മത്തായി എഴുതിയത്
1 അബ്രാഹാമിന്റെ മകനായ+ ദാവീദിന്റെ മകനായ+ യേശുക്രിസ്തുവിന്റെ* ചരിത്രം* അടങ്ങുന്ന പുസ്തകം:
2 അബ്രാഹാമിനു യിസ്ഹാക്ക് ജനിച്ചു.+
യിസ്ഹാക്കിനു യാക്കോബ് ജനിച്ചു.+
യാക്കോബിന് യഹൂദയും+ വേറെ ആൺമക്കളും ജനിച്ചു.
3 യഹൂദയ്ക്കു താമാറിൽ പേരെസും സേരഹും+ ജനിച്ചു.
പേരെസിനു ഹെസ്രോൻ ജനിച്ചു.+
ഹെസ്രോനു രാം ജനിച്ചു.+
4 രാമിന് അമ്മീനാദാബ് ജനിച്ചു.
അമ്മീനാദാബിനു നഹശോൻ ജനിച്ചു.+
നഹശോനു ശൽമോൻ ജനിച്ചു.
5 ശൽമോനു രാഹാബിൽ+ ബോവസ് ജനിച്ചു.
ബോവസിനു രൂത്തിൽ+ ഓബേദ് ജനിച്ചു.
ഓബേദിനു യിശ്ശായി ജനിച്ചു.+
ദാവീദിന് ഊരിയാവിന്റെ ഭാര്യയിൽ ശലോമോൻ ജനിച്ചു.+
രഹബെയാമിന് അബീയ ജനിച്ചു.
അബീയയ്ക്ക് ആസ ജനിച്ചു.+
8 ആസയ്ക്ക് യഹോശാഫാത്ത് ജനിച്ചു.+
യഹോശാഫാത്തിന് യഹോരാം ജനിച്ചു.+
യഹോരാമിന് ഉസ്സീയ ജനിച്ചു.
9 ഉസ്സീയയ്ക്കു യോഥാം ജനിച്ചു.+
യോഥാമിന് ആഹാസ് ജനിച്ചു.+
ആഹാസിനു ഹിസ്കിയ ജനിച്ചു.+
10 ഹിസ്കിയയ്ക്കു മനശ്ശെ ജനിച്ചു.+
മനശ്ശെക്ക് ആമോൻ ജനിച്ചു.+
ആമോനു യോശിയ ജനിച്ചു.+
11 ബാബിലോണിലേക്കു നാടുകടത്തുന്ന കാലത്ത്+ യോശിയയ്ക്ക്+ യഖൊന്യയും+ വേറെ ആൺമക്കളും ജനിച്ചു.
12 ബാബിലോണിലേക്കുള്ള നാടുകടത്തലിനു ശേഷം യഖൊന്യക്കു ശെയൽതീയേൽ ജനിച്ചു.
ശെയൽതീയേലിനു സെരുബ്ബാബേൽ ജനിച്ചു.+
13 സെരുബ്ബാബേലിന് അബീഹൂദ് ജനിച്ചു.
അബീഹൂദിന് എല്യാക്കീം ജനിച്ചു.
എല്യാക്കീമിന് ആസോർ ജനിച്ചു.
14 ആസോരിനു സാദോക്ക് ജനിച്ചു.
സാദോക്കിന് ആഖീം ജനിച്ചു.
ആഖീമിന് എലീഹൂദ് ജനിച്ചു.
15 എലീഹൂദിന് എലെയാസർ ജനിച്ചു.
എലെയാസരിനു മത്ഥാൻ ജനിച്ചു.
മത്ഥാനു യാക്കോബ് ജനിച്ചു.
16 യാക്കോബിനു മറിയയുടെ ഭർത്താവായ യോസേഫ് ജനിച്ചു. മറിയയിൽനിന്ന് ക്രിസ്തു എന്നു വിളിക്കുന്ന യേശു ജനിച്ചു.+
17 ഇങ്ങനെ, അബ്രാഹാം മുതൽ ദാവീദ് വരെ 14 തലമുറയും ദാവീദ് മുതൽ ബാബിലോണിലേക്കുള്ള നാടുകടത്തൽ വരെ 14 തലമുറയും ബാബിലോണിലേക്കുള്ള നാടുകടത്തൽ മുതൽ ക്രിസ്തു വരെ 14 തലമുറയും ആയിരുന്നു.
18 യേശുക്രിസ്തുവിന്റെ ജനനം ഇങ്ങനെയായിരുന്നു: യേശുവിന്റെ അമ്മയായ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സമയം. പക്ഷേ അവർ ഒന്നിക്കുന്നതിനു മുമ്പേ, മറിയ പരിശുദ്ധാത്മാവിനാൽ* ഗർഭിണിയായി.+ 19 എന്നാൽ മറിയയുടെ ഭർത്താവായ യോസേഫ് നീതിമാനായതുകൊണ്ട് മറിയയെ സമൂഹത്തിൽ ഒരു പരിഹാസപാത്രമാക്കാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് മറിയയെ രഹസ്യമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്* ചിന്തിച്ചു.+ 20 പക്ഷേ അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ യഹോവയുടെ* ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോടു പറഞ്ഞു: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ പേടിക്കേണ്ടാ; കാരണം അവൾ ഗർഭിണിയായിരിക്കുന്നതു* പരിശുദ്ധാത്മാവിനാലാണ്.+ 21 അവൾ ഒരു മകനെ പ്രസവിക്കും. നീ അവനു യേശു* എന്നു പേരിടണം.+ കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കും.”+ 22 ഇതെല്ലാം സംഭവിച്ചത് യഹോവ* പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്. ദൈവം തന്റെ പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞിരുന്നു: 23 “ഇതാ, കന്യക ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന് ഇമ്മാനുവേൽ എന്നു പേരിടും.”+ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെകൂടെ” എന്നാണ്.)+
24 യോസേഫ് ഉറക്കമുണർന്നു. യഹോവയുടെ* ദൂതൻ നിർദേശിച്ചതുപോലെ യോസേഫ് ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. 25 പക്ഷേ മകനെ പ്രസവിക്കുന്നതുവരെ+ യോസേഫ് മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. കുഞ്ഞിനു യേശു എന്നു യോസേഫ് പേരിട്ടു.+
2 യഹൂദ്യയിലെ ബേത്ത്ലെഹെമിലായിരുന്നു+ യേശുവിന്റെ ജനനം. ഹെരോദ്* രാജാവാണ് അപ്പോൾ അവിടം ഭരിച്ചിരുന്നത്.+ യേശു ജനിച്ചശേഷം ഒരിക്കൽ കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി. 2 അവർ ചോദിച്ചു: “ജൂതന്മാരുടെ രാജാവായി പിറന്നവൻ എവിടെയാണ്?+ കിഴക്കായിരുന്നപ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട് ഞങ്ങൾ അവനെ വണങ്ങാൻ* വന്നതാണ്.” 3 ഇതു കേട്ട് ഹെരോദ് രാജാവും യരുശലേമിലുള്ള സകലരും ആകെ പരിഭ്രമിച്ചു. 4 രാജാവ് ജനത്തിന്റെ എല്ലാ മുഖ്യപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിളിച്ചുകൂട്ടി, ക്രിസ്തു* ജനിക്കുന്നത് എവിടെയായിരിക്കുമെന്ന് അന്വേഷിച്ചു. 5 അവർ പറഞ്ഞു: “യഹൂദ്യയിലെ ബേത്ത്ലെഹെമിൽ;+ കാരണം പ്രവാചകനിലൂടെ ഇങ്ങനെ എഴുതിയിട്ടുണ്ട്: 6 ‘യഹൂദാദേശത്തിലെ ബേത്ത്ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള അധിപതി വരുന്നതു നിന്നിൽനിന്നായിരിക്കും.’”+
7 തുടർന്ന് ഹെരോദ് രഹസ്യമായി ജ്യോത്സ്യന്മാരെ വിളിപ്പിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം കൃത്യമായി ചോദിച്ചറിഞ്ഞു. 8 അവരെ ബേത്ത്ലെഹെമിലേക്കു പറഞ്ഞയയ്ക്കുന്നതിനു മുമ്പ് രാജാവ് അവരോടു പറഞ്ഞു: “ചെന്ന് കുട്ടിയെ കണ്ടുപിടിക്കാൻ നല്ലൊരു അന്വേഷണം നടത്തുക. കണ്ടെത്തിയാൽ ഉടൻ വന്ന് എന്നെ അറിയിക്കണം. എനിക്കും ചെന്ന് അവനെ വണങ്ങാമല്ലോ.” 9 രാജാവ് പറഞ്ഞതു കേട്ടശേഷം അവർ അവിടെനിന്ന് പോയി. കിഴക്കുവെച്ച്+ അവർ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോയി കുട്ടിയുള്ള സ്ഥലത്തിനു മുകളിൽ ചെന്ന് നിന്നു. 10 നക്ഷത്രം അവിടെ കണ്ടപ്പോൾ അവർക്കു വളരെ സന്തോഷമായി. 11 വീടിന് അകത്ത് ചെന്ന അവർ കുട്ടിയെ കണ്ടു. അവൻ അമ്മയായ മറിയയോടൊപ്പമായിരുന്നു. അവർ വീണ് അവനെ വണങ്ങി, നിക്ഷേപപാത്രങ്ങൾ തുറന്ന് സ്വർണവും കുന്തിരിക്കവും മീറയും* അവനു സമ്മാനമായി കൊടുത്തു. 12 എന്നാൽ ഹെരോദിന്റെ അടുത്തേക്കു മടങ്ങരുതെന്നു സ്വപ്നത്തിൽ ദിവ്യമുന്നറിയിപ്പു ലഭിച്ചതുകൊണ്ട്+ അവർ മറ്റൊരു വഴിക്കു സ്വദേശത്തേക്കു മടങ്ങി.
13 അവർ പോയശേഷം യഹോവയുടെ* ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാൻ പറയുന്നതുവരെ അവിടെത്തന്നെ താമസിക്കണം. കുട്ടിയെ കൊല്ലാൻവേണ്ടി ഹെരോദ് തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ്.” 14 അങ്ങനെ, യോസേഫ് എഴുന്നേറ്റ് കുട്ടിയെയും അമ്മയെയും കൊണ്ട് രാത്രിയിൽത്തന്നെ ഈജിപ്തിലേക്കു പോയി. 15 ഹെരോദിന്റെ മരണംവരെ അവിടെ താമസിച്ചു. അങ്ങനെ, “ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി”+ എന്നു തന്റെ പ്രവാചകനിലൂടെ യഹോവ* പറഞ്ഞതു നിറവേറി.
16 ജ്യോത്സ്യന്മാർ പറ്റിച്ചെന്നു കണ്ട് ഹെരോദ് വല്ലാതെ കോപിച്ചു. അവരോടു ചോദിച്ച് മനസ്സിലാക്കിയ സമയം+ കണക്കാക്കി ഹെരോദ് ബേത്ത്ലെഹെമിലും സമീപപ്രദേശങ്ങളിലും ആളയച്ച് രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു. 17 അങ്ങനെ, പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി. യിരെമ്യ ഇങ്ങനെ പറഞ്ഞിരുന്നു: 18 “രാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലിന്റെയും വലിയ വിലാപത്തിന്റെയും ശബ്ദം. റാഹേൽ+ മക്കളെ ഓർത്ത് കരയുകയാണ്. അവർ മരിച്ചുപോയതുകൊണ്ട് ആശ്വാസം കൈക്കൊള്ളാൻ അവൾക്കു മനസ്സുവന്നില്ല.”+
19 ഹെരോദ് മരിച്ചശേഷം യഹോവയുടെ* ദൂതൻ ഈജിപ്തിൽവെച്ച് ഒരു സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: 20 “കുട്ടിയുടെ ജീവൻ അപഹരിക്കാൻ നോക്കിയവർ മരിച്ചുപോയി. അതുകൊണ്ട് നീ എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഇസ്രായേൽ നാട്ടിലേക്കു പോകുക.” 21 അങ്ങനെ, അവൻ കുട്ടിയെയും മറിയയെയും കൂട്ടി ഇസ്രായേലിൽ വന്നു. 22 എന്നാൽ ഹെരോദിനു പകരം അയാളുടെ മകനായ അർക്കെലയൊസാണ് യഹൂദ്യ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ യോസേഫിനു പേടിയായി. സ്വപ്നത്തിൽ ദിവ്യമുന്നറിയിപ്പുകൂടെ ലഭിച്ചതുകൊണ്ട്+ യോസേഫ് ഗലീലപ്രദേശത്തേക്കു പോയി,+ 23 നസറെത്ത് എന്ന നഗരത്തിൽ ചെന്ന് താമസമാക്കി.+ അങ്ങനെ, “അവൻ നസറെത്തുകാരൻ* എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ പറഞ്ഞതു നിറവേറി.+
3 ആ കാലത്ത് സ്നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ* വന്ന്, 2 “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക”+ എന്നു പ്രസംഗിച്ചു.+ 3 ഈ യോഹന്നാനെക്കുറിച്ചാണ് യശയ്യ പ്രവാചകനിലൂടെ+ ഇങ്ങനെ പറഞ്ഞത്: “വിജനഭൂമിയിൽ* വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു* വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.’”+ 4 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണു ധരിച്ചിരുന്നത്. തുകലുകൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു.+ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു ഭക്ഷണം.+ 5 യരുശലേമിലും യഹൂദ്യയിലെങ്ങും ഉള്ളവരും യോർദാനു ചുറ്റുവട്ടത്തുള്ള എല്ലാവരും യോഹന്നാന്റെ അടുത്ത് ചെന്ന്+ 6 പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു; യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി.*+
7 സ്നാനമേൽക്കാൻ നിരവധി പരീശന്മാരും സദൂക്യരും+ വരുന്നതു കണ്ട് യോഹന്നാൻ അവരോടു പറഞ്ഞു: “അണലിസന്തതികളേ,+ വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ ആരാണു നിങ്ങൾക്ക് ഉപദേശിച്ചുതന്നത്?+ 8 ആദ്യം മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കൂ. 9 ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട്’+ എന്ന് അഹങ്കരിക്കേണ്ടാ. കാരണം അബ്രാഹാമിനുവേണ്ടി ഈ കല്ലുകളിൽനിന്ന് മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 10 മരങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത മരമെല്ലാം വെട്ടി തീയിലിടും.+ 11 നിങ്ങളുടെ മാനസാന്തരം നിമിത്തം+ ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനാണ്. അദ്ദേഹത്തിന്റെ ചെരിപ്പ് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും+ തീകൊണ്ടും+ സ്നാനപ്പെടുത്തും. 12 പാറ്റാനുള്ള കോരിക അദ്ദേഹത്തിന്റെ കൈയിലുണ്ട്. അദ്ദേഹം മെതിക്കളം മുഴുവൻ വെടിപ്പാക്കി സംഭരണശാലയിൽ ഗോതമ്പു ശേഖരിച്ചുവെക്കും. പതിരാകട്ടെ കെടുത്താൻ പറ്റാത്ത തീയിലിട്ട് ചുട്ടുകളയും.”+
13 പിന്നെ യേശു സ്നാനമേൽക്കാൻ ഗലീലയിൽനിന്ന് യോർദാനിൽ യോഹന്നാന്റെ അടുത്ത് ചെന്നു.+ 14 എന്നാൽ യോഹന്നാൻ, “നീ എന്നെയല്ലേ സ്നാനപ്പെടുത്തേണ്ടത്, ആ നീ എന്റെ അടുക്കൽ വരുന്നോ” എന്നു ചോദിച്ചുകൊണ്ട് യേശുവിനെ തടഞ്ഞു. 15 യേശു യോഹന്നാനോടു പറഞ്ഞു: “ഇപ്പോൾ ഇതു നടക്കട്ടെ; അങ്ങനെ നീതിയായതു ചെയ്യുന്നതാണല്ലോ എന്തുകൊണ്ടും ഉചിതം.” പിന്നെ യോഹന്നാൻ യേശുവിനെ തടഞ്ഞില്ല. 16 സ്നാനമേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം തുറന്നു.+ ദൈവത്തിന്റെ ആത്മാവ് പ്രാവുപോലെ യേശുവിന്റെ മേൽ ഇറങ്ങിവരുന്നതു+ യോഹന്നാൻ കണ്ടു. 17 “ഇവൻ എന്റെ പ്രിയപുത്രൻ,+ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+
4 പിന്നെ ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. അവിടെവെച്ച് യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടു.+ 2 അവിടെ 40 രാത്രിയും 40 പകലും യേശു ഉപവസിച്ചു. അപ്പോൾ യേശുവിനു വിശന്നു. 3 ആ സമയത്ത് പ്രലോഭകൻ വന്ന്+ യേശുവിനോട്, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു. 4 അപ്പോൾ യേശു, “‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ* വായിൽനിന്ന് വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്’ എന്ന് എഴുതിയിരിക്കുന്നു”+ എന്നു മറുപടി നൽകി.
5 പിന്നെ പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി+ ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്* നിറുത്തിയിട്ട്+ 6 പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. ‘നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു കല്പിക്കും,’ എന്നും ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’ എന്നും എഴുതിയിട്ടുണ്ടല്ലോ.”+ 7 യേശു പിശാചിനോട്, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.
8 പിന്നെ പിശാച് യേശുവിനെ അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു.+ 9 എന്നിട്ടു പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ് എന്നെയൊന്ന് ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” 10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു* നീ ആരാധിക്കേണ്ടത്.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.” 11 ഉടനെ പിശാച് യേശുവിനെ വിട്ട് പോയി.+ ദൈവദൂതന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു.+
12 യോഹന്നാനെ തടവിലാക്കിയെന്നു+ കേട്ടപ്പോൾ യേശു അവിടം വിട്ട് ഗലീലയിലേക്കു പോയി.+ 13 നസറെത്തിൽ എത്തിയ യേശു അവിടെനിന്ന് സെബുലൂൻ-നഫ്താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ ചെന്ന്+ താമസിച്ചു. 14 ഇങ്ങനെ സംഭവിച്ചത് യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറേണ്ടതിനായിരുന്നു. യശയ്യ ഇങ്ങനെ പറഞ്ഞിരുന്നു: 15 “കടലിലേക്കുള്ള വഴിയോടു ചേർന്ന, യോർദാനു പടിഞ്ഞാറുള്ള സെബുലൂൻ-നഫ്താലി ദേശങ്ങളേ, ജനതകളുടെ ഗലീലയേ! 16 ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ നിഴൽ വീണ പ്രദേശത്ത് കഴിയുന്നവരുടെ മേൽ പ്രകാശം ഉദിച്ചുയർന്നു.”+ 17 അപ്പോൾമുതൽ യേശു, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട് മാനസാന്തരപ്പെടൂ” എന്നു പ്രസംഗിച്ചുതുടങ്ങി.+
18 യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ പത്രോസ് എന്നു വിളിച്ചിരുന്ന ശിമോനും+ സഹോദരനായ അന്ത്രയോസും കടലിൽ വല വീശുന്നതു കണ്ടു. അവർ മീൻപിടുത്തക്കാരായിരുന്നു.+ 19 യേശു അവരോട്, “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 20 അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+ 21 അവിടെനിന്ന് പോകുമ്പോൾ സഹോദരന്മാരായ വേറെ രണ്ടു പേരെ കണ്ടു, സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും.+ അവർ അപ്പനായ സെബെദിയോടൊപ്പം വള്ളത്തിൽ ഇരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.+ 22 ഉടനെ അവർ വള്ളം ഉപേക്ഷിച്ച്, അപ്പനെയും വിട്ട് യേശുവിനെ അനുഗമിച്ചു.
23 പിന്നെ യേശു ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്+ അവരുടെ സിനഗോഗുകളിൽ+ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും ഭേദമാക്കുകയും ചെയ്തു.+ 24 യേശുവിനെക്കുറിച്ചുള്ള വാർത്ത സിറിയയിലെങ്ങും പരന്നു. പല തരം രോഗങ്ങളും കഠിനവേദനയും കൊണ്ട് വലഞ്ഞിരുന്നവർ,+ ഭൂതബാധിതർ,+ അപസ്മാരരോഗികൾ,+ തളർന്നുപോയവർ എന്നിങ്ങനെ ദുരിതം അനുഭവിക്കുന്ന സകലരെയും ജനം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തി. 25 അതുകൊണ്ട് ഗലീല, ദക്കപ്പൊലി,* യരുശലേം, യഹൂദ്യ എന്നിവിടങ്ങളിൽനിന്നും യോർദാന് അക്കരെനിന്നും* ആളുകൾ കൂട്ടമായി യേശുവിനെ അനുഗമിച്ചു.
5 ജനക്കൂട്ടത്തെ കണ്ട് യേശു മലയിൽ കയറി. യേശു ഇരുന്നപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് ചെന്നു. 2 യേശു അവരെ പഠിപ്പിക്കാൻതുടങ്ങി:
3 “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ* സന്തുഷ്ടർ;+ കാരണം സ്വർഗരാജ്യം അവർക്കുള്ളത്.
4 “ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക് ആശ്വാസം കിട്ടും.+
5 “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+
6 “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്തരാകും.+
7 “കരുണ കാണിക്കുന്നവർ സന്തുഷ്ടർ;+ കാരണം അവരോടും കരുണ കാണിക്കും.
8 “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.
9 “സമാധാനം ഉണ്ടാക്കുന്നവർ*+ സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
10 “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ+ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്.
11 “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും+ ഉപദ്രവിക്കുകയും+ നിങ്ങളെക്കുറിച്ച് പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 12 സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം+ വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക.+ നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.+
13 “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്.+ എന്നാൽ ഉപ്പിന് ഉപ്പുരസം നഷ്ടമായാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത് കളഞ്ഞിട്ട്+ ആളുകൾക്കു ചവിട്ടിനടക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ.
14 “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.+ മലമുകളിലുള്ള ഒരു നഗരം മറഞ്ഞിരിക്കില്ല. 15 വിളക്കു കത്തിച്ച് ആരും കൊട്ടകൊണ്ട്* മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+ 16 അതുപോലെ, നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ.+ അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്+ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.+
17 “നിയമത്തെയോ* പ്രവാചകന്മാരുടെ വാക്കുകളെയോ നീക്കിക്കളയാനാണു ഞാൻ വന്നതെന്നു വിചാരിക്കരുത്; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു+ ഞാൻ വന്നത്. 18 ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ പോലും നീങ്ങിപ്പോകില്ല. അവയെല്ലാം നിറവേറും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19 അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ചെറിയ ഒന്നുപോലും ലംഘിക്കുകയോ ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും. 20 നിങ്ങൾ ശാസ്ത്രിമാരെക്കാളും പരീശന്മാരെക്കാളും+ നീതിനിഷ്ഠരല്ലെങ്കിൽ നിങ്ങൾ ഒരുവിധത്തിലും സ്വർഗരാജ്യത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.+
21 “‘കൊല ചെയ്യരുത്;+ കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ 22 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം+ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. സഹോദരനെ ചീത്ത വിളിക്കുന്നവനാകട്ടെ പരമോന്നതനീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ‘വിവരംകെട്ട വിഡ്ഢീ’ എന്നു വിളിച്ചാലോ, എരിയുന്ന ഗീഹെന്നയ്ക്ക്* അർഹനാകും.+
23 “നീ കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ.+ നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ 24 നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്ച അർപ്പിക്കുക.+
25 “നിനക്ക് എതിരെ പരാതിയുള്ള ആളുടെകൂടെ കോടതിയിലേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്നം പരിഹരിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ, പരാതിക്കാരൻ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും; ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും; അങ്ങനെ നീ ജയിലിലുമാകും.+ 26 അവസാനത്തെ ചില്ലിക്കാശും* കൊടുത്തുതീർത്താലേ നിനക്ക് അവിടെനിന്ന് പുറത്ത് വരാനാകൂ എന്നു ഞാൻ സത്യമായി പറയുന്നു.
27 “‘വ്യഭിചാരം ചെയ്യരുത്’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.+ 29 അതുകൊണ്ട് നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിലേക്ക്* എറിയപ്പെടുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്.+ 30 നീ ഇടറിവീഴാൻ നിന്റെ വലതുകൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിൽ* വീഴുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്.+
31 “‘വിവാഹമോചനം ചെയ്യുന്നവൻ ഭാര്യക്കു മോചനപത്രം കൊടുക്കട്ടെ’+ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗിക അധാർമികത* കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം* അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+
33 “‘സത്യം ചെയ്തിട്ടു ലംഘിക്കരുത്;+ യഹോവയ്ക്കു* നേർന്നതു നിവർത്തിക്കണം’+ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്; അതു ദൈവത്തിന്റെ സിംഹാസനം. 35 ഭൂമിയെ ചൊല്ലിയും അരുത്; അതു ദൈവത്തിന്റെ പാദപീഠം.+ യരുശലേമിനെ ചൊല്ലി അരുത്; അതു മഹാരാജാവിന്റെ നഗരം.+ 36 നിങ്ങളുടെ തലയെ ചൊല്ലിയും സത്യം ചെയ്യരുത്; ഒരു മുടിനാരുപോലും വെളുത്തതോ കറുത്തതോ ആക്കാൻ നിങ്ങൾക്കു കഴിയില്ലല്ലോ. 37 നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.+ ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന് വരുന്നു.+
38 “‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’+ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനോട് എതിർത്തുനിൽക്കരുത്; നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക.+ 40 നിന്നെ കോടതികയറ്റി നിന്റെ ഉള്ളങ്കി മേടിച്ചെടുക്കാൻ നോക്കുന്നവനു മേലങ്കികൂടെ കൊടുത്തേക്കുക;+ 41 അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ* പോകാൻ നിർബന്ധിച്ചാൽ അദ്ദേഹത്തിന്റെകൂടെ രണ്ടു മൈൽ പോകുക. 42 നിന്നോട് എന്തെങ്കിലും ചോദിക്കുന്നവന് അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ* വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.+
43 “‘നീ അയൽക്കാരനെ സ്നേഹിക്കുകയും+ ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുക,+ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 45 അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും;+ കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.+ 46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രതിഫലം കിട്ടാനാണ്?+ നികുതിപിരിവുകാരും അതുതന്നെയല്ലേ ചെയ്യുന്നത്? 47 സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യുന്നെങ്കിൽ അതിൽ എന്താണ് ഇത്ര പ്രത്യേകത? ജനതകളിൽപ്പെട്ടവരും അതുതന്നെ ചെയ്യുന്നില്ലേ? 48 അതുകൊണ്ട് നിങ്ങളുടെ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ* നിങ്ങളും പൂർണരായിരിക്കുവിൻ.+
6 “ആളുകളെ കാണിക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച് നീതിപ്രവൃത്തികൾ ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക.+ അല്ലാത്തപക്ഷം സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിൽനിന്ന് നിങ്ങൾക്ക് ഒരു പ്രതിഫലവും ലഭിക്കില്ല. 2 അതുകൊണ്ട് നിങ്ങൾ ദാനം ചെയ്യുമ്പോൾ* നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്. കപടഭക്തർ ആളുകളിൽനിന്ന് പുകഴ്ച കിട്ടാൻവേണ്ടി സിനഗോഗുകളിലും തെരുവുകളിലും വെച്ച് അങ്ങനെ ചെയ്യാറുണ്ടല്ലോ. അവർക്കു പ്രതിഫലം മുഴുവനും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 എന്നാൽ നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ ചെയ്യുന്നത് എന്തെന്ന് ഇടതുകൈ അറിയരുത്. 4 അങ്ങനെ രഹസ്യമായി ദാനം ചെയ്യുമ്പോൾ രഹസ്യത്തിലുള്ളതും കാണുന്ന നിങ്ങളുടെ പിതാവ് അതിനുള്ള പ്രതിഫലം തരും.+
5 “പ്രാർഥിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെയായിരിക്കരുത്.+ ആളുകളെ കാണിക്കാൻവേണ്ടി അവർ സിനഗോഗുകളിലും പ്രധാനതെരുവുകളുടെ മൂലകളിലും നിന്ന് പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നു.+ അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 6 പകരം, പ്രാർഥിക്കുമ്പോൾ മുറിയിൽ കടന്ന് വാതിൽ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്കുക.+ അപ്പോൾ, രഹസ്യത്തിലുള്ളതും കാണുന്ന പിതാവ് നിങ്ങൾക്കു പ്രതിഫലം തരും. 7 പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്. വാക്കുകളുടെ എണ്ണം കൂടിയാൽ ദൈവം കേൾക്കുമെന്നാണ് അവരുടെ വിചാരം. 8 നിങ്ങൾ അവരെപ്പോലെയാകരുത്. നിങ്ങൾക്കു വേണ്ടത് എന്താണെന്നു നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവിന് അറിയാമല്ലോ.+
9 “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക:+
“‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്+ പരിശുദ്ധമായിരിക്കേണമേ.*+ 10 അങ്ങയുടെ രാജ്യം+ വരേണമേ. അങ്ങയുടെ ഇഷ്ടം+ സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.+ 11 ഇന്നത്തേക്കുള്ള ആഹാരം* ഞങ്ങൾക്ക് ഇന്നു തരേണമേ.+ 12 ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ.+ 13 പ്രലോഭനത്തിൽ അകപ്പെടുത്താതെ+ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.’*+
14 “നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും.+ 15 എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാതിരുന്നാൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.+
16 “ഉപവസിക്കുമ്പോൾ+ കപടഭക്തരെപ്പോലെ വാടിയ മുഖം കാണിക്കരുത്. ഉപവസിക്കുകയാണെന്ന് ആളുകളെ കാണിക്കാൻവേണ്ടി അവർ മുഖം വിരൂപമാക്കുന്നു.*+ അവർക്കു മുഴുവൻ പ്രതിഫലവും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 17 പകരം, ഉപവസിക്കുമ്പോൾ നിങ്ങൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും വേണം. 18 കാരണം നിങ്ങളുടെ ഉപവാസം മനുഷ്യരല്ല, രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവ് മാത്രമാണു കാണേണ്ടത്. അപ്പോൾ, രഹസ്യത്തിലുള്ളതും കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലം തരും.
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളൻ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ.+ 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളൻ കയറി മോഷ്ടിക്കുകയോ ചെയ്യാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ.+ 21 നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
22 “കണ്ണാണു ശരീരത്തിന്റെ വിളക്ക്.+ നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ* നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും.* 23 എന്നാൽ കണ്ണ് അസൂയയുള്ളതാണെങ്കിൽ*+ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുട്ടാണെങ്കിൽ ആ ഇരുട്ട് എത്ര വലുതായിരിക്കും!
24 “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും.+ അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.+
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും* എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും+ ഇനി ഉത്കണ്ഠപ്പെടരുത്.+ ജീവനെന്നാൽ* ആഹാരവും ശരീരമെന്നാൽ വസ്ത്രവും മാത്രമല്ലല്ലോ?*+ 26 ആകാശത്തിലെ പക്ഷികളെ അടുത്ത് നിരീക്ഷിക്കുക.+ അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു. അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ? 27 ഉത്കണ്ഠപ്പെടുന്നതിലൂടെ ആയുസ്സിനോട് ഒരു മുഴമെങ്കിലും* കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ?+ 28 വസ്ത്രത്തെക്കുറിച്ച് നിങ്ങൾ ഉത്കണ്ഠപ്പെടുന്നത് എന്തിനാണ്? പറമ്പിലെ ലില്ലിച്ചെടികളെ നോക്കി പഠിക്കൂ. അവ എങ്ങനെയാണു വളരുന്നത്? അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. 29 എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ+ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല. 30 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം! 31 അതുകൊണ്ട്, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടിക്കും,’ ‘ഞങ്ങൾ എന്ത് ഉടുക്കും’+ എന്നൊക്കെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.+ 32 ജനതകളാണ് ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്. ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയപിതാവിന് അറിയാമല്ലോ.
33 “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+ 34 അതുകൊണ്ട് അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.+ ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.
7 “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!+ 2 കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും.+ നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.+ 3 സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത് എന്താണ്?+ 4 സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്ന് കരട് എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? 5 കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനിന്ന് കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത് എടുത്തുകളയാനും നിനക്കു പറ്റും.
6 “വിശുദ്ധമായതു നായ്ക്കൾക്ക് ഇട്ടുകൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്;+ അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.
7 “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.+ അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.+ 8 കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു.+ അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു. 9 മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ? 10 മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? 11 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികം കൊടുക്കും!+
12 “അതുകൊണ്ട് മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.*+ വാസ്തവത്തിൽ, നിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതാണ്.+
13 “ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക.+ കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്; അനേകം ആളുകളും പോകുന്നത് അതിലൂടെയാണ്. 14 എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്. കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.+
15 “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക.+ അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ+ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാണ്.+ 16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ പറിക്കാൻ പറ്റുമോ?+ 17 നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും.+ 18 നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല.+ 19 നല്ല ഫലങ്ങൾ തരാത്ത മരമൊക്കെ വെട്ടി തീയിലിടും.+ 20 അതെ, ഫലങ്ങളാൽ നിങ്ങൾക്ക് അത്തരക്കാരെ തിരിച്ചറിയാം.+
21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+ 22 ആ ദിവസം പലരും എന്നോട് ഇങ്ങനെ ചോദിക്കും: ‘കർത്താവേ, കർത്താവേ,+ ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണിച്ചില്ലേ?’+ 23 എന്നാൽ ഞാൻ അവരോട്, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാരികളേ,* എന്റെ അടുത്തുനിന്ന് പോകൂ!’ എന്നു തീർത്തുപറയും.+
24 “അതുകൊണ്ട് എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും.+ 25 മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാനം പാറയിലായിരുന്നു. 26 എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കാത്തവൻ മണലിൽ വീടു പണിത വിഡ്ഢിയെപ്പോലെയായിരിക്കും.+ 27 മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു;+ അതു നിലംപൊത്തി. അതു പൂർണമായും തകർന്നുപോയി.”
28 യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി;+ 29 കാരണം അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്+ യേശു പഠിപ്പിച്ചത്.
8 മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു. 2 അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് യേശുവിനെ വണങ്ങിയിട്ട്, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം”+ എന്നു പറഞ്ഞു. 3 യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ കുഷ്ഠം മാറി അയാൾ ശുദ്ധനായി.+ 4 യേശു അയാളോടു പറഞ്ഞു: “ഇത് ആരോടും പറയരുത്.+ എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച്+ മോശ കല്പിച്ച കാഴ്ച അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”
5 യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു സൈനികോദ്യോഗസ്ഥൻ യേശുവിന്റെ അടുത്ത് വന്ന് ഇങ്ങനെ കേണപേക്ഷിച്ചു:+ 6 “യജമാനനേ, എന്റെ ജോലിക്കാരൻ വീട്ടിൽ തളർന്നുകിടക്കുകയാണ്. അവൻ വല്ലാതെ കഷ്ടപ്പെടുന്നു.” 7 യേശു അയാളോട്, “ഞാൻ അവിടെ വരുന്നുണ്ട്. അപ്പോൾ അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു. 8 സൈനികോദ്യോഗസ്ഥൻ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങ് എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും. 9 ഞാനും അധികാരത്തിൻകീഴിലുള്ളയാളാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഞാൻ ഒരാളോട്, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊരാളോട്, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമയോട്, ‘ഇതു ചെയ്യ്’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.” 10 ഇതു കേട്ട് ആശ്ചര്യപ്പെട്ട യേശു, തന്നെ അനുഗമിക്കുന്നവരോടു പറഞ്ഞു: “ഇസ്രായേല്യരിൽപ്പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 11 എന്നാൽ ഞാൻ പറയുന്നു: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകം ആളുകൾ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിന് ഇരിക്കും.+ 12 അതേസമയം രാജ്യത്തിന്റെ പുത്രന്മാരെ പുറത്തെ ഇരുട്ടിലേക്ക് എറിയും; അവിടെ കിടന്ന് അവർ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.”+ 13 പിന്നെ യേശു സൈനികോദ്യോഗസ്ഥനോട്, “പൊയ്ക്കൊള്ളൂ. താങ്കളുടെ വിശ്വാസംപോലെതന്നെ സംഭവിക്കട്ടെ”+ എന്നു പറഞ്ഞു. ഉടനെ അയാളുടെ ജോലിക്കാരന്റെ രോഗം ഭേദമായി.+
14 പിന്നെ യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ പത്രോസിന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടക്കുന്നതു കണ്ടു.+ 15 യേശു ആ സ്ത്രീയുടെ കൈയിൽ തൊട്ടു;+ അവരുടെ പനി മാറി. അവർ എഴുന്നേറ്റ് യേശുവിനെ സത്കരിച്ചു. 16 വൈകുന്നേരമായപ്പോൾ ധാരാളം ഭൂതബാധിതരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു രോഗികളെയെല്ലാം സുഖപ്പെടുത്തുകയും വെറും ഒരു വാക്കുകൊണ്ട് ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. 17 അങ്ങനെ, “അവൻ നമ്മുടെ അസുഖങ്ങൾ ഏറ്റുവാങ്ങി, നമ്മുടെ രോഗങ്ങൾ ചുമന്നു”+ എന്ന് യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി.
18 തനിക്കു ചുറ്റും ഒരു വലിയ ജനക്കൂട്ടമുണ്ടെന്നു കണ്ടപ്പോൾ അക്കരയ്ക്കു പോകാമെന്നു+ യേശു ശിഷ്യന്മാരോടു നിർദേശിച്ചു. 19 ഒരു ശാസ്ത്രി വന്ന് യേശുവിനോട്, “ഗുരുവേ, അങ്ങ് എവിടെ പോയാലും ഞാനും കൂടെ വരും”+ എന്നു പറഞ്ഞു. 20 എന്നാൽ യേശു അയാളോട്, “കുറുക്കന്മാർക്കു മാളങ്ങളുണ്ട്. ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല”+ എന്നു പറഞ്ഞു. 21 അപ്പോൾ മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കിയിട്ട് വരട്ടേ”+ എന്നു ചോദിച്ചു. 22 യേശു അയാളോട്, “നീ എന്നെ അനുഗമിക്കുക; മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ”+ എന്നു പറഞ്ഞു.
23 യേശു ചെന്ന് വള്ളത്തിൽ കയറി. ശിഷ്യന്മാരും പുറകേ കയറി.+ 24 യാത്രയ്ക്കിടെ പെട്ടെന്നു കടലിൽ ഒരു കൊടുങ്കാറ്റ് അടിച്ചു; തിരമാലകളിൽപ്പെട്ട് വള്ളം മുങ്ങാറായി. യേശുവോ ഉറങ്ങുകയായിരുന്നു.+ 25 അവർ ചെന്ന്, “കർത്താവേ, രക്ഷിക്കേണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ് യേശുവിനെ ഉണർത്തി. 26 അപ്പോൾ യേശു അവരോട്, “നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്”+ എന്നു ചോദിച്ചു. എന്നിട്ട് എഴുന്നേറ്റ് കാറ്റിനെയും കടലിനെയും ശാസിച്ചു. എല്ലാം ശാന്തമായി.+ 27 ആ പുരുഷന്മാർ അതിശയിച്ച്, “ഹൊ, ഇതെന്തൊരു മനുഷ്യൻ! കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
28 യേശു അക്കരെ ഗദരേനരുടെ നാട്ടിൽ എത്തിയപ്പോൾ ഭൂതം ബാധിച്ച രണ്ടു പേർ ശവക്കല്ലറകൾക്കിടയിൽനിന്ന് യേശുവിന്റെ നേരെ ചെന്നു.+ അവർ അതിഭയങ്കരന്മാരായിരുന്നതുകൊണ്ട് ആർക്കും അതുവഴി പോകാൻ ധൈര്യമില്ലായിരുന്നു. 29 അവർ അലറിവിളിച്ച് ചോദിച്ചു: “ദൈവപുത്രാ, അങ്ങ് എന്തിനാണ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്?+ സമയത്തിനു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ+ വന്നിരിക്കുകയാണോ?”+ 30 കുറെ അകലെയായി ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.+ 31 ഭൂതങ്ങൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണേ”+ എന്നു കേണപേക്ഷിച്ചു. 32 അപ്പോൾ യേശു അവയോട്, “പോകൂ” എന്നു പറഞ്ഞു. അവ പുറത്തുവന്ന് പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് കടലിലേക്കു ചാടി. അവയെല്ലാം ചത്തുപോയി. 33 പന്നികളെ മേയ്ച്ചിരുന്നവർ ഓടി നഗരത്തിൽ ചെന്ന് ഭൂതബാധിതരുടെ കാര്യം ഉൾപ്പെടെ നടന്നതെല്ലാം അറിയിച്ചു. 34 നഗരം മുഴുവൻ യേശുവിന്റെ അടുത്തേക്കു പോയി. യേശുവിനെ കണ്ടപ്പോൾ അവിടം വിട്ട് പോകാൻ അവർ യേശുവിനോട് അപേക്ഷിച്ചു.+
9 അങ്ങനെ, യേശു വള്ളത്തിൽ കയറി അക്കരെയുള്ള സ്വന്തം നഗരത്തിലെത്തി.+ 2 കുറച്ച് ആളുകൾ ചേർന്ന് തളർന്നുപോയ ഒരാളെ കിടക്കയിൽ കിടത്തി യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോട്, “മകനേ, ധൈര്യമായിരിക്ക്. നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 3 അപ്പോൾ ചില ശാസ്ത്രിമാർ, “ഇവൻ ദൈവനിന്ദയാണല്ലോ പറയുന്നത്” എന്ന് ഉള്ളിൽ പറഞ്ഞു. 4 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ ദുഷിച്ച കാര്യങ്ങൾ ചിന്തിക്കുന്നത്?+ 5 ഏതാണ് എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ അതോ ‘എഴുന്നേറ്റ് നടക്കുക’+ എന്നു പറയുന്നതോ? 6 എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” പിന്നെ യേശു തളർവാതരോഗിയോടു പറഞ്ഞു: “എഴുന്നേറ്റ്, കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ.”+ 7 അയാൾ എഴുന്നേറ്റ് വീട്ടിലേക്കു പോയി. 8 ഇതു കണ്ട് ജനക്കൂട്ടം ഭയന്നുപോയി. മനുഷ്യർക്ക് ഇത്തരം അധികാരം നൽകിയ ദൈവത്തെ അവർ സ്തുതിച്ചു.
9 യേശു അവിടെനിന്ന് പോകുന്ന വഴിക്കു മത്തായി എന്നു പേരുള്ള ഒരാൾ നികുതി പിരിക്കുന്നിടത്ത് ഇരിക്കുന്നതു കണ്ട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഉടനെ മത്തായി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.+ 10 പിന്നീട് യേശു മത്തായിയുടെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ കുറെ നികുതിപിരിവുകാരും പാപികളും വന്ന് യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ ഭക്ഷണത്തിന് ഇരുന്നു.+ 11 എന്നാൽ പരീശന്മാർ ഇതു കണ്ടിട്ട് യേശുവിന്റെ ശിഷ്യന്മാരോട്, “ഇത് എന്താ നിങ്ങളുടെ ഗുരു നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത്”+ എന്നു ചോദിച്ചു. 12 ഇതു കേട്ടപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.+ 13 ‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത്’+ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു പോയി പഠിക്ക്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.”
14 പിന്നെ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “ഞങ്ങളും പരീശന്മാരും പതിവായി ഉപവസിക്കാറുണ്ട്. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ് ഉപവസിക്കാത്തത്?”+ 15 അപ്പോൾ യേശു പറഞ്ഞു: “മണവാളൻ+ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ എന്തിനു ദുഃഖിക്കണം? എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും.+ അപ്പോൾ അവർ ഉപവസിക്കും. 16 പഴയ വസ്ത്രത്തിൽ ആരും പുതിയ തുണിക്കഷണം* തുന്നിച്ചേർക്കാറില്ല. കാരണം ആ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്ത്രത്തെ വലിച്ചിട്ട് കീറൽ കൂടുതൽ വലുതാകും.+ 17 അതുപോലെ, ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറുമില്ല. അങ്ങനെ ചെയ്താൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കുന്നത്. അപ്പോൾ രണ്ടും നഷ്ടപ്പെടില്ല.”
18 യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു പ്രമാണി യേശുവിനെ സമീപിച്ച് താണുവണങ്ങിക്കൊണ്ട് പറഞ്ഞു: “എന്റെ മകൾ ഇതിനോടകം മരിച്ചുകാണും; എന്നാലും അങ്ങ് വന്ന് അവളുടെ മേൽ കൈ വെക്കേണമേ; എങ്കിൽ അവൾ ജീവിക്കും.”+
19 യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി. യേശുവിന്റെ ശിഷ്യന്മാരും ഒപ്പം ചെന്നു. 20 അവർ പോകുമ്പോൾ, 12 വർഷമായി രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ+ പിന്നിലൂടെ വന്ന് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്ത്* തൊട്ടു.+ 21 “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും” എന്ന് ആ സ്ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു. 22 യേശു തിരിഞ്ഞ് ആ സ്ത്രീയെ കണ്ടിട്ട്, “മകളേ, ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവരുടെ അസുഖം മാറി.+
23 യേശു പ്രമാണിയുടെ വീട്ടിലെത്തി. കുഴൽ ഊതുന്നവരെയും കരഞ്ഞ് ബഹളംകൂട്ടുന്ന ജനക്കൂട്ടത്തെയും+ കണ്ട് 24 അവരോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. കുട്ടി മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്.”+ ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. 25 ജനക്കൂട്ടം പുറത്ത് പോയ ഉടനെ യേശു അകത്ത് ചെന്ന് കുട്ടിയുടെ കൈയിൽ പിടിച്ചു;+ അപ്പോൾ അവൾ എഴുന്നേറ്റു.+ 26 ഈ വാർത്ത നാട്ടിലെങ്ങും പരന്നു.
27 യേശു അവിടെനിന്ന് പോകുന്ന വഴിക്ക് രണ്ട് അന്ധർ,+ “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് യേശുവിന്റെ പിന്നാലെ ചെന്നു. 28 യേശു വീട്ടിൽ എത്തിയപ്പോൾ ആ അന്ധന്മാർ യേശുവിന്റെ അടുത്ത് എത്തി. യേശു അവരോടു ചോദിച്ചു: “എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”+ അവർ പറഞ്ഞു: “ഉണ്ട് കർത്താവേ, വിശ്വസിക്കുന്നുണ്ട്.” 29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ട്,+ “നിങ്ങളുടെ വിശ്വാസംപോലെ സംഭവിക്കട്ടെ” എന്നു പറഞ്ഞു. 30 അങ്ങനെ അവർക്കു കാഴ്ച കിട്ടി. എന്നാൽ “ആരും ഇത് അറിയരുത്”+ എന്നു യേശു അവരോടു കർശനമായി പറഞ്ഞു. 31 പക്ഷേ അവിടെനിന്ന് പോയ അവർ യേശുവിനെക്കുറിച്ചുള്ള വാർത്ത നാട്ടിലെങ്ങും പറഞ്ഞുപരത്തി.
32 അവർ പോയപ്പോൾ ആളുകൾ ഭൂതബാധിതനായ ഒരു ഊമനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു.+ 33 യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു.+ ജനം അതിശയിച്ച്, “ഇങ്ങനെയൊന്ന് ഇതിനു മുമ്പ് ഇസ്രായേലിൽ കണ്ടിട്ടില്ല”+ എന്നു പറഞ്ഞു. 34 എന്നാൽ പരീശന്മാർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+
35 യേശുവാകട്ടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.+ 36 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അലിവ് തോന്നി.+ കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും* ആയിരുന്നു.+ 37 യേശു ശിഷ്യന്മാരോടു പറഞ്ഞു: “വിളവ് ധാരാളമുണ്ട്; പക്ഷേ പണിക്കാർ കുറവാണ്.+ 38 അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.”+
10 പിന്നെ യേശു തന്റെ 12 ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനും അധികാരം കൊടുത്തു.
2 12 അപ്പോസ്തലന്മാരുടെ പേരുകൾ:+ പത്രോസ്+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്,+ സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+ 3 ഫിലിപ്പോസ്,+ ബർത്തൊലൊമായി, തോമസ്,+ നികുതിപിരിവുകാരനായ മത്തായി,+ അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, 4 കനാനേയനായ* ശിമോൻ, യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.+
5 ഈ 12 പേരെ യേശു അയച്ചു. അവർക്ക് ഈ നിർദേശങ്ങളും കൊടുത്തു:+ “ജൂതന്മാരല്ലാത്തവരുടെ പ്രദേശത്തേക്കു പോകുകയോ ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കുകയോ അരുത്;+ 6 പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത് മാത്രം പോകുക.+ 7 നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം.+ 8 രോഗികളെ സുഖപ്പെടുത്തുക;+ മരിച്ചവരെ ഉയിർപ്പിക്കുക; കുഷ്ഠരോഗികളെ ശുദ്ധരാക്കുക; ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക. 9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10 വേറെ വസ്ത്രമോ ചെരിപ്പോ വടിയോ യാത്രയ്ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്;+ വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.+
11 “നിങ്ങൾ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ ചെല്ലുമ്പോൾ അവിടെ അർഹതയുള്ളയാൾ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുക; അവിടം വിട്ട് പോകുന്നതുവരെ അയാളുടെകൂടെ താമസിക്കുക.+ 12 നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം. 13 ആ വീടിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ.+ അതിന് അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. 14 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ ആ വീടോ നഗരമോ വിട്ട് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+ 15 ന്യായവിധിദിവസം സൊദോമിനും ഗൊമോറയ്ക്കും+ ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും അവരുടേത് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
16 “ഇതാ, ഞാൻ നിങ്ങളെ അയയ്ക്കുന്നു; ചെന്നായ്ക്കൾക്കിടയിൽ ചെമ്മരിയാടുകളെപ്പോലെയാണു നിങ്ങൾ. അതുകൊണ്ട് പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുക.+ 17 മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും+ അവരുടെ സിനഗോഗുകളിൽവെച്ച് നിങ്ങളെ ചാട്ടയ്ക്ക് അടിക്കുകയും ചെയ്യും.+ 18 എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.+ അങ്ങനെ അവരോടും ജനതകളോടും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം കിട്ടും.+ 19 എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. പറയാനുള്ളത് ആ സമയത്ത് നിങ്ങൾക്കു കിട്ടിയിരിക്കും;+ 20 കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.+ 21 കൂടാതെ, സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും.+ 22 എന്റെ പേര് നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ 23 ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുക.+ കാരണം, മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് നിങ്ങൾ ഇസ്രായേൽപട്ടണങ്ങൾ മുഴുവനും ഒരു കാരണവശാലും സഞ്ചരിച്ചുതീർക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
24 “വിദ്യാർഥി അധ്യാപകനെക്കാൾ വലിയവനല്ല; അടിമ യജമാനനെക്കാൾ വലിയവനുമല്ല.+ 25 വിദ്യാർഥി അധ്യാപകനെപ്പോലെയായാൽ മതി; അടിമ യജമാനനെപ്പോലെയും.+ ആളുകൾ കുടുംബനാഥനെ ബയെത്സെബൂബ്*+ എന്നു വിളിച്ചെങ്കിൽ വീട്ടുകാരുടെ കാര്യം പറയാനുണ്ടോ! 26 അതുകൊണ്ട് അവരെ പേടിക്കേണ്ടാ. മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.+ 27 ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നതു നിങ്ങൾ വെളിച്ചത്ത് പറയുക; ചെവിയിൽ സ്വകാര്യമായി പറയുന്നതു പുരമുകളിൽനിന്ന് വിളിച്ചുപറയുക.+ 28 ദേഹിയെ* കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ.+ പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ* നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.+ 29 നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ* രണ്ടു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല.+ 30 എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. 31 അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+
32 “മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും അംഗീകരിക്കും.+ 33 മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും തള്ളിപ്പറയും.+ 34 ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്.+ 35 മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും+ ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്. 36 ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും. 37 എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. എന്നെക്കാൾ അധികം മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+ 38 സ്വന്തം ദണ്ഡനസ്തംഭം* എടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+ 39 തന്റെ ദേഹിയെ* കണ്ടെത്തുന്നവന് അതു നഷ്ടമാകും. എനിക്കുവേണ്ടി ദേഹിയെ* നഷ്ടപ്പെടുത്തുന്നവനോ അതു തിരികെ കിട്ടും.+
40 “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+ 41 പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും. 42 ഈ ചെറിയവരിൽ ഒരാൾക്ക്, അയാൾ എന്റെ ഒരു ശിഷ്യനാണെന്ന കാരണത്താൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
11 തന്റെ 12 ശിഷ്യന്മാർക്കു നിർദേശങ്ങൾ കൊടുത്തശേഷം, യേശു മറ്റു നഗരങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനും പോയി.+
2 ജയിലിലായിരുന്ന യോഹന്നാൻ+ ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ച്+ 3 അദ്ദേഹത്തോട്, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ”+ എന്നു ചോദിച്ചു. 4 യേശു അവരോടു പറഞ്ഞു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്, പോയി യോഹന്നാനെ അറിയിക്കുക:+ 5 അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ+ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.+ 6 ഞാൻ കാരണം വിശ്വാസത്തിൽനിന്ന് വീണുപോകാത്തവൻ സന്തുഷ്ടൻ.”+
7 അവർ പോയപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച് ഇങ്ങനെ പറഞ്ഞുതുടങ്ങി: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്?+ കാറ്റത്ത് ആടിയുലയുന്ന ഈറ്റയോ?+ 8 അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്? പട്ടുവസ്ത്രം* ധരിച്ച മനുഷ്യനെയോ? പട്ടുവസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? 9 അല്ലെങ്കിൽപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ എന്നു ഞാൻ പറയുന്നു.+ 10 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’ എന്ന് എഴുതിയിരിക്കുന്നത് ഈ യോഹന്നാനെക്കുറിച്ചാണ്!+ 11 സ്ത്രീകൾക്കു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല. എന്നാൽ സ്വർഗരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 12 സ്നാപകയോഹന്നാന്റെ കാലംമുതൽ ഇന്നോളം സ്വർഗരാജ്യം എന്ന ലക്ഷ്യത്തിൽ എത്താനാണു മനുഷ്യർ പരിശ്രമിക്കുന്നത്. വിടാതെ പരിശ്രമിക്കുന്നവർ അതു കൈവശമാക്കുകയും ചെയ്യുന്നു.+ 13 എല്ലാ പ്രവാചകന്മാരും നിയമവും യോഹന്നാന്റെ കാലംവരെ പ്രവചിച്ചു.+ 14 ‘വരാനിരിക്കുന്ന ഏലിയ’ യോഹന്നാൻതന്നെ എന്നു മനസ്സുണ്ടെങ്കിൽ അംഗീകരിക്കുക.+ 15 ചെവിയുള്ളവൻ കേൾക്കട്ടെ.
16 “ഈ തലമുറയെ ഞാൻ ആരോട് ഉപമിക്കും?+ അവർ ചന്തസ്ഥലങ്ങളിൽ ഇരുന്ന് കളിക്കൂട്ടുകാരോട് ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്: 17 ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ നെഞ്ചത്തടിച്ചില്ല.’ 18 അതുപോലെ യോഹന്നാൻ തിന്നാത്തവനും കുടിക്കാത്തവനും ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട്’ എന്ന് ആളുകൾ പറഞ്ഞു. 19 എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ+ ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’+ എന്ന് അവർ പറഞ്ഞു. പക്ഷേ ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ* നീതിയുള്ളതെന്നു തെളിയും.”*+
20 പിന്നെ, തന്റെ അത്ഭുതങ്ങൾ മിക്കതും നടന്ന നഗരങ്ങൾ മാനസാന്തരപ്പെടാഞ്ഞതുകൊണ്ട് യേശു അവയെ അപലപിച്ചു: 21 “കോരസീനേ, ബേത്ത്സയിദേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ പണ്ടേ വിലാപവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്ന് പശ്ചാത്തപിച്ചേനേ.+ 22 അതുകൊണ്ട് സോരിനും സീദോനും ന്യായവിധിദിവസം ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും നിങ്ങളുടേത്+ എന്നു ഞാൻ പറയുന്നു. 23 നീയോ കഫർന്നഹൂമേ,+ നീ ആകാശത്തോളം ഉയരുമോ? നിന്നെ ശവക്കുഴിയോളം* താഴ്ത്തും.+ നിന്നിൽ നടന്ന അത്ഭുതപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നെങ്കിൽ അത് ഇന്നോളം നിലനിന്നേനേ. 24 അതുകൊണ്ട് ന്യായവിധിദിവസം സൊദോമിനു ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും നിന്റേതെന്നു ഞാൻ പറയുന്നു.”+
25 പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ,* അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട്+ ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു. 26 അതെ പിതാവേ, അങ്ങനെ ചെയ്യാനാണല്ലോ അങ്ങ് തീരുമാനിച്ചത്.’ 27 പിതാവ് എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു.+ പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല.+ പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്പര്യപ്പെടുന്നവനും അല്ലാതെ ആരും പിതാവിനെയും പൂർണമായി അറിയുന്നില്ല.+ 28 കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. 29 എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട്+ നിങ്ങൾക്ക് ഉന്മേഷം കിട്ടും; 30 കാരണം, എന്റെ നുകം മൃദുവും* എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.”
12 ആ കാലത്ത് ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ വിശന്നിട്ടു ധാന്യക്കതിരുകൾ പറിച്ച് തിന്നാൻതുടങ്ങി.+ 2 ഇതു കണ്ട പരീശന്മാർ യേശുവിനോട്, “കണ്ടോ! നിന്റെ ശിഷ്യന്മാർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നു”+ എന്നു പറഞ്ഞു. 3 യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 4 ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത+ കാഴ്ചയപ്പം+ കൂടെയുള്ളവരോടൊപ്പം തിന്നില്ലേ? 5 ഇനി അതുമല്ല, പുരോഹിതന്മാർ ദേവാലയത്തിൽ ശബത്തുദിവസം ജോലി ചെയ്യുന്നുണ്ടെങ്കിലും അവർ കുറ്റമില്ലാത്തവരായിരിക്കുമെന്നു നിയമത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?+ 6 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാൾ ശ്രേഷ്ഠതയുള്ളവനാണ് ഇവിടെയുള്ളത്.+ 7 ‘ബലിയല്ല,+ കരുണയാണു+ ഞാൻ ആഗ്രഹിക്കുന്നത്’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റം വിധിക്കില്ലായിരുന്നു. 8 മനുഷ്യപുത്രൻ ശബത്തിനു കർത്താവാണ്.”+
9 അവിടെനിന്ന് യേശു അവരുടെ സിനഗോഗിലേക്കു പോയി. 10 ശോഷിച്ച* കൈയുള്ള ഒരാൾ അവിടെയുണ്ടായിരുന്നു.+ അവർ യേശുവിനോട്, “ശബത്തിൽ സുഖപ്പെടുത്തുന്നതു ശരിയാണോ”* എന്നു ചോദിച്ചു. യേശുവിന്റെ മേൽ കുറ്റം ആരോപിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.+ 11 യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ ആടു ശബത്തുദിവസം കുഴിയിൽ വീണാൽ നിങ്ങൾ അതിനെ പിടിച്ചുകയറ്റാതിരിക്കുമോ?+ 12 ഒരു ആടിനെക്കാൾ എത്രയോ വിലപ്പെട്ടതാണ് ഒരു മനുഷ്യൻ! അതുകൊണ്ട് ശബത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതു ശരിയാണ്.”* 13 പിന്നെ യേശു ആ മനുഷ്യനോട്, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ട് മറ്റേ കൈപോലെയായി. 14 അപ്പോൾ പരീശന്മാർ അവിടെനിന്ന് ഇറങ്ങി യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തി. 15 യേശു ഇത് അറിഞ്ഞിട്ട് അവിടെനിന്ന് പോയി. ധാരാളം ആളുകൾ യേശുവിന്റെ പിന്നാലെ ചെന്നു.+ യേശു അവരെയെല്ലാം സുഖപ്പെടുത്തി. 16 എന്നാൽ തന്നെക്കുറിച്ച് വെളിപ്പെടുത്തരുത് എന്നു യേശു അവരോടു കർശനമായി കല്പിച്ചു.+ 17 കാരണം യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറണമായിരുന്നു. പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു:
18 “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ.+ ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകരും.+ നീതി എന്താണെന്ന് അവൻ ജനതകളെ അറിയിക്കും. 19 അവൻ തർക്കിക്കില്ല,+ കൊട്ടിഘോഷിക്കില്ല, ആരും തെരുവിൽ അവന്റെ സ്വരം കേൾക്കുകയുമില്ല. 20 നീതി നടപ്പാക്കുന്നതിൽ വിജയിക്കുന്നതുവരെ ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.+ 21 ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശ വെക്കും.”+
22 പിന്നെ അവർ ഭൂതബാധിതനായ ഒരു മനുഷ്യനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. സംസാരിക്കാനും കണ്ണു കാണാനും കഴിയാത്ത ആ മനുഷ്യനെ യേശു സുഖപ്പെടുത്തി. അയാൾക്കു സംസാരിക്കാനും കാണാനും കഴിഞ്ഞു. 23 ജനം മുഴുവൻ അതിശയത്തോടെ, “ഇവൻതന്നെയായിരിക്കുമോ ദാവീദുപുത്രൻ” എന്നു ചോദിക്കാൻതുടങ്ങി. 24 പരീശന്മാരോ ഇതു കേട്ട്, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ്* ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്”+ എന്നു പറഞ്ഞു. 25 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: “ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്പരം പോരടിക്കുന്ന നഗരവും വീടും നിലനിൽക്കില്ല. 26 അതുപോലെതന്നെ സാത്താൻ സാത്താനെ പുറത്താക്കുന്നെങ്കിൽ അവൻ തന്നോടുതന്നെ പോരടിക്കുന്നു. അപ്പോൾപ്പിന്നെ അവന്റെ രാജ്യം നിലനിൽക്കുന്നത് എങ്ങനെയാണ്? 27 ബയെത്സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്? അതുകൊണ്ട് അവർതന്നെ ന്യായാധിപന്മാരായി നിങ്ങളെ വിധിക്കട്ടെ. 28 എന്നാൽ ദൈവാത്മാവിനാലാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ഉറപ്പായും ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.+ 29 ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടേണ്ടേ? അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. 30 എന്റെ പക്ഷത്ത് നിൽക്കാത്തവനെല്ലാം എനിക്ക് എതിരാണ്. എന്റെകൂടെ നിന്ന് ശേഖരിക്കാത്തവൻ വാസ്തവത്തിൽ ചിതറിക്കുകയാണു ചെയ്യുന്നത്.+
31 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ ഏതൊരു പാപവും വിശുദ്ധകാര്യങ്ങളോടുള്ള നിന്ദയും അവരോടു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നതു ക്ഷമിക്കില്ല.+ 32 ഉദാഹരണത്തിന്, മനുഷ്യപുത്രന് എതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് അയാളോടു ക്ഷമിക്കും.+ എന്നാൽ പരിശുദ്ധാത്മാവിന് എതിരെ ആരെങ്കിലും സംസാരിച്ചാൽ അത് അയാളോടു ക്ഷമിക്കില്ല; ഈ വ്യവസ്ഥിതിയിലെന്നല്ല* വരാനുള്ള വ്യവസ്ഥിതിയിൽപ്പോലും അതു ക്ഷമിക്കില്ല.+
33 “നിങ്ങൾ നല്ല മരമാണെങ്കിൽ ഫലവും നല്ലതായിരിക്കും. എന്നാൽ ചീത്ത മരമാണെങ്കിൽ ഫലവും ചീത്തയായിരിക്കും. ഒരു മരത്തെ അതിന്റെ ഫലംകൊണ്ടാണല്ലോ തിരിച്ചറിയുന്നത്.+ 34 അണലിസന്തതികളേ,+ ദുഷ്ടരായ നിങ്ങൾക്കു നല്ല കാര്യങ്ങൾ സംസാരിക്കാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!+ 35 നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു. ചീത്ത മനുഷ്യനാകട്ടെ, തന്റെ ചീത്ത നിക്ഷേപത്തിൽനിന്ന് ചീത്ത കാര്യങ്ങൾ പുറത്തെടുക്കുന്നു.+ 36 മനുഷ്യർ പറയുന്ന ഏതൊരു പാഴ്വാക്കിനും ന്യായവിധിദിവസത്തിൽ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 37 നിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ നിന്നെ നീതിമാനെന്നു വിധിക്കും. നിന്നെ കുറ്റക്കാരനെന്നു വിധിക്കുന്നതും നിന്റെ വാക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.”
38 ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട്, “ഗുരുവേ, അങ്ങ് ഒരു അടയാളം കാണിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്”+ എന്നു പറഞ്ഞു. 39 യേശു അവരോടു പറഞ്ഞു: “ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും* ഒരു തലമുറ അടയാളം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോന പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.+ 40 യോന മൂന്നു പകലും മൂന്നു രാത്രിയും ഒരു വലിയ മത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ+ മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഉള്ളിലായിരിക്കും.+ 41 നിനെവെക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. കാരണം അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെക്കാൾ വലിയവൻ!+ 42 തെക്കേ ദേശത്തെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. ആ രാജ്ഞി ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നല്ലോ.+ എന്നാൽ ഇവിടെ ഇതാ, ശലോമോനെക്കാൾ വലിയവൻ!+
43 “ഒരു അശുദ്ധാത്മാവ്* ഒരു മനുഷ്യനെ വിട്ട് പുറത്ത് വരുമ്പോൾ അതു വരണ്ട സ്ഥലങ്ങളിലൂടെ ഒരു വിശ്രമസ്ഥാനം തേടി അലയുന്നു. പക്ഷേ ഒന്നും കണ്ടെത്തുന്നില്ല.+ 44 അപ്പോൾ അത്, ‘ഞാൻ വിട്ടുപോന്ന എന്റെ വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്നു പറയുന്നു. അത് അവിടെ എത്തുമ്പോൾ ആ വീട് ഒഴിഞ്ഞുകിടക്കുന്നതായി കാണുന്നു. മാത്രമല്ല അടിച്ചുവൃത്തിയാക്കി അലങ്കരിച്ചിട്ടുമുണ്ട്. 45 അതു പോയി അതിനെക്കാൾ ദുഷ്ടരായ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവന്ന് അവിടെ കയറി താമസമാക്കുന്നു. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ മുമ്പത്തെക്കാൾ ഏറെ വഷളായിത്തീരുന്നു.+ ഈ ദുഷ്ടതലമുറയുടെ അവസ്ഥയും അങ്ങനെതന്നെയായിരിക്കും.”
46 യേശു ഇങ്ങനെ ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, യേശുവിനോടു സംസാരിക്കാൻ അമ്മയും സഹോദരന്മാരും+ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.+ 47 ഒരാൾ യേശുവിനോട്, “ഇതാ, അങ്ങയോടു സംസാരിക്കാൻ അമ്മയും സഹോദരന്മാരും പുറത്ത് കാത്തുനിൽക്കുന്നു” എന്നു പറഞ്ഞു. 48 യേശു അയാളോടു ചോദിച്ചു: “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” 49 പിന്നെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടിക്കൊണ്ട് യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!+ 50 സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് ആരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”+
13 അന്നു യേശു വീട്ടിൽനിന്ന് ഇറങ്ങി കടൽത്തീരത്ത് ചെന്ന് ഇരുന്നു. 2 വലിയൊരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടി. അതുകൊണ്ട് യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. ജനക്കൂട്ടം കടൽത്തീരത്ത് നിന്നു.+ 3 യേശു ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് പല കാര്യങ്ങളും അവരോടു പറഞ്ഞു: “ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പോയി.+ 4 വിതയ്ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു.+ 5 ചിലത്, അധികം മണ്ണില്ലാത്ത പാറസ്ഥലത്ത് വീണു. മണ്ണിന് ആഴമില്ലായിരുന്നതുകൊണ്ട് അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+ 6 സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റ് വാടി. വേരില്ലാത്തതുകൊണ്ട് അവ ഉണങ്ങിപ്പോയി. 7 മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണ് ഫലം കായ്ച്ചു; ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് നൽകി.+ 9 ചെവിയുള്ളവൻ കേൾക്കട്ടെ.”+
10 ശിഷ്യന്മാർ യേശുവിന്റെ അടുത്ത് ചെന്ന്, “അങ്ങ് എന്തിനാണ് അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നത്”+ എന്നു ചോദിച്ചു. 11 യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു.+ പക്ഷേ അവരെ അനുവദിച്ചിട്ടില്ല. 12 ഉള്ളവനു കൂടുതൽ കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും. എന്നാൽ ഇല്ലാത്തവന്റെ പക്കൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.+ 13 അതുകൊണ്ടാണ് ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് അവരോടു സംസാരിക്കുന്നത്. കാരണം അവർ നോക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. അവർ കേൾക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ല. പറയുന്നതിന്റെ സാരം അവർ മനസ്സിലാക്കുന്നുമില്ല.+ 14 അങ്ങനെ യശയ്യയുടെ ഈ പ്രവചനം അവരിൽ നിറവേറുകയാണ്: ‘നിങ്ങൾ കേൾക്കും, പക്ഷേ അതിന്റെ സാരം മനസ്സിലാക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+ 15 കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു. ചെവികൊണ്ട് കേൾക്കുന്നെങ്കിലും അവർ പ്രതികരിക്കുന്നില്ല. അവർ കണ്ണ് അടച്ചുകളഞ്ഞിരിക്കുന്നു. അവർക്കു കണ്ണുകൊണ്ട് കാണാനോ ചെവികൊണ്ട് കേൾക്കാനോ ഒരിക്കലും കഴിയുന്നില്ല. അതുകൊണ്ട് കാര്യങ്ങളുടെ സാരം അവർ മനസ്സിലാക്കുകയോ* അവർ മനംതിരിഞ്ഞുവരുകയോ ചെയ്യുന്നില്ല. എനിക്ക് അവരെ സുഖപ്പെടുത്താനുമാകുന്നില്ല.’+
16 “എന്നാൽ നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ടും ചെവികൾ കേൾക്കുന്നതുകൊണ്ടും അവ അനുഗ്രഹിക്കപ്പെട്ടതാണ്.+ 17 കാരണം അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
18 “ഇനി, വിതയ്ക്കുന്നവന്റെ ദൃഷ്ടാന്തം പറയാം.+ 19 ഒരാൾ ദൈവരാജ്യത്തെക്കുറിച്ചുള്ള വചനം കേട്ടിട്ട് അതിന്റെ സാരം മനസ്സിലാക്കുന്നില്ലെന്നിരിക്കട്ടെ. അപ്പോൾ അയാളുടെ ഹൃദയത്തിൽ വിതച്ചതു ദുഷ്ടൻ+ വന്ന് എടുത്തുകൊണ്ടുപോകുന്നു. ഇതാണു വഴിയരികെ വിതച്ച വിത്ത്.+ 20 പാറസ്ഥലത്ത് വിതച്ച വിത്തിന്റെ കാര്യം: ഒരാൾ ദൈവവചനം കേൾക്കുന്ന ഉടൻതന്നെ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.+ 21 എന്നാൽ ഉള്ളിലേക്കു വേര് ഇറങ്ങിയിട്ടില്ലാത്തതുകൊണ്ട് കുറച്ച് സമയത്തേക്കു മാത്രമേ അതു നിലനിൽക്കൂ. ദൈവവചനത്തിന്റെ പേരിൽ കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അയാൾ പെട്ടെന്നു വീണുപോകുന്നു. 22 മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തിന്റെ കാര്യമോ: ഒരാൾ ദൈവവചനം കേൾക്കുന്നെങ്കിലും ഈ വ്യവസ്ഥിതിയിലെ* ഉത്കണ്ഠകളും+ ധനത്തിന്റെ വഞ്ചകശക്തിയും വചനത്തെ ഞെരുക്കി അതിനെ ഫലശൂന്യമാക്കുന്നു.+ 23 നല്ല മണ്ണിൽ വിതച്ചതോ, ഒരാൾ ദൈവവചനം കേട്ട് അതിന്റെ സാരം മനസ്സിലാക്കുന്നതാണ്. അതു ഫലം കായ്ച്ച് ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് തരുന്നു.”+
24 യേശു അവരോടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗരാജ്യത്തെ, തന്റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യനോട് ഉപമിക്കാം. 25 ആളുകൾ ഉറക്കമായപ്പോൾ അയാളുടെ ശത്രു വന്ന് ഗോതമ്പിന്റെ ഇടയിൽ കളകൾ വിതച്ചിട്ട് പൊയ്ക്കളഞ്ഞു. 26 ഗോതമ്പു മുളച്ച് വളർന്ന് കതിരായപ്പോഴേക്കും കളകളും വളർന്നുവന്നു. 27 അപ്പോൾ വീട്ടുകാരന്റെ അടിമകൾ വന്ന് ചോദിച്ചു: ‘യജമാനനേ, നല്ല വിത്തല്ലേ അങ്ങ് വയലിൽ വിതച്ചത്? പിന്നെ കളകൾ എങ്ങനെ വന്നു?’ 28 അയാൾ അവരോട്, ‘ഇത് ഒരു ശത്രുവിന്റെ പണിയാണ്’+ എന്നു പറഞ്ഞു. അപ്പോൾ അവർ, ‘ഞങ്ങൾ ചെന്ന് അതു പറിച്ചുകൂട്ടണോ’ എന്നു ചോദിച്ചു. 29 അയാൾ പറഞ്ഞു: ‘വേണ്ടാ; കളകൾ പറിക്കുമ്പോൾ ഗോതമ്പുംകൂടെ പിഴുതുപോരും. 30 കൊയ്ത്തുവരെ രണ്ടും ഒന്നിച്ച് വളരട്ടെ. ആ സമയത്ത് ഞാൻ കൊയ്ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളാക്കാനും പിന്നെ ഗോതമ്പ് എന്റെ സംഭരണശാലയിൽ ശേഖരിക്കാനും പറയും.’”+
31 യേശു അവരോടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗരാജ്യം ഒരു മനുഷ്യൻ അയാളുടെ വയലിൽ വിതച്ച കടുകുമണിപോലെയാണ്.+ 32 വിത്തുകളിൽവെച്ച് ഏറ്റവും ചെറുതാണെങ്കിലും അതു വളർന്ന് തോട്ടത്തിലെ ഏറ്റവും വലുപ്പമുള്ള ഒരു മരമായിത്തീരുന്നു. ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ കൊമ്പുകളിൽ ചേക്കേറുന്നു.”
33 വേറെയും ഒരു ദൃഷ്ടാന്തം യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യം പുളിപ്പിക്കാൻ ഉപയോഗിക്കുന്ന മാവുപോലെയാണ്. ഒരു സ്ത്രീ അത് എടുത്ത് മൂന്നു സെയാ* മാവിൽ കലർത്തിവെച്ചു; അങ്ങനെ അതു മുഴുവൻ പുളിച്ചു.”+
34 യേശു ഇതൊക്കെ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചാണു ജനക്കൂട്ടത്തോടു പറഞ്ഞത്. ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു.+ 35 അങ്ങനെ ഈ പ്രവാചകവചനം നിറവേറി: “ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കും. തുടക്കംമുതൽ* മറഞ്ഞിരിക്കുന്നവ ഞാൻ പ്രസിദ്ധമാക്കും.”+
36 ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം യേശു വീട്ടിലേക്കു പോയി. അപ്പോൾ ശിഷ്യന്മാർ അകത്ത് ചെന്ന്, “വയലിലെ കളകളുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്നു ചോദിച്ചു. 37 അപ്പോൾ യേശു അവരോടു പറഞ്ഞു: “നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ. 38 വയൽ ലോകം.+ നല്ല വിത്തു ദൈവരാജ്യത്തിന്റെ പുത്രന്മാർ. കളകളോ ദുഷ്ടന്റെ പുത്രന്മാർ.+ 39 കളകൾ വിതച്ച ശത്രു പിശാച്. കൊയ്ത്ത്, വ്യവസ്ഥിതിയുടെ* അവസാനകാലം. കൊയ്യുന്നവർ ദൂതന്മാർ. 40 കളകൾ പറിച്ചുകൂട്ടി തീയിലിട്ട് ചുട്ടുകളയുന്നതുപോലെതന്നെ വ്യവസ്ഥിതിയുടെ* അവസാനകാലത്ത് സംഭവിക്കും.+ 41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; ആളുകളെ പാപത്തിൽ വീഴിക്കുന്ന എല്ലാത്തിനെയും നിയമലംഘകരെയും അവർ അവന്റെ രാജ്യത്തുനിന്ന് ശേഖരിച്ച് 42 തീച്ചൂളയിലേക്ക് എറിഞ്ഞുകളയും.+ അവിടെ കിടന്ന് അവർ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും. 43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.+ ചെവിയുള്ളവൻ കേൾക്കട്ടെ.
44 “സ്വർഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന ഒരു നിധിപോലെയാണ്. ഒരു മനുഷ്യൻ അതു കണ്ടപ്പോൾ അവിടെത്തന്നെ ഒളിപ്പിച്ചുവെച്ചിട്ട് സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി.+
45 “കൂടാതെ, സ്വർഗരാജ്യം മേന്മയേറിയ മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയെപ്പോലെയാണ്. 46 അയാൾ വിലയേറിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ പോയി ഉടൻതന്നെ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.+
47 “സ്വർഗരാജ്യം, കടലിലേക്ക് ഇറക്കുന്ന ഒരു വലപോലെയുമാണ്, എല്ലാ തരം മീനുകളെയും പിടിക്കുന്ന ഒരു വല! 48 അതു നിറഞ്ഞപ്പോൾ അവർ അതു വലിച്ച് കരയ്ക്കു കയറ്റി. പിന്നെ അവർ അവിടെ ഇരുന്ന് കൊള്ളാവുന്നവയെയെല്ലാം+ പാത്രങ്ങളിൽ ശേഖരിച്ച് കൊള്ളാത്തവയെ+ എറിഞ്ഞുകളഞ്ഞു. 49 അങ്ങനെതന്നെയായിരിക്കും വ്യവസ്ഥിതിയുടെ* അവസാനകാലത്തും സംഭവിക്കുന്നത്. ദൂതന്മാർ ചെന്ന് നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിച്ച് 50 തീച്ചൂളയിലേക്ക് എറിഞ്ഞുകളയും. അവിടെ കിടന്ന് അവർ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.
51 “ഈ കാര്യങ്ങളുടെയെല്ലാം സാരം നിങ്ങൾക്കു മനസ്സിലായോ” എന്ന് യേശു ചോദിച്ചപ്പോൾ, “മനസ്സിലായി” എന്ന് അവർ പറഞ്ഞു. 52 യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് അതു മനസ്സിലായ സ്ഥിതിക്ക് ഇതുംകൂടെ ഞാൻ പറയാം: സ്വർഗരാജ്യത്തെക്കുറിച്ച് അറിവ് നേടി അതു പഠിപ്പിക്കുന്ന ഏതൊരു ശിഷ്യനും തന്റെ അമൂല്യവസ്തുക്കളുടെ ശേഖരത്തിൽനിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുകാരനെപ്പോലെയാണ്.”
53 ഈ ദൃഷ്ടാന്തങ്ങൾ പറഞ്ഞുതീർന്നശേഷം യേശു അവിടെനിന്ന് പോയി. 54 സ്വന്തം നാട്ടിലെത്തിയ+ യേശു സിനഗോഗിൽ ചെന്ന് ആളുകളെ പഠിപ്പിക്കാൻതുടങ്ങി. അവർ ആശ്ചര്യത്തോടെ പറഞ്ഞു: “ഈ ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവും ഇയാൾക്ക് എവിടെനിന്ന് കിട്ടി?+ 55 ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ?+ ഇയാളുടെ അമ്മയുടെ പേര് മറിയ എന്നല്ലേ? ഇയാളുടെ സഹോദരന്മാരല്ലേ യാക്കോബും യോസേഫും ശിമോനും യൂദാസും?+ 56 ഇയാളുടെ സഹോദരിമാരെല്ലാം നമ്മുടെകൂടെയില്ലേ? പിന്നെ, ഇയാൾക്ക് ഇതൊക്കെ എവിടെനിന്ന് കിട്ടി?”+ 57 ഇങ്ങനെ പറഞ്ഞ് അവർ യേശുവിൽ വിശ്വസിക്കാതിരുന്നു.+ എന്നാൽ യേശു അവരോട്, “ഒരു പ്രവാചകനെ സ്വന്തം നാട്ടുകാരും വീട്ടുകാരും മാത്രമേ ആദരിക്കാതിരിക്കൂ”+ എന്നു പറഞ്ഞു. 58 അവർക്കു വിശ്വാസമില്ലാത്തതുകൊണ്ട് യേശു അവിടെ അധികം അത്ഭുതങ്ങൾ ചെയ്തില്ല.
14 അക്കാലത്ത്, ജില്ലാഭരണാധികാരിയായ ഹെരോദ് യേശുവിനെക്കുറിച്ചുള്ള വാർത്ത കേട്ടിട്ട്+ 2 ഭൃത്യന്മാരോടു പറഞ്ഞു: “ഇതു സ്നാപകയോഹന്നാനാണ്. അയാൾ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അയാൾക്ക് ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്.”+ 3 ഈ ഹെരോദാണു* യോഹന്നാനെ പിടിച്ച് ബന്ധിച്ച് ജയിലിലാക്കിയത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്തത്.+ 4 “ഹെരോദ്യയെ ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ ഹെരോദിനോടു പലവട്ടം പറഞ്ഞിരുന്നു. 5 ഹെരോദ് യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ച് അങ്ങനെ ചെയ്തില്ല. കാരണം, അവർ യോഹന്നാനെ ഒരു പ്രവാചകനായാണു കണ്ടിരുന്നത്.+ 6 എന്നാൽ ഹെരോദിന്റെ ജന്മദിനാഘോഷസമയത്ത്+ ഹെരോദ്യയുടെ മകൾ നൃത്തം ചെയ്ത് ഹെരോദിനെ വളരെ സന്തോഷിപ്പിച്ചു.+ 7 അതുകൊണ്ട് അവൾ ചോദിക്കുന്നത് എന്തും കൊടുക്കാമെന്നു ഹെരോദ് ആണയിട്ട് പറഞ്ഞു. 8 അപ്പോൾ അവൾ അമ്മ പറഞ്ഞതനുസരിച്ച്, “സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം”+ എന്നു പറഞ്ഞു. 9 രാജാവ് ദുഃഖിതനായെങ്കിലും തന്റെ ആണയെയും വിരുന്നുകാരെയും മാനിച്ച് അതു കൊടുക്കാൻ കല്പിച്ചു. 10 രാജാവ് ജയിലിലേക്ക് ആളയച്ച് യോഹന്നാന്റെ തല വെട്ടി. 11 അത് ഒരു തളികയിൽ വെച്ച് ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു. 12 പിന്നെ ശിഷ്യന്മാർ ചെന്ന് യോഹന്നാന്റെ ശരീരം എടുത്തുകൊണ്ടുപോയി അടക്കം ചെയ്തു. എന്നിട്ട് വന്ന് യേശുവിനെ വിവരം അറിയിച്ചു. 13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+
14 കരയ്ക്ക് ഇറങ്ങിയപ്പോൾ യേശു വലിയൊരു ജനക്കൂട്ടത്തെ കണ്ടു; അവരോട് അലിവ് തോന്നിയിട്ട്+ അവർക്കിടയിലെ രോഗികളെ സുഖപ്പെടുത്തി.+ 15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന് എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 16 എന്നാൽ യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്.” 17 അവർ യേശുവിനോട്, “ഞങ്ങളുടെ കൈയിൽ ആകെ അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ” എന്നു പറഞ്ഞു. 18 “അത് ഇങ്ങു കൊണ്ടുവരൂ” എന്നു യേശു പറഞ്ഞു. 19 പിന്നെ യേശു ജനക്കൂട്ടത്തോടു പുൽപ്പുറത്ത് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട് അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനത്തിനു വിതരണം ചെയ്തു. 20 അങ്ങനെ ജനം മുഴുവൻ തിന്ന് തൃപ്തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ട നിറയെയുണ്ടായിരുന്നു.+ 21 കഴിച്ചവരിൽ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു, സ്ത്രീകളും കുട്ടികളും വേറെയും.+ 22 പെട്ടെന്നുതന്നെ, ശിഷ്യന്മാരെ വള്ളത്തിൽ കയറ്റി തനിക്കു മുമ്പേ അക്കരയ്ക്കു പറഞ്ഞുവിട്ടിട്ട് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.+
23 ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാൻവേണ്ടി യേശു തനിച്ചു മലയിലേക്കു പോയി.+ നേരം വളരെ വൈകിയിട്ടും യേശു അവിടെത്തന്നെ ഇരുന്നു. യേശു ഒറ്റയ്ക്കായിരുന്നു. 24 അപ്പോഴേക്കും വള്ളം കരയിൽനിന്ന് ഏറെ* അകലെ എത്തിയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ അതു തിരകളോടു മല്ലിടുകയായിരുന്നു. 25 എന്നാൽ രാത്രിയുടെ നാലാം യാമത്തിൽ* യേശു കടലിനു മുകളിലൂടെ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. 26 യേശു കടലിന്റെ മുകളിലൂടെ നടക്കുന്നതു കണ്ട് ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!” എന്നു പറഞ്ഞ് പേടിച്ച് നിലവിളിച്ചു. 27 ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്. ധൈര്യമായിരിക്ക്.”+ 28 അതിനു പത്രോസ്, “കർത്താവേ, അത് അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന് അങ്ങയുടെ അടുത്ത് വരാൻ എന്നോടു കല്പിക്കണേ” എന്നു പറഞ്ഞു. 29 “വരൂ” എന്ന് യേശു പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റു കണ്ടപ്പോൾ പത്രോസ് ആകെ പേടിച്ചുപോയി. താഴ്ന്നുതുടങ്ങിയ പത്രോസ്, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവിളിച്ചു. 31 യേശു ഉടനെ കൈ നീട്ടി പത്രോസിനെ പിടിച്ചിട്ട്, “നിനക്ക് ഇത്ര വിശ്വാസമേ ഉള്ളോ? നീ എന്തിനാണു സംശയിച്ചത്”+ എന്നു ചോദിച്ചു. 32 അവർ വള്ളത്തിൽ കയറിയപ്പോൾ കൊടുങ്കാറ്റ് അടങ്ങി. 33 അപ്പോൾ വള്ളത്തിലുള്ളവർ, “ശരിക്കും അങ്ങ് ദൈവപുത്രനാണ്” എന്നു പറഞ്ഞ് യേശുവിനെ വണങ്ങി. 34 ഒടുവിൽ അവർ അക്കരെയുള്ള ഗന്നേസരെത്തിൽ എത്തി.+
35 അവിടത്തെ ആളുകൾ യേശുവിനെ തിരിച്ചറിഞ്ഞ് ചുറ്റുമുള്ള നാട്ടിലെല്ലാം വിവരം അറിയിച്ചു. ആളുകൾ എല്ലാ രോഗികളെയും യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. 36 യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും*+ തൊടാൻ അനുവദിക്കണമെന്ന് അവർ യാചിച്ചു. അതിൽ തൊട്ടവരുടെയെല്ലാം രോഗം പൂർണമായും ഭേദമായി.
15 പിന്നീട് യരുശലേമിൽനിന്ന് പരീശന്മാരും ശാസ്ത്രിമാരും+ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: 2 “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം മറികടക്കുന്നത് എന്താണ്? ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവർ കൈ കഴുകുന്നില്ല.”*+
3 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണു പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് ദൈവകല്പന മറികടക്കുന്നത്?+ 4 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച് സംസാരിക്കുന്നവനെ* കൊന്നുകളയണം’+ എന്നും ദൈവം പറഞ്ഞല്ലോ. 5 എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം ഞാൻ ദൈവത്തിനു നേർന്നിരിക്കുന്നു”+ എന്നു പറഞ്ഞാൽ, 6 പിന്നെ അയാൾ അപ്പനെ ബഹുമാനിക്കേണ്ടതേ ഇല്ല.’ അങ്ങനെ പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു.+ 7 കപടഭക്തരേ, നിങ്ങളെക്കുറിച്ച് യശയ്യ ഇങ്ങനെ പ്രവചിച്ചത് എത്ര ശരിയാണ്:+ 8 ‘ഈ ജനം വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്. 9 അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’”+ 10 പിന്നെ യേശു ജനത്തെ അടുത്തേക്കു വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ കേട്ട് ഇതിന്റെ സാരം മനസ്സിലാക്കൂ:+ 11 ഒരു വ്യക്തിയുടെ വായിലേക്കു പോകുന്നതല്ല, വായിൽനിന്ന് വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.”+
12 അപ്പോൾ ശിഷ്യന്മാർ വന്ന് യേശുവിനോട്, “അങ്ങ് പറഞ്ഞതു കേട്ട് പരീശന്മാർക്കു ദേഷ്യം വന്നെന്നു* തോന്നുന്നു”+ എന്നു പറഞ്ഞു. 13 അപ്പോൾ യേശു അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ എന്റെ പിതാവ് നടാത്ത എല്ലാ ചെടിയും വേരോടെ പറിച്ചുകളയുന്ന സമയം വരും. 14 അവരെ നോക്കേണ്ടാ. അവർ അന്ധരായ വഴികാട്ടികളാണ്. അന്ധൻ അന്ധനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും.”+ 15 പത്രോസ് യേശുവിനോട്, “ആ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്നു ചോദിച്ചു. 16 അപ്പോൾ യേശു പറഞ്ഞു: “ഇത്രയൊക്കെയായിട്ടും നിങ്ങൾക്കും മനസ്സിലാകുന്നില്ലെന്നോ!+ 17 വായിലേക്കു പോകുന്നതെന്തും വയറ്റിൽ ചെന്നിട്ട് പുറത്തേക്കു പോകുമെന്നു നിങ്ങൾക്ക് അറിയില്ലേ? 18 എന്നാൽ വായിൽനിന്ന് വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്. അതാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്.+ 19 ഉദാഹരണത്തിന്, ദുഷ്ടചിന്തകൾ, അതായത് കൊലപാതകം, വ്യഭിചാരം, ലൈംഗിക അധാർമികത,* മോഷണം, കള്ളസാക്ഷ്യം, ദൈവനിന്ദ എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്.+ 20 ഇവയാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. അല്ലാതെ കഴുകാത്ത കൈകൊണ്ട്* ഭക്ഷണം കഴിക്കുന്നതല്ല.”
21 പിന്നെ യേശു അവിടെനിന്ന് സോർ-സീദോൻ പ്രദേശങ്ങളിലേക്കു പോയി.+ 22 അപ്പോൾ ആ പ്രദേശത്തുനിന്നുള്ള ഒരു ഫൊയ്നിക്യക്കാരി വന്ന് യേശുവിനോട് ഉറക്കെ വിളിച്ചുപറഞ്ഞു: “കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ. എന്റെ മകൾക്കു കടുത്ത ഭൂതോപദ്രവം ഉണ്ടാകുന്നു.”+ 23 യേശു പക്ഷേ ആ സ്ത്രീയോട് ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അടുത്ത് വന്ന് യേശുവിനോട്, “ആ സ്ത്രീ അതുതന്നെ പറഞ്ഞുകൊണ്ട് നമ്മുടെ പിന്നാലെ വരുന്നു; അവരെ പറഞ്ഞയയ്ക്കണേ” എന്ന് അപേക്ഷിച്ചു. 24 അപ്പോൾ യേശു, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്”+ എന്നു പറഞ്ഞു. 25 എന്നാൽ ആ സ്ത്രീ താണുവണങ്ങിക്കൊണ്ട് യേശുവിനോട്, “കർത്താവേ, എന്നെ സഹായിക്കണേ” എന്നു യാചിച്ചു. 26 യേശുവോ, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ” എന്നു പറഞ്ഞു. 27 അപ്പോൾ ആ സ്ത്രീ, “അങ്ങ് പറഞ്ഞതു ശരിയാണു കർത്താവേ. പക്ഷേ നായ്ക്കുട്ടികളും യജമാനന്റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ”+ എന്നു പറഞ്ഞു. 28 അപ്പോൾ യേശു, “നിന്റെ വിശ്വാസം അപാരം! നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ആ സ്ത്രീയുടെ മകൾ സുഖം പ്രാപിച്ചു.
29 അവിടെനിന്ന് ഗലീലക്കടലിന് അടുത്തേക്കു+ പോയ യേശു അവിടെയുള്ള ഒരു മലമുകളിൽ ചെന്ന് ഇരുന്നു. 30 വലിയൊരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടി. മുടന്തർ, അംഗവൈകല്യമുള്ളവർ, അന്ധർ, ഊമർ തുടങ്ങി പലരെയും കൊണ്ടുവന്ന് അവർ യേശുവിന്റെ കാൽക്കൽ കിടത്തി. യേശു അവരെ സുഖപ്പെടുത്തി.+ 31 ഊമർ സംസാരിക്കുന്നതും അംഗവൈകല്യമുള്ളവർ സുഖപ്പെടുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാണുന്നതും കണ്ട് ജനം അതിശയിച്ച് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.+
32 യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഈ ജനക്കൂട്ടത്തോട് എനിക്ക് അലിവ് തോന്നുന്നു.+ മൂന്നു ദിവസമായി ഇവർ എന്റെകൂടെയാണല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല. വിശന്നിരിക്കുന്ന ഇവരെ ഒന്നും കൊടുക്കാതെ പറഞ്ഞയയ്ക്കാൻ എനിക്കു മനസ്സുവരുന്നില്ല. ഇവർ വഴിയിൽ കുഴഞ്ഞുവീണാലോ?”+ 33 പക്ഷേ ശിഷ്യന്മാർ യേശുവിനോട്, “ഇത്ര വലിയ ഒരു ജനക്കൂട്ടത്തിനു കൊടുക്കാൻമാത്രം അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത് എവിടെനിന്ന് കിട്ടാനാണ്”+ എന്നു ചോദിച്ചു. 34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്” എന്നു ചോദിച്ചപ്പോൾ അവർ, “ഏഴെണ്ണമുണ്ട്, കുറച്ച് ചെറുമീനും” എന്നു പറഞ്ഞു. 35 ജനക്കൂട്ടത്തോടു നിലത്ത് ഇരിക്കാൻ നിർദേശിച്ചശേഷം 36 യേശു ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തോടു നന്ദി പറഞ്ഞിട്ട്, നുറുക്കി ശിഷ്യന്മാർക്കു കൊടുത്തുതുടങ്ങി. അവർ അതു ജനത്തിനു വിതരണം ചെയ്തു.+ 37 അവരെല്ലാം തിന്ന് തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങൾ ഏഴു വലിയ കൊട്ടകളിൽ നിറച്ചെടുത്തു.+ 38 കഴിച്ചവരിൽ 4,000 പുരുഷന്മാരുണ്ടായിരുന്നു, സ്ത്രീകളും കുട്ടികളും വേറെയും. 39 ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദപ്രദേശത്ത് എത്തി.+
16 പരീശന്മാരും സദൂക്യരും വന്ന് യേശുവിനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ ആവശ്യപ്പെട്ടു.+ 2 അപ്പോൾ യേശു അവരോടു പറഞ്ഞു: “സന്ധ്യാസമയത്ത്, ‘ആകാശം ചുവന്നിരിക്കുന്നതുകൊണ്ട് ഇന്നു കാലാവസ്ഥ നല്ലതായിരിക്കും’ എന്നു നിങ്ങൾ പറയുന്നു. 3 എന്നാൽ രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കുന്നതുകൊണ്ട് ഇന്നു തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാറുണ്ടല്ലോ. ആകാശത്തിന്റെ ഭാവമാറ്റങ്ങൾ നിങ്ങൾ വിവേചിച്ചറിയുന്നു. എന്നാൽ കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നില്ല. 4 ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും* ഒരു തലമുറ അടയാളം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോനയുടെ അടയാളമല്ലാതെ+ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.”+ ഇതു പറഞ്ഞിട്ട് യേശു അവരെ വിട്ട് പോയി.
5 ശിഷ്യന്മാർ അക്കരയ്ക്കു പോയി. അവർ അപ്പം എടുക്കാൻ മറന്നുപോയിരുന്നു.+ 6 യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം.”+ 7 ഇതു കേട്ട അവർ, “നമ്മൾ അപ്പം എടുക്കാൻ മറന്നതുകൊണ്ടായിരിക്കും” എന്നു തമ്മിൽ പറഞ്ഞു. 8 ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? നിങ്ങൾ എന്തിനാണ് അപ്പമില്ലാത്തതിനെക്കുറിച്ച് തമ്മിൽത്തമ്മിൽ പറയുന്നത്? 9 ഇപ്പോഴും നിങ്ങൾക്കു കാര്യം പിടികിട്ടുന്നില്ലേ? അഞ്ച് അപ്പം 5,000 പേർക്കു കൊടുത്തിട്ട് എത്ര കൊട്ട നിറച്ചെടുത്തെന്നു നിങ്ങൾ ഓർക്കുന്നില്ലേ?+ 10 ഏഴ് അപ്പം 4,000 പേർക്കു കൊടുത്തിട്ട് എത്ര കൊട്ട* നിറച്ചെടുത്തെന്നും നിങ്ങൾക്ക് ഓർമയില്ലേ?+ 11 ഞാൻ പറഞ്ഞത് അപ്പത്തിന്റെ കാര്യമല്ലെന്നു നിങ്ങൾ തിരിച്ചറിയാത്തത് എന്താണ്? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിന്+ എതിരെ ജാഗ്രത പാലിക്കാനാണു ഞാൻ പറഞ്ഞത്.” 12 അങ്ങനെ, അപ്പം ഉണ്ടാക്കുന്ന പുളിച്ച മാവിന്റെ കാര്യമല്ല, പരീശന്മാരും സദൂക്യരും പഠിപ്പിക്കുന്ന കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനാണു യേശു പറഞ്ഞതെന്ന് അവർക്കു മനസ്സിലായി.
13 കൈസര്യഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ യേശു ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത്” എന്നു ചോദിച്ചു.+ 14 “ചിലർ സ്നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെമ്യയോ ഏതോ ഒരു പ്രവാചകനോ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു. 15 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” 16 ശിമോൻ പത്രോസ് പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്.”+ 17 അപ്പോൾ യേശു പത്രോസിനോട്: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.+ 18 ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്;+ ഈ പാറമേൽ+ ഞാൻ എന്റെ സഭ പണിയും. ശവക്കുഴിയുടെ* കവാടങ്ങൾ അതിനെ ജയിച്ചടക്കില്ല. 19 സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ എന്തു കെട്ടിയാലും അത് അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നീ ഭൂമിയിൽ എന്ത് അഴിച്ചാലും അത് അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.” 20 പിന്നെ, താൻ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു യേശു ശിഷ്യന്മാരോടു കർശനമായി പറഞ്ഞു.+
21 ആ സമയംമുതൽ യേശു, താൻ യരുശലേമിലേക്കു പോകേണ്ടതാണെന്നും മൂപ്പന്മാരും* മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും പല വിധത്തിൽ തന്നെ ഉപദ്രവിക്കുമെന്നും ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങി. കൂടാതെ താൻ കൊല്ലപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും+ യേശു അവരോടു പറഞ്ഞു. 22 ഇതു കേട്ടപ്പോൾ പത്രോസ് യേശുവിനെ മാറ്റിനിറുത്തി ശകാരിച്ചു. പത്രോസ് പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.”+ 23 അപ്പോൾ യേശു പുറംതിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്* മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്.”+
24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം* എടുത്ത് എന്നെ അനുഗമിക്കട്ടെ.+ 25 ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയാൽ അയാൾക്ക് അതു തിരികെ കിട്ടും.+ 26 വാസ്തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം?+ അല്ല, ഒരാൾ തന്റെ ജീവനു പകരമായി+ എന്തു കൊടുക്കും? 27 മനുഷ്യപുത്രൻ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരോടൊപ്പം വരുമ്പോൾ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കും.+ 28 ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ് മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
17 ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയരമുള്ള ഒരു മലയിലേക്കു പോയി.+ 2 യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.*+ 3 അപ്പോൾ അതാ, മോശയും ഏലിയയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നു. 4 പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്ക് ഇവിടെ വരാൻ കഴിഞ്ഞത് എത്ര നന്നായി! വേണമെങ്കിൽ ഞാൻ ഇവിടെ മൂന്നു കൂടാരം ഉണ്ടാക്കാം; ഒന്ന് അങ്ങയ്ക്കും ഒന്നു മോശയ്ക്കും പിന്നെ ഒന്ന് ഏലിയയ്ക്കും.” 5 പത്രോസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. 6 ഇതു കേട്ട് വല്ലാതെ പേടിച്ചുപോയ ശിഷ്യന്മാർ നിലത്ത് കമിഴ്ന്നുവീണു. 7 അപ്പോൾ യേശു അടുത്ത് ചെന്ന് അവരെ തൊട്ട്, “പേടിക്കേണ്ടാ, എഴുന്നേൽക്കൂ” എന്നു പറഞ്ഞു. 8 അവർ തല പൊക്കി നോക്കിയപ്പോൾ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല. 9 മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുവരെ ഈ ദർശനത്തെക്കുറിച്ച് ആരോടും പറയരുത്” എന്നു കല്പിച്ചു.+
10 അപ്പോൾ ശിഷ്യന്മാർ യേശുവിനോട്, “പിന്നെ എന്താണ് ആദ്യം ഏലിയ വരുമെന്നു ശാസ്ത്രിമാർ പറയുന്നത്” എന്നു ചോദിച്ചു.+ 11 യേശു അവരോടു പറഞ്ഞു: “ഉറപ്പായും ഏലിയ വരും, വന്ന് എല്ലാം നേരെയാക്കും.+ 12 പക്ഷേ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയ വന്നുകഴിഞ്ഞു. അവരോ ഏലിയയെ തിരിച്ചറിഞ്ഞില്ല. തോന്നിയതുപോലെയെല്ലാം അവർ ഏലിയയോടു ചെയ്തു.+ അങ്ങനെതന്നെ മനുഷ്യപുത്രനും അവരുടെ കൈയാൽ കഷ്ടം സഹിക്കാൻപോകുന്നു.”+ 13 യേശു സ്നാപകയോഹന്നാനെക്കുറിച്ചാണു പറഞ്ഞതെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി.
14 അവർ ജനക്കൂട്ടത്തിന്+ അടുത്തേക്കു ചെന്നപ്പോൾ ഒരാൾ യേശുവിന്റെ അടുത്തു വന്ന് മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: 15 “കർത്താവേ, എന്റെ മകനോടു കരുണ തോന്നണേ. അപസ്മാരം കാരണം അവൻ വല്ലാതെ കഷ്ടപ്പെടുന്നു. കൂടെക്കൂടെ അവൻ തീയിലും വെള്ളത്തിലും വീഴുന്നു.+ 16 ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുത്ത് കൊണ്ടുചെന്നു. പക്ഷേ അവർക്ക് അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല.” 17 അപ്പോൾ യേശു പറഞ്ഞു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” 18 യേശു ഭൂതത്തെ ശകാരിച്ചു; അത് അവനിൽനിന്ന് പുറത്ത് വന്നു. അപ്പോൾത്തന്നെ കുട്ടിക്കു സുഖമായി.+ 19 പിന്നെ മറ്റാരുമില്ലാത്തപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അതെന്താ ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്?” 20 യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ വിശ്വാസക്കുറവ് കാരണമാണ്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കില്ല.”+ 21 *——
22 അവർ ഗലീലയിൽ ഒരുമിച്ചുകൂടിയിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും.+ 23 അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+ ഇതു കേട്ട് അവർക്കു വലിയ സങ്കടമായി.
24 അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ നികുതിപ്പണമായി രണ്ടു-ദ്രഹ്മ* പിരിക്കുന്നവർ പത്രോസിന്റെ അടുത്ത് ചെന്ന്, “നിങ്ങളുടെ ഗുരു രണ്ടു-ദ്രഹ്മ നികുതി കൊടുക്കാറില്ലേ”+ എന്നു ചോദിച്ചു. 25 “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു. പക്ഷേ പത്രോസ് വീട്ടിലേക്കു കയറിയ ഉടനെ യേശു ചോദിച്ചു: “ശിമോനേ, നിനക്ക് എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ* വാങ്ങുന്നത് ആരിൽനിന്നാണ്? മക്കളിൽനിന്നോ അതോ മറ്റുള്ളവരിൽനിന്നോ?” 26 “മറ്റുള്ളവരിൽനിന്ന്” എന്നു പത്രോസ് പറഞ്ഞപ്പോൾ യേശു പറഞ്ഞു: “അങ്ങനെയെങ്കിൽ മക്കൾ നികുതിയിൽനിന്ന് ഒഴിവുള്ളവരാണല്ലോ. 27 എന്നാൽ നമുക്ക് അവരെ മുഷിപ്പിക്കേണ്ടാ.*+ അതുകൊണ്ട് നീ കടലിൽ ചെന്ന് ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ നീ ഒരു വെള്ളിനാണയം* കാണും. അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്കുക.”
18 അപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “ശരിക്കും ആരാണു സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ?”+ 2 യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി 3 അവരോടു പറഞ്ഞു: “നിങ്ങൾ മാറ്റം വരുത്തി കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ+ ഒരുതരത്തിലും നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കില്ല+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 4 അതുകൊണ്ട് ഈ കുട്ടിയെപ്പോലെ താഴ്മയുള്ളവനായിരിക്കും സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ.+ 5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. 6 എന്നാൽ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ പുറങ്കടലിൽ താഴ്ത്തുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.+
7 “തടസ്സങ്ങൾ വെച്ച് ആളുകളെ വീഴിക്കാൻ നോക്കുന്ന ലോകത്തിന്റെ കാര്യം കഷ്ടം! മാർഗതടസ്സങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും. എന്നാൽ തടസ്സങ്ങൾ വെക്കുന്നവന്റെ കാര്യം കഷ്ടം! 8 പാപം ചെയ്യാൻ* നിന്റെ കൈയോ കാലോ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക.+ രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി ഒരിക്കലും കെടാത്ത തീയിലേക്ക് എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 9 പാപം ചെയ്യാൻ* നിന്റെ കണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. രണ്ടു കണ്ണും ഉള്ളവനായി എരിയുന്ന ഗീഹെന്നയിലേക്ക്* എറിയപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 10 ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; കാരണം സ്വർഗത്തിൽ അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണെന്നു+ ഞാൻ നിങ്ങളോടു പറയുന്നു. 11 *——
12 “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് 100 ആടുണ്ടെന്നു കരുതുക. അവയിൽ ഒന്നു കൂട്ടംതെറ്റിപ്പോയാൽ+ അയാൾ 99-നെയും മലകളിൽത്തന്നെ വിട്ടിട്ട് കൂട്ടംതെറ്റിയതിനെ തിരഞ്ഞുപോകില്ലേ?+ 13 അതിനെ കണ്ടെത്തിയാലുള്ള സന്തോഷം, കൂട്ടംതെറ്റിപ്പോകാത്ത 99-നെയും ഓർത്തുള്ള സന്തോഷത്തെക്കാൾ വലുതായിരിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 14 അതുപോലെതന്നെ, ഈ ചെറിയവരിൽ ഒരാൾപ്പോലും നശിച്ചുപോകുന്നതു സ്വർഗസ്ഥനായ എന്റെ* പിതാവിന് ഇഷ്ടമല്ല.+
15 “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ+ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക.* അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി.+ 16 അദ്ദേഹം നീ പറയുന്നതു കേൾക്കുന്നില്ലെങ്കിൽ, ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം.+ 17 അദ്ദേഹം അവരെയും കൂട്ടാക്കുന്നില്ലെങ്കിൽ സഭയെ അറിയിക്കുക. സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ ജനതകളിൽപ്പെട്ടവനെപ്പോലെയും+ നികുതിപിരിവുകാരനെപ്പോലെയും കണക്കാക്കുക.+
18 “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ എന്തു കെട്ടിയാലും അത് അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നിങ്ങൾ ഭൂമിയിൽ എന്ത് അഴിച്ചാലും അത് അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും. 19 ഒരു കാര്യംകൂടി ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: പ്രാധാന്യമുള്ള ഏതൊരു കാര്യത്തെക്കുറിച്ചും ഭൂമിയിൽ നിങ്ങൾ രണ്ടു പേർ യോജിപ്പോടെ അപേക്ഷിച്ചാൽ സ്വർഗസ്ഥനായ എന്റെ പിതാവ് അതു ചെയ്തുതരും.+ 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവന്നാൽ+ അവിടെ അവരുടെ ഇടയിൽ ഞാനുണ്ട്.”
21 അപ്പോൾ പത്രോസ് വന്ന് യേശുവിനോടു ചോദിച്ചു: “കർത്താവേ, എന്നോടു പാപം ചെയ്യുന്ന സഹോദരനോടു ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു തവണ മതിയോ?” 22 യേശു പത്രോസിനോടു പറഞ്ഞു: “7 അല്ല, 77 തവണ+ എന്നു ഞാൻ പറയുന്നു.
23 “അതുകൊണ്ടുതന്നെ സ്വർഗരാജ്യത്തെ, തന്റെ അടിമകളുമായി കണക്കു തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോടു താരതമ്യപ്പെടുത്താം. 24 കണക്കു തീർത്തുതുടങ്ങിയപ്പോൾ, അദ്ദേഹത്തിന് 10,000 താലന്തു* കൊടുത്തുതീർക്കാനുള്ള ഒരാളെ അവിടെ കൊണ്ടുവന്നു. 25 എന്നാൽ അതു കൊടുത്തുതീർക്കാൻ അയാൾക്കു വകയില്ലാത്തതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും ഉൾപ്പെടെ അയാൾക്കുള്ളതെല്ലാം വിറ്റ് കടം വീട്ടാൻ രാജാവ് കല്പിച്ചു.+ 26 അപ്പോൾ ആ അടിമ അദ്ദേഹത്തിന്റെ മുന്നിൽ വീണ് താണുവണങ്ങി ഇങ്ങനെ പറഞ്ഞു: ‘എനിക്കു കുറച്ച് സമയം തരണേ; ഞാൻ എല്ലാം തന്നുതീർത്തുകൊള്ളാം.’ 27 മനസ്സ് അലിഞ്ഞ രാജാവ് അടിമയെ വിട്ടയച്ചു; അയാളുടെ കടവും എഴുതിത്തള്ളി.+ 28 എന്നാൽ ആ അടിമ രാജാവിന്റെ മറ്റൊരു അടിമയെ പോയി കണ്ടു. തനിക്ക് 100 ദിനാറെ* തരാനുണ്ടായിരുന്ന അയാളുടെ കഴുത്തിനു പിടിച്ച് ഞെരിച്ചുകൊണ്ട്, ‘എനിക്കു തരാനുള്ള കടം തന്നുതീർക്ക്’ എന്നു പറഞ്ഞു. 29 അപ്പോൾ ആ അടിമ അയാളുടെ മുന്നിൽ വീണ് അയാളോടു കരഞ്ഞപേക്ഷിച്ചു: ‘എനിക്ക് കുറച്ച് സമയം തരണേ; ഞാൻ കടം തന്നുതീർത്തുകൊള്ളാം.’ 30 എന്നാൽ അയാൾ അതിനു സമ്മതിച്ചില്ല. പകരം, തനിക്കു തരാനുള്ളതു തന്നുതീർക്കുന്നതുവരെ അയാളെ ജയിലിലാക്കി. 31 ഇതു കണ്ടപ്പോൾ മറ്റ് അടിമകൾക്ക് ആകെ വിഷമമായി. അവർ ചെന്ന്, നടന്നതൊക്കെ രാജാവിനെ അറിയിച്ചു. 32 അപ്പോൾ രാജാവ് അയാളെ വിളിപ്പിച്ച് അയാളോടു പറഞ്ഞു: ‘ദുഷ്ടനായ അടിമേ, നീ കെഞ്ചിയപേക്ഷിച്ചപ്പോൾ നിന്റെ കടമൊക്കെ ഞാൻ എഴുതിത്തള്ളിയില്ലേ? 33 ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹയടിമയോടു കരുണ കാണിക്കേണ്ടതല്ലായിരുന്നോ?’+ 34 അങ്ങേയറ്റം ദേഷ്യം വന്ന രാജാവ്, കടം മുഴുവൻ വീട്ടുന്നതുവരെ അയാളെ ജയിലിൽ അടയ്ക്കാൻ പറഞ്ഞ് ജയിലധികാരികളെ ഏൽപ്പിച്ചു. 35 നിങ്ങൾ ഓരോരുത്തനും സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ എന്റെ സ്വർഗീയപിതാവ് നിങ്ങളോടും ഇതുപോലെ ചെയ്യും.”+
19 ഈ കാര്യങ്ങൾ പറഞ്ഞുതീർന്നശേഷം യേശു ഗലീലയിൽനിന്ന് യോർദാന് അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തി.+ 2 വലിയൊരു ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. അവിടെവെച്ച് യേശു അവരെ സുഖപ്പെടുത്തി.
3 യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ യേശുവിന്റെ അടുത്ത് ചെന്നു. അവർ ചോദിച്ചു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ?”*+ 4 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും+ 5 ‘അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’+ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? 6 അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+ 7 അപ്പോൾ അവർ യേശുവിനോട്, “പക്ഷേ അങ്ങനെയെങ്കിൽ മോചനപത്രം കൊടുത്തിട്ട് വിവാഹമോചനം ചെയ്തുകൊള്ളാൻ+ മോശ പറഞ്ഞത് എന്താണ്” എന്നു ചോദിച്ചു. 8 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക് അനുവാദം തന്നത്.+ എന്നാൽ ആദിയിൽ+ അങ്ങനെയായിരുന്നില്ല. 9 അതുകൊണ്ട് ഞാൻ പറയുന്നു: ലൈംഗിക അധാർമികതയാണു* വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”+
10 ശിഷ്യന്മാർ യേശുവിനോട്, “ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യം ഇങ്ങനെയാണെങ്കിൽ കല്യാണം കഴിക്കാത്തതാണു നല്ലത്” എന്നു പറഞ്ഞു. 11 യേശു അവരോട്, “വരം+ ലഭിച്ചവരല്ലാതെ മറ്റാരും ഇപ്പറഞ്ഞതുപോലെ ചെയ്യാറില്ല. 12 ഷണ്ഡന്മാരായി* ജനിച്ചവരുണ്ട്, മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുണ്ട്. എന്നാൽ, സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ” എന്നു പറഞ്ഞു.+
13 യേശു കൈകൾ വെച്ച് പ്രാർഥിക്കാൻവേണ്ടി ചിലർ കുട്ടികളെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14 എന്നാൽ യേശു പറഞ്ഞു: “കുട്ടികളെ ഇങ്ങു വിടൂ. അവരെ തടയേണ്ടാ. സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.”+ 15 യേശു അവരുടെ മേൽ കൈകൾ വെച്ചശേഷം* അവിടെനിന്ന് പോയി.
16 അപ്പോൾ ഒരാൾ യേശുവിന്റെ അടുത്ത് വന്ന്, “ഗുരുവേ, നിത്യജീവൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യമാണു ചെയ്യേണ്ടത്”+ എന്നു ചോദിച്ചു. 17 യേശു അയാളോടു പറഞ്ഞു: “നല്ലത് എന്താണെന്നു നീ എന്തിനാണ് എന്നോടു ചോദിക്കുന്നത്? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്പനകൾ അനുസരിച്ച് ജീവിക്കുക.”+ 18 “ഏതെല്ലാം കല്പനകൾ” എന്ന് അയാൾ ചോദിച്ചപ്പോൾ യേശു പറഞ്ഞു: “കൊല ചെയ്യരുത്;+ വ്യഭിചാരം ചെയ്യരുത്;+ മോഷ്ടിക്കരുത്;+ കള്ളസാക്ഷി പറയരുത്;+ 19 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക;+ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.”+ 20 ആ യുവാവ് യേശുവിനോടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസരിക്കുന്നുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?” 21 യേശു അയാളോടു പറഞ്ഞു: “എല്ലാം തികഞ്ഞവനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും;+ എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.”+ 22 ആ യുവാവ് ഇതു കേട്ട് ആകെ സങ്കടപ്പെട്ട് അവിടെനിന്ന് പോയി. കാരണം അയാൾക്കു ധാരാളം വസ്തുവകകളുണ്ടായിരുന്നു.+ 23 അപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനികനു സ്വർഗരാജ്യത്തിൽ കടക്കാൻ പ്രയാസമാണെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 24 ഞാൻ വീണ്ടും പറയുന്നു, ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”+
25 അതു കേട്ട ശിഷ്യന്മാർ ആകെ അമ്പരന്ന്, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ”+ എന്നു ചോദിച്ചു. 26 യേശു അവരുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു: “അതു മനുഷ്യർക്ക് അസാധ്യം. എന്നാൽ ദൈവത്തിന് എല്ലാം സാധ്യം.”+
27 അപ്പോൾ പത്രോസ് യേശുവിനോടു ചോദിച്ചു: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു;+ ഞങ്ങൾക്ക് എന്തു കിട്ടും?” 28 യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.+ 29 എന്റെ പേരിനെപ്രതി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്നവർക്കെല്ലാം ഇതൊക്കെ നൂറു മടങ്ങു തിരിച്ചുകിട്ടും; അയാൾ നിത്യജീവനും അവകാശമാക്കും.+
30 “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.+
20 “മുന്തിരിത്തോട്ടത്തിലേക്കു പണിക്കാരെ കൂലിക്കു വിളിക്കാൻ അതിരാവിലെ ഇറങ്ങിയ ഒരു വീട്ടുകാരനെപ്പോലെയാണു സ്വർഗരാജ്യം.+ 2 പണിക്കാരോടു ദിവസം ഒരു ദിനാറെ* കൂലി പറഞ്ഞൊത്ത് അയാൾ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. 3 ഏകദേശം മൂന്നാം മണി* നേരത്ത് അയാൾ വീണ്ടും പുറത്ത് പോയപ്പോൾ മറ്റു ചിലർ പണിയില്ലാതെ ചന്തസ്ഥലത്ത് നിൽക്കുന്നതു കണ്ടു. 4 അയാൾ അവരോടു പറഞ്ഞു: ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു പൊയ്ക്കോ; ന്യായമായ കൂലി തരാം.’ 5 അങ്ങനെ, അവർ പോയി. അയാൾ പിന്നെയും ഏകദേശം ആറാം മണി* നേരത്തും ഒൻപതാം മണി* നേരത്തും പുറത്ത് പോയി അങ്ങനെതന്നെ ചെയ്തു. 6 ഒടുവിൽ, ഏകദേശം 11-ാം മണി* നേരത്ത് അയാൾ പുറത്ത് പോയപ്പോൾ വേറെ ചിലർ അവിടെ നിൽക്കുന്നതു കണ്ട് അവരോട്, ‘നിങ്ങൾ പണിക്കു പോകാതെ ദിവസം മുഴുവൻ ഇവിടെ നിന്നത് എന്താണ്’ എന്നു ചോദിച്ചു. 7 ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവർ പറഞ്ഞു. അപ്പോൾ അയാൾ അവരോട്, ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ല്’ എന്നു പറഞ്ഞു.
8 “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച് കൂലി കൊടുക്ക്.+ അവസാനം വന്നവർതൊട്ട് വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക് അവസാനവും.’ 9 11-ാം മണി നേരത്ത് വന്നവർക്ക് ഓരോ ദിനാറെ* കിട്ടി. 10 അതു കണ്ടപ്പോൾ ആദ്യം വന്നവർ കൂടുതൽ കിട്ടുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അവർക്കും ഓരോ ദിനാറെയാണു* കിട്ടിയത്. 11 അപ്പോൾ അവർ വീട്ടുകാരനു നേരെ ഇങ്ങനെ പിറുപിറുത്തു: 12 ‘ഒടുവിൽ വന്ന ഇവർ ഒരു മണിക്കൂറേ പണിയെടുത്തുള്ളൂ. ഞങ്ങളാകട്ടെ പൊള്ളുന്ന ചൂടും സഹിച്ച് ദിവസം മുഴുവൻ അധ്വാനിച്ചു. എന്നിട്ടും താങ്കൾ ഇവരെ ഞങ്ങളോടു തുല്യരാക്കിയല്ലോ.’ 13 അയാൾ അവരിൽ ഒരാളോടു പറഞ്ഞു: ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമൊന്നും ചെയ്യുന്നില്ലല്ലോ. ഒരു ദിനാറെയല്ലേ* ഞാൻ നിന്നോടു പറഞ്ഞൊത്തത്?+ 14 നിനക്കുള്ളതു വാങ്ങി പൊയ്ക്കൊള്ളുക. നിനക്കു തന്നതുപോലെതന്നെ ഒടുവിൽ വന്ന ഇയാൾക്കും കൊടുക്കാനാണ് എനിക്ക് ഇഷ്ടം. 15 എനിക്കുള്ളതുകൊണ്ട് എന്റെ ഇഷ്ടംപോലെ ചെയ്യാൻ എനിക്ക് അവകാശമില്ലേ? അതോ ഞാൻ നല്ലവനായതുകൊണ്ടുള്ള* അസൂയയാണോ+ നിനക്ക്?’* 16 ഇതുപോലെ, പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.”+
17 യരുശലേമിലേക്കു പോകുംവഴി യേശു 12 ശിഷ്യന്മാരെ ഒറ്റയ്ക്കു മാറ്റിനിറുത്തി അവരോടു പറഞ്ഞു:+ 18 “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച്+ 19 ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ പരിഹസിക്കുകയും ചാട്ടയ്ക്ക് അടിക്കുകയും സ്തംഭത്തിലേറ്റി കൊല്ലുകയും ചെയ്യും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+
20 പിന്നെ സെബെദിപുത്രന്മാരുടെ അമ്മ+ തന്റെ പുത്രന്മാരോടൊപ്പം യേശുവിന്റെ അടുത്ത് വന്ന് വണങ്ങിയിട്ട് ഒരു അപേക്ഷയുണ്ടെന്ന് അറിയിച്ചു.+ 21 “എന്താണു വേണ്ടത്” എന്നു യേശു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താമെന്നു വാക്കു തരണേ.”+ 22 അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കാനിരിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?”+ “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. 23 യേശു അവരോടു പറഞ്ഞു: “നിങ്ങൾ തീർച്ചയായും എന്റെ പാനപാത്രം കുടിക്കും.+ എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.”+
24 എന്നാൽ ഇതെക്കുറിച്ച് കേട്ടപ്പോൾ മറ്റു പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി.+ 25 എന്നാൽ യേശു അവരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ജനതകളുടെ മേൽ അവരുടെ ഭരണാധികാരികൾ ആധിപത്യം നടത്തുന്നെന്നും ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക് അറിയാമല്ലോ.+ 26 എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്.+ നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 27 നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.+ 28 മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടുക്കാനും ആണ്.”+
29 അവർ യരീഹൊ വിട്ട് പോകുമ്പോൾ, ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. 30 യേശു അതുവഴി പോകുന്നെന്നു കേട്ട്, വഴിയരികെ ഇരുന്ന രണ്ട് അന്ധന്മാർ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.+ 31 മിണ്ടാതിരിക്കാൻ പറഞ്ഞ് ജനക്കൂട്ടം അവരെ ശകാരിച്ചെങ്കിലും, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് അവർ കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 32 യേശു നിന്നിട്ട് അവരെ വിളിച്ച് അവരോട്, “ഞാൻ എന്താണു ചെയ്തുതരേണ്ടത്” എന്നു ചോദിച്ചു. 33 അവർ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരണേ!” 34 യേശു മനസ്സ് അലിഞ്ഞ് അവരുടെ കണ്ണുകളിൽ തൊട്ടു;+ ഉടനെ അവർക്കു കാഴ്ച തിരിച്ചുകിട്ടി. അവർ യേശുവിനെ അനുഗമിച്ചു.
21 അവർ യരുശലേമിന് അടുത്ത് ഒലിവുമലയിലെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു:+ 2 “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിട്ടിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുത്ത് കൊണ്ടുവരുക. 3 ആരെങ്കിലും വല്ലതും ചോദിച്ചാൽ, ‘കർത്താവിന് ഇവയെ ആവശ്യമുണ്ട്’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടുതരും.”
4 ഇങ്ങനെ സംഭവിച്ചതു പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിനായിരുന്നു: 5 “സീയോൻപുത്രിയോടു പറയുക: ‘ഇതാ, സൗമ്യനായ നിന്റെ രാജാവ്+ ചുമട്ടുമൃഗമായ കഴുതയുടെ പുറത്ത്, അതെ, ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി, നിന്റെ അടുത്തേക്കു വരുന്നു.’”+
6 അങ്ങനെ, ശിഷ്യന്മാർ പോയി യേശു പറഞ്ഞതുപോലെതന്നെ ചെയ്തു.+ 7 അവർ കഴുതയെയും കുട്ടിയെയും കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അവയുടെ മേൽ ഇട്ടു. യേശു അവയുടെ പുറത്ത് കയറി ഇരുന്നു.+ 8 ജനക്കൂട്ടത്തിൽ മിക്കവരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ മരച്ചില്ലകൾ വെട്ടി വഴിയിൽ നിരത്തി. 9 യേശുവിനു മുന്നിലും പിന്നിലും ആയി നടന്ന ജനം ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ദാവീദുപുത്രനു രക്ഷ നൽകണേ!+ യഹോവയുടെ* നാമത്തിൽ വരുന്നവൻ+ അനുഗൃഹീതൻ! അത്യുന്നതങ്ങളിൽ വസിക്കുന്നവനേ,+ ദാവീദുപുത്രനു രക്ഷ നൽകണേ.”
10 യേശു യരുശലേമിൽ എത്തിയപ്പോൾ നഗരത്തിലാകെ ബഹളമായി. “ഇത് ആരാണ്” എന്ന് അവരെല്ലാം ചോദിക്കാൻതുടങ്ങി. 11 “ഇതു ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ്”+ എന്നു ജനക്കൂട്ടം പറയുന്നുമുണ്ടായിരുന്നു.
12 യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 13 യേശു അവരോടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥനാലയം എന്ന് അറിയപ്പെടും’+ എന്നാണ് എഴുതിയിരിക്കുന്നത്. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു.”+ 14 അന്ധരും മുടന്തരും ദേവാലയത്തിൽ യേശുവിന്റെ അടുത്ത് വന്നു; യേശു അവരെ സുഖപ്പെടുത്തി.
15 യേശു ചെയ്ത അത്ഭുതകാര്യങ്ങളും “ദാവീദുപുത്രനു രക്ഷ നൽകണേ”+ എന്നു ദേവാലയത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ദേഷ്യപ്പെട്ട്+ 16 യേശുവിനോട്, “ഇവർ പറയുന്നതു നീ കേൾക്കുന്നില്ലേ” എന്നു ചോദിച്ചു. യേശു അവരോട്, “ഉണ്ട്. ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് നീ സ്തുതി പൊഴിക്കുന്നു’+ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ” എന്നു ചോദിച്ചു. 17 പിന്നെ യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബഥാന്യയിൽ ചെന്ന് രാത്രി അവിടെ തങ്ങി.+
18 അതിരാവിലെ നഗരത്തിലേക്കു മടങ്ങിവരുമ്പോൾ യേശുവിനു വിശന്നു.+ 19 വഴിയരികെ ഒരു അത്തി മരം കണ്ട് യേശു അതിന്റെ അടുത്ത് ചെന്നു; എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല.+ യേശു അതിനോട്, “നീ ഇനി ഒരിക്കലും കായ്ക്കാതിരിക്കട്ടെ”+ എന്നു പറഞ്ഞു. പെട്ടെന്നുതന്നെ അത്തി മരം ഉണങ്ങിപ്പോയി. 20 ഇതു കണ്ടപ്പോൾ ശിഷ്യന്മാർ അതിശയിച്ച്, “ഈ അത്തി മരം എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത്”+ എന്നു ചോദിച്ചു. 21 അപ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോടു ചെയ്തതു മാത്രമല്ല അതിലപ്പുറവും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതുപോലും സംഭവിക്കും.+ 22 വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു കിട്ടും.”+
23 യേശു ദേവാലയത്തിൽ ചെന്ന് അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 24 യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം: 25 യോഹന്നാനാലുള്ള സ്നാനം എവിടെനിന്നായിരുന്നു? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* അപ്പോൾ അവർ പരസ്പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’+ എന്ന് അവൻ ചോദിക്കും. 26 ‘മനുഷ്യരിൽനിന്ന്’ എന്നു പറയാമെന്നുവെച്ചാൽ ജനത്തെ പേടിക്കണം. കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണല്ലോ കാണുന്നത്.” 27 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു പറഞ്ഞു: “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.
28 “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു മക്കളുണ്ടായിരുന്നു. അയാൾ മൂത്ത മകന്റെ അടുത്ത് ചെന്ന് അവനോട്, ‘മോനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യ്’ എന്നു പറഞ്ഞു. 29 ‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പിന്നീടു കുറ്റബോധം തോന്നി അവൻ പോയി. 30 അയാൾ ഇളയ മകന്റെ അടുത്ത് ചെന്ന് അങ്ങനെതന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. 31 ഈ രണ്ടു പേരിൽ ആരാണ് അപ്പന്റെ ഇഷ്ടംപോലെ ചെയ്തത്?” “മൂത്തവൻ” എന്ന് അവർ പറഞ്ഞപ്പോൾ യേശു പറഞ്ഞു: “നികുതിപിരിവുകാരും വേശ്യകളും നിങ്ങൾക്കു മുമ്പേ ദൈവരാജ്യത്തിലേക്കു പോകുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 32 കാരണം യോഹന്നാൻ നീതിയുടെ വഴിയേ നിങ്ങളുടെ അടുത്ത് വന്നു. പക്ഷേ നിങ്ങൾ യോഹന്നാനെ വിശ്വസിച്ചില്ല. എന്നാൽ നികുതിപിരിവുകാരും വേശ്യകളും യോഹന്നാനെ വിശ്വസിച്ചു.+ അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്തപിച്ചില്ല, യോഹന്നാനിൽ വിശ്വസിച്ചില്ല.
33 “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷിയിടത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്ക് ഉണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+ 34 വിളവെടുപ്പിനു സമയമായപ്പോൾ തന്റെ ഓഹരി കിട്ടാൻ അയാൾ അടിമകളെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. 35 എന്നാൽ കൃഷിക്കാർ അയാളുടെ അടിമകളെ പിടിച്ച്, ഒരാളെ തല്ലുകയും മറ്റൊരാളെ കൊല്ലുകയും വേറൊരാളെ കല്ലെറിയുകയും ചെയ്തു.+ 36 വീണ്ടും അയാൾ മുമ്പത്തേതിലും കൂടുതൽ അടിമകളെ അയച്ചു. അവർ അവരോടും അങ്ങനെതന്നെ ചെയ്തു.+ 37 ഒടുവിൽ, ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് മകനെയും അവിടേക്ക് അയച്ചു. 38 അയാളുടെ മകനെ കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ അവകാശം കൈക്കലാക്കാം.’ 39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.+ 40 അതുകൊണ്ട് മുന്തിരിത്തോട്ടത്തിന്റെ ഉടമ വരുമ്പോൾ അയാൾ ആ കൃഷിക്കാരെ എന്തു ചെയ്യും?” 41 അവർ യേശുവിനോടു പറഞ്ഞു: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും. എന്നിട്ട് കൃത്യസമയത്ത് തന്റെ ഓഹരി തരുന്ന മറ്റു കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുക്കും.”
42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ? 43 അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും.+ ഈ കല്ല് ആരുടെയെങ്കിലും മേൽ വീണാൽ അയാൾ തവിടുപൊടിയാകും.”+
45 യേശു പറഞ്ഞ ദൃഷ്ടാന്തങ്ങൾ കേട്ടപ്പോൾ മുഖ്യപുരോഹിതന്മാർക്കും പരീശന്മാർക്കും അത് അവരെക്കുറിച്ചാണെന്നു മനസ്സിലായി.+ 46 അവർ യേശുവിനെ പിടിക്കാൻ* ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ചു. കാരണം ജനം യേശുവിനെ ഒരു പ്രവാചകനായാണു+ കണ്ടിരുന്നത്.
22 യേശു പിന്നെയും അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിച്ചു. യേശു പറഞ്ഞു: 2 “സ്വർഗരാജ്യം, തന്റെ മകനുവേണ്ടി വിവാഹവിരുന്ന്+ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണ്. 3 വിവാഹവിരുന്നിനു ക്ഷണിച്ചവരെ കൂട്ടിക്കൊണ്ടുവരാൻ രാജാവ് തന്റെ അടിമകളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല.+ 4 രാജാവ് വീണ്ടും മറ്റ് അടിമകളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ചവരോട് ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കിക്കഴിഞ്ഞു. എന്റെ കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിരിക്കുന്നു. എല്ലാം തയ്യാറായിക്കഴിഞ്ഞു. വിവാഹവിരുന്നിനു വരൂ.”’ 5 എന്നാൽ ക്ഷണം കിട്ടിയവർ അതു ഗൗനിക്കാതെ ഒരാൾ തന്റെ വയലിലേക്കും മറ്റൊരാൾ കച്ചവടത്തിനും പൊയ്ക്കളഞ്ഞു.+ 6 ബാക്കിയുള്ളവർ രാജാവിന്റെ അടിമകളെ പിടിച്ച് അപമാനിച്ച് കൊന്നുകളഞ്ഞു.
7 “അപ്പോൾ രോഷാകുലനായ രാജാവ് തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ കൊന്ന് അവരുടെ നഗരം ചുട്ടുചാമ്പലാക്കി.+ 8 പിന്നെ അടിമകളോടു പറഞ്ഞു: ‘വിവാഹവിരുന്നു തയ്യാറാണ്. പക്ഷേ ക്ഷണം കിട്ടിയവർക്ക് അതിന് അർഹതയില്ലാതെപോയി.+ 9 അതുകൊണ്ട് നിങ്ങൾ നഗരത്തിനു പുറത്തേക്കുള്ള വഴികളിൽ ചെന്ന് ആരെ കണ്ടാലും അവരെ വിവാഹവിരുന്നിനു ക്ഷണിക്കുക.’+ 10 അങ്ങനെ, ആ അടിമകൾ ചെന്ന് ദുഷ്ടന്മാരും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവരെയെല്ലാം കൂട്ടിക്കൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.
11 “രാജാവ് അതിഥികളെ കാണാൻ അകത്ത് ചെന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ കണ്ടു. 12 രാജാവ് അയാളോട്, ‘സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ താങ്കൾ എങ്ങനെ അകത്ത് കടന്നു’ എന്നു ചോദിച്ചു. അയാൾക്ക് ഉത്തരം മുട്ടിപ്പോയി. 13 അപ്പോൾ രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടിലേക്ക് എറിയുക. അവിടെ കിടന്ന് അവൻ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.’
14 “ക്ഷണം കിട്ടിയവർ അനേകരുണ്ട്; പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ്.”
15 പിന്നീട് പരീശന്മാർ ചെന്ന് യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി ഗൂഢാലോചന നടത്തി.+ 16 അങ്ങനെ, അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദിന്റെ അനുയായികളുടെകൂടെ+ യേശുവിന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ ചോദിച്ചു: “ഗുരുവേ, അങ്ങ് സത്യസന്ധനും ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നവനും ആണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് ആളുകളുടെ അംഗീകാരം ആഗ്രഹിക്കുന്നില്ല. കാരണം അങ്ങ് ആരുടെയും മുഖം നോക്കാത്തവനാണല്ലോ. 17 അതുകൊണ്ട് പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ, അങ്ങയ്ക്ക് എന്തു തോന്നുന്നു?” 18 യേശു അവരുടെ ദുഷ്ടത തിരിച്ചറിഞ്ഞ് അവരോടു ചോദിച്ചു: “കപടഭക്തരേ, നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? 19 കരം കൊടുക്കാനുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ* യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 20 യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്” എന്നു ചോദിച്ചു. 21 “സീസറിന്റേത്” എന്ന് അവർ പറഞ്ഞു. അപ്പോൾ യേശു അവരോട്, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. 22 അവർ അതു കേട്ടപ്പോൾ വിസ്മയിച്ച് യേശുവിന്റെ അടുത്തുനിന്ന് പോയി.
23 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അന്നുതന്നെ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു:+ 24 “ഗുരുവേ, ‘ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ വിവാഹം കഴിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണ്’+ എന്നു മോശ പറഞ്ഞല്ലോ. 25 ഞങ്ങൾക്കിടയിൽ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. മക്കളില്ലാത്തതുകൊണ്ട് അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ചു. 26 രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും ഇതുതന്നെ സംഭവിച്ചു. 27 ഒടുവിൽ ആ സ്ത്രീയും മരിച്ചു. 28 പുനരുത്ഥാനത്തിൽ ആ സ്ത്രീ ഈ ഏഴു പേരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ അവർ എല്ലാവരുടെയും ഭാര്യയായിരുന്നല്ലോ.”
29 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കു തെറ്റിപ്പോയി. തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ നിങ്ങൾക്ക് അറിയില്ല.+ 30 പുനരുത്ഥാനത്തിൽ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല; അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.+ 31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ദൈവം നിങ്ങളോട്, 32 ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്.”+ 33 അതു കേട്ട് ജനം യേശുവിന്റെ പഠിപ്പിക്കലിൽ വിസ്മയിച്ചു.+
34 യേശു സദൂക്യരെ മിണ്ടാതാക്കിയെന്നു കേട്ടിട്ട് പരീശന്മാർ സംഘം ചേർന്ന് വന്നു. 35 അവർക്കിടയിൽ നിയമത്തിൽ പാണ്ഡിത്യമുള്ള ഒരാൾ യേശുവിനെ പരീക്ഷിക്കാൻ, 36 “ഗുരുവേ, നിയമത്തിലെ ഏറ്റവും വലിയ കല്പന ഏതാണ്” എന്നു ചോദിച്ചു.+ 37 യേശു അയാളോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+ 38 ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന. 39 ഇതുപോലുള്ളതാണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.’+ 40 മുഴുനിയമവും+ പ്രവാചകവചനങ്ങളും ഈ രണ്ടു കല്പനകളിൽ അധിഷ്ഠിതമാണ്.”
41 പരീശന്മാരുടെ ആ സംഘത്തോടു യേശു ചോദിച്ചു:+ 42 “ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ക്രിസ്തു ആരുടെ മകനാണ്?” “ദാവീദിന്റെ”+ എന്ന് അവർ പറഞ്ഞു. 43 യേശു അവരോടു ചോദിച്ചു: “പിന്നെ എങ്ങനെയാണു ദാവീദ് ദൈവാത്മാവിന്റെ പ്രചോദനത്താൽ+ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുന്നത്? 44 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ* എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു ദാവീദ് പറഞ്ഞല്ലോ. 45 ദാവീദ് ക്രിസ്തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്നെങ്കിൽ ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”+ 46 മറുപടിയായി യേശുവിനോട് ഒരു വാക്കുപോലും പറയാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും യേശുവിനോട് ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടുമില്ല.
23 പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു: 2 “ശാസ്ത്രിമാരും പരീശന്മാരും മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. 3 അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക.+ എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്. കാരണം അവർ പറയുന്നെങ്കിലും അതുപോലെ പ്രവർത്തിക്കുന്നില്ല. 4 അവർ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെച്ചുകൊടുക്കുന്നു.+ എന്നാൽ ചെറുവിരൽകൊണ്ടുപോലും അതൊന്ന് അനക്കാൻ അവർക്കു മനസ്സില്ല.+ 5 മനുഷ്യരെ കാണിക്കാനാണ് അവർ ഓരോന്നും ചെയ്യുന്നത്.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുകയും വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും ചെയ്യുന്നു.+ 6 അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ മുൻനിരയും*+ 7 ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാദനം ചെയ്യുന്നതും റബ്ബി* എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു. 8 എന്നാൽ നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു,+ നിങ്ങളോ എല്ലാവരും സഹോദരന്മാർ. 9 ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്;+ സ്വർഗസ്ഥൻതന്നെ. 10 ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്. 11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനാകണം.+ 12 തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ+ ദൈവം ഉയർത്തും.
13 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിനു സമ്മതിക്കുന്നുമില്ല.+ 14 *——
15 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ* നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. അയാൾ ചേർന്നുകഴിയുമ്പോഴോ നിങ്ങൾ അയാളെ ഗീഹെന്നയ്ക്കു* നിങ്ങളെക്കാൾ ഇരട്ടി അർഹനാക്കുന്നു.
16 “‘ആരെങ്കിലും ദേവാലയത്തെക്കൊണ്ട് സത്യം ചെയ്താൽ സാരമില്ല എന്നും ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട് സത്യം ചെയ്താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’+ എന്നും പറയുന്ന അന്ധരായ വഴികാട്ടികളേ,+ നിങ്ങളുടെ കാര്യം കഷ്ടം! 17 വിഡ്ഢികളേ, അന്ധന്മാരേ, ഏതാണു വലിയത്? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ? 18 ‘ആരെങ്കിലും യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ സാരമില്ല; അതിന്മേലുള്ള കാഴ്ചയെക്കൊണ്ട് സത്യം ചെയ്താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’ എന്നും നിങ്ങൾ പറയുന്നു. 19 അന്ധന്മാരേ, ഏതാണു വലിയത്? കാഴ്ചയോ കാഴ്ചയെ പവിത്രമാക്കുന്ന യാഗപീഠമോ? 20 അതുകൊണ്ട് യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിലുള്ള സകലത്തെയും കൊണ്ട് സത്യം ചെയ്യുന്നു. 21 ദേവാലയത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും+ കൊണ്ട് സത്യം ചെയ്യുന്നു. 22 സ്വർഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ ദൈവസിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും കൊണ്ട് സത്യം ചെയ്യുന്നു.
23 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്നു കൊടുക്കുന്നു.+ എന്നാൽ ന്യായം,+ കരുണ,+ വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു. ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+ 24 അന്ധരായ വഴികാട്ടികളേ,+ നിങ്ങൾ കൊതുകിനെ+ അരിച്ചെടുക്കുന്നു. പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു!+
25 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു.+ അവയുടെ അകം നിറയെ അത്യാഗ്രഹവും*+ സ്വാർഥതയും+ ആണ്. 26 അന്ധനായ പരീശാ, പാനപാത്രത്തിന്റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയായിക്കൊള്ളും.
27 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ വെള്ള പൂശിയ ശവക്കല്ലറകൾപോലെയാണ്.+ അവ പുറമേ ഭംഗിയുള്ളതാണ്. അകത്തോ മരിച്ചവരുടെ അസ്ഥികളും എല്ലാ തരം അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28 അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരാണ്; പക്ഷേ അകമേ കാപട്യവും ധിക്കാരവും* നിറഞ്ഞിരിക്കുന്നു.+
29 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ പണിതും നീതിമാന്മാരുടെ കല്ലറകൾ അലങ്കരിച്ചും കൊണ്ട്,+ 30 ‘പൂർവികരുടെ കാലത്ത് ഞങ്ങളുണ്ടായിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയാൻ ഞങ്ങൾ അവർക്കു കൂട്ടുനിൽക്കില്ലായിരുന്നു’ എന്നു പറയുന്നു. 31 അങ്ങനെ, പ്രവാചകന്മാരെ കൊന്നവരുടെ+ പുത്രന്മാരെന്നു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷി പറയുന്നു. 32 അതുകൊണ്ട് നിങ്ങളുടെ പൂർവികരുടെ പാപത്തിന്റെ അളവുപാത്രം നിങ്ങൾ നിറച്ചുകൊള്ളൂ.
33 “സർപ്പങ്ങളേ, അണലിസന്തതികളേ,+ നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന്*+ എങ്ങനെ രക്ഷപ്പെടും? 34 അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും+ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച് ചാട്ടയ്ക്ക് അടിക്കുകയും+ നഗരംതോറും വേട്ടയാടുകയും+ ചെയ്യും. 35 അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ+ വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്ക്കുവെച്ച് നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ,+ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും. 36 ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
37 “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും+ ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക് അത് ഇഷ്ടമല്ലായിരുന്നു.+ 38 നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷിച്ചിരിക്കുന്നു!*+ 39 ‘യഹോവയുടെ* നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’+ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
24 യേശു ദേവാലയം വിട്ട് പോകുമ്പോൾ, ദേവാലയവും അതിന്റെ മതിലുകളും കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് ചെന്നു. 2 യേശു അവരോടു പറഞ്ഞു: “ഇവയെല്ലാം നിങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
3 യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ, ശിഷ്യന്മാർ തനിച്ച് യേശുവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും*+ വ്യവസ്ഥിതി* അവസാനിക്കാൻപോകുന്നു+ എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?”
4 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ 5 ‘ഞാൻ ക്രിസ്തുവാണ്’ എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും.+ 6 യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. പക്ഷേ, പേടിക്കരുത്. അവ സംഭവിക്കേണ്ടതാണ്. എന്നാൽ അത് അവസാനമല്ല.+
7 “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന്+ എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും+ ഭൂകമ്പങ്ങളും ഉണ്ടാകും.+ 8 ഇതൊക്കെ പ്രസവവേദനയുടെ ആരംഭം മാത്രമാണ്.
9 “അന്ന് ആളുകൾ നിങ്ങളെ ഉപദ്രവിക്കാൻ ഏൽപ്പിച്ചുകൊടുക്കും.+ അവർ നിങ്ങളെ കൊല്ലും.+ എന്റെ പേര് നിമിത്തം എല്ലാ ജനതകളും നിങ്ങളെ വെറുക്കും.+ 10 അപ്പോൾ പലരും വിശ്വാസത്തിൽനിന്ന് വീണുപോകുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. 11 ധാരാളം കള്ളപ്രവാചകന്മാർ എഴുന്നേറ്റ് അനേകരെ വഴിതെറ്റിക്കും.+ 12 നിയമലംഘനം വർധിച്ചുവരുന്നതു കണ്ട് മിക്കവരുടെയും സ്നേഹം തണുത്തുപോകും. 13 എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ 14 ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും+ അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.
15 “അതുകൊണ്ട് ദാനിയേൽ പ്രവാചകൻ പറഞ്ഞതുപോലെ, നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു വിശുദ്ധസ്ഥലത്ത് നിൽക്കുന്നതു കാണുമ്പോൾ+ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) 16 യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.+ 17 പുരമുകളിൽ നിൽക്കുന്നവൻ വീട്ടിലുള്ളത് എടുക്കാൻ താഴെ ഇറങ്ങരുത്. 18 വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്. 19 ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ! 20 നിങ്ങൾക്ക് ഓടിപ്പോകേണ്ടിവരുന്നതു മഞ്ഞുകാലത്തോ ശബത്തുദിവസത്തിലോ ആകാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക. 21 കാരണം ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടത+ അന്ന് ഉണ്ടാകും. 22 ആ നാളുകൾ വെട്ടിച്ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷപ്പെടില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ നാളുകൾ വെട്ടിച്ചുരുക്കും.+
23 “അന്ന് ആരെങ്കിലും നിങ്ങളോട്, ‘ഇതാ, ക്രിസ്തു ഇവിടെ’+ എന്നോ ‘അതാ അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്.+ 24 കാരണം കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും+ എഴുന്നേറ്റ്, കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.+ 25 ഇതാ, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നിരിക്കുന്നു! 26 അതുകൊണ്ട് ആളുകൾ നിങ്ങളോട്, ‘അതാ, ക്രിസ്തു വിജനഭൂമിയിൽ’ എന്നു പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്. ‘ഇതാ, ഉൾമുറിയിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കുകയുമരുത്.+ 27 കാരണം കിഴക്കുനിന്ന് പുറപ്പെടുന്ന മിന്നൽ പടിഞ്ഞാറുവരെ പ്രകാശിക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.*+ 28 ശവമുള്ളിടത്ത് കഴുകന്മാർ വന്നുകൂടും.+
29 “ആ നാളുകളിലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോകും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.+ 30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ എല്ലാ ഗോത്രങ്ങളും നെഞ്ചത്തടിച്ച് വിലപിക്കും.+ മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ആകാശമേഘങ്ങളിൽ വരുന്നത് അവർ കാണും.+ 31 തിരഞ്ഞെടുത്തിരിക്കുന്നവരെ ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലു ദിക്കിൽനിന്നും* കൂട്ടിച്ചേർക്കാൻ+ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ ഉച്ചത്തിലുള്ള കാഹളശബ്ദത്തിന്റെ അകമ്പടിയോടെ അയയ്ക്കും.
32 “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക: അതിന്റെ ഇളങ്കൊമ്പു തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ.+ 33 അതുപോലെ, ഇതെല്ലാം കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് എത്തിയെന്ന്, അവൻ വാതിൽക്കലുണ്ടെന്ന്,+ മനസ്സിലാക്കിക്കൊള്ളുക. 34 ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 35 ആകാശവും ഭൂമിയും നീങ്ങിപ്പോകും. എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+
36 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ 37 നോഹയുടെ നാളുകൾപോലെതന്നെ+ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.*+ 38 ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ+ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. 39 ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ+ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും. 40 അന്നു രണ്ടു പുരുഷന്മാർ വയലിലുണ്ടായിരിക്കും: ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും. 41 രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.+ 42 അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക.* നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.+
43 “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം* വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന് കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ?+ 44 അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.+
45 “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും* ആയ അടിമ ആരാണ്?+ 46 ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം!+ 47 യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
48 “എന്നാൽ ദുഷ്ടനായ ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ താമസിക്കുന്നു’ എന്നു ഹൃദയത്തിൽ പറഞ്ഞ്+ 49 കൂടെയുള്ള അടിമകളെ അടിക്കാനും കുടിയന്മാരോടുകൂടെ തിന്നുകുടിക്കാനും തുടങ്ങുന്നെങ്കിൽ, 50 അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക് അറിയില്ലാത്ത സമയത്ത്+ യജമാനൻ വന്ന് 51 അയാളെ കഠിനമായി ശിക്ഷിച്ച് കപടഭക്തരുടെ കൂട്ടത്തിലേക്കു തള്ളും. അവിടെ കിടന്ന് അയാൾ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.+
25 “സ്വർഗരാജ്യം, മണവാളനെ+ വരവേൽക്കാൻ വിളക്കുകളുമായി+ പുറപ്പെട്ട പത്തു കന്യകമാരെപ്പോലെയാണ്. 2 അവരിൽ അഞ്ചു പേർ വിവേകമില്ലാത്തവരും അഞ്ചു പേർ വിവേകമതികളും* ആയിരുന്നു.+ 3 വിവേകമില്ലാത്തവർ വിളക്കുകൾ എടുത്തെങ്കിലും എണ്ണ എടുത്തില്ല. 4 എന്നാൽ വിവേകമതികൾ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തു. 5 മണവാളൻ വരാൻ വൈകിയപ്പോൾ എല്ലാവർക്കും മയക്കം വന്നു; അവർ ഉറങ്ങിപ്പോയി. 6 അർധരാത്രിയായപ്പോൾ ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു: ‘ഇതാ, മണവാളൻ വരുന്നു! വരവേൽക്കാൻ പുറപ്പെടൂ!’ 7 അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കുകൾ ഒരുക്കി.+ 8 വിവേകമില്ലാത്തവർ വിവേകമതികളോട്, ‘ഞങ്ങളുടെ വിളക്കുകൾ കെട്ടുപോകാറായി; നിങ്ങളുടെ എണ്ണയിൽ കുറച്ച് ഞങ്ങൾക്കും തരൂ’ എന്നു പറഞ്ഞു. 9 അപ്പോൾ വിവേകമതികൾ അവരോടു പറഞ്ഞു: ‘അങ്ങനെ ചെയ്താൽ രണ്ടു കൂട്ടർക്കും തികയാതെ വന്നേക്കാം; അതുകൊണ്ട് നിങ്ങൾ പോയി വിൽക്കുന്നവരുടെ അടുത്തുനിന്ന് വേണ്ടതു വാങ്ങിക്കൊള്ളൂ.’ 10 അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ എത്തി. ഒരുങ്ങിയിരുന്ന കന്യകമാർ വിവാഹവിരുന്നിന്+ അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു; അതോടെ വാതിലും അടച്ചു. 11 കുറെ കഴിഞ്ഞപ്പോൾ മറ്റേ കന്യകമാരും വന്ന്, ‘യജമാനനേ, യജമാനനേ, വാതിൽ തുറന്നുതരണേ’+ എന്ന് അപേക്ഷിച്ചു. 12 അപ്പോൾ അദ്ദേഹം അവരോട്, ‘സത്യമായും എനിക്കു നിങ്ങളെ അറിയില്ല’ എന്നു പറഞ്ഞു.
13 “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക.*+ കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.+
14 “സ്വർഗരാജ്യം, അന്യദേശത്തേക്കു യാത്ര പോകാനിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്. പോകുന്നതിനു മുമ്പ് അയാൾ അടിമകളെ വിളിച്ച് വസ്തുവകകളെല്ലാം അവരെ ഏൽപ്പിച്ചു.+ 15 ഓരോരുത്തർക്കും അവരുടെ പ്രാപ്തിയനുസരിച്ചാണു കൊടുത്തത്; ഒരാൾക്ക് അഞ്ചു താലന്തും* മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും. എന്നിട്ട് അയാൾ യാത്ര പോയി. 16 അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി അതുകൊണ്ട് വ്യാപാരം ചെയ്ത് അഞ്ചുകൂടെ സമ്പാദിച്ചു. 17 അതുപോലെതന്നെ, രണ്ടു താലന്തു കിട്ടിയവൻ രണ്ടുകൂടെ സമ്പാദിച്ചു. 18 എന്നാൽ ഒരു താലന്തു കിട്ടിയവൻ പോയി യജമാനന്റെ പണം* നിലത്ത് കുഴിച്ചിട്ടു.
19 “കാലം കുറെ കടന്നുപോയി. ഒടുവിൽ ആ അടിമകളുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു.+ 20 അഞ്ചു താലന്തു കിട്ടിയവൻ അഞ്ചുകൂടെ കൊണ്ടുവന്ന് ഇങ്ങനെ പറഞ്ഞു: ‘യജമാനനേ, അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചത്. ഇതാ, ഞാൻ അഞ്ചുകൂടെ സമ്പാദിച്ചു.’+ 21 യജമാനൻ അയാളോടു പറഞ്ഞു: ‘കൊള്ളാം! നീ വിശ്വസ്തനായ ഒരു നല്ല അടിമയാണ്. കുറച്ച് കാര്യങ്ങളിൽ നീ വിശ്വസ്തത തെളിയിച്ചതുകൊണ്ട് ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും.+ നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.’+ 22 പിന്നെ, രണ്ടു താലന്തു ലഭിച്ചവൻ വന്ന് പറഞ്ഞു: ‘യജമാനനേ, അങ്ങ് രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചത്. ഇതാ, ഞാൻ രണ്ടുകൂടെ സമ്പാദിച്ചു.’+ 23 യജമാനൻ അയാളോടു പറഞ്ഞു: ‘കൊള്ളാം! നീ വിശ്വസ്തനായ ഒരു നല്ല അടിമയാണ്. കുറച്ച് കാര്യങ്ങളിൽ നീ വിശ്വസ്തത തെളിയിച്ചതുകൊണ്ട് ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.’
24 “ഒടുവിൽ, ഒരു താലന്തു ലഭിച്ചവൻ വന്ന് യജമാനനോടു പറഞ്ഞു: ‘യജമാനനേ, അങ്ങ് വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനും അധ്വാനിച്ചുണ്ടാക്കാത്തതു ശേഖരിക്കുന്നവനും ആയ കഠിനഹൃദയനാണെന്ന് എനിക്ക് അറിയാം.+ 25 അതുകൊണ്ട് ഞാൻ പേടിച്ച് ആ താലന്തു നിലത്ത് കുഴിച്ചിട്ടു. ഇതാ അങ്ങയുടെ താലന്ത്, ഇത് എടുത്തോ.’ 26 അപ്പോൾ യജമാനൻ അയാളോടു പറഞ്ഞു: ‘ദുഷ്ടനായ മടിയാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനും അധ്വാനിച്ചുണ്ടാക്കാത്തതു ശേഖരിക്കുന്നവനും ആണെന്നു നിനക്ക് അറിയാമായിരുന്നു, അല്ലേ? 27 അങ്ങനെയെങ്കിൽ നീ എന്റെ പണം* പണമിടപാടുകാരുടെ പക്കൽ നിക്ഷേപിക്കണമായിരുന്നു. എങ്കിൽ തിരിച്ചുവന്നപ്പോൾ എനിക്ക് അതു പലിശ സഹിതം വാങ്ങാമായിരുന്നു.
28 “‘അതുകൊണ്ട് ആ താലന്ത് അവന്റെ കൈയിൽനിന്ന് വാങ്ങി പത്തു താലന്തുള്ളവനു കൊടുക്കുക.+ 29 അങ്ങനെ ഉള്ളവനു കൂടുതൽ കൊടുക്കും. അവനു സമൃദ്ധിയുണ്ടാകും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും.+ 30 ഒന്നിനും കൊള്ളാത്ത ഈ അടിമയെ പുറത്തെ ഇരുട്ടിലേക്ക് എറിയൂ. അവിടെ കിടന്ന് അവൻ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.’
31 “മനുഷ്യപുത്രൻ+ സകല ദൂതന്മാരോടുമൊപ്പം+ മഹിമയോടെ വരുമ്പോൾ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കും. 32 എല്ലാ ജനതകളെയും അവന്റെ മുന്നിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ വേർതിരിക്കും. 33 അവൻ ചെമ്മരിയാടുകളെ+ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.+
34 “പിന്നെ രാജാവ് വലത്തുള്ളവരോടു പറയും: ‘എന്റെ പിതാവിന്റെ അനുഗ്രഹം കിട്ടിയവരേ, വരൂ! ലോകാരംഭംമുതൽ* നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളൂ! 35 കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നു. ഞാൻ അപരിചിതനായിരുന്നിട്ടും എന്നെ അതിഥിയായി സ്വീകരിച്ചു.+ 36 ഞാൻ നഗ്നനായിരുന്നപ്പോൾ* നിങ്ങൾ എന്നെ ഉടുപ്പിച്ചു.+ രോഗിയായിരുന്നപ്പോൾ നിങ്ങൾ എന്നെ ശുശ്രൂഷിച്ചു. ജയിലിലായിരുന്നപ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.’+ 37 അപ്പോൾ നീതിമാന്മാർ ചോദിക്കും: ‘കർത്താവേ, ഞങ്ങൾ എപ്പോഴാണ് അങ്ങയെ വിശന്നവനായി കണ്ടിട്ടു കഴിക്കാൻ തരുകയോ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കാൻ തരുകയോ ചെയ്തത്?+ 38 ഞങ്ങൾ എപ്പോഴാണ് അങ്ങയെ അപരിചിതനായി കണ്ടിട്ട് അതിഥിയായി സ്വീകരിക്കുകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കുകയോ ചെയ്തത്? 39 ഞങ്ങൾ എപ്പോഴാണ് അങ്ങയെ രോഗിയായോ തടവുകാരനായോ കണ്ടിട്ട് അങ്ങയുടെ അടുത്ത് വന്നത്?’ 40 മറുപടിയായി രാജാവ് അവരോടു പറയും: ‘സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്തത്.’+
41 “പിന്നെ രാജാവ് ഇടത്തുള്ളവരോടു പറയും: ‘ശപിക്കപ്പെട്ടവരേ, എന്റെ അടുത്തുനിന്ന് പോകൂ!+ പിശാചിനും അവന്റെ ദൂതന്മാർക്കും+ ഒരുക്കിയിരിക്കുന്ന ഒരിക്കലും കെടാത്ത തീ നിങ്ങളെ കാത്തിരിക്കുന്നു.+ 42 കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നില്ല; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നില്ല. 43 ഞാൻ അപരിചിതനായിരുന്നു; നിങ്ങൾ എന്നെ അതിഥിയായി സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗിയും തടവുകാരനും ആയിരുന്നു; നിങ്ങൾ എന്നെ ശുശ്രൂഷിച്ചില്ല.’ 44 അപ്പോൾ അവരും അദ്ദേഹത്തോടു ചോദിക്കും: ‘കർത്താവേ, ഞങ്ങൾ എപ്പോഴാണ് അങ്ങയെ വിശന്നവനോ ദാഹിച്ചവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ടു ശുശ്രൂഷിക്കാതിരുന്നത്?’ 45 അപ്പോൾ അദ്ദേഹം അവരോടു പറയും: ‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്യാതിരുന്നതെല്ലാം നിങ്ങൾ എനിക്കാണു ചെയ്യാതിരുന്നത്.’+ 46 ഇവരെ എന്നേക്കുമായി നിഗ്രഹിച്ചുകളയും;*+ നീതിമാന്മാർ നിത്യജീവനിലേക്കും കടക്കും.”+
26 ഇക്കാര്യങ്ങളെല്ലാം പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: 2 “രണ്ടു ദിവസം കഴിഞ്ഞ് പെസഹയാണെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. മനുഷ്യപുത്രനെ സ്തംഭത്തിലേറ്റി കൊല്ലാൻ+ ഏൽപ്പിച്ചുകൊടുക്കും.”
3 മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫയുടെ+ വീടിന്റെ നടുമുറ്റത്ത് ഒത്തുകൂടി 4 യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ ഗൂഢാലോചന നടത്തി.+ 5 എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.”
6 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിലായിരിക്കുമ്പോൾ,+ 7 ഒരു സ്ത്രീ ഒരു വെൺകൽഭരണി നിറയെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി യേശുവിന്റെ അടുത്ത് വന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ സ്ത്രീ അതു യേശുവിന്റെ തലയിൽ ഒഴിച്ചു. 8 ഇതു കണ്ട് ശിഷ്യന്മാർ അമർഷത്തോടെ ചോദിച്ചു: “എന്തിനാണ് ഈ പാഴ്ചെലവ്? 9 ഇതു നല്ല വിലയ്ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 10 ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? 11 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ പക്ഷേ ഞാനുണ്ടായിരിക്കില്ല.+ 12 ഇവൾ എന്റെ ശരീരത്തിൽ ഈ സുഗന്ധതൈലം ഒഴിച്ചത് എന്റെ ശവസംസ്കാരത്തിന് എന്നെ ഒരുക്കാനാണ്.+ 13 ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും അവിടെയെല്ലാം ആളുകൾ ഈ സ്ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”
14 പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്കര്യോത്ത്+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത് ചെന്ന്, 15 “യേശുവിനെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക് എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ്+ തരാമെന്ന് അവർ യൂദാസുമായി പറഞ്ഞൊത്തു. 16 അപ്പോൾമുതൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് തക്കംനോക്കി നടന്നു.
17 പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “പെസഹ ഭക്ഷിക്കാൻ ഞങ്ങൾ അത് എവിടെ ഒരുക്കണം?”+ 18 യേശു അവരോടു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ഇന്നയാളിന്റെ അടുത്ത് ചെന്ന് അയാളോടു പറയുക: ‘എന്റെ സമയം അടുത്തു. ഞാൻ എന്റെ ശിഷ്യന്മാരുടെകൂടെ താങ്കളുടെ വീട്ടിൽ പെസഹ ആചരിക്കും’ എന്നു ഗുരു പറയുന്നു.” 19 ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ ചെയ്തു; അവർ ചെന്ന് പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
20 സന്ധ്യയായപ്പോൾ+ യേശുവും 12 ശിഷ്യന്മാരും മേശയ്ക്കു മുന്നിൽ ഇരിക്കുകയായിരുന്നു.+ 21 അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു, “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 22 ഇതു കേട്ട് അങ്ങേയറ്റം വിഷമിച്ച് അവരെല്ലാം മാറിമാറി, “കർത്താവേ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിക്കാൻതുടങ്ങി. 23 യേശു അവരോടു പറഞ്ഞു: “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കുന്നവനായിരിക്കും എന്നെ ഒറ്റിക്കൊടുക്കുന്നത്.+ 24 തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!+ ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്.”+ 25 യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് യേശുവിനോട്, “റബ്ബീ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിച്ചതിന്, “നീതന്നെ അതു പറഞ്ഞല്ലോ” എന്നു യേശു പറഞ്ഞു.
26 അവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത്, പ്രാർഥിച്ചശേഷം അതു നുറുക്കി അവർക്കു കൊടുത്തുകൊണ്ട്,+ “ഇതാ, ഇതു കഴിക്കൂ; ഇത് എന്റെ ശരീരത്തിന്റെ പ്രതീകമാണ്”+ എന്നു പറഞ്ഞു. 27 പിന്നെ യേശു ഒരു പാനപാത്രം എടുത്ത് നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽനിന്ന് കുടിക്കൂ.+ 28 കാരണം, ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന ‘ഉടമ്പടിയുടെ രക്ത’ത്തിന്റെ പ്രതീകമാണ്.+ 29 എന്നാൽ ഞാൻ പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളുടെകൂടെ പുതിയ വീഞ്ഞു കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ ഇനി കുടിക്കില്ല.”+ 30 ഒടുവിൽ സ്തുതിഗീതങ്ങൾ* പാടിയിട്ട് അവർ ഒലിവുമലയിലേക്കു പോയി.+
31 പിന്നെ യേശു അവരോടു പറഞ്ഞു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 32 എന്നാൽ ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും.”+ 33 എന്നാൽ പത്രോസ് യേശുവിനോട്, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല”*+ എന്നു പറഞ്ഞു. 34 അപ്പോൾ യേശു പത്രോസിനോടു പറഞ്ഞു: “ഈ രാത്രി കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”+ 35 പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ശരി ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല”+ എന്നു പറഞ്ഞു. മറ്റു ശിഷ്യന്മാരും അങ്ങനെതന്നെ പറഞ്ഞു.
36 പിന്നെ യേശു അവരോടൊപ്പം ഗത്ത്ശെമന+ എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.”+ 37 യേശു പത്രോസിനെയും സെബെദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുപോയി. യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു.+ 38 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.”*+ 39 പിന്നെ യേശു അൽപ്പം മുന്നോട്ടു പോയി കമിഴ്ന്നുവീണ് ഇങ്ങനെ പ്രാർഥിച്ചു:+ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം+ എന്നിൽനിന്ന് നീക്കേണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+
40 യേശു തിരിച്ച് ശിഷ്യന്മാരുടെ അടുത്ത് ചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട് പത്രോസിനോടു ചോദിച്ചു: “നിങ്ങൾക്ക് എന്റെകൂടെ ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ* പറ്റില്ലേ?+ 41 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ+ എപ്പോഴും ഉണർന്നിരുന്ന്*+ പ്രാർഥിക്കണം.+ ആത്മാവ്* തയ്യാറാണെങ്കിലും* ശരീരം ബലഹീനമാണ്, അല്ലേ?”+ 42 യേശു രണ്ടാമതും പോയി പ്രാർഥിച്ചു: “എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു നീങ്ങിപ്പോകില്ലെന്നാണെങ്കിൽ, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43 വീണ്ടും യേശു വന്നപ്പോൾ ഉറക്കക്ഷീണം കാരണം അവർ ഉറങ്ങുന്നതു കണ്ടു. 44 അതുകൊണ്ട് അവരെ വിട്ടിട്ട് യേശു മൂന്നാമതും പോയി അതേ കാര്യം പറഞ്ഞ് പ്രാർഥിച്ചു. 45 പിന്നെ യേശു ശിഷ്യന്മാരുടെ അടുത്ത് വന്ന് അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്? ഇതാ, മനുഷ്യപുത്രനെ പാപികൾക്ക് ഒറ്റിക്കൊടുത്ത് അവരുടെ കൈയിൽ ഏൽപ്പിക്കാനുള്ള സമയം അടുത്തിരിക്കുന്നു. 46 എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.” 47 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ് അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയൊരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച് യൂദാസിന്റെകൂടെയുണ്ടായിരുന്നു.+
48 യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത് അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ചുകൊള്ളൂ.” 49 അങ്ങനെ യൂദാസ് നേരെ യേശുവിന്റെ അടുത്തേക്കു ചെന്ന്, “റബ്ബീ, നമസ്കാരം” എന്നു പറഞ്ഞ് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബിച്ചു. 50 യേശു ചോദിച്ചു: “സ്നേഹിതാ, നീ എന്തിനാണു വന്നത്?”+ അപ്പോൾ അവർ മുന്നോട്ടു വന്ന് യേശുവിനെ പിടികൂടി. 51 പെട്ടെന്ന് യേശുവിന്റെകൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+ 52 യേശു അയാളോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.+ 53 നീ എന്തു വിചാരിച്ചു? 12 ലഗ്യോനിൽ* അധികം ദൂതന്മാരെ+ ഈ നിമിഷം വിട്ടുതരാൻ, വേണമെങ്കിൽ എനിക്കു പിതാവിനോട് അപേക്ഷിക്കാം. 54 പക്ഷേ അങ്ങനെ ചെയ്താൽ ഇതുപോലെ സംഭവിക്കണമെന്നുള്ള തിരുവെഴുത്തുകൾ എങ്ങനെ നിറവേറും?” 55 പിന്നെ യേശു ജനക്കൂട്ടത്തോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്? ഞാൻ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും+ നിങ്ങൾ എന്നെ പിടിച്ചില്ല.+ 56 എന്നാൽ പ്രവാചകന്മാർ എഴുതിയതു* നിറവേറേണ്ടതിനാണ് ഇതൊക്കെ ഇങ്ങനെ സംഭവിച്ചത്.”+ ശിഷ്യന്മാരെല്ലാം അപ്പോൾ യേശുവിനെ വിട്ട് ഓടിപ്പോയി.+
57 യേശുവിനെ പിടികൂടിയവർ മഹാപുരോഹിതനായ കയ്യഫയുടെ+ അടുത്തേക്കു യേശുവിനെ കൊണ്ടുപോയി. അവിടെ ശാസ്ത്രിമാരും മൂപ്പന്മാരും ഒത്തുകൂടിയിരുന്നു.+ 58 പത്രോസ് കുറെ അകലം പാലിച്ച് യേശുവിന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. അങ്ങനെ മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റംവരെ ചെന്നിട്ട്, എന്തു സംഭവിക്കുമെന്ന് അറിയാൻ ആ വീട്ടിലെ പരിചാരകരോടൊപ്പം മുറ്റത്ത് ഇരുന്നു.+
59 മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ* മുഴുവനും അപ്പോൾ യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന് എതിരെ കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു.+ 60 കള്ളസാക്ഷികൾ പലരും മൊഴി കൊടുക്കാൻ മുന്നോട്ടുവന്നെങ്കിലും+ പറ്റിയതൊന്നും കിട്ടിയില്ല. ഒടുവിൽ രണ്ടു പേർ വന്ന്, 61 “‘ദേവാലയം ഇടിച്ചുകളഞ്ഞിട്ട് മൂന്നു ദിവസംകൊണ്ട് പണിയാൻ എനിക്കു കഴിയും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.+ 62 അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്ന് യേശുവിനോടു ചോദിച്ചു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക് എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?”+ 63 പക്ഷേ യേശു ഒന്നും മിണ്ടിയില്ല.+ അതുകൊണ്ട് മഹാപുരോഹിതൻ യേശുവിനോടു പറഞ്ഞു: “നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ജീവനുള്ള ദൈവത്തെച്ചൊല്ലി ഞങ്ങളോട് ആണയിട്ട് പറയാൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്.”+ 64 യേശു മഹാപുരോഹിതനോടു പറഞ്ഞു: “അങ്ങുതന്നെ അതു പറഞ്ഞല്ലോ; എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത് ഇരിക്കുന്നതും+ ആകാശമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.”+ 65 അപ്പോൾ മഹാപുരോഹിതൻ തന്റെ പുറങ്കുപ്പായം കീറിക്കൊണ്ട് പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവനിന്ദയാണ്! ഇനി എന്തിനാണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ. 66 നിങ്ങൾക്ക് എന്തു തോന്നുന്നു?” അപ്പോൾ അവർ, “ഇവൻ മരിക്കണം”+ എന്നു പറഞ്ഞു. 67 പിന്നെ അവർ യേശുവിന്റെ മുഖത്ത് തുപ്പി,+ യേശുവിനെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിച്ചിട്ട്+ 68 “ക്രിസ്തുവേ, നിന്നെ അടിച്ചത് ആരാണെന്നു ഞങ്ങളോടു പ്രവചിക്ക്” എന്നു പറഞ്ഞു.
69 ഈ സമയത്ത് പത്രോസ് പുറത്ത് നടുമുറ്റത്ത് ഇരിക്കുകയായിരുന്നു. ഒരു വേലക്കാരിപ്പെൺകുട്ടി പത്രോസിന്റെ അടുത്ത് വന്ന്, “ഗലീലക്കാരനായ യേശുവിന്റെകൂടെ താങ്കളുമുണ്ടായിരുന്നല്ലോ”+ എന്നു പറഞ്ഞു. 70 എന്നാൽ അവരുടെയെല്ലാം മുന്നിൽവെച്ച് അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.” 71 പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു പെൺകുട്ടി പത്രോസിനെ കണ്ട് അവിടെയുള്ളവരോട്, “ഈ മനുഷ്യൻ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്ന ആളാണ്”+ എന്നു പറഞ്ഞു. 72 അപ്പോൾ പത്രോസ് വീണ്ടും അതു നിഷേധിച്ചുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. 73 അൽപ്പനേരം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്ത് വന്ന് പത്രോസിനോടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തിലുള്ളവനാണ്, തീർച്ച! നിന്റെ സംസാരരീതി* കേട്ടാൽത്തന്നെ അറിയാം.” 74 അപ്പോൾ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി. 75 “കോഴി കൂകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ തള്ളിപ്പറയും”+ എന്നു യേശു പറഞ്ഞതു പത്രോസ് അപ്പോൾ ഓർത്തു. പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.
27 രാവിലെയായപ്പോൾ എല്ലാ മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുന്നതിനെക്കുറിച്ച് കൂടിയാലോചിച്ചു.+ 2 അവർ യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി ഗവർണറായ പീലാത്തൊസിനെ ഏൽപ്പിച്ചു.+
3 യേശുവിനെ കുറ്റക്കാരനായി വിധിച്ചെന്നു കണ്ടപ്പോൾ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു വലിയ മനപ്രയാസം തോന്നി. യൂദാസ് ആ 30 വെള്ളിക്കാശു+ മുഖ്യപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് തിരികെ കൊണ്ടുചെന്നിട്ട്, 4 “നിഷ്കളങ്കമായ രക്തം ഒറ്റിക്കൊടുത്ത ഞാൻ ചെയ്തതു പാപമാണ്” എന്നു പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.” 5 അപ്പോൾ യൂദാസ് ആ വെള്ളിനാണയങ്ങൾ ദേവാലയത്തിലേക്ക് എറിഞ്ഞിട്ട് പോയി തൂങ്ങിമരിച്ചു.+ 6 എന്നാൽ മുഖ്യപുരോഹിതന്മാർ ആ വെള്ളിനാണയങ്ങൾ എടുത്ത്, “ഇതു രക്തത്തിന്റെ വിലയായതിനാൽ വിശുദ്ധഖജനാവിൽ നിക്ഷേപിക്കുന്നതു ശരിയല്ല”* എന്നു പറഞ്ഞു. 7 അവർ കൂടിയാലോചിച്ചിട്ട് ആ പണംകൊണ്ട് പരദേശികൾക്കുള്ള ശ്മശാനസ്ഥലമായി കുശവന്റെ നിലം വാങ്ങി. 8 അതുകൊണ്ട് ആ നിലത്തെ ഇന്നുവരെ, രക്തനിലം+ എന്നു വിളിച്ചുപോരുന്നു. 9 അങ്ങനെ യിരെമ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി: “ഇസ്രായേൽമക്കളിൽ ചിലർ വിലയിട്ടവന്റെ വിലയായ 30 വെള്ളിനാണയം എടുത്ത് അവർ 10 യഹോവ* എന്നോടു കല്പിച്ചതുപോലെ കുശവന്റെ നിലത്തിനു വിലയായി കൊടുത്തു”+ എന്നു പ്രവാചകൻ പറഞ്ഞിരുന്നു.
11 യേശു ഗവർണറുടെ മുന്നിൽ നിന്നു. ഗവർണർ യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്ന് യേശു മറുപടി നൽകി. 12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+ 13 അപ്പോൾ പീലാത്തൊസ് യേശുവിനോടു ചോദിച്ചു: “നിനക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ് ഇവർ പറയുന്നത്?” 14 എന്നിട്ടും യേശു മറുപടിയായി ഒരു വാക്കുപോലും പറയാത്തതു കണ്ട് ഗവർണർക്ക് അതിശയം തോന്നി.
15 ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ ഗവർണർ മോചിപ്പിക്കുക പതിവായിരുന്നു.+ 16 ആ സമയത്ത് ബറബ്ബാസ് എന്നൊരു കുപ്രസിദ്ധകുറ്റവാളി അവരുടെ പിടിയിലുണ്ടായിരുന്നു. 17 ജനം കൂടിവന്നപ്പോൾ പീലാത്തൊസ് അവരോട്, “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറബ്ബാസിനെയോ അതോ ആളുകൾ ക്രിസ്തുവെന്നു വിളിക്കുന്ന യേശുവിനെയോ” എന്നു ചോദിച്ചു. 18 കാരണം അസൂയകൊണ്ടാണ് അവർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നതെന്നു പീലാത്തൊസിന് അറിയാമായിരുന്നു. 19 തന്നെയുമല്ല, പീലാത്തൊസ് ന്യായാസനത്തിൽ* ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച് ഇങ്ങനെ അറിയിക്കുകയും ചെയ്തിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്നത്തിൽ ഒരുപാടു കഷ്ടപ്പെട്ടു.” 20 എന്നാൽ ബറബ്ബാസിനെ വിട്ടുതരാനും+ യേശുവിനെ കൊന്നുകളയാനും ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 21 ഗവർണർ അവരോട്, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്” എന്നു ചോദിച്ചപ്പോൾ, “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു. 22 പീലാത്തൊസ് അവരോട്, “അങ്ങനെയെങ്കിൽ ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു.+ 23 “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്തത്” എന്നു പീലാത്തൊസ് ചോദിച്ചു. എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!” എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.+
24 ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ് വെള്ളം എടുത്ത് ജനത്തിന്റെ മുന്നിൽവെച്ച് കൈ കഴുകിക്കൊണ്ട് പറഞ്ഞു: “ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!” 25 അപ്പോൾ ജനം മുഴുവൻ, “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നു പറഞ്ഞു.+ 26 തുടർന്ന് പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടയ്ക്ക് അടിപ്പിച്ചശേഷം+ സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
27 പിന്നീട് ഗവർണറുടെ പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയിലേക്കു കൊണ്ടുപോയി. പട്ടാളത്തെ മുഴുവൻ യേശുവിനു ചുറ്റും കൂട്ടിവരുത്തി.+ 28 അവർ യേശുവിന്റെ വസ്ത്രം ഊരിമാറ്റി, കടുഞ്ചുവപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പിച്ചു.+ 29 അവർ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് യേശുവിന്റെ തലയിൽ വെച്ചു; യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. പിന്നെ അവർ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!”* എന്നു പറഞ്ഞ് കളിയാക്കി. 30 അവർ യേശുവിന്റെ മേൽ തുപ്പി,+ ആ ഈറ്റത്തണ്ടു വാങ്ങി തലയ്ക്ക് അടിച്ചു. 31 ഇങ്ങനെയെല്ലാം കളിയാക്കിയിട്ട് അവർ ആ മേലങ്കി അഴിച്ചുമാറ്റി. എന്നിട്ട് യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ച് സ്തംഭത്തിൽ തറയ്ക്കാൻ കൊണ്ടുപോയി.+
32 അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള ഒരു കുറേനക്കാരനെ കണ്ടു. അവർ അയാളെ നിർബന്ധിച്ച് യേശുവിന്റെ ദണ്ഡനസ്തംഭം* ചുമപ്പിച്ചു.+ 33 തലയോടിടം+ എന്ന് അർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ 34 അവർ യേശുവിനു കയ്പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞു കുടിക്കാൻ കൊടുത്തു.+ എന്നാൽ യേശു അതു രുചിച്ചുനോക്കിയിട്ട് കുടിക്കാൻ വിസമ്മതിച്ചു. 35 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 36 പിന്നെ അവർ അവിടെ യേശുവിനു കാവലിരുന്നു. 37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന് അവർ യേശുവിന്റെ തലയ്ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്തു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്.
38 പിന്നെ രണ്ടു കവർച്ചക്കാരെ, ഒരാളെ യേശുവിന്റെ വലത്തും മറ്റേയാളെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+ 39 അതുവഴി കടന്നുപോയവർ തല കുലുക്കിക്കൊണ്ട്+ 40 ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “ഹേ, ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ നിന്നെത്തന്നെ രക്ഷിക്ക്! നീ ഒരു ദൈവപുത്രനാണെങ്കിൽ ദണ്ഡനസ്തംഭത്തിൽനിന്ന്* ഇറങ്ങിവാ.”+ 41 അങ്ങനെതന്നെ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരുടെയും മൂപ്പന്മാരുടെയും കൂടെക്കൂടി യേശുവിനെ കളിയാക്കി. അവർ പറഞ്ഞു:+ 42 “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല! ഇസ്രായേലിന്റെ രാജാവാണുപോലും.+ ഇവൻ ദണ്ഡനസ്തംഭത്തിൽനിന്ന്* ഇറങ്ങിവരട്ടെ; എങ്കിൽ ഇവനിൽ വിശ്വസിക്കാം. 43 ഇവൻ ദൈവത്തിലാണല്ലോ ആശ്രയിക്കുന്നത്. ഇവനെ ദൈവത്തിനു വേണമെങ്കിൽ ദൈവംതന്നെ രക്ഷിക്കട്ടെ.+ ‘ഞാൻ ദൈവപുത്രനാണ്’+ എന്നല്ലേ ഇവൻ പറഞ്ഞത്.” 44 യേശുവിന്റെ ഇരുവശത്തും സ്തംഭങ്ങളിൽ കിടന്ന കവർച്ചക്കാർപോലും യേശുവിനെ നിന്ദിക്കുന്നുണ്ടായിരുന്നു.+
45 ആറാം മണിമുതൽ* ഒൻപതാം മണിവരെ* ആ നാട്ടിലെങ്ങും ഇരുട്ടു പരന്നു.+ 46 ഏകദേശം ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്” എന്നാണ് അതിന്റെ അർഥം.+ 47 ഇതു കേട്ട്, അരികെ നിന്നിരുന്ന ചിലർ, “ഇവൻ ഏലിയയെ വിളിക്കുകയാണ്” എന്നു പറഞ്ഞു.+ 48 ഉടനെ അവരിൽ ഒരാൾ ഓടിച്ചെന്ന് പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിൽ വെച്ച് യേശുവിനു കുടിക്കാൻ കൊടുത്തു.+ 49 അപ്പോൾ മറ്റുള്ളവർ, “നിൽക്ക്, അവനെ രക്ഷിക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു. 50 യേശു വീണ്ടും ഉച്ചത്തിൽ വിളിച്ച് പ്രാണൻ വെടിഞ്ഞു.*+
51 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി.+ ഭൂമി കുലുങ്ങി. പാറകൾ പിളർന്നു. 52 കല്ലറകൾ തുറന്നുപോയി. നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധരുടെയും ജഡങ്ങൾ പുറത്ത് വന്നു. 53 അവ പലരും കണ്ടു. (യേശു ഉയിർപ്പിക്കപ്പെട്ടശേഷം, കല്ലറയ്ക്കൽനിന്ന് വന്നവർ വിശുദ്ധനഗരത്തിൽ ചെന്നു.) 54 യേശുവിനു കാവൽ നിന്നിരുന്ന സൈനികോദ്യോഗസ്ഥനും കൂടെയുള്ളവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ടപ്പോൾ വല്ലാതെ പേടിച്ച്, “ഇദ്ദേഹം ശരിക്കും ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു.+
55 യേശുവിനു ശുശ്രൂഷ ചെയ്യാൻ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച കുറെ സ്ത്രീകൾ ഇതെല്ലാം നോക്കിക്കൊണ്ട് ദൂരെ നിൽപ്പുണ്ടായിരുന്നു.+ 56 മഗ്ദലക്കാരി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും+ അക്കൂട്ടത്തിലുണ്ടായിരുന്നു.
57 വൈകുന്നേരമായപ്പോൾ യോസേഫ് എന്നു പേരുള്ള അരിമഥ്യക്കാരനായ ഒരു ധനികൻ അവിടെ എത്തി. അദ്ദേഹവും യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നിരുന്നു.+ 58 യോസേഫ് പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ അത് യോസേഫിനു വിട്ടുകൊടുക്കാൻ പീലാത്തൊസ് കല്പിച്ചു.+ 59 യോസേഫ് മൃതദേഹം വൃത്തിയുള്ള മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്,+ 60 താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് യോസേഫ് അവിടെനിന്ന് പോയി. 61 എന്നാൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും, പോകാതെ കല്ലറയുടെ മുന്നിൽത്തന്നെ ഇരുന്നു.+
62 അടുത്ത ദിവസം, അതായത് ഒരുക്കനാളിന്റെ+ പിറ്റേന്ന്, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ മുന്നിൽ ഒത്തുകൂടി ഇങ്ങനെ പറഞ്ഞു: 63 “പ്രഭോ, ‘മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർപ്പിക്കപ്പെടും’+ എന്ന് ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. 64 അതുകൊണ്ട് മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്,+ ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത് ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.” 65 പീലാത്തൊസ് അവരോട്, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു. 66 അങ്ങനെ, അവർ പോയി കല്ലിനു മുദ്രവെച്ച്, കാവൽ ഏർപ്പെടുത്തി കല്ലറ ഭദ്രമാക്കി.
28 ശബത്തിനു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം വെട്ടം വീണുതുടങ്ങിയപ്പോൾത്തന്നെ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ ചെന്നു.+
2 എന്നാൽ അവിടെ ശക്തമായ ഒരു ഭൂകമ്പം നടന്നിരുന്നു; യഹോവയുടെ* ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതായിരുന്നു കാരണം. ദൂതൻ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരിക്കുകയായിരുന്നു.+ 3 ദൂതൻ മിന്നൽപോലെ തിളങ്ങി; വസ്ത്രം മഞ്ഞുപോലെ വെളുത്തതായിരുന്നു.+ 4 കാവൽക്കാർ ദൂതനെ കണ്ട് പേടിച്ചുവിറച്ച് മരിച്ചവരെപ്പോലെയായി.
5 എന്നാൽ ദൂതൻ സ്ത്രീകളോടു പറഞ്ഞു: “പേടിക്കേണ്ടാ; സ്തംഭത്തിലേറ്റി കൊന്ന യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്ക് അറിയാം.+ 6 പക്ഷേ യേശു ഇവിടെയില്ല. യേശു പറഞ്ഞിരുന്നതുപോലെതന്നെ ഉയിർപ്പിക്കപ്പെട്ടു.+ അദ്ദേഹം കിടന്ന സ്ഥലം വന്ന് കാണൂ. 7 എന്നിട്ട് വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ അവിടെവെച്ച് നിങ്ങൾക്കു യേശുവിനെ കാണാം.’ ഇതാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്.”+
8 ഉടൻതന്നെ അവർ ഭയത്തോടും അത്യാഹ്ലാദത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാൻ കല്ലറ വിട്ട് ഓടി.+ 9 അപ്പോൾ യേശു എതിരെ വന്ന് അവരോട്, “നമസ്കാരം” എന്നു പറഞ്ഞു. അവർ യേശുവിന്റെ അടുത്ത് ചെന്ന് കാലിൽ കെട്ടിപ്പിടിച്ച് വണങ്ങി. 10 യേശു അവരോടു പറഞ്ഞു: “പേടിക്കേണ്ടാ! പോയി എന്റെ സഹോദരന്മാരെ വിവരം അറിയിക്കൂ! അവർ ഗലീലയ്ക്കു വരട്ടെ. അവിടെവെച്ച് അവർ എന്നെ കാണും.”
11 ആ സ്ത്രീകൾ അവിടേക്കു പോയ സമയത്ത് കാവൽഭടന്മാരിൽ+ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു. 12 അവർ മൂപ്പന്മാരുമായി കൂടിയാലോചിച്ചശേഷം പടയാളികൾക്കു നല്ലൊരു തുക* കൊടുത്തിട്ട് 13 അവരോടു പറഞ്ഞു: “‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു പറയണം.+ 14 ഇതു ഗവർണറുടെ ചെവിയിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തോടു കാര്യങ്ങൾ വിശദീകരിച്ചുകൊള്ളാം.* നിങ്ങൾക്കു കുഴപ്പമൊന്നും വരില്ല.” 15 അവർ ആ വെള്ളിനാണയങ്ങൾ വാങ്ങി തങ്ങളോട് ആവശ്യപ്പെട്ടതുപോലെതന്നെ ചെയ്തു. ഈ കഥ ജൂതന്മാരുടെ ഇടയിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു.
16 യേശു നിർദേശിച്ചിരുന്നതുപോലെ ശിഷ്യന്മാർ 11 പേരും യേശുവിനെ കാണാൻ ഗലീലയിലെ മലയിലേക്കു ചെന്നു.+ 17 യേശുവിനെ കണ്ടപ്പോൾ അവർ വണങ്ങി; എന്നാൽ ചിലർ സംശയിച്ചു. 18 യേശു അവരുടെ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+ 19 അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും+ 20 ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.+ വ്യവസ്ഥിതിയുടെ* അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.”+
അഥവാ “യേശു എന്ന മിശിഹയുടെ; യേശു എന്ന അഭിഷിക്തന്റെ.”
അഥവാ “വംശാവലി.”
അഥവാ “ദൈവത്തിന്റെ ചലനാത്മകശക്തിയാൽ.”
അക്ഷ. “വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച്.”
ഈ പതിപ്പിൽ, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മുഖ്യപാഠത്തിൽ ദൈവത്തിന്റെ പേരായ യഹോവ എന്നത് 237 പ്രാവശ്യമുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്. അനു. എ5 കാണുക.
അഥവാ “അവളിൽ ഉത്പാദിതമായിരിക്കുന്നത്.”
“യഹോവ രക്ഷയാണ്” എന്ന് അർഥമുള്ള എബ്രായപേരുകളായ യേശുവ അഥവാ യോശുവ എന്നതിനു തുല്യമായ പേര്.
അനു. എ5 കാണുക.
അനു. എ5 കാണുക.
പദാവലി കാണുക.
അഥവാ “അവന്റെ മുന്നിൽ കുമ്പിടാൻ.”
അഥവാ “മിശിഹ; അഭിഷിക്തൻ.”
പദാവലി കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
സാധ്യതയനുസരിച്ച്, “മുള” എന്നതിനുള്ള എബ്രായ പദപ്രയോഗത്തിൽനിന്ന്.
പദാവലി കാണുക.
പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “മുക്കി; നിമജ്ജനം ചെയ്തു.”
അനു. എ5 കാണുക.
അഥവാ “ദേവാലയത്തിന്റെ മുകളിലെ കൈമതിലിന്മേൽ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ആ ദൈവത്തിനു മാത്രമേ നീ വിശുദ്ധസേവനം ചെയ്യാവൂ.”
അഥവാ “പത്തുനഗരപ്രദേശം.”
അഥവാ “കിഴക്കുനിന്നും.”
അഥവാ “ആത്മാവിനുവേണ്ടി യാചിക്കുന്നവർ.”
അഥവാ “സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ.”
അഥവാ “പറകൊണ്ട്.”
പദാവലി കാണുക.
യരുശലേമിനു വെളിയിൽ ചപ്പുചവറുകൾ കത്തിക്കുന്ന സ്ഥലം. പദാവലി കാണുക.
അക്ഷ. “അവസാനത്തെ ക്വാഡ്രോൻസും.” അനു. ബി14 കാണുക.
പദാവലി കാണുക.
പദാവലി കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “കാരണമല്ലാതെ ഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തുന്നവനെല്ലാം.”
അനു. എ5 കാണുക.
അനു. ബി14 കാണുക.
അതായത്, പലിശയില്ലാതെ കടം വാങ്ങാൻ.
അഥവാ “തികഞ്ഞവനായിരിക്കുന്നതുപോലെ.”
അഥവാ “പാവപ്പെട്ടവർക്കു ദാനം ചെയ്യുമ്പോൾ.” പദാവലി കാണുക.
അഥവാ “പേര് പാവനമായി കണക്കാക്കപ്പെടട്ടെ.”
അക്ഷ. “അപ്പം.”
അഥവാ “രക്ഷിക്കേണമേ.”
അഥവാ “അവർ തങ്ങളുടെ ആകാരത്തിനു ശ്രദ്ധ കൊടുക്കാതിരിക്കുന്നു.”
അഥവാ “കണ്ണിനു വ്യക്തമായി കാണാമെങ്കിൽ.” അക്ഷ. “കണ്ണ് ലളിതമെങ്കിൽ.”
അഥവാ “വെളിച്ചമുള്ളതായിരിക്കും.”
അക്ഷ. “ചീത്തയെങ്കിൽ; ദുഷിച്ചതെങ്കിൽ.”
അഥവാ “ദേഹിയെക്കുറിച്ചും.”
അഥവാ “ദേഹിയെന്നാൽ.”
അഥവാ “ആഹാരത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും പ്രധാനമല്ലേ?”
അനു. ബി14 കാണുക.
അഥവാ “മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ നിങ്ങൾ അവരോടും പെരുമാറണം.”
അഥവാ “നിയമലംഘകരേ.”
അതായത്, കഴുകാത്തതുകൊണ്ട് ചുരുങ്ങിയിട്ടില്ലാത്ത തുണി.
അഥവാ “തൊങ്ങലിൽ.”
അക്ഷ. “തോൽ ഉരിക്കപ്പെട്ടവരും.”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “തീക്ഷ്ണതയുള്ളവനായ.”
ഭൂതങ്ങളുടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.
അഥവാ “ജീവനെ.” അതായത്, വീണ്ടും ജീവിക്കാനുള്ള സാധ്യതയെ.
പദാവലി കാണുക.
അക്ഷ. “ഒരു അസ്സാറിയൊനിനല്ലേ.” അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “ജീവനെ.”
അഥവാ “ജീവനെ.”
അഥവാ “മേത്തരം വസ്ത്രം.”
അഥവാ “അന്തിമഫലത്താൽ.”
അഥവാ “ജ്ഞാനത്തെ അതിന്റെ പ്രവൃത്തികൾ സാധൂകരിക്കും.”
ഗ്രീക്കിൽ ഹേഡിസ്. പദാവലി കാണുക.
അക്ഷ. “കർത്താവേ.”
അഥവാ “ചുമക്കാൻ എളുപ്പമുള്ളതും.”
അഥവാ “തളർന്ന.”
അഥവാ “നിയമാനുസൃതമാണോ.”
അഥവാ “നിയമാനുസൃതമാണ്.”
സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.
അഥവാ “ഈ യുഗത്തിലെന്നല്ല.” പദാവലി കാണുക.
അഥവാ “വിശ്വസ്തതയില്ലാത്തവരുടെയും.”
ഭൂതത്തെ കുറിക്കുന്നു.
അഥവാ “അവരുടെ ഹൃദയത്തിൽ എത്തുകയോ.”
അഥവാ “ഈ യുഗത്തിലെ.” പദാവലി കാണുക.
ഒരു സെയാ = 7.33 ലി. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “ലോകം സ്ഥാപിച്ചതുമുതൽ.”
അഥവാ “യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “യുഗത്തിന്റെ.” പദാവലി കാണുക.
അതായത്, ഹെരോദ് അന്തിപ്പാസ്. പദാവലി കാണുക.
അഥവാ “നിയമാനുസൃതമല്ല.”
അക്ഷ. “അനേകം സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി).
അതായത്, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം.
അഥവാ “തൊങ്ങലിലെങ്കിലും.”
അതായത്, ആചാരമനുസരിച്ചുള്ള കൈ ശുചിയാക്കൽ.
അഥവാ “അധിക്ഷേപിക്കുന്നവനെ.”
അഥവാ “പരീശന്മാർ ഇടറിപ്പോയെന്ന്.”
ഗ്രീക്കിലെ പോർണിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
അതായത്, ആചാരമനുസരിച്ച് കൈ ശുചിയാക്കാതെ.
അഥവാ “അവിശ്വസ്തരുടെയും.”
അക്ഷ. “വലിയ കൊട്ട.”
അക്ഷ. “മാംസവും രക്തവും അല്ല.”
ഗ്രീക്കിൽ ഹേഡിസ്. പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “പിന്നിലേക്ക്.”
പദാവലി കാണുക.
അഥവാ “വെൺമയുള്ളതായി.”
അനു. എ3 കാണുക.
അക്ഷ. “ദ്വിദ്രഹ്മ.” അനു. ബി14 കാണുക.
തെളിവനുസരിച്ച് ആളാംപ്രതി കൊടുക്കേണ്ടിയിരുന്ന നികുതി.
അഥവാ “അവർക്ക് ഇടർച്ച വരുത്തേണ്ടാ.”
ഇത് ഒരു ചതുർദ്രഹ്മയാണെന്നു കരുതുന്നു. അനു. ബി14 കാണുക.
അക്ഷ. “നീ ഇടറിവീഴാൻ.”
അക്ഷ. “നീ ഇടറിവീഴാൻ.”
പദാവലി കാണുക.
അനു. എ3 കാണുക.
മറ്റൊരു സാധ്യത “നിങ്ങളുടെ.”
അക്ഷ. “ചെന്ന് അയാളെ ശാസിക്കുക.”
അക്ഷ. “വായുടെ.”
10,000 താലന്തു വെള്ളി = 6,00,00,000 ദിനാറെ. അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “നിയമാനുസൃതമാണോ?”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
പദാവലി കാണുക.
അഥവാ “അവരെ അനുഗ്രഹിച്ചശേഷം.”
അനു. ബി14 കാണുക.
അതായത്, രാവിലെ ഏകദേശം 9 മണി.
അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.
അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.
അതായത്, വൈകുന്നേരം ഏകദേശം 5 മണി.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “ഔദാര്യമുള്ളവനായതുകൊണ്ടുള്ള.”
അക്ഷ. “നല്ലവനായതുകൊണ്ട് നിന്റെ കണ്ണു ചീത്തയായോ (ദുഷിച്ചുപോയോ)?”
പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “അതോ മനുഷ്യർ തുടങ്ങിവെച്ചതോ?”
അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”
അനു. എ5 കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ”
അഥവാ “ദൈവത്തെക്കുറിച്ചുള്ള സത്യം.”
അഥവാ “നിയമാനുസൃതമാണോ.”
അനു. ബി14 കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അനു. എ5 കാണുക.
അഥവാ “ഏറ്റവും നല്ല ഇരിപ്പിടങ്ങളും.”
അഥവാ “ഗുരു.”
അനു. എ3 കാണുക.
അഥവാ “മതപരിവർത്തനം നടത്താൻ.”
പദാവലി കാണുക.
അഥവാ “കൊള്ളമുതലും.”
അഥവാ “നിയമലംഘനവും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ആൾപ്പാർപ്പില്ലാത്ത നിലയിൽ വിട്ടിരിക്കുന്നു.”
അനു. എ5 കാണുക.
പദാവലി കാണുക.
അഥവാ “യുഗം.” പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “നാലു കാറ്റിൽനിന്നും.”
പദാവലി കാണുക.
അഥവാ “ഉണർവോടിരിക്കുക.”
അക്ഷ. “യാമം.”
അഥവാ “ബുദ്ധിമാനും.”
അഥവാ “ബുദ്ധിമതികളും.”
അഥവാ “ഉണർവോടിരിക്കുക.”
ഒരു ഗ്രീക്കുതാലന്ത് = 20.4 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “വെള്ളി.”
അക്ഷ. “വെള്ളി.”
‘ലോകം ’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അഥവാ “വേണ്ടത്ര വസ്ത്രം ധരിക്കാത്തവനായി എന്നെ കണ്ടപ്പോൾ.”
അക്ഷ. “വെട്ടിക്കളയും; കോതിക്കളയും.”
അഥവാ “അറസ്റ്റു ചെയ്ത്.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
പദാവലി കാണുക.
അഥവാ “ഭക്തിഗാനങ്ങൾ; സങ്കീർത്തനങ്ങൾ.”
അക്ഷ. “എന്നെപ്രതി ഇടറിപ്പോകും.”
അക്ഷ. “അങ്ങയെപ്രതി ഇടറിപ്പോയാലും ഞാൻ ഒരിക്കലും ഇടറില്ല.”
അഥവാ “ഉണർവോടിരിക്കൂ.”
അഥവാ “ഉണർവോടിരിക്കാൻ.”
അഥവാ “ഉണർവോടിരുന്ന്.”
അഥവാ “ഹൃദയം.”
അഥവാ “ആത്മാവിന് ഉത്സാഹമുണ്ടെങ്കിലും.”
പുരാതനകാലത്തെ റോമൻ സൈന്യത്തിന്റെ മുഖ്യവിഭാഗം. ഇവിടെ ലഗ്യോൻ എന്ന പദം ഒരു വലിയ ഗണത്തെ സൂചിപ്പിക്കുന്നു.
അഥവാ “പ്രവാചകന്മാരുടെ തിരുവെഴുത്തുകൾ.”
പദാവലി കാണുക.
അക്ഷ. “ശക്തിയുടെ.”
അഥവാ “നീ വാക്കുകൾ ഉച്ചരിക്കുന്ന രീതി.”
അഥവാ “നിയമാനുസൃതമല്ല.”
അനു. എ5 കാണുക.
അഥവാ “ന്യായാധിപന്റെ ഇരിപ്പിടത്തിൽ.”
അഥവാ “രാജാവേ, ജയജയ!”
പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.
അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.
അഥവാ “സ്പോഞ്ച്.” ഒരു സമുദ്രജീവിയിൽനിന്ന് കിട്ടുന്ന അനേകം ചെറുസുഷിരങ്ങളുള്ള വസ്തു. ഇതിനു ദ്രാവകങ്ങൾ വലിച്ചെടുക്കാനാകും.
അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.”
അനു. എ5 കാണുക.
അതായത്, വെള്ളിക്കാശ്.
അക്ഷ. “അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ചുകൊള്ളാം.”
അഥവാ “യുഗത്തിന്റെ.” പദാവലി കാണുക.