മർക്കോസ് എഴുതിയത്
1 ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു: 2 യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, “(ഇതാ ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ നിനക്കു വഴി ഒരുക്കും.)+ 3 വിജനഭൂമിയിൽ* വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു* വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.’”+ 4 യോഹന്നാൻ സ്നാപകൻ വിജനഭൂമിയിൽ ചെന്ന്, പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+ 5 അങ്ങനെ, യഹൂദ്യപ്രദേശത്തും യരുശലേമിലും താമസിക്കുന്ന എല്ലാവരും യോഹന്നാന്റെ അടുത്ത് ചെന്ന് പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു. യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി.*+ 6 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകലുകൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്നു.+ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു ഭക്ഷണം.+ 7 യോഹന്നാൻ ഇങ്ങനെ പ്രസംഗിച്ചു: “എന്നെക്കാൾ ശക്തനായവൻ പുറകേ വരുന്നുണ്ട്; കുനിഞ്ഞ് അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ 8 ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി. എന്നാൽ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്* സ്നാനപ്പെടുത്തും.”+
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്ന് യോഹന്നാന്റെ അടുത്ത് വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്നാനപ്പെടുത്തി.+ 10 വെള്ളത്തിൽനിന്ന് കയറിയ ഉടനെ, ആകാശം പിളരുന്നതും ദൈവാത്മാവ് പ്രാവുപോലെ തന്റെ മേൽ വരുന്നതും യേശു കണ്ടു.+ 11 “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+
12 ഉടൻതന്നെ ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു പോകാൻ പ്രേരിപ്പിച്ചു. 13 വന്യമൃഗങ്ങളുള്ള ആ പ്രദേശത്ത് യേശു 40 ദിവസമുണ്ടായിരുന്നു. ആ സമയത്ത് സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചു.+ എന്നാൽ ദൂതന്മാർ യേശുവിനു ശുശ്രൂഷ ചെയ്തു.+
14 യോഹന്നാൻ തടവിലായശേഷം യേശു ഗലീലയിൽ ചെന്ന്+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത പ്രസംഗിച്ചു.+ 15 യേശു പറഞ്ഞു: “നിശ്ചയിച്ചിരിക്കുന്ന കാലം വന്നിരിക്കുന്നു; ദൈവരാജ്യം അടുത്തിരിക്കുന്നു. മാനസാന്തരപ്പെടൂ!+ ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ.”
16 യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ ശിമോനും സഹോദരനായ അന്ത്രയോസും+ കടലിൽ വല വീശുന്നതു കണ്ടു.+ അവർ മീൻപിടുത്തക്കാരായിരുന്നു.+ 17 യേശു അവരോട്, “എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 18 അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+ 19 അവിടെനിന്ന് അൽപ്പദൂരം ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും വള്ളത്തിൽ ഇരുന്ന് വല നന്നാക്കുന്നതു യേശു കണ്ടു.+ 20 ഉടനെ യേശു അവരെയും വിളിച്ചു. അവർ അപ്പനായ സെബെദിയെ കൂലിക്കാരുടെകൂടെ വള്ളത്തിൽ വിട്ടിട്ട് യേശുവിനെ അനുഗമിച്ചു. 21 അവിടെനിന്ന് അവർ കഫർന്നഹൂമിലേക്കു പോയി.
ശബത്ത് തുടങ്ങിയ ഉടനെ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.+ 22 യേശു പഠിപ്പിക്കുന്ന രീതി കണ്ട് അവർ അതിശയിച്ചുപോയി. കാരണം ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്.+ 23 അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: 24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ 25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” 26 അശുദ്ധാത്മാവ് അയാളെ ഞെളിപിരികൊള്ളിച്ച് അത്യുച്ചത്തിൽ അലറിക്കൊണ്ട് പുറത്ത് വന്നു. 27 ജനമെല്ലാം അതിശയത്തോടെ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “എന്താണ് ഇത്? പുതിയൊരു തരം പഠിപ്പിക്കൽ! അദ്ദേഹം അശുദ്ധാത്മാക്കളോടുപോലും അധികാരത്തോടെ കല്പിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.” 28 അങ്ങനെ യേശുവിനെക്കുറിച്ചുള്ള വാർത്ത ഗലീലയിലെങ്ങും അതിവേഗം പരന്നു.
29 പിന്നെ അവർ സിനഗോഗിൽനിന്ന് ഇറങ്ങി ശിമോന്റെയും അന്ത്രയോസിന്റെയും വീട്ടിലേക്കു പോയി. യാക്കോബും യോഹന്നാനും കൂടെയുണ്ടായിരുന്നു.+ 30 ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടപ്പായിരുന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശുവിനോടു പറഞ്ഞു. 31 യേശു അടുത്ത് ചെന്ന് ആ സ്ത്രീയെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവരുടെ പനി മാറി. അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം ആളുകൾ എല്ലാ രോഗികളെയും ഭൂതബാധിതരെയും യേശുവിന്റെ അടുത്തേക്കു കൊണ്ടുവരാൻതുടങ്ങി.+ 33 നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടിയിരുന്നു. 34 പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി. പക്ഷേ, താൻ ക്രിസ്തുവാണെന്നു* ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.
35 അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന് യേശു പ്രാർഥിക്കാൻതുടങ്ങി.+ 36 പക്ഷേ ശിമോനും കൂടെയുള്ളവരും യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. 37 യേശുവിനെ കണ്ടപ്പോൾ, “എല്ലാവരും അങ്ങയെ അന്വേഷിക്കുകയാണ്” എന്നു പറഞ്ഞു. 38 എന്നാൽ യേശു അവരോടു പറഞ്ഞു: “നമുക്കു മറ്റ് എവിടേക്കെങ്കിലും പോകാം. അടുത്ത് വേറെയും പട്ടണങ്ങളുണ്ടല്ലോ. അവിടെയും എനിക്കു പ്രസംഗിക്കണം. ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ.”+ 39 അങ്ങനെ, യേശു ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.+
40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്ത് വന്ന് മുട്ടുകുത്തി ഇങ്ങനെ അപേക്ഷിച്ചു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം.”+ 41 അതു കേട്ട് മനസ്സ് അലിഞ്ഞ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു.+ 42 അപ്പോൾത്തന്നെ കുഷ്ഠം മാറി അയാൾ ശുദ്ധനായി. 43 യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശനമായി ഇങ്ങനെ കല്പിക്കുകയും ചെയ്തു: 44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+ 45 പക്ഷേ അയാൾ അവിടെനിന്ന് പോയി ഈ വാർത്ത കൊട്ടിഘോഷിച്ച് നാട്ടിലെങ്ങും പാട്ടാക്കി. അതുകൊണ്ട് യേശുവിനു പരസ്യമായി ഒരു നഗരത്തിലും ചെല്ലാൻ പറ്റാതായി. പുറത്ത് ജനവാസമില്ലാത്ത പ്രദേശങ്ങളിൽ യേശുവിനു താമസിക്കേണ്ടിവന്നു. എന്നിട്ടും എല്ലായിടത്തുനിന്നും ജനങ്ങൾ യേശുവിന്റെ അടുത്ത് വന്നുകൊണ്ടിരുന്നു.+
2 എന്നാൽ കുറെ ദിവസം കഴിഞ്ഞ് യേശു വീണ്ടും കഫർന്നഹൂമിൽ ചെന്നു. യേശു വീട്ടിലുണ്ടെന്നു വാർത്ത പരന്നു.+ 2 വാതിൽക്കൽപ്പോലും നിൽക്കാൻ ഇടമില്ലാത്തവിധം ധാരാളം പേർ അവിടെ വന്നുകൂടി. യേശു അവരോടു ദൈവവചനം പ്രസംഗിക്കാൻതുടങ്ങി.+ 3 ശരീരം തളർന്നുപോയ ഒരാളെ അപ്പോൾ അവിടെ കൊണ്ടുവന്നു. നാലു പേർ ചേർന്ന് അയാളെ എടുത്തുകൊണ്ടാണു വന്നത്.+ 4 എന്നാൽ ജനക്കൂട്ടം കാരണം അയാളെ യേശുവിന്റെ അടുത്ത് എത്തിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശു ഇരുന്നിടത്തെ മേൽക്കൂര ഇളക്കിമാറ്റിയിട്ട് മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്കയോടെ താഴെ ഇറക്കി. 5 അവരുടെ വിശ്വാസം കണ്ടിട്ട്+ യേശു തളർവാതരോഗിയോട്, “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 6 ഇതു കേട്ട്, അവിടെയുണ്ടായിരുന്ന ചില ശാസ്ത്രിമാർ ഇങ്ങനെ മനസ്സിൽ പറഞ്ഞു:+ 7 “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയുന്നത്? ഇതു ദൈവനിന്ദയാണ്. ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”+ 8 പെട്ടെന്നുതന്നെ അവരുടെ ചിന്ത തിരിച്ചറിഞ്ഞ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ ആലോചിക്കുന്നത്?+ 9 ഏതാണ് എളുപ്പം? തളർവാതരോഗിയോട്, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതാണോ അതോ ‘എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്കുക’ എന്നു പറയുന്നതാണോ? 10 എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ+ മനുഷ്യപുത്രന്+ അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” യേശു തളർവാതരോഗിയോടു പറഞ്ഞു: 11 “എഴുന്നേറ്റ്, കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.” 12 ഉടൻതന്നെ, എല്ലാവരും നോക്കിനിൽക്കെ അയാൾ എഴുന്നേറ്റ് കിടക്കയും എടുത്ത് പുറത്തേക്കു നടന്നു. എല്ലാവരും അത്ഭുതപ്പെട്ടുപോയി. “ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കാണുന്നത്” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.+
13 യേശു പിന്നെയും കടൽത്തീരത്തേക്കു പോയി. അനേകർ യേശുവിന്റെ അടുത്ത് വന്നുകൊണ്ടിരുന്നു. യേശു ആ ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി. 14 യേശു നടന്നുപോകുമ്പോൾ അൽഫായിയുടെ മകൻ ലേവി നികുതി പിരിക്കുന്നിടത്ത് ഇരിക്കുന്നതു കണ്ട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഉടനെ ലേവി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.+ 15 പിന്നെ യേശു ലേവിയുടെ വീട്ടിൽ ഭക്ഷണത്തിന് ഇരുന്നു. കുറെ നികുതിപിരിവുകാരും പാപികളും യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ള അനേകർ യേശുവിനെ അനുഗമിച്ചിരുന്നു.+ 16 യേശു നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നതു കണ്ട് പരീശന്മാരിൽപ്പെട്ട ശാസ്ത്രിമാർ യേശുവിന്റെ ശിഷ്യന്മാരോട്, “ഇയാൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത്” എന്നു ചോദിച്ചു. 17 ഇതു കേട്ട യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.”+
18 പരീശന്മാർക്കും യോഹന്നാന്റെ ശിഷ്യന്മാർക്കും ഉപവസിക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട് അവർ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും പതിവായി ഉപവസിക്കാറുണ്ട്. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ് ഉപവസിക്കാത്തത്?”+ 19 യേശു അവരോടു പറഞ്ഞു: “മണവാളൻ+ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ ഉപവസിക്കാറില്ല, ഉണ്ടോ? മണവാളൻ കൂടെയുള്ളിടത്തോളം അവർക്ക് ഉപവസിക്കാൻ കഴിയില്ല. 20 എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും.+ അന്ന് അവർ ഉപവസിക്കും. 21 പഴയ വസ്ത്രത്തിൽ ആരും പുതിയ തുണിക്കഷണം തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്ത്രത്തെ വലിച്ചിട്ട് കീറൽ കൂടുതൽ വലുതാകും.+ 22 അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്താൽ വീഞ്ഞ് ആ തുരുത്തി പൊട്ടിക്കും. വീഞ്ഞും തുരുത്തിയും നഷ്ടപ്പെടും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കുന്നത്.”
23 ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ധാന്യക്കതിരുകൾ പറിച്ചു.+ 24 ഇതു കണ്ട പരീശന്മാർ യേശുവിനോട്, “എന്താ ഇത്? ഇവർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നതു കണ്ടില്ലേ” എന്നു ചോദിച്ചു. 25 പക്ഷേ യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും തിന്നാൻ ഒന്നുമില്ലാതെ വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 26 മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവരണത്തിൽ പറയുന്നതുപോലെ, ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്ചയപ്പം തിന്നുകയും+ കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്തില്ലേ?” 27 പിന്നെ യേശു അവരോടു പറഞ്ഞു: “ശബത്ത് മനുഷ്യനുവേണ്ടിയാണ് ഉണ്ടായത്;+ അല്ലാതെ, മനുഷ്യൻ ശബത്തിനുവേണ്ടിയല്ല. 28 മനുഷ്യപുത്രൻ ശബത്തിനും കർത്താവാണ്”+ എന്നു പറഞ്ഞു.
3 യേശു വീണ്ടും ഒരു സിനഗോഗിൽ ചെന്നു. ശോഷിച്ച കൈയുള്ള* ഒരാൾ അവിടെയുണ്ടായിരുന്നു.+ 2 ശബത്തിൽ യേശു ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്നു കാണാൻ പരീശന്മാർ യേശുവിനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. യേശുവിൽ കുറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 3 കൈ ശോഷിച്ച* മനുഷ്യനോടു യേശു, “എഴുന്നേറ്റ് ഇവിടെ നടുക്കു വന്ന് നിൽക്കുക” എന്നു പറഞ്ഞു. 4 പിന്നെ യേശു അവരോട്, “ശബത്തിൽ ഉപകാരം ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു ശരി”* എന്നു ചോദിച്ചു.+ എന്നാൽ അവർ ഒന്നും മിണ്ടിയില്ല. 5 അവരുടെ ഹൃദയകാഠിന്യത്തിൽ യേശുവിന്റെ മനസ്സു നൊന്തു.+ ദേഷ്യത്തോടെ അവരെ നോക്കിയിട്ട് യേശു ആ മനുഷ്യനോട്, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ടു. 6 ഉടൻതന്നെ പരീശന്മാർ അവിടെനിന്ന് ഇറങ്ങി യേശുവിനെ കൊല്ലാൻ ഹെരോദിന്റെ അനുയായികളുമായി കൂടിയാലോചിച്ചു.+
7 എന്നാൽ യേശു ശിഷ്യന്മാരുടെകൂടെ കടപ്പുറത്തേക്കു പോയി. ഗലീലയിൽനിന്നും യഹൂദ്യയിൽനിന്നും ഉള്ള ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു.+ 8 യേശു ചെയ്തതൊക്കെ കേട്ടിട്ട് ദൂരെ യരുശലേമിൽനിന്നും ഇദുമയയിൽനിന്നും യോർദാന് അക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയ ഒരു ജനസമൂഹം യേശുവിന്റെ അടുത്ത് വന്നു. 9 ജനക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിനു തനിക്കുവേണ്ടി ഒരു ചെറിയ വള്ളം സജ്ജമാക്കിനിറുത്താൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. 10 യേശു അനേകരെ സുഖപ്പെടുത്തിയതുകൊണ്ട്, ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നവരെല്ലാം യേശുവിനെ ഒന്നു തൊടാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.+ 11 അശുദ്ധാത്മാക്കൾപോലും*+ യേശുവിനെ കാണുമ്പോൾ യേശുവിന്റെ മുന്നിൽ വീണ്, “നീ ദൈവപുത്രനാണ്” എന്നു വിളിച്ചുപറയുമായിരുന്നു.+ 12 എന്നാൽ തന്നെക്കുറിച്ച് വെളിപ്പെടുത്തരുത് എന്നു യേശു പലപ്പോഴും അവയോടു കർശനമായി കല്പിച്ചു.+
13 യേശു ഒരു മലയിൽ കയറിയിട്ട് താൻ മനസ്സിൽ കണ്ട ചിലരെ അടുത്തേക്കു വിളിച്ചുവരുത്തി.+ അവർ യേശുവിന്റെ അടുത്ത് ചെന്നു.+ 14 യേശു 12 പേരുടെ ഒരു സംഘം രൂപീകരിച്ച്* അവർക്ക് അപ്പോസ്തലന്മാർ എന്നു പേരിട്ടു. യേശുവിന്റെകൂടെ നടക്കാനും യേശു പറഞ്ഞയയ്ക്കുമ്പോൾ പോയി പ്രസംഗിക്കാനും വേണ്ടിയാണ് അവരെ തിരഞ്ഞെടുത്തത്. 15 ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരവും അവർക്കു നൽകി.+
16 യേശു രൂപീകരിച്ച* 12 പേരുടെ സംഘത്തിലുണ്ടായിരുന്നവർ+ ഇവരാണ്: പത്രോസ്+ എന്നു യേശു പേര് നൽകിയ ശിമോൻ, 17 സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ (യേശു ഇവർക്ക് “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന് അർഥമുള്ള ബൊവനേർഗെസ് എന്ന പേര് നൽകി.),+ 18 അന്ത്രയോസ്, ഫിലിപ്പോസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാനേയനായ* ശിമോൻ, 19 യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.
പിന്നെ യേശു ഒരു വീട്ടിൽ ചെന്നു. 20 യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത വിധം വീണ്ടും ആളുകൾ വന്നുകൂടി. 21 എന്നാൽ യേശുവിന്റെ ബന്ധുക്കൾ ഇതെല്ലാം കേട്ടപ്പോൾ, “അവനു ഭ്രാന്താണ്” എന്നു പറഞ്ഞ് യേശുവിനെ പിടിച്ചുകൊണ്ടുപോകാൻ ഇറങ്ങിത്തിരിച്ചു.+ 22 യരുശലേമിൽനിന്ന് വന്ന ശാസ്ത്രിമാരും ഇങ്ങനെ ആരോപിച്ചു: “ഇവനിൽ ബയെത്സെബൂബ്* കയറിയിട്ടുണ്ട്. ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+ 23 അതുകൊണ്ട് യേശു അവരെ അടുത്ത് വിളിച്ച് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് അവരോടു സംസാരിക്കാൻതുടങ്ങി: “സാത്താന് എങ്ങനെ സാത്താനെ പുറത്താക്കാൻ പറ്റും? 24 ഒരു രാജ്യത്തിലെ ആളുകൾ പരസ്പരം പോരടിക്കുന്നെങ്കിൽ ആ രാജ്യം നിലനിൽക്കില്ല.+ 25 ഒരു വീട്ടിലെ ആളുകൾ പരസ്പരം പോരടിക്കുന്നെങ്കിൽ ആ വീടും നിലനിൽക്കില്ല. 26 അതുപോലെ സാത്താൻ തന്നോടുതന്നെ എതിർത്ത് തനിക്ക് എതിരെ പോരാടുന്നെങ്കിൽ അവൻ നിലനിൽക്കില്ല. അത് അവന്റെ അന്ത്യമായിരിക്കും. 27 ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടണം. അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. 28 സത്യമായും ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ ഏതൊരു പാപവും വിശുദ്ധകാര്യങ്ങളോടുള്ള നിന്ദയും അവരോടു ക്ഷമിക്കും. 29 പക്ഷേ ആരെങ്കിലും പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ അത് ഒരിക്കലും ക്ഷമിക്കില്ല.+ ആ പാപം അവന് എന്നേക്കുമായി കണക്കിടും.”+ 30 “അവനിലുള്ളത് അശുദ്ധാത്മാവാണ്” എന്ന് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇതു പറഞ്ഞത്.+
31 ആ സമയത്ത് യേശുവിന്റെ അമ്മയും സഹോദരന്മാരും+ അവിടെ എത്തി. അവർ പുറത്ത് നിന്നിട്ട് യേശുവിനെ വിളിക്കാൻ ആളയച്ചു.+ 32 യേശുവിന്റെ ചുറ്റും ഒരു ജനക്കൂട്ടം ഇരിപ്പുണ്ടായിരുന്നു. അവർ യേശുവിനോട്, “ഇതാ, അങ്ങയെ കാണാൻ അമ്മയും സഹോദരന്മാരും പുറത്ത് കാത്തുനിൽക്കുന്നു”+ എന്നു പറഞ്ഞു. 33 എന്നാൽ യേശു അവരോടു ചോദിച്ചു: “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” 34 എന്നിട്ട് ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!+ 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് ആരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”+
4 യേശു പിന്നെയും കടൽത്തീരത്ത് ചെന്ന് പഠിപ്പിക്കാൻതുടങ്ങി. വലിയ ഒരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടിയതുകൊണ്ട് യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. വള്ളം തീരത്തുനിന്ന് അൽപ്പം അകലെയായിരുന്നു, ജനക്കൂട്ടമാകട്ടെ കടൽത്തീരത്തും.+ 2 ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു അവരെ പലതും പഠിപ്പിക്കാൻതുടങ്ങി.+ അങ്ങനെ പഠിപ്പിക്കുന്നതിനിടെ യേശു പറഞ്ഞു:+ 3 “കേൾക്കൂ! ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പോയി.+ 4 വിതയ്ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. 5 ചിലത്, അധികം മണ്ണില്ലാത്ത പാറസ്ഥലത്ത് വീണു. മണ്ണിന് ആഴമില്ലായിരുന്നതുകൊണ്ട് അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+ 6 സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റ് വാടി; വേരില്ലാത്തതുകൊണ്ട് അവ ഉണങ്ങിപ്പോയി. 7 മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞതുകൊണ്ട് അവ ഫലം കായ്ച്ചില്ല.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച് വളർന്ന് 30-ഉം 60-ഉം 100-ഉം മേനി വിളവ് നൽകി.”+ 9 എന്നിട്ട് യേശു കൂട്ടിച്ചേർത്തു: “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”+
10 യേശു തനിച്ചായപ്പോൾ ചുറ്റുമുണ്ടായിരുന്നവരും പന്ത്രണ്ടു പേരും* ദൃഷ്ടാന്തങ്ങളെക്കുറിച്ച് യേശുവിനോടു ചോദ്യങ്ങൾ ചോദിക്കാൻതുടങ്ങി.+ 11 യേശു അവരോടു പറഞ്ഞു: “ദൈവരാജ്യത്തെക്കുറിച്ചുള്ള പാവനരഹസ്യം+ മനസ്സിലാക്കാൻ അനുഗ്രഹം ലഭിച്ചതു നിങ്ങൾക്കാണ്. എന്നാൽ പുറത്തുള്ളവർക്ക് അതെല്ലാം ദൃഷ്ടാന്തങ്ങളായിത്തന്നെ ഇരിക്കുന്നു.+ 12 അവർ നോക്കുന്നുണ്ട്. പക്ഷേ നോക്കിയിട്ടും അവർ കാണുന്നില്ല. അവർ കേൾക്കുന്നുണ്ട്. പക്ഷേ കേട്ടിട്ടും അവർ സാരം മനസ്സിലാക്കുന്നില്ല. ഒരിക്കലും മനംതിരിഞ്ഞുവരാത്ത അവർക്കു ക്ഷമയും കിട്ടില്ല.”+ 13 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഈ ദൃഷ്ടാന്തം മനസ്സിലാകുന്നില്ലെങ്കിൽ, പിന്നെ മറ്റു ദൃഷ്ടാന്തങ്ങൾ എങ്ങനെ മനസ്സിലാകും?
14 “വിതക്കാരൻ വിതയ്ക്കുന്നതു ദൈവവചനമാണ്.+ 15 ചിലർ ആ വചനം കേൾക്കുന്നു. എന്നാൽ അവർ അതു കേൾക്കുന്ന ഉടനെ സാത്താൻ വന്ന്,+ അവരിൽ വിതച്ച വചനം എടുത്തുകളയുന്നു. വഴിയരികെ വിതച്ചത് എന്നു പറഞ്ഞത് ഇവരെക്കുറിച്ചാണ്.+ 16 വേറെ ചിലർ പാറസ്ഥലത്ത് വിതച്ച വിത്തുപോലെയാണ്. അവർ ദൈവവചനം കേൾക്കുന്ന ഉടൻതന്നെ അതു സന്തോഷത്തോടെ സ്വീകരിക്കും.+ 17 വേര് ഇറങ്ങിയിട്ടില്ലെങ്കിലും അവർ കുറച്ച് കാലം നിൽക്കും. പക്ഷേ ദൈവവചനത്തിന്റെ പേരിൽ കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ പെട്ടെന്നു വിശ്വാസത്തിൽനിന്ന് വീണുപോകും. 18 ചിലർ മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെയാണ്. 19 അവർ ദൈവവചനം കേൾക്കുന്നെങ്കിലും+ ഈ വ്യവസ്ഥിതിയിലെ* ഉത്കണ്ഠകളും+ ധനത്തിന്റെ വഞ്ചകശക്തിയും+ മറ്റ് എല്ലാ തരം മോഹങ്ങളും+ കടന്നുകൂടി ദൈവവചനത്തെ ഞെരുക്കി അതിനെ ഫലശൂന്യമാക്കുന്നു. 20 എന്നാൽ നല്ല മണ്ണിൽ വിതച്ചതായി പറഞ്ഞിരിക്കുന്നത്, ദൈവവചനം കേട്ട് അതു സ്വീകരിക്കുന്നവരെക്കുറിച്ചാണ്. അവർ 30-ഉം 60-ഉം 100-ഉം മേനി വിളവ് തരുന്നു.”+
21 വീണ്ടും യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ച് ആരെങ്കിലും കൊട്ടയുടെ കീഴെയോ കട്ടിലിന്റെ അടിയിലോ വെക്കാറുണ്ടോ? വിളക്കുതണ്ടിലല്ലേ വെക്കുക?+ 22 മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. ഒളിപ്പിച്ചുവെച്ചിരിക്കുന്നതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.+ 23 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”+
24 പിന്നെ യേശു അവരോടു പറഞ്ഞു: “കേൾക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുക.+ നിങ്ങൾ അളന്നുകൊടുക്കുന്ന പാത്രംകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും; അതിൽ അധികവും കിട്ടും. 25 ഉള്ളവനു കൂടുതൽ കൊടുക്കും.+ പക്ഷേ ഇല്ലാത്തവന്റെ കൈയിൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.”+
26 യേശു തുടർന്നു: “ഒരു മനുഷ്യൻ മണ്ണിൽ വിത്തു വിതറുമ്പോൾ സംഭവിക്കുന്നതുപോലെയാണു ദൈവരാജ്യം. 27 അയാൾ രാത്രിയിൽ ഉറങ്ങുന്നു, രാവിലെ ഉണരുന്നു. പക്ഷേ വിത്തു മുളച്ച് വളരുന്നത് എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. 28 ആദ്യം നാമ്പ്, പിന്നെ കതിർ, ഒടുവിൽ കതിർ നിറയെ ധാന്യമണികൾ. ഇങ്ങനെ, പടിപടിയായി മണ്ണു സ്വയം ഫലം വിളയിക്കുന്നു. 29 ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തിനു സമയമായതുകൊണ്ട് അയാൾ അതു കൊയ്യുന്നു.”
30 യേശു ഇങ്ങനെയും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിക്കാം? 31 അത് ഒരു കടുകുമണിപോലെയാണ്. മണ്ണിൽ വിതയ്ക്കുമ്പോൾ അതു ഭൂമിയിലെ എല്ലാ വിത്തുകളിലുംവെച്ച് ഏറ്റവും ചെറുതാണ്.+ 32 എന്നാൽ അതു മുളച്ചുപൊങ്ങി തോട്ടത്തിലെ മറ്റെല്ലാ ചെടികളെക്കാളും വലുതാകുന്നു. അതിനു വലിയ ശിഖരങ്ങൾ ഉണ്ടാകുന്നു. ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ ചേക്കേറുന്നു.”
33 അങ്ങനെ അവരുടെ ഗ്രഹണപ്രാപ്തിക്കനുസരിച്ച് ഇതുപോലുള്ള പല ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് യേശു അവർക്കു ദൈവവചനം പറഞ്ഞുകൊടുത്തു. 34 ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു. എന്നാൽ ശിഷ്യന്മാരുടെകൂടെ തനിച്ചായിരിക്കുമ്പോൾ യേശു അവർക്ക് എല്ലാം വിശദീകരിച്ചുകൊടുക്കുമായിരുന്നു.+
35 അന്നു വൈകുന്നേരമായപ്പോൾ യേശു അവരോട്, “നമുക്ക് അക്കരയ്ക്കു പോകാം”+ എന്നു പറഞ്ഞു. 36 അങ്ങനെ, ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം അതേ വള്ളത്തിൽത്തന്നെ അവർ യേശുവിനെ അക്കരയ്ക്കു കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പമുണ്ടായിരുന്നു.+ 37 അപ്പോൾ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായി. തിരമാലകൾ വള്ളത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു. വെള്ളം കയറി വള്ളം മുങ്ങാറായി.+ 38 യേശു അമരത്ത്* ഒരു തലയണയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു. അവർ യേശുവിനെ വിളിച്ചുണർത്തിയിട്ട് പറഞ്ഞു: “ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും. അങ്ങ് ഇതൊന്നും കാണുന്നില്ലേ?” 39 അതു കേട്ടപ്പോൾ യേശു എഴുന്നേറ്റ് കാറ്റിനെ ശാസിച്ച് കടലിനോട്, “അടങ്ങൂ! ശാന്തമാകൂ!”+ എന്നു പറഞ്ഞു. അപ്പോൾ കാറ്റ് അടങ്ങി. എല്ലാം ശാന്തമായി. 40 യേശു അവരോട്, “നിങ്ങൾ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? നിങ്ങൾക്ക് ഇപ്പോഴും ഒട്ടും വിശ്വാസമില്ലേ” എന്നു ചോദിച്ചു. 41 പക്ഷേ അസാധാരണമായ ഒരു ഭയം അവരെ പിടികൂടി. അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ ചോദിച്ചു: “ശരിക്കും ഇത് ആരാണ്? കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ.”+
5 പിന്നെ അവർ കടലിന് അക്കരെ ഗരസേന്യരുടെ നാട്ടിൽ എത്തി.+ 2 യേശു വള്ളത്തിൽനിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ ശവക്കല്ലറകൾക്കിടയിൽനിന്ന് യേശുവിന്റെ നേരെ വന്നു. 3 കല്ലറകൾക്കിടയിലായിരുന്നു അയാളുടെ താവളം. ആർക്കും അയാളെ ചങ്ങലകൊണ്ടുപോലും തളയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 4 കാരണം, പലപ്പോഴും വിലങ്ങും ചങ്ങലകളും കൊണ്ട് ബന്ധിച്ചെങ്കിലും അയാൾ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും വിലങ്ങുകൾ തകർക്കുകയും ചെയ്തു. ആർക്കും അയാളെ കീഴ്പെടുത്താനുള്ള ശക്തിയില്ലായിരുന്നു. 5 രാത്രിയും പകലും എന്നില്ലാതെ അയാൾ കല്ലറകളിലും മലകളിലും അലറിവിളിച്ച് നടന്നു. മാത്രമല്ല, കല്ലുകൊണ്ട് അയാൾ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. 6 യേശുവിനെ ദൂരത്തുനിന്ന് കണ്ട അയാൾ ഓടിച്ചെന്ന് യേശുവിനെ വണങ്ങിയിട്ട്+ 7 ഇങ്ങനെ അലറിവിളിച്ച് പറഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്? എന്നെ ഉപദ്രവിക്കില്ലെന്നു ദൈവത്തെക്കൊണ്ട് ആണയിട്.”+ 8 “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ട് പുറത്ത് വരൂ” എന്ന് യേശു കല്പിച്ചതുകൊണ്ടാണ് ആ അശുദ്ധാത്മാവ്+ ഇങ്ങനെ പറഞ്ഞത്. 9 “നിന്റെ പേര് എന്താണ്” എന്ന് യേശു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “എന്റെ പേര് ലഗ്യോൻ.* കാരണം, ഞങ്ങൾ പലരുണ്ട്.” 10 ആ ആത്മാക്കളെ അന്നാട്ടിൽനിന്ന് പറഞ്ഞയയ്ക്കരുതെന്ന് അയാൾ യേശുവിനോടു യാചിച്ചുകൊണ്ടിരുന്നു.+
11 അപ്പോൾ അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം+ മേയുന്നുണ്ടായിരുന്നു.+ 12 ആ ആത്മാക്കൾ യേശുവിനോട് ഇങ്ങനെ കേണപേക്ഷിച്ചു: “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണേ; ഞങ്ങൾ അവയിൽ പ്രവേശിച്ചുകൊള്ളാം.” 13 യേശു അവയ്ക്ക് അനുവാദം കൊടുത്തു. അങ്ങനെ, അശുദ്ധാത്മാക്കൾ പുറത്ത് വന്ന് പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് കടലിലേക്കു ചാടി. ഏകദേശം 2,000 പന്നികളുണ്ടായിരുന്നു. എല്ലാം മുങ്ങിച്ചത്തു. 14 അവയെ മേയ്ച്ചിരുന്നവർ ഓടിച്ചെന്ന് നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു. സംഭവിച്ചത് എന്താണെന്നു കാണാൻ ആളുകൾ വന്നുകൂടി.+ 15 അവർ യേശുവിന്റെ അടുത്ത് ചെന്നപ്പോൾ, ലഗ്യോൻ പ്രവേശിച്ചിരുന്ന ഭൂതബാധിതൻ വസ്ത്രം ധരിച്ച് സുബോധത്തോടെ ഇരിക്കുന്നതു കണ്ടു. അവർക്ക് ആകെ പേടിയായി. 16 പന്നിക്കൂട്ടത്തിനും ഭൂതബാധിതനും സംഭവിച്ചതെല്ലാം നേരിൽ കണ്ടവർ അവർക്കു കാര്യങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്തു. 17 അപ്പോൾ, ആ പ്രദേശം വിട്ട് പോകാൻ അവർ യേശുവിനോട് അപേക്ഷിച്ചു.+
18 യേശു വള്ളത്തിൽ കയറുമ്പോൾ, ഭൂതബാധിതനായിരുന്ന മനുഷ്യൻ തന്നെയും കൂടെക്കൊണ്ടുപോകാൻ യേശുവിനോട് അപേക്ഷിച്ചു.+ 19 എന്നാൽ യേശു അയാളെ അതിന് അനുവദിക്കാതെ ഇങ്ങനെ പറഞ്ഞു: “നീ നിന്റെ വീട്ടുകാരുടെ അടുത്തേക്കു പോയി യഹോവ* നിനക്കു ചെയ്തുതന്ന കാര്യങ്ങളെപ്പറ്റിയും നിന്നോടു കാണിച്ച കരുണയെക്കുറിച്ചും പറയുക.” 20 അങ്ങനെ, അയാൾ ദക്കപ്പൊലിയിൽ* ചെന്ന് യേശു തനിക്കു ചെയ്തുതന്നതിനെക്കുറിച്ച് എല്ലാവരോടും പറയാൻതുടങ്ങി. ഇതു കേട്ട് ആളുകളെല്ലാം അതിശയിച്ചു.
21 യേശു തിരിച്ച് വള്ളത്തിൽ ഇക്കരെ എത്തിയപ്പോൾ വലിയൊരു ജനക്കൂട്ടം കടൽത്തീരത്ത് യേശുവിന്റെ അടുത്ത് വന്നുകൂടി.+ 22 അപ്പോൾ സിനഗോഗിന്റെ അധ്യക്ഷന്മാരിൽ ഒരാളായ യായീറൊസ് അവിടെ വന്നു. യേശുവിനെ കണ്ട ഉടനെ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണ്+ 23 പലവട്ടം ഇങ്ങനെ അപേക്ഷിച്ചു: “എന്റെ മോൾക്ക് അസുഖം വളരെ കൂടുതലാണ്.* അങ്ങ് വന്ന് അവളുടെ മേൽ കൈകൾ വെക്കണേ.+ അങ്ങനെ ചെയ്താൽ അവൾ സുഖം പ്രാപിച്ച് ജീവിക്കും.” 24 യേശു അയാളോടൊപ്പം പോയി. ഒരു വലിയ ജനക്കൂട്ടം യേശുവിനെ തിക്കിഞെരുക്കി യേശുവിന്റെ ഒപ്പം ചെന്നു.
25 രക്തസ്രാവം+ കാരണം 12 വർഷമായി+ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു; 26 പല വൈദ്യന്മാരുടെ അടുത്ത് പോയി വല്ലാതെ കഷ്ടപ്പെടുകയും* തനിക്കുള്ളതെല്ലാം ചെലവാക്കുകയും ചെയ്തിട്ടും ആ സ്ത്രീയുടെ സ്ഥിതി വഷളായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. 27 യേശു ചെയ്തതിനെക്കുറിച്ചൊക്കെ കേട്ടറിഞ്ഞ ആ സ്ത്രീ ജനക്കൂട്ടത്തിന് ഇടയിലൂടെ യേശുവിന്റെ പിന്നിൽ എത്തി പുറങ്കുപ്പായത്തിൽ തൊട്ടു.+ 28 കാരണം “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”+ എന്ന് ആ സ്ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു. 29 അപ്പോൾത്തന്നെ അവരുടെ രക്തസ്രാവം നിലച്ചു. തന്നെ വല്ലാതെ വലച്ചിരുന്ന ആ രോഗം മാറിയതായി അവർക്കു മനസ്സിലായി.
30 തന്നിൽനിന്ന് ശക്തി+ പുറപ്പെട്ടെന്നു യേശു പെട്ടെന്നു തിരിച്ചറിഞ്ഞു. ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നിരുന്ന യേശു തിരിഞ്ഞ്, “ആരാണ് എന്റെ പുറങ്കുപ്പായത്തിൽ തൊട്ടത്”+ എന്നു ചോദിച്ചു. 31 എന്നാൽ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ഈ ജനം മുഴുവൻ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും, ‘എന്നെ തൊട്ടത് ആരാണ്’ എന്ന് അങ്ങ് ചോദിക്കുന്നോ?” 32 യേശുവോ തന്നെ തൊട്ടത് ആരാണെന്നു കാണാൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. 33 തനിക്കു സംഭവിച്ചതു മനസ്സിലാക്കിയ സ്ത്രീ പേടിച്ചുവിറച്ച് യേശുവിന്റെ കാൽക്കൽ വീണ് സത്യം മുഴുവൻ തുറന്നുപറഞ്ഞു. 34 യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്. സമാധാനത്തോടെ പൊയ്ക്കൊള്ളൂ.+ നിന്റെ മാറാരോഗം മാറിക്കിട്ടിയല്ലോ.+ ഇനി ആരോഗ്യത്തോടെ ജീവിക്കുക.”
35 യേശു അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽനിന്ന് ചിലർ വന്ന് പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി എന്തിനാണു ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?”+ 36 എന്നാൽ അതു കേട്ട യേശു സിനഗോഗിലെ അധ്യക്ഷനോട്, “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി”+ എന്നു പറഞ്ഞു. 37 പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും അല്ലാതെ മറ്റാരെയും തന്റെകൂടെ പോരാൻ യേശു അനുവദിച്ചില്ല.+
38 അങ്ങനെ, അവർ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽ എത്തി. അവിടെ ആളുകൾ കരഞ്ഞുനിലവിളിച്ച് ബഹളമുണ്ടാക്കുന്നതു യേശു കണ്ടു.+ 39 അകത്തുചെന്ന് യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ കരഞ്ഞ് ബഹളംവെക്കുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.”+ 40 ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. എന്നാൽ യേശു അവരെയെല്ലാം പുറത്തിറക്കിയിട്ട് കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടി അവളെ കിടത്തിയിരുന്നിടത്തേക്കു ചെന്നു. 41 യേശു കുട്ടിയുടെ കൈപിടിച്ച് അവളോട് “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’”+ എന്നാണ് അതിന്റെ അർഥം.) 42 ഉടൻതന്നെ പെൺകുട്ടി എഴുന്നേറ്റ് നടന്നു. (അവൾക്ക് 12 വയസ്സായിരുന്നു.) ഇതു കണ്ട് അവർ സന്തോഷംകൊണ്ട് മതിമറന്നു. 43 എന്നാൽ സംഭവിച്ചത് ആരോടും പറയരുതെന്നു യേശു അവരോട് ആവർത്തിച്ചുപറഞ്ഞു.*+ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാനും യേശു പറഞ്ഞു.
6 യേശു അവിടെനിന്ന് സ്വന്തം നാട്ടിലെത്തി.+ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. 2 ശബത്തിൽ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. കേൾവിക്കാരിൽ പലരും ആശ്ചര്യത്തോടെ പറഞ്ഞു: “ഈ മനുഷ്യൻ ഇതെല്ലാം എവിടെനിന്ന് പഠിച്ചു?+ ഈ ജ്ഞാനമെല്ലാം ഇയാൾക്ക് എങ്ങനെയാണ് കിട്ടിയത്? എങ്ങനെയാണ് ഈ അത്ഭുതങ്ങളൊക്കെ ചെയ്യാൻ പറ്റുന്നത്?+ 3 ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?+ ആ മറിയയുടെ മകൻ?+ യാക്കോബും+ യോസേഫും യൂദാസും ശിമോനും ഇയാളുടെ സഹോദരന്മാരല്ലേ?+ ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ?” ഇങ്ങനെ പറഞ്ഞ് അവർ യേശുവിൽ വിശ്വസിക്കാതിരുന്നു.* 4 എന്നാൽ യേശു അവരോട്, “ഒരു പ്രവാചകനെ സ്വന്തം നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും മാത്രമേ ആദരിക്കാതിരിക്കൂ” എന്നു പറഞ്ഞു.+ 5 ഏതാനും രോഗികളുടെ മേൽ കൈകൾ വെച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റ് അത്ഭുതങ്ങളൊന്നും അവിടെവെച്ച് ചെയ്യാൻ യേശുവിനു കഴിഞ്ഞില്ല. 6 അവർക്കു വിശ്വാസമില്ലാത്തതു കണ്ട് യേശുവിന് അതിശയം തോന്നി. യേശു അടുത്തുള്ള ഗ്രാമങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു.+
7 പിന്നെ യേശു ആ പന്ത്രണ്ടു പേരെ* അടുത്ത് വിളിച്ച് ഈരണ്ടായി അയച്ചുതുടങ്ങി.+ അവർക്ക് അശുദ്ധാത്മാക്കളുടെ* മേൽ അധികാരവും കൊടുത്തു.+ 8 യാത്രയ്ക്ക് ഒരു വടിയല്ലാതെ അപ്പമോ ഭക്ഷണസഞ്ചിയോ അരയിലെ പണസ്സഞ്ചിയിൽ+ പണമോ* ഒന്നും എടുക്കരുത് എന്ന് യേശു അവരോടു കല്പിച്ചു. 9 ചെരിപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്ത്രമരുത് എന്നും അവർക്കു കല്പന കൊടുത്തു. 10 തുടർന്ന് യേശു അവരോടു പറഞ്ഞു: “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട് പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുക.+ 11 എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ അവിടെനിന്ന് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+ അത് അവർക്ക് ഒരു തെളിവാകട്ടെ.” 12 അങ്ങനെ അവർ പോയി ആളുകൾ മാനസാന്തരപ്പെടണമെന്നു പ്രസംഗിച്ചു.+ 13 അവർ ധാരാളം ഭൂതങ്ങളെ പുറത്താക്കി.+ അനേകം രോഗികളെ എണ്ണ പൂശി സുഖപ്പെടുത്തി.
14 ഹെരോദ് രാജാവ് ഇതെക്കുറിച്ച് കേൾക്കാനിടയായി. കാരണം യേശുവിന്റെ പേര് പ്രസിദ്ധമായിത്തീർന്നിരുന്നു. ജനം ഇങ്ങനെ പറയുന്നുമുണ്ടായിരുന്നു: “യോഹന്നാൻ സ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അയാൾക്ക് ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്.”+ 15 എന്നാൽ ചിലർ, “ഇത് ഏലിയയാണ്” എന്നും വേറെ ചിലർ, “പണ്ടത്തെ പ്രവാചകന്മാരെപ്പോലുള്ള ഒരു പ്രവാചകനാണ്” എന്നും പറയുന്നുണ്ടായിരുന്നു.+ 16 ഇതു കേട്ട ഹെരോദാകട്ടെ, “ഞാൻ തല വെട്ടിക്കൊന്ന യോഹന്നാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു. 17 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ജയിലിൽ അടയ്ക്കാൻ കല്പന കൊടുത്തത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്തത്. ഹെരോദ് ഹെരോദ്യയെ വിവാഹം ചെയ്തിരുന്നു.+ 18 “സഹോദരന്റെ ഭാര്യയെ രാജാവ് ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ അദ്ദേഹത്തോടു പലവട്ടം പറഞ്ഞിരുന്നു. 19 അതുകൊണ്ട് ഹെരോദ്യക്ക് യോഹന്നാനോടു കടുത്ത പകയുണ്ടായിരുന്നു. യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ഹെരോദ്യക്ക് അതിനു സാധിച്ചിരുന്നില്ല. 20 യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന്+ അറിയാമായിരുന്നതുകൊണ്ട് ഹെരോദിനു യോഹന്നാനെ ഭയമായിരുന്നു. അതുകൊണ്ട് അദ്ദേഹം യോഹന്നാനെ സംരക്ഷിച്ചു. യോഹന്നാന്റെ വാക്കുകൾ ഹെരോദിനെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നെങ്കിലും യോഹന്നാൻ പറയുന്നതു രാജാവ് താത്പര്യത്തോടെ കേൾക്കാറുണ്ടായിരുന്നു.
21 അങ്ങനെയിരിക്കെ, ജന്മദിനത്തിൽ+ ഹെരോദ് തന്റെ ഉന്നതോദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കും വേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കി.+ അന്നു ഹെരോദ്യക്ക് ഒരു അവസരം ഒത്തുകിട്ടി. 22 ഹെരോദ്യയുടെ മകൾ അകത്ത് വന്ന് നൃത്തം ചെയ്ത് ഹെരോദിനെയും വിരുന്നിന് ഇരുന്നവരെയും സന്തോഷിപ്പിച്ചു. രാജാവ് പെൺകുട്ടിയോടു പറഞ്ഞു: “ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളൂ, ഞാൻ തരാം.” 23 “നീ എന്തു ചോദിച്ചാലും, അതു രാജ്യത്തിന്റെ പകുതിയായാലും, ഞാൻ തരും” എന്നു രാജാവ് സത്യം ചെയ്തു. 24 അവൾ പോയി അമ്മയോട്, “ഞാൻ എന്തു ചോദിക്കണം” എന്നു ചോദിച്ചു. “യോഹന്നാൻ സ്നാപകന്റെ തല ചോദിക്ക്” എന്നു ഹെരോദ്യ പറഞ്ഞു. 25 ഉടനെ അവൾ ഓടി രാജാവിന്റെ അടുത്ത് ചെന്ന്, “ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം” എന്നു പറഞ്ഞു.+ 26 രാജാവിനു വലിയ സങ്കടം തോന്നിയെങ്കിലും വിരുന്നുകാരുടെ മുന്നിൽവെച്ച് ആണയിട്ടുപോയതുകൊണ്ട് അവളുടെ അപേക്ഷ തള്ളിക്കളയാൻ കഴിഞ്ഞില്ല. 27 അതുകൊണ്ട് രാജാവ് ഉടൻതന്നെ ഒരു അംഗരക്ഷകനെ അയച്ച് യോഹന്നാന്റെ തല കൊണ്ടുവരാൻ കല്പിച്ചു. അയാൾ ജയിലിൽ ചെന്ന് യോഹന്നാന്റെ തല വെട്ടി 28 അത് ഒരു തളികയിൽ വെച്ച് കൊണ്ടുവന്നു. പെൺകുട്ടി അതു വാങ്ങി അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു. 29 ഈ വാർത്ത അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാർ വന്ന് ശരീരം എടുത്തുകൊണ്ടുപോയി ഒരു കല്ലറയിൽ അടക്കം ചെയ്തു.
30 അപ്പോസ്തലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി അവർ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു വിവരിച്ചു.+ 31 നിരവധി ആളുകൾ വരുകയും പോകുകയും ചെയ്തിരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാൻപോലും അവർക്കു സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അവരോട്, “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം”+ എന്നു പറഞ്ഞു. 32 അങ്ങനെ, അവർ വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.+ 33 എന്നാൽ അവർ പോകുന്നത് ആളുകൾ കണ്ടു. പലരും അത് അറിഞ്ഞു. അങ്ങനെ എല്ലാ നഗരങ്ങളിൽനിന്നും ജനം ഓടി അവർക്കു മുമ്പേ അവിടെ എത്തി. 34 യേശു കരയ്ക്കിറങ്ങിയപ്പോൾ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതുകൊണ്ട്+ യേശുവിന് അവരോട് അലിവ് തോന്നി,+ അവരെ പലതും പഠിപ്പിച്ചു.+
35 നേരം വൈകിയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി.+ 36 ജനത്തെ പറഞ്ഞയയ്ക്കൂ. അവർ അടുത്തുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 37 മറുപടിയായി യേശു, “നിങ്ങൾ അവർക്ക് വല്ലതും കഴിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. അപ്പോൾ അവർ, “ഞങ്ങൾ പോയി 200 ദിനാറെക്ക്* അപ്പം വാങ്ങി ജനത്തിനു കൊടുക്കണോ” എന്നു ചോദിച്ചു.+ 38 യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്? ചെന്ന് നോക്കൂ.” അവർ നോക്കിയിട്ട് യേശുവിനോടു പറഞ്ഞു: “അഞ്ചെണ്ണം, രണ്ടു മീനുമുണ്ട്.”+ 39 പിന്നെ യേശു എല്ലാവരോടും പുൽപ്പുറത്ത് കൂട്ടംകൂട്ടമായി ഇരിക്കാൻ പറഞ്ഞു.+ 40 അവർ 100-ഉം 50-ഉം പേരുള്ള കൂട്ടങ്ങളായി ഇരുന്നു. 41 പിന്നെ യേശു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട് അപ്പം നുറുക്കി, ശിഷ്യന്മാരെ വിളമ്പാൻ ഏൽപ്പിച്ചു. ആ രണ്ടു മീനും യേശു എല്ലാവർക്കും പങ്കിട്ടുകൊടുത്തു. 42 അങ്ങനെ ജനം മുഴുവൻ തിന്ന് തൃപ്തരായി. 43 ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ട നിറയെയുണ്ടായിരുന്നു. മീനും ബാക്കിവന്നു.+ 44 അപ്പം കഴിച്ച പുരുഷന്മാർ 5,000 പേരുണ്ടായിരുന്നു.
45 പെട്ടെന്നുതന്നെ, ശിഷ്യന്മാരെ വള്ളത്തിൽ കയറ്റി ബേത്ത്സയിദ വഴി തനിക്കു മുമ്പേ അക്കരയ്ക്കു പറഞ്ഞുവിട്ടിട്ട് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.+ 46 എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ യേശു പ്രാർഥിക്കാൻവേണ്ടി ഒരു മലയിലേക്കു പോയി.+ 47 സന്ധ്യയായപ്പോഴേക്കും വള്ളം നടുക്കടലിൽ എത്തി. യേശുവോ തനിച്ച് കരയിലായിരുന്നു.+ 48 കാറ്റു പ്രതികൂലമായിരുന്നതിനാൽ അവർ വള്ളം തുഴയാൻ പാടുപെടുന്നതു കണ്ട് യേശു രാത്രിയുടെ നാലാം യാമത്തോടെ* കടലിനു മുകളിലൂടെ നടന്ന് അവരുടെ നേരെ ചെന്നു. പക്ഷേ യേശു അവരെ കടന്നുപോകുന്നതായി ഭാവിച്ചു. 49 യേശു കടലിനു മുകളിലൂടെ നടക്കുന്നതു കണ്ട് ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!” എന്നു പറഞ്ഞ് ഉറക്കെ നിലവിളിച്ചു. 50 അവർ എല്ലാവരും ആ കാഴ്ച കണ്ട് പരിഭ്രമിച്ചുപോയി. എന്നാൽ ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്. ധൈര്യമായിരിക്ക്.”+ 51 യേശു വള്ളത്തിൽ കയറി. കാറ്റു നിലച്ചു. ഇതു കണ്ട് അവർ ആകെ അമ്പരന്നുപോയി. 52 കാരണം അത്ഭുതകരമായി അപ്പം നൽകിയ സംഭവത്തിൽനിന്ന് ഗ്രഹിക്കേണ്ടത് അവർ ഗ്രഹിച്ചിരുന്നില്ല. ഗ്രഹിക്കുന്ന കാര്യത്തിൽ അവരുടെ ഹൃദയം അപ്പോഴും മാന്ദ്യമുള്ളതായിരുന്നു.
53 അവർ അക്കരെ ഗന്നേസരെത്തിൽ എത്തി വള്ളം തീരത്തോടു ചേർത്ത് നങ്കൂരമിട്ട് നിറുത്തി.+ 54 അവർ വള്ളത്തിൽനിന്ന് ഇറങ്ങിയപ്പോൾത്തന്നെ ആളുകൾ യേശുവിനെ തിരിച്ചറിഞ്ഞു. 55 അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് അത് അറിയിച്ചു. ആളുകൾ രോഗികളെ കിടക്കയോടെ എടുത്തുകൊണ്ട്, യേശുവുണ്ടെന്നു കേട്ടിടത്തേക്കു വരാൻതുടങ്ങി. 56 യേശു ചെല്ലുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഒക്കെ ആളുകൾ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലങ്ങളിൽ കിടത്തിയിട്ട് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും* തൊടാൻ അനുവദിക്കണമെന്നു യാചിക്കുമായിരുന്നു.+ അതിൽ തൊട്ടവരുടെയെല്ലാം രോഗം ഭേദമായി.
7 യരുശലേമിൽനിന്ന് വന്ന പരീശന്മാരും ചില ശാസ്ത്രിമാരും യേശുവിനു ചുറ്റും കൂടി.+ 2 യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമായ കൈകൊണ്ട്, അതായത് കഴുകാത്ത കൈകൊണ്ട്,* ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. 3 (പരീശന്മാരും എല്ലാ ജൂതന്മാരും പൂർവികരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നതുകൊണ്ട് കൈകൾ മുട്ടുവരെ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. 4 ചന്തയിൽനിന്ന് തിരിച്ചെത്തുമ്പോഴും കഴുകി ശുദ്ധി വരുത്താതെ അവർ കഴിക്കാറില്ല. ഇതിനു പുറമേ പാനപാത്രങ്ങളും കുടങ്ങളും ചെമ്പുപാത്രങ്ങളും വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുന്നതുപോലുള്ള മറ്റ് അനേകം പാരമ്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോരുന്നു.)+ 5 അതുകൊണ്ട് ആ പരീശന്മാരും ശാസ്ത്രിമാരും യേശുവിനോട്, “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്താണ്” എന്നു ചോദിച്ചു.+ 6 യേശു അവരോടു പറഞ്ഞു: “കപടഭക്തരായ നിങ്ങളെക്കുറിച്ച് യശയ്യ ഇങ്ങനെ പ്രവചിച്ചത് എത്ര ശരിയാണ്: ‘ഈ ജനം വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.+ 7 അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’+ 8 നിങ്ങൾ അങ്ങനെ ദൈവകല്പനകൾ വിട്ടുകളഞ്ഞിട്ട് മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.”+
9 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “പാരമ്പര്യം പിൻപറ്റാൻവേണ്ടി നിങ്ങൾ വിദഗ്ധമായി ദൈവകല്പന അവഗണിക്കുന്നു.+ 10 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച് സംസാരിക്കുന്നവനെ* കൊന്നുകളയണം’+ എന്നും മോശ പറഞ്ഞല്ലോ. 11 എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം കൊർബാനാണ് (അതായത്, ദൈവത്തിനു നേർന്നതാണ്)” എന്നു പറഞ്ഞാൽ’ 12 പിന്നെ അപ്പനോ അമ്മയ്ക്കോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അയാളെ അനുവദിക്കുന്നില്ല.+ 13 ഇങ്ങനെ പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു.+ ഇങ്ങനെ പലതും നിങ്ങൾ ചെയ്യുന്നു.”+ 14 യേശു വീണ്ടും ജനത്തെ അടുത്തേക്കു വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിച്ച് അതിന്റെ അർഥം മനസ്സിലാക്കൂ.+ 15 പുറത്തുനിന്ന് ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ല. ഉള്ളിൽനിന്ന് പുറത്തേക്കു വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.”+ 16 *——
17 ജനക്കൂട്ടത്തെ വിട്ട് യേശു ഒരു വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഈ ദൃഷ്ടാന്തത്തെക്കുറിച്ച് യേശുവിനോടു ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.+ 18 യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കും അവരെപ്പോലെ മനസ്സിലാക്കാൻ പ്രാപ്തിയില്ലെന്നോ? പുറത്തുനിന്ന് ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ലെന്നു നിങ്ങൾക്ക് അറിയില്ലേ? 19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്. പിന്നെ അതു വയറ്റിൽനിന്ന് പുറത്തേക്കു പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന് അങ്ങനെ യേശു വ്യക്തമാക്കി. 20 പിന്നെ യേശു പറഞ്ഞു: “ഒരാളുടെ ഉള്ളിൽനിന്ന് പുറത്തേക്കു വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.+ 21 കാരണം ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്,+ ഹാനികരമായ ചിന്തകൾ, അതായത് ലൈംഗിക അധാർമികത,* മോഷണം, കൊലപാതകം, 22 വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാരത്തോടെയുള്ള പെരുമാറ്റം,* അസൂയയുള്ള കണ്ണ്, ദൈവനിന്ദ, ധാർഷ്ട്യം, വിഡ്ഢിത്തം എന്നിവയെല്ലാം ഉണ്ടാകുന്നത്. 23 ഈ ചീത്ത കാര്യങ്ങളെല്ലാം ഉള്ളിൽനിന്ന് പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.”
24 അവിടെനിന്ന് എഴുന്നേറ്റ് സോർ-സീദോൻ+ പ്രദേശങ്ങളിലേക്കു പോയ യേശു അവിടെ ഒരു വീട്ടിൽ ചെന്നു. ആരും അത് അറിയരുതെന്നു യേശു ആഗ്രഹിച്ചു. പക്ഷേ ആളുകൾ എങ്ങനെയോ അറിഞ്ഞു. 25 അശുദ്ധാത്മാവ്* ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ യേശുവിനെക്കുറിച്ച് കേട്ട ഉടനെ അവിടെ വന്ന് യേശുവിന്റെ കാൽക്കൽ വീണു.+ 26 ആ സ്ത്രീ സിറിയൻ ഫൊയ്നിക്യ ദേശത്തുനിന്നുള്ള* ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ ആ സ്ത്രീ യേശുവിനോടു വീണ്ടുംവീണ്ടും അപേക്ഷിച്ചു. 27 എന്നാൽ യേശു, “ആദ്യം മക്കളുടെ വയറു നിറയട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ”+ എന്നു പറഞ്ഞു: 28 അപ്പോൾ ആ സ്ത്രീ പറഞ്ഞു: “അങ്ങ് പറഞ്ഞതു ശരിയാണ് യജമാനനേ. പക്ഷേ, മേശയുടെ കീഴെയുള്ള നായ്ക്കുട്ടികളും കുഞ്ഞുങ്ങളുടെ കൈയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” 29 യേശു സ്ത്രീയോടു പറഞ്ഞു: “നീ ഇങ്ങനെയൊരു മറുപടി പറഞ്ഞല്ലോ. പൊയ്ക്കൊള്ളൂ. ഭൂതം നിന്റെ മകളെ വിട്ട് പോയിരിക്കുന്നു.”+ 30 സ്ത്രീ വീട്ടിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ കിടക്കുന്നതു കണ്ടു. ഭൂതം അവളെ വിട്ട് പോയിരുന്നു.+
31 പിന്നെ യേശു സോർപ്രദേശം വിട്ട് സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ*+ ഗലീലക്കടലിന് അടുത്തേക്കു തിരിച്ചുപോയി. 32 അവിടെവെച്ച് ചിലർ സംസാരവൈകല്യമുള്ള ബധിരനായ ഒരു മനുഷ്യനെ+ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് അയാളുടെ മേൽ കൈ വെക്കണമെന്നു യാചിച്ചു. 33 യേശു അയാളെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിക്കൊണ്ടുപോയി. എന്നിട്ട് അയാളുടെ ചെവികളിൽ വിരൽ ഇട്ടു. പിന്നെ തുപ്പിയിട്ട് അയാളുടെ നാവിൽ തൊട്ടു.+ 34 എന്നിട്ട് ആകാശത്തേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ അയാളോട്, “എഫഥാ” എന്നു പറഞ്ഞു. “തുറക്കട്ടെ” എന്നാണ് അതിന്റെ അർഥം. 35 അയാളുടെ ചെവികൾ തുറന്നു.+ സംസാരവൈകല്യം മാറി അയാൾ നന്നായി സംസാരിക്കാൻതുടങ്ങി. 36 ഇത് ആരോടും പറയരുതെന്നു യേശു അവരോടു കല്പിച്ചു.+ എന്നാൽ യേശു അവരെ എത്രത്തോളം വിലക്കിയോ അത്രത്തോളം അവർ അതു പ്രസിദ്ധമാക്കി.+ 37 അവർക്കുണ്ടായ അതിശയം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.+ അവർ പറഞ്ഞു: “എത്ര നല്ല കാര്യങ്ങളാണു യേശു ചെയ്യുന്നത്! യേശു ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും കൊടുക്കുന്നു.”+
8 ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടി. അവരുടെ കൈയിൽ കഴിക്കാൻ ഒന്നുമില്ലായിരുന്നു. യേശു ശിഷ്യന്മാരെ വിളിച്ച് അവരോടു പറഞ്ഞു: 2 “ഈ ജനക്കൂട്ടത്തോട് എനിക്ക് അലിവ് തോന്നുന്നു.+ മൂന്നു ദിവസമായി ഇവർ എന്റെകൂടെയാണല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല.+ 3 വിശന്നിരിക്കുന്ന ഇവരെ ഞാൻ ഒന്നും കൊടുക്കാതെ വീടുകളിലേക്കു പറഞ്ഞയച്ചാൽ ഇവർ വഴിയിൽ കുഴഞ്ഞുവീണാലോ? ചിലരാണെങ്കിൽ വളരെ ദൂരെനിന്നുള്ളവരാണ്.” 4 എന്നാൽ ശിഷ്യന്മാർ യേശുവിനോട്, “ഇവരുടെയെല്ലാം വിശപ്പു മാറ്റാൻ വേണ്ട അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത് എവിടെനിന്ന് കിട്ടാനാണ്” എന്നു ചോദിച്ചു. 5 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്” എന്നു ചോദിച്ചപ്പോൾ, “ഏഴ്” എന്ന് അവർ പറഞ്ഞു.+ 6 ജനക്കൂട്ടത്തോടു നിലത്ത് ഇരിക്കാൻ യേശു നിർദേശിച്ചു. യേശു ആ ഏഴ് അപ്പം എടുത്ത് ദൈവത്തോടു നന്ദി പറഞ്ഞിട്ട്, വിളമ്പാനായി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തുതുടങ്ങി. അവർ അതു ജനത്തിനു വിളമ്പി.+ 7 കുറച്ച് ചെറിയ മീനുകളും അവരുടെ കൈയിലുണ്ടായിരുന്നു. ദൈവത്തോടു നന്ദി പറഞ്ഞശേഷം യേശു ശിഷ്യന്മാരോട് അതും വിളമ്പാൻ പറഞ്ഞു. 8 അങ്ങനെ അവരെല്ലാം തിന്ന് തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങൾ ഏഴു വലിയ കൊട്ടകളിൽ നിറച്ചെടുത്തു.+ 9 അവിടെ ഏകദേശം 4,000 പുരുഷന്മാരുണ്ടായിരുന്നു. പിന്നെ യേശു അവരെ പറഞ്ഞയച്ചു.
10 ഉടൻതന്നെ യേശു ശിഷ്യന്മാരോടൊപ്പം വള്ളത്തിൽ കയറി ദൽമനൂഥപ്രദേശത്തേക്കു പോയി.+ 11 അവിടെവെച്ച് പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശുവിനെ പരീക്ഷിക്കാൻവേണ്ടി അവർ സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം ആവശ്യപ്പെട്ടു.+ 12 മനം* നൊന്ത് യേശു പറഞ്ഞു: “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിനാണ്?+ ഈ തലമുറയ്ക്ക് ഒരു അടയാളവും ലഭിക്കില്ല എന്നു സത്യമായി ഞാൻ പറയുന്നു.”+ 13 ഇതു പറഞ്ഞിട്ട് യേശു അവരെ വിട്ട് വീണ്ടും വള്ളത്തിൽ കയറി അക്കരയ്ക്കു പോയി.
14 എന്നാൽ അവർ പോകുമ്പോൾ അപ്പം എടുക്കാൻ മറന്നുപോയിരുന്നു. അവരുടെ കൈയിൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+ 15 യേശു വളരെ ഗൗരവത്തോടെ അവർക്ക് ഈ മുന്നറിയിപ്പു നൽകി: “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം.”+ 16 ഇതു കേട്ടപ്പോൾ, അപ്പം എടുക്കാഞ്ഞതിനെച്ചൊല്ലി അവർ വഴക്കിടാൻതുടങ്ങി. 17 ഇതു ശ്രദ്ധിച്ച യേശു അവരോടു ചോദിച്ചു: “അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങൾ എന്തിനാണു വഴക്കിടുന്നത്? കാര്യങ്ങൾ വിവേചിച്ച് അർഥം മനസ്സിലാക്കാൻ ഇപ്പോഴും നിങ്ങൾക്കു കഴിയുന്നില്ലേ? ഗ്രഹിക്കുന്ന കാര്യത്തിൽ നിങ്ങളുടെ ഹൃദയം ഇപ്പോഴും മാന്ദ്യമുള്ളതാണോ? 18 ‘കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ?’ 19 ഞാൻ അഞ്ച് അപ്പം+ 5,000 പുരുഷന്മാർക്കു നുറുക്കിക്കൊടുത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ നിങ്ങൾ എത്ര കൊട്ട നിറച്ചെടുത്തെന്ന് ഓർക്കുന്നില്ലേ?” “പന്ത്രണ്ട്”+ എന്ന് അവർ പറഞ്ഞു. 20 “ഞാൻ ഏഴ് അപ്പം 4,000 പുരുഷന്മാർക്കു നുറുക്കിക്കൊടുത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ എത്ര കൊട്ട* നിറച്ചെടുത്തു?” “ഏഴ്”+ എന്ന് അവർ പറഞ്ഞു. 21 അപ്പോൾ യേശു അവരോട്, “ഇപ്പോഴും നിങ്ങൾക്കു കാര്യം മനസ്സിലായില്ലേ” എന്നു ചോദിച്ചു.
22 പിന്നെ അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരു മനുഷ്യനെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് അയാളെ ഒന്നു തൊടാൻ അപേക്ഷിച്ചു.+ 23 യേശു ആ അന്ധന്റെ കൈയിൽ പിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അയാളുടെ കണ്ണുകളിൽ തുപ്പിയിട്ട്+ അയാളുടെ മേൽ കൈ വെച്ച്, “നിനക്ക് എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ” എന്നു ചോദിച്ചു. 24 അയാൾ നോക്കിയിട്ട് പറഞ്ഞു: “എനിക്ക് ആളുകളെ കാണാം. പക്ഷേ കണ്ടിട്ട് മരങ്ങൾ നടക്കുന്നതുപോലുണ്ട്.” 25 യേശു വീണ്ടും തന്റെ കൈകൾ ആ മനുഷ്യന്റെ കണ്ണുകളിൽ വെച്ചു. അപ്പോൾ അയാളുടെ കാഴ്ച തെളിഞ്ഞു. കാഴ്ച തിരിച്ചുകിട്ടിയ അയാൾക്ക് എല്ലാം വ്യക്തമായി കാണാമെന്നായി. 26 “ഗ്രാമത്തിലേക്കു പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ വീട്ടിലേക്ക് അയച്ചു.
27 പിന്നെ യേശുവും ശിഷ്യന്മാരും കൈസര്യഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പോയി. വഴിയിൽവെച്ച് യേശു ശിഷ്യന്മാരോട്, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്” എന്നു ചോദിച്ചു.+ 28 “ചിലർ സ്നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരാൾ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു. 29 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” പത്രോസ് പറഞ്ഞു: “അങ്ങ് ക്രിസ്തുവാണ്.”+ 30 എന്നാൽ തന്നെക്കുറിച്ച് ആരോടും പറയരുതെന്നു യേശു അവരോടു കർശനമായി കല്പിച്ചു.+ 31 മനുഷ്യപുത്രന് അനേകം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുമെന്നും മൂപ്പന്മാരും* മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മനുഷ്യപുത്രനെ തള്ളിക്കളയുമെന്നും കൊല്ലുമെന്നും+ മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുമെന്നും യേശു അവരെ പഠിപ്പിക്കാൻതുടങ്ങി.+ 32 വാസ്തവത്തിൽ, ഉള്ള കാര്യം യേശു തുറന്നുപറയുകയായിരുന്നു. എന്നാൽ പത്രോസ് യേശുവിനെ മാറ്റിനിറുത്തി ശകാരിച്ചു.+ 33 അപ്പോൾ യേശു പുറംതിരിഞ്ഞ്, ശിഷ്യന്മാരെ നോക്കിയിട്ട് പത്രോസിനെ ശാസിച്ചു. യേശു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്* മാറൂ! നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്.”+
34 പിന്നെ യേശു ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം* എടുത്ത് എന്നെ അനുഗമിക്കട്ടെ.+ 35 ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കുവേണ്ടിയും ജീവൻ നഷ്ടപ്പെടുത്തിയാൽ അതിനെ രക്ഷിക്കും.+ 36 വാസ്തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം?+ 37 അല്ല, ഒരാൾ തന്റെ ജീവനു പകരമായി എന്തു കൊടുക്കും?+ 38 വ്യഭിചാരികളുടെയും* പാപികളുടെയും ഈ തലമുറയിൽ ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വിശുദ്ധദൂതന്മാരോടൊപ്പം വരുമ്പോൾ+ മനുഷ്യപുത്രനും അയാളെക്കുറിച്ച് ലജ്ജ തോന്നും.”+
9 പിന്നെ യേശു അവരോട്, “ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ് ദൈവരാജ്യം പ്രതാപത്തോടെ വരുന്നതു കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു”+ എന്നു പറഞ്ഞു. 2 ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയരമുള്ള ഒരു മലയിലേക്കു പോയി. യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു.+ 3 ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തത്ര വെൺമയോടെ യേശുവിന്റെ വസ്ത്രങ്ങൾ വെട്ടിത്തിളങ്ങി. 4 ഏലിയയും മോശയും അവർക്കു പ്രത്യക്ഷരായി. അവർ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. 5 പത്രോസ് യേശുവിനോടു പറഞ്ഞു: “റബ്ബീ, ഞങ്ങൾക്ക് ഇവിടെ വരാൻ കഴിഞ്ഞത് എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന് അങ്ങയ്ക്കും ഒന്നു മോശയ്ക്കും പിന്നെ ഒന്ന് ഏലിയയ്ക്കും.” 6 വാസ്തവത്തിൽ എന്തു ചെയ്യണമെന്നു പത്രോസിന് അപ്പോൾ അറിയില്ലായിരുന്നു. അവർ അത്രയ്ക്കു പേടിച്ചുപോയി. 7 അപ്പോൾ ഒരു മേഘം രൂപപ്പെട്ട് അവരുടെ മീതെ നിന്നു. “ഇവൻ എന്റെ പ്രിയപുത്രൻ.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.+ 8 പെട്ടെന്നു ശിഷ്യന്മാർ ചുറ്റും നോക്കി. പക്ഷേ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല.
9 അവർ കണ്ടത്, മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുവരെ ആരോടും പറയരുതെന്നു+ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോടു കർശനമായി കല്പിച്ചു.+ 10 അവർ ഇക്കാര്യം ഹൃദയത്തിൽ സൂക്ഷിച്ചു.* എന്നാൽ മരിച്ചവരിൽനിന്നുള്ള ഉയിർപ്പിന്റെ അർഥം എന്തായിരിക്കും എന്നതിനെക്കുറിച്ച് അവർ തമ്മിൽത്തമ്മിൽ സംസാരിച്ചു. 11 പിന്നെ അവർ യേശുവിനോട്, “ആദ്യം ഏലിയ+ വരുമെന്നു ശാസ്ത്രിമാർ പറയുന്നത് എന്താണ്” എന്നു ചോദിച്ചു.+ 12 യേശു അവരോടു പറഞ്ഞു: “ഏലിയയാണ് ആദ്യം വന്ന് എല്ലാം നേരെയാക്കുന്നത്.+ എന്നാൽ മനുഷ്യപുത്രൻ അനേകം കഷ്ടപ്പാടുകളും+ നിന്ദയും സഹിക്കണമെന്ന്+ എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്? 13 പക്ഷേ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയ+ വന്നുകഴിഞ്ഞു. ഏലിയയെക്കുറിച്ച് എഴുതിയിരുന്നതുപോലെതന്നെ, തോന്നിയതുപോലെയെല്ലാം അവർ അദ്ദേഹത്തോടു ചെയ്തു.”+
14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കു വരുമ്പോൾ വലിയൊരു ജനക്കൂട്ടം അവർക്കു ചുറ്റും കൂടിയിരിക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.+ 15 എന്നാൽ യേശുവിനെ കണ്ട ഉടനെ ജനമെല്ലാം ആശ്ചര്യപ്പെട്ട് യേശുവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അഭിവാദനം ചെയ്തു. 16 യേശു അവരോട്, “എന്തിനെക്കുറിച്ചാണു നിങ്ങൾ അവരോടു തർക്കിക്കുന്നത്” എന്നു ചോദിച്ചു. 17 അപ്പോൾ ജനക്കൂട്ടത്തിൽ ഒരാൾ യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഊമനായ ഒരു അശുദ്ധാത്മാവ്*+ എന്റെ മകനെ ബാധിച്ചതുകൊണ്ട് ഞാൻ അവനെ അങ്ങയുടെ അടുത്തേക്കു കൊണ്ടുവന്നതാണ്. 18 അത് അവനെ ബാധിക്കുമ്പോഴെല്ലാം അവനെ നിലത്ത് തള്ളിയിടും. അവൻ പല്ലു കടിക്കുകയും അവന്റെ വായിൽനിന്ന് നുരയും പതയും വരുകയും ചെയ്യും. അതോടെ അവന്റെ ശക്തിയെല്ലാം ചോർന്നുപോകും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടെങ്കിലും അവർക്കു കഴിഞ്ഞില്ല.” 19 അപ്പോൾ യേശു അവരോടു പറഞ്ഞു: “വിശ്വാസമില്ലാത്ത തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.”+ 20 അപ്പോൾ അവർ അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നാൽ യേശുവിനെ കണ്ട ഉടനെ അശുദ്ധാത്മാവ് കുട്ടിയെ ഞെളിപിരികൊള്ളിച്ചു. അവൻ നിലത്ത് കിടന്ന് ഉരുണ്ടു. വായിൽനിന്ന് നുരയും പതയും വന്നു. 21 യേശു അവന്റെ അപ്പനോട്, “ഇവന് ഇതു തുടങ്ങിയിട്ട് എത്ര കാലമായി” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽ” എന്ന് അയാൾ പറഞ്ഞു. 22 “അവനെ കൊല്ലാൻവേണ്ടി അതു കൂടെക്കൂടെ അവനെ തീയിലും വെള്ളത്തിലും തള്ളിയിടാറുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങളോട് അലിവ് തോന്നി ഞങ്ങളെ സഹായിക്കേണമേ” എന്ന് ആ മനുഷ്യൻ അപേക്ഷിച്ചു. 23 യേശു അയാളോടു പറഞ്ഞു: “‘കഴിയുമെങ്കിൽ’ എന്നോ? വിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക് എന്തും സാധിക്കും.”+ 24 ഉടനെ കുട്ടിയുടെ അപ്പൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “എനിക്കു വിശ്വാസമുണ്ട്! എങ്കിലും വിശ്വാസത്തിൽ എനിക്കുള്ള കുറവ് നികത്താൻ സഹായിക്കണേ.”+
25 അപ്പോൾ ഒരു ജനക്കൂട്ടം തങ്ങളുടെ അടുത്തേക്ക് ഓടിക്കൂടുന്നതു കണ്ട് യേശു അശുദ്ധാത്മാവിനെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഊമനും ബധിരനും ആയ ആത്മാവേ, ഇവനെ വിട്ട് പോകൂ. ഇനി ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു.”+ 26 അലറിവിളിച്ച് അവനെ വല്ലാതെ ഞെളിപിരികൊള്ളിച്ച് അത് അവനെ വിട്ട് പോയി. അവൻ മരിച്ചതുപോലെയായി. ഇതു കണ്ട് പലരും, “അവൻ മരിച്ചുപോയി” എന്നു പറഞ്ഞു. 27 എന്നാൽ യേശു അവനെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവൻ നേരെ നിന്നു. 28 പിന്നെ ഒരു വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ സ്വകാര്യമായി യേശുവിനോട്, “അതെന്താ ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്”+ എന്നു ചോദിച്ചു. 29 യേശു അവരോടു പറഞ്ഞു: “ഇത്തരം അശുദ്ധാത്മാക്കളെ പ്രാർഥനകൊണ്ട് മാത്രമേ പുറത്താക്കാൻ പറ്റൂ.”
30 അവർ അവിടം വിട്ട് ഗലീലയിലൂടെ പോയി. എന്നാൽ ഇക്കാര്യം ആരും അറിയരുതെന്നു യേശു ആഗ്രഹിച്ചു. 31 കാരണം യേശു ശിഷ്യന്മാർക്കു ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു. യേശു പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ കൊല്ലും.+ പക്ഷേ കൊന്നാലും മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+ 32 എന്നാൽ യേശു പറഞ്ഞത് അവർക്കു മനസ്സിലായില്ല. അതെപ്പറ്റി എന്തെങ്കിലും ചോദിക്കാനും അവർക്കു പേടിയായിരുന്നു.
33 അവർ കഫർന്നഹൂമിൽ എത്തി. വീട്ടിൽ ചെന്നപ്പോൾ യേശു അവരോട്, “വഴിയിൽവെച്ച് നിങ്ങൾ എന്തിനെക്കുറിച്ചാണു തർക്കിച്ചുകൊണ്ടിരുന്നത്” എന്നു ചോദിച്ചു.+ 34 എന്നാൽ അവർ മറുപടിയൊന്നും പറഞ്ഞില്ല. കാരണം, തങ്ങളിൽ ആരാണു വലിയവൻ എന്നതിനെക്കുറിച്ചായിരുന്നു അവർ തർക്കിച്ചത്. 35 അപ്പോൾ യേശു അവിടെ ഇരുന്നിട്ട് പന്ത്രണ്ടു പേരെയും* അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഒന്നാമനാകാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അയാൾ ഏറ്റവും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷ ചെയ്യുന്നവനും ആകണം.”+ 36 യേശു ഒരു കൊച്ചുകുട്ടിയെ അവരുടെ നടുവിൽ നിറുത്തി ചേർത്തുപിടിച്ചുകൊണ്ട് അവരോടു പറഞ്ഞു: 37 “ഇങ്ങനെയുള്ള ഒരു കുട്ടിയെ+ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച ദൈവത്തെയും സ്വീകരിക്കുന്നു.”+
38 യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഒരാൾ അങ്ങയുടെ പേര് ഉപയോഗിച്ച് ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ നമ്മളെ അനുഗമിക്കുന്നവൻ അല്ലാത്തതുകൊണ്ട് ഞങ്ങൾ അയാളെ തടയാൻ നോക്കി.”+ 39 എന്നാൽ യേശു അവരോടു പറഞ്ഞു: “അയാളെ തടയേണ്ടാ. കാരണം, എന്റെ നാമത്തിൽ ഒരു അത്ഭുതം ചെയ്തിട്ട് ഉടനെ എന്നെക്കുറിച്ച് മോശമായതു പറയാൻ ആർക്കും പറ്റില്ല. 40 നമുക്ക് എതിരല്ലാത്തവരെല്ലാം നമ്മുടെ പക്ഷത്താണ്.+ 41 നിങ്ങൾ ക്രിസ്തുവിന്റെ ആളുകളാണ് എന്ന കാരണത്താൽ ആരെങ്കിലും നിങ്ങൾക്ക് അൽപ്പം* വെള്ളം കുടിക്കാൻ തന്നാൽ+ അയാൾക്കു പ്രതിഫലം ലഭിക്കാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 42 എന്നാൽ വിശ്വാസമുള്ള ഈ ചെറിയവരിൽ ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ* ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.+
43 “നീ പാപം ചെയ്യാൻ* നിന്റെ കൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടിക്കളയുക. രണ്ടു കൈയും ഉള്ളവനായി കെടുത്താനാകാത്ത തീയുള്ള ഗീഹെന്നയിലേക്കു* പോകുന്നതിനെക്കാൾ, അംഗഭംഗം വന്നവനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 44 *—— 45 നീ പാപം ചെയ്യാൻ* നിന്റെ കാൽ ഇടയാക്കുന്നെങ്കിൽ അതു വെട്ടിക്കളയുക. രണ്ടു കാലും ഉള്ളവനായി ഗീഹെന്നയിൽ* എറിയപ്പെടുന്നതിനെക്കാൾ, മുടന്തനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 46 *—— 47 നീ പാപം ചെയ്യാൻ* നിന്റെ കണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നുകളയുക.+ രണ്ടു കണ്ണും ഉള്ളവനായി ഗീഹെന്നയിൽ* എറിയപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതാണു നല്ലത്.+ 48 ഗീഹെന്നയിൽ* പുഴുക്കൾ ചാകുന്നില്ല; അവിടത്തെ തീ കെടുത്തുന്നതുമില്ല.+
49 “ഉപ്പു വിതറുന്നതുപോലെ ഇത്തരം ആളുകളുടെ മേൽ തീ വിതറും.+ 50 ഉപ്പു നല്ലതുതന്നെ; എന്നാൽ അതിന് ഉപ്പുരസം നഷ്ടമായാൽ എങ്ങനെ നിങ്ങൾ അതിനു വീണ്ടും ഉപ്പുരസം വരുത്തും?+ നിങ്ങൾ ഉപ്പുള്ളവരും+ പരസ്പരം സമാധാനത്തിൽ കഴിയുന്നവരും ആയിരിക്കുക.”+
10 യേശു അവിടെനിന്ന് പോയി യോർദാന് അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തി. വീണ്ടും അനേകം ആളുകൾ യേശുവിന്റെ അടുത്ത് വന്നുകൂടി. പതിവുപോലെ യേശു അവരെ പഠിപ്പിക്കാൻതുടങ്ങി.+ 2 അപ്പോൾ യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ ചെന്ന്, ഒരാൾ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ* എന്നു ചോദിച്ചു.+ 3 അപ്പോൾ യേശു, “മോശ നിങ്ങളോട് എന്താണു കല്പിച്ചത്” എന്നു ചോദിച്ചു. 4 “മോചനപത്രം എഴുതിയിട്ട് വിവാഹമോചനം ചെയ്തുകൊള്ളാൻ മോശ അനുവദിച്ചിട്ടുണ്ട്”+ എന്ന് അവർ പറഞ്ഞു. 5 പക്ഷേ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു+ മോശ നിങ്ങൾക്കുവേണ്ടി ഈ കല്പന എഴുതിയത്.+ 6 എന്നാൽ സൃഷ്ടിയുടെ ആരംഭത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 7 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും പിരിയുകയും+ 8 അവർ രണ്ടു പേരും ഒരു ശരീരമാകുകയും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. 9 അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+ 10 വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഇതെക്കുറിച്ച് യേശുവിനോടു ചോദിക്കാൻതുടങ്ങി. 11 യേശു അവരോടു പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.+ 12 ഒരു സ്ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ വിവാഹം കഴിച്ചാൽ അവളും വ്യഭിചാരം ചെയ്യുന്നു.”+
13 യേശു തൊട്ട് അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത് കൊണ്ടുവരാൻതുടങ്ങി. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14 ഇതു കണ്ട് അമർഷം തോന്നിയ യേശു അവരോടു പറഞ്ഞു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.+ 15 ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു വിധത്തിലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 16 പിന്നെ യേശു കുട്ടികളെ കൈയിൽ എടുത്ത് അവരുടെ മേൽ കൈകൾ വെച്ച് അനുഗ്രഹിച്ചു.+
17 യേശു പോകുന്ന വഴിക്ക് ഒരു മനുഷ്യൻ ഓടിവന്ന് യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു.+ 18 യേശു അയാളോടു പറഞ്ഞു: “നീ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+ 19 ‘കൊല ചെയ്യരുത്,+ വ്യഭിചാരം ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ വഞ്ചന കാണിക്കരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ നിനക്ക് അറിയാമല്ലോ.” 20 അപ്പോൾ അയാൾ, “ഗുരുവേ, ഇക്കാര്യങ്ങളെല്ലാം ഞാൻ ചെറുപ്പംമുതൽ അനുസരിക്കുന്നുണ്ട്” എന്നു പറഞ്ഞു. 21 യേശു അയാളെ നോക്കി. അയാളോടു സ്നേഹം തോന്നിയിട്ട് പറഞ്ഞു: “ഒരു കുറവ് നിനക്കുണ്ട്: പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.”+ 22 എന്നാൽ അയാൾ ഇതു കേട്ട് ആകെ സങ്കടപ്പെട്ട് അവിടെനിന്ന് പോയി. കാരണം അയാൾക്കു ധാരാളം വസ്തുവകകളുണ്ടായിരുന്നു.+
23 യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോട്, “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്!” എന്നു പറഞ്ഞു.+ 24 എന്നാൽ യേശുവിന്റെ വാക്കുകൾ കേട്ട് ശിഷ്യന്മാർ അത്ഭുതപ്പെട്ടു. അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “മക്കളേ, ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്! 25 ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”+ 26 അവർ മുമ്പത്തെക്കാൾ അതിശയിച്ച് യേശുവിനോട്,* “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ” എന്നു ചോദിച്ചു.+ 27 യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക് അസാധ്യം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. ദൈവത്തിന് എല്ലാം സാധ്യം.”+ 28 പത്രോസ് യേശുവിനോട്, “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 29 യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും+ 30 ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും;+ വരാൻപോകുന്ന വ്യവസ്ഥിതിയിൽ* നിത്യജീവനും! 31 എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.”+
32 അവർ യരുശലേമിലേക്കുള്ള വഴിയേ പോകുകയായിരുന്നു. യേശു അവരുടെ മുന്നിലായാണു നടന്നിരുന്നത്. അവർ ആകെ ആശ്ചര്യഭരിതരായിരുന്നു. അവരെ അനുഗമിച്ചിരുന്നവർക്കോ ഭയം തോന്നി. വീണ്ടും യേശു പന്ത്രണ്ടു പേരെ* അടുത്ത് വിളിച്ച് തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോടു വിവരിച്ചു:+ 33 “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച് ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. 34 അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും അവനെ ചാട്ടയ്ക്ക് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+
35 സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും+ യേശുവിനെ സമീപിച്ച്, “ഗുരുവേ, ഞങ്ങൾ ചോദിക്കുന്നത് എന്തായാലും ചെയ്തുതരണം” എന്നു പറഞ്ഞു.+ 36 യേശു അവരോട്, “ഞാൻ എന്താണു ചെയ്തുതരേണ്ടത്” എന്നു ചോദിച്ചു. 37 അവർ യേശുവിനോട്, “അങ്ങ് മഹത്ത്വത്തോടെ ഇരിക്കുമ്പോൾ ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്തേണമേ” എന്നു പറഞ്ഞു.+ 38 എന്നാൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? ഞാൻ ഏൽക്കുന്ന സ്നാനം ഏൽക്കാൻ നിങ്ങൾക്കാകുമോ?”+ 39 “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏൽക്കുന്ന സ്നാനം നിങ്ങൾ ഏൽക്കുകയും ചെയ്യും.+ 40 എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.”
41 എന്നാൽ ഇതെക്കുറിച്ച് കേട്ടപ്പോൾ മറ്റു പത്തു പേർക്കും യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി.+ 42 എന്നാൽ യേശു അവരെ അടുത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു: “ജനതകൾ ഭരണാധികാരികളായി കാണുന്നവർ അവരുടെ മേൽ ആധിപത്യം നടത്തുന്നെന്നും അവർക്കിടയിലെ ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക് അറിയാമല്ലോ.+ 43 എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 44 നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം. 45 കാരണം മനുഷ്യപുത്രൻപോലും വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടുക്കാനും ആണ്.”+
46 പിന്നെ അവർ യരീഹൊയിൽ എത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം യേശു യരീഹൊ വിട്ട് പോകുമ്പോൾ ബർത്തിമായി (തിമായിയുടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 47 നസറെത്തുകാരനായ യേശുവാണ് അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന് ഉറക്കെ വിളിച്ചുപറയാൻതുടങ്ങി. 48 പലരും മിണ്ടാതിരിക്കാൻ പറഞ്ഞ് ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 49 യേശു നിന്നിട്ട്, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യനെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ് വരൂ.” 50 അപ്പോൾ അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്ത് ചെന്നു. 51 “ഞാൻ എന്താണു ചെയ്തുതരേണ്ടത്” എന്ന് യേശു ചോദിച്ചപ്പോൾ, “റബ്ബോനീ,* എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52 യേശു അയാളോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”+ ഉടനെ ബർത്തിമായിക്കു കാഴ്ച തിരിച്ചുകിട്ടി.+ യാത്രയിൽ അയാളും യേശുവിനെ അനുഗമിച്ചു.
11 അവർ യാത്ര ചെയ്ത് യരുശലേമിന് അടുത്തുള്ള ഒലിവുമലയിലെ ബേത്ത്ഫാഗ, ബഥാന്യ+ എന്നീ സ്ഥലങ്ങളോട് അടുത്തപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരെ വിളിച്ച്+ 2 അവരോടു പറഞ്ഞു: “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾത്തന്നെ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ച് കൊണ്ടുവരുക. 3 ‘നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്, ഉടൻതന്നെ ഇതിനെ തിരിച്ചെത്തിക്കാം’ എന്നു പറയുക.” 4 അങ്ങനെ അവർ പോയി, തെരുവിൽ ഒരു വീട്ടുവാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു.+ 5 എന്നാൽ അവിടെ നിന്നിരുന്നവരിൽ ചിലർ അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കഴുതക്കുട്ടിയെ അഴിക്കുന്നോ?” 6 യേശു പറഞ്ഞിരുന്നതുപോലെതന്നെ അവർ അവരോടു പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.
7 അവർ കഴുതക്കുട്ടിയെ+ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടു. യേശു അതിന്റെ പുറത്ത് കയറി ഇരുന്നു.+ 8 പലരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ പറമ്പിൽനിന്ന് പച്ചിലക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു.+ 9 മുന്നിലും പിന്നിലും നടന്നിരുന്നവർ ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ഓശാന!*+ യഹോവയുടെ* നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!+ 10 നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം അനുഗ്രഹിക്കപ്പെട്ടത്!+ അത്യുന്നതങ്ങളിൽ വസിക്കുന്നവനേ, ഓശാന!”* 11 യരുശലേമിൽ എത്തിയ യേശു ദേവാലയത്തിൽ ചെന്ന് ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. പക്ഷേ നേരം വൈകിയതിനാൽ യേശു പന്ത്രണ്ടു പേരോടൊപ്പം* ബഥാന്യയിലേക്കു പോയി.+
12 പിറ്റേന്ന് അവർ ബഥാന്യ വിട്ടുപോരുമ്പോൾ യേശുവിനു വിശന്നു.+ 13 യേശു ദൂരത്തുനിന്ന് നിറയെ ഇലകളുള്ള ഒരു അത്തി മരം കണ്ടു. അതിൽനിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് അറിയാൻ അടുത്തേക്കു ചെന്നു. എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. കാരണം, അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. 14 യേശു അതിനോട്, “നിന്നിൽനിന്ന് ഇനി ഒരിക്കലും ആരും പഴം കഴിക്കാതിരിക്കട്ടെ”+ എന്നു പറഞ്ഞു. യേശുവിന്റെ ശിഷ്യന്മാർ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
15 അവർ യരുശലേമിൽ എത്തി. യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നവരെ പുറത്താക്കാൻതുടങ്ങി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 16 ദേവാലയത്തിന് ഉള്ളിലൂടെ എന്തെങ്കിലും കൊണ്ടുപോകാൻ യേശു ആരെയും അനുവദിച്ചില്ല. 17 യേശു അവരെ പഠിപ്പിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കുമുള്ള പ്രാർഥനാലയം എന്ന് അറിയപ്പെടും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.+ നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.”+ 18 ഇതെക്കുറിച്ച് കേട്ട മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴി ആലോചിച്ചുതുടങ്ങി.+ എന്നാൽ അവർക്കു യേശുവിനെ പേടിയായിരുന്നു. കാരണം, ജനമെല്ലാം യേശു പഠിപ്പിക്കുന്നതു കേട്ട് ആകെ അതിശയിച്ചുപോയിരുന്നു.+
19 സന്ധ്യയായപ്പോൾ അവർ നഗരത്തിൽനിന്ന് പോയി. 20 അതിരാവിലെ അവർ ആ അത്തിയുടെ അടുത്തുകൂടെ വരുമ്പോൾ അതു വേര് ഉൾപ്പെടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.+ 21 അപ്പോൾ പത്രോസിനു തലേദിവസത്തെ സംഭവം ഓർമ വന്നു. പത്രോസ് പറഞ്ഞു: “റബ്ബീ കണ്ടോ, അങ്ങ് ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”+ 22 അപ്പോൾ യേശു അവരോടു പറഞ്ഞു: “ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുക. 23 ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.+ 25 നിങ്ങൾ പ്രാർഥിച്ചുകൊണ്ട് നിൽക്കുമ്പോൾ, മറ്റുള്ളവരുമായുള്ള എല്ലാ പ്രശ്നങ്ങളും ക്ഷമിച്ചുകളയുക. അങ്ങനെ ചെയ്താൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.”+ 26 *——
27 അവർ വീണ്ടും യരുശലേമിൽ എത്തി. യേശു ദേവാലയത്തിലൂടെ നടക്കുമ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: 28 “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 29 യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം. 30 യോഹന്നാനാലുള്ള സ്നാനം+ സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?* പറയൂ.”+ 31 അപ്പോൾ അവർ പരസ്പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന് അവൻ ചോദിക്കും. 32 ‘മനുഷ്യരിൽനിന്ന്’ എന്നു പറയാമെന്നുവെച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹന്നാനെ ഒരു പ്രവാചകനായി ജനം കണക്കാക്കിയിരുന്നതുകൊണ്ട് അവർക്ക് അവരെ പേടിയായിരുന്നു.+ 33 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോട്, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.
12 പിന്നെ യേശു അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻതുടങ്ങി: “ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്കു സ്ഥാപിച്ച് വീഞ്ഞുസംഭരണി കുഴിച്ചുണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+ 2 വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. 3 എന്നാൽ അവർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു. 4 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അവർ അയാളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.+ 5 അദ്ദേഹം മറ്റൊരാളെയും അയച്ചു. അവർ അയാളെ കൊന്നുകളഞ്ഞു. മറ്റു പലരെയും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു. 6 അയയ്ക്കാൻ ഇനി ഒരാൾക്കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ!+ ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് ഒടുവിൽ മകനെയും അയച്ചു. 7 എന്നാൽ ആ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ 8 അങ്ങനെ, അവർ അവനെ പിടിച്ച് കൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിലേക്ക് എറിഞ്ഞു.+ 9 മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം വന്ന് ആ കൃഷിക്കാരെ കൊന്ന് മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.+ 10 നിങ്ങൾ ഈ തിരുവെഴുത്ത് ഇതുവരെ വായിച്ചിട്ടില്ലേ? ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ 11 ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ.’”+
12 യേശു തങ്ങളെ ഉദ്ദേശിച്ചാണ് ഈ ദൃഷ്ടാന്തം പറഞ്ഞതെന്ന് അവർക്കു മനസ്സിലായി. അതുകൊണ്ട് അവർ യേശുവിനെ പിടികൂടാൻ* ആഗ്രഹിച്ചു. എങ്കിലും ജനക്കൂട്ടത്തെ പേടിയായിരുന്നതുകൊണ്ട് അവർ യേശുവിനെ വിട്ട് പോയി.+
13 പിന്നെ അവർ യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി പരീശന്മാരിലും ഹെരോദിന്റെ അനുയായികളിലും ചിലരെ യേശുവിന്റെ അടുത്തേക്ക് അയച്ചു.+ 14 അവർ വന്ന് യേശുവിനോടു പറഞ്ഞു: “ഗുരുവേ, അങ്ങ് സത്യസന്ധനും ആളുകളുടെ അംഗീകാരം ആഗ്രഹിക്കാത്തവനും ആണെന്നു ഞങ്ങൾക്ക് അറിയാം. കാരണം അങ്ങ് ആരുടെയും മുഖം നോക്കാറില്ലല്ലോ. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നു. അതുകൊണ്ട് പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ? 15 ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കാപട്യം തിരിച്ചറിഞ്ഞ് യേശു അവരോട്, “നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? ഒരു ദിനാറെ* കൊണ്ടുവരൂ, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു. 16 അവർ ഒരെണ്ണം കൊണ്ടുവന്നു. യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്” എന്നു ചോദിച്ചപ്പോൾ, “സീസറിന്റേത്” എന്ന് അവർ പറഞ്ഞു. 17 അപ്പോൾ യേശു അവരോട്, “സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. യേശുവിന്റെ വാക്കുകൾ കേട്ട് അവർ അതിശയിച്ചുപോയി.
18 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അപ്പോൾ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു:+ 19 “ഗുരുവേ, വിവാഹിതനായ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ സ്വീകരിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണെന്നു മോശ നമ്മളോടു പറഞ്ഞിട്ടുണ്ടല്ലോ.+ 20 ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ മക്കളില്ലാതെ മരിച്ചു. 21 അപ്പോൾ രണ്ടാമൻ അവളെ സ്വീകരിച്ചു. അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ. 22 അങ്ങനെ ഏഴു പേരും മക്കളില്ലാതെ മരിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. 23 പുനരുത്ഥാനത്തിൽ ആ സ്ത്രീ അവരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.” 24 യേശു അവരോടു പറഞ്ഞു: “തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്?+ 25 അവർ മരിച്ചവരിൽനിന്ന് ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.+ 26 മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതിനെക്കുറിച്ചോ, മോശയുടെ പുസ്തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ?+ 27 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.”+
28 അവിടെ വന്നിരുന്ന ശാസ്ത്രിമാരിൽ ഒരാൾ അവർ തർക്കിക്കുന്നതു കേട്ടു. യേശു അവരുടെ ചോദ്യത്തിനു നന്നായി ഉത്തരം കൊടുത്തെന്നു മനസ്സിലാക്കി ആ ശാസ്ത്രി യേശുവിനോട്, “എല്ലാ കല്പനകളിലുംവെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്” എന്നു ചോദിച്ചു.+ 29 അപ്പോൾ യേശു പറഞ്ഞു: “ഒന്നാമത്തേത് ഇതാണ്: ‘ഇസ്രായേലേ കേൾക്കുക, യഹോവ*—നമ്മുടെ ദൈവമായ യഹോവ*—ഒരുവനേ ഉള്ളൂ; 30 നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.’+ 31 രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’+ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.” 32 ശാസ്ത്രി യേശുവിനോടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ് പറഞ്ഞതു സത്യമാണ്: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവവുമില്ല.’+ 33 ദൈവത്തെ മുഴുഹൃദയത്തോടും മുഴുചിന്താശേഷിയോടും* മുഴുശക്തിയോടും കൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും ആണ് സമ്പൂർണദഹനയാഗങ്ങളെക്കാളും ബലികളെക്കാളും ഏറെ മൂല്യമുള്ളത്.”+ 34 ശാസ്ത്രി ബുദ്ധിപൂർവം ഉത്തരം പറഞ്ഞെന്നു മനസ്സിലാക്കി യേശു, “താങ്കൾ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. പിന്നെ ആരും യേശുവിനോട് ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.+
35 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു അവരോടു പറഞ്ഞു: “ക്രിസ്തു ദാവീദിന്റെ മകനാണെന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ ശരിയാകും?+ 36 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ* എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു പരിശുദ്ധാത്മാവിനാൽ പ്രേരിതനായി+ ദാവീദ് പറഞ്ഞല്ലോ. 37 ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്ന സ്ഥിതിക്ക്, ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”+
ആ വലിയ ജനക്കൂട്ടം യേശു പറയുന്നതെല്ലാം ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു. 38 പഠിപ്പിക്കുന്നതിനിടെ യേശു അവരോട് ഇങ്ങനെയും പറഞ്ഞു: “നീളൻ കുപ്പായങ്ങൾ ധരിച്ച് ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും+ 39 സിനഗോഗുകളിൽ മുൻനിരയിൽ* ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.+ 40 അവർ വിധവമാരുടെ വീടുകൾ* വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.”
41 യേശു, സംഭാവനപ്പെട്ടികൾ കാണാവുന്ന ഒരിടത്ത് പോയി ഇരുന്നു.+ എന്നിട്ട് ആളുകൾ ആ പെട്ടികളിൽ പണം ഇടുന്നതു നിരീക്ഷിച്ചു. പണക്കാരായ പലരും ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.+ 42 അപ്പോൾ ദരിദ്രയായ ഒരു വിധവ വന്ന് തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇട്ടു.+ 43 ഇതു കണ്ട യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്.+ 44 അവരെല്ലാം ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന്* തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.”+
13 യേശു ദേവാലയത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ യേശുവിനോട്, “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും!” എന്നു പറഞ്ഞു.+ 2 എന്നാൽ യേശു ആ ശിഷ്യനോടു പറഞ്ഞു: “ഈ വലിയ കെട്ടിടങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും.”+
3 പിന്നെ യേശു ദേവാലയത്തിന് അഭിമുഖമായി ഒലിവുമലയിൽ ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും തനിച്ച് യേശുവിന്റെ അടുത്ത് വന്ന് ഇങ്ങനെ ചോദിച്ചു: 4 “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? ഇതെല്ലാം അവസാനിക്കുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?”+ 5 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ 6 ‘ഞാനാണു ക്രിസ്തു’ എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും. 7 യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും കേൾക്കുമ്പോൾ നിങ്ങൾ പേടിക്കരുത്. അവ സംഭവിക്കേണ്ടതാണ്. എന്നാൽ അത് അവസാനമല്ല.+
8 “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.+ ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും. കൂടാതെ, ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.+ ഇതൊക്കെ പ്രസവവേദനയുടെ ആരംഭം മാത്രമാണ്.+
9 “നിങ്ങളോ ജാഗ്രതയോടിരിക്കുക. ആളുകൾ നിങ്ങളെ കോടതിയിൽ ഹാജരാക്കും.+ സിനഗോഗുകളിൽവെച്ച് നിങ്ങളെ തല്ലുകയും+ എന്നെപ്രതി ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുകയും ചെയ്യും. അങ്ങനെ അവരോടു നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം കിട്ടും.+ 10 മാത്രമല്ല ആദ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്.+ 11 അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങൾക്കു നൽകുന്നത് എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്.+ 12 കൂടാതെ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും.+ 13 എന്റെ പേര് നിമിത്തം സകലരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+
14 “എന്നാൽ നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു+ നിൽക്കരുതാത്തിടത്ത് നിൽക്കുന്നതു കാണുമ്പോൾ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.+ 15 പുരമുകളിൽ നിൽക്കുന്നവൻ താഴെ ഇറങ്ങുകയോ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാൻ അകത്ത് കയറുകയോ അരുത്. 16 വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്. 17 ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ 18 അതു മഞ്ഞുകാലത്ത് സംഭവിക്കാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക. 19 കാരണം ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ* അന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ കഷ്ടതയുടെ+ നാളുകളായിരിക്കും അവ.+ 20 യഹോവ* ആ നാളുകൾ വെട്ടിച്ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷപ്പെടില്ല. എന്നാൽ താൻ തിരഞ്ഞെടുത്തിരിക്കുന്നവരെപ്രതി ദൈവം ആ നാളുകൾ വെട്ടിച്ചുരുക്കും.+
21 “അന്ന് ആരെങ്കിലും നിങ്ങളോട്, ‘ഇതാ, ക്രിസ്തു ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്;+ 22 കാരണം കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്+ കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 23 നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.+ എല്ലാം ഞാൻ മുൻകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
24 “എന്നാൽ അക്കാലത്ത്, ആ കഷ്ടതയ്ക്കു ശേഷം, സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ വെളിച്ചം തരില്ല.+ 25 നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും. 26 അപ്പോൾ മനുഷ്യപുത്രൻ+ വലിയ ശക്തിയോടെയും മഹത്ത്വത്തോടെയും മേഘങ്ങളിൽ വരുന്നത് അവർ കാണും.+ 27 പിന്നെ മനുഷ്യപുത്രൻ ദൂതന്മാരെ അയയ്ക്കും. തിരഞ്ഞെടുത്തിരിക്കുന്നവരെ അവർ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെ നാലു ദിക്കിൽനിന്നും* കൂട്ടിച്ചേർക്കും.+
28 “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക: അതിന്റെ ഇളങ്കൊമ്പ് തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ.+ 29 അതുപോലെ, ഇതെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് എത്തിയെന്ന്, അവൻ വാതിൽക്കലുണ്ടെന്ന്, മനസ്സിലാക്കിക്കൊള്ളുക.+ 30 ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 31 ആകാശവും ഭൂമിയും നീങ്ങിപ്പോകും.+ എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+
32 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ 33 അതുകൊണ്ട് നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ലല്ലോ.+ 34 ഒരു മനുഷ്യൻ വീടിന്റെ ചുമതല അടിമകളെ ഏൽപ്പിച്ചിട്ട് ദൂരദേശത്തേക്കു പോകുന്നതുപോലെയാണ് അത്.+ അയാൾ അടിമകളിൽ ഓരോരുത്തർക്കും ഓരോ ജോലി നൽകുകയും ഉണർന്നിരിക്കാൻ വാതിൽക്കാവൽക്കാരനോടു കല്പിക്കുകയും ചെയ്തു.+ 35 നിങ്ങളും എപ്പോഴും ഉണർന്നിരിക്കുക.* കാരണം വീട്ടുകാരൻ വരുന്നതു സന്ധ്യക്കോ അർധരാത്രിക്കോ നേരം പുലരുംമുമ്പോ* അതിരാവിലെയോ എപ്പോഴാണെന്ന് അറിയില്ല.+ 36 ഓർക്കാപ്പുറത്ത് വീട്ടുകാരൻ വരുമ്പോൾ നിങ്ങളെ ഉറങ്ങുന്നവരായി കാണരുതല്ലോ.+ 37 നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: എപ്പോഴും ഉണർന്നിരിക്കുക.”*+
14 പെസഹയ്ക്കും+ പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവത്തിനും+ രണ്ടു ദിവസംകൂടിയേ ഉണ്ടായിരുന്നുള്ളൂ.+ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ വഴി തേടുകയായിരുന്നു.+ 2 എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.”
3 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി നിറയെ വളരെ വിലപിടിപ്പുള്ള, ശുദ്ധമായ ജടാമാംസി തൈലവുമായി* വന്നു. ആ സ്ത്രീ വെൺകൽഭരണി തുറന്ന് തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു.+ 4 ഇതിൽ അമർഷംപൂണ്ട് ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത് എന്തിനാണ്? 5 ഇതു വിറ്റാൽ 300 ദിനാറെയിൽ* കൂടുതൽ കിട്ടിയേനേ. ആ പണം വല്ല ദരിദ്രർക്കും കൊടുക്കാമായിരുന്നു.” അവർക്ക് ആ സ്ത്രീയോടു കടുത്ത ദേഷ്യം തോന്നി.* 6 പക്ഷേ യേശു അവരോടു പറഞ്ഞു: “അവളെ വെറുതേ വിടൂ. നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്?+ 7 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ എപ്പോൾ വേണമെങ്കിലും അവർക്കു നന്മ ചെയ്യാനും നിങ്ങൾക്കു പറ്റും. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ 8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+ 9 ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും+ അവിടെയെല്ലാം ആളുകൾ ഈ സ്ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
10 പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്കര്യോത്ത് യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പറഞ്ഞ് മുഖ്യപുരോഹിതന്മാരുടെ അടുത്ത് ചെന്നു.+ 11 അതു കേട്ടപ്പോൾ അവർക്കു വലിയ സന്തോഷമായി. യൂദാസിന് അവർ പണം*+ കൊടുക്കാമെന്നു പറഞ്ഞു. അങ്ങനെ, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാൻ തക്കംനോക്കി നടന്നു.
12 പെസഹാമൃഗത്തെ അറുക്കുന്ന, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “അങ്ങയ്ക്കു പെസഹ ഭക്ഷിക്കാൻ+ ഞങ്ങൾ അത് എവിടെ ഒരുക്കണം?”+ 13 അപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരോടു പറഞ്ഞു: “നഗരത്തിലേക്കു പോകുക. അവിടെ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ ചെല്ലുക.+ 14 അയാൾ കയറിപ്പോകുന്ന വീട്ടിൽ ചെന്ന് വീട്ടുകാരനോട്, ‘“എനിക്ക് എന്റെ ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ്” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയണം. 15 മുകളിലത്തെ നിലയിൽ വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” 16 അങ്ങനെ, ശിഷ്യന്മാർ നഗരത്തിൽ ചെന്നു. യേശു പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു. അവർ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
17 സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു പേരോടൊപ്പം അവിടെ ചെന്നു.+ 18 മേശയ്ക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 19 ദുഃഖത്തോടെ അവരെല്ലാം മാറിമാറി, “അതു ഞാനല്ലല്ലോ, അല്ലേ” എന്ന് യേശുവിനോടു ചോദിക്കാൻതുടങ്ങി. 20 യേശു അവരോടു പറഞ്ഞു: “അതു നിങ്ങൾ പന്ത്രണ്ടു പേരിൽ ഒരാളാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻ.+ 21 തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെതന്നെ മനുഷ്യപുത്രൻ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!+ ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്.”+
22 അവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത് പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതാ, ഇതു വാങ്ങൂ, ഇത് എന്റെ ശരീരത്തിന്റെ പ്രതീകമാണ്” എന്നു പറഞ്ഞു.+ 23 പിന്നെ യേശു ഒരു പാനപാത്രം എടുത്ത് നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തു. അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു.+ 24 യേശു അവരോടു പറഞ്ഞു: “ഇത് അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന, ‘ഉടമ്പടിയുടെ+ രക്ത’ത്തിന്റെ+ പ്രതീകമാണ്.+ 25 ദൈവരാജ്യത്തിൽ പുതിയ വീഞ്ഞു കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ ഇനി കുടിക്കില്ല എന്നു സത്യമായി നിങ്ങളോടു പറയുന്നു.” 26 ഒടുവിൽ സ്തുതിഗീതങ്ങൾ* പാടിയിട്ട് അവർ ഒലിവുമലയിലേക്കു പോയി.+
27 യേശു അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും,+ ആടുകൾ ചിതറിപ്പോകും’+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 28 എന്നാൽ ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും.”+ 29 അപ്പോൾ പത്രോസ് യേശുവിനോട്, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല”*+ എന്നു പറഞ്ഞു. 30 യേശു പത്രോസിനോടു പറഞ്ഞു: “ഇന്ന് ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടു തവണ കൂകുംമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”+ 31 എന്നാൽ പത്രോസ്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല” എന്നു പറഞ്ഞുകൊണ്ടേയിരുന്നു. മറ്റുള്ളവരും അങ്ങനെതന്നെ പറഞ്ഞു.+
32 പിന്നീട് അവർ ഗത്ത്ശെമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.”+ 33 യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെ കൊണ്ടുപോയി.+ യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻതുടങ്ങിയിരുന്നു. 34 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്.+ നിങ്ങൾ ഇവിടെ ഉണർന്നിരിക്കൂ.”*+ 35 എന്നിട്ട് യേശു അൽപ്പം മുന്നോട്ടുപോയി കമിഴ്ന്നുവീണ്, കഴിയുമെങ്കിൽ ഈ കഷ്ടാനുഭവം* നീങ്ങിപ്പോകാൻ ഇടയാക്കേണമേ എന്നു പ്രാർഥിച്ചു. 36 യേശു പറഞ്ഞു: “അബ്ബാ,* പിതാവേ,+ അങ്ങയ്ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 37 യേശു തിരിച്ചുചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട് പത്രോസിനോടു ചോദിച്ചു: “ശിമോനേ, നീ ഉറങ്ങുകയാണോ? ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ* കഴിയുന്നില്ലേ?+ 38 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ എപ്പോഴും ഉണർന്നിരുന്ന്* പ്രാർഥിക്കണം.+ ആത്മാവ്* തയ്യാറാണെങ്കിലും* ശരീരം ബലഹീനമാണ്, അല്ലേ?”+ 39 യേശു പിന്നെയും പോയി അതേ കാര്യം പറഞ്ഞ് പ്രാർഥിച്ചു.+ 40 വീണ്ടും യേശു ചെന്നപ്പോൾ അവർ ഉറങ്ങുന്നതാണു കണ്ടത്; ഉറക്കക്ഷീണം കാരണം അവരുടെ കണ്ണ് അടഞ്ഞുപോയി. അതുകൊണ്ട് യേശുവിനോട് എന്തു പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു. 41 മൂന്നാമതു യേശു ചെന്നപ്പോൾ അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്? മതി! സമയം വന്നിരിക്കുന്നു!+ ഇതാ, മനുഷ്യപുത്രനെ പാപികൾക്ക് ഒറ്റിക്കൊടുത്ത് അവരുടെ കൈയിൽ ഏൽപ്പിക്കാൻപോകുന്നു. 42 എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.”+
43 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ് അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച് യൂദാസിന്റെകൂടെയുണ്ടായിരുന്നു.+ 44 യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്, അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ച് കൊണ്ടുപൊയ്ക്കൊള്ളൂ, രക്ഷപ്പെടാതെ നോക്കണം.” 45 അങ്ങനെ യൂദാസ് നേരെ ചെന്ന്, “റബ്ബീ” എന്നു വിളിച്ച് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബിച്ചു. 46 അപ്പോൾ അവർ യേശുവിനെ പിടികൂടി. 47 എന്നാൽ അടുത്ത് നിന്നവരിൽ ഒരാൾ തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+ 48 അപ്പോൾ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്?+ 49 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ട് ഞാൻ ദിവസവും നിങ്ങളോടൊപ്പമുണ്ടായിരുന്നല്ലോ.+ എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ തിരുവെഴുത്തുകൾ നിറവേറാനാണ് ഇപ്പോൾ ഇതു സംഭവിച്ചത്.”+
50 അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.+ 51 എന്നാൽ നേർത്ത ഒരു ലിനൻ വസ്ത്രം മാത്രം ദേഹത്ത് ധരിച്ച് ഒരു യുവാവ് യേശുവിന്റെ തൊട്ടുപിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. അവർ അയാളെ പിടിക്കാൻ ശ്രമിച്ചു. 52 എന്നാൽ അയാൾ വസ്ത്രം ഉപേക്ഷിച്ച് നഗ്നനായി* ഓടിപ്പോയി.
53 പിന്നെ അവർ യേശുവിനെ മഹാപുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി.+ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അവിടെ ഒരുമിച്ചുകൂടി.+ 54 പത്രോസ് കുറെ അകലം പാലിച്ച് യേശുവിന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റംവരെ പത്രോസ് ചെന്നു. എന്നിട്ട് ആ വീട്ടിലെ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.+ 55 അപ്പോൾ മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ* മുഴുവനും യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന് എതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ അവർക്ക് ഒന്നും കണ്ടെത്താനായില്ല.+ 56 കള്ളസാക്ഷികൾ പലരും വന്ന് യേശുവിന് എതിരെ മൊഴി കൊടുത്തെങ്കിലും+ അവരുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു. 57 മറ്റു ചില കള്ളസാക്ഷികൾ എഴുന്നേറ്റ് ഇങ്ങനെ മൊഴി കൊടുത്തു: 58 “‘കൈകൊണ്ട് പണിത ഈ ദേവാലയം ഇടിച്ചുകളഞ്ഞ് കൈകൊണ്ടല്ലാതെ മറ്റൊന്നു മൂന്നു ദിവസത്തിനകം ഞാൻ പണിയും’+ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.” 59 എന്നാൽ ഇക്കാര്യത്തിലും അവരുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു.
60 പിന്നെ മഹാപുരോഹിതൻ അവരുടെ നടുക്ക് എഴുന്നേറ്റുനിന്ന് യേശുവിനെ ചോദ്യം ചെയ്തു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക് എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?”+ 61 പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല, ഒന്നും മിണ്ടാതെ നിന്നു.+ പിന്നെയും മഹാപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നീ പരിശുദ്ധനായവന്റെ പുത്രനായ ക്രിസ്തുവാണോ?” 62 അപ്പോൾ യേശു പറഞ്ഞു: “അതെ. മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത് ഇരിക്കുന്നതും+ ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”+ 63 ഇതു കേട്ട് മഹാപുരോഹിതൻ തന്റെ വസ്ത്രം കീറിക്കൊണ്ട് പറഞ്ഞു: “ഇനി എന്തിനാണു വേറെ സാക്ഷികൾ?+ 64 നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ. എന്താണു നിങ്ങളുടെ തീരുമാനം?”* യേശു മരണയോഗ്യനാണെന്ന് എല്ലാവരും വിധിച്ചു.+ 65 ചിലർ യേശുവിന്റെ മേൽ തുപ്പുകയും+ യേശുവിന്റെ മുഖം മൂടിയിട്ട് കൈ ചുരുട്ടി ഇടിക്കുകയും യേശുവിനോട്, “പ്രവചിക്ക്” എന്നു പറയുകയും ചെയ്തു. കോടതിയിലെ സേവകന്മാർ ചെകിട്ടത്ത് അടിച്ചിട്ട് യേശുവിനെ അവിടെനിന്ന് കൊണ്ടുപോയി.+
66 പത്രോസ് താഴെ നടുമുറ്റത്ത് തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ മഹാപുരോഹിതന്റെ ഒരു വേലക്കാരിപ്പെൺകുട്ടി അവിടെ എത്തി.+ 67 പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവൾ, “താങ്കളും ആ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 68 എന്നാൽ അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “എനിക്ക് അയാളെ അറിയില്ല. നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.” എന്നിട്ട് പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയി. 69 ആ പരിചാരിക പത്രോസിനെ കണ്ട് വീണ്ടും, അവിടെ നിന്നിരുന്നവരോട്, “ഇയാൾ അവരിൽ ഒരാളാണ്” എന്നു പറഞ്ഞു. 70 പിന്നെയും പത്രോസ് അതു നിഷേധിച്ചു. വീണ്ടും, അൽപ്പം കഴിഞ്ഞ്, അടുത്ത് നിന്നിരുന്നവർ പത്രോസിനോടു പറഞ്ഞു: “നീയും അവരിൽ ഒരാളാണ് തീർച്ച. നീ ഒരു ഗലീലക്കാരനാണല്ലോ.” 71 എന്നാൽ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “നിങ്ങൾ പറയുന്ന ഈ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. 72 ഉടൻതന്നെ കോഴി രണ്ടാമതും കൂകി.+ “കോഴി രണ്ടു തവണ കൂകുംമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും”+ എന്ന് യേശു പറഞ്ഞത് ഓർത്ത് പത്രോസ് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.
15 അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച് യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+ 2 പീലാത്തൊസ് യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ”+ എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്നു യേശു പറഞ്ഞു. 3 എന്നാൽ മുഖ്യപുരോഹിതന്മാർ യേശുവിന് എതിരെ പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു. 4 പീലാത്തൊസ് യേശുവിനെ വീണ്ടും ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നിനക്ക് ഒന്നും പറയാനില്ലേ?+ എന്തെല്ലാം ആരോപണങ്ങളാണ് ഇവർ നിനക്ക് എതിരെ ഉന്നയിക്കുന്നതെന്നു കേട്ടില്ലേ?”+ 5 എന്നാൽ യേശു കൂടുതലായൊന്നും പറഞ്ഞില്ല. ഇതു കണ്ട് പീലാത്തൊസിന് അതിശയം തോന്നി.+
6 ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തൊസ് മോചിപ്പിക്കാറുണ്ടായിരുന്നു.+ 7 ആ സമയത്ത് ബറബ്ബാസ് എന്നു പേരുള്ള ഒരാൾ കലാപകാരികളോടൊപ്പം ജയിലിലുണ്ടായിരുന്നു. കലാപത്തിനിടെ കൊല നടത്തിയവരായിരുന്നു അവർ. 8 ജനം പീലാത്തൊസിന്റെ അടുത്ത് ചെന്ന് അവർക്കു പതിവായി ചെയ്തുകൊടുക്കാറുള്ളതുപോലെ ഇപ്രാവശ്യവും ചെയ്യാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. 9 അപ്പോൾ പീലാത്തൊസ് അവരോട്, “ജൂതന്മാരുടെ രാജാവിനെ ഞാൻ വിട്ടുതരട്ടേ”+ എന്നു ചോദിച്ചു. 10 കാരണം അസൂയകൊണ്ടാണു മുഖ്യപുരോഹിതന്മാർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചതെന്നു പീലാത്തൊസിന് അറിയാമായിരുന്നു.+ 11 എന്നാൽ യേശുവിനു പകരം ബറബ്ബാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 12 പീലാത്തൊസ് പിന്നെയും അവരോട്, “അങ്ങനെയെങ്കിൽ ജൂതന്മാരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു.+ 13 “അവനെ സ്തംഭത്തിലേറ്റ്!”+ എന്നു വീണ്ടും അവർ അലറി. 14 എന്നാൽ പീലാത്തൊസ് അവരോടു ചോദിച്ചു: “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്തത്?” എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!”+ എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 15 ഒടുവിൽ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻവേണ്ടി പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്ക്ക് അടിപ്പിച്ചു.+ എന്നിട്ട് സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
16 പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയുടെ നടുമുറ്റത്തേക്കു കൊണ്ടുപോയി. അവർ പട്ടാളത്തെ മുഴുവനും വിളിച്ചുകൂട്ടി.+ 17 അവർ യേശുവിനെ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു മുൾക്കിരീടം മെടഞ്ഞ് തലയിൽ വെച്ചു. 18 “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!”*+ എന്ന് അവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 19 ഈറ്റത്തണ്ടുകൊണ്ട് അവർ യേശുവിന്റെ തലയ്ക്ക് അടിച്ചു. അവർ യേശുവിന്റെ മേൽ തുപ്പുകയും മുട്ടുകുത്തി യേശുവിനെ വണങ്ങുകയും ചെയ്തു. 20 ഇങ്ങനെ കളിയാക്കിയിട്ട് അവർ പർപ്പിൾ നിറത്തിലുള്ള ആ വസ്ത്രം അഴിച്ചുമാറ്റി യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ചു. എന്നിട്ട് യേശുവിനെ സ്തംഭത്തിൽ തറയ്ക്കാൻ കൊണ്ടുപോയി.+ 21 അലക്സാണ്ടറിന്റെയും രൂഫൊസിന്റെയും അപ്പനായ, ശിമോൻ എന്നു പേരുള്ള കുറേനക്കാരൻ നാട്ടിൻപുറത്തുനിന്ന് അതുവഴി വരുകയായിരുന്നു. അവർ അയാളെ നിർബന്ധിച്ച് യേശുവിന്റെ ദണ്ഡനസ്തംഭം* ചുമപ്പിച്ചു.+
22 അങ്ങനെ അവർ യേശുവിനെ ഗൊൽഗോഥ എന്ന സ്ഥലത്ത് കൊണ്ടുചെന്നു. (പരിഭാഷപ്പെടുത്തുമ്പോൾ, “തലയോടിടം”+ എന്നാണ് ആ സ്ഥലപ്പേരിന്റെ അർഥം.) 23 അവർ യേശുവിനു മീറ*+ കലർത്തിയ വീഞ്ഞു കൊടുത്തെങ്കിലും യേശു അതു നിരസിച്ചു. 24 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 25 അവർ യേശുവിനെ സ്തംഭത്തിൽ തറച്ചപ്പോൾ സമയം മൂന്നാം മണിയായിരുന്നു.* 26 “ജൂതന്മാരുടെ രാജാവ്” എന്ന് അവിടെ എഴുതിവെച്ചിരുന്നു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്. 27 കൂടാതെ അവർ രണ്ടു കവർച്ചക്കാരെ, ഒരുത്തനെ യേശുവിന്റെ വലത്തും മറ്റവനെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+ 28 *—— 29 അതിലേ കടന്നുപോയവർ തലകുലുക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “ഹേ! ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ 30 നിന്നെത്തന്നെ രക്ഷിക്ക്. ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവാ.” 31 അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കളിയാക്കിക്കൊണ്ട് തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല!+ 32 ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ദണ്ഡനസ്തംഭത്തിൽനിന്ന്* ഇറങ്ങിവരട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വസിക്കാം.”+ യേശുവിന്റെ ഇരുവശത്തും സ്തംഭത്തിൽ കിടന്നവർപോലും യേശുവിനെ നിന്ദിച്ചു.+
33 ആറാം മണിമുതൽ* ഒൻപതാം മണിവരെ* ആ നാട്ടിലെങ്ങും ഇരുട്ടു പരന്നു.+ 34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്” എന്നാണ് അതിന്റെ അർഥം.)+ 35 അരികെ നിന്നിരുന്ന ചിലർ ഇതു കേട്ട്, “കണ്ടോ! അവൻ ഏലിയയെ വിളിക്കുകയാണ്” എന്നു പറഞ്ഞു. 36 ഒരാൾ ഓടിച്ചെന്ന് പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിന്മേൽ വെച്ച് യേശുവിനു കുടിക്കാൻ കൊടുത്തുകൊണ്ട് പറഞ്ഞു:+ “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം.” 37 എന്നാൽ യേശു ഉറക്കെ നിലവിളിച്ച് ജീവൻ വെടിഞ്ഞു.*+ 38 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി.+ 39 യേശു മരിച്ചപ്പോൾ സംഭവിച്ചതെല്ലാം കണ്ട് അവിടെ നിന്നിരുന്ന സൈനികോദ്യോഗസ്ഥൻ, “ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു.+
40 ഇതെല്ലാം നോക്കിക്കൊണ്ട് അകലെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 41 യേശു ഗലീലയിലായിരുന്നപ്പോൾ യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ് ഇവർ.+ യേശുവിന്റെകൂടെ യരുശലേമിലേക്കു വന്ന മറ്റു പല സ്ത്രീകളും അവിടെയുണ്ടായിരുന്നു.
42 അപ്പോൾത്തന്നെ വൈകുന്നേരമായതുകൊണ്ടും ശബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആയതുകൊണ്ടും, 43 അരിമഥ്യക്കാരനായ യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും ആയിരുന്നു യോസേഫ്. 44 എന്നാൽ ഇത്ര വേഗം യേശു മരിച്ചോ എന്നു പീലാത്തൊസ് ഓർത്തു. അതുകൊണ്ട് പീലാത്തൊസ് സൈനികോദ്യോഗസ്ഥനെ വിളിച്ച് യേശു മരിച്ചോ എന്ന് അന്വേഷിച്ചു. 45 അയാളോടു ചോദിച്ച് ഉറപ്പാക്കിയശേഷം പീലാത്തൊസ് ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46 പിന്നെ യോസേഫ് മേന്മയേറിയ ലിനൻതുണി വാങ്ങി. എന്നിട്ട് യേശുവിനെ താഴെ ഇറക്കി അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു കല്ലും ഉരുട്ടിവെച്ചു.+ 47 എന്നാൽ മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും യേശുവിനെ വെച്ച സ്ഥലത്തേക്കു നോക്കി അവിടെത്തന്നെ നിന്നു.+
16 ശബത്ത്+ കഴിഞ്ഞപ്പോൾ മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും+ ശലോമയും യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി.+ 2 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്ത് എത്തി.+ 3 “കല്ലറയുടെ വാതിൽക്കൽനിന്ന് ആരു കല്ല് ഉരുട്ടിമാറ്റിത്തരും” എന്ന് അവർ തമ്മിൽത്തമ്മിൽ പറയുന്നുണ്ടായിരുന്നു. 4 എന്നാൽ അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു.+ 5 കല്ലറയ്ക്കുള്ളിൽ കടന്നപ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറുപ്പക്കാരൻ വലതുഭാഗത്ത് ഇരിക്കുന്നതു കണ്ട് അവർ പരിഭ്രമിച്ചുപോയി. 6 എന്നാൽ ആ ചെറുപ്പക്കാരൻ അവരോടു പറഞ്ഞു: “പരിഭ്രമിക്കേണ്ടാ.+ സ്തംഭത്തിലേറ്റി കൊന്ന നസറെത്തുകാരനായ യേശുവിനെയല്ലേ നിങ്ങൾ നോക്കുന്നത്? യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+ ഇതാ, ഇവിടെയാണു യേശുവിനെ വെച്ചിരുന്നത്.+ 7 നിങ്ങൾ പോയി യേശുവിന്റെ ശിഷ്യന്മാരോടും പത്രോസിനോടും ഇങ്ങനെ പറയണം: ‘നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ യേശു നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ അവിടെവെച്ച് നിങ്ങൾ യേശുവിനെ കാണും.’”+ 8 കല്ലറയിൽനിന്ന് പുറത്ത് ഇറങ്ങിയ ആ സ്ത്രീകൾ പേടിച്ചുവിറയ്ക്കുന്നുണ്ടായിരുന്നു. ആകെ അമ്പരന്നുപോയ അവർ അവിടെ നിന്ന് ഓടിപ്പോയി. പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല.*+
പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “മുക്കി; നിമജ്ജനം ചെയ്തു.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
ഭൂതത്തെ കുറിക്കുന്നു.
മറ്റൊരു സാധ്യത “താൻ ആരാണെന്ന്.”
അഥവാ “നിയമാനുസൃതമല്ലാത്ത.”
അഥവാ “തിന്നാൻ നിയമം അനുവദിക്കാത്ത.”
അഥവാ “കൈ തളർന്നുപോയ.”
അഥവാ “കൈ തളർന്നുപോയ.”
അഥവാ “നിയമാനുസൃതം.”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “സംഘത്തെ നിയമിച്ച്.”
അഥവാ “നിയമിച്ച.”
അഥവാ “തീക്ഷ്ണതയുള്ളവനായ.”
സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അഥവാ “ഈ യുഗത്തിലെ.” പദാവലി കാണുക.
അതായത്, വള്ളത്തിന്റെ പിൻഭാഗം.
ഭൂതത്തെ കുറിക്കുന്നു.
മത്ത 26:53-ന്റെ അടിക്കുറിപ്പു കാണുക.
അനു. എ5 കാണുക.
അഥവാ “പത്തുനഗരപ്രദേശത്ത്.”
അഥവാ “മോൾ അത്യാസന്നനിലയിലാണ്.”
അഥവാ “കുറെ വേദന തിന്നുകയും.”
അഥവാ “കർശനമായി ആജ്ഞാപിച്ചു.”
അഥവാ “യേശുവിനെപ്രതി ഇടറിപ്പോയി.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
ഭൂതങ്ങളെ കുറിക്കുന്നു.
അക്ഷ. “ചെമ്പോ.”
അഥവാ “നിയമാനുസൃതമല്ല.”
അനു. ബി14 കാണുക.
അതായത്, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം.
അഥവാ “തൊങ്ങലിലെങ്കിലും.”
അതായത്, ആചാരമനുസരിച്ച് കൈ ശുചിയാക്കാതെ.
അഥവാ “അധിക്ഷേപിക്കുന്നവനെ.”
അനു. എ3 കാണുക.
ഗ്രീക്കിലെ പോർണിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
അഥവാ “നാണംകെട്ട പെരുമാറ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
ഭൂതത്തെ കുറിക്കുന്നു.
അഥവാ “ദേശത്ത് ജനിച്ച.”
അഥവാ “പത്തുനഗരപ്രദേശത്തുകൂടെ.”
അക്ഷ. “ആത്മാവ്.”
അക്ഷ. “വലിയ കൊട്ട.”
പദാവലി കാണുക.
അക്ഷ. “പിന്നിലേക്ക്.”
പദാവലി കാണുക.
അഥവാ “വിശ്വസ്തതയില്ലാത്തവരുടെയും.”
മറ്റൊരു സാധ്യത “ഇക്കാര്യം പുറത്ത് പറഞ്ഞില്ല.”
ഭൂതത്തെ കുറിക്കുന്നു.
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അഥവാ “ഒരു പാത്രം.”
അഥവാ “ചെറിയവരിൽ ഒരാൾ ഇടറിവീഴാൻ.”
അക്ഷ. “നീ ഇടറിവീഴാൻ.”
പദാവലി കാണുക.
അനു. എ3 കാണുക.
അക്ഷ. “നീ ഇടറിവീഴാൻ.”
പദാവലി കാണുക.
അനു. എ3 കാണുക.
അക്ഷ. “നീ ഇടറിവീഴാൻ.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “നിയമാനുസൃതമാണോ.”
അക്ഷ. “ഒരു നുകത്തിൽ കെട്ടിയതിനെ.”
മറ്റൊരു സാധ്യത “അതിശയിച്ച് പരസ്പരം.”
അഥവാ “യുഗത്തിൽ.” പദാവലി കാണുക.
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
പദാവലി കാണുക.
അർഥം: “ഗുരു.”
അർഥം: “രക്ഷിക്കേണമേ.”
അനു. എ5 കാണുക.
അർഥം: “രക്ഷിക്കേണമേ.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അനു. എ3 കാണുക.
അഥവാ “അതോ മനുഷ്യർ തുടങ്ങിവെച്ചതോ?”
അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”
അനു. എ5 കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “സത്യത്തിനു ചേർച്ചയിൽ.”
അഥവാ “നിയമാനുസൃതമാണോ.”
അനു. ബി14 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അതായത്, ഗ്രഹിക്കാനുള്ള പ്രാപ്തി.
അനു. എ5 കാണുക.
അഥവാ “ഏറ്റവും നല്ല ഇരിപ്പിടങ്ങളിൽ.”
അഥവാ “വസ്തുവകകൾ.”
അക്ഷ. “രണ്ടു ലെപ്റ്റ, അതായത് ഒരു ക്വാഡ്രോൻസ്.” അനു. ബി14 കാണുക.
അഥവാ “ദാരിദ്ര്യത്തിലും.”
അക്ഷ. “സൃഷ്ടിയുടെ ആരംഭംമുതൽ.”
അനു. എ5 കാണുക.
അക്ഷ. “നാലു കാറ്റിൽനിന്നും.”
അഥവാ “ഉണർവോടിരിക്കുക.”
അക്ഷ. “കോഴി കൂകുന്ന നേരത്തോ.”
അഥവാ “ഉണർവോടിരിക്കുക.”
പദാവലി കാണുക.
അഥവാ “അറസ്റ്റു ചെയ്ത്.”
ഒരു സുഗന്ധതൈലം. ഹിമാലയൻ പർവതനിരകളിൽ കാണുന്ന ഒരു സുഗന്ധച്ചെടിയിൽനിന്ന് എടുക്കുന്നതാണെന്നു കരുതപ്പെടുന്നു.
അനു. ബി14 കാണുക.
അഥവാ “അവർ ആ സ്ത്രീയോടു ദേഷ്യപ്പെട്ട് സംസാരിച്ചു; അവർ ആ സ്ത്രീയെ വഴക്കു പറഞ്ഞു.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അക്ഷ. “വെള്ളിപ്പണം.”
അഥവാ “ഭക്തിഗാനങ്ങൾ; സങ്കീർത്തനങ്ങൾ.”
അഥവാ “നിങ്ങൾ എല്ലാവരും ഇടറിപ്പോകും.”
അഥവാ “മറ്റെല്ലാവരും ഇടറിപ്പോയാലും ഞാൻ ഇടറില്ല.”
അഥവാ “ഉണർവോടിരിക്കൂ.”
അഥവാ “നാഴിക.” ആ സമയത്ത് നടക്കാനിരിക്കുന്ന സംഭവങ്ങളെയാണ് ഉദ്ദേശിച്ചത്.
“അപ്പാ!” എന്ന് അർഥം വരുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം.
അഥവാ “ഉണർവോടിരിക്കാൻ.”
അഥവാ “ഉണർവോടിരുന്ന്.”
അഥവാ “ഹൃദയം.”
അഥവാ “ആത്മാവിന് ഉത്സാഹമുണ്ടെങ്കിലും.”
അഥവാ “അൽപ്പവസ്ത്രധാരിയായി; അടിവസ്ത്രം മാത്രം ധരിച്ച്.”
പദാവലി കാണുക.
അക്ഷ. “ശക്തിയുടെ.”
അഥവാ “നിങ്ങൾക്ക് എന്തു തോന്നുന്നു?”
അഥവാ “രാജാവേ, ജയജയ!”
പദാവലി കാണുക.
മയക്കം വരുത്തുന്ന ഒരു പദാർഥം.
അതായത്, രാവിലെ ഏകദേശം 9 മണി.
അനു. എ3 കാണുക.
പദാവലി കാണുക.
അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.
അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.
അഥവാ “സ്പോഞ്ച്.” ഒരു സമുദ്രജീവിയിൽനിന്ന് കിട്ടുന്ന അനേകം ചെറുസുഷിരങ്ങളുള്ള വസ്തു. ഇതിനു ദ്രാവകങ്ങൾ വലിച്ചെടുക്കാനാകും.
അഥവാ “അന്ത്യശ്വാസം വലിച്ചു.”
പുരാതനകാലത്തെ ആശ്രയയോഗ്യമായ ചില കൈയെഴുത്തുപ്രതികളനുസരിച്ച് 8-ാം വാക്യത്തോടെ മർക്കോസിന്റെ സുവിശേഷം അവസാനിക്കുന്നു. അനു. എ3 കാണുക.