ഫിലിപ്പിയിലുള്ളവർക്ക് എഴുതിയ കത്ത്
1 ഫിലിപ്പിയിലുള്ള+ മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും+ ഉൾപ്പെടെ ക്രിസ്തുയേശുവിനോടു യോജിപ്പിലായ എല്ലാ വിശുദ്ധർക്കും, ക്രിസ്തുയേശുവിന്റെ അടിമകളായ പൗലോസും തിമൊഥെയൊസും എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 നിങ്ങൾക്കെല്ലാംവേണ്ടി ഓരോ തവണ ഉള്ളുരുകി പ്രാർഥിക്കുമ്പോഴും നിങ്ങളെ ഓർത്ത് ഞാൻ എന്റെ ദൈവത്തിനു നന്ദി പറയാറുണ്ട്. 4 വളരെ സന്തോഷത്തോടെയാണു ഞാൻ ഓരോ തവണയും പ്രാർഥിക്കാറുള്ളത്.+ 5 കാരണം ആദ്യത്തെ ദിവസംമുതൽ ഈ നിമിഷംവരെ സന്തോഷവാർത്തയ്ക്കുവേണ്ടി നിങ്ങൾ എന്തെല്ലാമാണു സംഭാവന ചെയ്തത്!* 6 ഒരു കാര്യം എനിക്ക് ഉറപ്പാണ്: നിങ്ങളിൽ ഒരു നല്ല പ്രവൃത്തി തുടങ്ങിവെച്ച ദൈവം ക്രിസ്തുയേശുവിന്റെ ദിവസമാകുമ്പോഴേക്കും+ അതു തീർത്തിരിക്കും.+ 7 നിങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിക്കുന്നതു ന്യായമാണ്. കാരണം നിങ്ങളെ എല്ലാവരെയും ഞാൻ എന്റെ ഹൃദയത്തോടു ചേർത്തുവെച്ചിരിക്കുന്നു. ഞാൻ തടവിലായിരുന്നപ്പോഴും+ സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കാൻ+ ശ്രമിച്ചപ്പോഴും നിങ്ങൾ എന്റെകൂടെ നിൽക്കുകയും അങ്ങനെ എന്നോടൊപ്പം ദൈവത്തിന്റെ അനർഹദയയിൽനിന്ന് പ്രയോജനം നേടുകയും ചെയ്തല്ലോ.
8 ക്രിസ്തുയേശുവിന്റെ അതേ ആർദ്രപ്രിയത്തോടെ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിനു ദൈവം സാക്ഷി. 9 ശരിയായ* അറിവിലും+ തികഞ്ഞ വകതിരിവിലും+ നിങ്ങളുടെ സ്നേഹം ഇനിയുമിനിയും വർധിക്കട്ടെ+ എന്നു ഞാൻ പ്രാർഥിക്കുന്നു. 10 അങ്ങനെ നിങ്ങൾ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്താൻ കഴിവുള്ളവരാകണമെന്നും+ അതുവഴി ക്രിസ്തുവിന്റെ ദിവസംവരെ കുറ്റമറ്റവരും മറ്റുള്ളവരുടെ വിശ്വാസത്തിന് ഒരു തടസ്സമാകാത്തവരും*+ 11 ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കും വേണ്ടി യേശുക്രിസ്തുവിന്റെ സഹായത്താൽ നീതിയുടെ ഫലം നിറഞ്ഞവരും+ ആയിരിക്കട്ടെയെന്നും ആണ് എന്റെ പ്രാർഥന.
12 സഹോദരങ്ങളേ, എന്റെ ഇപ്പോഴത്തെ സാഹചര്യം വാസ്തവത്തിൽ സന്തോഷവാർത്തയുടെ വളർച്ചയ്ക്കു കാരണമായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 13 കാരണം എന്റെ ചങ്ങലകൾ+ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണെന്ന കാര്യം ചക്രവർത്തിയുടെ അംഗരക്ഷകരും* മറ്റെല്ലാവരും അറിഞ്ഞു.+ 14 കർത്താവിലുള്ള സഹോദരന്മാർ മിക്കവരും എന്റെ ചങ്ങലകൾ കാരണം മനോബലമുള്ളവരായി, പേടിയില്ലാതെ ദൈവവചനം സംസാരിക്കാൻ മുമ്പത്തേതിലും ധൈര്യം കാണിക്കുന്നു.
15 ശരിയാണ്, ചിലർ അസൂയയും മത്സരബുദ്ധിയും കാരണമാണു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുന്നത്. എന്നാൽ മറ്റു ചിലർ നല്ല മനസ്സോടെ അതു ചെയ്യുന്നു. 16 ഈ രണ്ടാമത്തെ കൂട്ടർ സ്നേഹം നിമിത്തമാണു ക്രിസ്തുവിനെക്കുറിച്ച് ഘോഷിക്കുന്നത്. കാരണം സന്തോഷവാർത്തയ്ക്കുവേണ്ടി വാദിക്കാൻ+ എന്നെ നിയമിച്ചിരിക്കുകയാണെന്ന് അവർക്ക് അറിയാം. 17 ആദ്യത്തവരോ നല്ല ഉദ്ദേശ്യത്തോടെയല്ല, വഴക്കുണ്ടാക്കാൻവേണ്ടിയാണ് അതു ചെയ്യുന്നത്. തടവിൽ കഴിയുന്ന എന്നെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് അവരുടെ ലക്ഷ്യം. 18 അതുകൊണ്ട് എന്തു സംഭവിച്ചു? കാപട്യത്തോടെയോ ആത്മാർഥതയോടെയോ എങ്ങനെയുമാകട്ടെ, ക്രിസ്തുവിനെക്കുറിച്ച് ഘോഷിക്കുന്നുണ്ടല്ലോ. അതു മതി. അതിൽ എനിക്കു സന്തോഷമുണ്ട്, ഞാൻ ഇനിയും സന്തോഷിക്കും. 19 കാരണം നിങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർഥനയാലും+ യേശുക്രിസ്തുവിലുള്ള ദൈവാത്മാവിന്റെ പിന്തുണയാലും+ അത് എന്റെ രക്ഷയിലേക്കു നയിക്കുമെന്ന് എനിക്ക് അറിയാം. 20 അതുകൊണ്ടുതന്നെ ഒരു കാരണവശാലും എനിക്കു ലജ്ജിക്കേണ്ടിവരില്ലെന്നാണു ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത്. ഞാൻ ജീവിച്ചാലും മരിച്ചാലും ശരി,+ പൂർണധൈര്യത്തോടെയുള്ള എന്റെ പ്രസംഗത്തിലൂടെ മുമ്പെന്നത്തെയുംപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്താൽ മഹിമപ്പെടും.
21 എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുകയെന്നാൽ ക്രിസ്തുവും+ മരിക്കുകയെന്നാൽ നേട്ടവും ആണ്.+ 22 ഞാൻ ഇനിയും ഈ ശരീരത്തിൽത്തന്നെ ജീവിച്ചിരുന്നാൽ എന്റെ പ്രവർത്തനത്തിനു കൂടുതൽ ഫലമുണ്ടാകും. പക്ഷേ ഏതു തിരഞ്ഞെടുക്കുമെന്നു ഞാൻ പറയുന്നില്ല. 23 ഇവ രണ്ടിൽ ഏതു വേണമെന്ന കാര്യത്തിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. കാരണം മോചനം നേടി ക്രിസ്തുവിന്റെകൂടെയായിരിക്കാൻ+ എനിക്ക് ആഗ്രഹമുണ്ട്. എന്തുകൊണ്ടും അതാണല്ലോ കൂടുതൽ നല്ലത്.+ 24 എങ്കിലും നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഈ ശരീരത്തിലായിരിക്കുന്നതാണു കൂടുതൽ പ്രധാനമെന്ന് എനിക്കു തോന്നുന്നു. 25 ഈ ബോധ്യമുള്ളതുകൊണ്ട്, ഞാൻ ഈ ശരീരത്തിൽ തുടരുമെന്നും നിങ്ങളുടെ പുരോഗതിക്കും വിശ്വാസത്താലുള്ള സന്തോഷത്തിനും വേണ്ടി നിങ്ങളുടെകൂടെയുണ്ടാകുമെന്നും എനിക്ക് അറിയാം. 26 അങ്ങനെ, ഞാൻ വീണ്ടും നിങ്ങളുടെകൂടെയായിരിക്കുമ്പോൾ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ സന്തോഷം ഞാൻ കാരണം കവിഞ്ഞൊഴുകാൻ ഇടവരട്ടെ.
27 ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു ചേർന്ന രീതിയിലായിരിക്കണം നിങ്ങളുടെ പെരുമാറ്റം.*+ അങ്ങനെയാകുമ്പോൾ ഞാൻ നിങ്ങളെ അവിടെ വന്ന് കണ്ടാലും ശരി, നിങ്ങളിൽനിന്ന് ദൂരെയായിരുന്നാലും ശരി, നിങ്ങൾ ഒരേ ആത്മാവിൽ ഒരേ മനസ്സോടെ+ ഉറച്ചുനിന്ന് സന്തോഷവാർത്തയിലുള്ള വിശ്വാസത്തിനുവേണ്ടി തോളോടുതോൾ ചേർന്ന് പോരാടുന്നെന്നും 28 ഒരു കാര്യത്തിലും എതിരാളികളെ ഭയപ്പെടാതെ നിൽക്കുന്നെന്നും എനിക്കു കേൾക്കാനാകുമല്ലോ. അവർ നശിച്ചുപോകുമെന്നും+ നിങ്ങൾ രക്ഷ നേടുമെന്നും+ സൂചിപ്പിക്കുന്ന, ദൈവത്തിൽനിന്നുള്ള ഒരു അടയാളമായിരിക്കും ഇതെല്ലാം. 29 ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കാനുംകൂടെയുള്ള പദവിയാണല്ലോ നിങ്ങൾക്കു കിട്ടിയിരിക്കുന്നത്.+ 30 നിങ്ങൾ കാൺകെ ഞാൻ നേരിട്ട അതേ പോരാട്ടമാണ് ഇപ്പോൾ നിങ്ങൾക്കുള്ളത്.+ ഞാൻ ഇപ്പോഴും അതേ പോരാട്ടത്തിലാണെന്നു നിങ്ങൾ കേൾക്കുന്നുണ്ടല്ലോ.
2 അതുകൊണ്ട് നിങ്ങൾക്കിടയിൽ ക്രിസ്തീയപ്രോത്സാഹനമുണ്ടെങ്കിൽ, സ്നേഹത്താലുള്ള സാന്ത്വനമുണ്ടെങ്കിൽ, ആത്മീയകൂട്ടായ്മയുണ്ടെങ്കിൽ,* ആർദ്രപ്രിയമോ അനുകമ്പയോ ഉണ്ടെങ്കിൽ 2 ഒരേ മനസ്സും ഒരേ സ്നേഹവും ഉള്ളവരായി ഒരേ ചിന്തയോടെ+ നല്ല ഒരുമയുള്ളവരായിരിക്കുക. അങ്ങനെ എന്റെ സന്തോഷം പൂർണമാക്കുക. 3 വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ+ ദുരഭിമാനത്തോടെയോ+ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.+ 4 നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ+ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.+
5 ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്.+ 6 ക്രിസ്തു ദൈവസ്വരൂപത്തിലായിരുന്നിട്ടും+ ദൈവത്തോടു തുല്യനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ+ 7 തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത്+ മനുഷ്യനായിത്തീർന്നു.*+ 8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്തു തന്നെത്തന്നെ താഴ്ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ ദണ്ഡനസ്തംഭത്തിലെ* മരണത്തോളംപോലും,+ ക്രിസ്തു അനുസരണമുള്ളവനായിരുന്നു. 9 അതുകൊണ്ടുതന്നെ ദൈവം ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി+ മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.+ 10 സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും ഉള്ള എല്ലാവരും യേശുവിന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും+ 11 എല്ലാ നാവും യേശുക്രിസ്തു കർത്താവാണെന്നു+ പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി പരസ്യമായി സമ്മതിച്ചുപറയാനും വേണ്ടിയാണു ദൈവം ഇതു ചെയ്തത്.
12 അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങൾ എപ്പോഴും അനുസരിക്കാറുള്ളതുപോലെ, അതായത് എന്റെ സാന്നിധ്യത്തിലും അതിനെക്കാൾ മനസ്സോടെ ഇപ്പോൾ എന്റെ അസാന്നിധ്യത്തിലും അനുസരിക്കുന്നതുപോലെ, ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക. 13 നിങ്ങൾക്ക് ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തന്നുകൊണ്ട് തന്റെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് ഊർജം പകരുന്നതു ദൈവമാണ്. 14 എല്ലാ കാര്യങ്ങളും പിറുപിറുപ്പും+ വാഗ്വാദവും+ കൂടാതെ ചെയ്യുക. 15 എങ്കിൽ, ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന+ നിങ്ങൾ, വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ+ കുറ്റമറ്റവരും നിഷ്കളങ്കരും ആയി കറ പുരളാത്ത ദൈവമക്കളായിരിക്കും.+ 16 അങ്ങനെ നിങ്ങൾ തുടർന്നും ജീവന്റെ വചനം+ മുറുകെ പിടിക്കുന്നെങ്കിൽ, ഞാൻ ഓടിയതും അധ്വാനിച്ചതും വെറുതേയായിപ്പോയില്ലെന്ന് ഓർത്ത് ക്രിസ്തുവിന്റെ ദിവസത്തിൽ എനിക്കു സന്തോഷിക്കാം. 17 എന്റെ കാര്യമെടുത്താൽ, വിശ്വാസത്താൽ പ്രേരിതരായി നിങ്ങൾ ചെയ്യുന്ന വിശുദ്ധസേവനത്തിന്മേലും* നിങ്ങൾ അർപ്പിക്കുന്ന ബലിയുടെ മേലും+ ഞാൻ എന്നെ ഒരു പാനീയയാഗമായി ചൊരിയുകയാണ്.+ എങ്കിൽപ്പോലും എനിക്കു സന്തോഷമേ ഉള്ളൂ. നിങ്ങളുടെ എല്ലാവരുടെയുംകൂടെ ഞാൻ ആഹ്ലാദിക്കുന്നു. 18 അങ്ങനെതന്നെ, നിങ്ങളും സന്തോഷത്തോടിരുന്ന് എന്റെകൂടെ ആഹ്ലാദിക്കുക.
19 കർത്താവായ യേശുവിന് ഇഷ്ടമെങ്കിൽ തിമൊഥെയൊസിനെ+ വേഗം നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞ് എനിക്കു പ്രോത്സാഹനം കിട്ടും. 20 നിങ്ങളുടെ കാര്യത്തിൽ ഇത്ര ആത്മാർഥമായ താത്പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവിടെയില്ല. 21 മറ്റുള്ളവരെല്ലാം യേശുക്രിസ്തുവിന്റെ താത്പര്യമല്ല, സ്വന്തം താത്പര്യമാണു നോക്കുന്നത്. 22 പക്ഷേ തിമൊഥെയൊസ്, ഒരു മകൻ+ അപ്പന്റെകൂടെ എന്നപോലെ എന്റെകൂടെ സന്തോഷവാർത്തയുടെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചുകൊണ്ട് യോഗ്യത തെളിയിച്ചതു നിങ്ങൾക്ക് അറിയാമല്ലോ. 23 അതുകൊണ്ടാണ് തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാനിരിക്കുന്നത്. എന്റെ കാര്യങ്ങൾ എങ്ങനെയാകുമെന്ന് അറിഞ്ഞാൽ ഉടനെ ഞാൻ അവനെ അയയ്ക്കും. 24 കർത്താവിന് ഇഷ്ടമെങ്കിൽ എനിക്കും ഉടൻതന്നെ അവിടേക്കു വരാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.+
25 പക്ഷേ ഇപ്പോൾ, എന്റെ സഹോദരനും സഹപ്രവർത്തകനും സഹഭടനും എന്റെ കാര്യങ്ങൾ നോക്കാനുള്ള സഹായിയായി നിങ്ങൾ അയച്ച പ്രതിനിധിയും ആയ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുത്തേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നുന്നു.+ 26 കാരണം എപ്പഫ്രൊദിത്തൊസിനു നിങ്ങളെ എല്ലാവരെയും വന്നുകാണാൻ വലിയ ആഗ്രഹമുണ്ട്. തന്റെ രോഗവിവരം നിങ്ങൾ അറിഞ്ഞത് ഓർത്ത് ആൾ ആകെ നിരാശയിലുമാണ്. 27 വാസ്തവത്തിൽ രോഗം മൂർച്ഛിച്ച് അദ്ദേഹം മരിക്കാറായതാണ്. പക്ഷേ ദൈവം കരുണ കാണിച്ചു. എപ്പഫ്രൊദിത്തൊസിനോടു മാത്രമല്ല, എന്നോടും. അല്ലെങ്കിൽ എനിക്കു ദുഃഖത്തിന്മേൽ ദുഃഖം ഉണ്ടായേനേ. 28 അതുകൊണ്ട് ഞാൻ എപ്പഫ്രൊദിത്തൊസിനെ എത്രയും പെട്ടെന്ന് അവിടേക്ക് അയയ്ക്കുകയാണ്. വീണ്ടും അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷമാകും. എന്റെ ഉത്കണ്ഠയും അൽപ്പമൊന്നു കുറയും. 29 കർത്താവിന്റെ അനുഗാമികളെ നിങ്ങൾ സാധാരണ സ്വീകരിക്കാറുള്ളതുപോലെ നിറഞ്ഞ സന്തോഷത്തോടെ എപ്പഫ്രൊദിത്തൊസിനെയും സ്വീകരിക്കുക. ഇങ്ങനെയുള്ളവരെ വളരെ വിലപ്പെട്ടവരായി കാണണം.+ 30 ക്രിസ്തുവിനുവേണ്ടി* പണി ചെയ്യാൻ മരണത്തിന്റെ വക്കോളം പോയതാണല്ലോ എപ്പഫ്രൊദിത്തൊസ്. നിങ്ങൾക്ക് ഇവിടെ വന്ന് ചെയ്തുതരാൻ+ കഴിയാതെപോയ സഹായം എനിക്കു ചെയ്തുതരാൻ സ്വന്തം ജീവൻപോലും എപ്പഫ്രൊദിത്തൊസ് അപകടത്തിലാക്കി.
3 അവസാനമായി എന്റെ സഹോദരങ്ങളേ, കർത്താവിൽ എപ്പോഴും സന്തോഷിക്കുക.+ ഒരേ കാര്യങ്ങൾതന്നെ നിങ്ങൾക്കു വീണ്ടും എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. നിങ്ങളുടെ സുരക്ഷയെ കരുതിയാണു ഞാൻ അങ്ങനെ ചെയ്യുന്നത്.
2 നായ്ക്കളെ സൂക്ഷിക്കുക. അതുപോലെ, ഹാനികരമായ കാര്യങ്ങൾ ചെയ്യുന്നവരെയും അംഗഭംഗം വരുത്തുന്നവരെയും സൂക്ഷിക്കണം.+ 3 യഥാർഥപരിച്ഛേദന* ഏറ്റവർ നമ്മളാണല്ലോ;+ ദൈവാത്മാവിന്റെ സഹായത്താൽ വിശുദ്ധസേവനം അനുഷ്ഠിക്കുകയും ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും+ ജഡികകാര്യങ്ങളിൽ* ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന ഈ നമ്മൾ! 4 അഥവാ ആർക്കെങ്കിലും ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെങ്കിൽ അത് എനിക്കാണ്.
ഇനി, ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെന്നു മറ്റാരെങ്കിലും കരുതുന്നെങ്കിൽ അയാളെക്കാൾ എനിക്കാണ് അക്കാര്യത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരിച്ഛേദനയേറ്റവൻ,+ ഇസ്രായേൽവംശജൻ, ബന്യാമീൻ ഗോത്രക്കാരൻ, എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യത്തിൽ പരീശൻ,+ 6 തീക്ഷ്ണതയുടെ കാര്യത്തിൽ സഭയെ ഉപദ്രവിച്ചവൻ,+ നിയമപ്രകാരമുള്ള നീതിയിൽ കുറ്റമറ്റവൻ. 7 എങ്കിലും എനിക്കു നേട്ടമായിരുന്ന കാര്യങ്ങളൊക്കെ ക്രിസ്തുവിനുവേണ്ടി ഞാൻ എഴുതിത്തള്ളി.*+ 8 എന്തിനധികം, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള അറിവിന്റെ അതിവിശിഷ്ട മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നും ഒരു നഷ്ടമായി ഞാൻ കണക്കാക്കുന്നില്ല.* ക്രിസ്തുവിനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി* കണക്കാക്കുകയും ചെയ്തിരിക്കുന്നു. 9 നിയമം അനുസരിക്കുന്നതുകൊണ്ടുള്ള എന്റെ സ്വന്തം നീതിയുടെ പേരിലല്ല, ക്രിസ്തുവിനെ വിശ്വസിക്കുന്നതുകൊണ്ടുള്ള നീതിയുടെ പേരിൽ,+ അതായത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവം നൽകുന്ന നീതിയുടെ പേരിൽ,+ ക്രിസ്തുവിനെ നേടാനും ക്രിസ്തുവിനോടു യോജിപ്പിലാകാനും വേണ്ടിയാണു ഞാൻ അതു ചെയ്തത്. 10 എന്റെ ലക്ഷ്യം ഇതാണ്: ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയണം,+ ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണം വരിച്ച്+ ക്രിസ്തുവിന്റെ യാതനകളിൽ പങ്കുചേരണം.+ 11 അങ്ങനെ, മരിച്ചവരുടെ ഇടയിൽനിന്ന് നേരത്തേ നടക്കുന്ന പുനരുത്ഥാനത്തിൽ+ എങ്ങനെയെങ്കിലും എനിക്കുമുണ്ടാകാൻ കഴിയുമോ എന്നു നോക്കണം.
12 അതു ഞാൻ നേടിക്കഴിഞ്ഞെന്നോ ഞാൻ പരിപൂർണനായെന്നോ അല്ല; ക്രിസ്തുയേശു എന്നെ എന്തിനുവേണ്ടി തിരഞ്ഞെടുത്തോ+ അതു സ്വന്തമാക്കാൻ ഞാൻ പരിശ്രമിക്കുന്നെന്നേ ഉള്ളൂ.+ 13 സഹോദരങ്ങളേ, അതു സ്വന്തമാക്കിക്കഴിഞ്ഞെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഒരു കാര്യം തീർച്ച: പിന്നിലുള്ളതു മറന്നും+ മുന്നിലുള്ളതിനുവേണ്ടി ആഞ്ഞും കൊണ്ട്+ 14 ക്രിസ്തുയേശുവിലൂടെ ദൈവം തരുന്ന സ്വർഗീയവിളിയെന്ന+ സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുകയാണ്.+ 15 നമ്മളിൽ പക്വതയുള്ളവർക്കെല്ലാം+ ഇതേ മനോഭാവമാണു വേണ്ടത്. ഇനി, മറ്റൊന്നാണു നിങ്ങൾക്കുള്ളതെങ്കിൽ ശരിയായ മനോഭാവം ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. 16 എന്തുതന്നെയായാലും, നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.
17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് ജീവിക്കുന്നവരെയും കണ്ടുപഠിക്കുക. 18 കാരണം ക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിനു* ശത്രുക്കളായി നടക്കുന്നവർ ധാരാളമുണ്ട്. അവരെക്കുറിച്ച് ഞാൻ മുമ്പ് പലവട്ടം നിങ്ങളോടു പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ണീരോടെയാണ് അവരെക്കുറിച്ച് പറയുന്നത്. 19 നാശമാണ് അവരെ കാത്തിരിക്കുന്നത്. വയറാണ് അവരുടെ ദൈവം. അവർ അഭിമാനിക്കുന്ന കാര്യങ്ങൾ അവരെ നാണംകെടുത്തും. അവരുടെ മനസ്സു മുഴുവൻ ഭൂമിയിലെ കാര്യങ്ങളിലാണ്.+ 20 പക്ഷേ നമ്മുടെ പൗരത്വം+ സ്വർഗത്തിലാണ്.+ അവിടെനിന്ന് വരുന്ന കർത്താവായ യേശുക്രിസ്തു എന്ന രക്ഷകനുവേണ്ടിയാണു നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.+ 21 എല്ലാത്തിനെയും കീഴ്പെടുത്താൻപോന്ന മഹാശക്തിയുള്ള+ ക്രിസ്തു തന്റെ ആ ശക്തി ഉപയോഗിച്ച് നമ്മുടെ എളിയ ശരീരങ്ങളെ തന്റെ മഹത്ത്വമാർന്ന ശരീരംപോലെ* രൂപാന്തരപ്പെടുത്തും.+
4 അതുകൊണ്ട് ഞാൻ സ്നേഹിക്കുകയും കാണാൻ കൊതിക്കുകയും ചെയ്യുന്ന എന്റെ പ്രിയസഹോദരങ്ങളേ, എന്റെ സന്തോഷവും എന്റെ കിരീടവും+ ആയവരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുക.+
2 കർത്താവിൽ ഒരേ മനസ്സുള്ളവരായിരിക്കാൻ+ യുവൊദ്യയെയും സുന്തുകയെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. 3 എന്റെ വിശ്വസ്തനായ സഹപ്രവർത്തകനെന്ന നിലയിൽ, ഈ സ്ത്രീകൾക്കു സഹായമായിരിക്കണമെന്നു ഞാൻ താങ്കളോടും അഭ്യർഥിക്കുന്നു. ക്ലേമന്തിന്റെയും ജീവപുസ്തകത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്രവർത്തകരുടെയും കൂടെ സന്തോഷവാർത്തയ്ക്കുവേണ്ടി ഇവർ എന്റെകൂടെനിന്ന് പോരാടിയവരാണല്ലോ.*
4 കർത്താവിൽ എപ്പോഴും സന്തോഷിക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുക!+ 5 വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത*+ എല്ലാവരും അറിയട്ടെ. കർത്താവ് അടുത്തെത്തിയിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ.+ കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.+ 7 അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം+ നിങ്ങളുടെ ഹൃദയത്തെയും+ മനസ്സിനെയും* ക്രിസ്തുയേശു മുഖാന്തരം കാക്കും.
8 അവസാനമായി സഹോദരങ്ങളേ, സത്യമായതും ഗൗരവം അർഹിക്കുന്നതും നീതിനിഷ്ഠമായതും നിർമലമായതും* സ്നേഹം ജനിപ്പിക്കുന്നതും സത്കീർത്തിയുള്ളതും അത്യുത്തമമായതും പ്രശംസനീയമായതും ആയ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.*+ 9 നിങ്ങൾ എന്നിൽ കാണുകയും എന്നിൽനിന്ന് പഠിക്കുകയും സ്വീകരിക്കുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക.+ അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.
10 നിങ്ങൾ എന്നോടു പഴയതുപോലെ വീണ്ടും കരുതൽ കാണിക്കാൻ തുടങ്ങിയല്ലോ+ എന്ന് ഓർത്ത് ഞാൻ കർത്താവിൽ ഒരുപാടു സന്തോഷിക്കുന്നു. നിങ്ങൾ എപ്പോഴും കരുതലുള്ളവരായിരുന്നെങ്കിലും അതു കാണിക്കാൻ നിങ്ങൾക്ക് ഇടക്കാലത്ത് അവസരം കിട്ടിയില്ലെന്നേ ഉള്ളൂ. 11 എനിക്ക് ഇപ്പോൾ എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല ഞാൻ ഇതു പറയുന്നത്. ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ* എനിക്ക് അറിയാം.+ 12 ഇല്ലായ്മയിൽ കഴിയാനും+ സമൃദ്ധിയിൽ കഴിയാനും ഞാൻ പഠിച്ചിരിക്കുന്നു. ഏതു കാര്യത്തിലും ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാനോ വിശന്നിരിക്കാനോ സമൃദ്ധിയിൽ കഴിയാനോ ദാരിദ്ര്യത്തിൽ കഴിയാനോ ഉള്ള വിദ്യ എനിക്ക് അറിയാം. 13 എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.+
14 എന്തായാലും എന്റെ കഷ്ടങ്ങളിൽ പങ്കുചേരാൻ നിങ്ങൾ മനസ്സു കാട്ടിയല്ലോ. 15 ഫിലിപ്പിക്കാരേ, നിങ്ങൾക്ക് അറിയാവുന്നതുപോലെ നിങ്ങളോട് ആദ്യമായി സന്തോഷവാർത്ത അറിയിച്ച കാലത്ത്, ഞാൻ മാസിഡോണിയയിൽനിന്ന് പോന്നപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും കൊടുക്കൽവാങ്ങലുകളിൽ എന്റെകൂടെ കൂടിയില്ല.+ 16 കാരണം ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യം എന്റെ ആവശ്യങ്ങൾക്കായി നിങ്ങൾ സഹായം എത്തിച്ചുതന്നു. 17 എന്തെങ്കിലും കിട്ടാൻ പ്രതീക്ഷിച്ചാണു ഞാൻ ഇതു പറയുന്നതെന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളുടെ പേരിലുള്ള നിക്ഷേപത്തുക വർധിക്കാൻ ഇടയാക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. 18 എനിക്ക് ഇപ്പോൾ എല്ലാം ആവശ്യത്തിനും അതിൽക്കൂടുതലും ഉണ്ട്. എപ്പഫ്രൊദിത്തൊസിന്റെ+ കൈവശം നിങ്ങൾ കൊടുത്തയച്ചതു കിട്ടിയതുകൊണ്ട് എനിക്ക് ഇപ്പോൾ ഒന്നിനും കുറവില്ല. അവ ദൈവത്തെ പ്രസാദിപ്പിക്കുന്ന സുഗന്ധവും+ ദൈവത്തിനു സ്വീകാര്യമായ ബലിയും ആയിരുന്നു. 19 അതുകൊണ്ട് എന്റെ ദൈവം തന്റെ സമൃദ്ധമായ മഹത്ത്വത്തിനു യോജിച്ച രീതിയിൽ ക്രിസ്തുയേശുവിലൂടെ നിങ്ങളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും.+ 20 നമ്മുടെ പിതാവായ ദൈവത്തിന് എന്നുമെന്നേക്കും മഹത്ത്വം. ആമേൻ.
21 ക്രിസ്തുയേശുവിനോടു യോജിപ്പിലായ എല്ലാ വിശുദ്ധരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. എന്റെകൂടെയുള്ള സഹോദരങ്ങളും അവരുടെ സ്നേഹം നിങ്ങളെ അറിയിക്കുന്നു. 22 വിശുദ്ധരെല്ലാവരും, പ്രത്യേകിച്ച് സീസറിന്റെ അരമനയിലുള്ളവർ,+ നിങ്ങളെ അന്വേഷണം അറിയിക്കുന്നു.
23 സഹോദരങ്ങളേ, നിങ്ങൾ കാണിക്കുന്ന നല്ല മനസ്സു കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയാൽ അനുഗൃഹീതമായിരിക്കട്ടെ.
അഥവാ “സന്തോഷവാർത്ത പ്രചരിപ്പിക്കുന്നതിലെ നിങ്ങളുടെ പങ്ക് എത്ര വലുതായിരുന്നു!”
അഥവാ “സൂക്ഷ്മമായ.”
അക്ഷ. “മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കാത്തവരും.”
അഥവാ “പ്രത്തോറിയൻ സേനയും.” പദാവലി കാണുക.
അഥവാ “രീതിയിൽ ജീവിക്കുന്ന പൗരന്മാരായിരിക്കുക.”
അക്ഷ. “ആത്മാവിനെ പങ്കുവെക്കുന്നുണ്ടെങ്കിൽ.”
അക്ഷ. “മനുഷ്യസാദൃശ്യത്തിലായി.”
പദാവലി കാണുക.
അഥവാ “പൊതുജനസേവനത്തിന്മേലും.”
മറ്റൊരു സാധ്യത “കർത്താവിനുവേണ്ടി.”
പദാവലിയിൽ “പരിച്ഛേദന” കാണുക.
പദാവലിയിൽ “ജഡം” കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “ഞാൻ സന്തോഷത്തോടെ ഉപേക്ഷിച്ചു.”
അഥവാ “എന്തും എഴുതിത്തള്ളാൻ എനിക്ക് ഒരു മടിയും തോന്നുന്നില്ല.”
അഥവാ “ചവറായി.”
പദാവലി കാണുക.
അക്ഷ. “ശരീരവുമായി അനുരൂപപ്പെടാൻ.”
അഥവാ “അധ്വാനിച്ചവരാണല്ലോ.”
അഥവാ “നിങ്ങൾ ന്യായബോധമുള്ളവരാണെന്ന്; നിങ്ങൾ വഴക്കമുള്ളവരാണെന്ന്.”
അഥവാ “മാനസികപ്രാപ്തികളെയും; ചിന്തകളെയും.”
അഥവാ “ശുദ്ധമായതും.”
അഥവാ “അതിനെപ്പറ്റിയെല്ലാം തുടർന്നും ധ്യാനിച്ചുകൊണ്ടിരിക്കുക.”
അഥവാ “ഉള്ളതുകൊണ്ട് ജീവിക്കാൻ.”