മലാഖി
1 ഒരു പ്രഖ്യാപനം:
മലാഖിയിലൂടെ* യഹോവ ഇസ്രായേലിനു നൽകുന്ന സന്ദേശം:
2 യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചു.”+
പക്ഷേ നിങ്ങൾ, “അങ്ങ് ഞങ്ങളെ എങ്ങനെയാണു സ്നേഹിച്ചത്” എന്നു ചോദിക്കുന്നു.
യഹോവ പറയുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നില്ലേ?+ എന്നാൽ ഞാൻ യാക്കോബിനെ സ്നേഹിച്ചു, 3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+
4 “‘ഞങ്ങൾ തകർന്നുകിടക്കുന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന് നശിച്ചുകിടക്കുന്നതു പുനർനിർമിക്കും’ എന്ന് ഏദോം പറയുമെങ്കിലും സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത് ഇടിച്ചുകളയും. അവിടം “ദുഷ്ടതയുടെ നാട്” എന്നും അവിടെയുള്ളവർ “യഹോവ എന്നേക്കുമായി ശപിച്ച ആളുകൾ” എന്നും വിളിക്കപ്പെടും.+ 5 സ്വന്തം കണ്ണുകൊണ്ട് നിങ്ങൾ അതു കാണും; “ഇസ്രായേൽനാട്ടിൽ യഹോവ മഹത്ത്വപ്പെടട്ടെ” എന്നു നിങ്ങൾ പറയും.’”
6 “‘മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു.+ ഞാൻ അപ്പനാണെങ്കിൽ+ എനിക്കു കിട്ടേണ്ട ബഹുമാനം എവിടെ?+ ഞാൻ യജമാനനാണെങ്കിൽ* എന്നോടു തോന്നേണ്ട ഭയം* എവിടെ?’ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പേര് പുച്ഛിച്ചുതള്ളുന്ന പുരോഹിതന്മാരേ, നിങ്ങളോടാണു ഞാൻ ചോദിക്കുന്നത്.+
“‘പക്ഷേ, “ഞങ്ങൾ എപ്പോഴാണ് അങ്ങയുടെ പേരിനെ പുച്ഛിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു.’
7 “‘എന്റെ യാഗപീഠത്തിൽ മലിനമായ ആഹാരം* അർപ്പിച്ചുകൊണ്ടാണു നിങ്ങൾ അങ്ങനെ ചെയ്തത്.’
“‘“അങ്ങയെ ഞങ്ങൾ എങ്ങനെ മലിനമാക്കിയെന്നാണു പറയുന്നത്” എന്നു നിങ്ങൾ ചോദിക്കുന്നു.’
“‘“യഹോവയുടെ മേശ+ എന്തിനു കൊള്ളാം”* എന്നു നിങ്ങൾ പറഞ്ഞില്ലേ? 8 കണ്ണു കാണാത്ത മൃഗത്തെ ബലി അർപ്പിച്ചിട്ട് “അതു കുഴപ്പമില്ല” എന്നു നിങ്ങൾ പറയുന്നു. മുടന്തോ രോഗമോ ഉള്ളതിനെ അർപ്പിച്ചിട്ട്, “ഓ! ഇതൊന്നും സാരമില്ല”+ എന്നു നിങ്ങൾ പറയുന്നു.’”
“അവയെ നിങ്ങളുടെ ഗവർണർക്ക് ഒന്നു കൊടുത്തുനോക്കൂ. അയാൾക്ക് അത് ഇഷ്ടപ്പെടുമോ, അയാൾ നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ”എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.
9 “അതുകൊണ്ട് പ്രീതി ലഭിക്കേണ്ടതിനു നിങ്ങൾ ഇപ്പോൾ ദയവായി ദൈവത്തോട് അപേക്ഷിക്കൂ. നിങ്ങൾ ഇത്തരം യാഗങ്ങൾ അർപ്പിച്ചാൽ ദൈവം നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.
10 “കാശു വാങ്ങാതെ നിങ്ങൾ വാതിൽ അടയ്ക്കാറുണ്ടോ?*+ എന്റെ യാഗപീഠത്തിൽ തീ കത്തിക്കാൻപോലും നിങ്ങൾ പണം വാങ്ങാറില്ലേ?+ എനിക്കു നിങ്ങളോട് ഒരു താത്പര്യവുമില്ല. നിങ്ങൾ അർപ്പിക്കുന്ന കാഴ്ചകൾ എനിക്ക് ഒട്ടും ഇഷ്ടമല്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
11 “സൂര്യോദയംമുതൽ സൂര്യാസ്തമയംവരെ* എന്റെ പേര് ജനതകളുടെ ഇടയിൽ വലുതായിരിക്കും.+ എല്ലായിടത്തും ബലികൾ അർപ്പിക്കുന്നതിന്റെ പുക ഉയരും. എന്റെ നാമത്തിൽ യാഗങ്ങൾ വിശുദ്ധകാഴ്ചയായി അർപ്പിക്കും. കാരണം എന്റെ പേര് ജനതകളുടെ ഇടയിൽ വലുതായിരിക്കും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
12 “‘യഹോവയുടെ മേശ മലിനമാണ്; അതിലെ ആഹാരവും പഴങ്ങളും എല്ലാം നിന്ദ്യമായി കരുതേണ്ടതാണ്’+ എന്നു പറഞ്ഞ് നിങ്ങൾ അത്* അശുദ്ധമാക്കുന്നു.+ 13 ‘ഹും! ഞാൻ മടുത്തു’ എന്നു പറഞ്ഞ് നിങ്ങൾ അതിൽ നോക്കി ചീറുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “മോഷ്ടിച്ച മൃഗത്തെയും മുടന്തും രോഗവും ഉള്ളതിനെയും നിങ്ങൾ കൊണ്ടുവരുന്നു. ഇതൊക്കെയാണു നിങ്ങൾ എനിക്കു നൽകുന്ന കാഴ്ച! അതു ഞാൻ സ്വീകരിക്കണമെന്നാണോ”+ എന്ന് യഹോവ ചോദിക്കുന്നു.
14 “നേർച്ച നേർന്നിട്ട്, തന്റെ മൃഗങ്ങളുടെ കൂട്ടത്തിലെ ആരോഗ്യമുള്ള ആണിനെ അർപ്പിക്കാതെ ചാകാറായതിനെ* യഹോവയ്ക്കു ബലി അർപ്പിക്കുന്ന കുരുട്ടുബുദ്ധിക്കാരൻ ശപിക്കപ്പെട്ടവൻ! ഞാൻ മഹാനായ രാജാവാണ്.+ എന്റെ പേര് ജനതകളുടെ ഇടയിൽ ഭയാദരവ് ഉണർത്തും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
2 “അതുകൊണ്ട് പുരോഹിതന്മാരേ, ഈ കല്പന നിങ്ങൾക്കുള്ളതാണ്.+ 2 നിങ്ങൾ അതു ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്നാൽ, എന്റെ പേര് മഹത്ത്വപ്പെടുത്തണമെന്ന കാര്യം മനസ്സിൽപ്പിടിക്കാതിരുന്നാൽ, ഞാൻ നിങ്ങളെ ശപിക്കും;+ നിങ്ങളുടെ അനുഗ്രഹങ്ങൾ ശാപമാക്കും.+ അതെ, നിങ്ങൾ അതു ഹൃദയത്തിൽ സൂക്ഷിക്കാതിരുന്നതുകൊണ്ട് ഞാൻ അനുഗ്രഹങ്ങൾ ശാപമാക്കിയിരിക്കുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
3 “നിങ്ങളുടെ ചെയ്തികൾ നിമിത്തം, നിങ്ങൾ വിതച്ച വിത്തു ഞാൻ നശിപ്പിച്ചുകളയും.*+ നിങ്ങൾ ഉത്സവത്തിനു ബലി അർപ്പിക്കുന്ന മൃഗങ്ങളുടെ ചാണകമുണ്ടല്ലോ, ആ ചാണകം ഞാൻ നിങ്ങളുടെ മുഖത്ത് തെറിപ്പിക്കും. നിങ്ങളെ ചാണകക്കൂനയിലേക്ക്* എടുത്തുകൊണ്ടുപോകും. 4 ലേവിയോടു ചെയ്ത എന്റെ ഉടമ്പടി നിലനിറുത്താനാണു ഞാൻ ഈ കല്പന നിങ്ങൾക്കു നൽകിയതെന്ന് അപ്പോൾ നിങ്ങൾ അറിയും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
5 “ഞാൻ ലേവിയോടു ചെയ്തതു ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. എന്നെ ഭയപ്പെടേണ്ടതിനാണു* ഞാൻ അതു നൽകിയത്. അവൻ എന്നെ ഭയപ്പെട്ടു. അതെ, എന്റെ പേരിനോട് അവനു ഭയാദരവുണ്ടായിരുന്നു. 6 സത്യത്തിന്റെ നിയമം* അവന്റെ വായിലുണ്ടായിരുന്നു,+ അനീതി അവന്റെ നാവിൽ കണ്ടതേ ഇല്ല. അവൻ എന്റെകൂടെ സമാധാനത്തോടെയും നീതിയോടെയും നടന്നു.+ അവൻ പലരെയും തെറ്റിൽനിന്ന് പിന്തിരിപ്പിച്ചു. 7 പുരോഹിതന്റെ നാവാണു ദൈവപരിജ്ഞാനം പകർന്നുകൊടുക്കേണ്ടത്. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹത്തിലേക്കു തിരിയണം.+ കാരണം പുരോഹിതൻ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശവാഹകനാണ്.
8 “എന്നാൽ നിങ്ങൾ വഴിയിൽനിന്ന് അകന്നുമാറിയിരിക്കുന്നു. നിയമത്തോടു ബന്ധപ്പെട്ട്* പലരും ഇടറിവീഴാൻ നിങ്ങൾ കാരണമായിരിക്കുന്നു.+ ലേവിയോടു ചെയ്ത ഉടമ്പടി നിങ്ങൾ ലംഘിച്ചിരിക്കുന്നു”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 9 “അതുകൊണ്ട് ഞാൻ നിങ്ങളെ നിന്ദിക്കുകയും എല്ലാ ആളുകളും കാൺകെ താഴ്ത്തുകയും ചെയ്യും. കാരണം നിങ്ങൾ എന്റെ വഴികളിൽ നടന്നില്ല, നിയമം നടപ്പാക്കുന്നതിൽ പക്ഷപാതം കാണിക്കുകയും ചെയ്തു.”+
10 “നമുക്കെല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമല്ലേ? പിന്നെ നമ്മൾ പരസ്പരം വഞ്ചിച്ചുകൊണ്ട്+ നമ്മുടെ പൂർവികരുടെ ഉടമ്പടി ലംഘിക്കുന്നത് എന്തിനാണ്? 11 യഹൂദ വഞ്ചന കാണിച്ചിരിക്കുന്നു. ഇസ്രായേലിലും യരുശലേമിലും വൃത്തികെട്ട ഒരു കാര്യം നടന്നിരിക്കുന്നു. യഹോവ ഏറെ പ്രിയപ്പെടുന്ന തന്റെ വിശുദ്ധി* യഹൂദ അശുദ്ധമാക്കിയിരിക്കുന്നു.+ അവൻ ഒരു അന്യദൈവത്തിന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.+ 12 ഇങ്ങനെ ചെയ്യുന്നവൻ ആരായിരുന്നാലും അവനെ* യഹോവ യാക്കോബിന്റെ കൂടാരത്തിൽ വെച്ചേക്കില്ല; അവനെ കൊന്നുകളയും. അവൻ സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു കാഴ്ച കൊണ്ടുവന്നാലും ശരി, അവനെ കൊന്നുകളയും.”+
13 “വേറൊരു കാര്യംകൂടെ നിങ്ങൾ ചെയ്യുന്നുണ്ട്. തേങ്ങിക്കരയുന്നവരുടെ കണ്ണീരുകൊണ്ട് നിങ്ങൾ യഹോവയുടെ യാഗപീഠം നിറച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അർപ്പിക്കുന്ന കാഴ്ചകളിൽ ദൈവം പ്രസാദിക്കുന്നില്ല. നിങ്ങൾ അർപ്പിക്കുന്ന ഒന്നിനോടും ദൈവത്തിന് ഇഷ്ടം തോന്നുന്നില്ല.+ 14 എന്നാൽ നിങ്ങൾ, ‘അത് എന്തുകൊണ്ടാണ്’എന്നു ചോദിക്കുന്നു. നിന്റെ യൗവനത്തിലെ ഭാര്യയെ നീ വഞ്ചിച്ചിരിക്കുന്നു എന്നതിന് യഹോവയാണു സാക്ഷി. അവൾ നിന്റെ പങ്കാളിയും നിയമപരമായി നീ വിവാഹം കഴിച്ചവളും* ആയിരുന്നില്ലേ?+ 15 എന്നാൽ ഇങ്ങനെ ചെയ്യാത്ത ഒരുവനുണ്ടായിരുന്നു. അവനിൽ ദൈവാത്മാവ് ശേഷിച്ചിരുന്നു. എന്തിലായിരുന്നു അവന്റെ താത്പര്യം? ദൈവത്തിന്റെ സന്തതിയിൽ. അതുകൊണ്ട് നിങ്ങളുടെ മനസ്സിന്റെ ചായ്വുകൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളുടെ യൗവനത്തിലെ ഭാര്യയെ വഞ്ചിക്കരുത്. 16 കാരണം വിവാഹമോചനം ഞാൻ വെറുക്കുന്നു”+ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു. “പുതപ്പുപോലെ അക്രമം പുതയ്ക്കുന്നവനെയും* ഞാൻ വെറുക്കുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “നിങ്ങളുടെ മനസ്സിന്റെ ചായ്വുകൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ വഞ്ചിക്കരുത്.+
17 “നിങ്ങളുടെ വാക്കുകൾകൊണ്ട് നിങ്ങൾ യഹോവയെ മടുപ്പിച്ചിരിക്കുന്നു.+ എന്നാൽ, ‘ഞങ്ങൾ എങ്ങനെയാണു മടുപ്പിച്ചത്’ എന്നു നിങ്ങൾ ചോദിക്കുന്നു. ‘തിന്മ ചെയ്യുന്നവരെല്ലാം യഹോവയുടെ കണ്ണിൽ നല്ലവരാണ്, ദൈവത്തിന് അവരെ ഇഷ്ടമാണ്’+ എന്നു പറഞ്ഞുകൊണ്ടും ‘നീതിയുടെ ദൈവം എവിടെപ്പോയി’ എന്നു ചോദിച്ചുകൊണ്ടും ആണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്.”
3 “ഇതാ! ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു. അവൻ എനിക്ക് ഒരു വഴി തെളിക്കും.*+ പെട്ടെന്നുതന്നെ നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് തന്റെ ആലയത്തിലേക്കു വരും.+ നിങ്ങളുടെ പ്രിയങ്കരനായ, ഉടമ്പടിയുടെ സന്ദേശവാഹകനും വരും; അവൻ തീർച്ചയായും വരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
2 “അവൻ വരുന്ന ദിവസത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവൻ വരുമ്പോൾ ആരു പിടിച്ചുനിൽക്കും? അവൻ ലോഹം ശുദ്ധീകരിക്കുന്നവന്റെ തീപോലെയും അലക്കുകാരന്റെ ചാരവെള്ളംപോലെയും*+ ആയിരിക്കും. 3 മാലിന്യം നീക്കി വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ+ അവൻ ഇരുന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കും. അവൻ അവരെ സ്വർണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അവർ യഹോവയ്ക്കു നീതിയോടെ കാഴ്ചകൾ അർപ്പിക്കുന്ന ഒരു ജനമാകും, തീർച്ച! 4 കഴിഞ്ഞ കാലത്തും പുരാതനനാളുകളിലും എന്നപോലെ യഹൂദയുടെയും യരുശലേമിന്റെയും കാഴ്ചകൾ യഹോവയെ സന്തോഷിപ്പിക്കും.*+
5 “ന്യായം വിധിക്കാനായി ഞാൻ നിങ്ങളുടെ അടുത്ത് വരും; ആഭിചാരകർ,*+ വ്യഭിചാരികൾ, കള്ളസത്യം ചെയ്യുന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവമാരെയും അനാഥരെയും* വഞ്ചിക്കുന്നവർ,+ വിദേശികളെ സഹായിക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാതെ കുറ്റം വിധിക്കും. അവർക്ക് എന്നെ പേടിയില്ല” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
6 “ഞാൻ യഹോവയാണ്, മാറ്റമില്ലാത്തവൻ!*+ നിങ്ങളോ യാക്കോബിന്റെ മക്കൾ; നിങ്ങളെ ഇതുവരെ പൂർണമായി നശിപ്പിച്ചിട്ടില്ല. 7 നിങ്ങളുടെ പൂർവികരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ഉപേക്ഷിച്ച് അവ അനുസരിക്കാതെ നടന്നു.+ എന്നാൽ എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
എന്നാൽ നിങ്ങൾ, “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്” എന്നു ചോദിക്കുന്നു.
8 “വെറുമൊരു മനുഷ്യനു ദൈവത്തെ കൊള്ളയടിക്കാനാകുമോ?* എന്നാൽ നിങ്ങൾ എന്നെ കൊള്ളയടിക്കുന്നു.”
പക്ഷേ, “ഞങ്ങൾ എങ്ങനെയാണു കൊള്ളയടിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു.
“നിങ്ങളുടെ ദശാംശങ്ങളുടെയും* സംഭാവനകളുടെയും കാര്യത്തിലാണു നിങ്ങൾ അങ്ങനെ ചെയ്തത്. 9 എന്നെ കവർച്ച ചെയ്യുന്ന നിങ്ങൾ ശപിക്കപ്പെട്ടവരാണ്.* മുഴുജനതയും അങ്ങനെതന്നെ ചെയ്യുന്നല്ലോ. 10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളുടെ ദശാംശം മുഴുവൻ* സംഭരണശാലയിലേക്കു കൊണ്ടുവരൂ.+ ഞാൻ ആകാശത്തിന്റെ പ്രളയവാതിലുകൾ തുറന്ന്,+ ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയില്ലേ*+ എന്ന് എന്നെ പരീക്ഷിച്ചുനോക്കൂ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
11 “വിഴുങ്ങിക്കളയുന്നവനെ* ഞാൻ ശാസിക്കും, നിങ്ങളുടെ ദേശത്തിന്റെ വിളകൾ അതു നശിപ്പിക്കില്ല. നിങ്ങളുടെ മുന്തിരിച്ചെടികൾ കായ്ക്കാതിരിക്കില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
12 “നിങ്ങളുടെ നാടു സന്തോഷമുള്ള ഒരു ദേശമായിത്തീരും. സകല ജനതകളും നിങ്ങളെ സന്തോഷമുള്ളവർ എന്നു വിളിക്കും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
13 “എനിക്ക് എതിരെയുള്ള നിങ്ങളുടെ വാക്കുകൾ കടുത്തതായിരുന്നു” എന്ന് യഹോവ പറയുന്നു.
എന്നാൽ നിങ്ങളോ, “ഞങ്ങൾ എങ്ങനെയാണ് അങ്ങയ്ക്കെതിരെ തമ്മിൽത്തമ്മിൽ സംസാരിച്ചത്” എന്നു ചോദിക്കുന്നു.+
14 “നിങ്ങൾ പറയുന്നു: ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.+ ദൈവത്തോടുള്ള കടമകൾ നിറവേറ്റിയിട്ട് എന്തു നേടി? സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുമ്പാകെ ദുഃഖിച്ച് നടന്നിട്ട് എന്തു ഗുണമാണ് ഉണ്ടായത്? 15 ധിക്കാരികളാണ് യഥാർഥത്തിൽ സന്തോഷമുള്ളവർ എന്ന് ഇപ്പോൾ തോന്നുന്നു. ദുഷ്ടന്മാരുടെ പദ്ധതികളെല്ലാം വിജയിക്കുന്നു.+ ദൈവത്തെ പരീക്ഷിക്കാൻപോലും അവർ ധൈര്യപ്പെടുന്നു, എന്നിട്ടും അവർക്ക് ഒന്നും സംഭവിക്കുന്നില്ല.’”
16 അപ്പോൾ യഹോവയെ ഭയപ്പെടുന്നവർ തമ്മിൽത്തമ്മിൽ സംസാരിച്ചു, അവർ ഓരോരുത്തരും തന്റെ കൂട്ടുകാരനോടു സംസാരിക്കുന്നത് യഹോവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. യഹോവയെ ഭയപ്പെടുന്നവരുടെയും ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുന്നവരുടെയും* പേരുകൾ+ ദൈവത്തിന്റെ മുന്നിലുള്ള ഒരു ഓർമപ്പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു.+
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ എന്റെ പ്രത്യേകസ്വത്തായി* മാറും.+ അനുസരണമുള്ള മകനോട് അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട് അനുകമ്പ കാട്ടും.+ 18 അപ്പോൾ, നീതിമാനും ദുഷ്ടനും+ തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.”
4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 2 “എന്നാൽ എന്റെ പേരിനെ ആദരിക്കുന്നവരായ* നിങ്ങളുടെ മേൽ നീതിസൂര്യൻ ഉദിക്കും; അതിന്റെ കിരണങ്ങൾ* രോഗശാന്തി നൽകും; കൊഴുപ്പിച്ച കാളക്കുട്ടികളെപ്പോലെ നിങ്ങൾ തുള്ളിച്ചാടും.”
3 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ദുഷ്ടന്മാരെ നിങ്ങൾ ചവിട്ടിമെതിക്കും. ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ നിങ്ങളുടെ കാലിന് അടിയിലെ പൊടിപോലെയാകും.
4 “ഹോരേബിൽവെച്ച് ഞാൻ തന്ന, എന്റെ ദാസനായ മോശയുടെ നിയമം നിങ്ങൾ മറക്കരുത്. ഇസ്രായേല്യരെല്ലാം അനുസരിക്കണമെന്നു ഞാൻ കല്പിച്ച ചട്ടങ്ങളും വിധികളും ആണല്ലോ അതിലുള്ളത്.+
5 “യഹോവയുടെ വലുതും ഭയങ്കരവും ആയ ദിവസം വരുന്നതിനു മുമ്പ്+ ഞാൻ ഇതാ ഏലിയ പ്രവാചകനെ+ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു. 6 ഞാൻ വന്ന് ഭൂമിയെ അടിച്ച് അതിനെ നിശ്ശേഷം നശിപ്പിക്കാതിരിക്കാൻ, അവൻ പിതാക്കന്മാരുടെ ഹൃദയങ്ങൾ പുത്രന്മാരുടേതുപോലെയും+ പുത്രന്മാരുടെ ഹൃദയങ്ങൾ പിതാക്കന്മാരുടേതുപോലെയും ആക്കും.”*
(എബ്രായ-അരമായ ഭാഷകളിൽ എഴുതിയ തിരുവെഴുത്തുകളുടെ പരിഭാഷ ഇവിടെ അവസാനിക്കുന്നു. ഗ്രീക്ക് ഭാഷയിൽ എഴുതിയ തിരുവെഴുത്തുകളാണ് ഇനി.)
അർഥം: “എന്റെ സന്ദേശവാഹകൻ.”
പദാവലി കാണുക.
അഥവാ “വലിയ യജമാനനാണെങ്കിൽ.”
അഥവാ “ബഹുമാനം.”
അക്ഷ. “അപ്പം.”
അക്ഷ. “മേശ നിന്ദ്യമായി കരുതേണ്ടതാണ്.”
തെളിവനുസരിച്ച് ഇതു ദേവാലയത്തിലെ വാതിൽ അടയ്ക്കാനുള്ള ചുമതലയാണ്.
അഥവാ “കിഴക്കുമുതൽ പടിഞ്ഞാറുവരെ.”
മറ്റൊരു സാധ്യത “എന്നെ.”
അഥവാ “വൈകല്യമുള്ളതിനെ.”
അക്ഷ. “വിത്തിനെ ഞാൻ ശകാരിക്കും.”
അതായത്, യാഗമൃഗങ്ങളുടെ ചാണകം നിക്ഷേപിച്ചിരുന്ന സ്ഥലത്തേക്ക്.
അഥവാ “ആദരിക്കേണ്ടതിനാണ്; ആഴമായി ബഹുമാനിക്കേണ്ടതിനാണ്.”
അഥവാ “ഉപദേശം.” പദാവലി കാണുക.
അഥവാ “ഉപദേശങ്ങൾ.”
മറ്റൊരു സാധ്യത “നിങ്ങളുടെ ഉപദേശങ്ങളാൽ.”
മറ്റൊരു സാധ്യത “വിശുദ്ധമന്ദിരം.”
അക്ഷ. “ഉണർന്നിരിക്കുന്നവനെയും ഉത്തരം പറയുന്നവനെയും.”
അക്ഷ. “ഉടമ്പടിയാലുള്ള ഭാര്യയും.”
അഥവാ “അക്രമത്തിൽ ഏർപ്പെടുന്നവനെയും.”
അഥവാ “ഒരുക്കും.”
അഥവാ “സോപ്പുപോലെയും.”
അഥവാ “തൃപ്തിപ്പെടുത്തും.”
പദാവലിയിൽ “ആഭിചാരം” കാണുക.
അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
അഥവാ “ഞാൻ ഇതുവരെ മാറിയിട്ടില്ല.”
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
അഥവാ “പത്തിലൊന്നിന്റെയും.”
മറ്റൊരു സാധ്യത “നിങ്ങൾ ശാപവാക്കുകൾകൊണ്ട് എന്നെ ശപിക്കുന്നു.”
അഥവാ “എല്ലാ പത്തിലൊന്നും.”
അക്ഷ. “മുഴുവൻ കുടഞ്ഞിടില്ലേ.”
പ്രാണികളുടെ ആക്രമണമായിരിക്കാനാണു സാധ്യത.
അഥവാ “ചിന്തിക്കുന്നവരുടെയും.” മറ്റൊരു സാധ്യത “ദൈവനാമം അമൂല്യമായി കരുതുന്നവരുടെയും.”
അഥവാ “അമൂല്യമായ അവകാശമായി.”
അക്ഷ. “ഭയപ്പെടുന്നവരായ.”
അക്ഷ. “ചിറകുകൾ.”
അഥവാ “പിതാക്കന്മാരുടെ ഹൃദയങ്ങൾ പുത്രന്മാരിലേക്കും പുത്രന്മാരുടെ ഹൃദയങ്ങൾ പിതാക്കന്മാരിലേക്കും തിരിക്കും.”