വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt യോഹന്നാൻ 1:1-21:25
  • യോഹന്നാൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യോഹന്നാൻ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
യോഹന്നാൻ

യോഹ​ന്നാൻ എഴുതി​യത്‌

1 ആരംഭ​ത്തിൽ വചനമു​ണ്ടാ​യി​രു​ന്നു.+ വചനം ദൈവ​ത്തിന്റെ​കൂടെ​യാ​യി​രു​ന്നു.+ വചനം ഒരു ദൈവ​മാ​യി​രു​ന്നു.*+ 2 ആരംഭത്തിൽ വചനം ദൈവ​ത്തിന്റെ​കൂടെ​യാ​യി​രു​ന്നു. 3 സകലവും വചനം മുഖാ​ന്തരം ഉണ്ടായി.+ വചന​ത്തെ​ക്കൂ​ടാ​തെ ഒന്നും ഉണ്ടായി​ട്ടില്ല.

വചനം മുഖാ​ന്തരം ഉണ്ടായതു ജീവനാ​ണ്‌. 4 ജീവനോ മനുഷ്യ​രു​ടെ വെളി​ച്ച​മാ​യി​രു​ന്നു.+ 5 വെളിച്ചം ഇരുട്ടിൽ പ്രകാ​ശി​ക്കു​ന്നു.+ അതിനെ കീഴട​ക്കാൻ ഇരുട്ടി​നു കഴിഞ്ഞി​ട്ടില്ല.

6 ദൈവത്തിന്റെ പ്രതി​നി​ധി​യാ​യി അയച്ച ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു; പേര്‌ യോഹ​ന്നാൻ.+ 7 ഒരു സാക്ഷി​യാ​യി​ട്ടാണ്‌ ഈ മനുഷ്യൻ വന്നത്‌; എല്ലാ തരം മനുഷ്യ​രും യോഹ​ന്നാൻ മുഖാ​ന്തരം വിശ്വ​സിക്കേ​ണ്ട​തി​നു വെളി​ച്ചത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നാണ്‌ അദ്ദേഹം വന്നത്‌.+ 8 പക്ഷേ ആ വെളിച്ചം യോഹ​ന്നാ​ന​ല്ലാ​യി​രു​ന്നു.+ യോഹ​ന്നാ​ന്റെ ദൗത്യം ആ വെളി​ച്ചത്തെ​ക്കു​റിച്ച്‌ സാക്ഷി പറയുക എന്നതാ​യി​രു​ന്നു.

9 എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെ​ളി​ച്ചം ലോക​ത്തേക്കു വരാനുള്ള സമയം അടുത്തി​രു​ന്നു.+ 10 അദ്ദേഹം ലോക​ത്തു​ണ്ടാ​യി​രു​ന്നു.+ ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാ​ന്ത​ര​മാണ്‌.+ എന്നിട്ടും ലോകം അദ്ദേഹത്തെ അറിഞ്ഞില്ല. 11 അദ്ദേഹം സ്വന്തം വീട്ടി​ലേക്കു വന്നു. പക്ഷേ സ്വന്തം ആളുകൾപോ​ലും അദ്ദേഹത്തെ അംഗീ​ക​രി​ച്ചില്ല. 12 എന്നാൽ തന്നെ സ്വീക​രി​ച്ച​വർക്കെ​ല്ലാം അദ്ദേഹം ദൈവമക്കളാകാൻ+ അനുമതി കൊടു​ത്തു. കാരണം, അവർ അദ്ദേഹ​ത്തി​ന്റെ നാമത്തിൽ വിശ്വാ​സ​മർപ്പി​ച്ചു.+ 13 അവർ ജനിച്ചതു രക്തത്തിൽനി​ന്നല്ല; ശരീര​ത്തി​ന്റെ ഇഷ്ടത്താ​ലോ പുരു​ഷന്റെ ഇഷ്ടത്താ​ലോ അല്ല; ദൈവ​ത്തിൽനി​ന്നാണ്‌.+

14 വചനം മനുഷ്യനായിത്തീർന്ന്‌*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനി​ന്ന്‌ അയാളു​ടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സാ​യി​രു​ന്നു അത്‌. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞ​യാ​ളാ​യി​രു​ന്നു. 15 (യോഹ​ന്നാൻ അദ്ദേഹത്തെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞു. അതെ, യോഹ​ന്നാൻ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “‘എന്റെ പിന്നാലെ വരുന്ന​യാൾ എന്റെ മുന്നിൽ കയറി​ക്ക​ഴി​ഞ്ഞു. കാരണം, എനിക്കും മുമ്പേ അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു’ എന്നു ഞാൻ പറഞ്ഞത്‌ ഈ മനുഷ്യനെ​ക്കു​റി​ച്ചാണ്‌.”)+ 16 അദ്ദേഹത്തിന്റെ ആ നിറവിൽനി​ന്നാ​ണു നമുക്ക്‌ എല്ലാവർക്കും നിലയ്‌ക്കാത്ത അനർഹദയ ലഭിച്ചത്‌. 17 കാരണം നിയമം* മോശയിലൂടെയാണു+ കിട്ടി​യതെ​ങ്കിൽ അനർഹദയയും+ സത്യവും യേശുക്രി​സ്‌തു​വി​ലൂടെ​യാ​ണു വന്നത്‌.+ 18 ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെ​ക്കു​റിച്ച്‌ നമുക്കു വിവരിച്ചുതന്നതു+ പിതാ​വി​ന്റെ അരികിലുള്ള*+ ഏകജാ​ത​നായ ദൈവ​മാണ്‌.+

19 “അങ്ങ്‌ ആരാണ്‌” എന്നു യോഹ​ന്നാനോ​ടു ചോദിക്കാൻ+ ജൂതന്മാർ യരുശലേ​മിൽനിന്ന്‌ പുരോ​ഹി​ത​ന്മാരെ​യും ലേവ്യരെ​യും യോഹ​ന്നാ​ന്റെ അടു​ത്തേക്ക്‌ അയച്ച​പ്പോൾ, 20 “ഞാൻ ക്രിസ്‌തു​വല്ല” എന്ന്‌ ഒട്ടും മടിക്കാ​തെ യോഹ​ന്നാൻ സമ്മതി​ച്ചു​പ​റഞ്ഞു. 21 “പിന്നെ അങ്ങ്‌ ആരാണ്‌, ഏലിയ​യാ​ണോ”+ എന്ന്‌ അവർ ചോദി​ച്ചു. “അല്ല” എന്നു യോഹ​ന്നാൻ പറഞ്ഞു. “അങ്ങ്‌ ആ പ്രവാ​ച​ക​നാ​ണോ”+ എന്നു ചോദി​ച്ചപ്പോ​ഴും, “അല്ല” എന്നായി​രു​ന്നു മറുപടി. 22 അപ്പോൾ അവർ യോഹ​ന്നാനോ​ടു ചോദി​ച്ചു: “എങ്കിൽ അങ്ങ്‌ ആരാണ്‌? ഞങ്ങളെ അയച്ചവരോ​ടു ഞങ്ങൾക്ക്‌ ഉത്തരം പറയണ​മ​ല്ലോ. അങ്ങയെ​ക്കു​റിച്ച്‌ അങ്ങ്‌ എന്തു പറയുന്നു?” 23 അപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “യശയ്യ പ്രവാ​ചകൻ പറഞ്ഞതുപോ​ലെ, ‘യഹോവയുടെ* വഴി നേരെ​യാ​ക്കുക’+ എന്നു വിജനഭൂമിയിൽ* വിളി​ച്ചു​പ​റ​യു​ന്ന​വന്റെ ശബ്ദമാണു ഞാൻ.”+ 24 പരീശന്മാരായിരുന്നു അവരെ അയച്ചത്‌. 25 അവർ യോഹ​ന്നാനോട്‌, “അങ്ങ്‌ ക്രിസ്‌തു​വോ ഏലിയ​യോ ആ പ്രവാ​ച​ക​നോ അല്ലെങ്കിൽ, പിന്നെ സ്‌നാ​നപ്പെ​ടു​ത്തു​ന്നത്‌ എന്തിനാ​ണ്‌” എന്നു ചോദി​ച്ചു. 26 യോഹന്നാൻ അവരോ​ടു പറഞ്ഞു: “ഞാൻ വെള്ളത്തിൽ സ്‌നാ​നപ്പെ​ടു​ത്തു​ന്നു. നിങ്ങൾ അറിയാത്ത ഒരാൾ നിങ്ങൾക്കി​ട​യി​ലുണ്ട്‌. 27 അദ്ദേഹം എന്റെ പിന്നാലെ വരുന്നു​ണ്ട്‌. അദ്ദേഹ​ത്തി​ന്റെ ചെരി​പ്പി​ന്റെ കെട്ട്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല.”+ 28 യോർദാന്‌ അക്കരെ, യോഹ​ന്നാൻ ആളുകളെ സ്‌നാനപ്പെടുത്തിക്കൊണ്ടിരുന്ന+ ബഥാന്യ​യിൽവെ​ച്ചാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌.

29 പിറ്റേന്ന്‌ യേശു അടു​ത്തേക്കു വരുന്നതു കണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കിക്കളയുന്ന+ ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!+ 30 ഇദ്ദേഹത്തെക്കുറിച്ചാണു മുമ്പ്‌ ഞാൻ ഇങ്ങനെ പറഞ്ഞത്‌: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറി​യി​രി​ക്കു​ന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു.’+ 31 എനിക്കും അദ്ദേഹത്തെ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രായേ​ലി​നു വെളിപ്പെ​ടു​ത്തിക്കൊ​ടു​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ വെള്ളത്തിൽ സ്‌നാ​നപ്പെ​ടു​ത്തു​ന്ന​വ​നാ​യി വന്നത്‌.”+ 32 യോഹന്നാൻ ഇങ്ങനെ​യും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ്‌* പ്രാവുപോ​ലെ ആകാശ​ത്തു​നിന്ന്‌ ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. അത്‌ അദ്ദേഹ​ത്തി​ന്റെ മേൽ വസിച്ചു.+ 33 എനിക്കും അദ്ദേഹത്തെ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ, വെള്ളത്തിൽ സ്‌നാ​നപ്പെ​ടു​ത്താൻ എന്നെ അയച്ച ദൈവം എന്നോട്‌, ‘എന്റെ ആത്മാവ്‌ ഇറങ്ങി​വന്ന്‌ ആരുടെ മേൽ വസിക്കു​ന്ന​താ​ണോ നീ കാണുന്നത്‌+ അവനാണു പരിശു​ദ്ധാ​ത്മാ​വുകൊണ്ട്‌ സ്‌നാ​നപ്പെ​ടു​ത്തു​ന്നവൻ’+ എന്നു പറഞ്ഞു. 34 ഞാൻ അതു കണ്ടു. അതു​കൊണ്ട്‌ ഇദ്ദേഹ​മാ​ണു ദൈവ​പു​ത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.”+

35 പിറ്റേന്നു യോഹ​ന്നാൻ തന്റെ രണ്ടു ശിഷ്യ​ന്മാരോടൊ​പ്പം നിൽക്കു​മ്പോൾ 36 യേശു നടന്നുപോ​കു​ന്നതു കണ്ടിട്ട്‌, “ഇതാ, ദൈവ​ത്തി​ന്റെ കുഞ്ഞാട്‌”+ എന്നു പറഞ്ഞു. 37 അതു കേട്ട്‌ ആ രണ്ടു ശിഷ്യ​ന്മാർ യേശു​വി​നെ അനുഗ​മി​ച്ചു. 38 യേശു തിരി​ഞ്ഞുനോ​ക്കി​യപ്പോൾ അവർ പിന്നാലെ വരുന്നതു കണ്ടിട്ട്‌ അവരോ​ട്‌, “നിങ്ങൾക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു. അപ്പോൾ അവർ, “റബ്ബീ, (“ഗുരു” എന്ന്‌ അർഥം) അങ്ങ്‌ എവി​ടെ​യാ​ണു താമസി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. 39 യേശു അവരോ​ട്‌, “എന്റെകൂ​ടെ വരൂ, കാണാ​മ​ല്ലോ” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന്‌ യേശു താമസി​ക്കുന്ന സ്ഥലം കണ്ടു. അന്ന്‌ അവർ യേശു​വിന്റെ​കൂ​ടെ താമസി​ച്ചു. അപ്പോൾ ഏകദേശം പത്താം മണി* ആയിരു​ന്നു. 40 യോഹന്നാൻ പറഞ്ഞതു കേട്ട്‌ യേശു​വി​നെ അനുഗ​മിച്ച രണ്ടു പേരിൽ ഒരാൾ ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോ​സാണ്‌.+ 41 അന്ത്രയോസ്‌ ആദ്യം സ്വന്തം സഹോ​ദ​ര​നായ ശിമോ​നെ കണ്ടുപി​ടിച്ച്‌, “ഞങ്ങൾ മിശിഹയെ+ (“ക്രിസ്‌തു” എന്ന്‌ അർഥം) കണ്ടെത്തി” എന്നു പറഞ്ഞു. 42 അന്ത്രയോസ്‌ ശിമോ​നെ യേശു​വി​ന്റെ അടു​ത്തേക്കു കൂട്ടിക്കൊ​ണ്ടു​വന്നു. യേശു ശിമോ​നെ നോക്കി, “നീ യോഹ​ന്നാ​ന്റെ മകനായ ശിമോ​നാ​ണ​ല്ലോ.+ നീ കേഫ (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ “പത്രോ​സ്‌”)+ എന്ന്‌ അറിയപ്പെ​ടും” എന്നു പറഞ്ഞു.

43 പിറ്റേന്ന്‌ യേശു ഗലീല​യിലേക്കു പോകാൻ തീരു​മാ​നി​ച്ചു. യേശു ഫിലിപ്പോസിനെ+ കണ്ടപ്പോൾ, “എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു. 44 അന്ത്രയോസിന്റെയും പത്രോ​സിന്റെ​യും നഗരമായ ബേത്ത്‌സ​യി​ദ​യിൽനി​ന്നാ​യി​രു​ന്നു ഫിലി​പ്പോ​സ്‌. 45 ഫിലിപ്പോസ്‌ നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും എഴുതി​യി​രി​ക്കു​ന്ന​യാ​ളെ ഞങ്ങൾ കണ്ടെത്തി. യോ​സേ​ഫി​ന്റെ മകനായ, നസറെ​ത്തിൽനി​ന്നുള്ള യേശുവാണ്‌+ അത്‌.” 46 പക്ഷേ നഥനയേൽ ഫിലിപ്പോ​സിനോട്‌, “അതിന്‌, നസറെ​ത്തിൽനിന്ന്‌ എന്തു നന്മ വരാനാ​ണ്‌” എന്നു ചോദി​ച്ചു. അപ്പോൾ ഫിലി​പ്പോ​സ്‌, “നേരിട്ട്‌ വന്ന്‌ കാണൂ” എന്നു പറഞ്ഞു. 47 നഥനയേൽ അടു​ത്തേക്കു വരുന്നതു കണ്ട്‌ യേശു നഥന​യേ​ലിനെ​ക്കു​റിച്ച്‌, “ഇതാ, ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രായേ​ല്യൻ”+ എന്നു പറഞ്ഞു. 48 നഥനയേൽ യേശു​വിനോട്‌, “അങ്ങയ്‌ക്ക്‌ എന്നെ എങ്ങനെ അറിയാം” എന്നു ചോദി​ച്ചു. അപ്പോൾ യേശു പറഞ്ഞു: “ഫിലി​പ്പോ​സ്‌ നിന്നെ വിളി​ക്കു​ന്ന​തി​നു മുമ്പ്‌, നീ ആ അത്തിയു​ടെ ചുവട്ടി​ലാ​യി​രി​ക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു.” 49 അപ്പോൾ നഥനയേൽ പറഞ്ഞു: “റബ്ബീ, അങ്ങ്‌ ദൈവ​പുത്ര​നാണ്‌, ഇസ്രായേ​ലി​ന്റെ രാജാവ്‌.”+ 50 അപ്പോൾ യേശു നഥന​യേ​ലിനോ​ടു ചോദി​ച്ചു: “അത്തിയു​ടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊ​ണ്ടാ​ണോ നീ വിശ്വ​സി​ക്കു​ന്നത്‌? ഇതി​നെ​ക്കാളെ​ല്ലാം വലിയ കാര്യങ്ങൾ നീ കാണും.” 51 പിന്നെ യേശു നഥന​യേ​ലിനോ​ടു പറഞ്ഞു: “ആകാശം തുറന്നി​രി​ക്കു​ന്ന​തും ദൈവ​ദൂ​ത​ന്മാർ അവി​ടേക്കു കയറിപ്പോ​കു​ന്ന​തും മനുഷ്യ​പുത്രന്റെ അടു​ത്തേക്ക്‌ ഇറങ്ങി​വ​രു​ന്ന​തും നിങ്ങൾ കാണും+ എന്നു സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു.”

2 മൂന്നാം ദിവസം ഗലീല​യി​ലെ കാനാ​യിൽ ഒരു വിവാ​ഹ​വി​രു​ന്നു നടന്നു. യേശു​വി​ന്റെ അമ്മയും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 2 വിവാഹവിരുന്നിനു യേശു​വിനെ​യും ശിഷ്യ​ന്മാരെ​യും ക്ഷണിച്ചി​രു​ന്നു.

3 വീഞ്ഞു തികയാ​തെ വന്നപ്പോൾ അമ്മ യേശു​വിനോട്‌, “അവർക്കു വീഞ്ഞില്ല” എന്നു പറഞ്ഞു. 4 അപ്പോൾ യേശു അമ്മയോ​ടു പറഞ്ഞു: “സ്‌ത്രീ​യേ, നമുക്ക്‌ ഇതിൽ എന്തു കാര്യം?* എന്റെ സമയം ഇതുവരെ വന്നിട്ടില്ല.” 5 യേശുവിന്റെ അമ്മ വിളമ്പു​കാരോട്‌, “അവൻ എന്തു പറഞ്ഞാ​ലും അതു​പോ​ലെ ചെയ്യുക” എന്നു പറഞ്ഞു. 6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്‌+ വെള്ളം വെക്കാ​നുള്ള ആറു കൽഭരണി അവിടെ ഇരിപ്പു​ണ്ടാ​യി​രു​ന്നു. അവ ഓരോ​ന്നും രണ്ടോ മൂന്നോ അളവുപാത്രം* നിറയെ വെള്ളം കൊള്ളു​ന്ന​താ​യി​രു​ന്നു. 7 യേശു അവരോ​ട്‌, “ഭരണി​ക​ളിൽ വെള്ളം നിറയ്‌ക്കുക” എന്നു പറഞ്ഞു. അവർ വക്കുവരെ നിറച്ചു. 8 അപ്പോൾ യേശു അവരോ​ട്‌, “ഇതിൽനി​ന്ന്‌ കുറച്ച്‌ എടുത്ത്‌ വിരു​ന്നു​ന​ട​ത്തി​പ്പു​കാ​രനു കൊണ്ടുപോ​യി കൊടു​ക്കൂ” എന്നു പറഞ്ഞു. അവർ കൊണ്ടുപോ​യി കൊടു​ത്തു. 9 വീഞ്ഞായി മാറിയ വെള്ളം അയാൾ രുചി​ച്ചുനോ​ക്കി. എന്നാൽ അത്‌ എവി​ടെ​നി​ന്നാ​ണു വന്നതെന്നു നടത്തി​പ്പു​കാ​രന്‌ അറിയി​ല്ലാ​യി​രു​ന്നു. (വെള്ളം കോരിയ ജോലി​ക്കാർക്കു പക്ഷേ കാര്യം അറിയാ​മാ​യി​രു​ന്നു.) അതു രുചി​ച്ചുനോ​ക്കിയ ഉടനെ വിരു​ന്നു​ന​ട​ത്തി​പ്പു​കാ​രൻ മണവാ​ളനെ വിളിച്ച്‌ 10 ഇങ്ങനെ പറഞ്ഞു: “എല്ലാവ​രും ആദ്യം മേത്തരം വീഞ്ഞും, ആളുകൾ ലഹരി​പി​ടി​ച്ചു​ക​ഴി​യുമ്പോൾ നിലവാ​രം കുറഞ്ഞ​തും ആണ്‌ വിളമ്പാ​റ്‌. പക്ഷേ നീ മേത്തരം വീഞ്ഞ്‌ ഇതുവരെ എടുക്കാ​തെ വെച്ചല്ലോ!” 11 ഇങ്ങനെ, ഗലീല​യി​ലെ കാനാ​യിൽവെച്ച്‌ ആദ്യത്തെ അടയാളം കാണി​ച്ചുകൊണ്ട്‌ യേശു തന്റെ മഹത്ത്വം വെളിപ്പെ​ടു​ത്തി.+ ശിഷ്യ​ന്മാർ യേശു​വിൽ വിശ്വ​സി​ച്ചു.

12 അതിനു ശേഷം യേശു​വും അമ്മയും സഹോദരന്മാരും+ യേശു​വി​ന്റെ ശിഷ്യ​ന്മാ​രും കഫർന്ന​ഹൂ​മിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസി​ച്ചില്ല.

13 ജൂതന്മാരുടെ പെസഹ+ അടുത്തി​രു​ന്ന​തുകൊണ്ട്‌ യേശു യരുശലേ​മിലേക്കു പോയി. 14 ദേവാലയത്തിൽ ചെന്ന യേശു ആടുമാ​ടു​കൾ, പ്രാവുകൾ+ എന്നിവ വിൽക്കു​ന്ന​വരെ​യും അവിടെ ഇരുന്ന്‌ നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വരെ​യും കണ്ടിട്ട്‌ 15 കയറുകൊണ്ട്‌ ഒരു ചാട്ടയു​ണ്ടാ​ക്കി ആടുമാ​ടു​കളെ​യും അവരെയെ​ല്ലാ​വരെ​യും ദേവാ​ല​യ​ത്തി​നു പുറത്താ​ക്കി. നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വ​രു​ടെ നാണയങ്ങൾ യേശു ചിതറി​ച്ചു​ക​ളഞ്ഞു, അവരുടെ മേശകൾ മറിച്ചി​ട്ടു.+ 16 പ്രാവുകളെ വിൽക്കു​ന്ന​വരോ​ടു യേശു പറഞ്ഞു: “എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടുപോ​കൂ! എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു* മതിയാ​ക്കൂ!”+ 17 “അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ള​യും”+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നതു യേശു​വി​ന്റെ ശിഷ്യ​ന്മാർ അപ്പോൾ ഓർത്തു.

18 എന്നാൽ ജൂതന്മാർ യേശു​വിനോട്‌, “ഇതൊക്കെ ചെയ്യാൻ തനിക്ക്‌ അധികാ​ര​മുണ്ടെ​ന്ന​തി​നു തെളി​വാ​യി എന്തെങ്കി​ലും അടയാളം കാണി​ച്ചു​ത​രാൻ പറ്റുമോ”+ എന്നു ചോദി​ച്ചു. 19 യേശു അവരോ​ടു പറഞ്ഞു: “ഈ ദേവാ​ലയം പൊളി​ക്കുക; മൂന്നു ദിവസ​ത്തി​നകം ഞാൻ ഇതു പണിയും.”+ 20 അപ്പോൾ ജൂതന്മാർ, “46 വർഷം​കൊ​ണ്ട്‌ പണിത ഈ ദേവാ​ലയം മൂന്നു ദിവസ​ത്തി​നകം നീ പണിയുമെ​ന്നോ” എന്നു ചോദി​ച്ചു. 21 പക്ഷേ യേശു തന്റെ ശരീരം എന്ന ആലയ​ത്തെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌.+ 22 യേശു ഇക്കാര്യം പറയാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ എന്നു യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടപ്പോൾ ശിഷ്യ​ന്മാർ ഓർത്തു.+ തിരുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തും യേശു പറഞ്ഞതും അപ്പോൾ അവർ വിശ്വ​സി​ച്ചു.

23 പെസഹാപ്പെരുന്നാളിന്റെ സമയത്ത്‌ യരുശലേ​മിൽവെച്ച്‌ യേശു കാണിച്ച അടയാ​ളങ്ങൾ കണ്ടിട്ട്‌ അനേകം ആളുകൾ യേശു​വി​ന്റെ നാമത്തിൽ വിശ്വാ​സ​മർപ്പി​ച്ചു. 24 എന്നാൽ അവരെയെ​ല്ലാം നന്നായി അറിയാ​മാ​യി​രു​ന്ന​തുകൊണ്ട്‌ യേശു അവരെ അപ്പാടേ വിശ്വ​സി​ച്ചില്ല. 25 മനുഷ്യരുടെ ഹൃദയ​ത്തിൽ എന്താ​ണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌+ അവരെ​പ്പറ്റി ആരും പ്രത്യേ​കിച്ചൊ​ന്നും യേശു​വി​നു പറഞ്ഞുകൊ​ടുക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു.

3 പരീശ​ന്മാ​രു​ടെ കൂട്ടത്തിൽ നിക്കോദേമൊസ്‌+ എന്നു പേരുള്ള ഒരു ജൂത​പ്ര​മാ​ണി​യു​ണ്ടാ​യി​രു​ന്നു. 2 അയാൾ രാത്രി​യിൽ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌+ പറഞ്ഞു: “റബ്ബീ,+ അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെയില്ലാതെ+ ഇതു​പോ​ലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.” 3 അപ്പോൾ യേശു അദ്ദേഹത്തോ​ടു പറഞ്ഞു: “വീണ്ടും* ജനിക്കാത്തവനു+ ദൈവ​രാ​ജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യം​സത്യമായി പറയുന്നു.” 4 നിക്കോദേമൊസ്‌ ചോദി​ച്ചു: “പ്രായ​മായ ഒരു മനുഷ്യ​നു ജനിക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? അയാൾക്ക്‌ അമ്മയുടെ വയറ്റിൽ കടന്ന്‌ വീണ്ടും ജനിക്കാൻ കഴിയു​മോ?” 5 യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാ​ത്ത​യാൾക്കു ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കില്ല. 6 ജഡത്തിൽനിന്ന്‌* ജനിക്കു​ന്നതു ജഡവും ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്നത്‌ ആത്മാവും* ആണ്‌. 7 നിങ്ങൾ വീണ്ടും ജനിക്ക​ണമെന്നു ഞാൻ പറഞ്ഞതു കേട്ട്‌ അതിശ​യിക്കേണ്ടാ. 8 കാറ്റ്‌ അതിന്‌ ഇഷ്ടമു​ള്ളി​ടത്തേക്കു വീശുന്നു. നിങ്ങൾക്ക്‌ അതിന്റെ ശബ്ദം കേൾക്കാം. പക്ഷേ അത്‌ എവി​ടെ​നിന്ന്‌ വരു​ന്നെ​ന്നോ എവി​ടേക്കു പോകുന്നെ​ന്നോ നിങ്ങൾക്ക്‌ അറിയില്ല. ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്ന​വ​രും അങ്ങനെ​തന്നെ​യാണ്‌.”+

9 അപ്പോൾ നിക്കോ​ദേ​മൊ​സ്‌ യേശു​വിനോട്‌, “ഇതൊക്കെ എങ്ങനെ സംഭവി​ക്കും” എന്നു ചോദി​ച്ചു. 10 യേശു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ഒരു ഗുരു​വാ​യി​ട്ടും ഇതൊ​ന്നും താങ്കൾക്ക്‌ അറിയി​ല്ലേ? 11 സത്യംസത്യമായി ഞാൻ പറയുന്നു: ഞങ്ങൾക്ക്‌ അറിയാ​വു​ന്നതു ഞങ്ങൾ പറയുന്നു. ഞങ്ങൾ കണ്ട കാര്യത്തെ​ക്കു​റിച്ച്‌ ഞങ്ങൾ സാക്ഷി പറയുന്നു. പക്ഷേ ഞങ്ങളുടെ ഈ സാക്ഷിമൊ​ഴി നിങ്ങൾ സ്വീക​രി​ക്കു​ന്നില്ല. 12 ഞാൻ ഭൗമി​ക​കാ​ര്യ​ങ്ങൾ പറഞ്ഞിട്ടു നിങ്ങൾ വിശ്വ​സി​ക്കാത്ത സ്ഥിതിക്ക്‌, സ്വർഗീ​യ​കാ​ര്യ​ങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വ​സി​ക്കും? 13 പോരാത്തതിന്‌, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന+ മനുഷ്യ​പുത്ര​ന​ല്ലാ​തെ ഒരു മനുഷ്യ​നും സ്വർഗ​ത്തിൽ കയറി​യി​ട്ടു​മില്ല.+ 14 മോശ വിജന​ഭൂ​മി​യിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യ​പുത്ര​നും ഉയർത്തപ്പെടേ​ണ്ട​താണ്‌.+ 15 അങ്ങനെ, അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യ​ജീ​വൻ കിട്ടും.+

16 “തന്റെ ഏകജാ​ത​നായ മകനിൽ*+ വിശ്വ​സി​ക്കുന്ന ആരും നശിച്ചുപോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നുവേണ്ടി നൽകി.+ അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോകത്തോ​ടുള്ള സ്‌നേഹം. 17 ദൈവം മകനെ ലോക​ത്തേക്ക്‌ അയച്ചത്‌ അവൻ ലോകത്തെ വിധി​ക്കാ​നല്ല, അവനി​ലൂ​ടെ ലോകം രക്ഷ നേടാ​നാണ്‌.+ 18 അവനിൽ വിശ്വ​സി​ക്കു​ന്ന​വനെ ന്യായം വിധി​ക്കു​ക​യില്ല.+ വിശ്വ​സി​ക്കാ​ത്ത​വനെ​യോ ദൈവ​ത്തി​ന്റെ ഏകജാ​തന്റെ നാമത്തിൽ വിശ്വ​സി​ക്കാ​ത്ത​തുകൊണ്ട്‌ വിധി​ച്ചു​ക​ഴി​ഞ്ഞു.+ 19 ന്യായവിധിയുടെ അടിസ്ഥാ​നം ഇതാണ്‌: വെളിച്ചം ലോക​ത്തേക്കു വന്നിട്ടും+ മനുഷ്യർ വെളി​ച്ചത്തെ​ക്കാൾ ഇരുട്ടി​നെ സ്‌നേ​ഹി​ക്കു​ന്നു. കാരണം അവരുടെ പ്രവൃ​ത്തി​കൾ ദുഷി​ച്ച​താണ്‌. 20 ഹീനമായ കാര്യങ്ങൾ ചെയ്‌തുകൊ​ണ്ടി​രി​ക്കു​ന്ന​യാൾ വെളി​ച്ചത്തെ വെറു​ക്കു​ന്നു. അയാളു​ടെ പ്രവൃ​ത്തി​കൾ വെളി​ച്ചത്ത്‌ വരാതി​രി​ക്കാൻവേണ്ടി അയാൾ വെളി​ച്ച​ത്തിലേക്കു വരുന്നില്ല. 21 എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​യാൾ, തന്റെ പ്രവൃ​ത്തി​കൾ ദൈ​വേ​ഷ്ടപ്ര​കാ​ര​മു​ള്ള​താണെന്നു വെളിപ്പെ​ടാൻവേണ്ടി വെളി​ച്ച​ത്തിലേക്കു വരുന്നു.”+

22 അതിനു ശേഷം യേശു​വും ശിഷ്യ​ന്മാ​രും യഹൂദ്യ​യി​ലെ നാട്ടിൻപു​റത്തേക്കു പോയി. അവിടെ യേശു അവരുടെ​കൂ​ടെ കുറച്ച്‌ കാലം താമസി​ച്ച്‌ ആളുകളെ സ്‌നാ​നപ്പെ​ടു​ത്തി.+ 23 ശലേമിന്‌ അടുത്തുള്ള ഐനോ​നിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്‌+ യോഹ​ന്നാ​നും അവിടെ സ്‌നാ​നപ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ധാരാളം ആളുകൾ അവിടെ വന്ന്‌ സ്‌നാ​നമേറ്റു.+ 24 ഇതു യോഹ​ന്നാ​നെ ജയിലി​ലാ​ക്കു​ന്ന​തി​നു മുമ്പാ​യി​രു​ന്നു.+

25 യോഹന്നാന്റെ ശിഷ്യ​ന്മാ​രും ഒരു ജൂതനും തമ്മിൽ ശുദ്ധീ​ക​ര​ണത്തെ​ക്കു​റിച്ച്‌ ഒരു തർക്കമു​ണ്ടാ​യി. 26 ആ ശിഷ്യ​ന്മാർ യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്ന്‌ ചോദി​ച്ചു: “റബ്ബീ, യോർദാ​ന്‌ അക്കരെ അങ്ങയുടെ​കൂടെ​യു​ണ്ടാ​യി​രുന്ന ഒരാളി​ല്ലേ, അങ്ങ്‌ സാക്ഷ്യപ്പെ​ടു​ത്തിയ ആൾ?+ അതാ, അയാൾ സ്‌നാ​നപ്പെ​ടു​ത്തു​ന്നു. എല്ലാവ​രും അയാളു​ടെ അടു​ത്തേ​ക്കാ​ണു പോകു​ന്നത്‌.” 27 അപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “സ്വർഗ​ത്തിൽനിന്ന്‌ കൊടു​ക്കാ​തെ ആർക്കും ഒന്നും കിട്ടില്ല. 28 ‘ഞാൻ ക്രിസ്‌തു​വല്ല,+ എന്നെ ക്രിസ്‌തു​വി​നു മുമ്പായി അയച്ചതാ​ണ്‌’+ എന്നു ഞാൻ പറഞ്ഞതി​നു നിങ്ങൾതന്നെ സാക്ഷികൾ. 29 മണവാട്ടിയുള്ളവൻ മണവാളൻ.+ മണവാ​ളന്റെ തോഴ​നോ, മണവാ​ളന്റെ അരികെ നിന്ന്‌ അയാളു​ടെ സ്വരം കേൾക്കു​മ്പോൾ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. അങ്ങനെ​തന്നെ, എന്റെ സന്തോ​ഷ​വും പൂർണ​മാ​യി​രി​ക്കു​ന്നു. 30 അദ്ദേഹം വളരണം, ഞാനോ കുറയണം.”

31 മുകളിൽനിന്ന്‌ വരുന്നയാൾ+ മറ്റെല്ലാ​വർക്കും മീതെ​യാണ്‌. ഭൂമി​യിൽനി​ന്നു​ള്ള​യാൾ ഭൂമി​യിൽനി​ന്നാ​യ​തുകൊണ്ട്‌ ഭൂമി​യി​ലെ കാര്യങ്ങൾ സംസാ​രി​ക്കു​ന്നു. സ്വർഗ​ത്തിൽനിന്ന്‌ വരുന്ന​യാ​ളോ മറ്റെല്ലാ​വർക്കും മീതെ​യാണ്‌.+ 32 താൻ കണ്ടതി​നും കേട്ടതി​നും അദ്ദേഹം സാക്ഷി പറയുന്നു.+ എന്നാൽ ആ വാക്കുകൾ ആരും അംഗീ​ക​രി​ക്കു​ന്നില്ല.+ 33 അദ്ദേഹത്തിന്റെ സാക്ഷിമൊ​ഴി അംഗീ​ക​രി​ക്കു​ന്ന​യാൾ ദൈവം സത്യവാ​നാണെന്നു സ്ഥിരീ​ക​രി​ക്കു​ന്നു;*+ 34 ദൈവം അയച്ചയാൾ ദൈവ​ത്തി​ന്റെ വചനങ്ങൾ പറയുന്നു.+ കാരണം, ഒരു പിശു​ക്കും കൂടാതെയാണു* ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നത്‌. 35 പിതാവ്‌ പുത്രനെ സ്‌നേ​ഹി​ക്കു​ന്നു.+ എല്ലാം പുത്രന്റെ കൈക​ളിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 36 പുത്രനിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌.+ പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണില്ല.+ ദൈവ​ക്രോ​ധം അവന്റെ മേലുണ്ട്‌.+

4 യേശു യോഹ​ന്നാനെ​ക്കാൾ കൂടുതൽ ആളുകളെ ശിഷ്യ​രാ​ക്കു​ക​യും സ്‌നാനപ്പെടുത്തുകയും+ ചെയ്യു​ന്നുണ്ടെന്നു പരീശ​ന്മാർ കേട്ടു. 2 (വാസ്‌ത​വ​ത്തിൽ യേശുവല്ല, ശിഷ്യ​ന്മാ​രാ​ണു സ്‌നാ​നപ്പെ​ടു​ത്തി​യത്‌.) 3 ഇക്കാര്യം അറിഞ്ഞ യേശു യഹൂദ്യ വിട്ട്‌ വീണ്ടും ഗലീല​യിലേക്കു പോയി. 4 ശമര്യയിലൂടെ വേണമാ​യി​രു​ന്നു പോകാൻ. 5 അങ്ങനെ യേശു ശമര്യ​യി​ലെ സുഖാർ എന്ന നഗരത്തിൽ എത്തി. യാക്കോ​ബ്‌ മകനായ യോ​സേ​ഫി​നു നൽകിയ സ്ഥലത്തിന്‌+ അടുത്താ​യി​രു​ന്നു അത്‌. 6 യാക്കോബിന്റെ കിണർ അവി​ടെ​യാ​യി​രു​ന്നു.+ യാത്ര ചെയ്‌ത്‌ ക്ഷീണിച്ച യേശു കിണറിന്‌* അരികെ ഇരുന്നു. സമയം ഏകദേശം ആറാം മണി* ആയിരു​ന്നു.

7 അപ്പോൾ ഒരു ശമര്യ​ക്കാ​രി വെള്ളം കോരാൻ വന്നു. യേശു ആ സ്‌ത്രീ​യോ​ട്‌, “കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്നു ചോദി​ച്ചു. 8 (യേശു​വി​ന്റെ ശിഷ്യ​ന്മാർ അപ്പോൾ ഭക്ഷണം വാങ്ങാൻ നഗരത്തി​ലേക്കു പോയി​രി​ക്കു​ക​യാ​യി​രു​ന്നു.) 9 ശമര്യസ്‌ത്രീ യേശു​വിനോ​ടു ചോദി​ച്ചു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യ​ക്കാ​രി​യായ എന്നോടു വെള്ളം ചോദി​ക്കു​ന്നോ?” (ജൂതന്മാർക്കു ശമര്യ​ക്കാ​രു​മാ​യി ഒരു സമ്പർക്ക​വു​മി​ല്ലാ​യി​രു​ന്നു.)+ 10 അപ്പോൾ യേശു സ്‌ത്രീയോ​ടു പറഞ്ഞു: “ദൈവം സൗജന്യ​മാ​യി തരുന്ന സമ്മാനം+ എന്താ​ണെ​ന്നും ‘കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ’ എന്നു ചോദി​ക്കു​ന്നത്‌ ആരാ​ണെ​ന്നും നിനക്ക്‌ അറിയാ​മാ​യി​രുന്നെ​ങ്കിൽ നീ അയാ​ളോ​ടു ചോദി​ക്കു​ക​യും അയാൾ നിനക്കു ജീവജലം തരുക​യും ചെയ്‌തേനേ.”+ 11 സ്‌ത്രീ പറഞ്ഞു: “യജമാ​നനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടിപോ​ലു​മില്ല. കിണറാണെ​ങ്കിൽ ആഴമു​ള്ള​തും. പിന്നെ അങ്ങയ്‌ക്ക്‌ എവി​ടെ​നിന്ന്‌ ഈ ജീവജലം കിട്ടും? 12 ഞങ്ങളുടെ പൂർവി​ക​നായ യാക്കോ​ബിനെ​ക്കാൾ വലിയ​വ​നാ​ണോ അങ്ങ്‌? അദ്ദേഹ​മാ​ണു ഞങ്ങൾക്ക്‌ ഈ കിണർ തന്നത്‌. അദ്ദേഹ​വും മക്കളും അദ്ദേഹ​ത്തി​ന്റെ കന്നുകാ​ലി​ക​ളും ഇതിലെ വെള്ളമാ​ണു കുടി​ച്ചി​രു​ന്നത്‌.” 13 അപ്പോൾ യേശു പറഞ്ഞു: “ഈ വെള്ളം കുടി​ക്കു​ന്ന​വർക്കെ​ല്ലാം പിന്നെ​യും ദാഹി​ക്കും. 14 എന്നാൽ ഞാൻ കൊടു​ക്കുന്ന വെള്ളം കുടി​ക്കു​ന്ന​വ​നോ പിന്നെ ഒരിക്ക​ലും ദാഹി​ക്കില്ല.+ അയാളിൽ ആ വെള്ളം നിത്യ​ജീ​വനേ​കുന്ന ഒരു ഉറവയാ​യി മാറും.”+ 15 സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, എനിക്ക്‌ ആ വെള്ളം വേണം. അങ്ങനെ​യാ​കുമ്പോൾ എനിക്കു ദാഹി​ക്കി​ല്ല​ല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടം​വരെ വരുക​യും വേണ്ടാ.”

16 യേശു സ്‌ത്രീ​യോ​ട്‌, “പോയി നിന്റെ ഭർത്താ​വി​നെ വിളി​ച്ചുകൊ​ണ്ടു​വരൂ” എന്നു പറഞ്ഞു. 17 “എനിക്കു ഭർത്താ​വില്ല” എന്നു സ്‌ത്രീ പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “‘എനിക്കു ഭർത്താ​വില്ല’ എന്നു നീ പറഞ്ഞതു ശരിയാ​ണ്‌. 18 നിനക്ക്‌ അഞ്ചു ഭർത്താ​ക്ക​ന്മാ​രു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോ​ഴു​ള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാ​ണ്‌.” 19 സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, അങ്ങ്‌ ഒരു പ്രവാ​ച​ക​നാ​ണല്ലേ?+ 20 ഞങ്ങളുടെ പൂർവി​കർ ആരാധന നടത്തിപ്പോ​ന്നത്‌ ഈ മലയി​ലാണ്‌. എന്നാൽ ആരാധ​ന​യ്‌ക്കുള്ള സ്ഥലം യരുശലേമാണെന്നു+ നിങ്ങൾ പറയുന്നു.” 21 യേശു സ്‌ത്രീയോ​ടു പറഞ്ഞു: “ഞാൻ പറയു​ന്നതു വിശ്വ​സി​ക്കൂ. നിങ്ങൾ പിതാ​വി​നെ ആരാധി​ക്കു​ന്നത്‌ ഈ മലയി​ലോ യരുശലേ​മി​ലോ അല്ലാതാ​കുന്ന സമയം വരുന്നു. 22 അറിയാത്തതിനെയാണു നിങ്ങൾ ആരാധി​ക്കു​ന്നത്‌.+ ഞങ്ങളോ അറിയു​ന്ന​തി​നെ ആരാധി​ക്കു​ന്നു. കാരണം ജൂതന്മാ​രിൽനി​ന്നാ​ണു രക്ഷ തുടങ്ങു​ന്നത്‌.+ 23 എങ്കിലും, സത്യാരാധകർ* പിതാ​വി​നെ ദൈവാ​ത്മാവോടെ​യും സത്യ​ത്തോടെ​യും ആരാധി​ക്കുന്ന സമയം വരുന്നു; വാസ്‌ത​വ​ത്തിൽ അതു വന്നുക​ഴി​ഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധി​ക്കു​ന്ന​വരെ​യാ​ണു പിതാവ്‌ അന്വേ​ഷി​ക്കു​ന്നത്‌.+ 24 ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌.+ ദൈവത്തെ ആരാധി​ക്കു​ന്നവർ ദൈവാ​ത്മാവോടെ​യും സത്യ​ത്തോടെ​യും ആരാധി​ക്കണം.”+ 25 സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “ക്രിസ്‌തു എന്നു വിളി​ക്കപ്പെ​ടുന്ന മിശിഹ വരു​മെന്ന്‌ എനിക്ക്‌ അറിയാം. ക്രിസ്‌തു വരു​മ്പോൾ ഞങ്ങൾക്ക്‌ എല്ലാം വ്യക്തമാ​ക്കി​ത്ത​രും.” 26 അപ്പോൾ യേശു സ്‌ത്രീയോ​ടു പറഞ്ഞു: “നിന്നോ​ടു സംസാ​രി​ക്കുന്ന ഞാൻതന്നെ​യാണ്‌ അത്‌.”+

27 ആ സമയത്താ​ണു ശിഷ്യ​ന്മാർ തിരിച്ചെ​ത്തു​ന്നത്‌. യേശു ഒരു സ്‌ത്രീയോ​ടു സംസാ​രി​ക്കു​ന്നതു കണ്ട്‌ അവർക്ക്‌ അതിശയം തോന്നി. എന്നാൽ, “എന്തിനാ​ണ്‌ ആ സ്‌ത്രീയോ​ടു സംസാ​രി​ക്കു​ന്നത്‌” എന്നോ “എന്തെങ്കി​ലും വേണ്ടി​യി​ട്ടാ​ണോ” എന്നോ ആരും ചോദി​ച്ചില്ല. 28 ആ സ്‌ത്രീ കുടം അവിടെ വെച്ചിട്ട്‌ നഗരത്തിൽ ചെന്ന്‌ ആളുകളോ​ടു പറഞ്ഞു: 29 “ഞാൻ ചെയ്‌തതൊ​ക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന്‌ നേരിട്ട്‌ കാണ്‌! ഒരുപക്ഷേ അതായി​രി​ക്കു​മോ ക്രിസ്‌തു?” 30 ഇതു കേട്ട്‌ അവർ നഗരത്തിൽനി​ന്ന്‌ യേശു​വി​നെ കാണാൻ പുറ​പ്പെട്ടു.

31 ഇതിനിടയിൽ ശിഷ്യ​ന്മാർ, “റബ്ബീ,+ ഭക്ഷണം കഴിക്ക്‌” എന്നു പറഞ്ഞ്‌ യേശു​വി​നെ നിർബ​ന്ധി​ച്ചുകൊ​ണ്ടി​രു​ന്നു. 32 എന്നാൽ യേശു അവരോ​ട്‌, “എനിക്കു കഴിക്കാൻ നിങ്ങൾക്ക്‌ അറിയി​ല്ലാത്ത ഒരു ആഹാര​മുണ്ട്‌” എന്നു പറഞ്ഞു. 33 അപ്പോൾ ശിഷ്യ​ന്മാർ തമ്മിൽ പറഞ്ഞു: “അതിനു യേശു​വിന്‌ ആരും ഒന്നും കൊണ്ടു​വന്ന്‌ കൊടു​ത്തി​ല്ല​ല്ലോ.” 34 യേശു അവരോ​ടു പറഞ്ഞു: “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യുന്നതും+ അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്റെ ആഹാരം.+ 35 കൊയ്‌ത്തിന്‌ ഇനിയും നാലു മാസമു​ണ്ടെന്നു നിങ്ങൾ പറയു​ന്നു​ണ്ട​ല്ലോ. പക്ഷേ ഞാൻ ഒരു കാര്യം പറയാം: തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു.+ 36 കൊയ്‌ത്തുകാരൻ കൂലി വാങ്ങി നിത്യ​ജീ​വ​നുവേ​ണ്ടി​യുള്ള വിളവ്‌ ശേഖരി​ച്ചു​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അങ്ങനെ, വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും ഒരുമി​ച്ച്‌ സന്തോ​ഷി​ക്കു​ന്നു.+ 37 ‘ഒരാൾ വിതയ്‌ക്കു​ന്നു, മറ്റൊ​രാൾ കൊയ്യു​ന്നു’ എന്ന ചൊല്ല്‌ ഇവിടെ യോജി​ക്കു​ന്നു. 38 നിങ്ങൾ അധ്വാ​നി​ച്ചു​ണ്ടാ​ക്കാ​ത്തതു കൊയ്യാ​നാ​ണു ഞാൻ നിങ്ങളെ അയച്ചത്‌. അധ്വാ​നി​ച്ചതു മറ്റുള്ള​വ​രാണ്‌. അവരുടെ അധ്വാ​ന​ഫലം നിങ്ങൾ അനുഭ​വി​ക്കു​ന്നു.”

39 “ഞാൻ ചെയ്‌തി​ട്ടു​ള്ളതൊ​ക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു”+ എന്നു സാക്ഷി പറഞ്ഞ സ്‌ത്രീ​യു​ടെ വാക്കു നിമിത്തം ആ നഗരത്തി​ലെ ധാരാളം ശമര്യ​ക്കാർ യേശു​വിൽ വിശ്വ​സി​ച്ചു. 40 യേശുവിനെ കാണാൻ വന്ന ശമര്യ​ക്കാർ അവരുടെ​കൂ​ടെ താമസി​ക്കാൻ യേശു​വിനോട്‌ അപേക്ഷി​ച്ചു. അങ്ങനെ രണ്ടു ദിവസം യേശു അവിടെ കഴിഞ്ഞു. 41 യേശുവിന്റെ വാക്കുകൾ കേട്ട്‌ കുറെ ആളുകൾകൂ​ടെ വിശ്വ​സി​ച്ചു. 42 അവർ ആ സ്‌ത്രീയോ​ടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഇതുവരെ ഞങ്ങൾ വിശ്വ​സി​ച്ചത്‌. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട്‌ കേട്ടി​രി​ക്കു​ന്നു. ഈ മനുഷ്യൻതന്നെ​യാ​ണു ലോക​ര​ക്ഷകൻ എന്നു ഞങ്ങൾക്ക്‌ ഇപ്പോൾ അറിയാം.”+

43 രണ്ടു ദിവസ​ത്തി​നു ശേഷം യേശു അവി​ടെ​നിന്ന്‌ ഗലീല​യിലേക്കു പോയി. 44 ഒരു പ്രവാ​ച​ക​നും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല എന്ന്‌ യേശു​തന്നെ പറഞ്ഞി​രു​ന്നു.+ 45 എന്നാൽ യേശു ഗലീല​യിൽ എത്തിയ​പ്പോൾ ഗലീല​ക്കാർ യേശു​വി​നെ സ്വീക​രി​ച്ചു. കാരണം അവരും പെരുന്നാളിനു+ പോയി​രു​ന്ന​തുകൊണ്ട്‌ പെരു​ന്നാ​ളി​ന്റെ സമയത്ത്‌ യേശു യരുശലേ​മിൽവെച്ച്‌ ചെയ്‌തതെ​ല്ലാം അവർ കണ്ടിരു​ന്നു.+

46 പിന്നെ യേശു വീണ്ടും ഗലീല​യി​ലെ കാനാ​യിൽ ചെന്നു. അവി​ടെവെ​ച്ചാ​യി​രു​ന്നു യേശു വെള്ളം വീഞ്ഞാ​ക്കി​യത്‌.+ രാജാ​വി​ന്റെ ഉദ്യോ​ഗ​സ്ഥ​ന്മാ​രിൽ ഒരാളു​ടെ മകൻ കഫർന്ന​ഹൂ​മിൽ രോഗി​യാ​യി കിടപ്പു​ണ്ടാ​യി​രു​ന്നു. 47 യേശു യഹൂദ്യ​യിൽനിന്ന്‌ ഗലീല​യിൽ വന്നിട്ടു​ണ്ടെന്നു കേട്ട​പ്പോൾ ആ മനുഷ്യൻ യേശു​വി​ന്റെ അടുത്ത്‌ എത്തി, വന്ന്‌ തന്റെ മകനെ സുഖ​പ്പെ​ടു​ത്ത​ണമെന്ന്‌ അപേക്ഷി​ച്ചു. അവൻ മരിക്കാ​റാ​യി​രു​ന്നു. 48 എന്നാൽ യേശു അയാ​ളോട്‌, “അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണാതെ നിങ്ങൾ ഒരിക്ക​ലും വിശ്വ​സി​ക്കില്ല”+ എന്നു പറഞ്ഞു. 49 ആ ഉദ്യോ​ഗസ്ഥൻ യേശു​വിനോട്‌, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോ​കു​ന്ന​തി​നു മുമ്പേ വരേണമേ” എന്ന്‌ അപേക്ഷി​ച്ചു. 50 യേശു അയാ​ളോ​ടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. മകന്റെ രോഗം ഭേദമാ​യി.”+ ആ മനുഷ്യൻ യേശു പറഞ്ഞ വാക്കു വിശ്വ​സിച്ച്‌ അവി​ടെ​നിന്ന്‌ പോയി. 51 വഴിയിൽവെച്ചുതന്നെ അയാളു​ടെ അടിമകൾ അയാളെ കണ്ട്‌ മകന്റെ രോഗം മാറി എന്ന്‌ അറിയി​ച്ചു. 52 എപ്പോഴാണ്‌ അവന്റെ രോഗം മാറി​യത്‌ എന്ന്‌ അയാൾ തിരക്കി. “ഇന്നലെ ഏഴാം മണി* നേരത്ത്‌ അവന്റെ പനി വിട്ടു” എന്ന്‌ അവർ പറഞ്ഞു. 53 “മകന്റെ രോഗം ഭേദമാ​യി”+ എന്നു യേശു തന്നോടു പറഞ്ഞ അതേസ​മ​യ​ത്തു​തന്നെ​യാണ്‌ അതു സംഭവി​ച്ചതെന്ന്‌ ആ പിതാ​വി​നു മനസ്സി​ലാ​യി. അങ്ങനെ അയാളും വീട്ടി​ലുള്ള എല്ലാവ​രും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. 54 യഹൂദ്യയിൽനിന്ന്‌ ഗലീല​യിൽ വന്ന്‌ യേശു ചെയ്‌ത രണ്ടാമത്തെ അടയാ​ള​മാ​യി​രു​ന്നു ഇത്‌.+

5 അതിനു ശേഷം ജൂതന്മാ​രു​ടെ ഒരു ഉത്സവമുണ്ടായിരുന്നതുകൊണ്ട്‌+ യേശു യരുശലേ​മിലേക്കു പോയി. 2 യരുശലേമിലെ അജകവാടത്തിന്‌+ അരികെ ഒരു കുളമു​ണ്ടാ​യി​രു​ന്നു. എബ്രായ ഭാഷയിൽ ബേത്‌സഥ എന്നായി​രു​ന്നു അതിന്റെ പേര്‌. അതിനു ചുറ്റും അഞ്ചു മണ്ഡപവു​മു​ണ്ടാ​യി​രു​ന്നു. 3 അവിടെ പല തരം രോഗ​മു​ള്ളവർ, അന്ധർ, മുടന്തർ, കൈകാ​ലു​കൾ ശോഷിച്ചവർ* എന്നിങ്ങനെ ധാരാളം ആളുകൾ കിടപ്പു​ണ്ടാ​യി​രു​ന്നു. 4 *—— 5 38 വർഷമാ​യി രോഗി​യായ ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 6 അയാൾ അവിടെ കിടക്കു​ന്നതു യേശു കണ്ടു. ഏറെക്കാ​ല​മാ​യി അയാൾ കിടപ്പി​ലാണെന്നു മനസ്സി​ലാ​ക്കിയ യേശു അയാ​ളോട്‌, “അസുഖം മാറണമെ​ന്നു​ണ്ടോ”+ എന്നു ചോദി​ച്ചു. 7 രോഗിയായ മനുഷ്യൻ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, വെള്ളം കലങ്ങു​മ്പോൾ കുളത്തി​ലേക്ക്‌ എന്നെ ഇറക്കാൻ ആരുമില്ല. ഞാൻ എത്തു​മ്പോഴേ​ക്കും വേറെ ആരെങ്കി​ലും ഇറങ്ങി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും.” 8 യേശു അയാ​ളോട്‌, “എഴു​ന്നേറ്റ്‌ നിങ്ങളു​ടെ പായ* എടുത്ത്‌ നടക്ക്‌”+ എന്നു പറഞ്ഞു. 9 ഉടൻതന്നെ അയാളു​ടെ രോഗം ഭേദമാ​യി. അയാൾ പായ* എടുത്ത്‌ നടന്നു.

അന്നു ശബത്താ​യി​രു​ന്നു. 10 അതുകൊണ്ട്‌ ജൂതന്മാർ രോഗം ഭേദമായ മനുഷ്യ​നോ​ട്‌, “ഇന്നു ശബത്താ​യ​തുകൊണ്ട്‌ പായ* എടുത്തു​കൊ​ണ്ട്‌ നടക്കു​ന്നതു ശരിയല്ല”+ എന്നു പറഞ്ഞു. 11 പക്ഷേ അയാൾ അവരോ​ടു പറഞ്ഞു: “എന്റെ രോഗം ഭേദമാ​ക്കിയ ആൾത്ത​ന്നെ​യാണ്‌ എന്നോട്‌, ‘നിന്റെ പായ* എടുത്ത്‌ നടക്ക്‌’ എന്നു പറഞ്ഞത്‌.” 12 അവർ അയാ​ളോട്‌, “‘ഇത്‌ എടുത്ത്‌ നടക്ക്‌’ എന്നു തന്നോടു പറഞ്ഞത്‌ ആരാണ്‌” എന്നു ചോദി​ച്ചു. 13 പക്ഷേ യേശു അവി​ടെ​യുള്ള ജനക്കൂ​ട്ട​ത്തിന്‌ ഇടയിൽ മറഞ്ഞതു​കൊ​ണ്ട്‌, സുഖം പ്രാപിച്ച മനുഷ്യ​ന്‌ അത്‌ ആരാ​ണെന്ന്‌ അറിഞ്ഞു​കൂ​ടാ​യി​രു​ന്നു.

14 പിന്നീട്‌ ദേവാ​ല​യ​ത്തിൽവെച്ച്‌ അയാളെ കണ്ടപ്പോൾ യേശു പറഞ്ഞു: “നിങ്ങളു​ടെ രോഗം ഭേദമാ​യ​ല്ലോ. ഇതിലും മോശ​മാ​യതൊ​ന്നും വരാതി​രി​ക്കാൻ ഇനി പാപം ചെയ്യരു​ത്‌.” 15 തന്നെ സുഖ​പ്പെ​ടു​ത്തി​യതു യേശു​വാണെന്ന്‌ അയാൾ ചെന്ന്‌ ജൂതന്മാരോ​ടു പറഞ്ഞു. 16 യേശു ഇതു​പോ​ലുള്ള കാര്യങ്ങൾ ശബത്തിൽ ചെയ്യു​ന്നെന്ന കാരണം പറഞ്ഞാണു ജൂതന്മാർ യേശു​വി​നെ ദ്രോ​ഹി​ച്ചി​രു​ന്നത്‌. 17 എന്നാൽ യേശു അവരോ​ടു പറഞ്ഞു: “എന്റെ പിതാവ്‌ ഇപ്പോ​ഴും കർമനി​ര​ത​നാണ്‌; ഞാനും അതു​പോ​ലെ കർമനി​ര​ത​നാണ്‌.”+ 18 അതോടെ യേശു​വി​നെ കൊല്ലാ​നുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത്‌ ലംഘി​ക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ്‌ എന്നു വിളിച്ചുകൊണ്ട്‌+ തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും+ അവർക്കു തോന്നി.

19 അതുകൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പിതാവ്‌ ചെയ്‌തു​കാ​ണു​ന്നതു മാത്രമേ പുത്രനു ചെയ്യാ​നാ​കൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ പുത്രന്‌ ഒന്നും ചെയ്യാ​നാ​കില്ല. പിതാവ്‌ ചെയ്യു​ന്നതെ​ല്ലാം പുത്ര​നും അങ്ങനെ​തന്നെ ചെയ്യുന്നു. 20 പിതാവിനു പുത്രനെ ഇഷ്ടമായതുകൊണ്ട്‌+ പിതാവ്‌ ചെയ്യു​ന്നതെ​ല്ലാം പുത്രനു കാണി​ച്ചുകൊ​ടു​ക്കു​ന്നു. നിങ്ങളെ ആശ്ചര്യപ്പെ​ടു​ത്തുന്ന,+ ഇതിലും വലിയ കാര്യ​ങ്ങ​ളും പുത്രനു കാണി​ച്ചുകൊ​ടു​ക്കും. 21 പിതാവ്‌ മരിച്ച​വരെ ഉയിർപ്പി​ച്ച്‌ അവർക്കു ജീവൻ കൊടുക്കുന്നതുപോലെ+ പുത്ര​നും താൻ ആഗ്രഹി​ക്കു​ന്ന​വർക്കു ജീവൻ കൊടു​ക്കു​ന്നു.+ 22 പിതാവ്‌ ആരെയും വിധി​ക്കു​ന്നില്ല. വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മുഴുവൻ പുത്രനെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+ 23 എല്ലാവരും പിതാ​വി​നെ ബഹുമാ​നി​ക്കു​ന്ന​തുപോ​ലെ പുത്രനെ​യും ബഹുമാ​നിക്കേ​ണ്ട​തി​നാ​ണു പിതാവ്‌ അങ്ങനെ ചെയ്‌തത്‌. പുത്രനെ ബഹുമാ​നി​ക്കാ​ത്തവൻ അവനെ അയച്ച പിതാ​വിനെ​യും ബഹുമാ​നി​ക്കു​ന്നില്ല.+ 24 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ വചനം കേട്ട്‌ എന്നെ അയച്ച പിതാ​വി​നെ വിശ്വ​സി​ക്കു​ന്ന​യാൾക്കു നിത്യ​ജീ​വ​നുണ്ട്‌.+ അയാൾ ന്യായ​വി​ധി​യിലേക്കു വരാതെ മരണത്തിൽനി​ന്ന്‌ ജീവനി​ലേക്കു കടന്നി​രി​ക്കു​ന്നു.+

25 “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മരിച്ചവർ ദൈവ​പുത്രന്റെ ശബ്ദം കേൾക്കു​ക​യും കേട്ടനു​സ​രി​ക്കു​ന്നവർ ജീവി​ക്കു​ക​യും ചെയ്യുന്ന സമയം വരുന്നു. അത്‌ ഇപ്പോൾത്തന്നെ വന്നിരി​ക്കു​ന്നു. 26 പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ*+ പുത്ര​നും തന്നിൽത്തന്നെ ജീവനുണ്ടായിരിക്കാൻ+ പിതാവ്‌ അനുമതി കൊടു​ത്തു. 27 അവൻ മനുഷ്യപുത്രനായതുകൊണ്ട്‌+ പിതാവ്‌ അവനു വിധി​ക്കാ​നുള്ള അധികാ​ര​വും കൊടു​ത്തി​രി​ക്കു​ന്നു.+ 28 ഇതിൽ ആശ്ചര്യപ്പെടേ​ണ്ട​തില്ല. സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.+ 29 നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും മോശ​മായ കാര്യങ്ങൾ ചെയ്‌തവർക്ക്‌* അതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും ആയിരി​ക്കും.+ 30 എനിക്കു സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാ​നാ​കില്ല. പിതാവ്‌ പറയു​ന്ന​തുപോലെ​യാ​ണു ഞാൻ വിധി​ക്കു​ന്നത്‌. എന്റെ വിധി നീതി​യു​ള്ള​താണ്‌.+ കാരണം എനിക്ക്‌ എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌ ആഗ്രഹം.+

31 “ഞാൻ മാത്ര​മാണ്‌ എന്നെക്കു​റിച്ച്‌ പറയു​ന്നതെ​ങ്കിൽ എന്റെ വാക്കുകൾ സത്യമല്ല.+ 32 എന്നാൽ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്ന മറ്റൊ​രാ​ളുണ്ട്‌. എന്നെക്കു​റിച്ച്‌ അയാൾ പറയു​ന്നതു സത്യമാ​ണെന്ന്‌ എനിക്ക്‌ അറിയാം.+ 33 നിങ്ങൾ യോഹ​ന്നാ​ന്റെ അടു​ത്തേക്ക്‌ ആളുകളെ അയച്ചല്ലോ. യോഹ​ന്നാൻ സത്യത്തി​നു സാക്ഷി പറഞ്ഞു.+ 34 എന്നാൽ മനുഷ്യ​ന്റെ സാക്ഷിമൊ​ഴി എനിക്ക്‌ ആവശ്യ​മില്ല. എങ്കിലും നിങ്ങൾക്കു രക്ഷ കിട്ടാ​നാ​ണു ഞാൻ ഇതൊക്കെ പറയു​ന്നത്‌. 35 യോഹന്നാൻ കത്തിജ്വ​ലി​ക്കുന്ന ഒരു വിളക്കാ​യി​രു​ന്നു. അൽപ്പസ​മ​യത്തേക്ക്‌ ആ മനുഷ്യ​ന്റെ പ്രകാ​ശ​ത്തിൽ സന്തോ​ഷി​ക്കാ​നും നിങ്ങൾ തയ്യാറാ​യി.+ 36 എന്നാൽ എനിക്കു യോഹ​ന്നാന്റേ​തിനെ​ക്കാൾ വലിയ സാക്ഷ്യ​മുണ്ട്‌. ചെയ്‌തു​തീർക്കാ​നാ​യി എന്റെ പിതാവ്‌ എന്നെ ഏൽപ്പി​ച്ച​തും ഞാൻ ചെയ്യു​ന്ന​തും ആയ പ്രവൃ​ത്തി​കൾ പിതാവ്‌ എന്നെ അയച്ചു എന്നതിനു തെളി​വാണ്‌.+ 37 എന്നെ അയച്ച പിതാവ്‌ നേരി​ട്ടും എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.+ നിങ്ങൾ ഒരിക്ക​ലും പിതാ​വി​ന്റെ ശബ്ദം കേട്ടി​ട്ടില്ല, രൂപം കണ്ടിട്ടില്ല.+ 38 പിതാവ്‌ അയച്ചവനെ നിങ്ങൾ വിശ്വ​സി​ക്കാ​ത്ത​തുകൊണ്ട്‌ പിതാ​വി​ന്റെ വചനം നിങ്ങളിൽ വസിക്കു​ന്നു​മില്ല.

39 “തിരുവെ​ഴു​ത്തു​ക​ളി​ലൂ​ടെ നിത്യ​ജീ​വൻ കിട്ടു​മെന്നു കരുതി നിങ്ങൾ അതു പരി​ശോ​ധി​ക്കു​ന്നു.+ എന്നാൽ അതേ തിരുവെ​ഴു​ത്തു​കൾതന്നെ​യാണ്‌ എന്നെക്കു​റി​ച്ചും സാക്ഷി പറയു​ന്നത്‌.+ 40 എന്നിട്ടും ജീവൻ കിട്ടാൻവേണ്ടി എന്റെ അടുത്ത്‌ വരാൻ നിങ്ങൾക്കു മനസ്സില്ല.+ 41 എനിക്കു മനുഷ്യ​രിൽനി​ന്നുള്ള പ്രശംസ ആവശ്യ​മില്ല. 42 എന്നാൽ നിങ്ങൾ അങ്ങനെയല്ല. നിങ്ങളു​ടെ ഉള്ളിൽ ദൈവ​സ്‌നേ​ഹ​മില്ലെന്ന്‌ എനിക്കു നന്നായി അറിയാം. 43 ഞാൻ എന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നിരി​ക്കു​ന്നു. എന്നിട്ടും നിങ്ങൾ എന്നെ സ്വീക​രി​ക്കു​ന്നില്ല. പക്ഷേ ആരെങ്കി​ലും സ്വന്തനാ​മ​ത്തിൽ വന്നിരുന്നെ​ങ്കിൽ നിങ്ങൾ അയാളെ സ്വീക​രി​ക്കു​മാ​യി​രു​ന്നു. 44 ഏകദൈവത്തിൽനിന്ന്‌ പ്രശംസ നേടാൻ ശ്രമി​ക്കു​ന്ന​തി​നു പകരം മനുഷ്യ​രിൽനിന്ന്‌ പ്രശംസ നേടാൻ ശ്രമി​ക്കുന്ന നിങ്ങൾക്ക്‌ എങ്ങനെ എന്നെ വിശ്വ​സി​ക്കാൻ കഴിയും?+ 45 ഞാൻ നിങ്ങളെ പിതാ​വി​ന്റെ മുന്നിൽ കുറ്റ​പ്പെ​ടു​ത്തുമെന്നു വിചാ​രി​ക്ക​രുത്‌. നിങ്ങളു​ടെ മേൽ കുറ്റം ആരോ​പി​ക്കുന്ന ഒരാളു​ണ്ട്‌; നിങ്ങൾ പ്രത്യാശ വെച്ചി​ട്ടുള്ള മോശ​തന്നെ.+ 46 വാസ്‌തവത്തിൽ നിങ്ങൾ മോശയെ വിശ്വ​സി​ച്ചി​രുന്നെ​ങ്കിൽ എന്നെയും വിശ്വ​സി​ക്കു​മാ​യി​രു​ന്നു. കാരണം മോശ എന്നെക്കു​റിച്ച്‌ എഴുതി​യി​ട്ടുണ്ട്‌.+ 47 മോശ എഴുതി​യതു നിങ്ങൾ വിശ്വ​സി​ക്കു​ന്നില്ലെ​ങ്കിൽ പിന്നെ ഞാൻ പറയു​ന്നത്‌ എങ്ങനെ വിശ്വ​സി​ക്കാ​നാണ്‌?”

6 ഇതിനു ശേഷം യേശു തിബെ​ര്യാസ്‌ എന്നും പേരുള്ള ഗലീല​ക്ക​ട​ലി​ന്റെ അക്കരയ്‌ക്കു പോയി.+ 2 രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്‌+ യേശു ചെയ്യുന്ന അത്ഭുതങ്ങൾ കണ്ടിട്ട്‌ വലി​യൊ​രു ജനക്കൂട്ടം യേശു​വി​നെ അനുഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 3 യേശു ഒരു മലയിൽ കയറി ശിഷ്യ​ന്മാ​രുടെ​കൂ​ടെ അവിടെ ഇരുന്നു. 4 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തി​രു​ന്നു. 5 വലിയൊരു ജനക്കൂട്ടം തന്റെ അടു​ത്തേക്കു വരുന്നതു കണ്ടപ്പോൾ യേശു ഫിലിപ്പോ​സിനോട്‌, “ഇവർക്കെ​ല്ലാം കഴിക്കാൻ നമ്മൾ എവി​ടെ​നിന്ന്‌ അപ്പം വാങ്ങും”+ എന്നു ചോദി​ച്ചു. 6 എന്നാൽ ഫിലിപ്പോ​സി​നെ പരീക്ഷി​ക്കാൻവേ​ണ്ടി​യാ​ണു യേശു ഇതു ചോദി​ച്ചത്‌. കാരണം, താൻ ചെയ്യാൻ പോകു​ന്നത്‌ എന്താ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. 7 ഫിലിപ്പോസ്‌ യേശു​വിനോട്‌, “200 ദിനാറെക്ക്‌* അപ്പം വാങ്ങി​യാൽപ്പോ​ലും ഓരോ​രു​ത്തർക്കും അൽപ്പ​മെ​ങ്കി​ലും കൊടു​ക്കാൻ തികയില്ല” എന്നു പറഞ്ഞു. 8 യേശുവിന്റെ ഒരു ശിഷ്യ​നും ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നും ആയ അന്ത്ര​യോസ്‌ യേശു​വിനോ​ടു പറഞ്ഞു: 9 “ഈ കുട്ടി​യു​ടെ കൈയിൽ അഞ്ചു ബാർളി​യ​പ്പ​വും രണ്ടു ചെറിയ മീനും ഉണ്ട്‌. എന്നാൽ ഇത്രയ​ധി​കം പേർക്ക്‌ ഇതു​കൊണ്ട്‌ എന്താകാ​നാണ്‌?”+

10 അപ്പോൾ യേശു, “ആളുകളോടെ​ല്ലാം ഇരിക്കാൻ പറയുക” എന്നു പറഞ്ഞു. ആ സ്ഥലത്ത്‌ ധാരാളം പുല്ലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ അവർ അവിടെ ഇരുന്നു. ഏകദേശം 5,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു.+ 11 യേശു അപ്പം എടുത്ത്‌, ദൈവത്തോ​ടു നന്ദി പറഞ്ഞ​ശേഷം അവർക്കെ​ല്ലാം കൊടു​ത്തു. മീനും അങ്ങനെ​തന്നെ വിളമ്പി. എല്ലാവർക്കും വേണ്ടുവോ​ളം കിട്ടി. 12 എല്ലാവരും വയറു നിറച്ച്‌ കഴിച്ചു​ക​ഴി​ഞ്ഞപ്പോൾ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “മിച്ചമുള്ള കഷണങ്ങളെ​ല്ലാം എടുക്കുക. ഒന്നും കളയരു​ത്‌.” 13 അങ്ങനെ അവർ അവ കൊട്ട​ക​ളിൽ നിറച്ചു. അഞ്ചു ബാർളി​യ​പ്പ​ത്തിൽനിന്ന്‌ ആളുകൾ തിന്ന​ശേഷം ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറ​യെ​യു​ണ്ടാ​യി​രു​ന്നു.

14 യേശു ചെയ്‌ത അടയാളം കണ്ടപ്പോൾ, “ലോക​ത്തേക്കു വരാനി​രുന്ന പ്രവാ​ചകൻ ഇദ്ദേഹം​തന്നെ”+ എന്ന്‌ ആളുകൾ പറയാൻതു​ടങ്ങി. 15 അവർ വന്ന്‌ തന്നെ പിടിച്ച്‌ രാജാ​വാ​ക്കാൻപോ​കുന്നെന്ന്‌ അറിഞ്ഞ യേശു തനിച്ച്‌ വീണ്ടും മലയി​ലേക്കു പോയി.+

16 സന്ധ്യയായപ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാർ കടപ്പു​റത്തേക്കു ചെന്നു.+ 17 അവർ ഒരു വള്ളത്തിൽ കയറി കടലിന്‌ അക്കരെ​യുള്ള കഫർന്ന​ഹൂ​മിലേക്കു പുറ​പ്പെട്ടു. അപ്പോൾ ഇരുട്ടു വീണി​രു​ന്നു. യേശു അവരുടെ അടുത്ത്‌ എത്തിയി​രു​ന്നു​മില്ല.+ 18 ശക്തമായ ഒരു കാറ്റ്‌ അടിച്ചി​ട്ട്‌ കടൽ ക്ഷോഭി​ക്കാൻതു​ടങ്ങി.+ 19 അവർ തുഴഞ്ഞ്‌ അഞ്ചോ ആറോ കിലോമീറ്റർ* പിന്നി​ട്ടപ്പോൾ യേശു കടലിനു മുകളി​ലൂ​ടെ നടന്ന്‌ വള്ളത്തിന്‌ അടു​ത്തേക്കു വരുന്നതു കണ്ടു. അവർ പേടി​ച്ചുപോ​യി. 20 എന്നാൽ യേശു അവരോ​ട്‌, “എന്തിനാ പേടി​ക്കു​ന്നത്‌? ഇതു ഞാനാണ്‌” എന്നു പറഞ്ഞു.+ 21 അതു കേട്ട​തോ​ടെ അവർ യേശു​വി​നെ വള്ളത്തിൽ കയറ്റി. പെട്ടെ​ന്നു​തന്നെ അവർക്ക്‌ എത്തേണ്ട സ്ഥലത്ത്‌ വള്ളം എത്തി.+

22 എന്നാൽ കടലിൽ ഒരു ചെറിയ വള്ളമേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നും യേശു​വി​നെ കൂടാതെ ശിഷ്യ​ന്മാർ മാത്ര​മാ​ണു വള്ളത്തിൽ കയറി പോയതെ​ന്നും കടലിന്‌ അക്കരെ​യുള്ള ജനക്കൂട്ടം പിറ്റേന്നു മനസ്സി​ലാ​ക്കി. 23 ആ സമയത്താ​ണു തിബെ​ര്യാ​സിൽനി​ന്നുള്ള വള്ളങ്ങൾ എത്തുന്നത്‌. കർത്താവ്‌ ദൈവത്തോ​ടു നന്ദി പറഞ്ഞ്‌ അവർക്ക്‌ അപ്പം കൊടുത്ത സ്ഥലത്തിന്‌ അടുത്ത്‌ ആ വള്ളങ്ങൾ വന്നടുത്തു. 24 യേശുവോ ശിഷ്യ​ന്മാ​രോ അവി​ടെ​യില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം ആ വള്ളങ്ങളിൽ കയറി യേശു​വി​നെ തിരഞ്ഞ്‌ കഫർന്ന​ഹൂ​മിൽ എത്തി.

25 കടലിന്‌ അക്കരെ യേശു​വി​നെ കണ്ടപ്പോൾ അവർ, “റബ്ബീ,+ അങ്ങ്‌ എപ്പോ​ഴാണ്‌ ഇവിടെ എത്തിയത്‌” എന്നു ചോദി​ച്ചു. 26 യേശു അവരോ​ടു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ എന്നെ അന്വേ​ഷി​ക്കു​ന്നത്‌ അടയാ​ളങ്ങൾ കണ്ടതുകൊ​ണ്ടല്ല, അപ്പം കഴിച്ച്‌ തൃപ്‌ത​രാ​യ​തുകൊ​ണ്ടാണ്‌.+ 27 നശിച്ചുപോകുന്ന ആഹാര​ത്തി​നുവേ​ണ്ടി​യല്ല, നിത്യ​ജീ​വൻ നേടി​ത്ത​രുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി+ പ്രയത്‌നി​ക്കുക. മനുഷ്യ​പു​ത്രൻ നിങ്ങൾക്ക്‌ അതു തരും. കാരണം പിതാ​വായ ദൈവം മനുഷ്യ​പുത്രന്റെ മേൽ തന്റെ അംഗീ​കാ​ര​ത്തി​ന്റെ മുദ്ര പതിപ്പി​ച്ചി​രി​ക്കു​ന്നു.”+

28 അപ്പോൾ അവർ യേശു​വിനോട്‌, “ദൈവ​ത്തി​ന്റെ അംഗീ​കാ​രം കിട്ടാൻ ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. 29 യേശു പറഞ്ഞു: “ദൈവം അയച്ചവനെ വിശ്വ​സി​ക്കുക; അതാണു ദൈവം അംഗീ​ക​രി​ക്കുന്ന പ്രവൃത്തി.”+ 30 അപ്പോൾ അവർ പറഞ്ഞു: “അതിനു​വേണ്ടി അങ്ങ്‌ എന്താണു ചെയ്യാൻപോ​കു​ന്നത്‌? എന്ത്‌ അടയാളം കാണി​ക്കും?+ അതു കണ്ടാൽ ഞങ്ങൾക്ക്‌ അങ്ങയെ വിശ്വ​സി​ക്കാ​മ​ല്ലോ. 31 നമ്മുടെ പൂർവി​കർ വിജന​ഭൂ​മി​യിൽവെച്ച്‌ മന്ന കഴിച്ചി​ല്ലേ?+ ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗ​ത്തിൽനിന്ന്‌ അപ്പം കൊടു​ത്തു’+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.” 32 അപ്പോൾ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗ​ത്തിൽനിന്ന്‌ അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ്‌ സ്വർഗ​ത്തിൽനിന്ന്‌ ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു. 33 ദൈവത്തിന്റെ അപ്പമോ, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ ലോക​ത്തി​നു ജീവൻ നൽകു​ന്ന​വ​നാണ്‌.” 34 അപ്പോൾ അവർ യേശു​വിനോട്‌, “കർത്താവേ, ഞങ്ങൾക്ക്‌ എപ്പോ​ഴും ആ അപ്പം തരണേ” എന്നു പറഞ്ഞു.

35 യേശു അവരോ​ടു പറഞ്ഞു: “ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത്‌ വരുന്ന​വന്‌ ഒരിക്ക​ലും വിശക്കില്ല. എന്നിൽ വിശ്വ​സി​ക്കു​ന്ന​വന്‌ ഒരിക്ക​ലും ദാഹി​ക്കു​ക​യു​മില്ല.+ 36 എന്നാൽ ഞാൻ പറഞ്ഞതുപോ​ലെ, നിങ്ങൾ എന്നെ കണ്ടിട്ടുപോ​ലും വിശ്വ​സി​ക്കു​ന്നില്ല.+ 37 പിതാവ്‌ എനിക്കു തരുന്ന​വരെ​ല്ലാം എന്റെ അടുത്ത്‌ വരും. എന്റെ അടുത്ത്‌ വരുന്ന​വനെ ഞാൻ ഒരിക്ക​ലും ഒഴിവാ​ക്കു​ക​യു​മില്ല.+ 38 കാരണം ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്നത്‌+ എന്റെ സ്വന്തം ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌.+ 39 എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടമോ, പിതാവ്‌ എനിക്കു തന്നവരിൽ ആരും നഷ്ടപ്പെ​ട്ടുപോ​ക​രുതെ​ന്നും അവസാ​ന​നാ​ളിൽ അവരെയെ​ല്ലാം ഞാൻ ഉയിർപ്പിക്കണം+ എന്നും ആണ്‌. 40 പുത്രനെ അംഗീ​ക​രിച്ച്‌ അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യജീവൻ+ കിട്ടണമെ​ന്ന​താണ്‌ എന്റെ പിതാ​വി​ന്റെ ഇഷ്ടം. അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പി​ക്കും.”+

41 “ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന അപ്പമാണ്‌”+ എന്നു യേശു പറഞ്ഞതു​കൊ​ണ്ട്‌ ജൂതന്മാർ യേശു​വിന്‌ എതിരെ പിറു​പി​റു​ക്കാൻതു​ടങ്ങി. 42 അവർ ചോദി​ച്ചു: “ഇവൻ യോ​സേ​ഫി​ന്റെ മകനായ യേശു​വല്ലേ? ഇവന്റെ അപ്പനെ​യും അമ്മയെ​യും നമുക്ക്‌ അറിയാ​വു​ന്ന​തല്ലേ?+ പിന്നെ എന്താ, ‘ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​ന്ന​താണ്‌’ എന്ന്‌ ഇവൻ പറയു​ന്നത്‌?” 43 അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പിറു​പി​റുക്കേണ്ടാ. 44 എന്നെ അയച്ച പിതാവ്‌ ആകർഷി​ക്കാ​തെ ഒരു മനുഷ്യ​നും എന്റെ അടുത്ത്‌ വരാൻ കഴിയില്ല.+ അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പി​ക്കും.+ 45 ‘അവരെയെ​ല്ലാം യഹോവ* പഠിപ്പി​ക്കും’+ എന്നു പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. പിതാ​വിൽനിന്ന്‌ കേട്ടു​പ​ഠി​ച്ച​വരെ​ല്ലാം എന്റെ അടു​ത്തേക്കു വരുന്നു. 46 ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ്‌ ഏതെങ്കി​ലും മനുഷ്യൻ പിതാ​വി​നെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന്‌ അർഥം. എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ളവൻ പിതാ​വി​നെ കണ്ടിട്ടു​ണ്ട്‌.+ 47 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌.+

48 “ഞാനാണു ജീവന്റെ അപ്പം.+ 49 നിങ്ങളുടെ പൂർവി​കർ വിജന​ഭൂ​മി​യിൽവെച്ച്‌ മന്ന കഴിച്ചി​ട്ടും മരിച്ചുപോ​യ​ല്ലോ.+ 50 എന്നാൽ ഈ അപ്പം സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രുന്ന അപ്പമാണ്‌. ഇതു കഴിക്കു​ന്ന​യാൾ മരിക്കില്ല. 51 ഞാനാണു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നു​ന്ന​യാൾ എന്നും ജീവി​ച്ചി​രി​ക്കും. ലോക​ത്തി​ന്റെ ജീവനുവേ​ണ്ടി​യുള്ള എന്റെ മാംസ​മാ​ണു ഞാൻ കൊടു​ക്കാ​നി​രി​ക്കുന്ന അപ്പം.”+

52 അപ്പോൾ ജൂതന്മാർ, “ഇവൻ എങ്ങനെ ഇവന്റെ മാംസം നമുക്കു തിന്നാൻ തരും” എന്നു പറഞ്ഞ്‌ തമ്മിൽ തർക്കിച്ചു. 53 അപ്പോൾ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ മനുഷ്യ​പുത്രന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്നില്ലെ​ങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.+ 54 എന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾക്കു നിത്യ​ജീ​വ​നുണ്ട്‌. അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പി​ക്കും.+ 55 കാരണം എന്റെ മാംസം യഥാർഥ​ഭ​ക്ഷ​ണ​വും എന്റെ രക്തം യഥാർഥ​പാ​നീ​യ​വും ആണ്‌. 56 എന്റെ മാംസം തിന്നു​ക​യും എന്റെ രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാ​യി​രി​ക്കും.+ 57 ജീവനുള്ള പിതാവ്‌ എന്നെ അയയ്‌ക്കു​ക​യും ഞാൻ പിതാവ്‌ കാരണം ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യു​ന്ന​തുപോലെ​തന്നെ എന്റെ മാംസം തിന്നു​ന്ന​യാൾ ഞാൻ കാരണം ജീവി​ച്ചി​രി​ക്കും.+ 58 ഇതു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന അപ്പമാണ്‌. നിങ്ങളു​ടെ പൂർവി​കർ തിന്ന മന്നപോ​ലെയല്ല ഇത്‌. അവർ അതു തിന്നെ​ങ്കി​ലും മരിച്ചു. എന്നാൽ ഈ അപ്പം തിന്നു​ന്ന​യാൾ എന്നും ജീവി​ച്ചി​രി​ക്കും.”+ 59 കഫർന്നഹൂമിലെ ഒരു സിന​ഗോ​ഗിൽ* പഠിപ്പി​ക്കുമ്പോ​ഴാ​ണു യേശു ഇതൊക്കെ പറഞ്ഞത്‌.

60 ഇതു കേട്ട​പ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ പലരും പറഞ്ഞു: “ഹൊ, എന്തൊക്കെ​യാണ്‌ ഇദ്ദേഹം ഈ പറയു​ന്നത്‌? ഇതൊക്കെ കേട്ടു​നിൽക്കാൻ ആർക്കു കഴിയും!” 61 ശിഷ്യന്മാർ ഇതെക്കു​റിച്ച്‌ പിറു​പി​റു​ക്കുന്നെന്നു മനസ്സി​ലാ​ക്കിയ യേശു ചോദി​ച്ചു: “ഇതു നിങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കി​യോ? 62 അങ്ങനെയെങ്കിൽ മനുഷ്യ​പു​ത്രൻ എവി​ടെ​നിന്ന്‌ വന്നോ അവി​ടേക്കു കയറിപ്പോ​കു​ന്നതു നിങ്ങൾ കണ്ടാലോ?+ 63 ദൈവാത്മാവാണു ജീവൻ തരുന്നത്‌.+ ശരീരം​കൊ​ണ്ട്‌ ഒരു ഉപകാ​ര​വു​മില്ല. ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ വചനങ്ങ​ളാണ്‌ ആത്മാവും ജീവനും.+ 64 എന്നാൽ, വിശ്വ​സി​ക്കാത്ത ചിലർ നിങ്ങൾക്കി​ട​യി​ലുണ്ട്‌.” വിശ്വ​സി​ക്കാ​ത്തവർ ആരാ​ണെ​ന്നും തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെ​ന്നും ആദ്യം​മു​തലേ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.+ 65 യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “പിതാവ്‌ അനുവ​ദി​ച്ചി​ട്ട​ല്ലാ​തെ ആർക്കും എന്റെ അടുത്ത്‌ വരാൻ കഴിയി​ല്ലെന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌ ഇതു​കൊ​ണ്ടാണ്‌.”+

66 ഇതു കേട്ടിട്ട്‌ യേശു​വി​ന്റെ ശിഷ്യ​രിൽ പലരും അവർ വിട്ടി​ട്ടുപോന്ന കാര്യ​ങ്ങ​ളിലേക്കു തിരി​ച്ചുപോ​യി.+ അവർ യേശു​വിന്റെ​കൂ​ടെ നടക്കു​ന്നതു നിറുത്തി. 67 അപ്പോൾ യേശു പന്ത്രണ്ടു പേരോ​ട്‌,* “നിങ്ങൾക്കും പോക​ണമെ​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. 68 ശിമോൻ പത്രോ​സ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടു​ത്തേക്കു പോകാ​നാണ്‌?+ നിത്യ​ജീ​വന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌!+ 69 അങ്ങ്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധനെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു, അതു ഞങ്ങൾക്കു മനസ്സി​ലാ​യി​ട്ടു​മുണ്ട്‌.”+ 70 യേശു അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിര​ഞ്ഞെ​ടു​ത്തു, ഇല്ലേ?+ എങ്കിലും നിങ്ങളിൽ ഒരാൾ പരദൂ​ഷണം പറയു​ന്ന​വ​നാണ്‌.”*+ 71 യേശു പറഞ്ഞതു ശിമോൻ ഈസ്‌കര്യോ​ത്തി​ന്റെ മകനായ യൂദാ​സിനെ​ക്കു​റി​ച്ചാ​യി​രു​ന്നു. കാരണം പന്ത്രണ്ടു പേരിൽ ഒരാളാ​യി​രുന്നെ​ങ്കി​ലും യൂദാസ്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.+

7 ഇതിനു ശേഷം യേശു ഗലീല​യിൽ ചുറ്റി സഞ്ചരി​ച്ചുകൊ​ണ്ടി​രു​ന്നു. ജൂതന്മാർ കൊല്ലാൻ നോക്കുന്നതുകൊണ്ട്‌+ യഹൂദ്യ​യിലേക്കു പോകാൻ യേശു ആഗ്രഹി​ച്ചില്ല. 2 എന്നാൽ ജൂതന്മാ​രു​ടെ കൂടാരോത്സവം+ അടുത്തി​രു​ന്ന​തുകൊണ്ട്‌ 3 യേശുവിന്റെ അനിയന്മാർ+ യേശു​വിനോ​ടു പറഞ്ഞു: “ഇവിടെ നിൽക്കാ​തെ യഹൂദ്യ​യിലേക്കു പോകൂ. യേശു ചെയ്യു​ന്നതൊ​ക്കെ ശിഷ്യ​ന്മാ​രും കാണട്ടെ. 4 പ്രസിദ്ധി ആഗ്രഹി​ക്കുന്ന ആരും രഹസ്യ​മാ​യിട്ട്‌ ഒന്നും ചെയ്യാ​റി​ല്ല​ല്ലോ. ഇതൊക്കെ ചെയ്യുന്ന സ്ഥിതിക്കു യേശു​വി​നെ ലോകം കാണട്ടെ.” 5 എന്നാൽ യേശു​വി​ന്റെ അനിയ​ന്മാർ യേശു​വിൽ വിശ്വ​സി​ച്ചി​രു​ന്നില്ല.+ 6 അതുകൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല.+ നിങ്ങൾക്കു പക്ഷേ, ഏതു സമയമാ​യാ​ലും കുഴപ്പ​മി​ല്ല​ല്ലോ. 7 നിങ്ങളെ വെറു​ക്കാൻ ലോക​ത്തി​നു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃ​ത്തി​കൾ ദുഷി​ച്ച​താണെന്നു ഞാൻ സാക്ഷി പറയു​ന്ന​തുകൊണ്ട്‌ ലോകം എന്നെ വെറു​ക്കു​ന്നു.+ 8 നിങ്ങൾ ഉത്സവത്തി​നു പൊയ്‌ക്കോ. ഇതുവരെ എന്റെ സമയമാ​കാ​ത്ത​തുകൊണ്ട്‌ ഞാൻ ഇപ്പോൾ ഉത്സവത്തി​നു വരുന്നില്ല.”+ 9 അവരോട്‌ ഇങ്ങനെ പറഞ്ഞിട്ട്‌ യേശു ഗലീല​യിൽത്തന്നെ താമസി​ച്ചു.

10 എന്നാൽ യേശു​വി​ന്റെ അനിയ​ന്മാർ ഉത്സവത്തി​നു പോയി​ക്ക​ഴി​ഞ്ഞപ്പോൾ യേശു​വും പോയി. പരസ്യ​മാ​യി​ട്ടല്ല, രഹസ്യ​മാ​യി​ട്ടാ​ണു പോയത്‌. 11 “ആ മനുഷ്യൻ എവിടെ” എന്നു ചോദി​ച്ചുകൊണ്ട്‌ ജൂതന്മാർ ഉത്സവത്തി​നി​ടെ യേശു​വി​നെ അന്വേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 12 ജനമെല്ലാം യേശു​വിനെ​ക്കു​റിച്ച്‌ അടക്കം പറഞ്ഞു. “യേശു ഒരു നല്ല മനുഷ്യ​നാണ്‌” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴി​തെ​റ്റി​ക്കു​ന്ന​വ​നാണ്‌”+ എന്നു മറ്റു ചിലരും പറഞ്ഞു. 13 എന്നാൽ ജൂതന്മാ​രെ പേടി​ച്ചിട്ട്‌ ആരും യേശു​വിനെ​ക്കു​റിച്ച്‌ പരസ്യ​മാ​യി സംസാ​രി​ച്ചില്ല.+

14 ഉത്സവം പകുതി​യാ​യപ്പോൾ യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. 15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ* പഠിച്ചിട്ടില്ലാത്ത+ യേശു​വി​നു തിരുവെഴുത്തുകളെക്കുറിച്ച്‌* ഇത്രമാ​ത്രം അറിവ്‌ എവി​ടെ​നിന്ന്‌ കിട്ടി”+ എന്ന്‌ ആശ്ചര്യത്തോ​ടെ ചോദി​ച്ചു. 16 യേശു അവരോ​ടു പറഞ്ഞു: “ഞാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവ​ത്തിന്റേ​താണ്‌.+ 17 ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹി​ക്കു​ന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതാണോ+ അതോ എന്റെ സ്വന്തം ആശയമാ​ണോ എന്നു തിരി​ച്ച​റി​യും. 18 സ്വന്തം ആശയങ്ങൾ പറയു​ന്നവൻ തനിക്കു മഹത്ത്വം കിട്ടണ​മെന്ന്‌ ആഗ്രഹി​ക്കു​ന്നു. എന്നാൽ തന്നെ അയച്ചവന്റെ മഹത്ത്വ​ത്തി​നാ​യി പ്രവർത്തിക്കുന്നവൻ+ സത്യവാ​നാണ്‌. അവനിൽ നീതികേ​ടില്ല. 19 മോശ നിങ്ങൾക്കു നിയമം നൽകി​യ​ല്ലോ.+ പക്ഷേ നിങ്ങളിൽ ഒരാൾപ്പോ​ലും അത്‌ അനുസ​രി​ക്കു​ന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ നോക്കു​ന്നത്‌ എന്തിനാ​ണ്‌?”+ 20 ജനം യേശു​വിനോ​ടു പറഞ്ഞു: “അതിന്‌ ആരാണു നിങ്ങളെ കൊല്ലാൻ നോക്കു​ന്നത്‌? നിങ്ങൾക്കു ഭൂതം ബാധി​ച്ചി​ട്ടുണ്ട്‌.” 21 അപ്പോൾ യേശു പറഞ്ഞു: “ഞാൻ ഒരു കാര്യം ചെയ്‌തു. അതു കണ്ടപ്പോൾ നിങ്ങ​ളെ​ല്ലാം ആശ്ചര്യപ്പെ​ട്ടുപോ​യി. 22 അങ്ങനെയെങ്കിൽ മോശ ഏർപ്പെ​ടു​ത്തിയ പരി​ച്ഛേ​ദ​ന​യോ?*+ (പരി​ച്ഛേദന വാസ്‌ത​വ​ത്തിൽ മോശ​യിൽനി​ന്നല്ല, പൂർവി​ക​രിൽനി​ന്നാ​ണു വന്നത്‌.)+ നിങ്ങൾ ശബത്തിൽ മനുഷ്യ​നെ പരി​ച്ഛേദന ചെയ്യുന്നു. 23 മോശയുടെ നിയമം ലംഘി​ക്കാ​തി​രി​ക്കാൻ ഒരാളെ ശബത്തിൽ പരി​ച്ഛേദന ചെയ്യാമെ​ങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യ​നെ പൂർണ​മാ​യി സുഖ​പ്പെ​ടു​ത്തി​യ​തി​നു നിങ്ങൾ എന്റെ നേരെ രോഷംകൊ​ള്ളു​ന്നത്‌ എന്തിനാ​ണ്‌?+ 24 പുറമേ കാണു​ന്ന​തുവെച്ച്‌ വിധി​ക്കാ​തെ നീതിയോ​ടെ വിധി​ക്കുക.”+

25 അപ്പോൾ യരുശലേം​കാ​രിൽ ചിലർ ചോദി​ച്ചു: “ഈ മനുഷ്യനെ​യല്ലേ അവർ കൊല്ലാൻ നോക്കു​ന്നത്‌?+ 26 എന്നിട്ടും കണ്ടോ, അയാൾ പരസ്യ​മാ​യി സംസാ​രി​ക്കു​ന്നു. അവരാ​കട്ടെ ഒന്നും പറയു​ന്നു​മില്ല. ഇനി ഇതു ക്രിസ്‌തു​വാണെന്നു പ്രമാ​ണി​മാർക്ക്‌ ഉറപ്പാ​യി​ക്കാ​ണു​മോ? 27 പക്ഷേ ഈ മനുഷ്യൻ എവി​ടെ​നി​ന്നാണെന്നു നമുക്ക്‌ അറിയാ​മ​ല്ലോ.+ എന്നാൽ ക്രിസ്‌തു വരു​മ്പോൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്കും അറിയാൻ പറ്റില്ല.” 28 ദേവാലയത്തിൽ പഠിപ്പി​ച്ചുകൊ​ണ്ടി​രു​ന്നപ്പോൾ യേശു വിളി​ച്ചു​പ​റഞ്ഞു: “നിങ്ങൾക്ക്‌ എന്നെ അറിയാം. ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും അറിയാം. സ്വന്തം തീരു​മാ​ന​മ​നു​സ​രിച്ച്‌ വന്നതല്ല ഞാൻ.+ എന്നെ അയച്ചത്‌ യഥാർഥ​ത്തി​ലുള്ള ഒരു വ്യക്തി​യാണ്‌. നിങ്ങൾക്കോ ആ വ്യക്തിയെ അറിയില്ല.+ 29 എന്നാൽ എനിക്ക്‌ അറിയാം.+ കാരണം ഞാൻ ആ വ്യക്തി​യു​ടെ പ്രതി​നി​ധി​യാണ്‌. ആ വ്യക്തി​യാണ്‌ എന്നെ അയച്ചത്‌.” 30 അതുകൊണ്ട്‌ അവർ യേശു​വി​നെ പിടി​കൂ​ടാൻ വഴികൾ അന്വേ​ഷി​ച്ചു.+ പക്ഷേ യേശു​വി​ന്റെ സമയം വന്നിട്ടി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ ആരും യേശു​വി​നെ പിടി​ച്ചില്ല.+ 31 ജനക്കൂട്ടത്തിൽ അനേകർ യേശു​വിൽ വിശ്വ​സി​ച്ചു.+ “ക്രിസ്‌തു വരു​മ്പോൾ ഈ മനുഷ്യൻ ചെയ്‌ത​തിൽ കൂടുതൽ എന്ത്‌ അത്ഭുതങ്ങൾ ചെയ്യാ​നാണ്‌” എന്ന്‌ അവർ പറഞ്ഞു.

32 ജനം യേശു​വിനെ​ക്കു​റിച്ച്‌ ഇങ്ങനെ അടക്കം പറയു​ന്നതു പരീശ​ന്മാർ കേട്ട​പ്പോൾ അവരും മുഖ്യ​പുരോ​ഹി​ത​ന്മാ​രും യേശു​വി​നെ പിടിക്കാൻ* ഭടന്മാരെ അയച്ചു. 33 അപ്പോൾ യേശു പറഞ്ഞു: “ഞാൻ അൽപ്പസ​മ​യം​കൂ​ടെ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും. പിന്നെ ഞാൻ എന്നെ അയച്ച വ്യക്തി​യു​ടെ അടു​ത്തേക്കു പോകും.+ 34 നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകു​ന്നി​ടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല.”+ 35 അപ്പോൾ ജൂതന്മാർ തമ്മിൽത്ത​മ്മിൽ ചോദി​ച്ചു: “നമുക്കു കണ്ടുപി​ടി​ക്കാൻ പറ്റാത്ത ഏതു സ്ഥലത്തേ​ക്കാ​യി​രി​ക്കും ഈ മനുഷ്യൻ പോകു​ന്നത്‌? ഗ്രീക്കു​കാ​രു​ടെ ഇടയിൽ ചിതറി​പ്പാർക്കുന്ന ജൂതന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ അവി​ടെ​യുള്ള ഗ്രീക്കു​കാ​രെ പഠിപ്പി​ക്കാ​നാ​ണോ ഇയാളു​ടെ ഉദ്ദേശ്യം? 36 ‘നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകു​ന്നി​ടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇപ്പോൾ പറഞ്ഞതി​ന്റെ അർഥം എന്തായി​രി​ക്കും?”

37 ഉത്സവത്തിന്റെ+ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസ​മായ അവസാ​ന​ദി​വസം യേശു എഴു​ന്നേ​റ്റു​നിന്ന്‌ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ആർക്കെ​ങ്കി​ലും ദാഹി​ക്കുന്നെ​ങ്കിൽ അയാൾ എന്റെ അടുത്ത്‌ വന്ന്‌ കുടി​ക്കട്ടെ.+ 38 എന്നിൽ വിശ്വ​സി​ക്കു​ന്ന​വന്റെ കാര്യ​ത്തിൽ തിരുവെ​ഴു​ത്തു പറയു​ന്നതു സത്യമാ​കും: ‘അവന്റെ ഉള്ളിൽനി​ന്ന്‌ ജീവജ​ല​ത്തി​ന്റെ അരുവി​കൾ ഒഴുകും.’”+ 39 തന്നിൽ വിശ്വ​സി​ക്കു​ന്ന​വർക്കു ലഭിക്കാ​നി​രുന്ന ദൈവാ​ത്മാ​വിനെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞത്‌. അതുവരെ യേശു മഹത്ത്വീകരിക്കപ്പെടാത്തതുകൊണ്ട്‌+ അവർക്ക്‌ അപ്പോ​ഴും ദൈവാ​ത്മാവ്‌ ലഭിച്ചി​രു​ന്നില്ല.+ 40 ഇതു കേട്ടിട്ട്‌ ജനക്കൂ​ട്ട​ത്തിൽ ചിലർ “ഇതുതന്നെ​യാണ്‌ ആ പ്രവാ​ചകൻ”+ എന്നു പറയാൻതു​ടങ്ങി. 41 “ഇതു ക്രിസ്‌തു​തന്നെ”+ എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദി​ച്ചു: “അതിനു ക്രിസ്‌തു ഗലീല​യിൽനി​ന്നാ​ണോ വരുന്നത്‌?+ 42 ക്രിസ്‌തു ദാവീ​ദി​ന്റെ വംശജ​നാ​യി,+ ദാവീ​ദി​ന്റെ ഗ്രാമമായ+ ബേത്ത്‌ലെഹെമിൽനിന്ന്‌+ വരു​മെ​ന്നല്ലേ തിരുവെ​ഴു​ത്തു പറയു​ന്നത്‌?” 43 അങ്ങനെ, യേശു​വിനെ​ക്കു​റിച്ച്‌ ജനത്തിന്റെ ഇടയിൽ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായി. 44 അവരിൽ ചിലർ യേശു​വി​നെ പിടികൂടാൻ* ആഗ്രഹിച്ചെ​ങ്കി​ലും ആരും അതിനു മുതിർന്നില്ല.

45 ഭടന്മാർ മുഖ്യ​പുരോ​ഹി​ത​ന്മാ​രുടെ​യും പരീശ​ന്മാ​രുടെ​യും അടുത്ത്‌ മടങ്ങി​ച്ചെന്നു. പരീശ​ന്മാർ അവരോ​ട്‌, “നിങ്ങൾ അവനെ കൊണ്ടു​വ​രാ​ഞ്ഞത്‌ എന്താണ്‌” എന്നു ചോദി​ച്ചു. 46 “ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തുപോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”+ എന്ന്‌ അവർ പറഞ്ഞു. 47 അപ്പോൾ പരീശ​ന്മാർ ചോദി​ച്ചു: “നിങ്ങ​ളെ​യും അവൻ വഴി​തെ​റ്റി​ച്ചോ? 48 പ്രമാണിമാരിലോ പരീശ​ന്മാ​രി​ലോ ആരെങ്കി​ലും അവനിൽ വിശ്വ​സി​ച്ചി​ട്ടു​ണ്ടോ, ഇല്ലല്ലോ?+ 49 എന്നാൽ നിയമം അറിഞ്ഞു​കൂ​ടാത്ത ഈ ജനം ശപിക്കപ്പെ​ട്ട​വ​രാണ്‌.” 50 അവരിൽ ഒരാളായ നിക്കോ​ദേ​മൊ​സ്‌ മുമ്പ്‌ യേശു​വി​ന്റെ അടുത്ത്‌ പോയി​ട്ടുള്ള ആളായി​രു​ന്നു. നിക്കോ​ദേ​മൊ​സ്‌ അപ്പോൾ അവരോ​ടു ചോദി​ച്ചു: 51 “ഒരാൾക്കു പറയാ​നു​ള്ളതു കേൾക്കാതെ​യും അയാൾ ചെയ്യു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാതെ​യും അയാളെ വിധി​ക്കു​ന്നതു നമ്മുടെ നിയമ​മ​നു​സ​രിച്ച്‌ ശരിയാ​ണോ?”+ 52 അപ്പോൾ അവർ നിക്കോദേമൊ​സിനോ​ടു ചോദി​ച്ചു: “എന്താ, താങ്കളും ഒരു ഗലീല​ക്കാ​ര​നാ​ണോ? തിരുവെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചുനോക്ക്‌, ഗലീല​യിൽനിന്ന്‌ ഒരു പ്രവാ​ച​ക​നും എഴു​ന്നേൽക്കില്ലെന്ന്‌ അപ്പോൾ മനസ്സി​ലാ​കും.”*

8 12 യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “ഞാൻ ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌.+ എന്നെ അനുഗ​മി​ക്കു​ന്നവൻ ഒരിക്ക​ലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളി​ച്ച​മു​ണ്ടാ​യി​രി​ക്കും.”+ 13 അപ്പോൾ പരീശ​ന്മാർ യേശു​വിനോ​ടു പറഞ്ഞു: “നീതന്നെ നിന്നെ​ക്കു​റിച്ച്‌ സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” 14 അപ്പോൾ യേശു പറഞ്ഞു: “ഞാൻതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞാ​ലും എന്റെ സാക്ഷ്യം സത്യമാ​ണ്‌. കാരണം ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും എവി​ടേക്കു പോകുന്നെ​ന്നും എനിക്ക്‌ അറിയാം.+ എന്നാൽ ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും എവി​ടേക്കു പോകുന്നെ​ന്നും നിങ്ങൾക്ക്‌ അറിയില്ല. 15 നിങ്ങൾ പുറമേ കാണുന്നതനുസരിച്ച്‌* വിധി​ക്കു​ന്നു.+ ഞാൻ പക്ഷേ ആരെയും വിധി​ക്കു​ന്നില്ല. 16 അഥവാ വിധി​ച്ചാൽത്തന്നെ അതു ശരിയായ വിധി​യാ​യി​രി​ക്കും. കാരണം ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ്‌ എന്റെകൂടെ​യുണ്ട്‌.+ 17 ‘രണ്ടു പേർ സാക്ഷ്യപ്പെ​ടു​ത്തി​യാൽ ഒരു കാര്യം സത്യമാ​ണ്‌’+ എന്നു നിങ്ങളു​ടെ നിയമ​ത്തിൽത്തന്നെ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 18 എന്നെക്കുറിച്ച്‌ സാക്ഷി പറയുന്ന ഒരാൾ ഞാൻതന്നെ​യാണ്‌. എന്നെ അയച്ച പിതാ​വും എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.”+ 19 അപ്പോൾ അവർ, “അതിനു നിങ്ങളു​ടെ പിതാവ്‌ എവിടെ” എന്നു ചോദി​ച്ചു. യേശു പറഞ്ഞു: “നിങ്ങൾക്ക്‌ എന്നെയോ എന്റെ പിതാ​വിനെ​യോ അറിയില്ല.+ എന്നെ അറിയാ​മാ​യി​രുന്നെ​ങ്കിൽ നിങ്ങൾ എന്റെ പിതാ​വിനെ​യും അറിയു​മാ​യി​രു​ന്നു.”+ 20 ദേവാലയത്തിൽ പഠിപ്പി​ച്ചുകൊ​ണ്ടി​രുന്ന യേശു ഖജനാവിൽവെച്ചാണ്‌+ ഇതൊക്കെ പറഞ്ഞത്‌. പക്ഷേ യേശു​വി​ന്റെ സമയം അപ്പോ​ഴും വന്നിട്ടി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ ആരും യേശു​വി​നെ പിടി​കൂ​ടി​യില്ല.+

21 യേശു പിന്നെ​യും അവരോ​ടു പറഞ്ഞു: “ഞാൻ പോകു​ന്നു. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എങ്കിലും നിങ്ങളു​ടെ പാപത്തിൽ നിങ്ങൾ മരിക്കും.+ ഞാൻ പോകു​ന്നി​ടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല.”+ 22 അപ്പോൾ ജൂതന്മാർ ചോദി​ച്ചു: “‘ഞാൻ പോകു​ന്നി​ടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇയാൾ പറയു​ന്നത്‌ എന്താണ്‌? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകു​ക​യാ​ണോ?” 23 യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “നിങ്ങൾ താഴെ​നി​ന്നു​ള്ളവർ. ഞാനോ ഉയരങ്ങ​ളിൽനി​ന്നു​ള്ളവൻ.+ നിങ്ങൾ ഈ ലോക​ത്തു​നി​ന്നു​ള്ളവർ. ഞാനോ ഈ ലോക​ത്തു​നി​ന്നു​ള്ള​വനല്ല. 24 അതുകൊണ്ടാണ്‌ നിങ്ങൾ നിങ്ങളു​ടെ പാപങ്ങ​ളിൽ മരിക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌. വരാനി​രു​ന്നവൻ ഞാനാണ്‌ എന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നില്ലെ​ങ്കിൽ നിങ്ങളു​ടെ പാപങ്ങ​ളിൽ നിങ്ങൾ മരിക്കും.” 25 അപ്പോൾ അവർ യേശു​വിനോട്‌, “നീ ആരാണ്‌” എന്നു ചോദി​ച്ചു. യേശു അവരോ​ടു പറഞ്ഞു: “ഞാൻ ഇനി എന്തിനു നിങ്ങ​ളോ​ടു സംസാ​രി​ക്കണം? 26 നിങ്ങളെക്കുറിച്ച്‌ എനിക്കു പലതും പറയാ​നുണ്ട്‌; പലതി​ലും നിങ്ങളെ വിധി​ക്കാ​നു​മുണ്ട്‌. എന്നാൽ എന്നെ അയച്ച വ്യക്തി​യിൽനിന്ന്‌ കേട്ടതാ​ണു ഞാൻ ലോകത്തോ​ടു പറയു​ന്നത്‌.+ ആ വ്യക്തി സത്യവാ​നാണ്‌.” 27 പിതാവിനെക്കുറിച്ചാണു യേശു സംസാ​രി​ക്കു​ന്നതെന്ന്‌ അവർക്കു മനസ്സി​ലാ​യില്ല. 28 പിന്നെ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ മനുഷ്യ​പുത്രനെ സ്‌തം​ഭ​ത്തിലേ​റ്റി​ക്ക​ഴി​യുമ്പോൾ,+ വരാനി​രു​ന്നവൻ ഞാൻതന്നെയാണെന്നും+ ഞാൻ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാതെ+ പിതാവ്‌ എന്നെ പഠിപ്പി​ച്ച​തുപോലെ​യാണ്‌ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നതെ​ന്നും തിരി​ച്ച​റി​യും. 29 എന്നെ അയച്ച വ്യക്തി എന്റെകൂടെ​യുണ്ട്‌. ഞാൻ എപ്പോ​ഴും ആ വ്യക്തിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യു​ന്ന​തുകൊണ്ട്‌ അദ്ദേഹം എന്നെ ഒരിക്ക​ലും തനിച്ചാ​ക്കി പോയി​ട്ടില്ല.”+ 30 യേശു ഈ കാര്യങ്ങൾ പറഞ്ഞ​പ്പോൾ അനേകം ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചു.

31 തന്നിൽ വിശ്വ​സിച്ച ജൂതന്മാരോ​ടു യേശു പറഞ്ഞു: “നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. 32 നിങ്ങൾ സത്യം അറിയുകയും+ സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.”+ 33 അപ്പോൾ അവർ യേശു​വിനോ​ടു പറഞ്ഞു: “ഞങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണ്‌. ഞങ്ങൾ ഒരിക്ക​ലും ആരു​ടെ​യും അടിമ​ക​ളാ​യി​രു​ന്നി​ട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വത​ന്ത്ര​രാ​കും’ എന്നു താങ്കൾ പറയു​ന്നത്‌ എന്താണ്‌?” 34 യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പാപം ചെയ്യുന്ന ഏതൊ​രാ​ളും പാപത്തി​ന്‌ അടിമ​യാണ്‌.+ 35 മാത്രമല്ല, അടിമ എല്ലാക്കാ​ല​ത്തും യജമാ​നന്റെ വീട്ടിൽ താമസി​ക്കു​ന്നില്ല. എന്നാൽ പുത്രൻ എല്ലാക്കാ​ല​ത്തും വീട്ടി​ലു​ണ്ടാ​കും. 36 അതുകൊണ്ട്‌ പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും. 37 നിങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കു​ന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കു​ന്നില്ല. 38 പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യ​ങ്ങളെ​പ്പ​റ്റി​യാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌.+ എന്നാൽ നിങ്ങൾ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ കേട്ട കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌.” 39 അപ്പോൾ അവർ, “അബ്രാ​ഹാ​മാ​ണു ഞങ്ങളുടെ പിതാവ്‌” എന്നു പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ അബ്രാ​ഹാ​മി​ന്റെ മക്കളായിരുന്നെങ്കിൽ+ അബ്രാ​ഹാ​മി​ന്റെ പ്രവൃ​ത്തി​കൾ ചെയ്‌തേനേ. 40 എന്നാൽ അതിനു പകരം, ദൈവ​ത്തിൽനിന്ന്‌ കേട്ട സത്യം+ നിങ്ങ​ളോ​ടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമി​ക്കു​ന്നു. അങ്ങനെയൊ​രു കാര്യം അബ്രാ​ഹാം ചെയ്‌തി​ട്ടില്ല. 41 നിങ്ങൾ നിങ്ങളു​ടെ പിതാ​വി​ന്റെ പ്രവൃ​ത്തി​കൾ ചെയ്യുന്നു.” അവർ യേശു​വിനോ​ടു പറഞ്ഞു: “ഞങ്ങൾ അവിഹിതബന്ധത്തിൽ* ഉണ്ടായ​വരല്ല. ഞങ്ങൾക്ക്‌ ഒരു പിതാവേ ഉള്ളൂ, ദൈവം.”

42 യേശു അവരോ​ടു പറഞ്ഞു: “ദൈവ​മാ​യി​രു​ന്നു നിങ്ങളു​ടെ പിതാവെ​ങ്കിൽ നിങ്ങൾ എന്നെ സ്‌നേ​ഹിച്ചേനേ.+ കാരണം, ദൈവ​ത്തി​ന്റെ അടുത്തു​നി​ന്നാ​ണു ഞാൻ ഇവിടെ വന്നത്‌. ഞാൻ സ്വന്തം തീരു​മാ​ന​മ​നു​സ​രിച്ച്‌ വന്നതല്ല. ദൈവം എന്നെ അയച്ചതാ​ണ്‌.+ 43 ഞാൻ പറയു​ന്നതൊ​ന്നും നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ എന്താണ്‌? എന്റെ വചനം സ്വീക​രി​ക്കാൻ നിങ്ങൾക്കു പറ്റുന്നില്ല, അല്ലേ? 44 നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽനി​ന്നു​ള്ളവർ. നിങ്ങളു​ടെ പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു.+ അവൻ ആദ്യം​മു​തലേ ഒരു കൊല​പാ​ത​കി​യാ​യി​രു​ന്നു.+ അവനിൽ സത്യമി​ല്ലാ​ത്ത​തുകൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല. നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.+ 45 എന്നാൽ ഞാൻ സത്യം സംസാ​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങൾ എന്നെ വിശ്വ​സി​ക്കു​ന്നില്ല. 46 നിങ്ങളിൽ ആർക്കെ​ങ്കി​ലും എന്നിൽ പാപമു​ണ്ടെന്നു തെളി​യി​ക്കാൻ പറ്റുമോ? ഞാൻ സത്യം സംസാ​രി​ച്ചി​ട്ടും നിങ്ങൾ എന്നെ വിശ്വ​സി​ക്കാ​ത്തത്‌ എന്താണ്‌? 47 ദൈവത്തിൽനിന്നുള്ളവൻ ദൈവ​ത്തി​ന്റെ വചനങ്ങൾ ശ്രദ്ധി​ക്കു​ന്നു.+ എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ള​വ​ര​ല്ലാ​ത്ത​തുകൊണ്ട്‌ നിങ്ങൾ അവ ശ്രദ്ധി​ക്കു​ന്നില്ല.”+

48 അപ്പോൾ ജൂതന്മാർ യേശു​വിനോട്‌, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയു​ന്നതു ശരിയല്ലേ” എന്നു ചോദി​ച്ചു. 49 യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാ​വി​നെ ബഹുമാ​നി​ക്കു​ന്നു. നിങ്ങളോ എന്നെ അപമാ​നി​ക്കു​ന്നു. 50 എനിക്കു മഹത്ത്വം കിട്ടാൻ ഞാൻ ശ്രമി​ക്കു​ന്നില്ല.+ ശ്രമി​ക്കുന്ന ഒരാളു​ണ്ട്‌. ആ വ്യക്തി​യാ​ണു ന്യായാ​ധി​പൻ. 51 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ വചനം അനുസ​രി​ക്കു​ന്ന​യാൾ ഒരിക്ക​ലും മരിക്കില്ല.”+ 52 അപ്പോൾ ജൂതന്മാർ യേശു​വിനോ​ടു പറഞ്ഞു: “തനിക്കു ഭൂതമു​ണ്ടെന്നു ഞങ്ങൾക്ക്‌ ഇപ്പോൾ ഉറപ്പായി. അബ്രാ​ഹാം മരിച്ചു. പ്രവാ​ച​ക​ന്മാ​രും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസ​രി​ക്കു​ന്ന​യാൾ ഒരിക്ക​ലും മരിക്കില്ല’ എന്നാണു താൻ പറയു​ന്നത്‌. 53 ഞങ്ങളുടെ പിതാ​വായ അബ്രാ​ഹാ​മിനെ​ക്കാൾ വലിയ​വ​നാ​ണോ താൻ? അബ്രാ​ഹാം മരിച്ചു. പ്രവാ​ച​ക​ന്മാ​രും മരിച്ചു. താൻ ആരാ​ണെ​ന്നാ​ണു തന്റെ വിചാരം?” 54 മറുപടിയായി യേശു പറഞ്ഞു: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെ​ടു​ത്തി​യാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാ​വാണ്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തു​ന്നത്‌,+ നിങ്ങളു​ടെ ദൈവ​മെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. 55 എന്നിട്ടും നിങ്ങൾക്ക്‌ ആ ദൈവത്തെ അറിയില്ല.+ എന്നാൽ എനിക്ക്‌ ആ ദൈവത്തെ അറിയാം.+ ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങ​ളെപ്പോ​ലെ ഞാനും ഒരു നുണയ​നാ​കും. എനിക്കു ദൈവത്തെ അറിയാ​മെന്നു മാത്രമല്ല ഞാൻ ദൈവ​ത്തി​ന്റെ വചനം അനുസ​രി​ക്കു​ക​യും ചെയ്യുന്നു. 56 നിങ്ങളുടെ പിതാ​വായ അബ്രാ​ഹാം എന്റെ ദിവസം കാണാ​മെന്ന പ്രതീ​ക്ഷ​യിൽ അങ്ങേയറ്റം സന്തോ​ഷി​ച്ചു. അബ്രാ​ഹാം അതു കാണു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്‌തു.”+ 57 അപ്പോൾ ജൂതന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “തനിക്ക്‌ 50 വയസ്സുപോ​ലു​മാ​യി​ട്ടി​ല്ല​ല്ലോ. എന്നിട്ടും താൻ അബ്രാ​ഹാ​മി​നെ കണ്ടെന്നോ?” 58 യേശു അവരോ​ടു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അബ്രാ​ഹാം ജനിക്കു​ന്ന​തി​നും മുമ്പേ ഞാനു​ണ്ടാ​യി​രു​ന്നു.”+ 59 അപ്പോൾ അവർ യേശു​വി​നെ എറിയാൻ കല്ല്‌ എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാ​ല​യ​ത്തിൽനിന്ന്‌ പോയി.

9 യേശു പോകു​മ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യ​നെ കണ്ടു. 2 ശിഷ്യന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “റബ്ബീ,+ ആരു പാപം ചെയ്‌തി​ട്ടാണ്‌ ഇയാൾ അന്ധനായി ജനിച്ചത്‌? ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ?” 3 യേശു പറഞ്ഞു: “ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തി​ട്ടല്ല. ഇതു ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഇയാളി​ലൂ​ടെ വെളിപ്പെ​ടാൻവേ​ണ്ടി​യാണ്‌.+ 4 എന്നെ അയച്ച വ്യക്തി​യു​ടെ പ്രവൃ​ത്തി​കൾ പകൽ തീരു​ന്ന​തി​നു മുമ്പേ നമ്മൾ ചെയ്യണം.+ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു. 5 ഞാൻ ലോക​ത്തു​ള്ളി​ടത്തോ​ളം ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌.”+ 6 ഇതു പറഞ്ഞ​ശേഷം യേശു നിലത്ത്‌ തുപ്പി ഉമിനീ​രുകൊണ്ട്‌ മണ്ണു കുഴച്ച്‌ ആ മനുഷ്യ​ന്റെ കണ്ണുക​ളിൽ തേച്ചു.+ 7 എന്നിട്ട്‌ അയാ​ളോട്‌, “ശിലോ​ഹാം (“അയയ്‌ക്കപ്പെ​ട്ടത്‌” എന്ന്‌ അർഥം.) കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞു. അയാൾ ചെന്ന്‌ കഴുകി, കാഴ്‌ച കിട്ടി മടങ്ങി​വന്നു.+

8 മുമ്പ്‌ അയാളെ ഒരു യാചക​നാ​യി കണ്ടിട്ടു​ള്ള​വ​രും അയൽക്കാ​രും, “ഇത്‌ അവിടെ ഭിക്ഷ യാചി​ച്ചുകൊ​ണ്ടി​രു​ന്ന​യാ​ളല്ലേ” എന്നു ചോദി​ച്ചു. 9 “അതു ശരിയാ​ണ​ല്ലോ” എന്നു ചിലരും “അല്ല, ഇയാൾ അതു​പോ​ലി​രി​ക്കുന്നെന്നേ ഉള്ളൂ” എന്നു വേറെ ചിലരും പറയു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ആ മനുഷ്യൻ അവരോടെ​ല്ലാം, “അതു ഞാൻതന്നെ​യാണ്‌” എന്നു പറഞ്ഞു. 10 അവർ അയാ​ളോട്‌, “അപ്പോൾ എങ്ങനെ​യാ​ണു നിന്റെ കണ്ണു തുറന്നത്‌” എന്നു ചോദി​ച്ചു. 11 “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചിട്ട്‌, ‘ശിലോ​ഹാ​മിൽ പോയി കഴുകുക’+ എന്ന്‌ എന്നോടു പറഞ്ഞു. ഞാൻ ചെന്ന്‌ കഴുകി കാഴ്‌ച കിട്ടി” എന്ന്‌ അയാൾ പറഞ്ഞു. 12 അപ്പോൾ അവർ, “എന്നിട്ട്‌ ആ മനുഷ്യൻ എവിടെ” എന്നു ചോദി​ച്ചു. “എനിക്ക്‌ അറിയില്ല” എന്ന്‌ അയാൾ പറഞ്ഞു.

13 മുമ്പ്‌ അന്ധനാ​യി​രുന്ന ആ മനുഷ്യ​നെ അവർ പരീശ​ന്മാ​രു​ടെ അടു​ത്തേക്കു കൊണ്ടുപോ​യി. 14 യേശു മണ്ണു കുഴച്ച്‌ അയാൾക്കു കാഴ്‌ച കൊടുത്തത്‌+ ഒരു ശബത്തു​ദി​വ​സ​മാ​യി​രു​ന്നു.+ 15 അതുകൊണ്ട്‌ അയാൾക്കു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാണെന്നു പരീശ​ന്മാ​രും ചോദി​ക്കാൻതു​ടങ്ങി. അയാൾ അവരോ​ടു പറഞ്ഞു: “ആ മനുഷ്യൻ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചു. കഴുകി​യപ്പോൾ എനിക്കു കാഴ്‌ച കിട്ടി.” 16 അപ്പോൾ പരീശ​ന്മാ​രിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്നു​ള്ള​വനല്ല. കാരണം അവൻ ശബത്ത്‌ ആചരി​ക്കു​ന്നില്ല.”+ മറ്റുള്ള​വ​രാ​കട്ടെ, “പാപി​യായ ഒരു മനുഷ്യ​ന്‌ എങ്ങനെ ഇതു​പോ​ലുള്ള അടയാ​ളങ്ങൾ ചെയ്യാൻ പറ്റും”+ എന്നു ചോദി​ച്ചു. അങ്ങനെ, അവർക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​യി.+ 17 അവർ പിന്നെ​യും ആ അന്ധനോ​ടു ചോദി​ച്ചു: “ആ മനുഷ്യനെ​പ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുക​ളല്ലേ അയാൾ തുറന്നത്‌?” അപ്പോൾ അയാൾ, “അദ്ദേഹം ഒരു പ്രവാ​ച​ക​നാണ്‌” എന്നു പറഞ്ഞു.

18 കാഴ്‌ച ലഭിച്ച​വന്റെ മാതാ​പി​താ​ക്കളെ വിളിച്ച്‌ ചോദി​ക്കു​ന്ന​തു​വരെ, അയാൾ അന്ധനാ​യി​രുന്നെ​ന്നും പിന്നീ​ടാ​ണു കാഴ്‌ച കിട്ടി​യതെ​ന്നും ജൂതന്മാർ വിശ്വ​സി​ച്ചില്ല. 19 അവർ അവരോ​ടു ചോദി​ച്ചു: “ജന്മനാ അന്ധനാ​യി​രുന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളു​ടെ മകൻ ഇവൻതന്നെ​യാ​ണോ? എങ്കിൽപ്പി​ന്നെ ഇവന്‌ ഇപ്പോൾ കാണാൻ പറ്റുന്നത്‌ എങ്ങനെ​യാണ്‌?” 20 അയാളുടെ മാതാ​പി​താ​ക്കൾ പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണെ​ന്നും ഇവൻ ജന്മനാ അന്ധനാ​യി​രുന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. 21 എന്നാൽ ഇവനു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാണെ​ന്നോ ഇവന്റെ കണ്ണുകൾ തുറന്നത്‌ ആരാ​ണെ​ന്നോ ഞങ്ങൾക്ക്‌ അറിയില്ല. അവനോ​ടു​തന്നെ ചോദി​ക്ക്‌. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ.” 22 ജൂതന്മാരെ പേടി​ച്ചി​ട്ടാണ്‌ അവന്റെ മാതാ​പി​താ​ക്കൾ ഇങ്ങനെ പറഞ്ഞത്‌.+ കാരണം അവൻ ക്രിസ്‌തു​വാണെന്ന്‌ അംഗീ​ക​രി​ക്കു​ന്ന​വരെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്ക​ണമെന്നു ജൂതന്മാർ നേര​ത്തേ​തന്നെ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു.+ 23 അതുകൊണ്ടാണ്‌ അവന്റെ മാതാ​പി​താ​ക്കൾ, “അവനോ​ടു​തന്നെ ചോദി​ക്ക്‌, അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ” എന്നു പറഞ്ഞത്‌.

24 അങ്ങനെ, അന്ധനാ​യി​രുന്ന മനുഷ്യ​നെ രണ്ടാമ​തും വിളിച്ച്‌ അവർ പറഞ്ഞു: “ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്ക്‌. ആ മനുഷ്യൻ ഒരു പാപി​യാണെന്നു ഞങ്ങൾക്ക്‌ അറിയാം.” 25 അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ പാപി​യാ​ണോ എന്നൊ​ന്നും എനിക്ക്‌ അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക്‌ അറിയാം: ഞാൻ അന്ധനാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.” 26 അപ്പോൾ അവർ ചോദി​ച്ചു: “അയാൾ എന്താണു ചെയ്‌തത്‌? അയാൾ നിന്റെ കണ്ണു തുറന്നത്‌ എങ്ങനെ​യാണ്‌?” 27 അയാൾ പറഞ്ഞു: “അതു ഞാൻ നിങ്ങ​ളോ​ടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധി​ച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദി​ക്കു​ന്നത്‌ എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യ​ന്റെ ശിഷ്യ​ന്മാ​രാ​ക​ണമെ​ന്നു​ണ്ടോ?” 28 അവർ പുച്ഛ​ത്തോ​ടെ പറഞ്ഞു: “നീ അവന്റെ ശിഷ്യ​നാ​യി​രി​ക്കാം. പക്ഷേ ഞങ്ങൾ മോശ​യു​ടെ ശിഷ്യ​ന്മാ​രാണ്‌. 29 മോശയോടു ദൈവം സംസാ​രി​ച്ചി​ട്ടുണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. പക്ഷേ ഇയാൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്ക്‌ അറിയാം?” 30 അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നി​ട്ടും അദ്ദേഹം എവി​ടെ​നിന്ന്‌ വന്നെന്നു നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ അതിശ​യം​തന്നെ. 31 ദൈവം പാപി​ക​ളു​ടെ പ്രാർഥന കേൾക്കി​ല്ലെന്നു നമുക്ക്‌ അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വന്റെ പ്രാർഥന ദൈവം കേൾക്കും.+ 32 ജന്മനാ അന്ധനായ ഒരാളു​ടെ കണ്ണുകൾ ആരെങ്കി​ലും തുറന്ന​താ​യി ഇന്നുവരെ കേട്ടി​ട്ടില്ല. 33 ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്ന​ല്ലാ​യി​രുന്നെ​ങ്കിൽ ഇദ്ദേഹ​ത്തിന്‌ ഒന്നും ചെയ്യാൻ കഴിയി​ല്ലാ​യി​രു​ന്നു.”+ 34 അപ്പോൾ അവർ, “അപ്പാടേ പാപത്തിൽ ജനിച്ച നീയാ​ണോ ഞങ്ങളെ പഠിപ്പി​ക്കാൻവ​രു​ന്നത്‌” എന്നു ചോദി​ച്ചുകൊണ്ട്‌ അയാളെ അവി​ടെ​നിന്ന്‌ പുറത്താ​ക്കി!+

35 അയാളെ പുറത്താ​ക്കി എന്നു യേശു കേട്ടു. വീണ്ടും അയാളെ കണ്ടപ്പോൾ യേശു ചോദി​ച്ചു: “നിനക്കു മനുഷ്യ​പുത്ര​നിൽ വിശ്വാ​സ​മു​ണ്ടോ?” 36 അപ്പോൾ ആ മനുഷ്യൻ, “ഞാൻ മനുഷ്യ​പുത്ര​നിൽ വിശ്വ​സിക്കേ​ണ്ട​തിന്‌ അത്‌ ആരാണ്‌ യജമാ​നനേ” എന്നു ചോദി​ച്ചു. 37 യേശു അയാ​ളോ​ടു പറഞ്ഞു: “നീ ആ മനുഷ്യ​നെ കണ്ടിട്ടു​ണ്ട്‌. നിന്നോ​ടു സംസാ​രി​ക്കുന്ന ഈ ഞാൻതന്നെ​യാണ്‌ അത്‌.” 38 അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞ്‌ യേശു​വി​നെ വണങ്ങി. 39 യേശു പറഞ്ഞു: “കാഴ്‌ച​യി​ല്ലാ​ത്തവർ കാണട്ടെ, കാഴ്‌ച​യു​ള്ളവർ അന്ധരാ​യി​ത്തീ​രട്ടെ.+ ഇങ്ങനെയൊ​രു ന്യായ​വി​ധി നടക്കാൻവേ​ണ്ടി​യാ​ണു ഞാൻ ലോക​ത്തേക്കു വന്നത്‌.”+ 40 അവിടെയുണ്ടായിരുന്ന പരീശ​ന്മാർ ഇതു കേട്ടിട്ട്‌, “അതിനു ഞങ്ങളും അന്ധരാ​ണോ, അല്ലല്ലോ” എന്നു പറഞ്ഞു. 41 യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ അന്ധരാ​യി​രുന്നെ​ങ്കിൽ നിങ്ങൾക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയു​ന്ന​തുകൊണ്ട്‌ നിങ്ങളു​ടെ പാപം നിലനിൽക്കു​ന്നു.”+

10 “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആട്ടിൻതൊ​ഴു​ത്തിലേക്കു വാതി​ലി​ലൂടെ​യ​ല്ലാ​തെ വേറെ വഴിക്കു കയറു​ന്ന​യാൾ കള്ളനും കവർച്ച​ക്കാ​ര​നും ആണ്‌.+ 2 വാതിലിലൂടെ കടക്കു​ന്ന​യാ​ളാണ്‌ ആടുക​ളു​ടെ ഇടയൻ.+ 3 വാതിൽക്കാവൽക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊ​ടു​ക്കു​ന്നു.+ ആടുകൾ അയാളു​ടെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു.+ അയാൾ തന്റെ ആടുകളെ പേരെ​ടുത്ത്‌ വിളിച്ച്‌ പുറ​ത്തേക്കു കൊണ്ടുപോ​കു​ന്നു. 4 തന്റെ ആടുകളെയെ​ല്ലാം പുറത്ത്‌ ഇറക്കി​യിട്ട്‌ അയാൾ മുമ്പേ നടക്കുന്നു. അയാളു​ടെ ശബ്ദം പരിച​യ​മു​ള്ള​തുകൊണ്ട്‌ ആടുകൾ അയാളെ അനുഗ​മി​ക്കു​ന്നു. 5 ഒരു അപരി​ചി​തനെ അവ ഒരിക്ക​ലും അനുഗ​മി​ക്കില്ല. അവ അയാളു​ടെ അടുത്തു​നിന്ന്‌ ഓടിപ്പോ​കും. കാരണം അപരി​ചി​ത​രു​ടെ ശബ്ദം അവയ്‌ക്കു പരിച​യ​മില്ല.” 6 യേശു ഈ ഉപമ അവരോ​ടു പറഞ്ഞെ​ങ്കി​ലും അതിന്റെ അർഥം അവർക്കു മനസ്സി​ലാ​യില്ല.

7 അതുകൊണ്ട്‌ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആടുക​ളു​ടെ വാതിൽ ഞാനാണ്‌.+ 8 ഞാനാണെന്ന മട്ടിൽ വന്നവ​രൊ​ക്കെ കള്ളന്മാ​രും കവർച്ച​ക്കാ​രും ആണ്‌. ആടുകൾ എന്തായാ​ലും അവർക്കു ശ്രദ്ധ കൊടു​ത്തില്ല. 9 വാതിൽ ഞാനാണ്‌. എന്നിലൂ​ടെ കടക്കുന്ന ഏതൊ​രാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത്‌ കടക്കു​ക​യും പുറത്ത്‌ പോകു​ക​യും മേച്ചിൽപ്പു​റം കണ്ടെത്തു​ക​യും ചെയ്യും.+ 10 മോഷ്ടിക്കാനും കൊല്ലാ​നും നശിപ്പി​ക്കാ​നും മാത്ര​മാ​ണു കള്ളൻ വരുന്നത്‌.+ എന്നാൽ ഞാൻ വന്നത്‌ അവർക്കു ജീവൻ കിട്ടേ​ണ്ട​തി​നാണ്‌, അതു സമൃദ്ധ​മാ​യി കിട്ടേ​ണ്ട​തിന്‌. 11 ഞാനാണു നല്ല ഇടയൻ.+ നല്ല ഇടയൻ ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്നു.+ 12 നേരെ മറിച്ച്‌ ഇടയനോ ആടുക​ളു​ടെ ഉടമസ്ഥ​നോ അല്ലാത്ത കൂലി​ക്കാ​രൻ ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യു​ന്നു. ചെന്നായ്‌ വന്ന്‌ ആടുകളെ ചിതറി​ച്ചു​ക​ള​യു​ക​യും അവയെ പിടി​ക്കു​ക​യും ചെയ്യുന്നു. 13 കൂലിക്കു വിളിച്ച ആളായ​തുകൊണ്ട്‌ അയാൾക്ക്‌ ആടുകളെ​ക്കു​റിച്ച്‌ ചിന്തയി​ല്ല​ല്ലോ. 14 ഞാനാണു നല്ല ഇടയൻ. എനിക്ക്‌ എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക്‌ എന്നെയും.+ 15 പിതാവ്‌ എന്നെയും ഞാൻ പിതാ​വിനെ​യും അറിയു​ന്ന​തുപോലെ​യാണ്‌ അത്‌.+ ഞാൻ ആടുകൾക്കു​വേണ്ടി എന്റെ ജീവൻ കൊടു​ക്കു​ന്നു.+

16 “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കു​ണ്ട്‌.+ അവയെ​യും ഞാൻ അകത്ത്‌ കൊണ്ടു​വരേ​ണ്ട​താണ്‌. അവയും എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂ​ട്ട​മാ​കും, അവർക്കെ​ല്ലാ​വർക്കും ഇടയനും ഒന്ന്‌.+ 17 ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്‌+ പിതാവ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാ​നാ​ണു ഞാൻ അതു കൊടു​ക്കു​ന്നത്‌. 18 ആരും അത്‌ എന്നിൽനി​ന്ന്‌ പിടി​ച്ചു​വാ​ങ്ങു​ന്നതല്ല, എനിക്കു​തന്നെ തോന്നി​യിട്ട്‌ കൊടു​ക്കു​ന്ന​താണ്‌. ജീവൻ കൊടു​ക്കാ​നും വീണ്ടും ജീവൻ നേടാ​നും എനിക്ക്‌ അധികാ​ര​മുണ്ട്‌.+ എന്റെ പിതാ​വാണ്‌ ഇത്‌ എന്നോടു കല്‌പി​ച്ചി​രി​ക്കു​ന്നത്‌.”

19 ഈ വാക്കുകൾ കേട്ടിട്ട്‌ ജൂതന്മാർക്കി​ട​യിൽ വീണ്ടും ഭിന്നി​പ്പു​ണ്ടാ​യി.+ 20 അവരിൽ പലരും പറഞ്ഞു: “ഇവനെ ഭൂതം ബാധി​ച്ചി​രി​ക്കു​ന്നു! ഇവനു ഭ്രാന്താ​ണ്‌! എന്തിനാ​ണ്‌ ഇവൻ പറയു​ന്നതു നിങ്ങൾ ശ്രദ്ധി​ക്കു​ന്നത്‌?” 21 എന്നാൽ മറ്റുള്ളവർ പറഞ്ഞു: “ഇതു ഭൂതം ബാധിച്ച ഒരാളു​ടെ വാക്കു​കളല്ല. ഒരു ഭൂതത്തി​ന്‌ അന്ധന്മാ​രു​ടെ കണ്ണു തുറക്കാൻ പറ്റുമോ?”

22 യരുശലേമിൽ അതു സമർപ്പണോ​ത്സ​വ​ത്തി​ന്റെ സമയമാ​യി​രു​ന്നു. അതൊരു തണുപ്പു​കാ​ല​മാ​യി​രു​ന്നു. 23 യേശു ദേവാ​ല​യ​ത്തിൽ ശലോമോ​ന്റെ മണ്ഡപത്തി​ലൂ​ടെ നടക്കുമ്പോൾ+ 24 ജൂതന്മാർ വന്ന്‌ യേശു​വി​ന്റെ ചുറ്റും കൂടി ഇങ്ങനെ ചോദി​ച്ചു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തി​രി​ക്കണം? താങ്കൾ ക്രിസ്‌തു​വാണെ​ങ്കിൽ അതു തുറന്നു​പ​റയൂ.” 25 യേശു പറഞ്ഞു: “ഞാൻ പറഞ്ഞി​ട്ടും നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല​ല്ലോ. എന്റെ പിതാ​വി​ന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.+ 26 എന്നാൽ നിങ്ങൾക്കു വിശ്വാ​സം​വ​രു​ന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല.+ 27 എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നു.+ 28 ഞാൻ അവയ്‌ക്കു നിത്യ​ജീ​വൻ കൊടു​ക്കു​ന്നു.+ അവ ഒരുനാ​ളും നശിച്ചുപോ​കില്ല. ആരും അവയെ എന്റെ കൈയിൽനി​ന്ന്‌ തട്ടി​യെ​ടു​ക്കു​ക​യു​മില്ല.+ 29 മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരി​ക്കു​ന്നത്‌. പിതാ​വി​ന്റെ കൈയിൽനി​ന്ന്‌ അവയെ തട്ടി​യെ​ടു​ക്കാൻ ആർക്കും കഴിയില്ല.+ 30 ഞാനും പിതാ​വും ഒന്നാണ്‌.”*+

31 ജൂതന്മാർ വീണ്ടും യേശു​വി​നെ എറിയാൻ കല്ല്‌ എടുത്തു. 32 യേശു അവരോ​ടു പറഞ്ഞു: “പിതാ​വിൽനി​ന്നുള്ള കുറെ നല്ല പ്രവൃ​ത്തി​കൾ ഞാൻ നിങ്ങൾക്കു കാണി​ച്ചു​തന്നു. അവയിൽ ഏതിന്റെ പേരി​ലാ​ണു നിങ്ങൾ എന്നെ കല്ലെറി​യു​ന്നത്‌?” 33 അവർ പറഞ്ഞു: “നല്ല പ്രവൃ​ത്തി​യു​ടെ പേരിലല്ല, ദൈവ​നിന്ദ പറഞ്ഞതുകൊ​ണ്ടാ​ണു ഞങ്ങൾ നിന്നെ കല്ലെറി​യു​ന്നത്‌.+ വെറുമൊ​രു മനുഷ്യ​നായ നീ നിന്നെ​ത്തന്നെ ദൈവ​മാ​ക്കു​ക​യല്ലേ?” 34 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘“നിങ്ങൾ ദൈവ​ങ്ങ​ളാണ്‌”*+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽ എഴുതി​യി​ട്ടി​ല്ലേ? 35 ദൈവത്തിന്റെ വചനം കുറ്റം വിധി​ച്ച​വരെ ‘ദൈവങ്ങൾ’+ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌—തിരുവെ​ഴു​ത്തി​നു മാറ്റം വരില്ല​ല്ലോ— 36 അങ്ങനെയെങ്കിൽ, പിതാവ്‌ വിശു​ദ്ധീ​ക​രിച്ച്‌ ലോക​ത്തേക്ക്‌ അയച്ച എന്നോട്‌, ‘നീ ദൈവ​നിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതും ‘ഞാൻ ദൈവ​പുത്ര​നാണ്‌’+ എന്നു ഞാൻ പറഞ്ഞതി​ന്റെ പേരിൽ. 37 ഞാൻ ചെയ്യു​ന്നത്‌ എന്റെ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളല്ലെ​ങ്കിൽ നിങ്ങൾ എന്നെ വിശ്വ​സിക്കേണ്ടാ. 38 എന്നാൽ ഞാൻ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളാ​ണു ചെയ്യു​ന്നതെ​ങ്കിൽ എന്നെ വിശ്വ​സി​ച്ചില്ലെ​ങ്കി​ലും, ആ പ്രവൃ​ത്തി​കൾ വിശ്വ​സി​ക്കുക.+ എങ്കിൽ, പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വിനോ​ടും യോജി​പ്പി​ലാണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക്‌ അതു കൂടുതൽ വ്യക്തമാ​കു​ക​യും ചെയ്യും.”+ 39 അപ്പോൾ അവർ വീണ്ടും യേശു​വി​നെ പിടി​ക്കാൻ ശ്രമിച്ചു. യേശു പക്ഷേ പിടികൊ​ടു​ക്കാ​തെ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു.

40 യേശു വീണ്ടും യോർദാ​ന്‌ അക്കരെ യോഹ​ന്നാൻ ആദ്യം സ്‌നാനം കഴിപ്പി​ച്ചുകൊ​ണ്ടി​രുന്ന സ്ഥലത്ത്‌+ ചെന്ന്‌ അവിടെ താമസി​ച്ചു. 41 ധാരാളം പേർ യേശു​വി​ന്റെ അടുത്ത്‌ വന്നു. അവർ പറഞ്ഞു: “യോഹ​ന്നാൻ അടയാ​ളമൊ​ന്നും കാണി​ച്ചില്ല. പക്ഷേ ഈ മനുഷ്യനെ​പ്പറ്റി യോഹ​ന്നാൻ പറഞ്ഞതു മുഴുവൻ സത്യമാ​ണ്‌.”+ 42 അവിടെവെച്ച്‌ അനേകം ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചു.

11 ബഥാന്യ​ക്കാ​ര​നായ ലാസർ രോഗം ബാധിച്ച്‌ കിടപ്പി​ലാ​യി. മറിയ​യുടെ​യും സഹോ​ദരി മാർത്തയുടെയും+ ഗ്രാമ​മാ​യി​രു​ന്നു ബഥാന്യ. 2 ഈ മറിയ​യാ​ണു കർത്താ​വി​ന്റെ മേൽ സുഗന്ധ​തൈലം ഒഴിക്കു​ക​യും മുടി​കൊ​ണ്ട്‌ കർത്താ​വി​ന്റെ പാദങ്ങൾ തുടയ്‌ക്കു​ക​യും ചെയ്‌തത്‌.+ രോഗി​യാ​യി കിടന്ന ലാസർ മറിയ​യു​ടെ ആങ്ങളയാ​യി​രു​ന്നു. 3 ലാസറിന്റെ പെങ്ങന്മാർ യേശു​വി​ന്റെ അടുത്ത്‌ ആളയച്ച്‌, “കർത്താവേ, അങ്ങയ്‌ക്കു പ്രിയപ്പെ​ട്ടവൻ രോഗി​യാ​യി കിടപ്പി​ലാണ്‌” എന്ന്‌ അറിയി​ച്ചു. 4 അതു കേട്ട​പ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാ​നി​ക്കാ​നു​ള്ളതല്ല. പകരം, ദൈവ​ത്തി​ന്റെ മഹത്ത്വത്തിനും+ ദൈവ​പു​ത്രൻ മഹത്ത്വപ്പെ​ടാ​നും വേണ്ടി​യു​ള്ള​താണ്‌.”

5 യേശു മാർത്തയെ​യും അവളുടെ സഹോ​ദ​രിയെ​യും ലാസറിനെ​യും സ്‌നേ​ഹി​ച്ചി​രു​ന്നു. 6 പക്ഷേ ലാസർ കിടപ്പി​ലാ​യി എന്നു കേട്ടി​ട്ടും യേശു രണ്ടു ദിവസം​കൂ​ടെ അവി​ടെ​ത്തന്നെ തങ്ങി. 7 പിന്നെ ശിഷ്യ​ന്മാരോട്‌, “നമുക്കു വീണ്ടും യഹൂദ്യ​യിലേക്കു പോകാം” എന്നു പറഞ്ഞു. 8 ശിഷ്യന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “റബ്ബീ,+ ഇയ്യി​ടെ​യല്ലേ യഹൂദ്യ​യി​ലു​ള്ളവർ അങ്ങയെ കല്ലെറി​യാൻ ഒരുങ്ങി​യത്‌?+ എന്നിട്ട്‌ വീണ്ടും അവി​ടേ​ക്കു​തന്നെ പോകു​ക​യാ​ണോ?” 9 യേശു പറഞ്ഞു: “പകൽവെ​ളി​ച്ചം 12 മണിക്കൂ​റു​ണ്ട​ല്ലോ.+ പകൽ നടക്കു​ന്ന​യാൾ ഈ ലോക​ത്തി​ന്റെ വെളിച്ചം കാണു​ന്ന​തുകൊണ്ട്‌ തട്ടിവീ​ഴു​ന്നില്ല. 10 പക്ഷേ രാത്രി​യിൽ നടക്കു​ന്ന​യാൾ വെളി​ച്ച​മി​ല്ലാ​ത്ത​തുകൊണ്ട്‌ തട്ടിവീ​ഴു​ന്നു.”

11 എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങു​ക​യാണ്‌.+ ഞാൻ ചെന്ന്‌ അവനെ ഉണർത്തട്ടെ.” 12 അപ്പോൾ ശിഷ്യ​ന്മാർ യേശു​വിനോട്‌, “കർത്താവേ, ഉറങ്ങു​ക​യാണെ​ങ്കിൽ ലാസറി​ന്റെ അസുഖം മാറിക്കൊ​ള്ളും” എന്നു പറഞ്ഞു. 13 പക്ഷേ യേശു പറഞ്ഞതു ലാസറി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. എന്നാൽ ഉറങ്ങി​വിശ്ര​മി​ക്കു​ന്ന​തിനെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെന്ന്‌ അവർ വിചാ​രി​ച്ചു. 14 അപ്പോൾ യേശു അവരോ​ടു തെളി​ച്ചു​പ​റഞ്ഞു: “ലാസർ മരിച്ചുപോ​യി.+ 15 എന്നാൽ നിങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഞാൻ അവിടെ ഇല്ലാഞ്ഞത്‌ എത്ര നന്നാ​യെന്ന്‌ എനിക്കു തോന്നു​ന്നു. നിങ്ങൾ വിശ്വ​സി​ക്കാൻ അതു കാരണ​മാ​കു​മ​ല്ലോ. നമുക്ക്‌ അവന്റെ അടു​ത്തേക്കു പോകാം.” 16 ഇരട്ട* എന്നും പേരുള്ള തോമസ്‌ മറ്റു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട്‌ യേശു​വിന്റെ​കൂ​ടെ മരിക്കാം.”+

17 അവിടെ എത്തിയ​പ്പോൾ ലാസറി​നെ കല്ലറയിൽ വെച്ചിട്ട്‌ നാലു ദിവസ​മായെന്നു യേശു മനസ്സി​ലാ​ക്കി. 18 ബഥാന്യ യരുശലേ​മിന്‌ അടുത്താ​യി​രു​ന്നു. അവി​ടെ​നിന്ന്‌ യരുശലേ​മിലേക്ക്‌ ഏകദേശം മൂന്നു കിലോമീറ്റർ* ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ. 19 ആങ്ങളയുടെ വേർപാ​ടിൽ ദുഃഖി​ത​രായ മാർത്തയെ​യും മറിയയെ​യും ആശ്വസി​പ്പി​ക്കാൻ ഒട്ടേറെ ജൂതന്മാർ അവിടെ വന്നിരു​ന്നു. 20 യേശു വരു​ന്നെന്നു കേട്ടിട്ട്‌ മാർത്ത യേശു​വി​നെ സ്വീക​രി​ക്കാൻ ചെന്നു. പക്ഷേ മറിയ+ വീട്ടിൽത്തന്നെ ഇരുന്നു. 21 മാർത്ത യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രുന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു. 22 എന്നാൽ അങ്ങ്‌ ചോദി​ക്കു​ന്നത്‌ എന്തും ദൈവം തരു​മെന്ന്‌ ഇപ്പോൾപ്പോ​ലും എനിക്ക്‌ ഉറപ്പുണ്ട്‌.” 23 യേശു മാർത്ത​യോ​ട്‌, “നിന്റെ ആങ്ങള എഴു​ന്നേ​റ്റു​വ​രും” എന്നു പറഞ്ഞു. 24 മാർത്ത യേശു​വിനോട്‌, “അവസാ​ന​നാ​ളി​ലെ പുനരുത്ഥാനത്തിൽ+ ലാസർ എഴു​ന്നേ​റ്റു​വ​രുമെന്ന്‌ എനിക്ക്‌ അറിയാം” എന്നു പറഞ്ഞു. 25 അപ്പോൾ യേശു മാർത്തയോ​ടു പറഞ്ഞു: “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും.+ എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും. 26 എന്നിൽ വിശ്വ​സിച്ച്‌ ജീവി​ക്കുന്ന ആരും ഒരിക്ക​ലും മരിക്കു​ക​യു​മില്ല.+ നീ ഇതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?” 27 മാർത്ത യേശു​വിനോട്‌, “ഉണ്ട്‌ കർത്താവേ, ലോക​ത്തേക്കു വരാനി​രുന്ന ദൈവ​പുത്ര​നായ ക്രിസ്‌തു അങ്ങാണ്‌ എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞു. 28 ഇതു പറഞ്ഞിട്ട്‌ മാർത്ത പോയി സഹോ​ദ​രി​യായ മറിയയെ വിളിച്ച്‌ സ്വകാ​ര്യ​മാ​യി പറഞ്ഞു: “ഗുരു+ വന്നിട്ടു​ണ്ട്‌. നിന്നെ അന്വേ​ഷി​ക്കു​ന്നു.” 29 ഇതു കേട്ട​പ്പോൾ മറിയ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ യേശു​വി​ന്റെ അടു​ത്തേക്കു ചെന്നു.

30 യേശു അപ്പോ​ഴും ഗ്രാമ​ത്തിൽ എത്തിയി​രു​ന്നില്ല; മാർത്ത യേശു​വി​നെ കണ്ട സ്ഥലത്തു​തന്നെ​യാ​യി​രു​ന്നു. 31 മറിയ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ പുറ​ത്തേക്കു പോകു​ന്നതു കണ്ടപ്പോൾ മറിയയെ ആശ്വസി​പ്പി​ച്ചുകൊണ്ട്‌ വീട്ടിൽ ഇരുന്ന ജൂതന്മാർ, മറിയ കല്ലറയിൽ+ ചെന്ന്‌ കരയാൻപോ​കു​ക​യാണെന്നു കരുതി പിന്നാലെ ചെന്നു. 32 മറിയ യേശു നിൽക്കുന്ന സ്ഥലത്ത്‌ എത്തി. യേശു​വി​നെ കണ്ടപ്പോൾ കാൽക്കൽ വീണ്‌ യേശു​വിനോട്‌, “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രുന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു” എന്നു പറഞ്ഞു. 33 മറിയയും കൂടെ വന്ന ജൂതന്മാ​രും കരയു​ന്നതു കണ്ടപ്പോൾ മനസ്സു* നൊന്ത്‌ യേശു വല്ലാതെ അസ്വസ്ഥ​നാ​യി. 34 “എവി​ടെ​യാണ്‌ അവനെ വെച്ചത്‌” എന്നു യേശു ചോദി​ച്ചപ്പോൾ അവർ, “കർത്താവേ, വന്ന്‌ കാണൂ” എന്നു പറഞ്ഞു. 35 യേശുവിന്റെ കണ്ണു നിറ​ഞ്ഞൊ​ഴു​കി.+ 36 ജൂതന്മാർ ഇതു കണ്ടിട്ട്‌, “യേശു​വി​നു ലാസറി​നെ എന്ത്‌ ഇഷ്ടമാ​യി​രുന്നെന്നു കണ്ടോ” എന്നു പറഞ്ഞു. 37 എന്നാൽ അവരിൽ ചിലർ, “അന്ധനു കാഴ്‌ച കൊടുത്ത ഈ മനുഷ്യനു+ ലാസർ മരിക്കാ​തെ നോക്കാൻ കഴിയി​ല്ലാ​യി​രു​ന്നോ” എന്നു ചോദി​ച്ചു.

38 യേശു വീണ്ടും ദുഃഖ​വി​വ​ശ​നാ​യി കല്ലറയു​ടെ അടു​ത്തേക്കു നീങ്ങി. അതൊരു ഗുഹയാ​യി​രു​ന്നു. ഗുഹയു​ടെ വാതിൽക്കൽ ഒരു കല്ലും വെച്ചി​രു​ന്നു. 39 “ഈ കല്ല്‌ എടുത്തു​മാറ്റ്‌” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ച​വന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസ​മാ​യ​ല്ലോ. ദുർഗന്ധം കാണും.” 40 യേശു അവളോ​ട്‌, “വിശ്വ​സി​ച്ചാൽ നീ ദൈവ​ത്തി​ന്റെ മഹത്ത്വം കാണു​മെന്നു ഞാൻ പറഞ്ഞില്ലേ”+ എന്നു ചോദി​ച്ചു. 41 അവർ കല്ല്‌ എടുത്തു​മാ​റ്റി. അപ്പോൾ യേശു ആകാശ​ത്തേക്കു കണ്ണ്‌ ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ്‌ എന്റെ അപേക്ഷ കേട്ടതു​കൊ​ണ്ട്‌ ഞാൻ നന്ദി പറയുന്നു. 42 അങ്ങ്‌ എപ്പോ​ഴും എന്റെ അപേക്ഷ കേൾക്കാ​റുണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്നാൽ അങ്ങാണ്‌ എന്നെ അയച്ച​തെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വ​സി​ക്കാൻ അവരെ ഓർത്താ​ണു ഞാൻ ഇതു പറഞ്ഞത്‌.”+ 43 ഇത്രയും പറഞ്ഞിട്ട്‌ യേശു, “ലാസറേ, പുറത്ത്‌ വരൂ”+ എന്ന്‌ ഉറക്കെ പറഞ്ഞു. 44 മരിച്ചയാൾ പുറത്ത്‌ വന്നു. അയാളു​ടെ കൈകാ​ലു​കൾ തുണി​കൊ​ണ്ട്‌ ചുറ്റി​യി​രു​ന്നു. മുഖം ഒരു തുണി​കൊ​ണ്ട്‌ മൂടി​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “അവന്റെ കെട്ട്‌ അഴിക്കൂ. അവൻ പോകട്ടെ.”

45 മറിയയുടെ അടുത്ത്‌ വന്ന ജൂതന്മാ​രിൽ പലരും ഇതെല്ലാം കണ്ട്‌ യേശു​വിൽ വിശ്വ​സി​ച്ചു.+ 46 എന്നാൽ അവരിൽ ചിലർ പരീശ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ യേശു ചെയ്‌തത്‌ അവരെ അറിയി​ച്ചു. 47 അതുകൊണ്ട്‌ മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും സൻഹെദ്രിൻ* വിളി​ച്ചു​കൂ​ട്ടി. അവർ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാ​ളങ്ങൾ കാണി​ക്കു​ന്ന​ല്ലോ.+ 48 ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവ​രും അവനിൽ വിശ്വ​സി​ക്കും. റോമാ​ക്കാർ വന്ന്‌ നമ്മുടെ സ്ഥലം* കൈയ​ട​ക്കും, നമ്മുടെ ജനത​യെ​യും പിടി​ച്ച​ട​ക്കും.” 49 അവരിലൊരാളും ആ വർഷത്തെ മഹാപുരോ​ഹി​ത​നും ആയ കയ്യഫ+ അപ്പോൾ അവരോ​ടു പറഞ്ഞു: “നിങ്ങൾക്ക്‌ ഒന്നും അറിഞ്ഞു​കൂ​ടാ. 50 ഈ ജനത ഒന്നടങ്കം നശിക്കു​ന്ന​തിനെ​ക്കാൾ അവർക്കെ​ല്ലാംവേണ്ടി ഒരു മനുഷ്യൻ മരിക്കു​ന്ന​താ​ണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തി​ക്കാ​ത്തത്‌?” 51 ഇതു കയ്യഫ സ്വന്തമാ​യി പറഞ്ഞത​ല്ലാ​യി​രു​ന്നു. കയ്യഫ ആ വർഷത്തെ മഹാപുരോ​ഹി​ത​നാ​യി​രു​ന്ന​തു​കൊണ്ട്‌, യേശു ആ ജനതയ്‌ക്കുവേ​ണ്ടി​യും, 52 ജനതയ്‌ക്കുവേണ്ടി മാത്രമല്ല, ചിതറി​ക്കി​ട​ക്കുന്ന ദൈവ​മ​ക്കളെ ഒന്നായി കൂട്ടിച്ചേർക്കാൻവേ​ണ്ടി​യും മരി​ക്കേ​ണ്ട​താണെന്നു പ്രവചി​ക്കു​ക​യാ​യി​രു​ന്നു. 53 അന്നുമുതൽ അവർ യേശു​വി​നെ കൊല്ലാൻ ഗൂഢാലോ​ചന തുടങ്ങി.

54 അതുകൊണ്ട്‌ യേശു പിന്നെ ജൂതന്മാർക്കി​ട​യിൽ പരസ്യ​മാ​യി സഞ്ചരി​ക്കാ​താ​യി. യേശു അവിടം വിട്ട്‌ വിജന​ഭൂ​മി​ക്ക​രികെ​യുള്ള എഫ്രയീം+ എന്ന നഗരത്തിൽ ചെന്ന്‌ ശിഷ്യ​ന്മാ​രുടെ​കൂ​ടെ അവിടെ താമസി​ച്ചു. 55 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തി​രു​ന്നു. പെസഹ​യ്‌ക്കു​മുമ്പ്‌ ആചാരപ്ര​കാ​ര​മുള്ള ശുദ്ധീ​ക​രണം നടത്താൻ നാട്ടിൻപു​റ​ങ്ങ​ളിൽ താമസി​ക്കുന്ന ധാരാളം ആളുകൾ യരുശലേ​മിലേക്കു പോയി. 56 അവർ യേശു​വി​നെ അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നു. “നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? യേശു ഉത്സവത്തി​നു വരാതി​രി​ക്കു​മോ” എന്ന്‌ അവർ ദേവാ​ല​യ​ത്തിൽവെച്ച്‌ പരസ്‌പരം ചോദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 57 എന്നാൽ യേശു എവി​ടെ​യുണ്ടെന്ന്‌ ആർക്കെ​ങ്കി​ലും വിവരം കിട്ടി​യാൽ അത്‌ അറിയി​ക്ക​ണമെന്നു മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും ഉത്തരവി​ട്ടി​രു​ന്നു. യേശു​വി​നെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.

12 പെസഹ​യ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ യേശു, മരിച്ച​വ​രിൽനിന്ന്‌ താൻ ഉയിർപ്പിച്ച ലാസർ+ താമസി​ച്ചി​രുന്ന ബഥാന്യ​യിൽ എത്തി. 2 അവിടെ അവർ യേശു​വിന്‌ ഒരു അത്താഴ​വി​രുന്ന്‌ ഒരുക്കി. യേശു​വിന്റെ​കൂ​ടെ ഭക്ഷണത്തി​ന്‌ ഇരുന്ന​വ​രിൽ ലാസറു​മു​ണ്ടാ​യി​രു​ന്നു. മാർത്ത​യാണ്‌ അവർക്കു ഭക്ഷണം വിളമ്പി​യത്‌.+ 3 അപ്പോൾ മറിയ വളരെ വിലപി​ടി​പ്പുള്ള ഒരു റാത്തൽ* ശുദ്ധമായ ജടാമാം​സി തൈലം* എടുത്ത്‌ യേശു​വി​ന്റെ പാദങ്ങ​ളിൽ പൂശി, തന്റെ മുടി​കൊ​ണ്ട്‌ ആ പാദങ്ങൾ തുടച്ചു. സുഗന്ധ​തൈ​ല​ത്തി​ന്റെ സൗരഭ്യം​കൊ​ണ്ട്‌ വീടു നിറഞ്ഞു.+ 4 എന്നാൽ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന, യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ഒരാളായ യൂദാസ്‌ ഈസ്‌കര്യോത്ത്‌+ അപ്പോൾ പറഞ്ഞു: 5 “ഈ സുഗന്ധ​തൈലം 300 ദിനാറെക്കു* വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കാ​മാ​യി​രു​ന്ന​ല്ലോ.” 6 യൂദാസ്‌ ഇതു പറഞ്ഞതു ദരി​ദ്രരെ​ക്കു​റിച്ച്‌ വിചാ​ര​മു​ണ്ടാ​യി​ട്ടല്ല, മറിച്ച്‌ ഒരു കള്ളനാ​യ​തുകൊ​ണ്ടും തന്നെ ഏൽപ്പി​ച്ചി​രുന്ന പണപ്പെ​ട്ടി​യിൽനിന്ന്‌ പണം കട്ടെടു​ത്തി​രു​ന്ന​തുകൊ​ണ്ടും ആണ്‌. 7 എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്‌. എന്റെ ശവസം​സ്‌കാ​ര​ദി​വ​സ​ത്തി​നുള്ള ഒരുക്ക​മാ​യി അവൾ ഇതു ചെയ്യട്ടെ.+ 8 ദരിദ്രർ എപ്പോ​ഴും നിങ്ങളുടെ​കൂടെ​യു​ണ്ട​ല്ലോ.+ പക്ഷേ ഞാനു​ണ്ടാ​യി​രി​ക്കില്ല.”+

9 യേശു അവി​ടെ​യുണ്ടെന്ന്‌ അറിഞ്ഞി​ട്ട്‌ ജൂതന്മാ​രു​ടെ ഒരു വലിയ കൂട്ടം അവിടെ വന്നു. യേശു​വി​നെ മാത്രമല്ല, യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച ലാസറിനെ​ക്കൂ​ടി കാണാ​നാണ്‌ അവർ വന്നത്‌.+ 10 ലാസറിനെയുംകൂടെ കൊന്നു​ക​ള​യാൻ മുഖ്യ​പുരോ​ഹി​ത​ന്മാർ കൂടി​യാലോ​ചി​ച്ചു. 11 കാരണം ലാസറി​നെ കാണാ​നാ​ണു ജൂതന്മാ​രിൽ പലരും അവി​ടേക്കു പോയ​തും ഒടുവിൽ യേശു​വിൽ വിശ്വ​സി​ച്ച​തും.+

12 പിറ്റേന്ന്‌, ഉത്സവത്തി​നു വന്നുകൂ​ടിയ ഒരു വലിയ ജനക്കൂട്ടം യേശു യരുശലേ​മിലേക്കു വരു​ന്നെന്നു കേട്ടിട്ട്‌ 13 ഈന്തപ്പനയുടെ ഓലക​ളു​മാ​യി യേശു​വി​നെ വരവേൽക്കാൻ ചെന്നു. “ഓശാന!* യഹോവയുടെ* നാമത്തിൽ വരുന്ന+ ഇസ്രായേ​ലി​ന്റെ രാജാവ്‌+ അനുഗൃ​ഹീ​തൻ” എന്ന്‌ അവർ ആർത്തു​വി​ളി​ച്ചു. 14 യേശു ഒരു കഴുത​ക്കു​ട്ടി​യെ കണ്ടപ്പോൾ അതിന്റെ പുറത്ത്‌ കയറി ഇരുന്നു.+ 15 “സീയോൻപുത്രി​യേ, പേടി​ക്കേണ്ടാ. ഇതാ, നിന്റെ രാജാവ്‌ കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി വരുന്നു”+ എന്ന്‌ എഴുതി​യി​രു​ന്നത്‌ അങ്ങനെ നിറ​വേറി. 16 യേശുവിന്റെ ശിഷ്യ​ന്മാർക്ക്‌ ആദ്യം ഈ കാര്യങ്ങൾ മനസ്സി​ലാ​യില്ല. എന്നാൽ യേശു മഹത്ത്വീ​ക​രി​ക്കപ്പെ​ട്ടശേഷം,+ യേശു​വിനെ​ക്കു​റിച്ച്‌ ഇങ്ങനെയൊ​ക്കെ എഴുതി​യി​രുന്നെ​ന്നും തങ്ങൾ യേശു​വി​നുവേണ്ടി ഇങ്ങനെയൊ​ക്കെ ചെയ്‌തെ​ന്നും അവർ ഓർത്തു.+

17 മരിച്ചുപോയ ലാസറി​നെ യേശു കല്ലറയിൽനി​ന്ന്‌ വിളിച്ച്‌+ ഉയിർപ്പി​ച്ചതു കണ്ട ജനക്കൂട്ടം അതെക്കു​റിച്ച്‌ മറ്റുള്ള​വരോ​ടു പറയു​ന്നു​ണ്ടാ​യി​രു​ന്നു.+ 18 യേശു ഇങ്ങനെയൊ​രു അടയാളം കാണി​ച്ചെന്നു കേട്ടതുകൊ​ണ്ടും​കൂടെ​യാ​ണു ജനം യേശു​വി​നെ കാണാൻ ചെന്നത്‌. 19 അപ്പോൾ പരീശ​ന്മാർ തമ്മിൽത്ത​മ്മിൽ പറഞ്ഞു: “ഛെ! നമുക്ക്‌ ഒന്നും ചെയ്യാൻ പറ്റുന്നി​ല്ല​ല്ലോ. ലോകം മുഴുവൻ ഇവന്റെ പിന്നാലെ​യാണ്‌.”+

20 ഉത്സവത്തിന്‌ ആരാധി​ക്കാൻ വന്നവരിൽ ചില ഗ്രീക്കു​കാ​രു​മു​ണ്ടാ​യി​രു​ന്നു. 21 അവർ ഗലീല​യി​ലെ ബേത്ത്‌സ​യി​ദ​യിൽനി​ന്നുള്ള ഫിലിപ്പോസിന്റെ+ അടുത്ത്‌ ചെന്ന്‌, “യജമാ​നനേ, ഞങ്ങൾക്കു യേശു​വി​നെ കാണണമെ​ന്നുണ്ട്‌” എന്ന്‌ അപേക്ഷി​ച്ചു. 22 ഫിലിപ്പോസ്‌ ചെന്ന്‌ അത്‌ അന്ത്ര​യോ​സിനോ​ടു പറഞ്ഞു. അന്ത്ര​യോ​സും ഫിലിപ്പോ​സും പോയി അതു യേശു​വി​നെ അറിയി​ച്ചു.

23 യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പു​ത്രൻ മഹത്ത്വീ​ക​രി​ക്കപ്പെ​ടാ​നുള്ള സമയം വന്നിരി​ക്കു​ന്നു.+ 24 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഒരു ഗോത​മ്പു​മണി മണ്ണിൽ വീണ്‌ അഴുകുന്നില്ലെങ്കിൽ*+ അത്‌ ഒരൊറ്റ ഗോത​മ്പു​മ​ണി​യാ​യി​ത്തന്നെ​യി​രി​ക്കും. എന്നാൽ അഴുകുന്നെ​ങ്കി​ലോ അതു നല്ല വിളവ്‌ തരും. 25 തന്റെ ജീവനെ പ്രിയപ്പെ​ടു​ന്നവൻ അതിനെ ഇല്ലാതാ​ക്കും. എന്നാൽ ഈ ലോക​ത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ+ നിത്യ​ജീ​വ​നുവേണ്ടി അതു കാത്തു​സൂ​ക്ഷി​ക്കും.+ 26 എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹി​ക്കു​ന്നവൻ എന്നെ അനുഗ​മി​ക്കട്ടെ. ഞാൻ എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും എനിക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നും.+ എനിക്കു ശുശ്രൂഷ ചെയ്യു​ന്ന​വനെ പിതാവ്‌ ആദരി​ക്കും. 27 ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+ ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴികയിൽനിന്ന്‌* എന്നെ രക്ഷി​ക്കേ​ണമേ.+ എങ്കിലും ഇതിനുവേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നാഴി​ക​യിലേക്കു വന്നിരി​ക്കു​ന്നത്‌. 28 പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വപ്പെ​ടുത്തേ​ണമേ.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദമു​ണ്ടാ​യി:+ “ഞാൻ അതു മഹത്ത്വപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇനിയും മഹത്ത്വപ്പെ​ടു​ത്തും.”+

29 അവിടെ നിന്നി​രുന്ന ജനക്കൂട്ടം അതു കേട്ടിട്ട്‌ ഇടിമു​ഴ​ക്ക​മാണെന്നു പറഞ്ഞു. മറ്റുള്ള​വ​രോ, “ഒരു ദൂതൻ അദ്ദേഹത്തോ​ടു സംസാ​രി​ച്ച​താണ്‌” എന്നു പറഞ്ഞു. 30 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ഈ ശബ്ദം ഉണ്ടായത്‌ എനിക്കുവേ​ണ്ടി​യല്ല, നിങ്ങൾക്കുവേ​ണ്ടി​യാണ്‌. 31 ഇപ്പോൾ ഈ ലോകത്തെ ന്യായം വിധി​ക്കും. ഈ ലോക​ത്തി​ന്റെ ഭരണാധികാരിയെ+ തള്ളിക്ക​ള​യാ​നുള്ള സമയമാ​ണ്‌ ഇത്‌.+ 32 എന്നാൽ എന്നെ ഭൂമി​യിൽനിന്ന്‌ ഉയർത്തുമ്പോൾ*+ ഞാൻ എല്ലാ തരം മനുഷ്യരെ​യും എന്നി​ലേക്ക്‌ ആകർഷി​ക്കും.” 33 തന്റെ ആസന്നമായ മരണം ഏതു വിധത്തിലായിരിക്കും+ എന്നു സൂചി​പ്പി​ക്കാ​നാ​ണു യേശു ഇതു പറഞ്ഞത്‌. 34 അപ്പോൾ ജനക്കൂട്ടം യേശു​വിനോ​ടു പറഞ്ഞു: “ക്രിസ്‌തു എന്നുമു​ണ്ടാ​യി​രി​ക്കുമെ​ന്നാ​ണു നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഞങ്ങൾ കേട്ടി​രി​ക്കു​ന്നത്‌.+ അപ്പോൾപ്പി​ന്നെ മനുഷ്യ​പുത്രനെ ഉയർത്തുമെന്നു+ താങ്കൾ പറയു​ന്നത്‌ എന്താണ്‌? ഏതു മനുഷ്യ​പുത്രനെ​ക്കു​റി​ച്ചാ​ണു താങ്കൾ പറയു​ന്നത്‌?” 35 യേശു അവരോ​ടു പറഞ്ഞു: “ഇനി, കുറച്ച്‌ കാല​ത്തേക്കു മാത്രമേ വെളിച്ചം നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കൂ. ഇരുട്ടു നിങ്ങളെ കീഴട​ക്കാ​തി​രി​ക്കാൻ വെളി​ച്ച​മു​ള്ളപ്പോൾ നടന്നുകൊ​ള്ളുക. ഇരുട്ടിൽ നടക്കു​ന്ന​വനു താൻ എവി​ടേ​ക്കാ​ണു പോകു​ന്നതെന്ന്‌ അറിയി​ല്ല​ല്ലോ.+ 36 നിങ്ങൾ വെളി​ച്ച​ത്തി​ന്റെ പുത്രന്മാരാകാൻ+ വെളി​ച്ച​മു​ള്ളപ്പോൾ വെളി​ച്ച​ത്തിൽ വിശ്വാ​സ​മർപ്പി​ക്കുക.”

ഇതു പറഞ്ഞിട്ട്‌ യേശു അവി​ടെ​നിന്ന്‌ പോയി, അവരുടെ കണ്ണിൽപ്പെ​ടാ​തെ കഴിഞ്ഞു. 37 അവരുടെ കൺമു​ന്നിൽവെച്ച്‌ അനേകം അടയാ​ളങ്ങൾ ചെയ്‌തി​ട്ടും അവർ യേശു​വിൽ വിശ്വ​സി​ച്ചില്ല. 38 അങ്ങനെ, യശയ്യ പ്രവാ​ച​കന്റെ ഈ വാക്കുകൾ നിറ​വേറി: “യഹോവേ,* ഞങ്ങൾ പറഞ്ഞതു കേട്ട്‌* വിശ്വ​സിച്ച ആരാണു​ള്ളത്‌?+ യഹോവ* തന്റെ കൈ ആർക്കു വെളിപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?”+ 39 അവർക്കു വിശ്വ​സി​ക്കാൻ കഴിയാ​ഞ്ഞ​തി​ന്റെ കാരണത്തെ​ക്കു​റി​ച്ചും യശയ്യ ഇങ്ങനെ പറഞ്ഞി​രു​ന്നു: 40 “ദൈവം അവരുടെ കണ്ണുകൾ അന്ധമാ​ക്കി​യി​രി​ക്കു​ന്നു. അവരുടെ ഹൃദയങ്ങൾ കഠിന​മാ​ക്കി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ അവരുടെ കണ്ണു​കൊണ്ട്‌ കാണു​ന്നില്ല, ഹൃദയം​കൊ​ണ്ട്‌ ഗ്രഹി​ക്കു​ന്നില്ല. മനംതി​രി​ഞ്ഞു​വ​രാത്ത അവരെ ഞാൻ സുഖ​പ്പെ​ടു​ത്തു​ന്നു​മില്ല.”+ 41 ക്രിസ്‌തുവിന്റെ മഹത്ത്വം കണ്ടതുകൊ​ണ്ടാണ്‌ യശയ്യ ക്രിസ്‌തു​വിനെ​ക്കു​റിച്ച്‌ ഇതു പറഞ്ഞത്‌.+ 42 പ്രമാണിമാരിൽപ്പോലും ധാരാളം പേർ യേശു​വിൽ വിശ്വ​സി​ച്ചു.+ എങ്കിലും അവർക്കു പരീശ​ന്മാ​രെ പേടി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കു​മോ എന്നു ഭയന്ന്‌ അവർ യേശു​വി​നെ അംഗീ​ക​രി​ക്കുന്ന കാര്യം പരസ്യ​മാ​യി സമ്മതി​ച്ചില്ല.+ 43 അവർ ദൈവ​ത്തി​ന്റെ അംഗീ​കാ​രത്തെ​ക്കാൾ മനുഷ്യ​രു​ടെ അംഗീ​കാ​ര​മാണ്‌ ആഗ്രഹി​ച്ചത്‌.+

44 യേശു ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “എന്നിൽ വിശ്വ​സി​ക്കു​ന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച വ്യക്തിയെ​യും വിശ്വ​സി​ക്കു​ന്നു.+ 45 എന്നെ കാണു​ന്നവൻ എന്നെ അയച്ച വ്യക്തിയെ​യും കാണുന്നു.+ 46 എന്നിൽ വിശ്വ​സി​ക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളി​ച്ച​മാ​യി ലോക​ത്തേക്കു വന്നിരി​ക്കു​ന്നു.+ 47 എന്റെ വചനം കേട്ടിട്ട്‌ അത്‌ അനുസ​രി​ക്കാ​ത്ത​വനെ ഞാൻ വിധി​ക്കു​ന്നില്ല. കാരണം ഞാൻ വന്നിരി​ക്കു​ന്നതു ലോകത്തെ വിധി​ക്കാ​നല്ല, രക്ഷിക്കാ​നാണ്‌.+ 48 എന്നാൽ എന്നെ വകവെ​ക്കാ​തെ എന്റെ വചനങ്ങൾ തള്ളിക്ക​ള​യു​ന്ന​വനെ വിധി​ക്കുന്ന ഒരാളു​ണ്ട്‌. എന്റെ വാക്കു​ക​ളാ​യി​രി​ക്കും അവസാ​ന​നാ​ളിൽ അവനെ വിധി​ക്കുക. 49 കാരണം ഞാൻ എനിക്കു തോന്നു​ന്ന​തുപോ​ലെ ഒന്നും സംസാ​രി​ച്ചി​ട്ടില്ല. എന്തു പറയണം, എന്തു സംസാ​രി​ക്കണം എന്ന്‌ എന്നെ അയച്ച പിതാ​വു​തന്നെ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌.+ 50 പിതാവിന്റെ കല്‌പന നിത്യ​ജീ​വ​നിലേക്കു നയിക്കു​ന്നെന്ന്‌ എനിക്ക്‌ അറിയാം.+ അതു​കൊണ്ട്‌ പിതാവ്‌ എന്നോടു പറഞ്ഞി​ട്ടു​ള്ളതു മാത്ര​മാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌.”+

13 ഈ ലോകം വിട്ട്‌ പിതാ​വി​ന്റെ അടു​ത്തേക്കു പോകാ​നുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെ​രു​ന്നാ​ളി​നു മുമ്പു​തന്നെ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.+ ഈ ലോക​ത്തിൽ തനിക്കു സ്വന്തമാ​യു​ള്ള​വരെ യേശു സ്‌നേ​ഹി​ച്ചു, അവസാ​നം​വരെ സ്‌നേ​ഹി​ച്ചു.+ 2 അവർ അത്താഴം കഴിക്കു​ക​യാ​യി​രു​ന്നു. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ പിശാച്‌ ശിമോ​ന്റെ മകനായ യൂദാസ്‌ ഈസ്‌കര്യോത്തിന്റെ+ ഹൃദയ​ത്തിൽ തോന്നി​ച്ചി​രു​ന്നു.+ 3 പിതാവ്‌ എല്ലാം തന്റെ കൈയിൽ തന്നിരി​ക്കുന്നെ​ന്നും ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന താൻ ദൈവ​ത്തി​ന്റെ അടു​ത്തേ​ക്കു​തന്നെ പോകുന്നെ​ന്നും അറിയാ​മാ​യി​രുന്ന യേശു,+ 4 അത്താഴത്തിന്‌ ഇടയിൽ എഴു​ന്നേറ്റ്‌ പുറങ്കു​പ്പാ​യം അഴിച്ചു​വെച്ച്‌ ഒരു തോർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റി.+ 5 പിന്നെ ഒരു പാത്ര​ത്തിൽ വെള്ളം എടുത്ത്‌ ശിഷ്യ​ന്മാ​രു​ടെ കാലു* കഴുകി അരയിൽ ചുറ്റി​യി​രുന്ന തോർത്തു​കൊ​ണ്ട്‌ തുടയ്‌ക്കാൻതു​ടങ്ങി. 6 യേശു ശിമോൻ പത്രോ​സി​ന്റെ അടുത്ത്‌ വന്നപ്പോൾ പത്രോ​സ്‌, “കർത്താവേ, അങ്ങ്‌ എന്റെ കാലു കഴുകാൻപോ​കു​ന്നോ” എന്നു ചോദി​ച്ചു. 7 യേശു പറഞ്ഞു: “ഞാൻ ചെയ്യു​ന്നതു നിനക്ക്‌ ഇപ്പോൾ മനസ്സി​ലാ​കില്ല, എല്ലാം കഴിയു​മ്പോൾ മനസ്സി​ലാ​കും.” 8 പത്രോസ്‌ യേശു​വിനോട്‌, “അങ്ങ്‌ എന്റെ കാലു കഴുകാൻ ഞാൻ ഒരിക്ക​ലും സമ്മതി​ക്കില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ+ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവു​മില്ല” എന്നു പറഞ്ഞു. 9 ശിമോൻ പത്രോ​സ്‌ യേശു​വിനോട്‌, “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകി​ക്കോ” എന്നു പറഞ്ഞു. 10 യേശു പത്രോ​സിനോ​ടു പറഞ്ഞു: “കുളി കഴിഞ്ഞ​യാ​ളു​ടെ കാലു മാത്രം കഴുകി​യാൽ മതി. അയാൾ മുഴു​വ​നും ശുദ്ധി​യു​ള്ള​യാ​ളാണ്‌. നിങ്ങൾ ശുദ്ധി​യു​ള്ള​വ​രാണ്‌. എന്നാൽ എല്ലാവ​രു​മല്ല.” 11 തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌+ “നിങ്ങൾ എല്ലാവ​രും ശുദ്ധി​യു​ള്ള​വരല്ല” എന്നു യേശു പറഞ്ഞത്‌.

12 അവരുടെ കാലു കഴുകി​യശേഷം യേശു പുറങ്കു​പ്പാ​യം ധരിച്ച്‌ വീണ്ടും മേശയു​ടെ മുന്നിൽ ഇരുന്നു. യേശു അവരോ​ടു പറഞ്ഞു: “ഞാൻ എന്താണു ചെയ്‌ത​തെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ? 13 നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌’ എന്നും വിളി​ക്കു​ന്നു​ണ്ട​ല്ലോ. അതു ശരിയാ​ണ്‌. കാരണം ഞാൻ നിങ്ങളു​ടെ ഗുരു​വും കർത്താ​വും ആണ്‌.+ 14 കർത്താവും ഗുരു​വും ആയ ഞാൻ നിങ്ങളു​ടെ കാലു കഴുകിയെങ്കിൽ+ നിങ്ങളും തമ്മിൽത്ത​മ്മിൽ കാലു കഴുകണം.*+ 15 ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തുപോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌.+ 16 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അടിമ യജമാ​നനെ​ക്കാൾ വലിയ​വനല്ല. അയയ്‌ക്കപ്പെ​ട്ടവൻ അയച്ചവനെ​ക്കാൾ വലിയ​വ​നു​മല്ല. 17 ഈ കാര്യ​ങ്ങളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.+ 18 നിങ്ങൾ എല്ലാവരെ​യും​കു​റി​ച്ചല്ല ഞാൻ ഇതു പറയു​ന്നത്‌. ഞാൻ തിര​ഞ്ഞെ​ടു​ത്ത​വരെ എനിക്ക്‌ അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നു​ന്നവൻ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു’*+ എന്ന തിരുവെ​ഴു​ത്തു നിറ​വേ​റ​ണ​മ​ല്ലോ.+ 19 സംഭവിക്കാൻപോകുന്നതു ഞാൻ നിങ്ങ​ളോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തിന്‌ ഒരു കാരണ​മുണ്ട്‌.+ അതു സംഭവി​ക്കു​ന്നതു കാണു​മ്പോൾ, എഴുതപ്പെ​ട്ടി​രു​ന്നത്‌ എന്നെക്കു​റി​ച്ചാ​യി​രുന്നെന്നു നിങ്ങൾ വിശ്വ​സി​ക്കു​മ​ല്ലോ. 20 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഞാൻ അയയ്‌ക്കു​ന്ന​വനെ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു.+ എന്നെ സ്വീക​രി​ക്കു​ന്ന​വ​നോ എന്നെ അയച്ച വ്യക്തിയെ​യും സ്വീക​രി​ക്കു​ന്നു.”+

21 ഇതു പറഞ്ഞ​ശേഷം യേശു ഹൃദയവേ​ദ​നയോ​ടെ ഇങ്ങനെ പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ ഒറ്റി​ക്കൊ​ടു​ക്കും.”+ 22 യേശു ആരെക്കു​റി​ച്ചാണ്‌ ഇതു പറഞ്ഞ​തെന്നു മനസ്സി​ലാ​കാ​തെ ശിഷ്യ​ന്മാർ പരസ്‌പരം നോക്കി.+ 23 യേശു സ്‌നേ​ഹിച്ച ശിഷ്യൻ+ യേശു​വിനോ​ടു ചേർന്ന്‌ ഇരിപ്പു​ണ്ടാ​യി​രു​ന്നു.* 24 ശിമോൻ പത്രോ​സ്‌ അദ്ദേഹത്തെ തലകൊ​ണ്ട്‌ ആംഗ്യം കാണിച്ച്‌, “യേശു ആരെക്കു​റി​ച്ചാ​ണു പറഞ്ഞത്‌” എന്നു ചോദി​ച്ചു. 25 അപ്പോൾ ആ ശിഷ്യൻ യേശു​വി​ന്റെ മാറി​ലേക്കു ചാഞ്ഞ്‌, “കർത്താവേ, അത്‌ ആരാണ്‌” എന്നു ചോദി​ച്ചു.+ 26 യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടു​ക്കു​ന്നോ, അവൻതന്നെ.”+ എന്നിട്ട്‌ യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്‌കര്യോ​ത്തി​ന്റെ മകനായ യൂദാ​സി​നു കൊടു​ത്തു. 27 അപ്പക്കഷണം വാങ്ങി​ക്ക​ഴി​ഞ്ഞപ്പോൾ യൂദാ​സിൽ സാത്താൻ കടന്നു.+ യേശു യൂദാ​സിനോട്‌, “നീ ചെയ്യു​ന്നതു കുറച്ചു​കൂ​ടെ പെട്ടെന്നു ചെയ്‌തു​തീർക്കുക” എന്നു പറഞ്ഞു. 28 എന്നാൽ യേശു ഇതു യൂദാ​സിനോ​ടു പറഞ്ഞത്‌ എന്തിനാ​ണെന്നു ഭക്ഷണത്തി​ന്‌ ഇരുന്ന ആർക്കും മനസ്സി​ലാ​യില്ല. 29 പണപ്പെട്ടി യൂദാ​സി​ന്റെ കൈയി​ലാ​യി​രു​ന്ന​തുകൊണ്ട്‌,+ “നമുക്ക്‌ ഉത്സവത്തി​നു വേണ്ടതു വാങ്ങുക” എന്നോ ദരി​ദ്രർക്ക്‌ എന്തെങ്കി​ലും കൊടു​ക്കണം എന്നോ മറ്റോ ആയിരി​ക്കും യേശു പറഞ്ഞ​തെന്നു ചിലർ വിചാ​രി​ച്ചു. 30 അപ്പക്കഷണം വാങ്ങിയ ഉടനെ യൂദാസ്‌ പുറ​ത്തേക്കു പോയി. അപ്പോൾ രാത്രി​യാ​യി​രു​ന്നു.+

31 യൂദാസ്‌ പോയ​ശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യ​പു​ത്രൻ മഹത്ത്വീ​ക​രി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ മനുഷ്യ​പു​ത്രൻ മുഖാ​ന്തരം ദൈവ​ത്തി​നും മഹത്ത്വം ലഭിച്ചി​രി​ക്കു​ന്നു. 32 ദൈവംതന്നെ മനുഷ്യ​പുത്രനെ മഹത്ത്വപ്പെ​ടു​ത്തും;+ പെട്ടെ​ന്നു​തന്നെ മഹത്ത്വപ്പെ​ടു​ത്തും. 33 കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസ​മയം മാത്രമേ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കൂ. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ, ‘ഞാൻ പോകു​ന്നി​ടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’+ എന്നു ഞാൻ ജൂതന്മാരോ​ടു പറഞ്ഞതുപോ​ലെ ഇപ്പോൾ നിങ്ങ​ളോ​ടും പറയുന്നു. 34 നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുക​യാണ്‌. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ+ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.+ 35 നിങ്ങളുടെ ഇടയിൽ സ്‌നേ​ഹ​മുണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാണെന്ന്‌ എല്ലാവ​രും അറിയും.”+

36 അപ്പോൾ ശിമോൻ പത്രോ​സ്‌, “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്നത്‌” എന്നു ചോദി​ച്ചു. യേശു പറഞ്ഞു: “ഞാൻ പോകു​ന്നി​ടത്തേക്ക്‌ എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+ 37 പത്രോസ്‌ യേശു​വിനോ​ടു ചോദി​ച്ചു: “കർത്താവേ, ഇപ്പോൾ എനിക്ക്‌ അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത്‌ എന്താണ്‌? അങ്ങയ്‌ക്കു​വേണ്ടി ഞാൻ എന്റെ ജീവൻപോ​ലും കൊടു​ക്കും.”+ 38 അപ്പോൾ യേശു ചോദി​ച്ചു: “എനിക്കു​വേണ്ടി ജീവൻ കൊടു​ക്കു​മോ? സത്യം​സ​ത്യ​മാ​യി ഞാൻ നിന്നോ​ടു പറയുന്നു: കോഴി കൂകും​മുമ്പ്‌, നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പ​റ​യും.”+

14 “നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌.+ ദൈവ​ത്തിൽ വിശ്വ​സി​ക്കുക.+ എന്നിലും വിശ്വ​സി​ക്കുക. 2 എന്റെ പിതാ​വി​ന്റെ ഭവനത്തിൽ അനേകം താമസ​സ്ഥ​ല​ങ്ങ​ളുണ്ട്‌. ഇല്ലെങ്കിൽ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞേനേ. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാ​ണു പോകു​ന്നത്‌.+ 3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി​യിട്ട്‌ വീണ്ടും വരുക​യും ഞാനു​ള്ളി​ടത്ത്‌ നിങ്ങളു​മു​ണ്ടാ​യി​രി​ക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീക​രി​ക്കു​ക​യും ചെയ്യും.+ 4 ഞാൻ പോകു​ന്നി​ടത്തേ​ക്കുള്ള വഴി നിങ്ങൾക്ക്‌ അറിയാം.”

5 തോമസ്‌+ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ. പിന്നെ എങ്ങനെ വഴി അറിയും?”

6 യേശു തോമ​സിനോ​ടു പറഞ്ഞു: “ഞാൻതന്നെ​യാ​ണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.+ 7 നിങ്ങൾ എന്നെ അറിഞ്ഞി​രുന്നെ​ങ്കിൽ, എന്റെ പിതാ​വിനെ​യും അറിയു​മാ​യി​രു​ന്നു. ഇപ്പോൾമു​തൽ നിങ്ങൾ പിതാ​വി​നെ അറിയു​ന്നു, പിതാ​വി​നെ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”+

8 ഫിലിപ്പോസ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്കു പിതാ​വി​നെ കാണി​ച്ചു​ത​രണേ. അതു മാത്രം മതി.”

9 യേശു പറഞ്ഞു: “ഞാൻ ഇത്രയും കാലം നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നി​ട്ടും ഫിലിപ്പോ​സേ, നിനക്ക്‌ എന്നെ അറിയി​ല്ലേ? എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വിനെ​യും കണ്ടിരി​ക്കു​ന്നു.+ പിന്നെ, ‘പിതാ​വി​നെ കാണി​ച്ചു​ത​രണം’ എന്നു നീ പറയു​ന്നത്‌ എന്താണ്‌? 10 ഞാൻ പിതാ​വിനോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാണെന്നു നീ വിശ്വ​സി​ക്കു​ന്നി​ല്ലേ?+ ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയു​ന്നതല്ല.+ ഞാനു​മാ​യി യോജി​പ്പി​ലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃ​ത്തി​കൾ ചെയ്യു​ക​യാണ്‌. 11 ഞാൻ പിതാ​വിനോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാണെന്നു ഞാൻ പറഞ്ഞതു വിശ്വ​സി​ക്കൂ. ഇനി അതല്ലെ​ങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ നിമിത്തം വിശ്വ​സി​ക്കൂ.+ 12 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നെ വിശ്വ​സി​ക്കു​ന്നവൻ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ ചെയ്യും. ഞാൻ പിതാ​വി​ന്റെ അടു​ത്തേക്കു പോകുന്നതുകൊണ്ട്‌+ അതിലും വലിയ​തും അവൻ ചെയ്യും.+ 13 നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തു​ത​രും. അങ്ങനെ പുത്രൻ മുഖാ​ന്തരം പിതാവ്‌ മഹത്ത്വപ്പെ​ടും.+ 14 നിങ്ങൾ എന്റെ നാമത്തിൽ ചോദി​ക്കു​ന്നത്‌ എന്തും ഞാൻ ചെയ്‌തു​ത​രും.

15 “നിങ്ങൾ എന്നെ സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ എന്റെ കല്‌പ​നകൾ അനുസ​രി​ക്കും.+ 16 ഞാൻ പിതാ​വിനോട്‌ അപേക്ഷി​ക്കുമ്പോൾ പിതാവ്‌ മറ്റൊരു സഹായിയെ* നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ 17 ആ സഹായി സത്യത്തി​ന്റെ ആത്മാവാ​ണ്‌.+ ലോകം അതിനെ കാണു​ക​യോ അറിയു​ക​യോ ചെയ്യാ​ത്ത​തുകൊണ്ട്‌ ലോക​ത്തിന്‌ അതു കിട്ടില്ല.+ അതു നിങ്ങളുടെ​കൂടെ​യു​ള്ള​തുകൊ​ണ്ടും നിങ്ങളി​ലു​ള്ള​തുകൊ​ണ്ടും നിങ്ങൾക്ക്‌ അതിനെ അറിയാം. 18 ഞാൻ നിങ്ങളെ അനാഥ​രാ​യി വിടില്ല. ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു വരും.+ 19 അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും.+ കാരണം, ഞാൻ ജീവി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങളും ജീവി​ക്കും. 20 ഞാൻ എന്റെ പിതാ​വിനോ​ടും നിങ്ങൾ എന്നോ​ടും ഞാൻ നിങ്ങ​ളോ​ടും യോജി​പ്പി​ലാണെന്ന്‌ അന്നു നിങ്ങൾ അറിയും.+ 21 എന്റെ കല്‌പ​നകൾ സ്വീക​രിച്ച്‌ അവ അനുസ​രി​ക്കു​ന്ന​വ​നാണ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ. എന്നെ സ്‌നേ​ഹി​ക്കു​ന്ന​വനെ എന്റെ പിതാ​വും സ്‌നേ​ഹി​ക്കും. ഞാനും അവനെ സ്‌നേ​ഹിച്ച്‌ എന്നെ അവനു വ്യക്തമാ​യി കാണി​ച്ചുകൊ​ടു​ക്കും.”

22 യൂദാസ്‌+ ഈസ്‌ക​ര്യോ​ത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌ യേശു​വിനോ​ടു ചോദി​ച്ചു: “കർത്താവേ, അങ്ങ്‌ ലോക​ത്തി​നല്ല മറിച്ച്‌ ഞങ്ങൾക്ക്‌ അങ്ങയെ വ്യക്തമാ​യി കാണി​ച്ചു​ത​രാൻ ഉദ്ദേശി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?”

23 യേശു പറഞ്ഞു: “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസ​രി​ക്കും.+ എന്റെ പിതാവ്‌ അവനെ സ്‌നേ​ഹി​ക്കും. ഞങ്ങൾ അവന്റെ അടുത്ത്‌ വന്ന്‌ അവന്റെ​കൂ​ടെ താമസ​മാ​ക്കും.+ 24 എന്നെ സ്‌നേ​ഹി​ക്കാ​ത്തവൻ എന്റെ വചനം അനുസ​രി​ക്കില്ല. നിങ്ങൾ കേൾക്കുന്ന വചനമോ എന്റേതല്ല, എന്നെ അയച്ച പിതാ​വിന്റേ​താണ്‌.+

25 “ഇപ്പോൾ നിങ്ങളുടെ​കൂടെ​യു​ള്ളപ്പോൾത്തന്നെ ഞാൻ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു പറഞ്ഞി​രി​ക്കു​ന്നു. 26 എന്നാൽ പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാ​നി​രി​ക്കുന്ന പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളും പഠിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ​തൊ​ക്കെ നിങ്ങളെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും.+ 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോ​കു​ന്നു. എന്റെ സമാധാ​നം ഞാൻ നിങ്ങൾക്കു തരുന്നു.+ ലോകം തരുന്ന​തുപോലെയല്ല ഞാൻ അതു നിങ്ങൾക്കു തരുന്നത്‌. നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌, ഭയപ്പെ​ടു​ക​യു​മ​രുത്‌. 28 ‘ഞാൻ ഇപ്പോൾ പോയി​ട്ട്‌ നിങ്ങളു​ടെ അടു​ത്തേക്കു മടങ്ങി​വ​രും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക്‌ എന്നോടു സ്‌നേ​ഹ​മുണ്ടെ​ങ്കിൽ ഞാൻ പിതാ​വി​ന്റെ അടുത്ത്‌ പോകു​ന്നത്‌ ഓർത്ത്‌ നിങ്ങൾ സന്തോ​ഷി​ക്കും. കാരണം പിതാവ്‌ എന്നെക്കാൾ വലിയ​വ​നാണ്‌.+ 29 ഇതു സംഭവി​ക്കുമ്പോൾ നിങ്ങൾ വിശ്വ​സി​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ ഇക്കാര്യം നിങ്ങ​ളോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌.+ 30 ഇനി ഞാൻ നിങ്ങ​ളോ​ടു കൂടു​ത​ലായൊ​ന്നും സംസാ​രി​ക്കില്ല. കാരണം ഈ ലോക​ത്തി​ന്റെ ഭരണാധികാരി+ വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വു​മില്ല.+ 31 എന്നാൽ ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പി​ച്ചതെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.+ എഴു​ന്നേൽക്ക്‌, നമുക്ക്‌ ഇവി​ടെ​നിന്ന്‌ പോകാം.

15 “ഞാൻ ശരിക്കുള്ള മുന്തി​രിച്ചെ​ടി​യും എന്റെ പിതാവ്‌ കൃഷി​ക്കാ​ര​നും ആണ്‌. 2 എന്നിലുള്ള കായ്‌ക്കാത്ത ശാഖകളെ​ല്ലാം പിതാവ്‌ മുറി​ച്ചു​ക​ള​യു​ന്നു. കായ്‌ക്കു​ന്ന​വയൊ​ക്കെ കൂടുതൽ ഫലം കായ്‌ക്കാൻ+ വെട്ടിവെ​ടി​പ്പാ​ക്കി നിറു​ത്തു​ന്നു. 3 എന്നാൽ ഞാൻ നിങ്ങ​ളോ​ടു സംസാ​രിച്ച വചനത്താൽ നിങ്ങൾ ഇപ്പോൾത്തന്നെ വെടി​പ്പു​ള്ള​വ​രാണ്‌.+ 4 എന്നോടു യോജി​പ്പി​ലാ​യി​രി​ക്കുക. എങ്കിൽ ഞാനും നിങ്ങ​ളോ​ടു യോജി​പ്പി​ലാ​യി​രി​ക്കും. മുന്തി​രിച്ചെ​ടി​യിൽനിന്ന്‌ വേർപെട്ട ശാഖകൾക്കു ഫലം കായ്‌ക്കാൻ കഴിയില്ല. അതു​പോ​ലെ, എന്നോടു യോജി​പ്പി​ലല്ലെ​ങ്കിൽ നിങ്ങൾക്കും ഫലം കായ്‌ക്കാൻ കഴിയില്ല.+ 5 ഞാൻ മുന്തി​രിച്ചെ​ടി​യും നിങ്ങൾ ശാഖക​ളും ആണ്‌. ഒരാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാണെ​ങ്കിൽ അയാൾ ധാരാളം ഫലം കായ്‌ക്കും.+ കാരണം എന്നെക്കൂ​ടാ​തെ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല. 6 എന്നോടു യോജി​ച്ചു​നിൽക്കാ​ത്ത​യാൾ, മുറി​ച്ചു​മാ​റ്റിയ ശാഖ​പോ​ലെ ഉണങ്ങിപ്പോ​കും. ആളുകൾ അവ ഒന്നിച്ചു​കൂ​ട്ടി തീയി​ലിട്ട്‌ കത്തിച്ചു​ക​ള​യും. 7 നിങ്ങൾ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കു​ക​യും ചെയ്യുന്നെ​ങ്കിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചുകൊ​ള്ളുക. അതു നിങ്ങൾക്കു കിട്ടും.+ 8 നിങ്ങൾ ധാരാളം ഫലം കായ്‌ക്കു​ന്ന​തുകൊ​ണ്ടും എന്റെ ശിഷ്യ​ന്മാ​രാണെന്നു തെളി​യി​ക്കു​ന്ന​തുകൊ​ണ്ടും എന്റെ പിതാവ്‌ മഹത്ത്വപ്പെ​ടു​ന്നു.+ 9 പിതാവ്‌ എന്നെ സ്‌നേഹിക്കുന്നതുപോലെ+ ഞാനും നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക. 10 ഞാൻ പിതാ​വി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്നു. അതു​പോ​ലെ, നിങ്ങളും എന്റെ കല്‌പ​നകൾ അനുസ​രി​ക്കുന്നെ​ങ്കിൽ എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കും.

11 “എന്റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളു​ടെ സന്തോഷം അതിന്റെ പരകോ​ടി​യിൽ എത്താനാ​ണു ഞാൻ ഇതെല്ലാം നിങ്ങ​ളോ​ടു പറഞ്ഞത്‌.+ 12 ഇതാണ്‌ എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തുപോലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.+ 13 സ്‌നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തിനെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല.+ 14 ഞാൻ കല്‌പി​ക്കു​ന്നതു നിങ്ങൾ ചെയ്യുന്നെ​ങ്കിൽ നിങ്ങൾ എന്റെ സ്‌നേ​ഹി​ത​രാണ്‌.+ 15 ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളി​ക്കു​ന്നില്ല. കാരണം യജമാനൻ ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയി​ക്കി​ല്ല​ല്ലോ. ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു. കാരണം എന്റെ പിതാ​വിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു. 16 നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങ​ളെ​യാ​ണു തിര​ഞ്ഞെ​ടു​ത്തത്‌. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്‌ക്കാൻവേ​ണ്ടി​യാ​ണു ഞാൻ നിങ്ങളെ നിയമി​ച്ചത്‌. അതു​കൊണ്ട്‌ എന്റെ നാമത്തിൽ പിതാ​വിനോട്‌ എന്തു ചോദി​ച്ചാ​ലും പിതാവ്‌ അതു നിങ്ങൾക്കു തരും.+

17 “ഞാൻ നിങ്ങ​ളോട്‌ ഇതെല്ലാം കല്‌പി​ക്കു​ന്നതു നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാൻവേ​ണ്ടി​യാണ്‌.+ 18 ലോകം നിങ്ങളെ വെറു​ക്കുന്നെ​ങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറു​ത്തെന്ന്‌ ഓർത്തുകൊ​ള്ളുക.+ 19 നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രുന്നെ​ങ്കിൽ ലോകം നിങ്ങളെ സ്വന്ത​മെന്നു കരുതി സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോക​ത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല.+ അതു​കൊണ്ട്‌ ലോകം നിങ്ങളെ വെറു​ക്കു​ന്നു.+ 20 അടിമ യജമാ​നനെ​ക്കാൾ വലിയ​വ​നല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരു​ത്‌. അവർ എന്നെ ഉപദ്ര​വിച്ചെ​ങ്കിൽ നിങ്ങ​ളെ​യും ഉപദ്ര​വി​ക്കും.+ അവർ എന്റെ വചനം അനുസ​രിച്ചെ​ങ്കിൽ നിങ്ങളുടേ​തും അനുസ​രി​ക്കും. 21 എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാ​ത്ത​തുകൊണ്ട്‌ അവർ എന്റെ പേര്‌ നിമിത്തം ഇതൊക്കെ നിങ്ങ​ളോ​ടു ചെയ്യും.+ 22 ഞാൻ വന്ന്‌ അവരോ​ടു സംസാ​രി​ച്ചി​ല്ലാ​യി​രുന്നെ​ങ്കിൽ അവർക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല.+ എന്നാൽ ഇപ്പോൾ അവർക്ക്‌ അവരുടെ പാപത്തി​ന്‌ ഒരു ഒഴിക​ഴി​വും പറയാ​നില്ല.+ 23 എന്നെ വെറു​ക്കു​ന്നവൻ എന്റെ പിതാ​വിനെ​യും വെറു​ക്കു​ന്നു.+ 24 മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്‌തി​ല്ലാ​യി​രുന്നെ​ങ്കിൽ അവർക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല.+ എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാ​വിനെ​യും വെറു​ത്തി​രി​ക്കു​ന്നു. 25 ‘അവർ ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വെറുത്തു’+ എന്ന്‌ അവരുടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു നിറ​വേ​റാ​നാണ്‌ ഇതു സംഭവി​ച്ചത്‌. 26 ഞാൻ പിതാ​വി​ന്റെ അടുത്തു​നിന്ന്‌ നിങ്ങളു​ടെ അടു​ത്തേക്ക്‌ ഒരു സഹായി​യെ അയയ്‌ക്കും. അതു പിതാ​വിൽനിന്ന്‌ വരുന്ന സത്യത്തി​ന്റെ ആത്മാവാ​ണ്‌.+ ആ സഹായി വരു​മ്പോൾ എന്നെക്കു​റിച്ച്‌ സാക്ഷി പറയും.+ 27 അപ്പോൾ നിങ്ങളും എനിക്കു​വേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കം​മു​തൽ എന്റെകൂടെ​യു​ണ്ടാ​യി​രു​ന്ന​ല്ലോ.

16 “നിങ്ങൾ വീണുപോ​കാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങ​ളോ​ടു പറഞ്ഞത്‌. 2 ആളുകൾ നിങ്ങളെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കും.+ നിങ്ങളെ കൊല്ലു​ന്നവർ,+ ദൈവ​ത്തി​നുവേണ്ടി ഒരു പുണ്യപ്ര​വൃ​ത്തി ചെയ്യു​ക​യാണെന്നു കരുതുന്ന സമയം വരുന്നു. 3 പിതാവിനെയോ എന്നെയോ അറിയാ​ത്ത​തുകൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.+ 4 ഞാൻ ഇതെല്ലാം നിങ്ങ​ളോ​ടു പറയു​ന്ന​തിന്‌ ഒരു കാരണ​മുണ്ട്‌: ഇതൊക്കെ സംഭവി​ക്കുമ്പോൾ ഞാൻ ഇതെക്കു​റിച്ച്‌ നിങ്ങ​ളോ​ടു പറഞ്ഞി​രു​ന്ന​താണെന്നു നിങ്ങൾ ഓർക്കും.+

“ഞാൻ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ടാ​ണു തുടക്ക​ത്തിൽ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു പറയാ​തി​രു​ന്നത്‌. 5 എന്നാൽ ഇപ്പോൾ ഞാൻ എന്നെ അയച്ച വ്യക്തി​യു​ടെ അടു​ത്തേക്കു പോകു​ന്നു.+ പക്ഷേ നിങ്ങൾ ആരും എന്നോട്‌, ‘അങ്ങ്‌ എവി​ടേക്കു പോകു​ന്നു’ എന്നു ചോദി​ക്കു​ന്നില്ല. 6 ഞാൻ ഇക്കാര്യ​ങ്ങൾ പറഞ്ഞതു​കൊ​ണ്ട്‌ നിങ്ങളു​ടെ ഹൃദയ​ത്തിൽ ദുഃഖം നിറഞ്ഞി​രി​ക്കു​ന്നു.+ 7 വാസ്‌തവത്തിൽ, നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നാ​ണു ഞാൻ പോകു​ന്നത്‌. ഞാൻ പോയില്ലെ​ങ്കിൽ സഹായി+ നിങ്ങളു​ടെ അടുത്ത്‌ വരില്ല. പോയാ​ലോ ഞാൻ സഹായി​യെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും. 8 സഹായി വരു​മ്പോൾ പാപ​ത്തെ​യും നീതിയെ​യും ന്യായ​വി​ധിയെ​യും കുറിച്ച്‌ ലോക​ത്തി​നു ബോധ്യം വരുത്തും. 9 ആദ്യം പാപ​ത്തെ​ക്കു​റിച്ച്‌ ബോധ്യം വരുത്തും.+ കാരണം അവർ എന്നിൽ വിശ്വ​സി​ക്കു​ന്നില്ല.+ 10 പിന്നെ നീതിയെ​ക്കു​റിച്ച്‌. കാരണം ഞാൻ പിതാ​വി​ന്റെ അടു​ത്തേക്കു പോകു​ക​യാണ്‌. പിന്നെ നിങ്ങൾ എന്നെ കാണില്ല. 11 അതു കഴിഞ്ഞ്‌ ന്യായ​വി​ധിയെ​ക്കു​റിച്ച്‌. കാരണം ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യെ ന്യായം വിധി​ച്ചി​രി​ക്കു​ന്നു.+

12 “ഇനിയും ഒരുപാ​ടു കാര്യങ്ങൾ എനിക്കു നിങ്ങ​ളോ​ടു പറയാ​നുണ്ട്‌. പക്ഷേ ഇപ്പോൾ നിങ്ങൾക്ക്‌ അതൊ​ന്നും ഉൾക്കൊ​ള്ളാൻ പറ്റില്ല. 13 എന്നാൽ സത്യത്തി​ന്റെ ആത്മാവ്‌+ വരു​മ്പോൾ അവൻ* നിങ്ങളെ നയിക്കും. അങ്ങനെ നിങ്ങൾക്കു സത്യം മുഴു​വ​നാ​യി മനസ്സി​ലാ​കും. അവൻ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ സംസാ​രി​ക്കാ​തെ, കേൾക്കുന്ന കാര്യങ്ങൾ പറയു​ക​യും വരാനി​രി​ക്കു​ന്നതു നിങ്ങളെ അറിയി​ക്കു​ക​യും ചെയ്യും.+ 14 എന്നിൽനിന്ന്‌ ലഭിക്കു​ന്നത്‌ അവൻ നിങ്ങളെ അറിയിക്കുന്നതുകൊണ്ട്‌+ അവൻ എന്നെ മഹത്ത്വപ്പെ​ടു​ത്തും.+ 15 പിതാവിന്റേതെല്ലാം എന്റേതാ​ണ്‌.+ എന്നിൽനി​ന്ന്‌ ലഭിക്കു​ന്നത്‌ ആത്മാവ്‌ നിങ്ങളെ അറിയി​ക്കും എന്നു ഞാൻ പറഞ്ഞത്‌ അതു​കൊ​ണ്ടാണ്‌. 16 കുറച്ച്‌ കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല.+ എന്നാൽ പിന്നെ​യും കുറച്ച്‌ കഴിയു​മ്പോൾ നിങ്ങൾ എന്നെ കാണും.”

17 അപ്പോൾ ശിഷ്യ​ന്മാ​രിൽ ചിലർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ ചോദി​ക്കാൻതു​ടങ്ങി: “‘കുറച്ച്‌ കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെ​യും കുറച്ച്‌ കഴിയു​മ്പോൾ നിങ്ങൾ എന്നെ കാണും,’ ‘ഞാൻ പിതാ​വി​ന്റെ അടു​ത്തേക്കു പോകു​ന്നു’ എന്നൊക്കെ യേശു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?” 18 അവർ ഇങ്ങനെ​യും പറഞ്ഞു: “‘കുറച്ച്‌ കഴിഞ്ഞാൽ’ എന്നു യേശു ഈ പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌? എന്തി​നെ​ക്കു​റി​ച്ചാ​ണാ​വോ യേശു സംസാ​രി​ക്കു​ന്നത്‌?” 19 അവർ ഇതെക്കു​റിച്ച്‌ തന്നോടു ചോദി​ക്കാൻ ആഗ്രഹി​ക്കുന്നെന്നു മനസ്സി​ലാ​ക്കി യേശു അവരോ​ടു പറഞ്ഞു: “‘കുറച്ച്‌ കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെ​യും കുറച്ച്‌ കഴിയു​മ്പോൾ നിങ്ങൾ എന്നെ കാണും’ എന്നു ഞാൻ പറഞ്ഞതിനെ​പ്പ​റ്റി​യാ​ണോ നിങ്ങൾ പരസ്‌പരം ചോദി​ക്കു​ന്നത്‌? 20 സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ കരഞ്ഞു​വി​ല​പി​ക്കും, പക്ഷേ ലോകം സന്തോ​ഷി​ക്കും. നിങ്ങൾ ദുഃഖി​ക്കും, എന്നാൽ നിങ്ങളു​ടെ ദുഃഖം ആനന്ദമാ​യി മാറും.+ 21 പ്രസവസമയമാകുമ്പോൾ ഒരു സ്‌ത്രീ അവളുടെ വേദന ഓർത്ത്‌ ദുഃഖി​ക്കു​ന്നു. എന്നാൽ കുഞ്ഞിനെ പ്രസവി​ച്ചു​ക​ഴി​യുമ്പോൾ, ഒരു കുഞ്ഞ്‌ ലോക​ത്തിൽ പിറന്നു​വീ​ണ​തുകൊ​ണ്ടുള്ള സന്തോഷം കാരണം അവൾ അനുഭ​വിച്ച കഷ്ടം പിന്നെ ഓർക്കില്ല. 22 അതുപോലെ, നിങ്ങൾക്കും ഇപ്പോൾ ദുഃഖ​മുണ്ട്‌. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളു​ടെ ഹൃദയം സന്തോ​ഷി​ക്കും.+ നിങ്ങളു​ടെ സന്തോഷം ആരും കവർന്നു​ക​ള​യില്ല. 23 അന്നു നിങ്ങൾ എന്നോടു ചോദ്യമൊ​ന്നും ചോദി​ക്കില്ല. സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ പിതാ​വിനോട്‌ എന്തു ചോദിച്ചാലും+ എന്റെ നാമത്തിൽ പിതാവ്‌ അതു നിങ്ങൾക്കു തരും.+ 24 ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും ചോദി​ച്ചി​ട്ടില്ല. ചോദി​ക്കൂ, നിങ്ങൾക്കു കിട്ടും. അങ്ങനെ, നിങ്ങളു​ടെ സന്തോഷം അതിന്റെ പരകോ​ടി​യിലെ​ത്തും.

25 “ഞാൻ ഉപമകൾ ഉപയോ​ഗി​ച്ചാണ്‌ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു സംസാ​രി​ച്ചത്‌. എന്നാൽ പിതാ​വിനെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ ഉപമകൾ ഉപയോ​ഗി​ക്കാ​തെ നിങ്ങ​ളോട്‌ അങ്ങനെ​തന്നെ സംസാ​രി​ക്കുന്ന സമയം വരുന്നു. 26 അന്ന്‌ എന്റെ നാമത്തിൽ നിങ്ങൾ പിതാ​വിനോട്‌ അപേക്ഷി​ക്കും. ഈ പറയു​ന്ന​തി​ന്റെ അർഥം ഞാൻ നിങ്ങൾക്കു​വേണ്ടി പിതാ​വിനോട്‌ അപേക്ഷി​ക്കും എന്നല്ല. 27 നിങ്ങൾ എന്നെ സ്‌നേ​ഹി​ച്ച​തുകൊ​ണ്ടും ഞാൻ പിതാ​വി​ന്റെ പ്രതി​നി​ധി​യാ​യി വന്നെന്നു വിശ്വസിച്ചതുകൊണ്ടും+ പിതാ​വു​തന്നെ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ട​ല്ലോ.+ 28 പിതാവിന്റെ പ്രതി​നി​ധി​യാ​യി ഞാൻ ലോക​ത്തിൽ വന്നു. എന്നാൽ ഇപ്പോൾ ഞാൻ ലോകം വിട്ട്‌ പിതാ​വി​ന്റെ അടു​ത്തേക്കു മടങ്ങു​ക​യാണ്‌.”+

29 ശിഷ്യന്മാർ യേശു​വിനോ​ടു പറഞ്ഞു: “ഇപ്പോൾ അങ്ങ്‌ ഉപമ​യൊ​ന്നും കൂടാതെ കാര്യങ്ങൾ നേരെ പറയു​ക​യാ​ണ​ല്ലോ. 30 അങ്ങയ്‌ക്ക്‌ എല്ലാം അറിയാമെ​ന്നും ആരും പ്രത്യേ​കിച്ചൊ​ന്നും ചോദി​ക്കാതെ​തന്നെ അവരുടെ മനസ്സി​ലു​ള്ളത്‌ എന്താ​ണെന്ന്‌ അങ്ങ്‌ അറിയുന്നെ​ന്നും ഞങ്ങൾക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്നതാ​ണെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.” 31 അപ്പോൾ യേശു അവരോ​ടു ചോദി​ച്ചു: “ഇപ്പോൾ നിങ്ങൾക്കു വിശ്വാ​സ​മാ​യോ? 32 എന്നാൽ ഇതാ, നിങ്ങ​ളെ​ല്ലാം എന്നെ തനിച്ചാ​ക്കി​യിട്ട്‌ സ്വന്തം വീടു​ക​ളിലേക്ക്‌ ഓടിപ്പോ​കുന്ന സമയം വരുന്നു,+ അത്‌ ഇപ്പോൾത്തന്നെ വന്നുക​ഴി​ഞ്ഞു. പക്ഷേ പിതാവ്‌ എന്റെകൂടെ​യു​ള്ള​തുകൊണ്ട്‌ ഞാൻ ഒറ്റയ്‌ക്കല്ല.+ 33 ഞാൻ മുഖാ​ന്തരം നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​കാ​നാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌.+ ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.”+

17 ഇതു സംസാ​രി​ച്ചിട്ട്‌ യേശു ആകാശ​ത്തേക്കു നോക്കി പറഞ്ഞു: “പിതാവേ, സമയമാ​യി. പുത്രൻ അങ്ങയെ മഹത്ത്വപ്പെ​ടു​ത്താൻ അങ്ങ്‌ പുത്രനെ മഹത്ത്വപ്പെ​ടുത്തേ​ണമേ.+ 2 അങ്ങ്‌ അവനു നൽകിയിട്ടുള്ളവർക്കെല്ലാം+ അവൻ നിത്യ​ജീ​വൻ കൊടുക്കേണ്ടതിന്‌+ എല്ലാ മനുഷ്യ​രു​ടെ മേലും അങ്ങ്‌ പുത്രന്‌ അധികാ​രം കൊടു​ത്തി​രി​ക്കു​ന്ന​ല്ലോ.+ 3 ഏകസത്യദൈവമായ+ അങ്ങയെ​യും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും+ അവർ അറിയുന്നതാണു* നിത്യ​ജീ​വൻ.+ 4 അങ്ങ്‌ ഏൽപ്പിച്ച ജോലി ചെയ്‌തു​തീർത്ത ഞാൻ+ ഭൂമി​യിൽ അങ്ങയെ മഹത്ത്വപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ 5 അതുകൊണ്ട്‌ പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത്‌ എന്നെ മഹത്ത്വപ്പെ​ടുത്തേ​ണമേ. ലോകം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌, ഞാൻ അങ്ങയുടെ അടുത്താ​യി​രു​ന്നപ്പോ​ഴു​ണ്ടാ​യി​രുന്ന മഹത്ത്വം+ വീണ്ടും തരേണമേ.

6 “ലോക​ത്തിൽനിന്ന്‌ അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കു ഞാൻ അങ്ങയുടെ പേര്‌ വെളിപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.*+ അവർ അങ്ങയുടേ​താ​യി​രു​ന്നു. അങ്ങ്‌ അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസ​രി​ച്ചി​രി​ക്കു​ന്നു. 7 അങ്ങ്‌ എനിക്കു തന്നതെ​ല്ലാം അങ്ങയിൽനി​ന്നു​ള്ള​താണെന്ന്‌ അവർക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി. 8 കാരണം അങ്ങ്‌ എനിക്കു തന്ന വചനങ്ങ​ളാ​ണു ഞാൻ അവർക്കു കൊടു​ത്തത്‌.+ അതെല്ലാം സ്വീക​രിച്ച അവർ, ഞാൻ അങ്ങയുടെ പ്രതി​നി​ധി​യാ​യി​ട്ടാ​ണു വന്നതെന്നു+ വ്യക്തമാ​യി മനസ്സി​ലാ​ക്കു​ക​യും അങ്ങാണ്‌ എന്നെ അയച്ച​തെന്നു വിശ്വ​സി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 9 അവർക്കുവേണ്ടി ഞാൻ അപേക്ഷി​ക്കു​ന്നു. ഞാൻ അപേക്ഷി​ക്കു​ന്നതു ലോക​ത്തി​നുവേ​ണ്ടി​യല്ല, അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കുവേ​ണ്ടി​യാണ്‌. കാരണം അവർ അങ്ങയുടേ​താണ്‌. 10 എന്റേതെല്ലാം അങ്ങയുടേ​തും അങ്ങയു​ടേത്‌ എന്റേതും ആണല്ലോ.+ അവരുടെ ഇടയിൽ എനിക്കു മഹത്ത്വം ലഭിച്ചി​രി​ക്കു​ന്നു.

11 “ഇനി ഞാൻ ലോക​ത്തി​ലില്ല. ഞാൻ അങ്ങയുടെ അടു​ത്തേക്കു വരുക​യാണ്‌.+ എന്നാൽ അവർ ലോക​ത്തി​ലാണ്‌. പരിശു​ദ്ധ​പി​താ​വേ, നമ്മൾ ഒന്നായിരിക്കുന്നതുപോലെ* അവരും ഒന്നായിരിക്കേണ്ടതിന്‌*+ അങ്ങ്‌ എനിക്കു തന്നിരി​ക്കുന്ന അങ്ങയുടെ പേര്‌ ഓർത്ത്‌ അവരെ കാത്തുകൊള്ളേ​ണമേ.+ 12 ഞാൻ അവരുടെ​കൂടെ​യാ​യി​രു​ന്നപ്പോൾ, അങ്ങ്‌ എനിക്കു തന്ന അങ്ങയുടെ പേര്‌ ഓർത്ത്‌ ഞാൻ അവരെ കാത്തു. ഞാൻ അവരെ സംരക്ഷി​ച്ചു.+ ആ നാശപുത്രനല്ലാതെ+ അവരിൽ ആരും നശിച്ചുപോ​യി​ട്ടില്ല.+ തിരുവെ​ഴു​ത്തു നിറ​വേ​റ​ണ​മ​ല്ലോ.+ 13 ഇപ്പോൾ ഞാൻ അങ്ങയുടെ അടു​ത്തേക്കു വരുന്നു. ഞാൻ ഈ കാര്യങ്ങൾ ഇവിടെ ലോക​ത്തുവെച്ച്‌ സംസാ​രി​ക്കു​ന്നത്‌ എന്റെ സന്തോഷം അവരിൽ നിറയാൻവേ​ണ്ടി​യാണ്‌.+ 14 ഞാൻ അങ്ങയുടെ വചനം അവർക്കു നൽകി​യി​രി​ക്കു​ന്നു. എന്നാൽ ഞാൻ ലോക​ത്തി​ന്റെ ഭാഗമല്ലാത്തതുപോലെതന്നെ+ അവരും ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തുകൊണ്ട്‌ ലോകം അവരെ വെറു​ക്കു​ന്നു.

15 “അവരെ ഈ ലോക​ത്തു​നിന്ന്‌ കൊണ്ടുപോ​ക​ണമെന്നല്ല, ദുഷ്ടനാ​യ​വ​നിൽനിന്ന്‌ അവരെ കാത്തുകൊ​ള്ള​ണമെ​ന്നാ​ണു ഞാൻ അങ്ങയോ​ട്‌ അപേക്ഷി​ക്കു​ന്നത്‌.+ 16 ഞാൻ ലോക​ത്തി​ന്റെ ഭാഗമല്ലാത്തതുപോലെതന്നെ+ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.+ 17 സത്യത്താൽ അവരെ വിശു​ദ്ധീ​ക​രിക്കേ​ണമേ.*+ അങ്ങയുടെ വചനം സത്യമാ​ണ്‌.+ 18 അങ്ങ്‌ എന്നെ ലോക​ത്തേക്ക്‌ അയച്ചതുപോലെ​തന്നെ ഞാൻ അവരെ​യും ലോക​ത്തേക്ക്‌ അയയ്‌ക്കു​ന്നു.+ 19 സത്യത്താൽ അവരും വിശു​ദ്ധീ​ക​രി​ക്കപ്പെടേ​ണ്ട​തിന്‌ അവർക്കു​വേണ്ടി ഞാൻ എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ന്നു.

20 “അവർക്കു​വേണ്ടി മാത്രമല്ല, അവരുടെ വചനം കേട്ട്‌ എന്നിൽ വിശ്വ​സി​ക്കു​ന്ന​വർക്കുവേ​ണ്ടി​യും ഞാൻ അപേക്ഷി​ക്കു​ന്നു. 21 പിതാവേ, അങ്ങ്‌ എന്നോ​ടും ഞാൻ അങ്ങയോ​ടും യോജിപ്പിലായിരിക്കുന്നതുപോലെ+ അവർ എല്ലാവ​രും ഒന്നായിരിക്കാനും+ അവരും നമ്മളോ​ടു യോജി​പ്പി​ലാ​യി​രി​ക്കാ​നും വേണ്ടി ഞാൻ അപേക്ഷി​ക്കു​ന്നു. അങ്ങനെ അങ്ങാണ്‌ എന്നെ അയച്ച​തെന്നു ലോക​ത്തി​നു വിശ്വാ​സം​വ​രട്ടെ. 22 നമ്മൾ ഒന്നായിരിക്കുന്നതുപോലെ+ അവരും ഒന്നായി​രിക്കേ​ണ്ട​തിന്‌ അങ്ങ്‌ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടു​ത്തി​രി​ക്കു​ന്നു. 23 അങ്ങ്‌ എന്നോ​ടും ഞാൻ അവരോ​ടും യോജി​പ്പി​ലാ​യ​തുകൊണ്ട്‌ അവരെ​ല്ലാം ഒന്നായി​ത്തീ​രും. അങ്ങനെ അങ്ങ്‌ എന്നെ അയച്ചെ​ന്നും എന്നെ സ്‌നേ​ഹി​ച്ച​തുപോലെ​തന്നെ അവരെ​യും സ്‌നേ​ഹിച്ചെ​ന്നും ലോകം അറിയട്ടെ. 24 പിതാവേ, ലോകാരംഭത്തിനു* മുമ്പുതന്നെ+ അങ്ങ്‌ എന്നെ സ്‌നേ​ഹി​ച്ച​തുകൊണ്ട്‌ എന്നെ മഹത്ത്വം അണിയി​ച്ച​ല്ലോ. അങ്ങ്‌ എനിക്കു തന്നവർ അതു കാണേ​ണ്ട​തിന്‌ അവർ ഞാനു​ള്ളി​ടത്ത്‌ എന്റെകൂടെയുണ്ടായിരിക്കണം+ എന്നാണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌. 25 നീതിമാനായ പിതാവേ, ലോക​ത്തിന്‌ ഇതുവരെ അങ്ങയെ അറിയില്ല.+ എന്നാൽ എനിക്ക്‌ അങ്ങയെ അറിയാം.+ അങ്ങാണ്‌ എന്നെ അയച്ച​തെന്ന്‌ ഇവർക്കും അറിയാം. 26 ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു, ഇനിയും അറിയി​ക്കും.+ അങ്ങനെ, അങ്ങ്‌ എന്നോടു കാണിച്ച സ്‌നേഹം ഇവരി​ലും നിറയും. ഞാൻ ഇവരോ​ടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും ചെയ്യും.”+

18 ഇതു പറഞ്ഞിട്ട്‌ യേശു ശിഷ്യ​ന്മാ​രുടെ​കൂ​ടെ കി​ദ്രോൻ താഴ്‌വരയുടെ*+ മറുവ​ശത്തേക്കു പോയി. അവിടെ ഒരു തോട്ട​മു​ണ്ടാ​യി​രു​ന്നു. യേശു​വും ശിഷ്യ​ന്മാ​രും ആ തോട്ട​ത്തിലേക്കു ചെന്നു.+ 2 യേശു പലപ്പോ​ഴും ശിഷ്യ​ന്മാ​രുടെ​കൂ​ടെ അവിടെ വരാറു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന യൂദാ​സി​നും ആ സ്ഥലം അറിയാ​മാ​യി​രു​ന്നു. 3 അങ്ങനെ, യൂദാസ്‌ ഒരു കൂട്ടം പടയാ​ളി​കളെ​യും മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും അയച്ച ഭടന്മാരെ​യും കൂട്ടി പന്തങ്ങളും വിളക്കു​ക​ളും ആയുധ​ങ്ങ​ളും ആയി അവിടെ എത്തി.+ 4 തനിക്കു സംഭവി​ക്കാ​നി​രി​ക്കു​ന്നതൊ​ക്കെ അറിയാ​മാ​യി​രുന്ന യേശു മുന്നോ​ട്ടു ചെന്ന്‌ അവരോ​ട്‌, “നിങ്ങൾ ആരെയാ​ണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. 5 അവർ യേശു​വിനോട്‌, “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ”+ എന്നു പറഞ്ഞു. യേശു അവരോ​ട്‌, “അതു ഞാനാണ്‌” എന്നു പറഞ്ഞു. യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത യൂദാ​സും അവരുടെ​കൂ​ടെ നിൽപ്പു​ണ്ടാ​യി​രു​ന്നു.+

6 “അതു ഞാനാണ്‌” എന്നു യേശു പറഞ്ഞ ഉടനെ പുറ​കോ​ട്ടു മാറിയ അവർ നിലത്ത്‌ വീണുപോ​യി.+ 7 അപ്പോൾ യേശു വീണ്ടും അവരോ​ട്‌, “നിങ്ങൾ ആരെയാ​ണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ” എന്ന്‌ അവർ പറഞ്ഞു. 8 യേശു അവരോ​ടു പറഞ്ഞു: “അതു ഞാനാ​ണെന്നു പറഞ്ഞല്ലോ. എന്നെയാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്നതെ​ങ്കിൽ ഇവരെ വിട്ടേക്ക്‌.” 9 “അങ്ങ്‌ എനിക്കു തന്ന ആരും നഷ്ടപ്പെ​ട്ടുപോ​യി​ട്ടില്ല”+ എന്നു യേശു പറഞ്ഞതു നിറ​വേ​റാ​നാണ്‌ ഇതു സംഭവി​ച്ചത്‌.

10 അപ്പോൾ ശിമോൻ പത്രോ​സ്‌ തന്റെ പക്കലു​ണ്ടാ​യി​രുന്ന വാൾ വലിച്ചൂ​രി മഹാപുരോ​ഹി​തന്റെ അടിമയെ വെട്ടി. അയാളു​ടെ വലതു​ചെവി അറ്റു​പോ​യി.+ മൽക്കൊ​സ്‌ എന്നായി​രു​ന്നു അയാളു​ടെ പേര്‌. 11 യേശു പത്രോ​സിനോ​ടു പറഞ്ഞു: “വാൾ ഉറയിൽ ഇട്‌.+ പിതാവ്‌ എനിക്കു തന്നിരി​ക്കുന്ന പാനപാ​ത്രം ഞാൻ കുടിക്കേ​ണ്ട​തല്ലേ?”+

12 ഉടനെ പടയാ​ളി​ക​ളു​ടെ കൂട്ടവും സൈന്യാ​ധി​പ​നും ജൂതന്മാ​രു​ടെ ഭടന്മാ​രും യേശു​വി​നെ പിടി​ച്ചുകെട്ടി.* 13 അവർ യേശു​വി​നെ ആദ്യം അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടുപോ​യി. കാരണം ആ വർഷം മഹാപുരോ​ഹി​ത​നാ​യി​രുന്ന കയ്യഫയുടെ+ അമ്മായി​യ​പ്പ​നാ​യി​രു​ന്നു അന്നാസ്‌. 14 ഈ കയ്യഫയാ​ണ്‌, ജനങ്ങൾക്കെ​ല്ലാ​വർക്കുംവേണ്ടി ഒരാൾ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടും നല്ലതാ​ണെന്നു ജൂതന്മാർക്കു പറഞ്ഞുകൊ​ടു​ത്തത്‌.+

15 ശിമോൻ പത്രോ​സും മറ്റൊരു ശിഷ്യ​നും യേശു​വി​ന്റെ പിന്നാലെ​തന്നെ​യു​ണ്ടാ​യി​രു​ന്നു.+ ആ ശിഷ്യൻ മഹാപുരോ​ഹി​തന്റെ പരിച​യ​ക്കാ​ര​നാ​യി​രു​ന്ന​തുകൊണ്ട്‌ അയാൾക്കു യേശു​വിന്റെ​കൂ​ടെ മഹാപുരോ​ഹി​തന്റെ വീടിന്റെ നടുമു​റ്റത്ത്‌ കയറാൻ കഴിഞ്ഞു. 16 പത്രോസ്‌ പുറത്ത്‌ വാതിൽക്കൽ നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോൾ മഹാപുരോ​ഹി​തനു പരിച​യ​മുള്ള ശിഷ്യൻ പുറത്ത്‌ വന്ന്‌ വാതിൽക്കാ​വൽക്കാ​രിയോ​ടു സംസാ​രിച്ച്‌ പത്രോ​സിനെ​യും അകത്ത്‌ കയറ്റി. 17 വാതിൽക്കാവൽക്കാരിയായ ദാസിപ്പെൺകു​ട്ടി അപ്പോൾ പത്രോ​സിനോട്‌, “താങ്കളും ഈ മനുഷ്യ​ന്റെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദി​ച്ചു. “അല്ല” എന്നു പത്രോ​സ്‌ പറഞ്ഞു.+ 18 തണുപ്പായിരുന്നതുകൊണ്ട്‌ ദാസന്മാ​രും ഭടന്മാ​രും കനൽ കൂട്ടി തീ കാഞ്ഞുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പത്രോ​സും അവരുടെ​കൂ​ടെ നിന്ന്‌ തീ കാഞ്ഞു.

19 മുഖ്യപുരോഹിതൻ യേശു​വി​നെ ചോദ്യം ചെയ്‌തു. യേശു​വി​ന്റെ ശിഷ്യ​ന്മാരെ​പ്പ​റ്റി​യും യേശു പഠിപ്പിച്ച കാര്യ​ങ്ങളെ​പ്പ​റ്റി​യും ചോദി​ച്ചു. 20 യേശു അദ്ദേഹത്തോ​ടു പറഞ്ഞു: “ഞാൻ ലോകത്തോ​ടു പരസ്യ​മാ​യി​ട്ടാ​ണു സംസാ​രി​ച്ചത്‌. ജൂതന്മാരെ​ല്ലാം ഒരുമി​ച്ചു​കൂ​ടാ​റുള്ള സിന​ഗോ​ഗി​ലും ദേവാ​ല​യ​ത്തി​ലും ആണ്‌ ഞാൻ പഠിപ്പി​ച്ചുപോ​ന്നത്‌.+ ഞാൻ രഹസ്യ​മാ​യി ഒന്നും സംസാ​രി​ച്ചി​ട്ടില്ല. 21 പിന്നെ എന്തിനാ​ണ്‌ എന്നെ ചോദ്യം ചെയ്യു​ന്നത്‌? ഞാൻ സംസാ​രി​ച്ചതൊ​ക്കെ കേട്ടി​ട്ടു​ള്ള​വരോ​ടു ചോദി​ച്ചുനോ​ക്കൂ. ഞാൻ പറഞ്ഞത്‌ എന്താ​ണെന്ന്‌ അവർക്ക്‌ അറിയാം.” 22 യേശു ഇങ്ങനെ പറഞ്ഞ​പ്പോൾ അരികെ നിന്നി​രുന്ന ഭടന്മാ​രിൽ ഒരാൾ യേശു​വി​ന്റെ മുഖത്ത്‌ അടിച്ചി​ട്ട്‌,+ “ഇങ്ങനെ​യാ​ണോ മുഖ്യ​പുരോ​ഹി​തനോട്‌ ഉത്തരം പറയു​ന്നത്‌” എന്നു ചോദി​ച്ചു. 23 യേശു പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാണെ​ങ്കിൽ അതു തെളി​യി​ക്കുക. ശരിയാ​ണു പറഞ്ഞ​തെ​ങ്കിൽ എന്നെ അടിക്കു​ന്നത്‌ എന്തിനാ​ണ്‌?” 24 ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ്‌ യേശു​വി​നെ മഹാപുരോ​ഹി​ത​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌ അയച്ചു.+

25 ശിമോൻ പത്രോ​സ്‌ തീ കാഞ്ഞു​കൊ​ണ്ട്‌ നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോൾ അവർ, “താങ്കളും അയാളു​ടെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദി​ച്ചു. പത്രോ​സ്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌, “അല്ല” എന്നു പറഞ്ഞു.+ 26 മഹാപുരോഹിതന്റെ ഒരു അടിമ​യും പത്രോ​സ്‌ ചെവി മുറി​ച്ച​വന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളുടെ​കൂ​ടെ തോട്ട​ത്തിൽവെച്ച്‌ കണ്ടല്ലോ” എന്നു പറഞ്ഞു. 27 എന്നാൽ പത്രോ​സ്‌ വീണ്ടും അതു നിഷേ​ധി​ച്ചു; ഉടൻതന്നെ കോഴി കൂകി.+

28 അതിരാവിലെ അവർ യേശു​വി​നെ കയ്യഫയു​ടെ അടുത്തു​നിന്ന്‌ ഗവർണ​റു​ടെ വസതി​യിലേക്കു കൊണ്ടുപോ​യി.+ എന്നാൽ പെസഹ ഭക്ഷിക്കാ​നു​ള്ള​തുകൊണ്ട്‌ അശുദ്ധരാകാതിരിക്കാൻ+ അവർ ഗവർണ​റു​ടെ വസതി​യിൽ കയറി​യില്ല. 29 അതുകൊണ്ട്‌ പീലാ​ത്തൊ​സ്‌ പുറത്ത്‌ വന്ന്‌ അവരോ​ട്‌, “ഈ മനുഷ്യ​ന്‌ എതിരെ എന്തു കുറ്റമാ​ണു നിങ്ങൾ ആരോ​പി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. 30 അവർ പറഞ്ഞു: “കുറ്റവാ​ളി​യ​ല്ലാ​യി​രുന്നെ​ങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പി​ക്കി​ല്ലാ​യി​രു​ന്ന​ല്ലോ.” 31 അപ്പോൾ പീലാ​ത്തൊ​സ്‌, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോ​യി നിങ്ങളു​ടെ നിയമ​മ​നു​സ​രിച്ച്‌ വിധിക്ക്‌”+ എന്നു പറഞ്ഞു. അപ്പോൾ ജൂതന്മാർ, “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവ​ദി​ക്കു​ന്നില്ല”+ എന്നു പറഞ്ഞു. 32 തന്റെ മരണം ഏതുവിധത്തിലുള്ളതായിരിക്കുമെന്നു+ യേശു പറഞ്ഞത്‌ ഇങ്ങനെ നിറ​വേ​റു​ക​യാ​യി​രു​ന്നു.

33 പീലാത്തൊസ്‌ ഗവർണ​റു​ടെ വസതി​ക്കു​ള്ളിലേക്കു തിരികെ കയറി യേശു​വി​നെ വിളിച്ച്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ”+ എന്നു ചോദി​ച്ചു. 34 അപ്പോൾ യേശു, “ഇത്‌ അങ്ങ്‌ സ്വയം തോന്നി ചോദി​ക്കു​ന്ന​താ​ണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതി​ന്റെ പേരിൽ ചോദി​ക്കു​ന്ന​താ​ണോ” എന്നു ചോദി​ച്ചു. 35 പീലാത്തൊസ്‌ പറഞ്ഞു: “അതിനു ഞാൻ ഒരു ജൂതന​ല്ല​ല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യ​പുരോ​ഹി​ത​ന്മാ​രും ആണ്‌ നിന്നെ എനിക്ക്‌ ഏൽപ്പി​ച്ചു​ത​ന്നത്‌. നീ എന്താണു ചെയ്‌തത്‌?” 36 യേശു പറഞ്ഞു:+ “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല.+ എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രുന്നെ​ങ്കിൽ എന്നെ ജൂതന്മാ​രു​ടെ കൈയി​ലേക്കു വിട്ടുകൊ​ടു​ക്കാ​തി​രി​ക്കാൻ എന്റെ സേവകർ പോരാ​ടിയേനേ.+ എന്നാൽ എന്റെ രാജ്യം ഈ ലോക​ത്തു​നി​ന്നു​ള്ളതല്ല.” 37 പീലാത്തൊസ്‌ ചോദി​ച്ചു: “അപ്പോൾ, നീ ഒരു രാജാ​വാ​ണോ?” മറുപ​ടി​യാ​യി യേശു പറഞ്ഞു: “ഞാൻ ഒരു രാജാ​വാണെന്ന്‌ അങ്ങുതന്നെ പറയു​ന്ന​ല്ലോ.+ സത്യത്തി​നു സാക്ഷി​യാ​യി നിൽക്കാൻവേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌.+ ഞാൻ ലോക​ത്തേക്കു വന്നിരി​ക്കു​ന്ന​തും അതിനാ​യി​ട്ടാണ്‌. സത്യത്തി​ന്റെ പക്ഷത്തു​ള്ള​വരെ​ല്ലാം എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്നു.” 38 പീലാത്തൊസ്‌ യേശു​വിനോട്‌, “എന്താണു സത്യം” എന്നു ചോദി​ച്ചു.

ഇതു ചോദി​ച്ചിട്ട്‌ പീലാ​ത്തൊ​സ്‌ വീണ്ടും പുറത്ത്‌ ചെന്ന്‌ ജൂതന്മാരോ​ടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണു​ന്നില്ല.+ 39 പെസഹയ്‌ക്ക്‌ ഞാൻ നിങ്ങൾക്കൊ​രു തടവു​കാ​രനെ വിട്ടു​ത​രുന്ന പതിവു​ണ്ട​ല്ലോ.+ ജൂതന്മാ​രു​ടെ രാജാ​വി​നെ ഞാൻ നിങ്ങൾക്കു വിട്ടു​ത​രട്ടേ?” 40 അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാ​സി​നെ മതി” എന്ന്‌ അലറി. ബറബ്ബാസ്‌ ഒരു കവർച്ച​ക്കാ​ര​നാ​യി​രു​ന്നു.+

19 പിന്നെ പീലാ​ത്തൊ​സ്‌ യേശു​വി​നെ കൊണ്ടുപോ​യി ചാട്ടയ്‌ക്ക്‌ അടിപ്പി​ച്ചു.+ 2 പടയാളികൾ ഒരു മുൾക്കി​രീ​ടം മെടഞ്ഞു​ണ്ടാ​ക്കി യേശു​വി​ന്റെ തലയിൽ വെച്ചു. എന്നിട്ട്‌ പർപ്പിൾ നിറത്തി​ലുള്ള ഒരു വസ്‌ത്ര​വും ധരിപ്പി​ച്ചു.+ 3 അവർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌, “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!”* എന്നു പറഞ്ഞു. അവർ മാറി​മാ​റി യേശു​വി​ന്റെ കരണത്ത്‌ അടിച്ചു.+ 4 പീലാത്തൊസ്‌ പിന്നെ​യും പുറത്ത്‌ വന്ന്‌ അവരോ​ടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല+ എന്നു നിങ്ങൾ മനസ്സി​ലാ​ക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളു​ടെ അടുത്ത്‌ കൊണ്ടു​വ​രു​ന്നു.” 5 അപ്പോൾ, മുൾക്കി​രീ​ട​വും പർപ്പിൾ നിറത്തി​ലുള്ള വസ്‌ത്ര​വും ധരിച്ച യേശു പുറ​ത്തേക്കു വന്നു. പീലാ​ത്തൊ​സ്‌ അവരോ​ട്‌, “ഇതാ, ആ മനുഷ്യൻ!” എന്നു പറഞ്ഞു. 6 എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ഭടന്മാ​രും യേശു​വി​നെ കണ്ടപ്പോൾ, “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!”+ എന്ന്‌ അലറി​വി​ളി​ച്ചു. പീലാ​ത്തൊ​സ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോ​യി സ്‌തം​ഭ​ത്തിലേ​റ്റിക്കൊ​ള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണു​ന്നില്ല.”+ 7 അപ്പോൾ ജൂതന്മാർ പറഞ്ഞു: “ഞങ്ങൾക്ക്‌ ഒരു നിയമ​മുണ്ട്‌. അതനു​സ​രിച്ച്‌ ഇവൻ മരിക്കണം.+ കാരണം ഇവൻ ദൈവ​പുത്രനെന്ന്‌ അവകാ​ശപ്പെ​ടു​ന്നു.”+

8 ഇതു കേട്ട​പ്പോൾ പീലാത്തൊ​സി​നു പേടി കൂടി. 9 പീലാത്തൊസ്‌ വീണ്ടും ഗവർണ​റു​ടെ വസതി​ക്കു​ള്ളിലേക്കു ചെന്ന്‌ യേശു​വിനോട്‌, “താൻ എവി​ടെ​നി​ന്നാണ്‌” എന്നു ചോദി​ച്ചു. പക്ഷേ യേശു മറുപ​ടിയൊ​ന്നും പറഞ്ഞില്ല.+ 10 അപ്പോൾ പീലാ​ത്തൊ​സ്‌ ചോദി​ച്ചു: “എന്താ, എന്നോട്‌ ഒന്നും പറയില്ലെ​ന്നാ​ണോ? തന്നെ വിട്ടയ​യ്‌ക്കാ​നും വധിക്കാനും* എനിക്ക്‌ അധികാ​ര​മുണ്ടെന്ന്‌ അറിയി​ല്ലേ?” 11 യേശു പറഞ്ഞു: “മുകളിൽനി​ന്ന്‌ തന്നി​ല്ലെ​ങ്കിൽ അങ്ങയ്‌ക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വും ഉണ്ടാകു​മാ​യി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചു​തന്ന മനുഷ്യ​ന്റെ പാപം കൂടുതൽ ഗൗരവ​മു​ള്ള​താണ്‌.”

12 ഇക്കാരണത്താൽ പീലാ​ത്തൊ​സ്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാൻ എന്തെങ്കി​ലും വഴിയു​ണ്ടോ എന്നു നോക്കി. എന്നാൽ ജൂതന്മാർ ഇങ്ങനെ അലറി: “ഇവനെ വിട്ടയ​ച്ചാൽ അങ്ങ്‌ സീസറി​ന്റെ സ്‌നേ​ഹി​തനല്ല. തന്നെത്തന്നെ രാജാ​വാ​ക്കുന്ന ഒരാൾ സീസറി​നെ എതിർക്കു​ന്നു.”+ 13 ഇതു കേട്ട​പ്പോൾ പീലാ​ത്തൊ​സ്‌ യേശു​വി​നെ പുറത്ത്‌ കൊണ്ടു​വന്നു. എന്നിട്ട്‌ എബ്രാ​യ​യിൽ ഗബ്ബഥ എന്നു പേരുള്ള, കൽത്തളം എന്ന സ്ഥലത്ത്‌ ന്യായാസനത്തിൽ* ഇരുന്നു. 14 പെസഹയുടെ ഒരുക്ക​നാ​ളാ​യി​രു​ന്നു അന്ന്‌.+ അപ്പോൾ ഏകദേശം ആറാം മണി* ആയിരു​ന്നു. പീലാ​ത്തൊ​സ്‌ ജൂതന്മാ​രോ​ട്‌, “ഇതാ, നിങ്ങളു​ടെ രാജാവ്‌” എന്നു പറഞ്ഞു. 15 അവരോ, “അവന്റെ കഥ കഴിക്ക്‌! അവനെ കൊന്നു​ക​ള​യണം! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അലറി​വി​ളി​ച്ചു. പീലാ​ത്തൊ​സ്‌ അവരോ​ട്‌, “നിങ്ങളു​ടെ രാജാ​വി​നെ ഞാൻ വധിക്ക​ണമെ​ന്നോ” എന്നു ചോദി​ച്ചു. മറുപ​ടി​യാ​യി മുഖ്യ​പുരോ​ഹി​ത​ന്മാർ, “ഞങ്ങൾക്കു സീസറ​ല്ലാ​തെ മറ്റൊരു രാജാ​വില്ല” എന്നു പറഞ്ഞു. 16 അപ്പോൾ പീലാ​ത്തൊ​സ്‌ യേശു​വി​നെ സ്‌തം​ഭ​ത്തിലേറ്റി കൊല്ലാൻ അവർക്കു വിട്ടുകൊ​ടു​ത്തു.+

അവർ യേശു​വി​നെ ഏറ്റുവാ​ങ്ങി. 17 യേശു തന്റെ ദണ്ഡനസ്‌തംഭവും* ചുമന്നു​കൊ​ണ്ട്‌ എബ്രാ​യ​യിൽ ഗൊൽഗോഥ+ എന്നു വിളി​ക്കുന്ന തലയോടിടം+ എന്ന സ്ഥലത്തേക്കു പോയി. 18 അവിടെ അവർ യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ചു.+ ഇരുവ​ശ​ങ്ങ​ളിലായി വേറെ രണ്ടു പേരെ​യും സ്‌തം​ഭ​ത്തിലേറ്റി.+ 19 പീലാത്തൊസ്‌ ഒരു മേലെ​ഴുത്ത്‌ എഴുതി ദണ്ഡനസ്‌തംഭത്തിൽ* വെച്ചു. അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “നസറെ​ത്തു​കാ​ര​നായ യേശു, ജൂതന്മാ​രു​ടെ രാജാവ്‌.”+ 20 യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച സ്ഥലം നഗരത്തി​ന്‌ അടുത്താ​യി​രു​ന്ന​തുകൊണ്ട്‌ ജൂതന്മാ​രിൽ പലരും ആ മേലെ​ഴു​ത്തു വായിച്ചു. അത്‌ എബ്രാ​യ​യി​ലും ലത്തീനി​ലും ഗ്രീക്കി​ലും എഴുതി​യി​രു​ന്നു. 21 എന്നാൽ ജൂതന്മാ​രു​ടെ മുഖ്യ​പുരോ​ഹി​ത​ന്മാർ പീലാത്തൊ​സിനോ​ടു പറഞ്ഞു: “‘ജൂതന്മാ​രു​ടെ രാജാവ്‌’ എന്നല്ല, ‘ഞാൻ ജൂതന്മാ​രു​ടെ രാജാ​വാണ്‌’ എന്ന്‌ ഇവൻ പറഞ്ഞു എന്നാണ്‌ എഴു​തേ​ണ്ടത്‌.” 22 പീലാത്തൊസ്‌ പറഞ്ഞു: “ഞാൻ എഴുതി​യത്‌ എഴുതി.”

23 യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യം നാലായി വീതിച്ച്‌ ഓരോ​രു​ത്ത​രും ഓരോ കഷണം എടുത്തു. ഉള്ളങ്കി​യും അവർ എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമു​തൽ അടിവരെ തുന്നലി​ല്ലാ​തെ നെയ്‌തെ​ടു​ത്ത​താ​യി​രു​ന്നു. 24 അതുകൊണ്ട്‌ അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത്‌ ആർക്കു കിട്ടു​മെന്നു നമുക്കു നറുക്കി​ട്ട്‌ തീരു​മാ​നി​ക്കാം.”+ “എന്റെ വസ്‌ത്രം അവർ വീതിച്ചെ​ടു​ത്തു. എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ട്ടു”+ എന്ന തിരുവെ​ഴുത്ത്‌ ഇങ്ങനെ നിറ​വേറി. ശരിക്കും അതുതന്നെ​യാ​ണു പടയാ​ളി​കൾ ചെയ്‌തത്‌.

25 ദണ്ഡനസ്‌തംഭത്തിന്‌* അരികെ യേശു​വി​ന്റെ അമ്മയും+ അമ്മയുടെ സഹോ​ദ​രി​യും ക്ലോപ്പാ​സി​ന്റെ ഭാര്യ മറിയ​യും മഗ്‌ദ​ല​ക്കാ​രി മറിയ​യും നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 26 അമ്മയും താൻ സ്‌നേ​ഹിച്ച ശിഷ്യനും+ അരികെ നിൽക്കു​ന്നതു കണ്ടിട്ട്‌ യേശു അമ്മയോ​ട്‌, “സ്‌ത്രീ​യേ, ഇതാ നിങ്ങളു​ടെ മകൻ” എന്നു പറഞ്ഞു. 27 പിന്നെ ശിഷ്യ​നോ​ട്‌, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു. അന്നുമു​തൽ ആ ശിഷ്യൻ യേശു​വി​ന്റെ അമ്മയെ തന്റെ വീട്ടിൽ താമസി​പ്പി​ച്ചു.

28 ഇതിനു ശേഷം, എല്ലാം പൂർത്തി​യായെന്നു മനസ്സി​ലാ​ക്കിയ യേശു തിരുവെ​ഴു​ത്തു നിറ​വേ​റാൻ, “എനിക്കു ദാഹി​ക്കു​ന്നു”+ എന്നു പറഞ്ഞു. 29 പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അവർ നീർപ്പഞ്ഞി* അതിൽ മുക്കി ഒരു ഈസോപ്പുതണ്ടിൽ* വെച്ച്‌ യേശു​വി​ന്റെ വായോ​ട്‌ അടുപ്പി​ച്ചു.+ 30 അതു രുചി​ച്ചിട്ട്‌ യേശു, “എല്ലാം പൂർത്തി​യാ​യി”+ എന്നു പറഞ്ഞ്‌ തല കുനിച്ച്‌ ജീവൻ വെടിഞ്ഞു.*+

31 അന്ന്‌ ഒരുക്കനാളായിരുന്നതുകൊണ്ട്‌+ ശബത്തിൽ (അതു വലിയ ശബത്താ​യി​രു​ന്നു.)+ ശരീരങ്ങൾ ദണ്ഡനസ്‌തം​ഭ​ത്തിൽ കിടക്കാതിരിക്കാൻ+ അവരുടെ കാലുകൾ ഒടിച്ച്‌ ശരീരങ്ങൾ താഴെ ഇറക്കണം എന്നു ജൂതന്മാർ പീലാത്തൊ​സിനോട്‌ അപേക്ഷി​ച്ചു. 32 അങ്ങനെ, പടയാ​ളി​കൾ വന്ന്‌ യേശു​വിന്റെ​കൂ​ടെ സ്‌തം​ഭ​ത്തിലേ​റ്റിയ രണ്ടു പേരുടെ​യും കാലുകൾ ഒടിച്ചു. 33 എന്നാൽ യേശു​വി​ന്റെ അടുത്ത്‌ വന്നപ്പോൾ മരി​ച്ചെന്നു കണ്ടിട്ട്‌ കാലുകൾ ഒടിച്ചില്ല. 34 പടയാളികളിൽ ഒരാൾ കുന്തം​കൊ​ണ്ട്‌ യേശു​വി​ന്റെ വിലാപ്പുറത്ത്‌* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത്‌ വന്നു. 35 ഇതു നേരിട്ട്‌ കണ്ടയാ​ളാണ്‌ ഇക്കാര്യം സാക്ഷ്യപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അയാളു​ടെ വാക്കുകൾ സത്യമാ​ണ്‌. താൻ പറയു​ന്നതു സത്യമാ​ണെന്ന്‌ അയാൾക്ക്‌ അറിയാം. അതു​കൊണ്ട്‌ നിങ്ങൾക്കും അതു വിശ്വ​സി​ക്കാം.+ 36 “അവന്റെ അസ്ഥിക​ളിൽ ഒന്നു​പോ​ലും ഒടിക്കില്ല”+ എന്ന തിരുവെ​ഴു​ത്തു നിറ​വേ​റാ​നാണ്‌ ഇതൊക്കെ സംഭവി​ച്ചത്‌. 37 “അവർ കുത്തി​ത്തു​ള​ച്ച​വനെ അവർ നോക്കും”+ എന്നു മറ്റൊരു തിരുവെ​ഴു​ത്തും പറയുന്നു.

38 ഇതിനു ശേഷം, ജൂതന്മാ​രെ പേടിച്ച്‌+ യേശു​വി​ന്റെ ഒരു രഹസ്യ​ശി​ഷ്യ​നാ​യി കഴിഞ്ഞി​രുന്ന അരിമ​ഥ്യ​ക്കാ​ര​നായ യോ​സേഫ്‌ യേശു​വി​ന്റെ ശരീരം എടുത്തുകൊ​ണ്ടുപോ​കാൻ പീലാത്തൊ​സിനോട്‌ അനുവാ​ദം ചോദി​ച്ചു. പീലാ​ത്തൊ​സ്‌ അനുവാ​ദം കൊടു​ത്തു. അങ്ങനെ യോ​സേഫ്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം എടുത്തുകൊ​ണ്ടുപോ​യി.+ 39 മുമ്പൊരിക്കൽ യേശു​വി​നെ കാണാൻ ഒരു രാത്രി​സ​മ​യത്ത്‌ ചെന്ന നിക്കോദേമൊസും+ അവിടെ എത്തി. മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ* സുഗന്ധക്കൂട്ടും* നിക്കോ​ദേ​മൊ​സ്‌ കൊണ്ടു​വ​ന്നി​രു​ന്നു.+ 40 അവർ യേശു​വി​ന്റെ ശരീരം എടുത്ത്‌ ജൂതന്മാ​രു​ടെ ശവസം​സ്‌കാ​ര​രീ​തി​യ​നു​സ​രിച്ച്‌ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ഇട്ട്‌ ലിനൻതു​ണികൊണ്ട്‌ ചുറ്റി.+ 41 യേശുവിനെ വധിച്ച* സ്ഥലത്ത്‌ ഒരു തോട്ട​മു​ണ്ടാ​യി​രു​ന്നു. ആ തോട്ട​ത്തിൽ മുമ്പൊ​രി​ക്ക​ലും ആരെയും വെച്ചി​ട്ടി​ല്ലാത്ത പുതിയൊ​രു കല്ലറയു​മു​ണ്ടാ​യി​രു​ന്നു.+ 42 അന്നു ജൂതന്മാ​രു​ടെ ഒരുക്കനാളായിരുന്നതുകൊണ്ടും+ അടുത്ത്‌ അങ്ങനെയൊ​രു കല്ലറയു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ടും അവർ യേശു​വി​ന്റെ ശരീരം അതിൽ വെച്ചു.

20 ആഴ്‌ച​യു​ടെ ഒന്നാം ദിവസം അതിരാ​വി​ലെ, ഇരുട്ടു​ള്ളപ്പോൾത്തന്നെ, മഗ്‌ദ​ല​ക്കാ​രി മറിയ കല്ലറയു​ടെ അടുത്ത്‌ എത്തി.+ അപ്പോൾ, കല്ലറയു​ടെ വാതിൽക്കൽനി​ന്ന്‌ കല്ല്‌ എടുത്തു​മാ​റ്റി​യി​രി​ക്കു​ന്നതു കണ്ടു.+ 2 മറിയ ഓടി ശിമോൻ പത്രോ​സിന്റെ​യും യേശു​വി​നു പ്രിയ​പ്പെട്ട ശിഷ്യന്റെയും+ അടുത്ത്‌ ചെന്ന്‌ അവരോ​ടു പറഞ്ഞു: “അവർ കർത്താ​വി​നെ കല്ലറയിൽനി​ന്ന്‌ എടുത്തുകൊ​ണ്ടുപോ​യി.+ എവി​ടെ​യാ​ണു വെച്ചി​രി​ക്കു​ന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ.”

3 പത്രോസും മറ്റേ ശിഷ്യ​നും കല്ലറയു​ടെ അടു​ത്തേക്കു പോയി. 4 അവർ ഇരുവ​രും ഓടു​ക​യാ​യി​രു​ന്നു. എന്നാൽ മറ്റേ ശിഷ്യൻ പത്രോ​സിനെ​ക്കാൾ വേഗം ഓടി ആദ്യം കല്ലറയു​ടെ അടുത്ത്‌ എത്തി. 5 ആ ശിഷ്യൻ കുനിഞ്ഞ്‌ അകത്തേക്കു നോക്കി​യപ്പോൾ ലിനൻതു​ണി​കൾ അവിടെ കിടക്കു​ന്നതു കണ്ടു.+ എന്നാൽ അകത്ത്‌ കടന്നില്ല. 6 പിന്നാലെ ശിമോൻ പത്രോ​സും ഓടി​യെത്തി. പത്രോ​സ്‌ കല്ലറയു​ടെ അകത്ത്‌ കടന്നു. ലിനൻതു​ണി​കൾ കിടക്കു​ന്നതു പത്രോ​സും കണ്ടു. 7 യേശുവിന്റെ തലയി​ലു​ണ്ടാ​യി​രുന്ന തുണി മറ്റു തുണി​ക​ളുടെ​കൂടെ​യ​ല്ലാ​തെ വേറൊ​രി​ടത്ത്‌ ചുരു​ട്ടിവെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 8 ആദ്യം കല്ലറയു​ടെ അടുത്ത്‌ എത്തിയ മറ്റേ ശിഷ്യ​നും അപ്പോൾ അകത്ത്‌ കടന്നു. എല്ലാം നേരിട്ട്‌ കണ്ടപ്പോൾ ആ ശിഷ്യ​നും വിശ്വാ​സ​മാ​യി. 9 യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴുന്നേൽക്കു​മെന്ന തിരുവെ​ഴുത്ത്‌ അവർക്ക്‌ അപ്പോ​ഴും മനസ്സി​ലാ​യി​രു​ന്നില്ല.+ 10 അങ്ങനെ, ശിഷ്യ​ന്മാർ അവരുടെ വീടു​ക​ളിലേക്കു മടങ്ങി.

11 എന്നാൽ മറിയ, കല്ലറയ്‌ക്കു പുറത്ത്‌ കരഞ്ഞു​കൊ​ണ്ട്‌ നിന്നു. കരയു​ന്ന​തിന്‌ ഇടയിൽ മറിയ കുനിഞ്ഞ്‌ കല്ലറയു​ടെ അകത്തേക്കു നോക്കി. 12 വെള്ളവസ്‌ത്രം ധരിച്ച രണ്ടു ദൈവദൂതന്മാർ+ യേശു​വി​ന്റെ ശരീരം കിടന്നി​രുന്ന സ്ഥലത്ത്‌, ഒരാൾ തലയ്‌ക്ക​ലും ഒരാൾ കാൽക്ക​ലും, ഇരിക്കു​ന്നതു കണ്ടു. 13 അവർ മറിയ​യോ​ട്‌, “സ്‌ത്രീ​യേ, എന്തിനാ​ണ്‌ ഇങ്ങനെ കരയു​ന്നത്‌” എന്നു ചോദി​ച്ചു. മറിയ അവരോ​ടു പറഞ്ഞു: “അവർ എന്റെ കർത്താ​വി​നെ എടുത്തുകൊ​ണ്ടുപോ​യി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന്‌ എനിക്ക്‌ അറിഞ്ഞു​കൂ​ടാ.” 14 ഇതു പറഞ്ഞിട്ട്‌ മറിയ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ യേശു നിൽക്കു​ന്നതു കണ്ടു. എന്നാൽ അതു യേശു​വാണെന്നു മറിയ​യ്‌ക്കു മനസ്സി​ലാ​യില്ല.+ 15 യേശു മറിയയോ​ടു ചോദി​ച്ചു: “സ്‌ത്രീ​യേ, എന്തിനാ​ണു കരയു​ന്നത്‌? ആരെയാ​ണു നീ അന്വേ​ഷി​ക്കു​ന്നത്‌?” അതു തോട്ട​ക്കാ​ര​നാ​യി​രി​ക്കുമെന്നു കരുതി മറിയ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, അങ്ങാണു യേശു​വി​നെ എടുത്തുകൊ​ണ്ടുപോ​യതെ​ങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊ​യ്‌ക്കൊ​ള്ളാം.” 16 അപ്പോൾ യേശു, “മറിയേ” എന്നു വിളിച്ചു. മറിയ തിരിഞ്ഞ്‌ എബ്രാ​യ​യിൽ, “റബ്ബോനി!” (“ഗുരു!” എന്ന്‌ അർഥം.) എന്നു പറഞ്ഞു. 17 യേശു മറിയയോ​ടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടി​ച്ചു​നി​റു​ത്ത​രുത്‌. ഞാൻ ഇതുവരെ പിതാ​വി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി​ട്ടില്ല. നീ എന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌+ അവരോ​ട്‌, ‘ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവവും+ നിങ്ങളു​ടെ ദൈവ​വും ആയവന്റെ അടു​ത്തേക്കു കയറിപ്പോ​കു​ന്നു’+ എന്നു പറയുക.” 18 “ഞാൻ കർത്താ​വി​നെ കണ്ടു” എന്ന വാർത്ത​യു​മാ​യി മഗ്‌ദ​ല​ക്കാ​രി മറിയ ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ എത്തി. യേശു തന്നോടു പറഞ്ഞ​തെ​ല്ലാം മറിയ അവരെ പറഞ്ഞുകേൾപ്പി​ച്ചു.+

19 ആഴ്‌ചയുടെ ഒന്നാം ദിവസം നേരം വൈകിയ സമയത്ത്‌ ശിഷ്യ​ന്മാർ ജൂതന്മാ​രെ പേടിച്ച്‌ വാതിൽ പൂട്ടി അകത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു. അപ്പോൾ യേശു വന്ന്‌ അവരുടെ ഇടയിൽ നിന്ന്‌, “നിങ്ങൾക്കു സമാധാ​നം!”+ എന്നു പറഞ്ഞു. 20 ഇങ്ങനെ പറഞ്ഞിട്ട്‌ യേശു കൈക​ളും വിലാപ്പുറവും* അവരെ കാണിച്ചു.+ കർത്താ​വി​നെ കണ്ടപ്പോൾ ശിഷ്യ​ന്മാർക്കു വലിയ സന്തോ​ഷ​മാ​യി.+ 21 യേശു വീണ്ടും അവരോ​ടു പറഞ്ഞു: “നിങ്ങൾക്കു സമാധാ​നം!+ പിതാവ്‌ എന്നെ അയച്ചതുപോലെ+ ഞാനും നിങ്ങളെ അയയ്‌ക്കു​ന്നു.”+ 22 അതിനു ശേഷം യേശു അവരുടെ മേൽ ഊതി​യിട്ട്‌ പറഞ്ഞു: “പരിശു​ദ്ധാ​ത്മാ​വി​നെ സ്വീക​രി​ക്കൂ.+ 23 നിങ്ങൾ ആരു​ടെയെ​ങ്കി​ലും പാപങ്ങൾ ക്ഷമിച്ചാൽ അവരോ​ട്‌ അവ ക്ഷമിച്ചി​രി​ക്കു​ന്നു. നിങ്ങൾ ക്ഷമിക്കാ​തി​രു​ന്നാ​ലോ അവ നിലനിൽക്കു​ക​യും ചെയ്യുന്നു.”

24 എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട* തോമസ്‌+—ഇദ്ദേഹത്തെ ഇരട്ട* എന്നു വിളി​ച്ചി​രു​ന്നു—അവരുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നില്ല. 25 മറ്റു ശിഷ്യ​ന്മാർ തോമ​സിനോട്‌, “ഞങ്ങൾ കർത്താ​വി​നെ കണ്ടു” എന്നു പറഞ്ഞു. തോമസ്‌ അവരോ​ട്‌, “യേശു​വി​ന്റെ കൈക​ളി​ലെ ആണിപ്പഴുതുകൾ* കണ്ട്‌ അവയിൽ വിരൽ ഇട്ടു​നോ​ക്കാതെ​യും വിലാപ്പുറത്ത്‌* തൊട്ടുനോക്കാതെയും+ ഞാൻ വിശ്വ​സി​ക്കില്ല” എന്നു പറഞ്ഞു.

26 എട്ടു ദിവസം കഴിഞ്ഞ്‌ വീണ്ടും യേശു​വി​ന്റെ ശിഷ്യ​ന്മാർ ഒരു മുറി​ക്കു​ള്ളിൽ കൂടി​വ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. തോമ​സും അവരുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നു. വാതി​ലു​കൾ അടച്ചു​പൂ​ട്ടി​യി​രുന്നെ​ങ്കി​ലും യേശു പെട്ടെന്ന്‌ അവരുടെ നടുവിൽ വന്ന്‌ നിന്ന്‌, “നിങ്ങൾക്കു സമാധാ​നം!”+ എന്നു പറഞ്ഞു. 27 പിന്നെ യേശു തോമ​സിനോ​ടു പറഞ്ഞു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടു​നോക്ക്‌. എന്റെ വിലാപ്പുറത്ത്‌* തൊട്ടു​നോ​ക്ക്‌. സംശയിക്കാതെ* വിശ്വ​സിക്ക്‌.” 28 അപ്പോൾ തോമസ്‌ യേശു​വിനോട്‌, “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു പറഞ്ഞു. 29 യേശു തോമ​സിനോ​ടു ചോദി​ച്ചു: “എന്നെ കണ്ടതുകൊ​ണ്ടാ​ണോ നീ വിശ്വ​സി​ക്കു​ന്നത്‌? കാണാതെ വിശ്വ​സി​ക്കു​ന്നവർ സന്തുഷ്ടർ.”

30 ഈ ചുരു​ളിൽ എഴുതി​യി​ട്ടി​ല്ലാത്ത മറ്റ്‌ അനേകം അടയാ​ളങ്ങൾ യേശു ശിഷ്യ​ന്മാർ കാൺകെ ചെയ്‌തി​ട്ടുണ്ട്‌.+ 31 എന്നാൽ യേശു ദൈവ​പുത്ര​നായ ക്രിസ്‌തു​വാണെന്നു നിങ്ങൾ വിശ്വ​സി​ക്കാ​നും വിശ്വ​സിച്ച്‌ യേശു​വി​ന്റെ പേര്‌ മുഖാ​ന്തരം നിങ്ങൾക്കു ജീവൻ കിട്ടാ​നും ആണ്‌ ഇത്രയും കാര്യങ്ങൾ എഴുതി​യത്‌.+

21 അതിനു ശേഷം തിബെ​ര്യാസ്‌ കടലിന്റെ തീരത്തു​വെച്ച്‌ യേശു ശിഷ്യ​ന്മാർക്കു വീണ്ടും പ്രത്യ​ക്ഷ​നാ​യി. ഇങ്ങനെ​യാ​യി​രു​ന്നു ആ സംഭവം: 2 ശിമോൻ പത്രോ​സും തോമ​സും (ഇരട്ട എന്നും വിളി​ച്ചി​രു​ന്നു.)+ ഗലീല​യി​ലെ കാനാ​യിൽനി​ന്നുള്ള നഥനയേലും+ സെബെദിപുത്രന്മാരും+ വേറെ രണ്ടു ശിഷ്യ​ന്മാ​രും ഒരുമി​ച്ച്‌ ഇരിക്കു​ക​യാ​യി​രു​ന്നു. 3 ശിമോൻ പത്രോ​സ്‌ അവരോ​ട്‌, “ഞാൻ മീൻ പിടി​ക്കാൻ പോകു​ക​യാണ്‌” എന്നു പറഞ്ഞു. “ഞങ്ങളും പോരു​ന്നു” എന്ന്‌ അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടി​ക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക്‌ ഒന്നും കിട്ടി​യില്ല.+

4 നേരം വെളു​ക്കാ​റാ​യപ്പോൾ യേശു കടൽത്തീ​രത്ത്‌ വന്ന്‌ നിന്നു. എന്നാൽ അതു യേശു​വാണെന്നു ശിഷ്യ​ന്മാർക്കു മനസ്സി​ലാ​യില്ല.+ 5 യേശു അവരോ​ട്‌, “മക്കളേ, നിങ്ങളു​ടെ കൈയിൽ കഴിക്കാൻ വല്ലതു​മു​ണ്ടോ”* എന്നു ചോദി​ച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു. 6 യേശു അവരോ​ടു പറഞ്ഞു: “വള്ളത്തിന്റെ വലതു​വ​ശത്ത്‌ വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും.” അവർ വല വീശി. വല വലിച്ചു​ക​യ​റ്റാൻ പറ്റാത്ത​തുപോ​ലെ അത്രയ​ധി​കം മീൻ വലയിൽപ്പെട്ടു.+ 7 യേശു സ്‌നേ​ഹിച്ച ശിഷ്യൻ+ അപ്പോൾ പത്രോ​സിനോട്‌, “അതു കർത്താ​വാണ്‌” എന്നു പറഞ്ഞു. അതു കർത്താ​വാണെന്നു കേട്ട ഉടനെ, നഗ്നനായിരുന്ന* ശിമോൻ പത്രോ​സ്‌ താൻ അഴിച്ചുവെ​ച്ചി​രുന്ന പുറങ്കു​പ്പാ​യ​വും ധരിച്ച്‌* കടലിൽ ചാടി കരയി​ലേക്കു നീന്തി. 8 വള്ളത്തിൽനിന്ന്‌ കരയി​ലേക്ക്‌ 300 അടി* ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ മറ്റു ശിഷ്യ​ന്മാർ മീൻ നിറഞ്ഞ വലയും വലിച്ചു​കൊ​ണ്ട്‌ അവരുടെ ചെറു​വ​ള്ള​ത്തിൽ കരയ്‌ക്ക്‌ എത്തി.

9 അവർ കരയിൽ ഇറങ്ങി​യപ്പോൾ, അവിടെ തീക്കന​ലു​കൾ കൂട്ടി അതിൽ മീൻ വെച്ചി​രി​ക്കു​ന്നതു കണ്ടു; അപ്പവും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 10 യേശു അവരോ​ട്‌, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച്‌ മീൻ കൊണ്ടു​വരൂ” എന്നു പറഞ്ഞു. 11 ശിമോൻ പത്രോ​സ്‌ വള്ളത്തിൽ കയറി വല കരയി​ലേക്കു വലിച്ചു​ക​യറ്റി. അതിൽ നിറയെ വലിയ മീനു​ക​ളാ​യി​രു​ന്നു, 153 എണ്ണം! അത്രയ​ധി​കം മീനു​ണ്ടാ​യി​രു​ന്നി​ട്ടും വല കീറി​യില്ല. 12 യേശു അവരോ​ട്‌, “വരൂ, ഭക്ഷണം കഴിക്കാം” എന്നു പറഞ്ഞു. ‘അങ്ങ്‌ ആരാണ്‌’ എന്നു യേശു​വിനോ​ടു ചോദി​ക്കാൻ ശിഷ്യ​ന്മാ​രാ​രും ധൈര്യപ്പെ​ട്ടില്ല. കാരണം അതു കർത്താ​വാണെന്ന്‌ അവർക്കു മനസ്സി​ലാ​യി​രു​ന്നു. 13 യേശു വന്ന്‌ അപ്പം എടുത്ത്‌ അവർക്കു കൊടു​ത്തു, മീനും കൊടു​ത്തു. 14 ഇതു മൂന്നാം തവണയാണു+ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടശേഷം യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​യത്‌.

15 അവർ ഭക്ഷണം കഴിച്ചു​ക​ഴി​ഞ്ഞപ്പോൾ യേശു ശിമോൻ പത്രോ​സിനോട്‌, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. പത്രോ​സ്‌ യേശു​വിനോട്‌, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു പത്രോ​സിനോട്‌, “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക”+ എന്നു പറഞ്ഞു. 16 യേശു രണ്ടാമ​തും, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. അപ്പോൾ പത്രോ​സ്‌, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു പത്രോ​സിനോട്‌, “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക”+ എന്നു പറഞ്ഞു. 17 മൂന്നാമത്‌ യേശു, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്നു ചോദി​ച്ചു. “നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്ന ഈ മൂന്നാ​മത്തെ ചോദ്യം കേട്ട​പ്പോൾ പത്രോ​സിന്‌ ആകെ സങ്കടമാ​യി. പത്രോ​സ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാം. എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.” അപ്പോൾ യേശു പത്രോ​സിനോ​ടു പറഞ്ഞു: “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.+ 18 സത്യംസത്യമായി ഞാൻ നിന്നോ​ടു പറയുന്നു: ചെറു​പ്പ​മാ​യി​രു​ന്നപ്പോൾ നീ തനിയെ വസ്‌ത്രം ധരിച്ച്‌ ഇഷ്ടമു​ള്ളി​ടത്തൊ​ക്കെ നടന്നു. എന്നാൽ വയസ്സാ​കുമ്പോൾ നീ കൈ നീട്ടു​ക​യും മറ്റൊ​രാൾ നിന്നെ വസ്‌ത്രം ധരിപ്പി​ക്കു​ക​യും നിനക്ക്‌ ഇഷ്ടമി​ല്ലാ​ത്തി​ടത്തേക്കു നിന്നെ കൊണ്ടുപോ​കു​ക​യും ചെയ്യും.” 19 ഏതുവിധത്തിലുള്ള മരണത്താൽ പത്രോ​സ്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തുമെന്നു സൂചി​പ്പി​ക്കാ​നാ​ണു യേശു ഇതു പറഞ്ഞത്‌. എന്നിട്ട്‌ യേശു പത്രോ​സിനോട്‌, “തുടർന്നും എന്നെ അനുഗ​മി​ക്കുക”+ എന്നു പറഞ്ഞു.

20 പത്രോസ്‌ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ+ പിന്നാലെ വരുന്നതു കണ്ടു. അത്താഴ​സ​മ​യത്ത്‌ യേശു​വി​ന്റെ മാറി​ലേക്കു ചാഞ്ഞ്‌, “കർത്താവേ, അങ്ങയെ ഒറ്റി​ക്കൊ​ടു​ക്കു​ന്നത്‌ ആരാണ്‌” എന്നു ചോദി​ച്ചത്‌ ഈ ശിഷ്യ​നാ​യി​രു​ന്നു. 21 ഈ ശിഷ്യനെ കണ്ടിട്ട്‌ പത്രോ​സ്‌ യേശു​വിനോട്‌, “കർത്താവേ, ഇയാളു​ടെ കാര്യ​മോ” എന്നു ചോദി​ച്ചു. 22 യേശു പത്രോ​സിനോ​ടു പറഞ്ഞു: “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌? നീ തുടർന്നും എന്നെ അനുഗ​മി​ക്കുക.” 23 ഇതു കേട്ടിട്ട്‌, ആ ശിഷ്യൻ മരിക്കില്ല എന്നൊരു സംസാരം സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ പരന്നു. എന്നാൽ യേശു പറഞ്ഞത്‌ ഈ ശിഷ്യൻ മരിക്കില്ല എന്നല്ല, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു മാത്ര​മാണ്‌.

24 ഈ ശിഷ്യൻതന്നെയാണ്‌+ ഈ കാര്യങ്ങൾ സാക്ഷ്യപ്പെ​ടു​ത്തു​ന്ന​തും ഇവ എഴുതി​യ​തും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം.

25 യേശു ചെയ്‌ത മറ്റ്‌ അനേകം കാര്യ​ങ്ങ​ളു​മുണ്ട്‌. അവയെ​ല്ലാം വിശദ​മാ​യി എഴുതി​യാൽ ആ ചുരു​ളു​കൾ ഈ ലോക​ത്തു​തന്നെ ഒതുങ്ങില്ലെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.+

അഥവാ “വചനം ദിവ്യ​നാ​യി​രു​ന്നു.”

അക്ഷ. “മാംസ​മാ​യി​ത്തീർന്ന്‌.”

അഥവാ “അനർഹ​ദ​യ​യും.”

പദാവലി കാണുക.

അഥവാ “പിതാ​വി​ന്റെ മാറോ​ടു ചേർന്നി​രി​ക്കുന്ന.” പ്രത്യേ​കം ഇഷ്ടമു​ള്ള​വ​രെ​യാ​ണ്‌ ഇങ്ങനെ ഇരുത്താ​റ്‌.

അനു. എ5 കാണുക.

പദാവലി കാണുക.

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അതായത്‌, വൈകു​ന്നേരം ഏകദേശം 4 മണി.

അക്ഷ. “സ്‌ത്രീ​യേ, എനിക്കും നിനക്കും എന്ത്‌?” പറഞ്ഞ കാര്യ​ത്തോ​ടുള്ള എതിർപ്പു സൂചി​പ്പി​ക്കുന്ന ഒരു ശൈലി. “സ്‌ത്രീ​യേ” എന്ന സംബോ​ധന ആദരവി​ല്ലാ​യ്‌മയെ സൂചി​പ്പി​ക്കു​ന്നില്ല.

സാധ്യതയനുസരിച്ച്‌, ഈ അളവു​പാ​ത്രം ബത്ത്‌ ആണ്‌. ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.

അഥവാ “ഒരു ചന്തയാ​ക്കു​ന്നത്‌; ഒരു വ്യാപാ​ര​സ്ഥാ​പ​ന​മാ​ക്കു​ന്നത്‌.”

മറ്റൊരു സാധ്യത “ഉന്നതങ്ങ​ളിൽനി​ന്ന്‌.”

പദാവലി കാണുക.

അഥവാ “സ്വർഗ​ത്തി​നു​ള്ള​തും.”

അഥവാ “ദൈവം നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരു മകനിൽ.”

അക്ഷ. “സത്യവാ​നാ​ണെ​ന്ന​തി​നു മുദ്ര പതിക്കു​ന്നു.”

അഥവാ “അളന്നല്ല.”

അഥവാ “നീരു​റ​വ​യു​ടെ.”

അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.

അഥവാ “ശരിക്കുള്ള ആരാധകർ.”

അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 1 മണി.

അഥവാ “തളർന്നവർ.”

അനു. എ3 കാണുക.

അഥവാ “കിടക്ക.”

അഥവാ “കിടക്ക.”

അഥവാ “കിടക്ക.”

അഥവാ “കിടക്ക.”

അഥവാ “ജീവൻ നൽകാൻ പ്രാപ്‌തി​യു​ള്ള​തു​പോ​ലെ.”

അഥവാ “ചെയ്യു​ന്നതു പതിവാ​ക്കി​യ​വർക്ക്‌.”

അനു. ബി14 കാണുക.

ഏകദേശം മൂന്നോ നാലോ മൈൽ. അക്ഷ. “ഏകദേശം 25-ഓ 30-ഓ സ്റ്റേഡിയം.” അനു. ബി14 കാണുക.

അനു. എ5 കാണുക.

മറ്റൊരു സാധ്യത “പൊതു​സദസ്സിൽ.”

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

അഥവാ “ഒരു പിശാ​ചാ​ണ്‌.”

അതായത്‌, റബ്ബിമാ​രു​ടെ വിദ്യാ​ല​യ​ങ്ങ​ളിൽ.

അക്ഷ. “ലിഖി​ത​ങ്ങ​ളെ​ക്കു​റി​ച്ച്‌.”

പദാവലി കാണുക.

അഥവാ “അറസ്റ്റു ചെയ്യാൻ.”

അഥവാ “അറസ്റ്റു ചെയ്യാൻ.”

പുരാതനകാലത്തെ ആധികാ​രി​ക​മായ പല കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും 53-ാം വാക്യം​മു​തൽ 8-ാം അധ്യാ​യ​ത്തി​ന്റെ 11-ാം വാക്യം​വരെ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു.

അഥവാ “മാനു​ഷി​ക​മായ മാനദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച്‌.”

അഥവാ “ലൈം​ഗിക അധാർമി​ക​ത​യാൽ.” ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “ഐക്യ​ത്തി​ലാ​ണ്‌.”

അഥവാ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രാ​ണ്‌.”

അഥവാ “ദിദി​മോ​സ്‌.”

ഏകദേശം രണ്ടു മൈൽ. അക്ഷ. “ഏകദേശം 15 സ്റ്റേഡിയം.” അനു. ബി14 കാണുക.

അക്ഷ. “ആത്മാവ്‌.”

പദാവലി കാണുക.

അതായത്‌, ദേവാ​ലയം.

അഥവാ “അറസ്റ്റു ചെയ്യാ​നാ​യി​രു​ന്നു.”

അതായത്‌, ഒരു റോമൻ റാത്തൽ; ഏകദേശം 327 ഗ്രാം. അനു. ബി14 കാണുക.

ഒരു സുഗന്ധ​തൈലം. ഹിമാ​ലയൻ പർവത​നി​ര​ക​ളിൽ കാണുന്ന ഒരു സുഗന്ധ​ച്ചെ​ടി​യിൽനി​ന്ന്‌ എടുക്കു​ന്ന​താ​ണെന്നു കരുത​പ്പെ​ടു​ന്നു.

അനു. ബി14 കാണുക.

അർഥം: “രക്ഷി​ക്കേ​ണമേ.”

അനു. എ5 കാണുക.

അക്ഷ. “ചാകു​ന്നി​ല്ലെ​ങ്കിൽ.”

ആ സമയത്ത്‌ നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​യാ​ണ്‌ ഉദ്ദേശി​ച്ചത്‌.

അതായത്‌, സ്‌തം​ഭ​ത്തി​ലേ​റ്റു​മ്പോൾ.

അനു. എ5 കാണുക.

അഥവാ “ഞങ്ങളുടെ സന്ദേശം.”

അനു. എ5 കാണുക.

അക്ഷ. “പാദങ്ങൾ.”

അഥവാ “കഴുകാൻ ബാധ്യ​സ്ഥ​രാ​ണ്‌.”

അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തി​യി​രി​ക്കു​ന്നു.”

അക്ഷ. “യേശു​വി​ന്റെ മാറോ​ടു ചേർന്ന്‌ ചാരി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു.”

അഥവാ “ആശ്വാ​സ​കനെ.”

13, 14 വാക്യ​ങ്ങ​ളി​ലെ “അവൻ” എന്നത്‌ 7-ാം വാക്യ​ത്തി​ലെ “സഹായി” ആണ്‌. “സഹായി” (ഗ്രീക്കിൽ ഇതു പുല്ലിം​ഗ​മാ​ണ്‌.) എന്നു പറഞ്ഞ​പ്പോൾ, ആളത്വ​മി​ല്ലാത്ത ശക്തിയായ പരിശു​ദ്ധാ​ത്മാ​വി​ന്‌ (ഗ്രീക്കിൽ ഇതു നപും​സ​ക​ലിം​ഗ​മാ​ണ്‌.) ആളത്വം കല്‌പി​ച്ച്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു യേശു.

അഥവാ “കുറിച്ച്‌ അവർ അറിവ്‌ നേടു​ന്ന​താ​ണ്‌.”

അഥവാ “അറിയി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു.”

അഥവാ “ഐക്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ.”

അഥവാ “ഐക്യ​ത്തി​ലാ​യി​രി​ക്കേ​ണ്ട​തി​ന്‌.”

അഥവാ “വേർതി​രി​ക്കേ​ണമേ.”

‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.

അഥവാ “ശൈത്യ​കാ​ല ജല​പ്രവാഹ​ത്തിന്റെ.”

അഥവാ “അറസ്റ്റു ചെയ്‌തു.”

അഥവാ “രാജാവേ, ജയജയ!”

അഥവാ “സ്‌തം​ഭ​ത്തി​ലേ​റ്റാ​നും.”

അഥവാ “ന്യായാ​ധി​പന്റെ ഇരിപ്പി​ട​ത്തിൽ.”

അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.

പദാവലി കാണുക.

പദാവലി കാണുക.

പദാവലി കാണുക.

അഥവാ “സ്‌പോ​ഞ്ച്‌.” ഒരു സമു​ദ്ര​ജീ​വി​യിൽനി​ന്ന്‌ കിട്ടുന്ന അനേകം ചെറു​സു​ഷി​ര​ങ്ങ​ളുള്ള വസ്‌തു. ഇതിനു ദ്രാവ​കങ്ങൾ വലി​ച്ചെ​ടു​ക്കാ​നാ​കും.

പദാവലി കാണുക.

അക്ഷ. “ആത്മാവി​നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.”

അഥവാ “ശരീര​ത്തി​ന്റെ വശത്ത്‌.”

അതായത്‌, റോമൻ റാത്തൽ. ഏകദേശം 30 കി.ഗ്രാം. അനു. ബി14 കാണുക.

മറ്റൊരു സാധ്യത “നൂറു റാത്തൽവ​രുന്ന ഒരു കെട്ടും.”

അഥവാ “സ്‌തം​ഭ​ത്തി​ലേ​റ്റിയ.”

അഥവാ “ശരീര​ത്തി​ന്റെ വശവും.”

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

അഥവാ “ദിദി​മോ​സ്‌.”

അഥവാ “ആണിപ്പാ​ടു​കൾ.”

അഥവാ “ശരീര​ത്തി​ന്റെ വശത്ത്‌.”

അഥവാ “ശരീര​ത്തി​ന്റെ വശത്ത്‌.”

അക്ഷ. “അവിശ്വാ​സി​യാ​യി​രി​ക്കാ​തെ.”

അഥവാ “മീനു​ണ്ടോ.”

അഥവാ “അൽപ്പവ​സ്‌ത്ര​ധാ​രി​യാ​യി​രുന്ന.”

അഥവാ “അരയിൽ ചുറ്റി.”

ഏകദേശം 90 മീ. അക്ഷ. “200 മുഴം.” അനു. ബി14 കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക