തീത്തോസിന് എഴുതിയ കത്ത്
1 ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിപ്രകാരമുള്ള സത്യത്തിന്റെ ശരിയായ* അറിവും ഉള്ളവനും ദൈവത്തിന്റെ അടിമയും യേശുക്രിസ്തുവിന്റെ അപ്പോസ്തലനും ആയ പൗലോസ് എന്ന ഞാൻ, 2 നുണ പറയാൻ കഴിയാത്ത ദൈവം+ ദീർഘകാലം മുമ്പ് വാഗ്ദാനം ചെയ്ത നിത്യജീവന്റെ പ്രത്യാശയുടെ+ അടിസ്ഥാനത്തിൽ 3 (തന്റേതായ സമയം വന്നപ്പോൾ നമ്മുടെ രക്ഷകനായ ദൈവം തന്റെ കല്പനയാൽ എന്നെ ഭരമേൽപ്പിച്ച പ്രസംഗപ്രവർത്തനത്തിലൂടെ+ തന്റെ വചനം അറിയിച്ചു.) 4 തീത്തോസേ, നമ്മൾ പങ്കിടുന്ന വിശ്വാസപ്രകാരം ഒരു യഥാർഥമകനായ നിനക്ക് എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും നിനക്ക് അനർഹദയയും സമാധാനവും!
5 ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത് നേരെയാക്കേണ്ട കാര്യങ്ങൾ നേരെയാക്കാനും* ഞാൻ തന്ന നിർദേശങ്ങളനുസരിച്ച് നഗരംതോറും മൂപ്പന്മാരെ* നിയമിക്കാനും ആയിരുന്നല്ലോ. ഇവയായിരുന്നു ആ നിർദേശങ്ങൾ: 6 മൂപ്പൻ ആരോപണരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും താന്തോന്നികളെന്നോ* ധിക്കാരികളെന്നോ ദുഷ്പേരില്ലാത്ത, വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം.+ 7 മേൽവിചാരകൻ ദൈവത്തിന്റെ കാര്യസ്ഥനായതുകൊണ്ട് ആരോപണരഹിതനായിരിക്കണം. തന്നിഷ്ടക്കാരനോ+ മുൻകോപിയോ+ കുടിയനോ അക്രമാസക്തനോ* വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവനോ ആയിരിക്കരുത്. 8 പകരം അതിഥിപ്രിയനും+ നന്മയെ സ്നേഹിക്കുന്നവനും സുബോധമുള്ളവനും*+ നീതിനിഷ്ഠനും വിശ്വസ്തനും ആത്മനിയന്ത്രണമുള്ളവനും+ ആയിരിക്കണം. 9 മേൽവിചാരകൻ വിശ്വസ്തവചനത്തെ* മുറുകെ പിടിച്ച് വിദഗ്ധമായി പഠിപ്പിക്കുന്നവനും+ അങ്ങനെ, പ്രയോജനകരമായ* പഠിപ്പിക്കലിലൂടെ+ പ്രോത്സാഹിപ്പിക്കാനും എതിർക്കുന്നവരെ ശാസിക്കാനും+ കഴിവുള്ളവനും ആയിരിക്കണം.
10 ധിക്കാരികളും കഴമ്പില്ലാത്ത കാര്യങ്ങൾ പറയുന്നവരും വഞ്ചകരും അവിടെ ധാരാളമുണ്ടല്ലോ, പ്രത്യേകിച്ച് പരിച്ഛേദനാവാദികൾ.*+ 11 അവരുടെ വായടപ്പിക്കണം. കാരണം, വളഞ്ഞ വഴിയിലൂടെ നേട്ടം ഉണ്ടാക്കാൻവേണ്ടി അവർ അരുതാത്തതു പഠിപ്പിച്ചുകൊണ്ട് കുടുംബങ്ങളെ അപ്പാടേ വഴിതെറ്റിക്കുന്നു. 12 “ക്രേത്തർ എന്നു പറഞ്ഞാൽത്തന്നെ നുണയന്മാരും ദുഷ്ടജന്തുക്കളും മടിയന്മാരായ തീറ്റിഭ്രാന്തരും ആണ്” എന്ന് അവരുടെ കൂട്ടത്തിൽ ഒരാൾ, അവരുടെ ഒരു പ്രവാചകൻതന്നെ, പറഞ്ഞിട്ടുണ്ടല്ലോ.
13 ഈ പറഞ്ഞതു സത്യമാണ്. അതുകൊണ്ട് നീ അവരെ കർശനമായി ശാസിക്കുന്നതു നിറുത്തരുത്. അങ്ങനെയാകുമ്പോൾ അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കും.* 14 ജൂതന്മാരുടെ കെട്ടുകഥകൾക്കും സത്യം വിട്ടകലുന്നവരുടെ കല്പനകൾക്കും അവർ ചെവി കൊടുക്കില്ല. 15 ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്.+ പക്ഷേ ശുദ്ധിയില്ലാത്തവർക്കും വിശ്വാസമില്ലാത്തവർക്കും ഒന്നും ശുദ്ധമല്ല. കാരണം അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്.+ 16 ദൈവത്തെ അറിയുന്നവരാണെന്ന് അവർ അവകാശവാദം മുഴക്കുന്നെങ്കിലും സ്വന്തം പ്രവൃത്തികളിലൂടെ ദൈവത്തെ തള്ളിപ്പറയുന്നു.+ കാരണം അവർ വൃത്തികെട്ടവരും അനുസരണംകെട്ടവരും ഒരു നല്ല കാര്യത്തിനും കൊള്ളാത്തവരും ആണ്.
2 എന്നാൽ നീ എപ്പോഴും പ്രയോജനകരമായ* പഠിപ്പിക്കലുമായി+ യോജിക്കുന്ന കാര്യങ്ങൾ പറയുക. 2 പ്രായമുള്ള പുരുഷന്മാർ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും കാര്യഗൗരവമുള്ളവരും* സുബോധമുള്ളവരും വിശ്വാസം, സ്നേഹം, സഹനശക്തി എന്നീ കാര്യങ്ങളിൽ കരുത്തരും* ആയിരിക്കട്ടെ. 3 അങ്ങനെതന്നെ, പ്രായമുള്ള സ്ത്രീകളും ദൈവഭക്തർക്കു ചേർന്ന പെരുമാറ്റശീലമുള്ളവരും പരദൂഷണം പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരും നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവരും ആയിരിക്കട്ടെ. 4 അവർക്ക് അപ്പോൾ പ്രായം കുറഞ്ഞ സ്ത്രീകളെ ഉപദേശിക്കാനാകും.* അങ്ങനെ, ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 സുബോധമുള്ളവരും ചാരിത്ര്യശുദ്ധിയുള്ളവരും വീട്ടുജോലികൾ ചെയ്യുന്നവരും* നല്ലവരും ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുന്നവരും+ ആയിരിക്കാൻ അവർക്ക് അവരെ പഠിപ്പിക്കാനാകും.* ദൈവത്തിന്റെ വചനത്തെക്കുറിച്ച് ആരും മോശമായി സംസാരിക്കാൻ ഇടവരുകയുമില്ല.
6 അതുപോലെ, സുബോധമുള്ളവരായിരിക്കാൻ പ്രായം കുറഞ്ഞ പുരുഷന്മാരെയും+ പ്രോത്സാഹിപ്പിക്കുക. 7 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നീ എല്ലാ വിധത്തിലും അവർക്ക് ഒരു മാതൃകയായിരിക്കണം. നിർമലമായ കാര്യങ്ങൾ* നല്ല കാര്യഗൗരവത്തോടെ,*+ 8 ആർക്കും കുറ്റം പറയാനാകാത്ത രീതിയിൽ നല്ല* വാക്കുകൾ+ ഉപയോഗിച്ച് പഠിപ്പിക്കുക. അങ്ങനെയായാൽ, നമ്മളെക്കുറിച്ച് മോശമായതൊന്നും പറയാൻ കിട്ടാതെ എതിരാളികൾ നാണിച്ചുപോകും.+ 9 അടിമകൾ യജമാനന്മാർക്ക് എല്ലാ കാര്യങ്ങളിലും കീഴടങ്ങിയിരുന്നുകൊണ്ട്+ അവരെ പ്രസാദിപ്പിക്കാൻ ശ്രമിക്കണം. അവരോടു തർക്കുത്തരമൊന്നും പറയരുത്. 10 അവരുടേതൊന്നും മോഷ്ടിക്കാതെ+ തികച്ചും വിശ്വാസയോഗ്യരാണെന്നു തെളിയിക്കണം. അങ്ങനെ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പഠിപ്പിക്കലിന് എല്ലാ വിധത്തിലും ഒരു അലങ്കാരമാകാൻ അവർക്കു കഴിയും.+
11 എല്ലാ തരം മനുഷ്യരുടെയും രക്ഷയ്ക്കു+ വഴി തുറന്നുകൊണ്ട് അനർഹദയ വെളിപ്പെട്ടിരിക്കുന്നല്ലോ. 12 അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളഞ്ഞ്+ സുബോധത്തോടെയും നീതിനിഷ്ഠയോടെയും ദൈവഭക്തിയോടെയും ഈ വ്യവസ്ഥിതിയിൽ* ജീവിക്കാൻ അതു നമ്മളെ പരിശീലിപ്പിക്കുന്നു.+ 13 സന്തോഷമേകുന്ന പ്രത്യാശയുടെ+ സാക്ഷാത്കാരത്തിനും മഹാദൈവത്തിന്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്. 14 നമ്മളെ എല്ലാ തരം ദുഷ്ചെയ്തികളിൽനിന്നും സ്വതന്ത്രരാക്കി*+ നല്ല കാര്യങ്ങൾ+ ചെയ്യുന്നതിൽ ഉത്സാഹമുള്ള ഒരു ജനമെന്ന നിലയിൽ തന്റെ പ്രത്യേകസ്വത്തായി ശുദ്ധീകരിച്ചെടുക്കാൻ നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചവനാണല്ലോ ക്രിസ്തു.+
15 നീ തികഞ്ഞ അധികാരത്തോടെ അവരെ ശാസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇക്കാര്യങ്ങളെല്ലാം അവരോടു പറയുകയും ചെയ്യുക.+ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്.
3 ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട്+ അനുസരണം കാണിക്കാനും എല്ലാ സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും 2 ആരെക്കുറിച്ചും മോശമായി സംസാരിക്കാതിരിക്കാനും വഴക്കാളികളാകാതെ വിട്ടുവീഴ്ച ചെയ്യുന്നവരായി*+ എല്ലാ മനുഷ്യരോടും നല്ല സൗമ്യത കാണിക്കാനും+ അവരെ തുടർന്നും ഓർമിപ്പിക്കണം. 3 കാരണം ഒരു കാലത്ത് നമ്മളും വിവേകമില്ലാത്തവരും അനുസരണംകെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും പല തരം മോഹങ്ങൾക്കും ജീവിതസുഖങ്ങൾക്കും അടിമകളും പരസ്പരം വെറുത്ത് വഷളത്തത്തിലും അസൂയയിലും കാലം കഴിച്ചവരും അറയ്ക്കപ്പെട്ടവരും ആയിരുന്നല്ലോ.
4 എന്നാൽ നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ദയയും+ മനുഷ്യരോടുള്ള സ്നേഹവും വെളിപ്പെട്ടപ്പോൾ 5 (അതു നമ്മൾ എന്തെങ്കിലും നീതിപ്രവൃത്തികൾ ചെയ്തിട്ടല്ല,+ ദൈവത്തിനു നമ്മളോടു കരുണ തോന്നിയിട്ടാണ്.)+ നമുക്കു ജീവൻ കിട്ടാനായി നമ്മളെ കഴുകുകയും+ പരിശുദ്ധാത്മാവിനെ* ഉപയോഗിച്ച് പുതുക്കുകയും+ ചെയ്ത് ദൈവം നമ്മളെ രക്ഷിച്ചു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെ ദൈവം ഈ ആത്മാവിനെ നമ്മുടെ മേൽ സമൃദ്ധമായി* ചൊരിഞ്ഞു.+ 7 ദൈവത്തിന്റെ അനർഹദയയാൽ നമ്മൾ നീതിമാന്മാർ എന്നു പ്രഖ്യാപിക്കപ്പെട്ടതിനു+ ശേഷം നിത്യജീവന്റെ പ്രത്യാശയനുസരിച്ച്+ അവകാശികളാകാൻവേണ്ടിയാണു+ ദൈവം അതു ചെയ്തത്.
8 ഇതു വിശ്വാസയോഗ്യമായ വാക്കുകളാണ്. ദൈവത്തെ വിശ്വസിച്ചിരിക്കുന്നവർ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ മനസ്സു കേന്ദ്രീകരിച്ചുനിറുത്താൻ നീ എപ്പോഴും ഇക്കാര്യങ്ങൾ ഊന്നിപ്പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം മനുഷ്യർക്കു പ്രയോജനം ചെയ്യുന്ന ഉത്തമകാര്യങ്ങളാണ്.
9 ബുദ്ധിശൂന്യമായ തർക്കങ്ങളും വംശാവലികളുടെ വിശകലനങ്ങളും വാദപ്രതിവാദങ്ങളും നിയമത്തെച്ചൊല്ലിയുള്ള* വഴക്കുകളും ഒഴിവാക്കുക. കാരണം ഇതെല്ലാം ഒരു പ്രയോജനവുമില്ലാത്ത വ്യർഥകാര്യങ്ങളാണ്.+ 10 സഭയിൽ തെറ്റായ ഉപദേശം പ്രചരിപ്പിക്കുന്നയാൾക്ക്+ ഒരു പ്രാവശ്യം താക്കീതു* കൊടുക്കുക. രണ്ടാമത് ഒന്നുകൂടെ താക്കീതു കൊടുത്തിട്ടും+ കൂട്ടാക്കുന്നില്ലെങ്കിൽ അയാളെ തീർത്തും ഒഴിവാക്കുക.+ 11 അയാൾ നേർവഴി വിട്ട് പാപത്തിൽ നടക്കുന്നവനും അങ്ങനെ തനിക്കുതന്നെ ശിക്ഷ വിധിച്ചവനും ആണല്ലോ.
12 ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ+ നിന്റെ അടുത്തേക്ക് അയയ്ക്കുമ്പോൾ നീ എങ്ങനെയെങ്കിലും നിക്കൊപ്പൊലിയിൽ എന്റെ അടുത്ത് എത്താൻ നോക്കണം. ഞാൻ മഞ്ഞുകാലം ചെലവഴിക്കുന്നത് അവിടെയായിരിക്കും. 13 നിയമത്തിൽ നല്ല പാണ്ഡിത്യമുള്ള സേനാസിനും അപ്പൊല്ലോസിനും യാത്രയിൽ ഒന്നിനും ഒരു കുറവ് വരാതിരിക്കാൻ നിന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്തുകൊടുക്കണം.+ 14 ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നമ്മുടെ ആളുകളും പഠിക്കേണ്ടതാണ്. അപ്പോൾ അടിയന്തിരമായി സഹായം വേണ്ടവർക്കെല്ലാം സഹായം ചെയ്തുകൊടുക്കാൻ+ അവർക്കു കഴിയും. അങ്ങനെയെങ്കിൽ അവർ ഫലം കായ്ക്കാത്തവരായിപ്പോകില്ല.+
15 എന്റെകൂടെയുള്ള എല്ലാവരും നിന്നെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ വിശ്വാസികളെയും എന്റെ അന്വേഷണം അറിയിക്കുക.
അനർഹദയ നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
അഥവാ “സൂക്ഷ്മമായ.”
അഥവാ “പോരായ്മകൾ പരിഹരിക്കാനും.”
പദാവലി കാണുക.
അഥവാ “വരുതിയിൽ നിൽക്കാത്തവരെന്നോ.”
അഥവാ “തല്ലുകാരനോ.”
അഥവാ “നല്ല വകതിരിവോടെ തീരുമാനമെടുക്കുന്നവനും.”
അഥവാ “വിശ്വസനീയമായ സന്ദേശത്തെ.”
അഥവാ “ആരോഗ്യകരമായ.”
പദാവലിയിൽ “പരിച്ഛേദന” കാണുക.
അക്ഷ. “ആരോഗ്യമുള്ളവരായിരിക്കും.”
അഥവാ “ആരോഗ്യകരമായ.”
അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരും.”
അക്ഷ. “ആരോഗ്യമുള്ളവരും.”
അഥവാ “സുബോധമുള്ളവരാക്കാനാകും; പരിശീലിപ്പിക്കാനാകും.”
അഥവാ “വീട്ടുകാര്യങ്ങൾ നോക്കുന്നവരും.”
അഥവാ “സുബോധമുള്ളവരാക്കാനാകും; പരിശീലിപ്പിക്കാനാകും.”
മറ്റൊരു സാധ്യത “നിർമലതയോടെ.”
അഥവാ “കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവോടെ.”
അഥവാ “ആരോഗ്യകരമായ; പ്രയോജനകരമായ.”
അഥവാ “ഈ യുഗത്തിൽ.” പദാവലി കാണുക.
അക്ഷ. “മോചനവില കൊടുത്ത് വാങ്ങി; വീണ്ടെടുത്ത്.”
അഥവാ “ന്യായബോധമുള്ളവരായി; വഴക്കമുള്ളവരായി.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “ഉദാരമായി.”
പദാവലി കാണുക.
അഥവാ “മുന്നറിയിപ്പ്.”