ദാനിയേൽ
1 യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ ബാബിലോൺരാജാവായ നെബൂഖദ്നേസർ യരുശലേമിനു നേരെ വന്ന് അതിനെ ഉപരോധിച്ചു.+ 2 ഒടുവിൽ യഹോവ, യഹൂദാരാജാവായ യഹോയാക്കീമിനെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യദൈവത്തിന്റെ ഭവനത്തിലെ* ചില ഉപകരണങ്ങളും പാത്രങ്ങളും നെബൂഖദ്നേസറിനു നൽകി. നെബൂഖദ്നേസർ അവ ശിനാർ* ദേശത്ത്+ തന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു* കൊണ്ടുപോയി അവിടത്തെ ഖജനാവിൽ വെച്ചു.+
3 പിന്നെ, രാജാവ് കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനായ അശ്പെനാസിനോട് ഇസ്രായേല്യരിൽ ചിലരെ കൊണ്ടുവരാൻ ഉത്തരവിട്ടു. രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവരെയും കൊണ്ടുവരണമെന്നു കല്പനയുണ്ടായിരുന്നു.+ 4 വൈകല്യങ്ങളൊന്നുമില്ലാത്ത, നല്ല അറിവും ജ്ഞാനവും ഉള്ള, വിവേകികളായ,+ കണ്ടാൽ കൊള്ളാവുന്ന ചെറുപ്പക്കാരെ* ആയിരുന്നു കൊണ്ടുവരേണ്ടത്. കൊട്ടാരത്തിൽ സേവനം അനുഷ്ഠിക്കാനും അവർ പ്രാപ്തരായിരിക്കണമായിരുന്നു. അദ്ദേഹം അവരെ കൽദയരുടെ എഴുത്തും* ഭാഷയും പഠിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. 5 താൻ കഴിക്കുന്ന വിശിഷ്ടവിഭവങ്ങളിൽനിന്നും കുടിക്കുന്ന വീഞ്ഞിൽനിന്നും ദിവസവും ഒരു പങ്ക് അവർക്കു കൊടുക്കാനും രാജാവ് നിർദേശിച്ചു. മൂന്നു വർഷത്തെ പരിശീലനത്തിനു ശേഷം* അവരെ രാജാവിന്റെ സേവനത്തിനു നിയമിക്കാനായിരുന്നു പദ്ധതി.
6 അക്കൂട്ടത്തിൽ യഹൂദാഗോത്രത്തിലെ ദാനിയേൽ,*+ ഹനന്യ,* മീശായേൽ,* അസര്യ*+ എന്നിവരുമുണ്ടായിരുന്നു. 7 കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ ദാനിയേലിനു ബേൽത്ത്ശസ്സർ+ എന്നും ഹനന്യക്കു ശദ്രക്ക് എന്നും മീശായേലിനു മേശക്ക് എന്നും അസര്യക്ക് അബേദ്-നെഗൊ+ എന്നും പേരിട്ടു.*
8 എന്നാൽ രാജാവിന്റെ വിശിഷ്ടവിഭവങ്ങളാലോ വീഞ്ഞിനാലോ അശുദ്ധനാകില്ലെന്നു ദാനിയേൽ ഹൃദയത്തിൽ തീരുമാനിച്ച് ഉറപ്പിച്ചു. അതുകൊണ്ട്, ഇവയാൽ അശുദ്ധനാകാതിരിക്കാൻ അനുവദിക്കണമെന്നു കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനോടു ദാനിയേൽ അപേക്ഷിച്ചു. 9 അദ്ദേഹത്തിനു ദാനിയേലിനോടു പ്രീതിയും* കരുണയും തോന്നാൻ സത്യദൈവം ഇടയാക്കി.+ 10 എങ്കിലും അദ്ദേഹം ദാനിയേലിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനെ എനിക്കു പേടിയാണ്. നിങ്ങൾ എന്തു കഴിക്കണമെന്നും കുടിക്കണമെന്നും നിശ്ചയിച്ചതു രാജാവാണല്ലോ. നിങ്ങളുടെ പ്രായത്തിലുള്ള മറ്റു ചെറുപ്പക്കാരെക്കാൾ* നിങ്ങൾ ക്ഷീണിച്ചിരിക്കുന്നതായി രാജാവ് കണ്ടാൽ എന്താകും സ്ഥിതി? നിങ്ങൾ കാരണം രാജാവിന്റെ മുന്നിൽ ഞാൻ കുറ്റക്കാരനാകും.” 11 എന്നാൽ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവരുടെ രക്ഷാധികാരിയായി കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ നിയമിച്ചിരുന്ന വ്യക്തിയോടു ദാനിയേൽ പറഞ്ഞു: 12 “ദയവായി പത്തു ദിവസം അങ്ങയുടെ ഈ ദാസന്മാരെ പരീക്ഷിച്ചുനോക്കേണമേ. കഴിക്കാൻ ഞങ്ങൾക്കു പച്ചക്കറികളും വെള്ളവും തന്നാൽ മതി. 13 എന്നിട്ട്, രാജാവിന്റെ വിശിഷ്ടവിഭവങ്ങൾ കഴിക്കുന്ന ചെറുപ്പക്കാരും ഞങ്ങളും കാഴ്ചയ്ക്ക് എങ്ങനെയിരിക്കുന്നെന്ന് ഒത്തുനോക്കിയാലും. അതിനു ശേഷം, അങ്ങ് കാണുന്നതനുസരിച്ച് ഈ ദാസരോടു ചെയ്തുകൊള്ളൂ.”
14 അദ്ദേഹം അവരുടെ നിർദേശം അംഗീകരിച്ചു; പത്തു ദിവസം അവരെ പരീക്ഷിച്ചു. 15 പത്തു ദിവസം കഴിഞ്ഞപ്പോൾ ഇവർ, രാജാവിന്റെ വിശിഷ്ടവിഭവങ്ങൾ കഴിച്ചിരുന്ന എല്ലാ ചെറുപ്പക്കാരെക്കാളും കാഴ്ചയ്ക്ക് ഏറെ അഴകും ആരോഗ്യവും ഉള്ളവരായി കാണപ്പെട്ടു. 16 അതുകൊണ്ട്, രക്ഷാധികാരി അവർക്കുള്ള വിശിഷ്ടവിഭവങ്ങളും വീഞ്ഞും മാറ്റിയിട്ട് പകരം പച്ചക്കറികൾ കൊടുക്കാൻതുടങ്ങി. 17 സത്യദൈവം ഈ നാലു ചെറുപ്പക്കാർക്കും സകലവിധ രചനകളിലും വിജ്ഞാനശാഖകളിലും അറിവും ഉൾക്കാഴ്ചയും കൊടുത്തു. ദാനിയേലിന് എല്ലാ തരം ദിവ്യദർശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാനുള്ള കഴിവും നൽകി.+
18 അവരെ രാജസന്നിധിയിൽ കൊണ്ടുവരാൻ കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ+ കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ അവരെ നെബൂഖദ്നേസർ രാജാവിന്റെ മുന്നിൽ ഹാജരാക്കി. 19 രാജാവ് അവരോടു സംസാരിച്ചപ്പോൾ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവർക്കു തുല്യരായി അക്കൂട്ടത്തിൽ ഒരാൾപ്പോലുമില്ലെന്നു കണ്ടെത്തി;+ അങ്ങനെ അവർ രാജസന്നിധിയിൽ സേവിക്കാൻ തുടങ്ങി. 20 ജ്ഞാനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴും അവർ സാമ്രാജ്യത്തിലുടനീളമുള്ള എല്ലാ മന്ത്രവാദികളെക്കാളും മാന്ത്രികരെക്കാളും പത്തിരട്ടി മെച്ചമാണെന്നു രാജാവ് കണ്ടു.+ 21 കോരെശ് രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷംവരെ ദാനിയേൽ അവിടെ കഴിഞ്ഞു.+
2 നെബൂഖദ്നേസർ തന്റെ ഭരണത്തിന്റെ രണ്ടാം വർഷം ചില സ്വപ്നങ്ങൾ കണ്ടു. ആകെ അസ്വസ്ഥനായ*+ അദ്ദേഹത്തിന് ഉറക്കമില്ലാതായി. 2 അതുകൊണ്ട്, താൻ കണ്ട സ്വപ്നങ്ങൾ പറഞ്ഞുതരാൻ മന്ത്രവാദികളെയും മാന്ത്രികരെയും ആഭിചാരകന്മാരെയും* കൽദയരെയും* വിളിച്ചുവരുത്താൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.+ 3 രാജാവ് അവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഞാൻ കണ്ടത് എന്താണെന്ന് എനിക്ക് അറിയണം. അത് അറിയാഞ്ഞിട്ട് ഞാൻ ആകെ അസ്വസ്ഥനാണ്.”* 4 കൽദയർ അരമായ ഭാഷയിൽ+ രാജാവിനോടു പറഞ്ഞു:* “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. അങ്ങ് അടിയങ്ങളോടു സ്വപ്നം വിവരിച്ചാലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുതരാം.”
5 അപ്പോൾ, രാജാവ് കൽദയരോടു* പറഞ്ഞു: “എന്റെ അന്തിമതീരുമാനം കേട്ടുകൊള്ളൂ: നിങ്ങൾ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങളെ തുണ്ടംതുണ്ടമാക്കും, നിങ്ങളുടെ വീടുകൾ പൊതുശൗചാലയമാക്കും.* 6 എന്നാൽ, നിങ്ങൾ സ്വപ്നവും അതിന്റെ അർഥവും പറഞ്ഞാൽ ഞാൻ നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും ബഹുമതിയും തരും.+ അതുകൊണ്ട് സ്വപ്നവും അർഥവും എന്നോടു പറയൂ!”
7 അവർ വീണ്ടും രാജാവിനോടു പറഞ്ഞു: “രാജാവ് അടിയങ്ങളോടു സ്വപ്നം വിവരിച്ചാലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുതരാം.”
8 അപ്പോൾ രാജാവ് പറഞ്ഞു: “എന്റെ അന്തിമതീരുമാനം അറിഞ്ഞിട്ടു നിങ്ങൾ മനഃപൂർവം കാലതാമസം വരുത്തുകയാണ്. എന്തെങ്കിലും ഒഴികഴിവ് കണ്ടുപിടിക്കാനാണു നിങ്ങൾ നോക്കുന്നതെന്ന് എനിക്കു നന്നായി അറിയാം. 9 സ്വപ്നം എന്താണെന്ന് എന്നോടു പറയുന്നില്ലെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും ഒറ്റ ശിക്ഷയേ ഉള്ളൂ. സ്ഥിതിഗതികൾ മാറുന്നതുവരെ നുണ പറഞ്ഞ് എന്നെ വഞ്ചിക്കാൻ എല്ലാവരുംകൂടെ ഒത്തുകളിക്കുകയാണല്ലേ? സ്വപ്നം എന്താണെന്നു പറയൂ! അപ്പോൾ, അതിന്റെ അർഥം വിശദീകരിക്കാൻ നിങ്ങൾക്കാകുമെന്ന് എനിക്കു ബോധ്യമാകും.”
10 അപ്പോൾ, കൽദയർ* രാജാവിനോടു പറഞ്ഞു: “രാജാവ് ആവശ്യപ്പെടുന്ന ഈ കാര്യം ചെയ്യാൻ പറ്റുന്ന ഒരാൾപ്പോലും ഈ ഭൂമുഖത്തില്ല. ഏതെങ്കിലും മഹാരാജാവോ ഗവർണറോ ഇതുവരെ ഇങ്ങനെയൊരു കാര്യം ഒരു മന്ത്രവാദിയോടോ മാന്ത്രികനോടോ ജ്യോത്സ്യനോടോ* ആവശ്യപ്പെട്ടിട്ടില്ല. 11 രാജാവ് ആവശ്യപ്പെടുന്ന ഈ കാര്യം അത്ര എളുപ്പമല്ല. ദൈവങ്ങൾക്കല്ലാതെ മറ്റാർക്കും രാജാവിനോട് ഇക്കാര്യം പറയാനാകില്ല; അവരാണെങ്കിൽ മനുഷ്യരുടെ ഇടയിൽ കഴിയുന്നവരുമല്ല.”
12 ഇതു കേട്ട് കോപാക്രാന്തനായ രാജാവ് ബാബിലോണിലെ ജ്ഞാനികളെയെല്ലാം കൊന്നുകളയാൻ ഉത്തരവിട്ടു.+ 13 ജ്ഞാനികളെ കൊല്ലാനുള്ള ഉത്തരവ് വിളംബരം ചെയ്തു. അവരെ കൊല്ലേണ്ട സമയമായപ്പോൾ ദാനിയേലിനെയും കൂട്ടുകാരെയും കൊന്നുകളയേണ്ടതിന് അവരെയും തിരഞ്ഞു.
14 ദാനിയേൽ ആ സമയത്ത് രാജാവിന്റെ അംഗരക്ഷകരുടെ പ്രമാണിയായ അര്യോക്കിനോടു നയത്തോടെയും വിവേകത്തോടെയും സംസാരിച്ചു. ബാബിലോണിലെ ജ്ഞാനികളെ കൊല്ലാൻവേണ്ടി ഇറങ്ങിയതായിരുന്നു അര്യോക്ക്. 15 രാജാവിന്റെ ഉദ്യോഗസ്ഥനായ അര്യോക്കിനോടു ദാനിയേൽ, “എന്തിനാണു രാജാവ് ഇത്ര കഠിനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്” എന്നു ചോദിച്ചു. നടന്നതെല്ലാം അര്യോക്ക് ദാനിയേലിനോടു പറഞ്ഞു.+ 16 അപ്പോൾ ദാനിയേൽ രാജസന്നിധിയിൽ ചെന്ന് സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാമെന്നും അതിനു കുറച്ച് സമയം തരണമെന്നും അപേക്ഷിച്ചു.
17 പിന്നെ, ദാനിയേൽ വീട്ടിൽ ചെന്ന് കൂട്ടുകാരായ ഹനന്യ, മീശായേൽ, അസര്യ എന്നിവരോടു കാര്യം പറഞ്ഞു. 18 ബാബിലോണിലെ മറ്റു ജ്ഞാനികളോടൊപ്പം തങ്ങളും കൊല്ലപ്പെടാതിരിക്കാൻ, കനിവ് തോന്നി ഈ രഹസ്യം വെളിപ്പെടുത്തിത്തരണമെന്നു സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിക്കാൻ ദാനിയേൽ അവരോടു പറഞ്ഞു.
19 അങ്ങനെ, രാത്രിയിലുണ്ടായ ഒരു ദിവ്യദർശനത്തിൽ+ ദാനിയേലിന് ആ രഹസ്യം വെളിപ്പെട്ടു. ദാനിയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു. 20 ദാനിയേൽ പറഞ്ഞു:
21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+
രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+
ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+
22 ആഴമേറിയ കാര്യങ്ങളും മറഞ്ഞിരിക്കുന്ന കാര്യങ്ങളും വെളിപ്പെടുത്തുന്നു;+
ഇരുളിലുള്ളത് എന്തെന്നു ദൈവത്തിന് അറിയാം;+
ദൈവത്തോടൊപ്പം വെളിച്ചം വസിക്കുന്നു.+
23 എന്റെ പൂർവികരുടെ ദൈവമേ, അങ്ങയ്ക്കു ഞാൻ നന്ദിയേകുന്നു, അങ്ങയെ സ്തുതിക്കുന്നു;
അങ്ങാണല്ലോ എനിക്കു ജ്ഞാനവും ശക്തിയും തന്നത്.
ഞങ്ങൾ അപേക്ഷിച്ചത് അങ്ങ് ഇപ്പോൾ എനിക്കു വെളിപ്പെടുത്തിത്തരുകയും ചെയ്തു;
രാജാവിനെ ആകുലപ്പെടുത്തിയ കാര്യം അങ്ങ് ഞങ്ങളെ അറിയിച്ചല്ലോ.”+
24 പിന്നെ ദാനിയേൽ, ബാബിലോണിലെ ജ്ഞാനികളെ കൊന്നുകളയാൻ രാജാവ് നിയമിച്ച അര്യോക്കിന്റെ അടുത്ത് ചെന്ന് പറഞ്ഞു:+ “ബാബിലോണിലെ ജ്ഞാനികളെയൊന്നും കൊല്ലരുത്. എന്നെ രാജസന്നിധിയിൽ കൊണ്ടുപോയാലും. സ്വപ്നത്തിന്റെ അർഥമെന്താണെന്നു ഞാൻ രാജാവിനോടു പറയാം.”
25 പെട്ടെന്നുതന്നെ അര്യോക്ക് ദാനിയേലിനെ രാജസന്നിധിയിൽ കൂട്ടിക്കൊണ്ടുചെന്ന് ഇങ്ങനെ പറഞ്ഞു: “യഹൂദയിൽനിന്ന് പിടിച്ചുകൊണ്ടുവന്നവരുടെ കൂട്ടത്തിൽ,+ സ്വപ്നത്തിന്റെ അർഥം രാജാവിനെ അറിയിക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടു.” 26 അപ്പോൾ, ബേൽത്ത്ശസ്സർ+ എന്നു പേരുള്ള ദാനിയേലിനോടു രാജാവ് ചോദിച്ചു: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വിശദീകരിക്കാൻ ശരിക്കും നിനക്കു പറ്റുമോ?”+ 27 ദാനിയേൽ രാജാവിനോടു പറഞ്ഞു: “രാജാവ് ചോദിക്കുന്ന ആ രഹസ്യം വെളിപ്പെടുത്താൻ ഒരു ജ്ഞാനിക്കും മാന്ത്രികനും മന്ത്രവാദിക്കും ജ്യോത്സ്യനും കഴിയില്ല.+ 28 എന്നാൽ, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്.+ അവസാനനാളുകളിൽ എന്തു സംഭവിക്കുമെന്ന് ആ ദൈവം നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. ഇതാണ് അങ്ങ് കണ്ട സ്വപ്നം; കിടക്കയിലായിരുന്നപ്പോൾ അങ്ങയ്ക്കുണ്ടായ ദിവ്യദർശനങ്ങൾ ഇവയാണ്:
29 “രാജാവേ, പള്ളിമെത്തയിൽവെച്ച് അങ്ങയുടെ മനസ്സു തിരിഞ്ഞതു ഭാവിയിൽ സംഭവിക്കാനുള്ള കാര്യങ്ങളിലേക്കാണ്. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കാനിരിക്കുന്നത് അങ്ങയെ അറിയിച്ചിരിക്കുന്നു. 30 ജീവിച്ചിരിക്കുന്ന മറ്റാരെക്കാളും ജ്ഞാനിയായതുകൊണ്ടല്ല ഈ രഹസ്യം എനിക്കു വെളിപ്പെട്ടത്. പകരം, സ്വപ്നത്തിന്റെ അർഥം രാജാവിനെ അറിയിക്കാനും അങ്ങനെ, അങ്ങയുടെ ഹൃദയത്തിലെ ചിന്തകൾ അങ്ങയ്ക്കു മനസ്സിലാകാനും വേണ്ടിയാണ്.+
31 “രാജാവേ, അങ്ങ് നോക്കിക്കൊണ്ടിരുന്നപ്പോൾ അതാ, ഭീമാകാരമായൊരു പ്രതിമ! ഉജ്ജ്വലശോഭയുള്ള ആ കൂറ്റൻ പ്രതിമ അങ്ങയുടെ മുന്നിൽ നിൽക്കുകയായിരുന്നു. കണ്ടാൽ ഭയം തോന്നുന്ന രൂപം! 32 അതിന്റെ തല മേത്തരം സ്വർണംകൊണ്ടുള്ളതും+ നെഞ്ചും കൈകളും വെള്ളികൊണ്ടുള്ളതും+ വയറും തുടകളും ചെമ്പുകൊണ്ടുള്ളതും+ 33 കാലുകൾ ഇരുമ്പുകൊണ്ടുള്ളതും+ ആയിരുന്നു. പാദങ്ങളാകട്ടെ ഭാഗികമായി ഇരുമ്പുകൊണ്ടുള്ളതും ഭാഗികമായി കളിമണ്ണുകൊണ്ടുള്ളതും.*+ 34 രാജാവ് നോക്കിക്കൊണ്ടിരുന്നപ്പോൾ കൈ ഉപയോഗിക്കാതെ ഒരു കല്ലു വെട്ടിയെടുക്കപ്പെടുന്നതു കണ്ടു! അതു പ്രതിമയുടെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദങ്ങളിൽ വന്നിടിച്ച് അവ തകർത്തുകളഞ്ഞു.+ 35 അപ്പോൾ, ഇരുമ്പും കളിമണ്ണും ചെമ്പും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്ന് വേനൽക്കാലത്ത് മെതിക്കളത്തിൽ കാണുന്ന പതിരുപോലെയായി. പൊടിപോലും ബാക്കി വെക്കാതെ കാറ്റ് അവ പറത്തിക്കൊണ്ടുപോയി. പ്രതിമയെ ഇടിച്ച ആ കല്ലാകട്ടെ ഒരു വലിയ പർവതമായി ഭൂമി മുഴുവൻ നിറഞ്ഞു.
36 “ഇതാണു സ്വപ്നം. ഇനി അതിന്റെ അർഥം ഞങ്ങൾ രാജാവിനോടു പറയാം. 37 രാജാവേ, സ്വർഗസ്ഥനായ ദൈവം രാജ്യാധികാരവും ബലവും ശക്തിയും മഹത്ത്വവും തന്നിരിക്കുന്ന രാജാധിരാജാ,+ 38 എല്ലായിടത്തും താമസിക്കുന്ന മനുഷ്യരെയും കാട്ടുമൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കൈയിൽ ഏൽപ്പിച്ച് അവയുടെയെല്ലാം ഭരണാധികാരിയായി ദൈവം വാഴിച്ച രാജാവേ,+ അങ്ങുതന്നെയാണു സ്വർണംകൊണ്ടുള്ള തല.+
39 “എന്നാൽ അങ്ങയ്ക്കു ശേഷം അങ്ങയെക്കാൾ താണ മറ്റൊരു രാജ്യം നിലവിൽ വരും.+ അതിനു ശേഷം, ചെമ്പുകൊണ്ടുള്ള, മൂന്നാമതൊരു രാജ്യം ഉയർന്നുവരും; അതു മുഴുഭൂമിയെയും ഭരിക്കും.+
40 “നാലാമത്തെ രാജ്യം ഇരുമ്പുപോലെ ശക്തമായിരിക്കും.+ ഇരുമ്പു മറ്റെല്ലാം തകർത്ത് തരിപ്പണമാക്കുന്നതുപോലെ, അതെ, തച്ചുടയ്ക്കുന്ന ഇരുമ്പുപോലെ, അത് ഇവയെ മുഴുവൻ ഇടിച്ച് തകർക്കും.+
41 “പാദവും കാൽവിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടാണെന്നു കണ്ടല്ലോ. അതുപോലെ ആ രാജ്യം ഭിന്നിച്ചതായിരിക്കും. എന്നാൽ, മയമുള്ള കളിമണ്ണിനോട് ഇരുമ്പു കലർന്നിരിക്കുന്നതിനാൽ അതിനു കുറച്ചൊക്കെ ഇരുമ്പിന്റെ ഉറപ്പുണ്ടായിരിക്കും. 42 പാദത്തിലെ വിരലുകൾ ഭാഗികമായി ഇരുമ്പും ഭാഗികമായി കളിമണ്ണും കൊണ്ടായിരുന്നതുപോലെ രാജ്യം ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും ആയിരിക്കും. 43 മയമുള്ള കളിമണ്ണിനോട് ഇരുമ്പു കലർന്നതായി കണ്ടതുപോലെ ജനങ്ങളുമായി* അവ ഇടകലർന്നിരിക്കും. എന്നാൽ, ഇരുമ്പു കളിമണ്ണുമായി ചേരാത്തതുപോലെ അവ തമ്മിൽ ചേരില്ല.
44 “ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപിക്കും.+ ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല.+ ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട്+ അതു മാത്രം എന്നും നിലനിൽക്കും.+ 45 പർവതത്തിൽനിന്ന് കൈകൊണ്ട് വെട്ടിയെടുക്കാതെ വന്ന കല്ല് ഇരുമ്പും ചെമ്പും കളിമണ്ണും വെള്ളിയും സ്വർണവും തകർക്കുന്നതായി കണ്ടത് ഇങ്ങനെ നിറവേറും.+ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതു മഹാദൈവം രാജാവിനെ അറിയിച്ചിരിക്കുന്നു.+ സ്വപ്നം സത്യവും അതിന്റെ അർഥം ആശ്രയയോഗ്യവും ആണ്.”
46 അപ്പോൾ, നെബൂഖദ്നേസർ രാജാവ് ദാനിയേലിനു മുന്നിൽ നിലത്ത് കമിഴ്ന്നുവീണ് ദാനിയേലിനെ ആദരിച്ചു. ദാനിയേലിന് ഒരു സമ്മാനം കൊടുക്കാനും ദാനിയേലിനുവേണ്ടി സുഗന്ധക്കൂട്ട് അർപ്പിക്കാനും രാജാവ് ഉത്തരവിട്ടു. 47 രാജാവ് ദാനിയേലിനോടു പറഞ്ഞു: “താങ്കളുടെ ദൈവം ശരിക്കും ദൈവങ്ങളുടെ ദൈവവും രാജാക്കന്മാരുടെ കർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആണ്. അതുകൊണ്ടാണല്ലോ താങ്കൾക്ക് ഈ രഹസ്യം വെളിപ്പെടുത്താനായത്.”+ 48 രാജാവ് ദാനിയേലിനു സ്ഥാനക്കയറ്റം നൽകി, ധാരാളം വിശിഷ്ടസമ്മാനങ്ങളും കൊടുത്തു. ദാനിയേലിനെ ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധികാരിയും+ ബാബിലോണിലെ ജ്ഞാനികളുടെയെല്ലാം പ്രധാനമേധാവിയും ആക്കി. 49 ദാനിയേലിന്റെ അപേക്ഷയനുസരിച്ച് ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ+ എന്നിവരെ രാജാവ് ബാബിലോൺ സംസ്ഥാനത്തിന്റെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏൽപ്പിച്ചു. ദാനിയേലോ രാജകൊട്ടാരത്തിൽ സേവനം അനുഷ്ഠിച്ചു.
3 നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ടുള്ള ഒരു പ്രതിമ ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും* വീതി 6 മുഴവും* ആയിരുന്നു. ബാബിലോൺ സംസ്ഥാനത്തിലെ ദൂരാ സമതലത്തിൽ അദ്ദേഹം അതു സ്ഥാപിച്ചു. 2 എന്നിട്ട്, സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും ഉപദേഷ്ടാക്കളും ധനകാര്യവിചാരകരും ന്യായാധിപന്മാരും മജിസ്റ്റ്രേട്ടുമാരും സംസ്ഥാനങ്ങളിലെ എല്ലാ അധികാരികളും താൻ സ്ഥാപിച്ച പ്രതിമയുടെ ഉദ്ഘാടനത്തിനു കൂടിവരാൻ നെബൂഖദ്നേസർ രാജാവ് സന്ദേശം അയച്ചു.
3 അങ്ങനെ, സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും ഉപദേഷ്ടാക്കളും ധനകാര്യവിചാരകരും ന്യായാധിപന്മാരും മജിസ്റ്റ്രേട്ടുമാരും സംസ്ഥാനങ്ങളിലെ എല്ലാ അധികാരികളും നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച പ്രതിമയുടെ ഉദ്ഘാടനത്തിനു കൂടിവന്നു; അവരെല്ലാം ആ പ്രതിമയുടെ മുന്നിൽ വന്ന് നിന്നു. 4 വിളംബരം ചെയ്യുന്നവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “ജനതകളേ, വിവിധരാജ്യക്കാരേ, വിവിധഭാഷക്കാരേ, നിങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: 5 കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കണം. 6 ആരെങ്കിലും വീണ് ആരാധിക്കാതിരുന്നാൽ ഉടൻ അയാളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയും.”+ 7 അതുകൊണ്ട്, കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേട്ടപ്പോൾ അവിടെ കൂടിയിരുന്ന എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിച്ചു.
8 ആ സമയത്ത് ചില കൽദയർ മുന്നോട്ടു വന്ന് ജൂതന്മാർക്കെതിരെ കുറ്റം ആരോപിച്ചു.* 9 അവർ നെബൂഖദ്നേസർ രാജാവിനോടു പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 10 രാജാവേ, കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ എല്ലാവരും വീണ് സ്വർണപ്രതിമയെ ആരാധിക്കണമെന്ന് അങ്ങ് കല്പിച്ചല്ലോ. 11 ആരെങ്കിലും വീണ് ആരാധിക്കാതിരുന്നാൽ അയാളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയണം എന്നും കല്പിച്ചിരുന്നല്ലോ.+ 12 എന്നാൽ, അങ്ങ് ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏൽപ്പിച്ച ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ+ എന്നീ ജൂതന്മാരുണ്ടല്ലോ; രാജാവേ, അവർ അങ്ങയെ ഒട്ടും വകവെക്കുന്നില്ല. അവർ അങ്ങയുടെ ദൈവങ്ങളെ സേവിക്കുന്നില്ല. മാത്രമല്ല, അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാനും വിസമ്മതിക്കുന്നു.”
13 അതു കേട്ട് കോപപരവശനായ നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും തന്റെ മുന്നിൽ ഹാജരാക്കാൻ കല്പിച്ചു. അങ്ങനെ, അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു. 14 നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്-നെഗൊയേ, നിങ്ങൾ എന്റെ ദൈവങ്ങളെ സേവിക്കുന്നില്ലെന്നും+ ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ കൂട്ടാക്കുന്നില്ലെന്നും കേട്ടതു നേരാണോ? 15 ഇപ്പോൾ കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ വീണ് ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ തയ്യാറായാൽ നല്ലത്. ആരാധിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഉടനടി നിങ്ങളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയും. എന്റെ കൈകളിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഏതു ദൈവത്തിനു കഴിയുമെന്നു നോക്കട്ടെ.”+
16 ശദ്രക്കും മേശക്കും അബേദ്-നെഗൊയും രാജാവിനോടു പറഞ്ഞു: “നെബൂഖദ്നേസറേ, ഇക്കാര്യത്തിൽ ഞങ്ങൾ പ്രത്യേകിച്ചു മറുപടിയൊന്നും പറയേണ്ടതില്ല. 17 രാജാവേ, ഞങ്ങളെ തീച്ചൂളയിൽ ഇട്ടാൽപ്പോലും ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു കത്തിജ്വലിക്കുന്ന തീച്ചൂളയിൽനിന്നും അങ്ങയുടെ കൈകളിൽനിന്നും ഞങ്ങളെ രക്ഷിക്കാനാകും.+ 18 എന്നാൽ, ദൈവം അങ്ങനെ ചെയ്യുന്നില്ലെങ്കിലും രാജാവേ, ഇത് അറിഞ്ഞാലും: ഞങ്ങൾ അങ്ങയുടെ ദൈവങ്ങളെ സേവിക്കുകയോ അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കുകയോ ഇല്ല.”+
19 ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും മറുപടി കേട്ട് നെബൂഖദ്നേസറിന് കോപം അടക്കാനായില്ല; രാജാവിന്റെ മുഖഭാവം* ആകെ മാറി. ചൂള പതിവിലും ഏഴു മടങ്ങു ചൂടാക്കാൻ രാജാവ് കല്പിച്ചു. 20 ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും ബന്ധിച്ച് കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയാൻ രാജാവ് തന്റെ സൈന്യത്തിലെ ബലവാന്മാരായ ചിലരോട് ആജ്ഞാപിച്ചു.
21 അങ്ങനെ അവരെ, മേലങ്കിയും കുപ്പായവും തൊപ്പിയും മറ്റെല്ലാ വസ്ത്രങ്ങളും സഹിതം വരിഞ്ഞുകെട്ടി കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു. 22 രാജാവിന്റെ ആജ്ഞ കർശനമായിരുന്നു, ചൂള അസാധാരണമായി ചൂടുള്ളതും; അതുകൊണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും കൊണ്ടുപോയവരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു. 23 എന്നാൽ ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നീ മൂന്നു പുരുഷന്മാർ ബന്ധനസ്ഥരായി കത്തിജ്വലിക്കുന്ന തീച്ചൂളയിൽ വീണു.
24 നെബൂഖദ്നേസർ രാജാവ് പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റ് തന്റെ ഉന്നതോദ്യോഗസ്ഥരോടു പറഞ്ഞു: “മൂന്നു പുരുഷന്മാരെയല്ലേ നമ്മൾ ബന്ധിച്ച് തീയിൽ എറിഞ്ഞത്?” “അതെ രാജാവേ” എന്ന് അവർ മറുപടി പറഞ്ഞു. 25 രാജാവ് പറഞ്ഞു: “പക്ഷേ കണ്ടോ! തീയുടെ നടുവിൽ നാലു പുരുഷന്മാർ സ്വതന്ത്രരായി നടക്കുന്നു. അവർക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. നാലാമനെ കണ്ടിട്ട് ദൈവങ്ങളുടെ ഒരു പുത്രനെപ്പോലിരിക്കുന്നു.”
26 നെബൂഖദ്നേസർ കത്തിജ്വലിക്കുന്ന തീച്ചൂളയുടെ വാതിലിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അത്യുന്നതദൈവത്തിന്റെ+ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്-നെഗൊയേ, പുറത്ത് വരൂ!” ശദ്രക്കും മേശക്കും അബേദ്-നെഗൊയും തീയുടെ നടുവിൽനിന്ന് പുറത്ത് വന്നു. 27 അവിടെ കൂടിയിരുന്ന സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും രാജാവിന്റെ ഉന്നതോദ്യോഗസ്ഥരും+ നോക്കിയപ്പോൾ ആ പുരുഷന്മാരുടെ ശരീരത്തിൽ അൽപ്പംപോലും പൊള്ളൽ ഏറ്റിട്ടില്ല.+ അവരുടെ ഒറ്റ മുടിപോലും കരിഞ്ഞിട്ടില്ല. മേലങ്കികൾ അതുപോലെതന്നെ ഇരിക്കുന്നു. അവരുടെ ദേഹത്ത് തീയുടെ മണംപോലുമില്ലായിരുന്നു.
28 അപ്പോൾ, നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ.+ സ്വന്തം ദൂതനെ അയച്ച് ദൈവം തന്റെ ഈ ദാസന്മാരെ രക്ഷിച്ചല്ലോ. അവർ അവരുടെ ദൈവത്തിൽ ആശ്രയിച്ച് രാജകല്പനപോലും ലംഘിച്ചു. അവരുടെ ദൈവത്തെയല്ലാതെ മറ്റ് ഒരു ദൈവത്തെയും സേവിക്കാനോ ആരാധിക്കാനോ അവർ തയ്യാറായില്ല. അതിനുവേണ്ടി മരിക്കാനും അവർ ഒരുക്കമായിരുന്നു.+ 29 അതുകൊണ്ട്, എന്റെ ആജ്ഞ കേട്ടുകൊള്ളൂ! ഏതെങ്കിലും ജനതയോ രാജ്യക്കാരോ ഭാഷക്കാരോ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും ദൈവത്തിന് എതിരെ എന്തെങ്കിലും മിണ്ടിയാൽ അവരെ തുണ്ടംതുണ്ടമാക്കും. അവരുടെ വീടുകൾ പൊതുശൗചാലയമാക്കും.* രക്ഷിക്കാൻ ഇതുപോലെ കഴിവുള്ളൊരു ദൈവം വേറെയില്ലല്ലോ.”+
30 തുടർന്ന്, രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്-നെഗൊയ്ക്കും ബാബിലോൺ സംസ്ഥാനത്ത് സ്ഥാനക്കയറ്റം* നൽകി.+
4 “ഭൂമിയിലെങ്ങുമുള്ള സകല ജനതകൾക്കും രാജ്യക്കാർക്കും ഭാഷക്കാർക്കും നെബൂഖദ്നേസർ രാജാവിൽനിന്നുള്ള സന്ദേശം: നിങ്ങൾക്കു സമൃദ്ധമായ സമാധാനം ആശംസിക്കുന്നു! 2 അത്യുന്നതനായ ദൈവം എന്നോടുള്ള ബന്ധത്തിൽ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും വിവരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 3 ദൈവത്തിന്റെ അടയാളങ്ങൾ എത്ര മഹനീയം! അത്ഭുതങ്ങൾ എത്ര ഗംഭീരം! ദൈവത്തിന്റെ രാജ്യം നിത്യരാജ്യം; ഭരണാധിപത്യമോ തലമുറതലമുറയോളമുള്ളതും.+
4 “നെബൂഖദ്നേസർ എന്ന ഞാൻ എന്റെ ഭവനത്തിൽ സ്വസ്ഥമായി കഴിയുന്ന കാലം. കൊട്ടാരത്തിൽ ഐശ്വര്യസമൃദ്ധിയുടെ നടുവിലായിരുന്നു ഞാൻ. 5 അങ്ങനെയിരിക്കെ എന്നെ ഭയപ്പെടുത്തിയ ഒരു സ്വപ്നം ഞാൻ കണ്ടു. പള്ളിമെത്തയിൽ കിടക്കുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങളും എനിക്ക് ഉണ്ടായ ദിവ്യദർശനങ്ങളും എന്നെ ഭയപ്പെടുത്തി.+ 6 അതുകൊണ്ട്, സ്വപ്നത്തിന്റെ അർഥം പറഞ്ഞുതരാനായി ബാബിലോണിലെ എല്ലാ ജ്ഞാനികളെയും എന്റെ മുന്നിൽ ഹാജരാക്കാൻ ഞാൻ ഉത്തരവിട്ടു.+
7 “അങ്ങനെ, മന്ത്രവാദികളും മാന്ത്രികരും കൽദയരും* ജ്യോതിഷക്കാരും+ എന്റെ സന്നിധിയിൽ വന്നു. ഞാൻ സ്വപ്നം വിവരിച്ചെങ്കിലും അതിന്റെ അർഥം പറഞ്ഞുതരാൻ അവർക്കു കഴിഞ്ഞില്ല.+ 8 ഒടുവിൽ, ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനിയേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവത്തിന്റെ പേരിൽനിന്നാണു+ ദാനിയേലിനു ബേൽത്ത്ശസ്സർ എന്ന പേര് കിട്ടിയത്. വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്നം വിവരിച്ചു:
9 “‘മന്ത്രവാദികളുടെ പ്രമാണിയായ ബേൽത്ത്ശസ്സരേ,+ വിശുദ്ധദൈവങ്ങളുടെ ആത്മാവ് താങ്കളിലുണ്ടെന്ന് എനിക്കു നന്നായി അറിയാം.+ താങ്കൾക്ക് ഒരു രഹസ്യവും അത്ര ബുദ്ധിമുട്ടല്ലല്ലോ.+ അതുകൊണ്ട്, ഞാൻ സ്വപ്നത്തിൽ കണ്ട ദിവ്യദർശനങ്ങളും അതിന്റെ അർഥവും വിശദീകരിച്ചുതരുക.
10 “‘പള്ളിമെത്തയിൽവെച്ച് കണ്ട ദിവ്യദർശനങ്ങളിൽ, ഭൂമിയുടെ നടുവിൽ ഒരു മരം നിൽക്കുന്നതു ഞാൻ കണ്ടു,+ ഒരു പടുകൂറ്റൻ മരം!+ 11 അതു വളർന്ന് ബലമുള്ളതായി. ആകാശംമുട്ടെ ഉയർന്നുനിന്നു. ഭൂമിയുടെ ഏത് അറ്റത്തുനിന്ന് നോക്കിയാലും അതു കാണാമായിരുന്നു. 12 അതിന്റെ ഇലപ്പടർപ്പു മനോഹരമായിരുന്നു, അതിലാകട്ടെ നിറയെ പഴങ്ങളും. സകല ജീവജാലങ്ങൾക്കും കഴിക്കാൻ വേണ്ടത് അതിലുണ്ടായിരുന്നു. അതിനു കീഴെ കാട്ടുമൃഗങ്ങൾ തണൽ തേടിയെത്തി. കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾ കൂടു കൂട്ടി. ജീവജാലങ്ങളെല്ലാം അതിൽനിന്ന് ഭക്ഷിച്ചു.
13 “‘പള്ളിമെത്തയിൽവെച്ച് ദിവ്യദർശനങ്ങൾ കണ്ടുകൊണ്ടിരിക്കെ അതാ, ഒരു സന്ദേശവാഹകൻ,* ഒരു വിശുദ്ധൻ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നു!+ 14 അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “ആ മരം വെട്ടിയിടൂ!+ കൊമ്പുകൾ മുറിക്കൂ! ഇലകൾ കുലുക്കി താഴെയിടൂ! പഴങ്ങൾ ചിതറിച്ചുകളയൂ! മൃഗങ്ങൾ അതിന്റെ കീഴെനിന്ന് ഓടിപ്പോകട്ടെ. പക്ഷികൾ അതിന്റെ കൊമ്പുകളിൽനിന്ന് പറന്നകലട്ടെ. 15 എന്നാൽ, അതിന്റെ കുറ്റി വേരോടെ നിലത്തെ പുല്ലുകൾക്കിടയിൽത്തന്നെ നിൽക്കട്ടെ. അതിനെ ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും ഉള്ള പട്ടകൊണ്ട് ബന്ധിക്കണം. ആകാശത്തുനിന്ന് മഞ്ഞു വീണ് അതു നനയട്ടെ. ഭൂമിയിലെ സസ്യജാലങ്ങൾക്കിടയിൽ മൃഗങ്ങൾക്കൊപ്പം അതു കഴിയട്ടെ.+ 16 മനുഷ്യഹൃദയത്തിന്റെ സ്ഥാനത്ത് അതിനു മൃഗത്തിന്റെ ഹൃദയം ലഭിക്കട്ടെ. അങ്ങനെ ഏഴു കാലം+ കടന്നുപോകട്ടെ.+ 17 ഇതു സന്ദേശവാഹകരുടെ* കല്പനയാണ്,+ വിശുദ്ധരുടെ ആജ്ഞയാണ്. അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും+ തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും മനുഷ്യരിൽ ഏറ്റവും താണവനെപ്പോലും അതിന്റെ ഭരണം ഏൽപ്പിക്കുന്നെന്നും ജീവിച്ചിരിക്കുന്ന എല്ലാവരും അറിയട്ടെ.”
18 “‘ഇതാണു നെബൂഖദ്നേസർ രാജാവായ ഞാൻ കണ്ട സ്വപ്നം. ബേൽത്ത്ശസ്സരേ, ഇനി അതിന്റെ അർഥം പറയൂ! എന്റെ രാജ്യത്തെ മറ്റൊരു ജ്ഞാനിക്കും ഇതിന്റെ അർഥം വിശദീകരിച്ചുതരാൻ കഴിയുന്നില്ല.+ പക്ഷേ, താങ്കൾക്ക് അതിനു കഴിയും. കാരണം വിശുദ്ധദൈവങ്ങളുടെ ആത്മാവ് താങ്കളിലുണ്ട്.’
19 “അപ്പോൾ, ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനിയേൽ+ ഒരു നിമിഷം തരിച്ചുനിന്നു. മനസ്സിലെ ചിന്തകൾ ദാനിയേലിനെ ഭയപ്പെടുത്തി.
“രാജാവ് പറഞ്ഞു: ‘ബേൽത്ത്ശസ്സരേ, സ്വപ്നവും അതിന്റെ അർഥവും ഓർത്ത് പേടിക്കേണ്ടാ.’
“ബേൽത്ത്ശസ്സർ മറുപടിയായി പറഞ്ഞു: ‘എന്റെ യജമാനനേ, സ്വപ്നത്തിൽ കണ്ടത് അങ്ങയെ വെറുക്കുന്നവർക്കു സംഭവിക്കട്ടെ; അതിന്റെ അർഥം അങ്ങയുടെ ശത്രുക്കളിൽ നിറവേറട്ടെ.
20 “‘അങ്ങ് കണ്ട ആ മരം—വളർന്നുപൊങ്ങിയ, ബലമുള്ള, മാനംമുട്ടെ ഉയർന്ന, ഭൂമിയിൽ എവിടെനിന്നും കാണാമായിരുന്ന,+ 21 മനോഹരമായ ഇലപ്പടർപ്പുള്ള, നിറയെ പഴങ്ങളുള്ള, സകല ജീവജാലങ്ങൾക്കും കഴിക്കാൻ ആഹാരമുള്ള, കീഴെ കാട്ടുമൃഗങ്ങൾ കഴിയുന്ന, കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾ കൂടു കൂട്ടിയ ആ മരം+— 22 രാജാവേ, അത് അങ്ങാണ്. കാരണം അങ്ങ് മഹാനായി വളർന്ന് ബലമുള്ളവനായി. അങ്ങയുടെ പ്രതാപം വളർന്ന് ആകാശത്തോളം എത്തി;+ അങ്ങയുടെ ഭരണാധിപത്യമോ ഭൂമിയുടെ അറ്റങ്ങളോളവും.+
23 “‘തുടർന്ന്, ഒരു സന്ദേശവാഹകൻ,* ഒരു വിശുദ്ധൻ,+ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് ഇങ്ങനെ പറയുന്നതു രാജാവ് കേട്ടു: “ആ മരം വെട്ടി മറിച്ചിടൂ! അതു നശിപ്പിക്കൂ! എന്നാൽ, അതിന്റെ കുറ്റി വേരോടെ നിലത്തെ പുല്ലുകൾക്കിടയിൽത്തന്നെ നിൽക്കട്ടെ. അതിനെ ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും ഉള്ള പട്ടകൊണ്ട് ബന്ധിക്കണം. ആകാശത്തുനിന്നുള്ള മഞ്ഞ് അതിനെ നനയ്ക്കട്ടെ. കാട്ടുമൃഗങ്ങൾക്കൊപ്പം അതു കഴിയട്ടെ. അങ്ങനെ ഏഴു കാലം കടന്നുപോകട്ടെ.”+ 24 രാജാവേ, സ്വപ്നത്തിന്റെ അർഥം ഇതാണ്. എന്റെ യജമാനനായ രാജാവിനു സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് അത്യുന്നതൻ കല്പിച്ചിരിക്കുന്നതാണ് ഇത്. 25 അങ്ങയെ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളയും. കാട്ടുമൃഗങ്ങളോടൊപ്പമായിരിക്കും അങ്ങയുടെ താമസം. അങ്ങയ്ക്കു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു തരും. ആകാശത്തുനിന്ന് മഞ്ഞു വീണ് അങ്ങ് നനയും.+ അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും+ അങ്ങ് മനസ്സിലാക്കുന്നതുവരെ ഏഴു കാലം+ കടന്നുപോകും.+
26 “‘എന്നാൽ, അതിന്റെ കുറ്റി വേരോടെ അവിടെത്തന്നെ നിറുത്തണമെന്ന് അവർ പറഞ്ഞല്ലോ.+ അതിന്റെ അർഥം, ഭരിക്കുന്നതു സ്വർഗമാണെന്ന് അങ്ങ് തിരിച്ചറിഞ്ഞുകഴിയുമ്പോൾ രാജ്യം അങ്ങയ്ക്കു തിരികെ കിട്ടുമെന്നാണ്. 27 അതുകൊണ്ട് രാജാവേ, എന്റെ ഉപദേശം സ്വീകരിക്കേണമേ. ശരിയായതു ചെയ്ത് പാപങ്ങൾ വിട്ടകന്നാലും. പാവപ്പെട്ടവരോടു കരുണ കാട്ടിക്കൊണ്ട് കടുത്ത അന്യായങ്ങൾ അവസാനിപ്പിച്ചാലും. ഒരുപക്ഷേ, അങ്ങയുടെ ഐശ്വര്യസമൃദ്ധി നീട്ടിക്കിട്ടിയേക്കും.’”+
28 ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു.
29 12 മാസത്തിനു ശേഷം ഒരിക്കൽ അദ്ദേഹം ബാബിലോണിലെ രാജകൊട്ടാരത്തിനു മുകളിലൂടെ ഉലാത്തുകയായിരുന്നു. 30 അപ്പോൾ, രാജാവ് ഇങ്ങനെ പറഞ്ഞു: “രാജഗൃഹത്തിനും രാജകീയമഹിമയ്ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാലും പ്രഭാവത്താലും പണിത പ്രൗഢഗംഭീരമായ ബാബിലോണല്ലേ ഇത്?”
31 രാജാവ് ഇതു പറഞ്ഞ് നാവെടുക്കുന്നതിനു മുമ്പുതന്നെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു: “നെബൂഖദ്നേസർ രാജാവേ, നിന്നോടു പറയാനുള്ളത് ഇതാണ്: ‘രാജ്യം നിന്റെ കൈയിൽനിന്ന് പോയിരിക്കുന്നു;+ 32 മനുഷ്യരുടെ ഇടയിൽനിന്ന് നിന്നെ ഓടിച്ചുകളയുകയാണ്. കാട്ടുമൃഗങ്ങളോടൊപ്പമായിരിക്കും നിന്റെ താമസം. നിനക്കു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു തരും. അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും നീ മനസ്സിലാക്കുന്നതുവരെ ഏഴു കാലം കടന്നുപോകും.’”+
33 പറഞ്ഞ വാക്കുകൾ ആ നിമിഷംതന്നെ നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളഞ്ഞു. കാളയെപ്പോലെ അദ്ദേഹം പുല്ലു തിന്നാൻതുടങ്ങി. ആകാശത്തുനിന്നുള്ള മഞ്ഞു വീണ് അദ്ദേഹം നനഞ്ഞു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും നഖം പക്ഷിയുടെ നഖംപോലെയും വളർന്നു.+
34 “ആ കാലം കഴിഞ്ഞപ്പോൾ+ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു നോക്കി. എനിക്കു സുബോധം തിരിച്ചുകിട്ടി. ഞാൻ അത്യുന്നതനെ മഹത്ത്വപ്പെടുത്തി. എന്നെന്നും ജീവിച്ചിരിക്കുന്നവനെ വാഴ്ത്തി സ്തുതിച്ചു. കാരണം, ദൈവത്തിന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും ദൈവത്തിന്റെ രാജ്യം തലമുറതലമുറയോളമുള്ളതും ആണല്ലോ.+ 35 ഭൂവാസികളൊന്നും തിരുമുന്നിൽ ഒന്നുമല്ല. സ്വർഗീയസൈന്യത്തോടും ഭൂവാസികളോടും ദൈവം തനിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ് ഈ ചെയ്തത്’+ എന്നു ദൈവത്തോടു ചോദിക്കാനോ ആർക്കുമാകില്ല.
36 “ആ സമയത്ത് എനിക്കു സുബോധം വീണ്ടുകിട്ടി. എന്റെ രാജ്യത്തിന്റെ മഹത്ത്വവും എന്റെ മഹിമയും പ്രതാപവും എനിക്കു തിരികെ ലഭിച്ചു.+ എന്റെ ഉന്നതോദ്യോഗസ്ഥരും പ്രധാനികളും അതീവതാത്പര്യത്തോടെ എന്നെ തേടി വന്നു. എനിക്ക് എന്റെ രാജ്യം തിരികെ കിട്ടി. ഞാൻ മുമ്പത്തെക്കാൾ മഹാനായി.
37 “ഇപ്പോൾ, നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗാധിസ്വർഗങ്ങളുടെ രാജാവിനെ വാഴ്ത്തി സ്തുതിച്ച് മഹത്ത്വപ്പെടുത്തുന്നു.+ കാരണം, ദൈവത്തിന്റെ പ്രവൃത്തികളെല്ലാം നേരുള്ളത്.+ ദൈവത്തിന്റെ വഴികൾ നീതിയുള്ളതും. അഹങ്കാരികളുടെ അഹങ്കാരം ഇല്ലാതാക്കാനും ദൈവം പ്രാപ്തനല്ലോ.”+
5 ഒരിക്കൽ ബേൽശസ്സർ+ രാജാവ് തന്റെ പ്രധാനികളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നു നടത്തി. അവരുടെ മുന്നിൽവെച്ച് അദ്ദേഹം വീഞ്ഞു കുടിക്കുകയായിരുന്നു.+ 2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്. 3 അങ്ങനെ, യരുശലേമിലുള്ള ദൈവഭവനത്തിലെ വിശുദ്ധമന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങൾ അവർ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവും അദ്ദേഹത്തിന്റെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും അതിൽനിന്ന് കുടിച്ചു. 4 അവർ വീഞ്ഞു കുടിച്ചിട്ട് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, കല്ല് എന്നിവകൊണ്ടുള്ള ദൈവങ്ങളെ സ്തുതിച്ചു.
5 ആ നിമിഷംതന്നെ ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് രാജകൊട്ടാരത്തിലെ വിളക്കുതണ്ടിനു നേരെയുള്ള തേച്ച ഭിത്തിയിൽ എഴുതിത്തുടങ്ങി. എഴുതിക്കൊണ്ടിരുന്ന കൈയുടെ പുറകുവശം രാജാവ് കണ്ടു. 6 അപ്പോൾ രാജാവ് ആകെ വിളറിവെളുത്തു.* മനസ്സിലെ ചിന്തകൾ അദ്ദേഹത്തെ ഭയപ്പെടുത്തി. അദ്ദേഹത്തിന്റെ അരക്കെട്ട് ഇളകിയാടി,+ കാൽമുട്ടുകൾ കൂട്ടിയിടിക്കാൻതുടങ്ങി.
7 മാന്ത്രികരെയും കൽദയരെയും* ജ്യോതിഷക്കാരെയും വിളിക്കാൻ രാജാവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.+ ബാബിലോണിലെ ജ്ഞാനികളോടു രാജാവ് പറഞ്ഞു: “ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതരുന്നയാളെ പർപ്പിൾ നിറമുള്ള വസ്ത്രം ധരിപ്പിച്ച് അയാളുടെ കഴുത്തിൽ സ്വർണമാല അണിയിക്കും.+ അയാൾ രാജ്യത്തെ മൂന്നാമനായി വാഴും.”+
8 രാജാവിന്റെ ജ്ഞാനികളെല്ലാം വന്നെങ്കിലും ഒരാൾക്കുപോലും എഴുതിയിരിക്കുന്നതു വായിക്കാനോ രാജാവിന് അതിന്റെ അർഥം പറഞ്ഞുകൊടുക്കാനോ കഴിഞ്ഞില്ല.+ 9 ബേൽശസ്സർ രാജാവ് ആകെ പരിഭ്രമിച്ചു. അദ്ദേഹത്തിന്റെ മുഖം വിളറിവെളുത്തു. പ്രധാനികളെല്ലാം കുഴങ്ങി.+
10 രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രധാനികളുടെയും വാക്കുകൾ കേട്ട് രാജ്ഞി വിരുന്നുശാലയിലേക്കു കടന്നുവന്നു. രാജ്ഞി പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. മനസ്സിലെ ചിന്തകൾ അങ്ങയെ ഭയപ്പെടുത്തേണ്ടതില്ല. അങ്ങയുടെ മുഖം വിളറുകയും വേണ്ടാ. 11 വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള ഒരാൾ* അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത്, തെളിഞ്ഞ ബുദ്ധിയും ഉൾക്കാഴ്ചയും ദൈവങ്ങളുടേതുപോലുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു.+ അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ് അയാളെ മന്ത്രവാദികളുടെയും മാന്ത്രികരുടെയും കൽദയരുടെയും* ജ്യോതിഷക്കാരുടെയും പ്രമാണിയായി നിയമിച്ചു.+ അതെ രാജാവേ, അങ്ങയുടെ പിതാവ് അങ്ങനെ ചെയ്തു. 12 കാരണം, രാജാവ് ബേൽത്ത്ശസ്സർ എന്നു പേരിട്ട ദാനിയേലിനു+ സ്വപ്നങ്ങളുടെ അർഥം വിശദീകരിക്കാനും നിഗൂഢതകളുടെ ചുരുളഴിക്കാനും കുഴപ്പിക്കുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും അസാധാരണമായ ബുദ്ധിയും ജ്ഞാനവും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു.+ ഇപ്പോൾ, ദാനിയേലിനെ വിളിച്ചുവരുത്തിയാലും. ദാനിയേൽ ഇതിന്റെ അർഥം വിശദീകരിച്ചുതരും.”
13 അങ്ങനെ, ദാനിയേലിനെ രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ദാനിയേലിനോടു ചോദിച്ചു: “രാജാവായ എന്റെ അപ്പൻ യഹൂദയിൽനിന്ന് കൊണ്ടുവന്ന+ യഹൂദാപ്രവാസികളിൽപ്പെട്ട ദാനിയേൽ താങ്കളല്ലേ?+ 14 താങ്കളിൽ ദൈവങ്ങളുടെ ആത്മാവുണ്ടെന്നും+ താങ്കൾ തെളിഞ്ഞ ബുദ്ധിയും ഉൾക്കാഴ്ചയും അസാധാരണമായ ജ്ഞാനവും ഉള്ളവനാണെന്നും ഞാൻ കേട്ടിരിക്കുന്നു.+ 15 ഇപ്പോൾ, ഈ എഴുതിയിരിക്കുന്നതു വായിച്ച് അർഥം പറഞ്ഞുതരാൻ ജ്ഞാനികളെയും മാന്ത്രികരെയും എന്റെ മുന്നിൽ കൊണ്ടുവന്നു. പക്ഷേ, സന്ദേശത്തിന്റെ അർഥം പറയാൻ അവർക്ക് ആർക്കും കഴിയുന്നില്ല.+ 16 എന്നാൽ കുഴപ്പിക്കുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും അർഥം വിശദീകരിക്കാനും താങ്കൾക്കു കഴിവുണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു.+ ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതന്നാൽ താങ്കളെ പർപ്പിൾ നിറമുള്ള വസ്ത്രം ധരിപ്പിച്ച് താങ്കളുടെ കഴുത്തിൽ സ്വർണമാല അണിയിക്കും. താങ്കൾ രാജ്യത്തെ മൂന്നാമനായി വാഴും.”+
17 ദാനിയേൽ അപ്പോൾ രാജാവിനോടു പറഞ്ഞു: “സമ്മാനങ്ങൾ അങ്ങയുടെ പക്കൽ ഇരിക്കട്ടെ; പാരിതോഷികങ്ങൾ മറ്റാർക്കെങ്കിലും നൽകിയാലും. എങ്കിലും എഴുതിയിരിക്കുന്നതു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ച് അർഥം പറഞ്ഞുതരാം. 18 അല്ലയോ രാജാവേ, അത്യുന്നതനായ ദൈവം അങ്ങയുടെ പിതാവായ നെബൂഖദ്നേസറിനു രാജ്യവും മഹത്ത്വവും ബഹുമാനവും പ്രതാപവും നൽകി.+ 19 ദൈവം നൽകിയ മാഹാത്മ്യം നിമിത്തം സകല ജനതകളും രാജ്യക്കാരും ഭാഷക്കാരും അദ്ദേഹത്തിന്റെ സന്നിധിയിൽ ഭയന്നുവിറച്ചു.+ തനിക്കു തോന്നിയതുപോലെ അദ്ദേഹം ആളുകളെ കൊല്ലുകയോ ജീവനോടെ വെക്കുകയോ ചെയ്തു. തന്റെ ഇഷ്ടമനുസരിച്ച് ആളുകളെ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്തു.+ 20 പക്ഷേ, ഹൃദയം അഹങ്കരിച്ച് മനസ്സു* കഠിനമായി അദ്ദേഹം ധാർഷ്ട്യത്തോടെ പെരുമാറിയപ്പോൾ,+ രാജ്യത്തെ സിംഹാസനത്തിൽനിന്ന് അദ്ദേഹത്തെ താഴെ ഇറക്കി; മഹത്ത്വം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റി. 21 മനുഷ്യരുടെ ഇടയിൽനിന്ന് അദ്ദേഹത്തെ ഓടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിന്റേതുപോലെയായി. കാട്ടുകഴുതകളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. അദ്ദേഹത്തിനു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു കൊടുത്തു. ആകാശത്തുനിന്നുള്ള മഞ്ഞു വീണ് അദ്ദേഹം നനഞ്ഞു. അങ്ങനെ, അത്യുന്നതദൈവമാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനെ ദൈവം അതിന്റെ ഭരണം ഏൽപ്പിക്കുന്നെന്നും അദ്ദേഹം മനസ്സിലാക്കി.+
22 “എന്നാൽ, അദ്ദേഹത്തിന്റെ മകനായ ബേൽശസ്സരേ, ഇതെല്ലാം അറിയാമായിരുന്നിട്ടും അങ്ങ് ഹൃദയം താഴ്മയുള്ളതാക്കിയില്ല. 23 പകരം, സ്വർഗാധിസ്വർഗങ്ങളുടെ കർത്താവിന് എതിരെ അങ്ങ് സ്വയം ഉയർത്തി,+ ദൈവഭവനത്തിലെ പാത്രങ്ങൾ അങ്ങയുടെ സന്നിധിയിൽ വരുത്തിച്ചു.+ അങ്ങും അങ്ങയുടെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽ വീഞ്ഞു കുടിച്ചു. എന്നിട്ട് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, കല്ല് എന്നിവകൊണ്ടുള്ള ദൈവങ്ങളെ, ഒന്നും കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത ദൈവങ്ങളെ, നിങ്ങൾ സ്തുതിച്ചു.+ പക്ഷേ, അങ്ങയുടെ ജീവന്റെമേലും+ അങ്ങ് ചെയ്യുന്ന എല്ലാ കാര്യങ്ങളുടെ മേലും അധികാരമുള്ള* ദൈവത്തെ അങ്ങ് മഹത്ത്വപ്പെടുത്തിയില്ല. 24 അതുകൊണ്ടാണ് ദൈവം കൈ അയച്ചതും ഇത് എഴുതിച്ചതും.+ 25 എഴുതിയിരിക്കുന്നത് ഇതാണ്: മെനേ, മെനേ, തെക്കേൽ, പർസീൻ.
26 “വാക്കുകളുടെ അർഥമോ: മെനേ എന്നാൽ, ദൈവം അങ്ങയുടെ രാജ്യത്തിന്റെ നാളുകൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നാണ്.+
27 “തെക്കേൽ എന്നാൽ, അങ്ങയെ ത്രാസ്സിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നാണ്.
28 “പെരെസ് എന്നാൽ, അങ്ങയുടെ രാജ്യം വിഭജിച്ച് മേദ്യർക്കും പേർഷ്യക്കാർക്കും കൊടുത്തിരിക്കുന്നു എന്നും.”+
29 തുടർന്ന്, ബേൽശസ്സരിന്റെ കല്പനയനുസരിച്ച് അവർ ദാനിയേലിനെ പർപ്പിൾ നിറമുള്ള വസ്ത്രം ധരിപ്പിച്ചു; ദാനിയേലിന്റെ കഴുത്തിൽ സ്വർണമാല അണിയിച്ചു; ദാനിയേൽ രാജ്യത്തെ മൂന്നാമനായി വാഴും എന്നു വിളംബരം ചെയ്തു.+
30 ആ രാത്രിതന്നെ കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.+ 31 രാജ്യം മേദ്യനായ ദാര്യാവേശിനു+ ലഭിച്ചു; അപ്പോൾ, ദാര്യാവേശിന് ഏകദേശം 62 വയസ്സുണ്ടായിരുന്നു.
6 രാജ്യത്ത് അങ്ങോളമിങ്ങോളം 120 സംസ്ഥാനാധിപതിമാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാര്യാവേശിനു തോന്നി.+ 2 അവരുടെ മേൽ മൂന്ന് ഉന്നതോദ്യോഗസ്ഥരെയും നിയമിച്ചു. ഇവരിൽ ഒരാൾ ദാനിയേലായിരുന്നു.+ രാജാവിനു നഷ്ടമൊന്നും വരാതിരിക്കേണ്ടതിനു സംസ്ഥാനാധിപതിമാർ+ ഇവരോടു കണക്കു ബോധിപ്പിക്കണമായിരുന്നു. 3 ദാനിയേൽ മറ്റ് ഉന്നതോദ്യോഗസ്ഥരെക്കാളും സംസ്ഥാനാധിപതിമാരെക്കാളും മികച്ചുനിന്നു. അസാധാരണമാംവിധം സമർഥനായിരുന്നു ദാനിയേൽ.+ ദാനിയേലിനു സ്ഥാനക്കയറ്റം നൽകി മുഴുരാജ്യത്തിനും മീതെ ഉയർത്താൻ രാജാവ് ആലോചിച്ചു.
4 ആ സമയത്ത് ഉന്നതോദ്യോഗസ്ഥരും സംസ്ഥാനാധിപതിമാരും ദാനിയേലിന് എതിരെ രാജ്യകാര്യങ്ങളോടു ബന്ധപ്പെട്ട എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ നോക്കിനടക്കുകയായിരുന്നു. പക്ഷേ, ആരോപണം ഉന്നയിക്കാൻ പറ്റിയ എന്തെങ്കിലും തെറ്റോ കുറ്റമോ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. കാരണം, ദാനിയേൽ ആശ്രയയോഗ്യനും ഒന്നിലും വീഴ്ച വരുത്താത്തവനും അഴിമതി കാണിക്കാത്തവനും ആയിരുന്നു. 5 അതുകൊണ്ട്, അവർ പറഞ്ഞു: “ഈ ദാനിയേലിന്റെ കാര്യത്തിൽ, അയാളുടെ ദൈവത്തിന്റെ നിയമത്തോടു* ബന്ധപ്പെട്ടല്ലാതെ ഒരു കാര്യത്തിലും ഒരു ആരോപണവും ഉന്നയിക്കാനാകുമെന്നു തോന്നുന്നില്ല.”+
6 അങ്ങനെ, ആ ഉന്നതോദ്യോഗസ്ഥരും സംസ്ഥാനാധിപതിമാരും സംഘം ചേർന്ന് രാജസന്നിധിയിലെത്തി. അവർ രാജാവിനോടു പറഞ്ഞു: “ദാര്യാവേശ് രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 7 രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും മേധാവികളും സംസ്ഥാനാധിപതിമാരും രാജാവിന്റെ ഉന്നതാധികാരികളും ഗവർണർമാരും ഒരു കാര്യം കൂടിയാലോചിച്ചിരിക്കുന്നു. അത് ഇതാണു രാജാവേ: 30 ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദൈവത്തോടോ മനുഷ്യനോടോ അപേക്ഷ ഉണർത്തിക്കുന്നയാളെ സിംഹക്കുഴിയിൽ എറിയണം.+ ഇതെക്കുറിച്ച് ഒരു രാജകല്പന പുറപ്പെടുവിച്ച് ഒരു നിരോധനം ഏർപ്പെടുത്തണം. 8 രാജാവേ, ഇപ്പോൾ അങ്ങ് അതൊരു കല്പനയാക്കി മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അതിൽ ഒപ്പു വെച്ചാലും;+ അങ്ങനെ, അതിനു മാറ്റം വരുത്താൻ പറ്റാതാകട്ടെ.”+
9 അങ്ങനെ, ദാര്യാവേശ് രാജാവ് ആ കല്പനയിലും നിരോധനത്തിലും ഒപ്പു വെച്ചു.
10 എന്നാൽ, കല്പനയിൽ ഒപ്പു വെച്ച കാര്യം അറിഞ്ഞ ഉടനെ ദാനിയേൽ വീട്ടിലേക്കു പോയി. വീടിന്റെ മുകളിലത്തെ മുറിയുടെ ജനലുകൾ യരുശലേമിനു നേരെ തുറന്നുകിടന്നിരുന്നു.+ താൻ പതിവായി ചെയ്തുപോന്നതുപോലെ ദാനിയേൽ ദിവസം മൂന്നു പ്രാവശ്യം തന്റെ ദൈവത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ച് സ്തുതികൾ അർപ്പിച്ചു. 11 അപ്പോൾ, ആ പുരുഷന്മാർ അകത്തേക്ക് ഇരച്ചുകയറിവന്നു. ദാനിയേൽ തന്റെ ദൈവത്തിന്റെ മുന്നിൽ അപേക്ഷ ഉണർത്തിക്കുന്നതും പ്രീതിക്കായി യാചിക്കുന്നതും അവർ കണ്ടു.
12 ഉടൻതന്നെ അവർ രാജാവിനെ സമീപിച്ച് രാജാവ് ഏർപ്പെടുത്തിയ നിരോധനത്തെക്കുറിച്ച് ഓർമിപ്പിച്ചു: “രാജാവേ, 30 ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദൈവത്തോടോ മനുഷ്യനോടോ അപേക്ഷ ഉണർത്തിക്കുന്നയാളെ സിംഹക്കുഴിയിൽ എറിയണമെന്നു വ്യവസ്ഥ ചെയ്ത് അങ്ങ് നിരോധനം ഏർപ്പെടുത്തി ഒപ്പു വെച്ചില്ലേ?” രാജാവ് പറഞ്ഞു: “മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അക്കാര്യത്തിന് ഒരു മാറ്റവുമില്ല.”+ 13 ഉടനെ അവർ രാജാവിനോടു പറഞ്ഞു: “രാജാവേ, യഹൂദയിൽനിന്ന് പ്രവാസിയായി പിടിച്ചുകൊണ്ടുവന്ന ദാനിയേൽ+ അങ്ങയെയോ അങ്ങ് ഒപ്പു വെച്ച നിരോധനത്തെയോ ഒട്ടും വകവെക്കാതെ ദിവസം മൂന്നു പ്രാവശ്യം പ്രാർഥിക്കുന്നു.”+ 14 ഇതു കേട്ട ഉടനെ രാജാവ് ആകെ വിഷമത്തിലായി. ദാനിയേലിനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അദ്ദേഹം ആലോചിച്ചു. ദാനിയേലിനെ രക്ഷിക്കാൻ സൂര്യൻ അസ്തമിക്കുന്നതുവരെ അദ്ദേഹം സകല ശ്രമവും ചെയ്തു. 15 ഒടുവിൽ, ആ പുരുഷന്മാർ സംഘം ചേർന്ന് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “രാജാവേ, രാജകല്പനയ്ക്കോ രാജാവ് ഏർപ്പെടുത്തുന്ന ഏതെങ്കിലും നിരോധനത്തിനോ മാറ്റം വരുത്താൻ പാടില്ലെന്നാണു മേദ്യരുടെയും പേർഷ്യക്കാരുടെയും നിയമമെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.”+
16 അങ്ങനെ, രാജാവ് ഉത്തരവിട്ടു; അവർ ദാനിയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിൽ എറിഞ്ഞു.+ രാജാവ് ദാനിയേലിനോടു പറഞ്ഞു: “താങ്കൾ നിരന്തരം സേവിക്കുന്ന ആ ദൈവം താങ്കളെ രക്ഷിക്കും.” 17 തുടർന്ന്, ഒരു കല്ലു കൊണ്ടുവന്ന് കുഴിയുടെ വായ് അടച്ചു. ദാനിയേലിന്റെ കാര്യത്തിൽ ഒരു മാറ്റവും വരാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും തന്റെ പ്രധാനികളുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്ര വെച്ചു.
18 പിന്നെ, രാജാവ് കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവൻ ഉപവസിച്ചു, ഉല്ലാസമൊന്നും വേണ്ടെന്നു വെച്ചു.* രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല.* 19 ഒടുവിൽ, വെട്ടം വീണ ഉടനെ രാജാവ് എഴുന്നേറ്റ് തിടുക്കത്തിൽ സിംഹക്കുഴിയുടെ അടുത്തേക്കു പോയി. 20 കുഴിയുടെ അടുത്ത് ചെന്ന രാജാവ് ദുഃഖം കലർന്ന സ്വരത്തിൽ ദാനിയേലിനെ വിളിച്ചു. രാജാവ് ദാനിയേലിനോടു ചോദിച്ചു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലേ, താങ്കൾ ഇടവിടാതെ സേവിക്കുന്ന ദൈവത്തിനു സിംഹങ്ങളിൽനിന്ന് താങ്കളെ രക്ഷിക്കാനായോ?” 21 ഉടനെ ദാനിയേൽ രാജാവിനോടു പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു.+ അവ എന്നെ ഉപദ്രവിച്ചില്ല.+ കാരണം, ഞാൻ നിരപരാധിയാണെന്നു ദൈവം കണ്ടു. രാജാവേ, അങ്ങയോടും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.”
23 രാജാവിനു വലിയ സന്തോഷമായി. ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റി. തന്റെ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതുകൊണ്ട് ദാനിയേലിന് ഒരു പോറൽപോലും ഏറ്റിരുന്നില്ല.+
24 പിന്നെ, ദാനിയേലിന് എതിരെ കുറ്റാരോപണം നടത്തിയ* പുരുഷന്മാരെ രാജകല്പനയനുസരിച്ച് കൊണ്ടുവന്നു. അവരെയും അവരുടെ പുത്രന്മാരെയും ഭാര്യമാരെയും സിംഹക്കുഴിയിൽ എറിഞ്ഞു. അവർ കുഴിയുടെ അടിയിൽ എത്തുന്നതിനു മുമ്പേ സിംഹങ്ങൾ അവരെ കീഴ്പെടുത്തി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.+
25 പിന്നെ, ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള എല്ലാ ജനതകൾക്കും രാജ്യക്കാർക്കും ഭാഷക്കാർക്കും ഇങ്ങനെ എഴുതി:+ “നിങ്ങൾക്കു സമൃദ്ധമായ സമാധാനം ആശംസിക്കുന്നു! 26 എന്റെ ഭരണപ്രദേശത്തെങ്ങുമുള്ള സകലരും ദാനിയേലിന്റെ ദൈവത്തിനു മുന്നിൽ ഭയന്നുവിറയ്ക്കണമെന്നു ഞാൻ ഒരു കല്പന പുറപ്പെടുവിക്കുന്നു.+ കാരണം, ആ ദൈവമാണു ജീവനുള്ള ദൈവം, എന്നേക്കുമുള്ളവൻ. ആ ദൈവത്തിന്റെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടില്ല. ആ ഭരണം എന്നെന്നും നിലനിൽക്കും.*+ 27 ആ ദൈവം വിടുവിക്കുകയും+ രക്ഷിക്കുകയും ചെയ്യുന്നു, ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നു.+ സിംഹങ്ങളുടെ കൈയിൽനിന്ന് ആ ദൈവം ദാനിയേലിനെ രക്ഷിച്ചല്ലോ!”
28 അങ്ങനെ ദാനിയേൽ, ദാര്യാവേശിന്റെയും+ പേർഷ്യക്കാരനായ കോരെശിന്റെയും*+ ഭരണകാലത്ത് ഐശ്വര്യസമൃദ്ധിയിൽ കഴിഞ്ഞു.
7 ബാബിലോണിലെ ബേൽശസ്സർ രാജാവിന്റെ+ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേലിന് ഒരു സ്വപ്നമുണ്ടായി, കിടക്കയിൽവെച്ച് ചില ദർശനങ്ങൾ കണ്ടു.+ ദാനിയേൽ ആ സ്വപ്നം എഴുതിവെച്ചു.+ കാര്യങ്ങളെല്ലാം ഒന്നും വിടാതെ രേഖപ്പെടുത്തി. 2 ദാനിയേൽ പറയുന്നു:
“രാത്രിയിൽ എനിക്കുണ്ടായ ദിവ്യദർശനങ്ങളിൽ, ഞാൻ നോക്കിയപ്പോൾ അതാ, ആകാശത്തിലെ നാലു കാറ്റ് വിശാലമായ സമുദ്രത്തെ ഇളക്കിമറിക്കുന്നു.+ 3 സമുദ്രത്തിൽനിന്ന് നാലു കൂറ്റൻ മൃഗങ്ങൾ+ കയറിവന്നു. നാലും നാലു തരം!
4 “ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയിരുന്നു.+ അതിനു കഴുകന്റെ ചിറകുണ്ടായിരുന്നു.+ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, അതിന്റെ ചിറകുകൾ പറിച്ചെടുക്കുന്നു. എന്നിട്ട്, അതിനെ ഭൂമിയിൽനിന്ന് ഉയർത്തി മനുഷ്യനെപ്പോലെ രണ്ടു കാലിൽ നിറുത്തി. അതിന് ഒരു മനുഷ്യഹൃദയവും കൊടുത്തു.
5 “അപ്പോൾ അതാ! മറ്റൊരു മൃഗം. രണ്ടാമത്തെ ആ മൃഗം കരടിയെപ്പോലെയിരുന്നു.+ അത് ഒരു വശം പൊക്കിയാണു നിന്നത്. വായിൽ പല്ലുകൾക്കിടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചിരുന്നു. ‘എഴുന്നേറ്റ് ഇഷ്ടംപോലെ ഇറച്ചി തിന്നുക’+ എന്ന് അതിനോടു പറയുന്നതു ഞാൻ കേട്ടു.
6 “അതിനു ശേഷം ഞാൻ നോക്കുമ്പോൾ അതാ, മറ്റൊരു മൃഗം! അതു പുള്ളിപ്പുലിയെപ്പോലെയിരുന്നു.+ എന്നാൽ, അതിന്റെ മുതുകിൽ പക്ഷിയുടേതുപോലെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയുമുണ്ടായിരുന്നു.+ അതിനു ഭരിക്കാനുള്ള അധികാരം കിട്ടി.
7 “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ രാത്രിയിലെ ദിവ്യദർശനങ്ങളിൽ പിന്നെ നാലാമതൊരു മൃഗത്തെ കണ്ടു. അസാധാരണബലമുള്ള, പേടി തോന്നിപ്പിക്കുന്നൊരു മൃഗം; ഒരു ഭയങ്കരരൂപം! അതിനു വലിയ ഇരുമ്പുപല്ലുകളുണ്ടായിരുന്നു. അത് ആർത്തിയോടെ തിന്നുകയും തകർക്കുകയും ചെയ്തുകൊണ്ടിരുന്നു; ബാക്കി വന്നതെല്ലാം അതു കാലുകൊണ്ട് ചവിട്ടിയരച്ചു.+ മുമ്പത്തെ മൃഗങ്ങളിൽനിന്നെല്ലാം ഇതു വളരെ വ്യത്യസ്തമായിരുന്നു. ഇതിനു പത്തു കൊമ്പുണ്ടായിരുന്നു. 8 ഞാൻ ആ കൊമ്പുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ മറ്റൊരു ചെറിയ കൊമ്പ്+ അവയ്ക്കിടയിൽ ഉയർന്നുവന്നു. അതിന്റെ മുന്നിൽനിന്ന് ആദ്യത്തവയിൽ മൂന്നെണ്ണത്തെ പിഴുതുമാറ്റി. അതാ, ആ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലുള്ള കണ്ണുകൾ! ഗർവത്തോടെ സംസാരിക്കുന്ന* ഒരു വായും അതിനുണ്ടായിരുന്നു.+
9 “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ സിംഹാസനങ്ങൾ ഒരുക്കി. പുരാതനകാലംമുതലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹത്തിന്റെ വസ്ത്രം മഞ്ഞുപോലെ വെൺമയുള്ളതായിരുന്നു;+ തലമുടി ശുദ്ധമായ കമ്പിളിരോമംപോലെയിരുന്നു. അഗ്നിജ്വാലകളായിരുന്നു അദ്ദേഹത്തിന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിജ്വലിക്കുന്ന തീയും.+ 10 ഒരു അഗ്നിനദി അദ്ദേഹത്തിന്റെ മുന്നിൽനിന്ന് പുറപ്പെട്ട് ഒഴുകിക്കൊണ്ടിരുന്നു.+ അദ്ദേഹത്തിനു ശുശ്രൂഷ ചെയ്യുന്നവരുടെ എണ്ണം ആയിരത്തിന്റെ ആയിരം മടങ്ങും അദ്ദേഹത്തിന്റെ സന്നിധിയിൽ നിന്നിരുന്നവർ പതിനായിരത്തിന്റെ പതിനായിരം മടങ്ങും ആയിരുന്നു.+ ന്യായാധിപസഭ+ ഇരുന്നു, പുസ്തകങ്ങൾ തുറന്നു.
11 “ആ കൊമ്പു ഗർവത്തോടെ സംസാരിക്കുന്ന* ശബ്ദം+ കേട്ട് ഞാൻ നോക്കിനിന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ആ മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് അതിനെ തീയിലിട്ട് ചുടാൻ കൊടുത്തു. 12 എന്നാൽ, മറ്റു മൃഗങ്ങളുടെ കാര്യമോ?+ അവയുടെ ആധിപത്യം എടുത്തുകളഞ്ഞു. ഒരു സമയത്തേക്കും ഒരു കാലത്തേക്കും കൂടെ അവയുടെ ജീവൻ നീട്ടിക്കൊടുത്തു.
13 “രാത്രിയിലെ ദിവ്യദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, ആകാശമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാതനകാലംമുതലേ ഉള്ളവന്റെ+ അടുത്തേക്കു ചെല്ലാൻ അവന് അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹത്തിന്റെ തൊട്ടടുത്തേക്കു കൊണ്ടുചെന്നു. 14 എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്+ അവന് ആധിപത്യവും+ ബഹുമതിയും+ രാജ്യവും നൽകി. അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.+
15 “ദാനിയേൽ എന്ന ഞാനോ ഈ ദർശനങ്ങളൊക്കെ കണ്ട് ഭയന്നുപോയി; എന്റെ മനസ്സ് ആകെ വിഷമിച്ചു.+ 16 ഇതിന്റെയൊക്കെ ശരിക്കുള്ള അർഥം എന്താണെന്നു ചോദിക്കാൻ അവിടെ നിൽക്കുന്ന ഒരാളുടെ അടുത്തേക്കു ഞാൻ ചെന്നു. അദ്ദേഹം ഇവയുടെയെല്ലാം അർഥം എനിക്കു വിശദീകരിച്ചുതന്നു.
17 “‘ഈ വലിയ നാലു മൃഗങ്ങൾ+ ഭൂമിയിൽ എഴുന്നേൽക്കാൻപോകുന്ന നാലു രാജാക്കന്മാരാണ്.+ 18 എന്നാൽ, പരമോന്നതന്റെ വിശുദ്ധർക്കു+ രാജ്യം ലഭിക്കും.+ ഈ രാജ്യം എന്നും അവരുടെ കൈവശം ഇരിക്കും.+ അതെ, എന്നുമെന്നേക്കും അത് അവരുടെ കൈയിൽ ഇരിക്കും.’
19 “അപ്പോൾ എനിക്ക്, മറ്റു മൃഗങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ നാലാമത്തെ മൃഗത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നി. അത് അസാധാരണമാംവിധം ഭയം ജനിപ്പിക്കുന്ന, ഇരുമ്പുപല്ലുകളും ചെമ്പുനഖങ്ങളും ഉള്ള, ആർത്തിയോടെ തിന്നുകയും തകർക്കുകയും ചെയ്യുന്ന, ബാക്കി വന്നതെല്ലാം കാലുകൊണ്ട് ചവിട്ടിയരയ്ക്കുന്ന മൃഗമായിരുന്നു.+ 20 അതിന്റെ തലയിലെ പത്തു കൊമ്പിനെക്കുറിച്ചും+ പിന്നീട് ഉയർന്നുവന്ന മറ്റേ കൊമ്പിനെക്കുറിച്ചും അറിയാനും ഞാൻ ആഗ്രഹിച്ചു. കണ്ണുകളും ഗർവത്തോടെ സംസാരിക്കുന്ന* വായും ഉള്ള, കാഴ്ചയ്ക്കു മറ്റുള്ളവയെക്കാൾ വലുപ്പമുണ്ടായിരുന്ന ആ കൊമ്പിനു മുന്നിൽ മൂന്നു കൊമ്പുകൾ വീണുപോയിരുന്നു.+
21 “ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ ആ കൊമ്പു വിശുദ്ധരോടു യുദ്ധം ചെയ്ത് ജയിച്ച് മുന്നേറുന്നതു കണ്ടു.+ 22 പുരാതനകാലംമുതലേ+ ഉള്ളവൻ വന്ന് പരമോന്നതന്റെ വിശുദ്ധർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുന്നതുവരെ+ അതായിരുന്നു സ്ഥിതി. അതോടെ, വിശുദ്ധർക്കു രാജ്യം കൈവശമാക്കാൻ നിശ്ചയിച്ച സമയം വന്നെത്തി.+
23 “അദ്ദേഹം പറഞ്ഞുതന്നത് ഇതാണ്: ‘നാലാമത്തെ മൃഗത്തിന്റെ കാര്യമോ, ഭൂമിയിൽ നാലാമതൊരു രാജ്യം ഉണ്ടാകാനിരിക്കുന്നു. അതു മറ്റെല്ലാ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായിരിക്കും. അതു ഭൂമിയെ മുഴുവൻ ആർത്തിയോടെ തിന്ന് അതിനെ ചവിട്ടിയരച്ച് തകർക്കും.+ 24 പത്തു കൊമ്പുകളുടെ കാര്യമോ, ആ രാജ്യത്തുനിന്ന് പത്തു രാജാക്കന്മാർ ഉദയം ചെയ്യും. എന്നാൽ, അവർക്കു ശേഷം മറ്റൊരു രാജാവുകൂടെ ഉദയം ചെയ്യും. ആദ്യത്തവരിൽനിന്ന് വ്യത്യസ്തനായിരിക്കും അയാൾ. മൂന്നു രാജാക്കന്മാരെ അയാൾ കീഴടക്കും.+ 25 അയാൾ അത്യുന്നതന് എതിരെ സംസാരിക്കും,+ പരമോന്നതന്റെ വിശുദ്ധരെ നിരന്തരം ദ്രോഹിക്കും. കാലങ്ങളും നിയമവും മാറ്റാൻ അയാൾ പദ്ധതിയിടും. ഒരു കാലവും കാലങ്ങളും അരക്കാലവും*+ കഴിയുന്നതുവരെ അവരെ അയാളുടെ കൈയിൽ ഏൽപ്പിക്കും. 26 എന്നാൽ, ന്യായാധിപസഭ ഇരുന്നു. അയാളെ നിശ്ശേഷം നശിപ്പിച്ച് ഇല്ലായ്മ ചെയ്യേണ്ടതിന് അവർ അയാളുടെ ആധിപത്യം എടുത്തുകളഞ്ഞു.+
27 “‘എന്നാൽ, പരമോന്നതന്റെ വിശുദ്ധരായ ജനത്തിനു രാജ്യവും ആധിപത്യവും ആകാശത്തിൻകീഴെങ്ങുമുള്ള രാജ്യങ്ങളുടെയെല്ലാം പ്രതാപവും ലഭിച്ചു.+ അവരുടെ രാജ്യം നിത്യം നിലനിൽക്കുന്നതായിരിക്കും.+ എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.’
28 “കാര്യങ്ങൾ ഇവിടെ തീരുന്നു. ദാനിയേൽ എന്ന ഞാനോ എന്റെ ചിന്തകളാൽ വല്ലാതെ പരവശനായി വിളറിവെളുത്തു.* പക്ഷേ, ഞാൻ ഇതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു.”
8 ദാനിയേൽ എന്ന എനിക്ക്, നേരത്തേ ഉണ്ടായ ദിവ്യദർശനത്തിനു+ ശേഷം ബേൽശസ്സർ രാജാവിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ മറ്റൊരു ദിവ്യദർശനമുണ്ടായി. 2 ഏലാം+ സംസ്ഥാനത്തിലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടുകൊണ്ടിരുന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കുകയാണ്. 3 ഞാൻ കണ്ണ് ഉയർത്തി നോക്കിയപ്പോൾ അതാ, നദീതീരത്ത് ഒരു ആൺചെമ്മരിയാട്!+ അതിനു രണ്ടു കൊമ്പുണ്ടായിരുന്നു.+ രണ്ടു കൊമ്പും നന്നായി നീണ്ടതായിരുന്നു. എന്നാൽ, ഒന്നിനു മറ്റേതിനെക്കാൾ നീളമുണ്ടായിരുന്നു. നീളക്കൂടുതലുള്ളതു പിന്നീടാണ് ഉയർന്നുവന്നത്.+ 4 ആ ചെമ്മരിയാടു പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു. വന്യമൃഗങ്ങൾക്കൊന്നും അതിന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അതിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിവുള്ള ആരുമില്ലായിരുന്നു.+ തോന്നിയതെല്ലാം ചെയ്ത അതു വലിയ വമ്പു കാട്ടി.
5 ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അതാ, പടിഞ്ഞാറുനിന്ന്* ഒരു ആൺകോലാടു വരുന്നു.+ നിലം തൊടാതെ ഭൂമിയുടെ ഉപരിതലം മുഴുവൻ താണ്ടി വരുകയാണ് അത്. ആരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒരു കൊമ്പ് അതിന്റെ കണ്ണുകൾക്കു നടുവിലുണ്ടായിരുന്നു.+ 6 നദീതീരത്ത് നിൽക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആൺചെമ്മരിയാടിനു നേരെയായിരുന്നു അതിന്റെ വരവ്. ക്രോധാവേശത്തോടെ അത് ആ ചെമ്മരിയാടിനു നേരെ പാഞ്ഞുചെന്നു.
7 ആൺകോലാടു ചെമ്മരിയാടിന്റെ തൊട്ടടുത്തെത്തിയതു ഞാൻ കണ്ടു. അതിനു ചെമ്മരിയാടിനോടു കടുത്ത വിദ്വേഷമായിരുന്നു. അതു ചെമ്മരിയാടിനെ ഇടിച്ചുവീഴ്ത്തി കൊമ്പുകൾ രണ്ടും തകർത്തുകളഞ്ഞു. കോലാടിനു മുന്നിൽ പിടിച്ചുനിൽക്കാൻ ചെമ്മരിയാടിനു ശക്തിയില്ലായിരുന്നു. അതു ചെമ്മരിയാടിനെ നിലത്ത് വീഴ്ത്തി ചവിട്ടിമെതിച്ചു. അതിന്റെ ശക്തിയിൽനിന്ന്* ചെമ്മരിയാടിനെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല.
8 ആൺകോലാടു തന്നെത്തന്നെ അത്യധികം ഉയർത്തി; എന്നാൽ, അതു ശക്തനായ ഉടനെ അതിന്റെ വലിയ കൊമ്പ് ഒടിഞ്ഞുപോയി; ആ കൊമ്പിനു പകരം ആരുടെയും ശ്രദ്ധയാകർഷിക്കുന്ന നാലു കൊമ്പ് ആകാശത്തിലെ നാലു കാറ്റിനും നേരെ മുളച്ചുവന്നു.+
9 അതിൽ ഒന്നിൽനിന്ന് മറ്റൊരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും* അലങ്കാരമായതിനു*+ നേരെയും വളർന്ന് വളരെ വലുതായി. 10 അതു വളർന്നുവളർന്ന് ഒടുവിൽ ആകാശത്തിലെ സൈന്യത്തിന് അടുത്ത് എത്തി; എന്നിട്ട്, ആ സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതു ഭൂമിയിലേക്കു വീഴാൻ ഇടയാക്കി. അത് അവയെ ചവിട്ടിമെതിച്ചു. 11 സൈന്യത്തിന്റെ പ്രഭുവിന് എതിരെപോലും അതു തന്നെത്തന്നെ ഉയർത്തി; പ്രഭുവിൽനിന്ന് പതിവുസവിശേഷത* എടുത്തുമാറ്റി. പ്രഭുവിന്റെ വിശുദ്ധമന്ദിരം നിന്ന സ്ഥലം നശിപ്പിച്ചു.+ 12 പതിവുസവിശേഷതയോടൊപ്പം* ഒരു സൈന്യത്തെ അതിനു കൊടുത്തു; ലംഘനമായിരുന്നു കാരണം. അതു നിരന്തരം സത്യത്തെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അതു ചെയ്തതെല്ലാം സഫലമായി.
13 ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ ചോദിച്ചു: “പതിവുസവിശേഷതയെക്കുറിച്ചും* സർവനാശം വിതയ്ക്കുന്ന ലംഘനത്തെക്കുറിച്ചും വിശുദ്ധസ്ഥലത്തെയും സൈന്യത്തെയും ചവിട്ടിമെതിക്കുന്നതിനെക്കുറിച്ചും ഉള്ള ദിവ്യദർശനം എത്ര നാൾ നീണ്ടുനിൽക്കും?”+ 14 “2,300 സന്ധ്യയും പ്രഭാതവും പിന്നിടുന്നതുവരെ! അതിനു ശേഷം, വിശുദ്ധസ്ഥലം പൂർവസ്ഥിതിയിലാകും” എന്നായിരുന്നു എനിക്കു കിട്ടിയ മറുപടി.
15 കണ്ടുകൊണ്ടിരിക്കുന്ന ദിവ്യദർശനം മനസ്സിലാക്കാൻ ദാനിയേൽ എന്ന ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അതാ, ഒരു മനുഷ്യരൂപം എന്റെ മുന്നിൽ നിൽക്കുന്നു! 16 പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനിന്ന് ഒരു മനുഷ്യന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗബ്രിയേലേ,+ അവൻ കണ്ടത് അവനു മനസ്സിലാക്കിക്കൊടുക്കുക.”+ 17 അങ്ങനെ, അദ്ദേഹം ഞാൻ നിൽക്കുന്നിടത്തേക്കു വന്നു. അപ്പോൾ, ഞാൻ വല്ലാതെ പേടിച്ച് കമിഴ്ന്നുവീണു. അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ ദിവ്യദർശനം അവസാനകാലത്തേക്കുള്ളതാണ് എന്നു മനസ്സിലാക്കുക.”+ 18 എന്നാൽ, അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഗാഢനിദ്രയിലായി. കമിഴ്ന്നുകിടക്കുകയായിരുന്ന എന്നെ അദ്ദേഹം തൊട്ടു; ഞാൻ നേരത്തേ നിന്നിരുന്ന സ്ഥലത്തുതന്നെ എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+ 19 എന്നിട്ട്, എന്നോടു പറഞ്ഞു: “ക്രോധത്തിന്റെ അവസാനഘട്ടത്തിൽ എന്തു സംഭവിക്കുമെന്നു ഞാൻ നിന്നെ അറിയിക്കാൻ പോകുകയാണ്. കാരണം, അത് അവസാനത്തിനുവേണ്ടി നിശ്ചയിച്ച കാലത്ത് സംഭവിക്കാനുള്ളതാണ്.+
20 “നീ കണ്ട രണ്ടു കൊമ്പുള്ള ആൺചെമ്മരിയാടു മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരെ കുറിക്കുന്നു.+ 21 ധാരാളം രോമമുള്ള ആൺകോലാടു ഗ്രീസിലെ രാജാവിനെയും+ അതിന്റെ കണ്ണുകൾക്കു നടുവിലുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവിനെയും കുറിക്കുന്നു.+ 22 ഒടിഞ്ഞുപോയ ആ കൊമ്പിനു പകരം നാലു കൊമ്പുകൾ ഉയർന്നുവന്നതോ,+ അദ്ദേഹത്തിന്റെ രാജ്യത്തിൽനിന്ന് നാലു രാജ്യങ്ങൾ ഉയർന്നുവരും. പക്ഷേ, അദ്ദേഹത്തിന്റെ ശക്തി അവയ്ക്കുണ്ടായിരിക്കില്ല.
23 “അവരുടെ രാജ്യം അവസാനിക്കാറാകുമ്പോൾ, ലംഘകർ ലംഘനം തികയ്ക്കുന്ന സമയത്ത്* ഗൂഢാർഥപ്രയോഗങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള,* കണ്ടാൽ പേടി തോന്നുന്ന ഒരു രാജാവ് എഴുന്നേൽക്കും. 24 അദ്ദേഹം വളരെ ശക്തനാകും; പക്ഷേ, സ്വന്തം ശക്തിയാലായിരിക്കില്ല. അദ്ദേഹം അസാധാരണമായ വിധത്തിൽ നാശം* വിതയ്ക്കും, താൻ ഉദ്ദേശിക്കുന്നതെല്ലാം ഫലപ്രദമായി നടപ്പാക്കും. അദ്ദേഹം ചെയ്യുന്നതെല്ലാം സഫലമാകും. ശക്തന്മാർക്കും വിശുദ്ധജനത്തിനും അദ്ദേഹം നാശം വരുത്തും.+ 25 കൗശലക്കാരനായ അദ്ദേഹം ചതിയിലൂടെ കാര്യം സാധിക്കും; സ്വന്തഹൃദയത്തിൽ വലുപ്പം ഭാവിക്കും; സുരക്ഷിതത്വം കളിയാടുന്ന ഒരു സമയത്ത്* അനേകരെ നശിപ്പിക്കും. അദ്ദേഹം പ്രഭുക്കന്മാരുടെ പ്രഭുവിന് എതിരെപോലും എഴുന്നേൽക്കും. പക്ഷേ, അദ്ദേഹം തകർന്നുപോകും. എന്നാൽ മനുഷ്യന്റെ കൈയാലായിരിക്കില്ല.
26 “സന്ധ്യകളെയും പ്രഭാതങ്ങളെയും കുറിച്ച് ദിവ്യദർശനത്തിൽ പറഞ്ഞതു സത്യമാണ്. എങ്കിലും നീ ദർശനം രഹസ്യമായി സൂക്ഷിക്കണം. കാരണം, അതു വിദൂരഭാവിയിലേക്കുള്ളതാണ്.”*+
27 ദാനിയേൽ എന്ന ഞാൻ ആകെ ക്ഷീണിച്ച് തളർന്ന് കുറച്ച് ദിവസത്തേക്ക് അസുഖം പിടിച്ച് കിടന്നു.+ പിന്നെ, എഴുന്നേറ്റ് രാജാവ് ഏൽപ്പിച്ച ജോലികൾ ചെയ്തു.+ എങ്കിലും, ഇതൊക്കെ കണ്ട് ഞാൻ ആകെ മരവിച്ച ഒരു അവസ്ഥയിലായിരുന്നു; ദിവ്യദർശനം ആർക്കും മനസ്സിലാക്കാനായതുമില്ല.+
9 അഹശ്വേരശിന്റെ മകനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+—മേദ്യവംശജനായ അദ്ദേഹത്തെയാണു കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.+— 2 അതെ, അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഒന്നാം വർഷം ദാനിയേൽ എന്ന ഞാൻ, യരുശലേം എത്ര വർഷം വിജനമായിക്കിടക്കുമെന്നു+ ഗ്രന്ഥങ്ങളിൽനിന്ന്* മനസ്സിലാക്കിയെടുത്തു. യിരെമ്യ പ്രവാചകനോടുള്ള യഹോവയുടെ വചനത്തിൽ സൂചിപ്പിച്ചിരുന്ന ആ കാലഘട്ടം 70 വർഷമായിരിക്കുമെന്നു ഞാൻ തിരിച്ചറിഞ്ഞു.+ 3 അതുകൊണ്ട്, ഞാൻ സത്യദൈവമായ യഹോവയിലേക്ക് എന്റെ മുഖം തിരിച്ചു; വിലാപവസ്ത്രം ധരിച്ച് ചാരത്തിലിരുന്ന് ഉപവസിച്ച+ ഞാൻ പ്രാർഥനയിൽ ദൈവത്തോടു കെഞ്ചിയപേക്ഷിച്ചു. 4 എന്റെ ദൈവമായ യഹോവയോടു കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ഞാൻ ഇങ്ങനെ പ്രാർഥിച്ചു:
“സത്യദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകൾ അനുസരിക്കുന്നവരോട്+ അചഞ്ചലസ്നേഹം+ കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്ന, ഭയാദരവ് ഉണർത്തുന്ന, മഹാനായ ദൈവമേ, 5 ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; ഞങ്ങൾ തെറ്റു ചെയ്തു, മഹാപാതകം പ്രവർത്തിച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരിച്ച് അങ്ങയുടെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു. 6 അങ്ങയുടെ നാമത്തിൽ ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പൂർവികരോടും ദേശത്തെ സർവജനങ്ങളോടും സംസാരിച്ച അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കു ഞങ്ങൾ ശ്രദ്ധ കൊടുത്തില്ല.+ 7 യഹോവേ, നീതി അങ്ങയുടേത്. ഞങ്ങൾക്കുള്ളതോ, ഇന്നു കാണുന്നതുപോലെ നാണക്കേടും. അതെ, അങ്ങയോട് അവിശ്വസ്തത കാണിച്ചതുകൊണ്ട് അടുത്തും അകലെയും ഉള്ള പല ദേശങ്ങളിലേക്ക് അങ്ങ് ചിതറിച്ചുകളഞ്ഞ ഇസ്രായേൽ മുഴുവനും യരുശലേംനിവാസികളും യഹൂദാപുരുഷന്മാരും ലജ്ജിതരായിരിക്കുന്നു.+
8 “യഹോവേ, ഞങ്ങൾ ലജ്ജിതരാകേണ്ടവർതന്നെയാണ്; ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പൂർവികരും നാണംകെടണം. കാരണം, ഞങ്ങൾ അങ്ങയ്ക്കെതിരെ പാപം ചെയ്തല്ലോ. 9 ഞങ്ങളുടെ ദൈവമായ യഹോവ കരുണയുള്ളവനും ക്ഷമിക്കുന്നവനും ആണ്.+ ഞങ്ങൾ പക്ഷേ ദൈവത്തെ ധിക്കരിച്ചു.+ 10 തന്റെ ദാസരായ പ്രവാചകന്മാരിലൂടെ ദൈവം ഞങ്ങളുടെ മുന്നിൽ വെച്ച നിയമങ്ങൾ ഞങ്ങൾ അനുസരിച്ചില്ല. അങ്ങനെ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ല.+ 11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച് അങ്ങയുടെ വാക്കു കേട്ടനുസരിക്കാതെ വഴിതെറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട്, സത്യദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്ന ശാപവും അതിൽ ആണയിട്ട് പറഞ്ഞ കാര്യവും അങ്ങ് ഞങ്ങളുടെ മേൽ ചൊരിഞ്ഞു;+ ഞങ്ങൾ ദൈവത്തിന് എതിരെ പാപം ചെയ്തല്ലോ. 12 ദൈവം ഞങ്ങളുടെ മേൽ മഹാവിപത്തു വരുത്തി. അങ്ങനെ, ഞങ്ങൾക്കെതിരെയും ഞങ്ങളെ ഭരിച്ച ഭരണാധികാരികൾക്കെതിരെയും* പറഞ്ഞതെല്ലാം ദൈവം നിറവേറ്റി.+ യരുശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻകീഴെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ല.+ 13 മോശയുടെ നിയമത്തിൽ എഴുതിയിട്ടുള്ളതുപോലെ ഈ വിപത്തുകളെല്ലാം ഞങ്ങളുടെ മേൽ വന്നു.+ എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രീതിക്കായി യാചിച്ചില്ല; അതെ, ഞങ്ങൾ ഞങ്ങളുടെ തെറ്റുകൾ വിട്ടകലുകയോ+ ദിവ്യസത്യത്തെപ്പറ്റി* ഉൾക്കാഴ്ചയുള്ളവരെന്നു തെളിയിക്കുകയോ ചെയ്തില്ല.
14 “അതുകൊണ്ട് അതൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്ന യഹോവ ഒടുവിൽ ഞങ്ങളുടെ മേൽ വിപത്തു വരുത്തി. ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്തിട്ടുള്ള ഏതു കാര്യത്തിലും നീതിമാനാണല്ലോ. എന്നിട്ടും ഞങ്ങൾ ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല.+
15 “ബലമുള്ള കൈകൊണ്ട് ഈജിപ്ത് ദേശത്തുനിന്ന് തന്റെ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന്+ തനിക്കുവേണ്ടി ഇന്നും നിലനിൽക്കുന്ന ഒരു പേര് നേടിയ ഞങ്ങളുടെ ദൈവമായ യഹോവേ,+ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; മഹാപാതകമാണു ഞങ്ങൾ ചെയ്തത്. 16 യഹോവേ, അങ്ങയുടെ നീതിയുള്ള സകല പ്രവൃത്തികൾക്കും ചേർച്ചയിൽ,+ അങ്ങയുടെ കോപവും ക്രോധവും യരുശലേം നഗരത്തെ, അങ്ങയുടെ വിശുദ്ധപർവതത്തെ, വിട്ടുനീങ്ങാൻ ദയവായി ഇടയാക്കേണമേ. കാരണം, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പൂർവികരുടെ തെറ്റുകളും നിമിത്തം യരുശലേമും അങ്ങയുടെ ജനവും ചുറ്റുമുള്ള സകലർക്കും ഒരു നിന്ദാവിഷയമാണ്.+ 17 അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ഈ ദാസന്റെ പ്രാർഥനയും യാചനകളും ഇപ്പോൾ ശ്രദ്ധിക്കേണമേ. യഹോവേ, നശിച്ചുകിടക്കുന്ന+ അങ്ങയുടെ വിശുദ്ധമന്ദിരത്തിന്മേൽ അങ്ങയെ കരുതി തിരുമുഖം പ്രകാശിപ്പിക്കേണമേ.+ 18 എന്റെ ദൈവമേ, ചെവി ചായിച്ച് കേൾക്കേണമേ! കണ്ണുകൾ തുറന്ന് ഞങ്ങളുടെ നഗരം നശിച്ചുകിടക്കുന്നതു കാണേണമേ, അങ്ങയുടെ പേരിൽ അറിയപ്പെടുന്ന നഗരത്തെ നോക്കേണമേ. ഞങ്ങൾ അങ്ങയോടു യാചിക്കുന്നതു ഞങ്ങളുടെ നീതിപ്രവൃത്തികളുടെ പേരിലല്ല, അങ്ങയുടെ മഹാകരുണ നിമിത്തമാണ്.+ 19 യഹോവേ, കേൾക്കേണമേ. യഹോവേ, ക്ഷമിക്കേണമേ.+ യഹോവേ, ഞങ്ങളെ ശ്രദ്ധിച്ച് ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണമേ! അങ്ങയുടെ നഗരവും അങ്ങയുടെ ജനവും അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ട് എന്റെ ദൈവമേ, അങ്ങയെ കരുതി താമസിക്കരുതേ!”+
20 ഞാൻ ഇങ്ങനെ സംസാരിക്കുകയും പ്രാർഥിക്കുകയും എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങൾ ഏറ്റുപറയുകയും ദൈവത്തിന്റെ വിശുദ്ധപർവതത്തോടു+ പ്രീതി കാണിക്കണമെന്ന് എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. 21 അതെ, ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, നേരത്തേ ഞാൻ ദർശനത്തിൽ കണ്ട+ ഗബ്രിയേൽ എന്നയാൾ+ എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ ആകെ അവശനായിരുന്നു; വൈകുന്നേരത്തെ കാഴ്ച അർപ്പിക്കുന്ന സമയമായിരുന്നു അത്. 22 എനിക്കു ഗ്രഹിക്കാനുള്ള ശക്തി തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ദാനിയേലേ, നിനക്ക് ഉൾക്കാഴ്ചയും ഗ്രഹണശക്തിയും തരാനാണു ഞാൻ ഇപ്പോൾ വന്നത്. 23 നീ യാചിച്ചുതുടങ്ങിയപ്പോൾത്തന്നെ എനിക്ക് ഒരു സന്ദേശം കിട്ടി; അതു നിന്നെ അറിയിക്കാനാണു ഞാൻ വന്നത്. കാരണം, നീ വളരെ പ്രിയപ്പെട്ടവനാണ്.*+ അതുകൊണ്ട്, ഞാൻ പറയുന്നതു ശ്രദ്ധിച്ച് ദർശനം മനസ്സിലാക്കിക്കൊള്ളുക.
24 “ലംഘനം അവസാനിപ്പിക്കാനും പാപം ഇല്ലാതാക്കാനും+ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനും+ നിത്യനീതി കൊണ്ടുവരാനും+ ദിവ്യദർശനവും പ്രവചനവും* മുദ്രയിടാനും+ ഏറ്റവും വിശുദ്ധമായതിനെ* അഭിഷേകം ചെയ്യാനും വേണ്ടി നിന്റെ ജനത്തിനും നിന്റെ വിശുദ്ധനഗരത്തിനും 70 ആഴ്ച* നിശ്ചയിച്ചിരിക്കുന്നു.+ 25 യരുശലേം പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കാൻ+ കല്പന പുറപ്പെടുന്നതുമുതൽ നേതാവായ+ മിശിഹ* വരെ+ 7 ആഴ്ചയുണ്ടായിരിക്കും, കൂടാതെ 62 ആഴ്ചയും.+ നീ അത് അറിയണം, അതു മനസ്സിലാക്കണം. പൊതുസ്ഥലവും* കിടങ്ങും സഹിതം അവളെ പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കും. എന്നാൽ, കഷ്ടത നിറഞ്ഞ സമയത്തായിരിക്കും അതു സംഭവിക്കുക.
26 “62 ആഴ്ചയ്ക്കു ശേഷം മിശിഹയെ വധിക്കും;+ അവന്റേതായി ഒന്നും ശേഷിക്കില്ല.+
“ഒരു നേതാവ് വരുന്നു. അവന്റെ ആൾക്കാർ നഗരവും വിശുദ്ധസ്ഥലവും നശിപ്പിക്കും.+ അതിന്റെ അവസാനം പ്രളയത്താലായിരിക്കും. അവസാനംവരെ യുദ്ധമുണ്ടാകും. നാശമാണ് അതിനു നിശ്ചയിച്ചിരിക്കുന്നത്.+
27 “അവൻ അനേകർക്കുവേണ്ടി ഒരു ആഴ്ചത്തേക്ക് ഉടമ്പടി പ്രാബല്യത്തിൽ നിറുത്തും. ആഴ്ച പകുതിയാകുമ്പോൾ, ബലിയും കാഴ്ചയും അർപ്പിക്കുന്നതു നിന്നുപോകാൻ അവൻ ഇടയാക്കും.+
“നാശം വിതയ്ക്കുന്നവൻ മ്ലേച്ഛവസ്തുക്കളുടെ ചിറകിലേറി വരും.+ നശിച്ചുകിടക്കുന്നതു സമ്പൂർണമായി നശിക്കുന്നതുവരെ, നിശ്ചയിച്ചുവെച്ചിരിക്കുന്നത് അതിന്മേൽ ചൊരിയും.”
10 പേർഷ്യൻ രാജാവായ കോരെശിന്റെ വാഴ്ചയുടെ മൂന്നാം വർഷം,+ ബേൽത്ത്ശസ്സർ എന്നു വിളിച്ചിരുന്ന ദാനിയേലിന്+ ഒരു വെളിപാടു ലഭിച്ചു. സന്ദേശം സത്യമായിരുന്നു; വലിയൊരു പോരാട്ടത്തെക്കുറിച്ചായിരുന്നു അത്. ദാനിയേലിനു സന്ദേശം മനസ്സിലായി. കണ്ടതു നന്നായി ഗ്രഹിക്കാൻ ദാനിയേലിനു സഹായം ലഭിച്ചു.
2 അക്കാലത്ത്, ദാനിയേൽ എന്ന ഞാൻ മൂന്ന് ആഴ്ചക്കാലം ദുഃഖാചരണത്തിലായിരുന്നു.+ 3 വിശിഷ്ടവിഭവങ്ങളൊന്നും ഞാൻ കഴിച്ചില്ല, ഇറച്ചിയോ വീഞ്ഞോ തൊട്ടില്ല, മൂന്ന് ആഴ്ചക്കാലം ദേഹത്ത് എണ്ണ തേച്ചുമില്ല. 4 ഒന്നാം മാസം 24-ാം ദിവസം. ഞാൻ ടൈഗ്രിസ്*+ മഹാനദിയുടെ തീരത്തായിരുന്ന സമയം. 5 ഞാൻ തല പൊക്കി നോക്കിയപ്പോൾ അതാ, ലിനൻവസ്ത്രം ധരിച്ച ഒരാൾ!+ അദ്ദേഹത്തിന്റെ അരയിൽ ഊഫാസിലെ സ്വർണംകൊണ്ടുള്ള അരപ്പട്ടയുണ്ടായിരുന്നു. 6 അദ്ദേഹത്തിന്റെ ശരീരം പീതരത്നംപോലെയിരുന്നു!+ മുഖത്തിനു മിന്നൽപ്പിണരിന്റെ പ്രകാശമായിരുന്നു! കണ്ണുകൾ തീപ്പന്തംപോലെ ജ്വലിച്ചു! കൈയും കാലും തേച്ചുമിനുക്കിയ ചെമ്പുപോലിരുന്നു!+ ജനക്കൂട്ടത്തിന്റെ ആരവംപോലിരുന്നു അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം. 7 ദാനിയേൽ എന്ന ഞാൻ മാത്രമാണു ദർശനം കണ്ടത്. എന്റെ കൂടെയുണ്ടായിരുന്നവർ അതു കണ്ടില്ല.+ എങ്കിലും വല്ലാത്തൊരു പേടി അവരെ പിടികൂടി; അവർ ഓടിയൊളിച്ചു.
8 അങ്ങനെ, ഞാൻ ഒറ്റയ്ക്കായി. ഈ മഹാദർശനം കണ്ടപ്പോൾ എന്റെ ശക്തി മുഴുവൻ ചോർന്നുപോയി, എന്റെ ചൈതന്യം നഷ്ടമായി. എനിക്ക് ഒട്ടും ബലമില്ലാതായി.+ 9 അപ്പോൾ, അദ്ദേഹം സംസാരിക്കുന്നതു ഞാൻ കേട്ടു. പക്ഷേ, അതു കേട്ടപ്പോൾ ഞാൻ ഗാഢനിദ്രയിലായി; നിലത്ത് കമിഴ്ന്നുകിടന്ന് ഞാൻ ഉറങ്ങി.+ 10 അപ്പോൾ, ഒരു കൈ എന്നെ തൊട്ടു.+ അത് എന്നെ കുലുക്കിവിളിച്ചപ്പോൾ ഞാൻ മുട്ടുകുത്തി കൈകൾ ഊന്നി നിന്നു. 11 അപ്പോൾ, അദ്ദേഹം പറഞ്ഞു:
“എത്രയും പ്രിയപ്പെട്ട* ദാനിയേലേ,+ ഞാൻ പറയാൻപോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കണം. എഴുന്നേറ്റുനിൽക്ക്! നിന്നെ വന്നുകാണാനാണ് എന്നെ അയച്ചത്.”
അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഞാൻ വിറച്ചുവിറച്ച് എഴുന്നേറ്റുനിന്നു.
12 അദ്ദേഹം എന്നോടു പറഞ്ഞു: “ദാനിയേലേ, പേടിക്കേണ്ടാ.+ നീ ഗ്രാഹ്യം നേടാൻ മനസ്സുവെച്ച് നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തിയ ആദ്യദിവസംമുതലേ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ പ്രാർഥന നിമിത്തമാണു ഞാൻ വന്നത്.+ 13 പക്ഷേ, പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രഭു+ 21 ദിവസം എന്നോട് എതിർത്തുനിന്നു. എന്നാൽ, പ്രധാനപ്രഭുക്കന്മാരിൽ* ഒരാളായ മീഖായേൽ*+ അപ്പോൾ എന്നെ സഹായിക്കാൻ വന്നു. ഞാനോ അവിടെ പേർഷ്യൻ രാജാക്കന്മാരുടെ അടുത്ത് നിന്നു. 14 അവസാനനാളുകളിൽ നിന്റെ ജനത്തിന് എന്തു സംഭവിക്കുമെന്നു നിന്നെ അറിയിക്കാനാണു ഞാൻ വന്നിരിക്കുന്നത്.+ കാരണം, ആ ദിവ്യദർശനം ഭാവിയിലേക്കുള്ളതാണ്.”+
15 അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ തല കുനിച്ചു; എനിക്കു മിണ്ടാൻ പറ്റാതായി. 16 അപ്പോൾ, മനുഷ്യനെപ്പോലിരിക്കുന്ന ആൾ എന്റെ ചുണ്ടുകളിൽ തൊട്ടു.+ ഞാൻ വായ് തുറന്ന് എന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയോടു പറഞ്ഞു: “എന്റെ യജമാനനേ, ദിവ്യദർശനം കാരണം ഞാൻ പേടിച്ചുവിറയ്ക്കുകയാണ്. എനിക്ക് ഒട്ടും ബലമില്ല.+ 17 പിന്നെ, ഈ ദാസൻ യജമാനനോട് എങ്ങനെ സംസാരിക്കും?+ ഇപ്പോൾ എനിക്ക് ഒട്ടും ബലമില്ല; എന്നിൽ ശ്വാസംപോലും ബാക്കിയില്ല.”+
18 മനുഷ്യനെപ്പോലിരിക്കുന്ന ആൾ എന്നെ വീണ്ടും തൊട്ട് ബലപ്പെടുത്തി.+ 19 എന്നിട്ട്, എന്നോടു പറഞ്ഞു: “വളരെ പ്രിയപ്പെട്ടവനേ,*+ പേടിക്കേണ്ടാ.+ നിനക്കു സമാധാനമുണ്ടാകട്ടെ.+ ധൈര്യമായിരിക്കൂ! നീ ധൈര്യമായിരിക്കൂ!” അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾ എനിക്കു ബലം കിട്ടി. ഞാൻ പറഞ്ഞു: “എന്റെ യജമാനനേ, പറഞ്ഞാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ.”
20 അപ്പോൾ, അദ്ദേഹം പറഞ്ഞു: “ഞാൻ വന്നത് എന്തിനാണെന്നു നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ പേർഷ്യൻ പ്രഭുവിനോടു പോരാടാൻ തിരിച്ചുപോകും.+ ഞാൻ പോകുമ്പോൾ ഗ്രീസിന്റെ പ്രഭു വരും. 21 എങ്കിലും, സത്യലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം. നിങ്ങളുടെ പ്രഭുവായ+ മീഖായേലല്ലാതെ+ ഇക്കാര്യങ്ങളിൽ എനിക്ക് ഇത്ര നല്ല പിന്തുണ തരുന്ന മറ്റാരുമില്ല.
11 “ഞാനോ അദ്ദേഹത്തെ ബലപ്പെടുത്താനും ശക്തീകരിക്കാനും* ആയി മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+ എഴുന്നേറ്റു. 2 ഞാൻ ഇപ്പോൾ നിന്നോടു പറയാൻപോകുന്നതു സത്യമാണ്:
“പേർഷ്യയിൽ മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും.* നാലാമൻ മറ്റെല്ലാവരെക്കാളും ഏറെ സമ്പത്തു വാരിക്കൂട്ടും. തന്റെ സമ്പത്തുകൊണ്ട് ശക്തനാകുമ്പോൾ അവൻ സകലവും ഗ്രീസിന് എതിരെ ഇളക്കിവിടും.+
3 “ശക്തനായ ഒരു രാജാവ് എഴുന്നേറ്റ് വലിയ അധികാരത്തോടെ ഭരിക്കും;+ അവൻ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യും. 4 എന്നാൽ, അവൻ എഴുന്നേറ്റുകഴിയുമ്പോൾ അവന്റെ രാജ്യം തകരും. അത് ആകാശത്തിലെ നാലു കാറ്റുകൾക്കു നേരെ വിഭജിച്ചുപോകും.+ എന്നാൽ, അതു ലഭിക്കുന്നത് അവന്റെ പിൻതലമുറക്കാർക്കായിരിക്കില്ല; അത് അവന്റെ ആധിപത്യംപോലെയുമായിരിക്കില്ല; കാരണം, വേരോടെ പിഴുതുപോകുന്ന അവന്റെ രാജ്യം മറ്റുള്ളവരുടെ കൈകളിലാകും.
5 “അവന്റെ പ്രഭുക്കന്മാരിൽ ഒരാൾ, അതായത് തെക്കേ രാജാവ്, ശക്തനാകും. എന്നാൽ, ഒരാൾ അവനെക്കാൾ പ്രബലനായി വലിയ അധികാരത്തോടെ ഭരിക്കും; അവന്റെ അധികാരം മറ്റേ ആളുടേതിനെക്കാൾ വലുതായിരിക്കും.
6 “കുറച്ച് വർഷങ്ങൾക്കു ശേഷം അവർ ഒരു സഖ്യം ഉണ്ടാക്കും. തെക്കേ രാജാവിന്റെ മകൾ വന്ന് വടക്കേ രാജാവുമായി ഒരു ധാരണയിലെത്തും.* എന്നാൽ, അവളുടെ കൈക്കരുത്തു നിലനിൽക്കില്ല; അതുപോലെ, അവനും അവന്റെ കൈയും നിലനിൽക്കില്ല. അവളെ മറ്റുള്ളവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും; അതെ, അവളെയും അവളെ കൊണ്ടുവരുന്നവരെയും അവളെ ജനിപ്പിച്ചവനെയും അവളെ അക്കാലത്ത് ശക്തയാക്കുന്നവനെയും ഏൽപ്പിച്ചുകൊടുക്കും. 7 അവന്റെ സ്ഥാനത്ത്, അവളുടെ വേരുകളിൽനിന്നുള്ള മുളകളിൽ ഒരാൾ എഴുന്നേൽക്കും. സൈന്യത്തിന് അടുത്തേക്കു വരുന്ന അവൻ വടക്കേ രാജാവിന്റെ കോട്ടയുടെ നേരെ ചെല്ലും. അവൻ അവർക്കെതിരെ നടപടിയെടുത്ത് അവരെക്കാൾ പ്രബലനാകും. 8 അവൻ അവരുടെ ദൈവങ്ങൾ, ലോഹവിഗ്രഹങ്ങൾ,* സ്വർണവും വെള്ളിയും കൊണ്ടുള്ള ഭംഗിയുള്ള* ഉരുപ്പടികൾ എന്നിവ ഈജിപ്തിലേക്കു കൊണ്ടുവരും; ബന്ദികളെയും കൊണ്ടുവരും. കുറച്ച് വർഷത്തേക്ക് അവൻ വടക്കേ രാജാവിൽനിന്ന് അകന്ന് നിൽക്കും. 9 വടക്കേ രാജാവോ തെക്കേ രാജാവിന്റെ രാജ്യത്തിനു നേരെ വരുമെങ്കിലും സ്വദേശത്തേക്കു മടങ്ങിപ്പോകും.
10 “അവന്റെ പുത്രന്മാരോ, ശക്തമായ ഒരു വൻസൈന്യത്തെ സംഘടിപ്പിച്ച് യുദ്ധത്തിന് ഒരുങ്ങും. അവൻ പ്രളയജലംപോലെ തകർത്തുവാരി മുന്നേറും. എന്നാൽ, അവൻ മടങ്ങിപ്പോകും; തന്റെ കോട്ടയിൽ തിരിച്ചെത്തുംവരെ അവൻ യുദ്ധം ചെയ്യും.
11 “ക്ഷുഭിതനായ തെക്കേ രാജാവ് ചെന്ന് അവനോട്, അതായത് വടക്കേ രാജാവിനോട്, പോരാടും. അവനാകട്ടെ വലിയൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കും; പക്ഷേ, ആ ജനക്കൂട്ടം മറ്റേ രാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. 12 ജനക്കൂട്ടത്തെ പിടിച്ചുകൊണ്ടുപോകും. അവന്റെ ഹൃദയം അഹങ്കരിക്കും. പതിനായിരങ്ങളെ അവൻ വീഴ്ത്തും. എന്നാൽ, തനിക്ക് അനുകൂലമായ ഈ സാഹചര്യം അവൻ പ്രയോജനപ്പെടുത്തില്ല.
13 “വടക്കേ രാജാവ് മടങ്ങിവന്ന് ആദ്യത്തേതിലും വലിയൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കും. കുറച്ച് വർഷങ്ങൾക്കു ശേഷം, അതായത് കാലങ്ങൾ അവസാനിക്കുമ്പോൾ, അവൻ ഒരു വൻസൈന്യത്തെ സംഘടിപ്പിച്ച് ധാരാളം സാധനസാമഗ്രികളുമായി വരും. 14 അക്കാലത്ത് തെക്കേ രാജാവിന് എതിരെ അനേകർ എഴുന്നേൽക്കും.
“ഒരു ദിവ്യദർശനം യാഥാർഥ്യമായെന്നു വരുത്തിത്തീർക്കാൻ നിന്റെ ജനത്തിന് ഇടയിലെ അക്രമാസക്തരെ* കൊണ്ടുപോകും. പക്ഷേ, അവർ ഇടറിവീഴും.
15 “വടക്കേ രാജാവ് വന്ന് ആക്രമിക്കാനായി ചെരിഞ്ഞ തിട്ട ഉണ്ടാക്കി കോട്ടമതിലുള്ള ഒരു നഗരം പിടിച്ചടക്കും. തെക്കിന്റെ കൈകൾക്കോ* അവന്റെ ശ്രേഷ്ഠപുരുഷന്മാർക്കോ പിടിച്ചുനിൽക്കാനാകില്ല; പിടിച്ചുനിൽക്കാനുള്ള ശക്തി അവർക്കുണ്ടാകില്ല. 16 അവന് എതിരെ വരുന്നവൻ അവനു തോന്നുന്നതുപോലെ ചെയ്യും. അവന്റെ മുന്നിൽ ആരും പിടിച്ചുനിൽക്കില്ല. അവൻ അലങ്കാരദേശത്ത്*+ നിൽക്കും; നിശ്ശേഷം നശിപ്പിക്കാനുള്ള കഴിവ് അവന്റെ കൈകൾക്കുണ്ടായിരിക്കും. 17 അവൻ തന്റെ രാജ്യത്തിന്റെ സർവശക്തിയോടുംകൂടെ വരാൻ ഉറച്ച തീരുമാനമെടുക്കും; എന്നാൽ അവനുമായി ഒരു ധാരണയിലെത്തും.* ഉദ്ദേശിച്ചതെല്ലാം അവൻ ഫലപ്രദമായി നടപ്പാക്കും. സ്ത്രീകളുടെ പുത്രിയെ തകർത്തുകളയാൻ അവന് അനുമതി ലഭിക്കും. അവൾ പിടിച്ചുനിൽക്കില്ല; അവൾ അവന്റേതായി തുടരില്ല. 18 അവൻ പിന്നിലുള്ള തീരദേശങ്ങളിലേക്കു മുഖം തിരിച്ച് പലതും പിടിച്ചടക്കും. അവനിൽനിന്ന് തനിക്കുണ്ടാകുന്ന നിന്ദ ഒരു സൈന്യാധിപൻ നിറുത്തലാക്കും. അതോടെ, ആ നിന്ദ നീങ്ങും. അതു തിരിച്ച് അവന്റെ മേൽത്തന്നെ വരാൻ അവൻ ഇടയാക്കും. 19 തുടർന്ന്, അവൻ സ്വദേശത്തെ കോട്ടകളിലേക്കു മുഖം തിരിക്കും. അവൻ ഇടറിവീഴും. പിന്നെ അവനെ കാണില്ല.
20 “അവന്റെ സ്ഥാനത്ത് ഒരാൾ എഴുന്നേൽക്കും. പിടിച്ചുവാങ്ങുന്ന* ഒരാളെ അവൻ മഹിമയുള്ള രാജ്യത്തിലൂടെ അയയ്ക്കും. എന്നാൽ, കുറച്ച് ദിവസങ്ങൾക്കകം അവൻ തകരും. പക്ഷേ, അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കില്ല.
21 “ആളുകൾ അവജ്ഞയോടെ വീക്ഷിക്കുന്ന* ഒരാൾ അവന്റെ സ്ഥാനത്ത് എഴുന്നേൽക്കും. രാജ്യത്തിന്റെ മഹത്ത്വം അവർ അവനു നൽകില്ല. സുരക്ഷിതത്വം കളിയാടുന്ന ഒരു സമയത്ത്* അവൻ വന്ന് വഞ്ചനയിലൂടെ രാജ്യം കൈക്കലാക്കും. 22 അവൻ നിമിത്തം പ്രളയത്തിന്റെ കൈകൾ* തുടച്ചുനീക്കപ്പെടും. അവ തകർന്നുപോകും; ഉടമ്പടിയുടെ+ നേതാവിന്റെ+ ഗതിയും അതുതന്നെയായിരിക്കും. 23 അവർ അവനുമായി സഖ്യതയിലായതുകൊണ്ട് അവൻ വഞ്ചന കാണിച്ചുകൊണ്ടിരിക്കും. മാത്രമല്ല, അവൻ എഴുന്നേൽക്കുകയും ചെറിയൊരു ജനതയെ ഉപയോഗിച്ച് ശക്തനാകുകയും ചെയ്യും. 24 സുരക്ഷിതത്വം കളിയാടുന്ന സമയത്ത്* അവൻ സംസ്ഥാനത്തെ ഐശ്വര്യസമൃദ്ധമായ ഭാഗങ്ങളിലേക്കു വരും. എന്നിട്ട്, അവന്റെ പിതാക്കന്മാരും അവരുടെ പിതാക്കന്മാരും ചെയ്യാത്തത് അവൻ ചെയ്യും. കൊള്ളമുതലും കവർച്ചവസ്തുക്കളും മറ്റു സാധനങ്ങളും അവൻ അവർക്കിടയിൽ വിതരണം ചെയ്യും. ചുറ്റും കോട്ടമതിലുള്ള പ്രദേശങ്ങൾക്കെതിരെ അവൻ കുടിലതന്ത്രം മനയും; എന്നാൽ, ഒരു കാലത്തേക്കു മാത്രം.
25 “അവൻ തെക്കേ രാജാവിന് എതിരെ ശക്തിയും ധൈര്യവും* സംഭരിക്കും; അവനോടൊപ്പം ഒരു വൻസൈന്യമുണ്ടായിരിക്കും. തെക്കേ രാജാവും അതിശക്തമായ ഒരു വൻസൈന്യത്തെ കൂട്ടി യുദ്ധത്തിന് ഒരുങ്ങും. പക്ഷേ, അവർ അവന് എതിരെ കുടിലതന്ത്രങ്ങൾ മനയുന്നതുകൊണ്ട് അവനു പിടിച്ചുനിൽക്കാനാകില്ല. 26 അവന്റെ വിശിഷ്ടവിഭവങ്ങൾ കഴിക്കുന്നവർ അവന്റെ വീഴ്ചയ്ക്കു കളമൊരുക്കും.
“അവന്റെ സൈന്യത്തെ തുടച്ചുനീക്കും;* ഒരു കൂട്ടക്കൊല നടക്കും.
27 “ഈ രണ്ടു രാജാക്കന്മാരുടെയും ഹൃദയത്തിന്റെ താത്പര്യം മോശമായ കാര്യങ്ങൾ ചെയ്യാനായിരിക്കും. ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് അവർ പരസ്പരം നുണ പറയും. എന്നാൽ, ഒന്നും നടപ്പാകില്ല; കാരണം, നിശ്ചയിച്ച സമയത്ത് മാത്രമേ അവസാനം വരുകയുള്ളൂ.+
28 “ധാരാളം സാധനസാമഗ്രികളുമായി അവൻ സ്വദേശത്തേക്കു മടങ്ങും. അവന്റെ ഹൃദയം വിശുദ്ധയുടമ്പടിക്ക് എതിരായിരിക്കും. ഉദ്ദേശിച്ചതെല്ലാം ഫലപ്രദമായി നടപ്പാക്കി അവൻ സ്വദേശത്തേക്കു തിരികെപ്പോകും.
29 “നിശ്ചയിക്കപ്പെട്ട സമയത്ത് മടങ്ങിവരുന്ന അവൻ തെക്കേ ദേശത്തിന് എതിരെ ചെല്ലും. എന്നാൽ, ഇത്തവണ സ്ഥിതിഗതികൾ മുമ്പത്തെപ്പോലെ ആയിരിക്കില്ല. 30 കാരണം, കിത്തീംകപ്പലുകൾ+ അവന് എതിരെ വരും; അങ്ങനെ, അവന്റെ അഹങ്കാരം ഇല്ലാതാകും.
“അവൻ മടങ്ങിച്ചെന്ന് വിശുദ്ധയുടമ്പടിക്കെതിരെ+ അധിക്ഷേപവാക്കുകൾ ചൊരിയും;* ഉദ്ദേശിച്ചതെല്ലാം അവൻ ഫലപ്രദമായി നടപ്പാക്കും. അവൻ മടങ്ങിച്ചെന്ന് വിശുദ്ധയുടമ്പടി ഉപേക്ഷിക്കുന്നവരുടെ നേരെ ശ്രദ്ധ തിരിക്കും. 31 അവനിൽനിന്ന് പുറപ്പെട്ട കൈകൾ* എഴുന്നേൽക്കും. അവ വിശുദ്ധമന്ദിരവും കോട്ടയും അശുദ്ധമാക്കി+ പതിവുസവിശേഷത* നീക്കം ചെയ്യും.+
“എന്നിട്ട് നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തുവിനെ പ്രതിഷ്ഠിക്കും.+
32 “ഉടമ്പടിക്കെതിരെ വഷളത്തം കാണിക്കുന്നവരെ ചക്കരവാക്കു* പറഞ്ഞ് അവൻ വിശ്വാസത്യാഗത്തിലേക്കു നയിക്കും. എന്നാൽ, തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം വിജയിക്കും; ഉദ്ദേശിച്ചതെല്ലാം അവർ ഫലപ്രദമായി നടപ്പാക്കും. 33 ജനത്തിൽ ഉൾക്കാഴ്ചയുള്ളവർ+ അനേകർക്കു ബുദ്ധി പറഞ്ഞുകൊടുക്കും. അവർ പക്ഷേ, വാളാലും തീയാലും അടിമത്തത്താലും കൊള്ളയാലും വീഴും; കുറച്ച് ദിവസത്തേക്ക് ഇതു തുടരും. 34 എന്നാൽ, അവർ വീഴുമ്പോൾ അവർക്കു ചെറിയൊരു സഹായം ലഭിക്കും. ചക്കരവാക്കു പറഞ്ഞ്* പലരും അവരുടെകൂടെ കൂടുകയും ചെയ്യും. 35 ഒരു ശുദ്ധീകരണം നടത്താനും അവസാനകാലംവരെ അഴുക്കു നീക്കി വെൺമയുള്ളതാക്കാനും+ വേണ്ടി ഉൾക്കാഴ്ചയുള്ളവരിൽ ചിലർ വീണുപോകാൻ ഇടയാക്കും; നിശ്ചയിച്ച സമയത്ത് സംഭവിക്കേണ്ടതാണല്ലോ അത്.
36 “രാജാവ് തനിക്കു തോന്നുന്നതെല്ലാം ചെയ്യും. അവൻ സകല ദൈവങ്ങളെക്കാളും തന്നെത്തന്നെ മഹത്ത്വീകരിച്ച് സ്വയം ഉയർത്തും, ദൈവാധിദൈവത്തിന്+ എതിരെ വൻകാര്യങ്ങൾ സംസാരിക്കും. ക്രോധം അവസാനിക്കുന്നതുവരെ അവൻ ചെയ്യുന്നതെല്ലാം സഫലമാകും. കാരണം, നിശ്ചയിച്ചിരിക്കുന്നതു നടക്കണമല്ലോ. 37 തന്റെ പിതാക്കന്മാരുടെ ദൈവത്തെ അവൻ ഒട്ടും വകവെക്കില്ല. സ്ത്രീകളുടെ ആഗ്രഹത്തിനോ മറ്റ് ഏതെങ്കിലും ദൈവത്തിനോ അവൻ ഒരു വിലയും കല്പിക്കില്ല. പകരം, അവൻ തന്നെത്തന്നെ എല്ലാവരെക്കാളും ഉയർത്തും. 38 എന്നാൽ,* കോട്ടകളുടെ ദൈവത്തിന് അവൻ മഹത്ത്വം നൽകും. അവന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവത്തെ സ്വർണവും വെള്ളിയും അമൂല്യരത്നങ്ങളും മനോഹരവസ്തുക്കളും* കൊണ്ട് അവൻ മഹത്ത്വപ്പെടുത്തും. 39 അവൻ ഒരു അന്യദൈവത്തിന്റെ കൂട്ടു പിടിച്ച്* ഏറ്റവും കെട്ടുറപ്പുള്ള സങ്കേതങ്ങൾക്കെതിരെ തന്റെ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കും. തന്നെ* അംഗീകരിക്കുന്നവരെ അവൻ വലിയ മഹത്ത്വം അണിയിക്കും. അനേകരെ ഭരിക്കാൻ അവൻ അവർക്ക് അവസരം ഒരുക്കും. അവൻ നിലം വിലയ്ക്കു വീതിച്ചുകൊടുക്കും.
40 “അവസാനകാലത്ത് തെക്കേ രാജാവ് അവനോട് ഏറ്റുമുട്ടും.* അവന് എതിരെ വടക്കേ രാജാവ് രഥങ്ങളും കുതിരപ്പടയാളികളും അനേകം കപ്പലുകളും ആയി കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. അവൻ ദേശങ്ങളിൽ കടന്ന് പ്രളയജലംപോലെ തകർത്തുവാരി മുന്നേറും. 41 അലങ്കാരദേശത്തും* അവൻ പ്രവേശിക്കും;+ അനേകം ദേശങ്ങൾ വീണുപോകും. എന്നാൽ, അവന്റെ കൈകളിൽനിന്ന് ഏദോമും മോവാബും അമ്മോന്യരുടെ പ്രധാനഭാഗവും രക്ഷപ്പെടും. 42 വീണ്ടുംവീണ്ടും അവൻ ദേശങ്ങൾക്കു നേരെ കൈ ഓങ്ങും; ഈജിപ്ത് ദേശവും രക്ഷപ്പെടില്ല. 43 ഈജിപ്തിലെ സകല മനോഹരവസ്തുക്കളും* സ്വർണത്തിന്റെയും വെള്ളിയുടെയും മറഞ്ഞിരിക്കുന്ന നിധികളും അവന്റെ ഭരണത്തിൻകീഴിലാകും. ലിബിയക്കാരും എത്യോപ്യക്കാരും അവനെ അനുഗമിക്കും.*
44 “എന്നാൽ, കിഴക്കുനിന്നും* വടക്കുനിന്നും ഉള്ള വാർത്തകൾ അവനെ അസ്വസ്ഥനാക്കും. അപ്പോൾ അവൻ, സമ്പൂർണനാശം വിതയ്ക്കാനും അനേകരെ കൊന്നുമുടിക്കാനും മഹാക്രോധത്തോടെ ഇറങ്ങിത്തിരിക്കും. 45 മഹാസമുദ്രത്തിനും അലങ്കാരമായ* വിശുദ്ധപർവതത്തിനും ഇടയിൽ അവൻ തന്റെ രാജകീയകൂടാരങ്ങൾ* സ്ഥാപിക്കും.+ ഒടുവിൽ അവൻ അന്തരിക്കും, അവനെ സഹായിക്കാൻ ആരുമുണ്ടാകില്ല.
12 “നിന്റെ ജനത്തിനുവേണ്ടി നിൽക്കുന്ന മഹാപ്രഭുവായ+ മീഖായേൽ*+ ആ സമയത്ത് എഴുന്നേൽക്കും.* ഒരു ജനത ഉണ്ടായതുമുതൽ അതുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതയുടെ ഒരു കാലം അപ്പോഴുണ്ടാകും. ആ സമയത്ത് നിന്റെ ജനം, പുസ്തകത്തിൽ പേര് എഴുതിക്കാണുന്ന എല്ലാവരും,+ രക്ഷപ്പെടും.+ 2 നിലത്തെ പൊടിയിൽ ഉറങ്ങിക്കിടക്കുന്ന പലരും ഉണരും. അതെ, ചിലർ നിത്യജീവനിലേക്കും മറ്റുള്ളവർ അപമാനത്തിലേക്കും നിത്യനിന്ദയിലേക്കും ഉണർന്നെണീക്കും.
3 “ഉൾക്കാഴ്ചയുള്ളവർ ആകാശവിതാനംപോലെയും, അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നവർ നക്ഷത്രങ്ങൾപോലെയും എന്നുമെന്നേക്കും ഉജ്ജ്വലമായി പ്രകാശിക്കും.
4 “നീയോ ദാനിയേലേ, ഈ വാക്കുകൾ രഹസ്യമായി സൂക്ഷിക്കുക, പുസ്തകം മുദ്ര വെക്കുക; അവസാനകാലംവരെ അത് അങ്ങനെ ഇരിക്കട്ടെ.+ പലരും ഓടിനടക്കും;* ശരിയായ അറിവ് സമൃദ്ധമാകും.”+
5 പിന്നെ, ദാനിയേൽ എന്ന ഞാൻ നോക്കിയപ്പോൾ മറ്റു രണ്ടു പേർ നിൽക്കുന്നതു കണ്ടു; ഒരാൾ നദിയുടെ ഇക്കരെയും മറ്റേയാൾ അക്കരെയും.+ 6 നദിയുടെ വെള്ളത്തിന്മീതെ നിൽക്കുന്ന ലിനൻവസ്ത്രധാരിയായ മനുഷ്യനോട്+ അവരിൽ ഒരാൾ ചോദിച്ചു: “ഈ വിസ്മയകാര്യങ്ങൾ പൂർത്തിയാകാൻ ഇനി എത്ര നാൾ എടുക്കും?” 7 അപ്പോൾ, നദിയിലെ വെള്ളത്തിന്മീതെ നിൽക്കുന്ന ലിനൻവസ്ത്രധാരിയായ മനുഷ്യൻ സംസാരിക്കുന്നതു ഞാൻ കേട്ടു. അദ്ദേഹം വലങ്കൈയും ഇടങ്കൈയും ആകാശത്തേക്ക് ഉയർത്തി എന്നെന്നും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി ഇങ്ങനെ സത്യം ചെയ്തു:+ “അതിനു നിശ്ചയിച്ച ഒരു കാലവും കാലങ്ങളും അരക്കാലവും* എടുക്കും. വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകഴിഞ്ഞാൽ ഉടൻ+ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാകും.”
8 ഞാൻ ഇതൊക്കെ കേട്ടെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല.+ അതുകൊണ്ട്, ഞാൻ ചോദിച്ചു: “എന്റെ യജമാനനേ, ഇതിന്റെയെല്ലാം അവസാനം എന്താകും?”
9 അപ്പോൾ, അദ്ദേഹം പറഞ്ഞു: “ദാനിയേലേ, പൊയ്ക്കൊള്ളൂ. ഈ വാക്കുകൾ അവസാനകാലംവരെ+ മുദ്ര വെച്ച നിലയിൽ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. 10 പലരും അഴുക്കു നീക്കി തങ്ങളെ വെൺമയുള്ളവരാക്കും;+ അവർ ശുദ്ധിയുള്ളവരാകും. ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാർക്കാർക്കും മനസ്സിലാകില്ലെങ്കിലും ഉൾക്കാഴ്ചയുള്ളവർക്കു കാര്യം മനസ്സിലാകും.+
11 “പതിവുസവിശേഷത* നീക്കം ചെയ്ത്,+ നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തുവിനെ പ്രതിഷ്ഠിക്കുന്നതുമുതൽ+ 1,290 ദിവസമുണ്ടായിരിക്കും.
12 “പ്രതീക്ഷയോടെ* കാത്തിരുന്ന് 1,335 ദിവസത്തിന്റെ അവസാനംവരെ എത്തുന്നവൻ സന്തുഷ്ടൻ.
13 “നീയോ അവസാനംവരെ ഉറച്ചുനിൽക്കുക. നീ വിശ്രമിക്കുമെങ്കിലും കാത്തിരിപ്പിന്റെ കാലം കഴിയുമ്പോൾ നിന്റെ ഓഹരിക്കായി* നീ എഴുന്നേൽക്കും.”+
അഥവാ “ആലയത്തിലെ.”
അതായത്, ബാബിലോണിയ.
അഥവാ “ക്ഷേത്രത്തിലേക്ക്.”
അക്ഷ. “കുട്ടികളെ.”
അഥവാ “കൃതികളും.”
മറ്റൊരു സാധ്യത “മൂന്നു വർഷം പോഷിപ്പിച്ചിട്ട്.”
അർഥം: “ദൈവമാണ് എന്റെ ന്യായാധിപൻ.”
അർഥം: “യഹോവ പ്രീതി കാണിച്ചിരിക്കുന്നു.”
“ദൈവത്തെപ്പോലെ ആരുണ്ട്” എന്നായിരിക്കാം അർഥം.
അർഥം: “യഹോവ സഹായിച്ചിരിക്കുന്നു.”
അതായത്, ബാബിലോണിയൻ പേരുകളിട്ടു.
അഥവാ “ദയയും.”
അക്ഷ. “കുട്ടികളെക്കാൾ.”
അക്ഷ. “ആത്മാവ് അസ്വസ്ഥമായിട്ട്.”
പദാവലിയിൽ “ആഭിചാരം” കാണുക.
അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
അക്ഷ. “എന്റെ ആത്മാവ് ആകെ അസ്വസ്ഥമാണ്.”
ദാനി 2:4ബി മുതൽ 7:28 വരെയുള്ള ഭാഗം ആദ്യം എഴുതിയത് അരമായ ഭാഷയിലായിരുന്നു.
അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
മറ്റൊരു സാധ്യത “ചവറ്റുകൂനയാക്കും; ചാണകക്കൂനയാക്കും.”
അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
അക്ഷ. “കൽദയനോടോ.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
അഥവാ “കളിമണ്ണ് (രൂപപ്പെടുത്തി) ചുട്ടെടുത്തതും.”
അഥവാ “മനുഷ്യസന്താനങ്ങളുമായി.” അതായത്, പൊതുജനം.
ഏകദേശം 27 മീ. (88 അടി). അനു. ബി14 കാണുക.
ഏകദേശം 2.7 മീ. (8.8 അടി). അനു. ബി14 കാണുക.
അഥവാ “പരദൂഷണം പറഞ്ഞു.”
അഥവാ “മനോഭാവം.”
മറ്റൊരു സാധ്യത “ചവറ്റുകൂനയാക്കും; ചാണകക്കൂനയാക്കും.”
അക്ഷ. “അഭിവൃദ്ധി.”
അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
അഥവാ “കാവൽക്കാരൻ.”
അഥവാ “കാവൽക്കാരുടെ.”
അഥവാ “കാവൽക്കാരൻ.”
പദാവലി കാണുക.
അഥവാ “രാജാവിന്റെ ഭാവം മാറി.”
അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
അഥവാ “ആത്മാവുള്ള പ്രാപ്തനായ ഒരാൾ.”
അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
അക്ഷ. “ആത്മാവ്.”
അക്ഷ. “അങ്ങയുടെ ശ്വാസവും വഴികളും കൈയിലുള്ള.”
പദാവലി കാണുക.
മറ്റൊരു സാധ്യത “സംഗീതക്കാരെ ആരെയും വരുത്തിയില്ല.”
അക്ഷ. “രാജാവിന്റെ ഉറക്കം ഓടിക്കളഞ്ഞു.”
അഥവാ “ദാനിയേലിനെക്കുറിച്ച് പരദൂഷണം പറഞ്ഞ.”
അഥവാ “ആ പരമാധികാരത്തിന് ഒരിക്കലും ഇളക്കംതട്ടില്ല.”
അഥവാ “സൈറസിന്റെയും.”
അഥവാ “പൊങ്ങച്ചം പറയുന്ന.”
അഥവാ “പൊങ്ങച്ചം പറയുന്ന.”
അഥവാ “പൊങ്ങച്ചം പറയുന്ന.”
അതായത്, മൂന്നരക്കാലം.
അഥവാ “എന്റെ ചിന്തകളാൽ എന്റെ മുഖഭാവം മാറി.”
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലായിരുന്നു.”
അഥവാ “കനാലിന്റെ.”
അഥവാ “സൂര്യാസ്തമയദിശയിൽനിന്ന്.”
അക്ഷ. “കൈയിൽനിന്ന്.”
അഥവാ “സൂര്യോദയദിശയിലേക്കും.”
അഥവാ “മനോഹരമായതിന്.”
അഥവാ “നിരന്തരബലി.”
അഥവാ “നിരന്തരബലിയോടൊപ്പം.”
അഥവാ “നിരന്തരബലിയെക്കുറിച്ചും.”
അഥവാ “ലംഘകരുടെ ലംഘനം പരകോടിയിലെത്തുമ്പോൾ.”
അഥവാ “ഗൂഢതന്ത്രങ്ങൾ മനയുന്നതിൽ വിദഗ്ധനായ.”
അഥവാ “അദ്ദേഹം ഉഗ്രനാശം.”
മറ്റൊരു സാധ്യത “മുന്നറിയിപ്പു കൂടാതെ.”
അഥവാ “ഏറെ നാൾ കഴിഞ്ഞുള്ള ഒരു കാലത്തേക്കുള്ളതാണ്.”
അതായത്, വിശുദ്ധഗ്രന്ഥങ്ങൾ.
അക്ഷ. “ഞങ്ങളെ വിധിച്ച ന്യായാധിപന്മാർക്കെതിരെയും.”
അഥവാ “ദൈവത്തിന്റെ വിശ്വസ്തതയെപ്പറ്റി.”
അഥവാ “വളരെ വിലപ്പെട്ടവനാണ്; നിന്നെപ്പറ്റി വലിയ മതിപ്പാണ്.”
അക്ഷ. “പ്രവാചകനെയും.”
അഥവാ “അതിവിശുദ്ധത്തെ.”
അതായത്, വർഷങ്ങൾകൊണ്ടുള്ള ആഴ്ചകൾ.
അഥവാ “അഭിഷിക്തൻ.”
അഥവാ “പൊതുചത്വരവും.”
അക്ഷ. “ഹിദ്ദേക്കൽ.”
അഥവാ “വളരെ വിലപ്പെട്ട.”
അഥവാ “ഒന്നാംനിരപ്രഭുക്കന്മാരിൽ.”
അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്?”
അഥവാ “വളരെ വിലപ്പെട്ടവനേ.”
അഥവാ “അദ്ദേഹത്തിന് ഒരു കോട്ടയായിരിക്കാനും.”
അഥവാ “ഉദിക്കും.”
അഥവാ “സന്ധി ചെയ്യും.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
അഥവാ “വിലപിടിപ്പുള്ള.”
അഥവാ “കവർച്ചക്കാരെ.”
അഥവാ “സൈന്യങ്ങൾക്കോ.”
അഥവാ “മനോഹരദേശത്ത്.”
അഥവാ “സന്ധി ചെയ്യും.”
സാധ്യതയനുസരിച്ച്, നികുതി “പിടിച്ചുവാങ്ങുന്ന.” അഥവാ “കഠിനവേല ചെയ്യിക്കുന്ന.”
അഥവാ “വീക്ഷിക്കേണ്ട.”
മറ്റൊരു സാധ്യത “മുന്നറിയിപ്പു കൂടാതെ.”
അഥവാ “സൈന്യങ്ങൾ.”
മറ്റൊരു സാധ്യത “മുന്നറിയിപ്പു കൂടാതെ.”
അക്ഷ. “ഹൃദയവും.”
അഥവാ “ഒഴുക്കിക്കൊണ്ടുപോകും.”
അഥവാ “തന്റെ ക്രോധം തിരിച്ചുവിടും.”
അഥവാ “സൈന്യങ്ങൾ.”
അഥവാ “നിരന്തരബലി.”
അഥവാ “മുഖസ്തുതി; പൊള്ളത്തരം.”
അഥവാ “മുഖസ്തുതിയാൽ; പൊള്ളത്തരത്താൽ.”
അഥവാ “എന്നാൽ, തന്റെ സ്ഥാനത്തിരുന്ന്.”
അഥവാ “വിലയേറിയ വസ്തുക്കളും.”
അഥവാ “സഹായത്തോടെ.”
മറ്റൊരു സാധ്യത “താൻ.”
അഥവാ “അവനുമായി കൊമ്പു കോർക്കും.”
അഥവാ “മനോഹരദേശത്തും.”
അഥവാ “വിലയേറിയ വസ്തുക്കളും.”
അഥവാ “അവന്റെ കാൽക്കലായിരിക്കും.”
അഥവാ “സൂര്യോദയദിശയിൽനിന്നും.”
അഥവാ “മനോഹരമായ.”
അഥവാ “കൊട്ടാരസദൃശമായ കൂടാരങ്ങൾ.”
അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്?”
അഥവാ “ഉദിക്കും.”
അഥവാ “അത് (അതായത്, ആ പുസ്തകം) വിശദമായി പരിശോധിക്കും.”
അതായത്, മൂന്നരക്കാലം.
അഥവാ “നിരന്തരബലി.”
അഥവാ “അത്യാകാംക്ഷയോടെ.”
അഥവാ “നിനക്കു നിയമിച്ചുകിട്ടിയിടത്ത്.”