ഹഗ്ഗായി
1 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം, ആറാം മാസം, ഒന്നാം ദിവസം യഹൂദയിലെ ഗവർണറും ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിനും+ യഹോസാദാക്കിന്റെ മകനായ യോശുവ എന്ന മഹാപുരോഹിതനും ഹഗ്ഗായിയിലൂടെ*+ യഹോവയിൽനിന്ന് ലഭിച്ച സന്ദേശം:
2 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘“യഹോവയുടെ ഭവനം* പണിയാനുള്ള* സമയം ഇനിയും ആയിട്ടില്ല” എന്നാണ് ഈ ജനം പറയുന്നത്.’”+
3 ഹഗ്ഗായി പ്രവാചകന് യഹോവയിൽനിന്ന് വീണ്ടും സന്ദേശം ലഭിച്ചു:+ 4 “എന്റെ ഭവനം ഇങ്ങനെ തകർന്നുകിടക്കുമ്പോഴാണോ+ നിങ്ങൾ തടിപ്പലകകൾകൊണ്ട് അലങ്കരിച്ച വീടുകളിൽ കഴിയുന്നത്? 5 അതുകൊണ്ട് സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘നിങ്ങളുടെ വഴികളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക.* 6 നിങ്ങൾ കുറെയേറെ വിത്തു വിതച്ചു, പക്ഷേ കൊയ്തതോ കുറച്ച് മാത്രം.+ നിങ്ങൾ തിന്നുന്നു, പക്ഷേ തൃപ്‌തി വരുന്നില്ല. നിങ്ങൾ കുടിക്കുന്നു, പക്ഷേ മതിവരുന്നില്ല. നിങ്ങൾ വസ്‌ത്രം ധരിക്കുന്നു, പക്ഷേ ചൂടു കിട്ടുന്നില്ല. കൂലിപ്പണിക്കാരൻ കൂലി ഓട്ടസഞ്ചിയിൽ ഇടുന്നു.’”
7 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘നിങ്ങളുടെ വഴികളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക.’*
8 “‘മലയിൽ പോയി തടി കൊണ്ടുവന്ന്+ എന്റെ ഭവനം പണിയൂ.+ അപ്പോൾ ഞാൻ പ്രസാദിക്കും, എനിക്കു മഹത്ത്വം ലഭിക്കും’+ എന്ന് യഹോവ പറയുന്നു.”
9 “‘നിങ്ങളുടെ പ്രതീക്ഷകൾ വലുതാണ്, എന്നാൽ ലഭിക്കുന്നതോ കുറച്ച് മാത്രം. നിങ്ങൾ അതു വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ഞാൻ അത് ഊതി പറപ്പിച്ചുകളയും.+ കാരണം എന്താണ്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു. ‘എന്റെ ഭവനം നശിച്ചുകിടക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും സ്വന്തം വീടുകൾ മോടി പിടിപ്പിക്കാനായി പരക്കം പായുകയല്ലേ?+ 10 അതുകൊണ്ടാണ് ആകാശം മഞ്ഞുകണങ്ങൾ പൊഴിക്കാതായത്, ഭൂമി അതിന്റെ ഫലം തരാതായത്. 11 ഞാൻ ഭൂമിയുടെ മേലും പർവതങ്ങളുടെ മേലും ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും എണ്ണയുടെയും നിലത്ത് വളരുന്ന എല്ലാത്തിന്റെയും മേലും മനുഷ്യരുടെയും മൃഗങ്ങളുടെയും നിങ്ങളുടെ കൈകളുടെ എല്ലാ അധ്വാനത്തിന്റെയും മേലും വരൾച്ച വരുത്തി.’”
12 ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ യഹോസാദാക്കിന്റെ+ മകൻ യോശുവ മഹാപുരോഹിതനും ബാക്കിയെല്ലാവരും അവരുടെ ദൈവമായ യഹോവയുടെയും ഹഗ്ഗായി പ്രവാചകന്റെയും വാക്കുകൾക്ക് അതീവശ്രദ്ധ കൊടുത്തു. കാരണം പ്രവാചകനെ അയച്ചത് യഹോവയായിരുന്നു. അങ്ങനെ യഹോവ നിമിത്തം ജനം ഭയഭക്തിയുള്ളവരായി.
13 അപ്പോൾ യഹോവയുടെ സന്ദേശവാഹകനായ ഹഗ്ഗായി യഹോവയിൽനിന്ന് തനിക്കു ലഭിച്ച നിയോഗമനുസരിച്ച് ജനത്തിന് ഈ സന്ദേശം നൽകി: “‘ഞാൻ നിങ്ങളോടൊപ്പമുണ്ട്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
14 അതുകൊണ്ട് യഹോവ യഹൂദയുടെ ഗവർണറും+ ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിന്റെയും യഹോസാദാക്കിന്റെ മകനായ യോശുവ+ എന്ന മഹാപുരോഹിതന്റെയും ബാക്കിയെല്ലാവരുടെയും മനസ്സ് ഉണർത്തി.+ അങ്ങനെ അവർ വന്ന് അവരുടെ ദൈവത്തിന്റെ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, ഭവനത്തിന്റെ പണികൾ തുടങ്ങി.+ 15 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം ആറാം മാസം 24-ാം ദിവസമായിരുന്നു അത്.+
2 ഏഴാം മാസം 21-ാം ദിവസം ഹഗ്ഗായി പ്രവാചകന്+ യഹോവയുടെ സന്ദേശം ലഭിച്ചു: 2 “യഹൂദയുടെ ഗവർണറും+ ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിനോടും+ യഹോസാദാക്കിന്റെ+ മകനായ യോശുവ+ എന്ന മഹാപുരോഹിതനോടും ബാക്കിയെല്ലാവരോടും ഇങ്ങനെ ചോദിക്കുക: 3 ‘ഈ ഭവനത്തിന്റെ* പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും ഇപ്പോൾ നിങ്ങളുടെ ഇടയിലുണ്ടോ?+ എങ്കിൽ ഇപ്പോൾ ഇതിന്റെ അവസ്ഥ കണ്ടിട്ട് എന്തു തോന്നുന്നു? മുമ്പത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒന്നുമല്ലല്ലോ.’+
4 “എന്നാൽ യഹോവ പറയുന്നു: ‘സെരുബ്ബാബേലേ, ശക്തനായിരിക്കുക! യഹോസാദാക്കിന്റെ മകനും മഹാപുരോഹിതനും ആയ യോശുവേ, നീയും ശക്തനായിരിക്കുക!’
“‘ദേശത്തെ ജനങ്ങളേ, നിങ്ങളെല്ലാവരും ധൈര്യമായി ജോലി തുടരൂ,’+ എന്ന് യഹോവ പറയുന്നു.
“‘ഞാൻ നിങ്ങളുടെകൂടെയുണ്ട്’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. 5 ‘നിങ്ങൾ ഈജിപ്തിൽനിന്ന് പുറത്ത് വന്നപ്പോൾ ഞാൻ നൽകിയ വാഗ്ദാനം ഓർത്തുകൊള്ളുക.+ കൂടാതെ എന്റെ ആത്മാവ് നിങ്ങളോടൊപ്പമുണ്ട്,*+ പേടിക്കേണ്ടാ.’”+
6 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘അൽപ്പം കഴിഞ്ഞ് ഞാൻ വീണ്ടും ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.’+
7 “‘സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്‌തുക്കൾ* വന്നുചേരും.+ ഞാൻ ഈ ഭവനം മഹത്ത്വംകൊണ്ട് നിറയ്‌ക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
8 “‘വെള്ളിയും സ്വർണവും എന്റേതാണ്,’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
9 “‘പണ്ടുണ്ടായിരുന്നതിനെക്കാൾ വലിയ മഹത്ത്വമാണ് ഇനി ഈ ഭവനത്തിനു ലഭിക്കാൻപോകുന്നത്,’+ സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
“‘ഈ സ്ഥലത്ത് ഞാൻ സമാധാനം നൽകും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.”
10 ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം ഒൻപതാം മാസം 24-ാം ദിവസം ഹഗ്ഗായി പ്രവാചകന് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു:+ 11 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘നിയമത്തെക്കുറിച്ച്* പുരോഹിതന്മാരോടു ചോദിക്കൂ:+ 12 “ഒരാൾ തന്റെ വസ്ത്രത്തിന്റെ മടക്കിൽ വിശുദ്ധമാംസം എടുത്തുകൊണ്ടുപോകുന്നെന്നിരിക്കട്ടെ. ആ വസ്‌ത്രം അപ്പത്തിലോ കറിയിലോ വീഞ്ഞിലോ എണ്ണയിലോ ഏതെങ്കിലും ആഹാരപദാർഥത്തിലോ മുട്ടിയാൽ അതു വിശുദ്ധമായിത്തീരുമോ?”’”
“ഇല്ല!”എന്നു പുരോഹിതന്മാർ പറഞ്ഞു.
13 അപ്പോൾ ഹഗ്ഗായി ചോദിച്ചു: “ശവശരീരത്തെ സ്പർശിച്ച് അശുദ്ധനായിത്തീർന്ന ഒരുവൻ ഈ വസ്തുക്കളിലെങ്ങാനും തൊട്ടാൽ അത് അശുദ്ധമാകുമോ?”+
പുരോഹിതന്മാർ പറഞ്ഞു: “അശുദ്ധമാകും!”
14 അപ്പോൾ ഹഗ്ഗായി പറഞ്ഞു: “‘ഈ ജനം അങ്ങനെതന്നെയാണ്! എന്റെ വീക്ഷണത്തിൽ ഈ ജനതയും അവരുടെ പ്രവൃത്തികളും അങ്ങനെതന്നെ. അവർ എനിക്ക് അർപ്പിക്കുന്നതെല്ലാം അശുദ്ധമാണ്,’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
15 “‘എന്നാൽ ഇന്നുമുതൽ നിങ്ങൾ ഇക്കാര്യത്തെക്കുറിച്ച് മനസ്സിരുത്തി ഒന്നു ചിന്തിച്ചുനോക്കൂ:* യഹോവയുടെ ആലയത്തിൽ കല്ലിന്മേൽ കല്ലു വെക്കുന്നതിനു മുമ്പ്+ 16 കാര്യങ്ങൾ എങ്ങനെയായിരുന്നു? 20 അളവ് ധാന്യം പ്രതീക്ഷിച്ച് നിങ്ങൾ ധാന്യക്കൂമ്പാരത്തിന്റെ അടുത്ത് വന്നപ്പോൾ അതിൽ 10 അളവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്തിരിച്ചക്കിൽനിന്നുള്ള* 50 അളവ് വീഞ്ഞു കോരിയെടുക്കാൻ വന്നപ്പോൾ തൊട്ടിയിൽ വെറും 20 അളവേ ഉണ്ടായിരുന്നുള്ളൂ.+ 17 നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ എല്ലാത്തിന്റെയും മേൽ ഉഷ്ണക്കാറ്റും പൂപ്പൽരോഗവും+ ആലിപ്പഴവും വരുത്തി ഞാൻ നിങ്ങളെ അടിച്ചു. എന്നിട്ടും നിങ്ങളിൽ ഒരാൾപ്പോലും എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.
18 “‘അതുകൊണ്ട് യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ട ഈ ദിവസംമുതൽ,+ അതായത് ഒൻപതാം മാസം 24-ാം ദിവസംമുതൽ, ഇക്കാര്യത്തെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക:* 19 നിങ്ങളുടെ സംഭരണശാലയിൽ* വിത്തു ശേഷിച്ചിട്ടുണ്ടോ?+ നിങ്ങളുടെ മുന്തിരിവള്ളിയും അത്തിയും മാതളനാരകവും ഒലിവ് മരവും ഇതുവരെ കായ്ച്ചിട്ടുണ്ടോ? പക്ഷേ ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.’”+
20 ആ മാസം 24-ാം ദിവസം യഹോവയുടെ സന്ദേശം രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കു ലഭിച്ചു:+ 21 “യഹൂദയിലെ ഗവർണറായ സെരുബ്ബാബേലിനോട് ഇങ്ങനെ പറയണം: ‘ഞാൻ ആകാശത്തെയും ഭൂമിയെയും കുലുക്കാൻപോകുകയാണ്.+ 22 ഞാൻ രാജ്യങ്ങളുടെ സിംഹാസനങ്ങളെ മറിച്ചിടുകയും ജനതകളുടെ രാജ്യങ്ങളുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യും;+ ഞാൻ യുദ്ധരഥങ്ങളെയും തേരാളികളെയും മറിച്ചിടും, കുതിരകളും കുതിരക്കാരും വീഴും. ഓരോരുത്തരും സ്വന്തം സഹോദരന്റെ വാളാൽ വീഴും.’”+
23 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ശെയൽതീയേലിന്റെ+ മകനായ എന്റെ ദാസനേ, സെരുബ്ബാബേലേ,+ ആ ദിവസം നിന്നെ ഞാൻ ഉപയോഗിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ നിന്നെ മുദ്രമോതിരംപോലെയാക്കും. കാരണം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നതു നിന്നെയാണ്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.”
[അടിക്കുറിപ്പുകൾ]
അർഥം: “ഉത്സവനാളിൽ ജനിച്ചവൻ.”
അഥവാ “ആലയം.”
അഥവാ “പുതുക്കിപ്പണിയാനുള്ള.”
അഥവാ “നിങ്ങളുടെ വഴികൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക.”
അഥവാ “നിങ്ങളുടെ വഴികൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക.”
അഥവാ “ദേവാലയത്തിന്റെ.”
മറ്റൊരു സാധ്യത “അപ്പോൾ എന്റെ ആത്മാവ് നിങ്ങൾക്കിടയിലുണ്ടായിരുന്നു.”
അഥവാ “അഭികാമ്യവസ്തുക്കൾ.”
പദാവലി കാണുക.
അഥവാ “ഇക്കാര്യങ്ങൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കൂ.”
പദാവലി കാണുക.
അഥവാ “ഇക്കാര്യങ്ങൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക.”
അഥവാ “നിലവറയിൽ.”