്നതല്ലേ?” 21 “ഇതെല്ലാം ഞാൻ ചെറുപ്പംമുതൽ അനുസരിക്കുന്നുണ്ട്” എന്നു പ്രമാണി പറഞ്ഞു. 22 ഇതു കേട്ടിട്ട് യേശു അയാളോടു പറഞ്ഞു: “എങ്കിലും ഒരു കുറവ് താങ്കൾക്കുണ്ട്: ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.”+ 23 പ്രമാണി വലിയ ധനികനായിരുന്നതുകൊണ്ട്+ ഇതു കേട്ടപ്പോൾ വലിയ സങ്കടത്തിലായി.
24 യേശു അയാളെ നോക്കിക്കൊണ്ട് പറഞ്ഞു: “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്!+ 25 ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”+ 26 ഇതു കേട്ടവർ, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ” എന്നു ചോദിച്ചു.+ 27 അപ്പോൾ യേശു പറഞ്ഞു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യം.”+ 28 അപ്പോൾ പത്രോസ്, “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 29 യേശു അവരോടു പറഞ്ഞു: “ദൈവരാജ്യത്തെപ്രതി വീടുകളെയോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയെയോ അപ്പനെയോ മക്കളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും+ 30 ഇതെല്ലാം ഈ കാലത്തുതന്നെ അനേകം മടങ്ങു ലഭിക്കും. വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും ലഭിക്കുമെന്നു+ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”
31 പിന്നെ യേശു പന്ത്രണ്ടു പേരെ* ഒറ്റയ്ക്കു മാറ്റിനിറുത്തി അവരോടു പറഞ്ഞു: “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയതൊക്കെ+ അങ്ങനെതന്നെ സംഭവിക്കും.+ 32 എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രനെ ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവനെ പരിഹസിക്കുകയും+ അവന്റെ മേൽ തുപ്പുകയും അവനോട് അപമര്യാദയായി പെരുമാറുകയും+ ചെയ്യും. 33 ചാട്ടയ്ക്ക് അടിച്ചശേഷം അവർ മനുഷ്യപുത്രനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+ 34 പക്ഷേ പറഞ്ഞ കാര്യങ്ങൾ അവർക്കു മനസ്സിലായില്ല. ഈ വാക്കുകളുടെ അർഥം അവരിൽനിന്ന് മറച്ചുവെച്ചിരുന്നതുകൊണ്ടാണ് അവർക്ക് ഒന്നും പിടികിട്ടാഞ്ഞത്.+
35 യേശു യരീഹൊയോട് അടുത്തു. ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 36 ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ അത് എന്താണെന്ന് അയാൾ തിരക്കി. 37 അവർ അയാളോട്, “നസറെത്തുകാരനായ യേശു ഇതുവഴി പോകുന്നുണ്ട്” എന്ന് അറിയിച്ചു. 38 അപ്പോൾ അന്ധൻ, “യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 39 മുന്നിൽ നടന്നിരുന്നവർ, മിണ്ടാതിരിക്കാൻ പറഞ്ഞ് ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 40 അപ്പോൾ യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുത്ത് കൊണ്ടുവരാൻ കല്പിച്ചു. അയാൾ അടുത്ത് വന്നപ്പോൾ യേശു, 41 “ഞാൻ എന്താണു ചെയ്തുതരേണ്ടത്” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാൾ പറഞ്ഞു. 42 അപ്പോൾ യേശു പറഞ്ഞു: “നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ! നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”*+ 43 അപ്പോൾത്തന്നെ അന്ധനു കാഴ്ച തിരിച്ചുകിട്ടി. ദൈവത്തെ വാഴ്ത്തിക്കൊണ്ട് അയാൾ യേശുവിനെ അനുഗമിച്ചു.+ ഇതു കണ്ട് ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.+
19 യരീഹൊയിൽ പ്രവേശിച്ച യേശു ആ നഗരത്തിലൂടെ കടന്നുപോകുകയായിരുന്നു. 2 അവിടെ സക്കായി എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. മുഖ്യ നികുതിപിരിവുകാരിൽ ഒരാളായ സക്കായി വലിയ ധനികനായിരുന്നു. 3 ഈ യേശു ആരാണെന്നു കാണാൻ സക്കായി ശ്രമിച്ചെങ്കിലും അയാൾക്കു പൊക്കം കുറവായിരുന്നതുകൊണ്ട് ആൾക്കൂട്ടത്തിന് ഇടയിൽ യേശുവിനെ കാണാൻ പറ്റിയില്ല. 4 അതുകൊണ്ട് സക്കായി യേശു പോകുന്ന വഴിയിലൂടെ മുമ്പേ ഓടി ഒരു അത്തി മരത്തിൽ കയറി. 5 യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി സക്കായിയോടു പറഞ്ഞു: “സക്കായീ, വേഗം ഇറങ്ങിവാ. ഞാൻ ഇന്നു താങ്കളുടെ വീട്ടിലാണു താമസിക്കുന്നത്.” 6 അപ്പോൾ സക്കായി വേഗം ഇറങ്ങിവന്ന് സന്തോഷത്തോടെ യേശുവിനെ അതിഥിയായി സ്വീകരിച്ചു. 7 ആളുകളെല്ലാം ഇതു കണ്ട്, “അവൻ പാപിയായ ഒരു മനുഷ്യന്റെ വീട്ടിൽ അതിഥിയായി പോയിരിക്കുന്നു”+ എന്നു പിറുപിറുത്തു. 8 എന്നാൽ സക്കായി എഴുന്നേറ്റുനിന്ന് കർത്താവിനോടു പറഞ്ഞു: “കർത്താവേ, എന്റെ വസ്തുവകകളിൽ പകുതിയും ഞാൻ ഇതാ, ദരിദ്രർക്കു കൊടുക്കുന്നു. ഞാൻ ആളുകളിൽനിന്ന് അന്യായമായി ഈടാക്കിയതെല്ലാം നാല് ഇരട്ടിയായി തിരിച്ചുനൽകുന്നു.”+ 9 അപ്പോൾ യേശു സക്കായിയോടു പറഞ്ഞു: “താങ്കളും അബ്രാഹാമിന്റെ മകനായതുകൊണ്ട് ഇന്ന് ഈ വീടിനു രക്ഷ ലഭിച്ചിരിക്കുന്നു. 10 കാണാതെപോയതിനെ കണ്ടെത്തി രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.”+
11 എല്ലാവരും യേശു പറയുന്നതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യരുശലേമിന് അടുത്ത് എത്തിയിരുന്നതുകൊണ്ടും ദൈവരാജ്യം പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടുമെന്നൊരു തോന്നൽ കേൾവിക്കാരുടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടും+ യേശു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: 12 “കുലീനനായ ഒരു മനുഷ്യൻ രാജാധികാരം നേടിയിട്ട് വരാൻ ഒരു ദൂരദേശത്തേക്കു യാത്രയായി.+ 13 പോകുന്നതിനു മുമ്പ് അദ്ദേഹം അടിമകളിൽ പത്തു പേരെ വിളിച്ച് അവർക്കു പത്തു മിന കൊടുത്തിട്ട്, ‘ഞാൻ തിരിച്ചെത്തുന്നതുവരെ ഇതുകൊണ്ട് വ്യാപാരം ചെയ്യുക’+ എന്നു പറഞ്ഞു. 14 എന്നാൽ നാട്ടിലെ പൗരന്മാർക്ക് അദ്ദേഹത്തോടു വെറുപ്പായിരുന്നു; അതുകൊണ്ട് അവർ, ‘ഈ മനുഷ്യൻ ഞങ്ങളുടെ രാജാവാകുന്നതു ഞങ്ങൾക്ക് ഇഷ്ടമല്ല’ എന്നു പറയാൻ അദ്ദേഹത്തിന്റെ പിന്നാലെ സ്ഥാനപതികളുടെ ഒരു സംഘത്തെ അയച്ചു.
15 “ഒടുവിൽ അദ്ദേഹം രാജാധികാരം നേടി മടങ്ങിവന്നു. താൻ പണം കൊടുത്തിരുന്ന അടിമകൾ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചു+ എന്ന് അറിയാൻ അവരെ വിളിപ്പിച്ചു. 16 അപ്പോൾ ഒന്നാമൻ വന്ന്, ‘യജമാനനേ, അങ്ങയുടെ മിനകൊണ്ട് ഞാൻ പത്തുകൂടെ സമ്പാദിച്ചു’+ എന്നു ബോധിപ്പിച്ചു. 17 അദ്ദേഹം അയാളോടു പറഞ്ഞു: ‘കൊള്ളാം! നീ നല്ല അടിമയാണ്! നീ ചെറിയൊരു കാര്യത്തിൽ വിശ്വസ്തനാണെന്നു തെളിയിച്ചതുകൊണ്ട് പത്തു നഗരത്തിന് അധികാരിയായിരിക്കുക.’+ 18 രണ്ടാമൻ വന്ന്, ‘യജമാനനേ, അങ്ങയുടെ മിനകൊണ്ട് ഞാൻ അഞ്ചുകൂടെ ഉണ്ടാക്കിയിരിക്കുന്നു’+ എന്നു ബോധിപ്പിച്ചു. 19 യജമാനൻ അയാളോട്, ‘നിന്നെ അഞ്ചു നഗരം ഏൽപ്പിക്കുന്നു’ എന്നു പറഞ്ഞു. 20 മറ്റൊരാൾ വന്ന് പറഞ്ഞു: ‘യജമാനനേ, ഇതാ അങ്ങയുടെ മിന. ഞാൻ ഇത് ഒരു തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചു. 21 അങ്ങ് നിക്ഷേപിക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്തെടുക്കുകയും ചെയ്യുന്ന കഠിനഹൃദയനായതുകൊണ്ട് എനിക്ക് അങ്ങയെ പേടിയായിരുന്നു.’+ 22 അപ്പോൾ അദ്ദേഹം അയാളോടു പറഞ്ഞു: ‘ദുഷ്ടാ, നിന്റെ സ്വന്തം വാക്കുകൾകൊണ്ടുതന്നെ ഞാൻ ഇപ്പോൾ നിന്നെ വിധിക്കും. ഞാൻ നിക്ഷേപിക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കഠിനഹൃദയനാണെന്നു നിനക്ക് അറിയാമായിരുന്നു, അല്ലേ?+ 23 പിന്നെ എന്താണു നീ എന്റെ പണം ഒരു ബാങ്കിൽ നിക്ഷേപിക്കാഞ്ഞത്? അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് അതു പലിശ സഹിതം തിരികെ വാങ്ങാമായിരുന്നല്ലോ.’
24 “എന്നിട്ട് അദ്ദേഹം അടുത്ത് നിന്നവരോട്, ‘അവന്റെ കൈയിൽനിന്ന് ആ മിന വാങ്ങി പത്തു മിന ഉള്ളവനു കൊടുക്കുക’+ എന്നു കല്പിച്ചു. 25 അവർ അദ്ദേഹത്തോട്, ‘യജമാനനേ, അയാൾക്കു പത്തു മിന ഉണ്ടല്ലോ’ എന്നു പറഞ്ഞു.— 26 ‘ഞാൻ നിങ്ങളോടു പറയുന്നു: ഉള്ളവനു കൂടുതൽ കൊടുക്കും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും.+ 27 ഇനി, എന്നെ രാജാവായി അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത എന്റെ ശത്രുക്കളുടെ കാര്യം; അവരെ ഇവിടെ കൊണ്ടുവന്ന് എന്റെ മുന്നിൽവെച്ച് കൊന്നുകളയൂ.’”
28 ഇതു പറഞ്ഞിട്ട് യേശു യരുശലേമിലേക്കുള്ള യാത്ര തുടർന്നു. 29 യേശു ഒലിവുമലയുടെ+ അരികെ ബേത്ത്ഫാഗയ്ക്കും ബഥാന്യക്കും അടുത്ത് എത്തിയപ്പോൾ രണ്ടു ശിഷ്യന്മാരോടു+ 30 പറഞ്ഞു: “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ച് കൊണ്ടുവരുക. 31 ‘എന്തിനാണ് അതിനെ അഴിക്കുന്നത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയുക.” 32 അവർ ചെന്നപ്പോൾ യേശു പറഞ്ഞതുപോലെതന്നെ കണ്ടു.+ 33 അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ അവരോട്, “എന്തിനാണ് അതിനെ അഴിക്കുന്നത്” എന്നു ചോദിച്ചു. 34 “കർത്താവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. 35 അങ്ങനെ ശിഷ്യന്മാർ അതിനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടിട്ട് യേശുവിനെ അതിന്റെ പുറത്ത് ഇരുത്തി.+
36 യേശു മുന്നോട്ടു നീങ്ങിയപ്പോൾ അവർ അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ 37 ഒലിവുമലയിൽനിന്ന് താഴേക്ക് ഇറങ്ങുന്ന വഴിയുടെ അടുത്ത് യേശു എത്തിയപ്പോൾ ശിഷ്യന്മാരുടെ ആ വലിയ കൂട്ടം ഒന്നിച്ച്, അവർ കണ്ട എല്ലാ അത്ഭുതങ്ങളും കാരണം സന്തോഷത്തോടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്തുതിച്ചു. 38 “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ അനുഗൃഹീതൻ! സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്ത്വം” എന്ന് അവർ ആർത്തുവിളിച്ചു.+ 39 എന്നാൽ ജനക്കൂട്ടത്തിലുണ്ടായിരുന്ന പരീശന്മാരിൽ ചിലർ യേശുവിനോട്, “ഗുരുവേ, അങ്ങയുടെ ശിഷ്യന്മാരെ ശകാരിക്കുക”+ എന്നു പറഞ്ഞു. 40 എന്നാൽ യേശു പറഞ്ഞു: “ഒരു കാര്യം ഞാൻ പറയാം, ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും.”
41 യേശു നഗരത്തിന് അടുത്ത് എത്തിയപ്പോൾ അതിനെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു:+ 42 “സമാധാനത്തിനുള്ള മാർഗങ്ങൾ+ ഇന്നെങ്കിലും നീ ഒന്നു തിരിച്ചറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു! എന്നാൽ ഇപ്പോൾ അതു നിന്റെ കണ്ണുകൾക്കു മറഞ്ഞിരിക്കുകയാണല്ലോ.+ 43 നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂണുകൾകൊണ്ട് കോട്ട കെട്ടി നിന്നെ വളഞ്ഞ് എല്ലാ വശത്തുനിന്നും നിന്നെ ഉപരോധിക്കുന്ന* കാലം വരാൻപോകുന്നു.+ 44 അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന നിന്റെ മക്കളെയും നിലംപരിചാക്കും.+ ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല് അവശേഷിപ്പിക്കില്ല.+ കാരണം നീ നിന്റെ പരിശോധനാകാലം തിരിച്ചറിഞ്ഞില്ല.”
45 പിന്നെ യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽപ്പന നടത്തിയിരുന്നവരെ പുറത്താക്കാൻതുടങ്ങി.+ 46 യേശു അവരോടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥനാലയമായിരിക്കും’+ എന്നാണ് എഴുതിയിരിക്കുന്നത്. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.”+
47 യേശു ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുപോന്നു. പക്ഷേ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്റെ പ്രമാണിമാരും യേശുവിനെ കൊല്ലാനുള്ള വഴി തേടിക്കൊണ്ടിരുന്നു.+ 48 എങ്കിലും ജനം എപ്പോഴും യേശു പറയുന്നതു കേൾക്കാൻ അടുത്തുനിന്ന് മാറാതെ നിന്നതുകൊണ്ട്+ അവർക്കു യേശുവിനെ കൊല്ലാൻ പറ്റിയില്ല.
20 ഒരു ദിവസം യേശു ദേവാലയത്തിൽ ജനത്തെ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: 2 “പറയൂ, നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 3 അപ്പോൾ യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ. അതിനു നിങ്ങൾ മറുപടി പറയണം. 4 യോഹന്നാനാലുള്ള സ്നാനം* സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* 5 അപ്പോൾ അവർ പരസ്പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന് അവൻ ചോദിക്കും. 6 ‘മനുഷ്യരിൽനിന്ന്’ എന്നു പറയാമെന്നുവെച്ചാൽ ജനം ഒന്നടങ്കം നമ്മളെ കല്ലെറിയും. കാരണം യോഹന്നാൻ ഒരു പ്രവാചകനായിരുന്നെന്ന് അവർക്ക് ഉറപ്പാണ്.”+ 7 അതുകൊണ്ട്, അത് എവിടെനിന്ന് എന്ന് അറിയില്ലെന്ന് അവർ പറഞ്ഞു. 8 അപ്പോൾ യേശു അവരോട്, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.
9 പിന്നെ യേശു ജനത്തോട് ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് അദ്ദേഹം ദീർഘകാലത്തേക്കു വിദേശത്ത് പോയി.+ 10 വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ കൃഷിക്കാർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു.+ 11 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അയാളെയും അവർ തല്ലി, അപമാനിച്ച്* വെറുങ്കൈയോടെ തിരിച്ചയച്ചു. 12 അദ്ദേഹം മൂന്നാമതും ഒരാളെ അയച്ചു. അയാളെയും അവർ പരിക്കേൽപ്പിച്ച് പുറത്താക്കി. 13 അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? ഞാൻ എന്റെ പ്രിയപ്പെട്ട മകനെ അയയ്ക്കും.+ ഒരുപക്ഷേ അവനെ അവർ മാനിച്ചാലോ?’ 14 എന്നാൽ അവൻ വരുന്നതു കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ പറഞ്ഞു: ‘ഇവനാണ് അവകാശി. നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ 15 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.+ മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ അവരെ എന്തു ചെയ്യും? 16 അദ്ദേഹം വന്ന് ആ കൃഷിക്കാരെ കൊന്ന് മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.”
ഇതു കേട്ടിട്ട് അവർ, “അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. 17 അപ്പോൾ യേശു അവരെത്തന്നെ നോക്കി പറഞ്ഞു: “‘അങ്ങനെയെങ്കിൽ, പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നതിന്റെ അർഥം എന്താണ്?+ 18 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നു പോകും.+ ഈ കല്ല് ആരുടെയെങ്കിലും മേൽ വീണാൽ അയാൾ തവിടുപൊടിയാകും.”
19 യേശു തങ്ങളെ ഉദ്ദേശിച്ചാണ് ഈ ദൃഷ്ടാന്തം പറഞ്ഞതെന്നു മനസ്സിലാക്കിയ ശാസ്ത്രിമാരും മുഖ്യപുരോഹിതന്മാരും ഉടൻതന്നെ യേശുവിനെ പിടിക്കാൻ വഴികൾ തേടി. എങ്കിലും ജനത്തെ അവർക്കു പേടിയായിരുന്നു.+ 20 യേശുവിനെ അടുത്ത് നിരീക്ഷിച്ച അവർ രഹസ്യമായി ചില പുരുഷന്മാരെ കൂലിക്കെടുത്ത് യേശുവിന്റെ അടുത്തേക്ക് അയച്ചു. നീതിമാന്മാരെന്നു നടിച്ച് യേശുവിനെ വാക്കിൽ കുടുക്കി+ ഗവൺമെന്റിനും ഗവർണർക്കും* ഏൽപ്പിച്ചുകൊടുക്കാനായിരുന്നു അവരെ അയച്ചത്. 21 അവർ യേശുവിനോടു ചോദിച്ചു: “ഗുരുവേ, അങ്ങ് ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് പക്ഷപാതം കാണിക്കാത്തയാളുമാണ്. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക് അറിയാം. 22 സീസറിനു കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ?” 23 എന്നാൽ അവരുടെ തന്ത്രം തിരിച്ചറിഞ്ഞ യേശു അവരോടു പറഞ്ഞു: 24 “ഒരു ദിനാറെ കാണിക്കൂ. ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്?” “സീസറിന്റേത്” എന്ന് അവർ പറഞ്ഞു. 25 അപ്പോൾ യേശു അവരോട്, “എങ്കിൽ സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്നു പറഞ്ഞു.+ 26 അങ്ങനെ, ജനത്തിന്റെ മുന്നിൽവെച്ച് യേശുവിനെ വാക്കിൽ കുടുക്കാൻ അവർക്കു കഴിഞ്ഞില്ല. യേശുവിന്റെ മറുപടിയിൽ അതിശയിച്ചുപോയ അവർ പിന്നെ ഒന്നും മിണ്ടിയില്ല.
27 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യരിൽ+ ചിലർ വന്ന് യേശുവിനോടു ചോദിച്ചു:+ 28 “ഗുരുവേ, ‘വിവാഹിതനായ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ സ്വീകരിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണ്’+ എന്നു മോശ നമ്മളോടു പറഞ്ഞിട്ടുണ്ടല്ലോ. 29 ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ മക്കളില്ലാതെ മരിച്ചു. 30 രണ്ടാമനും 31 പിന്നെ മൂന്നാമനും ആ സ്ത്രീയെ വിവാഹം കഴിച്ചു. അങ്ങനെതന്നെ ഏഴുപേരും ചെയ്തു. അവരെല്ലാം മക്കളില്ലാതെ മരിച്ചു. 32 ഒടുവിൽ ആ സ്ത്രീയും മരിച്ചു. 33 പുനരുത്ഥാനത്തിൽ ആ സ്ത്രീ അവരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.”
34 യേശു അവരോടു പറഞ്ഞു: “ഈ വ്യവസ്ഥിതിയുടെ മക്കൾ വിവാഹം കഴിക്കുകയും വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുന്നു. 35 എന്നാൽ ആ വ്യവസ്ഥിതിക്കും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയോ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല.+ 36 അവർക്കു പിന്നെ മരിക്കാനും കഴിയില്ല. അവർ ദൈവദൂതന്മാർക്കു തുല്യരും പുനരുത്ഥാനത്തിന്റെ മക്കളായതുകൊണ്ട് ദൈവമക്കളും ആണ്. 37 മരിച്ചവർ ഉയിർപ്പിക്കപ്പെടുമെന്നു മുൾച്ചെടിയെക്കുറിച്ചുള്ള വിവരണത്തിൽ+ മോശതന്നെ സൂചിപ്പിച്ചിട്ടുണ്ട്. മോശ യഹോവയെ, ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’+ എന്നാണല്ലോ വിളിച്ചത്. 38 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. കാരണം ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.”+ 39 അപ്പോൾ ശാസ്ത്രിമാരിൽ ചിലർ, “ഗുരുവേ, അങ്ങയുടെ മറുപടി നന്നായിരുന്നു” എന്നു പറഞ്ഞു. 40 പിന്നീട് യേശുവിനോട് എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം അവർക്കാർക്കുമില്ലായിരുന്നു.
41 പിന്നെ യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്റെ മകനാണെന്നു പറയുന്നത് എങ്ങനെ ശരിയാകും?+ 42 സങ്കീർത്തനപുസ്തകത്തിൽ ദാവീദുതന്നെ, ‘യഹോവ എന്റെ കർത്താവിനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 43 എന്റെ വലതുവശത്ത് ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയുന്നില്ലേ? 44 ദാവീദ് ക്രിസ്തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്ന സ്ഥിതിക്കു ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”
45 ആളുകളെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ യേശു ശിഷ്യന്മാരോടു പറഞ്ഞു: 46 “നീളൻ കുപ്പായങ്ങൾ ധരിച്ച് ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.+ 47 അവർ വിധവമാരുടെ വീടുകൾ* വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.”
21 യേശു തല പൊക്കി നോക്കിയപ്പോൾ ധനികർ സംഭാവനപ്പെട്ടികളിൽ പണം ഇടുന്നതു കണ്ടു.+ 2 ദരിദ്രയായ ഒരു വിധവ വന്ന് തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇട്ടു.+ 3 അപ്പോൾ യേശു പറഞ്ഞു: “ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 4 അവരെല്ലാം സംഭാവനകൾ ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന്* തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും ഇട്ടു.”+
5 പിന്നീട്, മനോഹരമായ കല്ലുകളും സമർപ്പിതവസ്തുക്കളും കൊണ്ട് ദേവാലയം എത്ര ഭംഗിയായി അലങ്കരിച്ചിരിക്കുന്നു എന്നു ചിലർ പറഞ്ഞപ്പോൾ+ 6 യേശു പറഞ്ഞു: “നിങ്ങൾ ഈ കാണുന്നതെല്ലാം തകർന്നുപോകും. ഈ കല്ലുകളിൽ ഒന്നുപോലും മറ്റൊരു കല്ലിന്മേൽ കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന കാലം വരുന്നു.”+ 7 അപ്പോൾ അവർ യേശുവിനോടു ചോദിച്ചു: “ഗുരുവേ, ഇതെല്ലാം ശരിക്കും എപ്പോഴായിരിക്കും സംഭവിക്കുക? ഇതെല്ലാം സംഭവിക്കാൻപോകുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കും?”+ 8 അപ്പോൾ യേശു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ ‘ഞാനാണു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്റെ നാമത്തിൽ വരും. എന്നാൽ അവരുടെ പിന്നാലെ പോകരുത്.+ 9 നിങ്ങൾ യുദ്ധങ്ങളെയും പ്രക്ഷോഭങ്ങളെയും* കുറിച്ച് കേൾക്കും. പക്ഷേ, പരിഭ്രാന്തരാകരുത്. അവ ആദ്യം സംഭവിക്കേണ്ടതാണ്. എന്നാൽ അന്ത്യം ഉടനെ വരില്ല.”+
10 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “ജനത ജനതയ്ക്ക് എതിരെയും+ രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.+ 11 വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും.+ പേടിപ്പിക്കുന്ന കാഴ്ചകളും ആകാശത്ത് വലിയ അടയാളങ്ങളും ദൃശ്യമാകും.
12 “എന്നാൽ ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പ് ആളുകൾ നിങ്ങളെ പിടിച്ച് ഉപദ്രവിക്കുകയും+ സിനഗോഗുകളിലും ജയിലുകളിലും ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. എന്റെ പേര് നിമിത്തം നിങ്ങളെ രാജാക്കന്മാരുടെയും ഗവർണർമാരുടെയും മുന്നിൽ ഹാജരാക്കും.+ 13 നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ അത് ഒരു അവസരമാകും. 14 എന്നാൽ എങ്ങനെ ഉത്തരം കൊടുക്കുമെന്നു മുൻകൂട്ടി പരിശീലിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുക.+ 15 കാരണം നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക് എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.+ 16 മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സ്നേഹിതർ എന്നിവർപോലും നിങ്ങളെ ഏൽപ്പിച്ചുകൊടുക്കും.* നിങ്ങളിൽ ചിലരെ അവർ കൊല്ലുകയും ചെയ്യും.+ 17 എന്റെ പേര് നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.+ 18 എന്നാൽ നിങ്ങളുടെ ഒറ്റ തലമുടിനാരുപോലും നശിച്ചുപോകില്ല.+ 19 സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും.+
20 “സൈന്യങ്ങൾ യരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ+ അവളുടെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.+ 21 അപ്പോൾ യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.+ യരുശലേമിലുള്ളവർ അവിടം വിട്ട് പോകട്ടെ. നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്. 22 കാരണം, അതു നീതി നടപ്പാക്കാനുള്ള നാളുകളാണ്. എഴുതപ്പെട്ടിരിക്കുന്നതെല്ലാം അങ്ങനെ നിറവേറും. 23 ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ കാരണം നാട്ടിലെങ്ങും* കൊടിയ ദുരിതം ഉണ്ടാകും, ഈ ജനത്തിന്മേൽ ക്രോധം ചൊരിയും. 24 അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ എല്ലാ ജനതകളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും.+ ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം തികയുന്നതുവരെ അവർ യരുശലേമിനെ ചവിട്ടിമെതിക്കും.+
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും.+ കടലിന്റെ ഗർജനവും ക്ഷോഭവും കാരണം ഭൂമിയിലെ ജനതകൾ എന്തു ചെയ്യണമെന്ന് അറിയാതെ തീവ്രവേദനയിലാകും. 26 ആകാശത്തിലെ ശക്തികൾ ആടിയുലയുന്നതുകൊണ്ട്+ ഭൂലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച് ബോധംകെടും. 27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ഒരു മേഘത്തിൽ വരുന്നത് അവർ കാണും.+ 28 എന്നാൽ ഇതെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ മോചനം അടുത്തുവരുന്നതുകൊണ്ട് നിവർന്നുനിൽക്കുക, നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക.”
29 പിന്നെ യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തിയെയും മറ്റെല്ലാ മരങ്ങളെയും നോക്കുക:+ 30 അവ തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ മനസ്സിലാക്കുന്നല്ലോ. 31 അതുപോലെ, ഇതെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്ത് എത്തിയെന്നു മനസ്സിലാക്കിക്കൊള്ളുക. 32 എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 33 ആകാശവും ഭൂമിയും നീങ്ങിപ്പോകും. എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+
34 “എന്നാൽ നിങ്ങളുടെ ഹൃദയം അമിതമായ തീറ്റിയും കുടിയും*+ ജീവിതത്തിലെ* ഉത്കണ്ഠകളും കാരണം ഭാരപ്പെട്ടിട്ട്,+ പ്രതീക്ഷിക്കാത്ത നേരത്ത് ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെ മേൽ വരാതിരിക്കാൻ സൂക്ഷിക്കണം. 35 കാരണം അതു ഭൂമുഖത്തുള്ള എല്ലാവരുടെ മേലും വരും.+ 36 അതുകൊണ്ട് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും കഴിയേണ്ടതിന് എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട്+ ഉണർന്നിരിക്കുക.”+
37 പകൽ യേശു ദേവാലയത്തിൽ പഠിപ്പിക്കും. രാത്രിയിലോ അവിടെനിന്ന് ഇറങ്ങി ഒലിവുമലയിൽ പോയി താമസിക്കും. 38 ആളുകളെല്ലാം അതിരാവിലെതന്നെ യേശു പറയുന്നതു കേൾക്കാൻ ദേവാലയത്തിലേക്കു വരുമായിരുന്നു.
22 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ+ അടുത്തുവരുകയായിരുന്നു.+ 2 മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാൻ പറ്റിയ ഏറ്റവും നല്ല വഴി ഏതെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു.+ കാരണം അവർക്ക് ആളുകളെ പേടിയായിരുന്നു.+ 3 അപ്പോൾ പന്ത്രണ്ടു പേരിൽ* ഒരാളായ, ഈസ്കര്യോത്ത് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിൽ സാത്താൻ കടന്നു.+ 4 യൂദാസ് ചെന്ന് മുഖ്യപുരോഹിതന്മാർ, ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ എന്നിവരുമായി യേശുവിനെ അവർക്ക് എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു കൂടിയാലോചിച്ചു.+ 5 അവർക്കു വലിയ സന്തോഷമായി. അവർ യൂദാസിനു പണം* കൊടുക്കാമെന്ന് ഏറ്റു.+ 6 യൂദാസിന് അതു സമ്മതമായി. ജനക്കൂട്ടം അടുത്തില്ലാത്ത നേരം നോക്കി യേശുവിനെ ഒറ്റിക്കൊടുക്കാൻ അയാൾ തക്കംനോക്കി നടന്നു.
7 പെസഹാമൃഗത്തെ അർപ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി.+ 8 യേശു പത്രോസിനോടും യോഹന്നാനോടും പറഞ്ഞു: “പോയി നമുക്കു പെസഹ ഭക്ഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തുക.”+ 9 അവർ യേശുവിനോട്, “ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്” എന്നു ചോദിച്ചപ്പോൾ 10 യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലുമ്പോൾ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ അയാൾ കയറുന്ന വീട്ടിലേക്കു ചെല്ലുക.+ 11 എന്നിട്ട് വീട്ടുടമസ്ഥനോട്, ‘“എനിക്കു ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ്” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയുക. 12 അപ്പോൾ അയാൾ മുകളിലത്തെ നിലയിൽ, വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണിച്ചുതരും. അവിടെ പെസഹ ഒരുക്കുക.” 13 അങ്ങനെ അവർ പോയി, യേശു പറഞ്ഞതുപോലെതന്നെ കണ്ടു, പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
14 സമയമായപ്പോൾ യേശു അപ്പോസ്തലന്മാരോടൊപ്പം മേശയ്ക്കരികിൽ വന്ന് ഇരുന്നു.+ 15 യേശു അവരോടു പറഞ്ഞു: “കഷ്ടത അനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടൊപ്പം ഈ പെസഹ കഴിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. 16 ദൈവരാജ്യത്തിൽ ഇതു നിവൃത്തിയാകുന്നതുവരെ ഞാൻ ഇനി ഇതു കഴിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 17 പിന്നെ യേശു ഒരു പാനപാത്രം വാങ്ങി ദൈവത്തോടു നന്ദി പറഞ്ഞിട്ട് പറഞ്ഞു: “ഇതു വാങ്ങി നിങ്ങൾ ഓരോരുത്തരും അടുത്തയാൾക്കു കൈമാറുക. 18 ഇനി ദൈവരാജ്യം വരുന്നതുവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+
19 പിന്നെ യേശു ഒരു അപ്പം എടുത്ത്+ നന്ദി പറഞ്ഞശേഷം നുറുക്കി അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നൽകാനിരിക്കുന്ന എന്റെ ശരീരത്തിന്റെ പ്രതീകമാണ്.+ എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 20 അത്താഴം കഴിച്ചശേഷം പാനപാത്രം എടുത്തും യേശു അതുപോലെതന്നെ ചെയ്തു. യേശു പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയാൻപോകുന്ന എന്റെ രക്തത്തിന്റെ+ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീകമാണ്.+
21 “എന്നാൽ ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് ഈ മേശയിൽത്തന്നെയുണ്ട്.+ 22 മുൻകൂട്ടി നിശ്ചയിച്ചതുപോലെ മനുഷ്യപുത്രൻ പോകുന്നു.+ എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!”+ 23 അപ്പോൾ, അതു ചെയ്യാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആരായിരിക്കും എന്ന് അവർ തമ്മിൽത്തമ്മിൽ ചോദിച്ചുതുടങ്ങി.+
24 തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.+ 25 യേശു അവരോടു പറഞ്ഞു: “ജനതകളുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം നടത്തുന്നു. അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവർ സാമൂഹ്യസേവകർ എന്നു പേരെടുക്കുന്നു.+ 26 നിങ്ങളോ അങ്ങനെയായിരിക്കരുത്.+ നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെയും+ നേതൃത്വമെടുക്കുന്നവൻ ശുശ്രൂഷ ചെയ്യുന്നവനെപ്പോലെയും ആയിരിക്കട്ടെ.+ 27 ആരാണു വലിയവൻ? ഭക്ഷണത്തിന് ഇരിക്കുന്നവനോ* വിളമ്പിക്കൊടുക്കാൻ നിൽക്കുന്നവനോ? ഭക്ഷണത്തിന് ഇരിക്കുന്നവനല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്.+
28 “എന്തായാലും നിങ്ങളാണ് എന്റെ പരീക്ഷകളിൽ+ എന്റെകൂടെ നിന്നവർ.+ 29 എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ ഞാനും നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി.+ 30 അങ്ങനെ, എന്റെ രാജ്യത്തിൽ നിങ്ങൾ എന്റെകൂടെ ഇരുന്ന് എന്റെ മേശയിൽനിന്ന് ഭക്ഷിച്ച് പാനം ചെയ്യും.+ സിംഹാസനങ്ങളിൽ ഇരുന്ന്+ ഇസ്രായേലിന്റെ 12 ഗോത്രങ്ങളെയും ന്യായം വിധിക്കുകയും ചെയ്യും.+
31 “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെയെല്ലാം ഗോതമ്പു പാറ്റുന്നതുപോലെ പാറ്റാൻ അനുവാദം ചോദിച്ചിരിക്കുന്നു.+ 32 എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്.+ നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം.”+ 33 അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, അങ്ങയുടെകൂടെ ജയിലിൽ പോകാനും മരിക്കാനും ഞാൻ ഒരുക്കമാണ്”+ എന്നു പറഞ്ഞു. 34 എന്നാൽ യേശു പറഞ്ഞു: “പത്രോസേ, ഇന്നു കോഴി കൂകുംമുമ്പ്, എന്നെ അറിയില്ല എന്നു നീ മൂന്നു പ്രാവശ്യം പറയും എന്നു ഞാൻ നിന്നോടു പറയുന്നു.”+
35 പിന്നെ യേശു അവരോട്, “പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ ചെരിപ്പോ ഒന്നുമില്ലാതെ+ ഞാൻ നിങ്ങളെ അയച്ചിട്ടും നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദിച്ചു. “ഇല്ല”* എന്ന് അവർ പറഞ്ഞു. 36 അപ്പോൾ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ, പണസ്സഞ്ചിയുള്ളവൻ അത് എടുക്കട്ടെ. ഭക്ഷണസഞ്ചിയുള്ളവൻ അതും എടുക്കട്ടെ. വാളില്ലാത്തവൻ പുറങ്കുപ്പായം വിറ്റ് ഒരെണ്ണം വാങ്ങട്ടെ. 37 കാരണം, ഞാൻ നിങ്ങളോടു പറയുന്നു, ‘അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി’+ എന്ന് എഴുതിയിരിക്കുന്നത് എന്നിൽ നിറവേറണം. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്പോൾ സംഭവിക്കുകയാണ്.”+ 38 അപ്പോൾ അവർ, “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്” എന്നു പറഞ്ഞു. “അതു മതി” എന്നു യേശു പറഞ്ഞു.
39 പിന്നെ യേശു പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും കൂടെ പോയി.+ 40 അവിടെ എത്തിയപ്പോൾ യേശു അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞു.+ 41 പിന്നെ യേശു അവരുടെ അടുത്തുനിന്ന് ഒരു കല്ലേറുദൂരത്തോളം മാറി മുട്ടുകുത്തി പ്രാർഥിക്കാൻതുടങ്ങി: 42 “പിതാവേ, അങ്ങയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43 അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി യേശുവിനെ ബലപ്പെടുത്തി.+ 44 എന്നാൽ കടുത്ത മനോവേദനയിലായിരുന്നതുകൊണ്ട് യേശു കൂടുതൽ തീവ്രതയോടെ പ്രാർഥിച്ചുകൊണ്ടിരുന്നു.+ യേശുവിന്റെ വിയർപ്പു രക്തത്തുള്ളികൾപോലെയായി നിലത്ത് വീണു. 45 യേശു പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുത്ത് ചെന്നപ്പോൾ അവർ സങ്കടംകൊണ്ട് തളർന്ന് മയങ്ങുന്നതു കണ്ടു. 46 യേശു അവരോടു ചോദിച്ചു: “നിങ്ങൾ ഉറങ്ങുകയാണോ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എഴുന്നേറ്റ് പ്രാർഥിച്ചുകൊണ്ടിരിക്കുക.”+
47 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ അതാ, ഒരു ജനക്കൂട്ടം അവിടേക്കു വരുന്നു. പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കാൻ അടുത്ത് ചെന്നു.+ 48 യേശു ചോദിച്ചു: “യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?” 49 എന്താണു സംഭവിക്കാൻപോകുന്നതെന്നു കണ്ടിട്ട് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ, “കർത്താവേ, ഞങ്ങൾ വാൾ എടുത്ത് വെട്ടട്ടേ” എന്നു ചോദിച്ചു. 50 അവരിൽ ഒരാൾ മഹാപുരോഹിതന്റെ അടിമയെ വെട്ടുകയും ചെയ്തു. അയാളുടെ വലതുചെവി അറ്റുപോയി.+ 51 എന്നാൽ യേശു, “ഇനിയൊന്നും ചെയ്യരുത്” എന്നു പറഞ്ഞിട്ട് അയാളുടെ ചെവിയിൽ തൊട്ട് സുഖപ്പെടുത്തി. 52 പിന്നെ, തന്നെ പിടിക്കാൻ വന്ന മുഖ്യപുരോഹിതന്മാരോടും ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികളോടും മൂപ്പന്മാരോടും ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്?+ 53 ഞാൻ ദിവസവും നിങ്ങളോടൊപ്പം ദേവാലയത്തിലുണ്ടായിരുന്നിട്ടും+ നിങ്ങൾ എന്നെ പിടികൂടിയില്ല.+ എന്നാൽ, ഇത് ഇപ്പോൾ നിങ്ങളുടെ സമയമാണ്, ഇരുട്ടു വാഴുന്ന സമയം.”+
54 അവർ യേശുവിനെ അറസ്റ്റു ചെയ്ത് മഹാപുരോഹിതന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ പത്രോസ് കുറെ അകലം പാലിച്ച് പുറകേ ചെന്നു.+ 55 അവരെല്ലാം നടുമുറ്റത്ത് തീ കായാൻ ഇരുന്നപ്പോൾ പത്രോസും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 56 അപ്പോൾ ഒരു വേലക്കാരിപ്പെൺകുട്ടി തീയുടെ വെളിച്ചത്തിൽ പത്രോസിനെ കണ്ടിട്ട് സൂക്ഷിച്ചുനോക്കി, “ഇയാളും ആ മനുഷ്യന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 57 എന്നാൽ പത്രോസ് അതു നിഷേധിച്ചുകൊണ്ട് അവളോട്, “എനിക്ക് അയാളെ അറിയില്ല” എന്നു പറഞ്ഞു.+ 58 അൽപ്പനേരം കഴിഞ്ഞപ്പോൾ മറ്റൊരാൾ പത്രോസിനെ കണ്ടിട്ട്, “നിങ്ങളും അവരിൽ ഒരാളാണല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “അല്ല” എന്നു പറഞ്ഞു.+ 59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരാൾ വന്ന് ഇങ്ങനെ തറപ്പിച്ചുപറഞ്ഞു: “ഈ മനുഷ്യനും അയാളോടൊപ്പമുണ്ടായിരുന്നു, തീർച്ച. കാരണം, ഇയാൾ ഒരു ഗലീലക്കാരനാണ്.” 60 എന്നാൽ പത്രോസ് അയാളോട്, “താങ്കൾ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല” എന്നു പറഞ്ഞു. പത്രോസ് അതു പറഞ്ഞുതീർന്നില്ല, അതിനു മുമ്പേ കോഴി കൂകി. 61 അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിന്റെ മുഖത്തേക്കു നോക്കി. “ഇന്നു കോഴി കൂകുംമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും” എന്നു കർത്താവ് തന്നോടു പറഞ്ഞതു പത്രോസ് അപ്പോൾ ഓർത്തു.+ 62 പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.
63 യേശുവിനു കാവൽ നിന്നവർ യേശുവിനെ കളിയാക്കാനും+ അടിക്കാനും തുടങ്ങി.+ 64 അവർ യേശുവിന്റെ മുഖം മൂടിയിട്ട്, “നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്ക്” എന്നു പറയുന്നുണ്ടായിരുന്നു. 65 അവർ യേശുവിനെക്കുറിച്ച് ദൈവനിന്ദാകരമായ പലതും പറഞ്ഞു.
66 നേരം വെളുത്തപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ഉൾപ്പെട്ട, ജനത്തിന്റെ മൂപ്പന്മാരുടെ സംഘം ഒന്നിച്ചുകൂടി.+ അവർ യേശുവിനെ സൻഹെദ്രിൻ ഹാളിൽ കൊണ്ടുപോയിട്ട് ചോദിച്ചു: 67 “പറയൂ, നീ ക്രിസ്തുവാണോ?”+ അപ്പോൾ യേശു പറഞ്ഞു: “ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ല. 68 മാത്രമല്ല, ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങളും ഉത്തരം പറയില്ലല്ലോ. 69 എന്നാൽ ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കും”+ എന്നു പറഞ്ഞു. 70 ഇതു കേട്ട് അവർ എല്ലാവരും, “അപ്പോൾ നീ ദൈവപുത്രനാണെന്നാണോ” എന്നു ചോദിച്ചു. യേശു അവരോട്, “ആണെന്നു നിങ്ങൾതന്നെ പറയുന്നല്ലോ” എന്നു പറഞ്ഞു. 71 അപ്പോൾ അവർ പറഞ്ഞു: “നമുക്ക് ഇനി മറ്റാരുടെയെങ്കിലും മൊഴി എന്തിനാണ്? അവന്റെ വായിൽനിന്നുതന്നെ നമ്മൾ അതു കേട്ടല്ലോ.”+
23 അപ്പോൾ ജനക്കൂട്ടം എഴുന്നേറ്റു. എല്ലാവരും ചേർന്ന് യേശുവിനെ പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോയി.+ 2 “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു വിലക്കുകയും+ താൻ ക്രിസ്തുവെന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു”+ എന്നു പറഞ്ഞ് അവർ യേശുവിന് എതിരെ കുറ്റാരോപണം നടത്താൻതുടങ്ങി.+ 3 പീലാത്തൊസ് യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്നു യേശു പറഞ്ഞു. 4 അപ്പോൾ പീലാത്തൊസ് മുഖ്യപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും, “ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല”+ എന്നു പറഞ്ഞു. 5 പക്ഷേ അവർ വിട്ടുകൊടുക്കാൻ തയ്യാറാകാതെ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യയിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു” എന്നു പറഞ്ഞു. 6 ഇതു കേട്ടിട്ട് പീലാത്തൊസ് യേശു ഗലീലക്കാരനാണോ എന്നു ചോദിച്ചു. 7 യേശു ഹെരോദിന്റെ അധികാരപരിധിയിൽപ്പെട്ടവനാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാത്തൊസ് യേശുവിനെ ഹെരോദിന്റെ അടുത്തേക്ക് അയച്ചു. ആ സമയത്ത് ഹെരോദ് യരുശലേമിലുണ്ടായിരുന്നു.
8 യേശുവിനെ കണ്ടപ്പോൾ ഹെരോദിനു വലിയ സന്തോഷമായി. യേശുവിനെക്കുറിച്ച് ധാരാളം കേട്ടിരുന്നതുകൊണ്ട് ഒന്നു നേരിൽ കാണാൻ ഏറെക്കാലമായി അദ്ദേഹം ആഗ്രഹിച്ചിരിക്കുകയായിരുന്നു.+ യേശു എന്തെങ്കിലും അടയാളം ചെയ്യുന്നതു കാണാമെന്ന പ്രതീക്ഷയും ഹെരോദിനുണ്ടായിരുന്നു. 9 ഹെരോദ് നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു ഒരു മറുപടിയും പറഞ്ഞില്ല.+ 10 എന്നാൽ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും വീറോടെ യേശുവിന് എതിരെ കുറ്റാരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. 11 ഹെരോദും കാവൽഭടന്മാരും യേശുവിനോട് ആദരവില്ലാതെ പെരുമാറി.+ യേശുവിനെ കളിയാക്കാനായി+ ഹെരോദ് യേശുവിനെ നിറപ്പകിട്ടുള്ള* ഒരു വസ്ത്രം ധരിപ്പിച്ചിട്ട് പീലാത്തൊസിന്റെ അടുത്തേക്കു തിരിച്ചയച്ചു.+ 12 അതുവരെ ശത്രുതയിലായിരുന്ന ഹെരോദും പീലാത്തൊസും അന്നു സ്നേഹിതന്മാരായി മാറി.
13 അപ്പോൾ പീലാത്തൊസ് മുഖ്യപുരോഹിതന്മാരെയും പ്രമാണിമാരെയും ജനത്തെയും വിളിച്ചുകൂട്ടി 14 അവരോടു പറഞ്ഞു: “ആളുകളെ കലാപത്തിനു പ്രേരിപ്പിക്കുന്നെന്നു പറഞ്ഞാണല്ലോ നിങ്ങൾ ഈ മനുഷ്യനെ എന്റെ അടുത്ത് കൊണ്ടുവന്നത്. എന്നാൽ നിങ്ങളുടെ മുന്നിൽവെച്ച് ഞാൻ ഇയാളെ വിസ്തരിച്ചിട്ടും നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും കണ്ടില്ല.+ 15 ഹെരോദും കണ്ടില്ല. ഹെരോദ് ഇയാളെ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചല്ലോ. മരണശിക്ഷ അർഹിക്കുന്ന ഒന്നും ഇയാൾ ചെയ്തിട്ടില്ല. 16 അതുകൊണ്ട് വേണ്ട ശിക്ഷ കൊടുത്തിട്ട്+ ഞാൻ ഇയാളെ വിട്ടയയ്ക്കാൻപോകുകയാണ്.” 17 *—— 18 പക്ഷേ ജനമെല്ലാം ഇങ്ങനെ ആർത്തുവിളിച്ചു: “ഇവനെ കൊന്നുകളയൂ,* ബറബ്ബാസിനെ വിട്ടുതരൂ!”+ 19 (ഈ ബറബ്ബാസാകട്ടെ കൊലപാതകത്തിന്റെയും നഗരത്തിലുണ്ടായ കലാപത്തിന്റെയും പേരിൽ ജയിലിൽ കിടക്കുന്നവനായിരുന്നു.) 20 യേശുവിനെ വിട്ടയയ്ക്കാനുള്ള ആഗ്രഹംകൊണ്ട് പീലാത്തൊസ് വീണ്ടും അവരോടു സംസാരിച്ചുനോക്കി.+ 21 എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അലറി.+ 22 മൂന്നാമതും പീലാത്തൊസ് അവരോടു പറഞ്ഞു: “എന്തിന്? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്തു? മരണം അർഹിക്കുന്നതൊന്നും ഞാൻ ഇയാളിൽ കാണുന്നില്ല.+ അതുകൊണ്ട് ഞാൻ ഇയാളെ ശിക്ഷിച്ചിട്ട് വിട്ടയയ്ക്കുകയാണ്.” 23 അപ്പോൾ, അവർ യേശുവിനെ വധിക്കണമെന്നു* ശഠിച്ചുകൊണ്ട് വല്ലാതെ ബഹളം വെക്കാൻതുടങ്ങി.+ ഒടുവിൽ അതു ഫലം കണ്ടു. 24 അവർ ആവശ്യപ്പെടുന്നതുപോലെ നടക്കട്ടെ എന്നു പീലാത്തൊസ് വിധിച്ചു. 25 കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ ജയിലിലാക്കിയിരുന്നവനെ അവർ ആവശ്യപ്പെട്ടതുപോലെ പീലാത്തൊസ് വിട്ടയച്ചു. എന്നാൽ യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു.
26 യേശുവിനെ കൊണ്ടുപോകുമ്പോൾ നാട്ടിൻപുറത്തുനിന്ന് വരുകയായിരുന്ന കുറേനക്കാരനായ ശിമോനെ അവർ പിടിച്ചുനിറുത്തി. എന്നിട്ട് യേശുവിന്റെ പിന്നാലെ ദണ്ഡനസ്തംഭം ചുമന്നുകൊണ്ട് ചെല്ലാൻ, ശിമോന്റെ മേൽ അതു വെച്ചുകൊടുത്തു.+ 27 ഒരു വലിയ ജനാവലി യേശുവിന്റെ പിന്നാലെ ചെന്നു. യേശുവിനെച്ചൊല്ലി നെഞ്ചത്തടിച്ച് കരയുകയും അലമുറയിടുകയും ചെയ്യുന്ന അനേകം സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 28 യേശു ആ സ്ത്രീകളുടെ നേരെ തിരിഞ്ഞ് അവരോടു പറഞ്ഞു: “യരുശലേംപുത്രിമാരേ, എന്നെ ഓർത്ത് കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയൂ.+ 29 കാരണം, ‘പ്രസവിക്കുകയോ മുലയൂട്ടുകയോ ചെയ്യാത്ത വന്ധ്യമാരായ സ്ത്രീകൾ സന്തുഷ്ടർ’ എന്ന് ആളുകൾ പറയുന്ന കാലം ഇതാ വരുന്നു.+ 30 അന്ന് അവർ മലകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+ 31 മരം പച്ചയായിരിക്കുമ്പോൾ സ്ഥിതി ഇതാണെങ്കിൽ അത് ഉണങ്ങിക്കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ?”
32 യേശുവിന്റെകൂടെ വധിക്കാൻ രണ്ടു കുറ്റവാളികളെയും കൊണ്ടുപോയിരുന്നു.+ 33 തലയോടിടം+ എന്നു വിളിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു. കുറ്റവാളികളെയോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+ 34 അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.+ പിന്നെ അവർ യേശുവിന്റെ വസ്ത്രങ്ങൾ വീതിച്ചെടുക്കാൻ നറുക്കിട്ടു.+ 35 ആളുകൾ ഇതെല്ലാം നോക്കിക്കൊണ്ട് നിന്നു. പ്രമാണിമാരാകട്ടെ യേശുവിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചല്ലോ. ഇവൻ ദൈവത്തിന്റെ അഭിഷിക്തനും* തിരഞ്ഞെടുക്കപ്പെട്ടവനും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ 36 പടയാളികളും അടുത്ത് ചെന്ന് പുളിച്ച വീഞ്ഞു+ യേശുവിനു നേരെ നീട്ടി കളിയാക്കി ഇങ്ങനെ പറഞ്ഞു: 37 “നീ ജൂതന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.” 38 “ഇതു ജൂതന്മാരുടെ രാജാവ്”+ എന്ന് അവർ യേശുവിന്റെ തലയ്ക്കു മുകളിൽ എഴുതിവെച്ചിരുന്നു.
39 സ്തംഭത്തിൽ കിടന്ന കുറ്റവാളികളിൽ ഒരാൾ ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “നീ ക്രിസ്തുവാണല്ലേ? എങ്കിൽ നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക്.” 40 അപ്പോൾ മറ്റേ ആൾ അയാളെ ശകാരിച്ചുകൊണ്ട് ചോദിച്ചു: “ഈ മനുഷ്യന്റെ അതേ ശിക്ഷാവിധി കിട്ടിയിട്ടും നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലേ? 41 നമുക്ക് ഈ ശിക്ഷ ലഭിച്ചതു ന്യായമാണ്. നമ്മൾ ചെയ്തുകൂട്ടിയതിനു കിട്ടേണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്തിട്ടില്ല.” 42 പിന്നെ അയാൾ, “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ”+ എന്നു പറഞ്ഞു. 43 അപ്പോൾ യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.”+
44 അപ്പോൾ ഏകദേശം ആറാം മണിയായിരുന്നു. എന്നിട്ടും നാട്ടിലെങ്ങും* ഇരുട്ടു പരന്നു. ഒൻപതാം മണിവരെ അങ്ങനെ നിന്നു.+ 45 കാരണം സൂര്യപ്രകാശം മങ്ങിപ്പോയി. കൂടാതെ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ നെടുകെ കീറിപ്പോയി.+ 46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.+ 47 സംഭവിച്ചതു കണ്ടിട്ട് സൈനികോദ്യോഗസ്ഥൻ, “ശരിക്കും ഈ മനുഷ്യൻ നീതിമാനായിരുന്നു” എന്നു പറഞ്ഞ് ദൈവത്തെ സ്തുതിച്ചു.+ 48 സംഭവം കാണാൻ വന്നുകൂടിയ ജനം നടന്നതെല്ലാം കണ്ടിട്ടു നെഞ്ചത്തടിച്ചുകൊണ്ട് വീട്ടിലേക്കു തിരിച്ചുപോയി. 49 ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ യേശുവിന്റെ പരിചയക്കാരെല്ലാം ഇതൊക്കെ കണ്ടുകൊണ്ട് ദൂരെ നിൽക്കുന്നുണ്ടായിരുന്നു.+
50 യോസേഫ് എന്നു പേരുള്ള നല്ലവനും നീതിമാനും ആയ ഒരാളുണ്ടായിരുന്നു.+ അദ്ദേഹം ന്യായാധിപസഭയിലെ ഒരു അംഗമായിരുന്നു. 51 (യോസേഫ് അവരുടെ കുടിലപദ്ധതിയെയും പ്രവൃത്തിയെയും അനുകൂലിച്ച് വോട്ടു ചെയ്തില്ലായിരുന്നു.) യഹൂദ്യരുടെ ഒരു നഗരമായ അരിമഥ്യയിൽനിന്നുള്ള യോസേഫ് ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്നയാളാണ്. 52 യോസേഫ് പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു. 53 അതു താഴെ ഇറക്കി+ മേന്മയേറിയ ഒരു ലിനൻതുണിയിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ അതുവരെ ആരെയും അതിൽ അടക്കിയിട്ടില്ലായിരുന്നു. 54 അന്ന് ഒരുക്കനാളായിരുന്നു.+ ശബത്ത്+ ആരംഭിക്കാറായിരുന്നു. 55 ഗലീലയിൽനിന്ന് യേശുവിന്റെകൂടെ വന്ന സ്ത്രീകളും ഒപ്പം ചെന്ന് കല്ലറയും അതിൽ യേശുവിന്റെ ശരീരം വെച്ചിരിക്കുന്നതും കണ്ടു.+ 56 പിന്നെ അവർ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധതൈലങ്ങളും ഒരുക്കാൻവേണ്ടി മടങ്ങിപ്പോയി. ശബത്തിൽ പക്ഷേ അവർ കല്പനയനുസരിച്ച് വിശ്രമിച്ചു.+
24 പക്ഷേ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെതന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധവ്യഞ്ജനങ്ങളുമായി അവർ കല്ലറയുടെ അടുത്ത് ചെന്നു.+ 2 എന്നാൽ കല്ലറയുടെ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നത് അവർ കണ്ടു.+ 3 അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെയില്ല.+ 4 അവർ അങ്ങനെ അമ്പരന്നുനിന്നപ്പോൾ, ശോഭയേറിയ വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അതാ, അരികെ നിൽക്കുന്നു! 5 സ്ത്രീകൾ പേടിച്ച് തല കുനിച്ചുനിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോടു ചോദിച്ചു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ തിരയുന്നത് എന്തിനാണ്?+ 6 യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഗലീലയിൽവെച്ച് യേശു നിങ്ങളോടു പറഞ്ഞത് ഓർത്തുനോക്കൂ. 7 മനുഷ്യപുത്രനെ പാപികളുടെ കൈയിൽ ഏൽപ്പിക്കുകയും അവർ അവനെ സ്തംഭത്തിലേറ്റുകയും മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നു യേശു പറഞ്ഞിരുന്നില്ലേ?”+ 8 അപ്പോൾ അവർ യേശുവിന്റെ വാക്കുകൾ ഓർത്തു.+ 9 കല്ലറയിൽനിന്ന്* മടങ്ങിവന്ന അവർ ഇതൊക്കെ പതിനൊന്നു പേരെയും* മറ്റെല്ലാവരെയും അറിയിച്ചു.+ 10 മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മയായ മറിയ എന്നിവരായിരുന്നു കല്ലറയിലേക്കു പോയ സ്ത്രീകൾ. അവരോടൊപ്പമുണ്ടായിരുന്ന മറ്റു സ്ത്രീകളും+ അപ്പോസ്തലന്മാരോട് ഇതെക്കുറിച്ച് പറഞ്ഞു. 11 എന്നാൽ അവർ പറഞ്ഞതൊക്കെ ഒരു കെട്ടുകഥപോലെ തോന്നിയതുകൊണ്ട് അവർ ആ സ്ത്രീകളെ വിശ്വസിച്ചില്ല.
12 എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയുടെ* അടുത്തേക്ക് ഓടി. കല്ലറയുടെ അകത്തേക്കു നോക്കിയപ്പോൾ അവിടെ ലിനൻതുണികളല്ലാതെ ഒന്നും കണ്ടില്ല. എന്തായിരിക്കും സംഭവിച്ചതെന്ന് അത്ഭുതപ്പെട്ടുകൊണ്ട് പത്രോസ് അവിടെനിന്ന് പോന്നു.
13 അന്നേ ദിവസം അവരിൽ രണ്ടു പേർ യരുശലേമിൽനിന്ന് ഏകദേശം 11 കിലോമീറ്റർ ദൂരെയുള്ള എമ്മാവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. 14 സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു.
15 അവർ ഇങ്ങനെ പറഞ്ഞും ചർച്ച ചെയ്തും നടക്കുമ്പോൾ യേശുവും അടുത്ത് എത്തി അവരുടെകൂടെ നടക്കാൻതുടങ്ങി. 16 എന്നാൽ യേശുവിനെ തിരിച്ചറിയാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ മറയ്ക്കപ്പെട്ടിരുന്നു.+ 17 യേശു അവരോട്, “എന്തിനെക്കുറിച്ചാണു നിങ്ങൾ ഇത്ര കാര്യമായി സംസാരിക്കുന്നത്” എന്നു ചോദിച്ചു. അവരാകട്ടെ വാടിയ മുഖത്തോടെ നിന്നു. 18 പിന്നെ ക്ലെയൊപ്പാവ് എന്നു പേരുള്ളയാൾ യേശുവിനോടു ചോദിച്ചു: “ഈ ദിവസങ്ങളിൽ യരുശലേമിൽ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട് കഴിയുന്ന വല്ല അന്യനാട്ടുകാരനുമാണോ?”* 19 “ഏതു സംഭവങ്ങൾ” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “നസറെത്തുകാരനായ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ.+ ദൈവത്തിന്റെയും ജനത്തിന്റെയും മുമ്പാകെ യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ ഒരു പ്രവാചകനായിരുന്നു.+ 20 ഞങ്ങളുടെ മുഖ്യപുരോഹിതന്മാരും പ്രമാണിമാരും യേശുവിനു മരണശിക്ഷ വിധിക്കാൻ ഏൽപ്പിച്ചുകൊടുത്തു.+ ഒടുവിൽ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു.+ 21 എന്നാൽ യേശു ഇസ്രായേലിനെ മോചിപ്പിക്കും എന്നാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്.+ പക്ഷേ എല്ലാം സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. 22 മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ ഞങ്ങളോടു പറയുകയും ചെയ്തു: അവർ അതിരാവിലെ കല്ലറയിൽ* ചെന്ന് നോക്കിയപ്പോൾ+ 23 യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. പക്ഷേ ഒരു അസാധാരണകാഴ്ച കണ്ടെന്നും ദൈവദൂതന്മാർ പ്രത്യക്ഷരായി യേശു ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞെന്നും അവർ ഞങ്ങളെ അറിയിച്ചു. 24 അപ്പോൾ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിലരും കല്ലറയുടെ* അടുത്തേക്കു പോയി,+ സ്ത്രീകൾ പറഞ്ഞതു ശരിയാണെന്നു കണ്ട് ബോധ്യപ്പെട്ടു. പക്ഷേ അവരും യേശുവിനെ കണ്ടില്ല.”
25 യേശു അവരോട്, “ബുദ്ധിയില്ലാത്തവരേ, പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ മടികാണിക്കുന്ന ഹൃദയമുള്ളവരേ, 26 ക്രിസ്തു ഇതെല്ലാം സഹിച്ചിട്ടല്ലേ+ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്”+ എന്നു ചോദിച്ചു. 27 പിന്നെ, മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും+ തിരുവെഴുത്തുകളിൽ തന്നെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം യേശു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28 ഒടുവിൽ അവർ അവർക്കു പോകേണ്ട ഗ്രാമത്തിന് അടുത്ത് എത്തി. അപ്പോൾ യേശു മുമ്പോട്ടു പോകുന്നതായി ഭാവിച്ചു. 29 എന്നാൽ അവർ യേശുവിനെ നിർബന്ധിച്ചു: “ഞങ്ങളോടൊപ്പം താമസിക്ക്. നേരം വൈകിയല്ലോ, ഉടൻ ഇരുട്ടു വീഴും.” അപ്പോൾ യേശു അവരോടൊപ്പം താമസിക്കാൻ ചെന്നു. 30 അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ* യേശു ഒരു അപ്പം എടുത്ത് അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തു.+ 31 ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.+ 32 “യേശു വഴിയിൽവെച്ച് നമ്മളോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വ്യക്തമായി വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നു, അല്ലേ” എന്ന് അവർ തമ്മിൽ പറഞ്ഞു. 33 അപ്പോൾത്തന്നെ അവർ എഴുന്നേറ്റ് യരുശലേമിലേക്കു മടങ്ങി; പതിനൊന്നു പേരെയും അവരുടെകൂടെ കൂടിവന്നവരെയും കണ്ടു. 34 അവിടെ കൂടിയിരുന്നവർ, “കർത്താവ് ഉറപ്പായും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു, ശിമോനു പ്രത്യക്ഷനായി”+ എന്നു പറഞ്ഞു. 35 വഴിയിൽവെച്ച് സംഭവിച്ചതും അപ്പം നുറുക്കുമ്പോൾ യേശുവിനെ തിരിച്ചറിഞ്ഞതും+ അവരും വിവരിച്ചു.
36 അവർ ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന് നിന്ന് അവരോട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.+ 37 അവർ ഞെട്ടിത്തരിച്ചു. ആകെ പേടിച്ചുപോയ അവർ അത് ഒരു ആത്മവ്യക്തിയാണെന്നു വിചാരിച്ചു.+ 38 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്? നിങ്ങളുടെ ഹൃദയത്തിൽ സംശയങ്ങൾ ഉണ്ടാകുന്നത് എന്താണ്? 39 എന്റെ കൈകളും കാലുകളും നോക്ക്. ഇതു ഞാൻതന്നെയാണ്. എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” 40 ഇങ്ങനെ പറഞ്ഞിട്ട് യേശു കൈകളും കാലുകളും അവരെ കാണിച്ചു. 41 പക്ഷേ അവർ സന്തോഷവും ആശ്ചര്യവും കൊണ്ട് ഒന്നും വിശ്വസിക്കാനാകാതെ നിന്നു. അപ്പോൾ യേശു അവരോട്, “നിങ്ങളുടെ കൈയിൽ കഴിക്കാൻ എന്തെങ്കിലുമുണ്ടോ” എന്നു ചോദിച്ചു.+ 42 അവർ ചുട്ടെടുത്ത ഒരു കഷണം മീൻ കൊടുത്തു. 43 യേശു അതു വാങ്ങി അവരുടെ മുന്നിൽവെച്ച് കഴിച്ചു.
44 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെകൂടെയായിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ+ ഓർത്തുനോക്കൂ. മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം+ നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?” 45 അതു കഴിഞ്ഞ്, തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ യേശു അവരുടെ മനസ്സുകൾ മുഴുവനായി തുറന്നു.+ 46 യേശു അവരോടു പറഞ്ഞു: “ക്രിസ്തു കഷ്ടപ്പാടുകൾ സഹിക്കണമെന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർക്കണമെന്നും എഴുതിയിട്ടുണ്ട്.+ 47 കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ മാനസാന്തരപ്പെടണമെന്ന്, യരുശലേമിൽ തുടങ്ങി+ എല്ലാ ജനതകളോടും അവന്റെ നാമത്തിൽ പ്രസംഗിക്കണമെന്നും+ എഴുതിയിരിക്കുന്നു. 48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികളായിരിക്കണം.+ 49 എന്റെ പിതാവ് വാഗ്ദാനം ചെയ്തതു ഞാൻ നിങ്ങളുടെ മേൽ അയയ്ക്കാൻപോകുന്നു. ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതുവരെ നിങ്ങൾ ഈ നഗരത്തിൽത്തന്നെ താമസിക്കുക.”+
50 പിന്നെ യേശു അവരെ ബഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. 51 അവരെ അനുഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യേശു അവരെ വിട്ടുപിരിഞ്ഞു. യേശുവിനെ സ്വർഗത്തിലേക്ക് എടുത്തു.+ 52 അവർ യേശുവിനെ വണങ്ങിയിട്ട് വലിയ സന്തോഷത്തോടെ യരുശലേമിലേക്കു മടങ്ങി.+ 53 പിന്നെ അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട്+ എപ്പോഴും അവിടെയുള്ള ദേവാലയത്തിലുണ്ടായിരുന്നു.
അഥവാ “പൗരോഹിത്യാചാരമനുസരിച്ച്.”
അഥവാ “അമ്മയുടെ ഗർഭപാത്രത്തിൽവെച്ചുതന്നെ.”
അഥവാ “ഹൃദയവും.”
അഥവാ “അതിനുവേണ്ടി നിശ്ചയിച്ച സമയത്തുതന്നെ.”
അഥവാ “സെഖര്യ ഒരു ദിവ്യദർശനം കണ്ടെന്ന്.”
അഥവാ “സന്തുഷ്ട!”
അഥവാ “ഹൃദയം.”
അഥവാ “സന്തുഷ്ട.”
അക്ഷ. “വിത്തിനോടും.”
പദാവലിയിൽ “പരിച്ഛേദന” കാണുക.
അതായത്, മനോഭാവവും സ്വഭാവവും.
പദാവലിയിൽ “പരിച്ഛേദന” കാണുക.
പദാവലിയിൽ “നിയമം” കാണുക.
അക്ഷ. “ആദ്യമായി ഗർഭപാത്രം തുറക്കുന്ന ആണിനെ.”
അഥവാ “അങ്ങ് നൽകിയ രക്ഷ.”
അഥവാ “തിബെര്യൊസ് ചക്രവർത്തിയുടെ.”
പദാവലിയിൽ “വിജനഭൂമി” കാണുക.
അഥവാ “ദൈവം നൽകുന്ന രക്ഷ.”
അഥവാ “പിരിക്കരുത്.”
അഥവാ “ബലമായി പിടിച്ചുവാങ്ങുകയോ; ഭീഷണിപ്പെടുത്തുകയോ.”
അഥവാ “ആ ദൈവത്തിനു മാത്രമേ നീ വിശുദ്ധസേവനം ചെയ്യാവൂ.”
അഥവാ “ദൈവാത്മാവ് നിറഞ്ഞവനായി.”
അക്ഷ. “നിങ്ങളുടെ കാതുകളിലുള്ള.”
അഥവാ “കുന്നിന്റെ.”
അഥവാ “യജമാനനേ.”
അഥവാ “നിയമം അനുവദിക്കാത്ത.”
അഥവാ “തിന്നാൻ നിയമം അനുവദിക്കാത്ത.”
അഥവാ “തളർന്ന.”
അഥവാ “തളർന്ന.”
അഥവാ “നിയമാനുസൃതം?”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “ആക്ഷേപിക്കുകയും.”
അഥവാ “അവർക്കും എപ്പോഴും ചെയ്തുകൊടുക്കുക.”
അഥവാ “മോചിപ്പിക്കുക.”
അഥവാ “നിങ്ങളെയും മോചിപ്പിക്കും.”
അഥവാ “ശിഷ്യൻ.”
പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
അഥവാ “ഉണരൂ.”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “മേത്തരം വസ്ത്രം.”
അഥവാ “തങ്ങളോടുള്ള ദൈവത്തിന്റെ ഉപദേശത്തോട്.”
അഥവാ “ജ്ഞാനത്തെ അതിന്റെ മക്കൾ സാധൂകരിക്കും.”
അഥവാ “മേശയ്ക്കൽ ചാരിക്കിടന്നു.”
അഥവാ “വലുതാണെങ്കിലും.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
ഭൂതങ്ങളെ കുറിക്കുന്നു.
ഭൂതത്തെ കുറിക്കുന്നു.
മറ്റൊരു സാധ്യത “കുറെ കാലമായി അയാൾ അശുദ്ധാത്മാവിന്റെ പിടിയിലായിരുന്നു.”
അഥവാ “രക്ഷപ്പെട്ടത്.”
അഥവാ “തൊങ്ങലിൽ.”
അഥവാ “രക്ഷിച്ചത്.”
അഥവാ “ഉണരൂ!”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
മറ്റൊരു സാധ്യത “യേശുവിനോടൊപ്പം ചേർന്നു; യേശുവിന്റെകൂടെ ഉണ്ടായിരുന്നു.”
അഥവാ “വസ്ത്രം മിന്നലിന്റെ ശോഭയോടെ തിളങ്ങി.”
ഭൂതത്തെ കുറിക്കുന്നു.
അഥവാ “വഷളായിപ്പോയ.”
അഥവാ “ഞങ്ങളെപ്പോലെ അങ്ങയുടെ അനുഗാമിയല്ലാത്തതുകൊണ്ട്.”
അഥവാ “യജമാനനേ.”
അഥവാ “പിന്നിലുള്ള കാര്യങ്ങളിലേക്കു നോക്കുന്ന.”
അഥവാ “യജമാനനേ.”
അഥവാ “കർത്താവ് പഠിപ്പിക്കുന്നത്; കർത്താവിന്റെ സന്ദേശം.” അക്ഷ. “കർത്താവിന്റെ വചനം.”
അക്ഷ. “അപ്പം.”
അഥവാ “ദൈവരാജ്യം വന്നെത്തിയതു നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.”
ഭൂതത്തെ കുറിക്കുന്നു.
അഥവാ “സന്തോഷമുള്ളത്.”
അഥവാ “സന്തുഷ്ടർ.”
അഥവാ “തെളിവായി ഒരു അത്ഭുതം.”
അഥവാ “വെളിച്ചമുള്ളതായിരിക്കും.”
അഥവാ “കൊള്ളയും; കവർച്ചയും.”
മറ്റൊരു സാധ്യത “അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധിയുള്ളതായിരിക്കും.”
മറ്റൊരു സാധ്യത “ഭക്ഷ്യയോഗ്യമായ എല്ലാ തരം ചെടികളുടെയും.”
അഥവാ “നീതിയുള്ള വിധിയും.”
അക്ഷ. “ചെവിയിൽ പറയുന്നത്.”
അഥവാ “ഒന്നിനെപ്പോലും ദൈവം അവഗണിക്കുന്നില്ല; ഒന്നുപോലും ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കില്ല.”
അഥവാ “വിവാഹവിരുന്നിന്.”
അഥവാ “അദ്ദേഹം ആഗ്രഹിച്ചതു ചെയ്യാതെയും.”
അഥവാ “നിയമാനുസൃതമാണോ.”
അഥവാ “അപ്പോൾ നിങ്ങളുടെകൂടെ മേശയ്ക്കൽ ഭക്ഷണത്തിന് ഇരിക്കുന്ന എല്ലാവരുടെയും.”
അഥവാ “ദയവായി എന്നെ ഒഴിവാക്കാമോ?”
അഥവാ “വസ്തുവകകളും ഉപേക്ഷിക്കാതെ.”
അക്ഷ. “അവന്റെ കഴുത്തിൽ വീണ്.”
അഥവാ “ബലി അർപ്പിക്കണം.”
അഥവാ “ആരോഗ്യത്തോടെ.”
അഥവാ “നിങ്ങൾക്കു ശരിക്കും അർഹമായത് ആരെങ്കിലും തരുമോ?”
കറുത്ത മൾബറിപ്പഴം ഉണ്ടാകുന്ന മരം.
അഥവാ “രക്ഷപ്പെടുത്തിയത്.”
അതായത്, സൾഫർ.
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അഥവാ “രക്ഷിച്ചിരിക്കുന്നു.”
അഥവാ “ഞെരുക്കുന്ന.”
അഥവാ “നിമജ്ജനം.”
അഥവാ “അതോ മനുഷ്യർ തുടങ്ങിവെച്ചതോ?”
അഥവാ “നാണംകെടുത്തി.”
അക്ഷ. “ഗവർണറുടെ അധികാരത്തിനും.”
അഥവാ “സത്യത്തിനു ചേർച്ചയിൽ.”
അഥവാ “നിയമാനുസൃതമാണോ.”
അഥവാ “വസ്തുവകകൾ.”
അഥവാ “ദരിദ്രയായിരുന്നിട്ടും.”
അഥവാ “ക്രമസമാധാനലംഘനത്തെയും; കലാപങ്ങളെയും.”
അഥവാ “ഒറ്റിക്കൊടുക്കും.”
അക്ഷ. “ഭൂമിയിൽ.”
അഥവാ “മദ്യപാനവും.”
അഥവാ “ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന; അനുദിനജീവിതത്തിലെ.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അക്ഷ. “വെള്ളിപ്പണം.”
അഥവാ “മേശയ്ക്കൽ ചാരിക്കിടക്കുന്നവനോ.”
അഥവാ “ഒരു കുറവും വന്നില്ല.”
അഥവാ “തിളങ്ങുന്ന.”
അനു. എ3 കാണുക.
അക്ഷ. “ഇവനെ കൊണ്ടുപോകൂ.”
അഥവാ “സ്തംഭത്തിലേറ്റി കൊല്ലണമെന്ന്.”
അക്ഷ. “ക്രിസ്തുവും.”
അക്ഷ. “ഭൂമിയിൽ”
അഥവാ “സ്മാരകക്കല്ലറയിൽനിന്ന്.”
അതായത്, പതിനൊന്ന് അപ്പോസ്തലന്മാർ.
അഥവാ “സ്മാരകക്കല്ലറയുടെ.”
മറ്റൊരു സാധ്യത “യരുശലേം സന്ദർശിക്കാൻ വന്നവരിൽ ഇതൊന്നും അറിയാതെപോയ ഒരേ ഒരാൾ താങ്കളായിരിക്കും.”
അഥവാ “സ്മാരകക്കല്ലറയിൽ.”
അഥവാ “സ്മാരകക്കല്ലറയുടെ.”
അഥവാ “മേശയ്ക്കൽ ചാരിക്കിടന്നപ്പോൾ.”