യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്
1 ആരംഭംമുതലുണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും ശ്രദ്ധയോടെ നിരീക്ഷിച്ചതും സ്വന്തം കൈകൊണ്ട് തൊട്ടറിഞ്ഞതും ആയ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നു.+ 2 (ഈ ജീവൻ ഞങ്ങൾക്കു വെളിപ്പെട്ടു. ഞങ്ങൾ അതു കണ്ട് അതെക്കുറിച്ച് വിവരിച്ചുകൊണ്ടിരിക്കുന്നു.+ പിതാവിൽനിന്ന് വന്നതും ഞങ്ങൾക്കു വെളിപ്പെട്ടതും ആയ ആ നിത്യജീവനെക്കുറിച്ച്+ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.) 3 ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതു നിങ്ങളോട് അറിയിക്കുന്നതു+ ഞങ്ങളുടെ കൂട്ടായ്മയിൽ നിങ്ങളുമുണ്ടായിരിക്കാനാണ്. നമ്മുടെ ഈ കൂട്ടായ്മ പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും+ കൂടെയാണ്. 4 നമ്മുടെ സന്തോഷം പൂർണമാകാനാണു ഞങ്ങൾ ഇതു നിങ്ങൾക്ക് എഴുതുന്നത്.
5 ഞങ്ങൾ യേശുവിൽനിന്ന് കേട്ട് നിങ്ങളെ അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം വെളിച്ചമാണ്.+ ദൈവത്തിൽ ഒട്ടും ഇരുട്ടില്ല. 6 “ഞങ്ങൾക്കു ദൈവത്തോടു കൂട്ടായ്മയുണ്ട്” എന്നു പറയുകയും അതേസമയം ഇരുട്ടിൽ നടക്കുകയും ചെയ്താൽ നമ്മൾ നുണ പറയുന്നവരും സത്യത്തിനു ചേർച്ചയിൽ ജീവിക്കാത്തവരും ആയിരിക്കും.+ 7 ദൈവം വെളിച്ചത്തിലായിരിക്കുന്നതുപോലെ നമ്മളും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയുണ്ട്; ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു.+
8 “നമുക്കു പാപമില്ല” എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്;+ സത്യം നമ്മളിലില്ല. 9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+ 10 “ഞങ്ങൾ പാപം ചെയ്തിട്ടില്ല” എന്നു പറഞ്ഞാൽ നമ്മൾ ദൈവത്തെ നുണയനാക്കുകയാണ്; ദൈവത്തിന്റെ വചനം നമ്മളിലില്ല.
2 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്,* നീതിമാനായ യേശുക്രിസ്തു.+ 2 യേശു നമ്മുടെ പാപങ്ങൾക്ക്+ ഒരു അനുരഞ്ജനബലിയായി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കുകൂടിയുള്ളതാണ്.+ 3 യേശുവിന്റെ* കല്പനകൾ അനുസരിക്കുന്നെങ്കിൽ നമ്മൾ യേശുവിനെ* അറിയുന്നു എന്നു വ്യക്തം. 4 “ഞാൻ യേശുവിനെ* അറിയുന്നു” എന്നു പറയുകയും യേശുവിന്റെ* കല്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്നയാൾ നുണയനാണ്, അയാളിൽ സത്യമില്ല. 5 ഒരാൾ ദൈവത്തിന്റെ* വാക്കുകൾ അനുസരിക്കുന്നെങ്കിൽ അയാൾ ദൈവത്തെ യഥാർഥമായി സ്നേഹിക്കുന്നെന്നു വ്യക്തമാണ്.+ നമ്മളും അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ ദൈവവുമായി* യോജിപ്പിലായിരിക്കും.+ 6 ദൈവവുമായി* യോജിപ്പിലാണെന്നു പറയുന്നയാൾ യേശു നടന്നതുപോലെതന്നെ നടക്കാൻ ബാധ്യസ്ഥനാണ്.+
7 പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഒരു പുതിയ കല്പനയല്ല, ആദ്യംമുതൽ നിങ്ങൾക്കുണ്ടായിരുന്ന ഒരു പഴയ കല്പനയാണ്.+ നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ് ആ പഴയ കല്പന. 8 എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന എഴുതുകയാണെന്നും പറയാം; യേശുവും നിങ്ങളും പാലിച്ച കല്പനതന്നെ; ഇപ്പോൾ ഇരുട്ടു നീങ്ങി യഥാർഥവെളിച്ചം പ്രകാശിക്കുന്നല്ലോ.+
9 വെളിച്ചത്തിലാണെന്നു പറയുകയും അതേസമയം സഹോദരനെ വെറുക്കുകയും+ ചെയ്യുന്നയാൾ ഇപ്പോഴും ഇരുട്ടിലാണ്.+ 10 സഹോദരനെ സ്നേഹിക്കുന്നയാൾ വെളിച്ചത്തിൽ വസിക്കുന്നു.+ യാതൊന്നും അയാളെ വിശ്വാസത്തിൽനിന്ന് വീഴിക്കില്ല.* 11 എന്നാൽ സഹോദരനെ വെറുക്കുന്നയാൾ ഇരുട്ടിൽ വസിക്കുന്നു, ഇരുട്ടിൽ നടക്കുന്നു.+ ഇരുട്ട് അയാളെ അന്ധനാക്കിയതുകൊണ്ട് താൻ എവിടേക്കാണു പോകുന്നതെന്ന് അയാൾക്ക് അറിയില്ല.+
12 കുഞ്ഞുങ്ങളേ, യേശുവിന്റെ പേരിനെപ്രതി നിങ്ങളുടെ പാപങ്ങൾക്കു ക്ഷമ ലഭിച്ചിരിക്കുന്നതുകൊണ്ട്+ ഞാൻ നിങ്ങൾക്ക് എഴുതുന്നു. 13 പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങൾ ദുഷ്ടനെ കീഴടക്കിയതുകൊണ്ട്+ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുന്നതുകൊണ്ട്+ ഞാൻ നിങ്ങൾക്ക് എഴുതുന്നു. 14 പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങൾ ശക്തരായതുകൊണ്ടും+ ദൈവത്തിന്റെ വചനം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ടും+ ദുഷ്ടനെ നിങ്ങൾ കീഴടക്കിയതുകൊണ്ടും+ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
15 ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുത്.+ ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ അയാൾക്കു പിതാവായ ദൈവത്തോടു സ്നേഹമില്ല.+ 16 കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്. 17 ലോകവും അതിന്റെ മോഹങ്ങളും+ നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.+
18 കുഞ്ഞുങ്ങളേ, ഇത് അവസാനനാഴികയാണ്. ക്രിസ്തുവിരുദ്ധൻ* വരുന്നെന്നു+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം ക്രിസ്തുവിരുദ്ധർ വന്നിരിക്കുന്നതുകൊണ്ട്+ ഇത് അവസാനനാഴികയാണെന്നു നമുക്ക് അറിയാം. 19 അവർ നമുക്കിടയിൽനിന്ന് പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല.*+ നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ. എന്നാൽ അവർ നമ്മളെ വിട്ട് പോയതുകൊണ്ട് എല്ലാവരും നമ്മളെപ്പോലുള്ളവരല്ല എന്ന കാര്യം വ്യക്തമാകുന്നു.+ 20 എന്നാൽ പരിശുദ്ധൻ നിങ്ങളെ അഭിഷേകം ചെയ്തിരിക്കുന്നു;+ നിങ്ങൾക്കെല്ലാം സത്യം അറിയുകയും ചെയ്യാം. 21 നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല,+ നിങ്ങൾ അത് അറിയുന്നതുകൊണ്ടും അസത്യമായതൊന്നും സത്യത്തിൽനിന്ന് ഉത്ഭവിക്കാത്തതുകൊണ്ടും+ ആണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്.
22 യേശുവാണു ക്രിസ്തു എന്ന് അംഗീകരിക്കാത്തവനല്ലാതെ മറ്റാരാണു നുണയൻ?+ പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണു ക്രിസ്തുവിരുദ്ധൻ.+ 23 പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.+ പുത്രനെ അംഗീകരിക്കുന്നവനോ+ പിതാവുമുണ്ട്.+ 24 ആദ്യംമുതൽ നിങ്ങൾ കേട്ടതു നിങ്ങളിൽ നിലനിൽക്കണം.+ ആദ്യംമുതൽ കേട്ടതു നിങ്ങളിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും യോജിപ്പിലായിരിക്കും. 25 കൂടാതെ, ദൈവം* നമുക്കു നിത്യജീവൻ എന്ന വാഗ്ദാനവും തന്നിരിക്കുന്നു.+
26 നിങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർ കാരണമാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. 27 ദൈവത്തിൽനിന്ന് ലഭിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട്+ ആരും നിങ്ങളെ ഒന്നും പഠിപ്പിക്കേണ്ടതില്ല. ദൈവത്തിൽനിന്നുള്ള അഭിഷേകം വ്യാജമല്ല, സത്യമാണ്. അതു നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു.+ അതിനാൽ അതു നിങ്ങളെ പഠിപ്പിച്ചതുപോലെ, യേശുവുമായി* യോജിപ്പിലായിരിക്കുക.+ 28 അതുകൊണ്ട് കുഞ്ഞുങ്ങളേ, യേശു* വെളിപ്പെടുമ്പോൾ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും+ യേശുവിന്റെ* സാന്നിധ്യത്തിൽ നമ്മൾ ലജ്ജിച്ച് മാറിനിൽക്കാതിരിക്കാനും യേശുവുമായി* യോജിപ്പിലായിരിക്കുക. 29 യേശു* നീതിമാനാണെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ നീതി പ്രവർത്തിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നെന്നും നിങ്ങൾക്ക് ഉറപ്പാക്കാം.+
3 പിതാവ് നമ്മളോടു കാണിച്ച സ്നേഹം എത്ര വലുതാണെന്നു+ നോക്കുക! അതുകൊണ്ടാണ് നമ്മളെ ദൈവമക്കളെന്നു വിളിക്കുന്നത്!+ നമ്മൾ അങ്ങനെയാണുതാനും. ലോകം ദൈവത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട്+ അതിനു നമ്മളെയും അറിഞ്ഞുകൂടാ.+ 2 പ്രിയപ്പെട്ടവരേ, ഇപ്പോൾ നമ്മൾ ദൈവമക്കളാണെങ്കിലും+ നമ്മൾ എന്തായിത്തീരുമെന്ന്+ ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ ഒന്നു നമുക്ക് അറിയാം: ദൈവം വെളിപ്പെടുമ്പോൾ, ദൈവം എങ്ങനെയാണോ അതേ വിധത്തിൽ നമ്മൾ ദൈവത്തെ കാണുമെന്നതുകൊണ്ട് നമ്മൾ ദൈവത്തെപ്പോലെയായിരിക്കും. 3 ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ, ദൈവത്തിൽ* ഈ പ്രത്യാശയുള്ള എല്ലാവരും തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നു.+
4 പാപം ചെയ്യുന്ന ശീലമുള്ളവരെല്ലാം നിയമലംഘകരുമാണ്. പാപം നിയമലംഘനമാണ്. 5 യേശു നമ്മുടെ പാപങ്ങളെ നീക്കം ചെയ്യാനാണു വന്നതെന്നും+ നിങ്ങൾക്ക് അറിയാമല്ലോ. യേശുവിൽ പാപമില്ല. 6 യേശുവിനോടു യോജിപ്പിലായിരിക്കുന്ന ആരും പാപം ചെയ്യുന്നതു ശീലമാക്കില്ല.+ പാപം ചെയ്യുന്ന ശീലമുള്ളവർ യേശുവിനെ കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല. 7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്. യേശു നീതിമാനായിരിക്കുന്നതുപോലെ, നീതിമാർഗത്തിൽ നടക്കുന്നയാളും നീതിമാനാണ്. 8 എന്നാൽ പാപം ചെയ്യുന്നതു ശീലമാക്കിയവൻ പിശാചിന്റെ സന്തതിയാണ്. പിശാച് ആദ്യംമുതൽ* പാപം ചെയ്തുകൊണ്ടിരിക്കുന്നു.+ പിശാചിന്റെ പ്രവൃത്തികളെ തകർക്കാനാണു+ ദൈവപുത്രൻ വന്നത്.
9 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ല;+ കാരണം ദൈവത്തിന്റെ വിത്ത്* അവരിലുണ്ട്. അവർ ദൈവത്തിൽനിന്ന് ജനിച്ചതുകൊണ്ട്+ അവർക്കു പാപം ചെയ്യുന്നതു ശീലമാക്കാൻ കഴിയില്ല. 10 ദൈവത്തിന്റെ മക്കൾ ആരാണെന്നും പിശാചിന്റെ മക്കൾ ആരാണെന്നും ഇങ്ങനെ വെളിപ്പെടുന്നു: നീതി പ്രവർത്തിക്കാത്തവരും സ്വന്തം സഹോദരനെ സ്നേഹിക്കാത്തവരും ദൈവത്തിൽനിന്നുള്ളവരല്ല.+ 11 നിങ്ങൾ ആദ്യംമുതൽ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്: പരസ്പരം സ്നേഹിക്കണം.+ 12 ദുഷ്ടനിൽനിന്ന് ജനിച്ച കയീനെപ്പോലെയാകരുതു നമ്മൾ. കയീൻ സ്വന്തം സഹോദരനെ കൊന്നു.+ എന്തിനായിരുന്നു കയീൻ സഹോദരനെ കൊന്നത്? സ്വന്തം പ്രവൃത്തികൾ ദുഷ്ടത നിറഞ്ഞതും+ സഹോദരന്റേതു നീതിയുള്ളതും+ ആയിരുന്നതുകൊണ്ട്.
13 സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നതിൽ അത്ഭുതപ്പെടേണ്ടാ.+ 14 സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട്+ നമ്മൾ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നെന്നു നമുക്ക് അറിയാം.+ എന്നാൽ സ്നേഹിക്കാത്തവൻ മരിച്ചവനായി തുടരുന്നു.+ 15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. 16 യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചതിലൂടെ സ്നേഹം എന്താണെന്നു നമുക്കു മനസ്സിലായി.+ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കാൻ നമ്മളും ബാധ്യസ്ഥരാണ്.+ 17 ഒരാൾക്കു വസ്തുവകകളുണ്ടായിട്ടും, സഹോദരൻ ബുദ്ധിമുട്ടിലാണെന്നു മനസ്സിലാക്കുമ്പോൾ അനുകമ്പ കാണിക്കുന്നില്ലെങ്കിൽ അയാൾക്കു ദൈവസ്നേഹമുണ്ടെന്ന് എങ്ങനെ പറയാൻ പറ്റും?+ 18 കുഞ്ഞുങ്ങളേ, വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല,+ പ്രവൃത്തിയിലും+ സത്യത്തിലും+ ആണ് നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത്.
19 നമ്മൾ സത്യത്തിന്റെ മക്കളാണെന്ന് ഇങ്ങനെ നമ്മൾ അറിയും. എന്തെങ്കിലും കാര്യത്തെപ്രതി ഹൃദയം നമ്മളെ കുറ്റപ്പെടുത്തുന്നെങ്കിൽ, 20 ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും+ ആയതുകൊണ്ട് നമുക്കു ദൈവമുമ്പാകെ നമ്മുടെ ഹൃദയത്തിനു ധൈര്യം പകരാം.* 21 പ്രിയപ്പെട്ടവരേ, ഹൃദയം നമ്മളെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ധൈര്യത്തോടെ നമുക്കു ദൈവത്തെ സമീപിക്കാനാകും.+ 22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+ 23 നമ്മളോടുള്ള ദൈവത്തിന്റെ കല്പന ഇതാണ്: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും+ യേശു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക.+ 24 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നവർ ദൈവത്തോടും, ദൈവം അവരോടും യോജിപ്പിലാണ്.+ ദൈവം നമ്മളോടു യോജിപ്പിലാണെന്നു+ ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവിനാൽ* നമ്മൾ അറിയുന്നു.
4 പ്രിയപ്പെട്ടവരേ, ദൈവത്തിൽനിന്നുള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്താവനകളും* നിങ്ങൾ വിശ്വസിക്കരുത്.+ അവ* ദൈവത്തിൽനിന്നുതന്നെയാണോ എന്നു പരിശോധിക്കണം.+ കാരണം ലോകത്തിൽ ഒരുപാടു കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.+
2 ഒരു പ്രസ്താവന ദൈവത്തിൽനിന്നുള്ളതാണോ എന്ന് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു മനുഷ്യനായി* വന്നെന്ന് അംഗീകരിക്കുന്ന ഏതൊരു പ്രസ്താവനയും ദൈവത്തിൽനിന്നുള്ളതാണ്.+ 3 യേശുവിനെ അംഗീകരിക്കാത്ത പ്രസ്താവനകൾ ദൈവത്തിൽനിന്നുള്ളതല്ല.+ അവ ക്രിസ്തുവിരുദ്ധനിൽനിന്നുള്ളതാണ്. അവർ അത്തരം പ്രസ്താവനകൾ നടത്തുമെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ അവ ഇപ്പോൾത്തന്നെ ലോകത്തുണ്ട്.+
4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്. നിങ്ങൾ അവരെ ജയിച്ചടക്കിയിരിക്കുന്നു.+ കാരണം, നിങ്ങളുമായി യോജിപ്പിലായിരിക്കുന്നവൻ+ ലോകവുമായി യോജിപ്പിലായിരിക്കുന്നവനെക്കാൾ+ വലിയവനാണ്. 5 അവർ ലോകത്തുനിന്നുള്ളവരാണ്.+ അതുകൊണ്ട് ലോകത്തുനിന്ന് ഉത്ഭവിച്ച കാര്യങ്ങൾ അവർ സംസാരിക്കുന്നു, ലോകം അവരുടെ വാക്കു കേൾക്കുകയും ചെയ്യുന്നു.+ 6 എന്നാൽ നമ്മൾ ദൈവത്തിൽനിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവൻ നമ്മുടെ വാക്കു കേൾക്കുന്നു.+ ദൈവത്തിൽനിന്നല്ലാത്തവൻ നമ്മുടെ വാക്കു കേൾക്കുന്നില്ല.+ ഇതിലൂടെ സത്യമായ പ്രസ്താവന ഏതാണെന്നും വ്യാജമായ പ്രസ്താവന ഏതാണെന്നും തിരിച്ചറിയാം.+
7 പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം.+ കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു.+ 8 എന്നാൽ സ്നേഹിക്കാത്തവർ ദൈവത്തെ അറിഞ്ഞിട്ടില്ല; കാരണം ദൈവം സ്നേഹമാണ്.+ 9 തന്റെ ഏകജാതനിലൂടെ+ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു.+ 10 നമ്മൾ ദൈവത്തെ സ്നേഹിച്ചിട്ടല്ല, പകരം നമ്മളോടുള്ള സ്നേഹം കാരണമാണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്ജനബലിയായി*+ അയച്ചത്. ഇതാണ് യഥാർഥസ്നേഹം.
11 പ്രിയപ്പെട്ടവരേ, ദൈവം നമ്മളെ ഇങ്ങനെ സ്നേഹിച്ചതുകൊണ്ട് നമ്മളും പരസ്പരം സ്നേഹിക്കാൻ ബാധ്യസ്ഥരാണ്.+ 12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.+ നമ്മൾ പരസ്പരം സ്നേഹിക്കുന്നെങ്കിൽ ദൈവം നമ്മളിൽ വസിക്കുന്നു; ദൈവത്തിന്റെ സ്നേഹം നമ്മളിൽ പൂർണമായിരിക്കുന്നു.+ 13 ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നതുകൊണ്ട് നമ്മൾ ദൈവവുമായും ദൈവം നമ്മളുമായും യോജിപ്പിലാണെന്നു നമ്മൾ മനസ്സിലാക്കുന്നു. 14 പിതാവ് പുത്രനെ ലോകത്തിന്റെ രക്ഷകനായി+ അയച്ചു എന്നതു ഞങ്ങൾ കണ്ട് മനസ്സിലാക്കിയിരിക്കുന്നു; ഞങ്ങൾ അതെക്കുറിച്ച് ആളുകളോടു പറയുകയും ചെയ്യുന്നു. 15 യേശു ദൈവപുത്രനാണെന്ന് അംഗീകരിക്കുന്നയാൾ+ ദൈവവുമായും ദൈവം അയാളുമായും യോജിപ്പിലാണ്.+ 16 ദൈവത്തിനു ഞങ്ങളോടുള്ള സ്നേഹം ഞങ്ങൾ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.+
ദൈവം സ്നേഹമാണ്.+ സ്നേഹത്തിൽ നിലനിൽക്കുന്നയാൾ ദൈവവുമായും ദൈവം അയാളുമായും യോജിപ്പിലാണ്.+ 17 ന്യായവിധിദിവസം ധൈര്യത്തോടെ* നമുക്കു ദൈവത്തെ സമീപിക്കാൻ കഴിയുംവിധം+ സ്നേഹം നമ്മളിൽ പൂർണമായിരിക്കുന്നു. കാരണം ഈ ലോകത്ത് നമ്മൾ ക്രിസ്തുയേശുവിനെപ്പോലെതന്നെയാണ്. 18 സ്നേഹമുള്ളിടത്ത് ഭയമില്ല.+ ഭയം നമ്മളെ പിന്നോട്ട് വലിക്കുന്നു. എന്നാൽ സമ്പൂർണസ്നേഹം ഭയത്തെ അകറ്റിക്കളയുന്നു.* ഭയപ്പെടുന്നയാൾ സ്നേഹത്തിൽ പൂർണനല്ല.+ 19 ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.+
20 “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു” എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നയാൾ നുണയനാണ്.+ കാണുന്ന സഹോദരനെ സ്നേഹിക്കാത്തയാൾ+ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?+ 21 ദൈവത്തെ സ്നേഹിക്കുന്നയാൾ സഹോദരനെയും സ്നേഹിക്കണം എന്നു ദൈവം നമ്മളോടു കല്പിച്ചിരിക്കുന്നു.+
5 യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചവരാണ്.+ പിതാവിനെ സ്നേഹിക്കുന്നവരെല്ലാം പിതാവിൽനിന്ന് ജനിച്ചവരെയും സ്നേഹിക്കുന്നു. 2 നമ്മൾ ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ, നമ്മൾ ദൈവമക്കളെയും+ സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. 3 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.+ ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.+ 4 കാരണം ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെ* ലോകത്തെ കീഴടക്കുന്നു.+ ലോകത്തെ കീഴടക്കാൻ നമ്മളെ പ്രാപ്തരാക്കിയതു നമ്മുടെ വിശ്വാസമാണ്.+
5 ആർക്കാണു ലോകത്തെ കീഴടക്കാനാകുന്നത്?+ യേശു ദൈവപുത്രനാണെന്നു+ വിശ്വസിക്കുന്നയാൾക്കല്ലേ അതിനു കഴിയൂ? 6 വെള്ളത്താലും രക്തത്താലും വന്നവനാണു യേശുക്രിസ്തു. അതെ, വെള്ളത്തോടെ മാത്രമല്ല,+ വെള്ളത്തോടും രക്തത്തോടും കൂടെ.+ ഇതെക്കുറിച്ച് ദൈവാത്മാവ് സാക്ഷ്യപ്പെടുത്തുന്നു;+ ദൈവാത്മാവ് സത്യമാണല്ലോ. 7 സാക്ഷി പറയുന്നവർ മൂന്നുണ്ട്: 8 ദൈവാത്മാവ്,+ വെള്ളം,+ രക്തം.+ ഇവർ മൂന്നും യോജിപ്പിലാണ്.
9 മനുഷ്യരുടെ സാക്ഷിമൊഴി നമ്മൾ സ്വീകരിക്കാറുണ്ടല്ലോ. ദൈവം പുത്രനെക്കുറിച്ച് സാക്ഷി പറഞ്ഞിരിക്കുന്നതുകൊണ്ട് ദൈവത്തിന്റെ സാക്ഷിമൊഴി അതിലും എത്രയോ വലുതാണ്. 10 ദൈവപുത്രനിൽ വിശ്വസിക്കുന്നയാളുടെ ഉള്ളിൽ ദൈവത്തിന്റെ സാക്ഷിമൊഴികളുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്തയാൾ ദൈവത്തെ ഒരു നുണയനാക്കിയിരിക്കുന്നു.+ കാരണം ദൈവം പുത്രനെക്കുറിച്ച് നൽകിയ സാക്ഷിമൊഴിയിൽ അയാൾ വിശ്വസിക്കുന്നില്ല. 11 ദൈവം നമുക്കു നിത്യജീവൻ+ നൽകിയെന്നും തന്റെ പുത്രനിലൂടെയാണ്+ ഈ ജീവൻ നമുക്കു ലഭിക്കുന്നതെന്നും ഉള്ളതാണ് ആ സാക്ഷിമൊഴി. 12 പുത്രനെ അംഗീകരിക്കുന്നവനു നിത്യജീവനുണ്ട്; ദൈവപുത്രനെ അംഗീകരിക്കാത്തവന് ഈ ജീവനില്ല.+
13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ടെന്നു+ നിങ്ങൾ അറിയാൻവേണ്ടിയാണു ഞാൻ നിങ്ങൾക്ക് ഇത് എഴുതുന്നത്.+ 14 ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും+ ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.+ 15 നമ്മൾ എന്ത് അപേക്ഷിച്ചാലും ദൈവം അതു കേൾക്കുമെന്ന് ഉറപ്പുള്ളതിനാൽ ദൈവത്തോടു ചോദിച്ചതു തീർച്ചയായും ലഭിക്കുമെന്നും നമുക്ക് അറിയാം.+
16 സഹോദരൻ മരണശിക്ഷ അർഹിക്കാത്ത ഒരു പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അയാൾ ആ സഹോദരനുവേണ്ടി പ്രാർഥിക്കണം. ദൈവം ആ വ്യക്തിക്കു ജീവൻ നൽകും.+ മരണശിക്ഷ അർഹിക്കാത്ത പാപം ചെയ്യുന്നവരുടെ കാര്യത്തിലാണ് ഇത്. എന്നാൽ മരണശിക്ഷ അർഹിക്കുന്ന പാപവുമുണ്ട്.+ ഇങ്ങനെയുള്ള പാപം ചെയ്യുന്നയാൾക്കുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. 17 എല്ലാ അനീതിയും പാപമാണ്.+ എന്നാൽ മരണശിക്ഷ അർഹിക്കാത്ത പാപവുമുണ്ട്.
18 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ലെന്നു നമുക്ക് അറിയാം. ദൈവത്തിൽനിന്ന് ജനിച്ചവൻ* അയാളെ കാക്കുന്നു; അതുകൊണ്ട് ദുഷ്ടന് അയാളെ തൊടാൻപോലും പറ്റില്ല.+ 19 നമ്മൾ ദൈവത്തിൽനിന്നുള്ളവരാണെന്നു നമുക്ക് അറിയാം. പക്ഷേ ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.+ 20 എന്നാൽ ദൈവപുത്രൻ വന്നെന്നും+ നമ്മൾ സത്യദൈവത്തെക്കുറിച്ച് അറിവ് നേടാനായി നമുക്ക് ഉൾക്കാഴ്ച* തന്നെന്നും നമുക്ക് അറിയാം. പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവവുമായി യോജിപ്പിലുമാണ്.+ ഈ ദൈവമാണു സത്യദൈവവും നിത്യജീവനും.+ 21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിച്ചുകൊള്ളൂ.+
അഥവാ “അഭിഭാഷകനുണ്ട്.”
അഥവാ “യേശു നമുക്കു പാപപരിഹാരത്തിനുള്ള ബലിയായി; യേശു, പാപം ചെയ്ത നമുക്കു ദൈവവുമായി രമ്യതയിലാകാനുള്ള ഒരു മാർഗമായി.”
അക്ഷ. “അവന്റെ.”
അക്ഷ. “അവനെ.”
അക്ഷ. “അവനെ.”
അക്ഷ. “അവന്റെ.”
അക്ഷ. “അവന്റെ.”
അക്ഷ. “അവനുമായി.”
അക്ഷ. “അവനുമായി.”
മറ്റൊരു സാധ്യത “അയാൾ ആരെയും വിശ്വാസത്തിൽനിന്ന് വീഴിക്കില്ല.”
പദാവലി കാണുക.
അഥവാ “വസ്തുവകകളെക്കുറിച്ച് വീമ്പിളക്കൽ.”
അഥവാ “എതിർക്രിസ്തു.”
അഥവാ “നമുക്കുള്ളവരായിരുന്നില്ല.”
അക്ഷ. “അവൻ.”
മറ്റൊരു സാധ്യത “ദൈവവുമായി.”
മറ്റൊരു സാധ്യത “ദൈവം.”
മറ്റൊരു സാധ്യത “ദൈവത്തിന്റെ.”
മറ്റൊരു സാധ്യത “ദൈവവുമായി.”
അക്ഷ. “അവൻ.”
യേശുവിനെയും അർഥമാക്കാം.
അഥവാ “അവന്റെ തുടക്കംമുതൽ.”
അതായത്, ഫലം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വിത്ത്.
അഥവാ “ഹൃദയത്തെ ബോധ്യപ്പെടുത്താം.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അക്ഷ. “പ്രിയപ്പെട്ടവരേ, ഏത് ആത്മാവിനെയും.”
അക്ഷ. “ആ ആത്മാക്കൾ.”
അക്ഷ. “ജഡത്തിൽ.”
അഥവാ “നമുക്കു പാപപരിഹാരത്തിനുള്ള ബലിയായി; പാപം ചെയ്ത നമുക്കു ദൈവവുമായി രമ്യതയിലാകാനുള്ള ഒരു മാർഗമായി.”
അഥവാ “ആത്മവിശ്വാസത്തോടെ.”
അഥവാ “ഓടിച്ചുകളയുന്നു.”
അക്ഷ. “ജനിച്ചതെല്ലാം.”
അതായത്, ദൈവപുത്രനായ യേശുക്രിസ്തു.
അക്ഷ. “മാനസികപ്രാപ്തി; ഗ്രഹണശക്തി.”