തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
1 പൗലോസും സില്വാനൊസും*+ തിമൊഥെയൊസും+ പിതാവായ ദൈവത്തോടും കർത്താവായ യേശുക്രിസ്തുവിനോടും യോജിപ്പിലുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്:
നിങ്ങൾക്കു ദൈവത്തിന്റെ അനർഹദയയും സമാധാനവും!
2 നിങ്ങളെ എല്ലാവരെയും പ്രാർഥനയിൽ ഓർക്കുമ്പോഴെല്ലാം ഞങ്ങൾ ദൈവത്തിനു നന്ദി പറയാറുണ്ട്.+ 3 വിശ്വസ്തതയോടെയുള്ള നിങ്ങളുടെ പ്രവൃത്തികളും സ്നേഹത്തോടെ നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശ+ നിമിത്തം നിങ്ങൾ കാണിക്കുന്ന സഹനശക്തിയും നമ്മുടെ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ എപ്പോഴും ഓർക്കുന്നു. 4 ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, നിങ്ങളെ ദൈവം തിരഞ്ഞെടുത്തിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയാം. 5 ഞങ്ങൾ നിങ്ങളോടു സന്തോഷവാർത്ത അറിയിച്ചപ്പോൾ അതു വാക്കുകളിൽ മാത്രമായി ഒതുങ്ങിനിന്നില്ല. പകരം ശക്തിയോടെയും പൂർണബോധ്യത്തോടെയും പരിശുദ്ധാത്മാവിനാലാണു* ഞങ്ങൾ പ്രസംഗിച്ചത്. ഞങ്ങൾ നിങ്ങൾക്കുവേണ്ടി നിങ്ങളുടെ ഇടയിൽ എങ്ങനെയുള്ളവരായിത്തീർന്നെന്നു നിങ്ങൾക്കുതന്നെ നന്നായി അറിയാമല്ലോ. 6 വളരെയേറെ കഷ്ടതകൾ+ സഹിക്കേണ്ടിവന്നെങ്കിലും പരിശുദ്ധാത്മാവിൽനിന്നുള്ള സന്തോഷത്തോടെ ദൈവവചനം സ്വീകരിച്ചവരാണു നിങ്ങൾ. അതുവഴി, നിങ്ങൾ ശരിക്കും ഞങ്ങളുടെയും+ കർത്താവിന്റെയും+ അനുകാരികളായി. 7 മാസിഡോണിയയിലും അഖായയിലും ഉള്ള വിശ്വാസികൾക്കെല്ലാം നിങ്ങൾ ഒരു മാതൃകയുമായി.
8 വാസ്തവത്തിൽ യഹോവയുടെ* വചനത്തിന്റെ മാറ്റൊലി നിങ്ങളിൽനിന്ന് മാസിഡോണിയയിലും അഖായയിലും പരന്നെന്നു മാത്രമല്ല ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം മറ്റെല്ലാ നാട്ടിലും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു.+ അതുകൊണ്ട് ഞങ്ങൾ ഇനി അവിടെയൊന്നും കൂടുതലായി എന്തെങ്കിലും പറയേണ്ടതില്ല. 9 ഞങ്ങൾ ആദ്യമായി നിങ്ങളുടെ അടുത്ത് എത്തിയതിനെക്കുറിച്ച് അവർതന്നെ വിവരിക്കുന്നല്ലോ. നിങ്ങൾ വിഗ്രഹങ്ങളെ വിട്ട്+ ജീവനുള്ള സത്യദൈവത്തിലേക്കു തിരിഞ്ഞ് ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചും 10 ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തിൽനിന്ന്+ നമ്മളെ രക്ഷിക്കുന്നവനും ആയ യേശു എന്ന ദൈവപുത്രൻ സ്വർഗത്തിൽനിന്ന് വരാൻ+ കാത്തിരിക്കുന്നതിനെക്കുറിച്ചും അവർ പറയുന്നു.
2 സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളെ സന്ദർശിച്ചതു വെറുതേയായിപ്പോയില്ലെന്നു നിങ്ങൾക്കുതന്നെ ബോധ്യമുണ്ടല്ലോ.+ 2 നിങ്ങൾക്ക് അറിയാവുന്നതുപോലെ, ആദ്യം ഞങ്ങൾക്കു ഫിലിപ്പിയിൽവെച്ച്+ ഉപദ്രവമേൽക്കുകയും ആളുകൾ ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെങ്കിലും, നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ ധൈര്യമാർജിച്ച് വലിയ എതിർപ്പുകൾക്കു* നടുവിലും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ 3 ഞങ്ങൾ തന്ന പ്രോത്സാഹനം എന്തെങ്കിലും തെറ്റിൽനിന്നോ അശുദ്ധിയിൽനിന്നോ ഉത്ഭവിച്ചതല്ല; അതു വഞ്ചനാപരവുമല്ല. 4 സന്തോഷവാർത്ത ഏൽപ്പിക്കാൻ ദൈവം ഞങ്ങളെ യോഗ്യരായി കണക്കാക്കിയതുകൊണ്ട് മനുഷ്യരെയല്ല, ഹൃദയം പരിശോധിക്കുന്ന ദൈവത്തെ+ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തിലാണു ഞങ്ങൾ സംസാരിക്കുന്നത്.
5 നിങ്ങൾക്ക് അറിയാമല്ലോ, ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറഞ്ഞുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടില്ല. ഞങ്ങൾ മുഖംമൂടി അണിഞ്ഞ അത്യാഗ്രഹികളുമല്ലായിരുന്നു.+ ഇതിനു ദൈവം സാക്ഷി! 6 ഞങ്ങൾ നിങ്ങളിൽനിന്നോ മറ്റു മനുഷ്യരിൽനിന്നോ ബഹുമതി നേടാനും ശ്രമിച്ചിട്ടില്ല. വാസ്തവത്തിൽ, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരെന്ന നിലയിൽ ഞങ്ങൾക്കു വേണമെങ്കിൽ ഭാരിച്ച ചെലവുവരുത്തുന്ന പലതും നിങ്ങളിൽനിന്ന് ആവശ്യപ്പെടാമായിരുന്നു.+ 7 പക്ഷേ ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ പരിപാലിക്കുന്ന അതേ സ്നേഹവാത്സല്യത്തോടെയാണു* ഞങ്ങൾ നിങ്ങളോടു പെരുമാറിയത്. 8 ഇങ്ങനെ, നിങ്ങളോടുള്ള വാത്സല്യം കാരണം ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു.+ കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.+
9 സഹോദരങ്ങളേ, ഞങ്ങളുടെ അധ്വാനവും കഷ്ടപ്പാടും നിങ്ങൾ നന്നായി ഓർക്കുന്നുണ്ടാകുമല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിച്ചത്. 10 വിശ്വാസികളായ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര കുറ്റമറ്റവരായിരുന്നു, എത്ര വിശ്വസ്തതയോടെയും നീതിയോടെയും ആണ് ഞങ്ങൾ പെരുമാറിയത് എന്നതിനെല്ലാം നിങ്ങൾ സാക്ഷികൾ, ദൈവവും സാക്ഷി. 11 ഒരു അപ്പൻ മക്കളുടെ കാര്യത്തിൽ ചെയ്യുന്നതുപോലെയാണു+ ഞങ്ങൾ നിങ്ങളെ ഓരോരുത്തരെയും ഉപദേശിക്കുകയും+ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് എന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. 12 നിങ്ങളെ തന്റെ രാജ്യത്തിലേക്കും+ മഹത്ത്വത്തിലേക്കും+ വിളിച്ച ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ നിങ്ങൾ എന്നും ജീവിക്കാൻവേണ്ടിയാണു+ ഞങ്ങൾ അതു ചെയ്തത്.
13 വാസ്തവത്തിൽ അതുകൊണ്ടാണു ഞങ്ങൾ ഇടവിടാതെ ദൈവത്തിനു നന്ദി പറയുന്നതും.+ കാരണം ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്. വിശ്വാസികളായ നിങ്ങളിൽ അതു പ്രവർത്തിക്കുന്നുമുണ്ട്. 14 സഹോദരങ്ങളേ, ക്രിസ്തുയേശുവുമായി യോജിപ്പിലായ യഹൂദ്യയിലെ ദൈവസഭകളുടെ അതേ മാതൃക നിങ്ങളും പിന്തുടർന്നെന്നു പറയാം. കാരണം ജൂതന്മാരിൽനിന്ന് അവർ സഹിക്കുന്നതെല്ലാം സ്വന്തം നാട്ടുകാരിൽനിന്ന് നിങ്ങളും സഹിച്ചല്ലോ.+ 15 കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും കൊല്ലുകപോലും ചെയ്തവരാണു ജൂതന്മാർ.+ അവർ ഞങ്ങളെയും ദ്രോഹിച്ചു.+ അതു മാത്രമല്ല, അവർ ദൈവത്തെ പ്രീതിപ്പെടുത്താത്തവരാണ്, എല്ലാ മനുഷ്യരുടെയും നന്മയ്ക്കെതിരുമാണ്. 16 കാരണം ജനതകളുടെ രക്ഷയ്ക്കുവേണ്ടി ഞങ്ങൾ ചെയ്യുന്ന പ്രസംഗപ്രവർത്തനത്തെ അവർ തടസ്സപ്പെടുത്താൻ നോക്കുന്നു.+ ഇങ്ങനെ, അവർ എപ്പോഴും അവരുടെ പാപങ്ങളുടെ അളവ് തികയ്ക്കുകയാണ്. പക്ഷേ ഇപ്പോൾ ഇതാ, ദൈവക്രോധം അവരുടെ മേൽ വന്നിരിക്കുന്നു.+
17 സഹോദരങ്ങളേ, (ഹൃദയംകൊണ്ടല്ലെങ്കിലും ശരീരംകൊണ്ട്) കുറച്ച് കാലം നിങ്ങളെ പിരിഞ്ഞ് കഴിയേണ്ടിവന്നപ്പോൾ നിങ്ങളെ നേരിൽ കാണാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹം തോന്നി. നിങ്ങളുടെ അടുത്ത് വരാൻ ഞങ്ങൾ ഒരുപാടു ശ്രമിക്കുകയും ചെയ്തു. 18 അങ്ങനെ, നിങ്ങളുടെ അടുത്ത് എത്താൻ ഞങ്ങൾ, പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, ശ്രമിച്ചെങ്കിലും സാത്താൻ ഞങ്ങളുടെ വഴിമുടക്കി. ഒന്നല്ല രണ്ടു തവണ ഇതു സംഭവിച്ചു. 19 നമ്മുടെ കർത്താവായ യേശുവിന്റെ സാന്നിധ്യസമയത്ത് യേശുവിന്റെ മുന്നിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും ആരാണ്? വാസ്തവത്തിൽ അതു നിങ്ങളല്ലേ?+ 20 അതെ, നിങ്ങൾതന്നെയാണു ഞങ്ങളുടെ മഹത്ത്വവും ആനന്ദവും.
3 ഇനിയും സഹിക്കാൻ വയ്യെന്നായപ്പോൾ, ഒറ്റയ്ക്കാണെങ്കിലും ആതൻസിൽത്തന്നെ+ താമസിച്ചിട്ട് 2 നമ്മുടെ സഹോദരനും ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നതിൽ ദൈവത്തിന്റെ ശുശ്രൂഷകനും* ആയ തിമൊഥെയൊസിനെ+ അവിടേക്ക് അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. നിങ്ങളെ ബലപ്പെടുത്തിയും ആശ്വസിപ്പിച്ചും നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. 3 ഇത്തരം കഷ്ടതകളുടെ സമയത്ത് ആരും വിശ്വാസത്തിൽനിന്ന് ഇളകിപ്പോകരുതെന്നാണു* ഞങ്ങളുടെ ആഗ്രഹം. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇതുപോലുള്ള കഷ്ടതകൾ നമുക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ.+ 4 നമ്മൾ കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നു നിങ്ങളുടെകൂടെ ആയിരുന്നപ്പോൾത്തന്നെ ഞങ്ങൾ മുൻകൂട്ടിപ്പറയാറുണ്ടായിരുന്നല്ലോ. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇപ്പോൾ അതു സംഭവിക്കുകയും ചെയ്തിരിക്കുന്നു.+ 5 അതുകൊണ്ടാണ് എനിക്കു സഹിക്കാൻ വയ്യെന്നായപ്പോൾ നിങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് അറിയാൻ ഞാൻ തിമൊഥെയൊസിനെ അയച്ചത്.+ ഒരുപക്ഷേ പ്രലോഭകൻ+ നിങ്ങളെ ഏതെങ്കിലും വിധത്തിൽ പ്രലോഭിപ്പിച്ചിരിക്കുമോ എന്നും അങ്ങനെ ഞങ്ങളുടെ അധ്വാനമെല്ലാം വെറുതേയായിപ്പോകുമോ എന്നും എനിക്കു പേടിയുണ്ടായിരുന്നു.
6 പക്ഷേ ഇപ്പോൾ, നിങ്ങളുടെ വിശ്വസ്തതയെയും സ്നേഹത്തെയും കുറിച്ച് നല്ലൊരു വാർത്തയുമായാണു തിമൊഥെയൊസ് തിരിച്ചെത്തിയിരിക്കുന്നത്.+ നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ഓർക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ കൊതിക്കുന്നതുപോലെ ഞങ്ങളെ കാണാൻ നിങ്ങളും കൊതിക്കുന്നുണ്ടെന്നും തിമൊഥെയൊസ് അറിയിച്ചു. 7 അതുകൊണ്ടാണ് സഹോദരങ്ങളേ, ഇത്രയെല്ലാം ബുദ്ധിമുട്ടുകളും* കഷ്ടതകളും ഉണ്ടായിട്ടും ഞങ്ങൾക്ക് ആശ്വാസം തോന്നുന്നത്. നിങ്ങളും നിങ്ങൾ കാണിക്കുന്ന വിശ്വസ്തതയും ആണ് അതിനു കാരണം.+ 8 നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നു എന്ന് അറിയുന്നതുതന്നെ ഞങ്ങൾക്ക് ഒരു പുത്തൻ ഉണർവേകുന്ന കാര്യമാണ്.* 9 നിങ്ങൾ കാരണം നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന ഈ വലിയ സന്തോഷത്തിനു ഞങ്ങൾ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകുമോ? 10 നിങ്ങളുടെ വിശ്വാസത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ+ അതു നികത്താൻവേണ്ടി നിങ്ങളെ ഒന്നു നേരിൽ കാണാൻ കഴിയേണ്ടതിനു ഞങ്ങൾ ആകുന്നത്ര തീക്ഷ്ണതയോടെ രാപ്പകൽ ഉള്ളുരുകി പ്രാർഥിക്കുന്നുണ്ട്.
11 ഞങ്ങൾ നിങ്ങളുടെ അടുത്ത് എത്താൻവേണ്ടി നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുവും വഴിയൊരുക്കട്ടെ. 12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം നിറഞ്ഞുകവിയുന്നതുപോലെതന്നെ നിങ്ങൾക്കു തമ്മിൽത്തമ്മിലും മറ്റുള്ളവരോടും ഉള്ള സ്നേഹവും+ വർധിച്ച് നിറഞ്ഞുകവിയാൻ കർത്താവ് ഇടയാക്കട്ടെ. 13 അങ്ങനെ, നമ്മുടെ കർത്താവായ യേശു തന്റെ എല്ലാ വിശുദ്ധരുടെയുംകൂടെ സാന്നിധ്യവാനാകുന്ന സമയത്ത്+ നമ്മുടെ പിതാവായ ദൈവത്തിന്റെ മുന്നിൽ നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പുള്ളതും കുറ്റമറ്റ വിധം വിശുദ്ധിയുള്ളതും ആകും.+
4 അവസാനമായി സഹോദരങ്ങളേ, ഒരു കാര്യംകൂടെ പറയട്ടെ: ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ+ എങ്ങനെ ജീവിക്കാമെന്നു ഞങ്ങളിൽനിന്ന് നിങ്ങൾക്കു നിർദേശങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. നിങ്ങൾ അങ്ങനെ ജീവിക്കുന്നുമുണ്ട്. പക്ഷേ നിങ്ങൾ അതിൽ ഇനിയും പുരോഗമിക്കണമെന്നാണു കർത്താവായ യേശുവിന്റെ പേരിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നത്. 2 കർത്താവായ യേശുവിലൂടെ ഞങ്ങൾ നിങ്ങൾക്കു തന്ന നിർദേശങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.
3 നിങ്ങൾ ലൈംഗിക അധാർമികതയിൽനിന്ന്*+ അകന്നിരിക്കണമെന്നും വിശുദ്ധരായിരിക്കണമെന്നും+ ആണ് ദൈവത്തിന്റെ ഇഷ്ടം. 4 വിശുദ്ധിയിലും+ മാനത്തിലും സ്വന്തം ശരീരത്തെ* വരുതിയിൽ നിറുത്താൻ+ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. 5 അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ+ നിങ്ങൾ അനിയന്ത്രിതമായ കാമാവേശത്തോടെ+ ആർത്തിപൂണ്ട് നടക്കരുത്. 6 ഇക്കാര്യത്തിൽ ആരും പരിധിക്കപ്പുറം പോകുകയോ സഹോദരനെ മുതലെടുക്കുകയോ അരുത്. കാരണം ഇതിനെല്ലാം യഹോവ* ശിക്ഷ നടപ്പാക്കും. ഞങ്ങൾ നേരത്തേതന്നെ ഇതു നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്, ശക്തമായ മുന്നറിയിപ്പും തന്നിട്ടുണ്ട്. 7 കാരണം അശുദ്ധരായിരിക്കാനല്ല, വിശുദ്ധരായിരിക്കാനാണു+ ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്. 8 അതുകൊണ്ട് ഇക്കാര്യങ്ങൾ വകവെക്കാത്തയാൾ മനുഷ്യനെയല്ല, നിങ്ങൾക്കു പരിശുദ്ധാത്മാവിനെ+ തരുന്ന ദൈവത്തെയാണു വകവെക്കാതിരിക്കുന്നത്.+
9 എന്തായാലും സഹോദരസ്നേഹത്തെക്കുറിച്ച്+ ഞങ്ങൾ നിങ്ങൾക്ക് എഴുതേണ്ടതില്ല. അന്യോന്യം സ്നേഹിക്കാൻ+ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 10 വാസ്തവത്തിൽ, മാസിഡോണിയയിലെങ്ങുമുള്ള സഹോദരങ്ങളോടെല്ലാം നിങ്ങൾ ഇപ്പോൾത്തന്നെ സ്നേഹത്തോടെ പെരുമാറുന്നുണ്ട്. എങ്കിലും സഹോദരങ്ങളേ, ഇനിയും കൂടുതൽ പുരോഗതി വരുത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. 11 ഞങ്ങൾ നിങ്ങളോടു നിർദേശിച്ചതുപോലെ അടങ്ങിയൊതുങ്ങി കഴിയാനും*+ സ്വന്തം കാര്യം നോക്കി,+ സ്വന്തകൈകൊണ്ട് ജോലി ചെയ്ത് ജീവിക്കാനും+ ആത്മാർഥമായി ശ്രമിക്കുക. 12 അങ്ങനെയായാൽ, പുറത്തുള്ളവരുടെ മുന്നിൽ+ നിങ്ങൾക്കു മാന്യതയോടെ നടക്കാനാകും; നിങ്ങൾക്ക് ഒന്നിനും ഒരു കുറവുണ്ടാകുകയുമില്ല.
13 സഹോദരങ്ങളേ, മരിച്ച് ഉറക്കത്തിലായവരെക്കുറിച്ച്+ നിങ്ങൾ അറിവില്ലാത്തവരായിരിക്കരുത് എന്നാണു ഞങ്ങളുടെ ആഗ്രഹം. അങ്ങനെയാകുമ്പോൾ ഒരു പ്രത്യാശയുമില്ലാത്ത+ മറ്റുള്ളവരെപ്പോലെ നിങ്ങൾക്കു ദുഃഖിക്കേണ്ടിവരില്ല. 14 യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും+ ചെയ്തെന്നു നമ്മൾ വിശ്വസിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, യേശുവിന്റെ അനുഗാമികളായി മരണത്തിൽ നിദ്രകൊണ്ടവരെയും ദൈവം ഉയിർപ്പിച്ച് യേശുവിനോടൊപ്പം കൊണ്ടുവരും.+ 15 യഹോവയുടെ* വചനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു കാര്യം നിങ്ങളോടു പറയാം: നമ്മുടെ കൂട്ടത്തിൽ കർത്താവിന്റെ സാന്നിധ്യസമയത്ത് ജീവനോടെ ബാക്കിയുള്ളവർ, അതിനോടകം മരിച്ചവരെക്കാൾ* മുമ്പന്മാരാകില്ല. 16 കാരണം അധികാരസ്വരത്തിലുള്ള ആഹ്വാനത്തോടും മുഖ്യദൂതന്റെ+ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ കർത്താവ് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ ക്രിസ്തുവിനോടുള്ള യോജിപ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും.+ 17 അതിനു ശേഷം, അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻവേണ്ടി,+ നമ്മുടെ കൂട്ടത്തിൽ ജീവനോടെ ബാക്കിയുള്ളവരെ മേഘങ്ങളിൽ+ എടുക്കും. അങ്ങനെ, നമ്മൾ എപ്പോഴും കർത്താവിന്റെകൂടെയായിരിക്കും.+ 18 അതുകൊണ്ട് ഇക്കാര്യങ്ങൾ പറഞ്ഞ് പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.
5 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയും കുറിച്ച് പ്രത്യേകിച്ച് ഒന്നും നിങ്ങൾക്ക് എഴുതേണ്ടതില്ലല്ലോ. 2 രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്+ യഹോവയുടെ* ദിവസം+ വരുന്നതെന്നു നിങ്ങൾക്കു നന്നായി അറിയാം. 3 എപ്പോഴാണോ അവർ “സമാധാനം! സുരക്ഷിതത്വം!” എന്നു പറയുന്നത് അപ്പോൾ, ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ, പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.+ ഒരുതരത്തിലും അവർക്കു രക്ഷപ്പെടാനാകില്ല. 4 പക്ഷേ സഹോദരങ്ങളേ, പകൽവെളിച്ചം കള്ളന്മാരെ ഓർക്കാപ്പുറത്ത് പിടികൂടുന്നതുപോലെ ആ ദിവസം നിങ്ങളെ ഓർക്കാപ്പുറത്ത് പിടികൂടാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ലല്ലോ. 5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളാണ്.+ നമ്മൾ രാത്രിക്കോ ഇരുട്ടിനോ ഉള്ളവരല്ല.+
6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറക്കത്തിലായിരിക്കാതെ+ നമുക്ക് ഉണർന്ന്+ സുബോധത്തോടെയിരിക്കാം.+ 7 ഉറങ്ങുന്നവർ രാത്രിയിലാണല്ലോ ഉറങ്ങുന്നത്. കുടിയന്മാർ രാത്രിയിലാണല്ലോ കുടിച്ച് ലക്കുകെടുന്നത്.+ 8 പക്ഷേ പകലിനുള്ളവരായ നമുക്കു വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശ എന്ന പടത്തൊപ്പി+ അണിഞ്ഞും സുബോധത്തോടെയിരിക്കാം. 9 കാരണം ദൈവം നമ്മളെ തിരഞ്ഞെടുത്തതു ദൈവക്രോധത്തിനു പാത്രമാകാനല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ രക്ഷ നേടാനാണ്.+ 10 നമ്മൾ ഉണർന്നിരിക്കുകയോ ഉറങ്ങുകയോ* ആണെങ്കിലും ക്രിസ്തുവിന്റെകൂടെ ജീവിക്കാൻവേണ്ടിയാണു+ ക്രിസ്തു നമുക്കുവേണ്ടി മരിച്ചത്.+ 11 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും* ബലപ്പെടുത്തുകയും ചെയ്യുക.+
12 ഇപ്പോൾ സഹോദരങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷിക്കുകയാണ്: നിങ്ങൾക്കിടയിൽ അധ്വാനിക്കുകയും കർത്താവിൽ നേതൃത്വമെടുക്കുകയും നിങ്ങൾക്കു വേണ്ട ഉപദേശം തരുകയും ചെയ്യുന്നവരെ ബഹുമാനിക്കണം. 13 അവരുടെ അധ്വാനം+ ഓർത്ത് അവരോടു സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കുക. പരസ്പരം സമാധാനത്തോടെ കഴിയുക.+ 14 സഹോദരങ്ങളേ, ഇങ്ങനെയൊരു കാര്യംകൂടെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്: ക്രമംകെട്ട് നടക്കുന്നവർക്കു താക്കീതു കൊടുക്കുക.*+ വിഷാദിച്ചിരിക്കുന്നവരോട്* അവർക്ക് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക. ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുക. എല്ലാവരോടും ക്ഷമ കാണിക്കുക.+ 15 നിങ്ങളിൽ ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്;+ നിങ്ങളുടെ ഇടയിലുള്ളവർക്കും മറ്റുള്ളവർക്കും നന്മ ചെയ്യുക എന്നതായിരിക്കട്ടെ എപ്പോഴും നിങ്ങളുടെ ലക്ഷ്യം.+
16 എപ്പോഴും സന്തോഷിക്കുക.+ 17 ഇടവിടാതെ പ്രാർഥിക്കുക.+ 18 എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം. 19 ദൈവാത്മാവിന്റെ തീ കെടുത്തിക്കളയരുത്.+ 20 പ്രവചനങ്ങളെ നിന്ദിക്കരുത്.+ 21 എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി+ നല്ലതു മുറുകെ പിടിക്കുക. 22 എല്ലാ തരം തിന്മയിൽനിന്നും അകന്നുനിൽക്കുക.+
23 സമാധാനത്തിന്റെ ദൈവം നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യസമയത്ത് നിങ്ങളുടെ ആത്മാവും* ദേഹിയും* ശരീരവും എല്ലാംകൊണ്ടും തികവുള്ളതും കുറ്റമറ്റതും ആയിരിക്കട്ടെ.*+ 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്. ഉറപ്പായും ദൈവം ഇതൊക്കെ ചെയ്തുതരും.
25 സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി മുടങ്ങാതെ പ്രാർഥിക്കുക.+
26 സഹോദരങ്ങളെയെല്ലാം വിശുദ്ധചുംബനത്താൽ അഭിവാദനം ചെയ്യുക.
27 ഈ കത്ത് എല്ലാ സഹോദരങ്ങളെയും വായിച്ചുകേൾപ്പിക്കാൻ+ കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ ചുമതലപ്പെടുത്തുകയാണ്.
28 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
ശീലാസ് എന്നും വിളിച്ചിരുന്നു.
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അനു. എ5 കാണുക.
അഥവാ “കഷ്ടപ്പാടുകൾക്ക്.”
അഥവാ “ആർദ്രതയോടെയാണ്.”
മറ്റൊരു സാധ്യത “ദൈവത്തിന്റെ സഹപ്രവർത്തകനും.”
അക്ഷ. “ആരും ആടിയുലയരുതെന്നാണ്.”
അക്ഷ. “ഇല്ലായ്മയും.”
അക്ഷ. “ഞങ്ങൾക്കു ജീവനേകുന്നു.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “പാത്രത്തെ.”
അനു. എ5 കാണുക.
അഥവാ “ശാന്തമായൊരു ജീവിതം നയിക്കാനും.”
അനു. എ5 കാണുക.
അക്ഷ. “ഉറങ്ങിയവരെക്കാൾ.”
അനു. എ5 കാണുക.
അഥവാ “മരണനിദ്രയിലോ.”
അഥവാ “ആശ്വസിപ്പിക്കുകയും.”
അഥവാ “ക്രമംകെട്ട് നടക്കുന്നവരെ ഗുണദോഷിക്കുക.”
അഥവാ “ഉത്സാഹം നശിച്ചവരോട്.”
അഥവാ “മനോഭാവവും.”
അഥവാ “ജീവനും.” പദാവലി കാണുക.
അഥവാ “ആയി കാത്തുസൂക്ഷിക്കപ്പെടട്ടെ.”