ഹബക്കൂക്ക്
1 ഒരു ദിവ്യദർശനത്തിൽ ഹബക്കൂക്ക്* പ്രവാചകൻ കേട്ട പ്രഖ്യാപനം:
2 യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ് എന്താണു കേൾക്കാത്തത്?+
അക്രമത്തിൽനിന്ന് രക്ഷപ്പെടാനായി ഞാൻ എത്ര കാലം അങ്ങയെ വിളിച്ചപേക്ഷിക്കും, അങ്ങ് എന്താണ് ഇടപെടാത്തത്?*+
3 ഞാൻ ദുഷ്ചെയ്തികൾ കാണാൻ അങ്ങ് എന്തിനാണ് ഇടയാക്കുന്നത്?
എന്തിനാണ് അങ്ങ് അടിച്ചമർത്തൽ വെച്ചുപൊറുപ്പിക്കുന്നത്?
അക്രമവും നാശവും എനിക്കു കാണേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
കലഹങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിലാണല്ലോ എന്റെ ജീവിതം!
4 നിയമം ദുർബലമായിരിക്കുന്നു,
നീതി നടപ്പാകുന്നതേ ഇല്ല.
ദുഷ്ടൻ നീതിമാനെ വളയുന്നു.
ന്യായത്തെ വളച്ചൊടിക്കുന്നു.+
5 “ജനതകളെ ഒന്നു ശ്രദ്ധിച്ചുനോക്കൂ!
അത്ഭുതസ്തബ്ധരായി അന്ധാളിച്ച് നിൽക്കൂ!
നിങ്ങളുടെ കാലത്ത് ഒരു കാര്യം സംഭവിക്കും,
നിങ്ങളോടു പറഞ്ഞാലും നിങ്ങൾ അതു വിശ്വസിക്കില്ല.+
6 ഞാൻ ഇതാ, ക്രൂരരും നിഷ്ഠുരരും ആയ കൽദയരെ എഴുന്നേൽപ്പിക്കുന്നു.+
അവരുടേതല്ലാത്ത താമസസ്ഥലങ്ങൾ കൈവശമാക്കാനായി
ആ ജനത വിശാലമായ ഭൂപ്രദേശങ്ങളിലേക്ക് ഇരച്ചുകയറുന്നു.+
7 അവർ ഭയങ്കരന്മാരും കണ്ടാൽ പേടി തോന്നുന്നവരും ആണ്.
തോന്നുന്നതുപോലെ അവർ നിയമങ്ങൾ ഉണ്ടാക്കുന്നു,
സ്വന്തം ഇഷ്ടപ്രകാരം അധികാരം സ്ഥാപിക്കുന്നു.+
8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ,
രാത്രിയിലെ ചെന്നായ്ക്കളെക്കാൾ ക്രൗര്യമുള്ളവ.+
അവരുടെ പടക്കുതിരകൾ കുതിച്ചുപായുന്നു.
അവരുടെ കുതിരകൾ ദൂരെനിന്ന് വരുന്നു.
ഇരയെ റാഞ്ചാൻ വരുന്ന കഴുകനെപ്പോലെ അവർ പറന്നിറങ്ങുന്നു.+
9 അവരെല്ലാം അക്രമത്തിനായി കച്ചകെട്ടി വരുന്നു.+
ഒരു കിഴക്കൻ കാറ്റുപോലെ അവർ ഒരുമിച്ച് കൂടുന്നു.+
അവർ ബന്ദികളെ മണൽപോലെ കോരിയെടുക്കുന്നു.
കോട്ടമതിലുള്ള സ്ഥലങ്ങൾ നോക്കി അവർ പരിഹസിച്ച് ചിരിക്കുന്നു,+
മൺതിട്ടയുണ്ടാക്കി അവ കീഴടക്കുന്നു.
11 പിന്നെ അവർ കാറ്റുപോലെ വീശിയടിച്ച് കടന്നുപോകുന്നു.
എങ്കിലും അവർ കുറ്റക്കാരാകും.+
കാരണം അവർ അവരുടെ ശക്തിയുടെ ബഹുമതി അവരുടെ ദൈവത്തിനു കൊടുക്കുന്നു.”*+
12 യഹോവേ, അങ്ങ് അനാദിമുതലേ ഉള്ളവനല്ലേ?+
എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങയ്ക്കു മരണമില്ല.*+
യഹോവേ, ന്യായവിധി നടപ്പാക്കാനായി അങ്ങ് അവരെ നിയമിച്ചിരിക്കുന്നല്ലോ,
എന്റെ പാറയേ,+ ഞങ്ങളെ ശിക്ഷിക്കാനായി* അങ്ങ് അവരെ നിയോഗിച്ചിരിക്കുന്നു.+
13 ദോഷത്തെ നോക്കാൻ അങ്ങയ്ക്കാകില്ല, അത്ര വിശുദ്ധമാണ് അങ്ങയുടെ കണ്ണുകൾ.
ദുഷ്ടത അങ്ങയ്ക്ക് അസഹ്യമാണല്ലോ.+
പിന്നെ എന്തുകൊണ്ടാണ് അങ്ങ് വഞ്ചന കാട്ടുന്നവരെ വെച്ചുപൊറുപ്പിക്കുന്നത്,+
തന്നെക്കാൾ നീതിമാനായ ഒരാളെ ദുഷ്ടൻ അടിച്ചമർത്തുമ്പോൾ മൗനം പാലിക്കുന്നത്?+
14 മനുഷ്യനെ അങ്ങ് എന്തിനാണു കടലിലെ മത്സ്യങ്ങളെപ്പോലെയും
അധിപതിയില്ലാത്ത ഇഴജന്തുക്കളെപ്പോലെയും ആക്കുന്നത്?
15 ഇവയെ എല്ലാം അവൻ* ചൂണ്ടകൊണ്ട് കൊളുത്തിയെടുക്കുന്നു.
അവന്റെ കോരുവലയിൽ അവൻ അവരെ പിടിക്കുന്നു,
തന്റെ മീൻവലയിൽ അവരെ ശേഖരിക്കുന്നു.
അതുകൊണ്ടാണ് അവന് ഇത്രയധികം സന്തോഷം.+
16 അവയാൽ അവനു സമൃദ്ധമായ ആഹാരവും
വിശിഷ്ടമായ ഭക്ഷണവും ലഭിക്കുന്നു.
അതുകൊണ്ട് അവൻ തന്റെ കോരുവലയ്ക്കു ബലി അർപ്പിക്കുന്നു,
മീൻവലയ്ക്കു ബലികഴിക്കുന്നു.
17 അവൻ എന്നും അവന്റെ കോരുവല കുടഞ്ഞിട്ടുകൊണ്ടിരിക്കുമോ?*
ഒരു അനുകമ്പയുമില്ലാതെ അവൻ ജനതകളെ എന്നും കൊന്നൊടുക്കുമോ?+
ദൈവം എന്നിലൂടെ എന്തു സംസാരിക്കുമെന്നും
ദൈവം എന്നെ തിരുത്തുമ്പോൾ ഞാൻ എന്തു മറുപടി പറയുമെന്നും ചിന്തിച്ച്
ഞാൻ അവിടെ ജാഗ്രതയോടെ നിൽക്കും.
2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു:
“ഈ ദിവ്യദർശനം എഴുതിവെക്കുക.
വായിച്ചുകേൾപ്പിക്കുന്നവന് അത് എളുപ്പം* വായിക്കാൻ കഴിയേണ്ടതിന്+
അതു പലകകളിൽ വ്യക്തമായി കൊത്തിവെക്കുക.+
3 നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു.
അത് അതിന്റെ സമാപ്തിയിലേക്കു* കുതിക്കുന്നു,
അത് ഒരിക്കലും നടക്കാതെപോകില്ല.
വൈകിയാലും* അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുക.+
കാരണം അതു നിശ്ചയമായും നടക്കും, താമസിക്കില്ല!
4 നോക്കൂ, അഹങ്കാരിയായ ഒരാൾ!
അവൻ നേരുള്ളവനല്ല.
എന്നാൽ നീതിമാൻ തന്റെ വിശ്വസ്തത* കാരണം ജീവിക്കും.+
5 ധിക്കാരിയായ മനുഷ്യൻ ലക്ഷ്യത്തിൽ എത്തില്ല.
അവൻ വഞ്ചന നിറഞ്ഞ വീഞ്ഞുംകൂടെ കുടിച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ!
ശവക്കുഴിയുടെയത്ര* വലുതാണ് അവന്റെ വിശപ്പ്,
ഒരിക്കലും തൃപ്തിവരാത്ത മരണത്തെപ്പോലെയാണ് അവൻ.
ജനതകളെയെല്ലാം അവൻ ശേഖരിക്കുന്നു,
എല്ലാ ആളുകളെയും അവൻ തന്റെ അടുത്ത് കൂട്ടിവരുത്തുന്നു.+
6 അവരെല്ലാം അവന് എതിരെ ഇങ്ങനെ ഒരു പഴമൊഴിയും പരിഹാസച്ചൊല്ലും കടങ്കഥയും പറയും:+
‘തന്റേതല്ലാത്തതു സമ്പാദിച്ചുകൂട്ടുന്നവനേ,
—ഇതെല്ലാം എത്ര കാലത്തേക്ക്!—
വീണ്ടുംവീണ്ടും കടബാധ്യത വരുത്തിവെക്കുന്നവനേ, നിന്റെ കാര്യം കഷ്ടം!
7 നിനക്കു കടം തന്നവരെല്ലാം പെട്ടെന്നു വരും,
അവർ ശക്തിയോടെ നിന്നെ പിടിച്ച് കുടയും;
നിന്നെ അവർ കൊള്ളയടിക്കും.+
8 നീ അനേകം ജനതകളെ കൊള്ളയടിച്ചു,
നീ മനുഷ്യരക്തം ചൊരിഞ്ഞു,
നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.+
അതുകൊണ്ട് മറ്റു ജനതകളെല്ലാം നിന്നെ കൊള്ളയടിക്കും.+
9 ആപത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായി ഉയരങ്ങളിൽ കൂടു കൂട്ടുന്നവർക്ക്,
തന്റെ ഭവനത്തിനുവേണ്ടി അന്യായലാഭം ഉണ്ടാക്കുന്നവർക്ക്, കഷ്ടം!
10 നീ നടത്തിയ ഗൂഢാലോചനകൾ നിന്റെ ഭവനത്തിന്റെതന്നെ അപമാനത്തിൽ കലാശിച്ചിരിക്കുന്നു.
അനേകം ആളുകളെ തുടച്ചുനീക്കിക്കൊണ്ട് നീ നിന്നോടുതന്നെയാണു പാപം ചെയ്തത്.+
11 മതിലിൽനിന്ന് ഒരു കല്ലു വിളിച്ചുപറയും,
മേൽക്കൂരയിൽനിന്ന് ഒരു കഴുക്കോൽ ഉത്തരം പറയും.
12 രക്തച്ചൊരിച്ചിൽകൊണ്ട് നഗരം പണിയുന്നവനും
അനീതികൊണ്ട് പട്ടണം പണിയുന്നവനും കഷ്ടം!
13 തീക്കിരയാകാനായി ആളുകൾ വെറുതേ പണിയെടുക്കുന്നതും
ഒരു പ്രയോജനവുമില്ലാതെ ജനതകൾ അധ്വാനിക്കുന്നതും+
സൈന്യങ്ങളുടെ അധിപനായ യഹോവ ഇടയാക്കിയിട്ടല്ലേ?
14 വെള്ളം കടലിൽ നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ മഹത്ത്വത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയും.+
15 കൂട്ടുകാരുടെ നഗ്നത കാണാനായി,
കോപവും ക്രോധവും കലർത്തി കുടിക്കാൻ കൊടുത്ത്
അവരെ ലഹരി പിടിപ്പിക്കുന്നവന്റെ കാര്യം കഷ്ടം!
16 മഹത്ത്വംകൊണ്ടല്ല, അപമാനംകൊണ്ട് നിനക്കു മതിവരും.
നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നുകാട്ടൂ!*
യഹോവയുടെ വലങ്കൈയിലുള്ള പാനപാത്രം ഒടുവിൽ നിന്റെ അടുക്കലും എത്തും.+
അപമാനം നിന്റെ മഹത്ത്വത്തെ മൂടിക്കളയും.
17 നീ മനുഷ്യരക്തം ചൊരിഞ്ഞു,
നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.
അതുകൊണ്ട് ലബാനോനിൽ ചെയ്ത അക്രമം നിന്നെ മൂടും,
മൃഗങ്ങളിൽ പരിഭ്രാന്തി പടർത്തിയ ആ നാശം നിന്റെ മേൽ വരും.+
18 വെറും ഒരു ശില്പി കൊത്തിയുണ്ടാക്കിയ വിഗ്രഹംകൊണ്ട് എന്തു ഗുണം?
സംസാരശേഷിയില്ലാത്ത, ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കുന്നവൻ
അവയിൽ ആശ്രയംവെച്ചാൽപ്പോലും
വ്യാജം പഠിപ്പിക്കുന്നതിനെയും ലോഹവിഗ്രഹത്തെയും* കൊണ്ട് എന്തു പ്രയോജനം?+
19 മരക്കഷണത്തോട് “ഉണരൂ” എന്നും
സംസാരശേഷിയില്ലാത്ത കല്ലിനോട് “എഴുന്നേറ്റ് ഞങ്ങളെ ഉപദേശിക്കൂ” എന്നും പറയുന്നവന്റെ കാര്യം കഷ്ടം!
20 എന്നാൽ യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+
സകല ഭൂവാസികളുമേ, ദൈവത്തിനു മുന്നിൽ മൗനമായിരിക്കുവിൻ!’”+
3 ഹബക്കൂക്ക് പ്രവാചകന്റെ പ്രാർഥന, ഒരു വിലാപഗീതം:
2 യഹോവേ, അങ്ങയെക്കുറിച്ച് ഒരു വാർത്ത ഞാൻ കേട്ടിരിക്കുന്നു.
യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എന്നിൽ ഭയാദരവ് നിറയ്ക്കുന്നു.
വർഷങ്ങളുടെ മധ്യത്തിൽ* അവയ്ക്കു വീണ്ടും ജീവൻ പകരേണമേ,
വർഷങ്ങളുടെ മധ്യത്തിൽ* അവ വെളിപ്പെടുത്തേണമേ.
പ്രക്ഷുബ്ധകാലത്ത് കരുണ കാണിക്കാൻ അങ്ങ് ഓർക്കേണമേ.+
ദൈവത്തിന്റെ മഹത്ത്വം ആകാശത്തെ മൂടി,+
അവിടുത്തെക്കുറിച്ചുള്ള സ്തുതികൾ ഭൂമിയിൽ നിറഞ്ഞു.
4 ദൈവത്തിന്റെ ശോഭ സൂര്യപ്രകാശംപോലെയായിരുന്നു.+
അങ്ങയുടെ ശക്തി കുടികൊള്ളുന്ന തൃക്കൈയിൽനിന്ന്
രണ്ടു പ്രകാശകിരണങ്ങൾ പ്രസരിച്ചു.
5 പകർച്ചവ്യാധി ദൈവത്തിന്റെ മുന്നിലും+
ചുട്ടുപൊള്ളുന്ന പനി ദൈവത്തിന്റെ തൊട്ടുപിന്നിലും നടന്നുനീങ്ങി.
6 ദൈവം നിന്നു, ഭൂമി കുലുങ്ങി.+
ഒരു നോട്ടംകൊണ്ട് ദൈവം ജനതകളെ വിറപ്പിച്ചു.+
ശാശ്വതപർവതങ്ങൾ തകർന്നടിഞ്ഞു,
പുരാതനകുന്നുകൾ തല കുനിച്ചു.+
പണ്ടുപണ്ടുള്ള വഴികൾ ദൈവത്തിന്റേതല്ലോ.
7 കൂശാന്റെ കൂടാരങ്ങളിൽ പരിഭ്രാന്തി പടർന്നിരിക്കുന്നതു ഞാൻ കണ്ടു,
മിദ്യാന്റെ കൂടാരത്തുണികൾ വിറച്ചു.+
8 നദികൾക്കെതിരെയോ യഹോവേ,
നദികൾക്കെതിരെയോ അങ്ങയുടെ കോപം ജ്വലിക്കുന്നത്?
അതോ കടലിന് നേരെയോ അങ്ങയുടെ ക്രോധം?+
9 അങ്ങ് വില്ല് എടുത്ത് ഒരുക്കിവെച്ചിരിക്കുന്നു,
ആണയിട്ട് ആയുധങ്ങൾക്കു* നിയോഗം നൽകിയിരിക്കുന്നു.* (സേലാ)
അങ്ങ് ഭൂമിയെ നദികൾകൊണ്ട് വിഭജിക്കുന്നു.
10 അങ്ങയെ കണ്ടമാത്രയിൽ പർവതങ്ങൾ വേദനകൊണ്ട് പുളഞ്ഞു.+
പെരുമഴ പെയ്തു, വെള്ളം കുത്തിയൊഴുകി.
ആഴങ്ങളിൽനിന്ന് വെള്ളം ഗർജിച്ചു.+
അത് അതിന്റെ കൈകൾ ഉയർത്തി.
11 സൂര്യനും ചന്ദ്രനും ആകാശമേഘങ്ങളിൽ അനങ്ങാതെ നിന്നു.+
അങ്ങയുടെ അമ്പുകൾ പ്രകാശംപോലെ പുറപ്പെട്ടു.+
അങ്ങയുടെ കുന്തങ്ങൾ മിന്നൽപ്പിണർപോലെ തിളങ്ങി.
12 ക്രോധംപൂണ്ട് അങ്ങ് ഭൂമിയിലൂടെ നടന്നു.
കോപത്തോടെ അങ്ങ് ജനതകളെ ചവിട്ടിമെതിച്ചു.
13 അങ്ങയുടെ ജനത്തിന്റെ രക്ഷയ്ക്കായി, അങ്ങയുടെ അഭിഷിക്തനെ രക്ഷിക്കാൻ, അങ്ങ് പുറപ്പെട്ടു.
ദുഷ്ടന്മാരുടെ ഭവനത്തിന്റെ നേതാവിനെ അങ്ങ് തകർത്തു.
അതു മേൽക്കൂരയും* അടിത്തറയും ഉൾപ്പെടെ അപ്പാടേ തകർന്നടിഞ്ഞു. (സേലാ)
14 അവന്റെ യോദ്ധാക്കൾ എന്നെ ചിതറിക്കാൻ പാഞ്ഞടുത്തപ്പോൾ
അവന്റെ ആയുധങ്ങൾകൊണ്ടുതന്നെ* അങ്ങ് അവരുടെ തല കുത്തിത്തുളച്ചു.
കഷ്ടപ്പെടുന്നവനെ ആരുമറിയാതെ വിഴുങ്ങാൻ അവർക്ക് എത്ര സന്തോഷമായിരുന്നു!
15 ഇളകിമറിയുന്ന വിശാലമായ ജലാശയത്തിലൂടെ,
കടലിനെ കീറിമുറിച്ച് അങ്ങ് അങ്ങയുടെ കുതിരകളുമായി പാഞ്ഞുപോയി.
അസ്ഥികൾ ക്ഷയിച്ചു,+
എന്റെ മുട്ടുകൾ കൂട്ടിയിടിച്ചു.
എങ്കിലും, നമ്മളെ ആക്രമിക്കുന്ന ആളുകളുടെ മേലാണല്ലോ അതു വരുന്നതെന്ന് ഓർത്ത്
കഷ്ടതയുടെ ദിവസത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്.+
17 അത്തി മരം പൂവിടുന്നില്ലെങ്കിലും
മുന്തിരിവള്ളികൾ കായ്ക്കുന്നില്ലെങ്കിലും
ഒലിവ് മരത്തിൽനിന്ന് ഫലം കിട്ടുന്നില്ലെങ്കിലും
വയലിൽ* ആഹാരം വിളയുന്നില്ലെങ്കിലും
ആട്ടിൻപറ്റം കൂട്ടിൽനിന്ന് അപ്രത്യക്ഷമായാലും
തൊഴുത്തിൽ കന്നുകാലികൾ ഇല്ലാതായാലും
18 ഞാൻ യഹോവയിൽ ആഹ്ലാദിക്കും,
എന്റെ രക്ഷയുടെ ദൈവത്തിൽ ആനന്ദിക്കും.+
19 പരമാധികാരിയായ യഹോവയാണ് എന്റെ ബലം.+
ദൈവം എന്റെ കാലുകൾ മാനിന്റേതുപോലെയാക്കും.
എന്നെ ഉയർന്ന സ്ഥലങ്ങളിലൂടെ നടത്തും.+
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ.
“ഊഷ്മളമായ ആശ്ലേഷം” എന്നായിരിക്കാം അർഥം.
അഥവാ “രക്ഷിക്കാത്തത്?”
മറ്റൊരു സാധ്യത “അവരുടെ ശക്തിയാണ് അവരുടെ ദൈവം.”
മറ്റൊരു സാധ്യത “ഞങ്ങൾ മരിക്കില്ല.”
അഥവാ “ശാസിക്കാനായി.”
അതായത്, ശത്രുക്കളായ കൽദയർ.
മറ്റൊരു സാധ്യത “എപ്പോഴും തന്റെ വാൾ ഊരിക്കൊണ്ടിരിക്കുമോ?”
അഥവാ “ഒഴുക്കോടെ.”
അഥവാ “നിവൃത്തിയിലേക്ക്.”
അഥവാ “വൈകുന്നു എന്നു തോന്നിയാലും.”
മറ്റൊരു സാധ്യത “വിശ്വാസം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “നീയും കുടിച്ച് ചാഞ്ചാടി നടക്കൂ.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ വിഗ്രഹത്തെയും.”
മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്.”
മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്.”
പദാവലി കാണുക.
മറ്റൊരു സാധ്യത “അമ്പുകൾക്ക്.”
മറ്റൊരു സാധ്യത “ഗോത്രങ്ങൾ ആണയിട്ട് പറഞ്ഞ കാര്യങ്ങൾ പ്രസ്താവിച്ചിരിക്കുന്നു.”
അക്ഷ. “കഴുത്തും.”
അക്ഷ. “വടികൾകൊണ്ടുതന്നെ.”
അക്ഷ. “എന്റെ വയറു വിറച്ചു.”
അഥവാ “തട്ടുതട്ടായി തിരിച്ച കൃഷിയിടത്തിൽ.”